ഡിവോയ്‌സി: ഭാഗം 71

divoysi

രചന: റിഷാന നഫ്‌സൽ

എന്റെ ജീവിതം തന്നെ ഒരു ചോദ്യ ചിഹ്നം ആക്കി മാറ്റിയ സ്ഥലം... ഞാൻ ആ ബോർഡ് വായിച്ചു...''സിറ്റി ഹോസ്പിറ്റൽ..''

മുന്നോട്ടു നടക്കുംതോറും ഒരു ക്രൂരനായ ഭർത്താവിന്റെയും അയാളുടെ ചവിട്ടു കൊണ്ട് നിലത്തേക്ക് വീണിടത്തു നിന്നും ചോര ഒലിച്ചു ഇറങ്ങിയ കാലുകളുമായി നടന്ന ഒരു പെണ്ണിന്റെ മുഖവും ഒന്നുമറിയാതെ നിഷ്ക്കളങ്കമായി ഉറങ്ങുന്ന ഒരു കുഞ്ഞിന്റെ മുഖവും മനസ്സിലേക്ക് ഓടി വന്നു... 

@@@@@@@@@@@@@@@@@@@@@@@

''ഷാദ് നമ്മളെന്താ ഇവിടെ...'' ഹോസ്പിറ്റലിന്റെ അകത്തേക്ക് നടക്കുമ്പോ ആമി ചോദിച്ചു.

''അത് പറയാം.. അതിനു മുന്നേ നീ ചോദിച്ചില്ലേ കുറച്ചു ദിവസമായി ഞാൻ എന്ത് ടെൻഷനിൽ ആണെന്ന്.''. ഞാൻ

''നിൻറ്റെ മോനെ അല്ല നമ്മളെ മോനെ തിരിച്ചു കിട്ടാനുള്ള വഴികൾ നോക്കുകയായിരുന്നു. അവന്റെ ഉപ്പ ആരാണെന്നു അറിയാനുള്ള ശ്രമം ആയിരുന്നു. ഇവിടേക്കാണ്‌ നിന്നെ ഷെസിൻ അന്ന് കൊണ്ട് വന്നത് എന്ന് പറഞ്ഞിരുന്നല്ലോ. ഇവിടെയാണ് സിയാനന്റെ കസിൻ വർക്ക് ചെയ്യുന്നത്, ഞാൻ അവനെ കാണാൻ വന്നിരുന്നു. സിയാന അവനെ വിളിച്ചു പറഞ്ഞിരുന്നു. കാര്യങ്ങൾ പറഞ്ഞപ്പോ അവൻ ഹെല്പ് ചെയ്യാമെന്ന് പറഞ്ഞു.

ഹോസ്പിറ്റൽ എത്തിക്സിന് നിരക്കാത്ത കാര്യം ആണ് എങ്കിലും അവനെന്നെ സഹായിക്കാമെന്ന് ഏറ്റു. എന്നോട് ചെയ്ത തെറ്റിനുള്ള പ്രായശ്ചിത്തം ആണ് ഈ ഉപകാരം എന്ന് ആ കണ്ണുകളിൽ ഉണ്ടായിരുന്നു. നിന്നെ ട്രീറ്റ് ചെയ്ത ഡോക്ടറെ ആദ്യം കണ്ടു പിടിച്ചു. ആരാണെന്നു കേട്ടാൽ നീ ഒന്ന് ഷോക്കാവും..'' ഞാൻ പറഞ്ഞു.

''ആരാ ഷാദ്..'' ആമി. അവളുടെ ശബ്ദം നന്നായി വിറക്കുന്നുണ്ടായിരുന്നു.

''സച്ചുവിന്റെ ആന്റി. അവരാണ് ആദ്യം നിന്നെ ട്രീറ്റ് ചെയ്തത്, പ്രെഗ്നന്റ് ആവുന്നതിനു മുന്നേ. അന്ന് നിനക്ക് ബോധം ഇല്ലാത്തപ്പോൾ അല്ലെ അവര് നിന്നെ കണ്ടത്. അതാ അന്ന് നിനക്ക് അവരെ ഓർമ്മ ഇല്ലാതിരുന്നേ. പിന്നെ അന്ന് കൂടെ ഷെസിൻ അല്ലെ ഉണ്ടായിരുന്നത്, എന്നെ കണ്ടപ്പോ കൺഫ്യൂഷൻ ആയി.'' ഞാൻ പറഞ്ഞ കേട്ടു അവളാകെ ഷോക്കായി.

''നിന്നെ ട്രീറ്റ് ചെയ്തതിന് കുറച്ചു ദിവസം കഴിഞ്ഞാണ് അവരെ മോൾക്ക് ആക്സിഡന്റ് ആയതു. അതോടെ അവരെ മാനസിക നില തെറ്റി. പിന്നെ ഷെസിൻ പുതിയ വന്ന ഡോക്ടറെ കണ്ടു.'' ഞാൻ പറഞ്ഞു.

''അപ്പൊ അവർക്ക് ഷെസിൻ പണം കൊടുത്തിരുന്നോ..'' ആമി.

''ഹ്മ്മ് അവര് മുന്നേയും പൈസക്ക് വേണ്ടി ചില അബോർഷൻസ് ഒക്കെ ചെയ്തിട്ടുണ്ട്. അതിന്റെ ഒക്കെ ശാപം കാരണം ആണ് മോള് മരിച്ചതെന്നാ അവര് പറയുന്നേ. അതോണ്ടാ മനസ്സിന്റെ നില തെറ്റിയത്. കുറച്ചു ട്രീറ്റമെന്റൊക്കെ കഴിഞ്ഞിട്ടാ നമ്മളന്നു കണ്ട പോലെ ആയതു. അവരോടു സച്ചു സംസാരിച്ചിരുന്നു. പക്ഷെ അവർക്കു കാര്യമായി ഒന്നും ഓർമ്മ ഇല്ല. അതോണ്ട് 
 ആണ് സിയാനന്റെ കസിൻ ജാബിയെ ഞാൻ കാണാമെന്നു വച്ചതു. അവൻ എനിക്ക് ഇവിടുത്തെ ഡീറ്റെയിൽസ് തപ്പിയെടുത്തു തന്നു.'' ഞാൻ പറഞ്ഞു.

