ഈ മഴയിൽ....❤️ പാർട്ട്‌ 23

ee mazhayil

എഴുത്തുകാരി: ✍ ആൻവി

മുഖത്തേക്ക് വെളിച്ചം അടിച്ചപ്പോഴാണ് ഇച്ചു കണ്ണ് ചിമ്മി തുറന്നത്.... ആദ്യം നോക്കിയത് മുകളിൽ കറങ്ങുന്ന സീലിംഗ് ഫാനിനെയാണ്.... എന്തോ ഓർത്തപോലെ ചാടി എണീറ്റു... മുഖം ചെരിച്ചു ബെഡിനരുകിലേക്ക് നോക്കിയപ്പോൾ കണ്ടു ബെഡിനോരത്ത് ചുരുണ്ടു കൂടി കിടക്കുന്ന നൈഷുനെ.... അവൻ ഹെഡ് റെസ്റ്റിലേക്ക് ചാരിഇരുന്ന് അവളെ നോക്കി.. രണ്ട് ദിവസം കൊണ്ട് എന്തല്ലാമാണ് സംഭവിച്ചത്..... വേണ്ടെന്ന് വെച്ച ജീവിതം ദൈവം കയ്യിലേക്ക് വെച്ച് തന്നു.... അവൻ ദീർഘമായ് നിശ്വസിച്ചു..... വീട് മാറി കിടന്നതിന്റെ പ്രശ്നം രണ്ട് പേർക്കും ഉണ്ടായിരുന്നു... ഇടക്ക് അവളും തിരിഞ്ഞു മറിഞ്ഞും കിടക്കുന്നത് അവൻ കണ്ടിരുന്നു.... പരസ്പരം നോക്കി കിടന്ന് പുലർച്ച എപ്പോഴോ ആണ് ഒന്ന് ഉറങ്ങിയത്... ഇച്ചു ചിരിയോടെ നൈഷുനെ നോക്കി.... അവളുടെ ഉണ്ട മുഖം കണ്ടപ്പോൾ ഒരു കടി കൊടുക്കാനാണ് അവന് തോന്നിയത്... ബെഡിൽ അമർന്നു കിടന്ന അവളുടെ കയ്യിൽ പതിയെ കൈ വെച്ചു.... വെളുത്തുരുണ്ട വിരലുകളിൽ പതിയെ തലോടി... കുറുകി കൊണ്ട് അവൾ കണ്ണ് തുറന്നു ....

തന്നെ ഉറ്റു നോക്കി ഇരിക്കുന്ന ഇച്ചുവിനെ കണ്ടപ്പോൾ തുടുത്ത അവളുടെ ഉണ്ടകവിൾ ഒന്ന് കൂടെ ചുവന്നു.... മിഴികൾ നാണത്താൽ പിടച്ചു.... "രാവിലെ ചായയും കൊണ്ട് വരുന്ന ഭാര്യയെ പ്രതീക്ഷിച്ചിരുന്നു കേട്ടോ...." അവളുടെ വിരലുകളിൽ വിരൽ കോർത്തു പിടിച്ചു കൊണ്ട് അവൻ കുസൃതിയോടെ പറഞ്ഞു... പെട്ടെന്ന് അവൾ ചാടി എണീറ്റു... "പടച്ചോനെ... സമയം... സമയം എത്രയായി.. ഞാ... ഞാൻ.. ഉറങ്ങി പോയി...." വെപ്രാളത്തോടെ പറഞ്ഞു കൊണ്ട് ഷാൾ എടുത്തു തലയിൽ ഇട്ടു കൊണ്ട് അവൾ ബെഡിൽ നിന്ന് ഇറങ്ങാൻ ഒരുങ്ങിയതും ഇച്ചു അവളുടെ കൈ പിടിച്ചു.. "വിട് ഇച്ചൂക്ക....." ചിണുങ്ങി കൊണ്ട് അവൾ പറഞ്ഞു... അവൻ ചിരിയോടെ അവളുടെ മുഖത്തേക്ക് നോക്കി... "വിടന്നേ...." അവന്റെ മുഖത്തേക്ക് നോക്കാൻ അവൾക്ക് കഴിഞ്ഞില്ല.... "സോറി നൈഷു....." അവന്റെ സ്വരം ഇടറിയിരുന്നു... അവൾ ചോദ്യഭാവത്തിൽ അവനെ നോക്കി... അവൻ അവളുടെ മുഖം കയ്യിലെടുത്തു.... "ഒത്തിരി സങ്കടപെടുത്തിയല്ലേ..." ആ കണ്ണുകളിലേക്ക് അലിവോടെ നോക്കി കൊണ്ട് അവൻ ചോദിച്ചു...

