ഡിവോയ്‌സി: ഭാഗം 64

divoysi

രചന: റിഷാന നഫ്‌സൽ

''സിനാന ഇത്ത..'' ഞാൻ പറഞ്ഞതും ഇത്ത പുഞ്ചിരിച്ചു. 

''അപ്പൊ എന്നെ അറിയാലേ..'' ഇത്ത ചോദിച്ചു.

''ആഹ് ഷാദ് ഫോട്ടോ കാണിച്ചു തന്നിട്ടുണ്ട്.'' ഞാൻ പറഞ്ഞു.

''അപ്പൊ ഞങ്ങളെ ഒക്കെ അറിയോ..'' നോക്കിയപ്പോ ഷഫാദിക്ക കൂടെ ഷാദിന്റെ ഉമ്മയും ഉപ്പയും എന്റെ ഉമ്മയും ഉപ്പയും ഒക്കെ ഉണ്ട്. എന്തോ കണ്ടപ്പോ ആകെപ്പാടെ ഒരു പരവേശം. 

''എന്താ മോളെ ഇങ്ങനെ നോക്കുന്നെ... ഞങ്ങളെ അറിയില്ലേ.'' ഷാദിന്റെ ഉമ്മ എന്റെ കൈ പിടിച്ചിട്ടു ചോദിച്ചു.

''അറിയാം, ഞാൻ പെട്ടെന്ന് കണ്ടപ്പോ... എന്താ പറയണ്ടെന്നു...'' ഞാൻ വിക്കി വിക്കി പറഞ്ഞു. പണ്ടത്തെ പൂച്ചക്കുട്ടി ആമി ആയൊന്നൊരു സംശയം. അവരൊക്കെ എന്തൊക്കെയോ പറയുന്നുണ്ട്. ഞാൻ അതിനൊക്കെ ഒന്ന് പുഞ്ചിരിച്ചു കൊടുത്തു. മറുപടി പറയാൻ നാക്കു വഴങ്ങാത്ത പോലെ.

''ഹ ഹ ഹ എന്നാലും നിന്നെ ഇങ്ങനെ കാണാൻ പറ്റുമെന്ന് ഞാൻ ഒരിക്കലും കരുതിയതേ അല്ല.'' നോക്കിയപ്പോ നിച്ചൂക്ക. കൂടെ ബാക്കി ഇക്കാക്കാസും ഇത്താത്താസും. ഷാദ് മാത്രം ഇല്ല. അവനുണ്ടായിരുന്നെങ്കിൽ...

''അതെന്നെ ഇങ്ങനെ പേടിച്ചു നിക്കുന്ന നൂനുവിനെ ഞാൻ ആദ്യമായിട്ട് കാണുവാ.'' ഇച്ചൂക്ക പറഞ്ഞു. അത് കേട്ട് എല്ലാരും ചിരിച്ചു.

''അത് ഒരു ഏഴെട്ടു മാസം മുമ്പുള്ള ആമിയെ കാണാത്തതു കൊണ്ട് തോന്നുന്നതാ..'' ഞാൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു. അത് കേട്ടപ്പോ എല്ലാവരുടെ മുഖത്തെ ചിരിയും മാഞ്ഞു. ച്ചെ പറയണ്ടാരുന്നു എന്ന് തോന്നിപ്പോയി. 

''മുമ്പത്തെ കാര്യങ്ങളൊന്നും മോള് ഓർക്കണ്ടാട്ടൊ. എല്ലാം ഷാദ് പറഞ്ഞിട്ടുണ്ട്. നീ ഞങ്ങൾക്ക് സിനാനയെയും ഷഹനയെയും പോലെ തന്നെയാ.'' എന്നും പറഞ്ഞു ഷാദിന്റെ ഉമ്മ എന്റെ തലയിൽ തലോടി. ഞാനൊന്നു പുഞ്ചിരിച്ചു കൊടുത്തു.

''ഈ കണ്ണിനി ഒരിക്കലും നിറക്കരുത്.'' എന്റെ തലയിൽ തലോടി കൊണ്ട് ഷാദിന്റെ ഉപ്പ പറഞ്ഞു.. ആഹാ മോന്റെ അതെ ഡയലോഗ്. ഈ ഉപ്പാനെ കണ്ടാവുമല്ലോ അവനും പഠിച്ചേ. ഭാര്യയോടും മക്കളോടും മരുമോളോടും ഉള്ള വാത്സല്യം ആ കണ്ണിൽ ഉണ്ട്. ശെരിക്കും എന്റെ ഉപ്പാനെ പോലെ തന്നെ.

''അതെ നിങ്ങളെ രണ്ടാളെ ജീവിതത്തിലും ഇതൊരു പുതിയ തുടക്കം ആണ്. ഇനി അങ്ങോട്ട് സന്തോശം മാത്രമേ ഉണ്ടാകുള്ളൂ.'' ഷഫാദിക്കയാണ്.

''ഹ്മ്മ് അതെന്താ ഇത്ര ഉറപ്പു..'' ആരാന്നു നോക്കിയപ്പോ അഫിക്ക. എല്ലാരും ഇക്കാനെ നോക്കിപ്പേടിപ്പിച്ചു.

''സോറി ഞാൻ ഒരു ഫ്ളോവിൽ ചോദിച്ചതാ. എനിക്കുറപ്പാ അവരുടെ ജീവിതത്തിൽ ഇനി സന്തോഷം മാത്രമേ ഉണ്ടാവൂ എന്ന്..'' അഫിക്ക എന്നെ നോക്കി പറഞ്ഞു.

''അതെന്താ നിനക്കിത്ര ഉറപ്പു..'' ഷഫാദിക്ക അഫിക്കാനേ നോക്കി കണ്ണുരുട്ടി ചോദിച്ചപ്പോ എല്ലാരും ചിരിക്കാൻ തുടങ്ങി.

''അതിനു ഞാൻ ഗ്യാരന്റി.'' ആ പറഞ്ഞത് ആരാണെന്നു നോക്കിയപ്പോ ദേ നമ്മളെ കെട്ടിയോൻ മഹാൻ. പിങ്ക് കളർ ഷർട്ടും ബ്ലൂ ക്രീം പാന്റൊക്കെ ഇട്ടു മൊഞ്ചൻ ആയിട്ടുണ്ട്. എന്റെ ഡ്രെസ്സിനു മാച്ച് ആണ്. ഞാൻ കണ്ണ് കൂർപ്പിച്ചു നോക്കിയപ്പോ എനിക്കൊന്നു ഇളിച്ചു കാണിച്ചു തന്നു.

''ആഹ് വന്നല്ലോ മഹാൻ, എവിടെ ആയിരുന്നു.'' അഫിക്ക.

''അതോ ഞാൻ ഒന്ന് ഡ്രസ്സ് മാറാൻ പോയതാ. നമ്മളെ ബീവിയുടെ കൂടെ നിക്കുമ്പോ അവളോട് പിടിച്ചു നിക്കാൻ പറ്റണ്ടേ..'' എന്നും പറഞ്ഞു ഷാദ് എന്റെ തോളിൽ കയ്യിട്ടു എന്നെ ചേർത്ത് പിടിച്ചു.

''ബീവിയുടെ കൂടെ പിടിച്ചു നിക്കാൻ അല്ലെ, അല്ലാതെ ബീവിയെ പിടിച്ചു നിക്കാൻ അല്ലല്ലോല്ലേ..'' കണ്ണും കണ്ണും നോക്കി നിന്നിരുന്ന ഞങ്ങളെ നോക്കി ഷഫാദിക്ക അങ്ങനെ പറഞ്ഞതും ഷാദ് വേഗം എന്റെ തോളിൽ നിന്നും കയ്യെടുത്തു ഡീസന്റ് ആയി.

