ഈ മഴയിൽ....❤️ പാർട്ട്‌ 69

ee mazhayil

എഴുത്തുകാരി: ✍ ആൻവി

ബദ്രി തന്റെ മുന്നിൽ കണ്ണടച്ചു നിൽക്കുന്ന അച്ചുവിനെ ഇമ ചിമ്മാതെ നോക്കി.... ചെറു പുഞ്ചിരിയോടെ അവളുടെ കണ്ണ് തുറന്നു പിടിച്ച് മെല്ലെ ഊതി.... അച്ചു ഒരു പിടച്ചിലോടെ അവന്റെ അവന്റെ കയ്യിലെ പിടിച്ചു മുറുക്കി... അവളെ ഒന്ന് കൂടി നോക്കി... "ഇപ്പോ മാറിയോ....??" കാറ്റുപോലെ അവന്റെ ശബ്ദം അവളുടെ വലം കാതിനെ പൊതിഞ്ഞു... അച്ചു മെല്ലെ കണ്ണ് തുറന്നു...ആദ്യം നോട്ടം എത്തിയത്... അവന്റെ തിളങ്ങുന്ന കണ്ണുകളിലേക്ക് ആണ്....ആ കണ്ണുകൾ തന്റെ മുഖമാകെ അലഞ്ഞു നടക്കുന്നത് കണ്ട് അവളുടെ ഉള്ളം വിറച്ചു.... അവന്റെ കൈകൾ ഇപ്പോഴും താൻറെ കവിളുകളിലാണ്....തന്റെ കൈകൾ അവന്റെ കൈകളിൽ മുറുകെ പിടിച്ചിട്ടുണ്ട് എന്ന് കണ്ടതും... അച്ചു പിടച്ചിലോടെ അവനിൽ നിന്ന് അകന്നു മാറി.... ബദ്രി അവളെ നോക്കി ഒന്ന് ചിരിച്ചു... മങ്ങിയ ചിരി.... അവൾ മുഖത്തേക്ക് പാറി വീണ മുടിയിഴകളെ മാടി ഒതുക്കി കൊണ്ട് അകത്തേക്ക് കയറി പോയി.... ബദ്രി ദീർഘ നിശ്വാസത്തോടെ അവൾ പോകുന്നത് നോക്കി നിന്നു...

"ഇച്ചൂക്കാ കുൽസൂനെ നോക്കണേ....." അടുക്കളയിൽ ഇന്ന് വിളിച്ചു പറഞ്ഞത് കേട്ട് ഇച്ചു ടിവിയിൽ നിന്ന് മുഖം ചെരിച്ച് റൂമിന്റെ വാതിലിൽക്കലേക്ക് ഒന്ന് നോക്കി.... നോക്കുമ്പോഴതാ വാതിലിൽ പിടിച്ചു എണീറ്റ് നിൽക്കുന്നു കുൽസു പെണ്ണ്... അവൻ കണ്ണുകൾ വിടർത്തി കുറുമ്പിക്ക് അരുകിലേക്ക് ഓടി.... "പ്പാ......." അവൻ വരുന്നത് കണ്ടു മോള് വാതിലിൽ നിന്ന് പിടി വിട്ട് അവന് നേരെ കൈ നീട്ടി... പെട്ടെന്ന് ബാലൻസ് കിട്ടാതെ നിലത്തേക്ക് തന്നെ ഇരുന്നു... ഇച്ചു പെണ്ണിനെ ചെന്ന് വാരി എടുത്തു... "ഉപ്പച്ചീടെ വാവച്ചി വീഴൂലെ.... മ്മ്...." അവൻ കുറുമ്പിയുടെ കവിളിൽ ഉമ്മ വെച്ചു... "ഭാ .. നമ്മക്ക് നടക്കാം...." അവൻ മോളെ താഴെ നിർത്തി അവളുടെ മുന്നിൽ മുട്ട് കുത്തി നിന്നു.... അവൻ നീട്ടിയ വിരലിൽ കുഞ്ഞികൈകൾ പിടി മുറുക്കി..... കുഞ്ഞ് പാദം മെല്ലെ ചുവട് വെച്ചു.... വീഴാൻ പോകുമ്പോൾ ഇച്ചു അവളെ പിടിക്കുന്നുണ്ട്.... "അയ്യോടാ...."

