ദുർഗ്ഗാഗ്നി: ഭാഗം 83

durgagni

രചന: PATHU

""ഉപാധികളില്ലാത്ത പ്രണയം മഹത്തരമാണ്....മഞ്ഞുതുള്ളികൾ പോലെ നിർമാല്യമായ പ്രണയത്തെ നിനക്കായ് ഞാൻ സമർപ്പിക്കുന്നു....പകരം ഒരു ചെറുപുഞ്ചിരി പോലും സമാനിച്ചില്ലെങ്കിലും നിന്നെ ഞാൻ പ്രണയിച്ചുകൊണ്ടേയിരിക്കും.... എന്റെ ഇഷ്ടങ്ങളൊക്കെയും നിന്റെ അനിഷ്ടങ്ങളാണ്....!!!! എന്റെ സ്വപ്നങ്ങൾക്ക് നിറം പകരാൻ നീ തയ്യാറല്ല.... എങ്കിലും ഈ ജന്മം നീ മാത്രമാണ് എന്റെ പ്രണയം....!!! നിന്നിലെ നന്മയെ ഞാൻ ബഹുമാനിക്കുന്നു.... നിന്റെ സന്തോഷത്തിന് വേണ്ടി മാത്രം പ്രാർത്ഥിക്കുന്നു.... നിന്നോടുള്ള എന്റെ പ്രണയത്തിന് പകരമായി എന്നെ തേടിയെത്തുന്നത് വെറുപ്പിന്റെ കൂരമ്പുകളായാലും ഞാൻ ഭയപ്പെടില്ല..... നിന്റെ ശരികളിലൂടെ മാത്രമാണ് നീ കടന്നുപോകുന്നത്.... നീ എന്താവണമെന്ന് തീരുമാനിക്കേണ്ടത് നീ മാത്രമാണ്....!!!! എന്റെ പ്രണയം ഒന്നിനും ഒരു തടസ്സമാകില്ല.... പ്രണയാതുരമായ ഒരു നോട്ടം പോലും തിരികെ ലഭിച്ചില്ലെങ്കിലും എന്റെ പ്രണയത്തിന്റെ തീവ്രത അൽപ്പം പോലും കുറയുകയുമില്ല.....

നീ എന്നെ ക്രൂരമായി തള്ളിപറഞ്ഞാലും, എന്റെ പ്രണയത്തെ ചവിട്ടിയരച്ചാലും എന്റെ മനസ്സിൽ നിനക്കായ് മാത്രം ഞാനൊരു ശ്രീകോവിൽ തുറന്നുവെക്കും.... ഒരിക്കലും മുന്നിൽ വരില്ല ഞാൻ....!!!! നീയറിയാത്ത ദൂരങ്ങളിരുന്ന് മനസ്സിലുള്ള നിന്റെ രൂപത്തെ ധ്യാനിച്ചായിരിക്കും ഇനിയുള്ള എന്റെ ജീവിതം....!!!!! സ്വന്തമാക്കൽ മാത്രമല്ല, വിട്ടുകൊടുക്കൽ കൂടിയാണ് പ്രണയമെന്ന് എന്നെ പഠിപ്പിച്ചത് നീയാണ്....ഹൃദയം നുറുങ്ങുന്ന വേദനയാണെങ്കിലും മനസ്സുകൊണ്ട് നീ എന്നുമെന്നെ ചേർത്തുപിടിക്കുമെന്ന എന്റെ മൗനനൊമ്പരത്തിന് മഴവില്ലിന്റെ ഏഴഴകായിരുന്നു.... നീ ഒരിക്കലും എന്നിൽ നിന്ന് അകലുന്നില്ല.... എന്നിൽ നിറഞ്ഞു നിൽക്കുന്നത് നീ തന്നെയാണ്.... എന്നിലൂടെ ഞാൻ നിന്നെ കാണുന്നു.... നീ എന്ന ലഹരിക്കടിമയാണ് ദച്ചു ഞാൻ....!!!!! സന്തോഷത്തിലും, സങ്കടത്തിലും,പ്രത്യാശയിലും, നിരാശയിലും എന്റെ സിരകളിലൂടെ നീ എന്ന ലഹരി പടർത്തുന്ന ആനന്ദത്തിൽ മതിമറക്കാൻ എനിക്കിഷ്ടമാണ്....!!!! ഒരിറ്റു സ്നേഹം കൊണ്ട് മാറുമായിരുന്ന എന്റെ അസുഖത്തെ വിദ്വേഷം കൊണ്ട് ഭ്രാന്താക്കി മാറ്റിയത് നീയാണ്.....!!!

