ഈ മഴയിൽ....❤️ പാർട്ട്‌ 19

ee mazhayil

എഴുത്തുകാരി: ✍ ആൻവി

"അച്ചൂന്റെ പൂ വാങ്ങിക്ക് കിണ്ണാ......" അവന്റെ നെഞ്ചോരം ചേർന്ന് നിന്ന് പറയുമ്പോൾ ആ കുറുമ്പി പെണ്ണിന്റെ ശബ്ദം ഇടറി... "അയ്യോടാ... സോറി.... ഇങ്ങ് തന്നേക്ക്...." ബദ്രി കൊഞ്ചലോടെ അവൾക്ക് നേരെ കൈനീട്ടി.... വിടർന്ന കണ്ണുകളോടെ അവൾ ആ പൂക്കൾ അവന്റെ കയ്യിൽ വെച്ച് കൊടുത്തു.... ബദ്രി അവളുടെ നോക്കി പുഞ്ചിരിച്ചു..... സ്നേഹത്തോടെ നെറുകയിൽ തലോടി... അമ്മാളു അപ്പോഴും അവരെ നോക്കി നിൽക്കുകയായിരുന്നു... "ഇവളാരാ കണ്ണേട്ടാ...??" അമ്മാളുവിന്റെ ചോദ്യം കേട്ടാണ് ബദ്രി അച്ചുവിൽ നിന്ന് നോട്ടം മാറ്റിയത്.... സംശയത്തോടെ അച്ചൂനെ നോക്കുന്ന അമ്മാളുവിനെ നോക്കി ചിരിച്ചു കൊണ്ട് ബദ്രി... കയ്യിലേ ചെമ്പരത്തി പൂക്കളെയും അരികിൽ തന്നോട് ചേർന്ന് നിന്ന അച്ചുവിനെയും ഒരു പോലെ നെഞ്ചോട് ചേർത്ത് പിടിച്ചു... "ഇത്... ഇത് ഞങ്ങളുടെ അച്ചു... ഈ വീട്ടിലേ പുതിയ അംഗം..." തന്റെ നെഞ്ചോട് ചേർന്ന് നിന്ന അച്ചുവിനെ നോക്കിയായിരുന്നു ബദ്രി അത് പറഞ്ഞത്... അമ്മാളുവിന്റെ മുഖം ചുളിഞ്ഞു.. "കിണ്ണന്റെ അച്ചൂട്ടി.. അല്ലെ കിണ്ണാ...." അത് പറയുമ്പോൾ കുട്ടിത്തം തുളുമ്പി നിൽക്കുന്ന അവളുടെ മുഖം കയ്യിലിരിക്കുന്ന ചെമ്പരത്തി പ്പൂ പോൽ ചുവന്നിരുന്നു... ബദ്രി അച്ചുവിനെ നോക്കി കണ്ണ് ചിമ്മി.... "ഇവൾക്ക് ഭ്രാന്താണോ.…??"

