ഡിവോയ്‌സി: ഭാഗം 60

divoysi

രചന: റിഷാന നഫ്‌സൽ

''അല്ല ആമീ താൻ ജോലി വിട്ടു പോവാണെന്നു കേട്ടല്ലോ, ശരി ആണോ.'''യാസി ചോദിച്ചതും ഞാൻ ഞെട്ടി അവനെ നോക്കി. എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. മെല്ലെ ഷാദിനെ നോക്കിയതും നോക്കണ്ടായിരുന്നു എന്ന് തോന്നിപ്പോയി. അമ്മാതിരി ചൂടിൽ ആണ്. ഒരു മുട്ട ഉടച്ചു ആ തലയിൽ വച്ചാൽ ബുൾസൈ അല്ല ഓംലറ്റ് ആക്കാൻ പറ്റും.

വെറുതെ ഫ്രണ്ട്സിനെ നോക്കിയപ്പോ അതിലും ഭീകരം. മൊത്തത്തിൽ എന്റെ കാര്യത്തിൽ ഒരു തീരുമാനമായി എന്ന് മനസ്സിലായി. ഒരു ആവേശത്തിന് കേറി ലെറ്റർ കൊടുക്കുകയും ചെയ്തു.  

''ഏയ് അങ്ങനൊന്നുമില്ല, യാസിയോടാരാ പറഞ്ഞത്..'' ഷാദ് ആണ് ചോദിച്ചേ.

''ആഹ് ആ വരുൺ പറയുന്നത് കേട്ടു.'' യാസി പറഞ്ഞു. അപ്പൊ ഷാദ് എന്നെ ഒരു നോട്ടം. ഞാൻ ഒന്ന്  നന്നായി എന്റെ പല്ലൊക്കെ കാണിച്ചു കൊടുത്തു.

''അവൻ വെറുതെ പറഞ്ഞതാ. അറിയാലോ അവനു ഞങ്ങളോടുള്ള ദേഷ്യം.'' സച്ചുവേട്ടൻ പറഞ്ഞു.

''ആണോ, എനിക്കങ്ങനെ തോന്നിയില്ല.'' യാസി പറഞ്ഞു. തെണ്ടി എനിക്കിട്ടു പാര വെക്കാൻ വന്നതാ.

''എല്ലാ തോന്നലുകളും ശരിയാവണമെന്നില്ല''. ഷാദ് ദേഷ്യത്തോടെ പറഞ്ഞു. പടച്ചോനെ എല്ലാം കൈ വിട്ടു പോവാണല്ലോ. 

അപ്പോളാണ് ഡോറിൽ ഒരു മുട്ട് കേട്ടത്. തിരിഞ്ഞു നോക്കിയപ്പോ മനസ്സിലായി എന്റെ മരണം അടുത്ത് എന്ന്. ഓടാൻ വഴി വല്ലോം ഉണ്ടോ എന്ന് ഞാൻ നോക്കി. എവിടെ ഒരു ജനൽ മാത്രം. 

''ആഹ് ശരത് സാറോ.. അകത്തേക്ക് വാ.'' സച്ചുവേട്ടൻ പറഞ്ഞു.

''എങ്ങനെ ഉണ്ട് ഷാദ്, വേദനയുണ്ടോ??'' ശരത്തേട്ടൻ 

''ഏയ് ഇപ്പൊ കുഴപ്പമില്ല. സാർ എന്താ ഇവിടെ??'' ഷാദ്.

''ഒന്നുമില്ല തന്നെ കാണാൻ വന്നതാ. പിന്നെ ധാ ആമിക്ക് ഇത് തരാനും.'' എന്ന് പറഞ്ഞു ശരത്തേട്ടൻ ഒരു എൻവലപ് എന്റെ നേരെ നീട്ടി. ഞാൻ അത് വാങ്ങി ശരത്തേട്ടനെ നോക്കി.

''നോക്കണ്ട താൻ ആവശ്യപ്പെട്ട കാര്യം തന്നെ. ഓക്കേ ആയിട്ടുണ്ട്.'' പടച്ചോനെ തീർന്നു.

''ഞാൻ പറഞ്ഞതല്ലേ നിങ്ങള് വിശ്വസിച്ചില്ലല്ലോ..'' തെണ്ടീ യാസി എരിതീയിൽ എണ്ണ ഒഴിക്കുവാ. 

ഷാദിനെ നോക്കിയപ്പോ കലിപ്പെട എന്ന പാട്ടാണ് ഓർമ്മ വന്നത്.. പുറത്തേക്കു ഓടാമെന്നു വച്ചാൽ സച്ചുവേട്ടനും പ്രവീണേട്ടനും നിരന്നു നിന്നിട്ടുണ്ട് ഡോറിന്റെ മുന്നിൽ. എന്നെ നോക്കി കണ്ണുരുട്ടുന്നും ഉണ്ട്.

''ഇതെന്താ ആമീ..'' ഷാദ് കലിപ്പിൽ ചോദിച്ചു.

''അത് തന്നെ റേസിഗ്നേഷൻ സാങ്ക്ഷൻ ആയ പേപ്പർ, അല്ലെ.'' യാസി ശരത്തേട്ടനെ നോക്കി ചോദിച്ചു. 

''റേസിഗ്നേഷനോ??? ആരുടെ..'' ശരത്തേട്ടൻ ചോദിച്ചതും സത്യം പറഞ്ഞാൽ കിളി പോയത് എന്റെയാ. ഞാൻ ശരത്തേട്ടനെ മിഴിച്ചു നോക്കി.

''ആമിയുടെ???'' യാസി.

''ഏയ് ഇത് ആമിക്കും ഷാദിനും ഒരാഴ്ച്ച ലീവ് അനുവദിച്ച പേപ്പർ ആണ്.'' ശരത്തേട്ടൻ പറഞ്ഞു.

''ഇപ്പൊ മനസ്സിലായോ യാസി..'' ഷാദ് പുച്ഛത്തോടെ ചിരിച്ചിട്ട് യാസിയെ നോക്കി പറഞ്ഞു.

''ഞാൻ പോട്ടെ എനിക്ക് ഇച്ചിരി പണി ഉണ്ട്.'' എന്നും പറഞ്ഞു യാസി പോയി. അതും നോക്കി ഒന്ന് ശ്വാസം വിട്ടപ്പോളാ ആരോ എന്റെ ചെവിയിൽ പിടിച്ചത്.

