ഈ മഴയിൽ....❤️ പാർട്ട്‌ 3

ee mazhayil

എഴുത്തുകാരി: ✍ ആൻവി

മഴക്ക് പെയ്യാനൊരു മോഹം....!! അവരുടെ ഉടലിനെ നനക്കാൻ കാറ്റ് ആഞ്ഞു വീശി.... തന്റെ നെഞ്ചിൽ മുഖം അമർത്തി നിന്നവളെ ദേഷ്യത്തോടെ അടർത്തി മാറ്റാനായ് ബദ്രി അവളുടെ തോളിൽ പിടിച്ചു..... കാട്ടിനൊപ്പം മഴപെണ്ണിന്റെ വരവ് അറിയിച്ചു കൊണ്ട് ഇടിമുഴക്കം.... ഒരു ഞെട്ടലോടെ ആ പെണ്ണ് അവന്റെ ഷർട്ടിൽ പിടി മുറിക്കി... അവനോട് ചേർന്ന് നിന്ന അവളുടെ കുഞ്ഞു ശരീരം വിറച്ചു.... ബദ്രി അവളെ ദേഷിച്ചു കൊണ്ട് അടർത്തി മാറ്റിയതും.... വാടിയ താമരപോലെ അവൾ അവന്റെ കൈകളിലേക്ക് വീണു.... "ഹേയ്...." ബദ്രി തെല്ലും പരിഭ്രമത്തോടെ അവന്റെ അവളുടെ കവിളിൽ തട്ടി വിളിച്ചു.. ഇച്ചുവും ശങ്കറും വണ്ടിയിൽ നിന്ന് ഇറങ്ങി ബദ്രിയുടെ അടുത്തേക്ക് ചെന്നു.... അപ്പോഴേക്കും മഴപെയ്തു തുടങ്ങിയിരുന്നു... "ബോധം പോയെന്ന് തോന്നുന്നു... എന്താ ചെയ്യാ....??" ശങ്കർ ചോദിച്ചു... "ഇവിടെ ഇട്ടിട്ട് പോയാലോ...." നെറ്റി ഉഴിഞ്ഞു കൊണ്ട് ഇച്ചു പറഞ്ഞതും ബദ്രി അവനെ നോക്കി പേടിപ്പിച്ചു... "നിനക്ക് തീരെ ബോധമില്ലേ ഇച്ചു... ഒരു പെൺകുട്ടിയാണ്.... അങ്ങനെ ഇട്ടിട്ട് പോകുന്നത് ശെരിയാണോ..??"

"എടാ ഞാൻ... അങ്ങനെ..." "മതി... മതി.... രണ്ടും നിർത്തിക്കെ... ഇവളെ ഹോസ്പിറ്റലിൽ ആക്കാം....അവൾക്ക് ബോധം വന്നാൽ നമുക്ക് അവളുടെ വീട്ടുകാരെ അറിയിക്കാലോ....??" ശങ്കർ പറഞ്ഞതിനോട് രണ്ട് പേരും യോജിച്ചു.... ബദ്രി ചുറ്റും ഒന്ന് നോക്കിയ ശേഷം അവളെ കയ്യിൽ എടുത്തു... ഇച്ചു അത് കണ്ടതും വാ പൊത്തി ചിരിച്ചു... "എന്താടാ...??" ദേഷ്യത്തോടെ ചോദിച്ചതും ഇച്ചു വീണ്ടും ആക്കി ചിരിച്ചു കൊണ്ട് ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്നു.... "ഗൗരി നീ.... നീ പുറകിലിരുന്നോ..ഈ പെണ്ണിന്റെ കൂടെ.." "അയ്യടാ അതങ്ങ് പള്ളീ പോയി പറഞ്ഞാൽ മതി...." ശങ്കർ ചാടി കോ ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു.... ബദ്രി അപ്പോഴും അവളെ കയ്യിൽ എടുത്തു നിൽക്കുകയായിരുന്നു... "നീയല്ലേ ഇപ്പൊ ഇവളുടെ മുന്നിൽ കൊണ്ട് നിർത്തിയത്... അത് കൊണ്ട് നീ തന്നെ അവളുടെ കൂടെ ഇരുന്നാൽ മതി...." "ഏത് നേരത്താണാവോ....."

