ഈ മഴയിൽ....❤️ പാർട്ട്‌ 20

ee mazhayil

എഴുത്തുകാരി: ✍ ആൻവി

"കണ്ണാ.... അമ്മ വന്നു...." ഹാളിൽ നിന്ന് ശങ്കറിന്റെ വിളി കേട്ടു.... "ആരുടെ അമ്മയാ കിണ്ണാ.??" ബദ്രിയുടെ ഷർട്ടിൽ മുറുക്കി പിടിച്ചു കൊണ്ട് അമ്പരപ്പോടെ ചോദിച്ചു... ബദ്രി അവളുടെ ഇടം കവിളിൽ കൈ ചേർത്തു... "നമ്മുടെ അമ്മയാ..." ശബ്ദം താഴ്ത്തി പറയുമ്പോൾ ആ ഉണ്ടക്കണ്ണുകൾ ഒരു നിമിഷം വിടർന്നു.. പിന്നെ നിരാശഭാവം അവയെ തളർത്തി... "അച്ചൂന് അമ്മയില്ലാലോ...?? അച്ഛ പറഞ്ഞിട്ടുണ്ട്...." ചുണ്ടിൽ നിന്ന് ഒരു നേർത്ത തേങ്ങൽ ഉയർന്നു... "എവിടെ പോയതാ ന്റെ അച്ചൂട്ടിയുടെ അമ്മ... മ്മ്...??" "ദൂരേയ... ദൈവത്തിന്റെ അടുത്ത്...." തുറന്നിട്ട ജാലകത്തിലൂടെ കാണുന്ന തെളിഞ്ഞ ആകാശത്തേക്ക് അവൾ വിരൽ ചൂണ്ടി.... ബദ്രി അവളെ സ്നേഹത്തോടെ നോക്കി... "അപ്പൊ അച്ഛയോ...??" "അച്ഛ......." ഒരു നിമിഷം അവൾ അവന്റെ നെഞ്ചോട് ചേർന്ന് മന്ത്രിച്ചു... എന്തോ ഓർത്തെടുക്കും പോലെ... "ആ... അച്ഛാ വരും..." നിഷ്കളങ്കമായ പുഞ്ചിരിയോടെ അവൾ ഓർത്തെടുത്തു പറഞ്ഞു... "എന്ന്...?? എങ്ങോട്ട് പോയതാ...??" അവൻ നെഞ്ചിടിപ്പോടെ ചോദിച്ചു.. സങ്കടത്താൽ അവളുടെ ചുണ്ടു വിതുമ്പി....

"അച്ഛയോട് അച്ചു പിണക്കാ...അച്ചു അച്ചയോട് പിണങ്ങി വന്നതാ..." പരിഭവവും സങ്കടവും ഉണ്ടായിരിന്നു ആ വാക്കുകളിൽ... "എന്തിനാ അച്ചു പിണങ്ങിയെ..??" "അച്ഛ അച്ചൂനെ പറ്റിച്ചു... ദൈവത്തിനെ കാണാൻ കൊണ്ടോവാൻ വണ്ടി വിളിക്കാൻ പോയതാ.... എന്നിട്ടെ... ന്നിട്ട്... അച്ചൂനെ ഒറ്റക്ക് ആക്കി.... ഇനി അച്ചു അച്ഛയോട് മിണ്ടൂല.... എനിക്ക് കിണ്ണന്റെ കൂടെ നിന്നാൽ മതി...." ചുണ്ട് കൂർപ്പിച്ചു കൊണ്ട് അവൾ പറഞ്ഞു അവൻ അലിവോടെ അവളുടെ നെറുകയിൽ തലോടി.... "കണ്ണേട്ടാ... വരണുണ്ടോ....??" ശബ്ദം കേട്ടപ്പോൾ മനസിലായി കേക്ക് മുറിക്കാതേ ഇനി അവന് സമാധാനം കിട്ടൂലാന്ന്... ബദ്രി ചിരിച്ചു കൊണ്ട് അച്ചൂനെ നോക്കി... അവൾ കണ്ണുകളിൽ നനവ് ഉണ്ടായിരിന്നു.. ബദ്രി ആ കണ്ണുകൾ തുടച്ചു കൊടുത്തു... "അച്ചൂട്ടി എന്നും കിണ്ണന്റെ കൂടെ നിന്നോട്ടോ... മ്മ്...." വാത്സല്യത്തോടെ ആ നെറ്റിയിൽ നെറ്റി മുട്ടിച്ചപ്പോൾ സന്തോഷത്തോടെ തലയാട്ടുന്നുണ്ടായിരുന്നു അവൾ.... ഇച്ചുവും അപ്പുവും കേക്കിന് ചുറ്റും വട്ടമിട്ടു നിൽക്കുകയാണ്... അപ്പു കയ്യിൽ കത്തി പിടിച്ചാണ് നിൽപ്പ് ബദ്രി അവർക്ക് അരുകിലേക്ക് നടന്നു...

