ഡിവോയ്‌സി: ഭാഗം 73

divoysi

രചന: റിഷാന നഫ്‌സൽ

''ഡീ നീ എന്തിനാ വന്നേ... നശിച്ചവളെ നീ കാരണമാ എനിക്കിങ്ങനെ വന്നത്.'' ആ സ്ത്രീ പറഞ്ഞു.

''ഉമ്മ നിങ്ങളെന്തൊക്കെയാ പറയുന്നേ...'' ആമി കരഞ്ഞോണ്ട് ചോദിച്ചു.

''നീ ഞങ്ങളെ നിയൽവെട്ടത്തു വന്ന മുതൽ ഞങ്ങൾക്ക് ശനി ആണ്. ആദ്യം എന്റെ ഇക്കാനെ കൊന്നു പിന്നെ എന്റെ മോനെ കൊല്ലാൻ നോക്കി ഇപ്പൊ ധാ എന്നെ ഈ അവസ്ഥയിലുമാക്കി. നീ ഒരുകാലത്തും ഗുണം പിടിക്കില്ല.'' ആ സ്ത്രീ രണ്ടു കൈ കൊണ്ട് ശപിക്കുന്ന പോലെ കാണിച്ചിട്ട് പറഞ്ഞു. വയസ്സായ സ്ത്രീ ആയിപ്പോയി ഇല്ലെങ്കിൽ പെണ്ണുമ്പിള്ളേനെ ചുമരിൽ നിന്നും വടിച്ചെടുക്കേണ്ടി വന്നേനെ.

''ഉമ്മാ അതിനു അംനൂത്ത എന്താ ചെയ്തേ. ഉമ്മ ശ്രദ്ധിക്കാതെ റോഡ് ക്രോസ്സ് ചെയ്തതല്ലേ.'' ഷെറി പറഞ്ഞു. ആമി കരയുന്നതു കണ്ടു എനിക്ക് കലിപ്പ് കേറുന്നുണ്ടായിരുന്നു.

''നിങ്ങളോടാരാ ഇങ്ങോട്ടു കേറാൻ പറഞ്ഞെ..'' ആഹാ ദേ വന്നു അടുത്ത കുരിശ്. വേറാര് നമ്മളെ സ്വന്തം ഷെസിൻ.

''അതെന്നെ മോനെ ഇവരെ പുറത്താക്കാൻ പറ.'' ഷെസിന്റെ ഉമ്മ പറഞ്ഞു. ആമി പിന്നെ ഷെസിന്റെ നിഴൽ കണ്ടപ്പോ തന്നെ എന്റെ സൈഡിൽ വന്നു നിന്ന് എന്റെ കയ്യിൽ തൂങ്ങിയിരുന്നു.

''ഇറങ്ങി പൊക്കോണം രണ്ടും..'' എന്നും പറഞു ഷെസിൻ മുന്നോട്ടു വന്നതും ഷഹീനിക്ക തടഞ്ഞു.

''ഷെസി നീ ഇതിൽ ഇടപെടേണ്ട. അവരെന്റെ ഗെസ്റ് ആണ്. പിന്നെ ഇത്രയു ദ്രോഹം ചെയ്തിട്ടും ഉമ്മ കിടപ്പിലാണെന്നു കേട്ടപ്പോ റൂമിലേക്ക് ഓടി വന്ന ഇവളോട് തന്നെ പറയണം ഇങ്ങനെ.'' ഷഹീനിക്ക.

''നമ്മളെ കുടുംബത്തിലെ എല്ലാ പ്രശ്നത്തിനും കാരണക്കാരി ഇവളാ. ആദ്യം എന്റെ ഉപ്പ. പിന്നെ ആങ്ങളമാർ കൂട്ടി എന്നെ കൊല്ലാൻ നോക്കി. ഇപ്പൊ ധാ ഉമ്മയും.'' ഷെസിൻ ഞങ്ങളെ നോക്കി പല്ലു കടിച്ചിട്ടു പറഞ്ഞു.

''നിന്റെ ഉപ്പ മരിച്ചത് അയാളെ കയ്യിലിരിപ്പ് കൊണ്ട് മാത്രം ആണ്. പിന്നെ നിനക്ക് കിട്ടിയത് ഇവൾക്ക് കൊടുത്തതിന്റെ പലിശ മാത്രം ആണ്. എന്റെ അളിയന്മാരെ മുന്നിലൊന്നും പോയി പെട്ടേക്കരുത് മോനെ. പിന്നെ നിന്റെ ഉമ്മ മോളിലോട്ടു നോക്കീട്ടു നടന്നത് ഇവളെ കുറ്റം ആണോ. ഇനി ഇവളെ എന്തെങ്കിലും പറഞ്ഞാൽ ഓർമയുണ്ടല്ലോ, ചവിട്ടി കൂട്ടി പറ്റിക്കിട്ടു കൊടുക്കും നിന്നെ...'' ഞാൻ കലിപ്പിൽ ഷെസിനോട് പറഞ്ഞു.

''പിന്നെ നിങ്ങളോടു, നിങ്ങളൊരു സ്ത്രീ ആണോ... ഇവളോട് ചെയ്ത ദ്രോഹങ്ങൾക്കൊക്കെ ഉള്ള ശിക്ഷ ആണ് പടച്ചോൻ ഈ കിടത്തിയിരിക്കുന്നതു. എന്നിട്ടും നിങ്ങള് നന്നായോ.. ഇല്ല, അത് അങ്ങനെയാ ചില വാലുകൾ എത്ര കാലം കുഴലിൽ ഇട്ടു നടന്നാലും നിവരില്ല.'' ഞാൻ ദേഷ്യത്തോടെ പറഞ്ഞു.