പെട്ടന്നുള്ള അമ്മാളുവിന്റെ ചോദ്യം കേട്ടതും ബദ്രിയുടെ മുഖത്തെ ചിരി മാഞ്ഞു... അവൻ അലിവോടെ അച്ചുവിനെ നോക്കി.... അവൾ അതൊന്നും ശ്രദ്ധിച്ചിരുന്നില്ല.... ചെമ്പരത്തി പൂവിന്റെ ഇതളുകളുടെ ഭംഗി ആസ്വദിക്കുകയാണ്... "അച്ചു... അകത്ത് പോയി ഇരിക്ക്... ഞാനിപ്പൊ വരാം ..." ആ ചോദ്യം കേട്ട് അച്ചു മുഖം ഉയർത്തി അവനെ നോക്കി... "ഇല്ല... പോവൂല...." അവനെ ചുറ്റി പിടിച്ചു കൊണ്ട് അവൾ അവളെ നോക്കി നിൽക്കുന്ന അമ്മാളുവിനെ നോക്കി ചുണ്ട് കൂർപ്പിച്ചു.... "ഞാനിപ്പോ വരാം അച്ചൂ..." ബദ്രി ശബ്ദം താഴ്ത്തി പറഞ്ഞു.. "മ്മ്ഹ്ഹ്...." അവന്റെ നെഞ്ചിൽ മുഖം അമർത്തി കൊണ്ട് നിഷേധത്തിൽ മൂളി... "ദേ... പറഞ്ഞാൽ അനുസരിക്കാത്ത അച്ചുവിനെ എനിക്കിഷ്ടല്ലാട്ടോ... നല്ല കുട്ടിയല്ലേ...." സ്വരം ഉയർത്തി പറഞ്ഞു തുടങ്ങി കൊണ്ട് അവൻ സൗമ്യമായി പറഞ്ഞു നിർത്തി.... "വേഗം വരുവോ...??" വിതുമ്പാൻ വിങ്ങി നിൽക്കുന്നുണ്ടായിരുന്നു അവളുടെ ചെഞ്ചുണ്ടുകൾ..... "മ്മ്..... വരാം ..??" "എപ്പോ.....??" ചോദിക്കുമ്പോൾ അവളിൽ നിന്നൊരു തേങ്ങൽ ഉയർന്നു.... "ദേ... പൂക്കളുടെ ഇതളുകൾ എല്ലാം പൊട്ടിച്ചെടുക്കുമ്പോഴേക്കും ഞാൻ വന്നേക്കാം...."

അവൻ കയ്യിലിരിക്കുന്ന ചുവന്ന ചെമ്പരത്തിപൂവിന്റെ ഇതളുകളിൽ തഴുകി... "പൂവിന് വേദനിക്കൂലേ....??" അവളുടെ ഉണ്ടാക്കണ്ണുകൾ അമ്പരപോടെ വിടർന്നു.... "എന്നാ..പൂ കേടു വരുത്തണ്ട.... നമുക്ക് അപ്പൂട്ടൻ വന്നിട്ട് അമ്പലത്തിൽ പോകാം... അപ്പൊ ഈ പൂക്കളൊക്കെ അവിടെ കൊടുക്കാം...." അവളോട് പറയുന്നതിനിടക്ക് ബദ്രി അമ്മാളൂനെ നോക്കി ചിരിച്ചു.... അമ്മാളുവും മുഖത്തൊരു ചിരി വരുത്തി... "ദൈവത്തെ കാണാൻ ആണോ കിണ്ണാ...??" "അതേലോ....കുഞ്ഞ് അകത്ത് ഇരിക്ക് ഞാനിപ്പോ വരവേ...." "മ്മ്...വേഗം വന്നാൽ മതി...." അവന്റെ കയ്യിൽ പൂക്കളൊക്കെ വാങ്ങി നെഞ്ചോട് അടക്കി അവൾ അകത്തേക്ക് ഓടി... "അച്ചൂ പതിയെ പോ...." അവൻ ശാരകത്തോടെ വിളിച്ചു പറഞ്ഞു... അവൾ പോകുന്നത് നോക്കി ചിരിച്ചു കൊണ്ട് അമ്മാളുന് നേരെ തിരിഞ്ഞു.... "മ്മ്... എപ്പോ വന്നു ഭവതി...??" അവൾക്ക് മുന്നിൽ കൈ കെട്ടി ചിരിയോടെ അവൻ ചോദിച്ചു.. "ഇന്ന് രാവിലെ.... വല്യച്ഛൻ കൊണ്ട് വിട്ടു.... അല്ല കണ്ണേട്ടാ ആ പെൺകുട്ടി ഏതാ..??" അകത്തേക്ക് നോക്കി കൊണ്ട് അവൾ ചോദിച്ചു... "ഞാൻ പറഞ്ഞില്ലേ അവള് ഇവിടുത്തെ ന്യൂ മെമ്പർ..."

