ഡിവോയ്‌സി: ഭാഗം 5

divoysi

രചന: റിഷാന നഫ്‌സൽ

 "ആദ്യം വന്നത് ഓൾടെ മൂത്ത ഇക്കയും അയാളുടെ ഭാര്യയും രണ്ടു മക്കളും ആണ്." സച്ചു പറഞ്ഞപ്പോ എനിക്ക് ചിരി വന്നു. "സ്വന്തം ഏട്ടനെ കണ്ടപ്പോ അവള് എന്തിനാടാ ഇങ്ങനെ പോയത്." ഞാൻ ചോദിച്ചു "അറിയില്ലെടാ, അവര് തമ്മിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്നു തോന്നുന്നു. ഒരിക്കെ പുറത്തു പോയപ്പോ അവരെ ഞങ്ങൾ കണ്ടിരുന്നു. അവളെ ഇക്കാന്റെ ഭാര്യ ആമിയോട് എന്തൊക്കെയോ ചീത്ത പറഞ്ഞിരുന്നു. അത് കണ്ട് ചാരു അവരെ അടിക്കാൻ പോയപ്പോളാ ആമി അവർ ആരാണെന്നു പറഞ്ഞത്." അത് കേട്ടു ഞാൻ ചിരിച്ചു മരിച്ചു. "അവളുടെ കയ്യിലിരിപ്പിനു അതെന്നെ വേണം." അപ്പൊ സച്ചു എന്നെ ദേഷ്യത്തോടെ നോക്കി. ഞാൻ മിണ്ടാതെ നിന്നു. "അപ്പൊ മറ്റവൻ ആരായിരുന്നു, ഒരു ആടാറു മൊഞ്ചൻ ആയിരുന്നല്ലേ." "അത് അവളുടെ ആ ഇക്കാന്റെ ഭാര്യയുടെ വകയിലെ ബന്ധുവാ. കുറെ കാലം അവളുടെ പിന്നാലെ തന്നെ ഉണ്ടായിരുന്നു, കല്യാണം കഴിക്കണം എന്നും പറഞ്ഞു. അവളുടെ വീട്ടുകാർക്കും ഇഷ്ട്ടം ആയിരുന്നു, പക്ഷെ ആമി സമ്മതിച്ചില്ല.

അവൾക്കവനെ കാണുന്നതേ ഇഷ്ടല്ലാരുന്നു. ഇതൊക്കെ ആമി ചാരൂനോട് പറഞ്ഞതാ." സച്ചു പറഞ്ഞു. അത് കേട്ടപ്പോ ഞാനൊന്നു ഞെട്ടി. കാരണം അവനെ കാണാൻ അത്രയും ഭംഗി ഉണ്ടായിരുന്നു. അവളെ കോലം വച്ചു നോക്കുമ്പോ അവൻ വാനില ഐസ്ക്രീമും അവൾ ചോക്ലേറ്റ് ഐസ്ക്രീമും ആണെന്നെ പറയൂ. കാരണം അവൻ നല്ല വെളുത്തിട്ടാണ് അവള് ഇരുനിറവും. "ഡാ അയാളെ കാണാൻ എന്ത് സ്റ്റൈലാ.. പിന്നെന്തിനാ അവളവനെ വേണ്ട എന്ന് പറഞേ???" ഞാൻ ചോദിച്ചു. "മൊഞ്ച് മാത്രം മതിയോട, സ്വഭാവം നന്നാവണ്ടെ.. അവൻ ആളൊരു പക്കാ ഫ്രോഡ് ആണ്. കുറെ പെൺകുട്ടികളെ പറ്റിച്ചിരുന്നൂന്നാ ആമി പറഞ്ഞെ. ഒരിക്കെ അവളോടും മോശമായി പെരുമാറാൻ നോക്കി, അപ്പൊ അവളവന്റെ മുഖത്തൊന്നു കൊടുത്തു. പിന്നെ അവൾ ഒരാളുമായി ഇഷ്ട്ടത്തിൽ ആയിരുന്നു. രണ്ടു വർഷത്തോളും പരസ്പരം കാണാതെ അവർ സ്നേഹിച്ചു. പിന്നെ അവൻ അവന്റെ വീട്ടുകാരെ കൂട്ടി വന്നു അവളെ പെണ്ണ് ചോദിച്ചു. എല്ലാര്ക്കും ഇഷ്ട്ടായപ്പോ അത് നിശ്ചയിച്ചു. അതിനു ശേഷമാ അവന്റെ ശല്യം തീർന്നത്". സച്ചു പറഞ്ഞു.