ഞാൻ ഉപ്പാനെ നോക്കിയപ്പോ ഉപ്പ ഷാദിനെ തന്നെ പുഞ്ചിരിച്ചോണ്ടു നോക്കാണ്. വേറൊന്നും അല്ല മുമ്ബ് ഷെസിന്റെ കൂടെ വന്നപ്പോളൊക്കെ അവൻ എന്നെ പറ്റി അവരോടു ഓരോ കുറ്റം പറഞ്ഞു എന്ന് അല്ലാതെ ഒരിക്കലും എന്നെ ചേർത്ത് പിടിച്ചിട്ടില്ല. എന്തിനു ഒരു നല്ല വാക്കു പറഞ്ഞിട്ടില്ല. ഒരു തമാശ പോലും പറഞ്ഞിട്ടില്ല.

ഒരിക്കലും എന്റെ വീട്ടുകാരുമായി എന്നെ പറ്റിയുള്ള കുറവുകൾ അല്ലാതെ മറ്റൊരു സംസാരവും ഉണ്ടായിട്ടില്ല. അന്നൊരു ഫങ്ക്ഷന് ഞാൻ എന്റെ ഫാമിലിയുടെ  കൂടെ ഫോട്ടോ എടുക്കാൻ വിളിച്ചപ്പോൾ എല്ലാരുടെയും മുന്നിൽ വച്ച് എന്നെ ചീത്ത പറഞ്ഞു. ഇക്കാക്കമാരോടൊന്നും ഫ്രണ്ട്‌ലി പോട്ടെ സുഖമാണോ എന്ന് പോലും ചോദിക്കാറില്ല.

ഒരിക്കലും ഷെസിൻ  എന്റെ ഉമ്മാനേയും ഉപ്പാനെയും ഉമ്മ എന്നോ ഉപ്പ എന്നോ വിളിച്ചിട്ടില്ല. ഒന്നുകിൽ അങ്കിൾ ആന്റി ഏയ് ഒയ് അതാണ് അവന്റെ വായിൽ നിന്നും വന്നത്. ഉപ്പ ഒരുപാട് ആഗ്രഹിച്ചിരുന്നു അവന്റെ വായിൽ നിന്നും ഉപ്പ എന്ന് കേൾക്കാൻ. 

പക്ഷെ ഷാദ് നേരെ വ്യത്യസ്തമായി പെട്ടെന്ന് തന്നെ ഇക്കാക്കമാരിൽ ഒരാളായി ഇഴുകി ചേർന്നു. ഉപ്പാക്ക് നല്ല മോനായി. ഉമ്മാനോട് തമാശ പറയുന്ന മരുമോനായി. നേരത്തെ ഞാൻ നോക്കിയപ്പോൾ അവൻ ഇക്കാക്കമാരുടെ കൂടെ പുറത്തു സ്റ്റേജ് സെറ്റ് ചെയ്യുവായിരുന്നു. ഉപ്പ അവനോടു വേണ്ട എന്ന് പറഞ്ഞപ്പോ അതെന്താ ഞാൻ നിങ്ങളെ മോനല്ലേ എന്നാ ചോദിച്ചത്.

അത് കേട്ടപ്പോ ഉപ്പാന്റെ കണ്ണ് നിറയുന്നത് ഞാൻ കണ്ടതാ. ഉമ്മാന്റെ പിന്നാലെ ഉമ്മ സുന്ദരി ആയിട്ടുണ്ട് എന്നും പറഞ്ഞു ചൊറയാക്കി നടക്കുന്നുണ്ടായിരുന്നു. അപ്പൊ ഉമ്മാന്റെ മുഖത്ത് ഞാൻ കണ്ട ആ ചിരി അത് മതി കഴിഞ്ഞ മൂന്നാലു വർഷത്തെ മുറിവൊക്കെ ഉണങ്ങാൻ.

''അല്ല നമ്മളെ ബീവി എന്താ കിനാവ് കാണാ..'' പെട്ടെന്ന് എന്റെ ചെവിയിൽ വന്നു പറഞ്ഞപ്പോൾ ആണ് ഞാൻ ചിന്തകളിൽ നിന്നും ഉണർന്നത്. അവനെ നോക്കിയപ്പോ എന്നെ തന്നെ നോക്കി നിക്കുന്നു.

ബാക്കിയുള്ളവരൊക്കെ നാളെ എല്ലാവരോടും പറഞ്ഞാ മതി എന്നും പറഞ്ഞു ചർച്ചയിൽ ആണ്. കാരണം ഷഹനയും ജാസിയും ഇന്ന് രാത്രി എത്തും. അപ്പൊ അവരൂടി എത്തിയിട്ട് റാഫിയുടെയും ശാഫിയുടെയും റിസെപ്ഷന്റെ കൂടെ ഞങ്ങൾക്ക് കൂടി ചെറിയൊരു പാർട്ടി അറേഞ്ച് ചെയ്യാൻ ആണ് പരിപ്പാടി. എന്റെ കുടുംബക്കാരൊക്കെ ഉണ്ടാവുമല്ലോ, കൂടെ ഷാദിന്റെ കുടുംബക്കാരെ കൂടെ വിളിക്കാൻ ആണ് പ്ലാൻ.

''എന്താടീ ഇത്ര ചിന്ത, ഇങ്ങനെ ആലോചിച്ചാൽ മുടിയൊക്കെ നരച്ചു പോവും.'' ഷാദ് പറഞ്ഞു. ഞാൻ അവനെ നോക്കി ചുണ്ടു കടിച്ചു കണ്ണുരുട്ടി പേടിപ്പിച്ചു. ആര് പേടിക്കാൻ, മുമ്പിൽ ഡ്രാക്കുളയാണെന്നു ഞാൻ മറന്നല്ലോ.

''ടീ വെറുതെ മനുഷ്യന്റെ കൺട്രോൾ കളയല്ലേ..'' ഷാദ് പറഞ്ഞു.

''ഞാൻ എന്ത് ചെയ്തു..'' ഞാൻ സംശയത്തോടെ ചോദിച്ചു.

''പിന്നെ ഇങ്ങനെ ചുണ്ടു കൊണ്ട് കോപ്രായം കാട്ടിയാ.. അല്ലെങ്കിലേ മൂന്നു ദിവസം നീ ഇല്ലാതെ കഴിച്ചു കൂട്ടിയ പാട് എനിക്കെ അറിയൂ.'' ഷാദ് കൊഞ്ചി കൊണ്ട് എന്റെ ചേവിന്റെ അടുത്ത് വന്നു പറഞ്ഞു.

''അയ്യേ വഷളൻ... വൃത്തിക്കെട്ട ഡ്രാക്കുള.. ഞാൻ ഷാദിനെ പേടിപ്പിക്കാനാ ചുണ്ടു കടിച്ചു പിടിച്ചേ, അല്ലാണ്ട് പ്രലോഭിപ്പിക്കാൻ അല്ല.'' എന്നും പറഞ്ഞു ഒരു ചവിട്ടു കൊടുത്തു കാലിൽ.

''ആഹ്'' എന്നും പറഞ്ഞു കൊരങ്ങൻ ഒറ്റ അലർച്ച. ഇപ്പൊ എല്ലാരുടെയും സെന്റർ ഓഫ് അട്ട്രാക്ഷൻ ഞങ്ങൾ ആയി.

''സമാധാനം ആയല്ലോ..'' ഞാൻ മെല്ലെ ഷാദിനെ നോക്കി പറഞ്ഞു. അവൻ എനിക്ക് മുപ്പത്തിരണ്ട് പല്ലും കാണിച്ചു ഒന്ന് ചിരിച്ചു കാണിച്ചു.

