ഡിവോയ്‌സി: ഭാഗം 58

divoysi

രചന: റിഷാന നഫ്‌സൽ

''ഷഹീ.. മോളെ ഷഹനാ ഇങ്ങനെ കരയല്ലേ പ്ളീസ്..'' ഞാൻ പറഞ്ഞു.

''ഇല്ലാ ഇക്കാക്ക ഇങ്ങളെ കണ്ട സന്തോഷാ എനിക്ക്..'' കുറെ വർഷങ്ങൾക്കു ശേഷം സ്വന്തം കുഞ്ഞനിയത്തിയെ കണ്ടത് കൊണ്ടാവും എന്റെ കണ്ണും നിറഞ്ഞു.

''വാ ഇക്കാക്കാ..'' എന്നും പറഞ്ഞൂ അവളെന്റെ കൈ പിടിച്ചു അകത്തേക്ക് കേറി. 

''ഇക്കാക്കാ ഇത് ആണ് ജാസിക്ക.'' എന്നും പറഞ്ഞു അവളെന്നെ ജാസിറിന് പരിചയപ്പെടുത്തി. ഇവൾക്കറിയില്ലെങ്കിലും ഞാൻ ഇവരുടെയൊക്കെ കാര്യങ്ങൾ അന്വേഷിക്കാറുണ്ട്. ഷഹിയുടെ കല്യാണ ഫോട്ടോസ് ഒക്കെ എനിക്ക് കസിൻസ് അയച്ചു തന്നിരുന്നു. പക്ഷെ ജാസി കുവൈറ്റിൽ ആയിരുന്നല്ലോ, പിന്നെ ഇവിടെ എങ്ങനെ.

''ഇങ്ങള് ആലോചിക്കുന്നതൊക്കെ മനസ്സിലായി ഇക്കാക്കാ.. ഞങ്ങൾ ഇവിടേയ്ക്ക് മാറിയിട്ട് ഇപ്പൊ ആറുമാസം ആയി. പക്ഷെ ഇവളുടെ ഉപ്പാന്റെ വിലക്കുണ്ടായിരുന്നു നിങ്ങളെ കോൺടാക്ട് ചെയ്യരുതെന്ന്.'' ജാസി അങ്ങനെ പറഞ്ഞപ്പോ ഞാൻ ഒന്ന് പുഞ്ചിരിച്ചു.

''അല്ല യാസി എന്താ ഇവിടെ..'' ഞാൻ ചോദിച്ചു.

''അവനെന്റെ അനിയൻ ആണ്..'' യാസി പറഞ്ഞു. ആഹാ ബെസ്റ്റ് ഇതിന്റൊരു കുറവ് കൂടിയേ ഉണ്ടായിരുന്നുള്ളു. എന്റെ അളിയന്റെ ഇക്കാക്ക, നല്ല കാര്യം.

"ഇങ്ങക്ക് ഉപ്പാനോടും ഉമ്മനോടും സംസാരിക്കണ്ടേ..'' ഷഹിയാണ്.

''വേണ്ട, അതൊക്കെ അടഞ്ഞ അദ്യായങ്ങൾ അല്ലെ, തുറക്കാൻ എനിക്ക് താല്പര്യം ഇല്ല മോളെ.'' ഞാൻ പറഞ്ഞു.

''പക്ഷെ ഇക്കാക്കാ, അവരൊക്കെ ഇങ്ങള് വിളിക്കുന്നതും കാത്തു നിക്കാ. മൂന്നാലു ദിവസം മുന്നേ സിയൂത്ത നാട്ടിൽ വിളിച്ചു സിനാനമ്മായിനോടും ഷഫാദിക്കാനോടും സത്യങ്ങളൊക്കെ പറഞ്ഞു. അത് അറിഞ്ഞു ഉപ്പ ആകെ തകർന്നു പോയി. എന്റെ മോനെ ഞാൻ വിശ്വസിച്ചില്ലല്ലോ എന്ന് പറഞ്ഞു ആകെ ബഹളം ആയിരുന്നു. അവസാനം ബിപി കുറഞ്ഞു കുഴഞ്ഞു വീണു. രണ്ടു ദിവസം ഹോസ്പിറ്റലിൽ ആയിരുന്നു. 

അപ്പൊ മുതലേ ഇക്കാനെ കോൺടാക്ട് ചെയ്യാൻ നോക്കുന്നുണ്ട്. നജൂക്കാനോടു നമ്പറിന് ചോദിച്ചെങ്കിലും ഇങ്ങള് കൊടുക്കണ്ട പറഞ്ഞോണ്ട് ഇക്കാ തന്നില്ല. പിന്നെ ഉപ്പാന്റെ അവസ്ഥ പറഞ്ഞപ്പോ നിങ്ങളെ ഹോസ്പിറ്റലിന്റെ പേര് പറഞ്ഞു തന്നു. അന്നേരം തന്നെ വരാൻ നിന്നതാ. പക്ഷെ അതിനിടയിൽ എനിക്ക് വയ്യാണ്ടായി.

അവസാനം ഇന്ന് ഞങ്ങള് ഇങ്ങളെ ഹോസ്പിറ്റൽ വരാൻ നിന്നു. അപ്പോഴാ യാസിക്ക അവിടാണല്ലോ എന്ന് ഓർത്തത്. യാസിക്കാനേ വിളിച്ചു ഒരേ കൂടെ അങ്ങോട്ടേക്ക് വന്നിരുന്നു. അവിടെ വച്ച് സച്ചുവേട്ടനെ കണ്ടു.'' സച്ചു അവൾക്കു എന്നെ പോലെ തന്നെയാ. പണ്ട് കോളേജിൽ പഠിക്കുന്ന സമയത്തു സച്ചു കൂടുതലും എന്റെ വീട്ടിൽ ആയിരിക്കും. അന്ന് രണ്ടും ഒടുക്കത്തെ തല്ലായിരുന്നു. 

