ഈ മഴയിൽ....❤️ പാർട്ട്‌ 48

ee mazhayil

എഴുത്തുകാരി: ✍ ആൻവി

"അമ്മാളു... നീ ഇത് വരെ ഒരുങ്ങിയില്ലേ...??" അതും ചോദിച്ചു വന്ന ഋതുവിനെ അവളൊന്നു തുറിച്ചു നോക്കി... "എന്തിനാടി എന്നെ നോക്കി പേടിപ്പിക്കുന്നെ... കഴിഞ്ഞ തവണത്തെ പോലെ ഫ്രണ്ട്ന്റെ കല്യാണം എന്ന് പറഞ്ഞു മുങ്ങാൻ പറ്റാത്തോണ്ട് ആണോ...." ഋതു അവളെ കാലിയാക്കി കൊണ്ട് ചോദിച്ചു... "ദേ... ചേച്ചിയാണെന്ന് ഞാൻ നോക്കൂല പൊക്കോ എന്റെ മുന്നീന്ന്...." കയ്യിൽ കിട്ടിയ പൌഡർ ടിൻ ഉയർത്തി കാണിച്ചു കൊണ്ട് പറഞ്ഞു... ഋതു അവളെ പുച്ഛിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി പോയി... അവൾ കണ്ണാടിക്ക് മുന്നിൽ ചെന്ന് നിന്നു... റെഡ് കളർ ചുരിദാർ ആയിരുന്നു അവളുടെ വേഷം.... അവളൊന്നു നിശ്വസിച്ചു കൊണ്ട് ഷാളിന്റെ അറ്റം കൊണ്ട് മുഖം തുടച്ചു... ഒരുക്കങ്ങൾ ഒന്നുമില്ലാതെ പുറത്തേക്ക് ഇറങ്ങി ചെന്നു... "അയ്യേ... ഇതെന്ത് കോലാടി... കുറച്ചു പൌഡറെങ്കിലും ഇട്ടൂടെ.... " അവളെ കണ്ട് ഋതു ചോദിച്ചു.... "ഇങ്ങനെ കാണാൻ പറ്റുന്നവർ കണ്ടാൽ മതി...." അവൾ താല്പര്യമില്ലാതെ പറഞ്ഞു... "ഈ പൊട്ടെങ്കിലും തൊട്...." ഋതു നെറ്റിയിൽ ഉണ്ടായിരുന്ന പൊട്ട് അവൾക്ക് തൊട്ട് കൊടുത്തു... "ഈ വേഷം മാറിയിട്ട് നല്ലത് വല്ലതും ഇട്ട് വാ മാളു.... ചെല്ല്... അവർ വന്നാൽ എന്താ വിചാരിക്ക്യ...."

അമ്മ പറഞ്ഞത് കേൾക്കാതെ അവൾ മുഖം വീർപ്പിച്ചു നിന്നു.... അവസാനം അമ്മ ദേഷ്യപ്പെട്ട് അകത്തേക്ക് പറഞ്ഞയാക്കുമ്പോഴാണ്.... മുറ്റത്ത്‌ കാർ വന്നു നിന്നത്.... "കണ്ടോ അവരെത്തി... എത്ര തവണ പറഞ്ഞതാ ഇവളോട്...." അമ്മ അവളെ നോക്കി കെറുവിച്ചു.... "മോളെ......" പുറത്ത് നിന്ന് അച്ഛന്റെ വിളി കേട്ടു.... ഋതു ഒരു ട്രേയിൽ ജ്യൂസ് കൊണ്ട് വന്ന് അവളുടെ കയ്യിൽ കൊടുത്തു.... "ഡീ.... ഒന്ന് ചിരിച്ചിട്ടെങ്കിലും പോ.... ഇതൊരുമാതിരി കടന്നല് കുത്തിയാ മാതിരി...." ഋതു അവളുടെ കവിളിന് ഒരു കുത്ത് കൊടുത്തു.... അവൾ ഉമ്മറത്തേക്ക് ചെന്നു.... ചെക്കന്റെ മുഖത്തേക്ക് നോക്കിയതേ ഇല്ല.... ശങ്കർ അവളെ നോക്കി ഇരിക്കുകയായിരുന്നു.... അമ്മാളു തലയും താഴ്ത്തി ആദ്യം തന്നെ അവന്റെ അച്ചന് ജ്യൂസ് കൊടുത്തു.... പിന്നെ അമ്മാവന്... പിന്നെ ചെറിയച്ചന്.... ഏറ്റവും അവസാനം നീങ്ങി അവൾ ചെക്കന്റെ അടുത്ത് എത്തി... ജ്യൂസ് എടുക്കും നേരെ അവൻ അവളെ ഒന്നു നോക്കി.... "ഹ്ഹ്മ്മ്...." അവനൊന്നു തൊണ്ടയനക്കി.... എവടെ അവൾ ജ്യൂസിലേക്ക് നോക്കുവാണ്... ശങ്കർ ഒരു കള്ളചിരിയോടെ ജ്യൂസ് എടുക്കും നേരം അവളുടെ കയ്യിൽ തൊട്ടു..... ഞെട്ടി കൊണ്ട് മുഖം ഉയർത്തി നോക്കി....