''ഞാൻ എങ്ങാനും ആ റെസിഗ്നേഷൻ ലെറ്റർ ഫോർവേഡ് ചെയ്തിരുന്നങ്കിൽ എന്തായേനെ..'' ശരത്തേട്ടൻ എന്റെ ചെവി പിടിച്ചോണ്ട് ചോദിച്ചു.

''അയ്യോ.. വിട് ശരത്തേട്ടാ എനിക്ക് വേദനിക്കുന്നു. സോറി അന്നേരം ഒരു ആവേശത്തിൽ പറ്റിപ്പോയതാ.'' എന്ന് പറഞ്ഞപ്പോ ശരത്തേട്ടൻ എന്റെ ചെവി വിട്ടു.

''ഹ്മ്മ് ഞാൻ പോവാ. പിന്നെ ഞങ്ങൾ അടുത്താഴ്ച നാട്ടിലേക്ക് പോവാ. അവളെ അവിടെ ആക്കി ഞാൻ വരും. കുറച്ചു നാൾ നാട്ടിൽ നിക്കട്ടെ വിചാരിച്ചു.'' ശരത്തേട്ടൻ പറഞ്ഞു.

''ആഹ് ചേച്ചി വിളിച്ചപ്പോ പറഞ്ഞിരുന്നു. ഞാൻ പറ്റിയാൽ വെള്ളിയാഴ്ച്ച വരാം.'' ഞാൻ പറഞ്ഞു.

''വേണ്ടാ നീ നിന്റെ ഭർത്താവിനെ ശുശ്രൂഷിക്ക്. തിരിച്ചു കുഞ്ഞുമായി വന്നിട്ട് ഞങ്ങൾ വരാം അവന്റെ ഇളയമ്മയെ കാണാൻ..'' എന്നും പറഞ്ഞു ശരത്തേട്ടൻ എന്റെ തലയിലൊന്നു തട്ടിയിട്ട് എല്ലാരോടും പോവാണെന്നു പറഞ്ഞിട്ട് പോയി.

ഉഫ് അപ്പൊ ആ കാര്യം വലിയ പ്രശ്നമില്ലാതെ തീർന്നു. പക്ഷെ ഇവിടെ തീർന്നില്ല എന്ന് തലപൊക്കി നോക്കിയപ്പോളാ മനസ്സിലായെ. സച്ചുവേട്ടനും പ്രവീണേട്ടനും കയ്യും കെട്ടി രൂക്ഷമായി എന്നെ നോക്കുന്നുണ്ട്. ചാരുവും പ്രിയയും രണ്ടു കയ്യും ഇടുപ്പിൽ കുത്തി എന്നെ നോക്കി പേടിപ്പിക്കുന്നുണ്ട്. തിരിഞ്ഞു ഷാദിനെ നോക്കാനുള്ള ധൈര്യം എനിക്കില്ലായിരുന്നു. ആ മുഖത്തെ ഭാവം എനിക്ക് ഊഹിക്കാവുന്നതേ ഉള്ളൂ. 

എന്നിട്ടും ഞാൻ നോക്കി. അതെങ്ങനെയാ ഞാൻ നന്നാവില്ലല്ലോ. ഹോ ആ മുഖം ഒന്ന് കാണണം, ￰കള്ളിയങ്കാട്ടു നീലി  പോലും പേടിച്ചു ഓടും. അത്രയും ഭീകരം, ഭയാനകം. പടച്ചോനെ ഇവിടുന്നു എങ്ങനെ രക്ഷപ്പെടും. ജനല് വഴി താഴേക്ക് ചാടിയാലോ. വേണ്ട തട്ടിപ്പോയാൽ ഷാദിന്റെ കൂടെ ജീവിക്കാൻ പറ്റില്ല.

''അപ്പൊ ഷാദ് ഞങ്ങള് പോവാ. നിനക്കിവിടെ പണി കാണുമല്ലോ അല്ലെ..'' സച്ചുവേട്ടൻ എന്നെ നോക്കി കണ്ണുരുട്ടിയിട്ടു ഷാദിനോട് പറഞ്ഞിട്ട് ഡോറും അടച്ചു പുറത്തേക്കു പോയി. അയ്യോ എന്നെ ഇവിടെ ഈ ഡ്രാക്കുളയുടെ കൂടെ വിട്ടു പോവല്ലേ എന്ന് അലറണം എന്നുണ്ടായിരുന്നു. പക്ഷെ സൗണ്ട് പുറത്തു വന്നില്ല.

മെല്ലെ ഷാദിനെ നോക്കിയപ്പോ കയ്യും കെട്ടി ബെഡിൽ എന്നെയും നോക്കി ഇരിക്കാ. ഞാൻ നോക്കുന്ന കണ്ടപ്പോ തലയോട് അവന്റെ അടുത്തേക്ക് പോവാൻ ആക്ഷൻ കാണിച്ചു. ഞാൻ ഇല്ല എന്ന് തിരിച്ചും കാണിച്ചു.

''ഞാനങ്ങോട്ടു വരണോ അതോ നീ ഇങ്ങോട്ടു വരുന്നോ..'' കലിപ്പ്.. കട്ടകലിപ്പ്‌.. ഞാനൊന്നു പേടിച്ചു രണ്ടടി പിന്നോട്ട് വച്ചു. അമ്മാതിരി ശബ്ദം ആയിരുന്നു.

''ഇങ്ങോട്ടു വന്നാൽ കിട്ടേണ്ടതിൽ കുറച്ചു ഇളവ് കിട്ടും ഇല്ലെങ്കിൽ അങ്ങോട്ട് നടന്നതിന്റെ ദേഷ്യത്തിന് കൂടി കിട്ടും.'' അപ്പൊ ഞാൻ ഷാദിനെ ദയനീയമായി നോക്കിയിട്ടു അങ്ങോട്ട് വന്നോള്ളാം എന്ന് കയ്യോടു ആക്ഷൻ കാണിച്ചു. അല്ലാതെ ഒന്നും പറഞ്ഞില്ല. എങ്ങനെ പറയും നാവ് അനങ്ങണ്ടേ.

മെല്ലെ നടന്നു ഷാദിന്റെ അടുത്ത് പോയി ബെഡിൽ ഇരിന്നു കവിള് നീട്ടി കാണിച്ചു കൊടുത്തു. വെറുതെ എന്തിനാ ചെവിക്കൊക്കെ അടി കൊള്ളാനാക്കുന്നേ... ഞാൻ കണ്ണും അടച്ചു ഇരുന്നു. കുറച്ചു സമയം ആയി ഒന്നും നടക്കാത്തത് കാരണം മെല്ലെ ഒരു കണ്ണ് തുറന്നു നോക്കി. അപ്പൊ തന്നെ കോന്തൻ എന്റെ നേരെ കൈ വീശി. ഞാൻ കണ്ണ് മുറുക്കി അടച്ചു ഇരുന്നു.