"അങ്ങനെ അല്ല... കണ്ണേട്ടന്റെ ആരാ...??" അവൾ നെഞ്ചിടിപ്പോടെ ആയിരുന്നു ചോദിച്ചത്... "എന്റെ.... എന്റെ....." പാതിയിൽ പറഞ്ഞു നിർത്തുമ്പോൾ അവന്റെ ചുണ്ടിന്റെ കോണിൽ എന്തിനോ വേണ്ടി ഒരു പുഞ്ചിരി ഉണ്ടായിരുന്നു.... അമ്മാളു അത് കണ്ടിരുന്നു.... "ഈ വഴിയരികിൽ നിന്ന് കുഞ്ഞു പക്ഷികളെ ഒക്കെ കിട്ടില്ലേ അമ്മാളു ആരും ഇല്ലാത്ത പറക്കാൻ കഴിയാത്ത പക്ഷികുഞ്ഞ്....അത്പോലെ ഒരു മഴയത്ത് കളഞ്ഞു കിട്ടിയതാ..." അവൻ പറയുമ്പോൾ അവൾ ശ്രദ്ധിച്ചത് അവന്റെ തിളങ്ങുന്ന കണ്ണുകളെ ആയിരുന്നു..... ഇന്നേവരെ കണ്ടിട്ടില്ലാത്തൊരു തിളക്കം...ആ കണ്ണുകളുടെ ഭാവം അവൾക്ക് മനസിലാകാതെ അവൾ നിന്നു.... "തലക്ക് സുഖംമില്ലേ...?? സംസാരം കേട്ടപ്പോൾ അങ്ങനെ തോന്നി...." "അവൾക്ക് ഒരു കുഴപ്പവുമില്ല..." ബദ്രിയുടെ ശബ്ദത്തിൽ ദേഷ്യം കലർന്നിരുന്നു.... "അല്ല...ഒരാള് വന്നിട്ട് പുറത്ത് നിർത്തുകായാണോ...?? അകത്തേക്ക് ക്ഷണിക്കുന്നില്ലേ...??" വിഷയം മാറ്റാനായി അവൾ ചോദിച്ചു... "തത്കാലം അകത്തേക്ക് ക്ഷണിക്കുന്നില്ല.... വേറൊന്നും കൊണ്ടല്ല.. നീ ഇപ്പോ ഇങ്ങോട്ട് വന്നതേ ശെരിയായില്ല....ഇത് മതി ഓരോരുത്തർക്ക് ഓരോന്ന് പറയാൻ...നിനക്ക് പേരുദോഷമാണ്..??" കളിയാലേ അവൻ പറഞ്ഞു...

"ഓഹ് ഞാൻ അത് അങ്ങ് സഹിച്ചു...." ചുണ്ട് കോട്ടി അവൾ പറഞ്ഞു... "പേരുദോഷം വന്നാൽ പിന്നെ കെട്ടാൻ ആരും വരില്ല പെണ്ണെ....? അത്രക്ക് ഉണ്ടേ ഈ ഉള്ളവന്റെ നല്ല ഗുണങ്ങൾ.." പറയുമ്പോൾ അവന്റെ കണ്ണുകളിൽ കുസൃതി ആയിരുന്നു... അവൾ ആ കണ്ണുകളിലേക്ക് ഉറ്റു നോക്കി.. ആ കുസൃതി നിറഞ്ഞ കണ്ണുകളോടെ വല്ലാത്തൊരു ഇഷ്ടമാണ് അവൾക്ക്... കോളേജിലേക്ക് പോകുന്ന വഴിയിൽ റോഡരികിൽ അടിയുണ്ടാക്കുന്ന അവനെ ആദ്യാമായി വെറുപ്പോടെ നോക്കി...പക്ഷേ തല്ലുണ്ടാക്കിയത് നല്ലതിന് വേണ്ടിയാണെന്ന് അറിഞ്ഞപ്പോൾ ആരാധന തോന്നി... അന്ന് മുതൽ ശ്രദ്ധിക്കാൻ തുടങ്ങി.... ഒരേ നാട്ടുകാർ ആയിരുന്നിട്ട് കൂടെ അപ്പോഴാണ് ദിവസവും കണ്ട് തുടങ്ങിയത്... അടുത്തറിഞ്ഞപ്പോൾ ആ കണ്ണുകളിൽ നോക്കി സംസാരിച്ചപ്പോൾ ആരാധന പ്രണയത്തിലേക്ക് മാറുകയായിരുന്നു.... ബന്ധുവീട്ടിൽ കല്യാണത്തിന് പോയപ്പോൾ കാണാതെ ഇരിക്കാൻ വയ്യാഞ്ഞിട്ട് ഓടി വന്നതാണ്... ഒന്ന് കാണാൻ.... "എന്നാ പിന്നെ പേരുദോഷം തരുന്ന ആള് തന്നെ എന്നെ അങ്ങ് കെട്ടിയാൽ പോരെ... അപ്പൊ പ്രശ്നമില്ലല്ലൊ..." അവളുടെ വാക്കുകളിലെ പ്രണയം അവൻ അറിഞ്ഞിരുന്നില്ല.... "മതി... മതി. മോള് ചെല്ല്...ഇവിടെ കിടന്ന് കറങ്ങേണ്ട..."

