ഡിവോയ്‌സി: ഭാഗം 62

divoysi

രചന: റിഷാന നഫ്‌സൽ

യാ റബ്ബീ നോക്കണ്ടാ തോന്നിപ്പോയി. ഒരു ആടാറു മൊഞ്ചൻ. ഒരു 35-38  ഒക്കെ പ്രായം തോന്. അടിപൊളി ഡ്രസിങ് ഒക്കെ ആയിട്ട് കാണാൻ നല്ല ജെന്റിൽമാൻ. ഉള്ളിലെ കോഴി സടകുടഞ്ഞു എഴുന്നേറ്റു.

പക്ഷെ ഷാദിന്റെ കലിപ്പ് മുഖം ഓർത്തതും ആ കോഴിയെ ഞാൻ പൊരിച്ചു പട്ടിക്കിട്ടു കൊടുത്തു. എന്നിട്ടു അയാളെ എന്താ എന്ന രീതിയിൽ നോക്കി.

''ദാറ്റ്സ് മൈ സീറ്റ്.'' അയാൾ പറഞ്ഞു.

''ഓ സോറി. ഞാൻ മാറിത്തരാം.'' എന്നും പറഞ്ഞു എഴുനേറ്റു മാറി നിന്നു. അയാള് വിൻഡോ സീറ്റിൽ ഇരുന്നു. ഞാൻ ആദ്യത്തെ സീറ്റിൽ ഇരുന്നു നടുക്ക് വല്ല സ്ത്രീകളും വന്നു ഇരിക്കാൻ പ്രാർത്ഥിച്ചു.

പക്ഷെ എന്റെ പ്രാർത്ഥന പടച്ചോൻ കേട്ടില്ല. എന്നാൽ കേക്കേം ചെയ്തു. ഞങ്ങളെ നടുക്ക് ആരും വന്നിരുന്നില്ല. ഫ്ലയിട്ടു പുറപ്പെടാൻ നേരം ഞാൻ ഷാദിനെ വിളിച്ചു സംസാരിച്ചു. ആളാകെ അപ്സെറ്റ് ആണ്. ഒരുമിച്ചു നാട്ടിൽ പോയി അടിച്ചു പൊളിക്കാൻ കരുതിയതാ. ഇപ്പൊ കല്യാണത്തിന് കൂടി വരാൻ പറ്റാത്ത പോലെ ആയി.

ഫ്‌ളയിട്ട് പൊങ്ങി, മൂന്ന് വർഷത്തിന് ശേഷം ഞാൻ വീണ്ടും നാട്ടിലേക്ക്. പഴയ ഓരോ കാര്യങ്ങളും ഓർമ്മ വരാൻ തുടങ്ങിയതും കണ്ണ് നിറയുമെന്ന അവസ്ഥയായി.

അപ്പൊ ഷാദിന്റെ വാക്കുകൾ ഓർമ്മ വന്നു ''നിന്റെ കണ്ണ് നിറഞ്ഞാൽ അതെന്റെ പരാജയം ആണ് എന്ന്.'' അങ്ങനെ ഷാദിനെ തോൽപ്പിക്കാൻ താല്പര്യം ഇല്ലാത്തതു കൊണ്ട് കണ്ണീരിനെ ഒക്കെ പുറംകാൽ കൊണ്ടു ചവിട്ടി ഓടിച്ചു അവന്റെ ഫോട്ടോസും നോക്കി ഇരുന്നു.

ഇടയ്ക്കു ഒന്ന് കണ്ണ് അപ്പുറത്തേക്ക് പോയപ്പോളാണ് അടുത്തിരുന്ന ജെന്റിൽമാൻ മഹാ കൊഴിയാണെന്നു മനസ്സിലായെ. കാരണം അങ്ങേരെ നോട്ടം മുഴുവൻ ഇങ്ങോട്ടാണ്. ഞാൻ നോക്കുന്നത് കണ്ടതും എന്നെ നോക്കി ഒന്ന് ഇളിച്ചു കാട്ടി.

''ഹായ്, ഞാൻ നാഷിദ്, നാശി എന്ന് വിളിക്കും.'' അവൻ പറഞ്ഞു.

ആര് വിളിക്കും എന്ന് ചോദിക്കാൻ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും അതികം സംസാരിക്കാൻ താല്പര്യം ഇല്ലാത്ത കാരണം അത് ഞാൻ നാലായി മടക്കി വച്ച് ജസ്റ്റ് ഒന്ന് പുഞ്ചിരിച്ചു.

 ''ഞാൻ അംന.''

പിന്നെ അങ്ങോട്ട് പരിചയപ്പെടലിന്റെ പൂരം ആയിരുന്നു. ഞാൻ ജോലി ചെയ്യുന്നത് പറഞ്ഞു. ബാക്കി ഒന്നും പറയാൻ സമ്മതിച്ചില്ല. ഫുൾ ഇങ്ങോട്ടു അറ്റാക് ആയിരുന്നു. അവന് ദുബായിൽ ബിസിനെസ്സ് ആണ്. കല്യാണം  കഴിഞ്ഞു ഒരു മോളുണ്ട്. ഭാര്യയുമായി ഒത്തു പോവാൻ സാധിക്കാത്ത കാരണം ഡിവോയ്സിന്റെ വക്കിൽ ആണ്.. മോൾ അവളെ കൂടെ ആണ്. അടുത്ത് തന്നെ ഡിവോയ്‌സ്‌ ചെയ്തു മറ്റൊരു കല്യാണം കഴിച്ചിട്ട് മോളെ കൂടെ കൂട്ടണം. അത് പറഞ്ഞപ്പോ എന്നെ നോക്കിയോ എന്നൊരു സംശയം.

തലയിലാവാൻ ചാൻസ് ഉള്ള കാരണം ഷാദിന്റെ കാര്യം പറയാൻ പോയതും എയർഹോസ്റ്റസ് ഫുഡ്ഡും കൊണ്ട് വന്നു. ഞാൻ വേഗം അതിൽ അറ്റാക് തുടങ്ങി. ആള് വലിയ കുഴപ്പം ഇല്ല, പക്ഷെ തള്ളിസ്റ് ആണ്. റബ്ബേ തള്ള് കേട്ടാൽ പെറ്റ തള്ള സഹിക്കൂല. അമ്മാതിരി പൊങ്ങച്ചം ആണ്. പൈസയുടെ ഇച്ചിരി അഹങ്കാരം കൂടി ഉണ്ടൊന്നൊരു സംശയം. പിന്നെ ഇടയ്ക്കിടെ എന്റെ ഉമ്മ എന്റെ ഉമ്മ എന്നും കേൾക്കുന്നുണ്ട്.

