ഡിവോയ്‌സി: ഭാഗം 70

divoysi

രചന: റിഷാന നഫ്‌സൽ

യാ അല്ലാഹ് ഇവളെയാണോ ശ്രീഅച്ചൻ പറഞ്ഞത്... വല്ലാത്ത ചെയ്ത്തായിപ്പോയി പടച്ചോനെ. എന്നോടിത് വേണ്ടായിരുന്നു. ആമിയും ഇതേ അവസ്ഥയിൽ തന്നെ. കാര്യം എന്താണെന്നല്ലേ... ശ്രീഅച്ചൻ തന്നെ പറയും.

''എന്റെ ഭയങ്കര ആഗ്രഹം ആയിരുന്നു നിങ്ങളെ കല്യാണം നടക്കുക എന്നത്. അത് കൊണ്ടാ മോൾക്ക് കല്യാണം നോക്കുന്നുണ്ട് എന്ന് അലി പറഞ്ഞപ്പോ ഞാൻ ഷാദിന്റെ കാര്യം പറഞ്ഞത്.. മോളെ നേരിട്ട് കണ്ടിട്ടില്ലെങ്കിലും അലി പറഞ്ഞു എനിക്കറിയാമായിരുന്നു. ഇവനെനിക്ക് സ്വന്തം മോനെ പോലെ ആയതു കൊണ്ടാണ് അങ്ങനൊരു കാര്യം രണ്ടാളോടും പറഞ്ഞത്. മക്കളോട് കല്യാണത്തെ പറ്റി ചോദിച്ചിട്ടു പറയാമെന്നു നിങ്ങളും പറഞ്ഞു.

ഇവൻ പഠിക്കുവായിരുന്നല്ലോ അതോണ്ട് എൻഗേജ് ചെയ്തു വച്ചിട്ട് ഒരു വര്ഷം കഴിഞ്ഞു കല്യാണം ആക്കാമെന്നു വരെ പറഞ്ഞതാ. പക്ഷെ മക്കളോട് സംസാരിച്ചപ്പോ രണ്ടാൾക്കും താല്പര്യം ഇല്ല. അതോണ്ട് തന്നെ അവിടെ വച്ച് അത് വിട്ടു. നിങ്ങളെ കയ്യിൽ നിന്നും വാങ്ങിയ മക്കളെ ഫോട്ടോ പരസ്പരം കൊടുക്കാതെ ഇപ്പോളും എന്റെ കയ്യിൽ ഉണ്ട്.

ഇവിടെ വന്നു നിങ്ങളെ ഒരുമിച്ചു കണ്ടപ്പോ ഞാൻ ശെരിക്കും ഷോക്കായി. പക്ഷെ സന്തോഷവും തോന്നി. പടച്ചോൻ കൂട്ടി ഇണക്കാൻ ഉദ്ദേശിച്ചത് എങ്ങനെ ആയാലും കൂടിച്ചേരും, അതിന്റെ ഉദാഹരണം ആണ് നിങ്ങൾ രണ്ടും.. ഇല്ലെങ്കിൽ ഇത്രയും വർഷത്തിന് ശേഷം നിങ്ങള് തന്നെ ഒരുമിക്കോ.'' ശ്രീ അച്ഛൻ പറഞ്ഞു. 

ഞാൻ ആമിയെ നോക്കിയപ്പോ അവളാകെ കിളി പോയി നിക്കാ. രണ്ടു ഉപ്പമാരും പൂരച്ചിരിയും. ചിരിക്കു നല്ലോണം ചിരിക്ക്. എന്നാലും എന്നോടിത് വേണ്ടായിരുന്നു... ഈ മൊബൈൽ ഫോൺ കണ്ടുപിടിച്ചത് ഏതു തെണ്ടി ആണെങ്കിലും അവനെ ഇടിവെട്ടി പാമ്പു കടിച്ചു ഹോസ്പിറ്റലിൽ കൊണ്ട് പോവുമ്പോ വണ്ടി ആക്‌സിഡന്റായി തീ പിടിച്ചു കത്തി ചാവും. ഫോൺ കാരണം ആണലോ ഞാൻ ആ തേപ്പിസ്റ്റിനെയും സോറി ഷാനയെയും ആമി ആ തെണ്ടി ഷെസിനെയും പരിചയപ്പെട്ടത്.

ഇല്ലെങ്കിൽ ഞങ്ങൾ രണ്ടാളും കണ്ടു ഇഷ്ടപ്പെട്ടു എൻഗേജ്മെന്റ് കഴിച്ചു ഒരു കൊല്ലം ഫോൺ ചെയ്തു പ്രേമിച്ചു നടന്നു കെട്ടിയേനെ. ഹോ ആലോചിക്കുമ്പോ തന്നെ കുളിര് കോരുന്നു. ഇതിപ്പോ ഞങ്ങളെ അഞ്ചാറു വര്ഷം അല്ലെ വെറുതെ വേസ്റ്റ് ആയതു. ആഹ് എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ. ഞാൻ ആമിയെ നോക്കി, അവളാകെ സങ്കടത്തിൽ ആണെന്ന് മുഖത്തുണ്ട്.

"നീ സങ്കടപ്പെടാതെ ആമീ.. നമുക്ക് കിട്ടാനുള്ള പണി ആണെങ്കിൽ അത് ഫ്ലായിറ്റു പിടിച്ചു ദുബായിൽ വന്നിട്ടായാലും നമ്മളെ മണ്ടേലാവും.." അത് പറയലും അവളെന്റെ വയറ്റിനിട്ടൊരു കുത്തുതന്നു. 