അവൾക്ക് മറുപടി കൊടുക്കാതേ അവൻ മുണ്ട് മടക്കികുത്തി കൊണ്ട് ഉമ്മറത്തേക്ക് കയറി... അവളുടെ മുഖം മങ്ങിയെങ്കിലും അത് പുറത്ത് കാണിക്കാതെ അവൾ തിരിഞ്ഞു നടന്നു... വീട്ടിലേക്ക് നടക്കവേ അവളുടെ ഉള്ളിൽ അച്ചുവിന്റെ രൂപം തെളിഞ്ഞു വന്നു... വെളുത്ത മെലിഞ്ഞ ഒരു പെൺകുട്ടി....പട്ടുപാവാടയും അതിനോട് ചേർന്ന ടോപ്പുമാണ് വേഷം.... കുട്ടിത്തം തുളുമ്പുന്ന മുഖം... ആ മുഖത്തെ നോക്കവേ വാത്സല്യവും അലിവും.. മറ്റെന്തൊക്കെയോ ഭാവങ്ങൾ മിന്നി മറയുന്ന ബദ്രിയുടെ കണ്ണുകൾ... അവളുടെ മനസ്സ് കലങ്ങി മറഞ്ഞു.... തോളിൽ ഇട്ടിരുന്ന ഷാളിന്റെ തുമ്പ് വിരലുകൾക്കിടയിൽ ഇട്ട് ഞെരിച്ചു കൊണ്ട് അവൾ മുന്നോട്ട് നടന്നു... പെട്ടന്നൊരു വണ്ടി അവൾക്ക് മുന്നിൽ വന്ന് നിന്നു.. മുഖം ഉയർത്തി നോക്കി.... ബദ്രിയുടെ ജിപ്സിയാണ്.... ഡ്രൈവിംഗ് സീറ്റിൽ ഇച്ചുവും തൊട്ടപ്പുറത്തു ശങ്കറും.. "സുധാകരേട്ടന്റെ മോളേ....എപ്പോ ലാൻഡ്‌ ആയി....??" സ്റ്റീറിങ്ങിൽ താളം പിടിച്ചു കൊണ്ട് ഇച്ചു അന്വേഷിച്ചു.... "രാവിലേ വന്നൂ ഇച്ചൂക്ക.... രണ്ട് പേരും എവിടെന്നാ....??" "ഒരു ജോലി റെഡിയായി മോളേ... അതൊന്ന് ഉറപ്പിക്കാൻ പോയതാ...."