"ഓ പ്രേമിച്ചു കെട്ടിയിട്ടും അവൾ ഡിവോഴ്സ് വാങ്ങി അല്ലെ, വല്ലാത്ത ജാതിയാ ഈ പെൺവർഗ്ഗം. അല്ലാ എന്നിട്ടും അവളെ ഏട്ടൻ അവനെ കൂടെ കൂട്ടി നടക്കുന്നുണ്ടല്ലൊ . അവർ ഒരുമിച്ച വന്നത്. ഞാൻ കണ്ടതാ." ഞാൻ പറഞ്ഞു. "അതിനു അവന്റെ സ്വഭാവ ദൂഷ്യങ്ങൾ ഒന്നും ആർക്കും അറിയില്ലാന്നു തോന്നുന്നു. അറിഞ്ഞാലും അയാളുടെ ഭാര്യയുടെ സ്വഭാവം നീ കണ്ടതല്ലേ, എന്തൊരു സാധനാ." സചു ദേഷ്യത്തോടെ പറഞ്ഞു. "എന്നിട്ടു അവളുടെ ഇക്ക ഒന്നും പറഞ്ഞില്ലല്ലോ അവരോടു." ഞാൻ ചോദിച്ചു "ഭാര്യയോട് ആരെങ്കിലും എതിർത്ത് പറയോ മോനെ" സച്ചു പറഞ്ഞു. "പിന്നെ, എന്തായാലും പെങ്ങളേക്കാൾ വരോ?? ഇല്ലല്ലോ. ഇത് തെറ്റ് അവളെ ഭാഗത്താണെന്നു ഉറപ്പല്ലേ." ഞാൻ റൂമിൽ കേറി നേരെ ബെഡിലേക്കു വീണു. "നിന്നോട് പറഞ്ഞിട്ടൊന്നും കാര്യം ഇല്ല.. നിനക്ക് ഡിവോയ്‌സ്‌ എന്ന് കേട്ട പിന്നെ ചുറ്റുമുള്ളതൊന്നും കാണില്ലല്ലോ..." സച്ചു ദേഷ്യത്തോടെ പറഞ്ഞു. "ഓ പെങ്ങളെ പറഞ്ഞപ്പോ പിടിച്ചില്ല. നിവിൻ പോളി പോയി റൂം അടച്ചു വന്നു കിടക്കാൻ നോക്ക്." ഞാൻ പറഞ്ഞു. "നീ ഡ്രസ്സ് മാറുന്നില്ലേ???" സച്ചു റൂം ലോക്ക് ചെയ്തിട്ട് വന്നു.

