ഡിവോയ്‌സി: ഭാഗം 51

divoysi

രചന: റിഷാന നഫ്‌സൽ

''ഇവളെ തൊട്ടാ ആ കൈ ഞാൻ വെട്ടും, എന്റെ ജീവനാ ഇവൾ..'' ഞാൻ സച്ചൂനെ ദയനീയമായി നോക്കി. ''പോയി മോനെ പോയി, കയ്യിൽ കിട്ടുന്നതിന് മുന്നേ അവള് കൈ വിട്ടു പോയി.'' സച്ചു അങ്ങനെ പറഞ്ഞതും ഞാൻ അവനെ ദേഷ്യത്തോടെ നോക്കി. അവൻ എനിക്ക് ഇളിച്ചു തന്നു. ''ഇവളെ മനസ്സ് വേദനിക്കുന്ന പോലും ഞങ്ങൾക്ക് താങ്ങില്ല അപ്പോഴാണോടാ അവളെ ഉപദ്രവിക്കാൻ നോക്കുന്നത്.'' ആ ശബ്ദം കേട്ടതും ഞാൻ അവരെ നോക്കി. സാജൻ ഡോക്ടറെ അടിച്ചോണ്ടു നിന്ന ഒരുത്തൻ ആണത് പറഞ്ഞത്. പടച്ചോനെ അപ്പൊ ഒരാളല്ലേ ഇനീം ഉണ്ടോ.. നജാഫും സനയും കൂടാതെ വേറെ മൂന്നു പേരും കൂടി ഉണ്ടെന്നു അപ്പോളാ കണ്ടത്. അതിൽ ഒരുത്തൻ ആമിയെ പിടിച്ചു നിക്കുന്നു ബാക്കി രണ്ടു പേരും പിന്നെ നജാഫും കൂടി അവരെ അടിക്കുന്നു. ഞങ്ങളിവിടെ കട്ട പോസ്റ്റ് ആയി നിക്കുന്നു. ആമി ഞങ്ങളെ കണ്ടിട്ടില്ല. പെട്ടെന്നാണ് സാജൻ ഡോക്ടർ ഒരു കത്തി എടുത്തു ആമിയെ പിടിച്ചവന്റെ നേരെ പോയത്. ആമി അത് കണ്ടതും ''അമാനിക്കാ'' എന്ന് അലറി. @@@@@@@@@@@@@@@@@@@@@@@@@@@@

വീഴാൻ പോയപ്പോ താങ്ങിയ കൈകൾ അമാനിക്കയുടേത് ആണെന്ന് കണ്ടതും എന്റെ കണ്ണ് നിറഞ്ഞു. ജീവിതത്തിൽ ഒരിക്കലും കാണില്ല എന്ന് കരുതിയതിൽ ഒരു മുഖം. അമാനിക്കയുടെ പിന്നിൽ അക്കൂക്കയെയും ആഫിക്കയെയും കണ്ടതും അതൊരു പൊട്ടിക്കരച്ചിൽ ആയി മാറി. ''വെറുത്തോ മോളെ നീ ഞങ്ങളെ.. നിന്നെ ഉപേക്ഷിച്ചവരുടെ കൂട്ടത്തിൽ ഞങ്ങളെയും പെടുത്തിയോ നീ.'' അമാനിക്ക ചോദിച്ചതും ഞാൻ ഇക്കാനെ കെട്ടിപ്പിടിച്ചു കരഞ്ഞു. അഫിക്കയും അക്കൂക്കയും അടുത്ത് വന്നു എന്നെ ചേർത്ത് പിടിച്ചു. അപ്പോഴാണ് സാജൻ ഡോക്ടറും മറ്റുള്ളവരും ഞങ്ങളെ നേരെ വന്നത്. ''ഓ അപ്പൊ നിനക്ക് ഷാദിനെ കൂടാതെ വേറെ സെറ്റപ്പുണ്ടല്ലേ അതും മൂന്നു പേര്, വെറുതെ അല്ലേടാ നമ്മളെ ഒന്നും പറ്റാത്തത്.'' എന്നും പറഞ്ഞു ആ റോഷൻ ചിരിച്ചു. അത് പറഞ്ഞതും അക്കൂക്കാന്റെ കൈ റോഷന്റെ മുഖത്ത് പതിഞ്ഞു. പിന്നെ അവിടെ അടിയുടെ പൂരം ആയിരുന്നു. ഇടയ്ക്കു അക്കൂക്കയും അമാനിക്കയും ഒക്കെ എന്തൊക്കെയോ ഡയലോഗ് പറയുന്നുണ്ടായിരുന്നു.