@@@@@@@@@@@@@@@@@@@@@@@

യാസിയുടെ ചോദ്യം കേട്ടു ദേഷ്യം വന്നു ഇരിക്കുവായിരുന്നു. ആമിയെ നോക്കിയപ്പോ അവളൊന്നും പറയുന്നില്ല. അപ്പൊ അതിലെന്തോ ഉണ്ടെന്നു മനസ്സിലായി. ഞാൻ നോക്കിപ്പേടിപ്പിച്ചപ്പോ ആള് നല്ലോണം പേടിച്ചിട്ടു എല്ലാരേം ദയനീയമായി നോക്കുന്നുണ്ട്. 

പടച്ചോനെ ഇവളെങ്ങാനും ഇവിടുന്നു പുറത്തായാൽ പണി ആവുമല്ലോ. അഹ് നോക്കാം. എന്നാലും ആമിയെ സപ്പോർട്ട് ചെയ്തു സംസാരിച്ചു. അപ്പോളാ ശരത് സാർ വന്നത്. അവള്ക്കാ പേപ്പർ കൊടുത്തപ്പോ എന്റെ ഹാർട്ട് അടിച്ചു പോവാൻ പോയതാ. പിന്നെ അത് ലീവ് സാങ്ക്ഷൻ ചെയ്‌ത പേപ്പർ ആണെന്ന് അറിഞ്ഞപ്പോളാ സമാധാനം ആയതു.

അത് കേട്ടതും യാസി മുഖം വീർപ്പിച്ചു പോയി. പിന്നെ ശരത് സാർ ആമിയുടെ ചെവി പിടിച്ചു പറഞ്ഞപ്പോളാ അവള് ശെരിക്കും റെസിഗ്നേഷൻ ലെറ്റർ കൊടുത്തിരുന്നു എന്ന് അറിഞ്ഞത്. സത്യം പറഞ്ഞാൽ അവളോട് ദേഷ്യത്തെക്കാൾ എന്നോടായിരുന്നു ദേഷ്യം തോന്നിയത്. ഞാൻ കാരണമല്ലേ ഇവളങ്ങനെ ചെയ്തേ.

എന്നിട്ടും ഞാൻ നല്ല കലിപ്പിൽ തന്നെ ആമിയെ നോക്കി. നമ്മളെ ഫ്രണ്ട്‌സും നല്ല കലിപ്പിൽ ആണ്. അവരവളെ രൂക്ഷമായി നോക്കീട്ടു എന്റെ അടുത്താക്കീട്ടു പോയി. ആ സമയത്തെ ആമിയുടെ മുഖം ഒന്ന് കാണണമായിരുന്നു. എന്റെ പടച്ചോനെ എനിക്ക് കണ്ട്രോൾ താ, ഇല്ലെങ്കിൽ ഞാനവളെ പിടിച്ചു എന്തേലും ചെയ്യും. അത്രയും നിഷ്കളങ്കത ഉണ്ടായിരുന്നു ആ മുഖത്ത്.

പിന്നെ കലിപ്പിൽ തന്നെ അടുത്തേക്ക് വിളിച്ചു. പേടിച്ചിട്ടു വരില്ല പറഞ്ഞു. പിന്നെ ഒന്ന് വിരട്ടിയപ്പോ വന്നു. അടുത്തിരുന്നപാടേ എന്റെ നേരെ കവിളും നീട്ടി ഇരുന്നു. പാവം ഞാൻ അടിക്കുമെന്നു വിചാരിച്ചു പേടിച്ചു വിറക്കുന്നുണ്ട്. എനിക്കാണെങ്കി കണ്ടിട്ട് ചിരി വന്നിട്ട് പാടില്ല.

ഞാനൊന്നും ചെയ്യാതെ കയ്യും കെട്ടി ഇരുന്നു. അന്നേരം അവള് മെല്ലെ ഒരു കണ്ണ് തുറന്നു നോക്കി. അത് കണ്ടപ്പോ ഞാൻ എന്റെ കൈ വീശുന്ന പോലെ കാണിച്ചു. അപ്പൊ അവള് പേടിച്ചു കണ്ണടച്ച്.

എനിക്ക് ചിരി പൊട്ടി, ഞാൻ അവളെ കവിളിൽ ഒരു ഉമ്മയും കൊടുത്തു ചിരിച്ചോണ്ട് അവളെ മടിയിൽ കിടന്നു. പെണ്ണ് കണ്ണും തുറന്നു കവിളിൽ കയ്യും വച്ചു അന്തം വിട്ടു എന്നെ നോക്കുന്നുണ്ട്.

''നീ എന്തിനാ ആമീ ഇങ്ങനെ പേടിച്ചേ..'' ഞാൻ ചിരിച്ചോണ്ട് ചോദിച്ചു.

''അത് പിന്നെ ഞാൻ തെറ്റല്ലേ ചെയ്തേ.. അപ്പൊ ശിക്ഷ വേണ്ടേ. അതാ..'' ആമി പറഞ്ഞു.

''അതിനു നിനക്ക് ശിക്ഷയായി അടി തരാൻ ഞാൻ ഷെസിന് അല്ല. അനാവശ്യമായി നിന്റെ ദേഹത്ത് ഞാൻ കൈ വെക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ ആമീ..'' ഞാൻ കുറച്ചു ഗൗരവത്തിൽ ചോദിച്ചു.

''ഇല്ല, പക്ഷെ ഞാൻ എന്തോ പേടിച്ചു പോയി.'' ആമി പറഞ്ഞു.

''എന്റെ ശിക്ഷ ഞാൻ ഇപ്പൊ തന്നില്ലേ അതുപോലെ ആയിരിക്കും..'' എന്ന് പറഞ്ഞു ഞാൻ അവളെ കണ്ണിറുക്കി കാണിച്ചു.

''പോ അവിടുന്ന്..'' എന്നും പറഞ്ഞു ആമി എന്റെ കയ്യിൽ അടിച്ചു.