അവന്റെ ഷർട്ടിൽ മുറുകെ പിടിച്ചു കൊണ്ട് അച്ചുവും ഉണ്ടായിരുന്നു.... ബദ്രിയെ കണ്ടതും പത്മ അവനെ ചേർത്ത് പിടിച്ചു നെറുകയിൽ ചുംബിച്ചു... നിറ കണ്ണുകളാൽ അവന്റെ കവിളിൽ തലോടി.... അമ്പലത്തിലെ പ്രസാദം നെറ്റിയിൽ തൊട്ട് കൊടുത്തു... ബദ്രി പുഞ്ചിരിയോടെ അത് സ്വീകരിച്ചു... "എനിക്കും തൊട്ട് താ...." അച്ചു അവന്റെ ഷർട്ടിൽ പിടിച്ചുലച്ചു കൊണ്ട് പറഞ്ഞു... ബദ്രി പത്മയുടെ കയ്യിലെ ഇലചീന്തിൽ നിന്ന് മഞ്ഞൾ കുറിയെടുത്ത് അവളുടെ തിരുനെറ്റിയിൽ തൊട്ട് കൊടുത്തു... "കണ്ണേട്ടാ....." ഇത്തവണ അപ്പൂന്റെ ഒച്ച ഉയർന്നു.... അച്ചു ഞെട്ടി കൊണ്ട് ബദ്രിയോട് ചേർന്ന് നിന്നു... "എന്താടാ.....??" ബദ്രി അച്ചൂനെ ചേർത്ത് പിടിച്ചു കൊണ്ട് അവന് നേരെ ചീറി... "അത് പിന്നെ കേക്ക്...??" അപ്പു പതറി കൊണ്ട് ഇച്ചൂന്റെ ബാക്കിലേക്ക് നീങ്ങി നിന്നു... ബദ്രി മുറ്റത്തേക്ക് ഒന്ന് നോക്കി... "കണ്ണാ രാമച്ചൻ വരില്ലടാ എന്തോ മീറ്റിംഗ് ഉണ്ടത്രേ...??" മുറ്റത്തേക്കുള്ള ബദ്രിയുടെ നോട്ടം കണ്ട് ഇച്ചു പറഞ്ഞു.... "മ്മ്മ്....."അവനൊന്ന് അമർത്തി മൂളി പത്മ കൊണ്ട് വന്ന ഫുഡ്‌ ഒക്കെ എടുത്തു വെക്കാൻ എന്നവണ്ണം അവർക്ക് അടുത്ത് നിന്ന് മാറി...

ബദ്രി അമ്മയെ നോക്കി ചിരിച്ചു... അമ്മയുള്ളത് കൊണ്ടാണ് രാമച്ചൻ ഇല്ലാത്ത തിരക്കുകൾ പറഞ്ഞ് ഇന്നത്തെ ദിവസം ഒഴിഞ്ഞു മാറുന്നത് എന്ന് അവർക്ക് എല്ലാവർക്കും അറിയാമായിരുന്നു.. ബദ്രി ചെന്ന് അമ്മയെ വിളിച്ചു കൊണ്ട് വന്നു... ടേബിളിൽ വെച്ചിരുന്ന കേക്ക് എല്ലാവർക്കും മുന്നിൽ വെച്ചവൻ മുറിച്ചെടുത്തു.... ആദ്യത്തെ പീസ് എന്നും അമ്മക്കുള്ളതാണ്.. ഇത്തവണ അത് കൊടുത്തത് അച്ചുവിനായിരുന്നു.... അവന്റെ കയ്യിൽ നിന്ന് കേക്ക് വാങ്ങി കഴിക്കുമ്പോൾ അവളുടെ സന്തോഷം കാണാൻ തന്നെ വല്ലാത്ത ചേലാണെന്ന് അവന് തോന്നി.... "ഇത് എന്റെ അമ്മകുട്ടിക്ക്....." അച്ചുവിനെ നോക്കി നിന്ന പത്മയുടെ നേർക്ക് ബദ്രി കേക്ക് നീട്ടി... പത്മ പുഞ്ചിരിയോടെ ബദ്രിയുടെ കയ്യിൽ കേക്ക് വാങ്ങി കഴിച്ചു.. "അമ്മേ.... അമ്മയെ മറന്നിട്ടല്ല... ആദ്യം കൊടുത്തില്ലേൽ അത് അവൾക്ക് സങ്കടാവും... വാശിക്കാരിയാണ്..."