"കൊരങ്ങൻ... ഡ്രാക്കുള... പോ അവിടുന്ന്... മിണ്ടൂല..." എന്നും പറഞ്ഞു ചെറിയ പിള്ളേരെ പോലെ പെണ്ണ് മുഖം വീർപ്പിച്ചു നിന്നു.

"അച്ചോടാ എന്റെ മുത്ത് പിണങ്ങിയോ... പൊട്ടഡീ അന്ന് നമ്മൾ കണ്ടിരുന്നെങ്കിൽ ചിലപ്പോ ഇത്ര ഇഷ്ട്ടം പരസ്പരം തോന്നുമായിരുന്നോ? ഒരിക്കലും ഇല്ല. മറ്റു രണ്ടു പേരോടുമുള്ള ഇഷ്ട്ടം കാരണം നമ്മള് ചിലപ്പോ പരസ്പരം വെറുത്തെനെ.." ഞാൻ പറഞ്ഞപ്പോ അവളെന്നെ നോക്കി.

"ശരിയാ അല്ലെ..." അവള് പുഞ്ചിരിച്ചോണ്ടു പറഞ്ഞു.

"അതേലോ..." എന്നും പറഞ്ഞു ഞാൻ അവളെ തോളിലൂടെ കയ്യിട്ടു. അപ്പൊ അവളൊരു നോട്ടം നോക്കി. ഉഫ് എനിക്ക് വയ്യ അവളെന്നെ വല്ല ഉമ്മറും ആക്കും. അവളെ കണ്ണിലേക്കു തന്നെ നോക്കി നിക്കുമ്പോളാ പെട്ടെന്ന് ഫോൺ അടിച്ചത്. അപ്പൊ തന്നെ ആമി എന്റെ കൈ തട്ടി മാറ്റി മാറി നിന്നു. നോക്കിയപ്പോ പ്രവീൺ ആയിരുന്നു. 

''അടുത്തില്ലെങ്കിലും നമ്മളെ റൊമാൻസ് മുടക്കാൻ ഫോണിലൂടെ ആയാലും എത്തിക്കോളും മാരണങ്ങൾ.. ഫ്രണ്ട്സ് ആണ് പോലും ഫ്രണ്ട്സ്...'' എന്നും പറഞ്ഞോണ്ട് ഞാൻ ഫോൺ എടുത്തു. ആമി ഞാൻ പറഞ്ഞത് കേട്ടിട്ടു നിന്നു കിണിക്കാണ്.

''ഹലോ..'' ഞാൻ

''ഹലോ മുത്തേ... എന്താ പരിപാടി... റിസെപ്ഷൻ ഒക്കെ കഴിഞ്ഞോ.'' പ്രവീൺ.

''ഇല്ലെടാ, നടന്നോണ്ടിരിക്കാ.. അല്ലേടാ ഒരു കാര്യം ചോദിക്കട്ടെ...'' ഞാൻ ചോദിച്ചു.

"നീ ചോദിക്കു മുത്തേ.." പ്രവീൺ.

"നിനക്കൊക്കെ വല്ല സിഗ്നലും കിട്ടുന്നുണ്ടോ, കറക്റ്റ് ഞങ്ങളെ റൊമാൻസ് മുടക്കാനായി എഴുന്നള്ളുമല്ലോ." ഞാൻ ദേഷ്യത്തോടെ ചോദിച്ചു.

അപ്പൊ തെണ്ടി ചിരിച്ചു മരിക്കാണ്. കൂടെ വേറെയും ചിരികൾ.

''നീ എവിടെയാ... കൂടെ ആരാ..'' ഞാൻ ചോദിച്ചു.

''ഞാൻ ഇപ്പൊ സച്ചൂന്റെ റൂമിലാട, വന്നേ ഉള്ളൂ.. എല്ലാരും ഉണ്ട് പ്രിയയും സാറയും ഷാജുവും ആഷിയും സിനുവും ഒക്കെ ഉണ്ട്.. വിശേഷം അറിഞ്ഞില്ലേ... ചെക്കൻ പണിപറ്റിച്ചു..'' എന്നും പറഞ്ഞു പ്രവീൺ ചിരിച്ചു.

''ആരെയാടാ വിളിക്കുന്നെ...'' സച്ചൂന്റെ ശബ്ദം.

''നീ തന്നെ കേട്ടോ...'' പ്രവീൺ ഫോൺ ലൗഡ്‌സ്പീക്കറിൽ ഇട്ടു. ഞാൻ സൈഡിലേക്ക് മാറി ആമിയുടെ കൈ പിടിച്ചു അടുത്തേക്ക് നിർത്തി ലൗഡ്‌സ്പീക്കറിൽ ഇട്ടു.

''അച്ഛാ... ഞാനാ അച്ഛാ..'' എന്നും പറഞ്ഞു ഞാനും ആമിയും ചിരിച്ചു.

''ടാ തെണ്ടീ നീ ആയിരുന്നോ, ഉച്ചയ്ക്ക് അല്ലെ വിളിച്ചത്. പോയി നിന്റെ കെട്ടിയോളെയും നോക്കി ഇരിക്കെടാ..'' സച്ചു പറഞ്ഞു.

''അങ്ങനെ പറയല്ലേ മുത്തേ... അച്ഛന് ഭയങ്കര നാണം ആണ് പോലും.. ഇവിടെ പെങ്ങൾക്ക് ഭാവി അച്ഛനെയും അമ്മയെയും കാണാൻ മുട്ടീട്ടു പാടില്ല.'' ഞാൻ പറഞ്ഞു.