''സച്ചുവേട്ടനാ ഷാദിക്കാനേ ഇങ്ങോട്ടു കൂട്ടീട്ടു വരാമെന്നു പറഞ്ഞത്. പിന്നെ ഇവൾക്ക് ഇപ്പൊ അതികം ട്രാവൽ ചെയ്യുന്നത് നല്ലതല്ല. അടുത്ത ആഴ്ച നാട്ടിലേക്ക് പോവാൻ നിക്കാ ഞങ്ങള്.'' അപ്പോഴാ ഞാൻ ഷഹിയെ ശ്രദിക്കുന്നെ. അവളുടെ വയറൊക്കെ പൊങ്ങീട്ടുണ്ട്. ഞാൻ അവളെ നോക്കി ചിരിച്ചിട്ട് അവളുടെ വയറ്റിൽ പതിയെ കൈ വച്ച് നോക്കി. അപ്പൊ തന്നെ ഒരു ചവിട്ടു കിട്ടി.

''ഡീ ഫുട്ബാൾ പ്ലയെർ ആണെന്ന് തോന്നുന്നല്ലോ..'' ഞാൻ പറഞ്ഞു.

''ആഹ് കാർന്നോരെ പോലെ ആവും ചിലപ്പോ മരിയോനും..'' എന്നും പറഞു ജാസി ചിരിച്ചു. ഞാൻ അവനെ നോക്കി.

''ഷഹി പറഞ്ഞിട്ടുണ്ട് ഷാദിക്ക നന്നായി ഫുട്ബോൾ കളിക്കുമെന്ന്.'' ഞാൻ ഒന്ന് ചിരിച്ചു കൊടുത്തു. ഇതൊക്കെ കണ്ടു ഒരാൾ ഇഷ്ട്ടപ്പെടാത്ത രീതിയിൽ നോക്കുന്നുണ്ട്. വേറെ ആര് നമ്മളെ യാസി മോൻ. ഇനി എന്നെ ഇഷ്ടമല്ലാത്ത കാരണം ഇവൻ ഷഹിക്കു വല്ല പാരയും വെക്കോ.. എങ്കി ഇവനെന്റെ ചവിട്ടു കൊണ്ട് ചാവും.

''അല്ല ഉപ്പാക്ക് ഇപ്പൊ എങ്ങിനെ ഉണ്ട്..'' പെട്ടെന്ന് ഓർമ്മ വന്നപ്പോ ഞാൻ ചോദിച്ചു.

''അൽഹംദുലില്ലാഹ് ഇപ്പൊ കുഴപ്പമില്ല.'' ഷഹി പറഞ്ഞു.

''അല്ലാ ഇക്കാക്ക എവിടെ നമ്മളെ ഇളയ അമ്മായി ആമി.'' ഷഹി ചോദിച്ചതും വീണ്ടും ആമിയുടെ കാര്യങ്ങൾ ഓർമ്മ വന്നു. കുറച്ചു സമയം ആയി അതൊക്കെ മറന്നിരുന്നു. ഞാൻ സച്ചുവിനെ നോക്കി അവൻ ഒന്നും പറയണ്ട എന്ന രീതിയിൽ ആക്‌ഷൻ കാണിച്ചു. യാസി എന്നെ പുച്ഛത്തോടെ നോക്കി ചിരിക്കുന്നുണ്ട്. 

അവനു കാര്യമായിട്ട് ഒന്നും അറിയില്ലെങ്കിലും ആമിയും ഞാനും തമ്മിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്നു അറിയാം. പിന്നെ കുറച്ചു ദിവസം ലാബിൽ ഞങ്ങൾ നല്ല റൊമാൻസ് ആയിരുന്നല്ലോ. അതിന്റെ കണ്ണ്കടി അന്നേ യാസിക്കു ഉണ്ടായിരുന്നു. 

ആ ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല. ആമിയെ എനിക്ക് നഷ്ടമായി അല്ല അവളെ ഞാൻ നഷ്ടപ്പെടുത്തി.. എനിക്ക് അവള് എന്റെ കുടുംബവും സ്വന്തക്കാരെയുമൊക്കെ തിരിച്ചു തന്നു. ആ അവളെ ഞാൻ വേദനിപ്പിച്ചു. പടച്ചോൻ പൊറുക്കില്ല എന്നോട്.

''അമ്മായിന്റെ പേര് പറയുമ്പോളേക്കും ഓരേ സ്വപ്നം കാണാൻ തുടങ്ങിയോ..'' ജാസി ആണ്.

''ഏയ് അങ്ങനൊന്നുമില്ല. അവള് റൂമിൽ ഉണ്ട്. സുഖമില്ലാത്ത കാരണം ലീവ് ആണ്.'' ഞാൻ പറഞ്ഞു. ഹോസ്പിറ്റലിൽ അവൾ അങ്ങനെയാ പറഞ്ഞത്, സുഖമില്ല എന്ന്.

പിന്നെ കുറെ നേരം അവരോടൊക്കെ കത്തിയടിച്ചിരുന്നു. അതിനിടയിൽ സച്ചു തിരിച്ചു ഹോസ്പിറ്റലിലേക്ക് പോയി. അവൻ കുറച്ചു സമയം പെർമിഷൻ എടുത്തു വന്നതാ. 

നാട്ടിലേക്ക് വിളിച്ചു എല്ലാരോടും സംസാരിച്ചു. ഉപ്പ എന്നോട് മാപ്പു ചോദിക്കുന്നത്‌ കേട്ടപ്പോ എന്റെ കണ്ണ് നിറഞ്ഞു. ഉമ്മ പിന്നെ ഒരു തേങ്ങൽ മാത്രം ആയിരുന്നു. പിന്നെ ബാക്കിയുള്ളവരൊക്കെ മാറി മാറി ഫോൺ എടുത്തു. എല്ലാരും സോറി പറഞ്ഞു. ഷഫാദിക്ക എന്നെ മനസ്സിലാക്കാൻ പറ്റിയില്ലല്ലോ പറഞ്ഞു കരഞ്ഞു. കാരണം ഞങ്ങൾ അത്രയും ക്ലോസ് ആയിരുന്നു.

എല്ലാർക്കും ആമിയെ പറ്റിയാണ് അറിയേണ്ടത്. അത്രയ്ക്ക് അവളെ പാട്ടി സിയാന പറഞ്ഞിട്ടുണ്ട് അവരോടു. എന്തൊക്കെയോ പറഞ്ഞൊപ്പിച്ചു ഞാൻ ഫോൺ വച്ചു. ഇനി എല്ലാരും അവളെ പറ്റി അറിയുമ്പോ വീണ്ടും എന്നെ വെറുക്കും. ഒരു കണക്കിന് അതാ നല്ലതു. 