കള്ള ചിരിയോടെ തന്നെ ഉറ്റു നോക്കുന്ന ശങ്കറിനെ കണ്ടപ്പോൾ അവളൊന്നു അമ്പരന്നു... കയ്യിലുണ്ടായിരുന്ന ട്രേ കൈ വിട്ടു പോയി... അതവന്റെ മടിയിലേക്ക് വീണു... ശങ്കർ ഇരുന്നിടത്ത് നിന്ന് ചാടി എണീറ്റു.... അമ്മാളുവിന്‌ എന്ത് ചെയ്യണം എന്നറിയാതെ ആയി പോയി.... ശങ്കർ അവളെ ഒന്നു കൂർപ്പിച്ചു നോക്കി.. "എന്ത് പണിയാ മോളെ കാട്ടിയത്.... മോന്റെ ഡ്രെസ്സിൽ ആയില്ലേ...." അവളുടെ അച്ഛൻ അവർക്ക് അടുത്തേക്ക് വന്നു.... ശങ്കർ ഇടം കണ്ണിട്ട് അമ്മാളുവിനെ നോക്കി... "അത് സാരല്ല്യ...." മുണ്ട് കുടഞ്ഞു കൊണ്ട് ശങ്കർ പറഞ്ഞു... അമ്മാളു അവനെ ഒന്നു നോക്കി... "മോൻ ചെന്ന് അത് കഴുകിയിട്ട് വാ...മാളു അവനെ കൂട്ടി കൊണ്ട് പോ..." അമ്മ ഒന്നു തുറിച്ചു നോക്കിയതും അവൾ അകത്തേക്ക് കയറി പോയി... പിന്നാലെ ശങ്കറും ചെന്നു... ശങ്കർ ചെന്നപ്പോൾ മാളു റൂമിലെ ജനവാതിൽക്കൽ നിൽക്കുകയായിരുന്നു..... അവൻ പുറകിലേക്ക് ഒന്ന് നോക്കിയ ശേഷം വാതിൽ ചാരി അവൾക്ക് അടുത്തേക്ക് ചെന്നു.... പുറകിൽ ചെന്ന് തൊട്ടു തൊട്ടില്ല എന്നാ മട്ടിൽ നിന്നു...