ഇച്ചു ആ കുറുമ്പിയെ നോക്കി ചുണ്ട് കൊണ്ട് ഒരുമ്മ കൊടുത്തതും... തെന്നി തെന്നി വന്നവൾ അവന്റെ മേലേക്ക് ചാഞ്ഞു.. "ഉപ്പച്ചീടെ ചക്കര....." അവൻ മോളെ പൊതിഞ്ഞു പിടിച്ചു കൊണ്ട് എഴുനേറ്റു... അപ്പോഴാണ് അവൻ കുഞ്ഞിന്റെ കാത് ശ്രദ്ധിക്കുന്നത്.... ചെറുതായി ചുവന്നിരിക്കുന്നു.... ഇന്നലെ നൈഷു വാശിപിടിച്ച് കൊണ്ട് പോയതാണ്... കാത് കുത്തിക്കണം എന്ന് പറഞ്ഞ്..... കുഞ്ഞ് കരയണ കണ്ടപ്പോഴേ ദേഷ്യം വന്നത് കയ്യും കണക്കുമില്ല... "എടി നൈഷു......" അവൻ ഉറക്കെ വിളിച്ചു.. "എന്താ ഇക്കാ..." അടുക്കളയിൽ നിന്ന് മറുപടി എത്തി...രാത്രിയിലേക്കുള്ള ചപ്പാത്തി മാവ് കുഴക്കുവാരുന്നു അവള്... ഇച്ചു മോളെയും കൊണ്ട് അങ്ങോട്ട് ചെന്നു... "കണ്ടോടി.. എന്റെ മോൾടെ ചെവി ചുവന്നിരിക്കുന്നു....." നൈഷു മോൾടെ കതിലേക്ക് നോക്കി... "അത് അവളുടെ ചെവി അങ്ങനെ തന്നെയാണ്.. ചുവന്നിട്ട്....." "എന്നിട്ട് ആണോ അവള് കാതിൽ തൊടാൻ സമ്മതിക്കാത്തത്....നിനക്കിട്ട് ഒന്ന് തരണം...." അവൻ കൈ മടക്കി അവളെ തല്ലാൻ ആഞ്ഞു... നൈഷു ചുണ്ട് കോട്ടി കൊണ്ട് ജോലിയിലേക്ക് തിരിഞ്ഞു...

ഇച്ചു അവളുടെ ഇടുപ്പിൽ ഒന്ന് പിച്ചി... "ആഹ്.... എന്ത... നിങ്ങക്ക്...," അവൾ മുഖം ചുളിച്ചു കൊണ്ട് ചോദിച്ചു... അവനൊന്നു കണ്ണിറുക്കി കാണിച്ചു... "പിന്നെ നാളെ നമുക്ക് അച്ചൂനെ കാണാൻ പോകാം കേട്ടോ.... വൈകീട്ട് പോകാം ഞാൻ വരുമ്പോഴേക്കും നീ റെഡിയായി നിന്നോ..." "ഞാനിത് അങ്ങോട്ട് പറയാൻ നിക്കുവായിരുന്നു.... " നൈഷു ജോലിക്കിടയിൽ പറഞ്ഞു.. "മ്മ്...." അവനൊന്നു മൂളി....അപ്പോഴേക്കും കുൽസു താഴെ ഇറങ്ങാൻ ബഹളം വെക്കാൻ തുടങ്ങി.,.. ഉമ്മറത്തെ ചാരു പടിയിൽ മലർന്ന കിടക്കുകയായിരുന്നു ബദ്രി..... പുറത്ത് നല്ല ഇരുട്ടാണ്.... ഉറങ്ങാൻ കഴിയുന്നില്ല.... എന്തിനോയോ തേടി ഉറക്കം യാത്രയായതാവാം... മച്ചിലേക്ക് നോക്കി അങ്ങനെ കിടന്നു.... എന്തൊക്കെയോ ചിന്തിച്ചു കൂട്ടി.... റൂമിൽ നിന്ന് പാറുക്കുട്ടിയുടെ കരച്ചിൽ കേട്ടു.... പാല് കൊടുക്കാൻ അച്ചു കൊണ്ട് പോയതാണ്.... അവൻ എഴുനേറ്റ് അവൾ കിടക്കുന്ന റൂമിലേക്ക് ചെന്നു.... അച്ചു കുഞ്ഞിനെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.... "മോളെ ഞാനുറക്കാം....." അവൻ പറഞ്ഞു... "വേണ്ട...ഞാൻ...." അവളുടെ ശബ്ദം നേർത്തു പോയിരുന്നു...

കുഞ്ഞ് ബദ്രിയെ കണ്ടതും അവന്റെ നേരെ ചാഞ്ഞു കൊണ്ട് കരഞ്ഞു.... "അച്ചേടെ പാറുക്കുട്ട്യേ...." സ്നേഹത്തോടെയുള്ള ആ വിളി കേട്ടതും കുഞ്ഞിപെണ്ണിന്റെ കരച്ചിൽ നേർത്തു വന്നു.... അവൻ കുഞ്ഞിനെ എടുത്തതും അവൾ അവന്റെ മേലേക്ക് ചാഞ്ഞു കിടന്നു... അച്ചു നോക്കി കാണുകയായിരുന്നു ആ അച്ഛനെയും മകളെയും....ബദ്രിയോട് പാറുക്കുട്ടി അത്രത്തോളം അടുപ്പമാണ്... വിശപ്പ് മാറ്റാൻ മാത്രം മതി അവൾക്ക് അമ്മ.... "ഇത്രനാളും ഞാനല്ലേ ഉറക്കിയത്..രണ്ട് പേരെയും അതാണ്... പതിയെ മാറിക്കോളും...." അവളുടെ മുഖത്തേക്ക് നോക്കാതെ അവൻ പറഞ്ഞു... അച്ചു തലതാഴ്ത്തി നിന്നു.. "കിടന്നോ...." അച്ചുവിനോട് പറഞ്ഞവൻ റൂമിൽ നിന്നിറങ്ങി.... അവർക്ക് ഒപ്പം പോകാൻ അവളുടെ ഉള്ളം തുടിച്ചു.... """"ഏതോ വാർ‍മുകിലിൻ കിനാവിലെ മുത്തായ് നീ വന്നൂ (2) ഓമലേ .. ജീവനിൽ അമൃതേകാനായ് വീണ്ടും എന്നിൽ ഏതോ ഓർമ്മകളായ് നിലാവിൻ മുത്തേ നീ വന്നു""""" പുറത്ത് നിന്ന് ബദ്രി പാടുന്നത് കേട്ടു... വേഗം ഉമ്മറത്തേക്ക് ചെന്ന് നോക്കി... തിണ്ണയിൽ പുറകിലെ തൂണിലേക്ക് ചാരി ഇരുന്ന മോളെ പാടി ഉറക്കുവാണ് ബദ്രി.... അവൾ വാതിൽക്കൽ നിന്നു.... അവന്റെ പാട്ട് കേട്ട് അറിയാതെ ചിരി വന്നു... അത് കൃത്യമായി ബദ്രി കണ്ടിരുന്നു... "എന്തേയ്...."

