ഡിവോയ്‌സി: ഭാഗം 74

divoysi

രചന: റിഷാന നഫ്‌സൽ

അവൻ എന്റെ ആദി, എത്ര നാളായി ഞാൻ അവനെ കാണാൻ കൊതിക്കുന്നു. അവനെ വാരിപ്പുണരാൻ എന്റെ കൈകൾ കൊതിച്ചു. അവനും എന്നെ കാണാൻ ആഗ്രഹിച്ചിരുന്നോ. ആവും ഞാൻ അവന്റെ ഉമ്മ അല്ലെ. പക്ഷെ എന്റെ എല്ലാ പ്രതീക്ഷയും തെറ്റിച്ചു കൊണ്ട് അവൻ ഉമ്മാ എന്ന് വിളിച്ചു ഫെബിത്താനെ കെട്ടിപ്പിടിച്ചു. ഇത്ത അവനെ എടുത്ത് രണ്ടു കവിളിലും മാറി മാറി ഉമ്മ വച്ചു ആ കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു.

അത് കണ്ടപ്പോ എന്തോ ഉള്ളിലൊരു വേദന തോന്നിയെങ്കിലും എന്റെ മോൻ നല്ല കൈകളിലായിരുന്നു എന്ന സന്തോഷവും തോന്നി. ഞാൻ നോക്കുന്ന കണ്ടപ്പോ ഇത്ത എന്റെ അടുത്തേക്ക് വന്നു. 

''ധാ നോക്ക് മോനെ, ഇതാരാ വന്നേക്കുന്നെ... മോന്റെ അംനൂമ്മ അല്ലെ ഇത്..'' ഫെബിത്ത പറഞ്ഞപ്പോ അവനെന്നെ സൂക്ഷിച്ചു നോക്കി. ആദ്യം ഒന്ന് പേടിച്ച പോലെ നിന്നെങ്കിലും പിന്നെ ചിരിച്ചു. 

''അംനൂമ്മാ...'' അവന്റെ ആ വിളി കേട്ടതും ഞാൻ അവനെ വാങ്ങി കെട്ടിപ്പിച്ചു കുറെ ഉമ്മ കൊടുത്തു. വിഡിയോകോളിലൂടെയും ഫോണിലൂടെ സംസാരിച്ചുമൊക്കെ അവനെന്നെ അറിയാം. ഞാനും അവന്റെ ഉമ്മ ആണെന്നാണ് ഇത്ത അവനെ പഠിപ്പിച്ചിട്ടുള്ളത്.

''അംനൂമ്മ മിത്തായി എബടെ..'' അവനെ സംസാരം കേട്ടപ്പോ ആണ് അത് ഓർത്തത്. ഞാൻ അവനൊന്നും കൊണ്ട് വന്നിട്ടില്ല. എപ്പോളും വിളിച്ചാൽ പറയും കുറെ മിട്ടായിയും ടോയ്സും കൊണ്ട് വരണെന്ന്. ഷാദ് എന്നോട് പറഞ്ഞില്ലല്ലോ ഇങ്ങോട്ടേക്കാണെന്നു. എന്ത് ചെയ്യുമെന്ന് ഓർക്കുമ്പോൾ ആണ് ഷാദ് അവനു നേരെ ചോകൊലെറ്റ് നീട്ടിയത്. പിന്നെ കുറച്ചു ടോയ്സും. അവൻ എന്നെ നോക്കി പിന്നെ ഫെബിത്താനെയും. ഇത്ത ഓക്കേ പറഞ്ഞപ്പോ അവനതു വാങ്ങി.

ഷാദ് അവനെ എന്റെ കയ്യിൽ നിന്നും വാങ്ങാൻ നോക്കിയപ്പോ അവൻ ഇറങ്ങി ഓടി ഷഹീനിക്കാന്റെ അടുത്ത് പോയി. ഇക്ക അവനെ കയ്യിലെടുത്തു. 

''ഉപ്പാ ദേ ആ കല്ലൻ മുത്തായി തന്നു എന്നെ തത്തി കൊന്ദു പോവാൻ നോക്കാ..'' ആദി പറഞ്ഞത് കേട്ടതും ഞാൻ ചിരിച്ചു. ഷാദ് കിളി പോയി നിപ്പുണ്ട്.

''അതെന്താ ആധുകുട്ടൻ അങ്ങനെ പറഞ്ഞെ.'' ഷഹീനിക്ക.

''അതോ ഉപ്പ പർഞ്ഞിട്ടില്ലേ... നമ്മളെ മിത്തായി തന്നു മയക്കി കല്ലൻ തത്തി  കൊണ്ടോവും, അതോണ്ട് അറിയാതാലടിത്തന്നു ഒന്നും മാങ്ങരുതെന്ന്..'' ആദി.

''ആഹാ കല്ലൻ ച്ചെ കള്ളൻ തന്ന ചോക്ളറ്റ് അല്ലെ, ഇങ്ങു തിരിച്ചു താ...'' ഷാദ് ആദിയെ ദേഷ്യം പിടിപ്പിക്കാൻ പറഞ്ഞു.

''നാൻ തെരൂല...'' ആദി മിട്ടായി പിന്നിലൊളിപ്പിച്ചു.

''മോനെ ഇത് നിനക്കറിയാത്ത ആളല്ല. ഇത് മോന്റെ ഉപ്പയാ..'' ഷഹീനിക്ക പറഞ്ഞപ്പോ അവൻ സംശയത്തോടെ ഷാദിനെ നോക്കി.

''എന്തെ ഉപ്പ ഉപ്പ അല്ലെ..'' അവൻ ഷഹീനിക്കാനേ തൊട്ടു ചോദിച്ചു.

''അതെ പക്ഷെ ഇതും മോന്റെ ഉപ്പയാ... ഷാദുപ്പ.'' ഞാൻ പറഞ്ഞു. അത് കേട്ടപ്പോ ഷാദ് എന്നെ നോക്കി പുഞ്ചിരിച്ചു. അപ്പൊ അവൻ ഷഹീനിക്കാനേ നോക്കി. ഇക്കാ അതെ എന്ന് പറഞ്ഞു.

''എനക്ക് ബാണ്ട ഈ ഉപ്പാനെ... വേറെ നല്ല ഉപ്പ ഇല്ലേ.. ഇത് കൊല്ലൂല്ലാ...'' ആദി പറഞ്ഞു. അത് കേട്ട് എല്ലാരും ചിരിച്ചു.

