ഡിവോയ്‌സി: ഭാഗം 63

divoysi

രചന: റിഷാന നഫ്‌സൽ

''നാഷിദ്..'' ഇവനെന്താണാവോ ഇവിടെ.

''ഹായ് അംന, താനെന്താ ഇവിടെ.'' നാഷി. എന്റെ വീട്ടിൽ വന്നിട്ട് ഞാൻ എന്താ ഇവിടെ എന്ന്.

''നിനക്കീ കുട്ടിയെ അറിയോ..'' പിന്നാലെ വന്ന ഒരു വയസ്സായ സ്ത്രീ ചോദിച്ചു. വയസ്സ് പ്രായത്തിലെ ഉള്ളൂ, ഡ്രസിങ് ഒക്കെ അടിപൊളി ആണ്. ഒരു പത്തറുപത് വയസ്സ് കാണും. പക്ഷെ വേഷം ചുരിദാർ ആണ്. കണ്ടാൽ തന്നെ പൊങ്ങച്ചം എന്ന് അക്ഷരം തെറ്റാതെ വിളിക്കാം.

''ആഹ് ഉമ്മാ ഇന്ന് എന്റെ കൂടെ ഫ്ലയിറ്റിൽ ഉണ്ടായിരുന്ന കുട്ടിയാ..'' അവൻ പറഞ്ഞ കേട്ട് അവരെന്നെ അടിമുടി സ്‌കാൻ ചെയ്‌തു പുച്ഛത്തോടെ ഒന്ന് ചിരിച്ചു. ഞാനൊരു പുഞ്ചിരി തിരിച്ചു കൊടുത്തു.

''ഇവിടെ എങ്ങനെ..'' നാഷിന്റെ ഉമ്മ ചോദിച്ചു.

''ഇതെന്റെ മോളാ.'' നോക്കിയപ്പോ എന്റെ ഉമ്മ ആണ്.

''ഓ ആ ഭർത്താവ് ഇട്ടിട്ടു പോയ കുട്ടി ആണോ.'' അത് കേട്ടപ്പോ അവരെ എടുത്തെറിയാൻ തോന്നിയെങ്കിലും പ്രായത്തെ വിചാരിച്ചു ഞാൻ ഒന്നും മിണ്ടിയില്ല. പറഞ്ഞു കൊടുക്കണമെന്ന് തോന്നിയിരുന്നു ഭർത്താവ് എന്നെ അല്ല ആ തെണ്ടിയെ ഞാൻ ആണ് വേണ്ടാന്നു വച്ചതു.

''മോളെ ഇത് ഷാനന്റെയും ഷീനാന്റേം {ഭർത്താവിന്റെ] ഉമ്മയാണ്. ഇത് അവരെ അനിയൻ.'' ഞാൻ അവരെ നോക്കി ഒന്ന് ചിരിച്ചു കൊടുത്തു. ആ കൊരങ്ങൻ ആണെങ്കിൽ നോക്കി ചിരിക്കുന്നുണ്ട്. ഞാൻ മൈൻഡ് ചെയ്യാതെ പോവാൻ നിന്നതും ഒരു ചോദ്യം കേട്ട് തിരിഞ്ഞു.

''ടീ കാന്താരി ഞങ്ങളെ കാണാതെ പോവാണോ.'' നോക്കിയപ്പോ ശാമിക്ക. ഓടിപ്പോയി ഇക്കാനെയും സനയെയും കെട്ടിപ്പിടിച്ചു, സാഷക്കുട്ടിയെ കയ്യിലെടുത്തു ഉമ്മ വച്ചു.

അവരോടു സംസാരിച്ചോണ്ടു ഞാൻ അകത്തേക്ക് നടക്കുമ്പോ കണ്ടു എന്നെ ദേഷ്യത്തോടെ നോക്കുന്ന നാഷിയെയും അവന്റെ ഉമ്മയെയും. ഞാൻ ശാമിക്കാനെ കെട്ടിപ്പിടിച്ചതോ സംസാരിച്ചതോ ഇഷ്ടമായിട്ടില്ല എന്ന് ആ മുഖത്തുണ്ട്. ഞാൻ അതൊന്നും മൈൻഡ് ചെയ്തില്ല.

''മോളെ അവിടൊരുത്തൻ കയറു പൊട്ടിക്കുന്നുണ്ട്.. പാവം ആ പാസ്പോര്ട്ട് ഓഫീസറെ ഇനി വിളിക്കാൻ തെറി ഒന്നും ബാക്കിയില്ല. അയാൾ അറബി ആയോണ്ട് ഒന്നും മനസ്സിലായില്ല. നല്ല പച്ചത്തെറി കേട്ടിട്ട് അയാള് പറയാ ശുക്രൻ എന്ന്.'' ഞങ്ങളെല്ലാവരും ചിരിച്ചു.

''നൂനു നിന്റെ ഫോൺ എവിടെയാ. കുറെ നേരമായി വിളിക്കുന്നു പോലും.'' എന്നും പറഞ്ഞു അക്കൂക്ക എനിക്ക് ഫോൺ തന്നു.

''ഹലോ...'' എന്ന് ഞാൻ പറഞ്ഞതും ഇടി പൊട്ടിയ പോലെ തോന്നി.

''ഏതു അടുപ്പിൽ പോയി കിടക്കുവായിരുന്നെടീ. എത്ര നേരമായി വിളിക്കുന്നു. അതോ എല്ലാരേയും കിട്ടിയപ്പോ നമ്മളെ വേണ്ടാതായോ..'' ഷാദ് ആണെന്ന് മനസ്സിലാക്കാൻ കൂടുതൽ ഒന്നും വേണ്ടല്ലോ.

''ദേ വേണ്ടാത്ത പറഞ്ഞാലുണ്ടല്ലോ.. ഫോൺ പിള്ളേര് ഗെയിം കളിച്ചു ചാർജ് തീർന്നു. അത് കുത്തി വച്ചിട്ടാ ഞാൻ വന്നേ. അതോണ്ട് കേട്ടില്ല. ഇങ്ങനെ ദേഷ്യം പിടിക്കാൻ ആണെങ്കിൽ വിളിക്കണ്ട പോ. അല്ലെങ്കിലും എന്നെയൊക്കെ ആർക്കാ ഇഷ്ട്ടം.'' ആദ്യം ദേഷ്യത്തിൽ തുടങ്ങി സെന്റിയിൽ അവസാനിപ്പിച്ചു.