അവൾ ആണെന്നും അല്ലെന്നും തലയാട്ടുന്നുണ്ടായിരുന്നു... അവൾ ആകെ ക്ഷീണിച്ച പോലെ അവന് തോന്നി... "നീ തടികുറക്കണ്ട കേട്ടോ നൈഷു... ഉണ്ടച്ചി ആയിരിക്കുന്നത് തന്നാ എനിക്കിഷ്ടം...." അത് കേട്ടവൾ അവനെ കൂർപ്പിച്ചു നോക്കി.. "എന്നിട്ട് ആണോ... ഉണ്ടച്ചി ആണ്.... തിന്നുന്നത് കുറക്കണം എന്നൊക്കെ പറഞ്ഞു കാലിയാക്കിയത്....." പിണക്കത്തോടെ അവൾ പറയുന്നത് കേട്ട് അവനൊന്നു കണ്ണിറുക്കി... "അതൊക്കെ ചുമ്മാ പറയുന്നതല്ലേ...നീ ഒടുക്കത്തെ ലുക്ക്‌ ആണ് പെണ്ണെ..... എന്റെ പരട്ട മാമാന്റെ മകളാണെന്ന ഒറ്റ കുറവെ നിനക്കൊള്ളൂ....." "ദേ എന്റുപ്പാനെ പറഞ്ഞാൽ ഉണ്ടല്ലോ..." "പറഞ്ഞാൽ....." കള്ളചിരിയോടെ അവൻ അവളിലേക്ക് മുഖം അടുപ്പിച്ചു.... "പറഞ്ഞാൽ... ദേ ഇങ്ങനെ..." അതും പറഞ്ഞു ഒരു നിമിഷം കൊണ്ട് അവന്റെ കവിളിൽ ഒരു കടി കൊടുത്തു കൊണ്ട് ബെഡിലേക്ക് തള്ളിയിട്ട് പുറത്തേക്ക് ഓടിയിരുന്നു.... "ഡീീ...." കവിളിൽ കൈ വെച്ച് ചാടി എഴുന്നേറ്റതും പുറത്ത് നിന്ന് അവളുടെ ചിരി കേൾക്കാമായിരുന്നു... അവനും അറിയാതെ ചിരിച്ചു പോയി... 

"ഹാവൂ വയ്യാ.... കണ്ണേട്ടാ ചോറ് അടുപ്പത്തു വെച്ചിട്ടുണ്ട്...വെന്താൽ ഇറക്കി വച്ചേക്കണം...." ബാഗിലേക്ക് ബുക്കുകൾ എടുത്തു വെക്കുന്ന നേരം അപ്പു വിളിച്ചു പറഞ്ഞു.. "ഓ... ആയിക്കോട്ടെ....." ഉമ്മറത്ത് ഇരുന്നു പത്രം വായിക്കുന്ന നേരം ബദ്രി മറുപടി കൊടുത്തു.... ചാരുപടിയിൽ ചമ്രംപടിഞ്ഞിരുന്നു കൊണ്ട് ബുക്കിൽ എന്തൊക്കെയോ കുത്തി വരയ്ക്കുന്ന തിരക്കിലാണ് അച്ചു... ബദ്രി അവളുടെ പ്രവർത്തിയെ നോക്കി കണ്ടു.... രാവിലെ ദത്തൻ പോയി വന്നതിന് ശേഷം ആകെ ഒരു മൂഡ് ഓഫ്‌ ആയിരുന്നു.... "ഇനിയിപ്പോ സ്കൂളിൽ പോണം പഠിക്കണം....നോട്ട് എഴുതണം... ഹോ എവിടെ ചെന്നാലും പണി തന്നെ...." അകത്ത് നിന്ന് അപ്പൂന്റെ പിറു പിറുക്കൽ കേട്ടു... "എന്റെ ഒരു ബുക്ക് എവിടെ......" അപ്പു ടേബിളിൽ മുഴുവൻ തപ്പി കൊണ്ട് ചോദിച്ചു... "നിന്റെ ബുക്ക്‌ എനിക്ക് എങ്ങനെ അറിയാനാ...." ബദ്രി പത്രത്തിലേക്ക് മുഖം പൂഴ്ത്തി... "ഞാൻ ഇവിടെ വെച്ച എന്റെ ബുക്ക്‌ കാണുന്നില്ല....." ചവിട്ടി തുള്ളി കൊണ്ട് അപ്പു പുറത്തേക്ക് വന്നു...