"ഓ പിന്നെ രാവിലെ, മാറാം.. അതാവുമ്പോ അലക്കാൻ കൊടുക്കുമ്പോ ഒരു ഡ്രസ്സ് കുറയും, പിന്നെ വെള്ളവും ലാഭിക്കാം." എന്നും പറഞ്ഞു ഞാൻ പുതപ്പെടുത്തു തല വഴി ഇട്ടു. "ഡാ അറ്റ്ലീസ്റ്റ് പല്ലെങ്കിലും തെക്കെടാ... ഇനി പേസ്റ്റും വെള്ളവും ലാഭിക്കാൻ അതും വേണ്ട എന്നു വെക്കോ." സച്ചു ചിരിച്ചോണ്ട് ചോദിച്ചു. "വാട്ട് ആൻ ഐഡിയ സെർജി... ഗുഡ്നായിട്ട്" എന്നും പറഞ്ഞു ഞാൻ ഉറങ്ങാൻ കിടന്നു. എന്നാലും രണ്ടു വര്ഷം പ്രേമിച്ചു കെട്ടിയിട്ടും അവൾ അവനെ എന്തിനായിരിക്കും ഉപേക്ഷിച്ചത്. വല്ലാത്ത പെണ്ണ് തന്നെ, ഇപ്പൊ കിടന്നു കരയുന്നുണ്ടാവും.. അങ്ങനെ തന്നെ വേണം. @@@@@@@@@@@@@@@@@@@@@@@ "കാറിൽ നിന്നും ഇറങ്ങി നീ എന്തിനാ ഓടിയെ ആമി.. സച്ചുവേട്ടനും ടെൻഷൻ ആയി." ഇപ്പൊ എന്നെ വിളിച്ചേ ഉള്ളു. "എനിക്കൊന്നു ഒറ്റക്കിരിക്കണമെന്നു തോന്നി ചാരു. അമീറക്കാക്കാനേ കണ്ടാലേ എനിക്ക് എന്തോ പോലെയാ. അത് കൊണ്ട് ശാമിക്കന്റടുത് പോവുമ്പോ എപ്പോളും ചോദിക്കാറുണ്ട് അവരുണ്ടാവൊന്നു. ഉണ്ടെങ്കിൽ ഞാൻ പോവാറില്ല.

അപ്പോളാ സജിയും എന്റെ മുന്നിൽ വന്നത്. പെട്ടെന്ന് പഴയ കാര്യങ്ങൾ ഒക്കെ മുന്നിൽ തെളിഞ്ഞു. ഇപ്പോളും ഓർമയുണ്ട് , ഞാൻ ഡിവോഴ്സ് കഴിഞ്ഞപ്പോ അവൻ എന്റടുത്തു വന്നത്. അവൻ പറഞ്ഞ പോലെ ഞാൻ ജീവിതത്തിൽ തോറ്റത് കാണാനാ അവൻ വന്നത് പോലും. എന്നിട്ടൊരു ഓഫറും എനിക്ക് വേണ്ടുന്ന പണം അവൻ തരാമെന്നു, പകരം അവന്റെ രണ്ടാം ഭാര്യയായി ഞാൻ ജീവിക്കണം പോലും. അവനെ കൂടി പേടിച്ചിട്ടാ ഞാൻ ഇങ്ങോട് ഫ്ലൈറ്റ് കേറിയത്. പെട്ടെന്ന് എല്ലാം കൂടി ഉള്ളിൽ കലങ്ങി മറിഞ്ഞു അതാ ഞാൻ ഓടിയത്.. സോറി ചാരു." ഞാൻ പറഞ്ഞു. "ഇവിടെ ഈ ബാൽക്കണീൽ ഇരുന്ന നിനക്ക് എന്ത് സമാധാനാ കിട്ടുന്നെ." ചാരു എന്റടുത്തുന്നു എണീറ്റിട്ടു ചോദിച്ചു. "പതുക്കെ പറ. മറ്റേ രണ്ടും ഉറങ്ങുന്നത് മറക്കണ്ട. എന്ത് സമാധാനം എന്ന് എനിക്ക് അറീല്ലെടാ.. ഇവിടെ നിന്നാ എന്റെ മനസ്സ് ശാന്തമാകും." ഞാൻ പറഞ്ഞു. "അത് പോട്ടെ, നീ വാ നമ്മക്ക് കിടക്കാം നാളെ ഡ്യൂട്ടിക്ക് പോണ്ടേ.." ചാരു പറഞ്ഞു. "ഷോ ജോലിന്റെ പ്രശ്നം ശാമിക്കാനോടു പറയാൻ മറന്നു പോയി. ഇത്രേം നേരം ആ കാര്യമേ ഞാൻ മറന്നു പോയി." എന്നും പറഞ്ഞു ഇക്കാനെ വിളിക്കാൻ ഞാൻ അകത്തേക്ക് പോയി. നോക്കുമ്പോ ശാമിക്കന്റെ അഞ്ചാറു മിസ്സ്കാൾ കണ്ടു. ഞാൻ വേഗം തിരിച്ചു വിളിച്ചു.