''അപ്പൊ ഷാദ് അറിഞ്ഞോ അതാരാണെന്ന്, എന്റെ ആദി മോന്റെ ഉപ്പ ആരാണെന്ന്.'' ആമി അത് ചോദിക്കുമ്പോ അവളുടെ ശരീരം വിറക്കുന്നുണ്ടായിരുന്നു. ഞാൻ അവളെ ചേർത്ത് പിടിച്ചു. ഒരു പെണ്ണിനും സഹിക്കാൻ പറ്റാത്ത കാര്യം ആണ് ഏതോ ഒരുത്തൻറെ കുഞ്ഞിനെ വയറ്റിലിട്ടു നടക്കുക എന്നത്.

''രണ്ടു ദിവസം അതിന്റെ പിന്നാലെ ആയിരുന്നു. ഇന്ന് രാവിലെ ആണ് എനിക്ക് ഡീറ്റെയിൽസ് കിട്ടിയത്. നീ തന്നെ വായിച്ചു നോക്ക്.'' എന്ന് പറഞ്ഞു പോക്കറ്റിൽ ഉണ്ടായിരുന്ന പേപ്പർ ഞാൻ അവൾക്കു കൊടുത്തു.

അത് തുറന്നു നോക്കുമ്പോ അവളുടെ കണ്ണൊക്കെ നിറഞ്ഞിരുന്നു. വിറയ്ക്കുന്ന കൈകളോടെ അവൾ അത് വായിച്ചു. വായിച്ചു കഴിഞ്ഞതും പൊട്ടിക്കരഞ്ഞു കൊണ്ട് അവളെന്റെ നെഞ്ചിലേക്ക് വീണു.

'' സത്യമാണോ ഷാദ് ഇത്... എന്നെ പറ്റിക്കുക അല്ലല്ലോ...'' ആമി.

''സത്യം ആണ് ആമീ...'' ഞാൻ പറഞ്ഞു.

''എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല ഷാദ്, ആദി എന്റെയും ഷാദിന്റെയും മോനാണെന്നു...'' ആമി.

''വിശ്വസിക്കണം, അതാണ് സത്യം.. അവൻ നമ്മളെ മോൻ ആണ്. ഞാൻ ഈ ഹോസ്പിറ്റലിൽ  ആയിരുന്നല്ലോ ജാബിയെ കണ്ടത്. അങ്ങനെ ആവണം അവർക്കു എന്റെ സാമ്പിൾ കിട്ടിയത്. ഇപ്പൊ മനസ്സിലായില്ലേ കറങ്ങി തിരിഞ്ഞു നീ എന്റെ ഭാര്യ ആയതിന്റെ പൊരുൾ. പടച്ചോൻ തന്നെ കൂട്ടിച്ചേർത്തതാ നമ്മളെ...'' ഞാൻ പറഞ്ഞു. 

അവള് അപ്പോഴും കരയുകയാണ്. ഞാനും തടഞ്ഞില്ല. 

@@@@@@@@@@@@@@@@@@@@@@@

എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. ഷാദ് ആണ് എന്റെ മോന്റെ ഉപ്പ, ഇനി അവൻ ഞങ്ങളെ കൂടെ ജീവിക്കും. 

''അല്ല ഷാദ് ഇത് വീട്ടിൽ വെച്ചു പറഞ്ഞാൽ പോരായിരുന്നോ.. ഇങ്ങോട്ടെന്തിനാ വന്നേ...'' ഞാൻ ചോദിച്ചു.

''നിന്നോട് ഈ കാര്യം പറയാൻ പറ്റിയ സ്ഥലം ഇതാണെന്നു എനിക്ക് തോന്നി. പിന്നെ നമ്മക്ക് വേണ്ടപ്പെട്ട ഒരാൾ ഇവിടെ ഉണ്ട്.'' ഷാദ്.

''അതാരാ...'' ഞാൻ ചോദിച്ചു.

''വാ കാണിച്ചു തരാം..'' എന്നും പറഞ്ഞു ഷാദ് എന്റെ കൈ പിടിച്ചു നടന്നു. 

ഒരു റൂമിനു മുന്നിൽ എത്തിയപ്പോ ഷാദ് നിന്നു, പതിയെ ഡോറിൽ തട്ടി.

ഡോർ തുറന്ന ആളെ കണ്ടു ഞാൻ ഷോക്കായി. സിനാന ഇത്ത... രാവിലെ ഇക്കാന്റെ കൂടെ എങ്ങോട്ടോ പോവുന്ന കണ്ടിരുന്നു. ഇവിടെ എന്താണാവോ..

''വാ ആമീ, വാ ഷെസൂ...'' ഞങ്ങൾ അകത്തേക്ക് കേറി.

റൂമിന്റെ ഉള്ളിലുള്ളവരെ കണ്ടു ഞാൻ ഷോക്കായി ഷാദും. അത് അവന്റെ മുഖത്തുണ്ട്. വേറാരും അല്ല സിയാനയും നജൂക്കയും. ഞങ്ങളെ കണ്ടതും അവര് ഞങ്ങളെ അടുത്തേക്ക് വന്നു വിശേഷങ്ങൾ ചോദിച്ചു.

''ടാ നിങ്ങളെപ്പോ എത്തി..'' ഷാദ്.

''ഞങ്ങൾ ഇന്ന് രാവിലെ. ഉപ്പാക്ക് അസുഗം കൂടുതലാണെന്നു പറഞ്ഞത് കൊണ്ട് വന്നതാ.'' നജൂക്ക പറഞ്ഞു. അപ്പോഴാണ് ഞൻ അവിടെയുള്ള കട്ടിലിലുള്ള ആളെ കണ്ടത്. ആളെന്നു പറയാൻ ഒന്നുമില്ല. മെലിഞ്ഞു ഉണങ്ങി ഒരു അസ്ഥികൂടം പോലെ ഉണ്ട്. കാണുമ്പോ തന്നെ സങ്കടം തോന്നും.

''ഹ്മ്മ് ഇത്ത പറഞ്ഞിരുന്നു, അതാ ഇങ്ങോട്ടു വന്നത്..'' ഷാദ്.

''നിനക്കിപ്പഴും ഉപ്പാനോട് ദേഷ്യമാണോ മോനെ..'' ബാത്‌റൂമിൽ നിന്നും വന്ന ഒരു ഉമ്മ ചോദിച്ചു. അത് ഇത്താന്റെ ഉമ്മയാണെന്നു മുഖം കണ്ടാൽ തന്നെ അറിയാം.. ഉപ്പാക്ക് സുഖമില്ലാത്ത കാരണം ഉമ്മ ഞങ്ങളെ റിസപ്ഷന് വന്നിരുന്നില്ല.