"ഒരു സാരി ഉടുക്കാമായിരുന്നു....." കാതിൽ മെല്ലെ പറഞ്ഞു... അവൾ ഞെട്ടി കൊണ്ട് അവന് നേരെ തിരിഞ്ഞു.... പിന്നെ ദേഷ്യത്തോടെ നോക്കി... "എന്താടി നോക്കി പേടിപ്പിക്കുന്നെ...." മീശപിരിച്ചു കൊണ്ട് അവൻ പറഞ്ഞു... അവൾ അവന്റെ നെഞ്ചിൽ ഇടിച്ചു.... ദേഷ്യത്തോടെ പുറകിലേക്ക് തള്ളി.... അവൻ പുറകിലെ ചുമരിൽ തട്ടി നിന്നു... "നീ ആള് കൊള്ളാലോടി... നേരത്തെ വിളിച്ചു പറഞ്ഞു കെട്ടാൻ... അപ്പോ കാര്യങ്ങളൊക്കെ ഒരു നീക്കുപോക്കാൻ വന്നപ്പോൾ ദേഷ്യപെടുന്നോ..." ഷർട്ട്‌ നേരെയാക്കി കൊണ്ട് അവൻ അവൾക്ക് അടുത്തേക്ക് ചെന്നു.... ടേബിളിൽ ഇരുന്ന ചീപ് എടുത്തവൾ അവന് നേരെ എറിഞ്ഞു... അവൻ തെന്നി മാറി അവൾക്ക് അടുത്തേക്ക് ചെന്നു.. പുറകിലേക്ക് മാറാൻ നിന്നവളെ വലിച്ചു അവനോട് ചേർത്ത് നിർത്തി.... അവൾ അനങ്ങാതെ അവന്റെ കൈക്കുള്ളിൽ നിന്നു... "കഴിഞ്ഞ ആഴ്ച്ച നീ മുങ്ങിയില്ലായിരുന്നുവെങ്കിൽ ഇത്തവണ എൻഗേജ്മെന്റ് അങ്ങ് കഴിയുമായിരുന്നില്ലെടി പുല്ലേ....."

അവളുടെ കവിളിൽ കുത്തി പിടിച്ചവൻ ചോദിച്ചു... അവളുടെ കണ്ണുകൾ വിടർന്നു... അവൻ ചിരിയോടെ ആ കണ്ണുകളിലേക്ക് നോക്കി.... മെല്ലെ നെറുകയിൽ ചുംബിച്ചു... അറിയാതെ അവളുടെ കണ്ണുകൾ കൂമ്പിയടഞ്ഞു... "നമുക്ക് കല്യാണം കഴിക്കാം...." മെല്ലെ കാതിൽ ചുണ്ട് അമർത്തി അവൻ മന്ത്രിച്ചു... അവളുടെ മുഖം അരുണാഭമായി... ചുണ്ടിൽ നാണത്തിൽ കുതിർന്നൊരു പുഞ്ചിരി ഉണ്ടായിരുന്നു..... "മ്മ്......." ഒരു നേർത്ത മൂളലോടെ അവൾ നെഞ്ചിൽ മുഖം അമർത്തി..... അവൻ അവളെ വാരി പുണർന്നു...... ദിവസങ്ങൾക്ക് ശേഷം... "ഞാൻ കൊടുക്കാം അപ്പൂട്ടാ.... ഇങ്ങ് താ......" അപ്പുവിന്റെ കയ്യിൽ നിന്നും അരിമണി വാങ്ങി അവൾ മുറ്റത്ത്‌ കൊത്തി നടക്കുന്ന കോഴികുഞ്ഞുങ്ങൾക്ക് ഇട്ടു കൊടുത്തു.... "ബാ.... ബാ....." അവളോടൊപ്പം ഇരുന്ന അപ്പു അവരെ കൈ കാട്ടി വിളിക്കുന്നുണ്ട്.... ബദ്രി ഉമ്മറത്തു കസേരയിൽ അവരെ നോക്കി ഇരിപ്പുണ്ട്.... അപ്പു ചെന്ന് ഒന്നിനെ പിടിച്ചു അച്ചുവിന്റെ കയ്യിൽ വെച്ചു കൊടുത്തു.... കയ്യിൽ ഇക്കിളി ആയി കൊണ്ട് അവൾ ചിരിച്ചു... "കിണ്ണാ നോക്കിക്കേ..." മഞ്ഞ നിറമുള്ള ഒരു കുഞ്ഞി കോഴികുഞ്... ബദ്രി അവളെ നോക്കി കണ്ണിറുക്കി ചിരിച്ചു...

