ഈ മഴയിൽ....❤️ പാർട്ട്‌ 70

ee mazhayil

എഴുത്തുകാരി: ✍ ആൻവി

വാചലരായ രണ്ട് ഹൃദയങ്ങളേ പേറി മൗനത്തെ കൂട്ട പിടിച്ചവർ ഇരുന്നു.... പഴയ ഓർമകളെ താലോലിച്ചു കൊണ്ട് ബദ്രി അച്ചുവിനെ നോക്കി ഇരുന്നു.... ചാരുപടിയിൽ ഇരുന്ന് മാനത്തെ അമ്പിളി മാമനെ കൺചിമ്മാതെ നോക്കി ഇരിക്കുകയയാണ്.. നെഞ്ചിൽ കിടന്ന പാറുക്കുട്ടി ഒന്ന് ചിണുങ്ങി.. പിന്നെ മെല്ലെ കണ്ണ് തുറന്നവൾ അച്ഛനെ നോക്കി... കുഞ്ഞി കൈകൾ കൊണ്ട് അവന്റെ താടിയിൽ അള്ളി പിടിച്ചു... അപ്പോഴാണ് ബദ്രി അച്ചുവിൽ നിന്ന് നോട്ടം മാറ്റിയത്... ഉണ്ട കണ്ണ് കൊണ്ട് മിഴിച്ചു നോക്കുന്ന പാറൂട്ടിയെ കണ്ട് ബദ്രി ചിരിച്ചു.. "അച്ചേടെ പാറുക്കുട്ടി ഉറങ്ങീലെ...." ചൂണ്ടു വിരലും തള്ളവരും ചേർത്ത് ആ കുഞ്ഞിപെണ്ണിന്റെ താടി കൊഞ്ചിച്ചു കൊണ്ട് അവൻ ചോദിച്ചു... മറുപടിയായി അവൾ കണ്ണ് ചിമ്മി കൊണ്ട് വിരൽ വായിലിട്ട് നുണഞ്ഞു കൊണ്ട് അവന്റെ നെഞ്ചിൽ മുഖമുരച്ചു... ബദ്രി അത് കണ്ട് ചിരിയോടെ അച്ചുവിനെ നോക്കി... "പാല് കുടിക്കാനാവും ..." അത് കേൾക്കേണ്ട താമസം അച്ചു കുഞ്ഞിനേ വാങ്ങി മാറോട് ചേർത്തു... അപ്പോഴും പാറുക്കുട്ടി ബദ്രിയുടെ ഷർട്ടിൽ വിടാതെ പിടിച്ചിരുന്നു...

അച്ചു അത് കണ്ട് ബദ്രിയെ നോക്കി...ബദ്രി കുഞ്ഞിന്റെ കൈ വേർപെടുത്തി.. ആ കയ്യിൽ ചുണ്ട് അമർത്തി... "റൂമിലേക്ക് പൊക്കോ..." അവൻ പറഞ്ഞു.. അച്ചു തലയാട്ടി കൊണ്ട് അകത്തേക്ക് കയറി.... ബദ്രിയെ ചാരുപടിയിൽ തന്നെ ഇരുന്നു....  "ആരാ വിളിച്ചത്..." ദത്തൻ ചോദിച്ചത് കേട്ട് പത്മ ഫോൺ ടേബിളിൽ വെച്ച് അയാൾക്ക് അരുകിലേക്ക് ചെന്നു... "നയനമോള്..." "ഹരി.... ഹരിയെ കുറിച്ച് വല്ലതും പറഞ്ഞോ...??" അയാൾ ആകാംഷയോടെ ചോദിച്ചു... "മ്മ്... ട്രീറ്റ്മെന്റ് നടന്നോണ്ടിരിക്കുവാ...." "എന്നാലും അവന് എന്താ പറ്റിയത്.. അത്രക്ക് അശ്രദ്ധയോടെയാണോ അവൻ ഡ്രൈവ് ചെയ്തത്... എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല...." അയാൾ നിശ്വസിച്ചു... പത്മ സഹതാപത്തോടെ അയാളെ നോക്കി.... "അവൻ ഇങ്ങനെ കിടന്നിട്ടും നിനക്കൊരു സങ്കടവുമില്ലേ.... അല്ലേലും രണ്ടാനമ്മ എന്ന് പറഞ്ഞാൽ ഇത്രയല്ലേ ഒള്ളൂ....." കിടന്ന കിടപ്പിൽ അയാൾ മുഖം തിരിച്ചു.... "രണ്ടനമ്മ ഇത്രേ ഒള്ളൂ... നിങ്ങടെ മോനെ നോക്കിയാ പോലെ എന്റെ കുഞ്ഞിനെ ഞാൻ നോക്കിയിട്ടില്ല....എന്നിട്ടും പറയണം രണ്ടാനമ്മ...."