ആമി ഇല്ലാതെ എനിക്കൊരു ജീവിതം വേണ്ടാ. അവളോട് പറഞ്ഞതല്ലേ ഇനി അവളെ കരയിച്ചാൽ ഞാൻ ഇല്ല എന്ന് വിചാരിച്ചോന്നു. അതിപ്പോ സത്യം ആണ്. അത്രയും വൃത്തികെട്ട വാക്കുകൾ ആമിയോട് പറഞ്ഞപ്പോ തന്നെ ഞാൻ മരിച്ചു.

''എന്താ ഇക്കാ വലിയ ചിന്തയിൽ ആണല്ലോ.. ആമി അമ്മായിനെ ആണോ..'' ഷഹി.

''പോടീ അവിടുന്ന്.. ഞാൻ ഇറങ്ങട്ടെ.. പോയിട്ട് ഇച്ചിരി പണി ഉണ്ട്.'' ഞാൻ പറഞ്ഞു.

''ഇപ്പൊ തന്നെ പോണോ ഇക്കാ...'' ഷഹി. 

നിക്കണമെന്ന് എനിക്കും ആഗ്രഹമുണ്ട്, പക്ഷെ ആമിയെ കാണാത്തടുത്തോളും കാലം എനിക്ക് സന്തോഷിക്കാൻ കഴിയില്ല.

''ഇല്ല മോളെ, ഞാൻ പോയിട്ട് പിന്നെ വരാം. ഇവിടെ അടുത്ത് തന്നെ അല്ലെ..'' ഞാൻ പറഞ്ഞു. ഞാൻ ഷഹിയോടും ജാസിയോടും യാസിയോടും പറഞ്ഞിട്ട് ഇറങ്ങി.

ഒരു ടാക്സി പിടിച്ചു റൂമിലേക്ക് വിട്ടു. മനസ്സ് വല്ലാതെ അസ്വസ്ഥമാണ്. ഫ്ലാറ്റിൽ എത്തി റൂം തുറക്കാൻ നോക്കീട്ടു പറ്റിയില്ല. ഉള്ളിൽ ചാവി ഉള്ളത് പോലെ തോന്നി. വീണ്ടും വീണ്ടും ശ്രമിച്ചപ്പോ ഉള്ളിൽ നിന്നും ആരോ ഡോർ തുറന്നു. മുന്നിൽ നിക്കുന്ന ആളെ കണ്ടതും ആമി എന്ന് വിളിച്ചു ഞാൻ അടുത്തേക്ക് പോയി.

@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@

വല്ലാതെ മനസ്സ് തകർന്നത് കാരണം ഒരു സമാധാനം കിട്ടാൻ ആണ് പാർക്കിലേക്ക് ഇറങ്ങിയത്. കുറെ നാളായി അങ്ങോട്ട് പോയിട്ട്. അവിടെ നമ്മളെ സ്ഥിരം ആൾക്കാർ ആരുമില്ല. എല്ലാരും നാട്ടിൽ ആണ്. അതോണ്ട് ഒരു മൂഡ് ഇല്ലായിരുന്നു. അപ്പോഴാ ആയിഷുമ്മാനെ കണ്ടത്, കൂടെ കോയക്കയും. ഇവരെയൊക്കെ കണ്ടിട്ട് നാള് കുറെ ആയി. എന്നെ കണ്ടതും അടുത്തേക്ക് വന്നു. അവരും നാട്ടിലേക്ക് പോവുമെന്ന് പറഞ്ഞതാ. 

എന്റെ മുഖം കണ്ടപ്പോ എന്തോ പ്രശ്നം ഉള്ളത് പോലെ തോന്നി. ആയിഷുമ്മ ചോദിച്ചതും പെട്ടെന്ന് ഞാൻ പൊട്ടിക്കരഞ്ഞുപോയി. അവരെന്നെ കുറെ സമാധാനിപ്പിച്ചു. മനസൊന്നു ശരിയാവാൻ രണ്ടു ദിവസം മാറി നിന്നെ പറ്റൂ.. അതോണ്ട് അവര് വിളിച്ചപ്പോ ഞാൻ കൂടെ പോയി. 

അവരെ മക്കള് നാട്ടിൽ ആരുടെയോ കല്യാണത്തിന് പോയിരിക്കാ. മക്കളുടെ കുട്ടികൾക്ക് സ്കൂൾ ഉള്ള കാരണം ഇവർ പോയില്ല. അതൂടി കേട്ടപ്പോ ഞാൻ വേഗം റൂമിൽ പോയി ഡ്രസ്സ് ബാഗിൽ ആക്കി ഹോസ്പിറ്റലിൽ വിളിച്ചു ലീവ് പറഞ്ഞിട്ട് അവരെ കൂടെ പോയി.

എല്ലാരും എന്നെ മാറി മാറി വിളിച്ചു. ഇക്കാക്കമാരും ഫ്രണ്ട്സും ഷാദും എല്ലാരും. പക്ഷെ ഫോൺ എടുത്തില്ല. ''ഐഎം ഓക്കേ, എനിക്ക് കുറച്ചു ടൈം വേണം ''എന്ന് സച്ചുവേട്ടനും അമാനിക്കക്കും മാത്രം മെസ്സേജ് ചെയ്തു. പിന്നെ അത് അങ്ങ് സ്വിച്ചോഫ് ചെയ്തു. 

രണ്ടു ദിവസം ആയിഷുമ്മ എന്നെ വിടാതെ കൂടെ നിന്നു. കരയാനുള്ളതൊക്കെ ഞാൻ കരഞ്ഞു തീർത്തു. ഇപ്പൊ നല്ല ആശ്വാസം ഉണ്ട്. പിന്നെ ഒരു തീരുമാനം എടുത്തു. ഇനി ആർക്കും ഒരു ഭാരം ആവില്ല. ഷാദ് പറഞ്ഞ പോലെ എല്ലാർക്കും എന്നോട് സിമ്പതി ആണ്, സ്നേഹം അല്ല. ഒറ്റയ്ക്ക് നിക്കണം. കാരണം നാളെ ഷാദിന് തോന്നിയ പോലെ എന്റെ ഇക്കാക്കമാർക്കും ഫ്രണ്ട്സിനും കൂടി ഞാൻ ഒരു ഭാരം ആയാലോ. 

