ഈ മഴയിൽ....❤️ പാർട്ട്‌ 13

ee mazhayil

എഴുത്തുകാരി: ✍ ആൻവി

"എ... എവിടെ....??" അവന്റെ ശബ്ദം തൊണ്ടയിൽ കുരുങ്ങി.... "ദേ.... അവിടെ... അമ്പിളിമാമന്റെ ഇപ്രത്ത്...." അമ്പിളി മാമന്റെ അടുത്തേക്ക് ചൂണ്ടി അവൾ കള്ളചിരി ചിരിച്ചു... "അച്ചുമ്മയുടെ ആഗ്രഹമല്ലേ കിണ്ണേട്ട... അല്ല കണ്ണേട്ടാ...അങ്ങ് സാധിച്ചു കൊടുക്കന്നെ...." ഉമ്മറ പടിയിൽ ഇരുന്നു ഗെയിം കളിച്ചു കൊണ്ടിരുന്ന അപ്പു പറഞ്ഞു... ബദ്രി അവനെ ഒന്ന് തുറിച്ചു നോക്കിക്കൊണ്ട് മുറ്റത്ത്‌ ആടി പാടി നടക്കുന്ന അച്ചൂനെ പിടിച്ചു വെച്ചു.... "ഊഞ്ഞാലൊക്കെ കെട്ടി തരാം.... ആദ്യം ചോറ് മുഴുവൻ കഴിക്കണം...സമ്മതിച്ചോ...??" ഗൗരവത്തോടെ അവൻ ചോരുരുള അവൾക്ക് നേരെ നീട്ടി കൊണ്ട് ചോദിച്ചു.. "ചോറ് തിന്നാ ഊഞ്ഞാല് കെട്ടിതരുവോ...." ഇരു പുറവും പിന്നിയിട്ട മുടിയിൽ പിടിച്ചാട്ടി കൊണ്ട് കൊഞ്ചലോടെ അവളും ചോദിച്ചു... "മ്മ്.... കെട്ടിതരാം...." "ഹേ.....!!!" ബദ്രിയുടെ പറച്ചിൽ കേട്ട് അപ്പു അന്തം വിട്ടു... "ഇതിലിപ്പോ ആർക്കാ തലക്ക് കുഴപ്പം...?? ഇങ്ങേര് ഇത് എങ്ങനെ കെട്ടാനാ..." അപ്പു താടിക്കും കൈ കൊടുത്ത് ആലോചിച്ചു... "അച്ചൂനെ പറ്റിക്കരുത്...." "ഏയ്‌... ഇല്ലാ... എന്നെ വിശ്വാസം ഇല്ലേ...??"

അവൻ അവൾ ചെയ്യുന്ന പോലെ ചുണ്ട് പിളർത്തി കൊണ്ട് ചോദിച്ചു... "മ്മ്...." അവൾ തലയാട്ടി... "എന്നാ വാ തുറക്ക്...." മടിയൊന്നും കൂടാതെ അവൾ വാ തുറന്നു.... അവളെ പിടിച്ചു പടിയിൽ ഇരുത്തി അവനും ഒപ്പം ഇരുന്നു.... പ്ലേറ്റിലുള്ള ചോറ് മുഴുവൻ വാരി കൊടുത്തു... "അപ്പു....ആ വെള്ളം ഇങ്ങ് എടുത്തേ..." അപ്പു എഴുനേറ്റു ചാരു പടിയിൽ ഇരുന്ന് ഗ്ലാസ് എടുത്തു കൊടുത്തു... "ഇനി ഊഞ്ഞാല് കെട്ടി താ കിണ്ണാ...." ആവേശത്തോടെ അതും പറഞ്ഞു ഷോൾഡറിൽ മുഖത്തേ വെള്ളം തുടക്കാൻ ഒരുങ്ങിയ അവളെ അവൻ തടഞ്ഞു.... ഒന്നും പറയാൻ നിൽക്കാതെ ഉടുത്തിരുന്ന കാവിമുണ്ടിന്റെ അറ്റം കൊണ്ട് അവന്റെ ചുണ്ടെല്ലാം തുടച്ചു കൊടുത്തു.... "മരുന്നുണ്ട് കുടിക്കാൻ... അത് കഴിഞ്ഞിട്ട് ഊഞ്ഞാൽ കെട്ടാം... ഇല്ലേൽ നല്ല സ്പീഡിൽ ആടുമ്പോൾ അച്ചൂന് വയ്യാതെ ആയാലോ... നിലത്തേക്ക് വീഴില്ലേ...." അപ്പു കൊണ്ട് കൊടുത്ത മെഡിസിൻസ് ഓരോന്നും പുറത്തേക്ക് എടുത്തു കൊണ്ട് ബദ്രി കാര്യമായി പറഞ്ഞതും.... അച്ചു ഒരു നിമിഷം ചിന്തിച്ചു.. "നല്ല സ്പീഡിൽ ആട്ടുവോ...." കണ്ണുകൾ വിടർത്തി കൊണ്ട് അവൾ ചോദിച്ചു... "മ്മ്... ആട്ടാം.."