''എന്ത് പറ്റി മോനെ.'' എന്റെ ഉപ്പ ചോദിച്ചു. 

''ഏയ് എന്ത് പറ്റാൻ, അവൻ വല്ല കുരുത്തക്കേടും കാണിച്ചു കാണും..'' ഷാദിന്റെ ഉപ്പ പറഞ്ഞു. ഞാൻ വായും തുറന്നു നിന്നുപോയി.

''ആ അതെന്നെ, ഇത് ഇടക്കിടക്കുള്ളതാ... ആരും മൈൻഡ് ചെയ്യണ്ട. യൂ കണ്ടിന്യൂ..'' അക്കൂക്ക എല്ലാരോടും പറഞ്ഞു. അപ്പൊ എല്ലാരും അവരെ ചർച്ചയിലേക്ക് തിരിച്ചു പോയി.

''ഉപ്പാക്ക് മോനെ പറ്റി നല്ല ധാരണ ആണല്ലോ..'' ഞാൻ ഷാദിനെ കളിയാക്കി ചോദിച്ചു.

''ഈ... മത്തൻ കുത്തിയാ കുമ്പളം മുളക്കൂലല്ലോ...'' ഷാദ് പറഞ്ഞതും ഞാൻ ചിരിച്ചുപോയി.

''അല്ല എന്നെ കൂട്ടിയിട്ടെ പോവൂ പറഞ്ഞിട്ട് ഒറ്റയ്ക്ക് വീട്ടിലേക്കു പോയല്ലേ.'' ഞാൻ സങ്കടത്തോടെ ചോദിച്ചു.

''ആര് പോയി.. എപ്പോ പോയി..'' ഷാദ്.

''അപ്പൊ വീട്ടിലേക്കു പോയില്ലേ.'' ഞാൻ ചോദിച്ചു.

''ഇല്ല മോളെ.. അതൊക്കെയൊരു പെരിയ കതൈ...'' ഷാദ് 

''എന്തോന്ന്...'' ഞാൻ ചോദിച്ചു. 

''അതൊരു കഥ ആണെന്ന്. കുട്ടിക്ക് തമിഴ് തീരെ വശമില്ലാന്നു തോന്നുന്നു.'' ഷാദ്.

''ആഹ് ഈ തമിഴ് തമിഴന്മാർക്കു പോലും വശമുണ്ടാവില്ല.'' ഞാൻ ചിരിച്ചോണ്ട് പറഞ്ഞു.

''പോടീ വവ്വാലെ. നിനക്ക് കഥ കേക്കണോ..'' ഷാദ്. ഞാൻ ആ എന്ന് തലയാട്ടി.

@@@@@@@@@@@@@@@@@@@@@@@@@@@@@@@

നമ്മള് കണ്ടിട്ട് കുറച്ചായല്ലോ അല്ലെ. എന്നെ മിസ് ചെയ്തോ. ആ ഞാൻ തിരിച്ചെത്തി. എന്റെ പെണ്ണിന് നല്ല അഡാറ് സർപ്രൈസ് കൊടുക്കാമെന്നു കരുതിയതാ. ആ തെണ്ടി നാശി കോശി എല്ലാം നശിപ്പിച്ചു. അവരെയൊന്നും കാണാൻ പറ്റിയില്ലെങ്കിലും അവരൊക്കെ സംസാരിക്കുന്നതു ഞാൻ കേട്ടിരുന്നു. ആ സ്ത്രീയെ എടുത്തു പൊട്ടക്കിണറ്റിൽ ഇടാനാ എനിക്ക് തോന്നിയത്. പിന്നെ പ്രായത്തെ ബഹുമാനിച്ചു.

ആ നാഷിയോടു സംസാരിക്കാൻ പാവം എന്റെ പെണ്ണ് പോവണ്ട ഗതികേട് വന്നപ്പോ ഒന്നും നോക്കാതെ ഞാൻ ഇടപെട്ടു. അഫിന്റെ കഴുത്തിൽ കുത്തിപ്പിടിച്ചു ആ കോഴിയെ തടയാൻ പറഞ്ഞിട്ട് ഞാൻ അവളെ പിന്നാലെ പോയി. അവര് എന്നെ പേടിച്ചു ആ കർമം ഭംഗിയായി ചെയ്തു. ആ നാഷിയെ ഓടിച്ചു.

ഞാൻ അവിടെ പോയപ്പോ എന്റെ ആമിക്കുട്ടി ആരാണെന്നു പോലും നോക്കാതെ നിന്ന് കഥാപ്രസംഗം നടത്താ. കണ്ടപ്പോ തന്നെ എന്റെ കണ്ട്രോള് പോയതാ. പിന്നെ അടങ്ങി നിന്നു. അപ്പോളാ അവളുടെ ഡയലോഗ്, അവനോടു സംസാരിക്കാൻ പോലും അവൾക്കു താല്പര്യം ഇല്ല എന്ന്. അത് കൂടി കേട്ടപ്പോ കൺട്രോൾ ദൈവങ്ങള് ചതിച്ചു. ഹൽദീടെ അന്നും ഇങ്ങനെ തന്നെയാ അവളെ കണ്ടപ്പോ കണ്ട്രോള് പോയി. പക്ഷെ ഭാഗ്യത്തിന് ആരും കണ്ടില്ല.

പിന്നിൽ നിന്നും ശബ്ദം മാറ്റി സംസാരിച്ചു കെട്ടിപ്പിടിച്ചതും ആ വവ്വാല് എന്റെ താടിയിൽ പിടിച്ചു വലിച്ചു. അവൾക്കു ഞാൻ ആണെന്ന് എന്റെ കൈ തൊട്ടപ്പോ തന്നെ മനസ്സിലായി. അവളെന്റെ പേര് വിളിച്ചപ്പോ എനിക്ക് അത്ഭുതം ആണ് തോന്നിയെ. ചോദിച്ചപ്പോ പറയാ ഹാർട്ട് ടൂ ഹാർട്ട് കണക്ഷൻ ആണെന്ന്. അപ്പൊ അവളെ കെട്ടിപ്പിടിച്ചു ഒരു ഉമ്മ കൊടുക്കാനാ തോന്നിയെ. കൊടുക്കാൻ പോയതും ആണ് അപ്പോളേക്കും എന്റെ പെരുച്ചാഴി അളിയന്മാരും അളിയത്തികളും സോറി അമ്മായിമാരും എത്തി.

എന്താ ചെയ്യാ എന്റെ കഞ്ഞിയിൽ പാറ്റ ഇടാൻ എപ്പോളും ആളുണ്ടാവും. ദുബായിൽ ഫ്രണ്ട്സ് ആണെങ്കിൽ ഇവിടെ അളിയന്മാർ. പിന്നെ ഞാൻ അവൾക്കു വാങ്ങിയതാ ആ പിങ്ക് ഗൗൺ. അവളുടെ രണ്ടു കസിൻസ് അവൾ മുന്നേ ഇട്ട ഡ്രെസ്സൊക്കെ കണ്ടു  അവളോട് മോശമായി സംസാരിച്ചു എന്ന് സന എന്നോട് പറഞ്ഞിരുന്നു. അതോണ്ടാ ആ ഗൗൺ ഇന്ന് ഇടാൻ കൊടുത്തേ. അല്ലെങ്കിൽ നാളേക്ക് ഇടാൻ വാങ്ങിയതായിരുന്നു. ഇനി നാളേക്കുള്ളത് വീട്ടീന്ന് കൊണ്ട് വരും.