അമ്മയെ ചേർത്ത് പിടിച്ചു കൊണ്ട് അച്ചുവിനെ നോക്കി പറയുമ്പോൾ അവന്റെ കണ്ണുകളിൽ ആ ഭ്രാന്തി പെണ്ണിനോടുള്ള സ്നേഹകടൽ അലയടിക്കുന്നത് പത്മക്ക് കാണാമായിരുന്നു.... പത്മ മുഖത്തൊരു ചിരി വരുത്തി... "കിണ്ണാ....." അമ്മയെ ചേർത്ത് പിടിച്ചു നിൽക്കുന്ന അവന്റെ ഷർട്ടിൽ പിടിച്ചു വലിച്ചു കൊണ്ട് അച്ചു വിളിച്ചു.. ബദ്രി മുഖം ചെരിച്ചവളെ നോക്കി.... മറുപടിയായി അവൾ കീഴ്ച്ചുണ്ട് പിളർത്തി കാട്ടി... "അയ്യോടാ..." ചിരിച്ചു കൊണ്ട് അവൻ അവളെയും ചേർത്ത് പിടിച്ചു... "ഇനി മുതൽ നീ കോളേജിൽ പോകണ്ട...." വാതിൽക്കൽ നിന്നുള്ള ഉപ്പ പറഞ്ഞത് കേട്ട് നൈഷു നിറകണ്ണുകളാൽ അയാളെ നോക്കി... "എനിക്കീ കല്യാണം വേണ്ട ഉപ്പാ.എനിക്ക്... എനിക്ക് പഠിത്തം കഴിഞ്ഞി....." അവൾ പറഞ്ഞു മുഴുവനാക്കും മുന്നേ അയാളുടെ ശബ്ദം ഉയർന്നു... "മിണ്ടി പോകരുത് അസത്തെ... മതി നിന്റെ പഠിത്തം...." നൈഷു ഞെട്ടി കൊണ്ട് ബെഡിൽ നിന്ന് ചാടി എണീറ്റു... മറ്റന്നാൾ പയ്യൻ കാണാൻ വരും എന്ന് മാത്രേ പറഞ്ഞിരുന്നോള്ളൂ.. പക്ഷെ അവളുടെ ഉപ്പ പ്ലാൻ മാറ്റി അന്ന് എൻഗേജ്മെന്റ് കൂടെ നടത്താൻ തീരുമാനിച്ചിരിക്കുകയാണ്...

സങ്കടം കൊണ്ട് നെഞ്ച് നീറുന്നുണ്ടായിരുന്നു... "ഇരുന്നു മോങ്ങിയിട്ട് ഒന്നും കാര്യമില്ല...എന്റെ ശത്രുവിന്റെ വീട്ടിലേക്ക് ആ ഒരു ഗതിയും ഇല്ലാത്തവന്റെ കൂടെ പോകാമെന്ന് നീ കരുതണ്ട മോളേ.... ഈ ഉപ്പ ജീവിച്ചിരിക്കുമ്പോൾ അത് നടക്കാൻ പോണില്ല...." അയാളുടെ ശബ്ദം ഉറച്ചതായിരുന്നു.... അവളെ ഒന്ന് ദേഷ്യത്തോടെ നോക്കി കൊണ്ട് അയാൾ പുറത്തേക്ക് പോയി.... അവളുടെ ഉള്ളിൽ നിറയെ ചോദ്യങ്ങളായിരുന്നു... ഇച്ചൂക്കാനെ മറന്ന് മറ്റൊരു ജീവിതം സങ്കല്പിക്കാൻ തനിക്ക് കഴിയുമോ...?? ഇച്ചൂക്കാക്ക് തന്നെ സ്വീകരിക്കാൻ കഴിയുമോ..?? വെറുപ്പായിരിക്കും തന്നോട്.... അവളുടെ കണ്ണുനീർ കവിളിനെ നനച്ചൊഴുകി....  "അച്ചൂ... നല്ല വെയിലാണ്... ഇങ്ങോട്ട് കയറി വാ..." മുറ്റത്തെ ചെടികളിൽ വന്നിരുന്ന തുമ്പിയെ പിടിക്കാൻ പതുങ്ങി നടക്കുകയാണ് അച്ചു... ബദ്രിയും കൂട്ടരും സദ്യ കഴിച്ചു കഴിഞ്ഞ് ഉമ്മറത്ത് ഇരിപ്പുണ്ടായിരുന്നു.... അപ്പു പായസത്തിന്റെ പത്രവും പിടിചാണ് ഇരിപ്പ്.... "മതിയെടാ ആ പാത്രമെങ്കിലും വെറുതെ വെക്ക്...." ശങ്കർ അവന്റെ തലക്ക് ഒരു കൊട്ട് കൊടുത്തു കൊണ്ട് പറഞ്ഞു...

