ഈ മഴയിൽ....❤️ പാർട്ട്‌ 11

ee mazhayil

എഴുത്തുകാരി: ✍ ആൻവി

"നീ അനുഭവിക്കാൻ പോകുന്നെ ഒള്ളൂ ദത്താ...." ആ വാക്കുകളെ പുച്ഛിച്ചു കൊണ്ട് ദത്തൻ നിന്നു.... ഒരിക്കൽ കൂടെ അയാളെ തീ പാറുന്ന നോട്ടം നോക്കി രാമനാഥൻ തിരിഞ്ഞു കാറിൽ കയറി..... ദത്തൻ ദേഷ്യത്തോടെ മുന്നിൽ ഉണ്ടായിരുന്ന കസേര തട്ടി തെറുപ്പിച്ചു...  "ആഹ്.... ഡാ... ഒന്ന് പതിയെ...." നെറ്റിയിലെ മുറിവിൽ കോട്ടൺ കൊണ്ട് തുടച്ചു കൊടുക്കുന്ന ഇച്ചൂന്റെ കയ്യിൽ പിടിച്ചു കൊണ്ട് ബദ്രി പറഞ്ഞു... ഇച്ചു ശ്രദ്ധയോടെ മരുന്നു വെച്ച് കൊടുത്തു.. വേദന കൊണ്ട് ബദ്രിയുടെ മുഖം ചുളിഞ്ഞു.. അത് കണ്ട് അച്ചൂന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.. അവളുടെ കണ്ണുകൾ അവന്റെ നെറ്റിയിലെ മുറിവിലായിരുന്നു.... ഇച്ചു മരുന്നു തേച്ച് മാറിയിരുന്നതും... അച്ചു ബദ്രിയുടെ മുന്നിൽ മുട്ട് കുത്തി ഇരുന്നു... അവന്റെ നെറ്റിയിലെ മുറിവിലേക്ക് ഊതി കൊടുത്തു... ഒരു കൈ കൊണ്ട് അവന്റെ കവിളിലും അവൾ തഴുകി... ബദ്രി അവളെ തന്നെ നോക്കി ഇരിക്കുകയായിരുന്നു... "ഇപ്പൊ മാറും ട്ടോ കിണ്ണ...." അവളുടെ വലിയ ഉണ്ട കണ്ണുകൾ നിറഞ്ഞു നിന്നു... അവന്റെ മുഖത്ത് കൗതുകമായിരുന്നു... തന്നെ ഇത്രമാത്രം സ്നേഹിക്കുന്ന ഒരാളോ..??

അമ്മക്ക് ശേഷം ഇതാദ്യമായാണ് ഇത്ര കരുതൽ ഒരാളിൽ നിന്ന്...... അവളുടെ നിറഞ്ഞു നിന്ന ഉണ്ടകണ്ണുകളിലേക്ക് നോക്കി അവൻ തലയാട്ടി.... "ഇവിടെ ഇരിക്ക്...." അവളുടെ കയ്യിൽ പിടിച്ചവൻ അടുത്ത് ഇരുത്തി.... അവൾ സന്തോഷത്തോടെ അവനോട് ചേർന്നിരുന്നു...ബദ്രി ഒന്ന് കണ്ണ് ചിമ്മി ചിരിച്ചതും അവൾ അവന്റെ ഷർട്ടിൽ തെരുത്തു പിടിച്ചു... ഒരു കൊച്ചു കുട്ടി.... അത്രയും നിഷ്കളങ്കമായിരുന്നു അവളുടെ മുഖം... അവനോട് ചേർന്നിരുവെങ്കിലും അവളുടെ ശ്രദ്ധ മുഴുവൻ പിന്നിയിട്ട മുടിയിലായിരുന്നു... അതിൽ തട്ടി കളിച്ചു കൊണ്ടായിരുന്നു അവൾ ഇരുന്നത്... ബദ്രി മുഖം ചെരിച്ചവളേ നോക്കി...അവൾ അവളുടേതായ ലോകത്താണ്... "വിശക്കുന്നില്ലേ നിനക്ക്...." അവൻ സൗമ്യമായി ചോദിച്ചു,.. അച്ചു മുഖം ഉയർത്തി അവനെ നോക്കി... "മ്മ്.... ചോറ് വേണം...." കീഴ്ചുണ്ട് പിളർത്തി കാണിച്ചു കൊണ്ട് അവൾ പറഞ്ഞു.... "എന്നാ.. അപ്പുനോട് എടുത്തു തരാൻ പറ..." "അപ്പൂട്ടനോടോ...." ഉണ്ട കണ്ണുകൾ വിടർത്തി സംശയത്തോടെ അവൾ ചോദിച്ചു.. "മ്മ്... അപ്പൂട്ടനോട് തന്നെ..." "വേണ്ട... കിണ്ണൻ തന്നാൽ മതി... അച്ചൂന് അതാ ഇഷ്ടം..."