''പ്പാ... എന്റെ വീട്ടിൽ വന്നിട്ട് എന്നോട് തോന്നിവാസം പറയുന്നോ... ഇറങ്ങിപ്പോടാ...'' ഷെസിന്റെ ഉമ്മ അലറി.

''ഞങ്ങൾ നിങ്ങളെ സ്വീകരണത്തിന് വന്നതൊന്നും അല്ല. ഞങ്ങടെ മോനെ കൊണ്ടുപോവാൻ വന്നതാ. ആദിയെ കൂട്ടീട്ടു ഞങ്ങൾ പോയിക്കൊള്ളാ.'' ഞാൻ പറഞ്ഞു.

''ഹ ഹ ഹ അത് കൊള്ളാല്ലോ, നിങ്ങളെ മോനോ. ദേ ഈ നിക്കുന്ന #@#@@@മോളെ മോൻ എന്ന് പറഞ്ഞാൽ ഓക്കേ നിന്റെ മോൻ എങ്ങനെ ആവുന്നേ...'' എന്ന് ഷെസിൻ പറഞ്ഞതും അവന്റെ മോന്തക്കിട്ട് ഞാൻ ഒന്ന് കൊടുത്തു.

''ഡാ നീ എന്റെ മോനെ അടിച്ചല്ലേ... ഷഹീനെ എന്ത് നോക്കി നിക്കാ, നിന്റെ അനിയനെ അവൻ തല്ലിയത് കണ്ടില്ലേ...'' ഷെസിന്റെ ഉമ്മ അലറി.

''ആ അവനു രണ്ടു കൊള്ളാത്ത കുറവ് ഉണ്ടായിരുന്നു.'' ഷഹീനിക്ക പറഞ്ഞു.

''മുമ്പ് നിങ്ങൾ ഇവളെ അടിച്ചിരിക്കാം ചീത്ത പറഞ്ഞിരിക്കാം, ഇനി അത് വേണ്ട. ഇന്ന് അവളെ കഴുത്തിൽ ഉള്ള മഹറിന്റെ മുകളിൽ ഉള്ളത് ഷെസിൻ എന്നല്ല ഷെഹ്‌സാദ് എന്ന പേരാണ്. നല്ല നട്ടെല്ലുള്ള ഉപ്പാന്റെ നട്ടെല്ലുള്ള മോൻ ആണ് ഞാൻ. അതോണ്ട് പൊന്നു മോൻ എന്റെ ഭാര്യയെ എന്തേലും പറയുന്നതിന് മുന്നേ രണ്ടു വട്ടം ആലോചിക്കുന്നത് നല്ലതാ..'' ഞാൻ പറഞ്ഞു.

''പിന്നെ ആദിയെ ഞങ്ങൾ കൊണ്ട് പോവും..'' ഞാനതു പറഞ്ഞപ്പോ ഷഹീനിക്കന്റെയും ഫെബിത്താന്റെയും മുഖം മാറിയിരുന്നു. പാവങ്ങൾ നല്ല സങ്കടം ഉണ്ട്, അവരാണല്ലോ അവനെ വളർത്തുന്നത്. പക്ഷെ എനിക്കിപ്പോ വലുത് എന്റെ ആമിയാ.

''അതിനു ഞാൻ സമ്മതിക്കില്ല.'' ഷെസിൻ.

''നിന്റെ സമ്മതം ആർക്കു വേണം, എല്ലാം അറിഞ്ഞിട്ടു തന്നെയാ ഞങ്ങൾ വന്നത്. ആദി മോന്റെ ഉമ്മ ആരാണെന്നും ഉപ്പ ആരാണെന്നും.'' ഞാൻ അത് പറഞ്ഞപ്പോ ഷെസിൻ ആകെ ഞെട്ടി തരിച്ചു ആമിയെ നോക്കി പിന്നെ എന്നെയും. അപ്പൊ തന്നെ അവനു മനസ്സിലായി ഞാൻ എല്ലാം അറിഞ്ഞിട്ടുണ്ട് എന്ന്. പിന്നെ അവനൊന്നും മിണ്ടിയില്ല.

@@@@@@@@@@@@@@@@@@@@@@@@@@@@@@

ഉമ്മാക്ക് സുഖമില്ല എന്ന് കേട്ടപ്പോ എന്തോ വല്ലാതെ തോന്നി. പക്ഷെ സംസാരം കേട്ടപ്പോ മനസ്സിലായി സ്വഭാവത്തിൽ മാറ്റം ഒന്നുമില്ലെന്ന്‌. ഷാദ് ചൂടാവുമെന്നു ഉറപ്പാ... പക്ഷെ അവൻ മിണ്ടാതെ നിന്ന്. ഷഹീനിക്കയും ഷെറിയുമൊക്കെ എനിക്ക് വേണ്ടി സംസാരിച്ചു. പക്ഷെ ഉമ്മാക്ക് ഒരു കുലുക്കവും ഇല്ല. ഞാനാണ് എല്ലാത്തിനും കാരണം എന്നാ പറയുന്നത്.