ഗുളിക അവളുടെ വായിലേക്ക് വെച്ച് കൊടുത്തു കൊണ്ട് അവൻ പറഞ്ഞു... "എനിക്ക് അമ്പിളി മാമനെ തൊടണം...." "അതിനെന്താ തൊടാലോ... ആദ്യം ഇതൊക്കെ കഴിക്ക്...." "ആം...." തലയാട്ടി കൊണ്ട് അവൾ എല്ലാം കഴിച്ചു... "അപ്പൊ ഇനി ഊഞ്ഞാൽ കെട്ടാം...." ആവേശത്തോടെ അത് പറഞ്ഞത് അപ്പുവായിരുന്നു.... തന്നെ തുറിച്ചു നോക്കുന്ന ബദ്രിയെ നോക്കി ഒന്നിളിച്ചു കൊടുക്കാനും അവൻ മറന്നില്ല.... "നിനക്ക് ഞാൻ കെട്ടിത്തരാം...." ഷർട്ടിന്റെ കൈ തെരുത്തു വെച്ച് ബദ്രി അവനെ നോക്കി പല്ലിറുമ്മി.. "വാ കിണ്ണാ...ഊഞ്ഞാല് കെട്ടാം ..." അച്ചു എഴുനേറ്റ് ബദ്രിയുടെ കയ്യിൽ പിടിച്ചു വലിച്ചു.... "ആഹ്... വരാം നിൽക്ക്...." ബദ്രി എഴുനേറ്റ് മുണ്ട് മടക്കി കുത്തി മുറ്റത്തേക്ക് ഇറങ്ങി നിന്നു.... ആകാശത്തേക്ക് ഒന്ന് നോക്കിയ ശേഷം അച്ചൂനെ നോക്കി... "ഇന്നേതാ ദിവസം അപ്പു....??" ബദ്രി നടുവിനും കൈ കൊടുത്ത് അപ്പൂനോട്‌ ചോദിച്ചു.... "ഇന്ന്.... ഇന്ന് വെള്ളിയാഴ്ച...." അപ്പു ഓർത്തു കൊണ്ട് പറഞ്ഞു... "ആഹാ... വെള്ളിയാഴ്ചയാണോ...?? അച്ചൂ ഇന്ന് വെള്ളിയാഴ്ചയാണെന്ന്...." ബദ്രി അത്ഭുതത്തോടെ അച്ചൂനെ നോക്കി പറഞ്ഞു... "അതിനെന്താ...???"

അച്ചു ഇടുപ്പിൽ കൈ കുത്തി നിന്ന് കൊണ്ട് അവനെ കണ്ണ് കൂർപ്പിച്ചു നോക്കി... "എന്താന്നൊ...?? ദൈവമേ... ഇന്ന് ഊഞ്ഞാൽ കെട്ടാൻ പാടില്ല... അറിയില്ലേ നിനക്ക്... ഇന്ന് ഊഞ്ഞാൽ കെട്ടിയാൽ അത് പൊട്ടി വീഴും... ആകാശം ഇടിയും...." അവൻ പറയുന്നത് കേട്ടതും അവളുടെ ഉണ്ടകണ്ണുകൾ വികസിച്ചു.... "ആണോ....??" "മ്മ്..ശോ... കഷ്ടായി പോയി അല്ലെ അപ്പൂ..."അവൻ സങ്കടത്തോടെ അപ്പൂനെ നോക്കി... "മ്മ്... അതേ അച്ചുമ്മ..." അപ്പുവും സെയിം എക്സ്പ്രഷൻ... അച്ചൂന് അങ്ങ് സങ്കടമായി. "സാരല്ല്യ കിണ്ണാ... നാളെ കെട്ടാം... അച്ചൂന് നാളെ മതി..." വാടിയ മുഖത്തോടെ അവൾ അവന്റെ തോളിലേക്ക് ചാഞ്ഞു.... "അയ്യോ നാളെ പറ്റില്ല.... നാളെ വെള്ളിയാഴ്ച കഴിഞ്ഞ അടുത്ത ദിവസം അല്ലെ..." "അപ്പൊ വെള്ളിയാഴ്ച കഴിഞ്ഞ് അടുത്തത്തിന്റെ അടുത്ത ദിവസം മതി...." കൈകൊണ്ട് ആംഗ്യം കാട്ടി കൊണ്ട് അവൾ പറഞ്ഞു... "നമുക്ക് നോക്കാട്ടോ..അന്ന് പറ്റുമോന്ന്..." "മ്മ്....." അവളൊന്നു തലയാട്ടി... മൂന്ന് പേരും കൂടെ ഉമ്മറ പടിയിൽ ഇരുന്നു... അച്ചു പടിയിൽ ഇരുന്ന് ബദ്രിയുടെ മടിയിലേക്ക് തലചായ്ച്ചു.... അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു...

