ഡിവോയ്‌സി: ഭാഗം 75

divoysi

രചന: റിഷാന നഫ്‌സൽ

കൺഗ്രാറ്സ്‌ മിസ്റ്റർ ഷെഹ്‌സാദ്... നിങ്ങളൊരു ഉപ്പയാവാൻ പോവുന്നു എന്ന് കേൾക്കും എന്നും പ്രതീക്ഷിച്ചു പോയ ഞാൻ കേട്ടത് നല്ല പൂരത്തെറി ആയിരുന്നു. അതും വെള്ള വസ്ത്രം ധരിച്ച നല്ല അസ്സൽ മാലാഖയുടെ വായിൽ നിന്നും.

''നിങ്ങളെന്തൊരു ആളാണ്. കളിപ്പിക്കാൻ ആയാലും നിങ്ങൾ പറഞ്ഞ കാര്യങ്ങൾ ആ കുട്ടിയെ വല്ലാതെ ഡിസ്റ്റർബ് ചെയ്തിരുന്നു. അതാണ് ബി പി ഇത്രയും കുറയാൻ കാരണം. ആരെങ്കിലും ഇങ്ങനൊക്കെ ചെയ്യോ. നിങ്ങൾക്കെന്താ ബുദ്ധി ഇല്ലേ മിസ്റ്റർ.. @#@@#$$#@...'' ഇങ്ങനെ തുടങ്ങി വായിൽ കൊള്ളാത്ത പലതും അയാൾ പറഞ്ഞു.

അവളെ കൊണ്ട് വന്നപ്പോ ബോധം പോയത് ഏതു സാഹചര്യത്തിലാണെന്നു ചോദിച്ചിരുന്നു. ഞാൻ ഒരു നിഷ്ക്കു ആയോണ്ട് വള്ളി പുള്ളി തെറ്റാതെ എന്റെ തെറ്റുകൾ ഏറ്റു പറഞ്ഞു. ഞാൻ അവളെ ഓരോന്ന് പറഞ്ഞു ദേഷ്യം പിടിപ്പിച്ചതാണെന്നു അയാളോട് പറഞ്ഞിരുന്നു. അതിനാണ് ഈ മൊശകോടൻ എന്നെ നിർത്തി പൊരിച്ചത്.

എന്റെ ഒരു പരട്ട ഐഡിയ കൊണ്ട് ആയിപ്പോയി അവളിങ്ങനെ കിടക്കുന്നത്. ഇല്ലേൽ കാണാരുന്നു ഇയാളെ ഞാൻ ഒടിച്ചു മടക്കുന്നത്. എന്നെ ചീത്ത പറയുന്നത് കണ്ടിട്ടാണെങ്കിൽ എന്റെ അളിയന്മാരെന്നു പറയുന്ന തെണ്ടികൾ ഒരു ഉളുപ്പും ഇല്ലാതെ ചിരിക്കാണ്. ബ്ലഡി ഗ്രാമവാസി അളിയന്മാർ.

''നിങ്ങൾ ഈ പെൺകുട്ടിയുടെ ആരാണ്...'' ഡോക്ടർ അക്കൂനോട് ചോദിച്ചു.

''അവൾ ഞങ്ങളെ അനിയത്തിയാണ്.'' അക്കു പറഞ്ഞു.

''നിങ്ങൾക്കൊന്നും ബുദ്ധിയില്ലേ മിസ്റ്റർ.. ഇത് പോലുള്ള പ്രാന്തന്മാർക്കാനോ പെങ്ങളെ കെട്ടിച്ചു കൊടുക്കുന്നത്...'' അയാൾ ചോദിച്ചു

''ഡോക്ടറെ...'' അറിയാതെ ഞാൻ വിളിച്ചു പോയി.

''ആ കുട്ടിയുടെ ബോഡിയും വളരെ വീക്കാണ്. താൻ അവളെ പട്ടിണിക്കിടാറുണ്ടോ? ഫുടൊന്നും ശരിക്കു കഴിക്കാറില്ലേ..'' അത് പറഞ്ഞപ്പോ അളിയന്മാര് രണ്ടും എന്നെ ഒരു നോട്ടം. ഏയ് ഞാനങ്ങനെ ചെയ്യോ...

''സാർ ഞാൻ ഒന്നും ചെയ്തിട്ടില്ല സത്യമായിട്ടും. അവളെ ഒന്ന് പറ്റിച്ചു അത്രേ ചെയ്തുള്ളു. അത് മാത്രേ ചെയ്തുള്ളു.'' ഞാൻ കൈ കൂപ്പിയിട്ടു പറഞ്ഞു.

''ഹ്മ്മ് ഓക്കേ. നന്നായിട്ടു കെയർ ചെയ്യൂ.. ഫുഡ് ഒന്നും ശെരിക്കും കഴിച്ചിട്ടില്ലാന്നു തോന്നുന്നു രണ്ടു മൂന്നു ദിവസമായി. ഇപ്പൊ ഞാൻ പോവുന്നു, ഡ്രിപ്പ് തീർന്നു ആ കുട്ടി എണീറ്റാൽ നിങ്ങള്ക്ക് പോവാം.'' എന്നും പറഞ്ഞു ആ വെള്ള കോട്ടിട്ട തെണ്ടി അല്ല മാലാഖ പോയി.

ഇപ്പോളും ഇവിടെ രണ്ടെണ്ണത്തിന്റെ ചിരി നിന്നിട്ടില്ല. നന്നായി അവരെ പുറത്തു ഒന്ന് ചെണ്ട മുട്ടിയപ്പോ രണ്ടാളും ചിരി നിർത്തി ഡീസെന്റായി. എന്നിട്ടും ഇതെവിടുന്നാ പടച്ചോനെ ഈ കിണികിണി കേള്ക്കുന്നെ... തിരിഞ്ഞു നോക്കിയപ്പോ അല്ലെ കണ്ടത് നമ്മളെ ഈ ചീത്ത മുഴുവൻ കേൾപ്പിച്ച നമ്മളെ സ്വന്തം ബീവി കണ്ണ് തുറന്നു നമ്മളെ നോക്കി ഇളിക്കുന്നു.

''ഡീ പിശാശ്ശെ നിനക്കപ്പോ ബോധം വന്നിരുന്നോ...'' ഞാൻ ചോദിച്ചു.

''പിന്നെ എപ്പോളേ വന്നു. ഞാൻ ആ ഡോക്ടർ ഷാദിനെ ചീത്ത പറയുന്നത് കേട്ടാ എണീറ്റത്. പിന്നെ അയാളെ വായിലുള്ളതൊക്കെ ഷാദ് വൃത്തിയിൽ തന്നെ കേട്ട് കൊള്ളട്ടെ എന്ന് കരുതി കണ്ണടച്ചങ്ങനെ കിടന്നു.'' എന്നും പറഞ്ഞു മുപ്പത്തിരണ്ട് പല്ലും കാണിച്ചു ചിരിക്കാണ് ആ വവ്വാല്.

