ഈ മഴയിൽ....❤️ പാർട്ട്‌ 33

ee mazhayil

എഴുത്തുകാരി: ✍ ആൻവി

"കിണ്ണാ......." കൊഞ്ചികൊണ്ടുള്ള വിളികേട്ടാണ് ബദ്രി കണ്ണ് തുറന്നത്.... അരികിൽ തന്നെ പുഞ്ചിരിയോടെ നോക്കി കിടക്കുന്ന അച്ചുവിനെ കണ്ടപ്പോൾ അവൻ കണ്ണ് ചിമ്മി കാണിച്ചു... വലം കൈ എടുത്ത് അവളുടെ കവിളിൽ വെച്ചു... "നേരത്തെ എഴുന്നേറ്റോ എന്റെ അച്ചൂട്ടി... മ്മ്..." അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു കൊണ്ട് അവൻ ചോദിച്ചു.... അവൾ ചിണുങ്ങി കൊണ്ട് അവൻ അവനെ ചുറ്റി പിടിച്ചു കിടന്നു... ബദ്രി അവളെ നെഞ്ചോട് ചേർത്ത് കൊണ്ട് നെറുകയിൽ താടിമുട്ടിച്ചു... ചുമരിലെ ക്ലോക്കിലേക്ക് നോക്കി....സമയം 5 മണി.... ബദ്രി അവളെ ചേർത്ത് പിടിച്ചു കണ്ണടച്ചു ... അച്ചു അവന്റെ നെഞ്ചിൽ പതുങ്ങി കിടക്കുകയായിരുന്നു....അവന്റെ ഷർട്ടിൽ മുറുകെ പിടിച്ചു കൊണ്ട് ആണ് കിടപ്പ്.... സമയം തെറ്റി എഴുനേറ്റത് കൊണ്ടാവാം അവളുടെ കണ്ണുകളെ വീണ്ടും ഉറക്കം കീഴ്പ്പെടുത്തി.....  "അച്ഛൻ എങ്ങോട്ടാ ഈ നേരത്ത്...??" രാവിലെ എങ്ങോട്ടോ പോകാൻ ഒരുങ്ങി നിന്ന അച്ഛനെ കണ്ട് അമ്മാളു ചോദിച്ചു.... "ഇന്ന് ഋതു വരുവല്ലേ അവള് റെയിൽവേ സ്റ്റേഷനിൽ വന്ന് നിൽക്കും....രണ്ട് ദിവസം അവധിയല്ലേ...??" "ഒറ്റക്ക് ആണോ അച്ഛാ..??" "അല്ല ഉണ്ണി വരാന്ന് പറഞ്ഞിട്ടുണ്ട്... അതിന് മുന്നേ ഞാൻ ഒന്ന് ചായക്കട വരെ പോയിട്ട് വരാം... അവൻ വന്നാൽ ഇങ്ങോട്ട് കയറിയിരിക്കാൻ പറയണം..."

ഷർട്ടിന്റെ ബട്ടൺസ് ഇട്ടു കൊണ്ട് അയാൾ മുറ്റത്തേക്ക് ഇറങ്ങി.... ഉണ്ണി എന്ന് കേട്ടപ്പോൾ ഉള്ളിലൊരു തണുപ്പ് അവൾക്ക് അനുഭവപ്പെട്ടു.... നെഞ്ച് വല്ലാതെ മിടിക്കുന്നുണ്ട്... കണ്ണ് തുടിക്കുന്നുണ്ട്... "മാധവേട്ടാ......" അൽപ്പം കഴിഞ്ഞ് പുറത്ത് നിന്ന് വിളിക്കേട്ടു... ശങ്കർ ആണെന്ന് അരിഞ്ഞതും... വാതിൽ തുറക്കാതെ ചുമരിലേക്ക് ചാരി നിന്നു.... വല്ലാത്തൊരു വെപ്രാളം... അവന്റെ മുന്നിലേക്ക് പോകാൻ അവൾക്ക് മടി തോന്നി..... "മാധവേട്ടോയ്......" വീണ്ടും വിളി വന്നു.. "മാളൂ.... ആരാ വന്നതെന്ന് നോക്ക്..." പിന്നാമ്പുറത്തു നിന്ന് അമ്മ വിളി പറഞ്ഞു.. അവൾ മടിച്ചു നിന്നു.... പിന്നെ റൂമിലേക്ക് ഓടി..... കുറെ നേരമായിട്ടും ആരുടെയും അനക്കം കേൾക്കാതെ വന്നപ്പോൾ ശങ്കർ ഉമ്മറത്തെ തിണ്ണയിൽ കയറി ഇരുന്നു... വാതിൽ തുറക്കുന്ന ശബ്ദം കേട്ടു...അവൻ പ്രതീക്ഷയോടെ മുഖം ചെരിച്ചു നോക്കി.. "ആഹാ മോനായിരുന്നോ...?? ഏട്ടൻ ഇപ്പോ വരും.... പതിവ് ചായകുടിക്കാൻ പോയേക്കുവാ...." വാതിൽ തുറന്നു വന്ന അമ്മാളുവിന്റെ അമ്മ.. അവനെ നോക്കി പറഞ്ഞു...അവൻ ഒന്ന് ചിരിച്ചു കൊടുത്തു... അമ്മാളുവിനെ പ്രതീക്ഷിച്ചു നിന്ന് അവളുടെ അമ്മയെ കണ്ടത് കൊണ്ടുള്ള നിരാശ മറച്ചു വെച്ചു.... ദേഷ്യമായിരിക്കോ തന്നോട്..?? എന്ത്‌ കൊണ്ടോ പറഞ്ഞു പോയതാണ്....