പക്ഷെ എന്റെ കോൺസെൻട്രേഷൻ മൊത്തം അടിയിൽ ആയിരുന്നു. നല്ലോണം കിട്ടട്ടെ അവർക്ക്. പെട്ടെന്നാണ് അമാനിക്കയ്ക്കു നേരെ ആ സാജൻ ഡോക്ടർ കത്തി കൊണ്ട് വന്നത്. എന്റെ അലർച്ച കേട്ടതും ഇക്ക എന്നെ പൊതിഞ്ഞു പിടിച്ചു ആ കത്തിയുടെ മുന്നിൽ കേറി നിന്നു. പക്ഷെ കുറച്ചു കഴിഞ്ഞിട്ടും ഒന്നും നടക്കാത്തത് കണ്ടു ഇക്ക എന്നെ മാറ്റി നോക്കിയപ്പോ കണ്ടത് കത്തിയിൽ കേറി പിടിച്ച ഷാദിനെ ആണ്. അവന്റെ കയ്യിൽ നിന്നും ചോര വരുന്നുണ്ട്. അത് കണ്ടതും ഞാൻ ഷാദ് എന്ന് വിളിച്ചു. അപ്പോയെക്കും സച്ചുവേട്ടനും പ്രവീണേട്ടനും ഷാജുക്കയും കൂടി സാജൻ ഡോക്ടറെ തള്ളി അടിക്കാൻ തുടങ്ങിയിരുന്നു. ഞാൻ അമാനിക്കാന്റെ കൈ വിടുവിച്ചു ഷാദിന്റെ അടുത്തേക്ക് ഓടി. ഞാൻ അവന്റെ കൈ പിടിച്ചു നോക്കി, നല്ല മുറിവുണ്ടായിരുന്നു. അത് കണ്ടതും ഞാൻ കരഞ്ഞോണ്ട് അവനെ കെട്ടിപ്പിടിച്ചു. അവനും എന്നെ തിരിച്ചു ഇറുകെ പിടിച്ചു. ''ആമി നിനക്കൊന്നും പറ്റിയില്ലല്ലോ, ആർ യൂ ഓക്കേ?'' ഷാദ് ചോദിച്ചു. എനിക്കൊന്നും മിണ്ടാൻ പറ്റുന്നില്ല. ഞങ്ങൾ എത്ര നേരം അങ്ങനെ നിന്നെന്നു അറിയില്ല. @@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@

''മോനെ റൊമാൻസ് പിന്നെ ഇപ്പൊ കിട്ടിയ സമയത്തു നിന്റെ ദേഷ്യം തീർക്കാൻ നോക്ക്.'' നജാഫിന്റെ സംസാരം കേട്ടാണ് ഞങ്ങൾക്ക് ബോധം വന്നത്. ഞാൻ ആമിയെ വിട്ടു, അവൾ മാറി നിന്നു. ഞാൻ പോവാൻ നിന്നതും അവളെന്റെ കൈ പിടിച്ചു വച്ചു. ''വേണ്ട ഷാദ്, കൈ മുറിഞ്ഞതല്ലേ.'' ''അതൊന്നും കുഴപ്പം ഇല്ല, അവർക്ക് രണ്ടു കൊടുത്തില്ലെങ്കിൽ പിന്നെ ഞാൻ നിന്റെ കെട്ടിയോനാണെന്നു പറഞ്ഞു നടക്കുന്നതിൽ എന്താ കാര്യം. നാളെ എന്റെ പിള്ളേരെന്നോടു ചോദിക്കില്ല ആ അലവലാതികൾ ഞങ്ങളെ ഉമ്മാനെ ഉപദ്രവിച്ചപ്പോ ഉപ്പ എന്താ ഒന്നും ചെയ്യാനേ എന്ന്. '' എന്റെ വർത്താനം കേട്ടതും ആമി വായും തുറന്നു എന്നെ നോക്കാൻ തുടങ്ങി. ഞാൻ അവളെ വായടച്ചു കൊടുത്തു ഒന്ന് കണ്ണിറുക്കി കാണിച്ചിട്ട് അവന്മാരുടെ അടുത്തേക്ക് പോയി. എല്ലാരും കൂടി അടിച്ചു പഞ്ചർ ആക്കീട്ടുണ്ട്. പക്ഷെ റൂമിൽ വച്ചു കണ്ട വീഡിയോ ഓർത്തപ്പോ ഞാൻ നാലാളെയും അടിക്കാൻ തുടങ്ങി. ആമിയുടെ കൈ മുറിച്ചത് സാജൻ ആണെന്ന് ഓർത്തപ്പോ നേരത്തെ അവന്റെ കയ്യിൽ ഉണ്ടായിരുന്ന കത്തി എടുത്തു സാജന്റെ കയ്യിൽ വരഞ്ഞു.