''മോനെ ഇനി ഒന്നൂടി താങ്ങാനുള്ള ത്രാണി എനിക്കില്ല മോനെ..'' ഞാൻ പറഞ്ഞതും ഷാദ് എന്നെ കണ്ണുരുട്ടി പേടിപ്പിച്ചു. അപ്പോളാ ഞങ്ങൾ ഷെസിനെ കണ്ടത്. അവൻ എല്ലാം കണ്ടു ചിരിച്ചു നിൽക്കുന്നു. കല്യാണത്തിന് ശേഷം ആദ്യമായാണ് അവൻ ചിരിക്കുന്നത് ഞാൻ കാണുന്നത്. എന്റെ മുന്നിൽ ഒരിക്കലും ചിരിക്കാറില്ല.

''ആഹാ മോന് എന്നെ പറ്റിയില്ല അല്ലെ. എന്നാ ആ മിട്ടായി ഇങ്ങു തന്നേക്ക്.'' എന്നും പറഞ്ഞു ഷാദ് ആദീടെ കയ്യിൽ നിന്നും മിട്ടായി തിരിച്ചു വാങ്ങാൻ നോക്കി. എവിടെ അവൻ ഷഹീനിക്കാന്റെ കയ്യിൽ നിന്നും ഇറങ്ങി ഓടി. ഷാദ് പിന്നാലെ പോയി. പിന്നെ രണ്ടും കൂടി പൊരിഞ്ഞ ഓട്ടം ആയിരുന്നു.

അവസാനം ഷാദ് ആദിയെ പിടിച്ചു കുറെ ഇക്കിളിയാക്കി. ഷാദ് അല്ലെ ആള്, അവൻ അഞ്ചു മിനിട്ടു കൊണ്ട് ആദിയെ കറക്കി കുപ്പിയിലാക്കി. പിന്നെ രണ്ടും കൂടി തല്ലു പിടിത്തവും കളിയും ആയിരുന്നു. കൂടെ ഷഹീനിക്കയും ഷെസിനും. ഷെസിന്റെ മാറ്റം ഞങ്ങൾക്കൊരു അത്ഭുതം ആയിരുന്നു.

''നീ കണ്ടോ ഷെസിനെ, അവൻ ഞാൻ കല്യാണം കഴിച്ചു വരുമ്പോൾ ഉള്ള പോലെയാ ഇപ്പൊ. അവനെ ചിരിച്ചു കാണുന്നത് തന്നെ കുറെ കാലങ്ങൾക്കു ശേഷം ആണ്. ആദിയെ അവൻ നോക്കാറേ ഇല്ല. എന്തിനു വീട്ടിലേക്കു തന്നെ വരാറ് കുറവാ. ഉമ്മാക്ക് സുഖമില്ലാതായപ്പോളാ ഇങ്ങോട്ടു വന്നത്.'' ഇത്ത പറഞ്ഞു. ഞാൻ ഒന്ന് ചിരിച്ചു.

''അതാണ് ഇത്താ ഈ ബ്ലഡ് ഈസ് തിക്കർ താൻ വാട്ടർ എന്ന് പറയുന്നത്. അവനു നന്നാവാൻ അവന്റെ പെങ്ങളെ കണ്ണീരു വേണ്ടി വന്നു.'' ഞാൻ പറഞ്ഞു.

''നീ അവനോടു ക്ഷമിച്ചോ മോളെ..'' ഇത്ത ചോദിച്ചു.

''അതിനെനിക്ക് പറ്റുമെന്ന് തോന്നുന്നുണ്ടോ ഇത്താ.. പക്ഷെ ഞാൻ ശ്രമിക്കും... ക്ഷമ ഈമാന്റെ ഭാഗം ആണെന്നല്ലേ പറയാറ്.'' ഞാൻ പറഞ്ഞു.

@@@@@@@@@@@@@@@@@@@@@@@@

ആദിയെ കണ്ടപ്പോ ഒരുപാട് സന്തോഷം തോന്നി. അവൻ ആമിയെ ഉമ്മ എന്ന് തന്നെ ആണ് വിളിക്കുന്നത്. അത് ഷഹീനിക്കാന്റേം ഫെബിത്താന്റേം നല്ല മനസ്സാണ്. അവർക്കു സ്വാർത്ഥത കാട്ടി അവളിൽ നിന്നും അവനെ അകറ്റാമായിരുന്നു. പക്ഷെ അവരതു ചെയ്തില്ല.

അവനു ഞാൻ ചോക്ലേറ്റ് കൊടുത്തപ്പോ ചെക്കന്റെ പറച്ചില് കേട്ടില്ലേ ഞാനവനെ തട്ടിക്കൊണ്ടുപ്പോവാൻ ആണ് അത് കൊടുത്തതെന്ന്. എങ്ങനെ പറയാതിരിക്കും ആ വവ്വാലിന്റെ മുതലല്ലേ.. 

പിന്നെ എങ്ങനൊക്കെയോ അവനെ ഞാൻ കമ്പനി ആക്കി. ആള് നല്ല വായാടി ആണ് ഉമ്മാനെ പോലെ തന്നെ. അവൻ ഇപ്പൊ എന്നെ ശാപ്പാ എന്നാ വിളിക്കുന്നെ. അവനു ശാദ്‌പ്പാ എന്ന് വിളിക്കാൻ പറ്റുന്നില്ല. അതോണ്ട് അത് ഷോർട്ടാക്കി ശാപ്പാ ആക്കി. ഷെസിനെ എളാപ്പ എന്ന് കുറെ പറഞ്ഞെങ്കിലും അവൻ അത് ലാപ്പാ ആക്കി.

ഞങ്ങൾ അവന്റെ കൂടെ കളിക്കുമ്പോ ആണ് ആദിക്ക് ബാത്‌റൂമിൽ പോണമെന്നു പറഞ്ഞത്. ഷഹീനിക്ക അവനെയും കൊണ്ട് അകത്തേക്ക് പോയി. അപ്പൊ ഷെസിൻ എന്റെ അടുത്തേക്ക് വന്നു.

''ഷാദ് എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്.. എങ്ങനെ പറയണമെന്ന് അറിയില്ല. താനത് അറിയണമെന്ന് തോന്നി.'' ഷെസിൻ.