നമ്മളെ അതൊന്നും ബാധിക്കാത്ത കാരണം ഞാൻ അതൊന്നും ശ്രദ്ധിക്കാൻ പോയില്ല. ഫുഡ് കഴിച്ചു കഴിഞ്ഞു വീണ്ടും സംസാരം തുടങ്ങിയപ്പോ ഇവനാണോ തള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് എന്ന് പോലും ഞാൻ സംശയിച്ചു പോയി. ഇറങ്ങുന്നവരെ ആ ജന്തുവിന്റെ തള്ളും സഹിച്ചു ഇരിക്കേണ്ടി വന്നു.

കൂടുതലും അവന്റെ ഉമ്മാനെ പറ്റിയും ഓഫീസിൽ അവൻ എങ്ങനെ എല്ലാരേയും നിലക്ക് നിറുത്തുന്നു എന്നൊക്കെ ആണ് പറഞ്ഞത്. പിന്നെ ഭാര്യയെ എങ്ങനൊക്കെ അവൻ നിലക്ക് നിർത്താൻ നോക്കി എന്നും. ഉമ്മയും അവളുമായി ഒത്തു പോവുന്നില്ല. ഉമ്മ പറയുന്നതാണ് അവനു വേദവാക്യം. എനിക്ക് ഇതൊക്കെ കേട്ടപ്പോ എന്റെ കാര്യമാണ് ഓർമ്മ വന്നത്. അവനോടു എന്തേലും പറയാഞ്ഞാലോ വിചാരിച്ചു.. പക്ഷെ പിന്നെ എന്തോ മൗനം പാലിക്കാനാണ് തോന്നിയത്.

ഫളയിട്ടു ലാൻഡ് ചെയ്തതും ഞാൻ ഇറങ്ങി ഓടി എന്ന് വേണേൽ പറയാം. ലഗേജ് ഒക്കെ എടുത്തു ഇറങ്ങിയപ്പോ മുന്നിൽ തന്നെ അക്കൂക്കയും അഫിക്കയും ഉണ്ടായിരുന്നു. അവരുടെ കൂടെ കാറിൽ കേറിയത് മുതൽ ഞാൻ ആ തള്ളിസ്റ്റിനെ പറ്റി പറഞ്ഞോണ്ട് നിന്നു. അവനോടു പറഞ്ഞു തീർക്കാൻ പറ്റാത്ത ദേഷ്യം ഒക്കെ ഇവരോട് തീർത്തു.

പിന്നെ ഫോൺ എടുത്തു ഷാദിനെ വിളിച്ചു ആദ്യം എടുത്തില്ല, പിന്നെ തിരിച്ചു വിളിച്ചു.

''ഹലോ എവിടെ ആയിരുന്നു.'' ഞാൻ ചോദിച്ചു.

''അത് കുറച്ചു ജോലി ഉണ്ടായിരുന്നു. ഫോൺ സൈലന്റ് ആയോണ്ട് കണ്ടില്ല. എങ്ങനെ ഉണ്ടായിരുന്നു യാത്ര.'' ഷാദ്.

''ഒന്നും പറയണ്ട മോനെ, നല്ല അടിപൊളി തള്ളിസ്റ്റിനെ ആണ് അടുത്ത് കിട്ടിയേ. അത് കൊണ്ട് എത്തുന്നത് വരെ സമയം പോയത് അറിഞ്ഞില്ല.'' എന്നും പറഞ്ഞു ആ തള്ളിസ്റ്റിനെ പറ്റി എല്ലാം പറഞ്ഞു കൊടുത്തു. കേട്ടപ്പോ തൊട്ടു ഷാദ് പൂരച്ചിരിയാണ്.

''ചിരിക്കു നല്ലോണം കൊരങ്ങൻ. ഷാദിനെ കൊണ്ടല്ലെ, ഇയാളുണ്ടാരുന്നേൽ ഇങ്ങനെ പറ്റോ.'' ഞാൻ കുറച്ചു സെന്റി അങ്ങ് വാരി വിതറി.

''ഓ മുഖം വീർപ്പിക്കണ്ട. ഞാൻ നോക്കുന്നുണ്ട് കല്യാണത്തിന് എത്താൻ, പക്ഷെ നടക്കൊന്നു അറിയില്ല. മിനിമം വൺ വീക്ക് വേണമെന്ന പറയുന്നേ.'' ഷാദ് നിരാശയോടെ പറഞ്ഞു. അതിലും നിരാശ എനിക്കായിരുന്നു. അവന്റെ കയ്യും പിടിച്ചു എല്ലാരുടെയും മുന്നിൽ അഹങ്കാരത്തോടെ നിക്കണമെന്നു കരുതിയതാ. ആഹ് പോട്ടെ, നോക്കാം.

''കുഴപ്പമില്ല ഷാദ്, വേഗം വരാൻ നോക്ക്. മിസ് യൂ..'' എന്ന് പറഞ്ഞതും ഇവിടെ രണ്ടെണ്ണം ഓ ഓ എന്നൊക്കെ പറയ്യുന്നുണ്ട്.

''മിസ് യൂ ടൂ. പിന്നെ ഞാൻ വന്നിട്ട് എന്റെ വീട്ടിലേക്കു പോവാം,ഓക്കേ.'' ഷാദ്.

''ആഹ് ഓക്കേ.'' ഞാൻ പറഞ്ഞു.

''എന്നാ നീ എല്ലാവരുടെ കൂടെയും എൻജോയ് ചെയ്യ്. ഞാൻ ഫ്രീ ആവുമ്പൊ വിളിക്കാം.'' ഷാദ്.

''ഷാദ് എനിക്ക് പേടി ആവുന്നു. എല്ലാരും എങ്ങനെ ആവും റിയാക്ട് ചെയ്യാ.'' ഞാൻ പേടിയോടെ പറഞ്ഞു.