'''പിന്നെന്തിനാ മുത്തേ ചേട്ടൻ ജീവിച്ചിരിക്കുന്നെ.'' തിരിഞ്ഞു നോക്കിയപ്പോ അഫിക്ക. അത് കേട്ട് ശാമിക്കയും സനയുമൊക്കെ ചിരിക്കാൻ തുടങ്ങി. ഞാൻ എല്ലാരേം കണ്ണുരുട്ടി കാട്ടിയിട്ടു അവിടുന്ന് മാറി നിന്നു.

''അച്ചോടാ എന്റെ മുത്ത് പിണങ്ങിയോ.. ഞാൻ നിന്നെ കിട്ടാത്ത വിഷമത്തിൽ പറഞ്ഞതല്ലേ. പിന്നെ നീ ഇന്നലെ ഞാൻ ചോദിച്ചത് തന്നും ഇല്ലല്ലോ..'' ഷാദ് പരിഭവത്തോടെ പറഞ്ഞു.

''അത് പിന്നെ എനിക്ക് ഈ ഫോണിൽ തരുന്നതൊന്നും ഇഷ്ടമല്ല. നേരിട്ടാണെങ്കിൽ ഇപ്പൊ തന്നേനെ.'' ഞാൻ പറഞ്ഞു.

''ഉറപ്പാണോ..'' ഷാദ് ചോദിച്ചു.''

''പിന്നെ.. ഇപ്പൊ വന്നാൽ തരാം.'' ഞാൻ പറഞ്ഞു.

''എന്ന എന്റെ പൊന്നുമോളൊന്നു തിരിഞ്ഞു നോക്കിയേ.'' അപ്പൊ തന്നെ ആരോ എന്റെ തോളിൽ കൈ വച്ചു. റബ്ബേ പണി പാളിയോ. ഈ കൊരങ്ങൻ നാട്ടിലെത്തിയോ. പെട്ടല്ലോ അല്ലാഹ്. പേടിച്ചിട്ടു തിരിയാൻ പോയിട്ട് അനങ്ങാൻ പറ്റിയില്ല.

''അത് പിന്നെ.. ഞാൻ ഒരു തമാശ പറഞ്ഞതല്ലേ..'' ഞാൻ പറഞ്ഞു.

''ആണോ.. ഞാൻ കരുതി കോമഡി പറഞ്ഞതാണെന്ന്. എന്റെ മുത്ത് ഇങ്ങനെ വിറക്കണ്ടാട്ടൊ. ഞാനും തമാശ പറഞ്ഞതാ.'' അപ്പൊ തന്നെ ഞാൻ തിരിഞ്ഞു നോക്കിയപ്പോ തോളിൽ കൈ വച്ചതു മിച്ചൂത്തയായിരുന്നു. മുപ്പത്തി പൊരിഞ്ഞ ചിരിയാണ് എന്റെ സംസാരം കേട്ടിട്ട്. ഞാൻ കണ്ണുരുട്ടി പേടിപ്പിച്ചു.

''അവിടെ ഫങ്ക്ഷന് തുടങ്ങാൻ ആയി.''. എന്നും പറഞ്ഞു മിച്ചൂത്ത പോയി.

''ആഹ് എന്നാ എന്റെ മുത്ത് വിട്ടോ. നല്ലോണം എന്ജോയ് ചെയ്യണം കേട്ടോ. എപ്പോളും ഹാപ്പി ആയി ഇരിക്കണം.'' ഷാദ് പറഞ്ഞു.

''ഹ്മ്മ്.. മിസ് യൂ. '' ഞാൻ പറഞ്ഞു.

''മിസ് യൂ ടൂ.. ആൻഡ് ഐ ലവ് യൂ. മ്മാ'' ഷാദ്.

''ലവ് യൂ ടൂ...'' എന്നും പറഞ്ഞു ഞാൻ വേഗം ഫോൺ വച്ചു. ഇല്ലെങ്കിൽ ഡ്രാക്കുള ഇന്നലത്തെ പോലെ ഉമ്മ ചോദിച്ചു ചോര കുടിക്കും.

ഞാൻ വേഗം റെഡി ആയി എല്ലാരുടെ അടുത്തേക്കും പോയി. ഇന്ന് എല്ലാരും മഞ്ഞ കളറുള്ള ഡ്രസ്സ് ആണ്. ഞാനൊരു മഞ്ഞ ടോപ്പും ജീനും ഇട്ടു. യെല്ലോ സ്കാർഫും ഇട്ടു. താഴേക്ക് പോയപ്പോ എല്ലാടത്തും മഞ്ഞ മയം. ചെറിയ പൊടി പിള്ളേർ തൊട്ടു ഉപ്പാപ്പ വരെ മഞ്ഞ കളർ ആണ്.

ഷാഫിയെയും റാഫിയെയും പിടിച്ചു അവിടെ സെറ്റ് ചെയ്ത സ്റ്റേജിൽ ഇരുത്തി. പിന്നെ ഓരോരുത്തരായി വന്നു അവർക്കു മഞ്ഞൾ തേച്ചു കൊടുക്കാൻ തുടങ്ങി. ആദ്യം മുതിർന്നവർ തേച്ചു കൊടുത്തു. പിന്നെ ഇക്കാക്കാസും അവരെ ബീവിമാരും ഒരുമിച്ചു പോയി മഞ്ഞൾ തേച്ചു കൊടുത്തു.

അടുത്തതായി എന്നോട് പോവാൻ പറഞ്ഞതും ഷാനയും ഷീനയും എണീറ്റ് പോയി. അവരെ കെട്ടിയോന്മാർ എന്തോ ടൂറിൽ ആണെന്നാ പറഞ്ഞത്. അല്ലെങ്കിലും അവർ വീട്ടിലെ ഒരു ഫങ്ക്ഷനും വരാറില്ല പോലും. ഉമ്മ ഒറ്റയ്ക്ക് വരേണ്ടത് കാരണം ആണ് നാശി കൂടെ വന്നിട്ടുള്ളതു.

അവര് പോയി കഴിഞ്ഞതും ഞാൻ എണീറ്റ് പോയി റാഫിക്കും ഷാഫിക്കും മഞ്ഞൾ തേച്ചു കൊടുത്തു. എന്തോ ഷാദിനെ അന്നേരം നല്ലോണം മിസ് ചെയ്തു. 