ഇക്ക പറഞ്ഞത് കേട്ടപ്പോ എന്റെ കണ്ണൊക്കെനിറഞ്ഞു. "എന്താടീ ഇക്ക എന്തിനാ വിളിച്ചേ..??? കാറിൽ വരുമ്പോ സംസാരിച്ചതല്ലേ." ചാരു ചോദിച്ചു. "അത് ഇക്ക എമർജൻസി ലീവിൽ നാട്ടിലേക്ക് പോവാ.. സനന്റെ ഉമ്മാമ്മ മരണപെട്ടു. അവർ ഇപ്പൊ എയർപോർട്ടിലേക്കു പോവാണെന്നു." ഞാൻ പറഞ്ഞു. "അയ്യോ കഷ്ട്ടായല്ലോ... രണ്ടുമൂന്നു മണിക്കൂർ മുന്നേ എന്ത് സന്തോഷത്തിൽ ആയിരുന്നു എല്ലാരും." ചാരു പറഞ്ഞു. "അതാണ് മോളെ ജീവിതം, എല്ലാം തകിടം മറിയാൻ രണ്ടു മൂന്നു മണിക്കൂർ മതി.. സന്തോഷം സങ്കടമാവാൻ ഒരു മിനിട്ടു മതി... ചിരി കരച്ചിലാവാൻ ഒരു നിമിഷം മതി. അതിന്റെ ഏറ്റവും വല്യ ഉദാഹരണം അല്ലെ നിന്റെ മുമ്പിൽ നിക്കുന്നത്." എത്ര പിടിച്ചു നിർത്തിയിട്ടും എന്റെ കണ്ണ് നിറഞ്ഞു. ചാരു എന്നെ കെട്ടിപ്പിടിച്ചു. എനിക്ക് കരച്ചിൽ അടക്കാൻ പറ്റിയില്ല. അതുമ്മാമാനെ ഓർത്തായിരുന്നു. പഠിക്കുന്ന സമയത്തു സനയുടെ കൂടെ അവളെ വീട്ടിൽ ഒരുപാട് വട്ടം പോയിട്ടുണ്ട്. ആ ഉമ്മാമാന്റെ കൈ കൊണ്ട് ഒരുപാട് ഭക്ഷണം കഴിച്ചിട്ടുണ്ട്.. കുരുത്തക്കേട് കാണിച്ചതിനു ഒരുപാട് ചെവി പിടിച്ചിട്ടുണ്ട്..