''എന്ത് കാര്യം...'' ഞാൻ സംശയത്തോടെ ചോദിച്ചു.

''അത് പിന്നെ ആദിയുടെ ഉപ്പ...'' എന്ന് അവൻ പറയാൻ തുടങ്ങിയതും ഞാൻ അവനെ തടഞ്ഞു.

''വേണ്ട ഷെസിൻ അത് പറയണ്ട... എനിക്കറിയാം സത്യം എന്താണെന്ന്. നിനക്കും ആ ഡോക്ടർക്കും ഇപ്പൊ എനിക്കും മാത്രമേ അറിയൂ ആരാണ് ആദിയുടെ ഉപ്പ എന്ന്.'' ഞാൻ പറഞ്ഞപ്പോ ഷെസിൻ എന്നെ നോക്കി. 

''അപ്പൊ നേരത്തെ പറഞ്ഞതോ ആമിക്ക് സോറി അംനക്കു അറിയാമെന്നു.'' ഷെസിൻ.

''അറിയാം, ഞാൻ ആണ് അവന്റെ ഉപ്പ എന്നാണു അവളോട് പറഞ്ഞത്.'' ഞാൻ അങ്ങനെ പറഞ്ഞതും അവൻ ഷോക്കായി.

''അതെങ്ങനെ...'' ഷെസിൻ.

''ഞാൻ ആ ഹോസ്പിറ്റലിൽ ട്രീറ്റ്‌മെന്റിന് പോയിട്ടുണ്ടായിരുന്നു. അതോണ്ട് ശരിക്കുമുള്ള റിസൾട്ട് മാറ്റി എന്റെ പേര് ആക്കി അവളെ ഞാൻ വിശ്വസിപ്പിച്ചു. ഇനി നീ അത് മാറ്റിപ്പറയരുത്.'' ഞാൻ അവനെ നോക്കി പറഞ്ഞു.

''ഭീഷണി ആണോ..'' ഷെസിൻ പിരികം പൊക്കി ചോദിച്ചു.

''അതെ...'' ഞാനും അത് പോലെ നിന്നു ഉത്തരം പറഞ്ഞു.

''എന്നാ പറയില്ല മോനെ.. നിന്റെ അന്നത്തെ അടി ഞാൻ മറന്നിട്ടില്ല.'' ഷെസിൻ പറഞ്ഞതും ഞാൻ ചിരിച്ചു പോയി.

''സോറി, ആമിയുടെ കഥയൊക്കെ കേട്ട അന്ന് നിന്നെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ നീ ചിലപ്പോ ഇപ്പൊ ജീവനോടെ കാണില്ലാരുന്നു. അത്രയ്ക്ക് ദേഷ്യം ഉണ്ടായിരുന്നു. അതാ അന്ന് അങ്ങനെ തല്ലിയത്. സോറി...'' ഞാൻ പറഞ്ഞു.

''ഏയ് ഒരു പ്രശ്നവും ഇല്ല. അത് എനിക്ക് കിട്ടേണ്ടത് തന്നെ ആയിരുന്നു. ഇന്ന് രാവിലെ വരെ അതിന്റെ ദേഷ്യം നിങ്ങളോടു ഉണ്ടായിരുന്നു. ഇപ്പൊ അതെനിക്ക് അവളെ ദ്രോഹിച്ചതിനുള്ള ശിക്ഷ കിട്ടിയതാണെന്നു മാത്രമേ തോന്നുന്നുള്ളൂ. ഷെറിയോടാണ് ആരെങ്കിലും ഞാൻ ചെയ്തത് പോലെ ചെയ്തതെങ്കിൽ ഞാനിപ്പോ ജയിലിൽ കിടന്നേനെ അവനേം കൊന്നിട്ട്.'' ഷെസിൻ പറഞ്ഞു.

''ആഹ് അതോണ്ടാ എന്റെ അളിയന്മാരെ മുന്നിലേക്ക് പോണ്ട എന്ന് പറഞ്ഞത്.'' ഞാൻ പറഞ്ഞു.

''പിന്നെ ആദിയുടെ ഉപ്പാന്റെ കാര്യം ആമി എന്നെകിലും അറിഞ്ഞാലോ.'' ഷെസിൻ 

''അതെനിക്കും സംശയം ഉണ്ടായിരുന്നു. പക്ഷെ ആ കാര്യം അറിയുന്ന മൂന്നാളെ ഉള്ളൂ. നീ ഞാൻ പിന്നെ ആ ഡോക്ടർ. അവർക്കു ഇപ്പൊ പണ്ടത്തെ കാര്യങ്ങളൊന്നും ഓർമ്മ ഇല്ല. എന്നെ സഹായിച്ച ഡോക്ടർ ജാബി റെക്കോർഡ് റൂമിൽ എന്നെ കയറാൻ സഹായിച്ചു എന്നെ ഉള്ളൂ, അവനും ആ പേപ്പർ കണ്ടിട്ടില്ല. ആ ബുക്കിൽ നിന്നും ഞാൻ ആ പേപ്പറെടുത്തു കീറിക്കളഞ്ഞു. പുതിയൊരു റിപ്പോർട്ടിൽ എന്റെ പേരെഴുതിയാണ് ഞാൻ കൊടുത്തത്. ശെരിക്കും ആരാണെന്നു അവൾ അറിയണ്ട. എന്നെങ്കിലും അറിഞ്ഞാലല്ലേ അതപ്പോ നോക്കാം..'' ഞാൻ പറഞ്ഞു.

''ഷാദ് മാത്രം അല്ല അംനയും ഭാഗ്യവതി ആണ്. തന്നെ പോലെ ഒരാളെ കിട്ടിയില്ലേ, ശീ ഈസ് റിയലി ലക്കി.'' ഷെസിൻ പറഞ്ഞു. 

എന്നിട്ടു ഞങ്ങൾ അകത്തേക്ക് പോയി. അവിടെ ആമിയും ഫെബിത്തയും കൂടി ആദിയെ ഫുഡ് കഴിപ്പിക്കുകയാണ്. ഷഹീനിക്ക അടുത്ത് നിന്നിട്ടു അത് നോക്കി ചിരിക്കുന്നു.

