ഈ മഴയിൽ....❤️ പാർട്ട്‌ 2

ee mazhayil

എഴുത്തുകാരി: ✍ ആൻവി

"ബദ്രിനാഥ്‌ പൂരം നക്ഷത്രം.... ഒരു ധാര...." വഴിപാട് കൗണ്ടറിൽ വന്നു നിന്ന് കൊണ്ട് പത്മ പറഞ്ഞു .... "ആഹ്... പിന്നെ ഒരു ശത്രുസംഹാര പൂജ പൂജ....." ഓർത്തെടുത്തു കൊണ്ട് അവർ പറഞ്ഞു... റെസിപ്റ്റ് എഴുതി കൊണ്ടിരുന്ന ആൾ പത്മയെ ഒന്ന് നോക്കി.. "ബദ്രിയുടെ പേരിൽ തന്നെയാണ്..." അയാളുടെ നോട്ടത്തിന് അർത്ഥം മനസിലാക്കി കൊണ്ട് പത്മ പറഞ്ഞു..... വഴിപാട് റെസിപ്റ്റുമായ് പത്മ ക്ഷേത്രത്തിനടകത്തേക്ക് നടന്നു.... തിരുനടക്ക് മുന്നിൽ നിന്ന് ഭഗവതിയെ കൈകൂപ്പി അവർ കണ്ണടച്ചു.... "അമ്മേ... മഹാമായേ... എന്റെ കുഞ്ഞിനെ കാത്തോളണേ...." നെഞ്ചുരുകി പറയുമ്പോൾ ആ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.... തീർത്ഥവും പ്രസാദവും വാങ്ങി പുറത്തേക്ക് ഇറങ്ങുമ്പോൾ ഒരിക്കൽ കൂടെ ഭഗവതിയെ തേടി..... "അല്ല പത്മേ....ഹരി ട്രെയിങ് ഒക്കെ കഴിഞ്ഞു വന്നോ....??" കാറിനടുത്തേക്ക് നടക്കുമ്പോൾ ഒരു പത്മയുടെ അടുത്തേക്ക് വന്നു കൊണ്ട് ചോദിച്ചു.... നാട്ടിലുള്ള സ്ത്രീയാണ്...രാധിക..കൂടെ മറ്റൊരു സ്ത്രീയും ഉണ്ട്... പത്മ അവരെ കണ്ട് ചിരിച്ചു... "ഇന്ന് രാത്രിയിൽ എത്തും...." പുഞ്ചിരിയോടെ മറുപടി കൊടുത്തു...

"എന്തായാലും വീട്ടിൽ ഒരു ips കാരൻ ആയല്ലോ... ഇളയവൻ ആണേൽ തലതിരിഞ്ഞു പോയില്ലേ..." രാധിക നിശ്വാസിച്ചു കൊണ്ട് പറഞ്ഞു നിർത്തി... പത്മ ഒന്ന് ചിരിച്ചെന്ന് വരുത്തി കാറിൽ കയറി.... "അവളുടെ മുഖം കണ്ടില്ലേ.... ഹരി വല്ല്യേ പതവിയിൽ എത്തിയതൊന്നും അവൾക്കിഷ്ടായിട്ട് ഉണ്ടാവില്ല....അല്ലേലും ഭർത്താവിന്റെ ആദ്യഭാര്യയിലെ കൊച്ചിനെ രണ്ടാനമ്മക്ക് കണ്ണിൽ പിടിക്കില്ലല്ലോ... അതല്ലേ സ്വന്തമായി ഒന്നുണ്ടായപ്പോൾ അത് നാടിനും വീടിനും കൊള്ളാത്തവൻ ആയത്.." പത്മയുടെ കാർ മുന്നോട്ട് പോകുന്നത് നോക്കി കൊണ്ട് രാധിക കൂടെ ഉള്ള ആളോട് അടക്കം പറഞ്ഞു.... "ദത്തൻ സർ ആ ചെറുക്കനെ വീട്ടിൽ നിന്ന് ഇറക്കി വിട്ടതാണെന്ന് ഒക്കെ കേട്ടല്ലോ....??" "അത് നീ അറിഞ്ഞില്ലേ...ആ ഹരി കെട്ടാൻ പോകുന്ന പെണ്ണിനെ ഇവൻ കേറി പിടിച്ചതാണെന്ന് ഒക്കെ കേൾക്കുന്നുണ്ട്.... അത് കൊണ്ടാണ് അവനെ ഇറക്കി വിട്ടതെന്നൊക്കെ പലരും പറയുന്നുണ്ട്..."

