ഈ മഴയിൽ....❤️ പാർട്ട്‌ 53

ee mazhayil

എഴുത്തുകാരി: ✍ ആൻവി

"ഇന്ന് നമുക്ക് അടിച്ചു പൊളിക്കണം....." ശങ്കർ സന്തോഷത്തോടെ ഇച്ചുവിനെ ചുറ്റി പിടിച്ചു... ബദ്രി ഒന്ന് പുച്ഛത്തോടെ ചിരിച്ചു... ഇച്ചുവിന് മുഖം ഉയർത്തി അവനെ നോക്കാനെ കഴിഞ്ഞില്ല.... ബദ്രിയും അവനോട് ഒന്നും മിണ്ടാൻ പോയില്ല... അല്ലേലും ഇനിയെന്ത് പറയാൻ...!! ബദ്രി ഒന്നും ശ്രദ്ധിക്കാതെ അച്ചുവിന് വാരി കൊടുത്തു.... "ഉണ്ണി... നീയും ഇച്ചുവും കൂടെ പോയിട്ട് ചിക്കൻ വാങ്ങി വാ... നമുക്ക് ഇന്ന് അത് ഫ്രൈ ചെയ്യാം... ഉച്ചക്ക് അടിപൊളി ബിരിയാണിയും... അത് കഴിഞ്ഞ് ടച്ചിങ്‌സിനും ഉണ്ടാവോലോ..." റൂമിൽ നിന്ന് പേഴ്‌സ് എടുത്തു കൊണ്ട് വന്ന് രാമച്ചൻ പറഞ്ഞു... "എന്നെ കൂടെ കൊണ്ടോവോ ശങ്കരാ...." അപ്പു എഴുനേറ്റു കൊണ്ട് ചോദിച്ചു.... ശങ്കർ അപ്പുവിനെ ഒന്ന് അടിമുടി നോക്കി... "കണ്ണേട്ടാ... മനുഷ്യ ഒന്ന് പറ എന്നെ കൂടെ കൊണ്ട് പോകാൻ... പുറത്ത് ഇറങ്ങിയിട്ട് നാലഞ്ച് ദിവസായി.." അടുത്തിരുന്ന ബദ്രിയുടെ തോളിൽ തട്ടി കൊണ്ട് അവൻ പറഞ്ഞൂ.... "എന്നോട് ചോദിക്കണ്ട... അവൻ കൊണ്ട് പോകുമെങ്കിൽ പൊക്കോ..."

ബദ്രി ഗൗരവത്തോടെ പറഞ്ഞു കൊണ്ട് അച്ചുവിന് നേരെ തിരിഞ്ഞു... അച്ചു അപ്പുവിനെ നോക്കി വാ പൊത്തി പിടിച്ചു ചിരിച്ചു... "കളിക്കാൻ നിൽക്കാതെ ഇത് കഴിക്കച്ചു..." അവളുടെ കൈ പിടിച്ചു വെച്ച് ബദ്രി ശബ്ദമുയർത്തി... പെട്ടെന്ന് അച്ചുവിന്റെ മുഖം ഇരുണ്ടു.... "വെറുതെയാ...ഇഷ്ട്ടാന്നൊക്കെ വെറുതെ...." സങ്കടത്തോടെ പറഞ്ഞു പൂർത്തിയാക്കും മുന്നേ ദോശ എടുത്തവൻ അവളുടെ വായിൽ വെച്ചു കൊടുത്തു.... വാശിയോടെ പുറത്തേക്ക് തുപ്പാൻ ആഞ്ഞതും... "അച്ചൂ......" ബദ്രി സ്വരം കടുപ്പിച്ചു വിളിച്ചു.... മടിയോടെ അവൾ വായിൽ ഉള്ളത് ചവച്ചിറക്കി... "മതി ഇനി ചെന്ന് വാ കഴുകിയിട്ട് കഴിക്കാനുള്ള മരുന്ന് എടുത്തിട്ട് വാ..." ബദ്രി പതിയെ എഴുനേറ്റു... ഇച്ചുവിന്റെ കണ്ണുകൾ അവൻ വയറിന്റെ ഭാഗത്ത്‌ വച്ച കയ്യിൽ പതിഞ്ഞു....കുറ്റബോധത്തോടെ അവൻ മുഖം താഴ്ത്തി.... "എന്താടാ ഇപ്പോഴും വേദനയുണ്ടോ...??" ശങ്കർ മുന്നോട്ട് വന്നു ചോദിച്ചു... "ഏയ്‌... കുറച്ചു മുന്നേ ഡോക്ടർ വന്നിരുന്നു... മുറിവ് ഒന്ന് ഡ്രസ്സ്‌ ചെയ്തു കെട്ടി.. അതിന്റെ ഒരു അസ്വസ്ഥത...." ബദ്രി പതിയെ മുന്നോട്ട് നടന്നു...