അവൻ ഗൗരവത്തോടെ ചോദിച്ചു.. "മ്മ്ഹ്ഹ്....." ഒന്ന് മൂളി കൊണ്ട് അവൾ വാതിലിന്റെ മറവിലേക്ക് നിന്നു.. "എന്റെ പാട്ട് കേൾക്കാതെ ഉറങ്ങില്ലായിരുന്നു... എന്നിട്ട് ഇപ്പോ ചിരിക്കുന്നോ...??" കുസൃതി നിറഞ്ഞ അവന്റെ ശബ്ദം കതിലേക്ക് എത്തി.... മുഖം താഴ്ത്തി അവൾ മെല്ലെ വാതിലിന്റെ മറവിലേക്ക് നിന്നു.... ബദ്രി മറഞ്ഞു നിക്കുന്നവളെ നോക്കി പുഞ്ചിച്ചു.... പാറുക്കുട്ടി ഉറക്കം പിടിച്ചിരുന്നു.... "പോയി കിടന്നോളൂ..ക്ഷീണം കാണും...മോളെ എന്റെ അടുത്ത് കിടത്തിക്കോളാം..." ബദ്രി കുഞ്ഞിനേയും എടുത്ത് മുകളിലേക്ക് നടന്നു... അച്ചു എന്ത് ചെയ്യണം എന്ന് അറിയാതെ നിന്നു.... ഇന്നലെ ദേവകിയമ്മയുണ്ടായിരുന്നു കൂട്ടിന്...ഇന്ന് ഒറ്റക്ക് കിടക്കേണ്ടി വരുമോ....? അവൻ ആലോചിച്ചു.... പിന്നെ മടിയോടെ ബദ്രിയുടെ പുറകെ ചെന്നു.... പാറുക്കുട്ടിയെ ബെഡിൽ കിടത്തുകയായിരുന്നു ബദ്രി.... വാതിൽക്കൽ അനക്കം കേട്ട് അങ്ങോട്ട് നോക്കി.... അകത്തേക്ക് കയറാതെ അവനെ തന്നെ നോക്കി നിൽക്കുവായിരുന്നു അച്ചു... "എന്ത് പറ്റി...." ബദ്രി ആധിയോടെ അവൾക്ക് അരുകിലേക്ക് ചെന്നു... കട്ടിലപടിയിൽ മറുകി പിടിച്ചു കൊണ്ട് അവൾ അവനെ നോക്കി... ആ മുഖത്തെ ദയനീയത കണ്ട് ഉള്ളം നൊന്തു... "എന്താ അച്ചു....." അത്രമേൽ സ്നേഹത്തോടെ അവൻ ചോദിച്ചു.... അവളുടെ കണ്ണുകൾ നിറഞ്ഞു....

അത് കാൺകെ നെഞ്ചിനുള്ളിൽ ഒരു ഭാരം തോന്നി..... "ഒറ്റക്ക് കിടക്കാൻ പേടിയാ...." പറയുമ്പോൾ ആ ചുണ്ട് അറിയാതെ വിതുമ്പി പോയി... ഒറ്റക്ക് അല്ല ഞാനുണ്ട് എന്ന് പറഞ്ഞു നെഞ്ചിലേക്ക് ചേർത്ത് പിടിക്കാൻ അവന്റെ ഹൃദയം വെമ്പി... അവൻ അലിവോടെ അവളെ നോക്കി.... പിന്നെ വാതിൽക്കൽ നിന്ന് മാറി കൊടുത്തു... ഒന്ന് മടിച്ചിട്ട് ആണേലും അച്ചു അകത്തേക്ക് കയറി.... അവള് മടിച്ചു നിൽക്കുന്നത് കണ്ടപ്പോൾ ബദ്രി ഓർത്തു... അവന്റെ അച്ചു അവളിൽ ഒരു തരി പോലുമില്ലെന്ന്.... "കിടന്നോ...." അവൻ പതിയെ പറഞ്ഞു.... അച്ചു അവനെ നോക്കി... ബദ്രി പാറുനെ എടുത്തു നെഞ്ചിലേക്ക് ചേർത്ത് പിടിച്ച് ഹെഡ് ബോർഡിലേക്ക് ചാരി ഇരുന്നു.. ഒന്ന് കട്ടിലിൽ കയറി ചുമരിനോട്‌ ചേർന്നു കിടന്നു... പിന്നെ ആ റൂം മുഴുവൻ കണ്ണോടിച്ചു... വെള്ള നിറമുള്ള പെയിന്റ് അടിച്ച ചുവരിൽ നിറയെ കളർ ചോക്ക് കൊണ്ടും കണ്മഷി കൊണ്ടും കുത്തി വരച്ചും ഓരോന്ന് എഴുതി വെച്ചും വൃത്തിക്കേട് ആണ്.... അവൾ ചുവരിലൊക്ക് സൂക്ഷിച്ചു നോക്കി.... അച്ചൂന്റെ കിണ്ണൻ.... ചുവരിൽ പലയിടത്തും എഴുതിയിട്ടുണ്ട്... കണ്ണിൽ നിന്ന് ഒഴുകി വന്ന കണ്ണ് നീർ തുടച്ചു കൊണ്ട് ബദ്രിയെ നോക്കി... പാറുക്കുട്ടിയുടെ പുറത്ത് തലോടി കൊണ്ട് എന്തോ ആലോചിച്ചിരിക്കുവാണ്.... അവനെ നോക്കി അങ്ങനെ കിടന്നു.....

