ഈ മഴയിൽ....❤️ പാർട്ട്‌ 6

ee mazhayil

എഴുത്തുകാരി: ✍ ആൻവി

"എടാ... ആ പെണ്ണെവിടെ...??" ബദ്രി ചുറ്റും നോക്കി കൊണ്ട് ചോദിച്ചു... "എണീറ്റിട്ടില്ല... നല്ല ഉറക്കമാ..." അപ്പു പറഞ്ഞത് കേട്ടതും ബദ്രി ഒന്ന് നിശ്വസിച്ചു... "നീ ചെന്ന് ആ റൂമിന്റെ ഡോർ പുറത്ത് നിന്ന് ലോക്ക് ചെയ്യ്... ഇല്ലേൽ അതെങ്ങാനും പുറത്തേക്ക് ഇറങ്ങി വരും....." അഴിഞ്ഞു കിടന്ന ഷർട്ടിന്റെ ബട്ടൺ ഇട്ടു കൊണ്ട് അവൻ എണീറ്റു.... അപ്പു തലയാട്ടി കൊണ്ട് അച്ചു കിടക്കുന്ന റൂമിലേക്ക് പോയി.... ബദ്രി മുഖം അമർത്തി തുടച്ചു കൊണ്ട് ഉറത്തേക്ക് ഇറങ്ങി.... ആദ്യം കണ്ടത് മുറ്റത്ത്‌ കാറിൽ ചാരി നിൽക്കുന്ന ഹരിയെ ആണ്... ബദ്രി അവനെ നോക്കി പുച്ഛത്തോടെ ചിരിച്ചു.... പിന്നെ ചാരു പടിയിൽ ഇരിക്കുന്ന അമ്മയുടെ അടുത്ത് ചെന്നിരുന്നു... പത്മ അവനെ നിറ കണ്ണുകളാലെ നോക്കി... "എന്താ അമ്മേ...." ചെറു ചിരിയോടെ അവൻ ചോദിച്ചു.... നിഷേധത്താൽ തലയാട്ടി കൊണ്ട് പത്മ അവന്റെ കവിളിൽ തലോടി... "അച്ഛനില്ലാത്ത നേരത്തെ ഇടക്ക് ഒക്കെ അങ്ങോട്ട്‌ വന്നൂടെ നിനക്ക്...?? മ്മ്...." അവൻ മറുപടി പറഞ്ഞില്ല... അമ്മയുടെ തോളിലേക്ക് ചാഞ്ഞു... "ഹരികുട്ടനോട്‌ മിണ്ടണില്ലേ നീയ്.... അവൻ ഇന്നലെ രാത്രി വന്നതാ....

ഞാൻ അമ്പലത്തിൽ പോകാൻ ഒരുങ്ങിയപ്പോൾ അവനും ഉണ്ടെന്ന് പറഞ്ഞു... അപ്പൊ പിന്നെ നിന്നെ കൂടെ കാണാം എന്ന് കരുതി...." അവന്റെ മുടിയിഴകളിലൂടെ വിരലോടിച്ചു കൊണ്ട് പത്മ പറഞ്ഞു.... ബദ്രി ഒന്ന് മൂളിയതെ ഒള്ളൂ.... "ശ്രദ്ധയുടേം ഹരിയുടേം കല്യാണം ഈ അടുത്ത് ഉണ്ടാവും... ഇന്ന് ആ ജ്യോൽസ്യരെ പോയി കാണണം എന്ന് അദ്ദേഹം പറയുന്നത് കേട്ടു...." "അമ്പലത്തിൽ പോയി വന്നിട്ട് എനിക്കില്ലേ പ്രസാദം ....??" പത്മ പറയുന്നതിന് ശ്രദ്ധ കൊടുക്കാതെ അവൻ ചോദിച്ചു... "ഉണ്ടല്ലോ... നിന്റെ പേരിൽ കുറച്ചു വഴിപാടുകൾ ഉണ്ടായിരുന്നു... കുറച്ചൊക്കെ കഴിഞ്ഞ തവണ നടത്തി.. ബാക്കി ഇന്നും കഴിപ്പിച്ചു.... ദാ പാൽപായസം... പിന്നെ ദേ കട്ടി പായസം...ഇത് ഗണപതിഹോമത്തിന്റെ പ്രസാദം.. നിനക്ക് ഒരുപാട് ഇഷ്ടമല്ലേ...." ഒരു തൂക്ക് പാത്രം അവന്റെ കയ്യിൽ വെച്ച് കൊടുത്തു...ഒപ്പം വാഴയിലയിൽ പൊതിഞ്ഞ പ്രസാദവും.... ബദ്രി ആ പൊതി തുറന്നു നോക്കി... നെയ്യുടേം ശർക്കരയുടെയും ഗന്ധം ആവോളം ആസ്വദിച്ചു.... "പാൽപായസത്തിന്റെ ആളിവിടെ ഉണ്ട്....അമ്മ പോയി കഴിഞ്ഞാൽ ഓടി വരും പത്രം കാലിയാക്കാൻ.."

