ഈ മഴയിൽ....❤️ പാർട്ട്‌ 71

ee mazhayil

എഴുത്തുകാരി: ✍ ആൻവി

"ഇഷ്ടക്കേട് ഒന്നൂല്യ.... ഇഷ്ട്ടം മാത്രേ ഒള്ളൂ....." അവളൊന്നു തേങ്ങി....ബദ്രി അനങ്ങാതെ നിന്നു....വീണ്ടും അവൾ പൊഴിക്കാൻ ഒരുങ്ങുന്ന വാക്കുകൾക്കായ് കാതോർത്തു.... "എ... എനിക്ക്... പെട്ടെന്ന്.... ഞാൻ...." വാക്കുകൾ മുറിഞ്ഞു.... അവളുടെ കണ്ണുനീർ അവന്റെ ഷർട്ട്‌ നനച്ചു..... ബദ്രി അവൾക്ക് നേരെ തിരിഞ്ഞു.... നിറഞ്ഞ കണ്ണുകൾ കാണാകെ അവന് വല്ലാത്തൊരു സ്നേഹം വാത്സല്യം.... തോളിൽ തലവെച്ച് കിടക്കുന്ന പാറുക്കുട്ടിയെ ഒന്ന് നോക്കി കൊണ്ട് അവൻ അച്ചുവിനെ ചേർത്ത് പിടിച്ചു.... അവളുടെ കവിളിൽ കൈ ചേർത്ത് പെരുവിരൽ കൊണ്ട് അവൻ തുടച്ചു.... "കരയണ്ട അച്ചു.... എനിക്ക് മനസിലാകാഞ്ഞിട്ടല്ല നിന്റെ അവസ്ഥ... പക്ഷേ ഈ മൗനം എന്നെ കൊല്ലാതെ കൊല്ലുന്ന പോലെ.... അത് കൊണ്ട് പറഞ്ഞു പോയതാ....." അവളെ തന്നോട് അടുപ്പിച്ഛ് പുരികകൊടികൾക്ക് ഇടയിൽ നേർമയായി ചുംബിച്ചു.... കരഞ്ഞു കരഞ്ഞ് അവളുടെ മൂക്ക് പോലും ചുവന്നിരുന്നു... ബദ്രി അവളുടെ കണ്ണുകളിലേക്ക് നോക്കി പുഞ്ചിരിച്ചു...

"ഇത്രയും കേട്ടാൽ മതി....ഞങ്ങളെ അംഗീകരിക്കാനും പൂർണമായും എന്റെ ഭാര്യയാകാനും എത്ര സമയം വേണേലും എടുത്തോ.... കാത്തിരിക്കാം...." അവൾ സംശയത്തോടെ അവനെ നോക്കി.... "ഇപ്പോ കാത്തിരിക്കാൻ ഒരു സുഖം തോന്നുന്നു...." അവന്റെ ചുണ്ടിൽ ഒരു കള്ളച്ചിരി മിന്നി.... പാറുക്കുട്ടി പുറത്തേക്ക് പോകാൻ ബഹളം കൂട്ടി തുടങ്ങി.... അച്ചുവിനെ നോക്കി ഒന്ന് കണ്ണ് ചിമ്മി കൊണ്ട് ബദ്രി പുറത്തേക്ക് ഇറങ്ങി.... അത് കണ്ട് അച്ചുവിന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു..... കണ്ണുകൾ പുറം കൈ കൊണ്ട് തുടച്ചു കൊണ്ട് കട്ടിലിൽ ചെന്നിരുന്നു..... മുട്ട് കാലിൽ മുഖം ചേർത്ത് ഇരുന്നു..... അപ്പോഴാണ് ബെഡിൽ കിടക്കുന്ന കവർ കണ്ടത്.... നോക്കിയപ്പോൾ ഒരു സാരിയാണ്... അതിലൂടെ വിരലോടിച്ചു.... അതിൽ മുഖം അമർത്തി ഇരുന്നു... എത്ര നേരമെന്നില്ലാതെ... "നീ എന്തിനാ ഇങ്ങനെ ബുദ്ധിമുട്ടുന്നത്.... എവിടേലും കുറച്ചു നേരം ഇരുന്നൂടെ..." മുഖം ചെരിച്ചവൻ ചെറുതായി വീർത്തുമായ് നിൽക്കുന്ന നയനയെ നോക്കി ചോദിച്ചു... "It's ok ഹരി....ഈ ഹോസ്പിറ്റലിന്റെ റൂൾസ്‌ അനുസരിച് റൂം വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മളാണ്... ഇവിടുന്ന് പോകുന്നത് വരെ നമ്മളുടെ വീടാണ് ഇത്...."

