ഈ മഴയിൽ....❤️ പാർട്ട്‌ 64

ee mazhayil

എഴുത്തുകാരി: ✍ ആൻവി

" അതെ രണ്ടാളും ഒന്നിങ് നോക്കിയേ..... " ക്യാമറമാൻ വിളിച്ചത് കേട്ട് ശങ്കർ അമ്മാളുവിനെ ഒന്ന് കൂടെ നോക്കിയ ശേഷം മുന്നോട്ട് നോക്കിയിരുന്നു... നാണവിവശയായിരുന്നു അവൾ....ശരീരം വല്ലാതെ വിറക്കുന്ന പോലെ... അഗ്നിയെ വലം വെക്കാൻ രണ്ട് പേരും എഴുനേറ്റു.... വിറക്കുന്ന അവളുടെ കയ്യിനെ മുറുകെ പിടിച്ചു കൊണ്ട് അവൻ വലം വെച്ചു.... ഫോട്ടോക്ക് പോസ്സ് ചെയ്യുമ്പോഴും അവന്റെ കൈകൾ അവളെ ചേർത്ത് പിടിച്ചിരുന്നു... "കല്യാണചെക്കന് കുറച്ചു ചോറെടുക്കട്ടെ....??" ഭക്ഷണം വിളമ്പാൻ വന്ന ഇച്ചു ചോദിച്ചപ്പോൾ കഴിക്കുന്നതിനിടയിൽ ശങ്കർ മുഖം ഉയർത്തി നോക്കി... "പോടാ....." ചുണ്ട് അനക്കി കൊണ്ട് പറഞ്ഞവൻ അടുത്ത് ഇരിക്കുന്ന അമ്മാളുവിനെ നോക്കി... അവൾ കഴിക്കുന്നതിൽ ശ്രദ്ധകൊടുത്തിരുക്കുവാണ്... ചുറ്റും ഒന്ന് നോക്കിയ ശേഷം ശങ്കർ അവളെ തോണ്ടി വിളിച്ചു.... "മ്മ്.....??" ചോറുരുള വായിലേക്ക് ഇട്ടുകൊണ്ട് അവൾ അവനെ പുരികം ഉയർത്തി കാണിച്ചു....

അവനൊരു കള്ളചിരിയോടെ വാ തുറന്നു കാട്ടി..... ചുറ്റും ഒന്ന് നോക്കിയ ശേഷം അവൾ ഇല്ലെന്ന് തലയാട്ടി.... "പ്ലീസ്......" അവൻ ചുണ്ട്പിളർത്തി കാട്ടി... അവൾ ചിരിച്ചു കൊണ്ട് ചോറ് എടുത്ത് അവന്റെ വായിൽ വെച്ച് കൊടുത്തു.... "ആഹാ..... കണ്ണാ.... ഒന്നിങ് വന്നേ...." ഇച്ചൂന്റെ ശബ്ദം കേട്ടതും രണ്ട്പേരും ഞെട്ടി.... ഭക്ഷണം ശങ്കറിന്റെ തൊണ്ടയിൽ കുരുങ്ങി.... "അമ്പട.... ക്യാമറമാൻ ഒന്ന് സൈഡ് ആയപ്പോൾ പുള്ളീടെ കണ്ണ് വെട്ടിച്ച് ഫുഡിലൂടെ റൊമാൻസ്...." ഇച്ചു അവനെ നല്ലോണം വരുന്നുണ്ട്.... ബദ്രി അവർക്ക് അടുത്തേക്ക് വന്നു... "എന്താടാ... ഇവിടെ...." ബദ്രി ചമ്മി മുഖം താഴ്ത്തി നിൽക്കുന്ന അമ്മാളുവിനേയും... വെള്ളം കുടിച്ച് കൊണ്ടിരുന്ന ശങ്കറിനേയും മാറി മാറി നോക്കി... വിളറി വെളുത്തു നിൽക്കുന്ന രണ്ടിനെയും കണ്ടിട്ട് അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.... "വേഗം കഴിച്ച് അങ്ങോട്ട് ചെല്ല്....ഫോട്ടോ എടുക്കാൻ വിളിക്കുന്നുണ്ട്...." ബദ്രി അവരോട് പറഞ്ഞു....