അത് കൊണ്ട് ഇവിടുന്നു പോവണം. തത്കാലം ആരും അറിയണ്ട. പെട്ടെന്ന് തന്നെ പോവണം. അതിനുള്ള കാര്യങ്ങൾ ഒക്കെ ചെയ്തു. ബട്ട് ഹോസ്പിറ്റലിൽ റേസിഗ്നേഷൻ കൊടുത്തു വിസ ക്യാൻസൽ ചെയ്യണമെങ്കിൽ കുറച്ചു ദിവസം എടുക്കും, സാരമില്ല. അത് കഴിഞ്ഞു ബാംഗ്ലൂരിലേക്ക് ടിക്കെറ്റ് എടുക്കണം. 

അവിടെയുള്ള ഏതെങ്കിലും ഹോസ്പിറ്റലിൽ ജോലിക്കു വേണ്ടി ട്രൈ ചെയ്യണം. തത്കാലത്തേക്കുള്ള പൈസ കയ്യിൽ ഉണ്ട്, അവിടെ പരിചയമുള്ള ആൾക്കാർ ഉണ്ട്.. ഓർഫനേജിലേക്കു രണ്ടു മൂന്നു മാസം പൈസ അയക്കാൻ പറ്റില്ല. അത് കുഴപ്പമില്ല പിന്നെ ജോലിക്കു കേറിയാൽ അയക്കാം.

അങ്ങനെ എല്ലാം മനസ്സിൽ ഉറപ്പിച്ചു ഞാൻ ആയിഷുമ്മാന്റെ അടുത്ത് നിന്നും റൂമിലേക്ക് തിരിച്ചു പോയി. അതിനു മുന്നേ ഹോസ്പിറ്റലിലേക്ക് പോയി റെസിഗ്നേഷൻ കൊടുത്തു. ശരത്തേട്ടൻ കുറെ തടയാൻ നോക്കി. ഏട്ടന് എല്ലാം അറിയാം. ചേച്ചിയോട് ഞാൻ എല്ലാം പറഞ്ഞിട്ടുണ്ടായിരുന്നു. ശരത്തേട്ടനോട് ഞാനിവിടുന്നു പോവുന്നത് വരെ ആരും ഒന്നും അറിയരുത് എന്നും പറഞ്ഞു.

റൂമിലെത്തി ഒന്ന് ഫ്രഷ് ആയി ഒരു കോഫി കുടിക്കുമ്പോ ആണ് ആരോ ഡോർ തുറക്കാൻ നോക്കുന്നത് പോലെ തോന്നിയത്. വേഗം പോയി നോക്കിയപ്പോ മനസ്സിലായി ഷാദ് ആണെന്ന്. ഡോർ തുറന്നു കൊടുത്തതും അവൻ ആമീ എന്നും വിളിച്ചു എന്റെ അടുത്തേക്ക് വന്നു. 

ഞാൻ ഒരു പുഞ്ചിരി നൽകി അകത്തേക്ക് നടന്ന് വേഗം ബാൽക്കണിയിൽ പോയി നിന്നു. പിന്നിൽ ഷാദ് എന്നെ തന്നെ നോക്കി നിക്കുന്നുണ്ടായിരുന്നു. അവനു എന്നോട് എന്തൊക്കെയോ പറയാനുണ്ടെന്ന് ആ കണ്ണുകളിൽ ഞാൻ കണ്ടു. പക്ഷെ അവനെ കാണുമ്പോൾ വീണ്ടും അവന്റെ വാക്കുകളാണ് ഓർമ്മ വരുന്നത്. 

കുറച്ചു കഴിഞ്ഞു ഷാദ് എന്റെ അടുത്തേക്ക് വന്നു. അവൻ എന്തോ പറയാൻ തുടങ്ങുന്നതിനു മുന്നേ ഞാൻ അങ്ങോട്ട് പറയാൻ തുടങ്ങി.

''ഒന്നും പറയണ്ട ഷാദ്, എല്ലാം എന്റെ തെറ്റാണ്. അർഹിക്കാത്ത ആഗ്രഹിക്കാൻ പാടില്ലായിരുന്നു. ഒരിക്കെ കല്യാണം കഴിഞ്ഞാൽ സ്ത്രീ രണ്ടാംകിടയാവും. പ്രായം പതിനെട്ടാണെങ്കിലും അവൾക്കു പിന്നെ വരുന്നതൊക്കെ നാല്പതും അൻപതും കഴിഞ്ഞ ആൾക്കാരുടെ ആലോചനയാവും. പക്ഷെ എത്ര കല്യാണം കഴിഞ്ഞാലും പുരുഷൻ എന്നും ഒന്നാമനാണ്. അവന് അവനെക്കാൾ പകുതി പ്രായമുള്ളവളെയും കെട്ടാം, ആരും ഒന്നും പറയില്ല. 

പക്ഷെ പെണ്ണ് വീണ്ടും അങ്ങനെയൊക്കെ ആഗ്രഹിക്കുന്നത് പോലും തെറ്റാണ്, പ്രേത്യേകിച്ചു ഒരു കുട്ടിയൊക്കെ ആയവളാണെങ്കിൽ. എന്തായാലും അതികം വൈകിക്കാതെ എല്ലാം പറഞ്ഞതിന് നന്നിയുണ്ട് ഷാദ്. ഇപ്പോളാണെങ്കിൽ മറക്കാൻ എളുപ്പമാണ്. കുറച്ചൂടെ കഴിഞ്ഞിട്ടാണെങ്കിൽ ചിലപ്പോ എനിക്കതു താങ്ങാൻ പറ്റാതെ ആയെന്നു വരാം.

ഇനി നമ്മൾ തമ്മിൽ ഒരു സംസാരം വേണ്ട ഷാദ്, അങ്ങനെ സംസാരിക്കാൻ വന്നാൽ ആ നിമിഷം ഞാൻ ഇവിടുന്നു പോവും. അതുപോലെ തന്നെ ഹോസ്പിറ്റലിലും നമ്മൾ തമ്മിൽ കല്യാണത്തിന് മുന്നേ എങ്ങനെ ആയിരുന്നോ അത് പോലെ മതി. ഇനി ഈ ഫ്രണ്ട്ഷിപ്പും ഷാദിനൊരു ബാധ്യത ആവും.'' എന്നും പറഞ്ഞു ഒരു പുഞ്ചിരിയും നൽകി ഞാൻ റൂമിലേക്ക് പോയി. ഷാദ് എന്നെ തന്നെ കണ്ണ് നിറച്ചു നോക്കുന്നത് ഞാൻ കണ്ടില്ലാ എന്ന് വച്ചു.