ഒരു തലോടലാൽ മായുമായിരുന്ന എന്റെ വേദനകളെ വൃണങ്ങളാക്കി മാറ്റിയതും നീ തന്നെ..... ഒന്നുവിളിച്ചാൽ തിരികെ വരുമായിരുന്ന എന്റെ യാത്രയെ അവഗണനകൊണ്ട് നീയിന്ന് മരണമാക്കി മാറ്റുകയാണ്.....!!!!!! ദച്ചുവിനെ പറ്റിയുള്ള ചിന്തകൾ ദേവന്റെ ഹൃദയത്തെ ചുട്ടു പൊള്ളിക്കുകയായിരുന്നു.... അവൾക്ക് ഒരിക്കലും തന്നെ സ്നേഹിക്കാൻ കഴിയില്ലെന്ന തിരിച്ചറിവ് അവനെ ഓരോ നിമിഷവും ഭ്രാന്ത് പിടിപ്പിച്ചു...... കണ്ണുനീർ കാഴ്ചയെ മറക്കുമ്പോഴും ലക്ഷ്യമില്ലാതെ ദേവന്റെ കാർ ഓവർ സ്പീഡിൽ പായുകയായിരുന്നു..... തന്റെ മനോനില തന്നെ നഷ്ടപ്പെടുകയാണെന്ന് ദേവന് തോന്നി.... ദച്ചുവിന്റെ രൂപം മാത്രം കണ്ണുകളിൽ നിറഞ്ഞുനിൽക്കുന്നു.... ആണ് ശബ്ദം മാത്രം കാതുകളിൽ അലയടിക്കുന്നു..... ഒരു നിമിഷത്തെ തോന്നലിൽ ദേവൻ എതിരെ വരുകയായിരുന്ന ലോറിയിലേക്ക് ബോധപൂർവ്വം അവന്റെ കാർ ഇടിച്ചു കയറ്റി.... വീട്ടിലെത്തിയ ശേഷം നടന്ന സംഭവങ്ങളെല്ലാം അനുവിനോട് ദച്ചു തുറന്നു പറഞ്ഞിരുന്നു.....

ആദ്യം വിശ്വസിക്കാൻ പ്രായാസമായിരുന്നെങ്കിലും കാര്യങ്ങളെല്ലാം വിശദമായി കേട്ടുകഴിഞ്ഞപ്പോൾ നിരപരാധിയായ ദേവനെ സംശയിച്ചതിൽ അനുവിന് കുറ്റബോധം തോന്നി..... ദേവനെ നേരിൽ കണ്ട് മാപ്പു ചോദിക്കാനായി അനു അപ്പോൾ തന്നെ സൂര്യമഠത്തിൽ നിന്നും ഇറങ്ങി..... ബെഡിലെ ഹെഡ് ബോർഡിൽ കണ്ണുകളടച്ചു ചാരിയിരിക്കുമ്പോഴും ദച്ചുവിന്റെ മനസ്സ് ആകാരണമായൊരു ഭയത്താൽ മൂടപ്പെട്ടിരുന്നു..... അവളുടെ ചിന്തകൾ ദേവനിൽ മാത്രം തങ്ങി നിന്നു..... പലപ്പോഴും തനിക്ക് മുന്നിൽ പ്രകടമായതാണ് ദേവന് തന്നൊടുള്ള പ്രണയത്തിന്റെ ആഴം....!!!!! എന്തുകൊണ്ടാണ്, എത്രയൊക്കെ കണ്ടില്ലെന്ന് നടിക്കാൻ ശ്രമിച്ചിട്ടും തന്റെ ഓർമ്മകൾ ഒടുവിൽ അവിടെ തന്നെയാണ് എത്തി നിൽകുന്നത്..... ഒരുപക്ഷേ മനസാലെ താൻ ആഗ്രഹിക്കുന്നുണ്ടോ ആ സ്നേഹം....????? അവന്റെ നിറമിഴികൾ മനസ്സിലേക്ക് കടന്നുവരും തോറും അവൾക്ക് നെഞ്ചിൽ ഒരു നീറ്റൽ അനുഭവപ്പെട്ടു..... ഒപ്പം അവനെന്തോ ആപത്തു സംഭവിക്കാൻ പോകുന്നു എന്നുള്ള തോന്നൽ അവളുടെയുള്ളിൽ ശക്തമാകാൻ തുടങ്ങി....

