ഈ മഴയിൽ....❤️ പാർട്ട്‌ 68

ee mazhayil

എഴുത്തുകാരി: ✍ ആൻവി

"കണ്ണേട്ടാ......" അപ്പൂന്റെ വിളി കേട്ട് മുഖം ഉയർത്തി നോക്കി.... "എന്താടാ....??" "പാറുക്കുട്ടി എന്ത്യേ....??" "അകത്തുണ്ട്...." "പഴവും പാലും കൊണ്ട് വെച്ചിട്ടുണ്ട് വാവക്ക് കൊടുക്കാൻ.. " "മ്മ്... ഞാൻ എടുത്തോണ്ട് വരാം...." അവന്റെ തോളിൽ ഒന്ന് തട്ടി കൊണ്ട് ബദ്രി എഴുനേറ്റ് പാറുക്കുട്ടിയുടെ അടുത്തേക്ക് ചെന്നു.... വാതിൽക്കലേക്ക് എത്തിയതും അവിടുത്തെ കാഴ്ച കണ്ട് അവന്റെ കാലുകൾ നിശ്ചലമായി.... നിലത്ത് ചുമരിനോട്‌ ചാരി ഇരുന്ന് കയ്യിലുള്ള ഡയറിയും നെഞ്ചോട് ചേർത്ത് വാ പൊത്തി പിടിച്ചു കരയുന്ന അച്ചുവിനെ കണ്ട് അവന്റെ ഹൃദയം നൊന്തു.... വല്ലാത്ത സ്നേഹം തോന്നി അവളോട്.... വാരി എടുത്തു നെഞ്ചോട് ചേർക്കാൻ.... കരയരുത് എന്ന് പറഞ്ഞു ആ വിരിനെറ്റിയിൽ ഒന്ന് ചുംബിച്ചു... ഞാനുണ്ട് കൂടെ എന്ന് ചൊല്ലി മുടിയിഴകളിൽ തഴുകി ആശ്വസിപ്പിക്കാൻ.... അവൻ കൊതിച്ചു.... ഒന്നിനും കഴിയാതെ മുഷ്ടി ചുരുട്ടി പിടിച്ചു നിന്നു.... കണ്ണനെ കുറിച്ച് ഓർത്തിട്ട് ആവുമോ കരയുന്നത്.... ഇടക്ക് അവൾ തലയിൽ കൈ വെച്ച് ചുമരിലേക്ക് ചാഞ്ഞിരുന്നു.... തലയിലെ മുറിവ് വേദനിക്കുന്നുണ്ടാവുമോ..?? മരുന്നു കഴിച്ചോ ആവോ....

അതെങ്ങനാ വേദനിച്ചാലും പറയില്ലല്ലോ... മൗനവൃധത്തിലാണല്ലോ....?? പിറു പിറുത്തു കൊണ്ട് അവൻ അകത്തേക്ക് കയറി.... ബദ്രി അകത്തേക്ക് കയറി വന്നതും അച്ചു ഞെട്ടി പിടഞ്ഞെഴുന്നേറ്റു.... ചുമരിൽ ചാരി തലതാഴ്ത്തി നിന്നു.... പാറുക്കുട്ടി ബെഡിൽ കമിഴ്ന്നു കിടന്ന നല്ല കളിയിലാണ്..... ബദ്രി ടേബിളിൽ ഇരുന്ന മെഡിൻസ് എടുത്തു നോക്കി... ഇല്ല ഭക്ഷണത്തിന് മുൻപ് കഴിക്കേണ്ടത് കഴിച്ചിട്ടില്ല.... ആദ്യത്തെ പോലെ അടുത്ത് പിടിച്ചിരുത്തി കഴിപ്പിക്കാൻ കഴിയില്ലല്ലോ.... അവൻ വിങ്ങലോടെ കയ്യിലേക്ക് മരുന്ന് എടുത്തു... ജഗ്ഗിൽ നിന്ന് വെള്ളം എടുത്ത് അവിടെ ഇരുന്ന ഗ്ലാസിലേക്ക് ഒഴിച്ചു..... വെള്ളവും മരുന്നുമായി അവൾക്ക് അടുത്തേക്ക് ചെന്നു.... അവൻ അടുത്ത് വരുന്നത് കണ്ടിട്ട് ആണെന്ന് തോന്നുന്നു അച്ചു വിറച്ചു കൊണ്ട് പുറകിലേക്ക് നീങ്ങി.... ബദ്രി വള്ളവും മരുന്നും ജനൽ പടിയിൽ വെച്ച് കൊടുത്തു... "ബ്രേക്ക്‌ഫസ്റ്റിന് മുന്നേ കഴിക്കേണ്ടതാണ്...." അവളോട് അത്രയും പറഞ്ഞവൻ ബെഡിൽ കിടക്കുന്ന പാറുക്കുട്ടിയേയും എടുത്ത് റൂമിൽ നിന്ന് ഇറങ്ങി പോയി.... അച്ചു നിറക്കണ്ണുകളോടെ അവൻ പോകുന്നത് നോക്കി...

കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണ് നീർ തുടച്ചു നീക്കി.... ***** "കണ്ണാ..... ആ ചേട്ടനില്ലേ..." ഓടി കിതച്ചു കൊണ്ട് അവൾ കാർത്തിയുടെ മുന്നിൽ വന്നു നിന്നു... "ഏത് ചേട്ടൻ...??" കാർത്തി ഫോണിൽ നിന്ന് മുഖം ഉയർത്തി നോക്കി... "അതുപിന്നെ... ബദ്രി...." ആ പേര് പറയുമ്പോൾ അവളുടെ കവിൾ ചുവക്കുന്നത് അവൻ കണ്ടു..... "അയ്യടാ.... പെണ്ണിന്റെ നാണം കണ്ടില്ലേ...." കാർത്തി ചിരിച്ചു കൊണ്ട് അവളുടെ കവിളിൽ നുള്ളി... "ഞാൻ ഒന്ന് പറയട്ടെ...കണ്ണാ..." അവൾ ചിണുങ്ങി... "മ്മ്... പറ..." അവൻ അവളുടെ മുന്നിൽ കൈ കെട്ടി നിന്നു.. "ബദ്രീടെ പേരും കണ്ണൻ എന്നാ....." അവൾ കിലുങ്ങി ചിരിച്ചു... "അയ്യടാ.... കണ്ണനല്ല കിണ്ണൻ... ഹും...." അവൻ ചുണ്ട് കോട്ടി.... "പോട...." "നീ പോടീ.. അവളുടെ കിണ്ണൻ...." "ദേ എന്റെ കിണ്ണ... ചെ നാക്കുള്ക്കി.... കണ്ണേട്ടനെ എന്തേലും പറഞ്ഞാലുണ്ടല്ലോ....." അവൾ കെറുവിച്ചു കൊണ്ട് അവന്റെ കഴുത്തിന് പിടിച്ചു.,... "പോടി.. അവൻ.. കിണ്ണൻ.. കിണ്ണൻ... കിണ്ണൻ.. കിണ്ണൻ....." അവളെ ദേഷ്യം പിടിപ്പിക്കാനായി അവൻ പറഞ്ഞു കൊണ്ടിരുന്നു.... പഴയഓർമ്മകളിൽ അവളുടെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിരിഞ്ഞു..

ഒപ്പം കണ്ണുകൾ സജലമായി.....  "ആ കാട്ടിക്കേ പാറുക്കുട്ട്യേ...." ബദ്രി പഴം നെയ്യ് ചേർത്ത് ഉടച്ചത് കുറച്ചെടുത്ത് കുഞ്ഞിന്റെ വായി വെച്ച് കൊടുത്തു... നേന്ത്രപഴത്തിന്റെ മധുരവും പുളിയും കൊണ്ട് അവളുടെ മുഖം ചുളിയുന്നത് അവൻ ചിരിയോടെ നോക്കി.... കരിവളയിട്ട് കുഞ്ഞികൈകളിൽ ചുണ്ട് അമർത്തി.... അവൾ തൊണ്ണകാട്ടി ചിരിച്ചു.... രണ്ട് കൈ കൊണ്ടും അവന്റെ താടിയിൽ പിടിച്ചു വലിക്കാൻ തുടങ്ങി.... നിലത്ത് ഇരിക്കുന്ന ബദ്രിയുടെ തോളിൽ പിടിച്ച് അവൾ മെല്ലെ എഴുനേറ്റ് നിന്നു... സന്തോഷം കൊണ്ട് കൊലുസിട്ട കുഞ്ഞികാൽ നിലത്ത് ആഞ്ഞു ചവിട്ടി പൊട്ടി ചിരിച്ചു... തൊണ്ണകാട്ടിയുള്ള അവളുടെ പാൽപുഞ്ചിരിയിൽ ബദ്രി എല്ലാം മറുക്കുകയായിരുന്നു..... അവൻ ആ കുഞ്ഞിപെണ്ണിനെ വാരിയെടുത്ത് മടിയിൽ ഇരുത്തി....വിരൽ കൊണ്ട് പഴം കുറച്ച് എടുത്ത് അവളുടെ വായിൽ വെച്ച് കൊടുത്തു.... അച്ചു റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയപ്പോൾ കണ്ടത് ഹാളിൽ ഇരിക്കുന്ന അച്ഛനെയും മോളെയുമാണ്.... രണ്ട്പേരും അവരുടെ ലോകത്താണ്..... വാതിലിന്റെ മറവിൽ നിന്ന് അവൾ അവരെ നോക്കി....