അവൾ ചുണ്ട് കൂർപ്പിച്ചു കൊണ്ട് പറഞ്ഞു... അവന്റെ ഷർട്ടിലുള്ള പിടി മുറുക്കി.... "എന്നാ ഞാൻ വാരി തന്നാലോ അച്ചൂസേ...." ചാരു പടിയിൽ ഇരുന്നു കൊണ്ട് ശങ്കർ ചോദിച്ചു... "അച്ചൂന് വേണ്ടെങ്കിലോ...."ശങ്കറിനെ നോക്കി പറഞ്ഞു കൊണ്ടവൾ ബദ്രിയുടെ തോളിലേക്ക് ചാഞ്ഞിരുന്നു.... "അപ്പു ചെന്ന് കഴിക്കാൻ എടുത്തു വെക്ക്...." ബദ്രി അപ്പൂനോട്‌ പറഞ്ഞു.... "ശങ്കര ഇച്ചൂക്ക വല്ലതും തിന്നണേൽ എന്റെ കൂടെ എടുത്തു വെക്കാൻ വന്നോ... ഇല്ലേൽ പച്ച വെള്ളം ഞാൻ തരില്ല....." അപ്പു അവരെ രണ്ട് പേരെയും മാറി മാറി നോക്കി കൊണ്ട് പറഞ്ഞ ശേഷം എഴുനേറ്റു പോയി.... ഇച്ചുവും ശങ്കറും അവൻ പോകുന്നത് നോക്കി നെടുവീർപ്പിട്ടു.... "വരുന്നുണ്ടോ...??" ഹാളിൽ ഇന്ന് അപ്പു വീണ്ടും ചോദിച്ചു... "ഓഹ്... ശവം.... ദാ വരുന്നു...." ശങ്കർ ചവിട്ടി തുള്ളി പിന്നാലെ ചെന്നു... കൂടെ ഇച്ചുവും.... അവർ പോകുന്നത് കണ്ട് ബദ്രി ചിരിച്ചു... മുഖം ചെരിച്ച് അച്ചൂനെ നോക്കി... "എന്തിനാ ചിരിക്കണേ...??" കൊഞ്ചി കൊണ്ട് അവൾ ചോദിച്ചു... "ഒന്നൂല്യ അച്ചൂട്ട്യേ.... വാ . നമുക്ക് ചോറ് തിന്നാം...." പുറകിലെ തിണ്ണയിൽ പിടിച്ച് അവൻ എഴുനേറ്റു.... അച്ചു പെട്ടെന്ന് ചാടി എഴുനേറ്റു....

"ഞാൻ പിടിക്കാം കിണ്ണാ...." അവന്റെ കയ്യിൽ അവൾ ശ്രദ്ധയോടെ പിടിച്ചു.... ദേഹം അനങ്ങുമ്പോഴേ നല്ല വേദനയാണ്... വേദന കൊണ്ട് അവന്റെ മുഖം ചുളിയുന്നുണ്ടായിരുന്നു.... അവൻ അച്ചൂന്റെ കയ്യും പിടിച്ചു അകത്തേക്ക് കയറി.... ഇച്ചുവും ശങ്കറും ഉണ്ണാൻ തുടങ്ങിയിരുന്നു... ബദ്രി അവർക്ക് അടുത്ത് ചെന്നിരുന്നു.. അവന്റെ അടുത്തു അച്ചുവും ഇരുന്നു... "കണ്ണാ എന്തായാലും ഇവന് നല്ല കൈപുന്യമാണ്... എന്താ ടേസ്റ്റ്..." ചൊറിലേക്ക് കറി ഒഴിച്ചു കൊണ്ട് ഇച്ചു പറഞ്ഞു..... അപ്പുവിന്റെ മുഖം മുഖം വിടർന്നു... എല്ലാം യൂട്യൂബിന്റെ കടാക്ഷം....! അവൻ അവരെ നോക്കി ചിരിച്ചു... "മ്മ്.... കഴിക്ക്....." ബദ്രി ഒരുരുള ചോറ് അച്ചൂനെ നേരെ നീട്ടി... അച്ചു വാ തുറന്ന് അത് വാങ്ങി കഴിച്ചു.... അവൾക്ക് കൊടുത്ത ശേഷം അവൻ കഴിക്കാനായി ഒരു ഉരുള വായിലേക്ക് വെച്ചതും... "ആ...." അച്ചു വാ തുറന്നു കാട്ടി.... അവൻ അവളെ ഒന്ന് കൂർപ്പിച്ചു നോക്കിയ ശേഷം.. ആ ഉരുള അവളുടെ വായിൽ കുത്തി കേറ്റി... വലിയ ഉരുള ആയത് കൊണ്ട് അച്ചൂന്റെ കണ്ണ് വിടർന്നു.... കവിൾ വീർത്തു... അവൾ പതിയെ കഴിച്ചിറക്കി... "ഇനി കുഞ്ഞു ചോറ് മതി കിണ്ണാ...."