ബദ്രി ചിരിയോടെ പറഞ്ഞു... പത്മ ചിരിച്ചു... "എവിടെ അവൻ...??" പത്മ അകത്തേക്ക് എത്തി നോക്കി കൊണ്ട് ചോദിച്ചു... "അകത്തുണ്ടാവും.... ഇവിടുത്തെ മെയിൻ കുക്ക് അവനാണ്..." "ചെറിയമ്മേ.... ലേറ്റ് ആവുന്നു...." മുറ്റത്ത്‌ നിന്ന് ഹരി വിളിച്ചു പറഞ്ഞു... പത്മ ദൃതിയിൽ എണീറ്റു.. "ഹരി നാളെ ജോലിയിൽ ജോയിൻ ചെയ്യും..." യാത്ര പറഞ്ഞിറങ്ങും നേരം പത്മ പറഞ്ഞത് കേട്ട് ബദ്രി ഹരിയെ ഒന്ന് നോക്കി... അവന്റെ മുഖത്ത് ഒരു പരിഹാസം ചിരി കാണാൻ ബദ്രിക്ക് കഴിഞ്ഞു ... ബദ്രി അത് മൈൻഡ് ചെയ്തില്ല..... കാറിൽ കേറാൻ നേരം പത്മ നിറ കണ്ണുകൾ തുടച്ചു കൊണ്ട് ബദ്രിയെ ഒരിക്കൽ കൂടെ നോക്കി...അവനൊന്നു കണ്ണ് ചിമ്മി കാണിച്ചു.... അകന്ന് പോകുന്ന ആ കാറിനെ അവൻ നോക്കി നിന്നു.... "ഹൈവ പായസം....." ഉമ്മറത്തേക്ക് ഓടി വന്നു അപ്പു പത്രം കൈക്കലാക്കി.... "എന്റെ കണ്ണേട്ടാ എത്രനാളായി ഇത് കഴിച്ചിട്ട്..." പായസം വായിലേക്ക് ഒഴിച്ചു കൊണ്ട് അവൻ പറഞ്ഞു... "മ്മ്.... എന്താ ടേസ്റ്റ്... പിന്നേ വേഗം കുളിച്ച് വന്നോ ഇല്ലേൽ ഇത് മുഴുവൻ ഇപ്പൊ തീരും... പിന്നെ തിന്നില്ല തന്നില്ല എന്നൊന്നും പരാതി പറഞ്ഞു വന്നിട്ട് കാര്യമില്ല...."

അപ്പു പത്മ കൊണ്ട് വന്നതെല്ലാം വാരി കൂട്ടി അകത്തേക്ക് നടന്നു.... ബദ്രി അവന്റെ പോക്ക് കണ്ട് ചിരിച്ചു..... "ആരേലും വാതില് തുറക്ക്..... കിണ്ണാ.... എവിടാ.... എന്നേം കൊണ്ട് പോ...." അകത്ത് നിന്ന് അച്ചു ബഹളം വെക്കുന്നത് കേട്ടു.... "പണ്ടാരം എണീറ്റോ..." ബദ്രി പിറു പിറുത്തു കൊണ്ട് അകത്തേക്ക് ചെന്നു.... വാതിലിന്റെ ലോക്ക് തുറന്നതും എന്തോ ഒന്ന് നെഞ്ചിലേക്ക് വന്ന് വീണത് അറിഞ്ഞു.... "എങ്ങോട്ടാ പോയെ...." അവനെ ചുറ്റി വരിഞ്ഞു കൊണ്ട് അവൾ ചോദിച്ചു.... ബദ്രി ഒന്ന് വിയർത്തു... അവളെ പിടിച്ചു മാറ്റാൻ നോക്കി... "അച്ചൂനെ ഒറ്റക്കാക്കി എങ്ങോട്ടാ പോയെ..." അവനോട് ചേർന്ന് നിന്ന് അവൾ വീണ്ടും ചോദിച്ചു.... "എങ്ങോട്ടും പോയില്ല ഇവിടെ ഉണ്ടായിരിന്നു...." അവൻ ദേഷ്യത്തോടെ ആണ് മറുപടി കൊടുത്തത്.... "ആണോ...." അവന്റെ നെഞ്ചിൽ നിന്ന് മുഖം ഉയർത്തി അവൾ ചോദിച്ചു... "ആ...."അവൻ അലസമായി പറഞ്ഞു... അവളെ പതിയെ അവനിൽ നിന്ന് അടർത്തി മാറ്റി.... "എങ്ങോട്ടാ പോണേ..." അവന്റെ ഷർട്ടിൽ ചുരുട്ടി പിടിച്ചു കൊണ്ട് അവൾ ചുണ്ട് ചുളുക്കി കൊണ്ട് ചോദിച്ചു...