''അതെന്താ ഉമ്മാ അങ്ങനെ പറഞ്ഞെ.. എനിക്കൊരു ദേഷ്യവും ഇല്ല.'' എന്നും പറഞ്ഞു ഷാദ് ഇത്താന്റെ ഉപ്പാന്റെ അടുത്തേക്ക് പോയി. അവിടെ കട്ടിലിന്റെ സൈഡിൽ ഇരുന്നു. ഞാൻ ഷാദിന്റെ പിന്നിൽ നിന്നു.

''ഉപ്പാ നോക്കിയേ ആരാ വന്നതെന്ന്... ദേ ഷെസൂ വന്നിരിക്കുന്നു...'' ഇത്ത ഉപ്പാന്റെ അടുത്ത് വന്നു പറഞ്ഞു.

ആ ഉപ്പ മെല്ലെ കണ്ണ് തുറന്നു ഞങ്ങളെ നോക്കി. ഷാദിനെ കണ്ടപ്പോ ആ കണ്ണ് നിറയാൻ തുടങ്ങി. ആ മുഖത്ത് ഉണ്ടായിരുന്നു ചെയ്തു പോയതിനൊക്കെ ഉള്ള കുറ്റബോധം.

''അയ്യേ എന്താ ഉപ്പാ, ഒന്നുമില്ല.. എനിക്കൊരു ദേഷ്യവും ഇല്ല. പെട്ടെന്ന് സുഗാവും..'' ഷാദ് ആ ഉപ്പാന്റെ കൈ പിടിച്ചിട്ടു പറഞ്ഞു.

''മ്മാ...മാ...പ്പ്..'' ആ ഉപ്പാ കഷ്ട്ടപെട്ടു പറഞ്ഞു.

''അയ്യോ അങ്ങനെ ഒന്നും പറയല്ലേ.. ഞാൻ പറഞ്ഞില്ലേ എനിക്ക് നിങ്ങളോടു ഒരു ദേഷ്യവും ഇല്ല. അസുഖമൊക്കെ മാറിയിട്ട് ഞങ്ങളെ വീട്ടിലേക്കു വരണം. പിന്നെ ഇത് എന്റെ ഭാര്യ ആണ് ആമി..'' ഷാദ് എന്നെ കാണിച്ചിട്ട് പറഞ്ഞു.

ആ ഉപ്പാ എന്നെ നോക്കി ചലനമുള്ള ഒരു കൈ ഉയർത്തി അടുത്തേക്ക് വിളിച്ചു. ഞാൻ അവിടെ കട്ടിലിൽ ഇരുന്നപ്പോ ആ ഉപ്പ ഒന്ന് പുഞ്ചിരിച്ചിട്ടു എന്റെ തലയിൽ കൈ വെച്ചു, അനുഗ്രഹിക്കാൻ എന്ന പോലെ. 

''ആഹ് ഇപ്പൊ ആള് ഉഷാറായല്ലോ..'' നജൂക്ക.

''അതെ അല്ലെങ്കിൽ കയ്യും കാലും ഒന്ന് അനക്കാൻ പറഞ്ഞാൽ കേക്കില്ല.'' സിയാനന്റെ ഉമ്മ പറഞ്ഞു.

''നിനക്ക് ഇവളോട് ഇപ്പൊ ദേഷ്യം ഒന്നും ഇല്ലല്ലോ അല്ലെ...'' ഇത്ത ചോദിച്ചു.

''ഒരിക്കലും ഇല്ല, ഇവളിപ്പോ എന്റെ നല്ല ഫ്രണ്ട് അല്ലെ... അല്ലെ സന.'' ഷാദ്.

''അതെ ഇത്താ, ആമി എല്ലാം ശരിയാക്കി.'' സിയാന.

''അല്ല നിങ്ങളെപ്പോളാ തിരിച്ചു പോണത്.. പ്രവീൺ വിളിച്ചിരുന്നു നാട്ടിലേക്ക് പോവാണെന്നു പറഞ്.'' നജൂക്ക പറഞ്ഞു.

''ഞങ്ങളൊന്നും തീരുമാനിച്ചില്ല, ലീവുണ്ട്..'' ഷാദ്.

''ചാരുവും പ്രിയയും ഒരുമിച്ചു ഗോൾ അടിച്ചല്ലോ, എന്താ മോളെ നമുക്കും ഒന്ന് വേണ്ടേ...'' സിയ കണ്ണിറുക്കി കൊണ്ട് എന്നോട് ചോദിച്ചു. അലവലാതി ഉപ്പയും ഉമ്മയും ഉള്ളതൊന്നും ബോധം ഇല്ല. ഞാൻ അവളെ നോക്കിപ്പേടിപ്പിച്ചു.

''നീ എന്തിനാ അവളെ പേടിപ്പിക്കുന്നെ. അവള് കാര്യം ചോദിച്ചതല്ലേ...'' ഷാദ് നജൂക്കാന്റെ പിന്നിൽ നിന്നിട്ടു പറഞ്ഞു. ഇല്ലെങ്കിൽ ആ വയറിൽ ഞാനൊരു കൊലവെറി നടത്തിയേനെ.. 

''നീ അവനെ നോക്കിപ്പേടിപ്പിക്കണ്ട എനിക്കും പെട്ടെന്ന് മാമനാവണം..'' നജൂക്ക പറഞ്ഞു. പടച്ചോനെ ഇന്ന് എല്ലാരും കൂടി എന്റെ നെഞ്ചത്തോട്ടാണല്ലോ...

''നജൂക്കാ...'' ഞാൻ ദേഷ്യത്തോടെ വിളിച്ചു. അപ്പൊ തന്നെ ഇക്ക വയറ്റിൽ കൈ വെച്ചു എന്നിട്ടു കൈ കൂപ്പി കാണിച്ചു. അത് കണ്ടു എല്ലാരും പൊട്ടിച്ചിരിച്ചു.

അവിടുന്ന് നേരെ വീട്ടിലേക്കു പോയി. ഒരുപാട് സന്തോഷം തോന്നി, എന്റെ മോൻ ഇനി എന്റെ കൂടെ ഉണ്ടാവും. എനിക്കതു മതി..

വീട്ടിൽ എത്തിയപ്പോ ഉപ്പ ഷെഫുക്കാനേ ഇട്ടു കുടയുന്നുണ്ട്. എന്തോ ബിസിനെസ്സ് പ്രശ്നം ആണ്. ആള് ജോളി ടൈപ്പൊക്കെ ആണെങ്കിലും ഷാദ് പറഞ്ഞപോലെ ദേഷ്യം വന്നാൽ പിന്നെ കണ്ണ് കാണില്ല. മുന്നിൽ ഉള്ള എല്ലാർക്കും കിട്ടും. വെറുതെ അടി വാങ്ങേണ്ട എന്ന് കരുതി മെല്ലെ അകത്തേക്ക് സ്കൂട്ടായി. ഓരോന്നാലോചിച്ചു വെള്ളം കുടിക്കാൻ ഗ്ലാസ് എടുത്തതും എന്തോ അത് സ്ലിപ്പായി താഴെ വീണു.