അവൾ പ്ലേറ്റിലേക്ക് നോക്കി പറഞ്ഞു... "പുല്ല് എനിക്ക് വിശക്കുന്നുണ്ട്..." അവൻ ശബ്ദം കടുപ്പിച്ചു പറഞ്ഞു... "അച്ചൂന് നല്ലോം വിശക്കണൂ...താ" അവൾ ചുണ്ട് കൂർപ്പിച്ചു കൊണ്ട് പറഞ്ഞു... ബദ്രി അവളെ തുറിച്ചു നോക്കി... പിന്നെ അവൾക്ക് വാരി കൊടുത്തു.... "ഇനി മതി...." വയറു നിറഞ്ഞപ്പോൾ അവന്റെ കൈ തടഞ്ഞു കൊണ്ട് അവൾ പറഞ്ഞു... "ന്നാ ഈ വെള്ളം കുടിക്ക്..." ഒരു ഗ്ലാസ്‌ വെള്ളം അവൻ അവൾക്ക് കൊടുത്തു... "മ്മ്..." തലയാട്ടി കൊണ്ട് അവൾ രണ്ട് കൈകൊണ്ടും ഗ്ലാസ് പിടിച്ചു ചുണ്ടോ ചേർത്തു.... ബദ്രി കഴിക്കാൻ തുടങ്ങി... ഇച്ചുവും ശങ്കറും ഇടം കണ്ണിട്ട് അവനെ നോക്കി.... "കിണ്ണാ....." കഴിച്ചു കൊണ്ടിരിക്കുന്ന നേരം അച്ചു വിളിച്ചു... "എന്താ...??" "അച്ചൂ... മുറ്റത്ത്‌ പോയി കളിക്കട്ടെ..." "മ്മ്...." അവൻ ഒന്ന് തലയാട്ടി... "അച്ചൂനെ ഒറ്റക്ക് ആക്കി പോവൂലല്ലോ...??" അവൾ ചുണ്ട് ചുള്ക്കി കൊണ്ട് ചോദിച്ചു... "ഇല്ല കൊച്ചേ... പോയി കളിക്കേണ്ട കിടക്കേ... എന്താച്ചാ ചെയ്തോ.." "ആഹ്....." ഇരുന്നിടത്ത് നിന്ന് ചാടി എണീറ്റ് അവൾ പുറത്തേക്ക് ഓടി... "സൂക്ഷിച്ച്......" ഇറങ്ങി ഓടിയ അവളെ നോക്കി കരുതലോടെ അവൻ വിളിച്ചു പറഞ്ഞു.....