അവൻ വേദന കാരണം അലറി. ''എന്റെ പെണ്ണിനെ തൊട്ട നിന്റെയൊക്കെ കൈ ഞാൻ വെട്ടും..'' എന്നും പറഞ്ഞു ഞാൻ അവരെ നേരെ കത്തിയും കൊണ്ട് പോയതും സച്ചു എന്നെ പിടിച്ചു വച്ചു കത്തി വാങ്ങി ദൂരെ എറിഞ്ഞു.. ''നീ എന്തൊക്കെ പറഞ്ഞാലും ആമിയെ ഞാൻ വിടില്ല, അവളെ എന്റെ കയ്യിൽ കിട്ടും. അവളെന്റെ കയ്യിൽ കിടന്നു പിടയുന്നത് നീ കാണും..'' എന്ന് സാജൻ പറഞ്ഞതും ഞാൻ അവനെ വീണ്ടും അടിച്ചു. ആര് പിടിച്ചു വെക്കാൻ നോക്കിയിട്ടും ഞാൻ നിന്നില്ല. @@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@ ആ അയാൾക്ക് അങ്ങനെ തന്നെ വേണം, അത് പോലുള്ള വൃത്തികെട്ട ഡയലോഗ് അല്ലെ സാജൻ ഡോക്ടർ പറഞ്ഞത്. പക്ഷെ ഷാദ് ഇങ്ങനെ അടിച്ച അയാൾ ചത്ത് പോവും. എല്ലാരും അവനെ പിടിച്ചു വെക്കാൻ നോക്കുന്നുണ്ട്. ''ആമീ ഷാദിനോട് നിർത്താൻ പറ, ഇല്ലേൽ അയാൾ ചത്ത് പോവും..'' ചാരുവാണ്. ''ചാവട്ടെ ആ തെണ്ടി..'' ഞാൻ പറഞ്ഞു. ''എന്നിട്ടെന്തിനാ ഷാദ് ജയിലിൽ കിടക്കുന്നതു കാണാനോ??'' പ്രിയയാണ്.

''പോയി പിടിച്ചു വെക്ക് ആമീ, നീ പറഞ്ഞാൽ അവൻ കേൾക്കും.'' സാറ എന്നെ പിടിച്ചു തള്ളിക്കൊണ്ട് പറഞ്ഞു. ഞാൻ ഷാദിന്റെ അടുത്തേക്ക് പോയി അവൻ ആര് പറഞ്ഞിട്ടും കേൾക്കുന്നില്ല. ഞാൻ വിളിക്കുന്നതും ശ്രദ്ധിക്കുന്നില്ല. പിന്നെ ഒന്നും നോക്കാണ്ട് അവന്റെ കൈ പിടിച്ചു വലിച്ചു എന്റെ നേരെ നിർത്തി. ''ഷാദ് മതിയാക്ക് അയാൾ ചത്ത് പോവും..'' ഞാൻ പറഞു. ''അതിനെന്താ, ചാവട്ടെ..'' ഷാദിന്റെ മുഖം ദേഷ്യം കാരണം ആകെ ചുവന്നിട്ടുണ്ട്. കണ്ണൊക്കെ ചുവന്നു ശരിക്കും ഒരു ഡ്രാക്കുള ലുക്. ഞാൻ ഒന്ന് പേടിച്ചു. ''പ്ലീസ് ഷാദ് വേണ്ട, അയാളെ പോലീസ് കൊണ്ട് പോവും. ഷാദിന്റെ കൈ നോക്ക്, വേദന എടുക്കുന്നില്ലേ.'' ഞാൻ പറഞ്ഞു. ''ഇല്ല എനിക്കൊരു വേദനയും ഇല്ല. പിന്നെ ഇവനെ ഞാൻ ഒരു പോലീസുകാരനും കൊടുക്കില്ല, നിന്നെ തൊട്ട ഇവനെ ഞാൻ തന്നെ കൊല്ലും..'' എന്നും പറഞ്ഞു അവൻ വീണ്ടും അയാളെ നേരെ തിരിഞ്ഞതും ഞാൻ അവന്റെ കൈ പിടിച്ചു. അപ്പൊ തന്നെ അവൻ ''ആ'' എന്ന് ഒരലർച്ച ആയിരുന്നു. നോക്കുമ്പോ ഞാൻ പിടിച്ചത് അവന്റെ മുറിഞ്ഞ കൈ ആയിരുന്നു.