ബദ്രി നോക്കുമ്പോൾ അച്ചു ഉറങ്ങിയിരുന്നു.... എത്ര നാളുകൾക്ക് ശേഷമാണ് അവൾ ഈ റൂമിൽ....ഇന്ന് പക്ഷേ അപരിചിതരെ പോലെ...! അവൻ മോളെ ബെഡിലേക്ക് കിടത്തി.... അച്ചുവിനെ നോക്കി കിടന്നു... ഇനിയും എത്രനാൾ കാത്തിരിക്കണം.....? അലസമായി മുഖത്തേക്ക് വീണു കിടന്ന അവളുടെ മുടിയിഴകളെ അവൻ കയ്യെത്തി മാടി ഒതുക്കി.... മിനുസമാർന്ന കവിളിൽ കൈ വെച്ചു.....നെറ്റിയിൽ മൃദുവായ് ഒന്ന് ചുംബിച്ചു.... മനസ്സിനെ അടക്കി നിർത്താൻ കഴിയാതെ.... തന്റെത് ആണെന്ന് വീണ്ടും വീണ്ടും ഉറപ്പിച്ചു കൊണ്ട് ഒരു ചുംബനം... മുന്നെയൊക്കെ ഉമ്മ ചോദിച്ചു വാങ്ങുമായിരുന്നു... അവൻ ചിരിയോടെ ഓർത്തു... ഉറങ്ങും പോലെ കിടക്കാൻ അച്ചു നന്നേ പാടുപെട്ടിരുന്നു.... അവന്റെ സ്നേഹം അവളെ ഇല്ലാതെ ആക്കും പോലെ.... മനസ്സ് അവനിലേക്ക് ഒരു ഉപാധിയും കൂടെ ചാഞ്ഞു പോകുന്നു.... എന്തൊരു സ്നേഹമാണിത്....! ശെരിക്കും വല്ലാത്തൊരു മായാജാലം.. എന്നോട് ആണോ ഈ സ്നേഹം....? എന്നിൽ എന്നോ കയറികൂടിയ ആ ഭ്രാന്തിനോടല്ലേ ഇദ്ദേഹത്തിന്റെ സ്നേഹം..?? പാറുക്കുട്ടിയുടെ അമ്മയോടല്ലേ ഈ സ്നേഹം....? അവൾ ബെഡ്ഷീറ്റിൽ മുറുകെ പിടിച്ചു കണ്ണുകൾ ഇറുക്കി അടച്ചു....

"എനിക്ക് വേണ്ട....." ദേഷിച്ചു കൊണ്ട് ഹരി മുഖം തിരിച്ചു.... നയന കയ്യിലെ കഞ്ഞി പാത്രം ടേബിളിൽ വെച്ച് കൊണ്ട് അവനെ നോക്കി.... "എന്തിനാണ് ഹരി വാശി പിടിക്കുന്നത്...." "നയന പ്ലീസ്,..." അവൻ അവനെ വേദനയോട് നോക്കി.... ശരീരം അനങ്ങുമ്പോൾ നട്ടെല്ലിലൂടെ ഒരു വേദന പ്രവഹിക്കാറുണ്ട്... അസഹ്യമായ വേദന.... അതിന്റെ ദേഷ്യവും വേദനയും ഇടക്ക് വാക്കുകളിലൂടെ ഹരി പ്രകടിപ്പിക്കാറുണ്ട്.... "എന്തൊരു വാശിയാണ് ഹരി... കൃത്യമായി മരുന്ന് കഴിക്കില്ല... ഭക്ഷണം കഴിക്കില്ല... എല്ലാം ആയാലല്ലേ ട്രീറ്റ്മെന്റ് എടുത്തിട്ട് കാര്യമൊള്ളൂ....." അവൾ സമാധാനത്തോടെ ചോദിച്ചു.... "നിനക്ക് പറ്റില്ലേൽ പൊക്കോ.... അല്ലേലും ആരോഗ്യമില്ലാത്ത എനിക്ക് ഇനി എന്തിനാണ് ട്രീറ്റ്മെന്റ്.... എന്റെ ജോലി പോകും... എനിക്ക് ഇനി...." തലയിണയിൽ തലയുരച്ചു കൊണ്ട് പറഞ്ഞു നിർത്തി... കണ്ണുകൾ നിറഞ്ഞൊഴുകി... "എണീറ്റിട്ട് അനിയനോട് പ്രതികാരം ചോദിക്കാൻ പോകണ്ടേ...??" തെല്ലും പുച്ഛത്തോടെ അവൾ ചോദിച്ചു.. അവനൊന്നും മിണ്ടാതെ കിടന്നു.... "സഹതാപമാണ് ഹരി എനിക്ക് തോന്നുന്നു... എന്റെ കുഞ്ഞ് ഇതൊന്നും കണ്ട് പഠിക്കരുത്... അതാ എന്റെ പ്രാർത്ഥന...." അവൾ വാക്കുകളിൽ ദേഷ്യം ഒളിപ്പിച്ചു കൊണ്ട് പറഞ്ഞു..... "നിന്നെ മാത്രം പറഞ്ഞിട്ട് കാര്യമില്ല...