ഗ്ലാസ് പൊട്ടുന്ന ഒച്ച കേട്ടതും പുറത്തു നിന്ന് ഉപ്പാന്റെ ഗർജനം വന്നു. ''എന്താ അവിടെ, മനുഷ്യന് സ്വസ്ഥത തരില്ലേ.''

അത് കേട്ടതും മൊത്തത്തിൽ ഒരു വിറയൽ ആയിരുന്നു. കുറെ നാളായി ഉള്ളിൽ പൂട്ടിയിട്ട ഓർമ്മകളുടെ പുസ്തകം വീണ്ടും തുറന്നു. കയ്യിൽ നിന്നും അറിയാതെ ഒരു കുഞ്ഞു കപ്പ് പൊട്ടിയതിനു ആദ്യം ഉമ്മാന്റെ വക മുഖത്തൊരു അടി. പിന്നെ ഷെസിന്റെ വക കൈ കൊണ്ട് ഓരോ ഗ്ലാസ് പീസും പെറുക്കി എടുപ്പിക്കൽ. ഒടുക്കം പൊട്ടും പൊടിയും എങ്ങനെ എടുക്കും എന്ന് ചോദിച്ചപ്പോ കൈ നിലത്തു ആ പൊടിയിലേക്കു അമർത്തി. ദേ ഇങ്ങനെ എടുക്കണം എന്ന് പറഞ്ഞു കയ്യിൽ പറ്റിയ കുഞ്ഞു ഗ്ലാസ് പീസുകൾ തട്ടി വെസ്റ്റിലേക്കു ആക്കി. 

തറയിലെ ഓരോ പൊടിയും തീരുന്നതു വരെ  എന്റെ കൈ തറയിലമർന്നു കൊണ്ടിരുന്നു.. ഒടുക്കം നിറയെ ചോര പൊടിയുന്ന ആ കൈ കൊണ്ട് തന്നെ ചൂല് കൊണ്ട് അടിച്ചു വാരിക്കുകയും തുടപ്പിക്കുകയും ചെയ്തു. കപ്പ് പൊട്ടിച്ച കാരണം രാത്രി ഭക്ഷണവും കഴിക്കേണ്ട പറഞ്ഞു. എല്ലാരും കിടന്നതിനു ശേഷം ഒറ്റയ്ക്ക് കയ്യിൽ പറ്റിയ ഗ്ളാസ് പൊടികൾ അടർത്തി മാറ്റാനാവാതെ ഇരുന്നപ്പോ ഫെബിത്ത ആരും കാണാതെ അതൊക്കെ വൃത്തിയാക്കി മരുന്ന് വെച്ച് തന്നു. 

''എന്താ അവിടെ'' എന്ന ഉപ്പാന്റെ ശബ്ദം കേട്ടാണ് ഓർമ്മയിൽ നിന്നും പുറത്തു വന്നത്. കൂടെ ഷെഫുക്കയും ഷാദും ഉണ്ട്. ജാസിയും ഷഹിയും അവളെ ഡോക്ടറെ കാണാൻ പോയി. ശബ്ദം കേട്ട് ഉമ്മയും എത്തി. എന്തൊക്കെ സ്നേഹമുണ്ടെന്നു പറഞ്ഞാലും തെറ്റ് കണ്ടാൽ എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ലല്ലോ.. ഇത്രയും ദിവസത്തിന്റിടക്കു ഒരു തെറ്റും വരാൻ ഞാൻ ഇടം കൊടുത്തിട്ടില്ല.

''അ...അ.. അതുപ്പാ.. അറി... യാതെ... ക..കയ്യിൽ നിന്നും സ്ലി..പ്പായി...'' ഞാൻ വേഗം പറയാൻ നോക്കിയെങ്കിലും ഉപ്പാന്റെ ദേഷ്യം പിടിച്ച മുഖം കണ്ടതും വാക്കുകൾ മുറിഞ്ഞു പോയി. 

ഉമ്മാനെ നോക്കിയപ്പോ അവിടെയും വലിഞ്ഞു മുറുകിയ ഭാവം.. അത് കണ്ടതും വേഗം നിലത്തിരുന്നു ഗ്ലാസ് പീസ് എടുക്കാൻ തുടങ്ങി.

''നീ എന്താ ഈ കാണിക്കുന്നേ...'' എന്നുള്ള ഉപ്പാന്റെ ചോദ്യം കേട്ടതും കയ്യിലുണ്ടായിരുന്ന പീസുകൾ നിലത്തേക്ക് തന്നെ പോയി, കൂട്ടത്തിൽ ഒരു പീസ് കൊണ്ട് മുറിവായി ചോര വരാൻ തുടങ്ങി.

''അള്ളാഹ്... നിങ്ങക്കൊന്നു മെല്ലെ ചോദിച്ചൂടേ, മോളെ കൈ മുറിഞ്ഞു... റബ്ബേ... നല്ലോണം ചോര വരുന്നുണ്ടല്ലോ...'' ഉമ്മ എന്റെ അടുത്തേക്ക് വരാൻ നിന്നതും ഉപ്പ തടഞ്ഞു.

''നീ എങ്ങോട്ടേക്കാ സൈനൂ.. അവിടെ നിക്ക്.'' എന്ന് പറഞ്ഞു ഉപ്പ മുന്നോട്ടു വന്നു. ഞാൻ ഒരാശ്രയത്തിനായി ഷാദിനെ നോക്കിയപ്പോ രണ്ടു കയ്യും കെട്ടി എന്നെ നോക്കി നിക്കാ... ഷെഫുക്കായും അതെ ഭാവം തന്നെ. 

എന്തോ പേടി കാരണം വിറക്കുന്നുണ്ടായിരുന്നു. ഉപ്പ എന്റെ നേരെ കൈ നീട്ടിയതും ഞാൻ കണ്ണുമടച്ചു നിന്നു.

ആരോ തോളിൽ പിടിച്ചു ഈ ചെരുപ്പ് ഇട്ടു ഇങ്ങോട്ടു മാറി നിക്ക് എന്ന് പറഞ്ഞപ്പോളാ കണ്ണ് തുറന്നു നോക്കിയത്. 