അപ്പോളാണ് എരിതീയിൽ എണ്ണ എന്ന് പറഞ്ഞ പോലെ ഷെസിൻ വന്നു കേറിയത്. അവനെ കണ്ടപ്പോ തന്നെ ഞാൻ ഷാദിന്റെ കയ്യിൽ തൂങ്ങി. അവന്റെ സംസാരം കേട്ടപ്പോ തന്നെ തോന്നിയതാണ് ഇന്ന് ഷാദിന്റെ കൈക്കു പണി ആവുമെന്ന്. അത് പോലെ തന്നെ സംഭവിച്ചു. എന്നെ ചീത്ത വിളിച്ചത് കേട്ടതും ഷാദ് അവനിട്ടു പൊട്ടിച്ചു.

ആദിയെ കൊണ്ട് പോവും എന്ന് തന്നെ ഷാദ് പറഞ്ഞപ്പോ ഷെസിൻ എതിർക്കുന്നുണ്ട്. ഞങ്ങൾ സത്യം അറിഞ്ഞു എന്ന് പറഞ്ഞപ്പോ അവന്റെ മുഖമൊക്കെ മാറി. കാരണം ഷെസിൻ അല്ല ഉപ്പ എന്ന് പറഞ്ഞാൽ എല്ലാം അവന്റെ വീട്ടുകാർ അറിയും. അത് കൊണ്ടാണ് അവൻ മിണ്ടാത്തതെന്നു മനസ്സിലായി.

''നീ എന്താ ഒന്നും പറയാതെ ഈ ചെറ്റകൾക്കു നമ്മളെ ആദിയെ വിട്ടു കൊടുക്കാൻ ആണോ..'' ഷെസിന്റെ ഉമ്മ. 

''ഉമ്മാ പ്ലീസ് കുറച്ചു മര്യാദക്ക് സംസാരിക്ക്. അവൻ ആംനന്റെ മോൻ അല്ലെ. എന്നായാലും അവൾക് അവകാശപ്പെട്ടത് അല്ലെ.'' ഫെബിത്ത പറഞ്ഞു.

''ഇല്ല, അവനെ കൊടുക്കാൻ ഞാൻ സമ്മതിക്കില്ല. നിനക്ക് പറ്റോ അവനെ വിട്ടു കൊടുക്കാൻ..'' ഷെസിന്റെ ഉമ്മ ഫെബിത്താനോട് ചോദിച്ചു.

''കൊടുത്തല്ലേ പറ്റൂ ഉമ്മാ, അത് അവളെ മോൻ അല്ലെ..'' ഷഹീനിക്ക പറഞ്ഞു.

''എന്നാ നിന്റെ ഭാര്യയോട് പറ ഒന്നിനെ പ്രസവിച്ചു എനിക്ക് തരാൻ.'' ഉമ്മ ദേഷ്യത്തോടെ അങ്ങനെ പറഞ്ഞതും ഇത്ത കരഞ്ഞു പോയി. ഷഹീനിക്ക ഇത്താനെ ചേർത്ത് പിടിച്ചു.

''ഞങ്ങൾക്ക് കുട്ടികളില്ലെങ്കിൽ ഉമ്മ എന്തിനാ വിഷമിക്കുന്നെ, അത് ഞങ്ങള് നോക്കിക്കൊള്ളാം. പിന്നെ അതിന്റെ പേരിൽ ഇവളെ ഞാൻ ഒഴിവാക്കുമെന്നൊന്നും ഉമ്മ വ്യാമോഹിക്കണ്ട.'' ഷഹീനിക്ക പറഞ്ഞു.

''എല്ലാത്തിനും കാരണം ഈ നശിച്ചവളാ.. എന്റെ കുടുംബം നാശമാക്കി. എന്റെ ഇക്കാനെ നീയാ കൊന്നത്. അത് കൊണ്ടാ എന്റെ കുടുംബം ഇങ്ങനെ ആയിപ്പോയത്.'' ഷെസിന്റെ ഉമ്മ എന്നെ നോക്കി പറഞ്ഞു. എനിക്ക് കരച്ചിലടക്കാൻ പറ്റിയില്ല. ഷാദ് ഒരു കൈ കൊണ്ട് എന്നെ ചേർത്ത് പിടിച്ചു.

''ഒന്ന് നിർത്തോ ഉമ്മാ.. അങ്ങനെ എങ്കിലും ആ മനുഷ്യൻ തീർന്നത് നന്നായി എന്ന് പറ.. ഇല്ലെങ്കിൽ സ്വന്തം മോളെ പീഡിപ്പിച്ചതിനാവും അയാള് ജയിലിൽ പോവാ... അതുമല്ലെങ്കിൽ സ്വന്തം ഉപ്പാനെ കൊന്നിട്ട് ഞാൻ ജയിലിൽ പോയേനെ.'' എന്നും പറഞ്ഞു ഷെറി പൊട്ടിക്കരഞ്ഞു. അവൾ വേച്ചു വീഴാൻ പോയതും ഷാദ് അവളെ പെട്ടെന്ന് പിടിച്ചു. ഷെസിൻ ഓടി വന്നു അവളെ താങ്ങി. രണ്ടാളും കൂടി അവളെ ഒരു കസേരയിൽ ഇരുത്തി. ഷാദ് എന്റെ അടുത്തേക്ക് വന്നു.

''നീ എന്തൊക്കെയാ മോളെ പറയുന്നേ.'' ഷഹീനിക്ക അവളെ അടുത്തിരുന്നിട്ടു ചോദിച്ചു.

