ഈ മഴയിൽ....❤️ പാർട്ട്‌ 24

ee mazhayil

എഴുത്തുകാരി: ✍ ആൻവി

"ദർഷിക്കിന്റെ ഏട്ടാണോ...??" മുഖത്ത് ഇരുന്ന കണ്ണട ഒന്ന് താഴ്ത്തി ടീച്ചർ അപ്പുവിനെയും ബദ്രിയേയും ആകെ ഒന്ന് നോക്കി... "അതേ....ടീച്ചർ.." അപ്പു വിനയത്തോടെ പറഞ്ഞു.... ടീച്ചർ ബദ്രിക്ക് നേരെ തിരിഞ്ഞു.. "ആള് ക്ലാസിൽ സൈലന്റ് ആണ്. മറ്റുകുട്ടികളെ പോലെ കലപില ഒന്നുമില്ല... പക്ഷേ ഒരു വക പഠിക്കില്ല...നോട്ട് എഴുതില്ല... Assignments വെക്കില്ല..." ടീച്ചർ പറഞ്ഞത് കേട്ട് ബദ്രി അപ്പുവിനെ നോക്കി കണ്ണുരുട്ടി...അവനൊന്നു ഇളിച്ചു.. "ദേ... ഇത്.. എന്ത്‌ പറഞ്ഞാലും ചിരി.... ഇങ്ങനെ പോയാൽ പറ്റില്ല... നന്നായി പഠിക്കണം...." ടീച്ചർ അപ്പുവിനെ ഒന്ന് ഇരുത്തി നോക്കി... "മാർക്ക് ഒക്കെ കണ്ടില്ലേ...??" ബദ്രിയോടായി ചോദിച്ചു.. "മ്മ്...."ബദ്രി ഒന്ന് മൂളി.. "ഇക്കണോമിക്സിൽ മാർക്ക്‌ കുറവാണ്... ഞാൻ എടുക്കുന്ന സബ്ജെക്ട് അതാണ്.. മറ്റു ടീച്ചേഴ്സിനെ ഒക്കെ ഒന്ന് പോയി കണ്ടോളൂ...." "ശെരി.... വാടാ..." ബദ്രി അപ്പൂന്റെ കയ്യും പിടിച്ചു പുറത്തേക്ക് ഇറങ്ങി... സ്റ്റാഫ്‌ റൂമിൽ നിന്നിറങ്ങിയതും ബദ്രി അവന്റെ കൈ വിട്ട് മുണ്ട് മടക്കി കുത്തി... "ഇനി ഒരാളെയും കാണാൻ ഞാനില്ല...." ബദ്രി അപ്പൂനെ നോക്കി കണ്ണുരുട്ടി കൊണ്ട് പറഞ്ഞു..

"അല്ലേലും ഇനി ആരെയും കാണണ്ട കണ്ണേട്ടാ....പൊക്കോ...." അപ്പു കഴുത്തിലെ ഐഡി കാർഡ് ഊരി പാന്റിന്റെ പോക്കറ്റിലേക്കിട്ടു... "അച്ചുമ്മ വീട്ടിൽ ഒറ്റക്കാണോ കണ്ണേട്ടാ....??" "ഏയ്‌ അല്ല പുറത്ത് ഗൗരിയുടെ കൂടെ ഉണ്ട്.... നൂറ് വരെ എണ്ണുമ്പോഴേക്കും എത്താം എന്ന് പറഞ്ഞാ എന്നെ വിട്ടത്..." "ആഹാ... എന്നാ വിട്ടോ.. ഞാനും ക്ലാസ്സിൽ പോട്ടേ...." അപ്പു ചിരിച്ചു കൊണ്ട് ക്ലാസിലേക്ക് നടന്നു... "ഡാ....." പുറകിൽ നിന്ന് ബദ്രി വിളിച്ചു.. അവൻ തിരിഞ്ഞു നോക്കി.. "എന്താ കണ്ണേട്ടാ...??" ബദ്രി വാച്ചിൽ നോക്കി കൊണ്ട് അവനടുത്തേക്ക് ചെന്നു... "ഫുഡ്‌ കഴിക്കാൻ ടൈം ആയല്ലോ... ഉച്ചക്ക് ലഞ്ച് ബോക്സ്‌ എടുത്തില്ലല്ലൊ നീ..." "ഇല്ല.... എനിക്കൊരു നൂറ് രൂപ തന്നേക്ക് ഞാൻ സുലൈമാനിക്കാടെ കടയിൽ നിന്ന് ബിരിയാണി വാങ്ങി കഴിച്ചോളാം...." പെട്ടെന്നുള്ള അവന്റെ മറുപടി കേട്ട് ബദ്രി ചിരിച്ചു... "മ്മ്... ഞാൻ ചോദിച്ചില്ലായിരുന്നെങ്കിലോ.... മ്മ്...??" ബദ്രി അവന്റെ തലക്ക് ഒരു കൊട്ട് കൊടുത്തു കൊണ്ട് ചോദിച്ചു... "ചോദിക്കും എന്നെനിക്കറിയാം..." അപ്പു ഒരു കള്ളചിരി ചിരിച്ചു... ബദ്രി പേഴ്സിൽ നിന്ന് 200 രൂപയെടുത്ത് അവന് കൊടുത്തു...