''എന്താ മോളെ ശ്രദ്ധിക്കണ്ടേ, കണ്ടില്ലേ കൈ മുറിഞ്ഞു ചോര വരുന്നത്... വേഗം ഇത് കാലിൽ ഇട് എന്നിട്ടു മാറി നിക്ക്. കാലിലും കൂടി കൊള്ളേണ്ട.'' എന്നും പറഞ്ഞു ഉപ്പ കാലിൽ നിന്നും ചെരുപ്പ് ഊരി എന്റെ കാലിനടുത്തേക്കു വച്ചു. ഞാൻ അത്ഭുതത്തോടെ ഉപ്പാനെ നോക്കി.

''വാ നടക്ക്'' എന്നും പറഞ്ഞു എന്റെ ഷോള്ഡറില് പിടിച്ചു എന്നെ അവിടുള്ള കസേരയിൽ ഇരുത്തി.

''മോളെ നല്ല വേദനയുണ്ടോ...'' എന്നും ചോദിച്ചു ഉമ്മ എന്റെ നേരെ വന്നു.

''നിന്നോടല്ലേ സൈനൂ ഇങ്ങോട്ടു വരണ്ടാ പറഞ്ഞത്. കാലിൽ ചെരുപ്പിടാണ്ട് എവിടുത്തേക്കാ ഈ കുതിരനെ പോലെ ഓടുന്നെ... പോയി ചെരുപ്പിട്ടു വാടീ...'' അത് കേട്ടതും ഞാൻ ചിരിച്ചു പോയി. അപ്പൊ കാലിൽ ചെരുപ്പിടാത്തതു കൊണ്ടാണ് ഉമ്മാനോട് വരണ്ടാ പറഞ്ഞത്. 

അപ്പോഴേക്കും ഷാദ് എനിക്ക് വെള്ളം എടുത്തു കൊണ്ട് വന്നിരുന്നു. അത് വായ്ക്ക് വച്ച് തരുമ്പോളും ഷാദിന്റെ മുഖത്തെ ദേഷ്യം എനിക്ക് കാണാമായിരുന്നു. അപ്പോളേക്കും ഷെഫുക്ക ഫസ്റ്റ് എയ്ഡ് ബോക്സ് കൊണ്ട് വന്നിരുന്നു.

ഷാദ് എന്റെ മുറിവ് ക്ലീൻ ചെയ്തു ഡ്രസ്സ് ചെയ്തു തന്നു.

''എന്താ മോളെ കുറച്ചു ശ്രധിച്ചൂടെ...'' ഉമ്മ വീട്ടിൽ ജോലിക്കു വരുന്ന സതി ചേച്ചീടെ കൂടെ ഞങ്ങളുടെ അടുത്തേക്ക് വന്നു.

''അതുമ്മാ... ഗ്ളാസ്... ഞാൻ.. അറിയാതെ പൊട്ടിയതാ... സോറി..'' ഞാൻ പറഞ്ഞു.

''ഒരു ഗ്ലാസ്സല്ലേ... അതിനു മോളെന്തിനാ ഇങ്ങനെ പേടിക്കുന്നെ... മോളേക്കാൾ വലുതാണോ ഗ്ലാസ്സ്. ഇപ്പൊ കണ്ടില്ലേ ശ്രദ്ധിക്കാതെ നിന്നിട്ടു ചോര വന്നു.'' ഉപ്പ പറഞ്ഞത് കേട്ടതും ഞാൻ ഒന്ന് റിലാക്സ് ആയി. ആ മുഖത്ത് ഇപ്പൊ സങ്കടമാണ് കാണാനുള്ളത്.

''നിങ്ങള് തന്നെയാ കാരണം.. എന്തിനാ ഒച്ച എടുത്തേ അതല്ലേ അവള് പേടിച്ചത്...'' ഉമ്മ ഉപ്പാനെ നോക്കി ദേഷ്യത്തോടെ പറഞ്ഞു. 

''അത് ദേ ഈ പൊട്ടൻ കാരണമാ.. ഇന്ന് രാവിലെ ഒരു മീറ്റിംഗ് ഉണ്ടായിരുന്നു, ഇവനതു  മറന്നു, അയാളെന്നെ വിളിച്ചു ചൂടായി. ഒരു മണിക്കൂർ ഇവനെ കാത്തിരുന്നു എന്ന്. ആ ചൂടിൽ ആയിരുന്നു.'' ഉപ്പ ഷെഫുക്കാനേ നോക്കി പല്ലിറുമ്മിക്കൊണ്ട് പറഞ്ഞു. എന്നിട്ടു ഉമ്മാനെ നോക്കി പല്ലിളിച്ചു കാണിച്ചു. എനിക്ക് ചിരി വന്നു.

''അത് പിന്നെ നാനിയുടെ ഉപ്പ ഹോസ്പിറ്റലിൽ ആയോണ്ടാല്ലേ, ഞാൻ മീറ്റിംഗിന്റെ കാര്യം മറന്നു. പോയി. എല്ലാം കൂടി ചെയ്യാൻ ഞാൻ തന്നെ വേണ്ടേ...'' ഷെഫുക്ക ഷാദിനെ നോക്കിക്കൊണ്ടു പറഞ്ഞു. ഷാദ് അപ്പൊ തന്നെ മോളിലെ ലയിറ്റിന്റെ ഭംഗി നോക്കാൻ തുടങ്ങി..

''ആ അതൊക്കെ പോട്ടെ ഇപ്പൊ മോള് പോയി റെസ്റ്റെടുക്ക്.'' ഉമ്മ.

''അയ്യോ വേണ്ട ഉമ്മ ഞാൻ ഇവിടെ ഒക്കെ ഒന്ന് ക്ലീൻ ചെയ്യട്ടെ...'' ഞാൻ പറഞ്ഞു.

''എന്തിനു അതിനല്ലേ ഇവിടെ ശമ്പളം കൊടുത്തു ആളെ വച്ചിരിക്കുന്നത്.. ഭക്ഷണം ഉണ്ടാക്കുന്നത് ഒഴിച്ച് മറ്റെന്തെലും ജോലി ചെയ്യുന്നത് കണ്ടാ....ആ അപ്പൊ ബാക്കി പറയാം..'' ഉപ്പ എന്നെ നോക്കി കണ്ണുരുട്ടിക്കൊണ്ടു പറഞ്ഞു. എനിക്കതു കണ്ടു ചിരി വന്നു.

''അതെ പക്ഷെ ഇനി കൈ ഉണങ്ങുന്നതു വരെ നിന്നെ കിച്ചണിൽ കണ്ടാൽ അപ്പൊ ബാക്കി ഞാനും പറയാം..'' ഉമ്മ.