പത്മ ദേഷ്യം കൊണ്ട് വിറച്ചു... "ഇപ്പൊ ഇങ്ങനെ ജീവനോടെ നിൽക്കുന്നത് നിങ്ങടെ ഹരി കാരണമല്ല.... എന്റെ മോൻ കാരണാ.... ഞാൻ വിളിച്ചു കരഞ്ഞപ്പോൾ രാത്രിക്ക് രാത്രി ഓടി വന്നതാ അവൻ.... നിങ്ങടെ പൊന്നുമോന് വരാൻ കഴിയില്ലെന്നാ പറഞ്ഞതാ....." "എന്റെ ഹരി അങ്ങനെ പറയില്ല...." അയാളുടെ ശബ്ദം നേർത്തു... "നിങ്ങടെ ഹരിയെ അങ്ങനെ പറയൂ... അച്ഛനെ പോലെ തന്നെ ദുഷിച്ച മനസ്സാണ്..." പത്മ ടേബിളിൽ ഇരുന്ന മരുന്ന് എടുത്ത് വെച്ച് ഗ്ലാസ്‌ വെള്ളം നിറച്ചു.... "ഹരിയെ വാഴ്ത്തി പാടും.... പക്ഷേ എല്ലാം ചെയ്തു തരുന്നത്... പടി ഇറക്കി വിട്ട എന്റെ മോന.... അവനെ കണ്ണിന് പിടിക്കില്ല..." പത്മ പറയുന്നതിനൊപ്പം കയ്യിലെ മരുന്ന് നീട്ടി.... അയാൾ മറുത്ത് ഒരക്ഷരം പറയാതെ അത് വാങ്ങി കഴിച്ചു.... "ഹരിയെ സ്നേഹിക്കരുത് എന്നും വെറുക്കണം എന്നൊന്നുമല്ല ഞാൻ പറഞ്ഞത്... ബദ്രിയും മകനാണെന്ന് ഒന്ന് ഓർത്താൽ മതി..... ഇനി എന്നും ചോദിക്കുന്നത് പോലെ സ്വന്തം മകനല്ലെന്ന് വല്ല തോന്നലും ഉള്ളിലുണ്ടോ...??" ഒരുപാട് നാൾ അടക്കി വെച്ചതെല്ലാം ചോദിച്ചു പോകുകയായിരുന്നു ആ നിമിഷം....

ഇപ്പൊ എന്ത് പറഞ്ഞാലും കേട്ട് കിടക്കും അല്ലേൽ കൂർത്ത ഒരു നോട്ടം അത്രേ ഒള്ളൂ... വർധിച്ച ദേഷ്യത്തോടെ ദത്തൻ പത്മയെ നോക്കി.... "ഒരക്ഷരം നീ ഇനി മിണ്ടി പോകരുത്...." അയാളുടെ മുഖം ദേഷ്യത്താൽ വിറച്ചു..... മുഖം ചുവന്നു..... എന്തോ സന്തോഷമാണ് കേട്ടപ്പോൾ തോന്നിയത്.... നിഷേധിക്കില്ലെന്ന് അറിയാമായിരുന്നു....എത്രയൊക്കെ പറഞ്ഞാലും സ്വന്തം ചോരയല്ലേ..... ബദ്രിയും ദത്തനെപോലെയാണ്... ദേഷ്യം വരുമ്പോൾ മുഖം ചുവക്കും.... അടക്കി പിടിച്ച് ദേഷ്യത്തോടെ പൊട്ടി തെറിക്കും.... പത്മ കണ്ണുകൾ തുടച്ച് പുറത്തേക്ക് ഇറങ്ങി.... ദത്തൻ നിശ്വസിച്ചു കൊണ്ട് കണ്ണുകൾ അടച്ചു..... ഓഫിസിൽ നിന്ന് വീട്ടിലേക് വരുമ്പോൾ ഒറ്റക്ക് ഇരിക്കുന്ന 5 വയസ്സുകാരൻ ബദ്രിയെ കാണും.... തന്നെ നോക്കിയാലും താൻ നോക്കാറില്ല... പത്മയുടെ മടിയിൽ ഇരുന്ന 7 വയസ്സുകാരൻ ഹരി ഓടി വരും....കരഞ്ഞു കൊണ്ട് ബദ്രിയെ കുറിച്ചുള്ള പരാതി പറയും.... അതിന് പകരം പത്മയെ ഒന്ന് കൂർപ്പിച്ചു നോക്കുമ്പോൾ പത്മ പേടിയോടെ ബദ്രിയെയും എടുത്തു റൂമിലേക്ക് പോയിട്ടുണ്ടാകും....