"ആവശ്യമുള്ളത് വേടിച്ചു കഴിച്ചോ...??.." "മ്മ്... ശെരി.. റ്റാറ്റാ...." പൈസയും വാങ്ങി പോക്കെറ്റിൽ ഇട്ട് അവൻ ഓടി പോയി... ബദ്രി ചിരിച്ചു കൊണ്ട് ജിപ്സിക്കടുത്തേക്ക് ചെന്നു... "കിണ്ണാ...." വണ്ടിക്ക് അടുത്ത് എത്തിയില്ല അതിന് മുന്നേ അച്ചു ഓടി അവന്റെ കയ്യിൽ തൂങ്ങി..... "ഹോ... എന്റെ കണ്ണാ... ഇവളെ മേക്കാൻ നിന്നെ കൊണ്ടേ പറ്റൂ... എന്തൊരു ബഹളം ആയിരുന്നു...." ശങ്കർ അരക്ക് കയ്യും കൊടുത്ത് അച്ചൂനെ നോക്കി... "ആണോ അച്ചൂട്ടാ...." ബദ്രി ചിരിച്ചു കൊണ്ട് അച്ചൂനെ നോക്കി... ആ കണ്ണുകളിൽ നനവ് ഉണ്ടായിരുന്നു... "കിണ്ണൻ അച്ചൂനെ ഒറ്റക്ക് ആക്കി പോയില്ലേ...??" അവളുടെ ചുണ്ടുകൾ വിതുമ്പുന്നുണ്ടായിരുന്നു.... "ഞാൻ ന്റെ അച്ചൂട്ടീനെ ഒറ്റ ആക്കി പോകുവോ... മ്മ്... ഞാൻ അപ്പൂട്ടന്റെ അടുത്തേക്ക് പോയതല്ലേ...?" "ആണോ... ഇനി പോവോ...???" "ഇല്ല.... ഇനി നമുക്ക് വീട്ടിലേക്ക് പോകാട്ടോ... വാ....." ബദ്രി അവളെ തോളോട് ചേർത്ത് പിടിച്ചു കൊണ്ട് വണ്ടിയിലേക്ക് കയറി..  "ഇലക്ഷന്റെ കാര്യം ഒക്കെ അവിടെ നിക്കട്ടെ രാമനാഥ....എന്തോ ആയാലും ബദ്രിയേയും കൂട്ടരെയും പാർട്ടിയിലേക്ക് കൊണ്ട് വരാനുള്ള തന്റെ ഉദ്ദേശം അത് നടക്കാൻ പോണില്ല..." കൂട്ടത്തിൽ നിന്നാരോ വിളിച്ചു പറഞ്ഞത് കേട്ട് രാമനാഥൻ ഇരുന്നിടത്ത് നിന്ന് ചാടി എണീറ്റു.... കസേര ചവിട്ടി തെറിപ്പിച്ചു...

"അല്ലേലും എന്റെ പിള്ളേരെ ഒരു പാർട്ടിയിലേക്കും ഞാൻ കൊണ്ട് വരുന്നില്ലടോ...." "രാമനാഥ ഒന്ന് അടങ്ങഡോ..." പ്രായമുള്ള ഒരു സഖാവ് ശബ്ദം ഉയർത്തി... "പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് സഖാവേ.. ബദ്രി അവൻ പഠിക്കുന്ന കാലത്ത് പാർട്ടിയിലേക്ക് വന്നതാ..... അന്ന് ഈ പാർട്ടി ഒരു നിലയിലേക്ക് എത്താൻ അവൻ വലിയൊരു പങ്ക് വഹിച്ചിട്ടുണ്ട്.." രാമനാഥൻ മുണ്ട് മടക്കി കുത്തി കൊണ്ട് പറഞ്ഞു.... "ഒരു കാര്യം പറയാലോ രാമനാഥ... ഇപ്പോ അവനെ കുറിച്ച് കേൾക്കുന്നത് ഒന്നും അത്ര നല്ലതല്ല...മാത്രമല്ല ഒരു പെണ്ണ് കൂടെ വന്നിട്ട് ഉണ്ടെന്ന് കേട്ടു... കേട്ടതല്ല കണ്ണ് കൊണ്ട് കണ്ടതാ...അവിടെ എന്തൊക്കെ നടക്കുന്നേതെന്ന് ആർക്കറിയാം.." മറ്റൊരാൾ പറയുന്നത് കേട്ടു... "അവിടെ എന്ത്‌ നടന്നാൽ തനിക്ക് എന്താടോ....അവന് എന്തേലും ചെയ്തോട്ടെ എന്തായാലും തന്റെ ചിലവിൽ ഒന്നുമല്ലല്ലോ,... ഇനി ഇപ്പൊ ഇതിന്റെ പേരിൽ എന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയാലും എനിക്കൊരു ചുക്കും ഇല്ല...." എല്ലാവരെയും ഒന്ന് തുറിച്ചു നോക്കി കൊണ്ട് അയാൾ പാർട്ടി ഓഫിസിൽ നിന്ന് പുറത്തേക്ക് ഇറങ്ങി പോയി... 