''ഡീ നിനക്ക് ഞാൻ തരാടീ...'' എന്നും പറഞ്ഞു അവളെ നേരെ പോവാൻ പോയതും അവൾ ''അക്കൂക്കാ'' എന്നും വിളിച്ചു ഒരലറൽ ആയിരുന്നു. അപ്പൊ തന്നെ ബോഡിഗാർഡ്സിനെ പോലെ  രണ്ടു ആങ്ങളമാരും അവളെ കട്ടിലിന്റെ മുന്നിൽ കയ്യും കെട്ടി പ്രത്യക്ഷം ആയി.

''ഡോണ്ട് ടൂ ഡോണ്ട് ടൂ... അല്ലെങ്കിലേ അളിയനെ തല്ലി എന്ന പേര് ഞങ്ങൾക്ക് മാറി വരുന്നേ ഉള്ളൂ. നീയായിട്ടു വീണ്ടും അത് കുത്തി പൊക്കിക്കരുത്.'' അഫി പറഞ്ഞു.

''ഇപ്പൊ നീ രക്ഷപ്പെട്ടു മോളെ, ഇവിടുന്നു എന്റെ കൂടെ അല്ലെ നീ വരാ... വീട്ടിൽ എത്തിയിട്ട് നമുക്കൊന്ന് ശെരിക്കും കാണാം...'' ഞാൻ ആമിയെ നോക്കി ഷർട്ടിന്റെ കയ്യൊക്കെ മടക്കിയിട്ടു പറഞ്ഞു.

''ഓഹോ അങ്ങനെ ആണല്ലേ... എന്നാലേ ഇന്ന് നീ ഞങ്ങടെ കൂടെ വന്നോ മോളെ. കുറച്ചു ദിവസം അവിടെ നിക്കാം ..'' അക്കു പറഞ്ഞു. തെണ്ടി അളിയൻ...

''ആ അതാ നല്ലതെന്നു തോന്നുന്നു.'' ആമി എന്നെ'പുച്ഛത്തോടെ നോക്കിയിട്ടു പറഞ്ഞു.

''അയ്യേ ഞാൻ ഒരു തമാശ പറഞ്ഞതല്ലേ. ഇങ്ങനൊരു കോമഡി സെൻസ് ഇല്ലാത്ത അളിയൻ..'' എന്നും പറഞ്ഞു ഞാൻ അക്കൂന്റെ തോളിലൂടെ കയ്യിട്ടു അവന്റെ കവിളിലൊരുമ്മ കൊടുത്തു.

''ഛീ വൃത്തിക്കെട്ടവൻ നിനക്കിതു തന്നെ ആണോ പണി.'' അക്കു കവിള് തുടച്ചു കൊണ്ട് പറഞ്ഞു.

''വെറുതെ അല്ല ഇവളെ ബോഡി വീക്കാണെന്നു ഡോക്ടർ പറഞ്ഞത്.'' അഫി. 

''മോനെ വെറുതെ വേണ്ടാധീനം പറഞ്ഞു നിന്റെ ബോഡി വീക്കാക്കേണ്ട. ആ ഹിബ ഈ എട്ടാം മാസത്തില് വെറുതെ നിനക്ക് ചൂട് പിടിച്ചു തരേണ്ടി വരും.'' ഞാൻ പല്ലിറുമ്മി കൊണ്ട് അങ്ങനെ പറഞ്ഞതും അഫി ഇളിച്ചോണ്ടു അവിടെന്നു മാറി നിന്നു.

അപ്പോഴേക്കും സിസ്റ്റർ വന്ന് അവളെ കയ്യിലെ ഡ്രിപ്പിന്റെ സൂജിയൊക്കെ ഊരി മാറ്റി. 

''മോളെ നിന്റെ ഡ്രിപ്പൊക്കെ തീർന്നില്ലേ...'' ഞാൻ ആമിയോട് ചോദിച്ചു.

''ആഹ് തീർന്നു.'' ആമി ഇളിച്ചോണ്ടു പറഞ്ഞു..

''പിന്നെ ആരെ കെട്ടിക്കാനാണെടീ അവിടെ തന്നെ കിടക്കുന്നെ.'' കലിപ്പിൽ ഞാനങ്ങനെ ചോദിച്ചതും പെട്ടന്നവൾ എണീറ്റ് ഇരുന്നു ചെരുപ്പൊക്കെ ഇട്ടു.

''ഇക്കാ വാ നമക്ക് പോവാം.. എനിക്ക് ഉപ്പാനേം ഉമ്മാനേം കാണണം. ഇങ്ങനെ പേടിപ്പിക്കുന്ന ആളെ ഒപ്പരം ഒന്നും ഞാൻ പോവില്ല.'' എന്നും പറഞ്ഞു ആമി എണീറ്റു. പടച്ചോനെ പണി പാളി, വേണ്ടായിരുന്നു. പെണ്ണ് കലിപ്പിലായി.

''ഞാൻ ഒരു തമാശ പറഞ്ഞതല്ലേ, എന്റെ ചക്കര പേടിച്ചോ.. വാ പോവാം..'' എന്നും പറഞ്ഞു അവളെ കൈ പിടിച്ചു.

''ഞാൻ ഇല്ല. ഞാൻ വീട്ടീ പോവാ... എനിക്ക് എൻ്റെ ഉമ്മാനേം ഉപ്പാനേം കാണണം.'' ആമി എന്റെ കൈ തട്ടി മാറ്റിയിട്ടു പറഞ്ഞു.

''ആമീ നീ കളിക്കല്ലേ..'' ഞാൻ ദേഷ്യം കടിച്ചു പിടിച്ചിട്ടു പറഞ്ഞു.

''ആഹ് മിസ്റ്റർ ആ കുട്ടിക്ക് വീട്ടിലേക്കു പോണമെങ്കിൽ വിട്ടേക്ക്...'' നോക്കിയപ്പോ നേരത്തെ വന്ന ഡോക്ടർ തെണ്ടി. അയാള് ആമിയെ നോക്കി മുപ്പത്തിരണ്ട് പല്ലും കാണിച്ചു ചിരിക്കാ. തെണ്ടി വായിനോക്കി ഡോക്ടർ. ഇയാളിന്ന് എന്തേലും വാങ്ങി കൊണ്ടേ പോവുള്ളു.

''അതെന്നെ സാർ അങ്ങനെ പറഞ്ഞു കൊടുക്ക്.'' ആമി പറഞ്ഞു. അളിയന്മാർ രണ്ടും ഞങ്ങളീ നാട്ടുകാരെ അല്ല എന്ന രീതിയിൽ നിക്കാ. വെറുതെ വിളിച്ചത് രണ്ടിനെയും, പെട്ടെന്ന് ടെൻഷൻ ആയപ്പോ വിളിച്ചു പോയതാ. ആമി ആണെങ്കിൽ അമ്പിനും വില്ലിനും അടുക്കാതെ നിക്കാ. പെട്ടല്ലോ പടച്ചോനെ.