''ആമി എന്റെ തല തടവി തന്നെ എനിക്ക് വേദനയാവുന്നു.'' അവള് മെല്ലെ തടവി തന്നു. പതിയെ ഞാൻ ഉറങ്ങി. പിന്നെ ഡിസ്ചാർജ് ആയി എന്നും പറഞ്ഞു സച്ചുവും പ്രവീണും വന്നപ്പോളാ ഞാൻ എണീറ്റത്. പാവം ആമി ഞാൻ എണീക്കാതിരിക്കാൻ അത് വരെ എന്നെ മടിയിൽ തന്നെ കിടത്തിയിരിക്കുവായിരുന്നു.

പിന്നെ ഹോസ്പിറ്റലിൽ എല്ലാരോടും യാത്ര പറഞ്ഞു സച്ചുവിന്റെ കൂടെ റൂമിലേക്ക് വിട്ടു. ഷാജു വന്നിരുന്നു അവിടെ. അവരോടു റൂമിലേക്ക് വരണ്ട പറഞ്ഞു. പാവങ്ങൾ രാത്രി മുഴുവൻ എന്റെ കൂടെ ആയിരുന്നല്ലോ. അതോണ്ട് അവൻ സാറയെയും കൂടി പോയി. ഞങ്ങളെ റൂമിലാക്കി എല്ലാരും പോയി. ആമി എനിക്ക് കഞ്ഞി തന്നിട്ട്  മരുന്നൊക്കെ തന്നു. പിന്നെ ചൂട് വെള്ളം കൊണ്ട് വന്നു എനിക്ക് ചൂട് പിടിക്കാനായിട്ടു. 

ഞാൻ ഷർട്ടൂരി കമിഴ്ന്നു കിടന്നു. ആദ്യത്തെ വട്ടം അവള് വെള്ളത്തിൽ മുക്കി തുണി വച്ചതും ഞാൻ അലറിപ്പോയി. താഴത്തെ വാച്ച്മാൻ വരെ കേട്ട് കാണും. 

''സോറി സോറി, ചൂട് കൂടിപ്പോയോ.'' ആമി.

''ഇല്ലെടീ നല്ല തണുപ്പായിരുന്നു. നിനക്ക് ഞാനന്ന് പറഞ്ഞതിന്റെ ദേഷ്യം വല്ലതും ഉണ്ടെങ്കിൽ നേരിട്ട് ആണുങ്ങളെ പോലെ തീർക്കണം. അല്ലാതെ പിന്നീന്ന് കളിക്കല്ല വേണ്ടേ.'' ഞാൻ പറഞ്ഞു.

''ദേ തോന്നിവാസം പറഞ്ഞാൽ ഈ ചൂടുവെള്ളം ഞാൻ തലയിലൂടെ ഒഴിച്ച് തരും.'' ആമി കലിപ്പിൽ പറഞ്ഞു.

''അയ്യോ ഇക്ക വെറുതെ ഒരു തമാശ പറഞ്ഞതല്ലേ. എന്റെ മുത്ത് കാര്യമാക്കണ്ട കേട്ടോ. നീ ചൂട് പിടിച്ചോ ഞാൻ ഒന്നും പറയില്ല." എന്നും പറഞ്ഞു ഞാൻ അനങ്ങാതെ കിടന്നു. ബുദ്ധിയില്ലാത്ത കുട്ടിയാ ചിലപ്പോ ചെയ്തു കളയും.

''ആ അപ്പൊ പേടിയൊക്കെ ഉണ്ടല്ലേ.. ഗുഡ്‌ബോയ്.'' എന്നും പറഞ്ഞു അവള് ചൂട് പിടിക്കാൻ തുടങ്ങി. പിന്നെ മെല്ലെ ശ്രദ്ധിച്ചാണ് ചെയ്തത്. അത് കഴിഞ്ഞു കയ്യിലും പിടിച്ചു തന്നു.

''ഇനി വേഗം ഉറങ്ങിക്കോ, മരുന്നിന്റെ ക്ഷീണം കാണും.'' ആമി പറഞ്ഞു.

''അതൊക്കെ ഉറങ്ങാം, നീ വന്നു എന്റെ അടുത്ത് ഇരിക്ക്.'' ഞാൻ പറഞ്ഞു.

''അത് വേണ്ട മോനെ. ആ പൂതി അങ്ങ് മനസ്സിൽ വച്ചോ. ഒരാഴ്ച റസ്റ്റ് പറഞ്ഞിരിക്കുവാ. അതുകൊണ്ടു പൊന്നു മോൻ അടങ്ങി ഒതുങ്ങി കിടന്നോ. ഇല്ലെങ്ങി ഞാൻ ചാരുവിന്റെ അങ്ങോട്ട് എക്സ്പോർടായി സച്ചുവേട്ടനെ ഇങ്ങോട്ടു ഇമ്പോർട്ട്‌ ചെയ്യും.'' ആമി പറഞ്ഞു.

''നീ ഇങ്ങനെ ചങ്കീ കൊള്ളുന്ന കാര്യങ്ങളൊന്നും പറയല്ലേ, ഞാൻ ദാ ഉറങ്ങി പോരെ.'' എന്നും പറഞ്ഞു ഞാൻ വേഗം കണ്ണും പൂട്ടി കിടന്നു. ആമി വന്നു എന്നെ പുതപ്പിച്ചു നെറ്റിയിൽ ഒരുമ്മയും തന്നു വെള്ളവും തുണിയുമൊക്കെ എടുത്തു പോയി.

ദിവസങ്ങൾ കുതിര കണക്കെ പാഞ്ഞു പോയി. വെള്ളിയാഴ്ച എല്ലാരും ഇങ്ങോട്ടു വന്നു. അമാനിക്കയും അക്കുവും അഫിയും ഷാമിയും നജുവും സച്ചുവും പ്രവീണും ഷാജുവും ആഷിയും സിനുവും അവരെ ഫാമിലിയും. അവരെ കൂടാതെ എന്റെ ഷഹിയും ജാസിയും ഉണ്ട്. പിന്നെ ആമിന്റെ കസിൻസ് ആയ ഷാഫിയും റാഫിയും. മൊത്തത്തിൽ ഒരു കല്യാണത്തിനുള്ള ആളുണ്ട്. ആമിയെ കൊണ്ട് അവര് ഒന്നും ചെയ്യാൻ സമ്മതിച്ചില്ല. എല്ലാം പുറത്തു നിന്ന് വാങ്ങി. മൊത്തത്തിൽ അടിച്ചു പൊളിച്ചു.