പിന്നെ ചിരിച്ചു കൊണ്ട് ഭക്ഷണം കഴിക്കാൻ തുടങ്ങി.... "കണ്ണാ...ഇന്നും നാളെയും അപ്പൂന് ക്ലാസില്ല... മറ്റന്നാൾ മുതൽ എന്ത് ചെയ്യും ഇവളെ...?? രാമച്ചൻ വന്നത് കൊണ്ട് നമുക്ക് എന്തേലും പണി കിട്ടും...അച്ചൂനെ ഈ വീട്ടിൽ ഒറ്റക്ക് ആക്കാൻ പറ്റില്ലല്ലോ...??" ശങ്കർ പറഞ്ഞത് കേട്ട് ബദ്രി മുഖം ഉയർത്തി അവനെ നോക്കി... "ശങ്കരൻ പറഞ്ഞതിലും കാര്യമുണ്ട് കണ്ണാ... ഒന്നാമതെ തലക്ക് സുഖമില്ലാത്ത കൊച്ചാ.... അതും ഒരു പെൺകുട്ടി...." ഇച്ചുവും ഗൗരവത്തോടെ ആയിരുന്നു.. "ഞാൻ വേണേൽ ക്ലാസ് പോകാതെ ഇരിക്കാം.... എനിക്കിപ്പോ പോകണം എന്ന് നിർബന്ധമില്ല.... ഞാൻ ഈ വീടും അച്ചുമ്മയേയും നോക്കി ഇവിടെ കഴിഞ്ഞോളം...." ബദ്രിക്ക് ചോറ് വിളമ്പി കൊടുത്തു കൊണ്ട് അപ്പു നിഷ്കു ഭാവത്തിൽ പറഞ്ഞു... "വാ അടച്ചിരുന്നോ ലുട്ടാപ്പി... കൈ മടക്കി ഒന്നങ്ങ് തരും ഞാൻ....." ബദ്രി ചാടി എണീറ്റ് കൊണ്ട് പറഞ്ഞതും അപ്പു പുറകിലേക്ക് നീങ്ങി നിന്നു കൊണ്ട് അവനെ കൂർപ്പിച്ചു നോക്കി.. "തനിക്ക് ഇതൊന്നും കിട്ടിയാൽ പോരടോ.... പോലീസിന്റെ ഇടിയും കൊണ്ട് ഇഞ്ച പരുവം ആയാലും എന്റെ മേൽ കുതിര കയറാൻ വന്നോണം...."

അവൻ ദേഷ്യത്തോടെ പിറു പിറുത്തു കൊണ്ട് ശങ്കർ കഴിച്ചു കൊണ്ടിരുന്ന പ്ലേറ്റും എടുത്തു അടുക്കളയിലേക്ക് പോയി... "എടാ ഞാൻ മുഴുവൻ കഴിച്ചില്ല..." ശങ്കർ വിളിച്ചു പറഞ്ഞു... "ഇനി വീട്ടിൽ പോയി കഴിക്കട.... അങ്ങനെ ഞാൻ വെച്ച് വിളമ്പിയത് കഴിച്ച് എന്നെ സ്കൂളിൽ വിട്ട് ബുദ്ധി മുട്ടിക്കാം എന്ന് ആരും കരുതണ്ട...." അടുക്കളയിൽ നിന്ന് അപ്പുക്കുട്ടൻ വിളിച്ചു പറയുന്നുണ്ടായിരുന്നു.... ശങ്കർ അറിയാതെ ചിരിച്ചു പോയി.... ടേബിളിൽ ഇരുന്ന പപ്പടം എടുത്തു വായിൽ ഇട്ടു... ചോറ് കഴിക്കുമ്പോഴും ബദ്രിയുടെ ചുണ്ടിലും ഒരിളം പുഞ്ചിരി ഉണ്ടായിരുന്നു...  "നിനക്ക് തോനെ വെള്ളം തരാവെ.. അച്ചൂന് നാളെ കൊറേ പൂ തരണം....." മുറ്റത്തെ ചെടികളോടെ കിന്നാരം പറഞ്ഞു കൊണ്ട് വെള്ളമൊഴിക്കുകയായിരുന്നു അച്ചു... "നിനക്ക് വിശക്കുന്നുണ്ടോ...??" പുതുതിയായി അവൾ തന്നെ വെച്ച് പിടിപ്പിച്ച ചെമ്പരത്തി കൊമ്പിനോട്‌ കുശലം അന്വേഷിക്കുന്നുണ്ടവൾ..... ചെമ്പരത്തി മാത്രമല്ല മുറ്റത്തും പറമ്പിലും നിന്നിരുന്ന പുല്ലുകൾ പോലും പുള്ളിക്കാരി കുറച്ചു നേരം കൊണ്ട് പറിച്ചു നട്ടു....