@@@@@@@@@@@@@@@@@@@@@@@

''അതെ ഞാൻ നേരത്തെ പറഞ്ഞു ആ കുട്ടിയുടെ ബോഡി വീക്കാണെന്നു. അതോണ്ട് വെറുതെ അതിനെ ബുദ്ധിമുട്ടിക്കേണ്ട. ഭർത്താവിന്റെ വീട്ടിലെ ജോലിയൊക്കെ ചെയ്യാൻ മാത്രം അല്ല ഭാര്യ.'' റബ്ബേ, ഒരു തമാശക്ക് തുടങ്ങിയതാ. ഈ പൊട്ടൻ ഡോക്ടർ ഇത് എങ്ങോട്ടാ പറഞ്ഞു പോണത്. ഞാൻ ഷാദിനെ നോക്കിയപ്പോ അവൻ നല്ല ദേഷ്യത്തിൽ ആണ്. 

''ഡീ നീ വരുന്നോ ഇല്ലേ...'' ഷാദ് ചോദിച്ചു.

''ഇല്ല. ഞാനില്ല, നിങ്ങളെ ഷാനൂനെ കൂട്ടിക്കോ..'' ഞാൻ പറഞ്ഞു.

''അതാരാ...'' അയാൾ ഒലിപ്പിച്ചൊണ്ട് ആമിയോട് ചോദിച്ചു.

''അതവന്റെ വകയിലെ ഒരു കാമുകി ആയിരുന്നു.'' അഫിക്ക പറഞ്ഞു.

''ഓ അപ്പൊ എക്സ്ട്രാ മരിറ്റൽ അഫയർ ഒക്കെ ഉണ്ടോ... നിങ്ങൾ എന്ത് ആങ്ങളമാരാണ് ഇതൊക്കെ അന്വേഷിക്കണ്ടേ.. കുട്ടി പേടിക്കണ്ട.'' യാ അല്ലാഹ് ഇയാളിന്ന് ഷാദിന്റെ കൈ കൊണ്ട് ചാവും.. 

കുട്ടി അല്ല ഡോക്ടറെ, ഡോക്ടർ ആണ് പേടിക്കേണ്ടത്. ഷാദ് കൈ ചുരുട്ടി പിടിക്കുന്നത് കണ്ടതും ഞാൻ വേഗം പോയി അവന്റെ കൈ പിടിച്ചു.

''വാ നമ്മക്ക് പോവാം...'' എന്നും പറഞ്ഞു അവനെ നോക്കി ഇളിച്ചു.

''നീ വീട്ടിലേക്കു പോവുന്നില്ലേ..'' ഷാദ് കലിപ്പിൽ ചോദിച്ചു.

''ഏയ് ഇല്ല.. ഞാൻ ഒരു തമാശ പറഞ്ഞതല്ലേ... ഇങ്ങനെ കോമഡി സെൻസ് ഇല്ലാത്ത ഒരു സാധനം...'' ഞാൻ ഷാദിന്റെ കവിളിൽ നുള്ളിയിട്ടു പറഞ്ഞു.

''കുട്ടി ഇങ്ങനെ പേടിക്കൊന്നും വേണ്ട, ഇവിടെ കോടതിയും പോലീസുമൊക്കെ ഇല്ലേ.. നമുക്ക് ശരിയാക്കാം..'' ഈ ഡോക്ടറെ കൊണ്ട് തോറ്റല്ലോ. എന്റടുത്തുള്ള ഹീറ്റർ ആണെങ്കിൽ അയാൾ പറയാൻ കാത്തു നിന്നപോലെ ചൂടാവുന്നുണ്ട്. മുഖമൊക്കെ ചുവന്നു..

ഞാൻ ഷാദിനെ നോക്കി നന്നായിട്ടൊന്നു ഇളിച്ചു കാണിച്ചിട്ട് അക്കൂക്കാനേ നോക്കി കണ്ണോടു കാണിച്ചു. അപ്പൊ തന്നെ ഇക്ക പോയി ആ ഡോക്ടറെ വാ പൊത്തി പിടിച്ചു. അയാൾ വീണ്ടുമെന്തോ പറയാൻ വരായിരുന്നു.

''വാ ഷാദ് എനിക്ക് ഉറക്കം വരുന്നു. നമ്മക്ക് പോവാം...'' എന്നും പറഞ്ഞു ഷാദിന്റെ കയ്യും വലിച്ചു നടന്നു. തോന്നിയ ക്ഷീണം ഒക്കെ എങ്ങോട്ടോ പോയി. ഇനി അവിടെ നിന്നാൽ ആ ഡോക്ടറെ പെറുക്കി എടുത്തു കൊണ്ട് പോവേണ്ടി വരും.

ഇങ്ങനല്ലേ നിസാര കാര്യങ്ങളൊക്കെ സീരിയസ് ആവുന്നത്. രണ്ടു മിനിട്ടു കൂടി നിന്നിരുന്നേൽ എന്റെ ഷാദിനെ അയാൾ ഒരു പെണ്ണുപിടിയനും തല്ലുകൊള്ളിയുമൊക്കെ ആക്കിയേനെ... കൂടെ ഒരു കൊലപാതകിയും..

''എന്റെ ഡോക്ടറെ ആ തിരുവായ അടച്ചു വെക്ക്. വെറുതെ എന്തിനാ ആ ഡ്രാക്കുളയെ കൊണ്ട് ചോര കുടിപ്പിക്കാൻ ആക്കുന്നെ. സ്വന്തം ഹോസ്പിറ്റലിൽ രോഗി ആയി കിടക്കേണ്ടെങ്കിൽ മിണ്ടാതെ നിക്ക്. ഞങ്ങളെക്കാൾ നൂറു മടങ്ങു അവൻ അവളെ സ്നേഹിക്കുന്നുണ്ട്. ആരെക്കാളും അവൻ അവളെ പൊന്നു പോലെ നോക്കിക്കൊള്ളും... 

ഡോക്ടര് വെറുതെ ചട്ടീം കൊണ്ട് അവളടുത്തു പോവണ്ട. ആ പരിപ്പൊന്നും ഈ ചട്ടിയുടെ ഏഴയലത്തു കൂടി എത്തൂല്ല.'' ഞങ്ങൾ ഇറങ്ങുമ്പോ അഫിക്ക ഡോക്ടറോട് പറയുന്ന കേട്ടു. അത് കേട്ടു ഞങ്ങൾ രണ്ടാൾക്കും ചിരി വന്നു.

''അല്ല എങ്ങോട്ടാ, നിനക്ക് നിന്റെ വീട്ടീ പോവണ്ടേ..'' ഷാദ് കണ്ണുരുട്ടി കാണിച്ചിട്ട് എന്റെ കൈ തട്ടി മാറ്റിയിട്ടു ചോദിച്ചു. ഞാൻ തോളുപൊക്കി തലയാട്ടിയിട്ടു വേണ്ട എന്ന് കാണിച്ചു.