''എന്താ ഇവിടെ ബളഹം...'' നോക്കിയപ്പോ ജാസി കൂടെ ഷഹിയും സിനാന ഇത്തയും. ഇത്താനെ കണ്ടതും ഇതുവരെ ഫ്യുസടിച്ച മുഖവുമായി നിന്ന ഇക്കാന്റെ മുഖം ടൂബ്ലായിട്ടു പോലെ കത്തി.

"നാനി നീ എന്താ ഇവരെ  കൂടെ..." ഷെഫുക്ക ഇത്താനോട് ചോദിച്ചു.

"ഞങ്ങൾ ഇവളെ ഡോക്ടറെ കാണാൻ പോയപ്പോ ഉപ്പാനെ കാണാൻ കേറി. അപ്പൊ ഇത്ത ഞങ്ങളെ കൂടെ ഇങ്ങു പൊന്നു." ജാസി പറഞ്ഞു. ഇക്ക അപ്പോളും ഇത്താനെ നോക്കി നിക്കാണ്.

''ഹ്മ്മ് ഇപ്പോഴും കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടിൽ തന്നെ.'' ഷാദ് ഷെഫുക്കാനേ നോക്കി പറഞ്ഞു.

''അതെ വെള്ളപ്പൊക്കം ഉണ്ടാവാതിരുന്നാ മതിയാരുന്നു.'' ജാസി.

''അതെന്താ ഇക്കാ..'' ഷഹി.

''ചിലരുടെ നോട്ടം തന്നെ, അമ്മാതിരി വെള്ളം ഇറക്കൽ അല്ലെ... ഓവർഫ്ലോ ആയാലോ...'' ജാസി പറഞ്ഞതും എല്ലാരും ചിരിച്ചു. ഇത്ത ഷെഫുക്കാനേ നോക്കി കണ്ണുരുട്ടി. അത് കണ്ടു എനിക്ക് ചിരി വന്നു. അപ്പൊ ഇത്ത എന്നെ നോക്കി നീയും തുടങ്ങിയോ എന്ന ഭാവത്തിൽ ആക്ഷൻ കാണിച്ചു. 

''അയ്യോ ഇതെന്തു പറ്റി ആമീ കയ്യിൽ..'' ഇത്ത വേവലാതിയോടെ ചോദിച്ചു. അപ്പോഴാണ് ബാക്കി രണ്ടു പേരും അത് ശ്രദ്ധിച്ചേ.

''ഒന്നുമില്ല ഇത്ത ഗ്ലാസ് പൊട്ടിയപ്പോ ചെറുതായി മുറിഞ്ഞു.'' ഞാൻ പറഞ്ഞു.

''ശ്രദ്ധിച്ചു കൂടെ ആമീ...'' ഇത്ത.

''അതെങ്ങനെ ഇവിടെ മൊത്തം കോഴികളെ കൊണ്ട് നിറഞ്ഞിരിക്കുവല്ലേ... ആർക്കറിയാം ഗ്ലാസ് പൊട്ടിയത് എങ്ങനെ എന്ന്.'' ജാസി ഷാദിനെ ഇടം കണ്ണിട്ടു നോക്കീട്ടു പറഞ്ഞു.

''നീയെന്താ ഉദ്ദേശിച്ചേ..'' ഷെഫുക്കാ.

''അല്ല വല്ല പൂവൻകോഴിയും കൊത്താൻ നോക്കിയപ്പോ പെട്ടെന്ന് പേടിച്ചു ഗ്ലാസ് വീണതാണെങ്കിലോ...'' അത് കേട്ടപ്പോ എല്ലാരും ഷാദിനെ ഒരു നോട്ടം..

''ടാ തെണ്ടീ... ഞാൻ ഉപ്പാന്റേം ഇക്കാന്റേം കൂടെ പുറത്തായിരുന്നു, അവൾ അകത്തും...'' ഷാദ് ജാസിയെ നോക്കി ദേഷ്യത്തോടെ പറഞ്ഞു.

''അതിനു ഞാൻ നിന്നെ പറഞ്ഞോ, ഞാൻ ഇവിടെ വളർത്തുന്ന കോഴിയെ പറ്റിയാണ് പറഞ്ഞത്. സ്വയം ഒരു ധാരണ ഒക്കെ ഉള്ളത് നല്ലതാ...'' ജാസി ചിരിച്ചോണ്ട് പറഞ്ഞതും എല്ലാരും ചിരിക്കാൻ തുടങ്ങി. ഞാൻ ഷാദിനെ നോക്കിയപ്പോ അവനെന്നെ നോക്കി കണ്ണുരുട്ടാണ്.

''എന്താ കോഴി അല്ല ഷാദ് നീ അവളെ നോക്കി കണ്ണുരുട്ടുന്നെ...'' ജാസി.

''നീ തീർന്നെടാ തീർന്നു. ഷഹി നിന്റെ കുട്ടിക്ക് ഞാൻ നല്ല അടിപൊളി സൂപ്പർ ഉപ്പാനെ കൊണ്ട് തരാം.. ഇതിനെ അങ്ങ് മറന്നേക്കൂ...'' എന്നും പറഞ്ഞു ഷാദ് ജാസിയുടെ പിന്നാലെ ഓടി. പക്ഷെ അധിക ദൂരം ഒന്നും പോയില്ല. രണ്ടും ഓടിയ അതെ സ്പീഡിൽ തിരിച്ചു വന്നു. കാരണം രണ്ടാളുടേം ചെവി ഉപ്പാന്റെ കയ്യിൽ ആയിരുന്നു.

''ആഹ് മതി കളിച്ചതു. ഷെസൂ.. മോനെ നീ മോളെ റൂമിലേക്ക് കൊണ്ട് പോ...'' ഉമ്മ.

യാ റബീ. അത് വേണോ ഉമ്മാ, ആ കൊരങ്ങൻ കൈ മുറിഞ്ഞതൊന്നും നോക്കില്ല ഞാൻ കളിയാക്കി ചിരിച്ചതിനുള്ളത് ഇപ്പൊ കിട്ടും. ഞാനപ്പോ തന്നെ ഉമ്മാനെ നോക്കി മനസ്സിൽ പറഞ്ഞു. എണിറ്റു ഷാദിനെ നോക്കിയപ്പോ ആ മുഖത്ത് കണ്ട ഭാവം എന്നെ കൊല്ലാനാണോ അതോ വളർത്താനാണോ എന്ന് മനസ്സിലായില്ല.