ഞാൻ അവനെ രൂക്ഷമായി നോക്കി. അപ്പൊ അവൻ എന്നെ ഒന്ന് ഇളിച്ചു കാണിച്ചു. ''വേദന ഇല്ല അല്ലെ, പിന്നെ മോൻ എന്തിനാ ഇപ്പൊ അലറിയെ.'' ഞാൻ ദേഷ്യത്തോടെ ചോദിച്ചിട്ട് എന്റെ ഷാൾ കൊണ്ട് ഷാദിന്റെ കയ്യിലെ ചോര തുടക്കാൻ നോക്കി. അവൻ വേദന കാരണം വീണ്ടും ഒച്ച വച്ചു. ''ടീ നീ എന്താ എന്നെ കൊല്ലാൻ നോക്കാണോ.'' ഷാദ് ദേഷ്യത്തോടെ കൈ വിടുവിച്ചു. ''അതെ എന്തെ സംശയം ഉണ്ടോ..'' എന്നും ചോദിച്ചു ഞാൻ അവന്റെ മുറിവ് വീണ്ടും ക്ലീൻ ചെയ്യാൻ നോക്കി. അവൻ എരിവുവലിക്കുന്ന കണ്ടപ്പോ പതിയെ മുറിവിലേക്കു ഊതിക്കൊടുത്തു. എന്റെ ഷാൾ കീറി അത് മുറിവിൽ കെട്ടാൻ തുടണ്ടി. ''ഇല്ലേടീ ഒരു സംശയവും ഇല്ല നീ എന്നെ കൊല്ലാൻ തന്നെ വന്നതാ.. നിനക്കെന്തായിരുന്നു ഇവന്റെ കാര്യം എന്നോട് പറഞ്ഞാൽ.'' ഷാദ് സാജൻ ഡോക്ടറെ കാണിച്ചു കട്ടകലിപ്പിൽ ആണ് അത് ചോദിച്ചത്. ഞാൻ ഒന്ന് ചിരിച്ചു കാണിച്ചു. ''ചിരിക്കല്ലേ , ആ പല്ലു താഴെ പോവും.'' ഷാദ് ദേഷ്യത്തോടെ പറഞ്ഞു.''എന്തൊക്കെ ആയിരുന്നു സ്റ്റെപ് കണ്ടപ്പോ ചാടാൻ തോന്നി ചാടിയപ്പോ തുള്ളാൻ തോന്നി.

അന്നേ പറഞ്ഞിരുന്നെങ്കിൽ ഇങ്ങനെ ഒക്കെ ആവുമോ ഇന്ന്.'' ചെക്കന്റെ കലിപ്പ് തീരുന്നില്ല. ''ആ ഇന്ന് ഇതൊക്കെ ഈ സച്ചുവേട്ടൻ കാരണം...'' സച്ചുവേട്ടനെ നോക്കി പറഞ്ഞത് മുഴുവനാക്കാൻ എനിക്ക് പറ്റിയില്ല. എന്റെ നോട്ടം കണ്ടു ഷാദും നോക്കി. എല്ലാരും ഞങ്ങളെ നോക്കുന്നു. അമാനിക്കയും അക്കൂക്കയും അഫിക്കയും അത്ഭുതത്തോടെ നോക്കുന്നു. നജാഫും സിയാനയും ആക്കി ചിരിക്കുന്നുണ്ട്. സച്ചുവേട്ടനും ചാരുവും പ്രിയയും പ്രവീണേട്ടനും സാറയും ഷാജുക്കയും ഇതൊക്കെ നമ്മള് എത്ര കണ്ടതാ എന്ന രീതിയിൽ നോക്കുന്നു. അമ്മൂട്ടി ഞങ്ങളെ തല്ലു കണ്ടു കൈ മുട്ടി കളിയാക്കി ചിരിക്കുന്നു. എന്തിനേറെ പറയുന്നു അടികൊണ്ടു പഞ്ചർ ആയി കിടക്കുന്ന സാജൻ ഡോക്ടറും സജിയും റോഷനും പ്രേമും ഏതോ അന്യഗൃഹ ജീവികളെ പോലെ ഞങ്ങളെ നോക്കുന്നു. ഇത്രയും സമയം തല്ലുണ്ടാക്കുമ്പോ ഇവരൊക്കെ ചുറ്റും ഉണ്ടെന്ന കാര്യം ഞങ്ങൾ മറന്നു പോയിരുന്നു. അല്ലെങ്കിലും ഷാദ് കൂടെ ഉള്ളപ്പോ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റില്ല. വേറൊന്നും കൊണ്ടല്ല തല്ലും പിടീം കഴിഞ്ഞു ചുറ്റും നോക്കാൻ സമയം വേണ്ടേ.