''നിനക്ക് നിന്റെ ഉമ്മാനേം ഉപ്പാനേം കാണണ്ടേ...'' ഷാദ് വിടാനുള്ള ഭാവം ഇല്ല. അനുഭവിച്ചോ മോളെ... ഞാൻ വേഗം അവന്റെ കൈയ്യിൽ പിടിച്ചു.

''തൽക്കാലം ഷാദിന്റെ ഉമ്മാനേം ഉപ്പാനേം കൊണ്ട് ഞാൻ അഡ്‌ജസ്‌റ് ചെയ്തോള്ളാം..'' ഞാൻ ഇളിച്ചോണ്ടു പറഞ്ഞതും ഷാദിന്റെ മുഖത്തൊരു ചിരി വന്നു പക്ഷെ കൊരങ്ങൻ അത് പുറത്തു കാണിക്കാതെ പിടിച്ചു നിക്കാ. 

''ഓ നമ്മള് കാരണം നിങ്ങളെ ബോഡി ഒക്കെ വീക്കായതല്ലേ, നമ്മളെ വീട്ടിൽ ജോലി എടുക്കാൻ വേറെ ആളുണ്ടോന്നു ഞാൻ നോക്കട്ടെ. മോള് ആങ്ങളമാരുടെ കൂടെ ചെല്ല്.'' എന്നും പറഞ്ഞു വീണ്ടും കൈ തട്ടി മാറ്റി മുന്നോട്ടു നടന്നു..

''ദേ മര്യാദക്ക് എന്നെ വീട്ടിലേക്കു കൂട്ടിക്കോ. ഇല്ലെങ്കിൽ ഇപ്പൊ ഞാൻ ഉപ്പാനെ...'' എന്ന് പറയുമ്പോളേക്കും വീണ്ടും എനിക്ക് തല കറങ്ങാൻ തുടങ്ങി.

പറയുന്നത് ഇടയ്ക്കു നിന്നോണ്ടാവും ഷാദ് തിരിഞ്ഞു നോക്കി. തലയിൽ കൈ വച്ച് നിക്കുന്ന എന്നെ കണ്ടതും ഓടി എന്റടുത്തേക്കു വന്നു ചേർത്ത് പിടിച്ചു.

''എന്താടാ എന്ത് പറ്റി.'' ഷാദ് പരിഭ്രമത്തോടെ ചോദിച്ചു.

''എനിക്ക് തല കറങ്ങുന്നു ഷാദ്. എന്തോ പോലെ തോന്നുന്നു.'' ഞാൻ കണ്ണടച്ച് അവന്റെ നെഞ്ചോടു ചേർന്ന് നിന്നു.

''വാ നമുക്ക് ഡോക്ടറെ കാണാം...'' ഷാദ് പറഞ്ഞു.

''വേണ്ട, നമുക്ക് വീട്ടിലേക്കു പോവാം..'' ഞാൻ പറഞ്ഞു. തലകറക്കത്തെക്കാൾ എനിക്ക് അവിടുന്ന് രക്ഷപ്പെട്ടാൽ മതിയായിരുന്നു.

''ആദ്യം നമുക്ക് ഡോക്ടറെ കാണാം, എന്നിട്ടു മതി...'' ഷാദ് പറഞ്ഞു.

''ഇറ്റ്സ് ഓക്കേ മിസ്റ്റർ ഞാൻ പറഞ്ഞില്ലേ അവരുടെ ബോഡി വീക്കാണ്, അയേൺ കുറവാണ്. റെസ്റ്റെടുക്കണം. നന്നായി ബ്ലഡ് കൂടാനുള്ള ഫുടൊക്കെ കൊടുക്കണം. ധാ റിപോർട്ട്സും മെഡിസിനുമൊക്കെ ഇവരെ കയ്യിൽ ഉണ്ട്. വീട്ടിലേക്കു പോയിക്കൊള്ളൂ. ഇനി ബി പി വാരിയേഷൻ ആവാതെ ശ്രദ്ധിക്കണം.'' എന്നും പറഞ്ഞു ഡോക്ടർ നടന്നു.

''വാ ഷാദ് പോവാം.'' എനിക്ക് എന്തോ തീരെ വയ്യാരുന്നു. രണ്ടുമൂന്നു ദിവസമായി ഷാദ് തിരക്കിലായതു കാരണം ഉറക്കവും ഫുഡ്ഡും ഒന്നും എനിക്കും ശെരിയായില്ല. ചിലപ്പോൾ അതാവും.

മുന്നോട്ടു നടക്കാൻ കാലു ചലിക്കാത്ത പോലെ. പെട്ടെന്ന് ഷാദ് എന്നെ രണ്ടു കയ്യിലും എടുത്തു നടന്നു. ആഫിക്കയും അക്കുകയും പിന്നാലെ വന്നു. ആ ഡോക്ടർ ഞങ്ങൾ പോവുന്നതും നോക്കി ചിരിച്ചോണ്ട് അവിടെ നിപ്പുണ്ടാരുന്നു.. ഞാൻ ഷാദിനേം നോക്കി ആ നെഞ്ചിൽ പറ്റിച്ചേർന്നു കിടന്നു. അപ്പൊ അവന്റെ ചുണ്ടിലൊരു പുഞ്ചിരി ഉണ്ടായിരുന്നു. അത് മതി എനിക്ക്.

ഡോക്ടർ പറഞ്ഞത് കേട്ടു വീട്ടിൽ എത്തിയ ഷാദ് പിന്നെ എന്നെ ബെഡിൽ നിന്നും എണീക്കാൻ വിട്ടിട്ടില്ല. ഫുൾ റെസ്റ്റ് തന്നെ. ഷാദ് മാത്രം അല്ല വീട്ടുകാരും, ഒരു ജോലിയും ചെയ്യാൻ സമ്മതിക്കില്ല.. ഫ്രൂട്ട്സും ജൂസും എന്ന് വേണ്ട ബ്ലഡ് കൂടാനും ക്ഷീണം മാറാനും ആയി എന്നെ തീറ്റിച്ചു കൊണ്ടേ ഇരുന്നു. അക്കുകയും അഫിക്കയും കൂടി എന്റെ വീട്ടിലും പറഞ്ഞു കൊടുത്തു എല്ലാരെ അടുത്തുന്നും എനിക്ക് ചീത്ത കിട്ടി. 