''ഹ്മ്മ് നിങ്ങളെ നല്ലോണം മിസ് ചെയ്യുന്നുണ്ടെടാ.'' സച്ചു. അവൻ ലൗഡ്‌സ്പീക്കർ ഒഴിവാക്കിയിട്ടാണ് സംസാരിക്കുന്നെ.

''എന്താടാ നിനക്കൊരു സന്തോഷമില്ലാത്ത പോലെ.. എന്തേലും പ്രശ്നം ഉണ്ടോ...'' ഞാൻ ചോദിച്ചു.

''ഏയ് ഐഎം സൊ ഹാപ്പി. ഈ ലോകത്തെ ഏറ്റവും സന്തോഷവാൻ ഇപ്പൊ ഞാനാണ് എന്നാൽ ദുഖിതനും... ചെറിയ പ്രോബ്ലെംസ്...'' സച്ചു.

''എന്ത് പറ്റി ഏട്ടാ..'' ആമി ടെൻഷൻ ആയി.

''ഒന്നൂല്ലെടാ... ഇത്രയും നല്ല കാര്യം നടക്കുമ്പോൾ നിങ്ങൾ കൂടെ ഇല്ലല്ലോ എന്നൊരു സങ്കടം.. അവള് നിന്നെയാ അമ്മൂട്ടീ കൂടുതൽ മിസ് ചെയ്യുന്നേ.'' സച്ചു.

''ടാ തെണ്ടി, സെന്റി അടി നിർത്തിയെ. സന്തോഷിക്കണ്ട സമയത്തു സങ്കടപ്പെടുന്നോ.. ഞങ്ങളിപ്പോ എത്ര ഹാപ്പി ആണെന്ന് അറിയോ..'' ഞാൻ പറഞ്ഞു.

''അല്ല എന്താ പ്രോബ്ലംസ്...'' ആമി.

''അത് പിന്നെ...'' സച്ചു പറയാതെ ഉരുണ്ടു കളിക്കാ.

''ടാ നീ കാര്യം പറയുന്നുണ്ടോ..'' ഞാൻ ചോദിച്ചു.

''അത് പിന്നെ അവൾക്കു നല്ല വോമിറ്റിങ് ഉണ്ട് രണ്ടു ദിവസമായി. ഒരു മണവും പറ്റുന്നില്ല.'' സച്ചു.

''അത് എല്ലാർക്കും ഉള്ളതല്ലേ ഏട്ടാ... പേടിക്കൊന്നും വേണ്ട. അവൾക്കു വോമിറ്റിങ് ടെൻഡൻസി വരുന്ന സാധനങ്ങൾ അവളുടെ അടുത്ത് കൊണ്ട് പോണ്ട.'' ആമി.

''എന്നാ ഞാൻ നാട് വിട്ടു പോണ്ടി വരും..'' സച്ചു നിരാശയോടെ പറഞ്ഞു.

''ഒന്ന് തെളിച്ചു പറ ഏട്ടാ.'' ആമി.

''അവൾക്കു ഞാൻ അടുത്ത് പോവുമ്പോ അപ്പൊ ശർദ്ധിക്കാൻ വരും..'' സച്ചു പറഞ്ഞു തീർന്നതും ഞാനും ആമിയും മുഖത്തോടു മുഖം നോക്കി പിന്നെ ചിരിക്കാൻ തുടങ്ങി. ചിരിച്ചു ചിരിച്ചു എന്റെ കണ്ണീന്നൊക്കെ വെള്ളം വരാൻ തുടങ്ങി. സച്ചു എന്തൊക്കെയോ തെറി പറയുന്നുണ്ട്.

''എന്റെ ഏട്ടാ അതൊരു രണ്ടുമൂന്നു മാസം കഴിഞ്ഞാൽ മാറിക്കോളും ഇപ്പൊ തന്നെ ഒന്നര മാസം ആയി എന്നല്ലേ ഡോക്ടർ പറഞ്ഞെ.... ഇനി കുറച്ചു നാൾ കൂടി കാത്തു നിക്ക്.'' ആമി ചിരി അടക്കി പിടിച്ചു പറഞ്ഞു.

''നിങ്ങക്കതു പറയാം.. അവളെന്നെ അടുത്ത് കൂടി പോവാൻ പോലും സമ്മതിക്കുന്നില്ല. എന്നെ കണ്ടാൽ ചെകുത്താൻ കുരിശു കണ്ട പോലെയാ..'' സച്ചു പറഞ്ഞു. ഞങ്ങൾ വീണ്ടും ചിരിച്ചു.

''ചിരിക്കെടാ നല്ലോണം ചിരിക്കു, നാളെ നീയും ഇതുപോലെ എന്നോട് പറയും, നോക്കിക്കോ. എന്റെ ശാപമാ, അപ്പൊ ഞാനും ചിരിക്കും..'' സച്ചു.

''എന്റെ പൊന്നു മോനെ ഇങ്ങനൊന്നും ശപിക്കല്ലേ... ഞാൻ കുത്തുപാള എടുക്കും..'' ഞാൻ പറഞ്ഞു.

''ആ എന്നാ മക്കള് എന്ജോയ് ചെയ്.. ഞാൻ ഇവിടെ ഫുടൊക്കെ അറേഞ്ച് ചെയ്യട്ടെ. ഫോട്ടോസയക്കാൻ മറക്കണ്ട...ഓക്കേ...'' സച്ചു.

''ഓക്കേ... ബൈ..'' ഞാൻ 

''ഡാ വെക്കല്ലേ, ഒരു മിനിറ്റ്. ലൗഡ് സ്‌പീക്കറിൽ ഇടാം..'' സച്ചു.

''ടാ പട്ടീ ഞങ്ങളൊന്നുമില്ലാതെ നീ പണി പറ്റിച്ചല്ലേ...'' സിനു..