ഞങ്ങൾ പരസ്പരം നോക്കി, പിന്നെ ചുറ്റും ഉള്ളവരെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചു. അപ്പൊ അമാനിക്ക എന്റെ അടുത്തേക്ക് വന്നു. അത് കണ്ടതും ഷാദിന്റെ മുഖം മാറുന്നത് ഞാൻ ശ്രദ്ധിച്ചു. അപ്പൊ അവനു ചെറിയൊരു പണി കൊടുക്കാൻ വേണ്ടി ഞാൻ ഇക്കാനെ ചേർന്ന് നിന്നു. അപ്പൊ ഇക്ക എന്നെ ചേർത്ത് പിടിച്ചു. ഞാൻ മെല്ലെ ഷാദിനെ നോക്കി. എന്റെ പടച്ചോനെ അവന്റെ കണ്ണും മുഖവും ദേഷ്യം കാരണം വീണ്ടും ചുവന്നു, അതും നേരത്തെത്തേക്കാൾ കൂടുതൽ. അവൻ ഇപ്പൊ തന്നെ അമാനിക്കാനേ അടിക്കും എന്ന രീതിയിൽ ആണ് നിക്കുന്നത്. പക്ഷെ പിന്നെ അമാനിക്ക പറഞ്ഞ കാര്യങ്ങൾ കേട്ട് എന്റെ കണ്ണ് തള്ളിപ്പോയി. ഷാദിന്റെ നോട്ടം കാണണമായിരുന്നു. ഇപ്പൊ എന്റെ കാലേവാരി നിലത്തടിക്കും എന്ന രീതിയിൽ അവൻ എന്നെ തുറിച്ചു നോക്കി. ഞാൻ മെല്ലെ ഒരു ഇളി അങ്ങ് പാസാക്കി അമാനിക്കന്റെ പിറകിൽ നിന്നു. @@@@@@@@@@@@@@@@@@@@@@@@@@@@@@@@@@ ഈ കൊരങ്ങൻ എന്തിനാ ഇവളെ ഇങ്ങനെ പറ്റി നിക്കുന്നെ, അതിനു ഇവളും മോശം ആണോ..

അലവലാതി വവ്വാൽ, ഇവളെ ഞാൻ ഇന്ന് കൊല്ലും.. ഏയ് വേണ്ട, ഇവളെ കൊന്ന ഞനും കൂടെ ചാവേണ്ടി വരും. ഇവളില്ലാണ്ട് ഞാൻ എങ്ങനെ ജീവിക്കാനാ. പക്ഷെ ഇവളുടെ കളി കണ്ടാൽ ഇവനെ ഇഷ്ട്ടം ആണെന്ന് തോന്നുന്നു. ഞാൻ ഒരിക്കലും അവളെ ആഗ്രഹങ്ങൾക്ക് വിലങ്ങു തടി ആവില്ല. ഇങ്ങനെ ഓരോന്ന് ചിന്തിച്ചോണ്ടു നിക്കുമ്പോ ആണ് മുന്നിലുള്ളവൻ സംസാരിക്കാൻ തുടങ്ങിയത്. സത്യം പറഞ്ഞാൽ അത് കേട്ടപ്പോ അവനെ പിടിച്ചു ഒരുമ്മ കൊടുക്കാൻ തോന്നി. അവൻ എന്താ പറഞ്ഞത് എന്നല്ലേ, അതിനു മുമ്പ് എന്റെ ഭാര്യ എന്ന് പറയുന്ന അലവലാതിക്ക്‌ രണ്ടു കൊടുക്കണം. അത് മനസ്സിലാക്കി ആവണം അവള് അവന്റെ പിന്നിലൊളിച്ചു. അവൻ ആമിയെ പിടിച്ചോണ്ട് പറയാ '' മോളെ അന്നൂ നിന്നെ ഇങ്ങനെ കാണുമ്പോ ഞങ്ങൾക്ക് എത്ര സന്തോഷം ആണെന്ന് അറിയാമോ. അതിനു കാരണം ഇവൻ ആണെന്ന് മനസ്സിലായി. നന്നിയുണ്ട് അളിയാ ഒരുപാട് നന്ദി.'' അത് കേട്ടതും എനിക്ക് സന്തോഷം കൊണ്ട് തുള്ളി ചാടാനാ തോന്നിയത്. അവന്റെ അളിയൻ എന്ന വിളി കേട്ടപ്പോ തന്നെ മനസ്സിലായി അത് ആമിയുടെ സഹോദരങ്ങൾ ആണെന്ന്. അന്ന് സാറ പറഞ്ഞിരുന്നു അവരുടെ പേരുകൾ, പക്ഷെ കുറെ പേരുണ്ടായത് കാരണം ഞാൻ മറന്നു.