ആദിന്റെ കാര്യത്തിൽ എല്ലാരും എന്നെ ഒരുപാട് പുകഴ്ത്തി പറഞ്ഞു. എന്റെ നല്ല മനസ്സാണ് എന്നൊക്കെ. എല്ലാരും എന്നെ സപ്പോർട്ട് ചെയ്തു. പക്ഷെ അതൊക്കെ ഫെബിത്താന്റെ നല്ല മനസ്സിന് കിട്ടിയ അനുഗ്രഹമായേ ഞാൻ കണ്ടുള്ളു. ഷിസു മാത്രം ഇത്തിരി കലിപ്പായി. വേറൊന്നും അല്ല , അവനോടു പറഞ്ഞിരുന്നു അവനു കളിക്കാൻ ഒരാളെ കൊണ്ട് വരുമെന്ന്.

പിന്നെ അവനെ കൂട്ടി അവിടെ പോയി ആദിയെ കാണിച്ചു കൊടുത്തപ്പോളാണ് അവൻ അടങ്ങിയെ.

പിന്നെ ഇടയ്ക്കു ഷാദ് പോയി ആദിയെ കൂട്ടി വരും. വീട്ടിലും എല്ലാരേം അവൻ കയ്യിലെടുത്തു. എന്റെ വീട്ടിലും കൊണ്ട് പോവും. അവിടെ എത്തിയാൽ പിന്നെ പറയണ്ട കുട്ടിപ്പട്ടാളങ്ങളും ഇക്കാക്ക്സുമൊക്കെ കൂടി അവനുമായി ബഹളം ആയിരിക്കും.

ഫജൂക്കന്റെ കല്യാണത്തിന് പോലും എന്റെ വീക്ക് ബോഡി കാരണം എല്ലാരും ഷാനയെക്കാൾ കെയർ ചെയ്തത് എന്നെ ആയിരുന്നു. ഒരു സ്ഥലത്തും നടക്കാൻ വിടാതെ ഷാദ് കൂടെ ഉണ്ടായിരുന്നു. അവന്റെ കളി കണ്ടു ഞാൻ പ്രെഗ്നന്റ് ആണോന്നു പലരും സംശയം ചോദിച്ചു.

ഫജൂക്കാന്റെ കല്യാണത്തിന് വേറൊരു സംഭവം ഉണ്ടായി. ഷെസിൻ വന്നു അങ്ങോട്ടേക്ക്.

കയറി വന്നപാടെ എന്റെ ഉപ്പ അവനെ തല്ലി. ഇക്കാക്കാസൊക്കെ പിടിച്ചു വച്ചു. ഇല്ലെങ്കിൽ അവനെ ഉപ്പയും ഉപ്പാപ്പയും മൂത്താപ്പയും ഇളാപ്പയുമൊക്കെ കൂടി കൊന്നേനെ. അടി കൊണ്ടിട്ടും അവൻ ചിരിക്കുന്ന കണ്ടപ്പോ പാവം തോന്നി. ആദ്യമായി അവനെ കണ്ടപ്പോ എനിക്ക് പേടി തോന്നിയില്ല.

ഇക്കാക്കാസിനെ ഒക്കെ അവൻ ആദ്യമേ കണ്ടു സോറി പറഞ്ഞിരുന്നു. അവിടുന്നും കിട്ടിയിരുന്നു അടി. അമീർക്കയും ഇച്ചുക്കയും നിച്ചൂക്കയും ഫജൂക്കയും ഓരോന്ന് കൊടുത്തിരുന്നു. ഷാദ് ആണ് പിടിച്ചു വച്ചത്. 

അതോണ്ടാണ് ഉപ്പ അടിച്ചപ്പോ ഇക്കാക്കാസ് പിടിച്ചു വച്ചേ. ഷാദ് ആദ്യമേ ഇങ്ങനൊരു സീൻ ഓർത്തത് കൊണ്ടാ കല്യാണത്തിന് മുന്നേ ഇക്കാക്കാസിനെയും ഷെസിനെയും മുഖാമുഖം കൊണ്ട് വന്നത്.

പിന്നെ ഷെസിൻ ബാക്കി എല്ലാരോടും മാപ്പ് പറഞ്ഞു, എന്റെ ഉമ്മനോടും ബാക്കി വീട്ടുകാരോടുമൊക്കെ.. ആരും ആദ്യം ക്ഷമിച്ചില്ല. പിന്നെ നമ്മളെ കെട്ടിയോൻ മഹാൻ കുറെ പറഞ്ഞപ്പോ ഓക്കേ ആയി. കല്യാണം ഞങ്ങൾ പൊളിച്ചു. ഷെസിനോട് ചിരിച്ചു എന്ന് അല്ലാതെ എനിക്ക് ഒന്നും സംസാരിക്കാനോ ഇടപഴകാനോ വല്ലാത്ത ബുദ്ധിമുട്ട് തോന്നി.

ആദിയെയും കൊണ്ട് ഫെബിത്തയും ഷഹീനിക്കയും വന്നിരുന്നു. എല്ലാരും അവനെ ഒരുപാട് കളിപ്പിച്ചു. അവൻ വന്നപ്പോ പിന്നെ ഞാൻ അവന്റെ പിന്നാലെ ആയി, എന്റെ പിന്നാലെ ഷാദും.

കല്യാണത്തിന് ഞാൻ നേരിട്ട് പോയി ആലി ഇത്താനെ വീട്ടിലേക്കു കൊണ്ട് വന്നു. ഇക്ക ഇത്രയും ദിവസം പോവാതിരുന്നപ്പോ തന്നെ ഇത്ത ആകെ തളർന്നിരുന്നു. ഇത്ത കുറെ വിളിച്ചു നോക്കിയെങ്കിലും ഇക്ക ഫോൺ എടുത്തില്ല. ആ ഐഡിയ കൊടുത്തതും ഞാൻ തന്നെ ആണ്. നമ്മളീ സിനിമയിലൊക്കെ കണ്ടിട്ടില്ലേ അത് പോലെ ഒരു ചെറിയ ട്രീറ്റ്മെന്റ്. 

മക്കളെയും കെട്ടിയോനെയും നഷ്ടപ്പെടുമെന്ന് തോന്നിയപ്പോ ആള് ഡീസെന്റായി. ഇപ്പൊ എന്നോടും ബാക്കി ഉള്ളവരോടും ഒക്കെ നല്ല സ്വഭാവം ആണ്.

മിന്നൂനെ ഫജൂക്കാനേ ഏൽപ്പിച്ചു ഞങ്ങൾ അവിടുന്ന് ഇറങ്ങി. കല്യാണം കഴിഞ്ഞു വീട്ടിലേക്കു പോയപ്പോ ഉപ്പ ഒരു കാര്യം പറഞ്ഞു. ഞാനും ഷാദും പരസ്പരം നോക്കി എന്ത് പറയുമെന്ന് വച്ചിട്ട്.