പൊന്ന് പോലൊരു മോൾ...ഉണ്ടകവിൾ കാട്ടി ചിരിക്കുന്ന ആ കുറുമ്പിക്ക് അവളുടെ അച്ഛന്റെ ഛായയാണെന്ന് അച്ചു ഓർത്തു...ബദ്രിയെ പോലെ തന്നെ ചിരിയും കണ്ണും മൂക്കും എല്ലാം.... ഇപ്പഴാണ് സ്വന്തം മകളെ കാണുന്നത്.... അവൾ ഓർത്തു.... ആ അച്ഛനെയും മകളെയെയും അവൾ കൺചിമ്മാതെ നോക്കി നിന്നു... ബദ്രി ഫീഡിങ് ബോട്ടിലിലെ പാൽ കുഞ്ഞിന്റെ വായിലേക്ക് വെച്ച് കൊടുത്തു... പാറുക്കുട്ടി അത് കുടിക്കാതെ മുഖം തിരിച്ചു....വായിൽ ഉള്ളതെല്ലാം തുപ്പി കളഞ്ഞു.... "അച്ചേടെ മോൾക്ക് പാല് വേണോടാ.... അമ്മേടെ അടുത്ത് പോണോ... മ്മ്....." ബദ്രി കുഞ്ഞിന്റെ മുഖം തലോടി കൊണ്ട് ചോദിച്ചു... അവള് എന്തൊക്കെയോ മൂളുന്നുണ്ട്.. "അവള് നമ്മളോട് മിണ്ടുന്നില്ലല്ലോ പാറു ക്കുട്ട്യേ..... സാരല്ല്യ... അമ്മ കുറച്ചു കഴിഞ്ഞാൽ ശെരിയായിക്കോളും അല്ലെ.. നമുക്ക് കാത്തിരിക്കാം... അല്ലേടി പെണ്ണെ..." ബദ്രി ആ കുറുമ്പിയെ മടിയിൽ നിർത്തി കൊണ്ട് പറഞ്ഞു.... അവള് അവന്റെ കഴുത്തിൽ പിടിച്ചു കൊണ്ട് മൂക്കിൻ തുമ്പിൽ കടിച്ചു പിടിച്ചു... അവന്റെ പരിഭവം കേൾക്കെ അച്ചുവിന്റെ കണ്ണ് നിറഞ്ഞു.... പക്ഷേ എന്ത് കൊണ്ടോ അടുക്കാൻ കഴിയുന്നില്ല..... അവൾ അടുക്കളയിലേക്ക് നടന്നു.... ദേവകിയമ്മയുടെ കുറേ നേരം നിന്നു... പാറുക്കുട്ടി ഉറക്കെ കരയുന്നത് കേൾക്കാം.... അച്ചുവിന്റെ മാറിടം വിങ്ങി...

കണ്ണ് നിറഞ്ഞു... അമ്മക്ക് പകരം അമ്മമാത്രം.... അവൾ അങ്ങോട്ട് ചെന്ന് നോക്കി.... അവളെ കണ്ടതും ബദ്രി മോളെ അവളുടെ കയ്യിൽ കൊടുത്തു..... പാറുക്കുട്ടി അമ്മയുടെ മേലേക്ക് ചാഞ്ഞിരുന്നുവെങ്കിലും ബദ്രിയുടെ ഷർട്ടിൽ ആ കുഞ്ഞികളിൽ മുറുകെ പിടിച്ചിരുന്നു..... അച്ചു ബദ്രിയെ ഒന്ന് നോക്കി.... അവനൊന്നും മിണ്ടാതെ ആ കുഞ്ഞികൈകൾ വേർപെടുത്തി.... അവൾ കുഞ്ഞിനേയും കൊണ്ട് അകത്തേക്ക് കയറി.. വാതിൽ അവന് മുന്നിൽ അടഞ്ഞു..... അല്ലേൽ എല്ലാത്തിനും താൻ അടുത്ത് വേണം..... ഇപ്പൊ അതിന്റെ ആവശ്യമില്ലല്ലോ.... അവൻ ഓർത്തു.... "മോനെ ചോറും കറിയും വെച്ചിട്ടുണ്ട്.... രാത്രിയിലേക്ക് ചോറ് വെച്ചാൽ മതി.... ഞാനിറങ്ങുവാ....." "നിൽക്കമ്മേ ഞാൻ വീട്ടിൽ ആക്കി തരാം...." ബദ്രി അതും അവന്റെ റൂമിലേക്ക് പോയി... ജിപ്സിയുടെ കീ എടുത്തോണ്ട് വന്നു... അച്ചു റൂമിന്റെ വാതിൽ തുറന്നിട്ടത് കണ്ടു... നേരം 9 മണിയായി... അവള് വല്ലതും കഴിച്ചോ ആവോ .? "അച്ചു ചായകുടിച്ചോ അമ്മേ...??" അവൻ ദേവകിയമ്മയോട് തിരക്കി... "എടുത്ത് വച്ചിരുന്നു... വിശപ്പില്ലെന്ന് പറഞ്ഞു..." അവരുടെ ശബ്ദം താഴ്ന്നു...