''അളിയാ ഒരുപാട് നന്ദിയുണ്ട് ഞങ്ങളെ അംനൂനെ നോക്കിയതിനു.'' എന്നും പറഞ്ഞു വേറൊരുത്തൻ വന്നു എന്റെ കയ്യിൽ പിടിച്ചു. ''അക്കു ആദ്യം നമ്മളെ പരിചയപ്പെടുത്തു.'' മൂന്നാമൻ പറഞ്ഞു. ''ആഹ് അത് ശരി ആണല്ലോ. ഷാദ് എന്നല്ലേ പേര്, ഞാൻ അമാൻ, അംനൂന്റെ രണ്ടാമത്തെ ഇക്കാക്ക. ഇത് എന്റെ താഴെ ഉള്ളവർ അഷ്‌ക്കർ, അക്കു എന്ന് വിളിക്കും പിന്നെ ഇത് അഫ്സൽ, അഫി എന്ന് വിളിക്കും. ഇവർ ട്വിൻസ് ആണ്.'' അമാൻ എനിക്ക് കൈ തന്നു കൊണ്ട് പറഞ്ഞു. പിന്നെ അവൻ ആമിയുടെ നേരെ പോയി അവളെ ചേർത്ത് പിടിച്ചു. ''നീ നാട്ടിൽ നരകിക്കുന്ന സമയത്തു ഞങ്ങൾ ഒന്നും അറിഞ്ഞില്ല മോളെ. ആരും ഒന്നും അറിയിച്ചില്ല. നീയും ഞങ്ങളോട് ഒന്നും പറഞ്ഞില്ലല്ലോ. ഞങ്ങൾ നാട്ടിൽ എത്തിയപ്പോളേക്കും നീ അവിടുന്ന് പോയി എന്ന് അവർ പറഞ്ഞു. അത്ര ചോദിച്ചിട്ടും കാര്യങ്ങൾ എന്താണെന്ന് അവർ ആരും പറഞ്ഞില്ല. ഉമ്മാനോട് ചോദിച്ചാ കരച്ചില് മാത്രം. ഞങ്ങൾ ഷാമിയെ കണ്ടപ്പോ അവനാണ് എല്ലാം പറഞ്ഞത്. വീട്ടിൽ കാര്യങ്ങൾ പറഞ്ഞപ്പോ ഉപ്പാപ്പ പറഞ്ഞു പുകഞ്ഞ വള്ളി പുറത്തെന്ന്.

പിന്നെ അവരോടൊക്കെ ഒരുതരം വെറുപ്പായിരുന്നു. വീട്ടിൽ ഉമ്മയോടല്ലാതെ ആരോടും ഒന്നും സംസാരിക്കാറില്ല. ശാമിയോട് ഞങ്ങൾ കുറെ വട്ടം ചോദിച്ചതാ നീ എവിടെയാണ് എന്ന്. പക്ഷെ അവൻ പറഞ്ഞു തന്നില്ല. നീ ദുബായിൽ ഉണ്ടെന്നു അറിയാരുന്നു, അത് കൊണ്ടാ ഖത്തറിലെ ജോലി മാറി ഞങ്ങൾ മൂന്നാളും ഇങ്ങോട്ടേക്കു വന്നത്. ഒരു വര്ഷം ആയി നിന്നെ തേടി നടക്കാൻ തുടങ്ങീട്ട്. ഇന്ന് രാവിലെ ഇവൻ നിന്നെ ഇവിടെ കണ്ടു എന്ന് പറഞ്ഞു വിളിച്ചപ്പോ ഓടി വരുവായിരുന്നു ഞങ്ങള്.'' നജാഫിനെ നോക്കി അമീനിക്ക ആമിയോട് പറഞ്ഞു. ഞാൻ സംശയത്തോടെ നജാഫിനെ നോക്കി. ''ആഹ് ഇവനെ പരിചയപെട്ടില്ലല്ലോ ഇതാണ് എന്റെ ചങ്ക് നജാഫ്.'' അക്കു ഞങ്ങളെ നോക്കി പറഞ്ഞു. ''നിന്നെ മിനിഞ്ഞാന്ന് രാത്രി തന്നെ എനിക്ക് മനസ്സിലായതാ. സത്യം പറഞ്ഞാൽ ഞാൻ ആകെ ഷോക് ആയിപ്പോയി പെട്ടെന്ന് കണ്ടപ്പോ.. കാരണം ഇവൻ ഇവിടെ ജോലിക്കു കേറിയ അന്ന് മുതൽ നിന്റെ ഫോട്ടോ കാണിച്ചു പറയുമായിരുന്നു നിന്നെ കണ്ടു പിടിക്കാൻ സഹായിക്കാൻ. അപ്പൊ തന്നെ വിളിക്കാൻ പോയതാ, പക്ഷെ..''