"ഓ... എങ്ങോട്ടും പോണില്ല കൊച്ചേ... നീ ഇവിടെ നിൽക്ക്... ഞാനിപ്പോ വരാം..." അവളെ പിടിച്ചു റൂമിന് പുറത്തേക്ക് ആക്കി കൊണ്ട് അവൻ പറഞ്ഞു... "വേഗം വരുവോ കിണ്ണാ....." കൊഞ്ചി കൊണ്ട് അവൾ ചോദിച്ചു... "ഓ... വരാം..." കൈ കൂപ്പി പറഞ്ഞു കൊണ്ട് അവൻ വാതിൽ അടച്ചു.... അച്ചു ചുറ്റും കണ്ണോടിച്ചു കൊണ്ട് വാതിലിനടുത്തു നിന്നു... ദാവണി തുമ്പ് തെരുത്തു പിടിച്ചു കൊണ്ട് ഒരിക്കൽ കൂടെ വാതിലേക്ക് നോക്കി.....  "ഉമ്മാ.... ചായ....." ടീവി ചാനൽ മാറ്റുന്നതിന്റെ ഇടക്ക് ഇച്ചു വിളിച്ചു പറഞ്ഞു... അടുക്കളയിൽ നിന്ന് എന്തൊക്കെയോ തട്ടും മുട്ടും കേൾക്കുന്നുണ്ട്.... "രാത്രി ഒരു പോക്ക് പോയാൽ തിന്നാൻ നേരത്ത് കയറി വരും .... വീട്ടിൽ ഒന്നിരിക്കാൻ പോലും നേരമില്ല..." ഐഷുമ്മാന്റെ പരാതി പറച്ചിൽ ആസ്വദിച്ചു കൊണ്ട് ഇച്ചു സോഫയിൽ നീണ്ടു നിവർന്നു കിടന്നു... പിന്നെയും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു... "കഴിഞ്ഞ തവണ പോലീസ് അനേഷിച്ചു വന്നത് നല്ല ഓർമയുണ്ടല്ലോ.... ആ ചെക്കന്റെ കൂടെ നടന്നാൽ എന്നും പോലീസ് സ്റ്റേഷനിൽ കയറി ഇറങ്ങാനേ നേരം ഉണ്ടാവൂ ... നിന്റെ ഉപ്പ ഇന്നലെ കൂടെ ഇക്കാര്യം പറഞ്ഞ് എന്നോട് ദേഷ്യപെട്ടു...." ഐഷുമ്മ ഒരു ഗ്ലാസ്‌ ചായയുമായി ഹാളിലേക്ക് വന്നു... ഇച്ചു എഴുനേറ്റ് ഇരുന്നു ചായ ഊതി ഊതി കുടിച്ചു...

"വല്ലതും കേൾക്കുന്നുണ്ടോ ഇച്ചൂ...." "എന്താ ഉമ്മാ...." "കണ്ണനുമായുള്ള കൂട്ട് കേട്ട് വേണ്ടെന്ന് വെക്കാൻ എത്രയായി ഞാൻ പറയുന്നു...അവൻ നല്ല പയ്യനാ പക്ഷെ ആ ദത്തനെ നിനക്കറിയാലോ.... കണ്ണന്റെ കൂടെ നടക്കുന്നത് കൊണ്ടാ അവന്റെ കൂടെ നിങ്ങളേം പിടിച്ചു ജയിലിൽ ഇടുന്നത്...." ഇച്ചു അതൊന്നും മൈൻഡ് ചെയ്യുന്നതേ ഇല്ല.... അപ്പോഴാണ് വാതിൽക്കൽ നിന്ന് ഒരു അനക്കം കേട്ടത് ... ചായ കുടിക്കുന്നതിടെ അവൻ മുഖം ഉയർത്തി അങ്ങോട്ട്‌ നോക്കി... ഒരു വെള്ളചുരിദാറിന്റെ അറ്റം കണ്ടു ... വാതിൽക്കൽ പതുങ്ങി നിൽക്കുന്ന നൈഷു.... അവളെ കണ്ടതും ഇച്ചൂന്റെ മുഖം മാറി... "നീയോ... നീയെന്താടി ഇവിടെ...??" അവൻ ഇരുന്നിടത്ത് നിന്ന് ചാടി എണീറ്റു.. "ആഹാ.... ആരിത് നൈഷുമോളോ....നീ എന്താ മോനെ അവിടെ നിൽക്കുന്നെ ഇങ്ങ് കയറി വാ...." ഐഷുമ്മ വിളിച്ചതും നൈഷു ഇച്ചൂനെ നോക്കി പുച്ഛിച്ചു കൊണ്ട് അകത്തേക്ക് കയറി വന്നു..... "എന്താ മോളേ ഈ വഴിക്ക്... നിന്റെ ഉപ്പ എങ്ങാനും കണ്ടോ ഇങ്ങോട്ട് വരുന്നത് ...??" "ഏയ്‌ ഇല്ല ഐഷുമ്മ.... ഞാൻ കോളേജിൽ പോകുന്ന വഴി ഇങ്ങോട്ട് കയറിയതാ... ഉപ്പ എങ്ങാനും അറിഞ്ഞാൽ എന്റെ മയ്യത്ത് എടുക്കും...." നെഞ്ചിൽ കൈ കൊണ്ട് അവൾ പറഞ്ഞു.. "അത്ര ബുദ്ധിമുട്ടി ആരും ഇങ്ങോട്ട് ക്ഷണിച്ചില്ല.... വലിഞ്ഞു കയറി വന്നേക്കുന്നു...."