തന്റെ കയ്യിൽ ബോധമറ്റു കിടക്കുന്ന പെണ്ണിനെ ഒന്ന് നോക്കി.... നിഷ്കളങ്മായ മുഖം ചായം പുരളാത്ത അധരങ്ങൾ ഇരു പുറവും പിന്നിയില്ല നീളൻ മുടി ആകെ അഴിഞ്ഞുലഞ്ഞിരുന്നു..ചെറു മുടിയിഴകൾ മഴകൊണ്ട് അവളുടെ മുഖത്ത് പറ്റി പിടിച്ചിരിക്കുന്നുണ്ട്.... എവിടെയോ കണ്ട പോലെ.... "വരാൻ ഉള്ളത് വഴിയിൽ തങ്ങില്ല ബദ്രി...!!" ശങ്കറിന്റെ സംസാരം കേട്ടപ്പോഴാണ് അവൻ അവളിൽ നിന്ന് നോട്ടം മാറ്റിയത്... ബദ്രി ഒന്ന് നിശ്വസിച്ചു കൊണ്ട് അവളെ ബാക്കിലെ സീറ്റിൽ കിടത്തി അവനും കയറിയിരുന്നു.... 🎶മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി നനഞ്ഞോടി നിൻ കുടക്കീഴിൽ ഞാൻ വന്ന നാൾ കാറ്റാലെ നിൻ ഈറൻ മുടി ചേരുന്നി നിൻ മേലാകവെ നീളുന്നൊരീ മൺ പാതയിൽ തോളോടു തോൾ പോയില്ലയോ... മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി നനഞ്ഞോടി നിൻ കുടക്കീഴിൽ ഞാൻ വന്ന നാൾ....🎶

ചാറി കൊണ്ടിരിക്കുന്ന മഴയേ നോക്കി ശങ്കർ പാടി.... ഇച്ചു അറിയാതെ ചിരിച്ചു പോയി..... "ഒന്ന് നിർത്തുന്നുണ്ടോ ഗൗരി....'' ബദ്രിയുടെ ശബ്ദം ഉയർന്നു.... "അല്ലേൽ ഏതു നേരവും നിനക്ക് എന്റെ പാട്ട് കേൾക്കണമല്ലോ... ഞാൻ ഈ സിറ്റുവേഷനനുസരിച്ച് ഒരു പാട്ട് പാടിയതല്ലേ..." പുറകിലേക്ക് നോക്കി കൊണ്ട് ശങ്കർ പറഞ്ഞു... ബദ്രി അവനെ ഒന്ന് തുറിച്ചു നോക്കി.. "കണ്ണാ... I mean മഴ...." ശങ്കർ ഇളിച്ചു കൊണ്ട് മുകളിലേക്ക് ചൂണ്ടി... ബദ്രി ദേഷ്യത്തിൽ മുഖം വെട്ടിച്ചു.... മറ്റുവാഹനനങ്ങളെ പുറകിലാക്കി കൊണ്ട് അവരുടെ ജിപ്സി ആ ചെറു ചാറ്റലിൽ മുന്നോട്ട് പാഞ്ഞു... ഹോസ്പിറ്റലിൽ മുന്നിൽ വന്ന് ബ്രേക്ക്‌ ചവിട്ടി.... ബദ്രി അവളെ എടുത്തു ഇറങ്ങി.... "ഡാ.... ഇച്ചു ഒന്ന് പിടിച്ചേടാ....." അവൻ ഇച്ചൂനോട്‌ പറഞ്ഞു.. "ഒന്ന് പോയെടാ..." ഇച്ചു മുഖം വെട്ടിച്ചു... "എടാ........... മുണ്ട് അഴിഞ്ഞു പോകുമെടാ...." ബദ്രി ശബ്ദം താഴ്ത്തി പറഞ്ഞു.. "എന്നാ പിന്നെ അതങ്ങ് പറഞ്ഞൂടെടാ.........." ഇച്ചു അവനെ കണ്ണുരുട്ടി കൊണ്ട് അവളെ കയ്യിൽ എടുത്തു... ബദ്രി മുണ്ട് മടക്കി കുത്തി..... ഇച്ചു അവളെ കൊണ്ട് പോയി സ്‌ട്രെക്ച്ചറിൽ കിടത്തി....  "ഇല്ല... ഇല്ല... അവൻ നേരെ വീട്ടിലേക്കാണ് വരുന്നത്....ഞാൻ പോകുന്നുണ്ട് എന്റെ മോനെ കൊണ്ട് വരാം.... പിന്നെ പറയാനുണ്ടോ അവൻ എന്റെ മോനല്ലേ....