അന്ന് ആരും അറിയാതെ പോയതിനു അമാനിക്കയും അക്കുവും അഫിയും ഷാമിയും ആഷിയും സിനുവുമൊക്കെ കൂടി ആമിയെ ചീത്ത പറഞ്ഞു കണ്ണ് പൊട്ടിച്ചു. അവസാനം അവള് കരഞ്ഞു സീനാക്കിയപ്പോ എല്ലാരും ഒന്ന് അടങ്ങി. പിന്നെ കളിയും ചിരിയുമൊക്കെ ആയി എല്ലാരും സന്തോഷിച്ചു.

ദിവസങ്ങൾ അങ്ങനെ നീണ്ടു പോയി. ഞാൻ ഇപ്പൊ പൂർണ്ണ ആരോഗ്യവാനാണ്. റെസ്റ്റൊക്കെ കഴിഞ്ഞു മൂന്നാഴ്ച കഴിഞ്ഞു. ആമിയും ഞാനും ഹാപ്പി ആണെങ്കിലും എനിക്ക് മുഴുവനായി സന്തോഷിക്കാൻ പറ്റുന്നില്ല. എന്തു കൊണ്ടാ ആമി എന്നെ അവോയ്ഡ് ചെയ്യുന്നേ. റൊമാൻസ് ഒക്കെ ഓക്കേ. പക്ഷെ ഞാൻ രാത്രി അവളടുത്തു പോയാൽ എന്തേലും പറഞ്ഞു എന്നെ ഒഴിവാക്കും. ആദ്യമൊക്കെ കരുതിയത് എനിക്ക് റെസ്റ്റ് വേണമെന്ന് പറഞ്ഞത് കൊണ്ടാണെന്നാണ്.

പക്ഷെ അത് കഴിഞ്ഞിട്ടും മാറ്റമൊന്നുമില്ല. എന്തോ പ്രശ്നമുണ്ട്. അവള് കൂടുതലും നയിട്ട്  ഡ്യൂട്ടി കിട്ടാൻ നോക്കുന്നു. എന്റെ അടുത്ത് നിന്നും ഒഴിവാകാൻ നോക്കുന്ന പോലെ. പുറത്തൊരു അടി കിട്ടിയപ്പോളാ എനിക്ക് ബോധം വന്നേ.

''ടാ തെണ്ടീ, എന്ത് അടിയാടാ.'' ഞാൻ പുറം തടവിക്കൊണ്ട് സച്ചൂനോട് ചോദിച്ചു.

''പിന്നെ, എത്ര നേരമായി ഞാൻ ഓരോന്ന് പറയുന്നു. നീ എന്താ ഒന്നും മിണ്ടാത്തെ.'' സച്ചു.

''അത് പിന്നെ.. സോറി ഞാൻ എന്തോ ആലോചിച്ചു ഇരുന്നു പോയി.'' ഞാൻ പറഞ്ഞു.

''എന്താടാ ഞാൻ കുറച്ചു ദിവസമായി ശ്രദ്ധിക്കുന്നു. എന്താ നിന്റെ പ്രശനം.'' സച്ചു.

''ഏയ് ഒന്നുമില്ലെടാ.''  ഞാൻ പറഞ്ഞു.

''നീ എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കല്ലേ, കാര്യം പറയെടാ.'' സച്ചു ദേഷ്യപ്പെട്ടു.

''ടാ അത് പിന്നെ...'' ഞാൻ കാര്യങ്ങളൊക്കെ അവനോടു പറഞ്ഞു. പറഞ്ഞു തീർന്നപ്പോ തുടങ്ങിയ ചിരിയാണ്. അവസാനം നേരത്തെ അവൻ തന്നത് തിരിച്ചു കൊടുത്തപ്പോ നിർത്തി.

''അപ്പൊ നിങ്ങളെ ഫസ്റ്റ് നയിട്ട് ഇതുവരെ കഴിഞ്ഞില്ലേ.'' അവൻ ചോദിച്ചതും ഞാൻ ഇല്ല എന്ന രീതിയിൽ തലയാട്ടി.

അപ്പൊ അവൻ പിന്നേം ചിരിക്കാൻ തുടങ്ങി. എനിക്ക് ദേഷ്യം വന്നു ഞാൻ എണീറ്റ് പോവാൻ തുടങ്ങിയതും അവനെന്റെ കൈ പിടിച്ചു അവിടെ തന്നെ ഇരുത്തി.

''ടാ ദേഷ്യപ്പെടല്ലേ, നിങ്ങളെ കളി കണ്ടപ്പോ ഞാൻ കരുതിയത് അടുത്ത മാസം നീ അവൾക്കു മസാല ദോശ വാങ്ങി കൊടുക്കുമെന്നാണല്ലോ.'' സച്ചു 

''എന്നെ കൊണ്ട് വെറുതെ പറയിക്കണ്ട. മസാല ദോശ.'' ഞാൻ ദേഷ്യത്തോടെ പറഞ്ഞു.

''ഹ്മ്മ് ഓക്കേ ഇതിനൊരു പോംവഴി കണ്ടെത്താൻ എന്നെ കൊണ്ട് പറ്റില്ല. പക്ഷെ പറ്റുന്ന ഒരാളെ എനിക്കറിയാം.'' സച്ചു പറഞ്ഞു.

''ആരെ..'' ഞാൻ ചോദിച്ചു.

''ചാരു, അവൾ ചോദിച്ചാൽ ആമി കാര്യം പറയും. നീ ടെൻഷൻ അടിക്കാതെ ഇരിക്ക്. നാളെ വെള്ളിയാഴ്ച അല്ലെ. ബാക്കി ആരും ഇല്ലല്ലോ, ഓരോരുത്തർക്കും വേറെ പ്രോഗ്രാംസ് അല്ലെ, നമക്ക് ഒരു ഔട്ടിങ് പോവാം. ചാരു അവളോട് സംസാരിക്കും. നീ ധൈര്യമായിരിക്ക്.'' സച്ചു പറഞ്ഞു.

@@@@@@@@@@@@@@@@@@@@@@@

ഇന്ന് എല്ലാർക്കും എന്തൊക്കെയോ പ്രോഗ്രാംസ് ഉണ്ട്. അതോണ്ട് ഞാനും ഷാദും ചാരുവും സച്ചുവേട്ടനും മാത്രമേ ഉള്ളൂ. ഞാൻ കാണിക്കുന്ന അകലം കാരണം ഷാദ് ഇപ്പൊ എന്റടുത്തു അത്ര മിണ്ടാൻ വരുന്നില്ല. എനിക്കതു ഒത്തിരി സങ്കടം ആണ്. ഞങ്ങൾ നേരെ ബീച്ചിലേക്കാണ് പോയത്.