@@@@@@@@@@@@@@@@@@@@@@@

റൂമിലെത്തിയതും ഞാൻ വേഗം ഡോർ ലോക്ക് ചെയ്തു. റിസ്ക് എടുക്കൽ നിർത്തി. തിരിഞ്ഞു നോക്കുമ്പോളേക്കും നമ്മളെ കേട്ടോയോള് തലയിലൂടെ പുതപ്പും മൂടി കിടന്നിട്ടുണ്ട്. 

ഇന്ന് റിസൾട്ട് കണ്ട മുതൽ അവള് ഹാപ്പി ആണ്, ഞാനും. രണ്ടു ദിവസമായി ഞാൻ അനുഭവിച്ചത്‌ എനിക്കെ അറിയൂ. രണ്ടു കൊല്ലം പോലെ തോന്നി എനിക്ക്. ഇനി മോനെ കൂടി തിരിച്ചു കൊണ്ട് വരണം. 

നേരത്തെ ഗ്ലാസ് പൊട്ടിയ സമയത്തു അവളെ മുഖം കണ്ടപ്പോ തന്നെ മനസ്സിലായി കുട്ടി ഫ്ലാഷ് ബാക്കിൽ ആണെന്ന്. ആ തെണ്ടി ഷെസിന്റെ വീട്ടുകാരെ ഓർത്തു കാണും. 

അവരെ പോലെ ആവും ഇവിടുന്നും പ്രതികരിക്കുക എന്ന് കരുതി ആവും പേടിച്ചതെന്നു എനിക്ക് മനസ്സിലായിരുന്നു. അതാ ഞാനൊന്നും പറയാതിരുന്നേ. അവള് തന്നെ എല്ലാം സ്വയം മനസ്സിലാക്കട്ടെ എന്ന് വച്ചു. ഉപ്പാന്റേം ഉമ്മാന്റേം സ്നേഹം കണ്ടപ്പോ അവള് ശരിയായി.

ആ ജാസി തെണ്ടി ആദ്യം ഷെഫുക്കാക്കിട്ടു താങ്ങിയപ്പോ ഞാനും ചിരിച്ചതാ. പക്ഷെ എനിക്കിട്ടു ഇമ്മാതിരി കൊട്ട് കൊട്ടുമെന്നു കരുതിയില്ല. നമ്മളെ കാട്ടിയോൾ മഹാറാണി ആണ് കൂടുതൽ ചിരിച്ചത്. അപ്പോ വെറുതെ വിടാൻ പറ്റോ, പുതപ്പിന്റെ അടിയിലല്ല പാതാളത്തിന്റെ അടിയിൽ ആയാലും ഞാൻ നിന്നെ വിടില്ല മോളെ...

മെല്ലെ കട്ടിലിൽ അവളുടെ അടുത്ത് പോയി കിടന്നു. എന്റെ ശബ്ദമൊന്നും കേൾക്കാത്ത കാരണം അവള് മെല്ലെ പുതപ്പിൽ നിന്നും തല വെളിയിലിട്ടു നോക്കി. കണ്ടത് എന്റെ മോന്തയും, അപ്പൊ തന്നെ നല്ലൊരു ഇളി എനിക്ക് കിട്ടി. പൈസ ചിലവില്ലാത്ത കൊണ്ട് ഞാനും തിരിച്ചു കൊടുത്തു.

''അപ്പൊ എങ്ങനെ ശിക്ഷ വേണ്ടേ...'' ഞാൻ ചോദിച്ചു. അവള് പേടിച്ചു വേണ്ട എന്ന് തലയാട്ടി.

''വേണം...'' ഞാൻ..

''ഇല്ല വേണ്ട... ഇനി ഞാൻ തെറ്റൊന്നും ചെയ്യില്ല.'' ആമി.

''അങ്ങനെ പറയല്ലേ, എന്റെ കഞ്ഞികുടി മുട്ടും മോളെ.. നീ ഇനിയും തെറ്റ് ചെയ്യണം.. അപ്പൊ ഞാൻ വീണ്ടും ശിക്ഷിക്കാം.. ഇപ്പൊ ഉള്ളത് ചൂടോടെ വാങ്ങിക്കോ...'' എന്നും പറഞ്ഞു ഞാൻ ആ പുതപ്പിനുള്ളിലേക്കു നുഴഞ്ഞു കേറി... 

@@@@@@@@@@@@@@@@@@@@@@@

''ആമീ നീ എന്തിനാ നേരത്തെ പേടിച്ചേ. ഇത്ര ദിവസം ആയിട്ടും നിനക്കെന്റെ ഉമ്മാനേം  ഉപ്പാനേം മനസ്സിലായില്ലേ..'' അവന്റെ നെഞ്ചിൽ ചേർന്ന് കിടക്കുന്ന എന്റെ മുടിയിൽ തലോടി കൊണ്ട് ഷാദ് ചോദിച്ചു. അപ്പൊ ഞാനവനെ ഒന്നൂടി ഇറുക്കി പിടിച്ചു.

''സോറി ഷാദ്, എങ്ങനെ മറക്കാൻ നോക്കിയാലും അതൊക്കെ വീണ്ടും ഓർമ്മ വരും. പെട്ടെന്ന് ഉപ്പാന്റെ ദേഷ്യത്തോടെ ഉള്ള ശബ്ദം കേട്ടതും ഞാൻ പഴയ ഓർമ്മകളിലെത്തി..'' ഞാൻ അന്ന് നടന്നതൊക്കെ ഷാദിന് പറഞ്ഞു കൊടുത്തു. അപ്പൊ ആ കൈകൾ എന്നെ വരിഞ്ഞു മുറുക്കുന്നുണ്ടായിരുന്നു.

''പിറ്റേന്ന് കൈ വേദന കാരണം ജോലി ചെയ്യാൻ പറ്റുന്നില്ല എന്ന് കണ്ടപ്പോ ഫെബിത്തയാണ് ആരും കാണാതെ അതൊക്കെ ചെയ്തത്. ഉമ്മ കണ്ടപ്പോ ഇത്താനെയും പട്ടിണിക്കിട്ടു. പാവം എനിക്ക് വേണ്ടി കുറെ അനുഭവിച്ചിട്ടുണ്ട്.