@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@

എന്തൊക്കെയാ ഇവളിപ്പോ പറഞ്ഞത്. അപ്പൊ ആമി എന്നെ അത്രയേ മനസ്സിലാക്കിയിട്ടുള്ളു. അല്ല അവളെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. എന്റെ വാക്കുകൾ അവളെ എത്ര മാത്രം വേദനിപ്പിച്ചു എന്ന് ഊഹിക്കാവുന്നതേ ഉള്ളൂ. എന്തായാലും നന്നായി അവള് എന്നെ വെറുത്താൽ അവളിൽ നിന്നും അകലാൻ എളുപ്പമാകും. 

പിറ്റേന്ന് ഹോസ്പിറ്റലിൽ പോവാൻ ഞാൻ എണീറ്റപ്പോ ആമിയെ കണ്ടില്ല അവള് പോയെന്നു മനസ്സിലായി. പക്ഷെ എന്റെ ഫുഡ് ഒക്കെ ആക്കി വച്ചിരുന്നു. ഇന്നലെയും അങ്ങനെ തന്നെ എന്റെ ഭക്ഷണം ഒക്കെ ആക്കി വച്ചിട്ടാണ് അവള് കിടക്കാൻ പോയത്. ഞാനും ഒന്നും സംസാരിക്കാൻ പോയില്ല. ഇനി അത് കാരണം അവള് ഇറങ്ങിപോയാൽ, അത് വേണ്ട. അപ്പൊ അവള് മുന്നിലുണ്ടെന്ന സമാധാനം എങ്കിലും ഉണ്ട്.

ഞാൻ വേഗം റെഡി ആയി ഹോസ്പിറ്റലിൽ എത്തി. ലാബിൽ എത്തിയപ്പോ സച്ചുവും ചാരുവും വേഗം അവളുടെ അടുത്തേക്ക് പോയി. അപ്പോഴേക്കും പ്രിയയും പ്രവീണും ഒക്കെ വന്നു. എല്ലാരും കൂടി അവളെ കൊന്നു വെക്കുന്നുണ്ടായിരുന്നു. ഞാൻ അങ്ങോട്ട് പോയില്ലെങ്കിലും നോട്ടം മൊത്തം അവിടേക്കു ആയിരുന്നു. സാറ അവളെ നല്ലോണം വഴക്കു പറഞ്ഞു.

സച്ചു അവളോട് എന്നെ പറ്റി പറയാൻ പോയതും ആമി എനിക്ക് കേൾക്കാൻ താല്പര്യം ഇല്ല എന്നും ഇനി അതിനെ പറ്റി സംസാരിക്കാൻ വന്നാൽ അവൾ ഹോസ്പിറ്റലിൽ വരില്ല എന്നും പറഞ്ഞു. അത് കൊണ്ട് ഞാൻ സച്ചൂനോട് വേണ്ട എന്ന രീതിയിൽ കണ്ണ് കൊണ്ട് കാണിച്ചു. അവള് സത്യം അറിഞ്ഞിട്ടു എന്താ കാര്യം, ആ പേപ്പർ കിട്ടുന്നത് വരെ അവളൊന്നും അറിയണ്ട. അറിഞ്ഞിട്ടു അവളും കൂടി സങ്കടപ്പെടും.

ഓരോന്ന് ആലോചിച്ചോണ്ടിരിക്കുമ്പോളാണ് ആരോ വന്നു എന്നെ കെട്ടിപ്പിടിച്ചതു. നോക്കിയപ്പോ ഷാനുവാണ്. ഞാൻ അവളെ നോക്കി ചിരിച്ചെന്നു വരുത്തി. ഷാനു പിന്നെ സംസാരം തുടങ്ങി. ആമിയെ നോക്കിയപ്പോ ഞാനീ നാട്ടുകാരിയെ അല്ലാ എന്നുള്ള രീതിയിലാണ് നിപ്പ്. പക്ഷെ ഇടയ്ക്കു കണ്ണ് ഇങ്ങോട്ടു വരുന്നത് ഞാൻ അറിഞ്ഞു. അത് കണ്ടപ്പോ എനിക്ക് ചിരിയാ വന്നത്. എന്തൊക്കെ പറഞ്ഞാലും അവൾക്കു ഞാൻ ഇല്ലാതെ പറ്റില്ല എന്ന് എനിക്കറിയാം.

അന്ന് വൈകുന്നേരം ഇറങ്ങിയപ്പോ സച്ചുവും ചാരുവും ആരെയോ കാണാൻ ഉണ്ടെന്നു പറഞ്ഞു പോയി. ഞാൻ ആമിയെ വെയിറ്റ് ചെയ്തു നിന്നു.

''ആമി, വാ പോവാം..'' ഞാൻ അവളെ വിളിച്ചു.

''വേണ്ട ഞാൻ ബസ്സിന്‌ വന്നോള്ളാം..'' ആമി 

''വേണ്ട നമ്മൾ ഒരിടത്തേക്കല്ലേ, വാശി കാണിക്കാതെ വാ.'' ഞാൻ പറഞ്ഞു.

''ഇല്ല, എനിക്ക് നിങ്ങളെ കൂടെ വരാൻ താല്പര്യം ഇല്ല. പ്ളീസ് ഇനി എന്നെ ഉപദ്രവിക്കരുത്.'' ആമി.

''ആമീ പ്ലീസ് നിനക്കെന്നെ പഴയ പോലെ ഫ്രണ്ടായിട്ടെങ്കിലും കണ്ടൂടെ.'' ഞാൻ ചോദിച്ചു.

''ഫ്രണ്ടോ നല്ല കഥ, എന്നെപ്പോലെ ഉള്ള തരംതാണ ആൾക്കാരുമായിട്ടൊക്കെ നിങ്ങളെ പോലുള്ളവർ ഫ്രണ്ട്ഷിപ് കൂടാൻ വരോ.'' അവളുടെ വാക്കുകൾ കേട്ടപ്പോ ഹൃദയത്തിൽ മുള്ളു കേറിയ ഫീൽ ആരുന്നു.