അനിയനാണ് എന്ന് പറഞ്ഞു പഠിപ്പിക്കേണ്ട അച്ഛൻ തന്നെയല്ലേ തമ്മിൽ തല്ലിക്കാൻ മുന്നിൽ നിന്നത്.... എന്നിട്ട് ഇപ്പോ മകൻ ഒരു ഇടത്ത് അനങ്ങാൻ വയ്യാതെ കിടക്കുന്നു.. മറുവശത്തു അച്ചനും.... കൊള്ളാം...." പുച്ഛത്തോടെ അവൾ പറയുന്നത് കേട്ട് ഹരി കണ്ണുകൾ ഇറുക്കി അടച്ചു... "ഒന്നിനും ഇല്ലാതെ ഒതുങ്ങി നടന്നവന്റെ പുറകെ ചെന്ന് അടി ഇരന്നു വാങ്ങിയതല്ലേ.... പോരാത്തതിന് എന്തിന് കൂടെ നിന്ന് മറ്റാരേക്കാളും നിന്നെ സ്നേഹിച്ച സ്വന്തം അച്ഛനെ വരെ കൊല്ലാൻ നോക്കിയില്ലേ..." "നയന.....!" നെഞ്ചിലൊരു പ്രഹരം ഏറ്റത് പോലെ അവൻ പിടഞ്ഞു.... "നീ ഒന്നും പറയണ്ട.. ഡോക്ടർ പറഞ്ഞു ഭക്ഷത്തിൽ നിന്നുമാണ് അച്ഛന് അങ്ങനെ പറ്റിയത് എന്ന്...അമ്മ പറഞ്ഞു നീ അച്ഛന്റെ റൂമിൽ നിന്ന് ഇറങ്ങി പോയതിന് ശേഷമാണ് ടേബിളിൽ ഇരുന്ന ചോറ് എടുത്തു കൊടുത്തത് എന്ന്... നിന്റെ മുഖത്തെ പരിഭ്രമം കണ്ടെങ്കിലും ഈ ഇങ്ങനെ ചെയ്യും എന്ന് ആ പാവം വിചാരിച്ചു കാണില്ല...." "അങ്ങനെ ഉണ്ടാവും എന്ന് വിചാരിച്ചു ചെയ്തതല്ല... ബദ്രി അവിടെ എത്തിക്കാൻ...." ബാക്കി പറയാതെ അവൻ അവളെ നോക്കി...

അവനെ ഒന്ന്ദേഷ്യത്തോടെ നോക്കി അവൾ ഇറങ്ങി പോയി.....  "അപ്പൂ.... ചോറ് എടുത്തു വെക്ക്....." റൂമിലേക്ക് കയറും മുന്നേ ബദ്രി ഉറക്കെ വിളിച്ചു പറഞ്ഞു... ഹെഡ് സെറ്റും വെച്ച് പാട്ട് കേൾക്കുന്ന അപ്പുവുണ്ടോ അത് കേൾക്കുന്നു.... കേൾക്കാൻ കാത്ത് നിന്നപോലെ അച്ചു അടുക്കളയിലേക്ക് ഓടി.... ഉണ്ടാക്കി വെച്ചതെല്ലാം ടേബിളിൽ നിരത്തി.... ബദ്രി വിയർപ്പ് ആയ ഷർട്ട്‌ അഴിച്ഛ് റൂമിന്റെ മൂലക്കലേക്ക് എറിഞ്ഞു.... ഷെൽഫിൽ നിന്ന് വേറൊരു ഷർട്ട്‌ എടുക്കാൻ നോക്കിയപ്പോൾ അതിശയിച്ചു പോയി.... കുത്തി നിറച്ചു വെച്ചിരുന്ന ഷർട്ടും മുണ്ടും എല്ലാം അടുക്കി വെച്ചിരിക്കുന്നു... അവൻ ഒരു പച്ച ഷർട്ട്‌ എടുത്ത് ഇട്ടു.. ഒപ്പം അതിനോട് ചേർന്ന കരയുള്ള മുണ്ടും.... ബെഡ്ഷീറ്റ് ഒക്കെ മാറ്റി വിരിച്ചിരിക്കുന്നു... പാറുക്കുട്ടി ബെഡിൽ കിടന്ന് നല്ല ഉറക്കമാണ്.... അവൻ മോൾക് അടുത്ത് ചെന്നിരുന്നു.... കണ്ണും പുരികവുമൊക്കെ എഴുതിയിട്ടുണ്ട്...ഉണ്ടകവിളിൽ ഒരു കറുത്ത കുത്തും ഉണ്ട്... ചുണ്ട് നുണഞ്ഞു കൊണ്ടാണ് കിടപ്പ്.... അവൻ അവളുടെ കവിളിൽ ഒരുമ്മ കൊടുത്തു... പാലിന്റെയും ബേബി പൌഡറിന്റെയും ഗന്ധം.....