സൗമ്യമായ പുഞ്ചിരിയോടെ അവൾ പറഞ്ഞു... "നമുക്ക് നാട്ടിലേക്ക് പോയാലോ നയന ... എനിക്കിവിടെ മടുത്തു....." അവന്റെ വാക്കുകളിൽ മുഷിച്ചലുണ്ടായിരുന്നു... "ഒരാഴ്ച്ച കൂടെ നോക്കാം ഹരി... എന്തേലും ഇമ്പ്രൂവ്മെന്റ് ഉണ്ടായാലോ....?" അവൾ പ്രതീക്ഷയോടെ അവന്റെ കയ്യിൽ പിടിച്ചു.... "ഞാൻ കാരണം നിന്റെ ലൈഫ് കൂടെ സ്പോയിൽ ആയി അല്ലെ....ഇന്നലെ നിന്റെ അച്ഛൻ വന്നപ്പോൾ പറയുന്നത് ഞാൻ കേട്ടു...നിന്റെ പപ്പാ പറഞ്ഞപോലെ നീ വേറെ ലൈഫ് ആഗ്രഹിക്കുന്നുണ്ടോ..??" ഹരി നിർവികാരമായി ചോദിച്ചു.... "അങ്ങനെ ആണേൽ നിന്റെ സ്വഭാവം അടുത്തറിഞ്ഞ നിമിഷം എനിക്ക് പോകാമായിരുന്നു ഹരി....ഇങ്ങനെ നീ എന്നെ ചിന്തിക്കുവാണേൽ നിന്റെ പത്മമ്മയുടെ കാര്യം ഒന്ന് ആലോചിച്ചു നോകിയെ... ആ അമ്മ എത്ര അനുഭവിച്ചു.... നിങ്ങള് അഗണിച്ചും ശാശിച്ചും ഒരു വേലക്കാരിയെ പോലെ അവിടെ കഴിഞ്ഞില്ലേ.... സ്വന്തം മകനെ പടിയിറക്കി വിടുന്നത് കാണേണ്ടി വന്നില്ലേ....എന്നിട്ടും അവിടെ പിടിച്ചു നിന്നില്ലേ... ഇപ്പൊ നിന്റെ അച്ഛന്റെ എല്ലാ കാര്യവും നോക്കുന്നില്ലേ... ഒരുപക്ഷെ ആ അമ്മയുടെ സ്ഥാനത്ത് ഞാൻ ആയിരുന്നുവെങ്കിൽ നിങ്ങളെ രണ്ടിനെയും പടിച്ച് അകത്തിട്ടേനെ... സ്വന്തം കാര്യം നോക്കി പോയേനെ..

Becouse അത്രത്തോളം താഴ്ന്നു തരാൻ മാത്രം മനസുള്ള പെണ്ണൊന്നുമല്ല ഞാൻ....." ഹരിയെ നോക്കി അർത്ഥം വെച്ച് പറഞ്ഞു... അവനൊന്നും മിണ്ടിയില്ല.... "പിന്നെ ഞാൻ ഉപേക്ഷിച്ചു പോയാൽ നിന്നെ ആര് നോക്കുമെന്നാ ഹരി...അച്ഛനോ..?? അദ്ദേഹം ഇപ്പോഴും വീൽചയറിലാണ്.... പിന്നെ ഒരാൾ അമ്മയാണ്..." അവൾ അവനെ നോക്കി പുച്ഛത്തോടെ ചിരിച്ചു.. "ഒരാളുകൂടെ ഉണ്ടാവുമായിരുന്നു... ബദ്രി....!!!" ആ പേര് കേട്ടപ്പോഴേ അവന്റെ മുഖം മാറുന്നത് നയന ശ്രദ്ധിച്ചു.... "ബദ്രിയോട് നിനക്ക് എന്താ ഇത്ര ദേഷ്യം.....??". ആ ചോദ്യത്തിന് കൊടുക്കാൻ ഉത്തരം അവന്റെ കയ്യിൽ ഇല്ലായിരുന്നു.... "കഷ്ട്ടം ഉണ്ട് ഹരി.... നിന്നെ കുറിച്ച് ഞാൻ ഇങ്ങനെ അല്ലായിരുന്നു ചിന്തിച്ചിരുന്നത്.... അച്ഛനും മകനും എന്തേലും ഒരു ആവശ്യം വന്നാൽ ഓടി വരാൻ അവൻ മാത്രേ ഒള്ളൂ ഇപ്പോ...അത്രമാത്രം ദ്രോഹിച്ചല്ലോ നീ....." വാക്കുകൾ കൊണ്ട് ഹരിയെ അത്ര പെട്ടെന്ന് മാറിവേൽപ്പിക്കാൻ കഴിയില്ലെന്ന് അവൾക്ക് അറിയാമായിരുന്നു... എങ്കിലും ഹരി കൺവീൻസ് ചെയ്യാൻ അവൾ ശ്രമിച്ചു കൊണ്ടിരുന്നു....