വെറും ഹരികൃഷ്ണൻ അല്ല ഇപ്പൊ ഹരികൃഷ്ണൻ ips...അവനെ പോലൊരു മോൻ എന്റെ പുണ്യം ആണെടോ...." ഉമ്മറത്തെ ചെയറിൽ രാജാകീയമായി ഇരുന്ന് ഫോണിൽ സംസാരിക്കുകയാണ് ദത്തൻ.... ഒരു ചുവരിനപ്പുറം അയാൾ പറയുന്നതെല്ലാം പത്മ കേൾക്കുന്നുണ്ടായിരുന്നു... എന്ത് കൊണ്ടോ ഉള്ളിൽ ഒരു നോവ്... ബദ്രിയുടെ മുഖം മനസിൽ നിറഞ്ഞു നിൽക്കുന്നു.... ഹാളിലെ ചുവരിൽ മാലയിട്ട് തൂക്കിയ ഫോട്ടോയിൽ അവരുടെ നിറകണ്ണുകൾ ഉടക്കി.... സുന്ദരിയായ ഒരു സ്ത്രീ.... ദത്തന്റെ ആദ്യ ഭാര്യ മോഹിനി....!! "പത്മേ.....!!!!!" ഉമ്മറത്ത് നിന്ന് വിളി കേട്ടു... സാരി തലപ്പ് കൊണ്ട് കണ്ണുകൾ തുടച്ച് അങ്ങോട്ട്‌ ചെന്നു... "ഹരിക്കുട്ടന് വേണ്ടി സ്പെഷ്യൽ എന്തേലും പുറത്തൂന്ന് വാങ്ങണോ...?? അവന് നോൺവെജ് ആണ് കൂടുതൽ ഇഷ്ടമെന്ന് നിനക്ക് അറിയാലോ...." "ആവശ്യത്തിനുള്ളത് ഞാൻ ഉണ്ടാക്കിയിട്ടുണ്ട്..." പത്മ താഴ്ന്ന ശബ്ദത്തിൽ പറഞ്ഞു... "അവനിഷ്ടമുള്ളത് എല്ലാം ഉണ്ടോ...?? വായിൽ കൊള്ളാവുന്നത് വല്ലതും ആണോ..? കുറെ നാള് കഴിഞ്ഞു വരുവാ എന്റെ കുഞ്ഞ് നല്ലത് വല്ലതും വേണം വായിൽ കൊടുക്കാൻ..."

പത്മ അയാളെ തന്നെ നോക്കി നിൽക്കുകയായിരുന്നു.. "മാസങ്ങളായി ഇങ്ങോട്ട് വരാത്ത ഇതേപോലെ ഒരു കുഞ്ഞുണ്ട്.... അവൻ വല്ലതും കഴിക്കുന്നുണ്ടോ എന്ന് ആലോചിച്ചിട്ടുണ്ടോ...??" സങ്കടം തൊണ്ട കുഴിയിൽ തങ്ങി നിന്നു.... ദത്തൻ അവരെ ഒന്ന് ദേഷിച്ചു നോക്കി..... "കുഞ്ഞ് പോലും... അവന്റെ കയ്യിലിരിപ്പ് നേരിട്ട് കണ്ടതല്ലേ.... എന്റെ രക്തം തന്നെയാണോ അവൻ.....!!" "സ്വന്തം മോൻ തന്നെയാണ്.... ഒരിക്കൽ അവനെ ഉണ്ടാവൂ....അങ്ങനെ ഒരു ദിവസം വരും.... എനിക്കുറപ്പുണ്ട്...അവൻ വേണ്ടി വരും.." വാശിയോടെ മിഴികൾ തുടച്ചു കൊണ്ട് പത്മ അകത്തേക്ക് കയറി പോയി....  "പേഷ്യന്റിന്റെ ആരാ നിങ്ങൾ....??" നേഴ്സിന്റെ ചോദ്യം കേട്ടതും ശങ്കർ പുറകിൽ നിൽക്കുന്ന ബദ്രിയെ തിരിഞ്ഞു നോക്കി.. ബദ്രി മുന്നോട്ട് വന്നു.... "സിസ്റ്റർ ഈ കുട്ടീ......" അവൻ എന്തോ പറയാൻ ആഞ്ഞതും ഡോക്ടർ അവർക്കടുത്തേക്ക് വന്നു.... "പേടിക്കാൻ ഒന്നുമില്ല...ഭക്ഷണം കഴിക്കാത്തത് കൊണ്ട് ആണ് ... ഡ്രിപ് ഇട്ടുണ്ട് അത് കഴിഞ്ഞാൽ പോകാം...." ഡോക്ടർ ചിരിയോടെ പറഞ്ഞു.. "അല്ല ഡോക്ടർ ആ കുട്ടീ....."