''എന്ത് ചെയ്യാനാ മച്ചൂ റിസപ്ഷൻ കഴിയാതെ എന്നെയും ഇവളെയും വീടിന്റെ പടി കടത്തില്ല എന്നാണു ഉപ്പ പറഞ്ഞത്. പിന്നെ നിങ്ങളൊക്കെ ഇപ്പൊ നാട്ടീന്നു വന്നല്ലേ ഉള്ളൂ..'' ഞാൻ പറഞ്ഞു.

''ഹ്മ്മ് ഹ്മ്മ് ആയിക്കോട്ടെ. രണ്ടും പെട്ടെന്ന് ഇങ്ങോട്ടു തിരിച്ചു വരാൻ നിക്കണ്ട. നിങ്ങളെ വീട്ടുകാർ നിങ്ങളെ നല്ലോണം കൺകുളിർക്കെ കാണട്ടെ. എവിടെ എന്റെ ആമിക്കുട്ടി...'' ആഷി.

''ഞാൻ ഇവിടുണ്ട് ആശിക്കാ... ഇങ്ങക്ക് സുഖല്ലേ...'' ആമി.

''പിന്നെ സുഖം... ഇന്ന് സച്ചൂനെ നന്നായി മുടുപ്പിക്കട്ടെ...'' ആഷി.

''അവന്റെ പല്ലും നഖവുമെങ്കിലും ഞങ്ങൾക്ക് വേണ്ടി ബാക്കി വെക്കണേ.'' ഞാൻ പറഞ്ഞു.

''ഓക്കേ ടാ പിന്നെ വിളിക്കാം...'' പ്രവീൺ.. 

''അയ്യോ വെക്കല്ലേ... ആമിക്ക് കൊടുത്തേ.'' പ്രിയ.

''ഇതെവിടുന്നു വന്നു..'' ഞാൻ ചോദിച്ചു.

''ഒന്ന് കൊടുക്ക് ഷാദ്.'' സാറ.

''ഡീ നീയല്ലേ കുറച്ചു നേരത്തെ അവളോട് സംസാരിച്ചത്.'' ഞാൻ സാറയോട് കലിപ്പിൽ ചോദിച്ചു.

''ഒന്ന് കൊടുക്ക് ബായി, ഞങ്ങളവളെ കൊല്ലോന്നും ഇല്ല.'' നൂറ. 

''ഓ മഹതിയും ഉണ്ടായിരുന്നോ..'' ഞാൻ ചോദിച്ചു.

''പിന്നെ ആഷിക്ക എവിടെ പോയാലും ഞാൻ അവിടെ ഉണ്ടാവും..'' നൂറ.

''എന്റെ ഒരു നിർഭാഗ്യം...'' ആഷിയുടെ ശബ്ദം ഞാൻ കേട്ടു.

''ആഹാ അപ്പൊ ഞാൻ നിങ്ങക്ക് ശല്യം ആണല്ലേ...'' നൂറ. 

പിന്നെ അവിടെ ആഷിയുടെ ദീനരോധനങ്ങൾ കേട്ടു. ഞാൻ ചിരിച്ചോണ്ട് ഫോൺ ആമിക്ക് കൊടുത്തു. അവള് ഫോൺ ചെവിയിൽ വച്ച് അവരോടു എന്തൊക്കെയോ പറയുന്നുണ്ട്. പിന്നെ ആമി മൂളുക മാത്രമേ ചെയ്യുന്നുള്ളൂ.. ഇടയ്ക്കു ഒന്ന് വച്ചിട്ട് പോയെ എന്നൊക്കെ പറയുന്നുണ്ട്.

അപ്പൊ മനസ്സിലായി അവിടെ ലേഡീസ് എല്ലാം കൂടി അവളെ നന്നായി താങ്ങുന്നുണ്ടെന്ന്. പെണ്ണിന്റെ മുഖമൊക്കെ ആകെ ചുവന്നു. ഇവളെന്റെ കണ്ട്രോള് കളയും. ഞാൻ സമയം നോക്കി, പത്തു മണി. ആൾക്കാരൊക്കെ ഇപ്പഴും നല്ല ഫോമിൽ നിന്നു സംസാരിക്കുന്നു. ഇവർക്കൊന്നും ഉറക്കില്ലേ ആവോ. പടച്ചോനെ എല്ലാത്തിനെയും ഒന്ന് ഓടിച്ചു താ പ്ളീസ്.

@@@@@@@@@@@@@@@@@@@@@@@

ഷാദിന് വേണ്ടി ആണ് എന്നെ ആലോചിച്ചത് എന്ന് കേട്ടപ്പോ വല്ലാത്ത സങ്കടം തോന്നി. പിന്നെ അവൻ പറഞ്ഞപോലെ അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ഞങ്ങൾ ഇത്രയും അടുക്കില്ലായിരുന്നു. പിന്നെ പ്രവീണേട്ടന്റെ ഫോൺ വന്നു. വെക്കാൻ പോവുമ്പോളാ അവളുമാര് എന്നോട് സംസാരിക്കണമെന്ന് പറഞ്ഞു. ഫോൺ വാങ്ങി ചെവിയിൽ വച്ചപ്പോ വേണ്ടായിരുന്നു എന്ന് തോന്നിപ്പോയി.

അമ്മാതിരി ചോദ്യങ്ങൾ ആണ്, അലവലാതികൾ. ഞാൻ കുറച്ചു മാറി നിന്നു. അവരുടെ അവസാന ആവശ്യം കേട്ടപ്പോ തൃപ്തിയായി. തിരിച്ചു പോവുമ്പോളേക്കും ചാരുവിനെ പോലെ ആവണമെന്ന്. മനസ്സിലായില്ലേ ഒരു കുഞ്ഞു ഷാദിനെ വയറ്റിൽ ഇട്ടു തിരിച്ചു പോയാൽ മതി എന്ന്.