സനയേക്കാൾ എന്നെ ഇഷ്ട്ടമായിരുന്നു. സനയുടെയും ശാമിക്കാന്റെയും പ്രേമം പിടിച്ചപ്പോ ഉമ്മാമ്മ എന്നോടാ ദേഷ്യപ്പെട്ടെ, മോളെന്നോട് പറഞ്ഞില്ലല്ലോ എന്ന് പറഞ്ഞു. ആ ദേഷ്യം പോലും എന്റെ കണ്ണ് നിറഞ്ഞപ്പോ അലിഞ്ഞു പോയി, എന്നെ വിളിച്ചു കെട്ടിപ്പിടിച്ചു. അത്ര കാര്യം ആയിരുന്നു എന്നെ. എല്ലാം ഇന്നലെ നടന്ന പോലെ തോന്നി. @@@@@@@@@@@@@@@@@@@@@@@ ലാബിലേക്ക് കേറുമ്പോ തന്നെ കണി ആ വവ്വാൽ ആയിരുന്നു. ഇന്ന് നേരത്തെ എത്തീട്ടുണ്ട്. ഇന്നലത്തെ കാര്യങ്ങൾ വച്ചു ചിലപ്പോ എന്നെ നോക്കി ചിരിക്കാൻ ചാൻസ് ഉണ്ട്. മൈൻഡ് ചെയ്യില്ല. ഞാൻ അകത്തേക്ക് കേറിയപ്പോ അവൾ എന്നെ ഒന്ന് നോക്കി എന്നിട്ടവളുടെ ജോലി തുടർന്നു. ഇതെന്തൊരു സാധനം അവൾ അവളുടെ പഴയ സ്വഭാവത്തിൽ തന്നെ. "സച്ചുവേട്ടൻ എവിടെ ഷാദ്." ചാരു ചോദിച്ചു. "അവൻ ഞങ്ങളെ കാര്യം സംസാരിക്കാൻ പ്രവീണിനെയും കൂട്ടി എച് ആർ ഡിപ്പാർട്മെന്റിൽ പോയിട്ടുണ്ട്. ഞാൻ പോവാൻ നിന്നപ്പോ വേണ്ടാന്നു പറഞ്ഞു." ഞാൻ ആ വവ്വാലിനെ നോക്കികൊണ്ട്‌ പറഞ്ഞു . "ആ അതാ നല്ലതു. അവിടെ ആ വരുൺ ഉണ്ടാവും ഇനി വീണ്ടും തല്ലുണ്ടാക്കണ്ട." എന്നും പറഞ്ഞു ചാരു പോയി. ഒരു അര മണിക്കൂർ കഴിഞ്ഞപ്പോ സച്ചു വന്നു. മുഖം കണ്ടാലേ അറിയാം ഫുൾ കലിപ്പിലാണ്.

ആളൊരു സമാധാനപ്രിയൻ ആണെങ്കിലും ദേഷ്യം വന്ന മദം പൊട്ടിയ ആനയെ പോലെ ആണ്. അവന്റെ മുഖം കണ്ടത്കൊണ്ടാണെന്നു തോന്നുന്നു ചാരു മെല്ലെ സ്കൂട്ടായി. "എന്താടാ.." ഞാൻ ചോദിച്ചു. "അവന്റമ്മേടെ എച് ആർ മാനേജർ... അവര് മാത്രല്ലേ ഇവിടെ ഉള്ളൂ.." അവൻ നല്ല ചൂടിലാണ്. പിന്നേം എന്തൊക്കെയോ പറഞ്ഞു. അപ്പോളേക്കും പ്രവീൺ വന്നു. അവനും ചൂടിൽ ആണ്. "എന്താ പ്രവീൺ, എന്ത് പറ്റി???" ഞാൻ ചോദിച്ചു. "നീ എന്തിനാ സച്ചു ചൂടായത്. അതോണ്ടല്ലേ പ്രശ്നം ഇത്രയും വഷളായത്." പ്രവീൺ പറഞ്ഞു. "പിന്നെ വൃത്തികേട് പറഞ്ഞാൽ കേട്ടിരിക്കാനോ, ചെറ്റ.. അവനെ പോലെയാ എല്ലാരും എന്നാ വിചാരിച്ചിരിക്കുന്നെ." സച്ചു പറഞ്ഞു. "നിങ്ങൾ ഒന്ന് കാര്യം പറയുന്നുണ്ടോ???" എനിക്കാകെ ദേഷ്യം വന്നു ഞാൻ ഒച്ചയെടുത്തു. അപ്പൊ സച്ചു ഒന്ന് തണുത്തു. എനിക്ക് ദേഷ്യം വന്നാൽ മദം ഇളകിയ ആനയെ പോലെ അല്ല, അതുക്കും മേലെ ആണെന്ന് അവനറിയാം. "അത് ആദ്യം നിന്റെ കാര്യം പറഞ്ഞു. അപ്പൊ ആ വരുൺ ഇടങ്കോലിട്ടു. അവൻ ഞങ്ങൾ എന്ത് പറഞ്ഞാലും അതിൽ എന്തെങ്കിലും കുറ്റം കണ്ടു പിടിച്ചു പറഞ്ഞു കൊളാക്കും.. അതോണ്ട് ഞങ്ങൾ അത് വിട്ടു ആമിയുടെ കാര്യം പറഞ്ഞു. അപ്പോ അവര്..." സച്ചു പകുതിക്കു നിർത്തി.