പിന്നെ അവൾ അവരോടു പറഞ്ഞു പോലും അവളെ കെട്ടിയോനു മൂന്നു മക്കൾ ഉണ്ടെന്നു.. ഞാനറിയാതെ എനിക്ക് മക്കളും ആയി, എന്താ ചെയ്യാ. ഈ യുവകോമളന് എട്ടാം ക്ളസ്സിൽ പഠിക്കുന്ന കുട്ടി ഉണ്ടെന്നു. ആഹ് അതിനുള്ളതൊക്കെ അവൾക്കു കൊടുക്കാം.

''ഹലോ കതൈ പറയാമെന്നു പറഞ്ഞിട്ട് അണ്ണൻ എന്താ ആലോചിക്കുന്നേ.'' ആമിയുടെ സൗണ്ട് കേട്ടപ്പോ ആണ് അവൾക്കു കഥ പറഞ്ഞു കൊടുക്കാതെ ഞാൻ ആലോചനയിൽ ആണെന്ന് മനസ്സിലായെ.

''അണ്ണൻ നിന്റെ കെട്ടി.. അല്ല ഇക്കാക്ക.'' ഞാൻ പറഞ്ഞു.

''ദേ ഡ്രാക്കുളേ.. ആ പോട്ടെ എന്തായിരുന്നു ആലോചന.'' ആമി.

''ആഹ് അത് ഞാൻ എന്തോ ഓർത്തു പോയി.'' ഞാൻ പറഞ്ഞു.

''എന്താ ഓർത്തെ..'' ആമി വീണ്ടും ചോദിച്ചു.

''ഒന്നൂല്ലാ.. എന്തോ ഓർത്തതാ.'' ഞാൻ പറഞ്ഞു. എനിക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു.

''ഇല്ല, എന്തോ ഉണ്ട്.. എന്താന്നു പറ.'' ആമി ചിണുങ്ങിക്കൊണ്ടു ചോദിച്ചു.

''ആ ഞാനേ നമ്മളെ ഫസ്റ്റ് നയിറ്റിനെ പറ്റി ആലോചിക്കുവാരുന്നു.'' ഞാൻ ദേഷ്യത്തോടെ പറഞ്ഞു. അല്ല പിന്നെ ഒന്നുമില്ലാന്നു പറഞ്ഞിട്ട് കേക്കണ്ടേ.

''അയ്യേ... ഷാദിന് ഇതല്ലാണ്ട് വേറൊന്നും ഇല്ലേ തലയിൽ...'' അവൾ മുഖം ചുളിച്ചോണ്ടു ചോദിച്ചു.

''ഇല്ലെടീ, എനിക്കതും ആലോചിച്ചു നടക്കാലാ പണി.'' ഞാൻ നല്ല കലിപ്പിൽ പറഞ്ഞു. അപ്പൊ അവൾക്കു കാര്യങ്ങൾ ഏകദേശം ഓടി. അപ്പൊ ഒന്ന് ഇളിച്ചു കാണിച്ചിട്ട് ഇനി മിണ്ടൂല എന്ന് വാ പൊത്തി നിന്ന് ആക്ഷൻ കാണിച്ചു. അപ്പൊ എനിക്ക് ചിരി വന്നു.

''ആഹ് ഞാൻ നാട്ടിലെത്തിയിട്ടു നേരെ വീട്ടിലേക്കു പോയി. നിന്നെയും കൊണ്ട് കേറണം എന്ന് തീരുമാനിച്ച കാരണം വീടിന്റെ പുറത്തു നിന്ന് ഇക്കാക്ക് ഫോൺ ചെയ്തു. ഇക്ക എല്ലാരേയും കൂട്ടി പുറത്തു വന്നു. ഉമ്മയും ഉപ്പയും കൂടി കെട്ടിപ്പിടിച്ചു കരഞ്ഞു സീൻ കോൺട്രാ ആക്കി. ഷഫാദിക്കയും സിനാന ഇത്തയും കുറെ സോറി ഒക്കെ പറഞ്ഞു.

അവരുടെ മോനെ ഞാൻ കണ്ടു, നമ്മളെ സാഷയുടെ ഒക്കെ പ്രായം ആണ്, ഷിസാൻ. നീ ഫോട്ടോ കണ്ടിട്ടില്ലേ, ആളിപ്പോ എൽകെജിയിൽ ആണ്. പക്ഷെ നാക്ക് പത്താം ക്ലാസ്സിൽ എത്തിയിട്ടുണ്ട്. ഇപ്പൊ പുറത്തു കുട്ടിപ്പട്ടാളങ്ങളുടെ കൂടെ ഉണ്ട്. നീ ഇല്ലാത്തതു കാരണം ഞാൻ ഇപ്പൊ കേറുന്നില്ല പറഞ്ഞു. അവരും സമ്മതിച്ചു. നമ്മൾ ഒരുമിച്ചു ആ വീടിന്റെ പടി കേറിയാൽ മതി എന്നാണു ഉപ്പ പറഞ്ഞത്.'' ഞാൻ പറഞ്ഞു.

''ആണോ, നാളെ നമുക്ക് ഒരുമിച്ചു പോവാം.. ഇന്ഷാ അല്ലാഹ്.'' ആമി.

''പിന്നെ നിന്റെ ആ രണ്ടു കസിൻസ് എവിടെ, ഇതുവരെ കാണാൻ പറ്റിയില്ല. നിന്നെ കളിയാക്കിയതിനു അവർക്കൊരു ഷോക് കൊടുക്കണ്ടേ..'' ഞാൻ ചോദിച്ചു.

''ഏയ് അതൊന്നും വേണ്ട. എന്തൊക്കെ പറഞ്ഞാലും അവരെന്റെ അനിയത്തിമാരല്ലേ. എല്ലാരും അവരെക്കാൾ കൂടുതൽ എന്നെ സ്നേഹിച്ചപ്പോ അവർക്കിച്ചിരി അസൂയ തോന്നി, അതോണ്ടാ ഇങ്ങനൊക്കെ.'' ആമി പറഞ്ഞു.

''നീ നന്നാവില്ല അല്ലെ.'' അപ്പൊ അവളെനിക്ക് ചിരിച്ചു കാണിച്ചു.

''എന്നാലും അവരെവിടെ, ഞാനാണ് നിന്റെ വയസ്സായ, എട്ടാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയുടെ ഉപ്പ എന്ന് പറയണ്ടേ.'' അപ്പൊ അവളെന്നെ അത്ഭുതത്തോടെ നോക്കി.

''ഏ ഇതൊക്കെ എങ്ങനെ അറിഞ്ഞു.'' ആമി.

''അതൊക്കെ അറിഞ്ഞു മോളെ, എനിക്കുമുണ്ട് ഇവിടെ ചാരത്തികൾ. പിന്നെ നിന്റെ അനിയത്തിമാരെ നല്ലോണം പരിചയപ്പെടട്ടെ, 'സാലി ആദി ഘർവാലി എന്നല്ലേ'{ഭാര്യയുടെ അനിയത്തി പാതി ഭാര്യ}.'' ഞാൻ അവളെ നോക്കി കണ്ണിറുക്കി കൊണ്ട് പറഞ്ഞു. അതിനാ വവ്വാല് എന്റെ വയറിനിട്ടു നല്ലൊരു കുത്തു തന്നെ തന്നു. ഉഫ് സ്വർഗം കണ്ടു.

''ഇനി സാലിമാരെ ആലോചിക്കുമ്പോൾ ഈ കുത്തും ആലോചിച്ചോ കേട്ടോ ജീജാജി.'' ആമി എന്നെ നോക്കി മുഷ്ടി ചുരുട്ടിക്കൊണ്ടു പറഞ്ഞു.