"എന്നാലേ ഞാൻ അങ്ങ് ഇറങ്ങട്ടെ.... എന്നെ കണ്ടില്ലേൽ ഇപ്പൊ വിളി വരും..." കൊണ്ട് പോകാനുള്ള പത്രങ്ങൾ അടുക്കി കവറിലാക്കി പത്മ ബദ്രിക്ക് അടുത്തേക്ക് വന്നു.... "അമ്മക്ക് ഇവിടെ നിന്നൂടെ...??" ബദ്രി ആ കൈകളിൽ മുഖം അമർത്തി കൊണ്ട് ചോദിച്ചു.. "അത് ശെരിയാവില്ല കണ്ണാ..." അവർ വാത്സല്യത്തോടെ നെറുകയിൽ തലോടി... "അമ്മക്ക് എന്റെ രാമച്ചനെ കെട്ടിയാൽ പോരായിരുന്നോ...?? അങ്ങനെ ആയിരുന്നേൽ എന്ത് ഹാപ്പി ആവുമായിരുന്നു.. എന്തിനാ ഹരീടെ അച്ഛനെ കല്യാണം കഴിച്ചത്...??" പകുതി തമാശയിലും കാര്യത്തിലും അവൻ ചോദിച്ചപ്പോൾ പത്മയുടെ മുഖം വിളറി... "അങ്ങനെ ആയിരുന്നേൽ എനിക്ക് നിന്നെ കിട്ടില്ലായിരുന്നല്ലൊ..." അവന്റെ താടി രോമങ്ങളിലൂടെ വിരലോടിച്ചു... അവനൊന്നു ചിരിച്ചതെ ഒള്ളൂ.... അവൻ അമ്മയെ ചേർത്ത് പിടിച്ചു പുറത്തേക്ക് ഇറങ്ങി... "അമ്മക്ക് എന്താ ഒരു സന്തോഷമില്ലാത്തത്..എന്ത് പറ്റി...." അവൻ ആ മുഖത്തേക്ക് ഉറ്റു നോക്കി കൊണ്ട് ചോദിച്ചപ്പോൾ പത്മ മുറ്റത്ത്‌ കളിച്ചു നടക്കുന്ന അച്ചുവിൽ നിന്ന് നോട്ടമാറ്റി...

"ചെറിയ കരണങ്ങൾ മതി നിന്റെ അച്ഛനും ഏട്ടനും നിന്നെ കുറ്റപ്പെടുത്താനും പരിഹസിക്കാനും...എന്തൊക്കെയാണ് നിന്നെ കുറിച്ച് പറഞ്ഞു നടക്കുന്നത് അറിയോ നിനക്ക്...." അമ്മയുടെ കണ്ണുകളിൽ നനവ് പടരുന്നത് അവൻ കണ്ടു... "ദേ... ആ ആളാണ് അമ്മ പറഞ്ഞ കാരണം എങ്കിൽ ഹരിയും അവന്റെ അച്ഛനും എന്ത് പറഞ്ഞാലും ബദ്രിക്ക് ഒരു ചുക്കും ഇല്ല..... ആ അച്ഛന്റെയും മകന്റെയും ചിലവിൽ അല്ല ഞാൻ ജീവിക്കുന്നത്..." അച്ചുവിനെ നോക്കി അവൻ പറഞ്ഞവസാനിപ്പിക്കുമ്പോൾ അവന്റെ മുഖം വലിഞ്ഞു മുറുകിയിരുന്നു... "ഒരു പെൺകുട്ടിയാണ്...." പത്മ ആവലാതിയോടെ പറഞ്ഞു... "അത് കൊണ്ട് ആണ് അമ്മേ തെരുവിൽ ഉപേക്ഷിക്കാൻ തോന്നാത്തത്... വിട്ട് കളയാൻ പലതവണ ശ്രമിച്ചതാണ്... പക്ഷേ ചെയ്യുന്നത് തെറ്റാണെന്ന് ഒരു തോന്നൽ... ഇപ്പൊ ഈ വീട്ടിൽ ആളനക്കമുണ്ട്.. അപ്പുവും സന്തോഷത്തിലാണ്... ഞാനും...." അവൻ പുഞ്ചിരിയോടെ അച്ചൂനെ നോക്കി... "കിണ്ണാ.... ഇങ്ങ് വന്നേ.... ദേ എന്റെ ചെടി പൂവിട്ടു ഞാൻ കാണിച്ചു തരാം...." അച്ചു കയ്യിൽ തൂങ്ങി... പത്മ അവരെ നോക്കി ഒന്ന് കൂടെ യാത്ര പറഞ്ഞ ശേഷം കാറിൽ കയറി പോയി.. 