രാവിലെ വഴിയിലൂടെ കോഴികുഞ്ഞുങ്ങളേ വിൽക്കുന്ന ആളെ വാശി പിടിച്ചു വാങ്ങിച്ചതാണ് അച്ചു അഞ്ച് കുഞ്ഞുങ്ങളേ.... കാക്കപ്രായം ആണ്.. ഒരു കൈ കുമ്പിളിൽ ഒതുങ്ങി നിൽക്കും... "ഡാ അപ്പു..കാക്ക കൊണ്ട് പോകാതെ നോക്കണം..." ബദ്രി അപ്പുവിനോട് പറഞ്ഞു... "നമുക്ക് ഇവരെ നമ്മുടെ റൂമിലാക്കാം അല്ലെ കിണ്ണാ...." അച്ചു പറഞ്ഞത് കേട്ട് ബദ്രി അവളെ നോക്കി.... "ആ കാർബോർഡ് പെട്ടിയിൽ ഇട്ടാൽ മതി.... എന്നിട്ട് സ്റ്റോർ റൂമിൽ കൊണ്ട് വച്ചേക്ക്...." ഫോണിലേക്ക് നോക്കി ഇരുന്നു കൊണ്ട് ബദ്രി പറഞ്ഞു... "പറ്റൂല...എനിക്ക് അവരെ കാണണം...." "പറയുന്നത് കേൾക്ക് അച്ചു....." ബദ്രി ഗൗരവത്തോടെ പറഞ്ഞു... അച്ചു മുഖം വീർപ്പിച്ചു കൊണ്ട് പുറത്തേക്ക് നോക്കിയിരുന്നു... "കണ്ണേട്ടാ അച്ചുമ്മ പിണങ്ങീട്ടോ...." അപ്പു വാ പൊത്തി ചിരിച്ചു കൊണ്ട് പറഞ്ഞു.... ബദ്രി ഇടം കണ്ണിട്ട് അച്ചുവിനെ നോക്കി.... "ഏയ്‌... എന്റെ അച്ചുട്ടി പിണങ്ങത്തൊന്നുമില്ല.... അല്ലെ..." ബദ്രി ചിരിയോടെ അച്ചൂനെ നോക്കി... "പോ... മിണ്ടൂല...." അച്ചു മുഖം കോട്ടി താടിക്കും കൈ കൊടുത്ത് ഇരുന്നു... ബദ്രി അത് കണ്ട് ചിരിച്ചു.... അപ്പോഴാണ് ശങ്കറിന്റെ ബൈക്ക് മുറ്റത്ത്‌ വന്നു നിന്നത്.... അച്ചു എഴുനേറ്റ് ബദ്രി അടുത്ത് ചെന്നു....

"പിണക്കം മാറിയോ അച്ചൂട്ടാ....." കുസൃതിയോടെ ബദ്രി ചോദിച്ചു.. "കിണ്ണന് ഇഷ്ടല്ലല്ലോ അച്ചൂനെ...." "എടി കുരുത്തംകെട്ടവളെ നിന്നെ ഞാൻ....." ബദ്രി കള്ളദേഷ്യത്തോടെ അവളെ പിടിച്ചു വെച്ചു... അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു... "ഇഷ്ടല്ലേടി എനിക്ക് നിന്നെ... മ്മ്..." "ഉമ്മാാാ....." അവന്റെ കവിളിൽ അമർത്തി ഒരുമ്മ കൊടുത്തവൾ അകത്തേക്ക് ഓടി.... ബദ്രി ചിരിച്ചു കൊണ്ട് അവളെ നോക്കി... "എന്താടാ ഇവിടെ...." ശങ്കർ ബൈക്ക് ഒതുക്കി ഉമ്മറത്തേക്ക് വന്നു... "ന്നാടാ നിന്റെ പരിപ്പുവട....." കയ്യിലുണ്ടായിരുന്ന പൊതി ശങ്കർ അപ്പുവിന്റെ മടിയിലേക്ക് ഇട്ടു കൊടുത്തു... "ശോ.... അതാണ് എന്റെ ശങ്കരൻ... കണ്ട് പഠിക്ക്‌ കണ്ണേട്ടാ...." അപ്പു ബദ്രിയെ നോക്കി ചുണ്ട് കോട്ടി.... "ചെലക്കാണ്ട് പോയി ചായ എടുത്തോണ്ട് വാടാ....." ബദ്രി അവനോട് ഗൗരവത്തിൽ പറഞ്ഞു... അപ്പു ദേഷ്യത്തോടെ അകത്തേക്ക് കയറി പോയി.... ശങ്കർ ചാരു പടിയിൽ ഇരുന്നു... "എന്നാടാ ഹോസ്പിറ്റലിൽ പോകേണ്ടത്...." "മറ്റന്നാൾ.... അന്നേക്ക് നെറ്റിയിലെ സ്റ്റിച് എടുക്കും...." ബദ്രി കസേരയിലേക്ക് ചാരി ഇരുന്നു കൊണ്ട് പറഞ്ഞു.... "ഇച്ചുവിനെ കണ്ടോ നീ... കുറച്ചു ദിവസായി ഇങ്ങോട്ട് കാണാനേ ഇല്ല....??" ബദ്രി സംശയത്തോടെ തിരക്കി...