കാരണം അത്രയും ആദി അവരെ ചുറ്റിക്കുന്നുണ്ട്. ഒരു പിടി വായിലിട്ടാൽ പിന്നെ ഒരു ഓട്ടം ആണ്. അഞ്ചു മിനിട്ടു ഓട്ടം കഴിഞ്ഞു വീണ്ടും ഒരു പിടി. അങ്ങനെ ഒരു മണിക്കൂറെടുത്തു ഫുഡ് അവൻ കഴിച്ചു കഴിയാൻ. അപ്പോളേക്കും ഷഹീനിക്കയും ഷെസിനും പോയി എല്ലാർക്കും രാത്രിയേക്കുള്ള ഫുഡ് വാങ്ങി വന്നു. കൂടെ ഒരു കേക്കും ഉണ്ടായിരുന്നു. ആമിയുടെ ബർത്തഡേ വീണ്ടും ഞങ്ങൾ അവിടെ ആഘോഷിച്ചു, ആദിയുടെ കൂടെ. അവൻ കേക്ക് കൊണ്ട് ഹോളി ആഘോഷിക്കുവായിരുന്നു. അതിൽ മൊത്തം കുളിച്ചു. 

രാത്രി ഫുടൊക്കെ കഴിഞ്ഞപ്പോ ഫെബിത്ത പോയി ഒരു ബാഗ് എടുത്തിട്ട് വന്നു. ഞാൻ ഷഹീനിക്കാനേ വിളിച്ചു പറഞ്ഞത് കൊണ്ട് ഇത്ത ആദ്യമേ അതൊക്കെ ഒരുക്കിയിരുന്നു. അതിൽ അവന്റെ ഡ്രെസ്സും കുറെ ടോയ്സുമൊക്കെ ഉണ്ടെന്നു പറഞ്ഞു.

ഇത്താന്റെ കണ്ണ് നിറയുന്നുണ്ടായിരുന്നു ഓരോന്നും പറയുമ്പോൾ.

''അംന മോളെ രാത്രി അവൻ ഇടയ്ക്കു എണീറ്റ് വിശക്കുന്നു എന്ന് പറയും. അതോണ്ട് വല്ല ബിസ്ക്കറ്റോ മറ്റോ റൂമിൽ വച്ചോ.. അവനു ഐസ് ക്രീം കഴിച്ചാൽ പനി വരും, അതൊന്നു ശ്രദ്ധിക്കണം. പിന്നെ അവനു പാല് തീരെ ഇഷ്ടമല്ല. കുടിപ്പിക്കാൻ ഭയങ്കര പാടാണ്. ആരും കാണാതെ മറിച്ചു കലയും... പിന്നെ..'' ഫെബിത്ത പറഞ്ഞോണ്ടിരുന്നപ്പോ ഷഹീനിക്ക തടഞ്ഞു.

''മതിയാക്ക് ഫെബി, അതൊക്കെ അവര് നോക്കി ചെയ്തോളും.'' ഷഹീനിക്ക കണ്ണ് നിറഞ്ഞതു ഒളിപ്പിച്ചോണ്ടു പറഞ്ഞു.

''നീ ഇങ്ങു വാ അവന്റെ മെഡിസിൻസ് ഒക്കെ കൊടുത്തോ...'' ഷഹീനിക്ക.

''അയ്യോ ഞാൻ മറന്നു. അവനു സാധാരണ പനിയൊക്കെ വന്നാൽ കൊടുക്കുന്ന മരുന്നൊക്കെ ഉണ്ട്, പിന്നെ അയേൺ കുറവുള്ളത് കാരണം ഒരു ടോണിക്കും ഉണ്ട്. ഞാൻ എടുത്തിട്ട് വരാം.'' ഫെബിത്ത.

കുറച്ചു കഴിഞ്ഞു അവർ വന്നു. ഞങ്ങൾ പോവാൻ ഇറങ്ങി. ഫെബിത്തയും ഷഹീനിക്കയും ഷെസിനും ഷെറിയും എല്ലാം ആദിയെ മാറി മാറി ഉമ്മ വച്ചു. ഷെസിന്റെ ഉമ്മാനേയും കൊണ്ട് പോയി കാണിച്ചു. പക്ഷെ ഞങ്ങടെ കൂടെ വിടുന്നത് പറഞ്ഞില്ല.

ആദിയെ കയ്യിലെടുത്തു ഞങ്ങൾ പുറത്തേക്കിറങ്ങി. അവൻ ഞങ്ങളെയും ബാക്കിയുള്ളവരെയും മാറി മാറി നോക്കുന്നുണ്ട്. പെട്ടെന്നൊരു മാറ്റം അവനും പാടായിരിക്കും. പതിയെ ശരിയാക്കാം. ആമി അവനെ ഉമ്മ വച്ചു കൊല്ലുന്നുണ്ട്. കാറിന്റെ അടുത്തേക്ക് നടക്കുന്നതിനിടയിൽ ആമി തിരിച്ചു നടന്നു ആദിയെ ഫെബിത്താന്റെ കയ്യിൽ കൊടുത്തിട്ടു തിരിഞ്ഞു നോക്കാതെ പോയി കാറിൽ കേറി.

ഞാൻ അടക്കം എല്ലാരും ഷോക്കായി.എനിക്കത്ര അതികം ഷോക്കോന്നും ആയില്ല. ഞാൻ ഇത് പ്രതീക്ഷിച്ചതാ. മറ്റുള്ളവർക്ക് വേണ്ടി ജീവിതം കളഞ്ഞവൾക്കു ഫെബിത്താന്റെയും ഷഹീനിക്കാന്റെയും കണ്ണീർ കണ്ടില്ല എന്ന് നടിക്കാൻ പറ്റോ. ഞാൻ മെല്ലെ പോയി ഡിക്കിയിൽ നിന്നും ബാഗ് എടുത്തു ഷഹീനിക്കാന്റെ അടുത്ത് കൊടുത്തു. ഇക്ക എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു. 

ഞാൻ അവരോടു പോട്ടെ എന്ന് ചോദിച്ചു ആദിയെ കെട്ടിപ്പിടിച്ചു ഉമ്മ കൊടുത്തു കാറിലേക്ക് നടന്നു.