പറഞ്ഞു കഴിഞ്ഞതിന് ശേഷമാണ് വേണ്ടായിരുന്നു എന്ന് തോന്നിയത്.... "മോനിരിക്ക് ഞാൻ ചായ കൊണ്ട് വരാം... എടി മാളൂ....." അവർ അകത്തേക്ക് നോക്കി നീട്ടി വിളിച്ചു.... ശങ്കർ ആകാംഷയോടെ അങ്ങോട്ട്‌ നോക്കി... വാതിൽക്കൽ നിന്ന് തലയിട്ട് പുറത്തേക്ക് നോക്കുന്ന അമ്മാളുവിനെ കണ്ട് അവന് ചിരി വന്നു..... "നീ ഇത് എവിടെ ആയിരുന്നു... എത്രനേരമായി ഉണ്ണി വന്നിട്ട്....അതെങ്ങനാ രാവിലെ തന്നെ ആ കുന്തവും പിടിച്ചായിരിക്കും ഇരിപ്പ്... പിന്നെ ആര് വിളിച്ചാലെന്ത് ഇല്ലേൽ എന്ത്‌...." അമ്മ പറയുന്നത് കേട്ട് ചമ്മി കൊണ്ട് അവൾ ശങ്കറിനെ ഇടം കണ്ണിട്ട് നോക്കി.... അവൻ തലയാട്ടി ചിരിക്കുന്നുണ്ട്.... ചുണ്ടിലൊളിപ്പിച്ച ചിരിയോടെ അവൾ അകത്തേക്ക് ഓടി..... ശങ്കർ ഒന്ന് എത്തി നോക്കി.... "ഡീീ.... മോന് ചായ കൊണ്ട് വന്ന് കൊടുക്ക്...." അമ്മ അവൾ പോകുന്നത് നോക്കി വിളിച്ചു പറഞ്ഞു.. "മോൻ ഇരിക്ക്... ഞാൻ അലക്കുവായിരുന്നു...അങ്ങോട്ട്‌ ചെല്ലട്ടെ... ഏട്ടൻ ഇപ്പൊ വരും...." "ശെരി ചേച്ചി...." ചായയും കൊണ്ട് അമ്മാളു ഉമ്മറത്തേക്ക് വന്നു.....ശങ്കർ മുഖം ഉയർത്തി അവളെ നോക്കി.... മിഴികൾ താഴ്ത്തി നടന്നു വരുന്ന അവളെ കണ്ടപ്പോൾ സത്യത്തിൽ അവന് ചിരിയാണ് വന്നത്...... അവൾ അവന് നേരെ ചായനീട്ടി.... "എനിക്ക് പകർച്ചവ്യാധിയൊന്നുമില്ലടോ.... അടുത്തേക്ക് വന്ന് തരാം...."