@@@@@@@@@@@@@@@@@@@@@@@

ഉപ്പ ആദ്യമേ പറഞ്ഞതാ തിരിച്ചു പോണ്ട എന്ന്. ആദ്യം കാര്യം ആക്കിയില്ലാരുന്നു. പക്ഷെ ഇപ്പൊ ഉപ്പ നിർബന്ധം പറഞ്ഞു പോണ്ട എന്ന്. ഇവിടെ ഒരു മൾട്ടി സ്പെഷ്യലിറ്റി ലാബ്  തന്നെ ഏറ്റെടുക്കാനാ പ്ലാൻ. പക്ഷെ ദുബായ് വിട്ടു പോരാൻ അങ്ങനെ പെട്ടെന്ന് പറ്റില്ലല്ലോ.

''ഉപ്പ പെട്ടെന്ന് ഇട്ടെറിഞ്ഞു പോരാൻ പറ്റില്ല. ഞങ്ങളെ ലീവ് എന്തായാലും അടുത്ത ആഴ്ച തീരും. ഞങ്ങൾ പോയി ജോലി ഒക്കെ വിട്ടു ഒരു മൂന്നു മാസം കൊണ്ട് തിരിച്ചു വരാം. അപ്പോളേക്കും ലാബിന്റെ കാര്യം നിങ്ങ എല്ലാരും കൂടി ഓക്കേ ആക്കിക്കോ.'' ഞാൻ പറഞ്ഞു.

''നിനക്കെന്താ ഷാദ്, ഇത്ര നാള് പിരിഞ്ഞു കഴിഞ്ഞത് പോരെ. ഇനിയും നിങ്ങളെ...'' ഉപ്പാന്റെ ശബ്ദം ഇടറി.

''ഉപ്പാ ഞങ്ങൾ അവിടെ നിക്കില്ല. പക്ഷെ ഞങ്ങളെ പോസ്റ്റിൽ മറ്റൊരാൾ വരുന്ന വരെ ഞങ്ങളവിടെ വേണം. പിന്നെ ഞങ്ങളെ ഫ്രണ്ട്സിനെ ഒക്കെ മിസ് ചെയ്യൂല്ലേ. അവരോടൊപ്പം കുറച്ചു നാൾ. പിന്നെ ഞങ്ങൾ പോവില്ല ഉപ്പ. വിസ ക്യാൻസൽ ചെയ്യാനുള്ള മൂന്നു മാസം അത് മതി.'' ആമി എന്തൊക്കെയോ പറഞ്ഞു ഉപ്പാനെ ഓക്കേ ആക്കി.

ഇന്നാണ് ഞങ്ങൾ പോവുന്നത്. രാവിലെ മുതൽ വീട്ടിൽ ഒരു കല്യാണത്തിനുള്ള ആളുണ്ട്. അത് പോലെ തന്നെ വെള്ളപ്പൊക്കവും. വേറാരും അല്ല ആമിയുടെ വീട്ടുകാർ, ഷഹീനിക്കയും ഫെബിത്തയും ആദിയും എന്ന് വേണ്ട എല്ലാരും ഉണ്ട്. അവരിൽ മിക്കവരും കണ്ണും നിറച്ചോണ്ടാ ഉള്ളത്, അതാണ് വെള്ളപ്പൊക്കം.

അങ്ങനെ എല്ലാരോടും പറഞ്ഞു ആദിക്കും ഷിസൂനും എന്തിനു പറയുന്നു അവിടെ ഉള്ള അവളുടെ ഓരോ ഇക്കാക്കാസിനും ഇത്താത്താസിനും എന്റെ വീട്ടുകാർക്കും ഒക്കെ ഉമ്മ കൊടുത്തു അവൾ ഇറങ്ങി. സത്യം പറഞ്ഞാൽ പോവാൻ ഞങ്ങൾക്കും താല്പര്യം ഇല്ല. പക്ഷെ പോണം എല്ലാരോടും യാത്ര പറയണം. അഞ്ചാറു വർഷം കുടുംബമായി ജീവിച്ചവരെ ഒക്കെ നേരിട്ട് കണ്ടു ബൈ പറയണം.

അങ്ങനെ ഞങ്ങൾ ദാ എത്തി ദുബായിൽ. ഉഫ് അതൊരു വല്ലാത്ത ഫീൽ തന്നെ. കണ്ണ് നിറഞ്ഞു ആ കഴ്ച കണ്ടു. എന്താണെന്നല്ലേ ദുബായ് നഗരം പിന്നെ തണുപ്പ്. നല്ല മരംകോച്ചുന്ന തണുപ്പ്. ഡിസെമ്പറിലെ ഈ തണുപ്പ് എപ്പോളും സഹിക്കാൻ ഇത്തിരി പാടാണ്. പക്ഷെ ഇപ്പ്രാവശ്യം ഞാൻ പൊളിക്കും. തണുപ്പ് മാറ്റാൻ ഒരാളുണ്ടല്ലോ കൂടെ.

''ടാ മച്ചൂ...'' എന്നും പറഞ്ഞു സച്ചു വന്നെന്നെ കെട്ടിപ്പിടിച്ചു. കൂടെ ചാരുവും സാറയും ഷാജുവും അമ്മൂട്ടിയും. ചാരു ഒന്ന് ക്ഷീണിച്ചു. അവരോടു വിശേഷങ്ങളൊക്കെ പറഞ്ഞു ഞങ്ങൾ റൂമിലെത്തി.

ഉമ്മമാർ ഉണ്ടാക്കി തന്ന നല്ല ഫുഡ്ഡും തട്ടി അവര് പോയി. രാവിലെ ഡ്യൂട്ടിക്ക് പോണ്ടതല്ലേ. റൂമിലേക്ക് പോയപ്പോ ആമി എല്ലാം റെഡി ആക്കുവാണ്. ലഗഗേജ് ഒഴിവാക്കാൻ ഞാനും സഹായിച്ചു. ഇടയ്ക്കു ഇച്ചിരി കുസൃതി നമ്മളും കാട്ടി. 

''അതെ എന്താ മോന്റെ ഉദ്ദേശം.'' ആമി കൈ കെട്ടിക്കൊണ്ടു ചോദിച്ചു.

''എന്ത് ഉദ്ദേശം.. ഞാൻ എന്ത് ചെയ്തു.'' ഞാൻ ചോദിച്ചു.

''ദേ എന്നെ കൊണ്ട് പറയിപ്പിക്കരുത്. പെണ്ണിന്റെ ദേഹത്ത് കൈ വെച്ചാൽ വെട്ടേണ്ടത് വിരളല്ല...ത....'' അവളെ പറയാൻ വിടാണ്ട് ഞാൻ വാ പൊത്തി.

''പൊന്നു മോളെ അത് നാട്ടിൽ കാണുന്ന ഏതേലും പെണ്ണിന്റെ കാര്യം. അപ്പളും വെട്ടണ്ടത് തല അല്ല അവന്റെ....'' എന്ന് പറയുമ്പോളേക്കും ആമി എന്റെ വാ പൊത്തി പിടിച്ചു.