രണ്ട് പേരുടെയും പരദൂഷണം മുന്നേറി കൊണ്ടിരുന്നു.... വീട്ടിലേക്ക് ഉള്ള യാത്രയിൽ പത്മയുടെ കണ്ണുകൾ നിറഞ്ഞു.... രണ്ട് മക്കളെയും വേർതിരിവ് ഇല്ലാതെ തന്നെയാണ് സ്നേഹിച്ചതും ലാളിച്ചതും പക്ഷെ....!!! ഹരിയല്ലാതെ മറ്റൊരു കുഞ്ഞുവേണ്ടെന്ന് തീരുമാനിച്ച തങ്ങൾക്കിടയിലേക്ക് കണ്ണൻ കടന്നു വന്നത്.... ദത്തേട്ടന് എതിർപ്പായിരുന്നു... പക്ഷെ വേണ്ടെന്ന് വെക്കാൻ മനസ്സ് വന്നില്ല.... ഹരിയെ ജീവനോളം സ്നേഹിക്കുന്ന അച്ഛന് രണ്ടാമത് വന്ന കുഞ്ഞിനെ സ്നേഹിക്കാൻ കഴിഞ്ഞില്ല...... ഹരിയെ മാത്രം അദ്ദേഹം ചേർത്ത് പിടിച്ചു.... കണ്ണനെ മനഃപൂർവം അകറ്റി.... തൊട്ടതിനും പിടിച്ചതിനും തല്ലിയും വഴക്ക് പറഞ്ഞും ഒരുപാട് വേദനിപ്പിച്ചു.... വലിയ പയ്യനായിട്ടും ഒരുപാട് തല്ലിയിട്ടുണ്ട് കണ്ണനെ പക്ഷെ തിരിച്ച് ഒരു വാക്ക് പോലും എതിർത്ത് അവൻ പറഞ്ഞിട്ടില്ല... ഇന്ന് അവന്റെ മേൽ കെട്ടിവെക്കപെട്ട കുറ്റം പോലും അറിഞ്ഞു കണ്ണൻ ചെയ്യില്ല.... എങ്കിലും അവനെ ഒന്ന് കേൾക്കാൻ പോലും തയ്യാറാകാതെ പടിയിറക്കി വിട്ടതാണെന്ന് എന്റെ കുട്ട്യേ..... പത്മ സീറ്റിലേക്ക് ചാരി ഇരുന്ന് കണ്ണുകൾ ഇറുക്കി അടച്ചു....