അപ്പോഴാണ് മുറ്റത്ത്‌ രാമനാഥൻറെ കാർ വന്നു നിന്നത്.... "ആഹാ കുപ്പിയും കൊണ്ട് രാമച്ചൻ എത്തി...." അപ്പു ചാടി എണീറ്റ് കൊണ്ട് പറഞ്ഞു... അച്ചു ബദ്രിയുടെ മടിയിൽ നിന്ന് മുഖം ഉയർത്തി.... "ആഹാ എന്താണ് മൂന്നാളും കൂടെ ഒരു ചർച്ച...." രാമച്ചൻ അവർക്ക് അടുത്തേക്ക് വന്ന് കൊണ്ട് ചോദിച്ചു... "ഏയ്‌... ഞങ്ങൾ ചുമ്മാ...." ബദ്രി പുഞ്ചിരിയോടെ എഴുനേറ്റു.... അച്ചുവും ബദ്രിയോട് ചേർന്ന് നിന്നു... "ആഹാ മോൾക്ക് പേടി ഇതുവരെ മാറിയില്ലേ...?? " അയാൾ പരിഭവത്തോടെ അച്ചൂനെ നോക്കി.... അച്ചു നോക്കിയത് ബദ്രിയെയാണ്.... "പേടിക്കണ്ട അച്ചൂ... രാമച്ചൻ പാവാ..." ബദ്രി പുഞ്ചിരിയോടെ പറഞ്ഞു... അച്ചു ഒന്ന് തലയാട്ടി.... കൈകൾ നീട്ടി രാമച്ചനെ ഒന്ന് തൊട്ടു.... വീണ്ടും ബദ്രിക്കരുകിലേക്ക് പതുങ്ങി... രാമചന് അത് കണ്ട് ചിരി വന്നു.... അയാൾ കയ്യിൽ കരുതിയ മചോക്ലേറ്റ് അവൾക്ക് നീട്ടി.... അച്ചു അത് വാങ്ങി കൊണ്ട് ചിരിച്ചു.... അവളുടെ ചുണ്ടിലെ ചിരി ബദ്രിയിലേക്ക് പടർന്നു.... "ആഹാ ചിരിച്ചല്ലൊ...??" രാമച്ചൻ അവളുടെ കവിളിൽ തട്ടി... "അല്ലെടാ നിന്റെ ബാക്കി വന്നില്ലല്ലോ എപ്പോ എത്തും...??"