''കെട്ടിയോനെ പിണക്കാതിരുന്നെങ്കിൽ ഇന്നിങ്ങനെ ഒറ്റയ്ക്ക് നിക്കേണ്ടി വരുമോ.'' ആരോ പിന്നിൽ നിന്നും പറഞ്ഞതും അവിടെ കുടുംബക്കാരുടെ വക ഒരു കൂട്ടച്ചിരി ഉയർന്നു.

''അല്ലെങ്കിലും ഇങ്ങനെ ബന്ധം പിരിഞ്ഞവരൊന്നും ഇതുപോലെ നല്ല കാര്യങ്ങൾക്കൊന്നും വരരുത്.'' അതൊക്കെ കേട്ടപ്പോ എന്തോ സങ്കടം തോന്നി.

അവിടുന്ന് എണീക്കാൻ പോയതും റാഫി എന്റെ കയ്യിൽ പിടിച്ചു. 

''ഞങ്ങളെ പെങ്ങൾക്ക് കൂടാൻ പറ്റാത്ത ഫങ്ക്ഷന് ഒന്നും ഞങ്ങൾക്ക് വേണ്ട.'' റാഫി.

''അഥവാ ഇവളുള്ളത് കൊണ്ട് ആർക്കേലും പ്രശനം ഉണ്ടെങ്കിൽ അവർക്കു ഇവിടുന്നു പോവാം. നിങ്ങള് ഞങ്ങളെ കല്യാണം കൂടണമെന്നു ഞങ്ങൾക്ക് ഒരു നിര്ബന്ധവും ഇല്ല.'' ഷാഫി 

''മിണ്ടാതിരുന്നേ, വെറുതെ പ്രശ്നം ആകല്ലേ.'' ഞാൻ പറഞ്ഞു.

''ഇല്ലെങ്കി നീ എന്ത് ചെയ്യുമെടീ അമ്മിക്കുട്ടീ..'' എന്നും പറഞ്ഞു റാഫി മഞ്ഞൾ എടുത്തു എന്റെ മേലെ ആക്കി. എനിക്ക് ദേഷ്യം വന്നു മഞ്ഞൾ എടുത്തു അവന്റെ മേലെ ആക്കി. പിന്നൊരു കളി തന്നെ ആയിരുന്നു. അങ്ങോട്ടും ഇങ്ങോട്ടും മഞ്ഞൾ എറിയാൻ ഇക്കാക്കാസും അവരെ ബീവിമാരും എത്തി. ഷാനയും ഷീനയും അവരെ അമ്മായിയമ്മയുടെ അടുത്ത് ഇരുന്നു ഞങ്ങളെ കളി കണ്ടു പുച്ഛിക്കുന്നുണ്ടായിരുന്നു.

ഞങ്ങൾ അതൊന്നും മൈൻഡ് ആകാതെ അടിച്ചു പൊളിച്ചു. എനിക്കപ്പോ സച്ചുവേട്ടന്റെ ഹൽദി ആണ് ഓർമ്മ വന്നേ ഷാദിനെ വല്ലാതെ മിസ് ചെയ്തു. പെട്ടെന്നാണ് പിന്നിൽ നിന്നും ആരോ എന്റെ അരയിലൂടെ കയ്യിട്ടു എന്നെ ചേർത്ത് പിടിച്ചത്. കുറെ ആൾകാറുള്ളത് കാരണം ആരും എന്നെ ശ്രദ്ധിക്കുന്നില്ല. പിന്നെ അയാളുടെ കവിളിലെ മഞ്ഞൾ എന്റെ മുഖത്ത് ആക്കി. ആ താടി കവിളിൽ ഉരഞ്ഞപ്പോ ശരിക്കും വേദനയായി.

ഒരു നിമിഷം ഞാൻ ഷോക്കടിച്ച പോലെ നിന്നു. പിന്നെ  ഷാദ് എന്നും വിളിച്ചു തിരിഞ്ഞു നോക്കിയപ്പോ ആരും ഇല്ല. നിന്ന് കൊണ്ടും സ്വപ്നം കാണാൻ തുടങ്ങി എന്നോർത്ത് സ്വയം തലയിൽ ഒന്ന് മുട്ടി.

ഉപ്പയും മൂത്താപ്പയും വന്നു ചെവി പിടിച്ചപ്പോ എല്ലാരും പോയി കുളിച്ചു ഡ്രസ്സ് ഒക്കെ മാറി റെഡി ആയി വന്നു. അപ്പൊ ദേ എല്ലാർക്കും മൈലാഞ്ചി ഇടണം. നാളെ ഇടാമെന്നു പറഞ്ഞപ്പോ ശരിയാവില്ല പോലും. മൈലാഞ്ചി ഇട്ടു ഇരുന്നാൽ മൈലാഞ്ചി കല്യാണം ആഘോഷിക്കാൻ പറ്റില്ലാന്ന്. അപ്പൊ എല്ലാര്ക്കും മൈലാഞ്ചി ഇട്ടു കൊടുക്കാൻ ഇരുന്നു. ഞാനും കേൻസയും മിച്ചൂത്തയുമാണ് ഇടുന്നെ. കുട്ടിപട്ടാളങ്ങൾക്കൊക്കെ ഇട്ടു കഴിഞ്ഞപ്പോ ഒരു വക ആയി.

എനിക്ക് ഒരു കയ്യിൽ അഫിക്കയും മറ്റേ കയ്യിൽ മിച്ചൂത്തയാണ് ഇട്ടു തന്നെ. ആഫിക്ക നന്നായി മെഹിന്ദി ഇടും. പിന്നെ എല്ലാരും ഒരുമിച്ചു ഫുഡ് കഴിക്കാൻ ഇരുന്നു. അപ്പൊ ഇക്കാക്കാസ് അവരെ വൈഫിനോക്കെ വാരി കൊടുക്കാ. എനിക്കപ്പോ ഷാദ് എനിക്ക് വാരി തന്നത് ഓർമ്മ വന്നു.. ഞാൻ ഫുഡും നോക്കി ഇരുന്നപ്പോ അമാനിക്ക വന്നു എനിക്ക് വാരിത്തന്നു. പിന്നെ ബാക്കി ഇക്കാക്കാസും വാരി തന്നു.