കറി പത്രവും പിടിച്ചു നടന്നകന്ന ബദ്രിയെ അമ്മാളു മുഖം ചെരിച്ചു നോക്കി.... പായസം കുടിച്ച് കൊണ്ട് അവൾക്ക് നേരെ തിരിഞ്ഞ ശങ്കർ അത് കണ്ടു.... തോൾ കൊണ്ട് അവൻ അവളെ തട്ടി വിളിച്ചു.... "ഈ ആദ്യപ്രണയം മറക്കാൻ ഇച്ചിരി പാടാലെ...." കാതിൽ അവൻ മെല്ലെ ചോദിച്ചതും അമ്മാളു അവനെ നോക്കി വിളറിയാ ചിരി ചിരിച്ചു..... ശങ്കർ അവളെ ഒന്ന് കൂർപ്പിച്ചു നോക്കി... "ചുമ്മാ നോക്കിയതാ...." അവൾ വാടിയ മുഖത്തോടെ തലത്താഴ്ത്തി... "മ്മ്.... മ്മ്... എനിക്ക് മനസിലാവുന്നുണ്ടെടി...." അവനൊന്നു അർത്ഥം വെച്ച് പറഞ്ഞതും... അമ്മാളുവിന് വല്ലാത്ത സങ്കടം തോന്നി.... "ഉണ്ണിയേട്ടാ.... ഞാൻ ചുമ്മാ നോക്കിയതാ... അല്ലാതെ നിങ്ങള് വിചാരിക്കുന്ന പോലെയല്ല...." ശങ്കർ അത് കേൾക്കാത്ത ഭാവത്തിൽ പായസം കുടിക്കാൻ തുടങ്ങി.... അത് കണ്ടതും അമ്മാളു മുഖം കൂർപ്പിച്ചവനെ നോക്കി... "അതെ ഞാൻ അങ്ങേരെ നോക്കിയിരുന്നതാ.... എന്നാ ഗ്ലാമറ കണ്ണേട്ടന്...

അത് കൊണ്ട് നോക്കിയിരുന്നതാ...നിങ്ങളെ കണ്ടാലും മതി... മാങ്ങതലയൻ.... " ദേഷ്യത്തോടെ അവനെ നോക്കി പറഞ്ഞതും ശങ്കർ അവളെ തുറിച്ചു നോക്കി.... "അല്ലേലും നമ്മളൊക്കെ പിന്നാലെ നടന്നതല്ല... ഇത്രയൊക്കെയേ വിലകാണൂ..." അവളുടെ മുഖത്ത് നോക്കാതെ പറഞ്ഞു കൊണ്ട് എഴുനേറ്റു പോയി.... ചൂടാക്കാൻ പറഞ്ഞതാ.... പറഞ്ഞത് അബദ്ധമായോ....?? അവൾ ഒരുനിമിഷം ചിന്തിച്ചു... പിന്നെ വേഗം എഴുനേറ്റു കൈ കഴുകാൻ പോയി.... ശങ്കർ കൈ തുടച്ചു കൊണ്ട് മറ്റെങ്ങോ നോക്കി നിൽപ്പുണ്ട്.... അമ്മാളു കൈ കഴുകി വന്ന് അവനോട് ചേർന്ന് നിന്നു... "ഉണ്ണിയേട്ടാ പിണക്കമാണോ...??" അവന്റെ തോളിൽ വിരൽ കൊണ്ട് തോണ്ടി കൊണ്ട് ചോദിച്ചു... ശങ്കർ മുഖം വീർപ്പിച്ചു നിന്നതല്ലാതെ ഒന്നും പറഞ്ഞു.... "ഉണ്ണിയേട്ടാ.... ഇങ്ങോട്ട് നോക്ക്.... ". ശങ്കർ അവളുടെ കൈ തട്ടി മാറ്റി... "വേണ്ട..." അവൻ മുഖം തിരിച്ചു...