ഇച്ചുവിന്റെ മുന്നിലെത്തിയപ്പോൾ അവൻ ഒന്ന് മുഖം ഉയർത്തി നോക്കി.... ഇച്ചു മുഖം ഉയർത്തിയതെ ഇല്ല..... ബദ്രി കൈ കഴുകുന്നിടത്തേക്ക് നടന്നു... "കിണ്ണാ...... ദാ...." അച്ചു ഓടി വന്ന് മരുന്ന് ഇട്ടിരുന്നു ബോക്സ്‌ അവന് നീട്ടി.... "ഞാനിപ്പോ വരാം... നീ അവിടെ ചെന്നിരിക്ക്...." "മ്മ്.,.." അതും പറഞ്ഞവൾ ഓടാൻ നിന്നപ്പോൾ ബദ്രി പുറകിൽ ഇന്ന് വിളിച്ചു.പറഞ്ഞു .. "ഓടല്ലേ അച്ചു.... മുന്നേ പറഞ്ഞത് ഓർമയില്ലേ....." അത് കേട്ടതും മുന്നോട്ട് വെച്ച കാൽ അവൾ നിലത്തുറപ്പിച്ചു.... "പതിയെ നടന്നോളാം കിണ്ണാ....." അവളൊന്നു ചിണുങ്ങി ചിരിച്ചു.. ബദ്രി ഒന്ന് കണ്ണ് ചിമ്മി കാട്ടി മുന്നോട്ട് നടന്നു.... "എടാ നീ റസ്റ്റ്‌ എടുക്ക് ഞങ്ങള് പോയിട്ട് സാദനങ്ങൾ ഒക്കെ വാങ്ങിയിട്ട് വരാം...." കൈ കഴുകി തിരിച്ചു വന്നപ്പോൾ ശങ്കർ പറഞ്ഞു.... ഇച്ചു ഉമ്മറത്തേക്ക് പോയിരുന്നു... ബദ്രി ഒന്ന് തലയാട്ടി കൊണ്ട് അച്ചുവിനുള്ള മരുന്നു എടുത്തു കൊടുക്കാൻ തുടങ്ങി... "നമ്മളെപ്പളാ കിണ്ണാ വീട്ടിലേക്ക് പോവാ....." ഗ്ലാസിലെ വെള്ളം കുടിക്കവേ അവൾ ചോദിച്ചു... "നാളെ പോവാം...." അവൻ ചിരിയോടെ അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു.. "മറ്റന്ന പോവാം കിണ്ണാ... അച്ചൂന് ഇവിടെ വേണ്ട.... വീട്ടിൽ പോവാം...." അവൾ അവന്റെ നെഞ്ചിലേക്ക് ചാരി ഇരുന്നു....

മറ്റന്നാൾ എന്നുദ്ദേശിച്ചത് നാളെയാണ്... ഓർത്തപ്പോൾ ബദ്രിക്ക് ചിരി വന്നു... "മ്മ്... മറ്റെന്നാളെങ്കിൽ മറ്റന്നാൾ...." അവളുടെ നെറുകയിൽ അവൻ ചുംബിച്ചു.. "നയനക്ക് എന്നെ ഇഷ്ടായോ..." തന്റെ മുന്നിലിരിക്കുന്ന സുന്ദരിയായ പെൺകുട്ടിയെ നോക്കി ഹരി ചോദിച്ചു.... "ഹരിക്ക് എന്നെ ഇഷ്ടായെങ്കിൽ എനിക്കും ഇഷ്ടമാണ്..." അവൾ പുഞ്ചിരിയോടെ പറഞ്ഞു.... ഹരി ടേബിളിൽ ഇരുന്ന കോഫീ ചുണ്ടോട് ചേർത്തു.... വലിയ വക്കീലിന്റെ മകളാണെന്ന അഹങ്കാരം നല്ലോണം ഉണ്ട്.... അവൻ മനസ്സിൽ ഓർത്തു.... "അച്ഛൻ പറഞ്ഞത് കൊണ്ടാണ്... ഞാൻ ഇപ്പൊ തന്നെ കാണാൻ വന്നത്... ഞാനിപ്പോൾ ഒരു മാര്യേജ്ന് ഒട്ടും prepared അല്ല... എന്റെ അച്ഛൻ പറഞ്ഞിട്ടുണ്ടാവുമല്ലോ... ഒരിക്കൽ കല്യാണവേഷത്തിൽ ചെന്ന് നാണം കേട്ടതാണ്....." "അറിയാം ഹരി...എന്തായാലും ഞാൻ ആ ടൈപ് അല്ല... എന്റേം പപ്പാ പറഞ്ഞത് കൊണ്ടാണ് ഹരി വന്ന് മീറ്റ് ചെയ്തത്.... ദത്തൻ അങ്കിൾ എന്റെ പപ്പേടെ ബെസ്റ്റ് ഫ്രണ്ട് ആണ്...." കോഫി കുടിക്കുന്നതിനിടയിൽ നയന പറഞ്ഞു.... "അറിയാം...." ഹരി അലസമായ് പറഞ്ഞു.... നയനെ ഹരി സൂക്ഷിച്ചു നോക്കി.... "ഹരിക്ക് ബ്രദറുണ്ടോ..?? അനിയനോ ഏട്ടനോ അങ്ങനെ ആരേലും...??' അവൾ സംശയത്തോടെ ചോദിച്ചു... ഹരി ഒന്ന് പുച്ഛിച്ചു ചിരിച്ചു...