കയ്യിലുണ്ടായിരുന്ന സ്കോച്ച്ന്റെ ബോട്ടിൽ അപ്പൂന്റെ കയ്യിൽ കൊണ്ട് അയാൾ ബദ്രിയോട് ചോദിച്ചു... "ഇപ്പൊ എത്തും.. അപ്പോഴേക്കും ഞാൻ പോയി ഗ്ലാസ് ഒക്കെ സെറ്റാക്കട്ടെ...." അപ്പു അകത്തേക്ക് ഓടി... "എടാ നിന്റെ ആ മാങ്ങാകറി എടുത്തേക്കണം ടച്ചിങ്‌സ് ആയിട്ട്...." രാമച്ചൻ വിളിച്ചു പറഞ്ഞത് കേട്ട് അപ്പു തിരിഞ്ഞു നോക്കി... "പിന്നില്ലേ.... എല്ലാം എടുത്തോണ്ട്.. ഞാൻ ദേ വന്നു....." അവൻ തുള്ളി ചാടി കൊണ്ട് പോയി.... "രാമച്ചൻ വാ ..." അതും പറഞ്ഞു ബദ്രി അച്ചൂന്റെ കയ്യും പിടിച്ചു ഉമ്മറത്തേക്ക് കയറി..... അപ്പോഴേക്കും ഇച്ചുവും ശങ്കറും എത്തി.... ശങ്കർ ബുള്ളറ്റിൽ നിന്ന് ചാടി ഇറങ്ങി... "കുപ്പി പൊട്ടിച്ചിട്ടില്ലല്ലോ അല്ലെ...". ശങ്കറിന്റെ ചോദ്യം കേട്ട് രാമച്ചൻ ചിരിച്ചു കൊണ്ട് അവനെ ചേർത്ത് പിടിച്ചു... "വെള്ളവും ഗ്ലാസും അച്ചാറും റെഡി....." അപ്പു എല്ലാം പിടിച്ചു കൊണ്ട് ഉമ്മറത്തേക്ക് വന്നു.... "ഇങ്ങോട്ട് കൊണ്ട് വാടാ അപ്പുകുട്ടാ....." ശങ്കർ അവന്റെ കയ്യിൽ നിന്നും ഗ്ലാസ് എല്ലാം വാങ്ങി ചാരുപടിയിൽ വെച്ചു.... ബദ്രി ചിരിച്ചു കൊണ്ട് അത് നോക്കി നിന്നു.... ഇച്ചു ആണ്‌ ബോട്ടിൽ പൊട്ടിച്ചത്..... ബോട്ടിൽ പൊട്ടിക്കുമ്പോൾ ഉള്ള ശബ്ദം കേട്ടതും അച്ചു അങ്ങോട്ട്‌ നോക്കി... "ഇതെന്താ.....??" അവൾ കൗതുകത്തോടെ ചോദിച്ചു.... "ഇതോ... ഇതൊരു വെള്ളം...." ശങ്കർ ആണ് മറുപടി കൊടുത്തത്....

അച്ചു ബദ്രിയുടെ നെഞ്ചിൽ ചാരി ഇരിക്കുകയായിരുന്നു... "നല്ല രസാണോ... മധുരം ഉണ്ടോ....??" "ഏയ്‌... അത് കൈപ്പാ അച്ചു... ചീത്തയാ..." ബദ്രിയാണ് പറഞ്ഞു കൊടുത്തത്... "ആണോ.... എന്നാ കിണ്ണൻ കുടിക്കേണ്ട കേട്ടോ...." അത് കേട്ടപ്പോൾ ആദ്യം ചിരിച്ചത് അപ്പുവാണ്.... ബദ്രി നാവ് കടിച്ചു കൊണ്ട് അവനെ നോക്കി... രാമച്ചൻ ചിരിച്ചു കൊണ്ട് മദ്യം ഗ്ലാസ്സിലേക്ക് പകർന്നു... ഇച്ചു സോഡയും എടുത്തു ചാരു പടിയിൽ ഇരുന്നു.... അച്ചു ചോക്ലേറ്റ് തിന്നുന്ന തിരക്കിലായിരുന്നു... "അച്ചൂട്ടി റൂമിൽ പോയി കിടന്നോ.... ഉറക്കം വരില്ലേ...??" ബദ്രി തന്നോട് ചേർന്നിരിക്കുന്ന അച്ചൂനോടായി പറഞ്ഞു... "മ്മ്... ഇല്ല്യ...." അവൾ വാശിയോടെ പറഞ്ഞു കൊണ്ട് അവന്റെ തോളിൽ തലചായ്ച്ചു... "ന്നാ... കഴിക്ക്..." രാമച്ചൻ അവന് നേരെ ഗ്ലാസ്‌ നീട്ടി... "എനിക്ക് വേണ്ട രാമച്ചാ... ഇപ്പൊ കഴിച്ചാൽ ശെരിയാവില്ല...." ബദ്രി ചെറു ചിരിയോടെ പറഞ്ഞു... ശങ്കറും രാമച്ചനും കൂടി കുപ്പി പകുതിയാക്കി... "ബദ്രി... നീ കളിയാക്കേണ്ട കുപ്പിയാ ഞങ്ങൾ കഷ്ട്ടപെട്ട് കാലിയാക്കുന്നത്..." ശങ്കർ ഗ്ലാസ്സിലെ മദ്യം വലിച്ചു കുടിച്ചു കൊണ്ട് പറഞ്ഞു....