ഒരിക്കൽ പത്മയെ അടിച്ചതിന് ആദ്യമായി ബദ്രി തന്റെ കൈകളെ തടഞ്ഞപ്പോഴാണ് ആദ്യമായി ദേഷ്യം തോന്നിയത് അതും അവന് 7 വയസ്സുള്ളപ്പോൾ ... ഹരിയോട് വഴക്ക് കൂടിയാൽ അടിക്കാൻ ദത്തൻ ചെല്ലുമ്പോൾ ഒഴിഞ്ഞു മാറും... തന്റെ ഭാഗത്തെ ഞ്യായം പറഞ്ഞു വാദിക്കും... അവനറിയാം അവന്റെ ഭാഗം പറയാൻ അവനെ ഒള്ളുന്ന് ...അതും ചെറു പ്രായത്തിൽ... അടിക്കാൻ ഓങ്ങുന്ന ദത്തന്റെ കൈകളെ തടഞ്ഞു തുടങ്ങി.... ഒറ്റക്ക് ഇരുന്ന് കരയുന്നത് കണ്ടിട്ടുണ്ട്... അമ്മയോട് പരാതി പറയുന്നത് കേൾക്കാം...ഒന്നും കണ്ടില്ലെന്ന് നടിക്കാറാണ് പതിവ്... അവന് അമ്മയുണ്ടല്ലോ...അതാണ് ചിന്തയിൽ എപ്പോഴും വരാറ്.... ഓർമ്മകൾ തലക്ക് ചുറ്റും ഓടി കൊണ്ടിരുന്നു... അതിലെല്ലാം ബദ്രി മാത്രം....  "എടി ഒരുമ്മ താടി......" ശങ്കർ കെഞ്ചി കൊണ്ട് അമ്മാളുവിനെ വട്ടം പിടിച്ചു... "എങ്ങോട്ട് മാറി നിൽക്ക് ഉണ്ണിയേട്ടാ.... അമ്മ വരും...." അവൾ ഒന്ന് കുതറി നോക്കി.... "ഇപ്പൊ ആരും വരൂല... വേഗം താ... ഇച്ചു വെയിറ്റ് ചെയുന്നുണ്ടാവും...." അവൻ അവളെ തിരിച്ചു നിർത്തി.... വിയർപ്പ് പൊടിഞ്ഞ അവളുടെ നെറ്റിയിൽ വിരലോടിച്ചു....

ഇടുപ്പിൽ പിടിച്ചവനോട് ചേർത്ത് നിർത്തി.... അവന് വിധേയയായി നിന്ന അവളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അധരങ്ങളിലേക്ക് അടുത്തു.... "എടാ ഉണ്ണീ......" അമ്മയുടെ ഉറക്കെ ഉള്ള വിളിച്ചു കേട്ടു.... അമ്മാളു ഞെട്ടി കൊണ്ട് അവനെ തള്ളിമാറ്റി.... "ഈ തള്ള...." ശങ്കർ നാവ് കടിച്ചു..., "മാളൂ....." അവൻ കൊഞ്ചി... "ഒന്ന് പോയെ... ഇല്ലേൽ നിങ്ങടെ അമ്മ ഇപ്പൊ വരും...പണി കഴിഞ്ഞില്ലേ എന്ന് ചോദിച്ച്....." ശങ്കർ ചവിട്ടിത്തുള്ളി പുറത്തേക്ക് പോയി.... അമ്മാളു അവൻ പോകുന്നത് നോക്കി ചിരിച്ചു....  "കുറേ നേരായല്ലോ പരുങ്ങി കളിക്കുന്നു.. കാര്യം എന്താന്ന് വെച്ചാൽ പറ...." ഗൗരവത്തോടെ പറഞ്ഞു കൊണ്ട് ദോശ കഷ്ണം വായിലേക്ക് വെച്ചതും... അപ്പു അടുത്ത് ചെന്നിരുന്നു... "കണ്ണേട്ട എനിക്ക് ഒരു 1000രൂപ വേണം....." അത് കേട്ടതും ബദ്രി സംശയത്തോടെ അവനെ നോക്കി.... "നോക്കി പേടിപ്പിക്കേണ്ട മനുഷ്യ... ഒരു ഷർട്ട്‌ എടുക്കാനാണ്... കോഴ്സിന് ഒക്കെ ചേരുമ്പോൾ ഒരു നല്ല ഷർട്ട്‌ ഒക്കെ വേണ്ടേ..." "അപ്പൊ കഴിഞ്ഞ തവണ ഗൗരിയുടെ കൂടെ പോയി നീ എടുത്തതോ...??" ബദ്രി ചോദിച്ചു... "അത് ശങ്കരന്റെ കല്യാണത്തിനല്ലേ..."