"അച്ഛനെ അറിയാമെങ്കിൽ അച്ഛന്റെ രണ്ടാം വിവാഹത്തെ കുറിച്ചും അറിയാമായിരിക്കുമല്ലോ...??" "അറിയാം.... അത് കൊണ്ടാണ് ചോദിച്ചത്... ഹരി കുറെ സംസാരിച്ചു... അച്ഛനെ പറ്റിയും..മരിച്ചു പോയ അമ്മയെ പറ്റിയും ജോലിയെ പറ്റിയും... പറ്റിച്ചിട്ട് പോയ കാമുകിയെ പറ്റിയും... പക്ഷേ ബദ്രിയെ കുറിച്ച് പറയുന്നത് മാത്രം കേട്ടില്ല..." അവൾ പറഞ്ഞത് കേട്ട് ഹരി അമ്പരന്നു... "ബദ്രി.... അവനെ അറിയുമോ..??" അവന്റെ ശബ്ദം താഴ്ന്നു... "ഞാനും ബദ്രിയും ഒരുമിച്ചു പഠിച്ചവരാണ്.... മാത്രമല്ല vm കോളേജിൽ പഠിച്ച ആർക്കാണ് ബദ്രിയെ അറിയാത്തത്....." അവൾ പുഞ്ചിരിയോടെ അവനെ നോക്കി.... ഹരിയുടെ മുഖം ഇരുണ്ടു.... "സഖാവ് ബദ്രി... ഞാൻ കുറെ പിന്നാലെ നടന്നിട്ടുണ്ട്., ഇഷ്ടം കൊണ്ടാണോ ആരാധനകൊണ്ടാണോ... അറിയില്ല... ഹരിക്ക് ഒന്നും തോന്നരുത് ഞാൻ എല്ലാം ഓപ്പൺ ആയി പറയുന്ന ആളാണ്..." അവളൊരു ചമ്മിയ ചിരി ചിരിച്ചു... ഹരിക്ക് അത് ഒട്ടും ഇഷ്ടായില്ല... "മ്മ്....." അവനൊന്നു അമർത്തി മൂളി.. "ഹരിയുടെ മനസ്സിൽ ഇപ്പോ എന്താണെന്ന് എനിക്ക് ഊഹിക്കാൻ കഴിയും.... വേണ്ടെന്ന് തോന്നുന്നെങ്കിൽ മുഖം നോക്കി പറഞ്ഞോളൂ...no പ്രോബ്ലം...." അവൾ കൂളായി അവന്റെ മുഖത്തേക്ക് നോക്കി...

"അല്ല.... ഞാൻ ഇങ്ങനെ പറഞ്ഞ് ഇനി എന്നെയും ബദ്രിയേയും കാണുമ്പോൾ നിന്റെ മനസ്സിൽ ഞാൻ പറഞ്ഞതൊക്കെ ഓർമ വരും.... നീ തെറ്റി ധരിക്കും....ആൻഡ്... പിന്നെ പറയണ്ടല്ലോ...." ഹരി ഉള്ളിൽ ദേഷ്യം നിറച്ചവളെ നോക്കി.... "നമ്മുടെ റിലേഷൻഷിപ്പിൽ ഞാൻ 100% സിൻസിയർ ആയിരിക്കും ഹരി..." "ഓക്കേ നയന... ഞാൻ അച്ഛനോട് പറയാം...ബാക്കി അവര് തീരുമാനിക്കട്ടെ..." ഹരി എഴുനേറ്റു.... "എന്ന ഹരി പൊക്കോളൂ.... എന്റെ കുറച്ചു ഫ്രണ്ട്സ് വരും...." അവൾ അവിടെ തന്നെ ഇരുന്നു... ഹരി ഒന്ന് തലയാട്ടി കൊണ്ട് പോയി..... കാറിലേക്ക് കയറുമ്പോൾ അവന്റെ ഫോൺ റിങ് ചെയ്തു.... ദത്തനാണ്... "ഹലോ അച്ഛാ.." "കുട്ടാ... നീ കണ്ടോ ആ കുട്ടിയെ...??" "മ്മ്... കണ്ടു..." അവൻ അലസമായി പറഞ്ഞു.... "എന്നിട്ട് ഇഷ്ടായോ നിനക്ക്...?? " ദത്തൻ പ്രതീക്ഷയോടെ ചോദിച്ചു.... "മ്മ്.... ഇഷ്ടായി..." "ഹാവൂ.... പിന്നേ... ബദ്രി അവൻ പോയി..." അത് കേട്ട് ഹരി ദേഷ്യത്തിൽ കാറിന്റെ ഡോർ അടച്ചു... "പോയോ.... എപ്പോ... അവൻ ഉണർന്നത് ആരും കണ്ടില്ലേ..."