കാളിങ് ബെൽ അടിക്കുന്നത് കേട്ട് ബദ്രി വായിച്ചു കൊണ്ടിരുന്ന ബുക്ക്‌ ടേബിളിലേക്ക് വെച്ച് എഴുനേറ്റു.... അച്ചു ഉച്ചക്കുള്ള ഭക്ഷണവും മരുന്നും കഴിച്ചതിന്റെ ക്ഷീണം കൊണ്ട് ഉറങ്ങിപോയിരുന്നു... അവൻ അച്ചൂനെ ഒന്ന് നോക്കിയ ശേഷം പുറത്തേക്ക് ചെന്നു.. വാതിൽ തുറന്നു നോക്കി...ഒരു പ്രായമായ സ്ത്രീ....നെറ്റിയിൽ നീട്ടി വരച്ച ചന്ദനകുറി... പുഞ്ചിരിയുള്ള മുഖം.... "ഇത്.... ബദ്രി സാറിന്റെ വീടല്ലേ...??" അവർ ശബ്ദം താഴ്ത്തി ചോദിച്ചു.. "അതേ... " അവർ ചിരിച്ചു കൊണ്ട് ഉമ്മറത്തേക്ക് കയറി... "ജോലിക്ക് ഒരാളെ വേണം എന്ന് പറഞ്ഞിരുന്നു....രാമനാഥൻ സർ പറഞ്ഞിട്ട് വന്നതാ..." നേരിയതിന്റെ തലപ്പ് കൊണ്ട് നെറ്റിയിൽ പൊടിഞ്ഞ വിയർപ്പ് കണങ്ങളെ തുടച്ചു നീക്കി കൊണ്ട് അവർ പറഞ്ഞു... "ഓഹ്... മനസിലായി...അമ്മയുടെ വീട്..??" അമ്മ....!! അവരുടെ കണ്ണുകൾ തിളങ്ങി... അവന്റെ വിളി ആ വാടിയ മുഖത്തൊരു പുഞ്ചിരിവിരിയിച്ചു... "ന്റെ വീട് അങ്ങ് ഈശ്വരമംഗലം... ആ കവല കഴിഞ്ഞിട്ടാ...." "രാമച്ചൻ പറഞ്ഞു കാണുമല്ലോ അല്ലെ... രാവിലെ 7 മണിക്ക് വന്നിട്ട് വൈകീട്ട് നാല് മണിക്ക് അമ്മക്ക് വീട്ടിൽ പോകാം..." ബദ്രി അവരോട് വിശദീകരിച്ചു.. "ശെരി മോനെ...." അതും പറഞ്ഞവർ അകത്തേക്ക് കണ്ണോടിച്ചു.... "അവളുറങ്ങുവാ... കുറച്ചു കഴിയും എണീക്കാൻ... അമ്മ വീട് ഒക്കെ കണ്ടോളൂ..."