''സത്യമാ ഇക്കാ... ആരോടും പറയാണ്ട് ഉള്ളിൽ കൊണ്ട് നടന്നതാ. ഷെസിക്കയും ഉമ്മയും ആംനത്താന്റടുത്തു അങ്ങനൊക്കെ പെരുമാറിയത് ഈ കാരണം കൊണ്ടാണെന്നു അറിഞ്ഞിരുന്നെങ്കിൽ ഞാൻ അന്നേ സത്യം പറഞ്ഞേനെ.'' എന്നും പറഞ്ഞു അവള് പൊട്ടിക്കരഞ്ഞു.

''നീ ഒന്ന് തെളിച്ചു പറ ഷെറീ...'' ഷെസിൻ.

''ഉപ്പ സ്കൂളിലെ പെൺകുട്ടികളോട് മാത്രമല്ല എന്നോടും അങ്ങനെയാ പെരുമാറിയത്.'' ഞങ്ങൾക്കൊക്കെ അതൊരു ഞെട്ടൽ ആയിരുന്നു.

''ഷെറീ ഈ ഒരുമ്പട്ടോൾക്കു വേണ്ടി നീ ഉപ്പാനെ പറ്റി ഇല്ലാത്തതു പറയുന്നോ...'' ഉമ്മ ഷെറിയോട് ദേഷ്യപ്പെട്ടു. 

''ഉമ്മാ നിങ്ങള് മിണ്ടാതെ നിക്ക്, മോളെ ഷെറി നീ പറ.'' ഷഹീനിക്ക അവളെ ചേർത്ത് പിടിച്ചു.

''ഉപ്പ പലപ്പോഴും എന്റെ ദേഹത്ത് വേണ്ടാത്തിടത്തൊക്കെ അറിയാത്ത പോലെ തൊടുമായിരുന്നു. സത്യം പറഞ്ഞാൽ എനിക്ക് ആദ്യമൊന്നും മനസ്സിലായില്ലാരുന്നു. ഒന്ന് രണ്ടു വട്ടം ഉപ്പ എന്റെ ശരീരത്തിൽ അറിഞ്ഞോണ്ട് പിടിച്ചതായി എനിക്ക് തോന്നി. അപ്പൊ ഞാൻ ശ്രദ്ധിക്കാൻ തുടങ്ങി. അത് സത്യം ആയിരുന്നു. ഉപ്പ എന്നെയും മറ്റു പെൺകുട്ടികളെ പോലെ...'' എന്ന് പറഞ്ഞു അവൾ പൊട്ടിക്കരഞ്ഞു.

അപ്പൊ അത് കൊണ്ടാണ് പലപ്പോളും ഞാൻ ഉപ്പാനെ പറ്റി ചോദിച്ചപ്പോ ഷെറി തീരെ താല്പര്യമില്ലാത്ത പോലെ സംസാരിച്ചത്. അവളുടെ സംസാരത്തിൽ ഉണ്ടായിരുന്നു അയാളോടുള്ള ഇഷ്ടക്കേട്.

ഷഹീനിക്ക അവളെ നെഞ്ചോടു ചേർത്തു. ഷെസിൻ അവളെ കയ്യിൽ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു. പെങ്ങൾ പറഞ്ഞപ്പോ ആങ്ങള അലിഞ്ഞു. അത് അങ്ങനെ ആണല്ലോ.

''ഒരിക്കെ ഇവിടെ ആരും ഇല്ലാത്ത ദിവസം ഉപ്പ എന്നെ കടന്നു പിടിച്ചു. ഞാൻ കുതറി മാറിയപ്പോ ഉപ്പ എന്നെ അടിച്ചു. ഉപ്പ പറയുന്ന പോലെ അനുസരിച്ചില്ലെങ്കിൽ കൊന്നു കളയുമെന്ന് പറഞ്ഞു. ആരോടെങ്കിലും പറഞ്ഞാൽ ഉമ്മാനേയും ഇക്കാക്കമാരെയും കൊല്ലുമെന്ന് പറഞ്ഞു. വീണ്ടും എന്നെ ഉപദ്രവിക്കാൻ നോക്കുമ്പോൾ ആണ് ഷഹീനിക്ക ട്യൂഷൻ കഴിഞ്ഞു വന്നത്. അത് കൊണ്ട് അന്ന് ഞാൻ രക്ഷപ്പെട്ടു.

പിന്നെ ഞാൻ ഉമ്മന്റെയോ ഇക്കാക്കമാരുടെയോ കൂടെ മാത്രമേ നടക്കാറുള്ളു. രാത്രി കിടത്തം പോലും ഉപ്പാനെ പേടിച്ചു ഇക്കാക്കമാരെ കൂടെ ആക്കി. പേടിച്ചിട്ടാ അന്നേരം നിങ്ങള് ആട്ടി ഓടിച്ചിട്ടും കൂടെ വന്നു കിടന്നതു..'' എന്ന് പറഞ്ഞു അവള് കരഞ്ഞപ്പോ ഷഹീനിക്ക അവളെ സമാധാനിപ്പിച്ചു.

''സോറി മോളെ, നീ വലിയ കുട്ടി ആയി അതോണ്ട് ഞങ്ങളെ കൂടെ കിടത്താൻ പാടില്ല എന്ന് ഉപ്പ പറഞോണ്ട നിന്നോട് ഞങ്ങളെ കൂടെ കിടക്കേണ്ട എന്ന് പറഞ്ഞത്. അല്ലാതെ നിന്നെ ഇഷ്ടമല്ലാഞ്ഞിട്ടല്ല.'' ഷഹീനിക്ക പറഞ്ഞു.