ആകെമുഴുവൻ ഒന്ന് കണ്ണോടിച്ചപ്പോൾ കണ്ടു ചുറ്റുമുള്ളത് ഒന്നും ശ്രദ്ധിക്കാതെ ബുക്കിൽ എന്തൊക്കെയോ കുത്തി വരയ്ക്കുന്ന അച്ചൂനെ..... അപ്പു ദൃതിയിൽ അവൾക്ക് അടുത്തേക്ക് ചെന്നു നോക്കി.. "ദൈവമേ എൻറെ അക്കൗണ്ടൻസി നോട്ട്..." അപ്പു നെഞ്ചത്ത് കൈ വെച്ച് പോയി.... "അച്ചുമ്മ......" അപ്പു കുറച്ചു ഉറക്കെ വിളിച്ചു... "എന്താ....." അച്ചു മുഖം ഉയർത്തി അവനെ നോക്കി പുഞ്ചിരിച്ചു... അപ്പോഴാണ് അപ്പു അവൾ വരച്ചത് കണ്ടത്..... "ആഹാ... കണ്ണേട്ടാ ഇത് നോക്കിയേ...." അപ്പു കണ്ണുകൾ വിടർത്തി അച്ചു വരച്ചത് നോക്കി... "എന്താടാ...??" ബദ്രി മുഖം ഉയർത്തി അവനെ നോക്കി.... "ഇങ്ങോട്ട് വന്ന് നോക്ക് .. അച്ചുമ്മ വരച്ചത് നോക്ക്.... അടിപൊളി.. പറയാതെ വയ്യാ...." അമ്പരപ്പോടെ അവൻ പറയുന്നത് കേട്ട് ബദ്രി കാര്യമറിയാൻ അവർക്ക് അരികിലേക്ക് ചെന്നു നോക്കി... "ഇത് എന്റെ മീൻ.... ഇത് എന്റെ ചെടി...." ബുക്കിൽ വരച്ചു വെച്ച ചിത്രത്തിലേക്ക് നോക്കി അവൾ പറഞ്ഞു... ബദ്രിയും അവൾ വരച്ചത് കണ്ട് അതിശയിച്ചു പോയി... ബോട്ടിലിൽ നീന്തി തുടിക്കുന്ന മീൻകുഞ്ഞിനെ വരച്ചു വെച്ചത് കാണാൻ ജീവനുള്ളത് പോലെ തോന്നി...

"ആഹാ.. ന്റെ അച്ചു ആള് കൊള്ളാലോ..." ബദ്രി അവളുടെ കവിളിൽ തട്ടി പറഞ്ഞു.... അവൾ ചിരിച്ചു കൊണ്ട് അവനെ നോക്കി.. "കൊള്ളാവോ കിണ്ണാ....." "പിന്നെ.. ഗംഭീരം....." അവൻ അവളുടെ കവിളിൽ നുള്ളി... "എന്നെ കൂടെ വരക്കുമോ അച്ചുമ്മ.... ഞാൻ ഇവിടെ ഇരുന്നു തരാം..." അപ്പു അച്ചുവിന്റെ മുന്നിൽ ഇരുന്നു കൊണ്ട് പറഞ്ഞു.. "തത്കാലം വരെയൊന്നുമില്ല... എണീറ്റ്സ്കൂളിൽ പോടാ,...." ബദ്രി അവന്റെ ചെവിക്ക് പിടിച്ചു... "ആഹ്... ഞാൻ പൊക്കോളാം... ചെവീന്ന് വിട് മനുഷ്യ....." അപ്പു ഇരുന്നിടത്തു നിന്ന് ചാടി എണീറ്റു.. "എന്നാ ഉടായിപ്പ് കളിക്കാതെ പോ... ഇല്ലേൽ തൂക്കി എടുത്തു പുറത്തേക്ക് എറിയും ഞാൻ..." അത് കേട്ടതും മുഖം വീർപ്പിച്ചു കൊണ്ട് അവൻ അകത്തേക്ക് പോയി... "ദാ നിന്റെ ബുക്ക് കൊണ്ട് പൊക്കോ...." അച്ചുന്റെ കയ്യിൽ നിന്ന് ബുക്ക്‌ വാങ്ങി അവൻ അപ്പൂന് നേരെ നീട്ടി... "അത് അച്ചൂന് വേണം കിണ്ണാ....." അച്ചു ചുണ്ട് പിളർത്തി കൊണ്ട് ബദ്രിയുടെ ഷർട്ടിൽ പിടിച്ചു വലിച്ചു.... "അയ്യോടാ... അത് അപ്പൂന്റെ... അച്ചൂന് വേണേൽ ഞാൻ വേറെ വാങ്ങി തരാം.... നമുക്ക് അതിൽ വരക്കാം കേട്ടോ..." "സത്യാണോ...??"