''എന്തിനു പേടിക്കണം.. ആരുടെ മുന്നിലും പേടിച്ചു നിക്കരുത്. ഒരിക്കെ പേടിച്ചാൽ പിന്നെ മരണം വരെ അത് കൂടെ കാണും. അവിടെ വീട്ടിൽ കുത്തി നോവിക്കാൻ ഒത്തിരി പേരുണ്ടാവും. പക്ഷെ അതിലും കൂടുതൽ ആൾക്കാർ ചേർത്ത് പിടിക്കാനും ഉണ്ടാവും. നമ്മളെ വേദനിപ്പിക്കാൻ നോക്കുന്നവരോട് കണ്ണീർ കൊണ്ടല്ല പുഞ്ചിരി കൊണ്ട് വേണം  മറുപടി പറയാൻ. അതാണ് അവർക്കുള്ള ശിക്ഷ, കേട്ടല്ലോ..'' ഷാദിന്റെ വാക്കുകൾ എനിക്ക് പുതിയൊരു ഊർജം തന്നു.

''ഹ്മ്മ് കേട്ടു, താങ്ക്സ്.'' ഞാൻ പറഞ്ഞു.

''ഓ അത് കൊണ്ട് പോയി നീ ഉപ്പിലിട്ടു വെച്ചു നിന്റെ ഇക്കാക്കമാർക്കു കൊടുത്തോ. എന്നിട്ടു എനിക്കുള്ളത് താ..'' ഷാദ് പറഞ്ഞു.

''ഒന്നു പോയെ, ഇവിടെ അക്കൂക്കയും അഫിക്കയും ഉണ്ട്.'' ഞാൻ മെല്ലെ പറഞ്ഞു.

''അത് കുഴപ്പമില്ല, നീ വേഗം തന്നെ. അല്ലെങ്കിലേ ഒരുശാറില്ല.'' ഷാദ് പറഞ്ഞു.

''എനിക്കൊന്നും വയ്യ.'' ഞാൻ പറഞ്ഞു.

''ഓ ഒന്നു കൊടുത്തു തീർക്കെടീ, അല്ലെങ്കി അവനീ അടുത്ത കാലത്തൊന്നും ഫോൺ വെക്കില്ല.'' അക്കൂക്കയാണ്.

''ആഹ് കേട്ടല്ലോ അതാണ് നമ്മളെ അളിയൻസ്. നീ സ്പീക്കറിൽ ഇട്ടേ.'' ഷാദ് ഫോണിലൂടെ പറഞ്ഞു.

''അതെ അളിയന്മാരെ എന്റെ മുത്തിനെ നല്ലോണം നോക്കണം കേട്ടല്ലോ. അവളെ വിഷമിപ്പിച്ചാൽ ഞാനൊരു വരവങ്ങോട്ടു വരും, അറിയാല്ലോ.'' ഷാദ് പറയുന്ന കേട്ടു ഞാൻ വായും തുറന്നു ഇരുന്നു പോയി.

''ഓ ഉത്തരവ് പ്രഭോ. അടിയങ്ങള് രാജാവ് പറയുന്ന പോലെ ചെയ്തോളാവേ''. അക്കൂക്കയും അഫിക്കയും ഒരുമിച്ചു പറഞ്ഞു.

''ആഹ് ചെയ്‌താൽ നിങ്ങക്ക് കൊള്ളാം. ഇനി രണ്ടു പേരും ഒന്നു ചെവി പൊതി പിടിച്ചേ.'' ഷാദ് പറഞ്ഞു.

''ഞാൻ ഡ്രൈവ് ചെയ്യുവാടാ..'' അഫിക്ക പറഞ്ഞു.

''ആഹ് അത് ആമി പൊത്തിക്കോളും.'' ഷാദ് പറഞ്ഞു.

''ഒന്നു പോയെ, ഞാനൊന്നും തരൂല.'' ഞാൻ പറഞ്ഞു.

''ഡീ മര്യാദക്ക് തന്നോ. എന്റെ സ്വഭാവം മാറ്റരുത്.'' ഷാദ് കലിപ്പായി.

''ചെ കൊരങ്ങാ, ഫോൺ സ്പീക്കറിലാ.'' ഞാൻ പറഞ്ഞു.

''അതിനെന്താ മുത്തേ, കൂടെ നമ്മളെ ചങ്കുകളല്ലേ ഉള്ളെ''. ഷാദ് ചിരിച്ചോണ്ട് പറഞ്ഞു.

''പോയെ എനിക്കെങ്ങും വയ്യ. ഞാൻ വെക്കാൻ പോവാ.'' ഞാൻ പറഞ്ഞു.

''ടീ നീ എങ്ങാനും കട്ട് ചെയ്താ, അപ്പൊ ബാക്കി.'' ഷാദ് പറഞ്ഞു.

''ഓ ഇത് വലിയ കഷ്ട്ടം ആയല്ലോ. നിനക്ക് ഉമ്മയല്ലേ വേണ്ടൂ, ഇന്നാ പിടിച്ചോ.. ഉമ്മ ഉമ്മ ഉമ്മ.'' അഫിക്ക ഫോൺ വാങ്ങി പറഞ്ഞു. ഞാനും അക്കൂക്കയും ചിരിക്കാൻ തുടങ്ങി.

''പ്പ വൃത്തിക്കെട്ടവനെ, ഈ ഉമ്മ കൊണ്ടുപോയി നിന്റെ കെൻസക്ക് കൊടുക്കെടാ തെണ്ടീ..'' എന്നും പറഞ്ഞു ഷാദ് ഫോൺ വച്ചു. ഞങ്ങള് കുറെ ചിരിച്ചു.

''അംനൂ എപ്പോളും ഇങ്ങനെ ചിരിക്കണം കേട്ടല്ലോ.'' അക്കൂക്ക കണ്ണാടിയിലൂടെ നോക്കീട്ടു പറഞ്ഞു.

''പിന്നെ ചിരിക്കാതെ, ഇനി കരഞ്ഞാൽ ഷാദ് എന്നെ പഞ്ഞിക്കിടും.'' ഞാൻ പറഞ്ഞു.

പിന്നെ വാട്സാപ്പിൽ കേറി ഷാദിന് ഒരു ലോഡ് കിസ്സിങ് സ്മൈലി അയച്ചു കൊടുത്തു. അതിനു ആ കോന്തൻ ഒരു പത്തു ലോഡ് പുച്ഛം റിപ്ലൈ തന്നു. പിന്നെ ഫോൺ മാറ്റി വച്ച് അവരോടു കത്തി അടിച്ചിരുന്നു.