''മര്യാദക്ക് ജീവിച്ചിരുന്നേൽ ഇപ്പൊ കെട്ടിയോൻ വാരിതന്നെന്നെ.'' ഷാനയാണ്. കൂടെ ചിരിക്കാൻ ഷീനയും. അവളെ അമ്മായിയമ്മ നാളെ വരാമെന്നു പറഞ്ഞു നേരത്തെ പോയിരുന്നു. അവർക്കു ഞങ്ങൾ മഞ്ഞൾ കൊണ്ട് കളിച്ചതൊന്നും ഇഷ്ടായിട്ടില്ല. പോവുമ്പോ ആ നാശി എന്നെ നോക്കി പുഞ്ചിരിച്ചിട്ടു പോട്ടെ എന്ന് ചോദിച്ചു. വലിയ ചിലവില്ലാത്ത കാര്യം ആയതു കൊണ്ട് ഞാനും ഒരു പുഞ്ചിരി തിരിച്ചു കൊടുത്തു.

''എന്നിട്ടു നിങ്ങളെ കെട്ടിയോന്മാർ എവിടെ..'' ചോദിച്ചത് സനയാണ്. അത് കേട്ടതും എല്ലാരും ചിരിച്ചു. അപ്പൊ അവര് മുഖം വീർപ്പിച്ചു പോയി.

കുറച്ചു ഗസ്റ്റ് ഉള്ളോണ്ട് ഇന്ന് ഇക്കാക്കാസൊക്കെ ഒരുമിച്ചാണ്. അപ്പൊ ഞാനും സനയും നമ്മളെ ബാക്കി ഇത്താത്താസും ഒരുമിച്ചു കിടന്നു. ഈ രണ്ടു ദിവസവും അമീർക്കയും ആലിത്തയും വന്നില്ല. വിളിച്ചപ്പോ മക്കൾക്ക് സുഖമില്ല പറഞ്ഞു.

രാവിലെ എണീറ്റപ്പോ കയ്യിലേക്കാണ് ആദ്യം നോക്കിയത്. ഇന്നലെ എല്ലാരും പറഞ്ഞിരുന്നു കൈ എത്രത്തോളം ചുവക്കുന്നോ അത്രയും കൂടുതൽ നമ്മളെ കെട്ടിയോന്മാർ നമ്മളെ സ്നേഹിക്കുമെന്നു. ഞാൻ നോക്കിയപ്പോ എന്റെ കൈ നന്നായിട്ടു ചുവന്നിട്ടുണ്ട്. അതിൽ ഷാദ് എന്ന് എഴുതിയതിനു കൂടുതൽ തിളക്കമുള്ള പോലെ തോന്നി. 

അപ്പൊ തന്നെ ഫോട്ടോ എടുത്തു അയച്ചു കൊടുത്തു. കുറെ ലവ് കിസ്സിങ് സ്മൈലി റിപ്ലൈ കിട്ടി. പിന്നെ കാൾ ചെയ്തപ്പോ ആള് ഇച്ചിരി ബിസി ആണ് കുറച്ചു കഴിഞ്ഞു വിളിക്കാമെന്ന് പറഞ്ഞു അപ്പൊ തന്നെ കട്ട് ചെയ്തു.. സങ്കടം തോന്നിയെങ്കിലും വേഗം റെഡി ആയി.

താഴേക്ക് പോയപ്പോ ആൾക്കാർ എത്താൻ തുടങ്ങീട്ടുണ്ട്. കാരണം ഇന്നാണ് റാഫിയുടെയും ശാഫിയുടെയും നികാഹ്. നാളെ ഓഡിറ്റോറിയത്തിൽ വച്ച് രണ്ടു വീട്ടുകാരും കൂടി റിസെപ്ഷൻ. ഞാൻ ഒരു ഗ്രീൻ ചുരിദാർ ആണ് ഇട്ടതു. ശരിക്കും ഉമ്മ തന്നത് ഒരു പിങ്ക് ഗൗൺ ആണ്. അത് ഷാദിന്റെ ഫേവറിറ്റ് കളർ ആയോണ്ട് ഇടാൻ ഒരു മടി. 

താഴെ എത്തിയപ്പോ എല്ലാരും ചീത്ത പറഞ്ഞു അതിടാതെ ഇത്ര സിംപിളായതു ഇട്ടതിനു. അപ്പൊ ദേ വരുന്നു ഷാനയും ഷീനയും. രണ്ടാളും ഗൗൺ ആണ് വേഷം. കൂടെ അവരെ അമ്മായിയമ്മയും ആ കോഴി നാഷിയും ഉണ്ട്. 

''അതെ മുഖവുരയില്ലാതെ കാര്യം പറയാം. എന്റെ മോന് ഇവളെ ഇഷ്ട്ടായി. നിങ്ങക്കറിയാലോ ഇവന്റെ ഡിവോയ്‌സ്‌ അടുത്ത് തന്നെ ഉണ്ടാവും. അപ്പൊ നമുക്ക് കല്യാണം നടത്താം. ഇപ്പൊ എങ്ങങേമെന്റ്റ് നടത്തി വെക്കാം. എന്ത് പറയുന്നു.'' നാഷിന്റെ ഉമ്മ എന്റെ ഉപ്പാനോട് പറഞ്ഞു.

ഉപ്പ ബ ബ ബ അടിക്കാൻ തുടങ്ങി. എന്റെ കല്യാണക്കാര്യം നാളെ ഷാദിന്റെ വീട്ടുകാർ വന്നാൽ എല്ലാരോടും പറയാൻ ഇരിക്കുവായിരുന്നു.

''അതെ ഇവളെ കല്യാണം ഉറപ്പിച്ചു. നാളെ ഞാൻ എല്ലാരോടും പറയാൻ ഇരിക്കുവായിരുന്നു.'' ഉപ്പ പറഞ്ഞു.

''അത് കുഴപ്പമില്ല, നിങ്ങള് വേണ്ടാന്നു പറഞ്ഞാ പോരെ.'' അവര് പറഞ്ഞു. എനിക്ക് ദേഷ്യം വന്നെങ്കിലും ഒന്നും പറഞ്ഞില്ല.

''അത് നോക്കാം ഇപ്പൊ നിക്കാഹിനു പോണ്ട സമയം ആയി.'' എന്നും പറഞ്ഞു ഉപ്പ സ്കൂട്ടായി. ബാക്കിയുള്ളവരൊക്കെ നിക്കാഹിനു പോവാൻ ഇറങ്ങിയിരുന്നു. ഉപ്പാക്ക് കടുപ്പിച്ചൊന്നും പറയാൻ പറ്റില്ലല്ലോ. ഒന്നുല്ലെങ്കിലും വീട്ടിലെ രണ്ടു പെൺകുട്ടികളുടെ ഭർത്താവിന്റെ ഉമ്മയല്ലേ.