അവൻ ദേഷ്യത്തോടെ ചോദിച്ചു.. "കണ്ടു....എന്തേലും ആകട്ടെ... പിന്നെ അവനെ കുത്തിയത് ആരാന്ന് നിനക്കറിയോ...??" ദത്തൻ ചോദിച്ചു... "ആവോ.. എനിക്കറിയില്ല..." അവൻ അതും പറഞ്ഞു ഫോൺ കട്ടാക്കി.... ബദ്രി...!!!!!! അവൻ ദേഷ്യത്തിൽ ഉരുവിട്ടു....  "കണ്ണാ.... ഒരു ഗ്ലാസ് പിടിപ്പിക്കുന്നെ... ആ വേദന അങ്ങ് മാറട്ടെ...." ശങ്കർ മദ്യം ഗ്ലാസ്സിലേക്ക് പകർന്നു കൊണ്ട് ബദ്രിക്ക് നീട്ടി... ബദ്രി അവനെ ഒന്ന് ഇടഞ്ഞു നോക്കി... "ഇവന്റെ നോട്ടം കണ്ടാൽ തോന്നും ഞാൻ ഇവന് എന്തോ വിഷമാണ് കൊടുക്കുന്നത് എന്ന്... അവന്റെ ഒരു നോട്ടം... നിനക്ക് വേണ്ടെങ്കി വേണ്ടടാ ഞാൻ കുടിച്ചോളാം....ഇപ്പോഴൊക്കേ ഇത് പറ്റൂ... കല്യാണം കഴിഞ്ഞാൽ പിന്നെ ആ മറുത എന്നെ കൊണ്ട് ഇത് തൊടീക്കില്ല..." ശങ്കർ ആ ഗ്ലാസ്‌ വായിലേക്ക് കമിഴ്ത്തി.. രാത്രി എല്ലാവരും കൂടെ ഉമ്മറത്ത് ഇരിക്കുകയാണ്... അച്ചു ക്ഷീണം കൊണ്ട് ബദ്രിയുടെ മടിയിൽ കിടന്നുറങ്ങിയിരുന്നു... അവന്റെ കൈകൾ അവളുടെ മുടിയിഴകളെ തലോടി കൊണ്ടിരുന്നു..... പതിവില്ലാതെ അപ്പുവും ബദ്രിയുടെ തോളിൽ ചാരി കിടക്കുവാണ്..... ഇച്ചു രാമച്ചന്റെ അടുത്ത് ഒന്നും മിണ്ടാതെ ഇരിക്കുവാണ്... അവൻ ഒന്നിനും കൂടുന്നില്ല....

ബദ്രി ഒന്നും ചോദിക്കാത്തതും ദേഷ്യപെടാത്തതും ആരോടും പറയാത്തതും അവനെ വല്ലാതെ വിഷമത്തിലാക്കി... സാധാരണ ഇങ്ങനെ ഒത്തു കൂടുമ്പോൾ അവനാണ് കുപ്പി പൊട്ടിക്കുന്നതും എല്ലാവർക്കും ഒഴിച്ച് കൊടുക്കുന്നതും എല്ലാം.... രാമച്ചൻ അവനെയും ബദ്രിയെയും ശ്രദ്ധിക്കുന്നുണ്ടായിരുന്നു... "ഇച്ചു.... നൈഷു വീട്ടിൽ ഒറ്റക്കാണോ...." ഇടക്ക് രാമച്ചൻ ചോദിച്ചു... "അല്ല.... അടുത്ത വീട്ടിലെ ചേച്ചിയുണ്ട് അവൾക്ക് കൂട്ടിന്., ആ ചേച്ചി നല്ല സഹായമാണ്....." ബദ്രി അതൊന്നും ശ്രമിക്കുന്നെ ഇല്ലായിരുന്നു.. "അച്ചൂ.... അച്ചൂട്ട്യേ.... എഴുന്നേൽക്ക്...." ബദ്രി മടിയിൽ കിടന്നവളെ തട്ടി വിളിച്ചു... "കിണ്ണ ഇച്ചിരികൂടെ...." അവൾ കണ്ണ് തിരുമ്മി കൊണ്ട് പറഞ്ഞു... "റൂമിൽ ചെന്ന് കിടക്കാം....നല്ല തണുപ്പ് ഉണ്ട്... എഴുന്നേൽക്ക്....അപ്പു നിന്നോടും കൂടാ....." ബദ്രി തോളനക്കി.. അപ്പുവും എഴുനേറ്റു... "ഞങ്ങള് പോയി കിടക്കട്ടെ നിങ്ങൾ എന്താച്ചാൽ ആയിക്കോ..." ബദ്രി അച്ചുവിനെ ചേർത്ത് പിടിച്ചു അകത്തേക്ക് കയറി... അച്ചു ബെഡിൽ ചെന്ന് കിടന്നു... ബദ്രി അവളെ പുതച്ചു കൊടുത്തു... "കണ്ണേട്ടാ......" ബാത്‌റൂമിൽ നിന്നറങ്ങി വന്ന് കിടക്കാൻ ഒരുങ്ങിയപ്പോഴാണ് വാതിൽക്കൽ നിന്ന് അപ്പൂന്റെ വിളി കേട്ടത്... "എന്താടാ..??" "ഞാനിന്ന് ഇവിടെ കിടന്നോട്ടെ കണ്ണേട്ട....."