"മ്മ്... ഞാൻ കണ്ടു... ചെക്കന് നൈശൂന്റെ കാര്യത്തിൽ ടെൻഷൻ ആണ്...മൂന്നാംമാസമല്ലേ...സ്കാൻ ചെയ്തപ്പോൾ എന്തോ പ്രശ്നം ഉണ്ടെന്ന് പറഞ്ഞിരുന്നു അവൻ... ഇപ്പൊ ഫുൾ ടൈം അവളുടെ കൂടെയാണ്...." ശങ്കർ ചിരിച്ചു പറഞ്ഞു... "മ്മ്...." ബദ്രി ഒന്ന് മൂളി.... "മറ്റന്നാൾ ഹോസ്പിറ്റലിൽ പോകുമ്പോൾ ഞാനും കൂടെ വരാം...." "മ്മ്... ഞാൻ അത് പറയാൻ ഇരിക്കുവായിരുന്നു.... നീ എന്നെ ഒന്ന് പിടിച്ചേ... അകത്തേക്ക് പോകാനാ..." ശങ്കർ എഴുനേറ്റ് അവനെ താങ്ങി പിടിച്ചു.... "കിണ്ണനെ ഞാനും പിടിക്കാം...." അകത്തേക്ക് കയറും മുന്നേ അച്ചു ഓടി വന്ന് ബദ്രിയെ ചുറ്റി പിടിച്ചു.. ശങ്കർ ചിരിച്ചതെ ഒള്ളൂ.... രണ്ട് പേരും കൂടെ ബദ്രിയെ ഹാളിൽ കൊണ്ടിരുത്തി... "എൻഗേജ്മെന്റ് തീരുമാനിച്ചോടാ....??" "ഡേറ്റ് നോക്കിയിട്ടില്ല....." ടേബിളിൽ ഇരുന്ന പേപ്പർ നോക്കി കൊണ്ട് ശങ്കർ മറുപടി കൊടുത്തു.... കുറച്ചു നേരം അവിടെ ഇരുന്നു സംസാരിച്ചിട്ട് ആണ് ശങ്കർ പോയത്... അവൻ പോയതും ബദ്രി എന്തോ ഓർത്തപോലെ ഇച്ചുവിനെ വിളിച്ചു.... ആദ്യത്തെ തവണ കാൾ എടുത്തില്ല... വീണ്ടും വിളിച്ചപ്പോൾ ഇച്ചു കാൾ എടുത്തു... "ഹലോ..... ഹലോ ഇച്ചു...." "മ്മ്...." "എന്താടാ എന്ത് പറ്റി നിനക്ക്...." ബദ്രി ആവലാതിയോടെ ചോദിച്ചു.... ഇച്ചുവിന് എന്ത് കൊണ്ടോ സങ്കടം വന്നു...