@@@@@@@@@@@@@@@@@@@@@@@@@@@@@

എല്ലാരും എനിക്ക് വട്ടാണെന്ന് വിചാരിക്കുന്നുണ്ടാവും. പക്ഷെ ഇതാണ് ശെരിയെന്നു എനിക്ക് തോന്നി. ആദിയുടെ കൂടെ കുറെ കളിച്ചു. അവനു ഭക്ഷണം കൊടുത്തു. പക്ഷെ ഇത്ത അവനെ കെയർ ചെയ്യുന്ന പോലെ ആർക്കും പറ്റില്ല എന്നെനിക്കു തോന്നി. 

ഞാൻ കാറിൽ കേറി ഇരുന്നതിനു ശേഷം ഇത്ത ഡോറിന്റെ അടുത്തേക്ക് വന്നു. എന്റെ കൈ പിടിച്ചു ഒരുപാട് കരഞ്ഞു, നന്ദി പറയുന്ന പോലെ. ഞാൻ ഒന്നും മിണ്ടിയില്ല. മിണ്ടിയാൽ ഞാൻ കരഞ്ഞു പോവും. ഞാൻ ആദിക്ക് വീണ്ടും ഉമ്മ കൊടുത്തു. ഷാദ് വന്നു വണ്ടിയിൽ കയറി. എല്ലാരോടും പറഞ്ഞിട്ട് ഞങ്ങളിറങ്ങി.

ഞാൻ കണ്ണടച്ച് സീറ്റിലേക്ക് ചാരി. ഷാദ് ഒന്നും ചോദിച്ചില്ല. അവനും ദേഷ്യം കാണും, അവനോടു പറയാതെ തീരുമാനം എടുത്തതിന്. വണ്ടി നിന്നപ്പോൾ ആണ് ഞാൻ കണ്ണ് തുറന്നു നോക്കിയത്. വീട്ടിൽ അല്ലായിരുന്നു, ബീച്ചിൽ ആയിരുന്നു.

പതിയെ പുറത്തിറങ്ങി, നടന്നു മണലിൽ പോയി ഇരുന്നു. ഇരുട്ട്  വീണത് കാരണം ആരുമില്ല. ഷാദ് എന്റടുത്തു വന്നിരുന്നു. ഞാനവന്റെ മടിയിൽ കിടന്നു. അവൻ ഒരു കൈ കൊണ്ട് എന്നെ ചേർത്ത് പിടിച്ചിട്ടു മറുകൈ കൊണ്ട് തലയിൽ തലോടി.

''ഇങ്ങനെ പൂട്ടി വെക്കേണ്ട, കരഞ്ഞു തീർക്ക്. അപ്പൊ സമാധാനം ആവും.'' ഷാദ് പറഞ്ഞു. അത് കേട്ടപ്പോ പിന്നെ പിടിച്ചു നിക്കാൻ പറ്റിയില്ല, കരഞ്ഞു. കണ്ണീരു തീർന്നു എന്ന് തോന്നുന്ന വരെ കരഞ്ഞു.

''സോറി ഷാദ്, ഞാൻ ഷാദിനോട് ചോദിക്കാതെ മോനെ അവർക്കു കൊടുത്തതിനു...'' ഞാൻ പറഞ്ഞു.

''ഏയ് അതിന്റെ ആവശ്യം ഇല്ല ആമീ. ആദിയെ അവിടെ ആരും നോക്കുന്നുണ്ടാവില്ല എന്നാണു ഞാൻ കരുതിയത്. പക്ഷെ അവരുടെ പെരുമാറ്റം എന്നെ അത്ഭുതപ്പെടുത്തി. അവനവരുടെ ജീവൻ ആണ്. അതോണ്ട് ആദിയെ അവരെ അടുത്ത് നിന്നും പറിച്ചെടുക്കണ്ട എന്ന് എന്റെ മനസ്സ് പറയുന്നുണ്ടായിരുന്നു. പക്ഷെ അവരെക്കാൾ വലുത് എനിക്ക് നീ ആയോണ്ടാ ഞാൻ ഒന്നും പറയാഞ്ഞേ.'' ഷാദ്.

''ഹ്മ്മ് എനിക്കും തോന്നിയിരുന്നു അങ്ങനെ. അവരവനെ ഒരുപാട് സ്നേഹിക്കുന്നുണ്ട്.  പക്ഷെ നാളെ അവർക്കൊരു കുഞ്ഞുണ്ടായാൽ അവനവർക്കൊരു ബാധ്യത ആയാലോ എന്ന് കരുതിയാ മോനെ കൊണ്ട് പോണം എന്ന് തന്നെ തീരുമാനിച്ചത്.'' ഞാൻ പറഞ്ഞു.

''പിന്നെന്താ പറ്റിയെ..'' ഷാദ്..

''അത് പിന്നെ...'' നേരത്തെ റൂമിൽ നടന്ന കാര്യങ്ങൾ ഞാൻ ഓർത്തു.

ഒന്ന് ബാത്‌റൂമിൽ പോവാൻ വേണ്ടിയാ ഞാൻ ഫെബിത്താന്റെ റൂമിലേക്ക് പോയത്. ഇറങ്ങാൻ പോവുമ്പോളാ ആരോ പുറത്തെ ഡോർ അടക്കുന്ന സൗണ്ട് കേട്ടത്. ശ്രദ്ധിച്ചപ്പോ ഷഹീനിക്കയും ഇത്തയും ആയിരുന്നു.

''ടീ നീ ഇങ്ങനെ കരയല്ലേ... അവനെ നമ്മൾക്ക് എത്ര നാൾ പിടിച്ചു വെക്കാൻ പറ്റും.. അവളെ മോൻ അല്ലെ. ഇപ്പൊ ഷെസിനും പ്രശ്നം ഇല്ല. ആദ്യമേ തീരുമാനിച്ചതല്ലേ അവൾക്കു മോനെ കൊടുക്കാൻ, ഷെസു സമ്മതിക്കാത്തൊണ്ടല്ലേ'' ഷഹീനിക്ക.

''എനിക്ക് പറ്റുന്നില്ല ഇക്കാ, ആദി ഇല്ലാണ്ട് ഞാൻ മരിച്ചു പോവും ഇക്കാ.'' ഫെബിത്ത.

''അത് പോലെ തന്നെ അല്ലെ അവളും. അംന എന്തൊക്കെ അനുഭവിച്ചെന്നു നിനക്കറിയാലോ ഫെബി, പിന്നെ എന്താ..'' ഷഹീനിക്ക.