റാഫിയും ഷാഫിയും ഇരട്ടകളെ തന്നെ ആണ് കെട്ടുന്നത് സഫ, മർവ. അവരെ പോലെ തന്നെ കാണാൻ ഒരു സാമ്യതയും ഇല്ല ഇവരും. എനിക്ക് അക്കൂക്ക ഫോട്ടോ കാണിച്ചു തന്നു.

സംസാരിച്ചു വീട്ടിലെത്തി. മുറ്റത്തു കുറെ കുട്ടിപ്പട്ടാളങ്ങൾ കളിക്കുന്നു. ഞങ്ങളെ കാറ് വന്നതും അംനുത്ത വന്നു എന്നും അലറി അകത്തേക്ക് ഓടി. ഞാൻ ഇറങ്ങിയപ്പോളേക്കും എല്ലാരും പുറത്തു എത്തിയിരുന്നു. ഒരു തരം പേടി മനസ്സിൽ കൂടി. മുന്നോട്ടു നടക്കാൻ കഴിയാത്ത അവസ്ഥ.

അപ്പൊ അക്കൂക്ക വന്നു എന്റെ തോളിലൂടെ കയ്യിട്ടു. ഞാൻ ഇക്കാന്റെ മുഖത്ത് നോക്കി ഒന്നു പുഞ്ചിരിച്ചിട്ടു മുന്നോട്ടു നടന്നു. എല്ലാരും എന്നെ നോക്കുന്നുണ്ട്, പലരുടെയും കണ്ണുകൾ സ്നേഹം കാരണം നിറഞ്ഞിട്ടുണ്ട്, ചിലരുടെ കണ്ണിൽ സഹതാപം ആണ്. അതിനിടയിലും ഞാൻ കണ്ടു പുച്ഛവും അസൂയയും ദേഷ്യവും നിറഞ്ഞ രണ്ടു കണ്ണുകൾ, ആരാണെന്നു പിന്നെ പറയാം.

''മോളെ നൂനൂ.'' എന്നും പറഞ്ഞു ഉമ്മ വന്നെന്നെ കെട്ടിപിടിച്ചു കരഞ്ഞു. പിന്നാലെ ഉപ്പയും വന്നു. ആ കണ്ണിൽ മുന്നത്തെ പോലെ വെറുപ്പില്ല പകരം സ്നേഹം മാത്രം.

''ഞങ്ങളോട് വെറുപ്പാണോ മോളെ..'' ഉപ്പയാണ്.

''ഏയ് എനിക്കാരോടും വെറുപ്പില്ല ഉപ്പ. എന്നോടായിരുന്നില്ലേ എല്ലാർക്കും...'' പറഞ്ഞു മുഴുവിക്കും മുന്നേ ഉപ്പ എന്റെ വാ പൊത്തി.

''ക്ഷമിക്കു മോളെ, ഉപ്പ പറഞ്ഞ എനിക്ക് എതിർ വാക്കില്ല എന്ന് നിനക്കറിയാലോ.'' ഉപ്പ പറഞ്ഞു.

''ഇല്ല ഉപ്പ എനിക്ക് സങ്കടവും ദേഷ്യവുമൊക്കെ ഉണ്ടായിരുന്നു ഇപ്പൊ ഇല്ല.'' ഞാൻ പറഞ്ഞു.

''ഓ മതി സെന്റി അടിച്ചേ. ഇനി ആരും ഒന്നും പറയണ്ട. അവള് അകത്തേക്ക് കേറട്ടെ.'' പറഞ്ഞത് വേറാരും അല്ല നമ്മളെ മൂത്താപ്പ അബൂക്കയാണ്. അടുത്ത് തന്നെ ആയിഷമ്മായിയും ആബി എളാപ്പയും ഒക്കെ ഉണ്ട്. പിന്നെ ബാക്കി ഇക്കാക്കമാരും അവരെ ബീവിമാരും എല്ലാരും ഉണ്ട്.

രണ്ടുപേരൊഴിച്, അമീർക്കയും ഉപ്പാപ്പയും. എന്നെ നേരെ കൊണ്ടുപോയത് ഉപ്പാപ്പന്റെ അടുത്താണ്. ആൾക്കിപ്പോ എണീറ്റ് നടക്കാനൊന്നും വയ്യ. എന്നോട് കുറെ മാപ്പൊക്കെ പറഞ്ഞു. എല്ലാം ഷെസിന്റെ വാക്കു കേട്ടത് കൊണ്ടാണെന്നും എന്റെ കുട്ടീനെ ഞാൻ വിശ്വസിച്ചില്ലല്ലോ എന്നും പറഞ്ഞു സെന്റിയോട്‌ സെന്റി. അവസാനം ആ നരച്ച വെള്ള താടി പിടിച്ചൊരു വലി വലിച്ചപ്പോ സെന്റി നിർത്തി ആള് കലിപ്പായി. പിന്നെ കുറെ സംസാരിച്ചു.

പിന്നെ അവിടുന്ന് ബാക്കിയുള്ളവരെ ഒക്കെ പരിചയപ്പെട്ടു. ആമിനമ്മായിയും ഫാമിലിയും വന്നിട്ടില്ല. അവരെ ഭർത്താവിന് എന്തോ സുഖമില്ല അതോണ്ട് അവര് ഇല്ല. പിന്നെ അമീർക്കയും ആലി ഇത്തയും ഞാൻ വരുന്നു എന്നറിഞ്ഞത് കാരണം ഇത്താന്റെ വീട്ടിൽ പോയതാ. ശാമിക്കയും സനയും നാളെ എത്തുള്ളു. ഇക്കാക്ക് ലീവിന്റെ പ്രശനം.

പിന്നെ പരിചയപ്പെടൽ ആരുന്നു. അമാനിക്കാന്റെ വൈഫ് സെറീന എന്ന സെറീത്താ പിന്നെ ഹിബ കെൻസാ, മൂന്നാളോടും അമാനിക്കന്റേം അക്കൂക്കാൻറേം ആഫിക്കൻറേം ഫോണിൽ നിന്നും സംസാരിച്ചോണ്ടു വലിയ കുഴപ്പമില്ല.