''ആമി പ്ളീസ്, ഞാൻ ..''

''വേണ്ട ഷാദ് ഒന്നും പറയണ്ട. തന്നെ ഒരു ഫ്രണ്ടായിട്ടു കാണുന്നത് പോയിട്ട് മുന്നിൽ കാണുന്നത് വരെ എനിക്ക് ഇഷ്ടമല്ല. ഷാദിന്റെ ഓരോ വാക്കുകളും ഇപ്പോഴും എന്റെ ചെവിയിൽ ഉണ്ട്. സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടി ആണുങ്ങളെ മയക്കി എടുക്കുന്നവൾ, എന്നല്ലേ ഷാദ് അന്ന് എന്നെപ്പറ്റി പറഞ്ഞത്. സത്യം പറഞ്ഞാൽ ഞാൻ ഒരു പ്രോസ്ടിട്യൂറ്റ് ആണെന്ന് എന്റെ മുഖത്ത് നോക്കി വിളിക്കലായിരുന്നു അതിലും ഭേദം.'' ആമി പറഞ്ഞു നിർത്തിയതും എനിക്കെന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. എന്റെ കൈ അവളുടെ കവിളിൽ പതിഞ്ഞു.

''തെറ്റ് എന്റെ ഭാഗത്തു ആയതു കൊണ്ടാ ഇത്ര നേരം ഞാൻ മിണ്ടാതിരുന്നേ. നീ എന്നെ മനസ്സിലാക്കും എന്ന് ഞാൻ കരുതി. ഇല്ല എനിക്ക് തെറ്റി. നിനക്കെന്നെ കാണുന്നത് ഇഷ്ടമല്ല അല്ലെ, ഇനി ഒരിക്കലും ഞാൻ നിന്റെ മുന്നിലേക്ക് വരില്ല ആമീ. നീ ഈ പറഞ്ഞതൊക്കെ ഓർത്തു നാളെ ഖേദിക്കും, നോക്കിക്കോ..'' എന്ന് പറഞ്ഞു അവളെ തിരിഞ്ഞു നോക്കാതെ ഞാൻ പുറത്തേക്കു നടന്നു.

ഞാൻ പറഞ്ഞ വാക്കുകൾക്കു അവളെങ്ങനെ ഒരു അർഥം കാണുമെന്നു ഞാനൊരിക്കലും കരുതിയില്ല. ഇല്ല, ഇനി അവളുടെ മുന്നിലേക്ക് ഞാൻ ചെല്ലില്ല. ഓരോന്നോർത്തു കണ്ണ് നിറഞ്ഞതു കാരണം ആവണം വണ്ടി ഒന്ന് പാളി. എന്തൊക്കെയോ ബഹളങ്ങൾ കേട്ടു, പതിയെ കണ്ണടയുന്നതു ഞാൻ അറിഞ്ഞു. 

@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@

പറഞ്ഞത് കൂടുതൽ ആണെന്ന് അറിയാം. ഷാദ് ഒരിക്കലും അങ്ങനെയൊന്നും മനസ്സിൽ പോലും കരുതില്ല എന്നും എനിക്കറിയാം. പക്ഷെ ഇതല്ലാതെ വേറെ വഴി ഇല്ല. ഷാദ് എന്നെ മറക്കണമെങ്കിൽ അവനെന്നെ വെറുക്കണം. അതിനു ഇതേ വഴിയുള്ളു. ഇല്ലെങ്കിൽ ഷാനു അവൾ പറഞ്ഞത് പോലെ ഷാദിനെ ജയിലിൽ ആക്കും. അതെനിക്ക് താങ്ങാൻ ആവില്ല. അവളുടെ ഉമ്മ പറഞ്ഞതാ വാശി കേറിയാൽ എന്തും ചെയ്യുമെന്ന്. 

ഇന്നലെ ഷാനു വിളിച്ചു എന്നോട് പറഞ്ഞതാ ഷാദിനോട് ഇനി പഴയപോലെ അടുത്താൽ അവൾ ആ കോൺട്രാക്ട് പേപ്പർ വച്ചു കസ് കൊടുക്കുമെന്ന്. ഷാനു ഇങ്ങനൊരു കാര്യം പറയുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയതല്ല. പക്ഷെ ഇതൊക്കെ അവൾ ഷാദിനോടുള്ള സ്നേഹം കൊണ്ട് ചെയ്യുന്നതല്ലേ, അത് കൊണ്ട് കുഴപ്പമില്ല.

രാത്രി പത്തു മണി ആയി, ഷാദ് ഇത് വരെ വന്നില്ല. അവനെന്നോട് ദേഷ്യം പിടിച്ച പോയത്. പടച്ചോനെ അവനൊന്നും വരുത്തല്ലേ. ഞാൻ ഫോണെടുത്തു വിളിച്ചു നോക്കി. റിങ് പോവുന്നുണ്ട്, പക്ഷെ എടുക്കുന്നില്ല. ഞാൻ സച്ചുവേട്ടനെ വിളിച്ചെങ്കിലും ഏട്ടനും എടുത്തില്ല. അവസാനം അവിടെ ടേബിളിൽ തല വച്ചു അറിയാതെ ഉറങ്ങിപ്പോയി. പിന്നെ കാളിങ് ബെൽ കേട്ടാണ് ഞാൻ എണീറ്റത്.

വേഗം ഓടിപ്പോയി ഡോർ തുറന്നു. പക്ഷെ പ്രതീക്ഷക്കു വിപരീതമായി ഷാജുക്ക ആയിരുന്നു.

''ഇക്ക എന്താ ഈ സമയത്തു, സാറയെവിടെ?'' ഞാൻ ചോദിച്ചു. 

''അവള് അവിടെ ഉണ്ട്. നീ പെട്ടെന്ന് റെഡിയായിട്ടു വാ. നമുക്കൊരു സ്ഥലം വരെ പോവണം.'' ഷാജുക്ക.