"അത് ശെരിയാ... ഈ രാമനാഥനാ ഇവന് ആദ്യമായിട്ട് മദ്യം ഒഴിച്ച് കൊടുത്തത്...എന്റെ കയ്യുടെ രാശി...." രാമച്ഛന്റെ നാവ് കുഴഞ്ഞു... "ആദ്യായിട്ട് നാവിൽ ഹരിശ്രീ കുറിച്ചെന്ന് പറയും പോലെ എന്തൊരു അഭിമാനത്തോടെയാ പറയണേ.... ആദ്യായിട്ട് മദ്യം ഒഴിച്ച് കൊടുത്തെന്ന്...." പ്ലേറ്റിലെ അച്ചാർ തോണ്ടി എടുത്തു നുണഞ്ഞു കൊണ്ട് അപ്പു പറഞ്ഞു.. "ആട അഭിമാനം തന്നെയാ.... ബദ്രി... മോനെ കണ്ണാ ...." "ആഹാ രാമച്ചൻ പാമ്പായി...." അപ്പു ചിരിച്ചു കൊണ്ട് ബദ്രിയെ നോക്കി... രാമച്ചൻ നിലത്തേക്ക് മലർന്നു കിടന്നു... ബദ്രി തൂണിൽ ചാരി ഇരിക്കുകയാണ് അവന്റെ നെഞ്ചിൽ ചാരി അച്ചുവും ഇരിക്കുന്നുണ്ട് അവളുടെ ലോകത്ത്... "മോനെ ശങ്കരാ..." "എന്താ രാമച്ചാ...." "നീ ഒരു പാട്ട് പാട്...." അയാൾ നിശ്വസിച്ചു കൊണ്ട് പറഞ്ഞു.. ശങ്കർ തലയാട്ടി കൊണ്ട് ചുമരിൽ ചാരി ഇരുന്നു... ""അവളുടെ തളിരദരങ്ങൾക്ക് മായാത്ത അരുണിമയുണ്ടായിരുന്നു..... ഒട്ടേറെ പറയുവാൻ ദാഹമുണ്ടായിരുന്നു.... മഷിയെഴുതാത്തൊ കരിമിഴിപൂക്കളിൽ... കനവുകൾ ഏറെയുണ്ടായിരുന്നു പ്രണയത്തിൻ മധുരിമയേറെയുണ്ടായിരുന്നു.."""

ശങ്കർ ആസ്വദിച്ചു പാടി... എല്ലാവരും അവന്റെ സ്വരത്തിൽ മുഴുകി ഇരുന്നു.... അച്ചു കയ്യടിച്ചു പാസ്സാക്കി... പിന്നാലെ അപ്പുവും ഇച്ചുവും കയ്യടി... "കയ്യടിക്ക് കിണ്ണാ....." അച്ചു ബദ്രിയുടെ തോളിൽ തട്ടി കൊണ്ട് പറഞ്ഞു... ബദ്രി പുഞ്ചിരിയോടെ കയ്യടിച്ചു... "കണ്ണാ... നാളെ നമുക്ക് ഒരിടം വരെ പോകാം.... ഈ കൊച്ചിനെയും കൂട്ടിക്കോ..??" "എങ്ങോട്ടാ രാമച്ചാ...??" ബദ്രി സംശയത്തോടെ ചോദിച്ചു... "ഇവളെ കൊണ്ടാക്കാൻ ഒരിടം ഉണ്ട്...അവിടെ ഇവൾ സേഫ് ആവും... പിന്നെ അവിടെ തന്നെ ഇവൾക്ക് വേണ്ട ട്രീറ്റ്മെന്റ് കിട്ടും...." ഗൗരവത്തോടെ അയാൾ പറയുന്നത് കേട്ടതും ബദ്രിയുടെ മുഖം വാടി... അപ്പുവിന്റെ മുഖം ഇരുണ്ടു കൂടി... അച്ചൂന് ഒന്നും മനസിലായില്ല.. "അല്ല രാമച്ചാ...ഇവള്...??" "ഇവള് സേഫ് ആവും അവിടെ... പിന്നെ ഒരു പെൺകുട്ടി ഇവിടെ താമസിക്കാന്ന് വെച്ചാൽ പലരും പലതും പറയും.. നിനക്ക് അത് അറിയാഞ്ഞിട്ടാ... ഇപ്പൊ ഞാൻ പറഞ്ഞത് കേട്ടാ മതി.... നിന്റെ നല്ലതിന് വേണ്ടിയാ ഞാൻ പറയണേ...??" "മ്മ്....."ബദ്രി ഒന്ന് മൂളിയതെ ഒള്ളൂ... പിന്നെയും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു അവർ...