''അയ്യോ വേണ്ടേ, ഞാൻ ജസ്റ്റ് ആ അലവലാതികളെ ഒന്ന് പരിചയപ്പെടാമെന്നു കരുതി ചോദിച്ചതാ.'' ഞാൻ വയറു തടവിക്കൊണ്ട് പറഞ്ഞു.

''ആ അവര് റൂമിൽ ഉണ്ട് മോളിൽ. നേരത്തെ അമ്മായിഅമ്മ ദേഷ്യം പിടിച്ചു പോയതിനു എല്ലാരോടും പിണങ്ങി ഇരിക്കാ. '' ആമി 

''ആണോ ഞാൻ സമാധാനിപ്പിക്കാം.'' ഞാൻ അത് പറഞ്ഞതും അവള് കയ്യും ചുരുട്ടി എന്റെ നേരെ വന്നു. ഞാൻ വേഗം കൈ കൂപ്പി.

''അപ്പൊ ഞങ്ങളിറങ്ങാട്ടോ...'' ഉപ്പയാണ്.

''അതെന്താ ഇത്ര നേരത്തെ പോവുന്നെ, ഫുടൊക്കെ  കഴിച്ചിട്ട് പോവാം..'' ആമി അവരോടു പറഞ്ഞു.

''വേണ്ട മോളെ, പോയിട്ട് നാളേക്ക് എല്ലാരേയും ക്ഷണിക്കണം. പിന്നെ ഷഫാദിന് ഷഹിയെ കൊണ്ടുവരാൻ പോണം. നാളെ വരാട്ടോ എന്റെ മോളെ കൊണ്ട് പോവാൻ.'' ഉമ്മ ആമിയെ കെട്ടിപ്പിടിച്ചു നെറ്റിയിൽ ഒരുമ്മ കൊടുത്തു. സന്തോഷം കൊണ്ട് അവളെ കണ്ണ് നിറഞ്ഞു പോയി, അവളുമ്മാനേം കെട്ടിപ്പിടിച്ചു. ചിലപ്പോ ഷെസിന്റെ ഭദ്രകാളി ഉമ്മാനെ ഓർത്തു കാണും.

''നിന്നോടല്ലേ കരയരുത് എന്ന് പറഞ്ഞത്. എന്റെ മക്കള് കരയുന്നതു എനിക്ക് ഇഷ്ടമല്ല.'' ഉപ്പ കൃത്രിമ ഗൗരവം കാണിച്ചു പറഞ്ഞു. അപ്പൊ ആമി കണ്ണ് തുടച്ചു പുഞ്ചിരിച്ചു.

''ഞാൻ വരണോ ഇക്കാക്ക.'' ഞാൻ ചോദിച്ചു.

''ഏയ് വേണ്ടടാ, എന്റെ കൂടെ ഡ്രൈവർ ഉണ്ട്. നീ ഇവിടെ ഇവളുടെ കൂടെ വേണം. കുറെ കാലമായില്ലേ നാട്ടിൽ കല്യാണമൊക്കെ കൂടീട്ടു, അടിച്ചു പൊളിക്ക്.'' ഇക്കാക്ക എന്നെ നോക്കി പറഞ്ഞു.

അവരെല്ലാം പുറത്തേക്കു നടന്നു. ഞങ്ങൾ കാറുവരെ കൂടെ പോയി. തിരിച്ചു ആമിയും പരിവാരങ്ങളും അകത്തേക്ക് പോയി. ഞങ്ങൾ വന്ന ആണുങ്ങൾക്കൊക്കെ ഫുഡ് സെറ്റ് ചെയ്യാൻ പോയി. 

പോവുന്ന വഴിക്കു ആമി എന്നെ നോക്കി ഡ്രസ്സ് സൂപ്പർ എന്ന് കാണിച്ചു. അപ്പൊ തന്നെ ഞാൻ അവളെ പിന്നാലെ പോവാൻ നോക്കിയെങ്കിലും അമാനിക്ക എന്റെ ചെവി പിടിച്ചു കൊണ്ടുപോയി. അപ്പൊ ആ വവ്വാല് നിന്ന് ചിരിച്ചു. നിനക്ക് വെച്ചിട്ടുണ്ടെടീ എന്നും പറഞ്ഞു ഞാൻ എന്റെ പണിയിലേക്കു മുഴുകി.

@@@@@@@@@@@@@@@@@@@@@@@@@@@@@@

ഷാദിന്റെ വീട്ടുകാരെ കണ്ടപ്പോ എനിക്കൊത്തിരി സന്തോഷം ആയി. ആ ഉമ്മയെയും ഉപ്പയേയുമൊക്കെ കിട്ടണമെങ്കിൽ ഭാഗ്യം ചെയ്യണം. അവര് പോയി കഴിഞ്ഞപ്പോ എന്തോ സങ്കടം തോന്നിയെങ്കിലും നാളെ കാണുമല്ലോ എന്ന് ഓർത്തപ്പോ സന്തോഷം തോന്നി.

അകത്തു കേറിയപ്പോ ധാ കുരിശുകൾ വരുന്നു. വരാറ് ഷാനയും ഷീനയും. പക്ഷെ കൂടെ രണ്ടു മൊഞ്ചൻമാരും ഉണ്ട്. രണ്ടാളും കോട്ടൊക്കെ ഇട്ടാണ് വരവ്. കണ്ടപ്പോ തന്നെ മനസ്സിലായി ആ ജാഡകളുടെ കെട്ടിയോന്മാരാണെന്നു.

''ആ ആമീ ഇതാണ് എന്റെ ഹസ്ബൻഡ് നിഷാദ്..'' ഷാന .

''ഇതെന്റെ ഹസ്ബൻഡ് നിഹാദ്.'' ഷീന. രണ്ടാളും നല്ല ഗ്ലാമർ തന്നെ. പക്ഷെ ക്ലീൻ ഷേവ് ആണ്. അതെനിക്ക് ഇഷ്ടല്ല. അല്ലെങ്കിലും ഞാൻ എന്തിനാ ഇവരെ ഇഷ്ട്ടപ്പെടുന്നെ. നമ്മളെ മൊഞ്ചന്റെ ഏഴയലത്തു എത്തില്ല ഇവർ. ഞാൻ അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു.

''ഇതാണ് ഞങ്ങളെ സിസ്റ്റർ അംന.'' ഷാന പറഞ്ഞു.

''ഓ ഇതാണോ ആള്.'' അവർ ഒരു പുച്ഛത്തോടെ പറഞ്ഞു.   

''നാശി വെറുതെ അല്ല വീണു പോയത്, ഉഗ്രൻ പീസ് ആണല്ലോ.'' നിഷാദ് നിഹാദിന്റെ ചെവിയിൽ പറഞ്ഞത് ഞാൻ കേട്ടു. ഷാനയും ഷീനയും വേറെന്തോ പറയാ.. ഞാൻ അവരെ ദേഷ്യത്തോടെ നോക്കി. തെണ്ടികൾ ലുക്കിലെ ഉള്ളൂ കാര്യം സ്വഭാവത്തിൽ ഇല്ല. ഷാദ് കേൾക്കാത്തത് ഭാഗ്യം. ഞാൻ അവരോടു പിന്നെ കാണാം എന്നും പറഞ്ഞു നടന്നു.