"അങ്ങനെ വല്ല്യ ഡിമാൻഡ് ഒന്നുമില്ല രാമച്ചാ... അച്ചൂനെ നന്നായി ശ്രദ്ധിക്കുന്ന ആളാവണം... ഞാൻ വൈകീട്ട് വന്നാൽ അവർ വീട്ടിൽ പൊക്കോട്ടെ... വേണേൽ ഞാൻ ഡ്രോപ്പ് ചെയ്തു കൊടുത്തോളാം..." ജിസ്പിയുടെ ബോണറ്റിൽ ചാടി കയറി ഇരുന്നു കൊണ്ട് അവൻ അത് പറഞ്ഞപ്പോൾ രാമച്ചൻ അവനെ നോക്കി ചിരിച്ചു കൊണ്ട് കരിക്ക് ചെത്തി അതിലേക്ക് വൈറ്റ് റം ഒഴിച്ചു.... "ഞാൻ ഒരാളെ പറഞ്ഞേൽപ്പിച്ചിട്ടുണ്ട്... നാളെയോ മറ്റന്നാളോ ആയിട്ട് പുള്ളിക്കാരി വന്നോളും... ആൾക്ക് മക്കളില്ല.. അതിന്റെ ഒരു സ്‌നേഹം ഇല്ലാതെ ഇരിക്കില്ല... പിന്നെ പ്രായം ഉണ്ട്....ഇവിടെ അടുത്തൂന്ന് തന്നെയാ...." "ആണോ... എന്നാ അത് ഉറപ്പിച്ചോ... ക്യാഷ് എത്രയാന്ന് വെച്ചാൽ കൊടുക്കാം..." "അതൊക്കെ നമുക്ക് ശെരിയാക്കാം... ആദ്യം നീ കരിക്ക് അങ്ങ് കുടിച്ചേ...പിറന്നാളായിട്ട് രാമച്ചൻ ഒന്നും തന്നില്ലാന്ന് പറയരുത്....അല്ലേടാ ഇച്ചു...." കരിക്ക് ചെത്തി കൊണ്ടിരുന്ന ഇച്ചുവിനെ നോക്കി മീശ പിരിച്ചു കൊണ്ട് രാമച്ചൻ പറഞ്ഞു.. "പിന്നല്ലാതെ... കണ്ണാ വേണേൽ വാങ്ങി കുടിച്ചോ... ഇവിടെ അതും കൂടെ അകത്താക്കാൻ വേണ്ടി ഒരുത്തൻ പമ്മി ഇരിപ്പുണ്ട്...."

താഴെ പുല്ലിൽ മലർന്ന് കിടക്കുന്ന ശങ്കറിനെ നോക്കി ചിരിയോടെ ഇച്ചു പറഞ്ഞു... ബദ്രി പൊട്ടി ചിരിച്ചു കൊണ്ട് കരിക്ക് വാങ്ങി വായിലേക്ക് ഒഴിച്ചു.... ഒരു തരിപ്പ് ദേഹമാസകലം കയറി...ഉള്ള് തണുത്തു.... "കണ്ണേട്ടാ....." തെങ്ങിൻ തോപ്പിലൂടെ നടന്നു വരുന്ന അമ്മാളുവിന്റെ വിളി കേട്ടപ്പോൾ ബദ്രി കരിക്കിലെ അവസാനതുള്ളിയും വായിലേക്ക് ഒഴിച്ചു കൊണ്ട് അത് വലിച്ചെറിഞ്ഞു..... "ആഹാ ഇതാര് അമ്മാളുവോ...?? നീ എന്താടി പെണ്ണെ എന്റെ തൊടിയില്...." രാമച്ചനായിരുന്നു ചോദിച്ചത്... "ഞാൻ ഭാനുവമ്മേ കാണാൻ വന്നതാ.... അപ്പോഴാ അറിഞ്ഞേ ഇവിടുത്തെ വെള്ളമടി പാർട്ടിയുടെ കാര്യം..." ബദ്രിയെ നോക്കി കൊണ്ടായിരുന്നു അവൾ അത് പറഞ്ഞത്.... ശങ്കർ അവൾ വന്നതറിഞ്ഞിട്ടും എഴുനേക്കാതെ കണ്ണുകൾ അടച്ചു കിടന്നു... "എന്റെ കണ്ണേട്ടാ...ഇന്നൊരു നല്ലദിവസമല്ലേ... കുടിക്കാതെ ഇരുന്നു കൂടെ ഇന്ന്...." രാമചന്റെ കയ്യിൽ നിന്നും വീണ്ടുമൊരു കരിക്ക് വാങ്ങിയ ബദ്രിയെ നോക്കി അമ്മാളു കെറുവിച്ചു കൊണ്ട് പറഞ്ഞു..... ബദ്രി അവൾ പറയുന്നത് ശ്രദ്ധിക്കാതെ ബക്കാർഡിയുടെ ബോട്ടിൽ കരിക്കിലേക്ക് ഒഴിച്ചു...