ഞാനും മെല്ലെ മുങ്ങാൻ നോക്കി. പക്ഷെ അപ്പോളേക്കും അവരെന്റെ കയ്യിൽ പിടിച്ചിരുന്നു.

''നീ ഒന്നും പറഞ്ഞില്ലല്ലോ. എന്റെ മോന് നിന്നെ ഇഷ്ടമായത് നിന്റെ ഭാഗ്യമാണെന്ന് കൂട്ടിയാൽ മതി. എനിക്കോ എന്റെ മറ്റു വീട്ടുകാർക്കോ ഇതിനു വലിയ താല്പര്യം ഇല്ല. അവനു ഇനിയും കല്യാണം കഴിയാത്ത കുട്ടികളെ കിട്ടും. പക്ഷെ അവനു നിന്നെ ഇഷ്ട്ടായി. അതാ ഞാൻ സമ്മതിച്ചത്.'' നാഷിന്റെ ഉമ്മ പറഞ്ഞു.

''എനിക്ക്..'' എന്ന് പറയുമ്പോളേക്കും അവരെ ഫോൺ അടിച്ചു. ഞാൻ വേഗം അവിടുന്ന് മാറി. എന്റെ ഉമ്മ വന്നു എന്നെ സമാധാനിപ്പിച്ചു.

പിന്നെ ഞാൻ വേഗം ഇത്താത്താസിന്റെ അടുത്തേക്ക് പോയി. കുറെ അവരോടു കത്തി അടിച്ചിരുന്നു. പിന്നെ സാഷയുടെയും പാത്തൂന്റെയും കൂടെ കളിക്കുമ്പോൾ ആണ് നിക്കാഹിനു പോയവർ വന്നു എന്നും പറഞ്ഞു വന്നേ. 

ഞാനും വേഗം താഴേക്ക് പോയപ്പോ ദേ നിക്കുന്നു ആ കുരിശു നാശി മുന്നിൽ കൂടെ അവന്റെ ഉമ്മയും. ഞാൻ ഉപ്പാനെയും ഇക്കാക്കസിനെയും നോക്കി. അവരാണെങ്കി ഞങ്ങളീ നാട്ടുകാരെ അല്ല എന്ന രീതിയിലാ നിക്കുന്നെ.

''ആഹ് നീ എവിടെ ആയിരുന്നു. ഏതായാലും നിങ്ങള് തമ്മിൽ ഒന്ന് സംസാരിക്കു, എന്നിട്ടു ബാക്കി തീരുമാനിക്കാം.'' നാഷിന്റെ ഉമ്മ പറഞ്ഞു.

''അയ്യോ അതൊക്കെ വേണോ. ആദ്യം ഈ കല്യാണമൊക്കെ കഴിയട്ടെ. പിന്നെ ഇവന്റെ ഡിവോയ്‌സ്‌ കഴിഞ്ഞിട്ടില്ലല്ലോ.'' അമാനിക്ക പറഞ്ഞു.

''അതിനെന്താ, കല്യാണം കഴിഞ്ഞോട്ടെ. പിന്നെ ഡിവോയ്‌സോക്കെ പുല്ലു പോലെ കഴിയും.'' നാഷിന്റെ ഉമ്മ പറഞ്ഞു. 

''അല്ല ഞാൻ പറഞ്ഞല്ലോ വേറെ ആളുമായിട്ടു ഉറപ്പിച്ചിരിക്കുവാ.'' ഉപ്പ പറഞ്ഞു.

''അതിനെന്താ, അത് വേണ്ടാന്നു പറഞ്ഞാൽ പോരെ. നമുക്ക് ഇതൊരു പെണ്ണ് കാണൽ പോലെ ആയിക്കോട്ടെ. നീ ഇവനെ റൂമിലേക്ക് കൊണ്ടുപോയി സംസാരിക്കു.'' നാഷിന്റെ ഉമ്മ പറഞ്ഞു.

''അത് പിന്നെ വളച്ചു കെട്ടില്ലാതെ കാര്യം പറയാം. ഇവളെ നികാഹ് ദുബായിൽ വച്ച് കഴിഞ്ഞതാ. അവന്റെയും സെക്കന്റ് മാര്യേജ് ആണ്. നാളെ അവന്റെ ഫാമിലി വരുന്നുണ്ട്, അപ്പൊ എല്ലാരോടും പറയാമെന്നു വിചാരിച്ചതാ.'' ഉപ്പ പറഞ്ഞു.

''ഓ അങ്ങനെ ആണോ. എന്നിട്ടു അവനെവിടെ.'' നാഷിന്റെ ഉമ്മ.

''അവനു ലീവ് കിട്ടിയില്ല. അടുത്ത് തന്നെ വരും.'' ഉപ്പ.

''ലീവ് കിട്ടാത്തതാണോ, അതോ അവനും മതിയായോ.'' നാഷിന്റെ ഉമ്മ പറഞ്ഞതും ഷാനയും ഷീനയും ചിരിക്കാൻ തുടങ്ങി.

''അവൻ ഒരാഴ്ച കൊണ്ട് വരും.'' ഉപ്പ ഒരൽപം കടുപ്പിച്ചു പറഞ്ഞു.

''ഹ്മ്മ് ആയിക്കോട്ടെ, നിക്കാഹാല്ലേ കഴിഞ്ഞുള്ളു. അത് വേണെങ്കി ഒഴിവാക്കാലോ. ഇവൻ ഇവളെ അല്ലാതെ വേറെ കേട്ടില്ല എന്നാ പറയുന്നേ. അതോണ്ട് ഇവരൊന്നു സംസാരിക്കട്ടെ. അവൾക്കും ചിലപ്പോ ഇവനെ മതി എന്ന് തോന്നിയാലോ.'' എനിക്കതു കേട്ടിട്ടു ദേഷ്യം വന്നു. ഇതെന്താ വല്ല കുട്ടിക്കളിയും ആണോ. തോന്നുമ്പോ നിക്കാഹൊക്കെ ഒഴിവാക്കാൻ.

''അത് പിന്നെ..'' ഉപ്പ പറയാൻ പോയതും നാഷിന്റെ ഉമ്മ അവരെ തടഞ്ഞു.

''ഒന്ന് സംസാരിച്ചു വച്ചിട്ട് എന്താവാനാ.'ഇവനേം കൂടി പോയി വാ.'' എന്നെ നോക്കി അവര് പറഞ്ഞു. ഞാൻ ഉപ്പനെയും ഇക്കാക്കാസിനെയും നോക്കി.