ഹൃദയം തകർന്ന അവസ്ഥയിലുള്ള ദേവന്റെ യാത്ര....!!! തനിക്ക് കഴിയുമായിരുന്നില്ലേ അതിനെ തടയാൻ.....???? ദച്ചു സ്വയം ചോദിച്ചു കൊണ്ടിരുന്നു..... ഒരുപക്ഷേ താൻ കാരണം ദേവന് അരുതാത്തത് എന്തെങ്കിലും സംഭവിച്ചാൽ ഈ ജന്മം തനിക്ക് സ്വയം പൊറുക്കാനാകില്ല..... ദച്ചു പെട്ടന്ന് തന്നെ കാറിന്റെ കീ എടുത്തുകൊണ്ട് റൂമിന് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയതും അവളുടെ ഫോൺ റിങ് ചെയ്തതും ഒരുമിച്ചായിരുന്നു..... സ്‌ക്രീനിൽ അനുവിന്റെ പേര് കണ്ടതും ദച്ചു കോൾ അറ്റൻഡ് ചെയ്തു..... ദേവന് ആക്‌സിഡന്റ് പറ്റി ഹോസ്പിറ്റലിൽ അഡ്മിറ്റാണെന്നുള്ള വിവരമറിഞ്ഞതും ദച്ചുവിന്റെ കയ്യിൽ നിന്ന് മൊബൈൽ താഴേക്ക് വീണു..... ഒരു നിമിഷം ശരീരവും മനസ്സും ഒരുപോലെ മരവിച്ചതുപോലെ തോന്നി ദച്ചുവിന്.... താൻ എന്താണോ ഭയന്നത് അത് സംഭവിച്ചിരിക്കുന്നു..... തന്റെ മനസിലൂടെ കടന്നുപോകുന്ന വികാരങ്ങളെ വേർതിരിച്ചറിയാൻ അവൾക്കാകുമായിരുന്നില്ല..... അവൾപോലുമാറിയാതെ കണ്ണുകൾ നിറഞ്ഞു പെയ്യാൻ തുടങ്ങി..... ദച്ചു പെട്ടന്ന് തന്നെ പുറത്തേക്കിറങ്ങി....

നിമിഷനേരങ്ങൾക്കുള്ളിൽ തന്നെ കാറിൽ ഹോസ്‌പിറ്റൽ ലക്ഷ്യമാക്കി കുതിച്ചു പാഞ്ഞു...... അവിടെയെത്തിയതും ICU ന് മുന്നിൽ പ്രാർത്ഥനയോടെ നിൽക്കുന്ന ദേവന്റെ അച്ഛനെയും അമ്മയെയും കണ്ടു.... തൊട്ടടുത്തായി തന്നെ സിദ്ധുവും അനുവും ഉണ്ടായിരുന്നു..... അച്ഛനെയും അമ്മയെയും ഒന്നടുത്തേക്ക് പോയി സമാധാനിപ്പിക്കണമെന്നുണ്ടായിരുന്നെങ്കിലും എന്തുകൊണ്ടോ അവർക്കടുത്തേക്ക് പോകാൻ ദച്ചുവിന് കഴിഞ്ഞില്ല..... കുറ്റബോധത്താൽ നീറി പുകയായിരുന്നു ദച്ചുവിന്റെ മനസ്സ്....!!! ദച്ചുവിനെ കണ്ടതും സിദ്ധു ദേഷ്യത്തോടെ അവളുടെ അടുത്തേക്ക് വന്നു..... "" എന്താണാവോ മാഡത്തിന്റെ വരവിന്റെ ഉദ്ദേശം....???? ജീവൻ പൂർണമായി ആ ശരീരത്തിൽ നിന്ന് അറ്റുപോയോന്ന് അറിയാനാണെങ്കിൽ ഇതുവരെ വന്ന് ബുദ്ധിമുട്ടേണ്ട കാര്യം ഇല്ലായിരുന്നല്ലോ.....???? എന്തെങ്കിലുമൊരു തീരുമാനമായാൽ ആരെങ്കിലും അങ്ങോട്ടേക്ക് വിളിച്ച് അറിയിച്ചോളാം..... മാഡം ചെന്നാട്ടെ....!!!! അധികം ഇവിടെ നിന്ന് സമയം കളയണ്ട...."" സിദ്ധുവിന്റെ വാക്കുകളിലെ പരിഹാസം ദച്ചുവിന്റെ മനസ്സിനെ ഒന്നുകൂടി വേദനിപ്പിച്ചു..... "" സിദ്ധു ഞാൻ....!!!! ദച്ചു നിറകകണ്ണുകളോടെ എന്തോ പറയാൻ തുടങ്ങിയതും സിദ്ധു കയ്യുയർത്തി അവളെ തടഞ്ഞു.....