''ഒരു ദിവസം വീണ്ടും ഉപ്പ എന്നെ ഉപദ്രവിക്കാൻ നോക്കി. അന്ന് ഷെസിക്ക വരുന്ന കണ്ടപ്പോ ഉപ്പ എന്നെ വിട്ടു. എന്നിട്ടു നാളെ രാത്രി എന്റെ റൂമിൽ തന്നെ ഒറ്റയ്ക്ക് കിടക്കണമെന്നു പറഞ്ഞു. ഇല്ലെങ്കിൽ കൊന്നുകളയുമെന്ന് പറഞ്ഞു. ഒരു എട്ടാം ക്ലാസ്സുകാരിക്ക് താങ്ങാൻ പറ്റുന്നതിലും കൂടുതൽ ആയിരുന്നു. സത്യം പറഞ്ഞാൽ മരിച്ചു കളയാൻ വരെ തോന്നിയതാ. പക്ഷെ പേടി ആയിരുന്നു. അതോണ്ട് കൊല്ലാൻ ഉറപ്പിച്ചു. അയാളെ കത്തി കൊണ്ട് കുത്തി കൊല്ലണം എന്ന് തന്നെ ഉറപ്പിച്ചതാ. 

പക്ഷെ നടന്നില്ല. ഉപ്പ പറഞ്ഞതിന്റെ പിറ്റേന്ന് രാവിലെ ആണ് സ്‌കൂളിൽ വച്ച് ഉപ്പാനെ പോലീസ് കൊണ്ട് പോയത്. സത്യം പറഞ്ഞാൽ ഞാൻ പുറമെ കരഞ്ഞു ഉള്ളിൽ പൊട്ടിച്ചിരിക്കുകയായിരുന്നു. അന്ന് അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കിൽ ചിലപ്പോ ഞാൻ ഇന്ന്...'' എന്നും പറഞ്ഞു അവള് വീണ്ടും കരയാൻ തുടങ്ങി.

ഷഹീനിക്കയും ഷെസിനും അവളെ സമാധാനിപ്പിച്ചു. ഫെബിത്ത അവൾക്കു വെള്ളം കൊണ്ട് കൊടുത്തു. എന്നിട്ടും അവള് കരച്ചിൽ നിർത്തിയില്ല.

ഞാൻ മെല്ലെ അവളുടെ അടുത്തേക്ക് പോയി. അപ്പൊ ഷഹീനിക്കയും ഷെസിനും എണീറ്റ് മാറി. ഷെസിന്റെ മുഖത്ത് നേരത്തെ ഉണ്ടായ ദേഷ്യം ഇല്ല. പകരം സങ്കടം ആയിരുന്നു പെങ്ങളെ ഓർത്തു. 

''ഷെറി മോളെ ഇങ്ങനെ ഈ സമയത്തു കരയാൻ പാടില്ല. നിന്നെ പറ്റി അല്ല നിന്റെ കുഞ്ഞിനെ പറ്റി ആലോചിക്ക്. കഴിഞ്ഞതൊക്കെ പോട്ടെ, അതൊന്നും ഓർക്കേണ്ട. നാളെയെ പറ്റി മാത്രം ചിന്തിച്ചാൽ മതി.'' ഞാൻ പറഞ്ഞു.

''എന്നാലും ഇത്താ ഞാൻ അറിഞ്ഞില്ല ഒന്നും, അറിഞ്ഞിരുന്നെങ്കിൽ ഇത്താക്ക് അതൊന്നും അനുഭവിക്കേണ്ടി വരില്ലാരുന്നു.'' ഷെറി 

''അതൊക്കെ കഴിഞ്ഞില്ലേ മോളെ. ഞാൻ ഇപ്പൊ ഹാപ്പി ആണ്. പഴയതൊന്നും ഓർക്കാറില്ല.'' ഞാൻ പറഞ്ഞു. അപ്പൊ ഷെസിൻ എന്നെ നോക്കുന്നുണ്ടായിരുന്നു.

പെട്ടെന്നാണ് ഒരു പൊട്ടിക്കരച്ചിൽ കേട്ടത്. നോക്കിയപ്പോ ഉമ്മയാണ്. എല്ലാരും അങ്ങോട്ടേക്ക് പോയി. 

''എന്നാലും ഇവൾക്ക് വേണ്ടി നീ സ്വന്തം ഉപ്പാനെ പറ്റി ഇങ്ങനൊക്കെ പറഞ്ഞല്ലോ... നീ എന്റെ വയറ്റിൽ തന്നെ പിറന്നതാണോടീ...'' എന്നും പറഞ്ഞു ഉമ്മ കരഞ്ഞു. റബ്ബേ സ്വന്തം മോള് പറഞ്ഞിട്ട് പോലും വിശ്വസിക്കുന്നില്ല.

''ഉമ്മാ അവള് പറഞ്ഞത് സത്യം ആണ്. ഞങ്ങൾക്ക് അവളെ വിശ്വാസം ആണ്.'' ഷെസിൻ പറഞ്ഞു.

''എനിക്ക് എന്റെ ഇക്കാനെ വിശ്വാസം ആണ്.'' ഉമ്മ പറഞ്ഞു.

''ഇത് കൊണ്ട് തന്നെയാ അന്നും ഞാൻ ഒന്നും പറയാതിരുന്നേ. ഉമ്മ എന്നെ വിശ്വസിക്കില്ലാരുന്നു. അങ്ങനെ ആണല്ലോ ഉപ്പ അഭിനയിച്ചത്. ഉമ്മാനെ സ്നേഹം കൊണ്ട് മൂടുവല്ലേ ചെയ്യാറ്.'' ഷെറി പറഞ്ഞു.