"നീ എന്തിനാപ്പൊ ഇങ്ങോട്ട് വന്നത്..." അവൻ ഗൗരവത്തോടെ ചോദിച്ചു.. "ചുമ്മാ,.." അവൾ തോളനക്കി കൊണ്ട് പറഞ്ഞു... അവനൊന്ന് അമർത്തി മൂളി കൊണ്ട് കരിക്ക് വായിലേക്ക് ഒഴിച്ചു,.. അമ്മാളു അവനെ തന്നെ നോക്കി നിൽക്കുകയായിരുന്നു.... ഒരു ഗ്രേ കളർ ഷർട്ടും അതിന് മാച്ച് ആയാ സെയിം കളർ കയരുള്ള മുണ്ടാമായിരുന്നു അവന്റെ വേഷം.... ഷർട്ടിന്റെ തുറന്നിട്ട ബട്ടൺസിനിടയിലൂടെ കാണുന്ന ഗോൾഡൻ ചെയ്നിലെ രുദ്രാക്ഷം അവൾക്ക് കാണാമായിരുന്നു... രോമങ്ങൾ നിറഞ്ഞു നിന്ന ഉറച്ചപേശികൾ നിറഞ്ഞു നിന്ന കയ്യിൽ സ്വർണനിറമുള്ള ഇടി കിടക്കുന്നത് കാണാൻ ഒരു പ്രതേക ഭംഗിയായിരുന്നു.... "എന്താടി.....??" അവളുടെ നോട്ടം കണ്ട് അവൻ ശബ്ദമുയർത്തി.... അവളൊന്നു ഞെട്ടി കൊണ്ട് നോട്ടം മാറ്റി... "എന്തേലും പറയാനുണ്ടോടി...??" പിന്നെയും നിന്ന് പരുങ്ങി കളിക്കുന്ന അവളോട് അവൻ ചോദിച്ചു... "അത്... അതുപിന്നെ കണ്ണേട്ടനോട്..." ഉമിനീർ ഇറക്കി കൊണ്ട് അവൾ ഇച്ചുവിനെയും രാമച്ചനേയും മാറി മാറി നോക്കി... ബദ്രി കരിക്ക് താഴേക്ക് ഇട്ടു കൊണ്ട് ബോണറ്റിൽ നിന്ന് ചാടി ഇറങ്ങി.. "വാ...."

അവൾക്ക് എന്തോ പറയാനുണ്ട് എന്ന് മനസിലായപോലെ അവൻ അവളേം കൊണ്ട് മുന്നോട്ട് നടന്നു... "കണ്ണേട്ടാ....."തെങ്ങിൻ തോപ്പിലൂടെ നടക്കുന്നതിന്റെ ഇടയിൽ അവൾ വിളിച്ചു... "മ്മ്....." മുണ്ടി അറ്റം പിടിച്ചു കൊണ്ട് ബദ്രി ഒന്ന് മൂളി.... "എനിക്ക് ഒരു കാര്യം...." അവൾ ആശങ്കയോടെ പറഞ്ഞു നിർത്തി... "പറഞ്ഞോ...." അത് കേട്ട് അവൾ നടത്തം നിർത്തി അവന് മുന്നിൽ കയറി നിന്നു.... ബദ്രി അവൾക്ക് മുന്നിൽ കൈ കെട്ടി നിന്നു.. "അതില്ലേ.... എനിക്കെ... എനിക്ക് ഇഷ്....." അവൾ പറഞ്ഞു മുഴുവനാക്കും മുന്നേ അവൻ അവളെ തടഞ്ഞു... "എനിക്കറിയാം....." അവന്റെ മുഖത്ത് പതിവ് പുഞ്ചിരി ഉണ്ടായിരുന്നില്ല.... അവൾ കണ്ണുകൾ വിടർത്തി അവനെ നോക്കി... "നീ ഇഷ്ടപ്പെടാൻ മാത്രം ഞാൻ ഒന്നും ചെയ്തിട്ടില്ലല്ലോ അമ്മാളു..." ഇത്തവണ അവന്റെ സ്വരം നേർത്തതായിരുന്നു... അവളുടെ മിഴികൾ നിലത്തേക്ക് താഴ്ന്നു.... "എന്തോ ഇഷ്ടമാണ്...." പുഞ്ചിരിയോടെ അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി... "തിരിച്ചു കിട്ടാത്ത പ്രണയത്തിന് വേണ്ടിയാണോ ഈ സാഹസം ... മ്മ്.??" അവന്റെ ചോദ്യം കേട്ട് അവൾ പുഞ്ചിരിച്ചു...