"" മിണ്ടരുത് ദച്ചു നീ....!!!!!! ഒരക്ഷരം മിണ്ടരുത്..... ദേവൻ കാർ മനപൂർവം ലോറിയിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു എന്നാ കണ്ടുനിന്നവരെല്ലാം പറഞ്ഞത്..... സ്വയം ജീവൻ അവാസാനിപ്പിക്കണമെന്ന് അവനു തോന്നിക്കാണും..... ഇപ്പൊ ഈ സംഭവിച്ചതിന് ഉത്തരവാദി നീ മാത്രമാണ്..... അല്ലെന്ന് പറയാൻ പറ്റുമോ നിനക്ക്....????? എത്രയെന്ന് കരുതി ഒരു മനുഷ്യൻ സഹിക്കണം.....???? ശരിയാ നിന്നോട് അവൻ തെറ്റുകൾ ചെയ്തിട്ടുണ്ട്..... അതിന് പകരമായി ഒരു മനുഷ്യായുസ്സിൽ അനുഭവിക്കാനുള്ളതെല്ലാം അവൻ അനുഭവിച്ചില്ലേ.....????? ഒടുവിൽ നീ ആഗ്രഹിച്ചത് പോലെ ഒരു ഭ്രാന്തനായി മാറിയില്ലേ അവൻ.....!!!!! നീ തന്നെ പറ ദച്ചു, ഇതിൽ കൂടുതൽ എങ്ങനെയാ ഒരാളെ ശിക്ഷിക്കാൻ കഴിയുന്നത്....???? സ്നേഹത്തോടെയുള്ള ഒരു നോട്ടം പോലും തിരികെ പ്രതീക്ഷിക്കാതെയല്ലേ അവൻ നിന്നെ സ്നേഹിച്ചത്....???? അവന്റെ മനസ്സിലെ നിന്നോടുള്ള പ്രണയം....!!!! ദേവൻ പറയുന്നത് പോലെ അത്‌ എത്രത്തോളമാണെന്ന് അവനെക്കാൾ കൂടുതൽ നിനക്കറിയാം.....

എങ്കിലും അവനോട് ക്ഷമിക്കാൻ നീ തയ്യാറായില്ല..... തെറ്റുകൾ മനുഷ്യസഹജമാണ് ദച്ചു...... ഒരിക്കൽ സംഭവിച്ചു പോയ തെറ്റുകളുടെ പേരിൽ ഓരോ നിമിഷം മരിച്ചു ജീവിക്കുകയായിരുന്നു അവൻ..... ഒരവസരം കൊടുക്കാമായിരുന്നല്ലോ....???? അത് നീ ചെയ്തില്ല..... തെറ്റുകൾ മാത്രം ചെയ്തുകൂട്ടിയവനായാലും ഈശ്വരൻ പോലും അവനു പശ്ചാത്തപിക്കാൻ ഒരവസരം കൊടുക്കും.....!!! അങ്ങനെയൊരവസരത്തിനു വേണ്ടി നിനക്ക് മുന്നിൽ പലപ്പോഴും കെഞ്ചിയിട്ടില്ലേ അവൻ....???? അവൻ കാരണം നിന്റെ മനസിനേറ്റ മുറിവുകൾ ആ സ്നേഹം കൊണ്ട് തന്നെ എന്നന്നേക്കുമായി മാഞ്ഞുപോയേനെ..... ക്ഷമ സ്നേഹത്തിനന്റെ മറ്റൊരു ഭാവമാണ് ദച്ചു.... ക്ഷമിക്കുന്ന സ്നേഹം മുറിവ് സുഖപ്പെടുത്തും....ചേർത്തു പിടിക്കുന്ന, ആശ്വസിപ്പിക്കുന്ന, കരുത്തേകുന്ന സ്നേഹം അതൊരു ഭാഗ്യമാണ്...... അവനെക്കാൾ കൂടുതൽ ഈ ലോകത്ത്‌ മാറ്റാർക്കെങ്കിലും നിന്നെ സ്നേഹിക്കാൻ കഴിയുമെന്ന് തോന്നുണ്ടോ....????? കഴിയില്ല ദച്ചു.....!!!! അതറിയാമെങ്കിലും നീയത് കണ്ടില്ലെന്ന് നടിച്ചു......