''നീ കരയണ്ട നിന്നെ ഞങ്ങൾക്ക് വിശ്വാസം ആണ്. ഉമ്മ പറഞ്ഞ കേട്ട് ഞാൻ ഒരുപാട് തെറ്റ് ചെയ്തിട്ടുണ്ട്.'' ഷെസിൻ അത് എന്നെ നോക്കിയാണ് പറഞ്ഞത്. ''പക്ഷെ നിന്നെ ഞാൻ വിശ്വസിക്കും. എന്റെ അനിയത്തി ഇങ്ങനൊരു കാര്യം കള്ളം പറയില്ല, എനിക്കുറപ്പാ.''

''എല്ലാരും ഇറങ്ങിപ്പോ ഇവിടുന്നു. എനിക്കാരെയും കാണണ്ട..'' എന്നും പറഞ്ഞു ഉമ്മ ഒച്ചയെടുത്തപ്പോ എല്ലാരും പുറത്തിറങ്ങി. ശെരിയെ ആമി കൂട്ടീട്ട് പോയി.

@@@@@@@@@@@@@@@@@@@@@@@@@@@@@@@@@

പാവം ഷെറി, ഇത്രയൊക്കെ ചെറുപ്പത്തിൽ അനുഭവിക്കാന് പറഞ്ഞാൽ ആലോചിക്കാനേ വയ്യ. അതും സ്വന്തം ഉപ്പാന്റെ ഭാഗത്തു നിന്നും. ഞാൻ ഇതുവരെ കണ്ടത് എന്റെ അപ്പനെയും ആമിയുടെ ഉപ്പാനെയുമൊക്കെയാ. പെണ്മക്കളെ ജീവനേക്കാൾ സ്നേഹിക്കുന്ന അവരെ സ്നേഹം കൊണ്ട് വീർപ്പു മുട്ടിക്കുന്ന ഉപ്പമാർ. 

പക്ഷെ ഷെറിന്റെ ഉപ്പാനെ കുറിച്ച് ആലോചിക്കുമ്പോ തന്നെ ദേഷ്യം വരുന്നു. മുന്നിൽ വന്നിരുന്നേൽ കൊന്നു കളഞ്ഞേനെ. പലപ്പോഴും പത്രത്തിലും ടി വി യിലുമൊക്കെ ഓരോ വാർത്തകൾ കാണുമ്പോൾ കരുത്തും അതൊക്കെ ഇല്ലാത്തതാണെന്നും. പക്ഷെ ഇപ്പൊ ഷെറി ഇങ്ങനെ മുന്നിൽ നിക്കുമ്പോ മനസ്സിലായി അതൊക്കെ ഉള്ളതാണെന്ന്. ഒരു നാറി മതി മുഴുവൻ ഉപ്പമാരെ പറയിപ്പിക്കാൻ.

പല ഉപ്പമാരും ചോര നീരാക്കുന്നതു അവരെ മക്കൾക്ക് വേണ്ടീട്ടാണ്. ഇയാളെ പോലുള്ള ചിലർ മക്കളുടെ ചോര കുടിക്കാൻ നടക്കും. എന്നാലും അവരുടെ ഉമ്മയും കണക്കാ. ഇത്രയും സ്വന്തം മോള് പറഞ്ഞിട്ട് പോലും ആ സ്ത്രീ വിശ്വസിച്ചില്ല. വല്ലാത്ത മനസ്സ് തന്നെ. വെറുതെ അല്ല ഷെസിന് അങ്ങനൊക്കെ ചെയ്യുന്നത്. എന്റെ സ്വഭാവവും പ്രവർത്തിയും എന്റെ ഉമ്മ എനിക്ക് തന്ന അറിവും സംസ്കാരവും ഒക്കെ ആണ്. അവനു ആ സ്ത്രീ വിഷം മാത്രമേ കുത്തി വച്ചിട്ടുള്ളൂ. 

ഓരോന്നോർത്തു നിക്കുമ്പോളാ ഒരു കരച്ചിൽ കേട്ടത്. മെല്ലെ വീടിന്റെ സൈഡിൽ പോയപ്പോ എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാൻ പറ്റിയില്ല. ഷെസിന് ആയിരുന്നു അത്, അവൻ പൊട്ടിക്കരയുന്ന കാഴ്ച. മുന്നേ ആയിരുന്നേൽ ഞാൻ സന്തോഷിച്ചേനെ. പക്ഷെ ഇപ്പൊ അത് കാണുമ്പോ ഒരു നീറ്റൽ. ചിലപ്പോ വീട്ടിൽ എനിക്കും ഒരു പെങ്ങൾ ഉള്ളതോണ്ടാവും.

ഞാൻ പതിയെ അവന്റെ അടുത്ത് പോയി തോളിൽ കൈ വച്ചു. അവൻ തലപൊക്കി എന്നെ നോക്കി. ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പിന്നെ എന്നെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി. എന്തോ തടയാൻ തോന്നിയില്ല. കുറെ നേരം അങ്ങനെ നിന്നു. പിന്നെ അവൻ മാറി നിന്നിട്ടു കണ്ണ് തുടച്ചു.