"മ്മ്... ഈ മഴപാറ്റകൾ വിളക്കിന് ചുറ്റും വട്ടമിട്ട് പരക്കുന്നത് കാണാറില്ലേ കണ്ണേട്ടാ... തീയാണെന്നും...അത് പൊള്ളുമെന്നും അറിഞ്ഞിട്ടും വീണ്ടും വീണ്ടും അവ വിളക്കിന് ചുറ്റും പാറി നടക്കില്ലേ.... അത്പോലെ ഒരു സാഹസം...തിരിച്ചു കിട്ടില്ലാന്ന് അറിഞ്ഞിട്ടും ചുമ്മാ.....?" അവളുടെ കരിമിഴികൾ നിറയുന്നുണ്ടായിരുന്നു.. ബദ്രി അവളെ നോക്കി പുഞ്ചിരിച്ചു... "തിരിച്ചു കിട്ടാത്ത എന്റെ പ്രണയത്തിന് പിന്നാലെ വരാതെ നിനക്ക് വേണ്ടി ഒരു കുന്നോളം സ്നേഹം കാത്തുവെച്ചൊരാളുണ്ട്... അത് കാണാൻ നോക്ക്,..ഒരുപാട് നാളായി നിന്നോട് പറയണം എന്ന് വിചാരിക്കുന്നു.... ഇനിയും വൈകിയാൽ നീ ഏറെ സങ്കടപെടും.... ഞാൻ കാരണം നിന്റെ കണ്ണ് നിറയാൻ പാടില്ല...."പുഞ്ചിരിയോടെ അവളുടെ കവിളിൽ തട്ടി അവൻ തിരിഞ്ഞു നടക്കുമ്പോൾ അവളുടെ ഉള്ളിൽ കാർമേഘങ്ങൾ ഉരുണ്ടു കൂടിയിരുന്നു....അവ ആർത്തലച്ചു പെയ്യാൻ നിമിഷങ്ങൾ മതിയായിരുന്നു... കരഞ്ഞു കൊണ്ട് അവൾ വീട്ടിലേക്ക് ഓടുമ്പോൾ അവളുടെ കണ്ണുകൾ പെയ്യും പോലെ മേഘങ്ങളും പെയ്യുന്നുണ്ടായിരുന്നു... അവളുടെ ഉള്ളിലെ ബദ്രി എന്ന പ്രണയം ആ മഴയിൽ ഒലിച്ചു പോകുന്നതും... പുതിയ പ്രണയത്തിനായ് അവളുടെ ഹൃദയം തുടിക്കുന്ന ഒരു കാലം വരും എന്നും അവൾ അറിഞ്ഞിരുന്നില്ല.....