"എന്താ കുട്ടിയുടെ പേര്...??" അവൻ വീണ്ടും പറഞ്ഞു തുടങ്ങിയതും നേഴ്സ് ഇടയിൽ കയറി ചോദിച്ചു..... "അത്.... അത് പിന്നെ...." അവർ മൂന്ന് പേരും നിന്ന് പരുങ്ങി കളിച്ചു.... "ഡോക്ടർ അവൾ ഉണർന്നോ...??" ബദ്രി മുന്നോട്ട് വന്നു ചോദിച്ചു..... "മ്മ്.. ഉണർന്നു.... ആള് പേടിച്ചിരിക്കുവാ.. ഒന്നും സംസാരിക്കുന്നില്ല...?" "ഞങ്ങൾ ചെന്ന് കണ്ടോട്ടെ...??" "മ്മ്...." ബദ്രി തിരിഞ്‌ ഇച്ചൂനേയും ശങ്കറിനെയും നോക്കി... മൂന്ന് പേരും കൂടെ അകത്തേക്ക് കയറി.... കുറേ പേര് ഓരോ അസുഖങ്ങളായും അപകടമായും പലബെഡ്ഡുകളിലായി കിടപ്പുണ്ടായിരുന്നു..... ചുമരിനോട്‌ ചേർന്നൊരു ബെഡിൽ കണ്ണുകൾ ഇറുക്കി അടച്ച് അവൾ കിടപ്പുണ്ടായിരുന്നു..... ഇൻജെക്ഷൻ എടുത്ത കൈ അനക്കുമ്പോൾ വേദനിക്കുമ്പോൾ അവളുടെ മുഖം ചുളിയുന്നുണ്ട്.... "മോളേ....." ശങ്കർ ആയിരുന്നു വിളിച്ചത്.... ആ വിളികേട്ടതും അവൾ കണ്ണുകൾ വലിച്ചു തുറന്നു.... പിന്നെ പേടിയോടെ ചാടിഎഴുനേറ്റു.... "ആാാ...." ഡ്രിപ് ഇട്ട കൈ അനങ്ങി രക്തം വന്നു.... ബദ്രി വേഗം ചെന്നവളുടെ കയ്യിൽ പിടിച്ചു..... ബദ്രിയെ കണ്ടപ്പോൾ ആ മുഖം വിടരുന്നത് ഇച്ചുവും ശങ്കറും അത്ഭുതത്തോടെ നോക്കി കണ്ടു....