"അപ്പൊ അവര് എന്ത് പറഞ്ഞു സച്ചു ഏട്ടാ..." ചാരുവാണ് ചോദിച്ചത്. "എന്ത് പറയാൻ.. എച് ആർ മാനേജർ ശരത് സാർ ഒരു സത്യം പറഞ്ഞു.. അതവന് പിടിച്ചില്ല." നോക്കിയപ്പോ ഡോറിന്റെ അവിടെ വരുൺ നിക്കുന്നു. "എന്താ... നിനക്ക് വേണ്ടേ??? അയാൾ എന്താ പറഞ്ഞെ.." ചാരു ചോദിച്ചു. "അതോ ദോ ലവൾ ഇല്ലേ പൂച്ചക്കുട്ടി ആമി, അവളെ ഇവൻ കുറെ ആയില്ലേ പെങ്ങൾ പെങ്ങൾ എന്നും പറഞ്ഞു ഒറ്റയ്ക്ക് കൊണ്ട് നടക്കുന്നു. ശരത് സാറും ഒരു പങ്കു ചോദിച്ചു. അത്രേ ഉള്ളു." എന്ന് പറയലും ചാരൂന്റെ കൈ അവന്റെ മുഖത്ത് പതിഞ്ഞതും ഒരുമിച്ചായിരുന്നു. "ടീ നീ എന്നെ തല്ലി അല്ലെ???" എന്നും പറഞ്ഞു വരുൺ അവളെ അടിക്കാൻ പോയതും ഞാൻ അവന്റെ കൈ പിടിച്ചു തിരിച്ചു. ആ വവ്വാലിനെപറ്റി വേറെ എന്ത് പറഞ്ഞാലും എനിക്ക് പ്രശ്നമില്ല പക്ഷെ സച്ചുവുമായുള്ള അവളുടെ ബന്ധം തികച്ചും പവിത്രം ആണ്. അത് ഞാൻ അവരുടെ കണ്ണിൽ കാണാറുണ്ട്. "പോയി പറഞ്ഞേക്കു നിന്റെ ശരത് സാറിനോട് ഇനി ഇമ്മാതിരി കാര്യം അയാൾ പറഞ്ഞാൽ അയാളെ അടിക്കുന്നത് സച്ചുവേട്ടൻ ആയിരിക്കില്ല, ഞാൻ ആയിരിക്കും." ചാരു ദേഷ്യത്തോടെ പറഞ്ഞു.