''നിങ്ങളിവിടെ ഇരിക്ക്, ഞങ്ങൾ ഐസ് ക്രീം വാങ്ങി വരാം.'' എന്നും പറഞ്ഞു സച്ചുവേട്ടനും ഷാദും പോയി.

''ടീ കുറേ ദിവസമായി ചോദിക്കണമെന്നു വിചാരിക്കുന്നു, എങ്ങനുണ്ടാരുന്നു നിന്റെ ഫസ്റ്റ് നയിട്ട്.'' ഓ ഇവൾക്ക് വേറൊന്നും ചോദിക്കാൻ ഇല്ലേ. ഞാൻ ഒന്ന് ഉരുണ്ട് കളിച്ചു. 

''പറ നീ എന്തിനാ ഇങ്ങനെ നാണിക്കുന്നേ.'' ചാരു.

''എനിക്ക് നാണമൊന്നും ഇല്ല, നീ പോയെ.'' ഞാൻ പറഞ്ഞു.

''അപ്പോ പറ എങ്ങനുണ്ടാരുന്നു. റൊമാന്റിക്കായിരുന്നോ.'' ചാരു അവളുടെ തോള് കൊണ്ട് എന്റെ തോളിൽ തട്ടിയിട്ട് ചോദിച്ചു.

''കഴിഞ്ഞാൽ അല്ലെ പറയാൻ പറ്റൂ.'' ഞാൻ പറഞ്ഞു.

''അതെന്താ??'' ചാരു. ഞാൻ ഒന്നും മിണ്ടിയില്ല.

''ഒന്നുമില്ല.'' ഞാൻ പറഞ്ഞു.

''പറ ആമീ, എന്തോ കാര്യം ഉണ്ട്. ഷാദ് എന്തേലും തെറ്റ് ചെയ്തോ..'' ചാരു ചോദിച്ചു.

''ഏയ് ഒരിക്കലുമില്ല. ഞാൻ ആണ് തെറ്റ് ചെയ്യുന്നത്. എനിക്ക് പറ്റുന്നില്ല ചാരു.'' ഞാൻ പറഞ്ഞു. 

''അതെന്താ ആമീ, കാര്യം പറ.'' ചാരു.

''എനിക്ക് പേടിയാ ചാരു. ഷാദ് എന്നെ വെറുത്താലോ.'' ഞാൻ കരഞ്ഞു കൊണ്ട് അവളെ കെട്ടിപ്പിച്ചു.

''നീ എന്തൊക്കെയാ പറയുന്നേ ആമീ..'' ചാരു ചോദിച്ചു.

''ചാരു നിനക്കറിയാലോ ഞാൻ ഒരു ഭാര്യ മാത്രം ആയിരുന്നില്ല, ഒരുമ്മയും കൂടി ആണ്. അതിന്റേതായ മാറ്റങ്ങൾ എന്റെ ശരീരത്തിൽ ഉണ്ട്. അതൊന്നും ഷാദിന് ഇഷ്ട്ടമായില്ലെങ്കിൽ, അവൻ എന്നെ വെറുത്താൽ എനിക്ക് സഹിക്കാൻ പറ്റില്ല.'' ഞാൻ പറഞ്ഞു.

''അയ്യേ നീ ഇത്ര സില്ലി ആണോ. ഷാദ് അങ്ങനൊരാളാണെന്നു നിനക്ക് തോന്നുന്നുണ്ടോ.'' ചാരു എന്റെ കണ്ണ് തുടച്ചു കൊണ്ട് ചോദിച്ചു.

''സ്വന്തം കുഞ്ഞിനെ പ്രസവിച്ച ഭാര്യയെ ഭർത്താവ് അവളുടെ ശരീരത്തിലെ പാടുകളും ഉടവ് സംഭവിച്ച ശരീര ഭാഗങ്ങളും കാരണം കുത്തു വാക്കുകൾ കൊണ്ട് മുറിവേൽപ്പിക്കാറുണ്ട്. അപ്പൊ ഷാദിന് അതൊക്കെ ഉൾക്കൊള്ളാനാവുമെന്നു തോന്നുന്നുണ്ടോ ചാരൂ..'' ഞാൻ ചോദിച്ചു. അവളൊരു നിമിഷം മൗനമായി നിന്നു.

''അപ്പൊ ഇത് കൊണ്ടാണോ നീ ഷാദിനെ അടുപ്പിക്കാത്തതു.'' ചാരു.

''അതെ, എനിക്ക് പേടിയാ. അവനെന്നെ വെറുത്താൽ പിന്നെ എനിക്ക് ജീവിക്കാൻ പറ്റില്ല ചാരു.'' ഞാൻ പറഞ്ഞു. പിന്നെ അവളൊന്നും പറഞ്ഞില്ല. ചിലപ്പോ എന്റെ ചോദ്യത്തിന് അവളുടെ കയ്യിലും ഉത്തരം കാണില്ല. '

''ഞാനിപ്പോ പറഞ്ഞത് കൂടാതെ ഒരു കാരണം കൂടി ഉണ്ട്, പക്ഷെ അത് നിന്നോടെന്നല്ല ആരോടും പറയാൻ എനിക്കാവില്ല. പറഞ്ഞാൽ മറ്റു പല സത്യങ്ങളും ഞാൻ പറയേണ്ടി വരും. അത് എനിക്ക് പറ്റില്ല ചാരൂ.'' ഞാൻ പറഞ്ഞു.

''അതെന്താണെന്നു ഞാൻ ചോദിക്കുന്നില്ല. പക്ഷെ നീ ഷാദിനെ അവോയ്ഡ് ചെയ്യരുത് അതവന് താങ്ങാൻ പറ്റില്ല ആമീ.'' ചാരു.

''അല്ല കടലിൽ നിങ്ങളെ വലതും കളഞ്ഞുപോയോ.'' സച്ചുവേട്ടനാണ്.

"ഇല്ല പക്ഷെ എന്റെ കെട്ടിയോനെ കളഞ്ഞാലോ എന്ന് ആലോചന ഉണ്ട്.'' ചാരു.