അവർ പരസ്പരം നോക്കി... ബദ്രി അവൾക്കടുത്ത് ഇരുന്നു.... കണ്ണിമ വെട്ടാതെ അവൾ അവനെ നോക്കുന്നുണ്ടായിരുന്നു... "എന്താ പേര്....??" അവൻ സൗമ്യമായ് ചോദിച്ചു... "അച്ചു....." ചുണ്ട് പിളർത്തി കൊണ്ട് അവൾ പറഞ്ഞു...ഒപ്പം നിഷ്കളങ്കമായ ഒരു ചിരിയും... ബദ്രി മുഖം ഉയർത്തി ഇച്ചുനേയും ശങ്കറിനേയും നോക്കി.. "അല്ല അച്ചൂസേ... മോൾടെ ശെരിക്കുള്ള പേരെന്താ....." ഇച്ചു അവൾക്കാടുത്തു ഇരുന്നു കൊണ്ട് ചോദിച്ചു.. അവൾ പേടിച്ചുയോടെ ബദ്രിക്ക് അടുത്തേക്ക് നീങ്ങി ഇരുന്ന് അവന്റെ ഷർട്ടിൽ ചുരുട്ടി പിടിച്ചു.... അവളുടെ പ്രവൃത്തി കണ്ട് ബദ്രി ഒന്ന് ഞെട്ടി... അവളെ അവൻ പിടിച്ചു മാറ്റാൻ നോക്കുമ്പോഴൊക്കെ അവൾ അവനോട് ചേർന്നിരുന്നു... "എടാ ഇവൾക്ക് തലക്ക് നല്ല സുഖം ഇല്ലെന്ന് തോന്നുന്നു...??" ശങ്കർ സംശയത്തോടെ പറഞ്ഞു... ബദ്രി മുഖം താഴ്ത്തി അവളെ നോക്കി... അവൾ ആ നേരം പിന്നിയിട്ട മുടിയുടെ ഭംഗി നോക്കുകയായിരുന്നു... ഇച്ചു തലക്കും കൈ കൊടുത്തു ഇരുന്നു.. "കണ്ണാ നീ ഒന്ന് ചോദിച്ചു നോക്ക്..." ഇച്ചു അവനെ തട്ടി കൊണ്ട് പറഞ്ഞു... "എന്നെ കൊണ്ട് ഒന്നും വയ്യ..." ബദ്രി ദേഷ്യത്തോടെ മുഖം തിരിച്ചു...

"ഇവൾക്ക് നിന്നെ നല്ലോണം അങ്ങ് പിടിച്ചിട്ടുണ്ട്... ചുമ്മാ ഒന്ന് ചോദിച്ചു നോക്ക്..." ഇച്ചു ഒന്ന് കൂടെ പറഞ്ഞു നോക്കി... ബദ്രി അവളെ ഒന്ന് നോക്കി... "അതെ..." ബദ്രി വിളിച്ചു... "എന്താ....." കൊഞ്ചലോടെ അവൾ വിളി കേട്ടു....ചിരിക്കുമ്പോൾ ഉണ്ടാകവിളിൽ നുണക്കുഴി വിരിഞ്ഞു.... "പേരെന്താ....??" "അച്ചു..." അവന്റെ ഷർട്ടിൽ മുറുകെ പിടിച്ചു കൊണ്ട് അവൾ പറഞ്ഞു.. "അതല്ല... യഥാർത്ഥ പേരെന്താ അച്ചൂന്റെ...?" "മ്മ്...." അവൾ ചൂണ്ടു വിരൽ കൊണ്ട് താടിയിൽ തട്ടി കൊണ്ട് ആലോചിച്ചു... "പറയൂല... ഞാൻ എഴുതി കാണിക്കാം...." കുസൃതിയോടെ പറഞ്ഞു... "എന്ത് കുന്തമെങ്കിലും ചെയ്യ്...." ബദ്രി അവൾക്ക് നേരെ വലത് നീട്ടി.... "പേന വേണം..." ചുണ്ട് കൂർപ്പിച്ചു കൊണ്ട് അവൾ പറഞ്ഞു.... ഇച്ചു അവൾക്ക് നേരെ പേന നീട്ടി... അവന്റെ കയ്യിൽ നിന്ന് പെൻ വേടിക്കാൻ അവളൊന്നു ഭയന്നു... "പിടിക്ക് കൊച്ചേ...." ശങ്കർ പറഞ്ഞു .. പേടിയോടെ പെൻ വാങ്ങി അവൾ ബദ്രിയോട് ചേർന്നിരുന്നു.... അവൾ പെൻ കൊണ്ട് അവന്റെ കയ്യിൽ എന്തോ എഴുതി.... "ഇതാ അച്ചൂന്റെ പേര്...." കുസൃതി ചിരിയോടെ അവൾ പറഞ്ഞു.... ബദ്രി അവന്റെ ഉള്ളം കയ്യിലേക്ക് നോക്കി... "അദ്വിക.....!!!!!!" കയ്യിൽ എഴുതിയത് വായിച്ചു കൊണ്ട് ബദ്രി ഇച്ചുനേയും ശങ്കറിനേയും നോക്കി....  "ഇതിനെ എന്ത് ചെയ്യാനാ പ്ലാൻ....??"