ഒരു കരച്ചിൽ കേട്ടാണ് ഞങ്ങളൊക്കെ നോക്കിയത്. നോക്കുമ്പോ ആ വവ്വാൽ അവിടെ നിലത്തിരുന്നു കരയുന്നു. ചാരു ഓടിപ്പോയി അവളെ എണീപ്പിച്ചു കെട്ടിപിടിച്ചു. സച്ചുവും പ്രവീണും അങ്ങോട്ട് പോയി. ഞാൻ നിന്നിടത്തു നിന്നും അനങ്ങിയില്ല. അവർ അവളെ പിടിച്ചു ഒരു കസേരയിൽ ഇരുത്തി. അപ്പോളേക്കും ചാരു ഒരു ഗ്ലാസ് വെള്ളം അവൾക്കു കൊടുത്തു. @@@@@@@@@@@@@@@@@@@@@@@ ഞാൻ എന്താ ഇപ്പൊ കേട്ടത്. എന്തും ഞാൻ സഹിക്കും, മോശം വാക്കുകൾ ഒരുപാട് കേട്ടിട്ടുണ്ട്. പക്ഷെ സച്ചുവേട്ടനെയും ചേർത്ത അങ്ങനെ കേട്ടപ്പോ ഞാൻ ആകെ തകർന്നു പോയി. എല്ലാരും എന്നെ ആശ്വസിപ്പിക്കുന്നുണ്ട്. ചാരു എന്നെ ചേർത്ത് പിടിച്ചിട്ടാ ഉള്ളത്. നീ എന്തിനാ കരയുന്നെ.. മഞ്ഞ പിത്തം ബാധിച്ചവർക്ക് എല്ലാം മഞ്ഞ ആയെ കാണാൻ പറ്റൂ. നിങ്ങളെ ബന്ധത്തിന്റെ ആയം ഞങ്ങൾക്കറിയാം. അവരോടു പോവാൻ പറ. ചാരു പറഞ്ഞു. "അമ്മൂ നീ കരയരുത്.. എനിക്കതു സഹിക്കാൻ പറ്റില്ല." സച്ചുവേട്ടൻ പറഞ്ഞു. ഞാൻ കണ്ണെല്ലാം തുടച്ചു. അവരോടു ഒരു കാര്യം പറഞ്ഞു. "ഞാൻ ജോലി വിട്ടു പൊയ്ക്കൊള്ളാം.." "ആ പൊയ്‌ക്കോ, കൂടെ ഞാനും ഉണ്ടാവും.." സച്ചുവേട്ടൻ പറഞ്ഞു. "അപ്പൊ ഞാൻ എന്തിനാ ഇവിടെ, ഞാനും വരും.." ചാരുവും പറഞ്ഞു.

"നിങ്ങക്കൊക്കെ വട്ടുണ്ടോ... ഞാൻ പോയാൽ എല്ലാ പ്രശ്നവും തീരും. എല്ലാടത്തും അങ്ങനെ ആണല്ലോ... ശാപം പിടിച്ച ജന്മം ആണ് എന്റേത്.. കൂടെ നിക്കുന്നവർക്കും ബുദ്ധിമുട്ടുണ്ടാകും." ഞാൻ ദേഷ്യത്തോടെ പറഞ്ഞു. "മിണ്ടാതിരിയെടി... അവളുടെ ഒരു സംസാരം കേട്ടില്ലേ. ഇനി എന്തേലും പറഞ്ഞാൽ ഞാൻ അടിക്കും." സച്ചുവേട്ടൻ ദേഷ്യത്തോടെ പറഞ്ഞു. "എന്തായാലും ആമി പോവുന്നുണ്ടെങ്കിൽ ഞാനും പോവും എന്ന് ഞാൻ ശരത് സാറിനോട് പറഞ്ഞിട്ടുണ്ട്... അതോണ്ട് ആമി പോയാൽ ഞാനും റിസൈന്‍ ചെയ്യും." സച്ചുവേട്ടൻ പറഞ്ഞു. "എന്തിനാ സച്ചുവേട്ടാ അങ്ങനൊക്കെ പറഞ്ഞെ. വെറുതെ ഇപ്പൊ എല്ലാര്ക്കും ബുദ്ധിമുട്ടാവില്ലേ..." ഞാൻ ചാരുവിനെയും ആ ഡ്രാക്കുളയെയും നോക്കി പറഞ്ഞു. അവൻ അവിടെ ഒരു കസേരയിൽ ഇരിപ്പുണ്ട്. എന്നെ കലിപ്പോടെ നോക്കുന്നുണ്ട്. @@@@@@@@@@@@@@@@@@@@@@@ ഇവള് കാരണം സച്ചൂന്റെ ജോലി കൂടെ പോവുല്ലോ. ശേ ഇനി എന്താ ചെയ്യാ.. "എന്തേലും വഴി ഉണ്ടോന്നു നോക്കട്ടെ.. ഉച്ചക്ക് കാണാം" എന്നും പറഞ്ഞു പ്രവീൺ പോയി. ഞങ്ങൾ ഞങ്ങളെ ജോലിയിലേക്ക് തിരിഞ്ഞു.