ഇച്ചു അവളെ നോക്കി കണ്ണുരുട്ടി കൊണ്ട് പറഞ്ഞു... "ഇന്നെന്താ ഐഷുമ്മ സ്പെഷ്യൽ പത്തിരിയാണോ ..??" ഇച്ചു പറഞ്ഞത് കേൾക്കാൻ നിൽക്കാതെ അവൾ അടുക്കളിലേക്ക് കണ്ണോടിച്ചു... "ആ... പത്തിരിയും ചിക്കൻ കറിയും... നീ വാ ഞാൻ എടുത്തു തരാം...." "ആണോ എന്നാ ദാ വന്നു...ഇങ്ങ് എടുത്തു വെക്ക്...." അടുക്കളയിലേക്ക് പോകുന്ന ഐഷുമ്മയെ നോക്കി അവൾ വിളിച്ചു പറഞ്ഞു... അവർ പോയതും അവൾ ഇച്ചുവിന്റെ അടുത്തേക്ക് നീങ്ങിയിരുന്നു... "രാവിലെ തന്നെ കലിപ്പ് ആണല്ലോ സൈത്താനേ..." ചായകുടിക്കുന്നതിൽ ശ്രദ്ധ കൊടുത്ത ഇച്ചുവിന്റെ ചെവിയിൽ സ്വകാര്യം പോലെ അവൾ പറഞ്ഞു... ഇച്ചു തല വെട്ടിച്ചു കൊണ്ട് അവളെ തുറിച്ചു നോക്കി... "ദേഷ്യം വരുമ്പോൾ ഇച്ചൂക്കാനേ കാണാൻ വല്ലാത്തൊരു മൊഞ്ചാ...." അവനെ നോക്കി കള്ളചിരിയോടെ അവൾ പറഞ്ഞു... "ഒന്ന് പോകുന്നുണ്ടോ നീ... രാവിലെ തന്നേ കെട്ടി ഒരുങ്ങി വന്നോളും....നിന്നെ ഇപ്പൊ എന്തിനാടി ഇങ്ങോട്ട് കെട്ടിയെടുത്തത്....??' "ഇങ്ങളെ കാണാൻ... അല്ലാതെ എന്തിനാ.... ഇന്നലെ വൈകീട്ട് കണ്ടില്ലല്ലോ.... ഞാൻ കുറേ നോക്കി...."

പരിഭവത്തോടെ അവൾ പറഞ്ഞതും... ഇച്ചു വേഗം സോഫയിൽ നിന്നെഴുനേറ്റു... "ഇക്കാക്ക് എന്നോട് മാത്രേ ഒള്ളൂ ഈ ദേഷ്യം ഒള്ളൂ.... എന്നെ കാണുമ്പോൾ മാത്രം മുഖം കയറ്റി വച്ചോണം അല്ലെ....." അവന്റെ മുന്നിൽ ചെന്ന് നിന്നവൾ പറഞ്ഞു... "ഓ.. സ്നേഹത്തോടെ നോക്കാൻ പറ്റിയ ഒരു മൊതല്.... ഒന്ന് പോയെടി ഉണ്ടച്ചി ..." ആ വിളി കേട്ടതും അവളുടെ ചുണ്ടുകൾ കൂർത്തു... "അത്രക്ക് തടിയൊന്നുമില്ല...." "ഏയ്‌ ഇല്ല...80-85 അത്രേ ഒള്ളൂ..." "പോ...അത്രയൊന്നൂല..." അവൾ സ്വയം ഒന്ന് നോക്കി.... "നിനക്ക് തോന്നുന്നതല്ലേ... കാണുന്നവർക്ക് അറിയാലോ... ഏതു നേരവും തിന്നോണ്ട് നടക്കുവല്ലേ....." അവളെ നോക്കി മുഖം ചുളിച്ചു കൊണ്ട് അവൻ പറഞ്ഞു അവളുടെ മുഖം വാടി... "മോളേ നൈഷു കൈ കഴുകി വന്നിരിക്ക്... ദാ ഞാൻ കഴിക്കാൻ എടുത്തു വെച്ചിട്ടുണ്ട്..." ഡയനിങ്ങ് ഏരിയയിൽ നിന്ന് ഐഷുമ്മ വിളിച്ചു പറയുന്നത് കേട്ടു... "ചെല്ല്... ചെല്ല്.. ദാ വിളിക്കുന്നു ഞണ്ണാൻ... പോയി അകത്താക്കിക്കോ.. ഉണ്ടച്ചി ...." അവളുടെ ചെവിയിൽ പരിഹാസത്തോടെ അവൻ പറഞ്ഞു... "നൈഷു......." ഐഷുമ്മ വീണ്ടും വിളിച്ചു.... "നിക്ക് വേണ്ട നൈഷുമ്മ.... എനിക്ക്.... എനിക്ക് ക്ലാസ്സ്‌ ഉണ്ട് ഞാൻ പോവ്വാ...." സോഫയിൽ കിടന്ന ബാഗ് എടുത്ത് അവൾ പുറത്തേക്ക് ഇറങ്ങി പോയി... അവൾ പോകുന്നതും നോക്കി വാതിൽ വിജയീ ഭാവത്തോടെ അവൻ നിന്നു....