"മര്യാദക്ക് പൊക്കോ...വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കണ്ട..." കയ്യിൽ ഉണ്ടായിരുന്ന സ്കൂൾ ബാഗ് ഉമ്മത്തേക്ക് ഇട്ടു കൊണ്ട് ബദ്രി അപ്പുവിനോട്‌ പറഞ്ഞു.... "ഞാൻ പോവില്ല... എനിക്ക് നിങ്ങടെ കൂടെ നടന്നാൽ മതി ..." തലതാഴ്ത്തി നിന്നു കൊണ്ട് അപ്പു പറഞ്ഞു ... ബദ്രി അവനെ തുറിച്ചു നോക്കി കൊണ്ട് അകത്തേക്ക് കയറി പോയി... അപ്പു അവൻ പോകുന്നത് ഒന്ന് നോക്കിയെ ശേഷം ഉമ്മറത്ത് കെട്ടിപിടിച്ചു കിടന്നുറങ്ങുന്ന ഇച്ചുനേയും ശങ്കറിനേയും നോക്കി... അപ്പോഴേക്കും മുഖത്തേക്ക് എന്തോ വന്നു വീണു . നോക്കിയപ്പോൾ സ്കൂൾ യൂണിഫോം ആണ്.... മുന്നിൽ ഗൗരവത്തോടെ നിൽക്കുന്ന ബദ്രിയും.... "എന്തൊരു കഷ്ട്ടമാണ് കണ്ണേട്ടാ... നിങ്ങൾക്ക് ബുദ്ധിമുട്ട് ആവേണ്ട എന്ന് കരുതിയ ഞാൻ പോകുന്നില്ലാന്ന് പറഞ്ഞത്.... ഫീസ് എത്ര കൊടുക്കണം...." "നീ ഒരക്ഷരം മിണ്ടരുത് മര്യാദക്ക് സ്കൂളിൽ പൊക്കോണം...പലർക്കും പഠിക്കാൻ സൗകര്യം ഇല്ലാഞ്ഞിട്ട് . നിനക്ക് സൗകര്യം കൂടി പോയത് കൊണ്ടാ... ഏതു നേരത്താണാവോ ആ തള്ളക്ക് ഇതിനെ ഇങ്ങോട്ട് വലിച്ചു കേറ്റാൻ തോന്നിയത് .. " ബദ്രി മുഷ്ടി ചുരുട്ടി പിടിച്ച് നിന്ന് കൊണ്ട് പറഞ്ഞു... അപ്പു അവനെ തുറിച്ചു നോക്കി...

"ഞാനും എന്റെ മുത്തശ്ശിയുമാ ഇവിടെ ഉണ്ടായിരുന്നത്... വലിഞ്ഞു കേറി വന്നത് കണ്ണേട്ടനാ...." അപ്പു കെറുവിച്ചു കൊണ്ട് പറഞ്ഞു.. ബദ്രി അവന് നേരെ പാഞ്ഞു വന്നു... "ഡാ ... ഇതെന്റെ വീടാണ്....മുത്തശ്ശി എന്റെ പേരിൽ എഴുതി വെച്ച വീട്..." "എന്നെ നോക്കണം എന്ന് മുത്തശ്ശി കണ്ണേട്ടനോട് പറഞ്ഞതല്ലേ...." "ഹോ..... രാവിലെ തന്നെ രണ്ടും തുടങ്ങിയോ... ഒന്ന് ഉറങ്ങാൻ സമ്മതിക്കടെയ്...." രണ്ട് പേരുടെയും വാക്ക്കയറ്റം കേട്ട് ശങ്കർ എഴുനേറ്റ് ഇരുന്നു..... "പതിനഞ്ച് മിനിറ്റ് അതിനുള്ളിൽ സ്ഥലം കാലിയാക്കിക്കോണം... ഞാൻ കുളിച്ചു വരുമ്പോൾ നിന്നെ ഇവിടെ കണ്ട് പോകരുത്..." ബദ്രി അപ്പുവിനോട് നോക്കി കണ്ണുരുട്ടി പറഞ്ഞു കൊണ്ട് അകത്തേക്ക് പോയി... "തേങ്ങ... സ്കൂൾ കണ്ട് പിടിച്ചവനെ എന്റെ കയ്യിൽ കിട്ടിയാൽ കൊല്ലും ഞാൻ..." അപ്പു പിറു പിറുത്തു കൊണ്ട് ഇട്ടിരുന്ന നിക്കറിന്റെ മേലെക്കൂടെ പാന്റ് ഇട്ടു... അപ്പോഴേക്കും ഇച്ചുവും എഴുനേറ്റു.... അപ്പു മുഖം വീർപ്പിച്ചു കൊണ്ട് യൂണിഫോം മാറുകയാണ്.... "നിങ്ങള് രണ്ടും എങ്ങനെയാട ഒരുമിച്ച് ഇവിടെ താമസിക്കുന്നത്...." ശങ്കർ തൂണിൽ ചാരി ഇരുന്നു കൊണ്ട് ചോദിച്ചു...