അവസരം കിട്ടിയപ്പോളൊക്കെ ഞാൻ ആ വവ്വാലിനിട്ടു രണ്ടു ചീത്ത പറഞ്ഞു എന്റെ ദേഷ്യം തീർത്തു. @@@@@@@@@@@@@@@@@@@@@@@ ഞങ്ങള് ജോലി ഒക്കെ തീർത്തു ഭക്ഷണം കഴിക്കാൻ ഇറങ്ങി. അപ്പോളാണ് ആനിയും താരയും വന്നത്. ഇന്ന് അവർക്കു ഓഫീസിൽ എന്തൊക്കെയോ ജോലി ഉണ്ടായിരുന്നത് കൊണ്ട് അവർ ഇപ്പോളാണ് വരുന്നത്. അർജുനും സ്നേഹക്കും ആണ് നൈറ്റ് ഡ്യൂട്ടി. "ആമി നിന്നെ സാജൻ സാർ കാണണം എന്ന് പറഞ്ഞു. ഫുഡ് കഴിച്ചു കഴിഞ്ഞാൽ സാറിനെ കാണാൻ പൊയ്‌ക്കോ.." എന്നും പറഞ്ഞു അവർ ലാബിലേക്ക് കേറി. പടച്ചോനെ അയാൾ എന്തിനാ എന്നെ കാണണം എന്ന് പറഞ്ഞത്. ഇനി അയാളുടെ ഉപദ്രവം കൂടി മാത്രമേ ബാക്കി ഉണ്ടായിരുന്നുള്ളു. ഞാൻ ദയനീയമായി ചാരുവിനെ നോക്കി. "ഞാൻ വരാം നിന്റെ കൂടെ" എന്ന് അവള് പറഞ്ഞപ്പോളാ ഒരു ആശ്വാസം ആയതു. @@@@@@@@@@@@@@@@@@@@@@@

സാജൻ ഡോക്ടറെ കണ്ടാൽ മതിയല്ലോ ഇവളെ ലിസ്റ്റിൽ നിന്നും ഒഴിവാക്കാൻ. വല്ലാത്ത ജന്മം തന്നെ. ഞങ്ങള് ക്യാന്റീനിൽ പോയി ഫുഡ് കഴിച്ചോണ്ടിരിക്കുമ്പോളാണ് പ്രവീൺ വന്നത്. "ഞാൻ എച് ആർ ഡിപ്പാർട്മെന്റിൽ സംസാരിച്ചു അവർ ഒരു വിട്ടു വീഴ്ചക്കും തയ്യാറല്ല എന്ന് പറഞ്ഞു." "അപ്പൊ എല്ലാ വാതിലുകളും അടഞ്ഞു, അല്ലെ.." ചാരു ചോദിച്ചു. "എല്ലാ വാതിലുകളും ഇല്ല, ഒരു വഴി ഉണ്ട്.." പ്രവീൺ പറഞ്ഞു. "അതെന്താ..." സച്ചു ചോദിച്ചു. "പെരുവഴി.." എന്നും പറഞ്ഞു ഞാൻ ചിരിച്ചു. "ഒന്ന് മിണ്ടാതിരിയെടാ... അവന്റെ ഒരു ഓഞ്ഞ കോമഡി.. നീ പറ പ്രവീൺ..." സച്ചു ദേഷ്യപ്പെട്ടു. "അത്..." പ്രവീൺ കാര്യം പറഞ്ഞതും എന്തോ താഴെ വീണു പൊളിയുന്ന സൗണ്ട് ആണ് കേട്ടത്... സൈഡിലേക്ക് നോക്കിയപ്പോ ചാരുവിനെ കാണാനും ഇല്ല.....കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story