അവന്റെ ചിരി കലർന്ന സംസാരം കേട്ട് അമ്മാളു ഒന്ന് കൂടെ മുന്നോട്ട് വന്ന് ചായ കൊടുത്തു... ശങ്കർ ചിരിയോടെ അത് വാങ്ങി... ചായകുടിക്കുമ്പോഴും അവന്റെ കണ്ണുകൾ തന്നിലേക്ക് നീളുന്നത് അവൾ കാണുന്നുണ്ടായിരുന്നു... എങ്കിലും കാണാത്ത ഭാവത്തിൽ അവൾ ചുമരിൽ ചാരി നിന്നു..... അപ്പോഴാണ് അച്ഛൻ ഗേറ്റ് കടന്നു വന്നത്... "നീ എത്തിയോ...?? എന്ന നമുക്ക് ഇറങ്ങിയാലോ...." "ആ...." ശങ്കർ ചായഗ്ലാസ്‌ അമ്മാളുവിന്റ കയ്യിൽ ഏല്പിച്ചു കൊണ്ട് എഴുന്നേറ്റു... "ചായ നന്നായിരുന്നു...." അവൾ മാത്രം കേൾക്കാൻ പാകത്തിന് പറഞ്ഞു കൊണ്ട് അവൻ മുറ്റത്തേക്ക് ഇറങ്ങി... അമ്മാളു നെഞ്ചിടിപ്പോടെ അകത്തേക്ക് പോയി... ഉണ്ടാക്കി വെച്ച ബാക്കി ചായ ഗ്ലാസിലാക്കി കുടിച്ച് നോക്കി... "അയ്യേ... ചായപ്പൊടി കൂടിയോ...." വായിലേക്ക് ഒഴിച്ച ചായ അവൾ പുറത്തേക്ക് തന്നെ തുപ്പി... ശങ്കർ കുടിച്ച ഗ്ലാസ് നോക്കി...അവൻ മുഴുവനും കുടിച്ചിരുന്നു... "ഈ ചായ മുഴുവനും കുടിച്ചോ..." അവൾ മനസ്സിൽ ഓർത്തു പോയി.... സ്വയം തലക്ക് അടിച്ചു കൊണ്ട് അവൾ ചിരിച്ചു... "കണ്ണേട്ടാ കറി ഉണ്ടാക്കിക്കോ.... ഞാൻ ദോശയുണ്ടാക്കി......" ദൃതിയിൽ പറഞ്ഞു കൊണ്ട് അപ്പു ദോശ ചുടുന്ന പാൻ സ്റ്റവിൽ നിന്നെടുത്തു മാറ്റി.... സ്ലാബിൽ ഇരുന്നു ചായ കുടിച്ച് കൊണ്ടിരുന്ന ബദ്രി ഒന്ന് മൂളി...

. "സവാള കുനുകുനാന്ന് അരിഞ്ഞു വെച്ചിട്ടുണ്ട്...ഒരു പാൻ എടുത്ത് കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് സവാളവഴറ്റുക കുറച്ച് ഉപ്പ് ഇട്ടോ അപ്പൊ പെട്ടെന്ന് വാടികിട്ടും.. എന്നിട്ട് തക്കാളിയും പച്ചമുളകും ഇട്ടു ഒന്ന് കൂടെ ഇളക്കി മുളക് പൊടിയും മഞ്ഞൾ പൊടിയും മല്ലിപൊടിയും അങ്ങനെ കുറെ പൊടികളും ഇട്ടു വഴറ്റി കുറച്ചു വെള്ളവും ഒഴിച്ച് തിളപ്പിച്ച്‌ കറി ആക്കി എടുത്തു വെക്കുക. ഞാൻ പല്ല് തേച്ചിട്ട് വരാം....." അപ്പു ശ്വാസം വിടാതെ പറഞ്ഞു നിർത്തി... "എന്നാ പിന്നെ ഉണ്ടാക്കി വെച്ചിട്ടുണ്ട് പൊക്കൂടെ...." "അയ്യടാ... നിങ്ങള് ആള് കൊള്ളാലോ മനുഷ്യ... അങ്ങട് ഉണ്ടാക്കി വെക്ക് കിണ്ണേട്ട.... അല്ല കണ്ണേട്ടാ....." അപ്പു ബദ്രിയുടെ താടിയിൽ പിടിച്ചു വലിച്ചു.... "ഡാ... ഡാ വേണ്ട...." ബദ്രി ശബ്ദം കടുപ്പിച്ച് അടിക്കാൻ കയ്യോങ്ങിയതും അപ്പു ഓടി കളഞ്ഞു... കറി ഉണ്ടാക്കി വെച്ച് ഒരു ഗ്ലാസ്‌ ചായകൂടെ എടുത്ത് ഹാളിലേക്ക് ചെന്നു.... ക്ലോക്കിൽ 9 മണി മുഴങ്ങി... അപ്പോഴാണ് അച്ചു എഴുന്നേറ്റില്ലല്ലോ എന്ന് ഓർമ വന്നത്... ബദ്രി റൂമിലേക്ക് ചെന്ന് നോക്കി.... "അച്ചൂ...." അകത്തേക്ക് കയറി കൊണ്ട് അവൻ വിളിച്ചു..... പെട്ടെന്ന് എന്തോ മുഖത്തേക്ക് വന്ന് വീണു... നോക്കിയപ്പോൾ തലയിണയാണ്... ബദ്രി അത് പിടിച്ചു കൊണ്ട് മുന്നോട്ട് നോക്കി..... കട്ടിലിൽ ചുരുണ്ടു കൂടിയിരിക്കുന്ന അച്ചു.... അവൾ പേടിയോടെ ബദ്രിയെ നോക്കി...