ഹിബയും കേൻസയും ഇത്ത വിളിയൊക്കെ ക്യാൻസൽ ചെയ്യിച്ചു. പിന്നെ ഇച്ചൂക്കന്റെ ഭാര്യ ഇശാന എന്ന ഇഷൂത്ത പിന്നെ ഷമീർക്കാന്റെ ഭാര്യ ഷൈമത്ത. എല്ലാരേം പരിചയപ്പെട്ടു കത്തി വെക്കുമ്പോളാ ഒരാള് മുഖം വീർപ്പിച്ചു നിക്കുന്നത് കണ്ടേ. വേറാരും അല്ല നമ്മളെ നിച്ചൂക്കാന്റെ കെട്ടിയോള് നമ്മളെ സ്വന്തം മിച്ചൂത്ത.

''എന്താണാവോ ഇവിടൊരു മൂടിക്കെട്ടിയ കാലാവസ്ഥ.'' ഞാൻ ചോദിച്ചു.

''മഴ പെയ്യുമോ..'' ഹിബ ചോദിച്ചു.

''ആടീ ഇപ്പൊ പെയ്യും നീ മോളിലോട്ടു നോക്കി വായും പൊളിച്ചു നിന്നോ.'' മിച്ചൂത്ത കലിപ്പിൽ ആണ്.

''ആഹാ കലിപ്പിലാണല്ലോ..'' ഞാൻ ചോദിച്ചു.

''അതെ എന്തെ..'' മിച്ചൂത്ത.

''ആണോ എന്നാ ഇപ്പൊ മാറ്റിത്തരാം.'' എന്നും പറഞ്ഞു ഞാൻ മിച്ചൂത്താനെ ഇക്കിളി ആക്കാൻ തുടങ്ങി. പണ്ടും ഇങ്ങനെ ആയിരുന്നു ഇത്താക്ക് ദേഷ്യം വന്നാൽ ഞാനും സാറയും സനയും കൂടി ഇക്കിളി ആക്കും.

''അള്ളാഹ് മതിയാക്ക് നൂനു ഇനി ഞാൻ ദേഷ്യം പിടിക്കൂല.'' മിച്ചൂത്ത പറഞ്ഞു. അപ്പൊ ഞാൻ നിർത്തി. ഇത്ത തിരിഞ്ഞു എന്നെ നോക്കീട്ടു എന്നെ കെട്ടിപ്പിടിച്ചു.

''നിന്നെ ഞാൻ എത്ര മിസ് ചെയ്തു എന്ന് അറിയോ.'' എന്നും പറഞ്ഞു മിച്ചൂത്ത എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു.

''അയ്യേ എന്റെ മിക്കി മൗസ് കരയാ.'' പണ്ട് മിച്ചൂത്താനെ ഞങ്ങൾ അങ്ങനെ പറഞ്ഞാണ് കാലിയാക്കരു. അത് കേക്കുമ്പോ ഇത്താക്ക് ദേഷ്യം വരും.

''മിക്കി മൗസ് നിന്റെ കെട്ടിയോൻ.'' ഇത്ത പറഞ്ഞു.

''ദേ എന്റെ ഷാദിനെ പറഞ്ഞാൽ ഉണ്ടല്ലോ.'' ഞാൻ ദേഷ്യപ്പെടുന്ന പോലെ കാണിച്ചു.

''അയ്യടാ അവളെ കെട്ടിയോനെ പറയുമ്പോളേക്കും അവൾക്കു ദേഷ്യം വന്നു.'' എന്നും പറഞ്ഞു എല്ലാരും ചിരിച്ചു.

''ആഹ് നിന്റെ നിച്ചൂക്കാന്റെ മുമ്പിലൊന്നും പോയി പെടണ്ടാട്ടോ.'' മിച്ചൂത്ത.

''അതെ ഇക്കാക്ക മാത്രം അല്ല മോളെ ഇചൂകായും ഫജൂക്കയും ഷമീർക്കയും ഒക്കെ കലിപ്പിൽ ആണ് മോളെ. നീ അവരോടൊന്നും പറഞ്ഞില്ലല്ലോ പറഞ്ഞു. ഞങ്ങളും അറിഞ്ഞില്ലല്ലോ മോളെ.'' മിച്ചൂത്തയും ഷൈമത്തായും പറഞ്ഞു.

''അതൊക്കെ കഴിഞ്ഞില്ലേ ഇനി അതൊന്നും ഓർക്കാൻ എനിക്ക് ഇഷ്ടല്ല.''ഞാൻ പറഞ്ഞു. ഞങ്ങളിങ്ങനെ കത്തി അടിച്ചോണ്ടിരിക്കുമ്പോൾ ആണ് നേരത്തെ എന്നെ പുച്ഛത്തോടെ നോക്കിയാ കണ്ണുകളുടെ ഉടമകൾ എത്തിയത്. മറ്റാരും അല്ല നമ്മളെ ശാമിക്കാന്റെ സിസ്റ്റേഴ്സ് ഷാനയും ഷീനയും. രണ്ടാളും ഒരു പുച്ഛച്ചിരിയോടെ അടുത്തേക്ക് വന്നു.

''എന്തൊക്കെ ഉണ്ട് അംന സുഖല്ലേ.'' ഷാന

''അതെ സുഖം അൽഹംദുലില്ല.'' ഞാൻ പറഞ്ഞു.

''ഓ വെറുതെ പറയണ്ട അവിടെ ഒറ്റയ്ക്ക് താമസിക്കുമ്പോ എന്ത് സുഖം അല്ലെ.'' ഷീന.

''അതെന്നെ ഈ ഭർത്താവില്ലാത്തവരൊക്കെ കുറെ കഷ്ട്ടപ്പെടുമെന്നു കേട്ടിട്ടുണ്ട്. ആഹ് പോട്ടെ, നിനക്ക് ഇവരൊക്കെ ഉണ്ടല്ലോ.'' ഞാൻ സംശയത്തോടെ മിച്ചൂത്താനെ നോക്കി.

''അതെ മോളെ നിന്റെ കല്യാണം കഴിഞ്ഞ കാര്യം ഇവർക്ക് അറിയില്ല. ഇവരിന്നു രാവിലെയാ വന്നത്.'' മിച്ചൂത്ത മെല്ലെ എന്റെ ചെവിയിൽ പറഞ്ഞു.

''വേറെ ആർക്കാ അറിയാത്തത്.'' ഞാൻ ചോദിച്ചു.

''ഞങ്ങൾക്കും നിന്റെ ഇക്കാക്കമാർക്കും പിന്നെ ഉപ്പ ഉമ്മ അങ്ങനെ ഏകദേശം എല്ലാരിക്കും അറിയാം.'' മിച്ചൂത്ത പറഞ്ഞു.