അവൻ തലചൊറിഞ്ഞു കൊണ്ട് ചോദിച്ചു... "മ്മ്... കയറി വാ..." ബദ്രി അവനെ അകത്തേക്ക് വിളിച്ചു... അപ്പു സന്തോഷത്തോടെ അകത്തേക്ക് കയറി വന്നു.... ബദ്രി അച്ചുവിന്റെ അടുത്ത് ചെന്ന് കിടന്നു.... അപ്പു കയ്യിലുള്ള ഷീറ്റ് താഴെ വിരിക്കാൻ ഒരുങ്ങി... "ഡാ... ഇവിടെ വന്ന് കിടക്കട...." ബദ്രി ദേഷ്യത്തോടെ അവനോട് പറഞ്ഞു... അപ്പു മടിയോടെ അവന്റെ അടുത്ത് കിടക്കുന്ന അച്ചുവിനെ നോക്കി... "ഇവിടെ വന്ന് കിടക്കാൻ...." ഒന്നു കൂടെ പറഞ്ഞതും അവന്റെ ഇടത് വശത്ത് ചെന്ന് കിടന്നു... ബദ്രി രണ്ട് പേരുടെയും നടുവിലാണ്... അപ്പു ചെരിഞ്ഞു കിടന്ന് കണ്ണടച്ച് കിടക്കുന്ന ബദ്രിയെ നോക്കി.... "കണ്ണേട്ടന് എന്തേലും പറ്റിയാൽ എനിക്കും അച്ചുമ്മക്കും പിന്നെ ആരാ ഉള്ളത്....??" പെട്ടന്നുള്ള അവന്റെ ചോദ്യം കേട്ട് ബദ്രി കണ്ണ് വലിച്ചു തുറന്നു... അപ്പുവിന്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു... "എന്താ..??" "കണ്ണേട്ടൻ എല്ലാരുടെ കാര്യവും നോക്കുന്നത് കൊണ്ടാ ഇത്രയും ശത്രുക്കൾ.... എല്ലാരേം സഹായിക്കും..പക്ഷേ കണ്ണേട്ടനെ സഹായിക്കാൻ ആരും ഉണ്ടാവില്ല.... കണ്ണേട്ടന് വല്ലതും പറ്റിയാൽ പിന്നെ ഞാനും അച്ചുമ്മയും ഒറ്റല്ല ആവില്ലേ...." ബദ്രി അവന് നേരെ തിരിഞ്ഞു കിടന്നു.... നിറഞ്ഞു വന്ന അവന്റെ കണ്ണുകൾ തുടച്ചു കൊടുത്തു...

"എന്ത് പറ്റിയട.... നീ എന്താ ഇങ്ങനെ ഒക്കെ പറയുന്നത്....??" പെട്ടെന്ന് അവൻ ബദ്രിയെ ചുറ്റി പിടിച്ചു... "എനിക്ക് പേടിയാവാ കണ്ണേട്ടാ.... ഞങ്ങൾക്ക് കണ്ണേട്ടനല്ലേ ഒള്ളൂ.... കണ്ണേട്ടന് എന്തേലും പറ്റിയാൽ സഹിക്കുന്നില്ല... കഴിഞ്ഞ നാലു ദിവസം ഞാനും അച്ചുമ്മയും ശെരിക്കും അനാഥരെ പോലെ ആയിരുന്നു...ആരൊക്കെ ഉണ്ടെന്ന് പറഞ്ഞാലും കണ്ണേട്ടൻ ഉള്ളത് പോലെ ആവില്ലല്ലോ....ഇനി ഒന്നിനും പോകണ്ട കണ്ണേട്ടാ...." അവൻ കരഞ്ഞു കൊണ്ട് പറഞ്ഞു... ബദ്രിയുടെ കണ്ണുകളും നിറഞ്ഞു.. ഒപ്പം ചുണ്ടിൽ പുഞ്ചിരിയും വിരിഞ്ഞു.. മുഖം താഴ്ത്തി അവന്റെ തലമുടിയിൽ ഉമ്മ വച്ചു... "കരയാതെടാ.... എനിക്കും നിങ്ങള് രണ്ട്പേരുമല്ലേ ഒള്ളൂ... ദേ... ഞാനില്ലാത്തപ്പോൾ അച്ചൂനെ നോക്കേണ്ടത് നീയാണ്... സ്ട്രോങ്ങ്‌ ആയി നിൽക്കണം.... പിന്നെ അറിയാലോ.. നമ്മുടെ പാറുക്കുട്ടി.... നിന്റെ പാറുക്കുട്ടി... അവളേം നീ തന്നെ നോക്കണം.... എന്നിട്ട് ആണോ മോങ്ങുന്നത്.... " അപ്പു അവൻ പറയുന്നത് കേട്ട് അവനെ ചുറ്റി പിടിച്ചു കിടന്നു.... "ഉറങ്ങിക്കോ നമുക്ക് നാളെ വീട്ടിലേക്ക് പോകാം... നാല് ദിവസായില്ലേ നിനക്ക് അത്യാവശ്യം അടിച്ചു വാരാൻ ഉണ്ടാവും..." ബദ്രി അവനെ കളിയാക്കി കൊണ്ട് പറഞ്ഞു...