"ഉണ്ണിയേട്ടാ... ഞാൻ ചുമ്മാ പറഞ്ഞതാ.... നിങ്ങള് ഒടുക്കത്ത ഗ്ലാമറാണ് മനുഷ്യ.....മീശപിരിച്ചാൽ പിന്നെ പറയണ്ട..." അവന്റെ കയ്യിൽ ചുറ്റി പിടിച്ചു കൊണ്ട് അവൾ പറഞ്ഞതും ശങ്കർ മുഖം ചെരിച്ചവനെ നോക്കി... "പോടീ.... ഉള്ളതാണോ..." "ആണെന്നെ... കണ്ണിറുക്കി കൊണ്ട് മീശപിരിക്കുന്നത് കണ്ടിട്ടല്ലേ ഞാൻ വീണത്...." അവൾ അവന്റെ കവിളിൽ ഉമ്മ വെച്ചു... ശങ്കർ അവളെ ചുറ്റി പിടിച്ചു.... "ആണോ...??" അവളെ നോക്കി മീശ പിരിച്ചു... "മ്മ്....." അവൾ നാണത്തോടെ മൂളി.... "എന്നാ ഇവിടൊരുമ്മ തന്നെ....." അവൻ കവിൾ കാണിച്ചു കൊടുത്തു... "മ്മ്ഹ്ഹ്.... പോ അവിടെന്ന്..." "പ്ലീസ്.... മാളൂട്ടി...." അവളൊന്നു ചുറ്റും നോക്കി... പിന്നെ അവനിലേക്ക് മുഖം അടുപ്പിച്ചു... "രണ്ടും കൂടെ ഇവിടെ റോമിൻസിക്കാതെ അങ്ങോട്ട് പോകാൻ നോക്ക്...ഇത്തിരി നേരം കൂടെ കണ്ട്രോൾ ചെയ്യടെ...." ഇച്ചുവിന്റെ ശബ്ദം കേട്ടതും രണ്ടുപേരും പിടഞ്ഞു മാറി....

"അച്ചു ഇനി എന്നാ കളിക്കാൻ വരാ...." ആ ചോദ്യം കേട്ട് അച്ചു ബേബി ബെഡിൽ കിടത്തിയിരിക്കുന്ന പാറുക്കുട്ടിയെ നോക്കി ചുണ്ട് പിളർത്തി... "ഞാൻ രണ്ടീസം കഴിഞ്ഞ് കളിക്കാൻ വരാം മിച്ചു.... പാറുക്കുട്ടിയുടെ അടുത്ത് വേണമെന്ന കിണ്ണൻ പറഞ്ഞേക്കണേ...." അവൾ സങ്കടത്തോടെ പറഞ്ഞു.... തൊട്ടടുത്ത വീട്ടിലുള്ള പിള്ളേരെല്ലാം പാറുക്കുട്ടിയെ കാണാൻ വേണ്ടി വന്നതാണ്...എല്ലാവരും പാറൂന്റെ ചുറ്റും ഇരിപ്പുണ്ട്... "ഞാൻ പാറുക്കുട്ടിയെ എടുത്തോട്ടെ അച്ചു....'" കൂട്ടത്തിലെ ഒരു കുറുമ്പി പെണ്ണ് ചോദിച്ചു.... "അത് വേണ്ട.... പാറുക്കുട്ടി എന്റെയല്ലേ...." അച്ചു ചുണ്ട് കൂർപ്പിച്ചു.... "ഇന്ന് ഉണ്ണിയേട്ടന്റെ കല്യാണം അല്ലെ.. അപ്പുവേട്ടനും കണ്ണേട്ടനും പോയല്ലോ... അച്ചു എന്താ പോവാഞ്ഞേ...." പാറുക്കുട്ടിയുടെ കരിവളയിട്ട കുഞ്ഞികൈകളിൽ പിടിച്ചു കളിച്ചു കൊണ്ട് കുട്ടിപട്ടാളത്തിലെ ഒരുത്തൻ ചോദിച്ചു... അച്ചൂന്റെ മുഖം വാടി.... "അവിടെ പോയ ന്നേം പാറുക്കുട്ടിയേയും ആരാ നോക്കാ...