"മ്മ്മ്....സത്യം...." അവൻ അവളുടെ നെറ്റിയിൽ നെറ്റിമുട്ടിച്ചു... "കിണ്ണേട്ടാ.... യ്യോ... കണ്ണേട്ടാ... ഇന്ന് സ്കൂൾ വരെ വരാൻ പറ്റുവോ.??" ബാഗ് എടുത്തു തോളിൽ ഇട്ട് പുറത്തേക്ക് ഇറങ്ങി വന്ന് അപ്പൂട്ടൻ ചോദിച്ചു.. "മ്മ്... എന്താ വല്ല കുരുത്തക്കേടും ഒപ്പിച്ചു വെച്ചിട്ടുണ്ടോ. അതിനാണേൽ ഗൗരിയെ വിളിച്ചോ...??" "ഏയ്‌ അതിനല്ല.... പേരെന്റ്സ് മീറ്റിംഗ് ഉണ്ട്...." അത് പറയുമ്പോൾ വല്ലാത്തൊരു ആവേശമാണ് അവന്.... "മ്മ്... ഞാൻ വന്നേക്കാം... ഇന്ന് എന്തായാലും അച്ചൂന് കൂട്ടിന് ഒരാൾ വരും...." ബദ്രി അച്ചൂന്റെ തോളിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു.. "ആഹാ... അപ്പൊ ആ അമ്മമ്മ ഇന്ന് വരുവോ ..??" അപ്പു ചോദിച്ചു.. "മ്മ് വരാൻ ചാൻസ് ഉണ്ട്..." "അപ്പൊ മീറ്റിംഗ് മറക്കണ്ട...." അപ്പു മുറ്റത്തേക്ക് ഇറങ്ങി... "മ്മ്...." മാർക്ക് ഒന്നുമില്ലേലും സ്കൂളിൽ കച്ചറ കളിച്ചു നടന്നാലും PTA മീറ്റിംങ്ങിന് ബദ്രി വരുന്നത് അപ്പുവിന് വല്ലാത്തൊരു ഇഷ്ടാമാണ്.... സാധാരണ ഉഴപ്പന്മാരുടെ പോലെ പേടിയൊന്നും അവനില്ല ... ബദ്രി തന്റെ ഏട്ടനാണ് എന്ന് പറഞ്ഞു പിള്ളേരുടെ മുന്നിലും ടീച്ചേഴ്സിന്റെ മുന്നിലും നടക്കാൻ കിട്ടുന്ന അവസരമാണ്... അത് ബദ്രിക്കും അറിയാം....

എനിക്ക് ഒന്നല്ല മൂന്ന് ഏട്ടന്മാർ ആണെന്ന് കൂട്ടുകാരോട് അവൻ വീമ്പു പറയുന്നത് എത്രയോ തവണ കേട്ടിട്ടുണ്ട്.... ബദ്രി എന്തോക്കെയോ ഓർമിച്ചു കൊണ്ട് ഗേറ്റ് കടന്നു പോകുന്ന അപ്പുവിനെ നോക്കി നിന്നു.... "ഇന്ന് എന്താ ഒറ്റക്കെ ഒള്ളൂ കൂട്ടുകാർ ആരുമില്ലേ....??" ആ ചോദ്യം കേട്ട് ബദ്രി മുഖം ഉയർത്തി നോക്കി... പുഞ്ചിരിയോടെ അവനെ നോക്കുന്ന അമ്മാളു.... ബദ്രി അവളെ നോക്കി ചിരിച്ചു... അവളുടെ കണ്ണുകൾക്ക് ജീവനില്ലാത്ത പോലെ,. പഴയ തിളക്കം മുഖത്ത് നിന്ന് നഷ്ടപെട്ടിരിക്കുന്നു.... "അവർ വരും... " അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു... "അമ്പലത്തിൽ പോയിട്ടുള്ള വരവ് ആണെന്ന് തോന്നുന്നു..." അവളുടെ കയ്യിലെ പ്രസാദത്തിലേക്ക് നോക്കി അവൻ ചോദിച്ചു.. "മ്മ്... അതേ...പോണ വഴി ചുമ്മാ എത്തി നോക്കിയതാ.... കണ്ണേട്ടനെ കണ്ടപ്പോൾ ഇങ്ങോട്ട് കയറി...പ്രസാദം എടുത്തോ...." അവൾ ഇലചീന്തിലെ പ്രസാദം അവന് നേരെ നീട്ടി. അവൻ കുറച്ച് എടുത്തു നെറ്റിയിൽ തൊട്ടു... പിന്നെ അകത്തേക്ക് നോക്കി... "അച്ചൂ..." അവന്റെ വിളികേട്ടതും അകത്ത് നിന്ന് അച്ചു ഓടി വന്നു...അമ്മാളു അവളെ ആകെ ഒന്ന് നോക്കി....