"അതാണ് എനിക്ക് പിടിക്കാത്തത്... പഠിക്കേം വേണം.. പണി എടുക്കേം വേണം... നിങ്ങൾക്ക് കണ്ണീ ചോരയില്ലേ മനുഷ്യ...." അപ്പു കെറുവിച്ചു കൊണ്ട് മുഖം ഉയർത്തി... "പറഞ്ഞതങ്ങു കേട്ടാൽ മതി.... കിടന്നുറങ്ങട ലുട്ടാപ്പി....." അവനെ നോക്കി കണ്ണുരുട്ടി കൊണ്ട് ബദ്രി തിരിഞ്ഞു കിടന്ന് അച്ചുവിനെ കെട്ടിപിടിച്ചു... അപ്പു അവനെയും കെട്ടിപിടിച്ചു കണ്ണുകൾ അടച്ചു....  പിറ്റേന്ന് തന്നെ ബദ്രി അപ്പുവിനെയും അച്ചുവിനെയും കൂട്ടി വീട്ടിലേക്ക് പോയി... പോകുന്നതിൽ രാമചന് വിഷമം ഉണ്ടായിരുന്നു കുറച്ചു ദിവസം കൂടെ നിൽക്കാം എന്ന് പറഞ്ഞു... പക്ഷേ അച്ചൂനും അപ്പൂനും അവിടെ നിൽക്കുന്നത് ഇഷ്ടമല്ലെന്ന് അറിയുന്നത് കൊണ്ട് അവൻ രാമച്ചന്റെ പരിഭവം കണ്ടില്ലെന്ന് നടിച്ചു.... ദിവസങ്ങൾ കൊഴിഞ്ഞു പോയി.... ഇതിനിടക്ക് ഹരിയുടെ കല്യാണം ഉറപ്പിച്ച കാര്യം അവൻ അറിഞ്ഞു ദത്തന്റെ ഉറ്റ സുഹൃത്തിന്റെ മകളാണ് എന്ന് മാത്രം അറിഞ്ഞു... ഹരി സസ്പെൻഷനിൽ ആയത് കൊണ്ട് പിന്നെ ബദ്രിയുടെ മുന്നിലേക്ക് വന്നിട്ടില്ല... മോഹനേയും കാണാത്തതിൽ അവന് ഉള്ളിൽ ഒരു ടെൻഷൻ ഉണ്ടായിരുന്നു.... അപ്പു സ്കൂളിൽ നിന്ന് അപ്പു വരുമ്പോൾ കണ്ടത് അച്ചൂന്റെ മടിയിൽ കിടക്കുന്ന ബദ്രിയെയാണ്... അവൻ ബാഗ് ഊരി നിലത്തേക്ക് ഇട്ട് അവർക്ക് അടുത്ത് ചെന്നിരുന്നു.... അച്ചു മാങ്ങ തിന്നുന്ന തിരക്കിലാണ്.. ബദ്രി കുഞ്ഞിനോട് സംസാരിക്കുകയും... "അച്ചുമ്മ... ഇത് നോക്ക്...."

അപ്പു കയ്യിലുള്ള പൊതി അവൾക്ക് തുറന്നു കാട്ടി.... "ഹായ്.... മിട്ടായി...." കയ്യിൽ ഉണ്ടായിരുന്ന മാങ്ങ വലിച്ചെറിഞ്ഞവൾ അവന്റെ കയ്യിൽ നിന്ന് പൊതി വാങ്ങി... നിറയെ തേൻമിട്ടായി..... അച്ചൂന്റെ വായിൽ വെള്ളമൂറി... അവൾ ഒന്നെടുത്തു അവന് കൊടുത്തു.... ബദ്രി എഴുനേറ്റ് ഇരുന്നു... "എനിക്കില്ലേ.....??" ബദ്രി കുറുമ്പോടെ ചോദിച്ചു.. അവൾ ഒരു മിട്ടായി അവന്റെ വായിലേക്ക് വെച്ചു കൊടുത്തു.... "നീയിന്ന് കളിക്കാൻ പോണില്ലേ..???" ബദ്രി അപ്പുവിനോട് ചോദിച്ചു... "ഇല്ല...." അപ്പു അച്ചുവിനെ നോക്കി പറഞ്ഞു... ഇതിപ്പോ പതിവാണ്... സ്കൂൾ വിട്ട് വന്നാൽ പിന്നെ അവൻ അച്ചൂനെ ചുറ്റി പറ്റിയാണ് നടപ്പ്.. അവൾക്ക് ചാമ്പക്കയും മാങ്ങയും പറിച് കൊടുത്തും... മുറ്റത്ത്‌ കൈ പിടിച്ചു നടത്താലും അതൊക്കെ ആണ് അവന്റെ പണി... "അച്ചൂട്ടാ...." "എന്തോ...." ചുണ്ടിലൂടെ ഒലിച്ചിറങ്ങിയാ തേൻ നാവ് കൊണ്ട് നുണഞ്ഞേടുത്തവൾ വിളി കേട്ടു... "അച്ചൂന് പാറുക്കുട്ടിയെ ആണോ ഉണ്ണിക്കുട്ടനെയാണോ ഇഷ്ടം....." അവൻ വീണ്ടും അവളുടെ മടിയിലേക്ക് ചാഞ്ഞ് കൊണ്ട് ചോദിച്ചു.. "രണ്ടാളേം അച്ചൂന് നല്ല ഇഷ്ടാ... പക്ഷേ അച്ചൂന് പാറുക്കുട്ടിയെ മതീട്ടോ കിണ്ണാ.... അപ്പൂട്ടനും പാറുക്കുട്ടിയെ ആണ് ഇഷ്ട്ടം അല്ലെ അപ്പൂട്ടാ....."