''എന്നാലും ഇക്കാ അവൻ പോയാൽ പിന്നെ നമ്മൾ ആർക്കു വേണ്ടിയാ ജീവിക്കുന്നെ. നമുക്കൊരു കുഞ്ഞുണ്ടാവുമെന്ന പ്രതീക്ഷയും തീർന്നില്ലേ ഇക്കാ. ഒരു കുഞ്ഞിനെ പേറാനുള്ള ഗർഭപാത്രം പോലും ഇപ്പൊ എന്റെ ഈ ശരീരത്തിൽ ഇല്ലല്ലോ. നിങ്ങൾക്കെന്നെ ഉപേക്ഷിച്ചു വേറെ കല്യാണം കഴിച്ചൂടെ ഇക്കാ...'' എന്നും പറഞ്ഞു ഫെബിത്ത ഇക്കാന്റെ നെഞ്ചിൽ വീണു കരഞ്ഞു. എനിക്കാ വാർത്ത ഒരു ഷോക്കായിരുന്നു.

''ടീ മിണ്ടരുത് നീ... മുഴ കാരണം ഗർഭപാത്രം നീക്കേണ്ടി വന്നത് നിന്റെ തെറ്റാണോ.. അതൊരു കാൻസർ ആയി മാറല്ലേ എന്ന പ്രാർത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളു. നിന്നെ എനിക്ക് തിരിച്ചു കിട്ടിയില്ലേ അത് മതി. ആദി പോയാൽ നമുക്ക് മറ്റൊരു കുഞ്ഞിനെ ദത്തെടുക്കാം...'' ഷഹീനിക്ക.

''അതിനു ഉമ്മ സമ്മതിക്കോ ഇക്കാ. ഉമ്മാക്ക് ഇപ്പോളും അറിയില്ലല്ലോ കാര്യങ്ങൾ. അറിഞ്ഞാൽ അപ്പൊ എന്നെ വീട്ടിൽ കൊണ്ട് വിടാൻ പറയും എനിക്കുറപ്പാ.. ഇക്കയില്ലാണ്ട് എനിക്ക് പറ്റില്ല.'' എന്നും പറഞ്ഞു ഇത്ത വീണ്ടും കരഞ്ഞു. 

''നിന്നെ ഞാൻ അങ്ങനെ വിടുമോ... കുട്ടികൾ ഇല്ലെങ്കിലും നമ്മളൊരുമിച്ചു ജീവിക്കും, അതിനു പറ്റിയില്ലേൽ ഒരുമിച്ചു മരിക്കും. അല്ലാതെ നിന്നെ ഞാൻ ഒറ്റയ്ക്കാക്കില്ല എവിടെയും. പക്ഷെ ആദിയെ അംനക്കു വിട്ടു കൊടുക്കണം. അവൾ ജീവിതത്തിൽ കുറെ അനുഭവിച്ചതാ. ഇനി വേണ്ട, സന്തോഷത്തോടെ ബാക്കിയുള്ള കാലം ജീവിച്ചോട്ടെ.'' കുറെ സമാധാനിപ്പിച്ചിട്ടു ഷഹീനിക്ക ഇത്താനെയും കൊണ്ട് പോയി.

ഞാനും പതിയെ ബാത്‌റൂമിൽ നിന്നും പുറത്തിറങ്ങി. ''അപ്പൊ തീരുമാനിച്ചതാ ആദിയെ അവർക്കു തന്നെ കൊടുക്കാൻ. ഇൻശാ അല്ലാഹ് നമുക്ക് ഇനിയും മക്കളുണ്ടാവും ഷാദ്, അത് പോലാണോ അവർ. ആദി ഇല്ലെങ്കിൽ കുറച്ചു നാൾ കൊണ്ട് ഇത്താന്റെ മരണ വാർത്ത നമ്മൾ കേൾക്കും. അത് കൊണ്ടാ ഞാനവനെ അവിടെ വിട്ടത്. പക്ഷെ എനിക്ക് എന്റെ ജീവൻ പറിച്ചെറിഞ്ഞ പോലെ തോന്നുന്നു ഷാദ്.'' എന്നും പറഞ്ഞു ഞാൻ പൊട്ടിക്കരഞ്ഞു.

''ഹ്മ്മ് നല്ലൊരു കാര്യമാ നീ ചെയ്തത് അവർക്കു വേണ്ടി. നമ്മളെ മോൻ അവിടെ കഷ്ട്ടപ്പെടുമെന്ന പേടി വേണ്ട. സ്വന്തം മക്കളെ പോലും സ്വാർത്ഥ ലാഭങ്ങൾക്കു വേണ്ടി  കൊല്ലുന്ന ഈ കാലഘട്ടത്തിൽ അവർ ആദിയെ പൊന്നു പോലെ അല്ലെ നോക്കുന്നത്. നീ ചെയ്ത നന്മയുടെ പ്രതിഫലം പടച്ചോൻ നിനക്ക് തരും.'' ഷാദ് പറഞ്ഞു.

''ഇന്ഷാ അല്ലാഹ്. എനിക്കറിയാം ഷാദ് ഇത്ത അവനെ എന്നെക്കാൾ നന്നായി നോക്കും... വീട്ടിൽ എന്ത് പറയും..'' ഞാൻ പറഞ്ഞു.

''അത് ഞാൻ പറഞ്ഞു സെറ്റ് ആക്കിക്കൊള്ളാം.. കരയാനുള്ളതൊക്കെ ഇവിടെ തീർക്കണം. ഇനി ഈ പേരും പറഞ്ഞു നീ കണ്ണ് നിറയ്ക്കരുത്. ഇടയ്ക്കു പോയി നമുക്കവനെ കാണാം. ഇപ്പൊ ഷെസിനും ഓക്കേ ആയില്ലേ.. അപ്പൊ അവിടെ പോവാൻ വേറെ തടസ്സം ഒന്നും ഇല്ലല്ലോ. പിന്നെ ആ സ്ത്രീയെ കാണാതിരുന്നാ മതി. അല്ല നീ ഷെസിനോട് ക്ഷമിച്ചോ...'' ഷാദ് ചോദിച്ചു.