"ഐവ അല്ലേലും കണ്ണേട്ടൻ പൊളിയാണ്....ശോ... എന്താ സെലെക്ഷൻ..." അപ്പു ഷർട്ട്‌ എടുത്ത് അവന്റെ ദേഹത്ത് വെച്ച് നോക്കി..... "ഞാൻ അല്ല ഇച്ചുവാണ് സെലക്ട്‌ ചെയ്തത്....." ബദ്രി അലസമായി പറഞ്ഞു കൊണ്ട് നിലത്ത് കവിൾ ചേർത്ത് കിടന്നു.... കമിഴ്ന്നു കിടക്കുന്ന ബദ്രിയുടെ പുറത്ത് കിടക്കുവാണ് പാറൂട്ടി....വിരൽ നുണഞ്ഞു കൊണ്ട് എന്തോ മൂളി കൊണ്ട്.... "അച്ചുമ്മ എങ്ങനെ ഉണ്ട് ഷർട്ട്‌ കൊള്ളാവോ...." മറുപടിയായി ഹാളിൽ മാറി നിന്നിരുന്ന അച്ചു മെല്ലെ പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി.... നിലത്ത് കണ്ണടച്ച് കിടക്കുവാണേലും ബദ്രി അച്ചുവിന്റെ ഓരോ ചലങ്ങളും അറിയുന്നുണ്ടായിരുന്നു.... പുഞ്ചിരിയോടെ അവളുടെ കൊലുസ്സിന്റെ താളം കാതോർത്തു കിടന്നു..... "ഞാനിതൊക്കെ കൊണ്ട് വച്ചിട്ട് വരാം...." എല്ലാം പെറുക്കി കൂട്ടി അപ്പു എഴുനേറ്റു... "ഇരുനൂറു രൂപയിൽ ബാക്കി എവിടെപ്പൂ...??" ഗൗരവത്തോടെ ബദ്രി ചോദിച്ചു... അപ്പു എഴുന്നേറ്റ പോലെ ഇരുന്നു... "അത് ചിലവായി പോയി കണ്ണേട്ടാ...." കള്ള സങ്കടത്തോടെ അവൻ പറഞ്ഞു...

"അതിന് മാത്രം എന്തായിരുന്നു ചിലവ്...??" "ബീച്ചിൽ പോയി... പിന്നെ മാളിൽ പോയി...ഫുഡ്‌ മുഴുവൻ അരുണിന്റർ ചിലവായിരുന്നു.... പിന്നെ അവരുടെ ബൈക്കിന്‌ പെട്രോൾ അടിക്കാൻ കാശ് കൊടുക്കണ്ടേ... അങ്ങനെ ബാക്കി ചിലവായി ...." അവൻ ഓരോന്നും വിശദീകരിച്ചു പറയുന്നത് കേൾക്കെ ബദ്രി ഉള്ളിൽ ചിരിക്കുവായിരുന്നു..... "സത്യം തന്നെ ആണോടാ...." "മ്മ്.. സത്യം... ഞാൻ ആണേ സത്യം...." അപ്പൂന്റെ സത്യമിടൽ കണ്ട് അച്ചു വാ പൊത്തി ചിരിച്ചു... "ആഹാ കിണ്ണേട്ട... ച്ചെ... കണ്ണേട്ടാ അച്ചുമ്മ ചിരിക്കുന്നു...." അപ്പു അത്ഭുതത്തോടെ അച്ചുവിനെ ചൂണ്ടി... അച്ചു ചിരി അടക്കി പിടിച്ചു... "ഞാൻ ചിരിച്ചൊന്നൂല്യ..." ചിരി കഷ്ടപ്പെട്ട് ഒതുക്കി കൊണ്ട് അച്ചു പറഞ്ഞു... ബദ്രിയുടെ നോട്ടം തന്നിലേക്ക് പതിക്കുന്നു എന്ന് അറിഞ്ഞപ്പോൾ ചമ്മലോടെ അവൾ പിൻവാങ്ങി.... ബദ്രി ചിരിച്ചു കൊണ്ട് പാറുക്കുട്ടിയെ ശ്രദ്ധയോടെ എടുത്ത് എഴുനേറ്റ് ഇരുന്നു.... റൂമിലേക്ക് നടക്കവേ അച്ചു ഒന്ന് തിരിഞ്ഞു നോക്കി....

അപ്പോഴും അവന്റെ കണ്ണുകൾ തന്നിലാണെന്ന് കണ്ടതും അവൾ വേഗത്തിൽ റൂമിലേക്ക് നടന്നു.... "നമുക്ക് റൂമിലേക്ക് പോകാം നയന... ഇതിൽ ഇരുന്നു മടുപ്പ് തോന്നുന്നു....." വീൽചയറിന്റെ ഹാൻഡിലിൽ പിടിച്ചു കൊണ്ട് ഹരി നയനയോട് പറഞ്ഞു... "ബുദ്ധിമുട്ട് തോന്നുന്നുണ്ടോ ഹരി...." "മ്മ്... വല്ലാതെ..." വേദന കൊണ്ട് അവന്റെ മുഖം ചുളിഞ്ഞു.... നയന വീൽചെയർ റാമ്പിലൂടെ ഉന്തി മുന്നോട്ട് നടന്നു.... ഹരി പുറം കാഴ്ചയിൽ മുഴുകിയിരിക്കുവായിരുന്നു.... ഹോസ്പിറ്റലിന്റെ ഗാർഡനടുത്തൂടെ വേണം റൂമിലേക്ക് പോകാൻ.... നിറയെ പൂക്കൾ കൊണ്ട് സ്മൃതമാണ് ഗാർഡൻ.... കുട്ടികളും മുതിർന്നവരും അടക്കം ഒരുപാട് പേര് ഉണ്ട് അവിടെ... ഹോസ്പിറ്റലിനോട്‌ കൂടെ പ്രവർത്തിച്ചു വരുന്ന അഗതിമന്ദിരവും ക്യാൻസർ സെന്ററും ഉണ്ട് അവിടെ... ഗാർഡനിലെ മുളകൊണ്ട് ഉണ്ടാക്കിയ ബെഞ്ചിൽ ഇരിക്കുന്ന പെൺകുട്ടിയിൽ ഹരിയുടെയും നയനയുടെയും കണ്ണുകൾ ഒരുപോലെ പതിഞ്ഞു.... കാറ്റിൽ പാറി പോകാൻ ഒരുങ്ങുന്ന ഷാളിനെ അവൾ കൈ കൊണ്ട് ഒതുക്കി വെക്കുന്നുണ്ട്....