. "അച്ചൂട്ടാ.... എന്താ... എന്താപറ്റ്യേ...." അവൻ വെപ്രാളത്തോടെ അവൾക്ക് അരുകിലേക്ക് നടന്നു. "വേ.... വേണ്ട.... കിണ്ണൻ വരണ്ട .... അച്ചൂന് പേടിയാ... ഇഷ്ടല്ല....." ഭയത്തോടെ കാൽമുട്ടിൽ മുഖം ചേർത്തവൾ പറഞ്ഞപ്പോൾ അവന്റെ കാലുകൾ നിലച്ചു... നെഞ്ച് പിടഞ്ഞു....ഒന്നും മനസിലാകാതെ അവൻ അവളെ ഉറ്റു നോക്കി.. "മോളേ... എന്താ.... ഞാൻ നിന്റെ കിണ്ണനല്ലേ..." "വേണ്ട... വരണ്ട.... പൊക്കോ...." കരഞ്ഞു കൊണ്ട് അവൾ വിറച്ചു.... ബദ്രി അവളെ നോക്കി.... അവന് മുഖം കൊടുക്കാതെ പാറി പറന്ന മുടിയുമായി ഇരിക്കുന്ന അവളെ കണ്ടപ്പോൾ ഒരു ഭയം വന്നവനെ മൂടി.... കണ്ണുകൾ ബെഡിൽ പരന്ന രക്തകറയിലേക്ക് നീണ്ടു..... ബദ്രി ഒരു നിമിഷം തറഞ്ഞു നിന്നു പോയി.... വേഗം ദൃതിയിൽ റൂമിൽ നിന്ന് പുറത്ത് ഇറങ്ങിയതും ദേവകിയമ്മ വന്നതും ഒരുമിച്ച് ആയിരുന്നു... അവരെ കണ്ടപ്പോൾ ഉള്ളിൽ ആശ്വാസം നിറഞ്ഞത് അവൻ അറിഞ്ഞു... വെപ്രാളത്തോടെ അവർക്ക് അടുത്തേക്ക് ചെന്നു.... "എന്താ... മോനെ... അച്ചു മോള് എവിടെ..??" "അത്... അത്.. പിന്നെ അമ്മേ... അച്ചു... ഒന്ന് ചെന്ന് നോക്ക്..." മുഖത്തേക്ക് വിയർപ്പ് പൊടിഞ്ഞത് തുടച്ചു കളഞ്ഞു കൊണ്ട് അവൻ പറഞ്ഞതും.. ദേവകിയമ്മ ആവലാതിയോടെ റൂമിലേക്ക് ചെന്നു... വാതിൽ അടയുന്ന ശബ്ദം ബദ്രികേട്ടു...

അവൻ നിശ്വസിച്ചു കൊണ്ട് സോഫയിലേക്ക് ഇരുന്ന് കണ്ണുകൾ ഇറുക്കി അടച്ചു.... ആകെ ഒരു വല്ലായ്മ പോലെ..., "ച്ചെ...." അവൻ മുഷ്ടി ചുരുട്ടി സോഫയിൽ ഇടിച്ചു... അപ്പു പല്ല് തേച്ച് വന്ന് ഡെയിനിങ് ടേബിളിൽ ഇരിപ്പുറപ്പിച്ചിരിക്കുന്നു... ബദ്രി ഇടക്ക് ഇടക്ക് വാതിൽക്കലേക്ക് നോക്കികൊണ്ട് ഇരുന്നു... കുറച്ചു കഴിഞ്ഞ് ദേവകിയമ്മ റൂമിൽ നിന്ന് ഇറങ്ങി വന്നത് കണ്ട് ബദ്രി എഴുനേറ്റു... അവരുടെ കയ്യിൽ അച്ചുവിന്റെ ഡ്രെസ്സും ബെഡ്ഷീറ്റും എല്ലാം ഉണ്ട്.... "ഒന്നൂല്യ.... എല്ലാ മാസവും പെൺകുട്ടികൾക്ക് ഇത് ഉള്ളതാണ്..." വെപ്രാളം നിറഞ്ഞ ബദ്രിയുടെ മുഖത്തേക്ക് അവർ പറഞ്ഞു.. അവനൊന്നു ചിരിച്ചെന്ന് വരുത്തി... അച്ചുവിന്റെ അടുത്തേക്ക് പോയില്ല... എന്തോ മനസ്സ് അനുവദിച്ചില്ല.... താൻ ഒന്ന് ശ്രദ്ധിച്ചില്ല... ഒരു പെൺകുട്ടിയാണ്... അതും പ്രായപൂർത്തിയായത്.... ഒരു കൊച്ച് കുട്ടി അങ്ങനെയെ കണ്ടിട്ടൊള്ളൂ.... നെഞ്ചിൽ കിടത്തിയുറക്കിയത് വാത്സല്യത്തോടെയാണ്.... ഇന്നത്തെ ദിവസം ഒരു തിരിച്ചറിവ് തന്നത് പോലെ... കുറച്ച് കഴിഞ്ഞപ്പോൾ ദേവകിയമ്മ ഒരു ഗ്ലാസുമായി പോകുന്നത് കണ്ടു... എന്താണെന്ന് അറിയാൻ അവനും പുറകെ ചെന്നു... അച്ചു ബെഡിൽ കിടക്കുന്നുണ്ട്...കുളിച്ച് ഡ്രസ്സ്‌ മാറിയിട്ടുണ്ട്.... അവൻ വാതിൽക്കൽ നിന്നവളെ നോക്കി.... "ചൂടുവെള്ളമാണ്... മോള് ഇത് കുടിച്ചേ.. വയറുവേദനക്ക് കുറവ് ഉണ്ടാവും...." "വേണ്ട... നിക്ക് വേണ്ട...." വയറിനെ ചുറ്റി പിടിച്ചു കൊണ്ട് അവൾ പുലമ്പി... ബദ്രി അവരെ ഒന്ന് നോക്കിയ ശേഷം പുറത്തേക്ക് പോയി....