"ആഹാ ഇതാരോടാ ഈ സംസാരിക്കണേ...." കളിക്കാൻ എന്നും പറഞ്ഞു പുറത്തേക്ക് വന്നവളെ കാണാതെ വന്നപ്പോൾ അന്വേഷിച്ചു വന്നതാണ് ബദ്രി..... അവൾ തിരിഞ്ഞു നോക്കി... ചിരിയോടെ അവളെ നോക്കി നിൽക്കുന്ന ബദ്രി കണ്ടപ്പോൾ അവൾ ഉണ്ടകണ്ണുകൾ ചിമ്മി കാട്ടി... "കിണ്ണാ ഇങ്ങ് വാ...." അവൾ അവനെ കൈ മാടി വിളിച്ചു.. ബദ്രി ചിരിയോടെ അവൾക്കടുത്തേക്ക് ചെന്നു.... "ഞാനെ... ഞാനില്ലേ കിണ്ണ ഇവർക്ക് ഒക്കെ വെള്ളം കൊടുക്കുവായിരുന്നു...." അവൾ കൊഞ്ചി കൊണ്ട് പറഞ്ഞു.. ബദ്രി അവൾ നട്ട ചെടികൾ എല്ലാം നോക്കി... കുറെ കൊമ്പും ചില്ലയും പിന്നെ പുല്ലുകളും... അത് കണ്ട് അവൻ ചിരിച്ചു പോയി... "നല്ല രസല്ല്യേ...." അവൾ കണ്ണുകൾ വിടർത്തി കൊണ്ട് ചോദിച്ചു.... "മ്മ്... കൊള്ളാം...." അവൻ പുഞ്ചിരിയോടെ തലയാട്ടി... അപ്പോഴാണ് അവളുടെ മുഖം അവൻ ശ്രദ്ധിച്ചത്.... നെറ്റിയിലും കവിളിളും മണ്ണ് പറ്റിയിരിക്കുന്നു.... ഇട്ടിരുന്ന ഷർട്ടിലും പാവാടയിലും ചെളി..... "അയ്യോടാ.... ഡ്രെസ്സിലാകെ മണ്ണായല്ലോ...." അവളെ നോക്കി കൊണ്ട് അവൻ പറഞ്ഞതും... അച്ചു ചുണ്ട് പിളർത്തി കൊണ്ട് ഡ്രെസ് നോക്കി....

പിന്നെ എന്തോ ഓർത്തപോലെ ചിരിച്ചു.. "അതിന് അച്ചൂട്ടി ഇന്ന് കുളിച്ചില്ലല്ലോ....??" നാവ് പുറത്തേക്ക് ഇട്ട് കൊണ്ട് അവൾ കൊഞ്ചി കൊണ്ട് പറഞ്ഞതും അവനും ചിരിച്ചു.. "അച്ചു എപ്പഴാ അച്ചൂട്ടി ആയെ.. മ്മ്...." "ഞാൻ അച്ചുവാ.... കിണ്ണന്റെ അച്ചൂട്ടി.. അല്ലേ കിണ്ണാ..." "ഓഹ്.. ശെരി... ഇനി മതി... ചെന്ന് കുളിക്കാൻ നോക്ക്... നേരം സന്ധ്യ ആവറായി....." അവൻ അവളെ പിടിച്ചെഴുനേൽപിച്ചു.... രണ്ട് പേരും കൂടി അകത്തേക്ക് കയറി... ഇച്ചുവും ശങ്കറും അപ്പുവും ഹാളിലെ നിലത്ത് അങ്ങിങായി കിടപ്പുണ്ട്... മൂന്നും ഫോണിൽ നോക്കി കിടപ്പാണ്.... അവരെ ഒന്ന് നോക്കി കൊണ്ട് ബദ്രി അച്ചൂനേം കൂട്ടി റൂമിലേക്ക് പോയി.... "പോയി കുളിച്ച് വാ..." ബാത്‌റൂമിന്റെ ഡോർ തുറന്നു കൊടുത്തു കൊണ്ട് അവൻ പറഞ്ഞു.. അച്ചു അവന്റെ ഷർട്ടിൽ പിടിച്ചു... "കിണ്ണൻ പോവൂലല്ലോ...." "ഇല്ല കൊച്ചേ... പോയി കുളിക്ക്... ദാ ഈ ഡ്രസ്സ്‌ ഇട്ടോ....." അച്ചു ഡ്രസ്സ്‌ വാങ്ങി കുളിക്കാൻ കയറി.... "കിണ്ണാ......!" കുളിക്കുന്നതിന്റെ ഇടക്ക് അവൾ വിളിക്കുന്നുണ്ടായിരുന്നു... "ആ... ഇവിടുണ്ട്....?" അവൻ മറുപടി കൊടുത്തു കൊണ്ട് ബെഡിൽ ഇരുന്നു...