എന്ന് പറഞ്ഞു നജാഫ് സിയാനയെ നോക്കി. അവള് തല താഴ്ത്തി നിന്നു. ഇവൾ ഒരിക്കലും നന്നാവോലാന്നാ കരുതിയത് പക്ഷെ ആമിയെ സഹായിച്ച സ്ഥിതിക്ക് ഇവള് നന്നായിട്ടുണ്ടാവും. അഭിനയം ആകാതിരുന്നാൽ മതി. ''ആഹ് ഏതായാലും പെങ്ങളും ആങ്ങളമാരും ഒന്നായല്ലോ, അത് മതി.'' സച്ചുവാണത് പറഞ്ഞത്. അവന്റെ മുഖത്ത് ഇച്ചിരി കുശുമ്പില്ലേ എന്നൊരു ഡൌട്ട് ഇല്ലാതില്ല. എനിക്ക് ചിരി വന്നു. ആമിക്കും മനസ്സിലായി എന്ന് തോന്നുന്നു. അവള് നടന്നു സച്ചൂന്റടുത്തു പോയി അവനോടു ചേർന്ന് നിന്നു. ''ഇക്കാക്കമാരെ ധാ ഇത് സച്ചുവേട്ടൻ. എന്റെ സ്വന്തം സഹോദരനെ പോലെ അല്ല എനിക്ക് സ്വന്തം ഏട്ടൻ തന്നെയാ. എന്റെ മോശം സമയത്തു എന്റെ കൂടെ ഉണ്ടായിരുന്ന ആള്. ശരിക്കും പറഞ്ഞാൽ ഞാൻ ഇന്ന് ഇങ്ങനെ നീക്കാനുള്ള കാരണക്കാരൻ. ആരുമില്ല എന്ന തോന്നല് എന്റെ ജീവിതത്തിൽ നിന്നും അകറ്റിയത് സച്ചുവേട്ടനും ചാരുവുമ. ബാക്കിയെല്ലാവരെയും എന്റെ ജീവിതത്തിലേക്ക് കൊണ്ട് വന്നതും ഇവരാ. ഷാദിനെയും..''

ആമി അങ്ങനെ പറഞ്ഞപ്പോ അവളുടെ ഇക്കാക്കമാരുടെ മുഖം മങ്ങി. അമാനിക്ക നടന്നു സച്ചൂന്റടുത്തു വന്നിട്ട് അവന്റെ കൈ പിടിച്ചു. ''ഞങ്ങള് ചെയ്യണ്ട കാര്യം നീയാണ് ചെയ്തതെന്ന് മനസ്സിലായി. ഒരുപാട് നന്ദി ഉണ്ട് ഞങ്ങളെ പെങ്ങളെ നോക്കിയതിനു.'' ''ഏയ് അതിന്റെ ആവശ്യം ഒന്നും ഇല്ല. അവളെന്റെ കുഞ്ഞു പെങ്ങള, ഇവളെ നോക്കേണ്ടത് എന്റെ കടമയായെ ഞാൻ കണ്ടിട്ടുള്ളു.'' എന്ന് പറഞ്ഞു സച്ചു ആമിയെ ചേർത്ത് പിടിച്ചു. പിന്നെ ആമി ബാക്കിയുള്ളവരെ ഒക്കെ അവർക്ക് പരിചയപ്പെടുത്തി കൊടുത്തു. അപ്പോഴാണ് അവർ സാറയെ കണ്ടത്. ''ടീ വാഴക്കാളി നീ ഇവിടെ ഉണ്ടായിരുന്നോ... നിനക്കും ഞങ്ങളെ വേണ്ടാതായി അല്ലെ.'' അമാനിക്ക സാറയോട് അങ്ങനെ ചോദിച്ചതും അവള് കരഞ്ഞോണ്ട് അമാനിക്കാനേ കെട്ടിപ്പിടിച്ചു കരഞ്ഞു. ''എനിക്കാനോ നിങ്ങൾക്കൊക്കെ അല്ലെ ഞങ്ങളെ വേണ്ടാതായെ. ഇത്ര കാലത്തിനിടക്ക് ആരെങ്കിലും എന്നെ അന്വേഷിച്ചോ??'' സാറ പരിഭവത്തോടെ പറഞ്ഞു. ''അയ്യേ ഡാ ഓഫീ നോക്കിയേ നമ്മളെ ജാൻസി റാണി കരയുന്നു. നിന്നെ അങ്ങനെ മരക്കോ മോളെ, നിന്നെയും ഞങ്ങൾ അന്വേഷിച്ചിരുന്നു. നിന്റെ കല്യാണം കഴിഞ്ഞു ഭർത്താവിന്റെ കൂടെയാണ് ഉള്ളതെന്ന് ഞങ്ങൾ അറിഞ്ഞിരുന്നു.'' അമാനിക്ക പറഞ്ഞു. അയ്യേ എന്നാലും നീ പറഞ്ഞല്ലോ...