കുറച്ചു കഴിഞ്ഞ് ഒരു ഹോട്ട്ബാഗും വാങ്ങി വന്നു... റൂമിൽ ചെന്ന് നോക്കിയപ്പോൾ അച്ചു കണ്ണടച്ചു കിടക്കുകയാണ്... വയറിന് മേൽ തലയിണ വെച്ച് ചുറ്റി പിടിച്ചിട്ടുണ്ട്... അവൻ അവൾക്കടുത്ത് ചെന്നിരുന്നു... വേദന കൊണ്ട് അവളുടെ മുഖം ചുളിയുന്നുണ്ട്... ഒരു നേർത്ത തേങ്ങൽ അവന്റെ കാതിൽ വന്നണഞ്ഞു.... ബദ്രി അവളുടെ അവന്റെ മടിയിലേക്ക് വെച്ചു... അവളുടെ നെറുകയിൽ തലോടി.... "കിണ്ണാ..... വേദനിക്കുന്നു....വയ്യ." അവളുടെ സ്വരം ഇടറി വീണു.... അവൻ മുഖം താഴ്ത്തി അവളുടെ നെറ്റിയിൽ മുത്തി... "വേഗം മാറും ട്ടോ....കണ്ണടച്ച് കിടന്നോ...." അവളുടെ കൈകൾ എടുത്തു മാറ്റി അൽപ്പം പരിഭ്രമത്തോടെ ആണേലും ടോപ് അൽപ്പം പൊക്കി... അച്ചു ഞെട്ടി കണ്ണുകൾ തുറന്ന് ഭയത്തോടെ അവനെ നോക്കി.... അവനൊന്നു ചിരിച്ചു കാണിച്ചു.... അടിവയറിൽ ഒരു സുഖമുള്ള ചൂട് അനുഭവപെട്ടു.... "ഇതെന്താ കിണ്ണാ......??" അവൾ വയറിന് മുകളിൽ വെച്ച ഹോട്ട് ബാഗിൽ തലോടി.. "അച്ചൂട്ടിക്ക് വേദന മാറാൻ വേണ്ടി വെച്ചതാ....കണ്ണടച്ച് കിടന്നോ...??" അവളുടെ നെറുകയിൽ തലോടി കൊണ്ട് അവൻ പറഞ്ഞു... "കിണ്ണൻ പോണ്ട...." വയറിൽ വെച്ചിരുന്ന അവന്റെ കൈകളിൽ അവൾ പിടുത്തമിട്ടു... "ഇല്ലാട്ടോ... മോള് കണ്ണടച്ച് കിടന്നോ..." അവൻ പുഞ്ചിരിയോടെ പറഞ്ഞു....