"എങ്ങനെ ആണെന്നോ... ഞാൻ എല്ലാം സഹിച്ചും ക്ഷമിച്ചും കഴിയുവാ ഇവിടെ.... കണ്ടോ രാവിലെ എണീറ്റ് മുറ്റമടിച്ചു... ചായ ഉണ്ടാക്കി... ആ കാട്ടുമാക്കാന് ചായ കൊണ്ട് കൊടുത്തു.... വൈകീട്ട് ആവുമ്പോഴേക്കും ഒരു ലോഡ് ഷർട്ടും മുണ്ടും ഉണ്ടാവും അലക്കാൻ അതൊക്കെ ഞാൻ അലക്കി ഇട്ടു കൊടുക്കും... ചോറ് വെക്കും കറി വെക്കും...ഇതൊക്കെ ചെയ്യും പോരാഞ്ഞിട്ട് ആ കാട്ടുമാക്കാനെ സഹിക്കുന്നില്ലേ ഞാൻ...ഇത്രനാളും ഫ്രീയായി നടന്നിട്ട് പെട്ടെന്നൊരു ദിവസം സ്കൂളിൽ പോണം എന്ന് പറഞ്ഞാൽ എങ്ങനാ... ഇതെവിടുത്തെ പരിപാടിയാ.... മനുഷ്യനെ മെനക്കെടുത്താൻ...." അപ്പുവിന്റെ നീണ്ട പ്രസംഗം കഴിഞ്ഞപ്പോഴേക്കും ശങ്കറും ഇച്ചുവും വാ പൊളിച്ചു പോയി.... "അല്ലെടാ നീ ശെരിക്കും ആരാ... കണ്ണന്റെ ഭാര്യയോ...??" ഇച്ചു ചിരിച്ചു കൊണ്ട് ചോദിച്ചു.... "മ്മ്.. ചിരിച്ചോ ചിരിച്ചോ....ഞ....." "നീ ഇതുവരെ പോയില്ലേ....??" അകത്ത് നിന്ന് ബദ്രിയുടെ അലർച്ച കേട്ടു... "ആ പോകുവാ...." നിലത്ത് കിടന്ന ബാഗ് എടുത്തവൻ തോളിൽ ഇട്ടു... "പ്ലസ് ടു ആണ് വല്ലതും പഠിക്കുന്നുണ്ടോ...?? നിന്റെ എക്സാം ഫീ അടച്ചത് ഞാനായിരുന്നു... കേട്ടോ ഇച്ചു ഇവന്റെ മിസ്സ്‌ എന്നോട് ചോദിക്കുവാ എന്തിനാ ഇവനെ പഠിപ്പിക്കുന്നത് എന്ന്...." ശങ്കർ പറയുന്നത് കേട്ട് അപ്പു അവരെ തുറിച്ചു നോക്കി... "ശങ്കരാ........."