ബദ്രി അടുക്കളയിലേക്ക് നടന്നു... ചപ്പാത്തിയും കിഴങ്ങ് കറിയും പ്ലേറ്റിലാക്കി അച്ചൂന്റെ അടുത്തേക്ക് ചെന്നു... അവള് മോളെയും നോക്കി ഇരിക്കുവാണ്... ബദ്രി കടന്നു ചെന്നതും അവൾ ബെഡിൽ നിന്ന് പിടഞ്ഞെണീറ്റു.... അവൻ അവളെ നോക്കി മങ്ങിയ ഒരു ചിരി ചിരിച്ചു... "എന്താ ഒന്നും കഴിക്കാത്തത്.... മരുന്നു കഴിക്കാനുണ്ട്.... ഇവിടെ ആരും പട്ടിണി കിടക്കാറില്ല...." അവൻ അവളുടെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു... ആ വാക്കുകളിൽ പരിഭവവും സങ്കടവും പിണക്കവും എല്ലാമുണ്ട്.... കഴിക്കാനുള്ള മരുന്നും കൂടെ എടുത്തു വെച്ച് കൊടുത്തു.... കഴിക്കാനുള്ള സമയവും.... ഏതൊക്കെ കഴിക്കണം എന്ന് അവൾക്ക് പറഞ്ഞു കൊടുത്തു.... "എനിക്കറിയാം തനിക്ക് പറഞ്ഞു തരേണ്ട ആവശ്യമില്ലെന്ന്... പക്ഷെ ശീലമായിപോയി... മാറ്റാൻ പറ്റുമോന്ന് അറിയില്ല...." തലതാഴ്ത്തി നിൽക്കുന്ന അവളോട് അവൻ പറഞ്ഞു.. "മോളെ ശ്രദ്ധിക്കണം 11 മണി ആവുമ്പോൾ അവൾക്ക് എന്തേലും കഴിക്കാൻ കൊടുക്കണം.... ഞാനൊന്ന് പുറത്ത് പോകുവാ.... അപ്പു ഉണ്ട് ഇവിടെ...." അത്രയും പറഞ് അവളെ ഒന്ന് കൂടെ നോക്കിയ ശേഷം അവൻ റൂമിൽ നിന്നിറങ്ങി....