അടിവയറിൽ അറിയുന്ന ചൂടിൽ അവൾ വേദനയെ മറന്നു പോയിരുന്നു...... വേദന കൊണ്ട് ചുരുട്ടി പിടിച്ചിരുന്ന കാൽവിരലുകൾ തളർന്നു.... പതിയെ കണ്ണുകൾ അടച്ചു..... ബദ്രി ഹെഡ് ബോർഡിലേക്ക് ചാരി ഇരുന്നു.... അവന്റെ ചിന്തകൾ കാടുകയറി.... എന്തൊക്കെയോ മനസ്സിൽ ഉറപ്പിച്ചു കൊണ്ട് അവൻ കണ്ണുകൾ അടച്ചു....  "അതേ.... അമ്മക്ക് ഇന്ന് ഇവിടെ നിൽക്കാമോ...??" വൈകീട്ട് പോകാൻ ഒരുങ്ങിയ ദേവകി അമ്മയോട് ബദ്രി മടിയോടെ ചോദിച്ചു.... "മോൻ പേടിക്കണ്ട... മോളോട് ഞാൻ പറഞ്ഞു മനസിലാക്കിയിട്ടുണ്ട്...." "എന്നാലും....." ബദ്രി പറയാൻ മടിച്ചു... "വീട്ടിൽ അദ്ദേഹം ഒറ്റക്ക് ആണ്... അസുഖം ഉള്ള ആളാണ്... അതാ ഞാൻ...." "ഞാൻ ഓർത്തില്ല അമ്മേ... അമ്മ പൊക്കോളൂ....." "മ്മ്... ശെരി...." ദേവകിയമ്മ തലയാട്ടി കൊണ്ട് പോയി.... ബദ്രി അടുക്കളഭയത്തേക്ക് പോയി അരമതിലിൽ ഇരിക്കുന്ന അച്ചുവിന്റെ അടുത്ത് ചെന്നിരുന്നു... "കിണ്ണാ.....അച്ചൂനെ അങ്ങോട്ട്‌ കൊണ്ടോവോ...." പാടത്ത് ഓടി കളിച്ചു കൊണ്ടിരിക്കുന്ന കുട്ടികളെ ചൂണ്ടി അവൾ ചോദിച്ചു... "ഇപ്പൊ വേണ്ട രണ്ട് ദിവസം കഴിയട്ടെ..." അത് കേട്ടതും അവളുടെ മുഖം വാടി... സങ്കടം കൊണ്ട് ചുണ്ടുകൾ വിറച്ചു..... "അപ്പൂട്ടൻ പോയല്ലോ... അച്ചൂനും പോണം..." "ഇപ്പോ പറ്റില്ല അച്ചു.... വയ്യായ്ക മാറട്ടെ...." "മാറി.... "

സങ്കടം പിടിച്ചു വെച്ചു കൊണ്ട് അവൾ പറഞ്ഞു... ശബ്ദം ഇടറിയിരുന്നു.... ബദ്രി അവൾ ചെയ്യുന്ന പോലെ കീഴ്ചുണ്ട് പിളർത്തി അവളെ നോക്കി... വിതുമ്പി കൊണ്ടിരുന്ന അവളെ കൈകളിൽ കോരി എടുത്ത് മുറ്റത്ത്‌ കെട്ടിയ ഊഞ്ഞാലിനടുത്തേക്ക് നടന്നു.... അവളെ അതിൽ ഇരുത്തി... "വേണ്ട... എന്നെ എടുത്താ മതി...." അവൾ ചിണുങ്ങി കൊണ്ട് അവന്റെ കഴുത്തിലൂടെ ചുറ്റി പിടിച്ചു.... ബദ്രി അവളെ വീണ്ടും കൈകളിൽ എടുത്തു.... "അച്ചുന്റെ വീട്ടിൽ ആരൊക്കെ ഉണ്ടായിരുന്നു..." തൊടിയിലൂടെ അവളെ എടുത്തു കൊണ്ട് നടക്കവേ അവൻ ചോദിച്ചു.... "അച്ഛൻ... അമ്മമ്മ...." അവന്റെ ഷർട്ടിന്റെ ബട്ടൺസിൽ വിരലോടിച്ചു കൊണ്ട് അവൾ പറഞ്ഞു... "എന്നിട്ട് ആ അമ്മ എന്ത്യേ...." "അമ്മമ്മക്ക് അച്ഛൻ കാശ് കൊടുത്തു പറഞ്ഞയച്ചു..." എന്തോ ഓർത്തെടുത്തു കൊണ്ട് അവൾ പറഞ്ഞു.... "അച്ഛൻ വന്നാ അച്ചു കിണ്ണനെ വിട്ട് പോവൂല ... " അവന്റെ നെഞ്ചിൽ മുഖം മുരച്ചു കൊണ്ട് അവൾ പറഞ്ഞു.... ബദ്രി നടത്തം നിർത്തി അവളെ നോക്കി.... "അതിന് ഞാൻ എന്റെ അച്ചൂനെ എങ്ങോട്ടും വിടില്ലല്ലോ.....എന്റെ കൂടെ എന്നും വേണം.." അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു..... "സത്യം......" "വിശ്വമില്ലേ എന്നെ....??മ്മ്..." മറുപടിയായി അവൾ അവന്റെ കവിളിൽ ഒരുമ്മ കൊടുത്തു....