''അറിയില്ല ഷാദ്, ക്ഷമിക്കാനൊക്കെ തോന്നുന്നുണ്ട്. പക്ഷെ എന്റെ മനസ്സിലേറ്റ മുറിവൊക്കെ മാഞ്ഞു പോവാൻ സമയമെടുക്കും. നോക്കാം ചിലപ്പോ മറക്കാൻ പറ്റുമായിരിക്കും, ഒന്നുല്ലേലും എന്റെ ഫസ്റ്റ് ലവ് അല്ലെ...'' ഞാൻ മെല്ലെ അങ്ങനെ പറഞ്ഞതും ഷാദ് എന്നെ തുറിച്ചു നോക്കി.

''അതേടീ നീ അത് പറയും എനിക്കറിയാം. നേരത്തെ അവിടെ ഇരുന്നു രണ്ടും കുറുകുന്ന കണ്ടപ്പോൾ എനിക്ക് തോന്നിയതാ നീ കൂടും പൊട്ടിച്ചു പോവുമെന്ന്..'' ഷാദ് മുഖം വീർപ്പിച്ചിരുന്നു.

''അയ്യോടാ എന്റെ ചെക്കൻ പിണങ്ങിയോ.. ഇപ്പൊ മനസ്സിലായോ അന്ന് ഷാനയുമായി സംസാരിച്ചപ്പോ എനിക്കെന്താ തോന്നിയതെന്ന്.. എന്റെ ചെക്കനെ വിട്ടു ഞാൻ എങ്ങോട്ടു പോവാനാ...'' ഞാൻ ഷാദിന്റെ തോളിലേക്ക് ചാരിയിട്ടു പറഞ്ഞു.

''ഞാൻ ചുമ്മാ നിന്നെ വട്ടാക്കിയതല്ലേ എന്റെ പൊന്നെ... അഥവാ നിനക്കവനെ വേണമെന്ന് പറഞ്ഞാൽ നിന്റെ സന്തോഷം അവനാണെന്നു പറഞ്ഞാൽ ഞാൻ അതിനു എതിര് നിക്കുമോ... എനിക്ക് നിന്റെ സന്തോഷമല്ലേ വലുത്...'' ഷാദ് ഇളിച്ചോണ്ടു പറഞ്ഞതും എനിക്ക് കലിപ്പ് കേറി.

''ടോ ഡ്രാക്കുളേ തോന്നിവാസം പറഞ്ഞാൽ അടിച്ചു പല്ലു കഴിക്കും ഞാൻ. എന്നെ അങ്ങനെ ആർക്കേലും വിട്ടു കൊടുക്കോ.. പറ്റോ ഷാദിന്..'' ഞാൻ ദേഷ്യത്തോടെ ചോദിച്ചു. എന്റെ കണ്ണൊക്കെ നിറഞ്ഞിരുന്നു.

''പിന്നെ, നിന്റെ സന്തോഷം അതാണെങ്കിൽ ഞാൻ അത് ചെയ്യും. പകരം നീയും എന്റെ സന്തോഷം കണ്ടറിഞ്ഞു ചെയ്യണം...'' ഷാദ് മെല്ലെ എണീറ്റിട്ടു പറഞ്ഞു. അവന്റെ ചുണ്ടിലൊരു കള്ളച്ചിരി കണ്ടു. കൊരങ്ങൻ അപ്പൊ എനിക്കിട്ടു താങ്ങുന്നതാണ്. 

''ഓഹോ ആരെയാണാവോ വേണ്ടത്... ഇയാളെ എക്‌സ് ഒക്കെ ഇപ്പൊ മറ്റുള്ളവരുടെ കറന്റ് ബീവിമാർ ആണല്ലോ. ഷാനയും സിയാനയും അല്ലാണ്ട് വേറെ ആരാണാവോ... ഓ ആ മൂന്നാം ക്‌ളാസ്സിലെ ടീച്ചറോ അതോ എട്ടാം ക്ലാസ്സിലെ പെണ്ണോ...'' ഞാൻ കലിപ്പിൽ ചോദിച്ചപ്പോ ജന്തു നിന്നു ഇളിച്ചു കാണിക്കാ.

''രണ്ടും അല്ല നമ്മളെ ഷാനു...'' എന്നും പറഞ്ഞു ആ കൊരങ്ങൻ നിലത്തു കളം വരച്ചു കളിക്കാ.

''ഓഹോ ആ മൂധേവി ആണോ, ഇപ്പൊ തന്നെ വേണോ.. അതോ നാളെ രാവിലെ മതിയോ...'' ഞാൻ ചോദിച്ചു.

''ഇപ്പൊ ഇനി വേണ്ട രാത്രി ആയില്ലേ, ഫസ്റ്റ് നയിറ്റിനുള്ള ടൈം ഒക്കെ പോയി... നാളെ മതി...'' ഷാദ് നഖം കടിച്ചോണ്ടു മുഖത്ത് സങ്കടം വരുത്തിയിട്ട് പറഞ്ഞു.

''വേണ്ട മുത്തേ... ഇപ്പൊ തന്നെ ആയിക്കോട്ടെ. മോന്റെ ഫസ്റ്റ് നയിട്ട് ഞാൻ ലാസ്റ്റ് നായിട്ടാക്കിത്തരാം.'' എന്നും പറഞ്ഞു കയ്യിലുണ്ടായിരുന്ന ഫോൺ വച്ചു അവനെ തല്ലാൻ തുടങ്ങി.

''മതി ടീ വവ്വാലെ.. വേണ്ടാ എനിക്ക് വേദനിക്കുന്നു... ഞാനൊരു തമാശ പറഞ്ഞതാ... ഷാദ് ഒച്ചവെച്ചു. ഞാനതു ശ്രദ്ധിക്കാതെ വീണ്ടും തല്ലി. 

''ആണോ മോന് തമാശ ആണെങ്കിലേ എനിക്ക് സീരിയസ്സാ..'' എന്നും പറഞ്ഞു വീണ്ടും തല്ലി. തമാശക്കാണെങ്കിലും ഷെഡ് അങ്ങനൊക്കെ പറഞ്ഞപ്പോ എനിക്ക് ദേഷ്യം വന്നു. ഷാദിന്റെ കൂടെ മറ്റൊരു പെണ്ണിന്റെയും പേര് വരുന്നത് ഞാൻ സഹിക്കില്ല. ദേഷ്യം കാരണം കണ്ണ് കാണുന്നില്ലാന്നൊക്കെ കേട്ടിട്ടേ ഉള്ളൂ ഇപ്പൊ അത് പോലെ ആണ്. അല്ല ശെരിക്കും എന്തോ കണ്ണ് മങ്ങുന്ന പോലെ.