എങ്ങനേലും വേഗം ഫോൺ വെച്ചു. ആ കൊരങ്ങൻ എന്താ എന്നൊക്കെ ചോദിക്കുന്നുണ്ട്. ഞാൻ ഒന്നും പറഞ്ഞില്ല. അറിഞ്ഞാൽ ചിലപ്പോ അപ്പൊ തന്നെ അവരെ ആഗ്രഹം അങ്ങ് സാധിപ്പിച്ചു കൊടുത്തു കളയും. ഞാൻ വേഗം ഇക്കാക്കസിന്റെ അടുത്തേക്ക് പോയി. 

''അപ്പൊ ഞങ്ങളിറങ്ങാണ് കേട്ടോ.. അങ്ങോട്ടേക്ക് ഇറങ് ഒരു ദിവസം..'' നിശൂക്ക.

''വരും, എന്തായാലും വരും. ഒരു ട്രീറ്റ് ബാക്കി ഉണ്ടല്ലോ...'' ഷാദ് പറഞ്ഞു.

''ആഹ് അതിനു വേണ്ടി ഒരു ചെറിയ പാർട്ടി ഉണ്ട്, ദിവസം ഞാൻ വിളിച്ചു പറയാട്ടോ.'' നിശൂക്ക.

അങ്ങനെ അവരിറങ്ങി. പിന്നാലെ ഓരോ ഗസ്റ്റായി പോവാൻ തുടങ്ങി. അവസാനം എന്റെ വീട്ടുകാരും ഇറങ്ങി. 

''സമയം പോലെ രണ്ടാളും അങ്ങോട്ട് വാ കേട്ടോ..'' ഉപ്പ പറഞ്ഞു.

''ശരി ഉപ്പാ...'' ഷാദ്.

''പിന്നെ റാഫിയുടെയും ശാഫിയുടെയും രണ്ടാം കൂട്ടല് {കല്യാണം കഴിഞ്ഞു പെണ്ണിനെ ആണിന്റെ വീട്ടിലേക്കു കൊണ്ട് വരുന്ന ചടങ്ങു. അവളുടെ വീട്ടുകാരും അടുത്ത ബന്ധുക്കളും ഉണ്ടാവും കൂടെ. അതിനു ശേഷം പെണ്ണ് തിരിച്ചു വീട്ടിലേക്കു പോവുന്നതും ഇതുപോലെ ഒരു ചടങ്ങാണ്. ആൺവീട്ടുകാർ ഉണ്ടാവും കൂടെ. } മറ്റന്നാൾ ആണ്. എന്തായാലും എല്ലാരും വരണം.'' ഇളയുപ്പ ഷാദിന്റെ ഉപ്പാനോട് പറഞ്ഞു.

''ആഹ് അത് പറയാൻ ഉണ്ടോ.. ഞങ്ങൾ എന്തായാലും വരും.'' ഷാദിന്റെ ഉപ്പ പറഞ്ഞു.

അവരൊക്കെ പോയി കഴിഞ്ഞപ്പോ ഷാദിന്റെ ഉപ്പയും ഉമ്മയും, ഇപ്പൊ എന്റെയും, ഷെഫുക്ക സിനാന ഇത്ത ഷഹി ജാസി ഞാൻ ഷാദ് ഇരുന്നു കത്തി വെക്കാൻ തുടങ്ങി. കൂടുതലും ഷാദിന്റെ പണ്ടത്തെ കാര്യങ്ങൾ ആയിരുന്നു. ആള് പണ്ടേ കലിപ്പൻ ആണ്, പിന്നെ റൊമാൻസും പണ്ടേ ഉണ്ട്..

ആറു വയസുള്ളപ്പോ ഏതോ ഒരാൾ മോന് ദേഷ്യം കൂടുതലാണല്ലോ പറഞ്ഞതിന് അയാളെ തല കല്ലെറിഞ്ഞു പൊട്ടിച്ചു. രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോ ടീച്ചറെ കാണാൻ നല്ല രസമുണ്ട്, ഞാൻ ഉപ്പനെയും കൂട്ടീട്ടു വരട്ടെ എന്ന് മുഖത്ത് നോക്കി ചോദിച്ചു. അവര് അപ്പൊ തന്നെ സ്ഥലം മാറിപ്പോയി. 

പത്താം വയസ്സിൽ ടൂഷൻ ടീച്ചർക്ക് വിം കലക്കി കൊടുത്തു. ഏഴാം ക്‌ളാസിൽ പഠിക്കുമ്പോ കൂടെ പഠിക്കുന്ന കുട്ടിയുടെ അച്ഛനോട് അവളെ ഇഷ്ടമാണെന്നും കല്യാണം കഴിക്കാൻ ആഗ്രഹമുണ്ടെന്നും നേരിട്ട് പോയി പറഞ്ഞു. അവളും കുടുംബവും ജീവനും കൊണ്ട് ഓടി, വീട് മാറിപ്പോയി.. ഷഹിയെ കമന്റ് അടിച്ച ഒരുത്തനെ ചവിട്ടി കൂട്ടി. അതോടെ കലിപ്പന്റെ പെങ്ങളെ ആരും തിരിഞ്ഞു കൂടി നോക്കാറില്ല. അങ്ങനെ പോണൂ ഡ്രാക്കുളയുടെ വിശേഷങ്ങൾ.