''അയ്യോ പറയണ്ട... ഞാനൊന്നും പറഞ്ഞിട്ടില്ല. ഇനി കയ്യും കൊണ്ട് വന്നാൽ എന്റെ സ്വഭാവം മാറും...'' ആമി കലിപ്പിൽ പറഞ്ഞു.

''ആഹാ എന്നാ അതൊന്നു അറിയണമല്ലോ... ഇവിടെ മനുഷ്യന്മാർ തണുത്തു ഐസ് ആവുമ്പോള അവളുടെ ഒരു തുണി മടക്കല്. വാടീ ഇങ്ങോട്ടു...'' എന്നും പറഞ്ഞു അവളേം പൊക്കി എടുത്തു നടന്നു. ഇതിനൊക്കെ വെയിറ്റ് കുറവായതു ഭാഗ്യം ഇല്ലേൽ പെട്ടേനെ.

@@@@@@@@@@@@@@@@@@@@@@@

ദുബായിൽ നിന്നും വന്നിട്ട് ആറു മാസം കഴിഞ്ഞു. ഇപ്പൊ ഞാൻ റെഡി ആയി മാളിലേക്കു പോവാ.  മൂന്നു മാസം അതിൽ കൂടുതൽ ഒരു ദിവസം പോലും നമ്മളെ വീട്ടുകാർ അവിടെ നിക്കാൻ വിട്ടില്ല. 

ഇതിനിടയിൽ ആദ്യം നമ്മളെ ഷഹി പ്രസവിച്ചു. ആൺകുട്ടി ആണ് കേട്ടോ... ഞങ്ങടെ ജാഷി മോൻ. ജഷ്ഫാൻ ജാസിർ എന്നാണ് ഫുൾ നെയിം. അവരിപ്പോ ജാസീടെ വീട്ടിൽ ആണ്. ജാസി ഇവിടെ നാട്ടിൽ തന്നെ അവരുടെ ബിസിനസൊക്കെ നോക്കി നടത്തുന്നു, കൂടെ യാസിയും ഉണ്ട്. അവനും ദുബായ് വിട്ടു. ഞങ്ങൾ ഷഹിയുടെ നാപ്പൂളി കല്യാണത്തിന് അവനെ കണ്ടിരുന്നു. ഇപ്പോളും ഒരു കുറവുമില്ലാതെ അവനെന്നെ നോക്കി വെള്ളമിറക്കുന്നു. എന്റെ കെട്ടിയോൻ അവനെ കൊല്ലാൻ നടക്കുന്നു. 

പിന്നെ ഹിബ പ്രസവിച്ചു ഒരു മോനെ. അഫ്‍ഹാൻ... അഫിക്കാനേ പോലൊരു ചുന്ദരൻ.  

പിന്നെ പ്രിയയ്ക്ക് ഒരു മോൾ ആണ് ഉണ്ടായത്, പ്രാണപ്രിയാ പ്രവീൺ.. ഞങ്ങൾ പോയിരുന്നു അവളെ കാണാൻ. പ്രിയയെ മുറിച്ചു വച്ച പോലെ ഉണ്ട്. പ്രവീണേട്ടൻ തൃശ്ശൂരിൽ ഒരു ഹോസ്പിറ്റലിൽ വർക്ക് ചെയ്യുന്നു. പ്രവീണേട്ടന്റെ അമ്മയും അച്ഛനും ഉണ്ട് കൂടെ.

പിന്നെ ഷാന പ്രസവിച്ചു ഒരു മോനെ. നിഷാൻ മോൻ... ഞങ്ങടെ നിക്കൂട്ടൻ. 

പിന്നെ എന്റെ ചാരൂനു കിട്ടിയത് ഒരു മോൾ ആണ്. ചിന്മയി സച്ചിൻ എന്നാണു അവൾക്കിട്ട പേര്. ഞങ്ങടെ തുമ്പി കുട്ടി.. അങ്ങനെയാ അവളെ വിളിക്കാറ്. ഏഴു മാസം ആയപ്പോ ചാരുവും സച്ചുവേട്ടനും നാട്ടിലേക്ക് വന്നു. 

പിന്നെ ഇപ്പൊ പ്രസവം ഒക്കെ കഴിഞ്ഞു ഞങ്ങടെ കൂടെ ഉണ്ട്. ഞങ്ങടെ വീടിന്റെ ഔട്ട് ഹൌസിൽ ആണ് സച്ചുവേട്ടന്റെയും ചാരുവിന്റെയും താമസം. ചാരുവിന്റെ ഡെലിവറി കഴിഞ്ഞു അപ്പൊ തന്നെ അവരെ പാരന്റ്സിനു ദുബായിലേക്ക് പോണ്ടി വന്നു. 

വേറൊന്നും അല്ല നമ്മളെ ചിത്ര ചേച്ചിക്ക് വിശേഷം ഉണ്ടായിരുന്നു. ചേച്ചി ഒന്ന് വീണു. അതൊണ്ടു ഫുൾ റസ്റ്റ് പറഞ്ഞു. മോനെ നോക്കാൻ ആരുമില്ലല്ലോ, പിന്നെ ട്രാവൽ ചെയ്യാൻ പാടില്ല എന്നും പറഞ്ഞു. അതോണ്ട് അവര് പോയി. പിന്നെ സച്ചുവേട്ടന്റെ 'അമ്മ വീണു കിടപ്പിൽ ആണ്. അതോണ്ട് അവർക്കും നോക്കാൻ പറ്റില്ല. അപ്പൊ ഞങ്ങളിങ്‌ പൊക്കി കൊണ്ട് വന്നു. വീട്ടിൽ താമസിക്കാമെന്നു പറഞ്ഞിട്ട് കേട്ടില്ല. 

ഏട്ടനും ചാരുവും ഞങ്ങളെ ലാബിൽ ആണ് വർക്ക് ചെയ്യുന്നത് കൂടെ സാറയും ഉണ്ട്. ഷാജുക്ക ഷെഫുക്കാന്റെ കൂടെ ആണ് വർക്ക് ചെയ്യുന്നേ.

നമ്മളെ ഇക്കാക്കാസൊക്കെ നാട്ടിലെത്തി കേട്ടോ. ഉപ്പയും മൂത്താപ്പയും ഇളാപ്പയുമൊക്കെ കളമൊഴിഞ്ഞു കൊടുത്തു. ഇപ്പൊ ഇക്കാക്കാസാണ് ബിസിനസൊക്കെ നോക്കുന്നത്. അല്ലെങ്കിലും എന്നെ കണ്ടു പിടിക്കാൻ ആണ് എല്ലാം കൂടി ദുബായിലേക്ക് വന്നത് അമീർക്കയും ഷമീർക്കയും ശാമിക്കയും   ഒഴികെ. ഇപ്പൊ എല്ലാരും നാട്ടിൽ സ്വസ്ഥം. ദുബായ് പൂട്ടാതിരുന്നാൽ മതിയാരുന്നു.