അതോണ്ടാ ഞാൻ പോവാഞ്ഞേ...." "അതെന്താ അവിടെ കുറേ ആളോള് ഉണ്ടാവോലോ.... " മിച്ചൂന്റെ ചോദിച്ചു... "കിണ്ണൻ ചോറ് വിളമ്പാൻ പോവൂലെ... അപ്പൊ ഞാൻ ഒറ്റക്ക് ആവൂലെ.... അതാ കിണ്ണൻ കൊണ്ടോവാഞ്ഞേ...." മുന്നിലേക്ക് പിന്നിയിട്ട മുടിയിൽ പിടിച്ച് അതിലേക്ക് നോക്കി അവൾ പറഞ്ഞു... "അച്ചൂന് ഭ്രാന്ത് ആയോണ്ടാ കണ്ണേട്ടൻ കൊണ്ട് പോവാഞ്ഞേ.... അച്ചു നൊണച്ചിയാ...." അത് കേട്ടതും അച്ചു വിതുമ്പി... "അല്ല....." അവളുടെ കണ്ണുകൾ നിറഞ്ഞു... "അതെ... അച്ചു പൊട്ടിയാണെന്ന് എന്റെ അമ്മ പറഞ്ഞല്ലോ... അതോണ്ട് തന്നെയാ കണ്ണേട്ടൻ അച്ചൂനെ കൂട്ടാഞ്ഞേ...." "അല്ല....ഞാൻ പൊട്ടിയൊന്നുമല്ല.... നീ ചീത്തയാ... എന്റെ കിണ്ണന്റെ വീട്ടീന്ന് പൊക്കോ... കൂട്ടില്ല ഞാൻ....." അവൾ സങ്കടം കൊണ്ട് ഉറക്കെ കരഞ്ഞു.... പാറുക്കുട്ടിയും കരയാൻ തുടങ്ങി..... ശബ്ദം കേട്ട് ദേവകിയമ്മ ഓടി വന്നു.... അത് കണ്ടതും പിള്ളേരൊക്കെ ഒരു ഓട്ടമായിരിന്നു..... "എന്താ മോളെ...."

ദേവകിയമ്മ ആവലാതിയോടെ ചോദിച്ചു... അച്ചു കരഞ്ഞു കൊണ്ട് ഒന്നും പറയാതെ എണീറ്റ് പോയി.... "എന്ത് പറ്റി ഈ കുട്ടിക്ക്...." ദേവകിയമ്മ ഒന്ന് ചിന്തിച്ചു.... പിന്നെ കരയുന്ന പാറുക്കുട്ടിയെ വാരിയെടുത്തു...  "അച്ചൂനെ എവിടെടാ.." ശങ്കർ ചുറ്റും നോക്കി കൊണ്ട് ചോദിച്ചു... "കണ്ണേട്ടൻ അച്ചുമ്മയെ കൊണ്ട് വന്നില്ല...." അപ്പുവാണ് മറുപടി കൊടുത്തത്.... ശങ്കർ ബദ്രിയെ കൂർപ്പിച്ചു നോക്കി... "പാറുമോള് ഉള്ളതല്ലേടാ.... അവൾക്ക് ഒറ്റക്ക് കുഞ്ഞിനെ മാനേജ് ചെയ്യാൻ പറ്റില്ലെടാ...." ബദ്രി ശബ്ദം താഴ്ത്തി പറഞ്ഞു... "അല്ലാതെ എന്റെ അമ്മ പറഞോണ്ടല്ല...." ബദ്രി ഒന്നുമിണ്ടിയില്ല... കയ്യിലുള്ള കുൽസുപെണ്ണിനെ കൊഞ്ചിച്ചു കൊണ്ട് ഓഡിറ്റോറിയത്തിന്റെ സൈഡിൽ ഇട്ടിരുന്ന ചെയറിൽ പോയിരുന്നു.. കല്യാണപെണ്ണിനെ യാത്രയാക്കാൻ സമയമായി.... അമ്മാളു അച്ഛനെയും അമ്മയെയും കെട്ടിപിടിച്ചു കരഞ്ഞു... "ഒരു കിലോമീറ്റർ പോലും തികച്ചില്ല ഉണ്ണീടെ വീട്ടീന്ന് നമ്മടെ വീട്ടിലേക്ക്...എന്നിട്ട് അവളുടെ ഒരു പ്രഹസനം...