അച്ചു പെട്ടന്ന് തന്നെ കുളി കഴിഞ്ഞ് തല പോലും തോർത്താതെ ഓടി വന്നു... കുസൃതിയോടെ അവന് മുന്നിൽ ചെന്ന് നിന്നു.... അവളെ ഒന്ന് കൂർപ്പിച്ചു നോക്കിയ ശേഷം അവൾ തോർത്ത്‌ എടുത്തു തല തുവർത്തി കൊടുത്തു... "ഹച്ചി......" ഇടക്ക് അവൾ തുമ്മി കൊണ്ട് അവനെ നോക്കി ഇളിച്ചു... "ഈ നേരത്ത് കുളിച്ചത് കൊണ്ടാവും....." ശകാരത്തോടെ പറഞ്ഞു കൊണ്ട് അവൻ മേശ വലിപ്പിൽ നിന്ന് രാസ്നാദി പൊടിഎടുത്തു നെറുകയിൽ തിരുമ്മി കൊടുത്തു... കൈ കൊണ്ട് അവളുടെ നീളൻ മുടി കോതി ഒതുക്കി കൊടുത്തു... "മുടി ഒന്നുണങ്ങിയിട്ട് കെട്ടി വെക്കാം.. കേട്ടോ.... " "മ്മ്....." അവൾ തലയാട്ടി.... "എന്നാലേ നീ പോയി അപ്പൂന്റെ അടുത്ത് ഇരിക്ക്... ഞാനും പോയി കുളിച്ചിട്ട് വരാം...." "അച്ചു ഇവിടെ ഇരുന്നോളം...." അവൾ ബെഡ് ചൂണ്ടി കൊണ്ട് പറഞ്ഞു.. "വേണ്ട... അപ്പൂന്റെ അടുത്ത് പോയിരുന്നോ..?? " "കിണ്ണൻ വേഗം വരുവോ...??" അവൾ വിതുമ്പി കൊണ്ട് ചോദിച്ചു... "ഞാൻ നാട് വിടുകയല്ലേ കുളിക്കാനാ കൊച്ചേ....ഇപ്പൊ വരാം...." അത്രയും പറഞ്ഞു കൊണ്ട് അവൻ ബാത്‌റൂമിൽ കയറി ഡോർ അടച്ചു.... 

"എന്താ കാണണേ... അപ്പൂട്ടാ....??" നിലത്ത് ഫോണിലും നോക്കി കിടക്കുന്നത് അപ്പൂന്റെ അടുത്ത് മുട്ട് കുത്തിയിരുന്നു കൊണ്ട് അച്ചു ചോദിച്ചു... "ഗെയിം കളിക്കുവാ... കാണണോ...??" അവൻ ചിരിയോടെ ചോദിച്ചു... "മ്മ്...." അവൾ വേണം എന്നാ രീതിയിൽ തലയാട്ടി.... അപ്പു എഴുനേറ്റ് അവൾക്ക് കൂടെ കാണാൻ പറ്റാവുന്ന രീതിയിൽ ഫോൺ പിടിച്ചു.... അച്ചു അതിലേക്ക് എത്തി നോക്കി... അപ്പോഴാണ് മുറ്റത്ത്‌ ഒരു കാർ വന്ന് നിന്നത് അറിഞ്ഞത്.... അപ്പു സംശയത്തോടെ നോക്കാൻ എഴുന്നേറ്റതും ആരോ അകത്തേക്ക് കയറി വന്നിരുന്നു.... "കണ്ണാ....." അകത്ത് ആരെയും ശ്രദ്ധിക്കാതെ ചുറ്റും നോക്കി വിളിക്കുന്ന ആ സ്ത്രീയെ കണ്ടതും അപ്പു പുഞ്ചിരിച്ചു... കണ്ണേട്ടന്റെ അമ്മ...!!! അവൻ പത്മയെ നോക്കി ചിരിച്ചു.. "അപ്പു അവനെവിടെ...??" അപ്പൂന് നേരെ തിരിഞ്ഞു ആവലാതിയോടെ പത്മ ചോദിച്ചു... അപ്പോഴാണ് അവർ അച്ചൂനെ കണ്ടത്.... "ഏതാ ഈ കുട്ടീ.." അവർ സംശയത്തോടെ അച്ചൂന്റെ അടുത്തേക്ക് ചെന്നതും.. "കിണ്ണാ......" അച്ചു പേടിയോടെ ബദ്രിയുടെ റൂമിലേക്ക് ഓടി.... കുളി കഴിഞ്ഞിറങ്ങിയതെ ഉണ്ടായിരുന്നൊള്ളൂ ബദ്രി....