"തത്കാലം അത് മതി... എന്റെ സാലറി കിട്ടിയിട്ട് എടുക്കാം...." ബദ്രി എഴുനേറ്റ് കൈ കഴുകി .. "എന്ന ഒരു 100 രൂപ തരുവോ..??" വീണ്ടും ചോദിച്ചു. "അതെന്തിനാടാ..?" "ഫ്രണ്ട്സ് ഒക്കെ കൂടെ പുറത്ത് പോകുന്നു..." "മ്മ്....." ബദ്രി അമർത്തി മൂളി.... പേഴ്സിൽ ഉള്ളത് 200 ന്റെ നോട്ട് അവന് കൊടുത്തു... "ബാക്കി കൊണ്ട് വന്നേക്കണം...." ഒരു താക്കീത് പോലെ പറഞ്ഞു... "ഓ .. ശെരിയെ..."അപ്പു തൊഴുതു കൊണ്ട് പറഞ്ഞു... അവൻ പോകുന്നത് കണ്ട് ബദ്രി ചിരിച്ചു. ബാക്കി ഇനി തിരികെ കിട്ടില്ലാന്ന് അറിയാം... ചുമ്മാ പറയുന്നതാണ്.... ബാക്കി എവിടെ എന്ന് ചോദിച്ചാൽ തപ്പി കളിക്കുന്നത് കാണാം.. പിന്നെ "നിങ്ങളെന്താ മനുഷ്യ നോക്കി പേടിക്കണേ.." എന്നൊരു ഡയലോഗും.... ഓർത്തു ചിരിച്ചു കൊണ്ട് ബദ്രി റൂമിലേക്ക് പോയി. പാറുക്കുട്ടി താഴെ ബേബിബെഡിൽ കമിഴ്ന്നു കളിക്കുന്നുണ്ട്.... ബദ്രി അവളെ ഒന്ന് നോക്കിയ ശേഷം കണ്ണാടിക്ക് മുന്നിൽ ചെന്ന് നിന്ന് മുടിയൊതുക്കി.... താടി ഒന്ന് ഉഴിഞ്ഞു കൊണ്ട് ഷർട്ട്‌ നേരെയിടുംമ്പോഴാണ് ടേബിളിൽ ഇരിക്കുന്ന സിന്ദൂരചെപ്പ് കണ്ടത്...