എന്റെ ഉണ്ണീ ഇതിനെയൊന്ന് വിളിച്ചോണ്ട് പോ...." ഋതു ഇടക്ക് കയറി പറഞ്ഞതും എല്ലാവരും ചിരിച്ചു... അമ്മളുടെ അവളെ ഒന്ന് കൂർപ്പിച്ചു നോക്കി പിന്നെ ശങ്കറിന്റെ കയ്യിൽ ചുറ്റി പിടിച്ചു...  "ആരെയും കാണുന്നില്ലല്ലോ കണ്ണേട്ടാ...." ബുള്ളറ്റിൽ നിന്നിറങ്ങി കൊണ്ട് അപ്പു വീടിന്റെ ഉമ്മറത്തേക്ക് നോക്കി... ബദ്രി ബുള്ളറ്റ് സൈഡ് ആക്കി ഇറങ്ങി... "അച്ചുമ്മാ....." അപ്പു അകത്തേക്ക് കയറി കൊണ്ട് വിളിച്ചു... "ആഹാ നിങ്ങള് വന്നോ..." കുഞ്ഞിനേയും തോളിലിട്ടു കൊണ്ട് വന്നു... "അച്ചു എവിടെ...??" ബദ്രി അകത്തേക്ക് നോക്കി കൊണ്ട് ചോദിച്ചു... "കുറേ നേരായി റൂമിൽ കയറി കിടപ്പാ..കരച്ചിലാണ്..." ദേവകിയമ്മ ശബ്ദം താഴ്ത്തി പറഞ്ഞു... ബദ്രി വേഗം അകത്തേക്ക് ചെന്നു നോക്കി... ബെഡിൽ കിടക്കുന്നുണ്ട് അച്ചു.... എന്ത് പറ്റിയാവോ .?? മനസ്സിൽ ഓർത്തു കൊണ്ട് അവൻ അവളുടെ അടുത്ത് ചെന്നിരുന്നു.... "അച്ചൂട്ടാ...." അവളുടെ മുടിയിഴകളിൽ തലോടി കൊണ്ട് അവൻ വിളിച്ചു.... അവളിൽ നിന്നൊരു തേങ്ങൽ ഉയർന്നു.... "എന്താ... മോളെ... എന്തിനാ കരയുന്നെ..." "വേണ്ടേ... ന്നെ തൊടണ്ട... പൊക്കോ...."

തേങ്ങി കൊണ്ട് അവൻ അവന്റെ കൈ തട്ടി മാറ്റി.... കരഞ്ഞ് കരഞ് കണ്ണും മുഖവുമെല്ലാം ചുവന്നിരുന്നു..... "എന്തടാ.... " ബദ്രി അവളോട് ചേർന്നിരുന്ന് ആ മുഖം കയ്യിലെടുത്തു.... "നിക്ക് ഭ്രാന്തായോണ്ടല്ലേ... ന്നെ കൊണ്ടാവാഞ്ഞേ....." പറയുമ്പോഴും അവളുടെ കണ്ണുകളിൽ ഒരു സമുദ്രം അലയടിച്ചിരുന്നു.... ബദ്രി പകപ്പോടെ അവളെ നോക്കി... "ആര് പറഞ്ഞു അങ്ങനെ.... ആരാ ന്റെ അച്ചൂട്ടിക്ക് ഭ്രാന്താണെന്ന് പറഞ്ഞത്...." അവൻ അവളെ നെഞ്ചോട് അടക്കി പിടിച്ചു... "നിക്ക് അറിയാം.... അതോണ്ട് തന്നെയാ..." അവന്റെ നെഞ്ചിൽ ഇടിച്ചു കൊണ്ട് കരഞ്ഞു... "അങ്ങനെയല്ല അച്ചൂട്ടാ.... പാറുക്കുട്ടി ഉള്ളോണ്ട് അല്ലെ.....ന്റെ അച്ചൂന് ഭ്രാന്ത് ഒന്നുമില്ല..... പ്ലീസ് കരയല്ലേ....." അവളെ അലിവോടെ നോക്കി കൊണ്ട് അവൻ ചോദിച്ചു.... "എന്നെ കൊണ്ടോയില്ലല്ലോ...." വീണ്ടും അവൾ വിതുമ്പി.... അവൻ അവളുടെ നിറഞ്ഞ മിഴികളിൽ അമർത്തി ചുംബിച്ചു.... "ആരാ അച്ചൂട്ടനോട് ഇങ്ങനെ ഒക്കെ പറഞ്ഞെ...." അവൻ സൗമ്യമായ് ചോദിച്ചു... "മിച്ചുവും അമ്പിളിയും ഒക്കെ പറഞ്ഞല്ലോ .. അച്ചൂന് പ്രാന്തായോണ്ട് ആണ് കിണ്ണൻ കല്യാണത്തിന് കൊണ്ടുവാഞ്ഞേന്ന്...."