അവന്റെ കണ്ണുകൾ നിറഞ്ഞു.. "ഹലോ.. ഇച്ചു... ഡാ പുല്ലേ കേൾക്കുന്നുണ്ടോ.??" ബദ്രി ദേഷ്യത്തോടെ ചോദിച്ചു... "ഒന്നൂല്യ....." അവന്റെ ശബ്ദം ഇടറി.... "കാര്യം പറയടാ.... ഡാ നീ കരയുവാണോ...??" "ഡാ... നൈ... നൈഷു... അവൾക്ക്...." അവൻ കരയുന്നുണ്ടായിരുന്നു... "നീ എന്താടാ പിള്ളേരെ പോലെ.... അവൾക്ക് എന്താ.... ചുമ്മാ ആ പെണ്ണിനെ കൂടെ ടെൻഷൻ അടിപ്പിക്കാൻ.... ഡാ നിർത്തട...." ബദ്രി കലിപ്പിട്ടതും ഇച്ചു കണ്ണുകൾ ഇറുക്കി അടച്ചു... "അവളെന്ത്യേ...??" കുറച്ചു നേരത്തെ മൗനത്തിനു ശേഷം ബദ്രി ചോദിച്ചു... "കിടക്കുവാ... ബെഡ് റസ്റ്റ്‌ പറഞ്ഞിട്ടുണ്ട്...." ഇച്ചു കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു... "മ്മ്.... ഞാൻ ദേവകിയമ്മയോട് അങ്ങോട്ട് വരാൻ പറയാം.... ഇപ്പൊ തത്കാലം അച്ചൂനെ നോക്കാൻ ഇവിടെ ഞാനുണ്ടല്ലോ..." "അത് വേണ്ടടാ..." "പിന്നെ നീ അവളെ നോക്കി ഇരിക്കുവാണോ... ജോലിക്ക് പോണ്ടേ... അമ്മയാവുമ്പോൾ നൈഷുനെ നന്നായി നോക്കും... ഈ സമയത്ത് അവൾക്ക് വേണ്ട കെയർ കൊടുക്കും.... നീ ആയിട്ട് നോ പറയണ്ട...." "മ്മ്....." ഇച്ചു ഒന്ന് മൂളിയതെ ഒള്ളൂ.... "

എന്നാ ശെരി... ആ പിന്നെ പൈസ വല്ലതും ഉണ്ടോ കയ്യിൽ...." "മ്മ്... ഉണ്ട്...." "മ്മ്....." ബദ്രി ഒന്ന് അമർത്തി മൂളി ഫോൺ കട്ടാക്കി.... "കിണ്ണാ....." അച്ചു വന്ന് അവന്റെ തോളിൽ ചാരി ഇരുന്നു... "മ്മ്... എന്തേയ്..." ബദ്രി അവളുടെ തലയിൽ തലചേർത്ത് വെച്ചു.. "മ്മ്ഹ്ഹ്...." മൂളി കൊണ്ട് അവൾ അവനോട് ഒന്ന് കൂടെ ചേർന്നിരുന്നു... ബദ്രി ഇടത് കൈ കൊണ്ട് അവളുടെ മുഖം പിടിച്ചുയർത്തി.... സിന്ദൂര രേഖ ഒഴിഞ്ഞു കിടക്കുന്നു.... "ഇന്ന് എന്തെ അച്ചൂട്ടി കുങ്കുമം തൊട്ടില്ലേ.. മ്മ്...." "മറന്നു പോയി....." അവൾ നാവ് കടിച്ചു കൊണ്ട് പറഞ്ഞു... "പോയി ഇട്ടിട്ട് വേഗം വാ... ഭാര്യമാരൊക്കെ ഇടുന്നതല്ലേ.... അച്ചൂട്ടി കിണ്ണന്റെ ഭാര്യയല്ലേ.." "ആഹ്.... ഇപ്പൊ ഇട്ടിട്ട് വരാവേ...." അവൾ ആവേശത്തോടെ അകത്തേക്ക് ഓടി പോയി.... ബദ്രി ഒന്ന് നിശ്വസിച്ചു കൊണ്ട് സോഫയിൽ ചാരി ഇരുന്നു....  "പോകാം......" അപ്പുവിന്റെ തോളിൽ പിടിച്ചു കൊണ്ട് ബദ്രി പുറത്തേക്ക് വന്നു... ശങ്കർ തലയാട്ടി കൊണ്ട് അവനെ ശ്രദ്ധയോടെ ജിപ്സിയിലേക്ക് കയറ്റി ഇരുത്തി... "കിണ്ണാ ഞാനൂണ്ട്..." വിതുമ്പി കൊണ്ട് അച്ചു ഓടി വന്നു...