ഒരു ബേബി പിങ്ക് കളർ t ഷർട്ടും മുട്ടിന് താഴേക്ക് അൽപ്പം ഇറങ്ങിയിട്ടുള്ള പാവാടയുമായിരുന്നു അച്ചൂന്റെ വേഷം... അരയോളം ഉള്ള മുടി പരത്തിയിട്ടിട്ടുണ്ട്.. "എന്താ കിണ്ണാ....." അച്ചു ബദ്രിയുടെ മുന്നിൽ വന്ന് നിന്നു.... ബദ്രി അവളുടെ കൈ പിടിച്ച് അടുത്ത് ഇരുത്തിച്ചു... തൊടുവിരലിലെ ബാക്കി ചന്ദനം അവൻ അച്ചൂന്റെ നെറ്റിയിൽ തൊട്ട് കൊടുത്തു..... അമ്മാളു അവരെ രണ്ട് പേരെയും മാറി മാറി നോക്കി... "നീ എന്താ ഇങ്ങനെ നോക്കുന്നത്...??" അവളുടെ നോട്ടം കണ്ട് ബദ്രി ചോദിച്ചു... "ഏയ്‌ ചുമ്മാ ... ഇവളുടെ കൂടെ ഇരിക്കുമോ മറ്റൊരു ബദ്രിയെ കാണുന്നപോലെ...." നനുത്ത ചിരിയാലെ അവൾ മറുപടി കൊടുത്തു... ബദ്രി ചിരിച്ചതേ ഒള്ളൂ... "അപ്പു സ്കൂളിൽ പോയോ...??" "മ്മ്.... പോയി....നിനക്ക് ക്ലാസില്ലേ....??" "ഉണ്ട്... ഞാൻ പോട്ടേ..." മങ്ങിയ ചിരി നൽകി അവൾ തിരിഞ്ഞു നടന്നു...ബദ്രിക്ക് പാവം തോന്നി.... "കിണ്ണാ...."

അച്ചൂന്റെ കൊഞ്ചിയുള്ള വിളി കേട്ട് അവൻ മുഖം ചരിച്ചവളേ നോക്കി... "മ്മ്.. എന്ത്പറ്റി...." മറുപടി പറയാതെ അവൾ അവന്റെ മടിയിലേക്ക് തലചായ്ച്ചു.... അവളുടെ കൈകൾ അവന്റെ ഇടിവളയിൽ തഴുകി കൊണ്ടിരുന്നു.... "ഇതെന്താപ്പോ അച്ചൂട്ട്യേ...ഈ നേരത്ത് ഇങ്ങനെ ഒരു കിടത്തം... മ്മ്..." ബദ്രി വാത്സല്യത്തോടെ അവളുടെ നെറുകയിൽ തലോടി..... "അച്ചൂന് വയ്യാ... " അവളുടെ ശബ്ദം താഴ്ന്നു... "എന്ത്‌ പറ്റി ന്റെ അച്ചൂട്ടിക്ക്... ഹേ...!! പനിയൊക്കെ പോയതല്ലേ..." "ഇവിടെ ഒക്കെ വേദനിക്കുന്നു...." അവൾ മുഖം ചുളിച്ചു കൊണ്ട് അവന്റെ കൈ എടുത്തു നെറ്റിയിൽ തൊട്ട് കൊടുത്തു... "തലവേദനയാണോ... സാരല്ല്യാട്ടോ ഇപ്പൊ മാറിക്കോളും....." നെറ്റിക്ക് സൈഡിൽ ഒരുമ്മ കൊടുത്തു കൊണ്ട് നെറ്റിയിൽ തലോടി..............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story