ദേവകിയമ്മയെയും കൂട്ടി പോയി.. "അച്ചൂന് ബേധമായി അല്ലെ ഉണ്ണിയേട്ടാ....." അവന്റെ നഗ്നമായ നെഞ്ചിൽ മുഖം ചേർത്ത് കിടന്നു കൊണ്ട് അമ്മാളു ചോദിച്ചു... "മ്മ്..അവൾക്ക് പഴയതൊന്നും ഓർമയില്ല....." ശങ്കർ നിശ്വസിച്ചു.... "പാവം.... അവൾക്ക് കുറച്ചു സമയം കൊടുക്കണം... അപ്പൊ അവള് കണ്ണേട്ടനോട് നല്ലപോലെ സംസാരിച്ചോളും....." ശങ്കർ ഒന്നും മിണ്ടിയില്ല.... അവളെ തിരിച്ചു കിടത്തി.... നീണ്ടു മെലിഞ്ഞ അവളുടെ കഴുത്തിൽ മുഖം അമർത്തി... "എന്നാലും ആ ഹരിയെ കൊല്ലമായിരുന്നു... ഇഷ്ടല്ല എനിക്കായാളെ...." അവൾ ദേഷ്യത്തോടെ പറഞ്ഞതും ശങ്കർ അവളുടെ കവിളിൽ നുള്ളി.... "ഞാനിവിടെ റൊമാന്റിക് ആയി നിൽക്കുമ്പോൾ അവള് കൊല്ലുന്ന കര്യം പറയാ...." അവൻ ചുണ്ട് കൂർപ്പിച്ചു.... അവൾ അത് കണ്ട് ചിരിച്ചു.. അവനൊരു കള്ളചിരിയോടെ ആ ചുണ്ടിലെ ചിരിയെ കവർന്നെടുത്തു.... പ്രണയം നിറഞ്ഞു നിന്ന നിമിഷങ്ങൾ... "ഉണ്ണിയേട്ടാ....." അവളുടെ തോളിൽ മുഖം ചേർത്ത് കിടക്കുന്നവനെ മെല്ലെ വിളിച്ചു... "മ്മ്....." "ഒരു പാട്ട് പാടി തരാവോ....??" "ഏത് പാട്ട്.....??" "ഉണ്ണിയേട്ടൻ എപ്പോഴും പാടുന്ന പാട്ട്... ഏറെ ഇഷ്ടമുള്ള ആ പാട്ട്....." അവൾ പറഞ്ഞത് കേട്ട് അവൻ ചിരിച്ചു.... അവളെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു.... മെല്ലെ പാടി...

"""""തനിയെ തെളിഞ്ഞ ഭാവമാം ശ്രീരാഗം ഒരു മാത്ര നീയൊത്തു ഞാന്‍ മൂളിയില്ലാ.. പുലര്‍മഞ്ഞു പെയ്യുന്ന യാമത്തിലും നിന്‍ മൃദുമേനിയൊന്നു തലോടിയില്ല.. എങ്കിലും..നീയറിഞ്ഞു.. എന്‍ മനമെന്നും നിന്‍ മനമറിയുന്നതായ്‌.. നിന്നെ പുണരുന്നതായ്... ഒരു ചെമ്പനീര്‍ പൂവിറിത്തു ഞാനോമലേ ഒരുവേള നിന്‍ നേര്‍ക്കു നീട്ടിയില്ല"""""""" അവന്റെ ശബ്ദമാധുര്യത്തിന്റെ ലയിച്ചു കൊണ്ട് അവൾ വിരൽ കൊണ്ട് അവന്റെ നെഞ്ചിൽ താളം പിടിച്ചു..... "ഇത്രനേരായിട്ടും നീ എന്താടാ ഒന്നും മിണ്ടാത്തത്....." രാമച്ചന്റെ ചോദ്യം കേട്ട് കുളക്കടവിലെ പടിയിൽ മലർന്നു കിടന്ന ആകാശത്തേക്ക് നോക്കി അവൻ സിഗരറ്റ് വലിച്ചൂതി വിട്ടു.... രാമച്ചൻ കുളത്തിലേക്ക് ഇറങ്ങി തലയിൽ കെട്ടിയ തോർത്ത്‌ ഊരി കാലിലെയും കയ്യിലെയും മണ്ണ് കഴുകി കളഞ്ഞു... തോട്ടത്തിൽ പണിക്കരുടെ ഒപ്പം നിൽക്കുമ്പോഴാണ്... സംസാരിക്കണം എന്നും പറഞ്ഞു ബദ്രി കുളക്കടവിലേക്ക് കൊണ്ട് വന്നത്.... "അവളുടെ അസുഖം മാറണ്ടായിരുന്നു....." ഏറെ നേരത്തെ നിശബ്ദതയെ ബേധിച്ചു അവൻ പറഞ്ഞു.... രാമച്ചൻ മുഖം കഴുകി കൊണ്ട് അവനെ നോക്കി... അവന്റെ അടുത്ത് ചെന്നിരുന്നു... "ഇങ്ങനെ ഒക്കെ ഉണ്ടാവും എന്ന് വിചാരിച്ചിരുന്നതല്ലെടാ..." "അല്ല രാമച്ചാ... ഈ അകൽച്ച ഒരിക്കൽ പോലും ഞാൻ ചിന്ദിച്ചിട്ടില്ല.... പ്രതീക്ഷിച്ചിരുന്നു.... ഇത്രയും അകന്നു പോകും എന്ന് വിചാരിച്ചില്ല...."