ചുരുട്ടി പിടിച്ച കുഞ്ഞികൈ ചുണ്ട് ചേർത്ത് വെച്ചു... പിന്നെ താഴേക്ക് ചെന്നു.... ടേബിളിൽ എല്ലാം നിരത്തി വെച്ചിട്ടുണ്ട്.... തനിക്ക് കഴിക്കാൻ പ്ലേറ്റിൽ വിളമ്പി വെച്ചിട്ടുണ്ട്.... മീൻകറിയും വറുത്ത മീനും ഉപ്പേരിയും പപ്പടവും അച്ചാറും ഒക്കെ ഉണ്ട്.... അവൻ ചിരിയോടെ ചെന്നിരുന്നു... പ്ലേറ്റിൽ നിന്ന് വാരി വായിലേക്ക് വെക്കുമ്പോഴാണ്... അടുക്കളവാതിൽക്കൽ കൊലുസിന്റെ കിലുക്കം കേട്ടത്..... മുഖം ചെരിച്ചവൻ അങ്ങോട്ട് നോക്കി.... അതുവരെ ഹാളിലേക്ക് തലയിട്ട് നോക്കിയവൾ അകത്തേക്ക് ഉൾവലിഞ്ഞു.... അവൻ അറിയാതെ ചിരിച്ചു പോയി.... അവള് കഴിച്ചോ ആവോ...?? ചോറുള വായിലേക്ക് വെക്കവേ അവൻ ഓർത്തു.... വീണ്ടും അടുക്കളവാതിൽക്കലേക്ക് കണ്ണ് പോയി.... ദാവണി തുമ്പ് മാത്രം കാണാം അവിടെ...? അവൻ വേഗം കഴിച്ചു....കൈ കഴുകി.. ഒരിക്കൽ കൂടെ ഒളിഞ്ഞു നിൽക്കുന്നവളെ നോക്കി തിരിഞ്ഞു നടന്നു.... അവൻ പോയതും അച്ചു ടേബിളിനടുത്തേക്ക് ചെന്നു....പാത്രം കൊണ്ട് അടുക്കളയിൽ കൊണ്ട് വെച്ചു... ബദ്രി കഴിച്ചതിന് ശേഷം കഴിക്കാം എന്ന് കരുതി ഇരുന്നതാണ്....

അവൾ കഴിക്കാനിരുന്നു... കൈ ഒന്ന് പൊള്ളി... മീൻവറുക്കുന്ന ചട്ടിയിൽ അറിയാതെ കൊണ്ടതാണ്.... ഐസ് വെച്ചു നോക്കി... എങ്കിലും നീറ്റൽ മാറിയിട്ടില്ല... തൊലി പൊങ്ങി വന്നിട്ടുണ്ട്.... അവൾ സ്പൂൺ എടുത്തു കഴിക്കാൻ ഒരുങ്ങി... വായിലേക്ക് വെച്ചില്ല... അപ്പോഴേക്കും കയ്യിൽ ആരോ പിടിച്ചിരുന്നു... "എന്ത് പറ്റി..." ബദ്രി അവളുടെ കയ്യിലേക്ക് നോക്കി.... അവന്റെ സ്പർശനത്തിൽ അച്ചു ഇരുന്നിടത്ത് നിന്ന് എഴുനേറ്റു.... "ഒ... ഒന്ന് പൊള്ളീതാ...." അവൾ അവനെ നോക്കാതെ പറഞ്ഞു.. "എന്നിട്ട് എന്താ അച്ചു നീ പറയാഞ്ഞേ...."മൂന്ന് വിരല്കളിലായി പൊള്ളിയിരിക്കുന്നത് കണ്ട് അവൻ വേദനയോടെ ചോദിച്ചു... "കുഴപ്പമില്ല...." അവളുടെ ശബ്ദം നേർത്തു പോയി..... അവൻ അവളെ ഒന്ന് നോക്കിയാ ശേഷം മുകളിലേക്ക് കയറി പോയി.... തിരിച്ചു വരുമ്പോൾ പുരട്ടാൻ ഓയിന്മെന്റ് ഉണ്ട് കയ്യിൽ.... അവളെ പിടിച്ചിരുത്തി.... പതിയെ പൊള്ളിയ ഇടത്ത് ഓയിന്മെന്റ് പുരട്ടി...തൊലി അനങ്ങിയിട്ടുണ്ട്.. "സ്സ്......." അവൾ കണ്ണുകൾ ഇറുക്കി അടച്ചു.... ബദ്രി അവളുടെ മുഖത്തേക്ക് നോക്കി തന്നെ മുറിവിൽ മെല്ലെ ഊതി കൊടുത്തു.... വീണ്ടും മരുന്ന് പുരട്ടി...