"ട്ടോ........." ജനൽ പാളികൾക്കിടയിലൂടെ മിന്നൽ വെളിച്ചം ബദ്രിയുടെ റൂമിലേക്ക് എത്തി നോക്കി.... ഒപ്പം ഇടിയുടെ ഉച്ചത്തിലുള്ള മുഴക്കവും.... "കിണ്ണാ......" അച്ചു ഉറക്കത്തിൽ ഞെട്ടി കൊണ്ട് ബദ്രിയുടെ നെഞ്ചോരം പറ്റിചേർന്നു.... അവനെ ഇറുക്കി കെട്ടിപിടിച്ചു... അവളുടെ അലർച്ചയും കെട്ടിപിടുത്തവും കൊണ്ട് ബദ്രിയുടെ ഉറക്കം തടസ്സപെട്ടു... "പേടിക്കണ്ട അച്ചു.... ഞാനില്ലേ...." അവൻ അവളുടെ മുടിയിഴകളിലൂടെ വിരലോടിച്ചു കൊണ്ട് പറഞ്ഞു... അവൾ പേടി കൊണ്ടും തണുപ്പുകൊണ്ട് വിറക്കുന്നുണ്ടായിരുന്നു... ഒരു പൂച്ചകുഞ്ഞ് കയ്യിൽ കിടന്നു വിറക്കും പോലെ... "ഉറങ്ങിക്കോ അച്ചൂട്ട്യേ...." "അച്ചൂന് ഉറക്കം വരണില്ല കിണ്ണാ...." അവൾ അവന്റെ നെഞ്ചിൽ മുഖം അമർത്തി കൊണ്ട് പറഞ്ഞു... ബദ്രിക്ക് ആണേൽ മൂടി പുതച്ച് ഉറങ്ങാൻ തോന്നുണ്ടായിരുന്നു... തണുപ്പുള്ള രാത്രി.. "വേഗം ഉറങ്ങ് അച്ചൂ... എനിക്ക് ഉറക്കം വരുന്നുണ്ട്..." ഉറക്കചുവയോടെ പറയുന്നുണ്ടായിരുന്നു അപ്പൊ ഒരു കൈ അവളുടെ നെറുകയിൽ തലോടുന്നുണ്ടായിരുന്നു.... "കിണ്ണനും ഉറങ്ങണ്ട.... അച്ചൂന് ഒരു പാട്ട് പാടി താ...." "നാശം.... പാട്ട് പാടി തന്നാൽ ഉറങ്ങുവോ..??" "മ്മ്....." 🎶മേലെ മേലെ മാനം മാനംനീളെ മഞ്ഞിൻ കൂടാരം അതിലാരോ ആരാരോ നിറദീപം ചാർത്തുന്നു (മേലെ...)

വേനൽക്കിനാവിന്റെ ചെപ്പിൽ വീണുമയങ്ങുമെൻ മുത്തേ നിന്നെത്തഴുകിത്തലോടാൻ നിർവൃതിയോടെ പുണരാൻ ജന്മാന്തരത്തിൻ പുണ്യം പോലെ ഏതോ ബന്ധം പോലെ നെഞ്ചിൽ കനക്കുന്നു മോഹം 🎶 അവളുടെ നെറുകയിൽ തലോടി കൊണ്ട് അവൻ പാടി.... ഇടക്ക് അവളും... അവൾ ഉറങ്ങിയത് അറിയാതെ അവനും ഉറക്കത്തിലേക്ക് വീണു... "കണ്ണേട്ടാ ഓടിവായോ....." അപ്പൂന്റെ അലർച്ച കേട്ടാണ് പിന്നെ ബദ്രി ഉണർന്നത്.... അവൻ നെഞ്ചിൽ കിടന്നുറങ്ങുന്ന അച്ചുവിനെ ബെഡിലേക്ക് ഇറക്കി കിടത്തി അവൻ എഴുനേൽക്കാൻ ഒരുങ്ങിയപ്പോഴേക്കും അച്ചു അവന്റെ ഷർട്ടിൽ മുറുകെ പിടിച്ചിരുന്നു... "കിണ്ണാ...." പാതി മയക്കത്തിൽ അവൾ വിളിക്കുന്നുണ്ടായിരുന്നു... ബദ്രി അവളുടെ കവിളിൽ തലോടി കൊണ്ട് ആ കൈകൾ വേർപെടുത്തി പതിയെ എണീറ്റു... "കണ്ണേട്ടാ...." വീണ്ടും അപ്പൂന്റെ ശബ്ദം... അവൻ വേഗം വാതിൽ ചാരി ഹാളിലേക്ക് ചെന്ന് നോക്കി... ഉമ്മറത്തേ വാതിൽ തുറന്ന് പുറത്തേക്ക് നോക്കി കണ്ണും തള്ളി നിൽക്കുന്ന അപ്പു.. പാതിരാത്രി ഈ മഴയത്ത് ഇവൻ എന്താ വാതിൽ തുറന്നു നിൽക്കുന്നത്.. ബദ്രി സംശയത്തോടെ അവനടുത്തേക്ക് ചെന്നു.. "അപ്പു.... എന്താടാ..." ചോദിക്കുന്നതിനൊപ്പം ബദ്രി പുറത്തേക്ക് നോക്കിയപ്പോൾ അവിടത്തേ കാഴ്ച ഞെട്ടി.... "ഇച്ചു... നൈഷു.....!!!!!!".........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story