വഴിയരികിൽ ജിപ്സി നിർത്തി കൊണ്ട് ഇച്ചു ചോദിച്ചു..... അച്ചു സീറ്റിൽ ചാരി ഇരുന്ന് ഉറക്കം പിടിച്ചിരുന്നു... അപ്പോഴും ഒരു കൈ കൊണ്ട് അവൾ ബദ്രിയെ പിടിച്ചിരുന്നു.. "കിട്ടിയിടത്തു തന്നെ കൊണ്ടിട്ടാലോ ...??" ശങ്കർ ആണ് പറഞ്ഞത്... "രണ്ടും നോക്കി പേടിപ്പിക്കേണ്ട അല്ലേൽ തന്നെ ഒരുപാട് പ്രശ്നങ്ങൾ ഉണ്ട് അതിന്റെ ഇതും...." "അല്ലടാ കണ്ണൻ പറഞ്ഞപോലെ ഒരു പെൺകുട്ടിയല്ലേ... അതും തലക്ക് സുഖമില്ലാത്തത് ...ഇവിടെ ഇട്ടിട്ട് പോയിട്ട്. നാളെ എന്തേലും പറ്റിയാൽ നമ്മൾ തൂങ്ങും..." ഇച്ചു പറഞ്ഞു ... ബദ്രി ആലോചനയിൽ ആയിരുന്നു.... "എടാ ഇവളെ നമുക്ക് ഫാദറിന്റെ അടുത്ത് ആക്കിയാലോ...??" ശങ്കർ ചോദിച്ചു... "എവിടെ തണലിലോ..??" ഇച്ചു മുഖം ചെരിച്ചവനെ നോക്കി.. "ആട... ആരോരും ഇല്ലാത്ത ഒരുപാട് പേരെ അവിടെ നോക്കുന്നില്ലേ...?? ഇവളെ അവിടെ കൊണ്ടാക്കാം...എന്നാ പിന്നെ ഇവളും സേഫ് നമ്മളും രക്ഷപെടും..." ശങ്കർ പറഞ്ഞു നിർത്തിയതും ഇച്ചൂന്റെ മുഖം വിടർന്നു.... "കണ്ണാ ഇത് നല്ലൊരു ഐഡിയ ആണ്.." "ഫാദറിനോട് (പള്ളീലച്ചൻ ) നിങ്ങൾ പറഞ്ഞോണം എല്ലാം. എന്നെ വിളിച്ചേക്കരുത്...." "അതൊക്കെ ഞാനേറ്റു.... ഇവൾ വണ്ടിയുടെ മുന്നിൽ ചാടിയതാണെന്ന് പറയാം..." ഇച്ചു പറഞ്ഞു.. "മ്മ്...." ബദ്രി ഒന്ന് അമർത്തി മൂളി... ഇച്ചു വണ്ടി നേരെ തണലിലേക്ക് തിരിച്ചു... 