"ആ.... വേദനിക്കുന്നു...." അവൾ പിടഞ്ഞു കൊണ്ട് അവന്റെ ഷർട്ടിൽ ചുരുട്ടി പിടിച്ചു... കണ്ണുകൾ ഇറുക്കി അടച്ചു... ബദ്രി വിടർന്ന കണ്ണുകളോടെ അവളുടെ മുഖത്തേക്ക് നോക്കി.... പിന്നെ അവൾ പിടിച്ച കയ്യിലേക്കും.... എന്തോ വല്ലാത്തൊരു സന്തോഷം തോന്നി.... "വേഗം മാറും അച്ചൂട്ട്യേ....." വാത്സല്യത്തോടെ പറഞ്ഞതും കൊച്ചു കുട്ടികളെ പോലെ അവൾ തലയാട്ടി ... അപ്പോഴും കണ്ണടച്ചു പിടിച്ചിരുന്നു.... ബദ്രി ചിരിയോടെ അവളുടെ കവിളിൽ ഒന്ന് തട്ടി.. അവൾ ഞെട്ടി... ഒരു മുയൽകുഞ്ഞിനെ പോലെ തോന്നി അവന്....കൊഞ്ചൽ ഒഴിച്ചാൽ പഴയ അച്ചുവിന്റെ അതെ നിഷ്‌കളങ്കത... അവൻ ചോറ് എടുത്തു കൊണ്ട് വന്നു.. അച്ചു അവനെ നോക്കി ഇരിക്കുകയായിരുന്നു.... "ഞാൻ..... ഞാൻ വരി തന്നാൽ കഴിക്കുമോ..?" അവളുടെ മിഴികളിലേക്ക് നോക്കി അവൻ ചോദിച്ചു... "മ്മ്......" തലതാഴ്ത്തി ഇരുന്നു... അവൻ നിറഞ്ഞ ചിരിയോടെ അവളെ ഊട്ടി... അവളുടെ വയറും മനസ്സും നിറഞ്ഞു....വൈകീട്ട് മുറ്റത്ത് വളർന്നു നിൽക്കുന്ന ചെടികൾ നനക്കുകയായിരുന്നു ബദ്രി.... അച്ചു പാറുക്കുട്ടിയേയും മടിയിൽ ഇരുത്തി തിണ്ണയിൽ ഇരുന്ന് പൊടി കുറുക്കിയത് കൊടുക്കുന്നുണ്ട്.... തന്നോളം വളർന്നു നിൽക്കുന്ന ചെമ്പരത്തി ചെടിയെ ഒന്ന് നോക്കി കൊണ്ട് ബദ്രി അച്ചൂന് നേരെ തിരിഞ്ഞു....

അവൾ അവനെ നോക്കുന്നുണ്ട്... അവൻ ചിരിയോടെ ഒരു പൂവ് പൊട്ടിച്ചു... അപ്പോഴാണ് മുറ്റത്തേക്ക് രണ്ട് ബൈക്ക് വന്നത്... ഇച്ചുവും നൈഷുവുംകുഞ്ഞും..ശങ്കറും അമ്മാളുവും.... കയ്യിൽ ചെമ്പരത്തി പൂവും പിടിച്ചു നിൽക്കുന്ന ബദ്രിയെ കണ്ട് ഇച്ചു ശങ്കറിനെ നോക്കി.... "ഇതിപ്പോ കെട്ട്യോൾക്ക് ഭ്രാന്ത് മാറിയപ്പോൾ കെട്ട്യോനായോ..??" ശങ്കർ ചിരിയോടെ ചോദിച്ചു... "അതിന് ഇവന് പണ്ടേ ഭ്രാന്തല്ലേ.... ഒരു പ്രത്യേകതരം ഭ്രാന്ത്....." ഇച്ചു കള്ളചിരിയോടെ പറഞ്ഞു... ബദ്രി അവരെ രണ്ട് പേരെയും ഒന്ന് നോക്കിയ ശേഷം അച്ചൂന്റെ അടുത്തേക്ക് ചെന്നു.... ആ പൂവ് അവൾക്ക് നേരെ നീട്ടി.... "പൂവ് വാങ് അച്ചു....." കുസൃതി ചിരിയോടെ അവൻ പറഞ്ഞു... അച്ചു വിളറി കൊണ്ട് മറ്റുള്ളവരെ നോക്കി.... അവൾ വിറക്കുന്ന കൈകളോടെ പൂ വാങ്ങിയതും കുറുമ്പി പാറുക്കുട്ടി അത് വാങ്ങി നേരെ വായിലേക്ക് കൊണ്ട് പോകാൻ ഒരുങ്ങി.... ബദ്രി ചെന്ന് കുൽസൂന് നേരെ കൈ നീട്ടിയതും അവൾ നൈശൂന്റെ കയ്യിൽ നിന്ന് അവന്റെ മേലേക്ക് ചാഞ്ഞു.... "എന്റെ കുൽസുപെണ്ണെ...." ബദ്രി അവളെ മുകളിലേക്ക് ഉയർത്തി പിടിച്ചു...