''നീ അങ്ങനൊന്നും പറയല്ലേ മുത്തേ.. വാ ഐസ് ക്രീം തിന്നാലോ.'' എന്നും പറഞ്ഞു സച്ചുവേട്ടൻ ചാരുവിന്റെ കൈ പിടിച്ചു നടന്നു. ഞാൻ അതും നോക്കി ചിരിച്ചോണ്ട് നിന്നു.

അപ്പോഴാണ് ഒരു കൈ എന്റെ തോളിൽ വീണത്. ഷാദ് എന്നെ നോക്കി പുഞ്ചിരിച്ചിട്ടു ഒരു ഐസ് ക്രീം എന്റെ കയ്യിൽ തന്നു. കുറെ നാളിനു ശേഷം ആണ് ഷാദ് എന്നോട് ഇങ്ങനെ അടുത്ത് നിക്കുന്നത്. എന്തോ എന്റെ ഹാർട്ട് വല്ലാണ്ട് ഇടിക്കാൻ തുടങ്ങി.

''എന്താടീ ഇങ്ങനെ നോക്കുന്നെ, വെറുതെ എന്റെ കൺട്രോൾ പോകുവെ. പിന്നെ ഇതാ സ്ഥലമെന്നൊന്നും ഞാൻ നോക്കില്ല.'' എന്നും പറഞ്ഞു ആ കോന്തൻ കണ്ണിറുക്കി കാണിച്ചു.

''പോ കൊരങ്ങാ.'' എന്നും പറഞ്ഞു ഞാൻ ഷാദിന്റെ വയറ്റില് ഒരു കുത്തു കൊടുത്തു. അവൻ ടീ എന്ന് വിളിച്ചതും ഞാൻ ഓടി. തിരിഞ്ഞു നോക്കിയപ്പോ ചെക്കൻ നല്ല ദേഷ്യത്തിൽ വരുന്നുണ്ട്. അവനെ തിരിഞ്ഞു നോക്കിക്കൊണ്ടു ഓടിയതും ഞാൻ ആരെയോ പോയി ഇടിച്ചു. 

''സോറി'' എന്ന് പറഞ്ഞു ആ മുഖത്തേക്ക് നോക്കിയതും ഞാൻ രണ്ടടി പിന്നോട്ട് വച്ചു.

''സാജിദ്''

''ഇക്കാന്റെ മുത്തിന് വല്ലോം പറ്റിയോ..'' അവൻ ചോദിച്ചു.

''മുത്ത് എന്ന് നിന്റെ കെട്ടിയോളെ പോയി വിളിച്ച മതി. പിന്നെ നീ ഇക്കയല്ല കാലനാ..'' ഞാൻ ദേഷ്യത്തോടെ പറഞ്ഞു.

''ആഹാ മോളെ നാവൊക്കെ തിരിച്ചു വന്നല്ലോ.'' സാജിദ് ചോദിച്ചു.

''എന്റെ നാവ് ഇവിടെ തന്നെ ഉണ്ടായിരുന്നു. പക്ഷെ അതൊരു തെണ്ടി കാരണം പൂട്ടിക്കിടക്കുവാരുന്നു.'' ഞാൻ പറഞ്ഞു.

''ഓ ആ തെണ്ടി നിന്റെ കെട്ടിയോൻ ഷെസിന് ആവും അല്ലെ.'' എന്നും പറഞ്ഞു സാജിദ് ചിരിച്ചു.

''കെട്ടിയോൻ അല്ല എക്‌സ് കെട്ടിയോൻ അല്ല ഉടമ, അവനെയൊന്നും കെട്ടിയോൻ എന്ന് പറയാൻ പറ്റില്ല.'' ഞാൻ പറഞ്ഞു.

''ആ അതും ശരിയാ. ഏതായാലും നിനക്ക് ഞാൻ ഇല്ലേ. നീ എപ്പോ വിളിച്ചാലും ഞാൻ ഹാജർ ഉണ്ടാവും.'' സാജിദ് ഒരു വൃത്തികെട്ട ചിരിയോടെ പറഞ്ഞു.

''എന്തിനാ എന്റെ റൂമിലെ വേസ്റ്റ് ഒക്കെ ഞാൻ തന്നെയാ കളയാറു, അതിനു ഒരു വേസ്റ്റ് എടുക്കുന്നവന്റെ ആവശ്യം ഇല്ല.'' ഞാൻ അവനെ നോക്കി പുച്ഛത്തോടെ ചിരിച്ചിട്ട് പറഞ്ഞു.

'' ആഹാ മോളെ നാവൊക്കെ നല്ല ഫോമിൽ ആണല്ലോ.'' സാജിദ് ചോദിച്ചു.

''അതെ, കൂടെ നിക്കാൻ നല്ല നട്ടെല്ലും ചങ്കുറപ്പുമുള്ള ആണൊരുത്തൻ ഉണ്ടെങ്കിൽ പെണ്ണിന് ധൈര്യമായി എവിടെയും ആരുടെ മുന്നിലും നിക്കാം. ന്യായമായ എന്ത് കാര്യവും പറയാം.'' എന്നും പറഞ്ഞു ഞാൻ ഷാദിന്റെ കൈ പിടിച്ചു.

''ഷോ എന്റെ പെണ്ണെ, ഒരൊന്നൊന്നര ഡയലോഗ് ആയിപ്പോയല്ലോ. എനിക്ക് രോഞ്ചാമം സോറി രോമാഞ്ചം വരുന്നു.'' എന്നും പറഞ്ഞു ആ ഷാദ് എന്റെ അരയിലൂടെ കയ്യിട്ടു അവനോടു ചേർത്ത് നിർത്തി. ജന്തു സിറ്റുവേഷൻ മുതലെടുക്കാ. ഞാനൊന്നു നോക്കിപ്പേടിപ്പിച്ചപ്പോ എന്നെ നോക്കി കണ്ണിറുക്കി നല്ലോണം പുഞ്ചിരിച്ചു തന്നു. അത് കണ്ടപ്പോ എനിക്കും ചിരി വന്നു.

''ഓ ഇവന്റെ ധൈര്യത്തിൽ ആണോ നിന്റെ കളി.'' സാജിദ് 

''അതേല്ലോ.. എന്തെ പിടിച്ചില്ലേ.'' ഷാദ് ചോദിച്ചു.