നേർത്തു പോയിരുന്നു അവന്റെ ശബ്ദം.... "അവള് പതിയെ മാറിക്കോളും... നീയല്ലേ ഒള്ളൂ അവൾക്ക്...." "പക്ഷേ... ഞാൻ അവളെ മുതലെടുത്തു എന്ന് തോന്നില്ലേ രാമച്ച... പാറു.... എന്റെ പാറുക്കുട്ടിയെ അവളൊരു തെറ്റായി കണ്ടാൽ... സഹിക്കാൻ പറ്റില്ലെനിക്ക്...." അവന്റെ ശബ്ദം ഇടറി... കയ്യിൽ സിഗരറ്റ് വലിച്ചെറിഞ്ഞു..എഴുനേറ്റു ഇരുന്നു.... "അങ്ങനെ ഒന്നുമുണ്ടാവില്ല... നീ വെറുതെ കാട് കയറി ചിന്തിച്ചു കൂട്ടണ്ട... സമയം കൊടുക്കണം അവൾക്ക്.... പതിയെ പൊരുത്തപെട്ട് വരട്ടെ.... എന്നിട്ട് ശേഖരനെ കൊണ്ട് പോയി കാണിക്കാം....." "മ്മ്......" ബദ്രി ഒന്ന് മൂളി... "ഹരിയേയും കൊണ്ട് നയന എങ്ങോട്ടാ പോയത്...??" "അറിയില്ല... എന്തോ ചികിത്സയാണെന്ന് തോന്നുന്നു... നട്ടെല്ലിന് എന്തോ ചതവോ സ്ക്രാച്ചോ മറ്റോ ഉണ്ടെന്ന് അമ്മ വിളിച്ചപ്പോൾ പറഞ്ഞു.... അവനെ കൊല്ലാൻ പറ്റിയില്ലല്ലോ എന്നത് ഇപ്പോഴും എന്റെ സങ്കടമാണ്....." ബദ്രി ദേഷ്യത്തോടെ മുഷ്ടി ചുരുട്ടി പിടിച്ചു... "ദത്തന് എങ്ങനെയുണ്ട്..." "ചികിത്സയൊക്കെ വീട്ടിൽ നടക്കുന്നുണ്ട്... അമ്മയുണ്ടല്ലോ.... പുന്നാര മോൻ പോയതിന്റെ സങ്കടത്തിലാണ്..."

അവൻ പുച്ഛത്തോടെ ചുണ്ട് കോട്ടി.. "സത്യം പറഞ്ഞാൽ ദത്തൻ കഥയറിയാതെ ആട്ടമാടുന്ന വെറും വിഡ്ഢിയാണ്... കണ്ണ് മൂടികെട്ടിയിരുക്കുവാണ് അയാളുടെ... ചുറ്റും ഉള്ളവരുടെ സ്നേഹം സത്യമാണെന്നു കരുതിയിട്ട്....." രാമച്ചൻ ദീർഘനിശ്വാസത്തോടെ പറഞ്ഞു... "ഞാൻ ഇറങ്ങട്ടെ.... നേരം ഒരുപാട് ആയി...അപ്പൂന് എന്തോ പരിപാടി ഉണ്ടെന്ന് പറയുന്നത് കേട്ടു.... ഏതോ ക്രിക്കറ്റ്‌ ടൂർണമെന്റ്.." ബദ്രി എഴുനേറ്റ് മുണ്ട് മടക്കി കുത്തി.. "എന്തായി അപ്പൂന്റെ കാര്യം പ്ലസ് ടു എക്സാം എങ്ങനെ ഈ തിരിക്കിനിടയിൽ എങ്ങനെ എഴുതി പാസായോ ആയോ..." രാമച്ചൻ പറയുന്നത് കേട്ട് ബദ്രി ചിരിച്ചു... "ഡിഗ്രിക്ക് പോണില്ലത്രേ അവൻ.... ഏതേലും കോഴ്സ് നോക്കണം....ഇല്ലേൽ ചെക്കൻ മടിപിടിച്ചിരിക്കും...."  "പാറൂട്ട്യേ...ഞാൻ പോയിട്ട് വരാട്ടോ...." വെറും നിലത്ത് നീന്തി കാലിട്ടടിച്ചു നീന്തി കളിച്ചു കൊണ്ടിരുന്ന പാറുക്കുട്ടിയുടെ അടുത്ത് മുട്ട് കുത്തിയിരുന്ന് അപ്പു അവളുടെ ഉണ്ടാകവിളിൽ ഉമ്മ കൊടുത്തു.... "ഞാൻ പോയി വേഗം വരാം അച്ചുമ്മ.... കിണ്ണ... സോറി കണ്ണേട്ടൻ ഇപ്പൊ വരും...പിന്നെ ദേ ആ മാവിന്റെ ചുവട്ടിൽ വന്നു നിന്നാൽ പാടത്തു നടക്കണ മാച്ച് കാണാൻ പറ്റും....." പുഞ്ചിരിയോടെ അച്ചുവിനോട് പറഞ്ഞവൻ എഴുനേറ്റു... അച്ചു അവനെ നോക്കി തലയാട്ടി.. അപ്പു ഒന്ന് ചിരിച്ചു... "ഞാൻ അച്ചുമ്മാ എന്നാ വിളിച്ചിരുന്നെ.... അച്ചുമ്മ എന്നെ അപ്പൂട്ടാ എന്നും.... കണ്ണേട്ടനെ കിണ്ണാ എന്നാ വിളിച്ചിരുന്നെ..." അപ്പു അവളോട് പറഞ്ഞതും അച്ചു മുഖം ഉയർത്തി അവനെ നോക്കി...