എല്ലാരും ഹാപ്പി ആണ്. നമ്മളുടെ മാവ് മാത്രം പൂത്തില്ലല്ലോ എന്ന് കരുതണ്ട കേട്ടോ, അതും പൂത്തു ചെറുതായിട്ട് അല്ല ഇച്ചിരി വലുതായിട്ടു തന്നെ. ഇപ്പൊ ആറു മാസം കഴിഞ്ഞു. 

എങ്ങനെ പൂക്കാതിരിക്കും ഡിസംബറ് തണുപ്പ് എന്നും പറഞ്ഞു മനുഷ്യനെ നട്ടം തിരിയിച്ചു ആ ഡ്രാക്കുള. പൂത്തില്ലെങ്കിലേ അത്ഭുതം ഉള്ളൂ. അതും ഒന്നല്ല രണ്ടാൾ ആണ് എന്നാണു അവസാനം സ്കാൻ ചെയ്തപ്പോ ഡോക്ടർ പറഞ്ഞത്.

തിരിച്ചു നാട്ടിലേക്ക് വരാൻ ഫ്ളയിറ്റിൽ കേറിയ മുതൽ തുടങ്ങിയ ശർദി ആയിരുന്നു ഇവിടെ വീട്ടിലെത്തുന്ന വരെ. യാത്ര ചെയ്തോണ്ടാവുമെന്നാ കരുതിയത്. പിറ്റേന്നും നിക്കാതിരുന്നപ്പോ ഡോക്ടറെ കണ്ടു. പ്രെഗ്നന്റ് ആണെന്നറിഞ്ഞതും ഷാദ് ആ ഡോക്ടറെ കെട്ടിപ്പിടിച്ചു കൺഗ്രാറ്സ് പറഞ്ഞു.

അയാൾക്ക് തന്നെ സംശയം ആയി ഞാൻ ആരുടെ ഭാര്യ ആണെന്ന്. പിന്നെയുള്ള ദിവസങ്ങൾ പരിപാലനത്തിന്റേതായിരുന്നു. രണ്ട് വീട്ടുകാരും എന്നെ താഴത്തു വെക്കാതെ ആണ് നോക്കിയത്. ഷാദ് എന്നെ അനങ്ങാൻ വിടില്ല. കൂടെ തന്നെ കാണും. എന്റെ ആഗ്രഹങ്ങൾ പറയുന്നതിന് മുന്നേ ഷാദ് സാധിച്ചു തരും. മൂന്നു മാസം ഷാദ് പേരിനു മാത്രം ലാബിൽ പോയാൽ ആയി. അവസാനം ഉപ്പ വടി എടുത്തു ഓടിക്കാൻ തുടങ്ങി.

ഇന്നിപ്പോ ഷാദ് ഇത്തിരി ബിസി ആയോണ്ട് നാനിത്താന്റെ കൂടെ ആണ് മാളിലേക്കു പോവുന്നത്. ഒരു ഡ്രസ്സ് എടുക്കണം. ഏഴാം മാസം ചടങ്ങിന് ഇടാൻ വേണ്ടി.. മാളിലെത്തി എസ്‌കലേറ്റർ കേറാൻ പോയപ്പോളാ ഫോൺ മറന്നു എന്ന് പറഞ്ഞു ഇത്ത തിരിച്ചു കാറിലേക്ക് പോയത്. 

അവിടെ നിന്നപ്പോൾ ആണ് പിന്നിൽ ദ്രിതിയിൽ എന്റെ അടുത്തേക്ക് വരുന്ന ആളെ കണ്ടത്, സാജിദ്. റബ്ബേ ഇവനെപ്പോ നാട്ടിലെത്തി. ഷാദും ഇക്കാക്കാസും കൂടി അവനിട്ടൊരു പണി കൊടുത്തിരുന്നു. അതോണ്ടന്നെ അവിടെ ജയിലിൽ ആയിരുന്നു. 

ഞാൻ മെല്ലെ എസ്‌കലേറ്റർ കേറി. സൂക്ഷിച്ചേ നടക്കാറുള്ളു. ഇരട്ടകൾ ആയതു കാരണം ഇച്ചിരി വലിയ വയറുണ്ട്.. മോളിൽ എത്താനായപ്പോ കണ്ടു അവൻ ലിഫ്റ്റ് കേറി ആദ്യമേ മോളിൽ എത്തി എസ്‌ക്കലാറ്റെറിന്റെ അടുത്തേക്ക് വരുന്നത്.. വേഗം രക്ഷപ്പെടാൻ നടന്നതും കാൽ സ്ലിപ്പായി ബാക്കിൽ എസ്കലേറ്ററിലേക്കു വീഴാൻ പോയി. പക്ഷെ ഭാഗ്യത്തിന് വീണില്ല ആരോ കൈ പിടിച്ചു.

പിടിച്ച ആളെയും ആ മുഖത്തെ പുഞ്ചിരിയും കണ്ടതും സമാധാനം ആയി, ഷെസിൻ. പക്ഷെ സാജിദ് അടുത്ത് വന്നു അവനോടു ഒരു കാര്യം പറഞ്ഞതും ആ മുഖത്തെ പുഞ്ചിരി മാഞ്ഞു.

വേറൊന്നും അല്ല ഷാദും ഇക്കാക്കമാരും  ആണ് അവന്റെ ബിസിനെസ്സ്  തകരാൻ കാരണം എന്ന്.  പിന്നെ ഞാൻ ആണ് അവന്റെ ഉപ്പ മരിക്കാൻ കാരണം എന്ന് വീണ്ടും അവൻ ഷെസിനെ ഓർമിപ്പിച്ചു. അവൻ മറന്ന പല കാര്യങ്ങളും സാജിദ് അവനെ ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു.  

ഷെസിന്റെ മുഖം വലിഞ്ഞു  മുറുകി.
എന്റെ കയ്യിലെ പിടി ലൂസ് ആവുന്ന പോലെ തോന്നി എനിക്ക്. 

അല്ലാഹ് മരിക്കാൻ പേടി ഇല്ല. പക്ഷെ എന്റെ ഷാദ് എന്റെ മക്കൾ.... ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു. ചിലപ്പോൾ ആമി എന്ന അദ്യായം ഇവിടെ ഇന്ന് തീരും.

അവസാനമായി ഒന്ന് ഷെസിനോട് യാചിക്കാൻ തീരുമാനിച്ചു എന്റെ ഷാദിന് വേണ്ടി.

"പ്ളീസ് ഷെസിൻ എന്റെ കൈ വിടരുത്..." ഞാൻ കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു.

"നിന്റെ കൈ ഞാൻ പണ്ടേ വിട്ടതല്ലേ അംന..." എന്നും പറഞ്ഞു കൊണ്ട് അവനെന്റെ കൈ വിട്ടു മുഖത്തൊരു പുച്ഛ ചിരിയോടെ.

ഞാൻ പിറകിലേക്ക് വീണു......കാത്തിരിക്കൂ.........

 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story