ഇതൊക്കെ കേട്ടു ഷാദിനെ നോക്കിയപ്പോ ഞാൻ തന്നെ എന്ന് പറഞ്ഞു കോളർ പൊക്കി കാണിച്ചു. പിന്നെയും സംസാരം നീണ്ടു വന്നു. ഉപ്പാക്ക് ഒരു പെങ്ങൾ മാത്രമേ ഉള്ളൂ. ഉമ്മാക്ക് സഹോദരങ്ങൾ ഇല്ല. അതോണ്ട് ബാക്കി ബന്ധുക്കൾ എന്ന് പറയാൻ ഉള്ളവരെ ഒക്കെ കാണാറ് വല്ല ഫങ്ക്ഷൻസിനും ആണ്.

സംസാരം നീളുന്നതിനു അനുസരിച്ചു ഷാദ് വാച്ച് നോക്കുന്നുണ്ട്. എനിക്കാണെങ്കി അത് കണ്ടു ചിരി വരുന്നുണ്ട്. ഷാദിന്റെ കളി കണ്ടിട്ടാണെന്നു തോന്നുന്നു ഉപ്പ എല്ലാരോടും പോയി കിടക്കാൻ പറഞ്ഞത്.

@@@@@@@@@@@@@@@@@@@@@@@

ഇങ്ങനെ കഥയും കേട്ടു ഇരിക്കാൻ തുടങ്ങീട്ട് മണിക്കൂറുകളായി. എങ്ങനേലും എണീറ്റ് പോവാൻ നോക്കുമ്പോളാ ഉപ്പ എല്ലാരോടും പോവാൻ പറഞ്ഞെ. മോനെ മനസ്സിൽ ലഡ്ഡു പൊട്ടി എന്നും പറഞ്ഞു എണീറ്റതും ഇക്കാന്റെ ഒടുക്കത്തെ ചോദ്യം.

''അല്ല ഷാദ് നീ എങ്ങനെയാ ആമിയെ കണ്ടുമുട്ടിയെ. ആ കഥ പറഞ്ഞില്ലല്ലോ...'' 

''പിന്നെ കഥ പറയാൻ പറ്റിയ സമയം...'' ഞാൻ ഇക്കാനെ നോക്കി പല്ലുകടിച്ചു.

''അതൊക്കെ ഞാൻ മുന്നേ പറഞ്ഞതല്ലേ.. ഇനിയും കേൾക്കണമെങ്കിൽ ഷഹിയോട് ചോദിച്ചോ, അവൾക്കറിയാം.'' ഞാൻ പറഞ്ഞു.

''അത് വേണ്ട നിന്റെ വായിന്നു കേൾക്കാനാ സുഖം.'' ഇക്ക എന്റെ തോളിൽ കയ്യിട്ടു പറഞ്ഞു.

എല്ലാരും ചിരി അടക്കിപ്പിടിക്കുന്നുണ്ട്. ഓ എനിക്ക് പണി തന്നതാണല്ലേ. ഇപ്പൊ ശരിയാക്കിത്തരാം.

''അല്ല ഇക്കാ ഷിസു എവിടെ... ഉറങ്ങിയോ..'' ഞാൻ ചോദിച്ചു.

''ഇല്ല ഉമ്മ അവനെ ഉറക്കാൻ കൊണ്ടുപോവാ..'' ഇത്ത പറഞ്ഞു.

''അയ്യോ വെറുതെ ഉമ്മാനെ എടങ്ങേറാക്കണോ... ഇന്ന് ഫുൾ പണി ആയോണ്ട് ട്ടയേർഡായിരിക്കും...'' ഞാൻ പറഞ്ഞു. ഇക്ക എന്നെ നോക്കിപ്പേടിപ്പിക്കുന്നുണ്ട്.

''അത് ഞാൻ ഉമ്മാനോട് പറഞ്ഞതാ, കേക്കണ്ടേ...'' ഇത്ത.

''അതിനെന്താ ഞാൻ പോയി അവനെ കൂട്ടിയിട്ടു വരാം. ഇനി ഡെയിലി നിങ്ങളെ കൂടെ കിടന്നോളും.'' എന്നും പറഞ്ഞു ഞാൻ എണീക്കാൻ പോയതും ഇക്ക എന്റെ കൈ പിടിച്ചു വെച്ചു. 

''പൊന്നു മോനെ വേണ്ട.. ഞാൻ സുല്ലിട്ടു... എന്റെ കഞ്ഞിയിൽ നീ മണ്ണ് വാരിയിടരുത്.'' ഇക്ക കൈ കൂപ്പിയിട്ടു പറഞ്ഞു.

''അപ്പൊ നിങ്ങക്കെന്റെ കഥ കേൾക്കണ്ടേ...'' ഞാൻ ചോദിച്ചു.

''അയ്യോ വേണ്ട ചക്കരെ... നീ നിന്റെ കഞ്ഞിയെയും കൂട്ടി സോറി ആമിയെയും കൂട്ടി പോവാൻ നോക്ക്... ക്ഷീണിച്ചിട്ടുണ്ടാവുമല്ലോ..'' ഇക്ക പറഞ്ഞു.

''വേണ്ട ഇക്കാ, ഞാൻ കഥ പറഞ്ഞു തരാം.'' ഞാൻ പറഞ്ഞു.

''വേണ്ടാണല്ലേ പറഞ്ഞെ..'' ഇക്ക.

''അതെന്താ ഞാൻ പറഞ്ഞാ...'' ഞാൻ അങ്ങനെ ചോദിച്ചതും ഇക്ക എന്റെ വാ പൊത്തി.