മുഖത്തിന്റെ ഒരു സൈഡ് മാത്രം കാണാം... ഹരി അവളുടെ മുഖം കാണാൻ ഒന്ന് തലചെരിച്ചു നോക്കി.... സാധിക്കുന്നില്ല... ഒരു ബെൽ മുഴങ്ങി... അവിടെ ഉള്ള രോഗികൾക്ക് ഫുഡ്‌ കഴിക്കാനുള്ള ബെൽ ആണ്.... റൂം എടുത്തവർക്ക് റൂമിൽ കൊണ്ട് തരും... ഗാർഡനിൽ നിന്ന് എല്ലാരും പിൻവാങ്ങാൻ തുടങ്ങി.... അപ്പോഴാണ് ഷാൾ കൊണ്ട് മുഖം മറച്ചു കൊണ്ട് വരുന്ന ആ പെണ്ണിനെ ഹരി ശെരിക്കും കണ്ടത്... അവളെ കണ്ടതും അവനൊന്നു ഞെട്ടി.... "ശ്രദ്ധ......!!!!!" അവന്റെ ചുണ്ടുകൾ മന്ത്രിച്ചു..... നയന ഞെട്ടി... മുന്നോട്ട് നടന്ന ശ്രദ്ധ ഒരുനിമിഷം നിന്നു.... വിറച്ചു കൊണ്ട് തിരിഞ്ഞു നോക്കി.... ഷാൾ മറയില്ലാതെ അവളുടെ മുഖം കണ്ടതും ഹരി മുഖം തിരിച്ചു... പൊള്ളിയടർന്ന തൊലി... വലത് സൈഡിൽ മുടി പോലും ഇല്ലായിരുന്നു.... വലത് കണ്ണ് കാഴ്ച്ചയില്ലാതെ പൊള്ളി അടഞ്ഞിരിക്കുന്നു.... ഹരി കണ്ടതും ശ്രദ്ധ മുഖം തിരിച്ചു മുന്നോട്ട് നടന്നു..... "അവളുടെ ഭർത്താവ് ചെയ്ത പണിയാണ്..." റൂമിലേക്ക് പോകവേ നയന പറഞ്ഞത് കേട്ടു.... ഹരി ഒന്നും മിണ്ടിയില്ല... "ഭർത്താവ് വീട്ടിൽ ഇല്ലാത്തപ്പോൾ പുതിയ കാമുകനെ വീട്ടിൽ കയറ്റി അതിന്...വാക്ക് തർക്കത്തിനിടയിൽ അവൻ തീ ഇട്ടതാണെന്നൊക്കെയാ ഇവിടെ പലരും പറയണേ.... കൃത്യമായിട്ട് എനിക്ക് അറിയില്ല...

എന്തായാലും അവളുടെ ഭർത്താവ് നാട് വിട്ടു...." "നീ എങ്ങനെ അവളെ കണ്ടു...?" ഹരി ചോദിച്ചു... "ഞാൻ ഇന്നലെ യാ കണ്ടത്... എനിക്കൊരു സംശയം ഉണ്ടായിരുന്നു... പിന്നെ മെഡിക്കൽ സ്റ്റോറിൽ പോയപ്പോൾ അവിടുത്തെ നേഴ്സ്മാർ ഇവളെ പറ്റി പറയണത്.. കേട്ടു...." ഹരി ഒന്ന് നിശ്വസിച്ചു... എന്തേലും ആകട്ടെ... ഞാൻ കെട്ടിയിരുന്നേലും അവൾ ഇങ്ങനെ തന്നെ ചെയ്യും.. അവൻ പൊള്ളിച്ചതെ ഒള്ളൂ... ഞാൻ കൊന്ന് കെട്ടി തൂക്കിയേനെ ... മണ്ഡപത്തിൽ നാണം കെട്ട് ഇരിക്കേണ്ടി വന്നത് അവൻ ഓർത്തു... അച്ചു ബദ്രിയിൽ നിന്ന് ഒളിച്ചു കളി നടത്തി കൊണ്ടിരുന്നു.... ബദ്രി അവളെ പുഞ്ചിരിയോടെ നോക്കുക മാത്രം ചെയ്യും... കണ്ണുകൾ ഇടക്ക് കതകൾ കൈമാറും... തന്നെ ഇഷ്ടമാണല്ലോ.... അത് മതി....❤️ തന്നെ പൂർണമായും ഉൾകൊള്ളാൻ കഴിയും വരെ അവൾ മിണ്ടിയില്ലേലും സാരമില്ല.... ഈ കാത്തിരിപ്പിനും സുഖമുണ്ട്.... തന്നോട് ചോദിക്കാൻ ഒരുപാട് ചോദ്യങ്ങൾ അവൾക്ക് ഉണ്ടാകും....അച്ഛൻ.... അച്ഛനെ കുറിച്ച് അവൾ ഇതുവരെ ചോദിച്ചിട്ടില്ല... ചോദിക്കുമായിരിക്കും... ഓരോന്ന് ഓർത്ത് കൊണ്ട് അവൻ ഡ്രൈവ് ചെയ്തു... ജിസ്പി പിന്നെ നിന്നത് സെൻട്രൽ ജയിലിന് മുന്നിലാണ്.... അവൻ അനുവാദം ചോദിച്ച് അകത്ത് കയറി....