അപ്പു നീട്ടി വിളിച്ചു.... "ഡാാ.....!!" ബദ്രിയുടെ അലർച്ച കേട്ടതും അപ്പു മുറ്റത്തേക്ക് ചാടി ഇറങ്ങി നിലത്ത് കിടന്ന് ഷൂവും എടുത്തോടി..... ഇച്ചുവും ശങ്കറും അത് കണ്ട് പൊട്ടിചിരിച്ചു... "എന്നാ നമുക്ക് വിട്ടാലോ നേരം ഒരുപാട് ആയി..." ശങ്കർ മൂരി നിവർന്നു കൊണ്ട് ചോദിച്ചു... "ശെരിയാ ഉമ്മ ഇപ്പൊ വിളി തുടങ്ങും... നേരം 8.30 ആയി...." ഇച്ചു അഴിഞ്ഞു കിടന്ന ഷർട്ടിന്റെ ബട്ടൺസ് ഇട്ടു കൊണ്ട് പറഞ്ഞു... "കണ്ണാ ഞങ്ങൾ ഇറങ്ങുവാ....പോയി ഫ്രഷ് ആയിട്ട് വരാം .. ഇച്ചു അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു.. "ശെരിഡാ...."  "നീ കേറുന്നില്ലേ...??" ശങ്കറിന്റെ വീടിന് മുന്നിൽ എത്തിയപ്പോൾ അവൻ ചോദിച്ചു... "ഉയ്യോ.. ഞാനില്ലേ...കാർന്നോര് കണ്ടാൽ പിന്നെ തുടങ്ങും ഉപദേശം... കേൾക്കാൻ വയ്യ മോനെ... നീ ഒരുങ്ങി കെട്ടി കവലയിലേക്ക് വാ... ഞാനും കണ്ണനും അവിടെ ഉണ്ടാകും..." ഇച്ചു തൊഴുതു കൊണ്ട് പറഞ്ഞു... ശങ്കർ ചിരിച്ചു കൊണ്ട് വീട്ടിലേക്ക് കയറി പോയി.... ഇച്ചു ബുള്ളറ്റ് മുന്നോട്ട് എടുത്തു... ഓണം വെകേഷൻ കഴിഞ്ഞ് സ്കൂൾ തുറന്നത് കൊണ്ട് വഴിയരികിലൂടെ സ്കൂൾ പിള്ളേര് പോകുന്നുണ്ട്...... അവൻ ചുമ്മാ ചുറ്റുമൊന്നു കണ്ണുകൾ കൊണ്ട് പരതി.... "ഇച്ചുക്കാ.....ഓയ്...." പുറകിൽ നിന്ന് ഒരു വിളി കേട്ടു... അവൻ ബുള്ളറ്റ് സ്ലോ ആക്കി...

മിററിലൂടെ നോക്കിയപ്പോൾ കണ്ടു ബാഗും മാറോട് അടക്കി പിടിച്ച് ഓടി വരുന്ന ഒരു ഉമ്മച്ചി കുട്ടി.... അവളെ കണ്ടപ്പോൾ ഒരുനിമിഷം അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു...പതിയെ അത് മറച്ചു കൊണ്ട് പതിവ് ഗൗരവത്തിലായി...... കിതച്ചു കൊണ്ട് അവൾ അവന്റെ മുന്നിൽ വന്നു നിന്നു... നൈഷാന..... എന്ന നൈഷു... "എന്താടി...നടു റോട്ടിൽ നിന്ന് കറുന്നത്...." അവളെ നോക്കി ഗൗരവത്തോടെ അവൻ ചോദിച്ചു... അവൾ അത് കേട്ടതായി ഭാവിച്ചില്ല... "എവിടെന്ന ഇച്ചൂക്കാ കണ്ണേട്ടന്റെ വീട്ടീന്നാണോ...?? ഇന്നലെ ഉച്ചക്ക് ഞാൻ കണ്ടായിരുന്നു ആ ബ്ലാക്ക് ജിപ്സിയിൽ പോകുന്നത്...പക്ഷെ കണ്ണേട്ടൻ വരുന്ന ആ ഒരു ഇത് ഇങ്ങള് വരുമ്പോൾ ഇല്ലാട്ടോ.... ഇങ്ങക്ക് ഈ ബുള്ളറ്റിൽ വരുന്നതാ മൊഞ്ച്...." ബുള്ളറ്റിന്റെ ഹാൻഡിലിൽ പിടിച്ചു കൊണ്ട് അവനോട് പറഞ്ഞു... "ഒന്ന് പോയെടി... മനുഷ്യനെ മെനക്കെടുത്താൻ പത്തു ദിവസം സമാധാനം ഉണ്ടായിരുന്നു..."ഇച്ചു അവളെ നോക്കി കണ്ണുരുട്ടി.. അവൾ ചുണ്ട്കോട്ടി... "എന്നാ പിന്നെ ഇങ്ങള് എന്തിനാ ഞാൻ വിളിക്കുമ്പോൾ ബൈക്ക് നിർത്തുന്നത്... നിർത്താതെ അങ്ങ് പൊക്കൂടായിരുന്നോ..." അവൾ കെറുവിച്ചു കൊണ്ട് ചോദിച്ചതും ഇച്ചുവിന്റെ മുഖം വിളറി ... "അ... അത് . അതുപിന്നെ.. ആ..നീ തറവാവ് ഓടുന്നത് പോലെ ഓടി വരുമ്പോൾ അടുത്തൂടെ പോകുന്നവരെ തട്ടി തെരുപ്പിക്കണ്ടല്ലോ എന്ന് കരുതീട്ടാ... അല്ല അന്റെ കൊഞ്ചൽ കേൾക്കാൻ വേണ്ടീട്ടല്ല... മാറി നിക്കടി ഉണ്ടച്ചി...."