"നമ്മളെന്തിനാ ഇങ്ങോട്ട് വന്നേ....." ബദ്രിയുടെ കൈകളിൽ ചുറ്റി പിടിച്ചു കൊണ്ട് അവൾ ചുറ്റും നോക്കി ചോദിച്ചു... ബദ്രി ഒന്നും മിണ്ടാതെ അവളുടെ കൈ മാറ്റാൻ നോക്കുന്നുണ്ട്.... "ആഹ്... അങ്ങോട്ട് നീങ്ങി നിൽക്ക് കൊച്ചേ...." ബദ്രി അവളോട് ആയി പറഞ്ഞു ... അവള് വിതുമ്പി കൊണ്ട് അവനെ നോക്കി .. അപ്പോഴും അവളുടെ കൈകൾ അയഞ്ഞില്ല... കുറച്ചു മാറി നിന്ന് ഇച്ചുവും ശങ്കറും ഫാദർ സക്കറിയയോട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു... ഫാദർ ബദ്രിക്ക് അടുത്തേക്ക് വന്നു....ഫാദറിനെ കണ്ടതും അച്ചു പേടിയോടെ അവന്റെ പുറകിലേക്ക് മാറി നിന്നു,... "ആരുടേലും നമ്പർ തന്നിട്ട് പൊക്കോ..." കേൾക്കേണ്ട താമസം ഇച്ചു നമ്പർ പറഞ്ഞു കൊടുത്തു... "തന്റെ നമ്പർ ആണോ...??" ഫാദർ ചോദിച്ചു... "എന്റെ അല്ല അച്ചോ.. ഇവന്റെയ..." ഇച്ചു ബദ്രിയെ ചൂണ്ടി പറഞ്ഞു.. ബദ്രി അവനെ നോക്കി പല്ലിറുമ്മുന്നുണ്ടായിരുന്നു... ഫാദർ പൊക്കോളാൻ പറഞ്ഞതും ബദ്രി ദൃതിയിൽ അച്ചുവിന്റെ കൈകളെ വിടിയിച്ചു കൊണ്ട് തിരിഞ്ഞു നടന്നു... "എങ്ങോട്ട് പോകുവാ... എന്നെ കൂടെ കൊണ്ട് പോ ..." തിരിഞ്ഞു നോക്കാതെ നടന്നു നീങ്ങുന്ന ബദ്രിയുടെ പിന്നാലെ കരഞ്ഞു കൊണ്ട് അവൾ ഓടി... രണ്ട് സ്ത്രീകൾ അവളെ പിടിച്ചു വെച്ചു... "എന്നെ ഇട്ടേച്ചു പോകല്ലേ....." അവളുടെ കരച്ചിൽ അവൻ കേൾക്കുന്നുണ്ടായിരുന്നു...

മൂന്നാളും വേഗത്തിൽ പള്ളിയുടെ പടികൾ വേഗത്തിൽ ഇറങ്ങി.... ജിപ്സിയുടെ അടുത്ത് എത്തിയതും അവനൊന്നു നിശ്വസിച്ചു.... "ഇനി പേടിക്കാനില്ല നമ്മൾ രക്ഷപെട്ടു...." ശങ്കർ വണ്ടി സ്റ്റാർട്ട്‌ ആക്കി.... ബദ്രിയുടെ ജിപ്സി മുറ്റത്ത്‌ വന്നു നിന്നു... അപ്പു ഉമ്മറത്ത് വിളക്ക് ഒക്കെ വെച്ച് ഫോണിൽ കുത്തി കളി തുടങ്ങിയിരുന്നു... മുത്തശ്ശി ഉള്ളപ്പോൾ സ്ഥിരവും സന്ധ്യക്ക്‌ വിളക്ക് വെക്കും അത് നിർബന്ധം ആയിരുന്നു...മുത്തശ്ശി മരിച്ച ശേഷം അപ്പു ആ ശീലം തുടർന്നു.... ബദ്രിയെ കണ്ടതും അവൻ മുഖം ഉയർത്തി നോക്കി.... "ന്നാ....." കയ്യിൽ ഉണ്ടായിരുന്നു പൊതി ബദ്രി അവന്റെ മടിയിലേക്ക് ഇട്ടു കൊടുത്തു കൊണ്ട് അകത്തേക്ക് കയറി പോയി. അവൻ അത് തുറന്നു നോക്കി.. "പരിപ്പുവട...." അവൻ ഒന്നെടുത്തു വായിൽ വെച്ചു... "കണ്ണേട്ടാ ചായ എടുക്കട്ടെ...." ബദ്രിയുടെ പിന്നാലെ ചെന്നു കൊണ്ട് ചോദിച്ചു.. "ആഹ്... ഞാനൊന്ന് ഫ്രഷ് ആയിട്ട് വരാം..." ഷർട്ട്‌ ഊരി കൊണ്ട് ബദ്രി റൂമിലേക്ക് നടന്നു.. ഫ്രഷ് ആയി ചായയും കുടിച്ച് ഉമ്മറത്ത് ഇരുന്നു...കയ്യിൽ കരുതിയ പുസ്തകത്തിന്റെ താളുകൾ മറിച്ചു... എം ടി യുടെ മഞ്ഞ്....!