''പൊന്നു മോനെ നാഗവല്ലി ഒക്കെ ഔട്ട് ഓഫ് ഫാഷൻ ആയി. നീ പോയി ചാച്ചിക്കോ... വാടീ, ഈ ഡ്രാക്കുള ആ കുട്ടിപ്പിശാശിനെ വിളിക്കുന്നേനു മുന്നേ നമക്ക് പോവാം.'' എന്നും പറഞ്ഞു ഇക്ക ഇത്താന്റെ കൈ പിടിച്ചു വലിച്ചു പോയി. അത് കണ്ടു ഞാനും ആമിയും ജാസിയും ഷഹിയും നല്ല ചിരി ആയിരുന്നു.

''അപ്പൊ ഗുഡ്‍നായിട്ട് അളിയാ.. നിങ്ങളെ റൂമിൽ ആക്കിത്തരണോ..'' ജാസി ചോദിച്ചു.

''വോ വേണ്ട.. ഞങ്ങൾക്ക് വഴി അറിയാം. ഇല്ലെങ്കിൽ ഞങ്ങള് ചോദിച്ചു ചോദിച്ചു പോയിക്കൊള്ളാം.'' ഞാൻ പറഞ്ഞു.

''ഓ വേണ്ടെങ്കിൽ വേണ്ടാ, ഒരു സഹായം ചെയ്യാമെന്നു വച്ചപ്പോ വാടീ നമ്മക്ക് പോവാം...'' എന്നും പറഞ്ഞു അവൻ ഷഹിയെ മെല്ലെ കസേരയിൽ നിന്നും കൈ പിടിച്ചു എണീപ്പിച്ചിട്ടു പതുക്കെ ചേർത്ത് പിടിച്ചു നടത്തിച്ചു റൂമിലേക്ക് പോയി. അത് കണ്ടപ്പോ എന്തോ സന്തോഷം തോന്നിപ്പോയി. അവൾക്കു നല്ലൊരാളെ ആണല്ലോ കിട്ടിയത് എന്ന് ആലോചിച്ചപ്പോ മനസ്സ് നിറഞ്ഞു..

ആമിയെ നോക്കിയപ്പോ അവളും അത് നോക്കി നിക്കാ... നീ നോക്കിക്കോ മോളെ ഈ അവസ്ഥയിൽ നീ ആയാൽ നിന്നെ ഞാൻ എങ്ങനെയാ നോക്കാൻ പോവുന്നെ എന്ന്. പതുക്കെ ഞാൻ അവളെ കയ്യിൽ പിടിച്ചപ്പോൾ ആണ് അവൾക്കു ബോധം വന്നേ. അവളെന്നെ നോക്കി ചിരിച്ചു.

''അപ്പൊ പോവാം..'' ഞാൻ ചോദിച്ചു.

''എങ്ങോട്ടു...'' എന്നും ചോദിച്ചു പിരികം പൊക്കി കളിക്കാ ബ്ലഡി വവ്വാൽ.

''നിൻറ്റെ കെട്ടിയോന്റെ അടുത്തേക്കടി..'' എന്നും പറഞ്ഞു അവളെ പൊക്കി എടുത്തു റൂമിലേക്ക് നടന്നു.

''ഷാദ് കളിക്കല്ലേ താഴെ ഇറക്ക്, ആരെങ്കിലും കണ്ടാൽ മാനം പോവും,പ്ലീസ്...'' ആമി.

''മിണ്ടാതിരിയെടീ...'' എന്നും പറഞ്ഞു അവളെയും കൊണ്ട് റൂമിലേക്ക് കേറി നേരെ പോയി ബെഡിലേക്കിട്ടു. 

''ആഹാ പാലും പഴവുമൊക്കെ ഉണ്ടല്ലോ. ആദ്യത്തെ ഫസ്റ്റ് നയിറ്റിനു ഇതൊന്നും ഇല്ലായിരുന്നല്ലോ.. നമുക്ക് കളറാക്കിയേക്കാം..''ഞാൻ ആമിയെ നോക്കി പറഞ്ഞിട്ട് ഡോർ അടച്ചു. 
നിങ്ങളും ഔട്ട് ഓക്കേ.. രാവിലെ കാണാം...

@@@@@@@@@@@@@@@@@@@@@@@

അങ്ങനെ റിസപ്ഷൻ കഴിഞ്ഞു റാഫിയുടെയും ശാഫിയുടെയും കല്യാണത്തിന് ശേഷമുള്ള ഫങ്ക്ഷന്സ് ഒക്കെ കഴിഞ്ഞു എന്തിനു നിശൂക്കന്റെ പാർട്ടിയും കഴിഞ്ഞു. ഒക്കെ കഴിഞ്ഞിട്ട് ആഴ്ച ഒന്നായി. ഞാൻ ഷാദിന്റെ വീട്ടുകാരുമായി നന്നായി അടുത്ത്. ഉമ്മയും ഉപ്പയും പൊളി ആണ്. ഷാദ് പറഞ്ഞ പോലെ ഒന്നും അല്ല ഉപ്പ ഭയങ്കര പാവം ആണ്. എന്നോടിതുവരെ ദേഷ്യപ്പെട്ടിട്ടില്ല. ഷാദിന് ഇടയ്ക്കു കിട്ടാറുണ്ട്.