"ആഹാ... അപ്പൊ ഉണ്ണിയേട്ടനും ജോലിക്ക് പോകുവാണോ..??" ശങ്കറിനെ നോക്കി ഒരു കുസൃതിചിരിയോടെ അവൾ ചോദിച്ചു . ശങ്കർ ഒന്ന് ചിരിച്ചെന്ന് വരുത്തി മറ്റെങ്ങോ നോക്കി ഇരുന്നു... അവളെ നോക്കിയാൽ തന്റെ ഉള്ളിൽ വെമ്പി നിൽക്കുന്ന പ്രണയം പുറത്തേക്ക് വരുമോ എന്നൊരു ഭയം.... എന്തിനോ വേണ്ടി... "ഇച്ചു വണ്ടിയെടുക്ക്....കണ്ണൻ കാത്തു നിൽക്കുന്നുണ്ടാവും...." ശങ്കർ ഗൗരവത്തോടെ പറഞ്ഞു... ഇച്ചു ചുണ്ട് കോട്ടി കൊണ്ട് അമ്മാളുവിനോട് പിന്നെ കാണാം എന്ന് പറഞ്ഞു കൊണ്ട് ജിസ്പി മുന്നോട്ട് എടുത്തു.. അമ്മാളുവിനെ ശങ്കറിന് ഇഷ്ടമാണെന്ന് അറിയാമെങ്കിലും ബദ്രിയെ അവൾക്കിഷ്ടമാണെന്ന കാര്യം ഇച്ചുവിനും ബദ്രിക്കും അറിയില്ല.....  "ആ പൂവൊക്കെ പടിയിൽ വെച്ച് കൊടുക്ക് അച്ചു....." വിഷ്ണുഭഗവാന് മുന്നിൽ നിറയെ ചെമ്പരത്തിപൂക്കളും പിടിച്ചു നിൽക്കുന്ന അച്ചുവിനോടായി ബദ്രി പറഞ്ഞു... അച്ചു കയ്യിലെ പൂക്കൾ ഒന്ന് നോക്കിയ ശേഷം തലയാട്ടി കൊണ്ട് പടിയിൽ വെച്ചു... മുഖം ചെരിച്ചു ബദ്രിയെ നോക്കി.... അവൻ കൈകൾ കൂപ്പി കണ്ണടച്ചു പ്രാർത്ഥിക്കുകയാണ്.. തൊട്ടരുകിൽ അപ്പുവും ഉണ്ട്.... അച്ചുവും കണ്ണുകൾ അടച്ച് പ്രാർത്ഥിച്ചു.. "ദൈവമേ.... അച്ചൂന് കിണ്ണനെ ഒത്തിരി ഇഷ്ടാണല്ലോ...

കിണ്ണനെ എന്നും ന്റെ കൂടെ ഉണ്ടാവണേ...." അവൾ ഉറക്കെ പ്രാർത്ഥിക്കുന്നത് കേട്ടാണ് ബദ്രിയും അപ്പുവും കണ്ണ് തുറന്നത് .. "അച്ചു പതുക്കെ ..." "പതുക്കെ പറഞ്ഞാൽ ദൈവം കേൾക്കൂല കിണ്ണാ ഉറക്കെ പറയണേ...." കൈകൾ കൂപ്പി ഒരു കണ്ണ് തുറന്നു കൊണ്ട് അവൾ പറയുന്നത് അവൻ ചിരിച്ചു... ശ്രീകോവിലിന്റെ പടിയിൽ ഇരുന്ന ഇലചീന്തിൽ നിന്ന് ചന്ദനം എടുത്ത് അവളുടെ നെറ്റിയിൽ തൊട്ട് കൊടുത്തു.... തൊടുവിരലിൽ കുറച്ചു ചന്ദനം കൂടെ എടുത്ത് അപ്പൂന് നേരെ തിരിഞ്ഞു... "കിണ്ണനും അപ്പൂട്ടനും അച്ചു കുറി തൊട്ട് തരാം...." അച്ചു അവർക്ക് മുന്നിൽ വന്നു നിന്നു.... അപ്പൂന്റെ നെറ്റിയിൽ ആദ്യം ചന്ദനം നീട്ടി വരച്ചു... അപ്പു ചിരിച്ചു കൊണ്ട് അവളെ നോക്കി.... ബദ്രിയുടെ മുന്നിൽ ചെന്നു നിന്നവൾ ചുണ്ട് കൂർപ്പിച്ചു.... "തലതാഴ്ത്തി താ കിണ്ണാ... അച്ചൂന് എത്തണില്ല...." ചിണുങ്ങി കൊണ്ട് അവൾ പറഞ്ഞു... ബദ്രി ചിരിച്ചു കൊണ്ട് അവൾക്ക് നേരെ മുഖം കുനിച്ചു.... അച്ചു വിരൽ കൊണ്ട് ചന്ദനം തോട്ടെടുത്ത് അവന്റെ നെറ്റിയിൽ തൊട്ടു.... ശരീരത്തിലേക്ക് ഒരു തണുപ്പ് പടരുന്നത് അവൻ അറിഞ്ഞു... അതേ ചന്ദത്തിന്റെ ഗന്ധമാണ് തന്റെ മുന്നിൽ നിൽക്കുന്ന പെണ്ണിനും എന്നവന് തോന്നി.... അമ്പലത്തിലേക്ക് വന്നത്... പാടത്തൂടെയാണ്....