''ആഹ് വേഗം പോട്ടെ, ചിലപ്പോ കണ്ണ് വെക്കാൻ സാധ്യത ഉണ്ട്.'' ഷാന ഷീനയോട് പറഞ്ഞു. അവരവിടെ നിന്ന് ചിരിക്കുന്നുണ്ടായിരുന്നു. ഞാൻ അത് ശ്രദ്ധിക്കാൻ പോയില്ല. കെട്ടിയോന്മാർ അനിയനേക്കാൾ വലിയ കൊഴിയാണെന്നു അവർക്കറിയില്ലാന്നു തോന്നുന്നു. എന്റെ ഷാദ് ഒരിക്കലും ഒരു പെണ്ണിന്റെയും നേരെ മോശമായി ഒരു കമെന്റും പറയില്ല എന്ന് എനിക്ക് ഉറപ്പുണ്ട്. അതോർത്തപ്പോ മാഞ്ഞുപോയ പുഞ്ചിരി എന്റെ ചുണ്ടിൽ തിരിച്ചെത്തി.

ഞാൻ നേരെ പോയി അടുക്കളയുടെ പിന്നിലേക്ക് ഇറങ്ങി. അവിടെ ആണ് സ്ത്രീകൾക്ക് ഫുഡ് ഒക്കെ അറേഞ്ച് ചെയ്‌തത്‌. കുടുംബക്കാർക്കൊക്കെ ഫുഡ് ഒക്കെ കൊടുത്തു കഴിഞ്ഞപ്പോളേക്കും സമയം ഒൻപതായി. അപ്പൊ ഞങ്ങളും കഴിക്കാൻ ഇരുന്നു. ഷാനയും ഷീനയും അകത്തു അവരെ ഭർത്താക്കന്മാരുടെ കൂടെ ടേബിളിൽ ഇരുന്നു നേരത്തെ കഴിച്ചു. ശാമിക്കയും അവരെ ഉപ്പയും കൂടി കുറെ വിളിച്ചു സംസാരിച്ചിട്ടാണ് അവര് വന്നതെന്ന് സന പറഞ്ഞു.

നല്ല അൽസയും കോഴി ബിരിയാണിയും ചിക്കൻ ഫ്രൈയും ആയിരുന്നു ഫുഡ്. കൂടാതെ ഐസ് ക്രീമും ഉണ്ട്. ചോറെടുത്തു വായിലേക്കിടാൻ പോവുമ്പോള നമ്മളെ മാരനെ ഓർമ്മ വന്നേ. അവര് കഴിച്ചോ ആവോ.

ഞാൻ വേഗം എണീക്കാൻ തുടങ്ങിയതും എന്റെ ഫോൺ അടിച്ചു. നോക്കിയപ്പോ ഷാദ്, തേടിയ വള്ളി ദേ ഫോൺ വിളിക്കുന്നു. ഞാൻ വേഗം എടുത്തു ചെവിയിൽ വച്ചു. 

''എണീക്കണ്ട, ഞാൻ കഴിച്ചു, നിന്റെ ഇക്കാക്കമാരുടെ കൂടെ.'' അപ്പൊ ഞാൻ ചുറ്റും നോക്കി. ഷാദ് അവിടെ സൈഡിൽ നിന്ന് കൈ വീശി.

''ഞാൻ എന്ത് ചെയ്യുവാണെന്നു നോക്കി നടക്കുവാണോ.'' ഞാൻ ചോദിച്ചു.

''ഏയ് അല്ല, ഞാൻ എന്ത് ചെയ്യുമ്പോളും എന്റെ ഒരു കണ്ണ്  നിന്റെ മേലെ ഉണ്ടാവും.'' ഷാദ്.

''വെറുതെ അല്ലടാ പൊട്ടക്കണ്ണാ ഗ്ലാസിലൊയിക്കേണ്ട വെള്ളം നീ എന്റെ തലയിലൊഴിച്ചതു..'' അക്കൂക്ക ഷാദിന്റെ അടുത്തേക്ക് വന്നു നിന്നിട്ടു പറഞ്ഞത് ഞാൻ ഫോണിലൂടെ കേട്ടു. ആളാകെ വെള്ളത്തിൽ കുളിച്ചു, നനഞ്ഞ കോഴിയെ പോലെ ഉണ്ട്. ഞാൻ ഫോൺ സ്‌പീക്കറിൽ ഇട്ടിട്ടു എല്ലാരേം വിളിച്ചു ആ കാഴ്ച കാണിച്ചു കൊടുത്തു. എല്ലാരും ചിരിക്കാൻ തുടങ്ങി.

''കണ്ണുപൊട്ടൻ, എന്നെ വെള്ളത്തിൽ കുളിപ്പിച്ച്. കണ്ണ് ഭാര്യയുടെ മേലെ ആണല്ലോ.''  അക്കൂക്ക ഫുൾ കലിപ്പിൽ ആണ്.

''പോട്ടെ ഇക്കാ, അറിയാതെ പറ്റിയതല്ലേ.'' ഹിബ പറഞ്ഞു.

''ആര് പറഞ്ഞു, ഞാൻ അറിഞ്ഞോണ്ട് ചെയ്‌തതാ.'' ഷാദ് പറഞ്ഞു.

''എന്തിന്..'' എല്ലാരും ഒരുമിച്ചു ചോദിച്ചു.

''അതോ എന്റെ കെട്ടിയോളെ ഉരുട്ടി ഇട്ടതിനു. അവളെ നെറ്റി പൊട്ടിച്ചതിന്.'' ഷാദ് പറഞ്ഞു.

''അതെങ്ങനെ കണ്ടു.'' ഞാൻ ചോദിച്ചു.

''നീ എന്താ മോളെ കരുതിയെ ഇൻവിസിബിൾ പ്ലാസ്റ്ററും ഒട്ടിച്ചു സ്‌കാർഫ് കൊണ്ട് മറച്ചാൽ ഞാൻ കാണില്ലെന്നോ.. നിന്റെ ശരീരത്തിൽ പോയിട്ട് നിന്റെ മനസ്സിൽ എന്തേലും മാറ്റം വന്നാൽ പോലും ഞാൻ അതറിയും.'' ഷാദ് അങ്ങനെ പറഞ്ഞതും എല്ലാരും മൂളാൻ തുടങ്ങി. ചമ്മിയെങ്കിലും എന്റെ ചുണ്ടിലൊരു പുഞ്ചിരി വന്നു. മുറിവവൻ കാണാതിരിക്കാൻ ഞാൻ മാക്സിമം ഷാൾ കൊണ്ട് ഒക്കെ മറച്ചിരുന്നു.

''പിന്നെ എന്റെ പുന്നാര അളിയൻ ആയിപ്പോയില്ലേ, അതോണ്ടാ വെള്ളത്തിൽ ഒതുക്കിയെ. ഇല്ലേൽ ഈ വീടിന്റെ ടെറസ്സിന്ന് എടുത്തു താഴെ ഇട്ടേനെ.'' ഷാദ് അക്കൂക്കാന്റെ ഷോൾഡറിലൂടെ കയ്യിട്ടു പിടിച്ചിട്ടു പറഞ്ഞു. റബ്ബേ നേരത്തെ ആ നിഷാദ് പറഞ്ഞത് ഷാദ് കേട്ടിരുന്നെകിൽ അവന്റെ മയ്യത്തെടുത്തേനേ.

''അള്ളോഹ് എന്റിക്കാനേ കൊന്നേക്കല്ലേ.'' ഹിബ അലറി. ഞങ്ങൾ ചിരിക്കാൻ തുടങ്ങി. 

''ആഹ് ഫോൺ വച്ചിട്ട് ഫുഡ് കഴിച്ചോ, അതോ ഞാൻ വന്നു വാരിത്തരണോ.'' ഷാദ് ചോദിച്ചു. എല്ലാരും അത് കേട്ടു ഓഹോ എന്നൊക്കെ പറയാൻ തുടങ്ങി. ഞാൻ അപ്പൊ തന്നെ ഫോൺ കട്ട് ചെയ്തു. രണ്ടു മിനിട്ടു കൂടി അവിടെ നിന്ന് ഞാൻ ഭക്ഷണം കഴിക്കുന്ന നോക്കീട്ടു ഷാദ് പോയി.