ഞാനിന്നു പടക്കം പൊട്ടിച്ചു ആഘോഷിക്കും.'' എന്ന് അക്കു സാറയെ കളിയാക്കി. അപ്പൊ തന്നെ അവള് അക്കൂനെയും അഫിനെയും അടിക്കാൻ തുടങ്ങി. അവരുടെ കളി കാണുമ്പോ തന്നെ അറിയാം അവര് തമ്മിൽ ഉള്ള സ്നേഹ ബന്ധം. പിന്നെ അവര് ഷാജുവിനെ വാരാൻ തുടങ്ങി. ''എന്റെ പൊന്നു ഷാജുക്ക ഇങ്ങള് എങ്ങനെയാ ഈ മൊതലിനെ സഹിക്കുന്നെ...'' അഫിയാണ്. ''ആഹ് എന്റെ ഒരു ഗതികേട് അല്ലാതെന്തു.'' ഷാജു പറഞ്ഞതും സാറ അവനെ പഞ്ഞിക്കിട്ടു. പിന്നെ അവര് മൂന്നാളും അമ്മൂട്ടിയെ കളിപ്പിക്കാൻ തുടങ്ങി. അവളെ കണ്ടപ്പോ അവരുടെയൊക്കെ കണ്ണ് നിറഞ്ഞു. അമാൻ സാറയെ ചേർത്ത് പിടിച്ചു തലയിൽ തലോടി. ''ഹലോ നിങ്ങളെ റീയൂണിയനിനിടക്ക് ഈ അലവലാതികളെ മറന്നോ.'' പ്രവീൺ ചോദിച്ചപ്പോ ആണ് ആ നാല് പേരുടെ കാര്യം ഞങ്ങള് ഓർത്തത്. അവര് അടി കൊണ്ട് തളർന്നു നിലത്തു കിടക്കാണ്.

നജാഫും പ്രവീണും അവരുടെ അടുത്തുണ്ട്, ''ഇവരുടെ കാര്യം ഇനി ദുബായ് പോലീസ് നോക്കിക്കോളും. ആമി കാര്യങ്ങൾ പറഞ്ഞാ മതി. തെളിവിനു വിഡിയോയും ഉണ്ടല്ലോ.'' അപ്പോഴേക്കും പോലീസുകാർ ഞങ്ങളെ അടുത്തെത്തിയിരുന്നു. അവർ അറബിയിൽ സംസാരിക്കാൻ തുടങ്ങി. ഞങ്ങള് ഇംഗ്ലീഷിൽ കാര്യങ്ങൾ പറഞ്ഞെങ്കിലും അവർക്ക് മുഴുവനും മനസ്സിലായില്ല. അവര് വേറെ ഓഫീസർമാരെ വിളിക്കാം എന്ന് പറഞ്ഞെങ്കിലും അമാനിക്ക വേണ്ട പറഞ്ഞു. എന്നിട്ടു അമാനിക്കയും ഷാജുവും അവരോടു അറബിയിൽ സംസാരിച്ചു. ആ പോലീസുകാർ അവരെ നാലുപേരെയും അറസ്റ്റ് ചെയ്തു. ''ടീ നീ രക്ഷപ്പെട്ടെന്നു കരുതണ്ട, നിന്നെ ഒരിക്കൽ എന്റെ കയ്യിൽ കിട്ടും. ഞാൻ എപ്പോളും ജയിലിൽ തന്നെ കിടക്കില്ല. ഞാൻ അടുത്ത് തന്നെ പുറത്തു വരും..'' സാജൻ ഡോക്ടർ പോവുന്ന വഴിയിൽ അലറി.

''പിന്നെ ഒന്ന് പോടാ അവിടുന്ന്.. ഇതേ നമ്മളെ നാടല്ല, ഇനി പൊന്നു മോൻ പുറംലോകം കാണാമെന്നു സ്വപ്നം പോലും കാണണ്ട. ഇവളെ ഉപദ്രവിക്കാൻ ശ്രമിച്ചതും ഡ്രഗ്സ് യൂസ് ചെയ്തതും എല്ലാം കൂടി വല്യ ഒരു കേസ് തന്നെ ഉണ്ട്. ഇനി മരിക്കുന്ന വരെ ജയിലിൽ കിടക്കാം.'' ഞാൻ അവരോടു പറഞ്ഞു. അവർ ഞങ്ങളെ നോക്കിയിട്ടു പോലീസ് കാറിൽ കേറി പോയി. അങ്ങനെ അവരുടെ ചാപ്റ്റർ തീർന്നു എന്ന സമാധാനത്തിൽ ഞങ്ങള് എല്ലാരും നടന്നു അവിടെ പുറത്തെ ഹാളിലേക്ക് പോയി. അവിടെ ഇരുന്നു കത്തി വച്ചോണ്ടിരുന്നു. ആമി അക്കുവും അഫിയും ആയി നല്ല തല്ലു പിടിത്തത്തിൽ ആണ്. ഇവൾക്ക് ഇത് തന്നെ ആണോ പണി എന്ന് ആലോചിച്ചു പോയി. എല്ലാരും നല്ല സന്തോഷത്തിൽ ആണ്. പെട്ടെന്ന് അമാൻ പറഞ്ഞ കാര്യം കേട്ട് ഞാനും ആമിയും മുഖത്തോടു മുഖം നോക്കി. ഞാൻ ചിരിച്ചോണ്ട് അവളെ നോക്കിയപ്പോ ആമി ദയനീയമായി എന്നെ നോക്കി.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story