''അപ്പൊ ഉപ്പാപ്പാക്കും ആയിഷ മൂത്തമ്മക്കും അബു മൂത്താപ്പാക്കും ആബി ഇളാപ്പാക്കും ഷംന ഇളയമ്മയ്ക്കുമൊന്നും അറിയില്ലേ.'' ഞാൻ ചോദിച്ചു.

''ആബിക്കാക്കും ഷംനത്താകും അറിയാം. തൽകാലം എല്ലാരോടും പറഞ്ഞിട്ടില്ല." മിച്ചൂത്ത

''എന്താ ഒരു കുശുകുശുപ്പു.'' ഷീന ചോദിച്ചു.

''ഏയ് ഒന്നുമില്ല.'' ഞാൻ പറഞ്ഞു.

''ഞങ്ങൾ നിങ്ങളെ ഡിസ്റ്റർബ് ചെയ്യുന്നില്ല. ഞങ്ങളെ ഹസ്ബൻഡ്‌സ് വിളിക്കാൻ സമയം ആയി, അല്ലെ ഷീന.'' എന്നും പറഞ്ഞു രണ്ടും പോയി.

''ഓ കണ്ടില്ലേ കളി, രണ്ടിനും ഞങ്ങളോടൊന്നും ഒരു ബഹുമാനവും ഇല്ല. അവരുടെ ഇക്കാക്കമാരെ ഭാര്യമാരാണ് ഞങ്ങൾ എന്ന പരിഗണന പോലും എനിക്കും സനക്കും തരാറില്ല. രണ്ടിനും അഹങ്കാരം ആണ്.

കെട്ടിയോന്മാർ ആണെങ്കിൽ ഫുൾ ടൈം ബിസിനെസ്സ് എന്നും പറഞ്ഞു നടപ്പാ. ഇവിടുത്തെ ഒരു പരിപാടിക്കും രണ്ടിനെയും കാണാറില്ല. വന്നാൽ തന്നെ ഭർത്താക്കന്മാർ ഉണ്ടാവില്ല കൂടെ.'' ഷൈമത്ത ദേഷ്യത്തോടെ പറഞ്ഞു. ഷാനയെയും ഷീനയേയും കെട്ടിച്ചു വിട്ടത് ഒരു വീട്ടിലേക്കാണ്, സഹോദരങ്ങൾ ആണവരെ കല്യാണം കഴിച്ചിട്ടുള്ളത്.

പിന്നെ അവരോടൊക്കെ കത്തി അടിച്ചു കഴിഞ്ഞു മെല്ലെ പുറത്തേക്കിറങ്ങി. ഇക്കാക്കമാരെ സോപ്പിടലാണ് ഉദ്ദേശം. ഇത്ര നാളും വിളിക്കാത്തതിന്റെ പരിഭവം ഞാൻ കേറിയപ്പോ അവരെ മുഖത്ത് കണ്ടിരുന്നു.

 പുറത്തു പോയി നോക്കിയപ്പോ ഇക്കാക്കാസ് എല്ലാരും ഉണ്ട്. ഞാൻ മെല്ലെ പുറത്തിറങ്ങി നോക്കി. എന്നെ എല്ലാരും കണ്ടെങ്കിലും നോ മൈൻഡ്. നിച്ചൂക്കാന്റെ അടുത്തേക്ക് പോയപ്പോ ഇക്ക മുഖം തിരിച്ചു ഫജൂക്കാന്റെ അടുത്തേക്ക് പോയി.

''ഫജൂ നീ കോഴി ഏൽപ്പിച്ചോ..'' നിച്ചൂക്ക.

''ആഹ് ഇക്കാ ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട്.'' ഫാജൂക്ക.

''ആഹാ കോഴി വാങ്ങാൻ കോഴിയെ തന്നെ ഏൽപ്പിച്ചോ.'' ഞാൻ മോളിലോട്ടു നോക്കി പറഞ്ഞതും അക്കൂക്കയും അമാനിക്കയും അഫിക്കയും ചിരിച്ചു. ഫജൂക്ക എന്നെ രൂക്ഷമായി നോക്കി. നിച്ചൂക്ക അത് മൈൻഡ് ചെയ്യാതെ ഇച്ചൂക്കാനോടു ഇന്ന് വൈകുന്നേരത്തെ അരികുത്തലിനെ {കണ്ണൂർ ഉള്ള ഒരു പരിപാടി ആണ് കല്യാണത്തിന് മുന്നേ} പറ്റി സംസാരിക്കാ.

''പറച്ചില് കേട്ടാ തോന്നും അരിയല്ല സ്വർണമാ കുത്തേണ്ടതെന്നു.'' എവിടെ നോ മൈൻഡ്. നിച്ചൂക്ക ഇച്ചൂക്കാനോടും ഷമീർക്കനോടും ഫുഡ് സെറ്റ് ചെയ്യാൻ ഉള്ള ടാബിലോക്കെ അറേഞ്ച് ചെയ്യാനൊക്കെ പറയാൻ തുടങ്ങി.

എനിക്ക് ആകെ സങ്കടമായി, അപ്പൊ അമാനിക്ക എന്നെ നോക്കി കണ്ണടച്ച് കാണിച്ചു. വീണ്ടും ഓരോ ഇക്കാക്കമാരുടെ അടുത്ത് പോയെങ്കിലും ആരും മൈൻഡ് ചെയ്തില്ല.

ഞാൻ ദേഷ്യം വന്നു അകത്തേക്ക് നടക്കാൻ തുടങ്ങിയതും അക്കൂക്ക എന്നെ നോക്കി സായിട്ടടിച്ചു കാണിച്ചു. കാര്യം മനസ്സിലായില്ലെങ്കിലും എന്തോ കോനിഷ്ട്ടാണെന്നു മനസ്സിലായി. പെട്ടെന്നാണ് ആ കോന്തൻ അക്കൂക്ക കാലു വച്ച് എന്നെ വീഴ്ത്തിയത്.

ഞാൻ ഉമ്മാ എന്നും അലറി താഴേക്ക് വീണു. മറ്റു ഇക്കാക്കാസ് വന്നു എണീപ്പിക്കുമെന്നു കരുതി ചെയ്തതാ. ബട്ട് ആരും മൈൻഡ് ചെയ്തില്ല. അവർക്കു മനസ്സിലായി കാണും കള്ളത്തരം.