"അര മണിക്കൂർ അത്രയേ അനുവധിക്കൂ... രാമനാഥൻറെ വേണ്ടപെട്ട ആളാണെന്നു പറഞ്ഞത് കൊണ്ടാ അനുവാദം തന്നത്..." പോലീസ് സൂപ്രണ്ട് ഗൗരവത്തോടെ അവനോട് പറഞ്ഞു... ബദ്രി തലയാട്ടി കൊണ്ട്... ഇരുമ്പഴികൾ തീർത്ത മതിൽ കെട്ടിന് മുന്നിൽ നിന്നു... ഇരുട്ടി നിന്നൊരു രൂപം അടുത്ത് വരുന്നത് അവൻ കണ്ടു.... അവൻ ചുണ്ടിൽ ഒരു മങ്ങിയ ചിരി അയൽക്കായ് വരുത്തി... ശേഖരൻ മുന്നോട്ട് വന്നു.... "എന്റെ മോള്....." അയാൾ പ്രതീക്ഷയോടെ ചോദിച്ചു.... ബദ്രി ഒന്ന് പുഞ്ചിരിച്ചു... "അവൾക്ക് കുഴപ്പമൊന്നുമില്ല.... പതിയെ വീടുമായി അഡ്ജസ്റ്റ് ആയി വരുന്നു..." അവൻ സൗമ്യതയോടെ പറഞ്ഞു.... നിറ കണ്ണുകളോടെ അയാൾ തലയാട്ടി... "എ... എന്നെ കുറിച്ച്....??" ബദ്രി വാടിയ മുഖത്തോട് ഇല്ലെന്ന് തലയാട്ടി... "ഇതുവരെ ആരെ കുറിച്ചും ചോദിച്ചിട്ടില്ല....ഇടക്ക് ഇരുന്നു കരയുന്നത് കാണാം... മനസ്സ് കൊണ്ട് എന്നെയും മോളെയും പോലും ശെരിക്ക് അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല.... അച്ഛനെ കുറിച്ച് ചോദിച്ചാൽ... ഞാൻ കൊണ്ട് വരാം കാണിക്കാൻ...." "കൊണ്ട് വരണം... എനിക്ക് കാണണം എന്റെ കുഞ്ഞിനെ...." അയാൾ വിങ്ങി പൊട്ടി... ബദ്രി ആ വൃദ്ധനെ നോക്കി നിന്നു... എന്തൊരു സ്നേഹമാണ് അദ്ദേഹത്തിന് അച്ചുവിനോട്.....

ഇതുപോലെയുള്ള അച്ഛന്മാരെ കിട്ടാനും ഭാഗ്യം വേണം.. എന്റെ കുഞ്ഞ്.... ആ വാക്കുകളിൽ അവളോടുള്ള അതിയായ വാത്സല്യമുണ്ട്.... "അതെ മതി മതി....സർ ഇപ്പൊ വരും... വേഗം ചെല്ലാൻ നോക്ക്...." സൂപ്രണ്ട് ധൃതിയിൽ തൊപ്പി ശെരിയാക്കി കൊണ്ട് പറഞ്ഞു... ബദ്രി ശേഖരന്റെ കയ്യിൽ ഒന്ന് അമർത്തി പിടിച്ച് കണ്ണുകൾ കൊണ്ട് യാത്ര പറഞ്ഞ് അവിടെന്ന് പിന്തിരിഞ്ഞു നടന്നു.... വീട്ടിൽ എത്തുമ്പുമ്പോൾ സന്ധ്യ മയങ്ങിയിരുന്നു..... വീട്ടു മുറ്റത്ത്‌ ആരെയും കണ്ടില്ലേ....ജിപ്സി പാർക്ക്‌ ചെയ്ത് ഇറങ്ങിയപ്പോൾ കണ്ടു മുത്തശ്ശിയുടെ അടുത്ത് വിളക്ക് തെളിയിച്ചു കൊണ്ട് വരുന്ന അപ്പുവിനെ.... അവനെ നോക്കി പേടിപ്പിച്ചു കൊണ്ട് ബദ്രി അകത്തേക്ക് കയറി.... ഹാളിലേക്ക് കയറിയപ്പോൾ ആരുമില്ല.. അടുക്കള വാതിൽക്കൽ ചെന്നൊന്ന് എത്തി നോക്കി.... അച്ചുവിനെ കണ്ടില്ല... പാറുക്കുട്ടിയേയും കാണാനില്ല.. അവൻ സംശയിച്ചു കൊണ്ട് റൂമിലേക്ക് കയറിയതും.... മോളെയും കൊണ്ട് ബെഡിൽ ഇരിക്കുന്ന അച്ചു ഞെട്ടി തിരിഞ്ഞിരുന്നു... ബദ്രി അബദ്ധം പറ്റിയത് പോലെ വേഗം പുറത്തേക്ക് ഇറങ്ങി...