ഭൂമിയോളം താഴ്ന്നു കിടന്നവനെ വീണ്ടും പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തുകമാത്രമാണ് നീ ചെയ്തത്..... ഒരുപക്ഷേ ഇന്നത്തോടെ എല്ലാത്തിന്റെയും അവസാനമാകാം..... ഇനി സ്നേഹം പറഞ്ഞ് നിനക്ക് മുന്നിൽ വരാൻ ഒരുപക്ഷേ ദേവൻ ഉണ്ടായെന്ന് വരില്ല.....!!!!! അത്രയും പറഞ്ഞുകൊണ്ട് സിദ്ധു ദേഷ്യത്തോടെ അവിടെ നിന്ന് മുന്നോട്ടേക്ക് നടന്നു..... അവന്റെ വാക്കുകളൊക്കെയും ദച്ചുവിന്റെ ഹൃദയത്തിൽ തീജ്വാലകളായി പതിക്കുകയായിരുന്നു...... ആ വേദനയിൽ അവൾ സ്വയം വെന്തുനീറി..... ശരിയാണ്.....!!! ഒരവസരം കൊടുക്കാമായിരുന്നില്ലേ....???? തന്നൊടുള്ള ഭ്രാന്തമായ പ്രണയം ഒരായിരം പ്രാവശ്യം തനിക്ക് മുന്നിൽ തുറന്നുകാട്ടിയതാണ്...... പക്ഷേ അപ്പോഴും തന്റെ മനസ്സിൽ ഒരുപടി മുന്നിൽ നിന്നത് അയാൾ തന്നോട് ചെയ്ത തെറ്റുകൾ തന്നെയായിരുന്നു.....പക്ഷേ അപ്പോഴും ആ മുഖം തന്റെ മനസ്സിൽ നിറഞ്ഞുനിൽക്കുകയായിരുന്നില്ലേ....????? താൻ ഇപ്പോഴനുഭവിക്കുന്ന ഈ വേദന.....!!!! അത് വെറും കുറ്റബോധംകൊണ്ട് മാത്രമാണോ.....???? അല്ല....!!!!

ഒരുപക്ഷേ താൻ അറിയാതെ തന്നെ ദേവനെ താൻ സ്നേഹിച്ചിരുന്നോ.....??? പുറമേ വെറുപ്പ് കാണിച്ചിരുന്നെങ്കിലും മനസ്സിൽ ആ സാനിധ്യം ആഗ്രഹിച്ചിരുന്നോ.....???? ഉത്തരമില്ലാത്ത ഒരുപാട് ചോദ്യങ്ങൾ ദച്ചുവിനെ അടിമുടി ഉലക്കുമ്പോഴും മനസ്സിൽ ദേവന്റെ രക്ഷക്കുവേണ്ടി സകല ദൈവങ്ങളെയും വിളിച്ചു പ്രാർത്ഥിക്കുകയായിരുന്നു ദച്ചു.... മണിക്കൂറുകൾ കടന്നു പോയി..... ദേവൻ ഇപ്പോൾ വെന്റിലേറ്ററിലാണുള്ളത്..... ജീവൻ തിരികെ കിട്ടുന്ന കാര്യത്തിൽ ഡോക്ടമാർ യാതൊരു ഉറപ്പും പറഞ്ഞിട്ടില്ല..... ദച്ചുവിന്റെ അവസ്ഥയും മറിച്ചായിരുന്നില്ല..... ജീവൻ തന്നെ നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു അവൾ..... ദേവൻ തനിക്ക് ആരായിരുന്നു എന്ന് സ്വയം തിരിച്ചറിഞ്ഞ നിമിഷങ്ങൾ.....!!!!! അവന്റെ സ്നേഹം മനസ്സുകൊണ്ട് താൻ ആഗ്രഹിച്ചിരുന്നു എന്ന് താൻ പോലും ആദ്യമായി തിരിച്ചറിഞ്ഞ മുഹൂർത്തങ്ങൾ..... ദേവന്റെ ഈ അവസ്ഥയിൽ അമ്മു തളർന്നു പോയപ്പോൾ അവളെ ചേർത്തു പിടിച്ച് ആശ്വസിപ്പിക്കാൻ ജയന്റെ കരങ്ങളുണ്ടായിരുന്നു.....