ഞങ്ങൾ ഫുഡ് കഴിച്ചു വരുമ്പോളേക്കും ഞങ്ങളെ അടുത്ത കുടുംബക്കാർ ഒഴിച്ച് ബാക്കി എല്ലാരും പോയിരുന്നു. പിന്നെ പുറത്തെ സ്റ്റേജില് മൈലാഞ്ചി ഇടാനുള്ള സെറ്റപ്പാക്കി. നാല് കസേര ഇട്ടു. നടുക്ക് ഷാഫിയെയും റാഫിയെയും ഇരുത്തി. മൈലാഞ്ചി ഇല നേരത്തെ അരച്ച് വച്ചിരുന്നു. അതും ഒരു പ്ലേറ്റിൽ നട്ട്സും മറ്റൊന്നിൽ സ്വീറ്റ്സും എടുത്തു ഒരു കുഞ്ഞു ടേബിളിൽ ആയി അവരുടെ മുന്നിൽ വച്ചു.

പിന്നെ ഓരോരുത്തരായി മൈലാഞ്ചി ഇട്ടു കൊടുക്കാൻ പോവാൻ തുടങ്ങി. ആദ്യം പോയത് ഉപ്പാപ്പ ആയിരുന്നു. ഉപ്പാപ്പനെ സ്റ്റേജിലേക്ക് ഇക്കാക്കാസൊക്കെ കൂടി പൊക്കി കൊണ്ട് പോയി. 

ഷാദ് അപ്പൊ പിന്നിൽ മൂത്താപ്പാനോടും ഉപ്പാനോടും ഇളാപ്പനോടും ഒക്കെ കത്തി അടിക്കുവായിരുന്നു. വന്ന കുറച്ചു സമയത്തിനുള്ളിൽ തന്നെ ഷാദ് ഉപ്പാപ്പാനെയും എന്റെ ബാക്കി വീട്ടുകാരെയും കയ്യിലെടുത്തിരുന്നു.

ഓരോ മുതിർന്നവർ അവരുടെ പാതിയുമായി മൈലാഞ്ചി ഇട്ടു കൊടുക്കാൻ പോവാൻ തുടങ്ങി. ആദ്യം മൂത്താപ്പയും മൂത്തുമ്മയും, പിന്നെ ഉപ്പ ഉമ്മ അങ്ങനെ ഓരോരുത്തരായി റാഫിയുടെയും ശാഫിയുടെയും സൈഡിൽ വച്ച കസേരയിൽ ഇരുന്നിട്ട് അവർക്കു മൈലാക്കി ഇട്ടു കൊടുത്തു.

കയ്യിൽ വെറ്റില വച്ചു അതിന്റെ മുകളിൽ ആണ് മൈലാഞ്ചി ഇടുന്നതു. ഇപ്പൊ എല്ലാരും കോൺ വച്ചാണ് ഇടാറ് എങ്കിലും ഉപ്പാപ്പാക് എല്ലാം പണ്ട് ചെയ്ത പോലെ തന്നെ വേണം. അത് കൊണ്ടാണ് ജോലിക്കു വന്ന ആളെ കൊണ്ട് മൈലാഞ്ചി ഇല പറിപ്പിച്ചു അത് അമ്മിയിൽ അരച്ചെടുത്ത്.

ഓരോരുത്തരും കൈയിൽ മൈലാഞ്ചി ആകിയതിനു ശേഷം മധുരം കൊടുത്തു. അങ്ങനെ എന്റെ ഊഴവും എത്തി. 

''ഷോ വീണ്ടും നീ ഒറ്റക്കായല്ലോ. നിനക്ക് ഉപ്പാപ്പാന്റെ കൂടെ ഇട്ടൂടായിരുന്നോ.'' ഷാന പുച്ഛത്തോടെ ചോദിച്ചു. അവർ രണ്ടു പേരും അവരെ കെട്ടിയോന്മാരെ കൂടെ മുന്നിൽ തന്നെ ഇരിപ്പുണ്ടായിരുന്നു. അത് കേട്ടു ചിരിക്കാൻ കുറച്ചു കുടുംബക്കാരും. മഞ്ഞൾ കല്യാണത്തിന് കളിയാക്കിയവരൊക്കെ തന്നെ. ആരും ഒറ്റയ്ക്ക് മുന്നിൽ നിന്നു പറയില്ല, ആ ധൈര്യം അവർക്കില്ല.

''നിന്റെ ആ വയസ്സൻ കാക്കാന്റെ അടുത്ത് അടുത്ത് പറഞ്ഞൂടായിരുന്നോ ഒന്ന് വരാൻ.'' ഷീന. അത് കേട്ടതും എല്ലാരും കൂടി ചിരിച്ചു. ഞാൻ അതൊന്നും കേൾക്കാത്ത പോലെ ആക്കി.

''ഇവളെ ഹസ്ബൻഡ് അപ്പൊ വന്നില്ലേ?'' നിഷാദ്.

''ഇല്ല.'' ഷാന.

''അതെന്തു പറ്റി, അയാളും ഇട്ടിട്ടു പോയോ.'' നിഹാദ്. 

''ഏയ് ചിലപ്പോ മക്കൾക്ക് സ്‌കൂളുണ്ടാവും.'' എന്ന് നിഷാദ് പറഞ്ഞു. നാലും കൂടി പ്രാന്തന്മാരെ പോലെ ചിരിക്കുന്നുണ്ട്. എന്നെ സ്നേഹിക്കുന്ന ഓരോരുത്തർക്കും ദേഷ്യം വന്നെങ്കിലും ഞാൻ കണ്ണ് കൊണ്ട് വേണ്ട എന്ന് കാണിച്ചു. ഒന്നും പറയാനും പറ്റില്ലല്ലോ, പുതിയാപ്പിളമാർ ആയിപ്പോയില്ലേ. ആയിഷമായി ദയനീയമായി എന്നെ നോക്കി. ഹൃദയം നൊന്തെങ്കിലും ഞാൻ ഒന്നുമില്ല എന്ന് കണ്ണടച്ച് കാണിച്ചു. റബ്ബേ ഷാദ് ഒന്നും കേൾക്കല്ലേ, പിന്നിലായൊണ്ട് കേട്ടു കാണില്ല.

ഞാൻ മെല്ലെ തിരിഞ്ഞു നോക്കി. എന്റമ്മോ കലിപ്പ്, ദേ കട്ട കലിപ്പ് റീലോഡഡ്. മുഖമൊക്കെ ചുവന്നു കണ്ണൊക്കെ തുറിപ്പിച്ചു ശെരിക്കും ഡ്രാക്കുള തന്നെ. ഇവനിന്നിവരെ കൊരവള്ളി പൊട്ടിച്ചു ചോര കുടിക്കും ഉറപ്പാ. ഞാൻ വേഗം കണ്ണടച്ച് വേണ്ടാ പറഞ്ഞു. എവിടെ ആര് കേൾക്കാൻ. അപ്പൊ വേഗം കൈ കൂപ്പി പ്ലീസ് വേണ്ട എന്ന് പറഞ്ഞു. 

അപ്പൊ അവൻ അവിടെ കണ്ണടച്ച് നിന്ന് ഒന്ന് റിലാക്സ് ആയി. 

''ഇടുന്നുണ്ടെങ്കിൽ വേഗം പോ. മൂത്തതായൊണ്ട് നീയല്ലേ ആദ്യം പോണ്ടത് എന്ന് വച്ചിട്ടാ. ഞങ്ങൾക്ക് വേറെ പണിയുണ്ട്.'' ഷാന നിഷാദിനോട് ചേർന്ന് ഇരുന്നിട്ട് പറഞ്ഞു.