ബുള്ളെറ്റ് റൈസ് ആക്കി കൊണ്ട് അവൻ പറഞ്ഞതും നൈഷു ഞെട്ടി കൊണ്ട് പുറകിലേക്ക് നീങ്ങി.. ഇച്ചു അവളെ പുച്ഛിച്ചു കൊണ്ട് ബൈക്ക് മുന്നോട്ട് എടുത്തു... "സൈത്താൻ....!!!" അവൻ പോകുന്നത് നോക്കി അവൾ പുഞ്ചിരിയോടെ പറഞ്ഞു... "നൈഷു.... നീ വരുന്നുണ്ടോ .. ബസ്സ് പോകും...." പുറകിൽ നിന്ന് കൂട്ടുകാരി വിളിച്ചു പറഞ്ഞു.. അവൾ അങ്ങോട്ട് ഓടി....  കവലയിലെ ചായക്കടക്ക് മുന്നിൽ ജിപ്സി നിർത്തി അതിന്റെ ബോണറ്റിന് മുകളിൽ ചാരി ഇരിക്കുകയായിരുന്നു ബദ്രി... ഇച്ചുവും ശങ്കറും കൂടെ ഉണ്ട്... ഇച്ചു ചായക്കടയിലെ സ്പെഷ്യൽ പാൽചായ ഊതി കുടിക്കുന്ന തിരക്കിലാണ്... ബദ്രി സിഗരറ്റ് വലിച്ചൂതി വട്ടം വട്ടം ഊതി വിടുന്ന തിരക്കിലും..ശങ്കർ ഫോണിൽ നോക്കി ഇരിക്കുന്നുണ്ട്.... അപ്പോഴാണ് ഒരു BMW കാർ അവർക്ക് മുന്നിലെത്തിയത്... അവർക്ക് മുന്നിൽ എത്തിയപ്പോൾ കാർ ഒന്ന് സ്ലോ ആയി.... "ദേ കണ്ണാ നിന്റെ അച്ഛൻ..." ഇച്ചു ബദ്രിയെ തട്ടി വിളിച്ചു.... ബദ്രി സിഗരറ്റ് ചുണ്ടിൽ വെച്ചു കൊണ്ട് അങ്ങോട്ട്‌ നോക്കി... കാറിന്റെ ഗ്ലാസ് താഴ്ത്തി അവനെ പുച്ഛത്തോടെ നോക്കുന്ന അച്ഛൻ ദേവദത്തൻ....! ബദ്രിയുടെ മുഖത്തും അതെ പുച്ഛം ആയിരുന്നു.... ആ കാർ അവരെ കടന്നു പോയി... ചായക്കടയിൽ ഉള്ളവർ എല്ലാം എന്തൊക്കെയോ അടക്കം പറയുന്നുണ്ട്.... "ദത്തന്റെ തന്നെയാണോന്ന് ഇപ്പൊ സംശയമാണ്...