''ഹ്മ്മ് പോട്ടെ മോളെ, ഒന്ന് സംസാരിച്ചേക്കു.'' ഞാൻ ഉപ്പാനെ ദയനീയമായി നോക്കി. ഉപ്പ എനിക്ക് കണ്ണടച്ച് കാണിച്ചു.

''ഹ്മ്മ് നിങ്ങക്കതു പറയാം, ഇതെങ്ങാനും ഇവളെ ഡ്രാക്കുള അറിഞ്ഞാലുണ്ടല്ലോ എല്ലാത്തിനെയും നിർത്തി ചോര കുടിക്കും.'' അക്കൂക്ക ഉപ്പാനോട് മെല്ലെ പറഞ്ഞു.

''അതെ അവനെങ്ങാനും അറിഞ്ഞാൽ നാശി എപ്പോ നശിച്ചെന്നു ചോദിച്ചാ മതി.'' അഫിക്ക.

''ഏതായാലും ഒന്ന് സംസാരിക്കട്ടെ.'' എന്നും പറഞ്ഞു ഉപ്പ എന്നെ നോക്കി. എനിക്കാകെ സങ്കടം ആയി.

ഞാൻ എല്ലാരേയും നോക്കീട്ടു മോളിലെ റൂമിലേക്ക് പോയി. റൂമിലെത്തി രണ്ടു മിനിട്ടു കഴിഞ്ഞതും ഡോർ തുറക്കുന്ന സൗണ്ട് കേട്ടു.

''സോറി നാശി, എനിക്ക് നിങ്ങളെ കല്യാണം കഴിക്കാൻ താല്പര്യം ഇല്ല. നിങ്ങളോടിങ്ങനെ സംസാരിക്കാൻ പോലും എനിക്ക് താല്പര്യം ഇല്ല. പിന്നെ നിങ്ങളെ ഉമ്മ നിർബന്ധിച്ചത് കൊണ്ടാണ്. ഈ കല്യാണം ഒരിക്കലും നടക്കില്ല. എന്റെ കല്യാണം കഴിഞ്ഞതാണെന്നു പറഞ്ഞില്ലേ, എന്നിട്ടും ഇങ്ങനൊക്കെ ചിന്തിക്കാൻ എങ്ങനെ തോന്നുന്നു. '' ഞാൻ പറഞ്ഞു.

''കല്യാണം നടക്കില്ല എന്ന് നീ മാത്രം തീരുമാനിച്ചാ മതിയോ.'' എന്നും പറഞ്ഞു അവൻ എന്നെ പിന്നിലൂടെ കേറി പിടിച്ചതും എന്റെ കൈ അവന്റെ കവിളിൽ പതിഞ്ഞതും ഒരുമിച്ചായിരുന്നു.

''ഞാനല്ലാതെ പിന്നെ ആരാ തീരുമാനിക്കേണ്ടത്..'' എന്നും പറഞ്ഞു ഞാൻ അവന്റെ താടിയിൽ പിടിച്ചു വലിച്ചു.

''ആഹ് ടീ വവ്വാലെ.. വിടെടീ വേദനിക്കുന്നു.'' എന്നും പറഞ്ഞു ഷാദ് അലറി. ഞാൻ താടി വിട്ടതും അവനെന്നെ രണ്ടു കൈ കൊണ്ടും ചേർത്ത് പിടിച്ചു.

''ഞാൻ ശെരിക്കും ഷാദിനെ മിസ് ചെയ്‌തു.'' ഞാൻ പറഞ്ഞു. 

''ഞാനും..'' ഷാദ് എന്റെ മുഖം കയ്യിലെടുത്തു നെറ്റിയിൽ ചുണ്ട് ചേർത്തു.

''അല്ല ഇവിടെ എങ്ങനെ എത്തി, ആ കോഴി എവിടെ എന്റെ പിന്നാലെ ഉണ്ടായിരുന്നല്ലോ. അത് പോട്ടെ ഷാദ് എപ്പോളാ എത്തിയെ? സത്യം പറ ഇന്നലെ വന്നില്ലേ, മഞ്ഞൾ കൊണ്ട് അടി കയ്യുന്ന സമയത്തു ഷാദ് അല്ലെ എന്റെ കവിളിൽ ആക്കിയേ.'' ഞാൻ ചോദിച്ചു.

''ടീ പതുക്കെ, ഓരോന്നോരോന്നായി ചോദിക്ക്. ശ്വാസം കിട്ടാതെ ചത്ത് പോവല്ലോ.'' ഷാദ് ചിരിച്ചോണ്ട് പറഞ്ഞു.

''ഒന്ന് പറയുന്നുണ്ടോ..'' ഞാൻ ദേഷ്യത്തോടെ പറഞ്ഞു.

''ഓക്കേ പറയാം, ആ കോഴിയെ എന്റെ അളിയന്മാർ ബ്ളോക് ചെയ്‌തു പൊരിക്കുന്നുണ്ട്. പിന്നെ എന്റെ പാസ്പോര്ട്ട് എമെർജൻസി ആണെന്ന് പറഞ്ഞു രണ്ടു ദിവസം കൊണ്ട് കിട്ടി. ഇന്നലെ ശാമിന്റെ കൂടെ ഞാനും ഉണ്ടായിരുന്നു. നാളെ നിനക്കൊരു സർപ്രൈസ് തരാമെന്ന കരുതിയെ. പക്ഷെ ഇന്നലെ നിങ്ങളെ കളിയൊക്കെ കണ്ടപ്പോ എന്റെ കണ്ട്രോള് വിട്ടു പോയി. അതാ നിന്റടുത്തു വന്നേ. അല്ല നിനക്കെങ്ങനെ മനസ്സിലായി ഞാൻ ആണെന്ന്.'' ഷാദ് എന്നെ ചേർത്ത് പിടിച്ചോണ്ട് ചോദിച്ചു.

''അതോ, നമ്മളതെ ഹാർട്ട് ടൂ ഹാർട്ട് കണക്ഷൻ ആണ്. ഷാദ് അടുത്ത് വരുമ്പോ തന്നെ എന്റെ ഹാർട്ട് സിഗ്‌നൽ പിടിക്കും.'' ഞാൻ കണ്ണിറുക്കി കൊണ്ട് പറഞ്ഞു.

''ആണോ.. എന്നിട്ടാണോ ഏതോ ഒരു കൊന്തനോട് സംസാരിക്കാൻ വന്നേ..'' ഷാദ് ദേഷ്യത്തോടെ ചോദിച്ചു.