. "ഞാൻ വേഗം വരും അച്ചൂട്ടാ...." ബദ്രി അവളെ സമാധാനിപ്പിച്ചു... "അച്ചൂനെ ഇഷ്ടല്ലേ....." കണ്ണ് നിറച്ചു കൊണ്ട് അവൾ ചോദിച്ചു... ബദ്രി ഒന്ന് ശ്വാസം വലിച്ചു വിട്ടു... "ഇഷ്ടാണല്ലോ...." "അപ്പൊ പിന്നെ എന്താ കൊണ്ടാവാത്ത.... അച്ചൂന് സങ്കടം വരും...." അവൾ അവന്റെ കയ്യിൽ മുറുകെ പിടിച്ചു... "പാവല്ലേ കണ്ണേട്ടാ കൊണ്ട് പോയേക്ക്...." അപ്പു സങ്കടത്തോടെ പറഞ്ഞു.. ബദ്രി അച്ചുവിന്റെ മുഖത്തേക്ക് നോക്കി... "അച്ചൂനെ കൂടെ കൊണ്ട് പോ കിണ്ണാ...." വിതുമ്പുന്ന ചുണ്ടുകളോടെ അവൾ പറയുന്നത് കേട്ടപ്പോൾ കൊണ്ട് പോകാതെ ഇരിക്കാൻ അവന് തോന്നിയില്ല... "എന്നാ വാ...." അവൻ കൈ നീട്ടിയതും അവൾ അതിൽ പിടിച്ചു വണ്ടിയിൽ കയറി.... ശങ്കർ ജിപ്സി മുന്നോട്ട് എടുത്തു.. "ഭഗവാനെ.... എന്റെ മോളെ ഒന്ന് കാണിച്ചു തരണേ... എന്റെ കുട്ടിക്ക് ഒരു ആപത്തും വരുത്താതെ തിരിച്ചു വേണം എനിക്ക്...." വഴിയോരത്തെ ആൽതറയിൽ കത്തിച്ചു വെച്ച കൽവിളക്കിന് മുന്നിൽ നിന്ന് പ്രാർത്ഥിക്കുകയായിരുന്നു ശേഖരൻ... ഉള്ളു നിറയെ കാണാതെ പോയ മകളെ കുറിച്ചുള്ള ആവലാതി... കണ്ണ് നീർ തുടച്ചു നീക്കി മുന്നിലേ റോഡിലൂടെ നടന്നു നീങ്ങി... ഇടക്ക് അരികിലൂടെ പാഞ്ഞു പോയ ഓപ്പൺ ജിപ്സിയിലേക്ക് അയാൾ നോക്കി....

അതിൽ കളിച്ചു ചിരിച്ചിരിക്കുന്ന പെൺകുട്ടി തന്റെ മകളാണെന്ന ഓർമയിൽ അയാളുടെ കാലുകൾക്ക് വേഗതയേറി.... ജിപ്സിക്ക് പിന്നാലെ ഓടി... "മോളെ.... അച്ചൂ..." അയാൾ ഉറക്കെ വിളിച്ചു.... അപ്പോഴേക്കും ജിപ്സി മറ്റുവാഹനങ്ങളേ ഓവർടേക്ക് ചെയ്തു പോയി കഴിഞ്ഞിരുന്നു.. ശേഖരന് എന്ത് ചെയ്യണം എന്ന് അറിയാതെ ആയി.... അവളീ നാട്ടിൽ തന്നെ ഉണ്ട്.... കണ്ട് പിടിക്കണം.... അവളേം കൊണ്ട് എങ്ങോട്ടേലും പോണം.... കൂടെ ഉള്ളത് ആരാണ്....?? രണ്ട് ചെറുപ്പക്കാരാണ്..... ആ അച്ഛന്റെ ഉള്ളിൽ ആധിയേറി.... തളർന്നു കൊണ്ട് നിലത്തിരുന്നു പോയി... ദിവസങ്ങളോരൊന്നും മുന്നോട്ട് പോയി.... ബദ്രിയുടെ കയ്യിലെയും കാലിലെയും പ്ലാസ്റ്റർ അഴിച്ചു... അച്ചു ഹാപ്പി ആയി..... ദത്തൻ ഇപ്പോഴും എഴുനേറ്റു നടക്കാനായിട്ടില്ല.... അധികം സംസാരിക്കാനും കഴിയില്ല... പത്മയെ കൂടാതെ ഹരി ഒരു ഹോം നഴ്സിനെ കൂടെ വച്ചിട്ടുണ്ട്.... രണ്ട് ദിവസം കൂടെ കഴിഞ്ഞാൽ ശങ്കറിന്റെയും അവന്റെ മാളൂന്റെയും നിശ്ചയമാണ്.... അതിന്റെ സന്തോഷത്തിൽ എല്ലാവരും കൂടെ ബദ്രിയുടെ വീട്ടിൽ ഒത്തുകൂടി... നൈഷുനെ ഒറ്റക്ക് ആക്കി വരാൻ കഴിയാത്തത് കൊണ്ട് ഇച്ചു വന്നില്ല... "ഡാ...ഇതേതാ ഐറ്റം എന്നറിയോ.... Uff...