അച്ചു ഓടി വന്ന് അവന്റെ നഗ്നമായ നെഞ്ചിലേക്ക് പറ്റിച്ചേർന്നു.... പെട്ടന്ന് ആയത് കൊണ്ട് അവൻ ഞെട്ടി... "എന്താ .. എന്ത് പറ്റി..." അവളെ അടർത്തി മാറ്റി കൊണ്ട് അവൻ ചോദിച്ചു... "അവിടെ. അവിടെ ഒരാൾ...." അവന്റെ നെഞ്ചിൽ മുഖം അമർത്തി അവൾ പുറകിലേക്ക് ചൂണ്ടി.. "അവിടെ ആരാ...??" അവൻ അവളെ ചേർത്ത് പിടിച്ചു... പെട്ടന്നാണ് പത്മ അകത്തേക്ക് കയറി വന്നത്... ബദ്രിയോട് ചേർന്ന് നിൽക്കുന്ന അച്ചൂനെ കണ്ടതും അവർ മുഖം ചുളിച്ചു.... ബദ്രി ഒന്ന് പതറി.... അച്ചൂനെ പിടിച്ചു മാറ്റാൻ നോക്കി.... "ഏതാ ഈ കുട്ടി കണ്ണാ...." അവർ ബദ്രിയോട് ചോദിച്ചു... "അത്... അമ്മേ... ഇത്...." ബദ്രി വാക്കുകൾക്കായ് പരതി ഒപ്പം അച്ചൂനെ പിടിച്ചു മാറ്റാൻ നോക്കി... അച്ചു പത്മയെ നോക്കാതെ ബദ്രിയെ ചുറ്റി പിടിച്ചു... "പേടിക്കണ്ട..ഇതെന്റെ അമ്മയാ... പാവാട്ടോ..." അച്ചൂന്റെ നെറുകയിൽ തലോടി കൊണ്ട് പറഞ്ഞു... അച്ചു മുഖം ഉയർത്തി അവനെ നോക്കി... "ആണോ...??" "മ്മ്.... നല്ല അമ്മായാ.. അച്ചൂനെ പോലെ പാവാണ്‌..." അത് കേട്ട് അച്ചു തല ചെരിച്ച് പത്മയെ നോക്കി.... "വയ്യാത്ത കുട്ടിയ അമ്മേ...." ബദ്രി പത്മയോട് പറഞ്ഞു..... "അമ്മ ഹാളിൽ ഇരിക്ക്... ഞാൻ ഷർട്ട്‌ ഇട്ടിട്ട് വരാം...അച്ചൂ നീയും പൊക്കോ." "ഞാൻ പോവൂല..." അവൾ അവനെ ചുറ്റി പിടിച്ചു.. ഇവളെ കൊണ്ട്....