"നീ എന്തേലും പറഞ്ഞോടാ അവളെ....." "ഞാൻ എന്ത് പറയാൻ.... എനിക്കതല്ലേ പണി...." ഐഷുമ്മാനെ നോക്കി ഗൗരവത്തോടെ പറഞ്ഞു കൊണ്ട് അവൻ തിരിഞാൻ നടന്നു.. "പിന്നെ എന്താ അവൾക്ക് പറ്റ്യേ...." "ആവോ ആർക്കറിയാം....ഇങ്ങടെ ആങ്ങളയുടെ മോളല്ലേ....സ്വഭാവം എപ്പോ വേണേലും മാറാം..." പുച്ഛത്തോടെ പറഞ്ഞു കൊണ്ട് അവൻ റൂമിലേക്ക് കയറി... "എന്റെ ഇക്കാക്ക് എന്താടാ കുഴപ്പം... നിന്റെ ഉപ്പാന്റെ കൂടെ ഇറങ്ങി വന്നെന്ന ഒറ്റ കാരണം കൊണ്ടാ ഇക്ക എന്നോട് വഴക്ക് ആയത്... ഇല്ലേൽ ഇപ്പൊ ഞാൻ ചെന്ന് നൈഷുമോളേ നിന്റെ പെണ്ണായിട്ട് തരുവോ എന്ന് ചോദിക്കുമായിരുന്നു...." ഐഷുമ്മ വിളിച്ചു പറയുന്നത് കേട്ടു... "ഈ ഉമ്മാ...... ഇങ്ങള് ഓരോന്ന് പറഞ്ഞു പറഞ്ഞാ ആ പെണ്ണിനേ ഇളക്കി വിടുന്നത്...." അവൻ പിറു പിറുത്തു കൊണ്ട് ബാത്‌റൂമിലേക്ക് കയറി...  "ദാ കഴിച്ചോ....??" ഒരു ഗ്ലാസിൽ പാൽപായസം എടുത്തു അപ്പു അച്ചുവിന് നേരെ നീട്ടി.... അച്ചു പേടിച്ചു പുറകിലേക്ക് നീങ്ങി ഇരുന്നു.... "നല്ല മധുരം ഉള്ള കഴിച്ചോ...??" അപ്പുവും അവളുടെ അടുത്ത് തറയിൽ ഇരുന്നു.... അച്ചു അവനെ സംശയത്തോടെ നോക്കി... "ആണോ...??" "മ്മ്... കുറച്ചു കഴിച്ചു നോക്ക്...." അപ്പു ചിരിയോടെ ഗ്ലാസ്‌ അവൾക്ക് നീട്ടി.. "മ്മ്ഹ്ഹ്...."

അച്ചു പുറകിലേക്ക് ആഞ്ഞു... സെറ്റിയിൽ ഇരുന്ന് എല്ലാം കണ്ടു കൊണ്ട് പായസം കുടിക്കുകയായിരുന്നു ബദ്രി.... അച്ചു എഴുനേറ്റു ബദ്രിയുടെ അടുത്ത് ചെന്നിരുന്നു... "എനിക്കും വേണം..." തലമുടിയിൽ വിരൽ ചുറ്റി പിടിച്ചു കൊണ്ട് അവൾ അവനോട് പറഞ്ഞു..... ബദ്രി അവളിലേക്കും കയ്യിലെ പായസത്തിലേക്കും മാറി മാറി നോക്കി... "ഡാ അപ്പു അവൾക്കും കൊടുക്ക്...". "ഞാൻ കൊടുത്തു പക്ഷേ വേണ്ടാന്ന് പറഞ്ഞു.... " അപ്പു പറഞ്ഞത് കേട്ട് ബദ്രി ആ ഗ്ലാസ്‌ വാങ്ങി അവൾക്ക് കൊടുത്തു.... "മ്മ്...ന്നാ കഴിക്ക്..." അച്ചു ചുണ്ട് ചുളുക്കി അവനെ നോക്കി... പിന്നെ അവൻ കുടിച്ചു കൊണ്ടിരുന്ന ഗ്ലാസ്‌ വാങ്ങി ചുണ്ടോട് ചേർത്തു... "ഹൈ... നല്ല മധുരം...." അവനെ നോക്കി നിഷ്കളങ്കമായി ചിരിച്ചു.... ബദ്രി അവളെ നോക്കി പല്ലിറുമ്മി.... അപ്പു ചിരിയോടെ എഴുനേറ്റ് പോയി... തിരിച്ചു വരുമ്പോൾ അവന്റെ കയ്യിൽ ബദ്രിയുടെ ഷർട്ടുകളും മുണ്ടുകളും ഉണ്ടായിരുന്നു.... "നീ ഇത് എങ്ങോട്ടാ...??" ബദ്രി അവനെ നോക്കി ചോദിച്ചു.. "അലക്കിയിടണ്ടേ....?" "ഇപ്പോഴോ....?? സ്കൂളിൽ പോകണ്ടേ നിനക്ക്...??" "ഞാൻ പോണില്ല.... ഞാൻ പോയാൽ ഈ ചേച്ചിടെ കൂടെ ആരാ...." അപ്പു പായസം ആസ്വദിച്ചു കഴിച്ചു കൊണ്ടിരിക്കുന്ന അച്ചുവിനെ നോക്കി... "അവളിന്ന് പോകും.... ഉടായിപ്പ് പറഞ്ഞു നിൽക്കാതെ ചെന്ന് റെഡി ആവാൻ നോക്ക്....??"