ബദ്രി ചിരിച്ചു കൊണ്ട് അവളെ എടുത്തു നടന്നു.... "ഹാ... എന്റെ ഹരി ഒരു പെണ്ണ് പോയതിനാണോ നീ ഇങ്ങനെ പ്രാന്തു പിടിച്ചത് പോലെ നടക്കുന്നത്.... ഷെയിം....." ഗ്ലാസിലെ മദ്യം നുണഞ്ഞു കൊണ്ട് കൂട്ടുകാരൻ പറയുന്നത് കേട്ട് ഹരി കയ്യിലെ ഗ്ലാസ്‌ ഞെരിച്ചു.... ദേഷ്യം കൊണ്ട് അവൻ ഗ്ലാസ്‌ എടുത്തു വലിച്ചെറിഞ്ഞു..... "നിനക്ക് ഇത് എന്താടാ.. ആ ശ്രദ്ധയാണോ.. അതോ ബദ്രിയാണോ.... നിന്റെ പ്രശ്നം...." "ഓഹ്... ശ്രദ്ധ.. അവള് എവിടേലും പോയി ചാവട്ടെ.... അവൻ ആ ബദ്രി.... എന്റെ അച്ഛന്റെ മുന്നിൽ വെച്ച് എന്നെ തല്ലി.... എനിക്ക് ഈ നാട്ടുകരുടെ മുന്നിൽ ഇട്ട് അവനെ തല്ലികൊല്ലണം... ദേഷ്യം തീരുവോളം.... അങ്ങനെ ഒരു അവസരത്തിന് വേണ്ടി കാത്തിരിക്കുവാ ഞാൻ... അവൻ ക്രൂരതയോടെ മദ്യത്തിന്റെ കുപ്പിഎടുത്തു വായിലേക്ക് കമിഴ്ത്തി.... "വരും... എനിക്ക് അവസരം വരും.... അന്ന് ഞാൻ അവനെ ശെരിക്കുന്നുണ്ട്..…" അവൻ മുഷ്ടി ചുരുട്ടി പിടിച്ചു... കുഞ്ഞുനാളിലെ പകയാണ്....ബദ്രിക്ക് കിട്ടുന്ന സ്നേഹത്തോട് പോലും അസൂയയായിരുന്നു... ഹരിക്കും ദത്തനും സ്വാർത്ഥതയാണ്...

അച്ഛന്റെ സ്നേഹവും സ്വർവവും പങ്കുവെച്ച് പോകുമോ എന്നാ ഹരിയുടെ സ്വാർത്ഥത...മറ്റൊരു കുഞ്ഞു വന്നാൽ ഹരി ഒറ്റ പെടുമോ എന്നാ അച്ഛന്റെ സ്വാർത്ഥത... ബദ്രി ഒന്ന് അടുത്തേക്ക് വിളിച്ചാൽ പോലും ഹരിയുടെ മുഖഭാവം മാറുമായിരുന്നു....  ദിവസങ്ങൾക്ക് ശേഷം…... "ഇച്ചൂക്കാ....ഇന്ന് നേരത്തെ വരവോ...??" ഷർട്ടിന്റെ ബട്ടൺസ് ഇട്ടു കൊടുത്തു കൊണ്ട് നൈഷു ചോദിച്ചു... "മ്മ്... എന്താണാവോ നേരത്തെ വന്നിട്ട്... മ്മ്...." കണ്ണാടിയിൽ നോക്കി മുടി ഒതുക്കി കൊണ്ട് അവൻ അവളെ ഇടം കണ്ണിട്ട് നോക്കി.... "വരാൻ പറ്റുമോ ഇല്ലയോ.. ആദ്യം അത് പറ..." "മ്മ്... നോക്കട്ടെ...." അവളുടെ ചുറ്റി പിടിച്ചു കൊണ്ട് അവൻ പറഞ്ഞു... അവൾ ചിരിച്ചു കൊണ്ട് തലയാട്ടി.... പെട്ടെന്ന് അവന്റെ ഫോൺ റിങ് ചെയ്തു.. ശങ്കർ ആണ്... "ഹലോ.. ശങ്കരാ..... പറയടാ..." "റെഡി ആയെങ്കിൽ കെട്ട്യോളെ കെട്ടിപിടിച്ചു നിൽക്കാതെ പുറത്തേക്ക് ഇറങ്ങി വാടാ...." "ദാ വരുന്നു......" ഇച്ചു ചിരിച്ചു കൊണ്ട് അതും പറഞ്ഞു കാൾ കട്ടാക്കി നൈശൂന്റെ കവിളിൽ ഒരുമ്മയും കൊടുത്ത് അവൻ ബാഗും എടുത്ത് ഇറങ്ങി... "ഡീീ നൈശുവേ..." ഇച്ചുവിനെ യാത്രയാക്കാൻ വന്ന നൈഷുവിനെ ശങ്കർ നീട്ടി വിളിച്ചു... "എന്തോയ്...." "നീയാ അമ്മാളുവിനെ ഒന്ന് പറഞ്ഞു മനസിലാക്കടി... അവളുടെ ഒലക്കമലേ ഒരു നഷ്ടപ്രണയം...."