വരുമ്പോഴുള്ള അതേ ഇഷ്ടവും കൗതുകവും ആഹ്ലാദവുമായിരുന്നു ആ കുഞ്ഞി പെണ്ണിന് തിരികെ വീട്ടിലേക്ക് നടക്കുമ്പോഴും.... പോകുമ്പോൾ വെള്ളത്തിലിറങ്ങാൻ ബദ്രി സമ്മതിച്ചിരുന്നില്ല. പക്ഷേ തിരിച്ചുള്ള പോക്കിൽ എല്ലാ വെള്ളചാലിലും അവൾ ചാടി ഇറങ്ങി ഒപ്പം അപ്പുവും... തെളിഞ്ഞ വെള്ളത്തിൽ നീന്തി തുടിക്കുന്ന പരൽമീൻ കുഞ്ഞുങ്ങളേ അവൾ കൈവെള്ളയിൽ കോരി എടുക്കാൻ ശ്രമിക്കുന്നുണ്ട്.... അവ വഴുതി മാറുമ്പോൾ അവളുടെ മുഖത്ത് മിന്നിമായുന്ന ഭവങ്ങളെ നോക്കി നിൽക്കുകയായിരുന്നു ബദ്രി.... മാനത്തെ അന്തിചുവപ്പിനേക്കാൾ ഭംഗി അവളുടെ മുഖത്തിനാണെന്ന് അവന് തോന്നി പോയി.... "അങ്ങോട്ട്‌ മാറി നിൽക്ക് അച്ചുമ്മാ.....ഞാൻ പിടിച്ചു തരാം...." ഉടുത്തിരുന്ന കാവിമുണ്ട് അഴിച്ചെടുത്ത് അപ്പു മുണ്ടിന്റെ ഒരറ്റം അവൾക്ക് കൊടുത്തു... മുണ്ടിന്റെ അടിയിൽ മുട്ടോളമുള്ള നിക്കർ ഇട്ടതിന്റെ ഗമയിൽ അപ്പു ബദ്രി പുച്ഛിച്ചു.... മുണ്ട് കൊണ്ട് രണ്ട് പേരും മീൻകുഞ്ഞുങ്ങളെ പിടിച്ചു.... "അയ്യാ... കുറേ ഉണ്ടല്ലോ...." മുണ്ടിൽ കോരിയെടുത്ത മീൻകുഞ്ഞുങ്ങളേ കണ്ട് അവൾ ആഹ്ലാദത്തോടെയാണ് വരമ്പത്ത് നിന്ന ബദ്രിയെ നോക്കി...