"അച്ചുമ്മക്ക് ഒന്നും ഓർമയില്ലാലെ....കുറച്ചു ദിവസം മുന്നേ വരെ കണ്ണേട്ടൻ വേണായിരുന്നു എല്ലാത്തിനും... കിണ്ണാ.... കിണ്ണാന്ന് ഈ വീട്ടിൽ എപ്പോഴും മുഴങ്ങി കേൾക്കും.... കണ്ണേട്ടൻ വാരി തരാതെ ചോറു പോലും കഴിക്കില്ലായിരുന്നു അച്ചുമ്മ...പാറുക്കുട്ടിയെക്കാളും കൊഞ്ചിച്ചും പുന്നാരിച്ചും ആയിരുന്നു അച്ചുമ്മയെ കണ്ണേട്ടൻ നോക്കിയിരുന്നത്..." അപ്പൂന്റെ കണ്ണുകൾ നിറഞ്ഞത് കണ്ട് വേദനയോടെ അവൾ തലതാഴ്ത്തി.... "നിങ്ങളെ രണ്ട് പേരെയും ഒരുപോലെ നോക്കുമായിരുന്നു എന്റെ കണ്ണേട്ടൻ... ഇടക്ക് ഒക്കെ അച്ചുമ്മയുടെ ഉറക്കം തടസപെടാതെ ഉറക്കമുളച്ചു കരയുന്ന പാറുക്കുട്ടിയേയും എടുത്തു രാത്രിയിൽ നടക്കുന്ന കണ്ണേട്ടനെ എത്രയോ കണ്ടിരിക്കുന്നു... പാവം തോന്നും..അച്ചുമ്മയെ അത്രക്ക് ഇഷ്ടാ എന്റെ കണ്ണേട്ടന്.... അധികനാളൊന്നും ഇങ്ങനെ വേദനിപ്പിക്കരുത്.... കണ്ടിട്ട് സഹിക്കുന്നില്ല....." അവളോട് അത്രയും പറഞ് ക്രിക്കറ്റ്‌ കിറ്റും കയ്യിൽ എടുത്തവൻ പുറത്തേക്ക് ഇറങ്ങി പോയി... അച്ചുവിന് വല്ലാത്ത സങ്കടം തോന്നി.... കിണ്ണൻ....!! അവളുടെ ചുണ്ടുകൾ മന്ത്രിച്ചു... "മ്മ....മ്മ്മ്മ്.... " നിലത്ത് കൈ വെച്ചടിച്ചു കൊണ്ട് വിളിക്കുന്ന പാറുകുട്ടിയെ അവൾ വാരി എടുത്തു.... മുഖം മുഴുവൻ ചുംബങ്ങൾ കൊണ്ട് മൂടി... "അമ്മേടെ പോന്നാ....." അവൾ വിങ്ങി പൊട്ടിക്കൊണ്ട് കുഞ്ഞിനെ മാറോടു ചേർത്ത് പിടിച്ചു..