പുറം കൈ കൊണ്ട് മൂക്ക് തുടച്ചു കൊണ്ട് അവൾ നിഷ്കളങ്കമായ് അവനെ നോക്കി... ബദ്രി അവളെ ചേർത്തണച്ചു കൊണ്ട് നെറുകയിൽ ചുണ്ട് അമർത്തി.... "അവർക്ക് ഒക്കെ അസൂയയാണ്.... നമ്മളെല്ലാരും കൂടെ ഇവിടുന്ന് പോയാൽ അച്ചൂന്റെ ഊഞ്ഞാലിൽ ഇരുന്ന് ആടാലോ.. പിന്നെ പൂവൊക്കെ പൊട്ടിച്ചോണ്ട് പോകാൻ അതിനാണ്....." അത് കേട്ടവൾ മുഖം ഉയർത്തി കണ്ണുകൾ അമർത്തി തുടച്ചു.... "ആണോ...." "മ്മ്...." അവളുടെ കവിളിലെ നനവ് കൈ കൊണ്ട് തുടച്ചവൻ മൂളി.... വിങ്ങിപൊട്ടി കൊണ്ട് അവൾ അവനോട് ചേർന്നു... "ഇനി കല്യാണം ഇണ്ടായാൽ അച്ചൂനെ കൊണ്ടോവോ കിണ്ണാ...." സങ്കടത്തോടെ ചോദിച്ചു... "കൊണ്ടോവാം...." "കിണ്ണൻ ചോറുണ്ടോ...?? പായസം ഉണ്ടായിരുന്നോ കിണ്ണാ....." കണ്ണുകൾ വിടർത്തി അവൾ ചോദിച്ചു... അവളുടെ മുഖം കൺകെ ഉള്ളിൽ വല്ലാത്ത സങ്കടം തോന്നി അവന്... അറിയാതെ കണ്ണ് നിറഞ്ഞു.... സത്യം പറഞ്ഞാൽ അവളെ കൂട്ടാതെ പോയതോണ്ട് ഒരു വറ്റ് തൊണ്ടയിൽ നിന്നിറങ്ങിയില്ലായിരുന്നു.... "മ്മ്... ഉണ്ടായിരുന്നു... അച്ചു വരാഞ്ഞത് നന്നായി...." "അതെന്താ കിണ്ണാ...."