കുഞ്ഞിന് പാല് കൊടുക്കുകയായിരുന്നു.... ച്ചെ.... അവൻ നെറ്റിയിൽ അടിച്ചു കൊണ്ട് നാവ് കടിച്ചു... അച്ചു മോളെ ബെഡിൽ കിടത്തി വേഗം റൂം വിട്ട് പുറത്തേക്ക് ഇറങ്ങി.... ബദ്രിക്ക് മുഖം കൊടുക്കാതെ റൂമിൽ നിന്നിറങ്ങി പോയി... അവൻ അവളെ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് പാറുക്കുട്ടിയുടെ അടുത്ത് ചെന്ന് കിടന്നു... അച്ഛനെ കണ്ട സന്തോഷത്തിൽ കിടന്നിടത്ത് നിന്ന് പാറുക്കുട്ടി കമിഴ്ന്നു... ബദ്രിയെ അള്ളി പിടിച്ചു കൊണ്ട് അവന്റെ മേൽ കയറി... ബദ്രി ചിരിയോടെ അവളെ പൊതിഞ്ഞു പിടിച്ചു.... "അച്ചേടെ പാറുകുട്ട്യേ......." പതിവ് വിളി വന്നതും ആ ഉണ്ടാകവിളിൽ നുണക്കുഴി വിരിഞ്ഞു.... "ത്ത...." എന്തോ ശബ്ധിച്ചു കൊണ്ട് പാറൂട്ടി ബദ്രിയുടെ കവിളിൽ തൊണ്ണകൊണ്ട് കടിച്ചു.... കാറ്റിൽ വലിയ ശബ്ദത്തോടെ അടഞ്ഞ ജനവാതിലിന്റെ ശബ്ദം കേട്ടാണ് ബദ്രി കണ്ണ് തുറന്നത്.... നല്ല മഴ.....! രണ്ട് ദിവസമായല്ലോ ചാറി പോകുന്നു... ഇന്ന് തിമിർത്തു പെയ്യുകയാണ്... ബദ്രി അടുത്ത് കിടക്കുന്ന പാറുക്കുട്ടിയെ നോക്കി... പുള്ളിക്കാരി ചുണ്ടിൽ ഒരു ചിരി ഒളിപ്പിച്ചു കിടക്കുകയാണ്....

ഉണ്ടകവിളിൽ അമർത്തി ഒരു കടി കൊടുക്കാൻ അവന് തോന്നി.... ഉറക്കം ക്ഷീണം പാടെ ഒന്ന് പോകാൻ അവൻ കിടന്ന് കൊണ്ട് നിവർന്നു.... ടേബിളിൽ ആവി പാറുന്ന ചായ ഇരിപ്പുണ്ട്.... അവൻ ചിരിയോടെ അത് എടുത്തു കൊണ്ട് ബാൽക്കണിയിലേക്ക് നടന്നു.... മഴ കണ്ടു കൊണ്ട് ചായ ചുണ്ടോട് ചേർത്തു... "ദേവുമ്മ വരണ്ട ഞാൻ പറിച്ചു കൊണ്ട് തരാം......" മുറ്റത്ത്‌ നിന്ന് അച്ചൂന്റെ ശബ്ദം കേട്ടു.... കുട നിവർത്തി അവൾ മഴയിലേക്ക് ഇറങ്ങി... തൊടിയിൽ നിൽക്കുന്ന വേപ്പിൻ തയ്യിൽ നിന്ന് ഇല പറിച്ചെടുത്ത് ഉമ്മറ പടിയിൽ നിന്ന ദേവകിക്ക് നേരെ നീട്ടുന്നത് അവൻ നോക്കി നിന്നു.... ദേവകിയമ്മ അകത്തേക്ക് പോയിട്ടും അവൾ മുറ്റത്ത് നിന്നും കയറിയില്ല.... കള്ളകണ്ണിട്ട് ചുറ്റും അവൾ നോക്കുന്നത് കണ്ട് അവനിക് കൗതുകം നിറഞ്ഞു.... കയ്യിലെ കുട മാറ്റി വെച്ച് അവൾ മഴയിലേക്ക് ഇറങ്ങി.... അവളെ നനച്ചു മഴ പെയ്തിറങ്ങി...കാറ്റെടുത്തു വീശുന്ന മഴയിൽ നനഞു കുതിർന്നവൾ നിന്നു.... നെറുകയിലൂടെ ഒലിച്ചിറങ്ങുന്ന തുള്ളിൾകളിൽ അവന്റെ കണ്ണുകൾ പതിഞ്ഞു...