''എങ്ങോട്ടാ ഇക്കാ. ഇക്ക ഷാദിനെ കണ്ടോ, നേരത്തെ ഞാൻ കുറച്ചു ചൂടായി സംസാരിച്ചിരുന്നു. അതിനു ശേഷം ആള് ഇങ്ങോട്ടു വന്നില്ല.'' ഞാൻ പറഞ്ഞു.

''അവന്റെ അടുത്തേക്ക് തന്നെയാ പോവുന്നത്, നീ വാ..'' ഷാജുക്ക.

''ഓക്കേ ഞാൻ ഇപ്പൊ റെഡിയായി വരാം.'' എന്നും പറഞ്ഞു ഞാൻ വേഗം ഫ്രഷ് ആയി ഡ്രസ്സ് മാറി വന്നു. 

''ഇക്ക എന്താ ഇങ്ങനെ നിക്കുന്നെ, ഇരിക്ക്. ഞാൻ ചായ എടുക്കാം.'' ഞാൻ പറഞ്ഞു.

''വേണ്ട, നീ ഇറങ് ചായ ഒക്കെ നമുക്ക് അവിടുന്ന് കുടിക്കാം.'' എന്നും പറഞ്ഞു ഇക്ക പുറത്തേക്കിറങ്ങി.

''എന്താ ഷാജുക്കാ, വല്ല പ്രശ്നവും ഉണ്ടോ.. മുഖമൊക്കെ വല്ലാതെ ഇരിക്കുന്നു.'' ഞാൻ ചോദിച്ചു.

''ഒന്നുമില്ല, ആമി നീ പെട്ടെന്ന് വാ.'' ആ സംസാരം കേട്ടപ്പോ പിന്നൊന്നും ചോദിക്കാൻ തോന്നിയില്ല. ഏതായാലും ഷാദിനെ കാണാലോ. ഒരു സോറി പറയണം, എനിക്ക് ദേഷ്യം ഒന്നുമില്ല ഷാനുവിന്റെ കൂടെ നല്ല രീതിയിൽ ജീവിക്കണമെന്ന് പറയണം.

ഷാജുക്കന്റെ കാർ ചെന്ന് നിന്നതു നമ്മളെ ഹോസ്പിറ്റലിൽ ആണ്. അത് കണ്ടപ്പോ എന്തോ ഒരു പേടി തോന്നി.

''എന്താ ഇക്കാ ഇപ്പൊ ഇവിടെ..'' ഞാൻ പേടിയോടെ ചോദിച്ചു.

''അത്.. പിന്നെ.. നീ വാ..'' എന്ന് ഷാജുക്ക പറഞ്ഞിട്ട് ഹോസ്പിറ്റലിന്റെ ഉള്ളിലേക്ക് നടന്നു.

ഞാൻ പിന്നാലെ ഓടിച്ചെന്നു. ''പറ ഷാജുക്ക, എന്താ ഇവിടെ.. ഷാദിനെ കാണാനാണെന്നല്ലേ പറഞ്ഞെ. അവനെവിടെ..'' ഞാൻ ചോദിച്ചു.

''ആമീ, നീ പേടിക്കരുത് ഷാദ് ഇവിടെ ഉണ്ട്. നേരത്തെ നിന്നോട് സംസാരിച്ചു പോവുന്ന വഴിക്കു ഒരു ആക്സിഡന്റ് പറ്റി. ഇവിടെ അടുത്ത് വച്ചായതുകൊണ്ടു ഇങ്ങോട്ടു തന്നെ കൊണ്ട് വന്നു. ഇപ്പൊ ഐസിയൂവിൽ ആണ്.'' അത് കേട്ടതും കണ്ണിൽ ഇരുട്ട് കേറുന്നപോലെ തോന്നി. ഷാജുക്ക പിന്നെ പറഞ്ഞതൊന്നും ഞാൻ കേട്ടില്ല. ഒരു ഓട്ടമായിരുന്നു ഷാദിന്റെ അടുത്തേക്ക്.

ഐസിയൂവിന്റെ മുന്നിൽ എല്ലാരും ഉണ്ടായിരുന്നു. സച്ചുവേട്ടൻ കരഞ്ഞു തളർന്നു ചാരുവിന്റെ തോളിൽ തല ചായ്ച്ചു ഇരിക്കുന്നു. പ്രവീണേട്ടനും പ്രിയയും അവിടെ ഇരിക്കുന്നുണ്ട്.. സാറ അമ്മൂട്ടിയെകൊണ്ട് അവിടെ ഒരു ഭാഗത്തു ഉണ്ട്. ഷാനു ഒരു ഭാഗത്തിരുന്നു കരയുന്നുണ്ട്. പാവത്തിന് സഹിക്കാൻ പറ്റുന്നുണ്ടാവില്ല.

എന്നെ കണ്ടതും ചാരു ഓടി വന്നു കെട്ടിപ്പിടിച്ചു. ഞാൻ അവളെ തള്ളി മാറ്റി ഐസിയൂ ലക്ഷ്യമാക്കി നടന്നു, അല്ല ഓടി. ഡോർ തുറക്കുന്നതിനു മുന്നേ സച്ചുവേട്ടൻ വന്നെന്റെ കയ്യിൽ പിടിച്ചു.

''പ്ലീസ് സച്ചുവേട്ടാ ഞാൻ ഒന്ന് കണ്ടോട്ടെ..'' ഞാൻ കരഞ്ഞുകൊണ്ട് പറഞ്ഞു.

''ഇപ്പൊ പറ്റില്ല മോളെ.. ബോധം വന്നിട്ടില്ല, ഡോക്ടർ ഉണ്ട് അകത്തു.'' സച്ചുവേട്ടൻ പറഞ്ഞു.

''ഞാൻ കാരണാ സച്ചുവേട്ടാ എല്ലാം ഞാൻ കാരണമാണ്. ഞാനാ അവനോടു പറഞ്ഞെ എനിക്കവനെ ഇനി കാണാണ്ടാണ്, എന്റെ മുന്നിൽ വരണ്ടാന്ന്. പക്ഷെ അത് അവൻ ഷാനുവുമായി സന്തോഷത്തോടെ കഴിയട്ടെ എന്ന് വിചാരിച്ചിട്ടായിരുന്നു. അല്ലാതെ ഇങ്ങനെ ഇവിടെ..'' എന്ന് പറയുമ്പോളേക്കും ഞാൻ പൊട്ടിക്കരഞ്ഞുപ്പോയി. സച്ചുവേട്ടനെന്നെ ചേർത്ത് പിടിച്ചു അവിടെ കസേരയിൽ കൊണ്ടുപ്പോയി ഇരുന്നു.