റൂമിലേക്ക് കടന്നു വന്ന അച്ചുവിനെ ഒന്ന് നോക്കി... ആ സിന്ദൂരരേഖ ഒഴിഞ്ഞു കിടക്കുന്നു.... ചങ്കിൽ മുള്ളു കൊണ്ടൊരു വേദന..... വേഗം റൂമിൽ നിന്നിറങ്ങി പോയി.... അച്ചു അത് ശ്രദ്ധിച്ചതെ ഇല്ല... അവളും മറ്റെന്തെക്കൊയോ ഓർക്കുകയായിരുന്നു...  "ഇന്ന് എന്താടാ നേരത്തെ ഇറങ്ങാൻ പറഞ്ഞത്...." ഡ്രൈവ് ചെയ്യുന്ന ബദ്രിയെ നോക്കി ഇച്ചു ചോദിച്ചു... മറുപടി പറഞ്ഞില്ല...വണ്ടി ചെന്ന് നിന്നത് ഷോപ്പിന് മുന്നിലാണ്... "ഇങ്ങോട്ട് ആണെന്ന് വാ തുറന്നു പറഞ്ഞൂടെ നിനക്ക്...." ഇച്ചു അവനെ ഒന്ന് കൂർപ്പിച്ചു നോക്കി കൊണ്ട് പുറത്തേക്ക് ഇറങ്ങി... "അപ്പൂന് രണ്ട് മൂന്ന് ഷർട്ട്‌ എടുക്കണം.... നീ സെലക്ട്‌ ചെയ്യ്.... ഞാൻ കുട്ടികളുടെ സെക്ഷനിൽ പോയിട്ട് വരാം..." മുണ്ടിന്റെ അറ്റം പിടിച്ചു കൊണ്ട് അവൻ മുന്നോട്ട് നടന്നു പോയി... പാറുക്കുട്ടി രണ്ട് കുഞ്ഞുടുപ്പ് എടുത്തു.. ഒപ്പം വീട്ടിൽ ഇടാൻ casual ഷോർട്സും കുഞ്ഞ് T ഷർട്ട്സും വാങ്ങി... "വൈഫിന് ഒന്നും വാങ്ങുന്നില്ലേ സർ...??' അവർ ബിസിനെസ്സ് മൈൻഡിൽ ചോദിച്ചതാണേലും അവൻ അത് ഓർത്തിരുന്നു... എന്തേലും വാങ്ങണം... പക്ഷെ വാങ്ങിക്കുവോ.... വേണ്ടെന്ന് പറയുമോ...?? പുറത്തേക്ക് വിളിക്കുമ്പോൾ പോലും ഒഴിഞ്ഞു മാറുന്ന ആളാണ്... ഇന്ന് രാവിലെ തന്നെ ഒന്ന് നോക്കിയത് കൂടെ ഇല്ലല്ലോ....?

ഒഴിഞ്ഞു കിടക്കുന്ന സിന്ദൂരരേഖ അവൻ വീണ്ടും ഓർത്തു... പക്ഷേ അവൾക്ക് വാങ്ങി കൊടുക്കാതെ ഇരിക്കാനും പറ്റുന്നില്ല.. ലേഡീസ് സെക്ഷനിൽ ചെന്ന് നോക്കി.... ഒന്നും കണ്ടിട്ട് തൃപ്തി തോന്നുന്നില്ല.... ദാവണിയും ചുരിദാറും മിഡിയും ഒക്കെ നോക്കി.... അവസാനം കടുംപച്ച നിറമുള്ള സാരി എടുത്തു കയ്യിൽ പിടിച്ചു.... ചുവന്ന കരയുള്ള സാരി.... പുഞ്ചിരിയോടെ അത് പാക്ക് ചെയ്തോളാൻ പറഞ്ഞു.... ഷോപ്പിൽ നിന്ന് എല്ലാം വാങ്ങി ഇറങ്ങുമ്പോൾ അവൻ മനസ്സിൽ ചിലതൊക്കെ ചിന്തിച്ചു കൂട്ടിയിരുന്നു.... ഉമ്മറത്ത് തന്നെ അച്ചു ഉണ്ടായിരുന്നു.... മടിയിൽ ഇരിക്കുന്നുണ്ട് പാറുക്കുട്ടി.... "പാറുക്കുട്ട്യേ....." ഒന്ന് വിളിക്കേണ്ട താമസം അതുവരെ വായിൽ കയ്യിട്ട് നുണഞ്ഞു കൊണ്ടിരുന്നവൾ ഒരു ചിരി ചിരിച്ചു..... കാണാൻ തന്നെ ഒരു ചേലായിരുന്നു.... തൊണ്ണകാട്ടി... വായിൽ നിന്ന് തേനൊലിപ്പിച്ച്.... ചിരിക്കുമ്പോൾ വലുതാക്കി എഴുതിയ ഉണ്ടാക്കണ്ണുകൾ അങ്ങ് വിടർന്നു.... കൈ നീട്ടി അവളെ ബദ്രിയെ നോക്കി... ബദ്രി അവളെ വാരി എടുത്തു... മുഖം നിറയെ ഉമ്മ കൊടുത്തു....