''അത് പിന്നെ ഷാദും കണ്ടു കാണുമല്ലോ ആ സ്‌ത്രീയുടെ സ്വഭാവം. ഉപ്പ ഗതിയില്ലാതെ സമ്മതിച്ചതാ. നികാഹ് കഴിഞ്ഞു പറഞ്ഞിട്ടും ഒരു പ്രശ്നവും ഇല്ലാത്ത സ്ത്രീ. വല്ലാത്ത സാധനം തന്നെ. വെറുതെ അല്ല ആ കൊഴിന്റെ ഭാര്യ ഓടി പോവ്വുന്നത്. ഷാനയുടെയും ഷീനയുടെയും സ്വഭാവം അങ്ങനെ ആയതു കൊണ്ട് കുഴപ്പം ഇല്ല.'' ഞാൻ പറഞ്ഞു.

"ഹ്മ്മ് ഞാൻ കണ്ടു."  ഷാദ്.

''അല്ല പിന്നെ ഇന്നലെ എങ്ങനെയാ എന്നോട് സംസാരിച്ച.'' ഞാൻ സംശയത്തോടെ ചോദിച്ചു.

''അത് സച്ചുവാടീ, ഞാൻ സിം അവനെ ഏൽപ്പിച്ചിരുന്നു. നിനക്ക് സംശയം തോന്നാതെ ഇരിക്കാൻ അവനാ ഇന്നലെ സംസാരിച്ച. പിന്നെ നിനക്ക് സൗണ്ട് മനസ്സിലാവാതിരിക്കാൻ ബിസി ആണെന്ന് പറഞ്ഞു വേഗം ഫോൺ വച്ചു എന്നവൻ പറഞ്ഞു. ഏതായാലും ഫോട്ടോസൊക്കെ പൊളിച്ചു. സാധാ ഡ്രെസ്സിലും നിന്നെ കാണാൻ എന്ത് ഭംഗി ആണെന്നോ..'' ഷാദ് പറഞ്ഞു.

''ശെരിക്കും.'' ഞാൻ ചോദിച്ചു.

''അതേടീ..'' എന്നും പറഞ്ഞു എന്റെ അരയിലൂടെ കയ്യിട്ടു അവനോടു ചേർത്തിട്ടു ആ കോന്തൻ അവന്റെ മുഖം എന്റെ മുഖത്തോടു അടുപ്പിക്കാൻ തുടങ്ങി. കുതറി മാറാനൊന്നും നിന്നില്ല, അവന്റെ സാമീപ്യം ഞാൻ കൊതിക്കുന്നുണ്ടായിരുന്നു എന്ന് തോന്നി.

''അത്ര ഭംഗി ഒന്നും ഇല്ല.'' സൗണ്ട് കേട്ട് നോക്കിയപ്പോ നമ്മളെ ഇക്കാക്കാസും അവരെ ബീവിമാരും ഒക്കെ ഹാജരായിട്ടുണ്ട്. 

അപ്പൊ തന്നെ ഞാൻ ഷാദിൽ നിന്നും മാറി നിന്നു. ഷാദ് അവരെ കലിപ്പിൽ നോക്കുന്നുണ്ട്..

''എവിടുന്ന് വന്നു എല്ലാം... നിങ്ങടെയൊക്കെ കെട്ടിയോളമാരല്ലേ അടുത്തുള്ളത്, എന്റെ കഞ്ഞിയിൽ മണ്ണിടാനെന്തിനാ വരുന്നേ.'' ഷാദ് 

''അതോ കഞ്ഞി കുടിക്കുമ്പോ ഡോർ ലോക്ക് ചെയ്യണം ഇല്ലെങ്കിൽ അറ്റ്ലീസ്റ്റ് അടക്കുകയെങ്കിലും വേണം..'' അഫിക്കയാണ്. ഞങ്ങൾ രണ്ടാളും നന്നായി ഒന്ന് ഇളിച്ചു കാണിച്ചു കൊടുത്തു.

''ആഹ് ഇപ്പൊ വന്നത് വേറൊന്നിനും അല്ല, മാരൻ വന്ന സ്ഥിതിക്ക് ഇനി മണവാട്ടി ആ ഗൗൺ ഇടുമല്ലോ. നിന്റെ മാരൻ തന്നെ കൊണ്ട് വന്നതാ.'' മിച്ചൂത്ത പറഞ്ഞതും ഞാൻ ഷാദിനെ നോക്കി. അവനെന്നെ കണ്ണിറുക്കി കാണിച്ചു. 

''ഇനി ഈ കഞ്ഞി രാത്രി കുടിക്കാം. ഇപ്പൊ ഈ കഞ്ഞിയെ റെഡി ആക്കി താഴെ കൊണ്ട് പോട്ടെ. ഉപ്പ പറഞ്ഞു ഇനി വച്ചു താമസിപ്പിക്കണ്ട എല്ലാരോടും ഇന്ന് തന്നെ പറയാമെന്നു. ഇല്ലെങ്കിൽ ഷാനറെ അമ്മായിയമ്മയെ പോലെ വേറെയും പാറ്റകൾ നിങ്ങളെ കഞ്ഞിയിൽ വീഴാൻ ചാൻസ് ഉണ്ട്.'' സെറി ഇത്ത എന്നെ നോക്കി പറഞ്ഞു.

''കഞ്ഞി നിങ്ങളെ കെട്ടിയോൻ അമാൻ.'' എന്നും പറഞ്ഞു ഞാൻ സെറി ഇത്താനെ നോക്കി കണ്ണുരുട്ടി കാണിച്ചു. അപ്പൊ എല്ലാ കൊരങ്ങന്മാരും ചിരിക്കാ.

''അല്ല ആ കോഴി എവിടെ പോയി. '' ഞാൻ ചോദിച്ചു.

''അവനെ ഞങ്ങൾ ഈ കല്യാണം എന്തായാലും നടക്കില്ല, അതോണ്ട് അവൾക്കു സംസാരിക്കാനും താല്പര്യം ഇല്ല എന്ന് പറഞ്ഞു ഓടിച്ചു.'' അക്കൂക്ക പറഞ്ഞു.

''ആഹാ ഓടിച്ചോ, ഞാനൊന്നു കാണാൻ ഇരിക്കുവായിരുന്നു.'' ഷാദ് പറഞ്ഞു.

''അതോണ്ടാ മോനെ അവനെ ഓടിച്ചത്, ഇല്ലെങ്കിൽ അവന്റെ പല്ലും നഖവും മാത്രമേ ബാക്കി കാണൂ..'' അമാനിക്ക പറഞ്ഞതും എല്ലാരും ചിരിച്ചു.