വല്ലാത്തൊരു കിക്ക് ആണ്... കുടിച്ചു കഴിഞ്ഞാൽ ചുറ്റുമുള്ളത് ഒന്നും കാണാൻ പറ്റൂല... മുന്നിലിരിക്കുന്ന ബോട്ടിലിനെ വർണിക്കുകയാണ് ശങ്കർ.... "കൂടുതൽ സുഗിപ്പിക്കാതെ ഇങ്ങോട്ട് ഒഴിക്കട....." രാമച്ചൻ ഗ്ലാസ്‌ നിരത്തി വെച്ച് കൊണ്ട് പറഞ്ഞു... ശങ്കർ മൂടി തുറന്ന് മൂന്ന് ഗ്ലാസ്സിലേക്കും ഒഴിച്ചു... ബദ്രി ഗ്ലാസ്സിലേക്ക് ഐസ്ക്യൂബസ് ഇടാൻ ഒരുങ്ങിയതും ശങ്കർ അവനെ തടഞ്ഞു.... "ഫ്രഷ് ആയിട്ട് കുടിക്കട.. വെറുതേ ഐസ് ഇട്ട് നശിപ്പിക്കല്ലേ....." അതും പറഞ്ഞു അവൻ ഗ്ലാസ്‌ ബദ്രിയുടെ കയ്യിൽ കൊടുത്തു... ബദ്രി ഗ്ലാസ് വാങ്ങി തന്റെ അടുത്ത് ഇരിക്കുന്ന അച്ചുവിനെ നോക്കി... അവൾ അവന്റെ തോളിൽ ചാരി ഇരുന്ന് പാവകുട്ടിയോട് സംസാരിക്കുകയാണ്.... ബദ്രി ഒറ്റവലിക്ക് ഗ്ലാസിൽ ഉള്ളത് മുഴുവൻ കുടിച്ചു.... തലയൊന്ന് കുടഞ്ഞു കൊണ്ട് ശങ്കറിനെ നോക്കി... ബദ്രി രാമച്ചൻ വലിച്ചു കൊണ്ടിരുന്ന സിഗരറ്റ് വാങ്ങി ചുണ്ടിനിടയിൽ വെച്ച് ആഞ്ഞു വലിച്ചു.... മൂന്ന് നാല് ഗ്ലാസ്‌ കുടിച്ചപ്പോഴെ ശങ്കർ മാളൂന്നും വിളിച്ച് നിലത്തേക്ക് കിടന്നു.... ബദ്രി അടഞ്ഞു പോകുന്ന കണ്ണുകളെ വലിച്ചു തുറന്നു കൊണ്ട് കുപ്പിയിലുള്ളത് ഒഴിച്ചു.... "മുഴുവൻ കുടിക്കല്ലേടാ...." ശങ്കർ പാതി മയക്കത്തിൽ പറയുന്നത് കേട്ടു.... ബദ്രി കണ്ണ് ചിമ്മി തുറന്നു.... "ഇല്ല... കുടിക്കുന്നില്ല... ദാ... നീ കുടിച്ചോ...." ബോധമില്ലാതെ ശങ്കരനെന്നും പറഞ്ഞ് കുപ്പി കൊടുത്തത് അടുത്ത് ഇരുന്ന അച്ചുവിനാണെന്ന് അവൻ ശ്രദ്ധിച്ചതെ ഇല്ല..... മറ്റെല്ലാം മറന്നവൻ നിലത്തേക്ക് കമിഴ്ന്നു കിടന്നു........................തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story