നാളുകൾക്ക് ശേഷം ചുവന്നു കിടക്കുന്ന അവളുടെ സീമന്ത രേഖ.... കണ്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നി... ഇത്രമേൽ മനോഹരമായ കാഴ്‌ച താനിതുവരെ കണ്ടിട്ടില്ലെന്ന് അവന് തോന്നി... എന്തോ ഓർത്തപോലെ അവൻ അകത്തേക്ക് കയറി.... ഷെൽഫിൽ നിന്ന് ഡ്രസ്സ്‌ എല്ലാം വലിച്ചിട്ട് എന്തോ തിരഞ്ഞു... തപ്പി നടന്നത് കയ്യിൽ തടഞ്ഞു.. Canon digital SLR camera... അവൻ അത് കയ്യിൽ എടുത്തു... ലെൻസ്‌ ചെറുതായി പൊട്ടിയിട്ടുണ്ട്... അത് കണ്ടപ്പോൾ ഉള്ളിൽ ഒരു കുഞ്ഞു നോവ്... ഒരിക്കൽ ഹരിയുമായി വഴക്കിട്ടപ്പോൾ ആ ദേഷ്യത്തിന് ദത്തൻ വലിച്ചെറിഞ്ഞതാണ്.... പ്ലസ്ടുവിലേക്ക് ജയിച്ചപ്പോൾ മുത്തശ്ശി വാങ്ങി തന്നതാണ്.. ഒരു ദീർഘ നിശ്വാസം എടുത്തവൻ മുണ്ട് മടക്കി കുത്തി ഉമ്മറത്തേക്ക് ചെന്നു... തൂണിൽ ചാരി നിന്ന് മുറ്റത്തേക്ക് നോക്കി.... ഇരു കയ്യും നിവർത്തി പിടിച്ച് മഴയിലേക്ക് മുഖം കൊടുത്തു നിൽക്കുന്ന ആ പെണ്ണിന്റെ ചിത്രം പകർത്താനായ് ഒരുപാട് കാലങ്ങൾക്ക് ശേഷം അവന്റെ കയ്യിലെ ക്യാമറ ഉണർന്നു.... ക്യാമറ ചിത്രം പകർത്തി.....

ശബ്ദം കേട്ട് അച്ചു ഒന്ന് തിരിഞ്ഞു നോക്കി... അവളെ നോക്കി നിൽക്കുന്ന ബദ്രിയെ കണ്ട് അവൾ വല്ലാതെ ആയി... അടുക്കളഭാഗത്തേക്ക് ഓടാൻ നിന്നതും.. "അച്ചു ഓടരുത്....." ബദ്രി വിളിച്ചു പറഞ്ഞു... ആരോ പിടിച്ചു നിർത്തിയത് പോലെ അവളുടെ കാലുകൾ നിശ്ചലമായി... ബദ്രി മഴയിലേക്ക് ഇറങ്ങി.... അവനെ അടുത്ത് കണ്ടതും അവളിൽ ഒരു പിടച്ചിലുണ്ടായി.... "നേരത്തെ നിന്നത് പോലെ ഒന്നൂടെ നിന്നെ...." അവളുടെ കണ്ണുകളിലേക്ക് നോക്കി അവൻ പറഞ്ഞു... "എ... എന്താ..." അവളൊന്നു വിറച്ചു... "നേരത്തെ മേലേക്ക് നോക്കി മഴ കൊണ്ട് നിന്നില്ലേ അതുപോലെ നിന്നെ...." അവൻ ചിരിയോടെ പറഞ്ഞു.... അവളുടെ തൊണ്ടയിലെ വെള്ളം വറ്റി.... "നിക്കച്ചു......" അത്രമേൽ ആർദ്രമായിരുന്നു അവന്റെ സ്വരം.... അവൾ ഇരുകൈകളും വിടർത്തി ആകാശത്തേക്ക് നോക്കി നിന്നു.... "ചിരിക്കച്ചു....." ക്യാമറയിലൂടെ അവളെ വീക്ഷിച്ചു കൊണ്ട് അവൻ പറഞ്ഞു.. അവൾ നിന്ന് വിറക്കുകയായിരുന്നു.... പെട്ടെന്ന് പാറുക്കുട്ടിയുടെ കരച്ചിൽ കേട്ടു.... ജീവൻ തിരിച്ചു കിട്ടിയ പോലെ അവൾ അകത്തേക്ക് ഓടി കയറി.... ബദ്രി ചിരിയോടെ അവൾ പോകുന്നത് നോക്കി നിന്നു. പ്രാതൽ കഴിക്കാൻ ഇരുന്നപ്പോഴാണ് ബദ്രി പിന്നെ അച്ചൂനെ കണ്ടത്...