മുകളിലേക്ക് ഉയർത്തി പിടിച്ചപ്പോൾ എന്തൊക്കെയോ ശബ്ദം ഉണ്ടാക്കി കുഞ്ഞിപെണ്ണ് സന്തോഷം അവനെ അറിയിച്ചു... അച്ചു രണ്ട് പേരെയും നോക്കി പടിയിൽ നിന്നതേ ഒള്ളൂ.... ജിപ്സിയിൽ നിന്ന് കവറുകൾ എല്ലാം എടുത്തു കൊണ്ട് വന്നു... "അച്ചേടെ പാറുക്കുട്ടിക്ക്... ഉടുപ്പ് കൊണ്ട് വന്നിട്ടുണ്ടല്ലോ...." കവറിൽ നിന്ന് ഡ്രസ്സ്‌ എടുത്ത് അവൻ ആ കുഞ്ഞു മേനിയിലേക്ക് വെച്ച് നോക്കി... "ഹൈവ.. കൊള്ളാലോ... ചുന്ദരി...." അവൻ മോളുടെ കവിളിൽ ഉമ്മ വെച്ചു... അച്ചു ചായ കൊണ്ട് വന്നു കൊടുത്തു ....കുറച്ചു മാറി നിന്നു... ബദ്രിയുടെ മുഖത്തെ ചിരി മാഞ്ഞു.... അടുത്ത് ഇരുന്ന സാരിയുടെ കവർ എടുത്ത് അവൻ എഴുനേറ്റതും അച്ചു അത് ശ്രദ്ധിക്കാതെ റൂമിലേക്ക് പോയിരുന്നു.... ബദ്രി മോളെയും എടുത്തു അവളുടെ അടുത്തേക്ക് ചെന്നു... ജാലകത്തിനടുത്ത് പുറത്തേക്ക് നോക്കി നിൽക്കുവായിരുന്നു അച്ചു.... ചെറുതായി മഴ പെയ്യുന്നുണ്ട്...കുഞ്ഞിനെ താഴെ ഇരുത്തി അവൻ അവൾക്ക് അരുകിൽ ചെന്ന് നിന്നു.... "ഇതു പോലൊരു മഴയിൽ എന്റെ നെഞ്ചിലേക്ക് ഓടി കയറി വന്നവളാണ് നീ,..." മഴയിലേക്ക് നോക്കി നിന്നവൻ പറഞ്ഞു.... അച്ചു നിറയുന്ന മിഴികളെ പിടിച്ചടക്കി മഴയിൽ കണ്ണ് നട്ടിരുന്നു... "അന്ന് കൂടെ കൂട്ടിയതാണ്...

പിന്നീടുള്ള ഓരോ നിമിഷങ്ങൾക്കും എന്റെ ജീവന്റെ വിലയുണ്ട്..." അവൻ അവളെ നോക്കി.... "നിനക്ക് എന്നോട് ഇഷ്ടമല്ലേ...അതോ ഇതെല്ലാം പ്രായത്തിന്റെ വെറുതെ അട്ട്രാക്ഷൻ മാത്രമാണോ....." ടേബിളിൽ ഇരിക്കുന്ന അവളുടെ ഡയറി ചൂണ്ടിയവൻ ചോദിച്ചു.... അവളുടെ മൗനം അത്രമേൽ അവനെ ദഹിപ്പിക്കുന്നുണ്ടായിരുന്നു..... അവന്റെ ചോദ്യം കേട്ട് അച്ചു ഒന്ന് ഞെട്ടി.... കണ്ണ് നിറച്ചവനെ നോക്കി.... "നിന്നെ കണ്ട നാൾ മുതൽ നീയെനിക്കു പ്രിയപ്പെട്ടത് തന്നെയായിരുന്നു....നിന്നോടൊപ്പമുള്ള ഓരോ നിമിഷവും ഞാൻ എന്ത് മാത്രം സന്തോഷിച്ചിരുന്നു എന്നോ.... നിന്റെ കുറുമ്പും കൊഞ്ചലും കളിയും ചിരിയും അതെല്ലാമായിരുന്നു എന്റെ ലോകം.... നിന്റെ ഭ്രാന്തമായ സ്നേഹം...അതാണ് എന്നെ നിന്നിലേക്ക് കൂടുതൽ അടുപ്പിച്ചത്.. കിണ്ണൻ അച്ചൂന്റെയാ എന്ന് ഇടക്ക് ഇടക്ക് പറയുന്ന നീ എന്റെ.. എന്റെ എല്ലാമായിരുന്നു..." അവന്റെ കണ്ണുകൾ നിറഞ്ഞു.... അച്ചു മിഴികൾ താഴ്ത്തി നിന്നു... മൗനമായി തേങ്ങി.. "ജീവിത്തിൽ നിറം പകർന്നത് നീയായിരുന്നു....ഓരോ ദിവസങ്ങളെയും പ്രതീക്ഷയോടെ കണ്ട് ജീവിച്ചത് നിന്നിലൂടെ ആയിരുന്നു...നിന്റെ കുസൃതികളെ പ്രണയത്തോടെ നോക്കി കാണാനായിരുന്നു എനിക്കിഷ്ടം... ഒരു തരത്തിൽ മറ്റൊരു ഭ്രാന്ത്...."