കുറച്ചു കഴിഞ്ഞു ഡോക്ടർ വന്നു. വേറാരും അല്ല വിജി സാർ ആണ്.

''സർ ഇപ്പൊ എങ്ങനെ ഉണ്ട്.'' സച്ചുവേട്ടൻ.

''ഒന്നും പറയാനായിട്ടില്ല. ഇതുവരെ ബോധം വന്നിട്ടില്ല. തലയ്ക്കാണ് പരിക്ക്. ഒരു ആറു മണിക്കൂർ കഴിഞ്ഞേ എന്തേലും പറയാൻ പറ്റൂ.. പ്രാർത്ഥിക്ക് നല്ലോണം..'' എന്നും പറഞ്ഞു വിജി സാർ പോയി. ഞങ്ങൾ എല്ലാരും തളർന്നിരുന്നുപോയി.

എങ്ങനൊക്കെയോ അവിടിരുന്നു നേരം വെളുപ്പിച്ചു. രാവിലെ ആയപ്പോ വിജി സാർ വന്നു കൂടെ അജിത് ഡോക്ടറും. കുറച്ചു കഴിഞ്ഞു അവർ പുറത്തേക്കു വന്നു. ഞങ്ങൾ വേഗം അവരുടെ അടുത്തേക്ക് പോയി.

''എന്തായി ഡോക്ടർ..'' ഷാജുക്ക ചോദിച്ചു.

''ബോധം തെളിഞ്ഞിട്ടുണ്ട്..'' വിജി സാർ പറഞ്ഞു.

അത് കേട്ടതും എല്ലാരും ഹാപ്പി ആയി. ഞങ്ങൾ ചിരിച്ചോണ്ട് പരസ്പരം നോക്കി. എന്റെ കൂടെ ഇല്ലെങ്കിലും ആരോഗ്യത്തോടെ സന്തോഷത്തോടെ എവിടെങ്കിലും ഉണ്ടെന്നു അറിഞ്ഞാ മതിയായിരുന്നു.

''പക്ഷെ..'' വിജി സാർ ഒരു ദയനീയ നോട്ടം എന്നെ നോക്കി.

''എന്താ സർ..'' ഞാൻ ചോദിച്ചു.

''പേടിക്കൊന്നും വേണ്ടാ. ഈ അവസ്ഥ പെർമനന്റ് അല്ല. നല്ല കെയർ കിട്ടിയാൽ പെട്ടെന്ന് ശരിയാവും.'' സർ പറഞ്ഞു.

''സർ കാര്യം പറഞ്ഞില്ല.'' ഞാൻ അക്ഷമയോടെ ചോദിച്ചു.

''അത് ഷാദിന്റെ തലയ്ക്കു പറ്റിയ അടിയിൽ ശരീരം തളർന്നു പോയി. ഇനി ആ കിടന്നകിടപ്പിൽ നിന്നും അനങ്ങാൻ സാധിക്കില്ല.'' വിജി സാറിന്റെ വാക്കുകൾ കേട്ടപ്പോ ആരോ ഒരു ചുറ്റിക വച്ചു തലക്കടിച്ച പോലെയാണ് തോന്നിയത്.

ഞാൻ വീഴാൻ പോയപ്പോ സച്ചുവേട്ടൻ എന്നെ താങ്ങി നിർത്തി.

''സാർ അപ്പൊ അവന് എത്ര നാളെടുക്കും ശരിയാവാൻ.'' ഷാനുവാണത് ചോദിച്ചത്.

''ഞാൻ പറഞ്ഞല്ലോ.. ഈ അവസ്ഥ എപ്പോ വേണമെങ്കിലും മാറാം. ചിലപ്പോ ഒരു ദിവസം അല്ലെങ്കിൽ ഒരു ആഴ്ച അതുമല്ലെങ്കിൽ ഒരു വർഷം. നമ്മൾ കൊടുക്കുന്ന കെയർ അനുസരിച്ചിരിക്കും എല്ലാം. ഡോണ്ട് വെറി. എല്ലാം ശരിയാവും. ഷാദിനെ കുറച്ചു കഴിഞ്ഞാൽ റൂമിലേക്ക് മാറ്റും. ആരും അവന്റെ മുന്നിൽ സങ്കടപ്പെട്ടു നിക്കരുത്.'' വിജി സർ പറഞ്ഞു.

ഞങ്ങളെല്ലാവരും ആകെ ഷോക്കായി നിക്കുവാണ്. എല്ലാരും നോർമൽ ആവാൻ കുറച്ചു സമയം എടുത്തു. പ്രിയ വന്നു ഷാദിനെ റൂമിലേക്ക് മാറ്റി എന്ന് പറഞ്ഞു. മെല്ലെ ഷാദിനെ ആക്കിയ റൂമിലേക്ക് പോയി. അവിടെ ഷാദ് കണ്ണടച്ച് കിടക്കുകയായിരുന്നു. ഞങ്ങളവന്റെ അടുത്തേക്ക് പോയി.

ഓടിപ്പോയി അവനെ കെട്ടിപ്പിടിച്ചു കരയണമെന്നുണ്ടായിരുന്നു, പക്ഷെ ഇപ്പൊ എനിക്കതിനു അവകാശമില്ല എന്ന് ഓർത്തപ്പോ ഞാൻ മാറി നിന്നു. ഷാനു ഷാദിന്റെ അടുത്തേക്ക് പോയി. അവന് കണ്ണ് തുറന്നു ഞങ്ങളെ നോക്കി.

ആ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. ഷാനു അവന്റെ കണ്ണ് തുടച്ചു കൊടുത്തു. അവനെന്തൊക്കെയോ പറയണമെന്ന് അവന്റെ മുഖത്തുണ്ട്. പക്ഷെ ഒന്നിനും സാധിക്കുന്നില്ല. ഷാനു അവന്റെ അടുത്തിരുന്നു. പിന്നെ അവിടെ നടന്ന കാര്യം കണ്ടു ഞാൻ ആകെ തളർന്നുപോയി......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story