ബദ്രി തിരികെ വരുമ്പോൾ കണ്ടത് മാവിൽ കെട്ടിയ ഊഞ്ഞാലിൽ പാറുക്കുട്ടിയേയും മടിയിൽ ഇരുത്തി മെല്ലെ ആടുന്ന അച്ചുവിനെയാണ്.... കണ്ണുകൾ പാടത്തു ക്രിക്കറ്റ് കളിക്കുന്ന പിള്ളേരിലാണ്.. പാറുക്കുട്ടി കയ്യിലെ കളിപ്പാട്ടം തിരിച്ചും മറിച്ചും നോക്കി വായിലിടുന്ന തിരക്കിലാണ്... ബദ്രിയെ കണ്ടതും പാറുക്കുട്ടി അവന് നേരെ കൈനീട്ടുന്നുണ്ട്,... അച്ചു കുഞ്ഞിനെ അവന്റെ കയ്യിൽ കൊടുത്തു.... കൊടുക്കുമ്പോൾ അവനെ നോക്കി.... ആ മിഴികൾ തന്നെ തന്നെ നോക്കി നിൽക്കുവാണെന്ന് കണ്ടപ്പോൾ ഉള്ളമൊന്നു വിറച്ചു.... മെല്ലെ മിഴികൾ താഴ്ത്തി മാറി നിന്നു.... "അച്ചേടെ പാറുകുട്ട്യേ....." ബദ്രി നീട്ടി വിളിച്ചതും കുറുമ്പി കള്ളചിരി ചിരിച്ചു കൊണ്ട് ബദ്രിയുടെ തോളിൽ കിടന്നു.... പിന്നെ തൊടിയിലെ കൈചൂണ്ടി.. അവളുടെ ആവശ്യം മനസിലായപ്പോൾ ബദ്രി അങ്ങോട്ട് നടന്നു... ചാമ്പമരത്തിനടുത്തേക്ക് നടക്കുന്നത് അച്ചു നോക്കി നിന്നു... കയ്യിൽ കുറച്ചു ചാമ്പക്ക പറിച്ചെടുത്ത് ബദ്രി തിരികെ വന്നു... പൈപ്പിലെ വെള്ളത്തിൽ കഴുകി... ഒരു നുള്ള് കഷ്ണം പാറൂട്ടിയുടെ വായിൽ വെച്ച് കൊടുത്തു.... ബാക്കി അവൻ അച്ചൂന് നേരെ നീട്ടി.... അവൾ അവനെ തന്നെ നോക്കി നിൽക്കുവായിരുന്നു.... ബദ്രി അവളുടെ കയ്യിൽ മെല്ലെ തട്ടി... അവൾ ഞെട്ടി കൊണ്ട് പുറകോട്ട് മാറി... "മ്മ്...."

കയ്യിലുള്ള ചാമ്പക്ക അവൾക്ക് നേരെ നീട്ടി.... മറുത്ത് ഒന്നും ചിന്ദിക്കാതെ അവൾ അത് വാങ്ങി... അവന്റെ മുഖം വിടർന്നു.... ഒന്നെടുത്തു കഴിച്ചു നോക്കുന്നത് കണ്ടപ്പോൾ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു... പാടത്തു പിള്ളേരുടെ ബഹളം ഉച്ചത്തിൽ കേൾക്കാം... അവൻ അങ്ങോട്ട്‌ നോക്കി... എല്ലാവരും തുള്ളി ചാടുന്നുണ്ട്... "കണ്ണേട്ടാ ഞങ്ങള് ജയിച്ചേ.... ഞാൻ 6 സിക്സ് അടിച്ചു....." അപ്പു സന്തോഷത്തോടെ ഓടി വന്നു.... അവന്റെ ദേഹത്ത് ആകെ കളർ പൊടിയാണ്... അവൻ പാറുക്കുട്ടിയെ ഒരു കൈകൊണ്ട് വാങ്ങി. "ഇത് എന്റെ സന്തോഷത്തിന്.." പോക്കറ്റിൽ നിറച്ച പൊടി അവൻ ബദ്രിക്കും അച്ചുവിനും നേരെ വാരി എറിഞ്ഞു.... വേഗം മോളെയും എടുത്ത് പാടത്തേക്ക് ഓടി... "ഡാാ കുരുത്തം കെട്ടവനെ...." ബദ്രി തലയിൽ പൊടി കുടഞ്ഞു കൊണ്ട് അലറി..... "ആഹ്.... സ്സ്....." കണ്ണിലേക്കു പൊടി ആയതും അച്ചു ബദ്രിയുടെ കയ്യിൽ അറിയാതെ പിടി മുറുക്കി.... കണ്ണ് തുറക്കാൻ അവൾ പ്രയാസപ്പെടുന്നത് കണ്ടതും അവൻ വെപ്രാളത്തോടെ അവളുടെ മുഖം കയ്യിലെടുത്തു... "അച്ചൂട്ടാ.... എന്താ.... എന്താ പറ്റ്യേ....." അവൻ ആകുലതയോട് ചോദിച്ചു.... അവൾ അവന്റെ കയ്യിൽ മുറുകേ പിടിച്ചു.................തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story