അവൻ ജനലഴിയിൽ പിടിമുറുക്കി... കാറ്റടിച്ഛ് അകത്തേക്ക് വെള്ളതുള്ളികൾ തെറിച്ചു വീണു... "സഹിക്കുന്നില്ല ഈ മൗനം... നിന്നിലേക്ക് ഓടിയെത്താൻ നോക്കും തോറും നീ ഓടി അകലുന്ന പോലെ...." അവൻ ദയനീയമായി അവളെ നോക്കി.... വീണ്ടും മൗനം..... കരളിൽ ഒരു കത്തി കുത്തിയിറങ്ങുന്ന പോലെ.... ബദ്രി ഷോൾഡറിൽ മുഖം തുടച്ചു.... "ഇഷ്ടമല്ലെങ്കിൽ തുറന്നു പറയാം.... മനസ്സറിയാതെ ഒരു തെറ്റേ ഞാൻ ചെയ്‌തുള്ളൂ നിന്നോട്... നിന്റെ ശരീരത്തെ സ്വന്തമാക്കി അറിഞ്ഞു കൊണ്ട് ആയിരുന്നില്ല....നിന്നെക്കാൾ വേദിനിച്ചത് ഞാൻ ആയിരുന്നു... പക്ഷേ പാറുക്കുട്ടി വരവറിയിച്ചതോടെ ആ വേദന ഞാൻ മറന്നതാണ്..." ബദ്രിക്ക് വല്ലാതെ ദേഷ്യം വന്നു... എന്താണീ മൗനത്തിനർത്ഥം....മടുത്തു... ഇനിയും ഇങ്ങനെ വയ്യ.... "അന്നാ മഴ പെയ്യാതെ ഇരുന്നിരുന്നുവെങ്കിൽ...!!

പഴയ നാളുകളിലേക്ക് തിരികെ പോകാൻ കഴിഞ്ഞിരുന്നു വെങ്കിൽ...!!" ദേഷ്യം സങ്കടം അതിന്റെ അതിർവരമ്പുകൾ കടന്നിരുന്നു.... അച്ചു അവനെ നോക്കി... "ആ ദിവസത്തിലേക്ക് തിരികെ പോകാൻ കഴിഞ്ഞിരുന്നു വെങ്കിൽ വഴി മാറി പോകാമായിരുന്നു നിന്നെ കാണാതെ....." അവന്റെ വാക്കുകൾ അവളുടെ ഉള്ളിൽ നൊമ്പരമുണർത്തി....ടേബിളിൽ ഇരുന്ന ഡയറി നിലത്തേക്ക് എറിഞ്ഞു.... "നിന്റെ വരികളെ ഞാൻ വല്ലാതെ വിശ്വസിച്ചു.... വേണ്ടായിരുന്നു....." അവൻ മുഷ്ടി ചുരുട്ടി പിടിച്ചു.... പാറുക്കുട്ടിയേയും എടുത്ത് തിരികെ പോകാൻ ഒരുങ്ങിയ അവനെ പിന്നിലൂടെ കെട്ടിപിടിച്ചു.... പുറത്ത് മുഖം ചേർത്ത് അലറി കരഞ്ഞു..... "ആ വരികളെല്ലാം എന്റെ ഹൃദയത്തിൽ നിന്ന് ഞാൻ എഴുതിയ എന്റെ പ്രണയമായിരുന്നു....." വീണ്ടും കരഞ്ഞു എന്തിനോ വേണ്ടി....അവന്റെ ഷർട്ടിൽ മുറുകെ പിടിച്ചു.... "ഇഷ്ടക്കേട് ഒന്നൂല്യ.... ഇഷ്ട്ടം മാത്രേ ഒള്ളൂ....." അവളൊന്നു തേങ്ങി...........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story