ചുണ്ടിലെ പുഞ്ചിരി മായ്ക്കാതെ അവൻ അവളെ നോക്കി ഇരുന്നു.... അവന്റെ ഓരോ നോട്ടത്തിലും അവൾ വല്ലാതെ ഉലഞ്ഞു പോകുന്നു... ചുണ്ടിൽ പുഞ്ചിരി സ്ഥാനം പിടിക്കുന്നു.... ഒരു മായവലയത്തിൽ അകപ്പെട്ടത് പോലെ... ഒരു കുളിർമഴ പെയ്തിറങ്ങും പോലെ... "ഞാൻ പോകില്ല......" അപ്പു ഉച്ചത്തിൽ പറഞ്ഞു കൊണ്ട് കയ്യിലുള്ള പേപ്പർ മേശയിലേക്ക് ഇട്ടു.... അവന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നിരുന്നു... "നീ പോവും നല്ല കോഴ്സ് ആണ്.... ഹോസ്റ്റൽ സൗഖ്യവുമുണ്ട്....." രാമചൻ ഗൗരവത്തിൽ പറഞ്ഞു... അപ്പു ദയനീയമായി ശങ്കറിനെ നോക്കി.. ശങ്കർ പാറൂട്ടിയേയും കളിപ്പിച്ചു കൊണ്ട് ഉമ്മറത്തേക്ക് തടി തപ്പി... "കണ്ണേട്ടാ.... ഞാൻ പോവൂല... പഠിക്കണ്ടാ എനിക്ക് ഞാൻ ഇവിടെ നിങ്ങടെ കൂടെ നിന്നോളാം..." അവൻ കെഞ്ചി കൊണ്ട് ബദ്രിയുടെ കയ്യിൽ പിടിച്ചു... "മര്യാദക്ക് പോകാൻ നോക്കടെ...." ബദ്രി ദേഷ്യത്തിൽ അവന്റെ കൈ കുടഞ്ഞു മാറ്റി... "നാളെ തന്നെ പോയി അഡ്മിഷൻ എടുക്കണം... ഡ്രെസ് പാക്ക് ചെയ്തോ..." ബദ്രി അവനെ ഒന്ന് തുറിച്ചു നോക്കി കൊണ്ട് പറഞ്ഞു.. അപ്പൂന്റെ കണ്ണ് നിറഞ്ഞു.... "എന്താ മനുഷ്യ നിങ്ങള് പറയുന്നത്... ഞാൻ പോവൂല...." അവൻ കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു.... ബദ്രി വേഗം മുഖം തിരിച്ചു...

"നിന്ന് മോങ്ങാതെ പോത്തേ.. പോയി എല്ലാം പാക്ക് ചെയ്യ്....." അത് കേട്ട് അപ്പു ദേഷ്യത്തിൽ അവനെ നോക്കി കൊണ്ട് റൂമിലേക്ക് നടന്നു... "എന്നെ നോക്കാൻ തന്നോടല്ലേ മനുഷ്യ എന്റെ മുത്തശ്ശി പറഞ്ഞെ... എന്നിട്ട്.. എന്നിട്ട് എന്നെ ഹോസ്റ്റലിൽ ആക്കുന്നോ..." അവൻ വിളിച്ചു പറയുന്നുണ്ടായിരുന്നു.... "അവൻ പറയുന്നത് നീ കാര്യമാക്കണ്ട... പുതിയ കൂട്ടുകാരെ കിട്ടുമ്പോൾ റെഡി ആയിക്കോളും..." ബദ്രിയുടെ തോളിൽ തട്ടി രാമച്ചൻ ചിരിയോടെ പറഞ്ഞു... "അല്ല രാമച്ചാ...." "എടാ പ്രൊഫഷണൽ കോഴ്സ് അല്ലെ... അതും ഗവണ്മെന്റ് സർട്ടിഫൈഡ്..അവനിത് നല്ലൊരു opportunity ആണ്..." ബദ്രിയെ പറയാൻ അനുവദിക്കാതെ രാമച്ചൻ പറഞ്ഞു... "എന്നാലും അത്രയും ദൂരെയൊക്കെ....അടുത്ത് വല്ലതും പോരെ... അവൻ എന്റെ കൺവെട്ടത്ത് തന്നെ ഉണ്ടാവുമല്ലോ.... ചെറുക്കൻ പോയാൽ പിന്നെ... എനിക്ക് എന്തോ പോലെയാണ്...." ബദ്രി മടിയോടെ രാമച്ചനെ നോക്കി... "ഇത്തിരി ഉള്ളപ്പോൾ മുതൽ കൂടെ ഉള്ളതല്ലെ.... മുത്തശ്ശി എപ്പഴും പറയും അപ്പൂനെ കൂടെ നിർത്തണെ കണ്ണാന്ന്.... വേണ്ട രാമച്ച.... നമുക്ക് വേറെ നോക്കാം... അത്ര ദൂരെ ഒന്നും അവനെ വിടാൻ മനസ്സ് അനുവദിക്കുന്നില്ല...." ബദ്രി സ്വരം താഴ്ത്തി പറഞ്ഞു തീർന്നതും രണ്ട് കൈകൾ അവനെ ചുറ്റി പിടിച്ചിരുന്നു.... "ഞാൻ പോയാലും നിങ്ങളെന്നെ പറഞ്ഞു വിടില്ലെന്ന് എനിക്കറിയാം മനുഷ്യ......." .........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story