"അപ്പൊ അലക്കണ്ടേ...??" "വേണ്ട ഞാൻ അലക്കിക്കോളാം പോകാൻ നോക്ക്..." ബദ്രി ഗൗരവത്തോടെ പറഞ്ഞതും അപ്പു മുഖം വീർപ്പിച്ചു കൊണ്ട് അകത്തേക്ക് കയറി പോയി.... "കിണ്ണാ......" ബദ്രിയുടെ ഷർട്ടിൽ പിടിച്ചു വലിച്ചു കൊണ്ട് അച്ചു വിളിച്ചു... "എന്താ...??" "അച്ചൂനെ ഇഷ്ടല്ലേ...." കൊച്ചു കുട്ടികളെ പോലെ നിഷ്കളങ്കമായിരുന്നു അവളുടെ മുഖം.... ബദ്രി ഒരു നിമിഷം അവളെ നോക്കി ഇരുന്നു... "പറ അച്ചൂനെ ഇഷ്ടല്ലേ...??" "അല്ല....ഇഷ്ടമല്ല... ഒന്ന് പോയി തരുമോ...." അവൾ ഉറക്കെ ശബ്ധിച്ചതും അവളുടെ കണ്ണുകൾ നിറഞ്ഞു ചുണ്ടുകൾ വിതുമ്പി... "അച്ചൂന് ഇഷ്ടവാ...പോവൂല..." ഏങ്ങലടിച്ചു കൊണ്ട് അവൾ പറഞ്ഞു... അവന്റെ ഷർട്ടിൽ അപ്പോഴും മുറുകെ പിടിച്ചിരുന്നു... ബദ്രി ഒരു നിമിഷം നിശബ്ദനായി .. "അത്രക്ക് ഇഷ്ടാണോ എന്നെ....??" അവൾ അവളുടെ മുഖത്തേക്ക് ഉറ്റു നോക്കി ശബ്ദം താഴ്ത്തി ചോദിച്ചു... "മ്മ്....." കണ്ണും മൂക്കും അമർത്തി തുടച്ചവൾ അവനെ നോക്കി... "എന്നാ ഞാൻ ചോദിച്ചതിന് അച്ചു മറുപടി പറയോ..??" "മ്മ്...."ഏങ്ങി കൊണ്ട് അവൾ തലയാട്ടി...ബദ്രി അവൾക്ക് നേരെ തിരിഞ്ഞിരുന്നു... "അച്ചൂന്റെ വീട് എവിടാ....??"

"ദൂരെയാ..." അവൾ പുറത്തേക്ക് കൈ ചൂണ്ടി... "ദൂരെ എന്ന് വെച്ചാൽ..." "ദൂരെ വണ്ടീല് പോണം ...?? " ഗ്ലാസിലെ പായസം അവൾ നുണഞ്ഞു... "അച്ചൂന്റെ അച്ഛൻ എവിടാ...?" "വീട്ടിലാ....." "അച്ചന്റെ പേര് എന്താ...??" "പറയൂല...." അവൾ നിഷേധത്തിൽ തലയാട്ടി കൊണ്ട് പറഞ്ഞു.... ബദ്രി അവളെ ഒന്ന് സൂക്ഷിച്ചു നോക്കി... "അതെന്താ പറയാത്തേ...??" "രാത്രി അമ്പിളി മാമനെ പിടിച്ചു തരാവോ എന്നാ അച്ചൂ പറയാം..." തലയാട്ടി കൊണ്ട് അവൾ പറയുന്നത് കേട്ട് ബദ്രി അവളുടെ കഴുത്ത് ഞെരിക്കുന്ന പോലെ കാണിച്ചു... ഒട്ടും പ്രധീക്ഷിക്കാതെയാണ് അച്ചു അവന്റെ നെഞ്ചിലേക്ക് ചാഞ്ഞത്.... എന്തോ അവളെ അടർത്തി മാറ്റാൻ തോന്നിയില്ല.... പുറത്ത് നിന്ന് കുയിലിന്റെ ശബ്ദം കേട്ടു.... അച്ചു വേഗം ചാടി എണീറ്റ് മുറ്റത്തേക്ക് ഓടി... ബദ്രി നെഞ്ചിൽ കൈ വെച്ച് ഒന്ന് ആശ്വസിച്ചു.... മുറ്റത്ത്‌ ഇളം വെയിൽ വന്ന് നിൽപ്പുണ്ട്... പടത്തിനരികിലാണ് വീട്.... കളികളുടെ ശബ്ദം കേൾക്കാം... അച്ചൂ കണ്ണുകൾ വിടർത്തി അവിടെ മുഴുവൻ നോക്കി.... മുറ്റത്തിന്റെ സൈഡിൽ ചെന്ന് നിന്നാൽ നീണ്ടു കിടക്കുന്ന പാടം കാണാം...ഓടി ഒഴുകുന്ന ആറും....