"അയ്യേ... എന്ത് ചീത്ത പായസം ആയിരുന്നെന്നോ... ബ്ലാ.... എനിക്ക് തീരെ ഇഷ്ടായില്ല... അത് കഴിച്ചാൽ അച്ചൂന് അസുഖം വരില്ലേ...പിന്നെ പാറുക്കുട്ടിക്ക് വരും... ഹോ... ഭാഗ്യം....." "അതെയോ കിണ്ണാ..." അവൾ വിശ്വാസം വരാതെ ചോദിച്ചു... "മ്മ്... അതെ...." "കിണ്ണൻ പറഞ്ഞല്ലോ അച്ചൂന് പായസം ഉണ്ടാക്കി തരാം ന്ന്....ഇപ്പൊ ഉണ്ടാക്കി താ.... അച്ചൂന് കഴിക്കാൻ കൊതിയാവുന്നു..." അവൾ അവനെ ചുറ്റി പിടിച്ചു... അവൻ ചിരിച്ചു... "എന്നാ വാ..." അതും പറഞ്ഞു എഴുനേറ്റതും അച്ചു അവന്റെ തോളിൽ പിടിച്ചു കയറി... "അച്ചൂട്ട്യേ....." അവൻ ശാസനയോടെ വിളിച്ചതും അച്ചു ചിണുങ്ങി... "എടുത്തോണ്ട് പോ കിണ്ണാ...." അവന്റെ പിൻകഴുത്തിൽ മുഖം ഒളിപ്പിച്ചവൾ പറഞ്ഞു... ബദ്രി അവളെയും കൂട്ടി അടുക്കളയിലേക്ക് നടന്നു...  "പാല് തിളച്ചു..... ആ അട ഇട്ടു കൊടുക്ക് മനുഷ്യ....." സ്ലാബിൽ പാറൂട്ടിയേയും തോളിൽ ഇട്ട് ഇരുന്നു കൊണ്ട് അപ്പു ബദ്രിയെ ഗൈഡ് ചെയ്യുവാണ്., അച്ചു തിളയ്ക്കുന്ന പാലിലേക്ക് കാലെത്തി കൊണ്ട് നോക്കുന്നുണ്ട്... "ആവശ്യത്തിന് പഞ്ചസാര... ഉള്ളതു മുഴുവൻ വാരിയിടല്ലേ.... ശ്ശോ... ആ ദേവുമ്മ പറഞ്ഞു വിടണ്ടായിരുന്നു...

ഇത് ഉണ്ടാക്കി തരാൻ പറയായിരുന്നു...." അപ്പൂന്റെ ഡയലോഗ് കേട്ടപ്പോൾ ബദ്രി കയ്യിലുള്ള ചട്ടുകത്തിൽ പിടി മുറുക്കി... "ഇനി ഒരക്ഷരം നീ മിണ്ടിയാൽ തിളച്ചപാലെടുത്തു തലവഴി ഒഴിച്ച് തരും ഞാൻ...." അതോടെ അപ്പൊ സൈലന്റ്.... അട നന്നായി കുറുകി വന്നു.... ഏലക്കായുടെ മണം അച്ചു നാസികയിലേക്ക് ആവാഹിച്ചു.... "നെയ് ചൂടാവട്ടെ മനുഷ്യ....എന്നിട്ട് ആണ് മുന്തിരിയും കശുവണ്ടിപരിപ്പും ഒക്കെ ഇടേണ്ടത്....." "എന്റെ കൊച്ച് നിന്റെ കയ്യിലായി പോയി... ഇല്ലേൽ മോന്തക്ക് ഒന്ന് തന്നേനെ ഞാൻ...." ബദ്രി അവനെ നോക്കി പല്ലിറുമ്മി.... അച്ചു വാ പൊത്തി ചിരിക്കുന്നുണ്ട്..... അവളെ നോക്കി കണ്ണിറുക്കി കൊണ്ട് ബദ്രി ജോലിയിലേക്ക് തിരിഞ്ഞു..... അപ്പോഴാണ് അവന്റെ ഫോൺ റിങ് ചെയ്തത്.... "ആരാന്ന് നോക്കടാ...." അപ്പൂനോടായി പറഞ്ഞു... "Unknown നമ്പർ ആണ്...." അത് കേട്ടതും ബദ്രി സംശയത്തോടെ ഫോണിലേക്ക് നോക്കി... ഹരീടെ അച്ഛനാണല്ലോ....!!! ആ വിളിയിൽ അവനൊരു ചതി പ്രതീക്ഷിച്ചിരുന്നു................തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story