കാത്തിരിപ്പിന്റെ സൗന്ദര്യം വരച്ചു കാട്ടുന്ന കൃതി.... വായനയിലേക്ക് മുഴുകി ചേരവേ അവന്റെ ഫോൺ റിങ് ചെയ്തു.... വിളിച്ച ആളെ പ്രാകി കൊണ്ട് അവൻ തിണ്ണയിൽ ഇരുന്ന ഫോൺ എടുത്തു നോക്കി... Unknown number ആയിരുന്നു... "ഹലോ..." "ഹലോ ബദ്രി ഇത് ഞാനാ ഫാദർ സക്കറിയ.... എടൊ താൻ ഇങ്ങ് വന്നേ... ആ കൊച്ച് ഇവിടെ കിടന്നു ബഹളം വെക്കുന്നു..." ഗൗരവത്തോടെ ഉള്ള ഫാദറിന്റെ സ്വരം കേട്ടതും അവൻ സ്വയം നെറ്റിക്ക് അടിച്ചു... "എടാ അപ്പൂ....." അകത്തേക്ക് നോക്കി അവൻ നീട്ടി വിളിച്ചു... "എന്താ..." "എന്റെ ആ ഷർട്ട്‌ എടുത്തു കൊണ്ട് വന്നേ...." അപ്പു ഷർട്ട്‌ എടുത്തു കൊണ്ട് കൊടുത്തു... ബദ്രി ദൃതിയിൽ ഷർട്ട്‌ ഇട്ടു പുറത്തേക്ക് ഇറങ്ങി... പോകുന്ന വഴിക്ക് അവൻ ഇച്ചൂനേയും ശങ്കറിനേയും വിളിച്ചു... രണ്ടും ഫോൺ എടുക്കുന്നില്ല.... പള്ളിയുടെ മുന്നിൽ ജിപ്സി നിർത്തി അവൻ തണലിലേക്ക് നടന്നു... ഫാദർ മുന്നിൽ തന്നെ നിൽക്കുന്നുണ്ടായിരുന്നു.... അവൻ അയാൾക്ക് അടുത്തേക്ക് ചെന്നു... പെട്ടെന്ന് എന്തോ വന്ന് അവന്റെ നെഞ്ചിൽ ചേർന്നു..... നോക്കിയപ്പോൾ ആ പെണ്ണ് തന്നെ....

ബദ്രി ഇടം കണ്ണിട്ട് ഫാദറിനെ നോക്കി... "എന്തെ അച്ചൂനെ കൊണ്ടോവാഞ്ഞേ...??" അവന്റെ ഷർട്ടിൽ ചുരുട്ടി പിടിച്ചു കൊണ്ട് അവൾ ചോദിച്ചു.. അവൻ ഒന്നും മിണ്ടിയില്ല അവളെ അടർത്തി മാറ്റാൻ നോക്കി... "ഈ കൊച്ച് ഇവിടെ നിൽക്കുന്നില്ല...എല്ലാവരേം ഉപദ്രവിക്കുന്നു..." ഒരു കന്യാസ്ത്രീ വന്നു പറഞ്ഞു.. ബദ്രി അച്ചുവിനെ നോക്കി പേടിപ്പിച്ചു... അവളൊരു കുസൃതിചിരിയോടെ അവനെ നോക്കി... "താൻ വന്നപ്പോൾ ആണ് ഒന്ന് അടങ്ങിയത്... കൊണ്ട് പൊക്കോളൂ..." അവർ പറയുന്നത് കേട്ട് ബദ്രിക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു... അച്ചുവിനെ ദേഷിച്ച് നോക്കി കൊണ്ട് അവൻ തിരിഞ്ഞു നടന്നതും അവളുടെ പിന്നാലെ ചെന്ന് അവന്റെ ഷർട്ടിൽ പിടിച്ചു നടന്നു.... ഫാദർ അവർ നടന്നകലുന്നത് നോക്കി നിന്നു.. "നഷ്ടപ്പെട്ടിട്ടില്ലെന്ന ഉറപ്പോടെ ചേർത്ത് പിടിക്കാൻ പ്രിയപ്പെട്ടതൊന്നു കാണും ഓരോ ഭ്രാന്തിയുടെ കയ്യിലും....എന്ന് പറഞ്ഞത് ശെരിയാണ്....."" ഫാദർ ദീർഘ നിശ്വാസത്തോടെ പറഞ്ഞു.........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story