അച്ചു അവളുടെ വയറിൽ തലോടി കൊണ്ട് അപ്പൂനെ നോക്കി അവൻ ചിരിയോടെ തലയാട്ടി ... "ഈ പാറുക്കുട്ടി എന്താ കിണ്ണ വരാത്ത.... അച്ചു തോനെ ചോറ് തിന്നുന്നുണ്ടല്ലോ... മരുന്നു കഴിക്കുന്നുണ്ടല്ലോ.... ഓടികളിക്കാറുമില്ല..." അച്ചു വയറിലേക്ക് ചൂണ്ടി ചുണ്ട് കൂർപ്പിച്ചു കൊണ്ട് ചോദിച്ചു... ബദ്രി ചിരിയോടെ അവളുടെ വയറിൽ ചുംബിച്ചു.... "വരും അച്ചൂട്ടാ.... പാറുക്കുട്ടി കുറെ ദിവസം കഴിഞ്ഞാൽ വരും.... കേട്ടോ.,.." "വന്നിട്ട് വേണം അച്ചൂന് കളിക്കാൻ പോകാൻ...." അവൾ നിശ്വസിച്ചു കൊണ്ട് പാടത്തു കളിക്കുന്ന കൂട്ടുകാരെ നോക്കി..... "ഞാൻ ഇപ്പൊ വരാം രണ്ട് പേരും ഇവിടെ ഇരിക്ക്...." ബദ്രി എഴുനേറ്റു അകത്തേക്ക് നടന്നു... അച്ചു മിട്ടായി തിന്നുന്നതിൽ ശ്രദ്ധ കൊടുത്തു.... അത് കഴിച്ചു കഴിഞ്ഞതും ഇരുന്നിടത്ത് തന്നെ ഛർദിച്ചു കളഞ്ഞു.... അവൾ കണ്ണ് നിറച്ചു അപ്പൂനെ നോക്കി... അവൻ വേഗം ചെന്ന് വെള്ളം എടുത്തു കൊണ്ട് വന്ന് അവൾക്ക് കൊടുത്തു അവളുടെ പുറം ഉഴിഞ്ഞു കൊടുത്തു.... "സാരല്ല്യാട്ടോ അച്ചുമ്മ.... പാറുക്കുട്ടി വന്നാൽ ഒക്കെ മാറും..." അപ്പു അവളെ തലോടി സമാധാനിപ്പിച്ചു... 

"കണ്ണേട്ടാ..... ശങ്കരനും ഇച്ചൂക്കയും വന്നിട്ട്..." കുറച്ചു ദിവസത്തെ ലീവിന് ശേഷം കോളജിലേക്ക് പോകാൻ ഒരുങ്ങുമ്പോഴാണ് പുറത്ത് നിന്ന് അപ്പു വിളിച്ചു പറഞ്ഞത്.... ബദ്രി മറുപടി കൊടുക്കാതെ ഷർട്ടിന്റെ ബട്ടൺസ് ഇട്ടു... ബെഡിൽ കിടക്കുന്ന അച്ചുവിന്റെ അടുത്ത് ചെന്നിരുന്നു... രാവിലെ ചായകുടിച്ചത് മുഴുവൻ ഛർദിച്ചു കളഞ്ഞു... അതിന്റെ ക്ഷീണത്തിൽ കിടക്കുവാണ്... ബദ്രി അലിവോടെ അവളുടെ നെറുകയിൽ തലോടി...ഒരു ചുംബനം കൊടുത്തു തിരിഞ്ഞപ്പോൾ കണ്ടു പുറകിൽ ഇച്ചു.... "എന്താ ഇനി പുറകിൽ നിന്ന് കുത്താൻ പ്ലാനുണ്ടോ....." ബദ്രി അവനെ നോക്കി പുച്ഛിച്ചു കൊണ്ട് ചോദിച്ചു... ഇച്ചു മുഖം താഴ്ത്തി... "ചത്തിട്ടില്ല.... കൊല്ലാൻ വല്ല പ്ലാനും ഉണ്ടോ..??" "കണ്ണാ ഞാൻ....." ബാക്കി പറയാൻ അനുവാദിക്കാതെ ബദ്രി അവനെ തടഞ്ഞു... "ഒന്നും പറയണ്ട... വേഗം പോകാൻ നോക്ക്.... പ്ലീസ്..." ബദ്രി അവനിൽ നിന്ന് മുഖം തിരിച്ചു.... "തെറ്റ് പറ്റിപോയെടാ...." ഇച്ചു മുഖം പൊത്തി കരഞ്ഞു... "തെറ്റ് പറ്റിയത് എനിക്കാടാ... നിനക്കല്ല... നിന്നെ ഒക്കെ സ്നേഹിച്ചതിന്... കൂടെ കൊണ്ട് നടന്നതിന്... എന്തിനും കൂടെ നിന്നതിന്... എല്ലാത്തിനും കിട്ടി...സന്തോഷായി.... ഞാൻ വല്ലതും ചെയ്തു പോകും.... എന്റെ മുന്നീന്ന് പോകാൻ നോക്ക്... എനിക്ക് നിന്റെ ഒരു ഞായീകരണവും കേൾക്കണ്ട...." ബദ്രി വറുപ്പോടെ മുഖം തിരിച്ചു...വല്ലാതെ ദേഷ്യം വരുന്നുണ്ടായിരുന്നു അവന്...