''അതെന്നെ ഒന്ന് വേഗം പോ.'' ഷീന.

''ആ പോവെന്ന്.'' ഞാൻ പറഞ്ഞു.

''അതെങ്ങനെ ശരി ആവും, നീ ഒറ്റയ്ക്ക് പോണ്ട. നിന്റെ കെട്ടിയോനെയും കൂട്ട്.'' ശാമിക്ക പറഞ്ഞു.

''ഓ അപ്പൊ അയാൾ വന്നോ. എന്താ ഇങ്ങോട്ടു വരാത്തെ, ആരെങ്കിലും പോയി എടുത്തോണ്ട് വരേണ്ടി വരോ.'' ഷാന ചോദിച്ചിട്ടു അവർ നാലും ചിരിച്ചു.

''അയ്യോ വേണ്ട ഇതുവരെ എന്റെ കാലിനു ഒരു കുഴപ്പവും ഇല്ല. ഞാൻ നടന്നു വന്നോള്ളാം.'' ഷാദ് പിന്നിൽ നിന്നും പറഞ്ഞതും അവര് തിരിഞ്ഞു നോക്കി. അവർ മാത്രം അല്ല എല്ലാരും ഇപ്പൊ ഷാദിനെ ആണ് നോക്കുന്നെ.

അവനെ കണ്ടതും ഷാനയും ഷീനയും ഞെട്ടി വാ തുറന്നിരുന്നു. നിഷാദും നിഹാദും ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പിന്നെ പുച്ഛത്തോടെ നോക്കി.  

ഞാൻ ഷാദിനെ നോക്കിയപ്പോ അവൻ എന്റെ അടുത്തേക്ക് നടന്നു വന്നിട്ട് എനിക്ക് നേരെ കൈ നീട്ടി. ഞാനാ കയ്യിൽ പിടിച്ചു എണീറ്റു. അവൻ എന്നെ ഷോൾഡറിലൂടെ പിടിച്ചു അവനോടു ചേർത്തു സ്റ്റേജിലേക്ക് നടന്നു. അഭിമാനം കാരണം എന്റെ തല ഉയർന്നു തന്നെ നിന്നു.

ഞാൻ റാഫിയുടെ അടുത്തേക്ക് നടന്നു. പക്ഷെ ഷാദ് ഷാഫിയുടെ അടുത്തുള്ള കസേരയിലേക്ക് പോവാതെ എന്റെ അടുത്ത് നിന്നു. ഞാൻ എണീറ്റു അവനു സീറ്റ് കൊടുക്കാൻ പോയപ്പോ അവനെന്നെ പിടിച്ചു ഇരുത്തി. എന്നിട്ടു എന്റെ കൈ പിടിച്ചു, ഞങ്ങൾ ഒരുമിച്ചു റാഫിക്ക് മൈലാഞ്ചി ഇട്ടു കൊടുത്തു.

''നീ കിളി പോയി എന്ന് കേട്ടിട്ടുണ്ടോ..'' റാഫി ചോദിച്ചു.

''ഹ്മ്മ് എന്തെ നിന്റെ കിളി പോയോ.'' ഞാൻ ചോദിച്ചു.

''ഇല്ല ധാ നോക്ക് അവരുടെ കിളി കൂടും കുടുക്കയുമൊക്കെ എടുത്തു പോയെന്നു തോന്നുന്നു.'' റാഫി മുന്നോട്ടു കാണിച്ചിട്ട് പറഞ്ഞു.

ഞാൻ നോക്കിയപ്പോ ഷാനയും ഷീനയും ഇപ്പോളും ഷാദിനെയും നോക്കി വായും തുറന്നു ഇരിക്കാ. എനിക്ക് ചിരി വന്നു.

പിന്നെ ഷാഫിക്കും ഇട്ടു കൊടുത്തു, അതും ഒരുമിച്ചു തന്നെ. സത്യം പറഞ്ഞാൽ സന്തോഷം കാരണം എന്റെ കണ്ണ് നിറഞ്ഞു. ഇങ്ങനൊരു നിമിഷം ജീവിതത്തിൽ ഉണ്ടാവുമെന്ന് കരുതിയതല്ല.

ഞാൻ സ്വീറ്റ്‌സ് എടുത്തു റാഫിക്കു കൊടുത്തപ്പോ ഷാദ് എനിക്ക് നേരെ നീട്ടി. എല്ലാരും ഉള്ളോണ്ട് ആദ്യം ഒന്ന് മടിച്ചെങ്കിലും പിന്നെ വാങ്ങി. അപ്പൊ ഇക്കാക്കാസൊക്കെ കൈ മുട്ടി വിസിലടിച്ചു.

''അപ്പൊ ഷാദിന് അറിയാലേ ഇവൾക്ക് പേട പ്രാന്ത് ഉണ്ടെന്ന്.'' ഷാഫി ചോദിച്ചു.

''പിന്നെ നട്ടപാതിരാക്കൊക്കെ ആണ് അവൾക്കു പ്രാന്ത് കേറാ. ദുബായിൽ ഈ സാധനം കണ്ടു പിടിക്കാൻ ഞാൻ പെടുന്ന പാട്.'' ഷാദ് മോളിലോട്ടു നോക്കി പറഞ്ഞു. 

''അതെന്താ നട്ടപാതിരാക്കൊക്കെ, ഇവൾക്ക് വല്ല... ഹ്മ്മ് ഹ്മ്മ്.'' റാഫി വയറു തടവി കൊണ്ട് ചോദിച്ചു.

''പോടാ പട്ടീ..'' എന്നും പറഞ്ഞു ഞാൻ അവന്റെ തലക്കൊന്നു കൊടുത്തു.

''അല്ലാഹ് ആ സമയത്തു ചിലപ്പോ അവളെന്നെ കൊണ്ട് പേട ഉണ്ടാക്കിക്കും.. പടച്ചോനെ എന്നെ കാത്തോളീ..'' ഷാദ് പറഞ്ഞു. ഞാൻ നോക്കിയതും വേഗം വയറ്റിൽ കൈ വച്ചു എന്നിട്ട് കുരിശു പോലെ വച്ചു 

''പോ സാത്താനെ പോ...'' ഷാദ് എന്നെ നോക്കി പറഞ്ഞു.

ഞാൻ ദേഷ്യം പിടിച്ചു വേഗം ഇറങ്ങാൻ നോക്കിയതും ഷാദ് എന്റെ കയ്യിൽ പിടിച്ചു. 
ഒരുമിച്ചു തന്നെ താഴെ ഇറങ്ങി. 

ഞാൻ എന്റെ കസേരയിൽ പോയി ഇരുന്നപ്പോ  
എന്റെ അടുത്ത് വന്നു ഇരുന്നു. ഞാൻ മുഖം തിരിച്ചിരുന്നു, അപ്പൊ എന്റെ ചെവിയിൽ വന്നിട്ട് ഒരു കാര്യം പറഞ്ഞു. അത് കേട്ടതും നേരത്തെ ഷാനയുടെയും ഷീനയുടെയും കിളി പറന്നു പോയതാണെങ്കിൽ എന്റെ കിളിയൊക്കെ സമാധിയായി.

ഞാൻ ഷാദിനെ തുറിച്ചു നോക്കി. അപ്പൊ ആ ജന്തു ഇളിച്ചു കാണിച്ചു തന്നു. അത് കണ്ടതും എനിക്ക് ചിരി പൊട്ടി. ഞാൻ നിന്നും ഇരുന്നും കിടന്നും ചിരിച്ചു......കാത്തിരിക്കൂ.........

 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story