അവരുടെ നോട്ടത്തിന് അർത്ഥം മനസിലായപോലെ ബദ്രി പറഞ്ഞു... "വേണ്ട മോനെ... ഞാൻ നാളെ മുതൽ വരാം... എന്നാ ഞാനിറങ്ങട്ടെ...." "മ്മ്.... ശെരി... ഒരു മിനിറ്റ്...." ബദ്രി അവരോട് പറഞ്ഞു കൊണ്ട് അകത്തേക്ക് കയറി പോയി.... അവർ അവൻ പോകുന്നത് നോക്കി കൊണ്ട് തിണ്ണയിലേക്ക് ഇരുന്നു... കുറച്ചു കഴിഞ്ഞ് ബദ്രി പുറത്തേക്ക് വന്നു.... "ദാ... അധ്വാൻസ് ആണ്...." പേഴ്സിൽ നിന്ന് കുറച്ചു പൈസയെടുത്ത് അവർക്ക് നേരെ നീട്ടി... മടിയൊന്നും കൂടെ പൈസ വാങ്ങിയപ്പോൾ അവന് മനസിലായിരുന്നു അവരുടെ കഷ്ടപാട്..... "കിണ്ണാ....." ആ അമ്മ പോകുന്നത് നോക്കി നിൽക്കെ അകത്ത്‌ നിന്ന് അച്ചൂന്റെ വിളി കേട്ടു... തിരിഞ്ഞു നടക്കും മുന്നേ പിന്നിലൂടെ വന്നവൾ ചുറ്റി പിടിച്ചു... "ആഹാ... അച്ചു എഴുന്നേറ്റോ...??" "മ്മ്... " അവന്റെ പുറത്ത് ചാരി നിന്നവൾ കണ്ണടച്ചു.... "ഹയ്യമ്മ പൂവ് വിരിഞ്ഞല്ലോ...." പെട്ടെന്ന് ബദ്രിയിൽ നിന്ന് അകന്ന് മാറി അവൾ മുറ്റത്തേക്ക് ഓടി..... "പതുക്കെ പോ അച്ചു... നീ വീഴും...." ബദ്രി പുറകിൽ നിന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു...

വേലിക്കൽ പച്ചഇലകൾക്ക് പിന്നിൽ വിരിഞ്ഞു നിൽക്കുന്ന ചെമ്പരത്തി പൂക്കളെ അവൾ അപ്പോഴായിരുന്നു കണ്ടത്.... എന്തൊരു സന്തോഷമാണ് അവൾക്ക്.... ബദ്രി അവളെ നോക്കി കാണുകയായിരുന്നു... ഒന്നിനെ കുറിച്ചും ആകുലപെടാതെ ജീവിതത്തിന്റെ സുഖം അവൾ അറിഞ്ഞു കൊണ്ടിരിക്കുകയാണ്..മുഖം മൂടിയണിയാത്ത ജീവിതത്തിന്റെ സന്തോഷം അനുഭവിച്ചു കൊണ്ടിരിക്കുകയാണ്....നിരാശ എന്തെന്ന് അറിയാത്ത ജീവിതമാണ് അവൾക്ക്... ഭ്രാന്തി എന്ന് മുദ്രകുത്തുന്നത് എന്തിനാണ്.... മാറ്റാരോടും തോന്നാത്തൊരു അടുപ്പം തോന്നുന്നുണ്ട് അവന് ആ ഭ്രാന്തിപെണ്ണിനോട്... അവൾ തലോലിച്ചു കൊണ്ടിരുന്നു ചെമ്പരത്തിപൂവിനെ അവൻ കൗതുകത്തോടെ നോക്കി... "നിന്റെ ചങ്കിലെ ചെമ്പരത്തിപൂവായ് പിറക്കണം എനിക്കും ഞാൻ... അന്ന് ചുവന്നു പൂക്കുന്ന എന്നെ നോക്കി നീ പറയരുത് ഞാനൊരു ഭ്രാന്തിയാണെന്ന്...." പണ്ട് തന്റെ ബുക്കിന്റെ താളുകളിൽ നിന്ന് കിട്ടിയ കടലാസുകഷ്ണത്തിൽ എഴുതപെട്ടെവരികളെ അവൻ ഓർത്തെടുത്തു.... ഇടക്കെങ്കിലും പറഞ്ഞിരുന്നു..

അവൾക്ക് ഭ്രാന്താണെന്ന്.... പക്ഷേ ഭ്രാന്ത് തനിക്കായിരുന്നു... ഒളിച്ചു കളിക്കുന്നവളെ തേടിപിടിക്കാൻ ഒരു തരം ഭ്രാന്ത്..... അവൻ ഓർത്തു... ഇന്നിപ്പോൾ തന്നെക്കാൾ വലിയൊരു ഭ്രാന്തിയുണ്ട് കൂടെ.... ചെമ്പരത്തി പൂവിന്റെ നിറമുള്ളവൾ.... തന്നെ ഭ്രാന്തമായി സ്നേഹിക്കുന്നവൾ... ഇതുവരെ ആ സ്നേഹത്തിന്റെ അർത്ഥം തനിക്ക് മനസിലാക്കാൻ കഴിഞ്ഞിട്ടില്ല.... എന്തോ ഒന്ന് അവളിലേക്ക് തന്നെ വലിച്ചടുപ്പിക്കുന്നു.... അവളെന്നെ ചങ്ങലയിൽ ബന്ധിക്കപെട്ട ഒരു ഭ്രാന്തനായി മാറുകയാണ് താനിപ്പോൾ... അവൻ അച്ചുവിനെ തന്നെ നോക്കി നിന്നു.... പെട്ടന്നാണ് രാമച്ചന്റെ കാർ പൊടി പറത്തി കൊണ്ട് ഗേറ്റ് കടന്നു വന്നത്.............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story