''സോറി... ഒരുപാട് ക്രൂരതകൾ അംനയോടു ചെയ്തിട്ടുണ്ട്. എല്ലാം എന്റെ ഉപ്പാനെ കൊന്നവളോടുള്ള പക കാരണം ആയിരുന്നു. ഒരിക്കലും ഒരു കല്യാണം വേണ്ട എന്ന് വിചാരിച്ചു ജീവിച്ചവനാ ഞാൻ. പക്ഷെ ഉമ്മാന്റെ നിർബന്ധം കാരണം അവളെ ചതിയിലൂടെ പ്രേമിച്ചു കെട്ടി അവളുടെ ജീവിതം നശിപ്പിക്കാൻ നോക്കി. പ്രായശ്ചിത്തമൊന്നും ഇല്ല എന്ന് അറിയാം എന്നാലും സോറി. '' ഷെസിന്റെ സംസാരം കേട്ടപ്പോൾ അത്ഭുതം ഒന്നും തോന്നിയില്ല. പൊതുവെ നമുക്ക് ബുദ്ധി വരുന്നത് നമ്മളെ സ്വന്തം ആൾക്കാർക്ക് എന്തെങ്കിലും പറ്റുമ്പോൾ ആണല്ലോ. 

''പറഞ്ഞത് ശരിയാ.. തിരുത്താൻ പറ്റാത്ത തെറ്റുകൾ ആണ്. എന്നാലും മാപ്പു പറയണം, എന്നോടല്ല ആമിയോട്. അവള് ക്ഷമിക്കും എനിക്കറിയാം. അത്രയ്ക്ക് പാവം ആണ്.'' ഞാൻ അവന്റെ തോളിൽ കൈ വച്ചു പറഞ്ഞു. അപ്പൊ അവൻ മുഖം തുടച്ചു എന്നെ നോക്കി പുഞ്ചിരിച്ചു, എന്നിട്ടു അകത്തേക്ക് നടന്നു.

''അതെ അവളുടെ ഇക്കമാരെ മുന്നിൽ പോണ്ട കേട്ടോ...'' ഞാൻ പറഞ്ഞതും അവനൊന്നു ചിരിച്ചു.

''യൂ ആർ വെരി ലക്കി ടു ഹാവ് ഹേർ...'' പോവുന്നതിനിടയിൽ അവൻ തിരിഞ്ഞു നിന്നിട്ടു പറഞ്ഞു.

@@@@@@@@@@@@@@@@@@@@@@@@@@@@@@@@@

എല്ലാരും ഷെറിയെ സമാധാനിപ്പിച്ചു. അവൾ കരഞ്ഞു ആകെ വല്ലാതായിട്ടുണ്ട്. അവളെ റൂമിൽ കൊണ്ടാക്കി എല്ലാരും പോയി. ഞാൻ കൂടെ ഇരുന്നു.. കുറച്ചു നേരം അടുത്തിരുന്നപ്പോ അവളുറങ്ങി.

പെട്ടെന്നാണ് ഷെസിൻ റൂമിലേക്ക് വന്നത്. ഞാനും ഷെറിയും അവനും മാത്രമേ ഉള്ളൂ, ഞാൻ പേടിച്ചു വിറച്ചു. അവൻ വന്നു ഷെറി ഉറങ്ങുന്നത് നോക്കി. ഞാൻ ഷാദിനെ നോക്കുവായിരുന്നു. പക്ഷെ ആ കൊരങ്ങന്റെ പൊടി പോലും ഇല്ല. 

''അംനാ..'' ആ വിളി കേട്ടതും ഞാൻ വിറച്ചോണ്ട് അവനെ നോക്കി.

''സോറി പറഞ്ഞിട്ട് കാര്യമില്ല എന്നറിയാം. ഒരു കുമ്പസാരത്തിനും സ്കോപ്പില്ല. എന്നാലും ക്ഷമിക്കണം.'' പടച്ചോനെ ഞാൻ ഇപ്പൊ എന്താ കേട്ടത്. ഞാൻ ചെവിയിൽ അവൻ കാണാതെ ഒന്ന് അമർത്തി നോക്കി. എന്റെ ബോധം ഇപ്പൊ പോവും. ഇവന് വട്ടായതാണോ അതോ എനിക്ക് വട്ടായതാണോ.

''ചെയ്തു പോയതൊന്നും മാറ്റാൻ പറ്റില്ല. ഉമ്മനോടുള്ള സ്നേഹവും ഉപ്പാനെ അകറ്റിയ ദേഷ്യവും കാരണം ചെയ്തു പോയതാ... ഉപ്പ പെണ്ണ് പിടിയനാണ് എന്ന എല്ലാരുടെയും കളിയാക്കലും കൂട്ടുകാരുടെ ഓരോന്ന് പറഞ്ഞുള്ള ശല്യവും ഉമ്മാന്റെ കണ്ണീരും എല്ലാം കാരണം നിന്നോട് വല്ലാത്ത ദേഷ്യം ആയിരുന്നു. ഉപ്പാന്റെ മരണം കഴിഞ്ഞു ഉമ്മ കുറെ നാൾ മാനസികമായി തകർന്നു ഹോസ്പിറ്റലിൽ ആയിരുന്നു. അതൊക്കെ എന്റെ ദേഷ്യം കൂട്ടി.