അച്ചുവിന്റെ കണ്ണുകളിൽ ഉറക്കം വന്ന് തഴുകി കൊണ്ടിരുന്നു.... എങ്കിലും വാശിയോടെ അവൾ തുറന്നു പിടിച്ചു... "അച്ചൂ....." ബദ്രി അവളെ തട്ടി വിളിച്ചു... അച്ചു അടഞ്ഞു പോകനായ കണ്ണുകളോടെ അവനെ നോക്കി.... ബദ്രി ആരെയും ശ്രദ്ധിക്കാതെ അവളെ കൈകളിൽ കോരി എടുത്തു കൊണ്ട് റൂമിലേക്ക് പോയി.... രാമച്ചൻ അവൻ പോകുന്നത് ഒന്ന് നോക്കി... പിന്നെ എന്തോ ആലോചിച്ചു അങ്ങനെ കിടന്നു... "രാമച്ചൻ ഇപ്പൊ കണ്ണന്റെ അമ്മയെ കുറിച്ചല്ലേ ആലോചിച്ചത്...." ഇച്ചു കളിയാലേ ചോദിച്ചു.... ചെറുതായി നിരച്ചു കാണുന്ന കട്ടി മീശക്കിടയിലൂടെ ഒരു പുഞ്ചിരി തെളിഞ്ഞു നിന്നു.... "കണ്ണന്റെ അമ്മയെ ഇഷ്ടമുള്ളത് കൊണ്ടല്ലേ ഇപ്പോഴും കല്യാണം കഴിക്കാത്തത്...??" ശങ്കർ ആണ്.... "ഇഷ്ട്ടം.... ഇഷ്ടമാണ്... പക്ഷേ സ്വന്തമല്ലെന്ന ബോധമുണ്ടടാ പിള്ളേരെ..." അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു... "നിങ്ങൾക്ക് അങ്ങ് കെട്ടികൂടായിരുന്നോ രാമച്ചാ ആ അമ്മയെ.. അതായിരുന്നെങ്കിൽ പൊളി ആയേനെ...." "മോനെ ഇച്ചൂ... വേണ്ട... വേണ്ട..." അയാൾ മമീശ പിരിച്ചു കൊണ്ട് പറഞ്ഞു..

"കല്യാണ ദിവസംവേണമെങ്കിൽ അവളെ പൊക്കി കൊണ്ട് വന്ന് താലികേട്ടമായിരുന്നു ഈ രാമനാഥന്... പക്ഷേ ചെയ്തില്ല... വിധി അങ്ങനെ ആണെന്ന് തോന്നി.... പുറകിലേക്ക് വലിഞ്ഞു...." അയാൾ നെടുവീർപ്പിട്ടു...  "കിണ്ണാ...." ആ വിളി കേട്ട് ബദ്രി മുഖം ഉയർത്തി നോക്കി... "ആഹാ ഉറങ്ങിയില്ലേ..??" അവളുടെ നെഞ്ച് വരെ പുതച്ചു കൊടുത്തു കൊണ്ട് അവൻ ചോദിച്ചു... ഉറക്കം വിട്ടുമാറാതെ അവൾ പുഞ്ചിരിച്ചു..... ബദ്രി അവൾക്ക് അടുത്ത് ഇരുന്നു..... വാത്സല്യത്തോടെ അവളുടെ നെറുകയിൽ തലോടി... "ഉറങ്ങിക്കോട്ടോ...." "കിണ്ണൻ ഉറങ്ങണില്ലേ...??" "ഞാൻ ഉറങ്ങാം...." അവനും ബെഡിലേക്ക് കിടന്നു.... അവളുടെ മിഴികൾ കൂമ്പി അടഞ്ഞു.... വല്ലാത്തൊരിഷ്ടം തോന്നി അവന്....ഉറക്കത്തിലും ആ മുഖത്ത് കുറുമ്പ് നിറഞ്ഞു നിൽക്കുന്നു... മനസ്സ് അരുത് എന്ന് വിലക്കിയിട്ടും അത് കേൾക്കാതെ ആ കുഞ്ഞു നെറ്റിയിലെ കുറു നിരകൾ വിരൽ കൊണ്ട് വകഞ്ഞു മാറ്റി കൊണ്ട് ഒരു ചുംബനം നൽകി.... കവിളിൽ പതിയെ തട്ടിയുറക്കി....  "എങ്ങോട്ടാ പോണേ.....??" അവളുടെ മുടി കെട്ടി കൊടുത്തു കൊണ്ടിരിക്കുമ്പോൾ ചോദിച്ചു...