ദേഷ്യത്തോടെ തല പൊക്കി അക്കൂക്കാനേ നോക്കുമ്പോ അത്രയും നേരം ചിരിച്ചോണ്ട് നിന്ന കൊരങ്ങൻ തലയിൽ കൈ വച്ചു. വേറൊന്നും അല്ല വീണപ്പോ നൈസ് ആയി എന്റെ തല നിലത്തു തട്ടി ചെറുതായി ചോര പൊടിഞ്ഞു. അംനൂ എന്നും വിളിച്ചു അമാനിക്ക എന്റെ അടുത്തേക്ക് ഓടി വന്നു. അപ്പോളാ ബാക്കിയുള്ളവരും എന്നെ നോക്കിയേ.

ചോര കണ്ടതും എല്ലാ എണ്ണവും ഓടി എന്റെ അടുത്തെത്തി.

''എവിടെ നോക്കിയാടീ നടക്കുന്നെ.'' ഫജൂക്ക.

"അഫീ പോയി ഐസ് എടുത്തിട്ട് വാ." അമാനിക്ക.

''നിനക്കെന്താ കണ്ണ് കാണുന്നില്ലേ.'' ഷമീർക്ക.

''എന്താ മോളെ നോക്കി നടക്കണ്ടേ, ഇപ്പോ കണ്ടാ ചോര വന്നത്. വേദനയുണ്ടോ..'' നിച്ചൂക്ക കണ്ണ് നിറച്ചു ചോദിച്ചു. എനിക്ക് അമീർക്കയെ പോലെ തന്നെ ആരുന്നു നിച്ചൂക്കയും.

''നിങ്ങളൊക്കെ സംസാരിക്കാതിരുന്നപ്പോ ഉണ്ടായ അത്ര വേദന ഒന്നും ഇല്ല.'' ഞാൻ മുഖം തിരിച്ചോണ്ടു പറഞ്ഞു.

''അത് പിന്നെ ഇത്ര നാളും ഞങ്ങളെ ഓർക്കാതെ ഇരുന്നതിനു ഞങ്ങള് ഇത്രയെങ്കിലും ചെയ്യണ്ടേ.'' ഷമീർക്ക

''വാ എണീക്കു.'' എന്നും പറഞ്ഞു എല്ലാരും കൂടി എന്നെ എണീപ്പിച്ചു.

''എന്നാലും നോക്കി നടന്നൂടെ മോളെ..'' നിച്ചൂക്ക.

''ഞാൻ നോക്കിയാ നടന്നേ, ദേ ഈ അക്കൂക്ക എന്നെ കാലു വച്ചു വീഴിച്ചതാ." ഞാൻ അക്കൂക്കാനേ നോക്കി പറഞ്ഞു.

''ടീ പിശാശ്ശെ, പോട്ടെ ഇക്കാക്കമാരുമായി ശരിയായിക്കോട്ടെ എന്നും കരുതി ഒരു ഹെല്പ് ചെയ്തപ്പോ, നീ എനിക്കിട്ടു തന്നെ പാര വെക്കുന്നോ.'' അക്കൂക്ക കലിപ്പോടെ എന്റെ നേരെ വന്നു.

''അതിനു വീഴിക്കുകയാണോ ചെയ്യണ്ടേ.'' എന്നും പറഞ്ഞു ഇച്ചുക്കയും ഫജൂക്കയും അഫിക്കയും കൂടി അക്കൂക്കാനേ പഞ്ഞിക്കിടാൻ തുടങ്ങി.

അമാനിക്കയും നിച്ചൂക്കയും കൂടി എന്നെ അകത്തേക്ക് നടത്തിച്ചു..

''നിനക്ക് ഞാൻ വെച്ചിട്ടുണ്ടെടീ. ഉമ്മാ എന്റെ നടൂ.'' അക്കൂക്ക.

''അള്ളാഹ് ഉമ്മാ ഉപ്പാപ്പാ ഉമ്മാമ്മാ ഓടി ബാ.. എല്ലാരും കൂടി ഇന്റുപ്പാനെ കൊല്ലുന്നേ..'' പാത്തുവാണ്

''അയ്യോ മതി ഇക്കാക്കാസ് ഇനി വിട്ടേക്ക് പാവല്ലേ.'' ഞാൻ ഇളിച്ചോണ്ടു പറഞ്ഞു

''ആ ഇപ്പൊ അങ്ങനെ പറഞ്ഞോ, നിനക്ക് ഞാൻ താരാടീ. എന്നെ എല്ലാരും കൂടി തല്ലിക്കൊല്ലാനാക്കി.'' അക്കൂക്ക പറഞ്ഞു.

''ഇപ്പൊ ഇത്രേ ആയുള്ളൂ മോനെ, ഇതറിഞ്ഞാൽ നിനക്ക് നിന്റെ അളിയന്റെ കയ്യിൽ നിന്നും കിട്ടുന്നത് ഒന്ന് ആലോചിച്ചു നോക്ക് മോനെ. നേരത്തെ പറഞ്ഞതൊക്കെ മറന്നോ.'' അഫിക്ക ചിരിച്ചോണ്ട് പറഞ്ഞതും അക്കൂക്ക എന്റെ നേരെ കൈകൂപ്പി.

''പൊന്നു മോളെ, ആ കലിപ്പനെ താങ്ങാനുള്ള ശേഷി എനിക്കില്ല. അന്ന് ഷെസിനു കൊടുക്കുമ്പോ ഞാൻ കണ്ടതാ അവന്റെ കലി. ഒരു മാതിരി ആന കരിമ്പുംകാട്ടിൽ കേറിയ പോലെ.'' അക്കൂക്ക പറഞ്ഞതും എല്ലാരും ചിരിച്ചു.

അമാനിക്ക ഇക്കാക്കമാരോടൊക്കെ എല്ലാം പറഞ്ഞിട്ടുണ്ട്. അവരുടെ ബീവിമാർക്കും അറിയാം, പക്ഷെ ഉപ്പാക്കും ഉമ്മക്കുമൊന്നും ഷെസിനെ പിന്നെ കണ്ടതൊന്നും അറിയില്ല. ആകെ അവൻ എന്നോട് ചെയ്ത കാര്യങ്ങളെ അറിയൂ.