"മ്മ്... കുറേ ഉണ്ട്... പക്ഷേ നമ്മൾ എങ്ങനെ കൊണ്ട് പോകും...??" അപ്പു അരക്ക് കൈ കൊടുത്തു കൊണ്ട് ചോദിച്ചു... "എന്റെ കയ്യിലേക്ക് ഇട്ടോ... ഞാൻ എടുത്തോണ്ട് പൊക്കോളാം...." അവൾ അവന് നേരെ കൈനീട്ടി... അപ്പോഴാണ് അവൾക്ക് മുന്നിലേക്ക് ഒരു ചെമ്പിന്റെ ഇല നീണ്ടു വന്നത്.... നോക്കിയപ്പോൾ ബദ്രിയാണ്.... "ഇതിലേക്ക് ഇട്ടോ...." ഇലയിൽ വെള്ളം നിറച്ചു കൊണ്ട് അവൻ പറഞ്ഞു... അപ്പു മൂന്ന് മീൻകുഞ്ഞുങ്ങളേ അതിലേക്ക് എടുത്തിട്ടു... ബാക്കി എല്ലാത്തിനേം വെള്ളത്തിൽ ഒഴുകി.. അച്ചു ബദ്രിക്ക് അടുത്തേക്ക് ചെന്നു.... അവന്റെ കയ്യിലെ ഇലയിൽ നീന്തി തുടിക്കുന്ന മീൻകുഞ്ഞുങ്ങളേ അവൾ കൗതുകത്തോടെ നോക്കി... "അപ്പു ഇത് പിടിക്ക്..." ബദ്രി ഇല അപ്പൂന്റെ കയ്യിൽ കൊടുത്തു... "ഇനി വാ അച്ചൂ..... ഇരുട്ടി തുടങ്ങി... പനി ഒന്ന് മാറി വരുന്നതേ ഒള്ളൂ..." ബദ്രി അച്ചൂന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു.. "ഇനി അച്ചൂന് നടക്കാൻ വയ്യ കിണ്ണാ...." ചിണുങ്ങി കൊണ്ട് അവൾ അവന്റെ തോളിലേക്ക് ചാഞ്ഞു.... "മ്മ്... മനസിലായി..."അവളെ നോക്കി ചിരിച്ചു കൊണ്ട് അവൻ അവൾക്ക് മുന്നിൽ വന്ന് കുനിഞ്ഞ് നിന്നു...

അച്ചു ചിരിച്ചു കൊണ്ട് അവന്റെ പുറത്ത് അള്ളി പിടിച്ചു..... "ഇങ്ങനെ എടുത്തോണ്ട് നടക്കുന്നതിന് എനിക്ക് എന്താ തരാ അച്ചൂസേ....??" അവളേം മുതുകിൽ ഏറ്റി നടക്കവെ അവൻ ചോദിച്ചു... "ഉമ്മ തരാം..." ചിണുങ്ങി ചിരിച്ചു കൊണ്ട് അവൾ പറയുമ്പോൾ അപ്പുവും ബദ്രിയും അവൾക്കൊപ്പം ചിരിക്കുന്നുണ്ടായിരുന്നു... രാവിലേ പുറത്തെ ബഹളം കേട്ട് പത്മ പുറത്തേക്ക് വന്ന് നോക്കി.... വീടിന്റെ മുന്നിൽ ആരൊക്കെയോ ഉണ്ട്... വീട് അലങ്കരിക്കാൻ വന്നവർ ആണെന്ന് അവരുടെ ചെയ്തികളിൽ നിന്ന് പത്മക്ക് മനസ്സിലായി.... എന്തോ ഓർമ്മയിൽ അവർ അടുക്കളയിലേക്ക് ഓടി.... തിളച്ചു കൊണ്ടിരുന്ന പാൽപായസം ഇളക്കിഎടുത്തു കൊണ്ട് സ്റ്റവ് ഓഫ്‌ ചെയ്തു... ഉള്ളിൽ ഒരു സങ്കടം... ഇന്ന് ഹരിയുടെ ജന്മനക്ഷത്രമാണ്... കാർത്തിക .. അതിനുള്ള ഒരുക്കങ്ങളാണ് പുറത്ത്... നൈറ്റ്‌ പാർട്ടി അറേഞ്ച് ചെയ്തിട്ടുണ്ട് ദത്തൻ....