പെട്ടെന്ന് കണ്ണിലൊക്കെ ഇരുട്ട് കേറുന്ന പോലെ തോന്നി. ''ഷാദ്'' എന്ന് വിളിച്ചു  പതിയെ ഞാൻ നിലം പതിക്കാൻ തുടങ്ങിയതും ഷാദ് എന്നെ താങ്ങി നിർത്തി. കണ്ണുകളടയുമ്പോളും അവന്റെ ''ആമീ'' എന്ന വിളി എനിക്ക് കേൾക്കാമായിരുന്നു.

@@@@@@@@@@@@@@@@@@@@@@@@@@@@@

ആദിയെ കൊടുത്തപ്പോ ഒരുപാട് വിഷമം തോന്നിയിരുന്നു കൂടെ സന്തോഷവും. അവനെ അവരുടെ അടുത്ത് നിന്നും പറിച്ചു മാറ്റാൻ എനിക്കും തോന്നിയിരുന്നില്ല. പിന്നെ അവളൊന്നു റിലാക്സ് ആവാൻ ആണ് ബീച്ചിലേക്ക് കൊണ്ട് വന്നേ. മോൻ ഇല്ലാതെ വീട്ടിലേക്കു പോയാൽ അവിടെ നിന്നും ചോദ്യങ്ങൾ വരും. അതും അവൾക്കു താങ്ങാൻ പറ്റില്ല. എന്റെ മടിയിൽ തല വച്ചു കിടന്നു സങ്കടങ്ങളൊക്കെ കരഞ്ഞു തീർത്തു.

പിന്നെ അവൾ ഫെബിത്താന്റെ കാര്യം പറഞ്ഞപ്പോ വളരെ സങ്കടം തോന്നി. പാവം ആർക്കും പടച്ചോൻ അങ്ങനൊരു വിധി കൊടുക്കാതിരിക്കട്ടെ. പക്ഷെ ഒരു നഷ്ടത്തിന്റെ കൂടെ ഷഹീനിക്കാനേ പോലെ നല്ല ഒരാളെയും പടച്ചോൻ ഇത്താക്ക് കൊടുത്തിട്ടുണ്ട്. 

പിന്നെ അവളെ ഒന്ന് ചൂടാക്കാനാ അവൾ ഷെസിന്റെ കാര്യം പറഞ്ഞു കളിയാക്കിയപ്പോ ഷെസിന്റടുത്തേക്കു തിരിച്ചു പൊയ്ക്കോ എന്നൊക്കെ പറഞ്ഞത്. അല്ലാതെ അവളെ മരണത്തിനു പോലും ഞാൻ ഒറ്റയ്ക്ക് വിട്ടു കൊടുക്കില്ല. അവളുടെ കൂടെ ഞാനും പോവും.

പിന്നെ ഷാനൂന്റെ കാര്യമൊക്കെ പറഞ്ഞപ്പോ അവള് പതിയെ എന്റെ ആമി ആയി മാറാൻ തുടങ്ങി. എനിക്കറിയാം ഞാൻ മറ്റാരെയും ഇഷ്ട്ടപ്പെടുന്നതോ അവരെ പറ്റി പറയുന്നതോ അവൾക്കു സഹിക്കില്ലാന്ന്. അതോണ്ടാ അങ്ങനൊക്കെ പറഞ്ഞത്. അവളെന്റെ ആമിയായി, എന്നെ മൊബൈൽ വച്ചും കൈ വച്ചുമൊക്കെ തല്ലാൻ തുടങ്ങി.

പെട്ടെന്നാണ് അവൾ ഷാദ് എന്ന് വിളിച്ചു താഴോട്ട് വീഴാൻ പോയത്. ഞാൻ അവളെ താങ്ങി നിർത്തി. പക്ഷെ അവളുടെ ബോധം മറഞ്ഞിരുന്നു. എനിക്കെന്താ ചെയ്യേണ്ടതെന്ന് ഒരൂഹം കിട്ടിയില്ല. വേഗം അവളുടെ മൊബൈലെടുത്തു ലാസ്റ്റ് ഡയൽ ചെയ്ത നമ്പർ എടുത്തു അക്കൂനെ വിളിച്ചു വരാൻ പറഞ്ഞു.. വേറെ ആരോടും പറയണ്ട എന്നും പറഞ്ഞു. എന്നിട്ടു ആമിയെ എടുത്തു  കാറിൽ കിടത്തി ഹോസ്പിറ്റലിലേക്ക് പോയി.

അവളെ അവിടെ കാശുവാലിറ്റിയിൽ ആക്കി. വീട്ടിലേക്കു വിളിച്ചു ഉപ്പാനോടും ഷെഫുക്കാനോടും കാര്യങ്ങളൊക്കെ പറഞ്ഞു. എല്ലാരേയും ആദിയുടെ കാര്യം പറഞ്ഞു മനസ്സിലാക്കണം എന്നും പറഞ്ഞു. ഹോസ്പിറ്റലിലേക്ക് വരാന് പറഞ്ഞപ്പോ ഞാൻ തടഞ്ഞു.

കുറച്ചു നേരം പുറത്തിരുന്നപ്പോളേക്കും അക്കു വന്നു, കൂടെ അഫിയും ഉണ്ടായിരുന്നു. ഞാൻ അവരോടും കാര്യങ്ങളൊക്കെ പറഞ്ഞു. ആദ്യം ദേഷ്യപ്പെട്ടെങ്കിലും പിന്നെ അവർക്കും മനസ്സിലായി അവൾ ചെയ്തതാണ് ശരിയെന്ന്.

''അംനയുടെ കൂടെ ആരാ ഉള്ളത്... അകത്തേക്ക് വരൂ...'' ഒരു നേഴ്സ് വിളിച്ചു പറഞ്ഞപ്പോൾ ഞങ്ങൾ മൂന്നാളും അകത്തേക്ക് പോയി.

ഡ്യൂട്ടി ഡോക്ടർ വന്നു പറഞ്ഞ കാര്യം കേട്ട് എന്റെ കിളി പോയി. തെണ്ടികൾ അഫിയും അക്കുവും നിന്നു കിണിക്കാണ്. എല്ലാം ഒപ്പിച്ച വച്ച സാധനം നല്ല ഉറക്കവും.......കാത്തിരിക്കൂ.........

 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story