"ഒരിടം വരെ...." അത്രയും പറഞ്ഞു കൊണ്ട് ബദ്രി അവളുടെ മുടി പിന്നിയിട്ട് കൊടുത്തു.... അപ്പു മുഖം വീർപ്പിച്ചു വാതിലിൽ ചാരി നിൽക്കുന്നുണ്ടായിരുന്നു... "അപ്പൂട്ടാൻ വരണില്ലേ...??" അപ്പൂന് നേരെ തിരിഞ്ഞു കൊണ്ട് അവൾ ചോദിച്ചു... "അപ്പു വരുന്നില്ല അവന് സ്കൂളിൽ പോകണ്ടേ.... അപ്പൂ നീ പോയെ..." ബദ്രി ശബ്ദം ഉയർത്തി പറഞ്ഞതും അപ്പു ചവിട്ടി തുള്ളി പുറത്തേക്ക് പോയി... ഇച്ചുവും ശങ്കറും കൂടെ വന്നപ്പോൾ അച്ചുവിനെയും കൂട്ടി ബദ്രി പുറത്തേക്ക് ഇറങ്ങി.... "രാമച്ചൻ നമ്മളെ ഫോളോ ചെയ്തു വരാം എന്ന് പറഞ്ഞു... എന്നാ നമുക്ക് ഇറങ്ങിയാലോ..??" ശങ്കർ ജിപ്സിയുടെ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ഇരുന്നു.... "മ്മ്... വാ അച്ചു..." ബദ്രി അച്ചൂനേം കൂട്ടി ബാക്ക് സീറ്റിൽ കയറി.... "കിണ്ണാ.... ദേ അത് വേണം...." മുന്നോട്ടുള്ള യാത്രയിൽ വഴിയരികിലെ പാവകച്ചവടക്കാരനെ കണ്ടവൾ വാശി പിടിച്ചു.... "ഗൗരി വണ്ടി നിർത്ത്...." ബദ്രി ഗൗരവത്തോടെ ആയിരുന്നു പറഞ്ഞത്... ശങ്കർ ബ്രേക്ക്‌ ചവിട്ടി....ബദ്രി വണ്ടിയിൽ നിന്നിറങ്ങി അവൻ ഒരു ചുവന്ന കരടിബൊമ്മയെ വാങ്ങി കൊണ്ട് വന്ന് അച്ചൂന് കൊടുത്തു...

അവളതിനെ നെഞ്ചോട് ചേർത്ത് പിടിച്ചു.... കുറച്ചു മുന്നോട്ട് പോയതും ഒരു വലിയ ഗേറ്റ് കണ്ടു..... വണ്ടിയിൽ നിന്നറങ്ങി അവർ ചുറ്റും നോക്കി... ഒരു ഹോസ്പിറ്റൽ ആണോ വീടാണോ... ഏതാണെന്ന് പറയാൻ കഴിയില്ല.... കുട്ടികൾ മുതൽ പ്രായമായവർ വരെ അവിടെ ഉണ്ടായിരുന്നു... അച്ചു ഇതൊന്നും ശ്രദ്ധിക്കുണ്ടായിരുന്നില്ല... കയ്യിലെ പാവയോട് കളി പറയുന്ന തിരക്കിലായിരുന്നു അവൾ... രാമച്ചൻ അവർക്കടുത്തേക്ക് വന്നു.. ഒപ്പം നാല് സ്ത്രീകൾ കൂടെ ഉണ്ട്... അവരെ കണ്ടതും എന്തോ ഓർത്തപോലെ ബദ്രി അച്ചുവിനെ അവന്റെ കൈക്കുള്ളിലാക്കി.... "ദേ ഇതാ ആള്...." രാമച്ചൻ അച്ചുവിനെ ചൂണ്ടി.... അപ്പോഴാണ് അച്ചു അവളെ കൊണ്ട് പോകാൻ വന്ന സ്ത്രീകളെ കണ്ടത്... അവൾ മുഖം ഉയർത്തി ബദ്രിയെ നോക്കി... "കിണ്ണാ....." അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു... അപ്പോഴേക്കും അവളെ അവനിൽ നിന്ന് പറിച്ചെടുത്തിരുന്നു... "എന്നെ വിട്.... കിണ്ണാ...." അവരുടെ കയ്യിൽ കിടന്നു കുതറുന്നുണ്ടായിരുന്നു അവൾ... ബദ്രി അവൾക്കടുത്തേക്ക് നടന്നതും രാമച്ചൻ അവന്റെ കയ്യിൽ പിടിച്ചു വെച്ചു...