ഒരേ സമയം ജയൻ അവൾക്ക് ഭാർത്താവും, ഏട്ടനും സുഹൃത്തുമൊക്കെയായി മാറുകയായിരുന്നു..... ഏറ്റവും വലിയ ദുഖത്തിലൂടെ കടന്നു പോകുന്ന ഈ സമയം ഏതൊരു ഭാര്യയും ആഗ്രഹിക്കുന്നതിനേക്കാൾ സ്നേഹവും കരുതലും ജയൻ അവൾക്കായി നൽകി..... മൂന്നു ദിവസങ്ങൾക്ക് ശേഷമാണ് ദേവനെ വെന്റിലേറ്ററിൽ നിന്ന് മാറ്റുന്നത്..... എല്ലാവരുടെയും പ്രാർത്ഥന കൊണ്ടാകാം ദൈവം ജീവൻ തിരികെ നൽകിയത്.... അല്ലെങ്കിൽ ഒരുപക്ഷേ ചെയ്തുകൂട്ടിയ തെറ്റുകൾക്കൊക്കെ പരിഹാരം ചെയ്യാൻ ഈശ്വരൻ ഒരവസരം കൂടി കൊടുത്തതാകം..... വെന്റിലേറ്ററിൽ നിന്ന് മാറ്റിയെങ്കിലും ദേവൻ ICU ൽ തന്നെ തുടർന്നു..... ബോധം വന്നെന്നറിഞ്ഞതും ദച്ചു ഒരുപാട് നിർബന്ധിച്ചിട്ടാണ് ഡോക്ടർ അവനെ കാണാൻ അനുവാദം നൽകിയത്...... ദച്ചു അകത്തേക്ക് കയറി.... ദേവന്റെ ശരീരത്തിൽ പലയിടത്തായി ട്യൂബുകൾ ഘടിപ്പിച്ചിരുന്നു.... ആ കാഴ്ച കാണുംതോറും ദച്ചുവിന്റെയുള്ളിൽ ഒരു നടുക്കം തന്നെ സൃഷ്ടിച്ചു..... അവൾ പതിയെ അവന്റെ അടുത്തേക്ക് നടന്നു.....

ദേവൻ നല്ല മയക്കത്തിലായിരുന്നു..... അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ അവന്റെ കയ്യിലേക്ക് വീണുകൊണ്ടിരുന്നു..... അതറിഞ്ഞ നിമിഷം ദേവൻ കണ്ണുകൾ വലിച്ചു തുറന്നു.... മുന്നിൽ താൻ ഏറ്റവും കൂടുതൽ കാണാനാഗ്രഹിച്ച മുഖമായതുകൊണ്ട് തന്നെ അവന്റെ ചുണ്ടുകളിൽ നിർവികാരമായ ഒരു പുഞ്ചിരി വിരിഞ്ഞു..... അവന്റെ കണ്ണീരിനെക്കാളേറെ ആ പുഞ്ചിരി തന്നെ കുത്തിനോവിക്കുന്നതായി ദച്ചുവിന് തോന്നി..... "" എന്നന്നേക്കുമ്മായി എന്റെ ശല്യം അവസാനിപ്പിക്കാമെന്ന് കരുതിയതാണ്..... മരണം എല്ലാത്തിൽ നിന്നുമുള്ള ഒരൊളിച്ചോട്ടമല്ലേ.... പക്ഷേ,ദൈവം അവിടെയും എന്നെ കൈവിട്ടു..... ഇനിയും വേദനിക്കണമെന്നായിരിക്കും ദൈവ നിശ്ചയം.....!!!!! "" എന്തിനാ സ്നേഹം കൊണ്ട് എന്നെ ഇങ്ങനെ തോൽപ്പിക്കുന്നത്....??? ദച്ചു നിറകണ്ണുകളോടെ ചോദിച്ചതും ദേവൻ അവളെ തന്നെ നോക്കി.... "" സ്വയം തോറ്റുപോയവനാണ് ഞാൻ.....!!! തെറ്റുകൾ മാത്രം കൈമുതലായി ഉള്ളവൻ..... നീ തന്നെയാണ് ദച്ചു ശരി....!!!! ആർക്കുവേണ്ടിയും നിന്റെ തീരുമാനങ്ങൽ മാറ്റരുത്.....

ഈ കണ്ണുനീരു പോലും എന്നോടുള്ള സഹതാപം കൊണ്ടല്ലേ.... അതുവേണ്ട....!!! നിന്നെ അർഹിക്കാൻ പോലുമുള്ള യോഗ്യത എനിക്കില്ലെന്ന് ഞാൻ തന്നെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു കഴിഞ്ഞു..... ഞാൻ ഇനിയും ആത്മഹത്യക്ക് ശ്രമിക്കുമെന്നൊരു പേടി മനസ്സിൽ വേണ്ട..... ഒരിക്കൽ ശ്രമിച്ചു പരാജയപ്പെട്ടവൻ പിന്നീട് അതിന് ശ്രമിക്കില്ല...... അവസാനമായി ഒന്നുകൂടി എനിക്ക് പറയാനുണ്ട്..... അന്നത്തെ ആ രാത്രി, നീ എന്നെ വെറുക്കാൻ കാരണമായ ആ രാത്രിയിൽ ശരിക്കും എന്താണ് സംഭവിച്ചതെന്ന്..... അത് പറയാനായിരുന്നു നിന്നെ ഞാൻ കൂട്ടിക്കൊണ്ട് പോയത്..... അപ്പോഴാണ് ഗിരിയുടെ വരവും തുടർന്നുണ്ടായ സംഭവങ്ങളും..... ഒരു തെറ്റിധാരണയുടെ പേരിലായിരുന്നു എല്ലാം.....!!!! "" സിദ്ധുവിനെ പോലെ തന്നെ എന്റെ എന്റെ ഏറ്റവും നല്ല സുഹൃത്തായിരുന്നു വിവേകും.... അവൻ ജീവനായി സ്നേഹിച്ചിട്ടും പണത്തിനു വേണ്ടി അവനെ പ്രണയം നടിച്ചു പറ്റിച്ചവളുടെ കഥ കേട്ടപ്പൊ അവളോട്‌ അങ്ങേയറ്റം വെറുപ്പാണ് തോന്നിയത്..... അവൾക്ക് വേണ്ടിയാണ് അവൻ സ്വന്തം അച്ഛനെയും അമ്മയെയും പോലും തള്ളി പറഞ്ഞത്.....