അവൾ ഉറക്കെ ചിരിച്ചു... "അച്ചൂന് ഞങ്ങളെ മനസിലായോ....?" ശങ്കർ അവൾക്ക് അടുത്തേക്ക് ചെന്നു... അച്ചു അവരെ ഒന്ന് സൂക്ഷിച്ചു നോക്കി.. "കണ്ണന്റെ ഫ്രണ്ട്സ് ആണ്...." "മ്മ്,.." അവളൊന്നു ചിരിച്ചു.... നൈഷുവും അമ്മാളുവും അവൾക്ക് അടുത്ത് വന്നിരുന്നു ഓരോന്ന് ചോദിക്കാൻ തുടങ്ങി... അവർക്ക് മുന്നിൽ അച്ചു ഒരു കൊച്ചു കുട്ടിയായിരുന്നു... അപ്പു രംഗത്ത് വന്നു... "കാത് കുത്തിയോ മോൾക്ക്...." ബദ്രി ചോദിച്ചു.... "മ്മ്...." ഇച്ചു ഒന്ന് അമർത്തി മൂളി കൊണ്ട് നൈശൂനെ നോക്കി പേടിപ്പിച്ചു.. "പാറുകുട്ടിക്കും കാത് കുത്തണം കണ്ണേട്ടാ നമുക്ക്...." അപ്പു പറഞ്ഞു. "മ്മ്... കുത്തണം...." ബദ്രി നെടുവീർപ്പിട്ടു.... രാത്രിയിലെ ഫുഡും കഴിച്ചാണ് എല്ലാവരും പോയത്.... "അച്ചുമ്മാ... അമ്മാളുചേച്ചി കണ്ണേട്ടനെ ഇഷ്ടായിരുന്നു...." രാത്രിയിൽ പത്രം കഴുകി വെക്കും നേരം സ്ലാബിൽ കയറി ഇരുന്ന് സ്വകര്യം പോലെ അപ്പു പറഞ്ഞത് കേട്ട് അച്ചു ഞെട്ടി... അരുതാത്തത് കേട്ടപോലെ അവളുടെ മുഖം വീർത്തു... "അ... അങ്ങേർക്ക് ഇഷ്ടായിരുന്നോ...??" അവൾ വിക്കി കൊണ്ട് ചോദിച്ചു.. "ഏയ്‌... കണ്ണേട്ടന് അങ്ങനെ ഇല്ലായിരുന്നു.... കണ്ണേട്ടന് അച്ചുമ്മയെ അല്ലെ ഇഷ്ട്ടം... കണ്ണേട്ടന്റെ ജീവിനാണ്..." അപ്പു പറഞ്ഞു... അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.. "അതുപോലെ അമ്മാളുചേച്ചിക്ക് ഉണ്ണിയേട്ടനും ജീവനാണ്...

കണ്ണേട്ടന് അച്ചുമ്മയെ ആണ് ഇഷ്ട്ടം എന്ന് അറിഞ്ഞപ്പോഴെ അമ്മാളുചേച്ചി പിന്മാറി കേട്ടോ... ഇപ്പോ ഞങ്ങടെ ശങ്കരനേം കെട്ടി സുഗായി ജീവിക്കുന്നു...." അച്ചു ഒന്ന് ചിരിച്ചു.... എന്തിനോ... അറിയില്ല... അപ്പുവും ബദ്രിയുമാണ് പാറൂന്റെ കാത് കുത്താൻ കൊണ്ട് പോയത്... അച്ചു വരുന്നില്ലെന്ന് പറഞ്ഞു ഒഴിഞ്ഞു മാറി... പുറത്തേക്ക് ഇറങ്ങാൻ അവൾക്ക് പേടിയായിരുന്നു... പേരറിയാത്തൊരു ഭയം... ബദ്രി അവളെ നിർബന്ധിച്ചില്ല... കുഞ്ഞുവാവാ ഉറക്കെ കരയുന്നത് കണ്ടു... കരയുമ്പോൾ ആ മുഖം ആകെ ചുവന്നിരിക്കുന്നു... കണ്ടിട്ട് സഹിക്കുന്നില്ല.... ബദ്രി അവന്റെ നെഞ്ചിൽ കിടന്നു വിരൽ നുണഞ്ഞു കൊണ്ട് ചുറ്റും നോക്കി ഇരിക്കുന്ന പാറുകുട്ടിയെ നോക്കി... വേദനിപ്പിക്കാൻ തോന്നുന്നില്ല... അവൻ മോളെ നെഞ്ചോട് അടക്കി പിടിച്ചു...... "അപ്പു വാടാ പോകാം...." ബദ്രി എഴുനേറ്റു.. "വാവക്ക് കാത് കുത്തണ്ടേ... കമ്മൽ ഇട്ട് കാണണ്ടേ കണ്ണേട്ടാ...."

 "വേണ്ടാ....ന്റെ പാറുകുട്ടിക്കും വേദനിക്കും...അല്ലേടി പെണ്ണെ..." അവൻ മോളുടെ നെറ്റിയിൽ കവിൾ അമർത്തി... "ന്റെ പാറൂട്ടി കാത് കുത്തണം എന്ന് അവൾക്ക് തോന്നുന്ന പ്രായത്തിൽ മതി.... ഇപ്പൊ വേണ്ട... ദേ അത് തന്നെ കണ്ടിട്ട് സഹിക്കുന്നില്ല... പിന്നെ ആണോ സ്വന്തം കുഞ്ഞിന്...." ബദ്രി മോളെ പൊതിഞ്ഞു പിടിച്ചു പുറത്തേക്ക് ഇറങ്ങി..ചാരു പടിയിൽ ഇരുന്ന് പാറുക്കുട്ടിയെ ഉറക്കുവാണ് ബദ്രി... അവനെ തന്നെ നോക്കി അച്ചുവും ഉണ്ടായിരുന്നു കുറച്ചു മാറി.... ബദ്രി അമ്പിളിമാമനെ കണ്ട് ഒന്ന് ചിരിച്ചു... പഴയ ഓർമകളിൽ ചുണ്ടിൽ പുഞ്ചിരി തത്തി.... അവൻ അച്ചുവിനെ നോക്കി... "എന്താ ചിരിക്കണേ...?" അവൾ അതിശയത്തോടെ ചോദിച്ചു... "മേഘങ്ങൾക്കിടയിൽ അമ്പിളിമാമനടുത്ത് ആടാൻ ഒരു ഊഞ്ഞാലിടണം എന്ന് വാശിപിടിച്ച നാളുകൾ ഉണ്ടായിരുന്നു നിനക്ക്...."...........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story