ശങ്കർ കെറുവിച്ചു കൊണ്ട് പറയുന്നത് കേട്ട് ഇച്ചുവും നൈഷുവും ചിരിച്ചു.. "അത് ഞാൻ ഏറ്റു..." അവൾ കണ്ണിറുക്കി കാണിച്ചു... "മ്മ്.... ഒന്ന് സെറ്റാക്കിതാ.. ഒരു വിധം ഞാൻ കരക്ക് അടുപ്പിക്കാറായിട്ടുണ്ട്.. നീ ഒന്ന് സപ്പോർട്ട് ചെയ്യ്...." "ഡാ.. മതിയെടാ.. വണ്ടിയെട്....." ഇച്ചു അവന്റെ തലക്ക് ഒരു കൊട്ട് കൊടുത്തു.... അവൻ ഇച്ചുവിനെ ഒന്ന് തുറിച്ചു നോക്കി കൊണ്ട് ജിപ്സി മുന്നോട്ട് എടുത്തു.... "അനങ്ങാതെ ഇരിക്ക് കിണ്ണാ....." ചുണ്ട് കൂർപ്പിച്ചു പറഞ്ഞു കൊണ്ട് അച്ചു അവന്റെ കൈ മടിയിലേക്ക് എടുത്തു വെച്ചു... പെൻ കൊണ്ട് അവളുടെ പേരെഴുതികൊണ്ടിരിക്കുകയാണ് അവൾ.... "അദ്വിക...." അവന്റെ ചുണ്ട് പുഞ്ചിരിയോടെ മന്ത്രിച്ചു... "Unique.... നാമം പോലെ തന്നെ നിനക്ക് പകരം മറ്റൊന്ന് ഇന്ന് എനിക്കില്ല....അദ്വിതീയമാണ്.....നിനക്ക് പകരം നീ മാത്രം......."

തന്റെ കയ്യിൽ എന്തോ കുത്തി കുറിച്ച് കൊണ്ടിരിക്കുന്ന അച്ചുവിനെ നോക്കി ഇരിക്കെ അവന്റെ മനസ്സ് മന്ത്രിച്ചു.... രാമച്ചന്റെ കാർ വീടിന്റെ മുന്നിൽ വന്ന് നിന്നു... അച്ചു അതൊന്നും ശ്രദ്ധിക്കുന്നില്ല.... "നീ എന്തിനാ കാണണം എന്ന് പറഞ്ഞത്....??" ഉമ്മറത്തെക്ക് വെപ്രാളത്തോടെ കയറി വന്നു കൊണ്ട് രാമച്ചൻ ചോദിച്ചു... "ഒരു കാര്യം പറയാൻ വേണ്ടിയാണ്...." രാമച്ചൻ അവനെ സംശയത്തോടെ നോക്കി... "അച്ചൂട്ടാ...നീ അകത്തേക്ക് പൊക്കോ... ഞാനിപ്പോ വരാം...."അവൻ പറഞ്ഞത് കേട്ട് അച്ചു സങ്കടത്തോടെ അവനെ നോക്കി.. "വേം വരുവോ...??" "മ്മ്. വരാം.... മോള് ചെല്ല്...." അവൻ അവളുടെ കവിളിൽ മെല്ലെ തട്ടി .. അനുസരണയോടെ അവൾ അകത്തേക്ക് പോയി... അവൻ രാമചന് നേരെ തിരിഞ്ഞു... "കുറച്ച് നാളായി മനസ്സിൽ കൊണ്ട് നടക്കുന്ന കാര്യമാണ്...." "എന്താടാ...??" "രാമച്ചാ.. എനിക്ക്... എനിക്ക് അച്ചൂനെ വിവാഹം കഴിക്കണം....." "എന്താ....!!!!!!!!".............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story