അവസാനം അവളെ പറ്റി എല്ലാം അറിഞ്ഞപ്പോൾ തകർന്നു പോയിരുന്നു അവൻ..... അന്നെന്റെ കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരുവന് പറ്റിയ അബദ്ധം..... അവളാണെന്ന് തെറ്റിദ്ധരിച്ച് നിന്നെയാണ് അവൻ ബലമായി തട്ടിക്കൊണ്ടു വന്നത്..... ഒന്ന് പേടിപ്പിക്കണമെന്നെ ഉണ്ടായിരുന്നുള്ളു..... അവനോട് ചെയ്ത ചതിക്ക് പകരം തന്റെ മാനം നഷ്ടപ്പെട്ടു എന്നുള്ള ചിന്തയിൽ ഇനിയുള്ള കാലം തള്ളി നീക്കട്ടെ എന്ന് കരുതി.... അതുകൊണ്ടാണ് കീഴ്പ്പെടുത്താൻ പോകുകയാണെന്ന തോന്നൽ ഉണ്ടാക്കിയതും Drug ഇൻജെക്ട് ചെയ്തതുമെല്ലാം.... പക്ഷേ, പിന്നീട് വിവേക് വന്നപ്പോഴാണ് ആളുമാറിയെന്നുള്ള കാര്യം അറിയുന്നത്..... അപ്പൊ തന്നെ അവിടെ നിന്ന് ഞങ്ങൾ പോയിരുന്നു..... പിന്നീട് മദ്യത്തിന്റെ ലഹരിയിൽ എപ്പൊഴോ നിന്നെ ബലമായി കളപ്പെടുത്തിയെന്ന് ഞാൻ സിദ്ധുവിനോട് പറഞ്ഞു..... ഒപ്പം നിന്നെ ഉപേക്ഷിച്ചു പോന്ന സ്ഥലവും..... പക്ഷേ, ഒരിക്കലും കരുതിയില്ല ദച്ചു നീ എന്നെ തേടി വരുമെന്ന്, സിദ്ധു നിനക്ക് കൂട്ടായി ഉണ്ടാകുമെന്ന്...... ഒരു വിവാഹാലോചനവരെ കാര്യങ്ങൾ നീ കൊണ്ടെത്തിച്ചപ്പൊ ആദ്യമൊക്കെ വാശിയായിരുന്നു.....

ഒരു പെണ്ണ് പ്രതികാരത്തിന്റെ പേരിൽ എന്നോട് ഏറ്റമുട്ടാൻ ഇറങ്ങിയപ്പൊ നിനക്ക് മുന്നിൽ ഒരു കാരണവശ്ചാലും തോറ്റു തരാൻ എന്റെ ഈഗോ സമ്മതിച്ചില്ല...... അതുകൊണ്ട് മാത്രമാണ്, ഓരോ പ്രാവശ്യവും എന്നിലൂടെ കളങ്കപ്പെട്ടവളാണ് നീയെന്ന് നിന്നെ ഓർമപ്പെടുത്തിക്കൊണ്ടിരുന്നത്..... ഒരിക്കലും അങ്ങനെയൊന്ന് സംഭവിച്ചിട്ടില്ലെങ്കിൽ പോലും.....!!!!!! ചെയ്തുപോയ തെറ്റുകൾക്ക് ഒരിക്കൽ കൂടി മാപ്പുചോദിക്കുകയാണ് ഞാൻ.... ദേവൻ ഇടറിയ ശബ്ദത്തോടെ പറഞ്ഞതും ദച്ചു നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടച്ചുകൊണ്ട് പുറത്തേക്കിറങ്ങി..... ദിവസങ്ങൾ കൊഴിഞ്ഞു പൊയ്ക്കൊണ്ടേയിരുന്നു.... പിന്നീട് ഒരിക്കൽ പോലും ദേവനെ കാണാനായി ദച്ചു ഹോസ്പിറ്റലിലേക്ക് വന്നില്ല..... അവളെ ഒരു നോക്കുകാണാൻ ദേവൻ ഏറെ ആഗ്രഹിച്ചിരുന്നെങ്കിലും തന്റെ മനസ്സിനെ സ്വയം നിയന്ത്രിച്ചു..... അവന്റെ ഓരോ നിശ്വാസങ്ങളിൽ പോലും അവളുടെ ഓർമ്മകൾ നിറച്ചുകൊണ്ട് ഓരോ നിമിഷങ്ങളും തള്ളി നീക്കി..... ഇന്നാണ് ദേവനെ ഡിസ്ചാർജ് ചെയ്യുന്നത്.....