"പത്മേ....." റൂമിൽ നിന്ന് ദത്തന്റെ വിളി കേട്ട് അങ്ങോട്ട് നടന്നു... "എന്താ ദേവേട്ടാ...??" വാതിൽക്കൽ നിന്ന് അവർ ചോദിച്ചു.. "ഇന്ന് നീ ഒന്നും ഉണ്ടാക്കാൻ നിൽക്കണ്ട....പുറത്ത്‌ നിന്ന് ഓഡർ ചെയ്യുന്നുണ്ട് എല്ലാം... നിന്റെ ഭക്ഷണം വരുന്നവർക്ക് ഇഷ്ടവാണം എന്നില്ല...." മറുപടിയായി അവർ തലയാട്ടി... ഹരിയുടെ ജന്മനക്ഷത്രം രണ്ട് ദിവസം കൂടെ കഴിഞ്ഞാണ്....ദത്തൻ നക്ഷത്രം നോക്കി ആണ് ആഘോഷിക്കാറ്... എന്നാൽ ഇന്ന് ബദ്രി ജനിച്ചദിവസമാണ് അവന് 26 വയസ്സ് തികയുന്ന ദിവസം.... അടുക്കളയിൽ ചെന്ന് ഉണ്ടാക്കി വെച്ച കറികളും ചോറും പായസവും എല്ലാം പാത്രങ്ങളിലാക്കി... നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു... എല്ലാ പിറന്നാളിനും അങ്ങനെ ആണ്... അമ്മയും ബദ്രിയും അകത്തിരുന്നു അമ്മ കൈ കൊണ്ട് ഉണ്ടാക്കിയ സദ്യ കഴിക്കുമ്പോൾ പുറത്തെ പാർട്ടിയിൽ അർമാധിക്കുകയാവും ദത്തനും ഹരിയും...

 "സദ്യ ഇപ്പൊ വരും....." ഇച്ചു കയ്യും കഴുകി... ബദ്രിയുടെ അമ്മവരുന്നതും കാത്തിരിക്കുവാണ്.... "അപ്പൊ കേക്ക് മുറുക്കിക്കണ്ടേ...??" അപ്പു കത്തി പിടിച്ചാണ് നിൽപ്പ്... "എന്നാ നീ ചെന്ന് ബദ്രിയെ വിളിച്ചോണ്ട് വാ..." ശങ്കർ ആണ് പറഞ്ഞത്. അപ്പു അകത്തേക്ക് ഓടി... "അടങ്ങി നിൽക്ക് അച്ചൂട്ടി... മുടിശെരിക്ക് കെട്ടട്ടെ...." അച്ചൂന്റെ മുടി പിന്നിയിട്ട് കൊടുക്കുന്ന തിരക്കിലാണ് ബദ്രി... "കണ്ണേട്ടാ കേക്ക് മുറിക്കാൻ വേം വാ..." അപ്പു വാതിൽക്കൽ നിന്ന് വിളിച്ചു പറഞ്ഞു... "ഇന്ന് കിണ്ണന്റെ പിറന്നാളാ...??" അച്ചു സംശയത്തോടെ ചോദിച്ചു... "അതേലോ....?? അച്ചു എന്ത് ഗിഫ്റ്റാ തരണേ... മ്മ്..." അവളുടെ നെറ്റിയിൽ ഒരു കറുത്ത വട്ട പൊട്ട് കുത്തി കൊണ്ട് അവൻ ചോദിച്ചു.... ചോദിക്കണ്ട താമസം അവളുടെ അവന്റെ കവിളിൽ ഒന്ന് മുത്തി... "അച്ചൂന്റെ കയ്യിൽ ഇപ്പൊ ഇതേ ഒള്ളൂ...." ചുണ്ട് ചുളുക്കി കൊണ്ട് അവൾ പറഞ്ഞു... ബദ്രി ചിരിച്ചു കൊണ്ട് അവളെ ചേർത്ത് പിടിച്ചു.... അപ്പോഴാണ് പുറത്തൊരു കാർ വന്ന് നിന്നത്...........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story