ബദ്രി പല്ല് ഞെരിച്ചു കൊണ്ട് അച്ചൂനെ നോക്കി.. "ഞാനിപ്പോ വരാം അമ്മേ...." ബദ്രി അതും പറഞ്ഞു ഷർട്ട്‌ എടുക്കാൻ തിരിഞ്ഞതും അവനെയും ചുട്ടിപിടിച്ചു കൊണ്ട് അച്ചുവും നടന്നു..... പത്മ അവരെ നോക്കിയ ശേഷം പുറത്തേക്ക് ഇറങ്ങി....  "എന്തെ അമ്മക്കുട്ടി.. ഇപ്പൊ ഇങ്ങനെ ഒരു വരവ്...??" അമ്മയുടെ മടിയിലേക്ക് തലചായ്ച്ചു കൊണ്ട് ബദ്രി ചിരിയോടെ ചോദിച്ചു... "ഞാൻ അറിഞ്ഞു എല്ലാം... നീ അഭിനയിക്കേണ്ട...കണ്ണൊക്കെ വിങ്ങിയിരിക്കുന്നു... നല്ല വേദന ഉണ്ടോടാ കുഞ്ഞാ...." ചോദിക്കുമ്പോൾ പത്മയുടെ കണ്ണുകൾ ഈറനണിഞ്ഞു.... ബദ്രി ഒന്ന് കണ്ണ് ചിമ്മി കാണിച്ചു... "നീ ചിരിച്ചോ...ഓരോ ദിവസവും ഓരോ പ്രശ്നങ്ങൾ.... എന്റെ നെഞ്ചാ പിടയുന്നത്...??.." "ഞാൻ പ്രശ്നം ഉണ്ടാക്കുന്നതല്ലല്ലോ അമ്മേ.. ഇങ്ങോട്ട് വരുന്നതല്ലേ...." "അതിരിക്കട്ടെ ഏതാ ഈ കുട്ടീ...." ബദ്രിയുടെ അടുത്ത് ഇരുന്നു അവന്റെ ഫോണിൽ നോക്കുന്ന അച്ചൂനെ നോക്കി പത്മ ചോദിച്ചു.. "അറിയില്ല അമ്മ... എന്റെ അടുത്ത് വന്നു ചേർന്നതാണ്..." ബദ്രി എല്ലാ കാര്യങ്ങളും പറഞ്ഞു... "ഈ കുട്ടിയെ ഇവിടെ ഇങ്ങനെ നിർത്താനാണോ നിന്റെ തീരുമാനം... നാട്ടുകാർ എന്തൊക്കെയ പറയാന്ന് അറിയോ...??" എല്ലാം കേട്ട ശേഷം പത്മ ചോദിച്ചു... "ഇനിയിപ്പോ പറയാൻ ഒന്നുമില്ല അമ്മേ....."

അവൻ ചിരിയോടെ അവരുടെ മടിയിലേക്ക് മുഖം അമർത്തി.... പത്മ അവന്റെ നെറുകയിൽ തലോടി... "ഞാൻ... പോട്ടേ... അദ്ദേഹത്തോട് പറയാതെ വന്നിരിക്കുന്നത്....." "ഓ... ഒരു അദ്ദേഹം... അമ്മ എന്തിനാ അമ്മേ അയാളെ കല്യാണം കഴിച്ചത്....??.." അവൻ കുറുമ്പോടെ ചോദിച്ചു... "കണ്ണാ....." പത്മ ശാസനയോടെ വിളിച്ചു... "ഓ... ഭർത്താവിനെ ഒന്നും പറയാൻ പാടില്ലല്ലോ....അമ്മക്ക് എന്റെ കൂടെ ഇവിടെ നിന്നൂടെ... ഞാൻ നോക്കില്ലേ അമ്മയെ..." പത്മ ഒന്ന് ചിരിച്ചതെ ഒള്ളൂ... "കഴുത്തിൽ താലികെട്ടിയ ആളാണ്... അങ്ങനെ ഇട്ടെറിഞ്ഞു വരാൻ പറ്റുവോ...?? നിന്റെ അച്ഛനല്ലേ...." ചെറു ചിരിയോടെ പറഞ്ഞു കൊണ്ട് മുഖം കുനിച്ചവന്റെ നെറ്റിയിൽ ഒരുമ്മ കൊടുത്തു പത്മ.... ഒരിരമ്പലോടെ രാമനാഥന്റെ കാർ വീട്ടു മുറ്റത്ത്‌ വന്ന് നിന്നു.... "രാമച്ചൻ...." ബദ്രി പുഞ്ചിരിയോടെ എഴുനേറ്റു നിന്നു... "ഞാൻ പോട്ടേ മോനെ... നേരം ഒരുപാട് ആയി...??" പത്മ അതും പറഞ്ഞു പേഴ്‌സ് എടുത്തു കയ്യിൽ പിടിച്ചു.... പടികൾ ഇറങ്ങവെ പടി കയറി വന്ന രാമനാഥനെ ഒന്ന് നോക്കി.... ഒരു ചെറു ചിരി ചിരിച്ചു... അയാൾ തിരിച്ചും..... അത് കണ്ടതും ശങ്കർ ഇച്ചൂന്റെ അടുത്തേക്ക് നീങ്ങി നിന്ന് അവന്റെ ചെവിയിൽ പറഞ്ഞു.. "പഴയ കാമുകിയെ കണ്ടപ്പോൾ രാമച്ചന്റെ മുഖത്തെ തിളക്കം കണ്ടാ....."..................തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story