''നീ വന്നേ, സമയമില്ല.'' എന്നും പറഞ്ഞു സന വന്നു എന്റെ കൈ പിടിച്ചു കൂട്ടിക്കൊണ്ടുപോയി. ഞാൻ പോവുന്നേനെ ഷാദിനെ തിരിഞ്ഞു നോക്കി. ഷാദ് എന്നെ നോക്കി കണ്ണ് കൊണ്ട് പോയിട്ട് വാ എന്ന് കാണിച്ചു. ഞാൻ അവനെ നോക്കി ചിരിച്ചിട്ട് ഇത്താത്താസിന്റെ കൂടെ പോയി.

എല്ലാരും കൂടി എന്നെ റെഡി ആക്കി മൊഞ്ചത്തിയാക്കി തന്നു. കണ്ണാടിയിൽ നോക്കിയപ്പോ എനിക്കെന്നെ അത്ഭുതം തോന്നി, ഇത് ഞാൻ ആണോ വിചാരിച്ചിട്ട്.

''ഇപ്പൊ ഷാദ് നിന്നെ കണ്ടാൽ വീണ്ടും ഒരു കഞ്ഞികുടിക്കു സാധ്യത ഉണ്ട്.'' എന്നും പറഞ്ഞു എല്ലാരും ചിരിക്കാ.

''ആഹാ നല്ലോണം റെഡി ആയിട്ടുണ്ടല്ലോ, ആരെ കാണിക്കാനാ.'' ഷാന. ഈ കോപ്പുകള് ഇതെവിടുന്നു വന്നു.

''അവളെ ഭർത്താവിനെ കാണിക്കാൻ ആവും, അയാൾക്ക് ഇതൊക്കെ കാണുമോ.'' ഷീന.

''അതെന്താ നീ അങ്ങനെ ചോദിച്ചേ.'' സനയാണ്.

''അതോ ഇവളെ കെട്ടിയതു ഏതോ രണ്ടാംകെട്ടുകാരൻ ആണെന്ന് പറയുന്ന കേട്ട്. അപ്പൊ എന്തായാലും ഒരു കിളവൻ ആവുമല്ലോ, അപ്പൊ അയാൾക്ക് കണ്ണ് കാണുമോന്നൊരു സംശയം.'' എന്നും പറഞ്ഞു ഷാനയും ഷീനയും പൂരച്ചിരി.

അത് പിന്നെ അവരെ പറഞ്ഞിട്ടും കാര്യമില്ല. പൊതുവെ ആണുങ്ങൾ രണ്ടാമത് കെട്ടുമ്പോ അവരെക്കാൾ പത്തു വയസ്സ് കുറഞ്ഞവർ വരെ കിട്ടും. പക്ഷെ പെണ്ണുങ്ങൾക്ക് അവരെക്കാൾ ഇരട്ടി പ്രായമുള്ളവരെ അല്ലെ കിട്ടൂ. അതാണല്ലോ നമ്മളെ നാട്ടുനടപ്പ്.

''അല്ല അയാൾക്ക് എത്ര മക്കൾ ഉണ്ട്, എത്ര വയസുള്ള മക്കൾ ആണ്.'' ഷാന.

''ടീ നിങ്ങൾ..'' മിച്ചൂത്ത അവരോടു ചൂടാവാൻ നിന്നതും ഞാൻ അവരെ തടഞ്ഞു.

''അയാൾക്ക് മൂന്നു മക്കൾ ഉണ്ട്. മൂത്ത ആൾ എട്ടാം ക്ലാസ്സിൽ ആണ്. രണ്ടാമത്തേത് അഞ്ചിലും മൂന്നാമത്തെ രണ്ടിലും. എന്തെ..'' ഞാൻ ചോദിച്ചു. ബാക്കിയുള്ളവരൊക്കെ ഇതൊക്കെ എപ്പോ എന്നെ രീതിയിൽ വായും തുറന്നു നിപ്പുണ്ട്.

''ഓ നിന്റെ ഒരു ഭാഗ്യം. എന്തായാലും ഫ്രീ ആയി മൂന്നു മക്കളെ കിട്ടിയല്ലോ. സ്വന്തം മോനെ നോക്കാൻ പറ്റിയില്ലേലും മറ്റുള്ളോരെ മക്കളെ നോക്കാനുള്ള ഭാഗ്യം ഉണ്ടായല്ലോ അത് മതി.'' എന്നും പറഞ്ഞു അവർ പോയി. അത് വരെ ചിരിച്ചോണ്ടിരുന്ന എന്റെ മുഖം മാറി. എന്തോ അവര് പറഞ്ഞത് നെഞ്ചിൽ കൊണ്ട പോലെ തോന്നി.

ഇത്താത്തമാർ വന്നു ഓരോന്ന് പറഞ്ഞു ആശ്വസിപ്പിക്കാൻ നോക്കി, അപ്പൊ ഞാനവർക്കൊന്നു പുഞ്ചിരിച്ചു കൊടുത്തു.

എല്ലാവരെയും കൂട്ടി പുറത്തേക്കിറങ്ങി. ഷാദിനെ ദൂരെ കണ്ടപ്പോ അവൻ സൂപ്പർ ആയി എന്ന് കൈ കൊണ്ട് കാണിച്ചിട്ട് നെഞ്ചിൽ കൈ വച്ചു ബോധം കെട്ടു വീഴുന്ന പോലെ അഫിക്കാന്റെ മേലേക്ക് വീണു. അഫിക്കയും ഫജൂക്കയും കൂടി അവനെ താങ്ങി. അത് കണ്ടപ്പോ പോയ പുഞ്ചിരി എന്റെ ചുണ്ടിൽ തിരിച്ചു വന്നു. ദൂരെ നിന്നു പോലും എന്റെ മൂഡ് മാറ്റാൻ അവനു സാധിക്കും. 

അവനെ നോക്കി നടക്കുന്ന സമയത്താണ് ആരോ വന്നു എന്റെ കണ്ണ് പൊത്തിയത്. ആരാണെന്നു ചോദിച്ചിട്ടു പറയുന്നേ ഇല്ല. അവസാനം ഞാൻ കൈ വലിച്ചു മുമ്പിലേക്ക് ആക്കിയപ്പോ മുന്നിൽ നിക്കുന്ന ആളെ കണ്ടു ഞാൻ ഷോക്കായി......കാത്തിരിക്കൂ.........

 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story