അല്ലേൽ ഏതേലും അച്ഛൻ ഇങ്ങനെ ചെയ്യോ....??" ആരുടെയോ അടക്കിയുള്ള സംസാരം കേട്ടതും ബദ്രിയുടെ കണ്ണുകൾ കുറുകി.... ചുണ്ടിലെ സിഗരറ്റ് തുപ്പി കളഞ്ഞവൻ ചാടിയിറങ്ങി.... മുണ്ട് മടക്കി കുത്തി ഷർട്ടിന്റെ കൈയൊക്ക തെരുത്തു വെച്ച് കടയിലേക്ക് ഓടി കയറി.... നേരെത്തെ ഡയലോഗ് അടിച്ചവനെ പിടിച്ചു വലിച്ചു പുറത്തേക്ക് ഇട്ടു.... അവന്റെ നെഞ്ചിലേക്ക് ആഞ്ഞു ചവിട്ടി... "പറഞ്ഞു പറഞ്ഞ് എങ്ങോട്ടാടോ കയറി പോകുന്നത്.... ഞങ്ങൾ തമ്മിൽ പലതും ഉണ്ടാവും എന്ന് വെച്ച് എന്റെ അച്ചനെ മാറ്റി പറഞ്ഞാൽ ഉണ്ടല്ലോ..." അവന്റെ കണ്ണുകൾ ചുവന്നു... "വാടാ...." നിലത്ത് കിടക്കുന്നവനെ ഒന്ന് നോക്കി കൊണ്ട് ബദ്രി ഇച്ചൂനോടും ശങ്കറിനോടും പറഞ്ഞു... മുഷ്ടി ചുരുട്ടി പിടിച്ചു കൊണ്ട് അവൻ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ഇരുന്നു.... ഇച്ചുവും ശങ്കറും കൂടെ കയറി ഇരുന്നു... ജിപ്സി മുന്നോട്ട് എടുക്കവേ ഇച്ചു നിലത്ത് വീണു കിടക്കുന്നവന് കൈ ചൂണ്ടി വാണിംഗ് കൊടുത്തു.... "ഇവനെ പിടിച്ചു പോലീസിൽ ഏൽപ്പിക്കണം.... ആ രാമനാഥന്റെ ബലത്തിൽ ആണ് മൂന്നെണ്ണവും കിടന്നു നെഗളിക്കുന്നത്... ഇന്നലെ ഇവൻ ആ ശാന്തയുടെ വീട്ടിൽ പോയിരുന്നു.... അതും പകൽ...." അവർ പോകുന്നത് നോക്കി ഒരാൾ പറഞ്ഞു.. "ഏത് മറ്റേ പോക്ക് കേസോ..??" ഒരു അമ്മാവൻ മുന്നോട്ട് വന്നു കൊണ്ട് ചോദിച്ചു..

"ആന്നെ... എന്തൊരു ധൈര്യമാണ് ആ ചെക്കന്.... മാറ്റാരേലും ആയിരുന്നേൽ നാട്ടുകാർ എടുത്തിട്ട് അടിച്ചേനെ... ഇവനെ പേടിച്ചിട്ടാ...." വീണ്ടും സംസാരം മുന്നേറി.. "നിന്നോട് ഞാനൊരു കാര്യം പറയാൻ വിട്ടു നീ എന്തിനാ കണ്ണാ ആ ശാന്തയുടെ വീട്ടിൽ പോയത്.... നാട്ടുകാർ എന്തൊക്കെയാണ് പറയുന്നത് എന്ന് അറിയോ....??" ഇച്ചു പറയുന്നത് കേട്ട് ഡ്രൈവ് ചെയ്തു കൊണ്ടിരുന്ന ബദ്രി മുഖത്തു പുച്ഛമായിരുന്നു... "എനിക്ക് വീഴാൻ ചീത്തപ്പേര് ഒന്നുമില്ല... അത് കൊണ്ട് നാട്ടുകാർ എന്തേലും പറയട്ടെ....?" "നീ എന്തിനായിരുന്നു പോയത്...??" "അവരെ തേടി ചെല്ലുന്നത് എന്തിനാ.. അതിന് തന്നെ...?" ബദ്രി