മുറ്റത്ത്‌ നിറയെ ചെടികളുണ്ട്...അവയിൽ എല്ലാം പലനിറങ്ങളിലുള്ള പൂക്കൾ ഉണ്ട്.... അച്ചു ചെടികൾക്കടുത്തേക്ക് നടന്നു.....മുറ്റത്തെ മന്ദാരത്തിൽ പടർന്നു കയറിയ മുല്ല വള്ളിയിൽ അവൾ പിടിച്ചു കുലുക്കി.... വിടർന്നു നിന്ന പൂക്കൾ അവൾക്ക് മേൽ വീണു... നിലത്ത് വീണു കിടന്ന മുല്ലപ്പൂക്കൾ അവൾ ഓരോന്നായി കയ്യിൽ നിറച്ചു.... "ഹായ്....." പൂക്കളിൽ നിന്ന് തേൻ നുരകാരാൻ പാറി പറന്നു വന്ന ശലഭങ്ങളേ അവൾ കൗതുകത്തോടെ നോക്കി.... ഗേറ്റ് കടന്ന് വരുന്ന ബുള്ളറ്റ് കണ്ടതും അവൾ പേടിയോടെ പുറകിലേക്ക് വേച്ചു പോയി.... കയ്യിലെ പൂക്കൾ അവിടെ ഇട്ട് അകത്തേക്ക് ഓടി... പുറത്തേക്ക് വന്ന ബദ്രിയെ കണ്ടതും അവൾ അവനെ ചുറ്റി പിടിച്ചു.... "ഹലോ അച്ചൂ...." ബുള്ളറ്റിൽ നിന്ന് ഇറങ്ങി വന്ന ശങ്കർ അച്ചൂനെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു... പിന്നാലെ വന്ന ഇച്ചുവും അവളെ നോക്കി ചിരിച്ചു..... അവൾ ഒന്നും മിണ്ടാതെ ബദ്രിയോട് ചേർന്നു നിന്നു... ബദ്രി അവളെ പിടിച്ചു മാറ്റാൻ നോക്കി... പക്ഷേ കഴിഞ്ഞില്ല.... "കണ്ണാ.... എന്താ നിന്റെ പ്ലാൻ....??" ഇച്ചു ഗൗരവത്തോടെ ചോദിച്ചു ... "നിങ്ങൾ പരന്നിടത്ത് ഇവളെ കൊണ്ടാക്കാം... അല്ലാതെ എന്താ...." തന്നോട് ചേർന്ന് നിന്നവളെ അകറ്റി നിർത്താൻ ശ്രമിച്ചു കൊണ്ട് ബദ്രി പറഞ്ഞു.. അച്ചു അവർ പറയുന്നത് എല്ലാം കേൾക്കുന്നുണ്ടായിരുന്നു പക്ഷേ ഒന്നും മനസിലായില്ല....

അപ്പു യൂണിഫോം ഇട്ട് പുറത്തേക്ക് വന്നു... "കൊണ്ടാക്കണോ കണ്ണേട്ടാ....?? പാവല്ലേ...??" അപ്പു സങ്കടത്തോടെ ചോദിച്ചു.... "നീ പോകാൻ നോക്ക്...."ബദ്രി അവനെ ദേഷ്യത്തോടെ നോക്കി... അവൻ അച്ചൂനേ സങ്കടത്തോടെ നോക്കിയ ശേഷം ബാഗും എടുത്തു പുറത്തേക്ക് ഇറങ്ങി പോയി.... "അപ്പൊ ഇന്നലത്തെ പ്ലാൻ തന്നെ ബ്രേക്ക്‌ഫാസ്റ്റിൽ ഈ ഗുളിക മിക്സ്‌ ചെയ്യാം..." കയ്യിലുള്ള പാക്കറ്റ് കാണിച്ചു കൊണ്ട് ശങ്കർ പറഞ്ഞു.... "മ്മ്.... ഫുഡ്‌ എല്ലാം ടേബിളിൽ ഉണ്ട് ഇന്ന് പുട്ട് ആണെന്ന് തോന്നുന്നു..." ബദ്രി അച്ചൂനെ അടർത്തി മാറ്റി കൊണ്ട് ഇച്ചൂനോട്‌ പറഞ്ഞു... ഇച്ചു തലയാട്ടി കൊണ്ട് അകത്തേക്ക് പോയി.... അച്ചൂ ബദ്രിയുടെ കയ്യിൽ പിടിച്ചു നിന്നു.... അച്ചൂന്റെ മുന്നിൽ വെച്ച് തന്നെയാണ് അവർ ഫുഡിൽ മെഡിസിൻ ചേർത്തത്... "അതെന്താ...??" അച്ചു സംശയത്തോടെ ചോദിച്ചു.... "ഇതോ... ഇത് നല്ല മധുരമുള്ള മിട്ടായി ആണ്..." ഇച്ചു ആണ് അവൾക്ക് മറുപടി കൊടുത്തത്... "ആണോ...??"ബദ്രിയോട് അവൾ ചോദിച്ചു... "മ്മ്...."അവനൊന്നു മൂളി... "ദാ മോളേ ഇത് കഴിച്ചോ...." ഇച്ചു പ്ലേറ്റ് അവൾക്ക് നേരെ നീട്ടി... "മ്മ്ഹ്ഹ്...വേണ്ട.." അവൾ പേടിയോടെ ബദ്രിയുടെ അടുത്തേക്ക് നീങ്ങി ഇരുന്നു... "ഞാൻ തന്നാൽ കഴിക്കുമോ...??" ബദ്രി ശബ്ദം താഴ്ത്തി അവളോട് ചോദിച്ചു.. "തരുമോ...??"അവൾ അവന്റെ മുഖത്തേക്ക് നോക്കി... "മ്മ്...."