ഞാൻ മെല്ലെ അകത്തേക്ക് പോയതും എല്ലാരും എത്തി എന്താ പറ്റിയത് എന്നും ചോദിച്ചു. ഞാൻ സ്ലിപ്പായി വീണതാണെന്നു പറഞ്ഞു. ഇനിയും തല്ലു വാങ്ങാനുള്ള ശേഷി എന്റെ അക്കൂക്കാക്കില്ല.

മരുന്ന് വച്ചു ബാൻഡ്ഐടും ഒട്ടിച്ചു ഞാൻ ഫുടൊക്കെ കഴിച്ചു. പിന്നെ യാത്രാ ക്ഷീണം കാരണം ഒന്ന് ഉറങ്ങി. എണീച്ചപ്പോ അരികുത്തൽ വേണ്ടി എല്ലാരും എത്തിയിരുന്നു. ഫ്രഷ് ആയി ഒരു ബ്ലാക് ചുരിദാർ എടുത്തിട്ടു.

ഷാദ് ഇല്ലാത്ത കാരണം വലുതായി ഒരുങ്ങാനൊന്നും തോന്നിയില്ല. താഴെ എത്തിയപ്പോ എല്ലാരും എന്നെ നോക്കുന്നുണ്. ചിലാരൊക്കെ അടക്കം പറയുന്നു. ഭർത്താവ് ഇട്ടു പോയ കുട്ടിയല്ലേ എന്നൊക്കെ പറയുന്നുണ്ട്. ഞാൻ എല്ലാം ഒരു ചെവിയിലൂടെ കേട്ട് മറ്റേ ചെവിയിലൂടെ വിട്ടു.

ഷാദ് വന്നു നാട്ടിൽ വച്ചു ഒന്നൂടി നിക്കാഹ് കഴിച്ചിട്ട് എല്ലാരോടും എന്റെ നിക്കാഹ് കഴിഞ്ഞത് പറഞ്ഞാ മതി എന്ന് ഉപ്പാപ്പയാണ് പറഞ്ഞത്. ഞാനും ഓക്കേ പറഞ്ഞു. കൂടാതെ അവന്റെ ഫാമിലിയെ കല്യാണത്തിനും വിളിച്ചിട്ടുണ്ട്.

''ആഹ് നീ എന്താ ഇങ്ങനത്തെ ഡ്രസ്സ് ഇട്ടേ.'' ഷാനയാണ്, പിന്നാലെ ഷീനയും വന്നു. രണ്ടാളും പാർട്ടി വെയർ ആണ് ഇട്ടിട്ടുള്ളത്. അതും തിളങ്ങി മറിയുന്നത്. കണ്ടിട്ട് തന്നെ കണ്ണടിച്ചു പോവുന്ന പോലെ ഉണ്ട്.

''എനിക്ക് ഇതാ ഇഷ്ട്ടം.'' ഞാൻ പറഞ്ഞു.

''ആ ശരിയാ നിങ്ങളെ പോലുള്ളവർ ഇതുപോലെ ഡള്ളായിട്ടുള്ള ഡ്രസ്സ് ഇടുന്നതാ നല്ലതു.'' ഷീന പറഞ്ഞു.

''അതെ അതികം ആൾക്കാരെ ഇടയിലൊന്നും പോണ്ട, ഓരോന്ന് പറയും.'' ഷാന. ഞാനൊന്നും മൈൻഡ് ചെയ്തില്ല. ഒരു പുഞ്ചിരി സമ്മാനിച്ചു നടന്നു.

അന്നത്തെ ദിവസം അങ്ങനൊക്കെ കഴിഞ്ഞു പോയി. രാത്രി ഞാൻ ഉപ്പാന്റെയും ഉമ്മന്റേയും കൂടെ ആണ് കിടന്നതു. അത് കൊണ്ട് തന്നെ ഷാദിനു വാട്സാപ്പിൽ മെസ്സേജ് അയക്കലെ നടന്നുള്ളു. അവന്റെ മെസ്സേജ് ഒക്കെ വായിച്ചിട്ടു എന്റെ ചുണ്ടിൽ അറിയാതെ ചിരി വന്നു. അത് കണ്ടു ഉപ്പയും ഉമ്മയും ആക്കിച്ചിരിക്കുന്നുണ്ടായിരുന്നു. പിന്നെ അവരേം കെട്ടിപ്പിച്ചു ഉറങ്ങിപ്പോയി.

പിറ്റേന്ന് രാവിലെ എണീറ്റപ്പോ തൊട്ടു ഇക്കാക്കമാരോട് തല്ലു പിടിക്കാണ്. അവരും വർഷങ്ങൾക്കു ശേഷം ഹാപ്പി ആയെന്നു അയ്ഷമ്മായിയും ഷംന ഇളയുമ്മയുമൊക്കെ പറയുന്നുണ്ട്. ഉച്ചയ്ക്ക് എല്ലാരും വരാൻ തുടങ്ങി. ഇന്നാണ് മഞ്ഞൾ കല്യാണം. ഞാൻ ചിരിച്ചു കളിക്കുന്നതൊക്കെ കണ്ടു ചില കുടുംബക്കാരുടെയൊക്കെ മുഖം കറുക്കുന്നുണ്ട്.

ഈ പെണ്ണെന്താ ഇങ്ങനെ. ഇവളെ ഭർത്താവല്ലേ ഇവളെ ഉപേക്ഷിച്ചേ, എന്നിട്ടു എന്തെങ്കിലും ഉണ്ടോന്നു നോക്കിയേ ആ പെണ്ണിന്. വെറുതെയല്ല ഇവളെ അവൻ ഇട്ടിട്ടു പോയെ. അങ്ങനെ പല കമ്മെന്റ്സും ഞാൻ കേട്ട്. ഒന്നും മൈൻഡ് ചെയ്തില്ല. ഇക്കാക്കാസ് അവരോടു മറുപടി പറയാൻ പോയതും ഞാൻ പിടിച്ചു വച്ചു. വേണ്ട എന്ന് കണ്ണ് കൊണ്ട് കാണിച്ചു.

അപ്പോഴാണ് കേൻസ വന്നു ശാമിക്കയും സനയുമൊക്കെ വന്നെന്നു പറഞ്ഞെ. വേഗം അവരെ കാണാൻ ഓടിയതും ആരുമായോ കൂട്ടിമുട്ടി. മുന്നിലേക്ക് നോക്കിയപ്പോ ആളെ കണ്ടു എന്റെ കണ്ണ് തള്ളിപ്പോയി. അയാൾ എന്നെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു......കാത്തിരിക്കൂ.........

 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story