ഭാവവത്യാസമില്ലാതെ പറഞ്ഞു.. "ദേ.. ചുമ്മാ കളി പറയാതെ കാര്യം പറ..." ശങ്കർ ഗൗരവത്തോടെ പറഞ്ഞു.. "വഴിയിൽ വെച്ച് ആ സ്ത്രീയെ വണ്ടിയിടിച്ചു പരിക്ക് പറ്റി കിടക്കുന്നത് കണ്ടു... ശരീരം വിറ്റ് ജീവിക്കുന്ന ആ സ്ത്രീയെ എടുത്തു ഹോസ്പിറ്റലിൽ കൊണ്ട് പോയാൽ ചീത്തപ്പേര് കേൾക്കുമെന്ന് പറഞ്ഞു മാറി നിൽക്കുന്ന ആളുകൾ.... എനിക്ക് പിന്നെ അങ്ങനെ ഒന്ന് പേടിക്കാനില്ലാത്തത് കൊണ്ട് ഞാൻ ഹോസ്പിറ്റലിൽ കൊണ്ട് പോയി.... വീട്ടിൽ കൊണ്ടാക്കി കൊടുത്തു കുറച്ചു ക്യാഷും കൊടുത്തു.... അവരും ഒരു സ്ത്രീയല്ലേ മനുഷ്യനല്ലേ.... ഭർത്താവ് ഇല്ല ഒരു മകനുണ്ട് ദൂരെ എവിടെയോ ആണ് പഠിക്കുന്നത്....

അവനെ പഠിപ്പിക്കാൻ വേണ്ടിയാണെന്ന് ഒക്കെ പറഞ്ഞഞ്ഞപ്പോൾ... അവരുടെ കഥകൾ ഒക്കെ കേട്ടപ്പോൾ എന്തൊ ഒരു സഹതാപം....അവരെ പോലെ ഒരു സ്ത്രീക്ക് ആ വഴി തിരഞ്ഞെടുക്കാൻ കാരണങ്ങൾ ഒരുപാട് ഉണ്ട്.." ജിപ്സി സ്ലോ ആക്കി കൊണ്ട് ബദ്രി പറഞ്ഞു... "നിനക്ക് സഹതാപം കുറച്ചു കൂടുതലാണ്...." ശങ്കർ അവനെ ഇരുത്തി നോക്കി കൊണ്ട് പറഞ്ഞു.. ബദ്രി ഒന്നും മിണ്ടിയില്ല... "എടാ..രാമച്ചൻ വിളിച്ചിരുന്നു....." ഫോണിൽ നോക്കി ഇച്ചു പറഞ്ഞതും ബദ്രി ഒന്ന് തിരിഞ്ഞു നോക്കി.... "കണ്ണാ ദേ.....!!!" പെട്ടെന്ന് ശങ്കർ അലറിയതും ബദ്രിമുന്നോട്ട് നോക്കി... ദൃതിയിൽ ബ്രേക്ക്‌ ചവിട്ടി..... "ആാാാാ....!!!!!!!" ഒരു പെൺകുട്ടിയുടെ അലർച്ച... ബദ്രി പേടിയോടെ മുഖം ഉയർത്തി നോക്കിയതും ജിപ്സിയുടെ തൊട്ട് മുന്നിൽ തൊട്ടു തൊട്ടില്ല എന്നാ മട്ടിൽ മുഖം പൊത്തി പേടിച്ചു വിറച്ചു നിൽക്കുന്ന ഒരു പെൺകുട്ടി.... ബദ്രി വണ്ടിയിൽ നിന്ന് ചാടി ഇറങ്ങി... "ചാവാൻ ഇറങ്ങിയാതാണോടി..." അവൻ അവൾക്ക് നേരെ അലറി... പേടിച്ചു വിറച്ചു നിന്നവൾ കൈ മാറ്റി അവനെ നോക്കി... ബദ്രിയെ കണ്ടതും ആ കണ്ണുകൾ വിടർന്നു.... ഓടി വന്നവന്റെ നെഞ്ചിൽ ചാഞ്ഞു കെട്ടിപിടിച്ചു....!!!! അവനൊരു നിമിഷം തറഞ്ഞു നിന്നു......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story