ഹോസ്പിറ്റലിൽ നിന്ന് വീട്ടിലേക്കു പോകാൻ ഇറങ്ങുന്നതിന് തൊട്ടു മുൻപാണ് ദച്ചു അവിടേക്ക് വന്നത്.... അവളെ കണ്ടതും മാധവനും ലക്ഷ്മിയും ഒന്ന് പുഞ്ചിരിച്ചുകൊണ്ട് റൂമിൽ നിന്ന് പുറത്തേക്കിറങ്ങി..... ദേവൻ അവളെ തന്നെ നോക്കി.... അവന്റെ കണ്ണുകളും മനസ്സും ഒരുപോലെ നിറഞ്ഞു..... ദച്ചുവും അവനെ നോക്കി നിന്നതല്ലാതെ ഒന്നും മിണ്ടിയില്ല.... അൽപ്പനേരം ഇരുവർക്കുമിടയിൽ മൗനം തന്നെയായിരുന്നു..... "" ഒന്ന് കാണമെന്നുണ്ടായിരുന്നു.... എങ്കിലും ഒട്ടും പ്രതീക്ഷിച്ചില്ല ഇങ്ങനെയൊരു വരവ്.... ഇത്രയെങ്കിലും എനിക്കു വേണ്ടി ചെയ്തല്ലോ.... നന്ദിയുണ്ട്....!!! ദേവൻ പറഞ്ഞു തീർന്നതും ദച്ചു അവനെ ഇറുകി പുണർന്നതും ഒരുമിച്ചായിരുന്നു..... ദേവൻ വിശ്വാസം വരാത്തത് പോലെ തരിച്ചു നിന്നു..... അവളെ മാറോട് അടക്കി പിടിക്കണെമെന്ന് മനസ്സൊരായിരം പ്രാവശ്യം മന്ത്രിക്കുമ്പോഴും എന്തുകൊണ്ടോ കൈകൾ ഉയർന്നില്ല....

ഇനിയൊരവഗണന കൂടി താങ്ങാനുള്ള ശേഷി അവനുണ്ടായിരുന്നില്ല..... "" ഇനിയും ഈ സ്നേഹം കണ്ടില്ലെന്ന് നടിക്കാൻ എന്നെകൊണ്ടാവില്ല....!!!!! എനിക്ക് വേണ്ടി, എന്റെ സ്നേഹത്തിനു വേണ്ടി മരിക്കാൻ പോലും തയ്യാറായ ഈ മനസ്സ് ഇനിയും കാണാതെ പോയാൽ അത് എന്നോട് തന്നെ ഞാൻ ചെയ്യുന്ന തെറ്റായിരിക്കും....കഴിഞ്ഞു പോയതെല്ലാം മനപ്പൂർവം മറക്കുകയാണ് ഞാൻ..... ഈ ജന്മം മനസ്സിൽ നിന്ന് മാഞ്ഞുപോകില്ലെന്ന് ഞാൻ കരുതിയിരുന്ന മുറിവുകൾക്ക് മരുന്നാകാൻ നിങ്ങളുടെ സ്നേഹത്തിന് കഴിയും.....!!!! ആഗ്രഹിച്ചതു പോലെ സ്വപ്നം കണ്ടതുപോലെ ഒരുമിച്ചു ജീവിക്കാം നമുക്ക്....!!!! മനസ്സുകൊണ്ട് ഞാനതിനു തയ്യാറെടുത്തു കഴിഞ്ഞു...... ദച്ചു പറഞ്ഞു തീർന്നതും ദേവൻ അവളെ നെഞ്ചിൽ നിന്ന് അടർത്തി മാറ്റി.............🔥 തുടരും 🔥

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story