അവനൊന്നു മൂളി... അവൾ വാ തുറന്നു കാട്ടി... ബദ്രിക്ക് അവളോട് എന്തോ അലിവ് തോന്നി... ഇച്ചുവിന്റെ കയ്യിൽ നിന്ന് പ്ലേറ്റ് വാങ്ങി അതിൽ നിന്ന് വാരിയെടുത്ത് അവളുടെ വായിൽ വെച്ച് കൊടുത്തു.... കണ്ണുകൾ വിടർത്തി അവൾ അവൻ തന്നത് കഴിച്ചു.... അവൾ അത് ആസ്വദിച്ചു കഴിക്കുന്നുണ്ട്.... അവൾക്ക് വാരി കൊടുത്ത ശേഷം കൈ കഴുകാൻ അവൻ അകത്തേക്ക് പോയി.. തിരിച്ചു് ഉമ്മറത്തേക്ക് വന്നപ്പോൾ കണ്ടു ഉറക്കം മൂടിയ കണ്ണുകളോടെ ഇരിക്കുന്ന അച്ചുവിനെ... "എടാ അവളുറങ്ങി..." ഇച്ചു ചാടി എണീറ്റ് കൊണ്ട് പറഞ്ഞു... "ഇത് നല്ലൊരു അവസരമാണ് കണ്ണാ ... ഇപ്പൊ തന്നെ ഇറങ്ങിയാലോ...??" ശങ്കർ ചോദിച്ചു.... "മ്മ്... ഇറങ്ങാം..." ഉറങ്ങി തൂണിൽ ചാരി ഇരിക്കുന്ന അച്ചുവിനെ കൈകളിൽ കോരി എടുത്തു.... വണ്ടിയുടെ ബാക്ക് സീറ്റിൽ അവളെ കിടത്തി... ശങ്കറാണ് ഡ്രൈവ് ചെയ്തത്... ബദ്രി അവളെ നോക്കി ഇരിക്കുകയായിരുന്നു.....

മുന്നോട്ട് ഒരുപാട് ദൂരം പിന്നിട്ടു.... അഗതിമന്ദിരത്തിന് മുന്നിൽ എത്തിയതും ജിപ്സി വന്നു നിന്നു... "ഡാ ആ സെക്യൂരിറ്റി അവിടെ ഇല്ല... ഇവളെ കൊണ്ട് പോയി ആ ഗേറ്റിന് മുന്നിൽ കിടത്തിയേക്ക്...." ശങ്കർ പറഞ്ഞു... ബദ്രി അച്ചുവിന്റെ നിഷ്കളങ്കമായ മുഖത്തേക്ക് നോക്കി.... മുഖത്തേക്ക് പാറി വീണ അവളുടെ മുടിയിഴകളിൽ ഒതുക്കി വെച്ചു ... പെട്ടന്നൊരു ദിവസം ജീവിതത്തിലേക്ക് വന്നതാണ്... ആരാണോ എന്താണോ എന്നൊന്നും അറിയില്ല..... അവൻ അവളെ നോക്കി നിശ്വസിച്ചു... അവളെ എടുത്തു ജിപ്സിയിൽ നിന്നിറങ്ങി... അവിടുത്തെ മതിലിനോട് ചേർന്നവളേ ചായ്ച്ച് ഇരുത്തി നിവരാൻ നോക്കിയപ്പോൾ അവന്റെ ഷർട്ടിൽ അവളുടെ കൈകൾ മുറുകി പിടിച്ചിരുന്നു.... സോറി...!!! ഉള്ളാലെ മന്ത്രിച്ചു കൊണ്ട് അവൻ അവളുടെ പിടി അയച്ചു.... ഇതേ സമയം മറ്റൊരിടത്ത് തന്റെ മകൾക്ക് വേണ്ടി പ്രാർത്ഥിക്കുന്ന ഒരച്ഛനുണ്ടായിരുന്നു.. തന്റെ കൈപിടി വിട്ട് പോയ അവൾ സുരക്ഷിതമായൊരു കൈകളിലാണെന്ന് ഉറച്ചു വിശ്വസിച്ചു കൊണ്ട്.................തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story