ഒരിക്കലും ഒരു പ്രായശ്ചിത്തവും ചെയ്യാൻ പറ്റില്ല എന്ന് അറിയാം... എന്നാലും എല്ലാം മറക്കണം. ഒരിക്കലും ഒരു ഫ്രണ്ട് ആയി ഒന്നും കാണാൻ പറ്റില്ല എന്ന് ഉറപ്പാണ്. എന്നാലും ഇനി കാണുമ്പോൾ ഇങ്ങനെ പേടിച്ചു വിറക്കരുത് പ്ളീസ്. . '' അത് കേട്ടപ്പോ അറിയാതെ എന്റെ മുഖത്തൊരു ചിരി വന്നു. 

ഷെസിനെ പറഞ്ഞിട്ടും കാര്യമില്ല. സ്വന്തം ഉപ്പ മരിക്കാൻ കാരണം ആയവൾ, അങ്ങനെ ഓര്ത്തിയോടുള്ള ദേഷ്യവും വെറുപ്പും അവൻ തീർത്തു. കൂടെ ഉമ്മാന്റെ വിഷം കുത്തി വെക്കലും. പക്ഷെ എനിക്കവനോട് ക്ഷമിക്കാൻ പറ്റോ... നമ്മളോട് തെറ്റ് ചെയ്തവരോട് നമ്മൾ ക്ഷമിക്കണം എന്നാണു പടച്ചോൻ പറഞ്ഞിട്ടുള്ളത്. 

''എന്നെ ഷെറിന്റെ ബ്രദർ എന്ന് മാത്രം ഓർത്താൽ മതി, നമ്മളെ മുമ്പത്തെ ബന്ധം അങ്ങ് മറന്നു കളയണം. എന്നോട് എന്തെങ്കിലും പറഞ്ഞൂടെ.. അറ്റ്ലീസ്റ്റ് ഒരു ചീത്ത എങ്കിലും...'' സത്യം പറഞ്ഞാൽ തെറി അഭിഷേകം നടത്തണമെന്നുണ്ട്. പക്ഷെ എന്ത് ചെയ്യാനാ വാ തുറക്കാൻ പറ്റുന്നില്ല.

''ഇറ്റ്സ് ഓക്കേ... ക്ഷമിക്കാം ഞാൻ, പക്ഷെ എല്ലാം മറന്നു എന്ന് പറയുന്നില്ല. കാരണം എനിക്ക് ഒരിക്കലും മറക്കാൻ പറ്റില്ല. അത് പോലെ ഉള്ള ഓർമ്മകൾ ആണല്ലോ...'' ഞാൻ പറഞ്ഞപ്പോ ഷെസിൻ തല താഴ്ത്തി നിന്നു 

''ഇപ്പൊ ഇങ്ങനെ നിന്നിട്ടു കാര്യമില്ല. ഇന്ന് ഷെറി ഇത് പറഞ്ഞില്ലായിരുന്നെങ്കിൽ ഇനിയും കാണുമ്പോ ഷെസിൻ എന്നോട് മോശമായി പെരുമാറിയേനെ. എപ്പോളും എല്ലാരും ഭാര്യയോടോ മറ്റു പെണ്കുട്ടികളോടോ മോശമായി പെരുമാറുമ്പോൾ അവർക്കും വീട്ടിൽ പെങ്ങന്മാരുണ്ടെന്നു ഓർക്കുന്നത് നല്ലതാ..'' ഞാൻ പറഞ്ഞു. ഷെസിൻ എന്നെ ദയനീയമായി നോക്കി. ഞാൻ അത് കാണാത്ത പോലെ റൂമിന്റെ  പുറത്തേക്കു നടന്നു.

അപ്പൊ ധാ കയ്യും കെട്ടി നിക്കുന്നു നമ്മളെ കെട്ടിയോൻ... ഞാൻ നോക്കിപ്പേടിപ്പിച്ചു.

''എന്തായിരുന്നു എക്‌സുമായി ഒരു കിന്നാരം..'' ഷാദ്

''അതോ, അവനു എന്നെ എക്‌സ് ഷെസിൻ മാറ്റി വീണ്ടും മിസ്സിസ് ഷെസിൻ  ആക്കിയാലോ എന്ന് ഒരു ആഗ്രഹം. എന്തെ നടത്തി കൊടുക്കട്ടെ...'' ഞാൻ ചോദിച്ചു.

''ടീ കൊല്ലും ഞാൻ... അങ്ങനെ വല്ല പൂതിയും ഉണ്ടെങ്കിൽ രണ്ടിനേം ഞാൻ തട്ടിക്കളയും...'' ഷാദ് കലിപ്പിൽ ആയി. എനിക്കതു കണ്ടപ്പോ ചിരി വന്നു, ഞാൻ പൊട്ടിച്ചിരിച്ചു.. അപ്പൊ തന്നെ ഷാദും ചിരിച്ചു.

ഞങ്ങൾ ഹാളിൽ എത്തിയപ്പോ ഇത്തയും ഷഹീനിക്കയും ഇരിക്കുന്നുണ്ടായിരുന്നു. ഞങ്ങൾ അങ്ങോട്ടേക്ക് നടന്നു. പെട്ടെന്നാണ് ഉമ്മാ  എന്നുള്ള ശബ്ദം കേട്ടത്.

തിരിഞ്ഞു നോക്കിയപ്പോ കണ്ടു ഞാൻ വന്നപ്പോ കാണാൻ ആഗ്രഹിച്ച ആള്, എന്റെ മോൻ... എന്റെ ആദി.

അവൻ ''ഉമ്മാ'' എന്ന് വിളിച്ചു എന്റെ നേരെ ഓടി വന്നു.....കാത്തിരിക്കൂ.........

 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story