"സ്വന്തം കൂടെപിറപ്പിനെ പോലെ കൊണ്ട് നടന്നിട്ട്... ചതിച്ചല്ലോടാ നീ...." ഇച്ചുവിന് ഒന്നും കേട്ട് നിൽക്കാൻ കഴിയുന്നില്ലായിരുന്നു,.... അവൻ നിരാശയോടെ തിരിഞ്ഞു നടന്നതും വാതിൽക്കൽ വലിഞ്ഞു മുറുകിയ മുഖവുമായി ശങ്കർ നിൽക്കുന്നു... ഇച്ചു തലതാഴ്ത്തി.... ശങ്കർ പാഞ്ഞു വന്ന് അവന്റെ ഷർട്ടിൽ കുത്തി പിടിച്ചു...... "എന്താടാ....ഞാനിപ്പോ കേട്ടത്... നീയാണോ .. നീയാണോ ഇവനെ കുത്തിയത്....." മുറുകിയ ശബ്ദത്തോടെ അവൻ ചോദിച്ചു... ഇച്ചു ഒന്നും മിണ്ടിയില്ല.. "പറ നീയാണോ...." ഇത്തവണ ശബ്ദം ഉയർന്നു.... "അതെ ഞാനാണ്......" ഇച്ചുവും ഉറക്കെ തന്നെ പറഞ്ഞു... ശങ്കർ വിശ്വസിക്കാനാവാതെ തറഞ്ഞു നിന്നു പോയി... ബദ്രി മറ്റെങ്ങോ നോക്കി നിൽക്കുകയാണ്... "പറ്റി പോയെടാ.... ആ ഹരി... അവൻ.... അവൻ എന്റ് നൈശൂനെ... കുറെ നാൾ എതിർത്തു നടന്നു.... പക്ഷെ..ഒരു കത്തിക്ക് മുന്നിൽ അവളെ നിർത്തിയിട്ട് ഇവനെ..."ബാക്കി പറയാൻ കഴിയാതെ അവൻ വിതുമ്പി.... തലമുടിയിൽ കോർത്തു വലിച്ചു.... "എന്ത് ചെയ്യണം എന്ന് അറിയാതെ ആയി പോയി.... നൈഷുവും കുഞ്ഞും മാത്രമേ എന്റെ മനസ്സിൽ ഉണ്ടായിരുന്നൊള്ളൂ.... സ്വാർത്ഥനായി പോയി ഞാൻ.... ഇവനെ കുത്തണം എന്ന് കരുതിയല്ല ഞാൻ... അന്ന് ഇവന് വേണ്ടി ട്രാപ്പ് ഒരുക്കിയപ്പോഴും മനസ്സിൽ ഇവനോട് കാര്യങ്ങൾ എല്ലാം പറയാം എന്നായിരുന്നു.... കുത്തണം എന്ന് വിചാരിച്ചില്ല...."

അവൻ തലക്ക് കൈ കൊടുത്തു ചുമരിൽ ചാരി നിന്നു..... ശങ്കർ അപ്പോഴും ദേഷ്യത്തിലായിരുന്നു... "ഇവനെ അവർ അടിച്ചപ്പോൾ രക്ഷിക്കാൻ വന്നതാണ് ഞാൻ... പക്.. പക്ഷേ...ആ നിമിഷം ഫോണിലേക്ക് വന്ന ഹരിയുടെ കാൾ... നൈശൂന്റെ കരച്ചിൽ... എല്ലാം കൂടെ എന്നെ ഭ്രാന്ത് പിടിപ്പിച്ചു..... പറ്റി പോയി... കൊല്ലാൻ ആയിരുന്നേൽ ഞാൻ... ഞാൻ ഇവനെ ഹോസ്പിറ്റലിൽ എത്തിക്കോ.... കത്തി ആഴ്ത്തിൽ കുത്തിയറക്കില്ലായിരുന്നോ....." "ഒരു ഭാഗത്ത്‌ കത്തിമുനയിൽ ഭാര്യയും അവളുടെ വയറ്റിൽ വളരുന്ന ഞങ്ങടെ കുഞ്ഞും മറു വശത്ത് ഇവനും.... മനസ്സ് പതറി പോയി.... ഒരു തീരുമാനം എടുക്കാൻ എനിക്ക് കഴിഞ്ഞില്ല....." അവൻ കുറ്റബോധം കൊണ്ട് നീറി... ശങ്കർ വന്നു അവനെ എഴുനേൽപ്പിച്ച് നിർത്തി... "ഒരു വാക്ക് പറയായിരുന്നില്ലെടാ.... ഞങ്ങൾ എന്തേലും ചെയ്യില്ലായിരുന്നോ.... ദേഷ്യവും വെറുപ്പും തോന്നുന്നു നിന്നോട് ചെ...." ശങ്കർ ദേഷ്യത്തോടെ മുഖം തിരിച്ചു.... ഇച്ചു ബദ്രിക്ക് അടുത്തേക്ക് ചെന്നു. "നീ എന്നോട് എന്തേലും പറയടാ.... പ്ലീസ്... ഒന്ന് ദേഷ്യപെട്.... തല്ലുയെങ്കിലും ചെ....." ബാക്കി പറയും മുന്നേ ബദ്രിയുടെ കൈകൾ അവന്റെ കവിളിൽ ശക്തിയിൽ പതിഞ്ഞു... ദേഷ്യം മാറാതെ മറു കവിളിലും അടിച്ചു...................തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story