ഇത്തയും ഇക്കയും ശിസുവും ആയി നല്ല കൂട്ടായി. ഷിസുവാണു ഇപ്പൊ എന്റെ ബെസ്റ്റ് ഫ്രണ്ട്. അവനു ഇപ്പൊ എന്തിനും ഏതിനും ഞാൻ വേണം. ഇത്ത പറയും എനിക്ക് സമാധാനം ആയി എന്ന്. ഫുൾ ടൈം എന്റെ പിന്നാലെ തൂങ്ങി നടക്കും. അതിഷ്ടപ്പെടാത്ത ഒരാളുണ്ട് ഇവിടെ,  വേറാറ് നമ്മളെ ഡ്രാക്കുള. എന്റടുത്തു വന്നാൽ ഷിസു ഷാദിനെ ഓടിക്കും.

രണ്ടു ദിവസം ആയി ഷാദ് വല്ലാത്ത ടെൻഷനിൽ ആണെന്ന് തോന്നുന്നു. എന്തേലും ചോദിച്ചാലും ഒന്നുമില്ല എന്ന് പറയും. കുത്തി കുത്തി ചോദിച്ചാ ദേഷ്യപ്പെടും. എന്തോ കാര്യമായിട്ട് ഉണ്ട്. ചോദിച്ചിട്ടാണെങ്കിൽ പറയുന്നും ഇല്ല. 

ഇടയ്ക്കു ചാരുവിനെ വിളിച്ചപ്പോ വേറൊരു ഗുഡ് ന്യൂസ് കൂടി കിട്ടി. നമ്മളെ പ്രിയക്കുട്ടിക്ക് വിശേഷം, അതും മൂന്നു മാസം. അവൾ അറിഞ്ഞില്ല. തൈറോയ്ഡിന്റെ പ്രശ്നം ഉള്ളോണ്ട് ചില മാസങ്ങളിൽ അവൾക്കു ആവാറില്ല. അതോണ്ട് അവൾ ശ്രദ്ധിച്ചും ഇല്ല.

 വേറെ ലക്ഷണങ്ങൾ ഒന്നും ഇല്ലായിരുന്നു താനും. ശർദി ഇല്ല തല കറക്കം ഇല്ല ഒന്നും ഇല്ല. ഒരു ദിവസം കമല ഡോക്ടർ പ്രിയയുടെ കണ്ണും മുഖവുമൊക്കെ കണ്ടപ്പോ ഗൈനക്കോളജിസ്റിനെ കാണാൻ പറഞ്ഞു.

അവള് അപ്പൊ തന്നെ പ്രവീണേട്ടനോട് പറഞ്ഞു. രണ്ടാളും പിറ്റേന്ന് തന്നെ പോയി കാണിച്ചു. അപ്പോഴാ ഡോക്ടർ പറഞ്ഞത് ആൾക്ക് മൂന്ന് മാസം ആയി എന്ന്. എല്ലാർക്കും അതൊരു ഷോക്കായിരുന്നു. ശരിക്കും പറഞ്ഞാൽ ചാരുവിനേക്കാൾ മുന്നേ പ്രിയ അമ്മയാവും.

 അവളിപ്പോ നാട്ടിലേക്ക് പോവാനുള്ള ഓട്ടത്തിലാണ്. ജോലി റിസൈന്‍ ചെയ്യാണ് പോലും. തൈറോയ്ഡ് ഒക്കെ ഉള്ളോണ്ട് കുറച്ചു കെയർ ചെയ്യണം, ബെഡ്‌റെസ്റ്റും പറഞ്ഞിട്ടുണ്ട്. പിന്നെ പ്രവീണേട്ടൻ അവിടെ നിക്കോ, ഏട്ടനും ലെറ്റർ കൊടുത്തു. അടുത്ത ആഴ്ച രണ്ടാളും നാട്ടിലേക്ക് വണ്ടി കേറും. 

''നീ പെട്ടെന്ന് റെഡി ആയെ. നമുക്ക് ഒരു സ്ഥലം വരെ പോണം.'' ഷാദിന്റെ സംസാരം കേട്ടപ്പോൾ ആണ് ഞാൻ ആലോചനയിൽ നിന്നും തിരിച്ചു വന്നേ. 

"എങ്ങോട്ടേക്കാ" ഞാൻ ചോദിച്ചു.

"അതൊക്കെ അവിടെ എത്തുമ്പോ കണ്ടാൽ മതി." ആള് കലിപ്പിൽ ആണ്. അതോണ്ട് കൂടുതൽ ചൊറിയാൻ നിന്നില്ല. അവൻ കേറി മാന്തും.

വേഗം റെഡി ആയി ഉപ്പാനോടും ഉമ്മനോടുമൊക്കെ പറഞ്ഞു ഇറങ്ങി. കാറിൽ കേറീട്ടു അര മണിക്കൂർ ആയി. ഇത് വരെ ഡ്രാക്കുള കമാന്നൊരു അക്ഷരം മിണ്ടീട്ടില്ല. എന്തേലും അങ്ങോട്ട് ചോദിക്കാ വച്ചാൽ മുഖം കാണുമ്പോ തോന്നുന്നില്ല. ഞാൻ മെല്ലെ സീറ്റിലേക്ക് ചാരി ഇരുന്നു, അറിയാതെ കണ്ണടഞ്ഞു പോയി. 

പിന്നെ ഷാദ് തട്ടി വിളിച്ചപ്പോളാ എണീച്ചെ. കണ്ണ് തിരുമ്മി മുന്നിലെ സ്ഥലം കണ്ടതും ഞാൻ ഷാദിനെ നോക്കി. 

"ഇറങ്ങു.." ഷാദ്

ഞാൻ കാറിൽ നിന്നും പുറത്തിറങ്ങി. എന്തോ ഒരു വിറയൽ പോലെ. ഒരുപാട്  ഓർമകളും മുഖങ്ങളും മാറി മാറി മനസ്സിലേക്ക് വന്നു......കാത്തിരിക്കൂ.........

 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story