"ഇനി അവൾ പൊക്കോട്ടെ..." രാമച്ചൻ പറഞ്ഞത് കേട്ടപ്പോൾ അവന്റെ നെഞ്ചിനുള്ളിൽ ഒരു പിടച്ചിൽ.... നിലത്ത് മണ്ണ് പറ്റി കിടന്ന പാവയിൽ അവന്റെ കണ്ണുകൾ ഉടക്കി... അവൻ രാമചന്റെ കൈകൾ കുടഞ്ഞു മാറ്റി കൊണ്ട് മുന്നോട്ട് നടന്നു... നിലത്ത് കിടന്ന പാവ കയ്യിൽ എടുത്തു മുന്നോട്ട് നടന്നു.... അകത്ത് കരഞ്ഞു കൊണ്ട് തന്നെ പിടിച്ചു വെച്ചകളിൽ നിന്ന് രെക്ഷപെടാൻ ശ്രമിക്കുകയായിരുന്നു അച്ചു.... ബദ്രിയെ വിളിച്ചു കൊണ്ട് ഉറക്കെ കരയുന്നുണ്ടായിരുന്നു അവൾ.... "കിണ്ണാ......" ആ കെട്ടിടത്തിന്റെ വരാന്തയിലൂടെ നടന്നു നീങ്ങവെ ആ വിളി ബദ്രിയുടെ കാതിൽ പതിച്ചു.... അവൻ ദൃതിയിൽ മുന്നോട്ട് ഓടി.... അവിടെ അച്ചുവിനെ സ്‌ട്രെച്ചറിൽ പിടിച്ചു കിടത്തുന്നുണ്ടായിരുന്നു.... അവൻ കാറ്റുപോലെ അവൾക്കടുത്തേക്ക് ഓടി ചെന്ന് അവളെ നെഞ്ചോട് ചേർത്ത് പിടിച്ചു..... വിറച്ചിരുന്ന അവളുടെ ഉടൽ അവന്റെ കൈക്കുള്ളിൽ ഒതുങ്ങി നിന്നു..

. "കിണ്ണാ... അച്ചൂനെ ഇട്ടേച്ചു പോകല്ലേ..." അവൾ അവനെ മുറുകെ പിടിച്ചു..... ബദ്രി ചുറ്റും ക്കൂടി നിന്നവരെ നോക്കി... "എവിടെ കൊണ്ടുപോകുവാ ഇവളെ...??" അവന്റെ ശബ്ദം ഉയർന്നു... "ഈ കുട്ടി വല്ലാതെ വൈലന്റ് ആയിരുന്നു.... ഒരു സ്റ്റാഫിനെ കടിച്ചു...ഷോക്ക് അടിപ്പിക്കാൻ കൊണ്ട് പോകുവാ..." അത് കേട്ടതും ബദ്രി അച്ചൂനെ പൊതിഞ്ഞു പിടിച്ചു... "കണ്ണാ..."രാമച്ചൻ അവനടുത്തേക്ക് ഓടി വന്നു... "നീ എന്താ ഈ ചെയ്യുന്നേ...ഇങ്ങ് വാ....." "ഇവര് പറഞ്ഞത് കേട്ടോ... ഇവളെ ഷോക്ക്..." അവന്റെ വാക്കുകൾ മുറിഞ്ഞു ദേഷ്യത്തോടെ അവിടുത്തെ സ്റ്റാഫിനെ നോക്കി... "കണ്ണാ അതൊക്കെ ട്രീറ്റ്മെന്റിന്റെ ഭാഗമല്ലേ... നീ വാ...." രാമച്ചൻ അവനെ പിടിച്ചു വലിച്ചു... "കണ്ണാ വരാൻ...ഇവളെ എന്ത് ചെയ്യാനാ നിന്റെ പ്ലാൻ...ഈ കുട്ടിയെ നീ കൂടെ നിർത്തിയാൽ നാട്ടുകർ എന്തൊക്കെയാ പറയാന്ന് അറിയോ നിനക്ക്...." "നാട്ടുകാർ എന്തേലും പറയട്ടെ.... ഇവളെ ഞാൻ നോക്കിക്കോളാം...."...............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story