 ഇതിന്റെ ഒക്കെപ്രതികാരം ആയി ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോ കരുതി കൂട്ടി ഉമ്മ ചോറും തൈരും മാത്രം തരാറുള്ള  എന്റെ പാത്രത്തിലേക്ക് മുളക് കറി കൂടി തന്നു. എന്റെ കയ്യിലെ കെട്ടഴിച്ചിട്ടു കഴിക്കാൻ പറഞ്ഞു. അത് മുഴുവൻ കഴിക്കുന്ന വരെ എന്റെ അടുത്ത് നിന്നു. കൈ നീറിയിട്ടു എന്റെ കണ്ണ് നിറഞ്ഞതു അവർ കണ്ടു ആസ്വദിക്കുക ആയിരുന്നു.'' ഞാൻ പറഞ്ഞു. പക്ഷെ കരഞ്ഞില്ല, എന്തോ അതൊന്നും ആലോചിക്കുമ്പോ ഇപ്പൊ കരച്ചിലൊന്നും വരാറില്ല.

''നീ ഇനി അതൊന്നും ഓർക്കേണ്ട, അവർക്കുള്ളത് പടച്ചോൻ കൊടുത്തോളും..'' എന്നും പറഞ്ഞു എന്റെ നെറ്റിയിലേക്ക് ചുണ്ട് ചേർത്തു. മുഖത്തേക്ക് വെള്ളത്തുള്ളികൾ ഇറ്റിയപ്പോ ആണ് ഷാദ് കരയുകയാണെന്നു അറിഞ്ഞത്. ഒന്നും മിണ്ടാതെ ആ നെഞ്ചോടു ചേർന്ന് കിടന്നു.

രണ്ടു ദിവസം എന്നെ അടുക്കളയിൽ പോയിട്ട് ഭക്ഷണം കഴിക്കാൻ പോലും സമ്മതിച്ചില്ല. തെറ്റിദ്ധരിക്കണ്ട ഒന്നുകിൽ ഉമ്മ അല്ലെങ്കിൽ ഇത്ത അതുമല്ലെങ്കിൽ ഷാദ് ആരെങ്കിലും വാരിത്തരും. കാരണം വലതു കൈ ആണ് മുറിഞ്ഞത്. സ്പൂണോടു കഴിച്ചോള്ളാം എന്ന് പറഞ്ഞപ്പോ ചവിട്ടിയില്ലാന്നേ ഉള്ളൂ എന്റെ കെട്ടിയോൻ. ഒരു ചോദ്യവും "എന്റെ കൈ മുറിഞ്ഞാൽ നീ വാരിത്തരില്ലേ" എന്ന്. പിന്നൊന്നും മിണ്ടാൻ പോയില്ല. 

ഇന്ന് രാവിലെ തൊട്ടു ഞാൻ ഇച്ചിരി കലിപ്പിൽ ആണ് കേട്ടോ. വേറൊന്നും അല്ല ഇന്നെന്റെ ബർത്ഡേ ആണ്. രാവിലെ തന്നെ വീട്ടീന്നൊക്കെ വിളിച്ചു വിഷ് ചെയ്തിരുന്നു. പക്ഷെ ഇവിടെ ആ കൊരങ്ങന് ഓർമ്മയെ ഇല്ല. അങ്ങോട്ട് പറയാൻ ആണെങ്കിൽ ആളെ രാവിലെ മുതൽ കാണാനും ഇല്ല.

ഡ്രാക്കുള, സ്വന്തം ഭാര്യയുടെ ബർത്ത്ഡേ പോലും ഓർക്കാത്ത ദുഷ്ടൻ.. ഇങ്ങു വരട്ടെ റൊമാന്സും കൊണ്ട്, ഇനി അടുത്ത ബർത്ത്ഡേ വരെ പൊന്നു മോൻ പട്ടിണി കിടക്കും..

''ദീദീ ദേ ഫോൺ അടിക്കുന്നു.'' ഷെസു ഫോൺ എന്റെ കയ്യിൽ തന്നു. ഇന്ന് സ്‌കൂളില്ലാത്തോണ്ട് രാവിലെ മുതലേ അവനെന്റെ കൂടെ ഉണ്ട്. ഫോൺ എടുത്തു നോക്കിയപ്പോ അമാനിക്ക.

''ഹലോ എന്താ ഇക്കാ...'' ഞാൻ.

''മോളെ നീ പെട്ടെന്ന് ഒന്ന് റെഡി ആയിക്കെ.. ഞാൻ ഇപ്പൊ നിന്നെ കൂട്ടാൻ വരാം. നമക്ക് നിന്റെ തണലിൽ പോണ്ടേ...'' ഇക്കാ ചോദിച്ചു.

''അതിക്കാ ഷാദിനോട് പറയാതെ.'' ഞാൻ

''അതൊക്കെ ഞാൻ പറഞ്ഞു. നീ പറഞ്ഞത് കൊണ്ട് നിന്റെ ബർത്ത്ഡേയുടെ കാര്യം പറഞ്ഞില്ല. ഞങ്ങൾക്ക് നിന്നെ കാണണം എന്ന് പറഞ്ഞു. അവൻ ഇത്തിരി ബിസിയാണെന്നാ പറഞ്ഞത്. എന്തോ ബിസിനെസ്സ് പ്രോബ്ലം അവരുടെ ഓഫീസിൽ...'' ഇക്കാ പറഞ്ഞു.

''ഹ്മ്മ് ഇന്നലെ തൊട്ടു ഇക്കയും ഉപ്പയുമൊക്കെ ആകെ ടെൻഷനിൽ ആണ്. എന്തായാലും ഞാൻ ഇപ്പൊ വരാം..'' എന്നും പറഞ്ഞു ഞാൻ റെഡി ആവാൻ പോയി.

ഇത് ഇനി ഷാദിന്റെ വക വല്ല സർപ്രൈസ് തരാനുമുള്ള പ്ലാൻ ആവുമോ... യെസ്.. അതെന്നെ...  എല്ലാരുടെയും ആക്ടിങ് ആയിരിക്കും. ഞാൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി. അപ്പോളേക്കും ഇക്കാ വന്നിരുന്നു. ഞാൻ ഉമ്മാനോടൊക്കെ പറഞ്ഞു പോയി. എത്തിയത് തണലിന്റെ മുറ്റത്തു തന്നെ. എവിടെയായിരിക്കും സർപ്രൈസ്.. പക്ഷെ ഷാദ് എവിടെ... 

ചുറ്റും അമാനിക്കാനേ നോക്കിയപ്പോ ആൾടെ പൊടി പോലും ഇല്ല. ഞാൻ നേരെ അകത്തേക്ക് പോയി. അവിടെ കണ്ട കാഴ്ച ഒരു നിമിഷം എന്റെ കാലുകളെ പിടിച്ചു നിർത്തി.....കാത്തിരിക്കൂ.........

 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story