''എന്ത് കണ്ടിട്ടാടാ നീ ഇങ്ങനെ നെഗളിക്കുന്നെ. എന്തൊക്കെ പറഞ്ഞാലും അവളൊരു സെക്കന്റ് ഹാൻഡ് സാധനം അല്ലെ. ഷെസിന് കൂടാതെ ആരുടെയൊക്കെ കൂടെ പോയിന് എന്ന് ആർക്കറിയാം..'' പറഞ്ഞു കഴിഞ്ഞതും ഷാദിന്റെ കാല് സാജിദിന്റെ നെഞ്ചിൽ പതിഞ്ഞു.

''പ്പ @#@##@മോനെ അനാവശ്യം പറഞ്ഞാൽ നിന്റെ നട്ടെല്ല് ഞാൻ സൂപ്പാക്കും. ഇനി ഇവളെ പറ്റി എന്തേലും മോശം വാക്ക് നിന്റെ വായിൽ നിന്നും വന്നാൽ ഈ ഷെഹ്‌സാദ് ആരാണെന്നു നീ അറിയും.'' ഷാദ് ദേഷ്യത്തോടെ പറഞ്ഞു. എന്നിട്ടു വീണ്ടും സാജിദിനെ അടിച്ചു.

അപ്പോളേക്കും സച്ചുവേട്ടനും ചാരുവും സാജിദിന്റെ കൂടെ ഉണ്ടായിരുന്നവരും വന്നു അവരെ മാറ്റി നിർത്തി.

''വേണ്ട ഷാദ്, നീ വാ. അവനെ പോലുള്ള അലവലാതികളോടൊന്നും സംസാരിക്കേണ്ട ആവശ്യം ഇല്ല.'' സച്ചുവേട്ടൻ പറഞ്ഞു.

''ഇല്ലെടാ ഇവൻ പറഞ്ഞ കേട്ടില്ലേ ആമിയെ പറ്റി. കൊല്ലും ഞാൻ ഈ നാറിയെ.'' ഷാദ് അലറി.

''വിട് ഷാദ് നമ്മക്ക് പോവാം, പ്ളീസ്.'' എന്നും പറഞ്ഞു ഞാൻ ഷാദിന്റെ കൈ പിടിച്ചു വലിച്ചു കൊണ്ട് പോയി.

''നീ പൊക്കോ, എത്ര വന്നാലും മറ്റൊരുത്തന്റെ എച്ചിലല്ലേ...'' എന്നും പറഞ്ഞു സാജിദ് ചിരിച്ചു കൂടെ അവന്റെ ഫ്രണ്ട്സും.

അത് കേട്ടതും ഷാദും സച്ചുവേട്ടനും അവരെ നേരെ പോവാൻ പോയതും ഞാൻ തടഞ്ഞു. ഞാൻ സാജിദിന്റെ അടുത്തേക്ക് പോയി.

''ഒന്നൂടി പറഞ്ഞെ. ആരുടെ എച്ചിൽ.. പറ ആരുടെ എച്ചിൽ.'' ഞാൻ സാജിദിന്‌ നേരെ അലറി. ശരിക്കും സ്വബോധം നഷ്ട്ടപെട്ട പോലെ ആയിരുന്നു ഞാൻ അപ്പോൾ. സാജിദ് മുഖം കുനിച്ചു.

''നിലത്തോട്ടല്ല, ഇങ്ങോട്ടു നോക്ക്. നേരത്തെ പറഞ്ഞല്ലോ ഷെസിനെ കൂടാതെ ആരുടെയൊക്കെയോ കൂടെ ഞാൻ പോയി എന്ന്. ആരുടെ ഒക്കെയാ ഒന്ന് പറഞ്ഞെ. പറ.'' ഞാൻ ദേഷ്യം കാരണം വിറക്കുന്നുണ്ടായിരുന്നു.

''പറ്റില്ല നിനക്ക് പറയാൻ പറ്റില്ല. കാരണം അത് കള്ളം ആണെന്ന് നിനക്കറിയാം. ആരെക്കാളും നിനക്കറിയാം. അതിന്റെ അടയാളമല്ലേ നിന്റെ നെറ്റിയിലെ ഈ പാട്.

 പിന്നെ എനിക്ക് പറയാൻ പറ്റും ഒരുത്തനും എന്റെ ശരീരത്തിൽ സ്പർശിച്ചിട്ടില്ല എന്ന്. സോറി ഷാദ് അല്ലാതെ മറ്റൊരാളിൽ നിന്നും ഒരു ചുംബനം പോലും ഈ ശരീരത്തിൽ പതിഞ്ഞിട്ടില്ല എന്ന് ഉറപ്പിച്ചു പറയാൻ പറ്റും എനിക്ക്. അത് കൊണ്ട് ഇനി ഒരിക്കലും നീ എന്റെ മുന്നിൽ വന്നു ഇമ്മാതിരി വർത്താനം പറയരുത്.'' എന്നും പറഞ്ഞു ഞാൻ തിരിഞ്ഞു നടക്കാൻ ഒരുങ്ങി.

''അല്ല ഇത്രയൊക്കെ പറഞ്ഞ സ്ഥിതിക്ക് എന്തേലും തന്നില്ലേൽ മോശം അല്ലെ.'' എന്നും പറഞ്ഞു അവന്റെ രണ്ടു കവിളിലും ഓരോന്ന് പൊട്ടിച്ചു കൊടുത്തു. സാജിദ് ടീ എന്നൊക്കെ വിളിച്ചു വരാൻ പോയെങ്കിലും അവന്റെ ഫ്രണ്ട്സ് അവനെ കൂട്ടിക്കൊണ്ടു പോയി.

ഒരു വിജയിയെ പോലെ തിരിഞ്ഞ ഞാൻ കണ്ടത് എന്നെ നോക്കി നിൽക്കുന്ന മൂന്നു മുഖങ്ങളാണ്. ആ മുഖങ്ങളിൽ ഞാൻ അഭിമാനത്തേക്കാൾ കണ്ടത് ചോദ്യങ്ങളായിരുന്നു. അപ്പോളാണ് ഞാൻ ഇപ്പൊ ആവേശത്തിൽ വിളിച്ചു കൂവിയ കാര്യങ്ങളെ പറ്റി ഓർത്തത്.

പടച്ചോനെ ഇനി ഇവരോട് ഞാൻ എന്ത് പറയും എന്നും ആലോചിച്ചു തലയിൽ കൈ വച്ചു ഞാൻ നിലത്തു ആ പൂഴി മണലിലേക്കു ഇരുന്നു. എന്നിലേക്ക്‌ നടന്നടുക്കുന്ന ആ ആറുകാലുകളിലേക്ക് ഞാൻ പേടിയോടെ നോക്കി......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story