ഈ മഴയിൽ....❤️ പാർട്ട്‌ 75

ee mazhayil

എഴുത്തുകാരി: ✍ ആൻവി

ശരീരത്തിൽ കൈകൾ ചുറ്റിവരിയുന്ന പോലെ തോന്നിയാണ് ബദ്രി കണ്ണ് തുറന്നത്.. അച്ചു വിറച്ചു കൊണ്ട് അവനെ ചുറ്റി പിടിച്ചു കിടക്കുവാണ്.... കഴുത്തിൽ അമർന്ന അവളുടെ നെറ്റിയുടെ ചൂട് അറിഞ്ഞെന്നോണം അവൻ അവളെ അടർത്തി മാറ്റാൻ നോക്കി... "അച്ചേ...." അവൾ ഞെരങ്ങി കൊണ്ട് അവനിലേക്ക് ചേർന്നു കിടന്നു... "അച്ചൂട്ടാ....." അവളുടെ മുടിയിഴകളിൽ തലോടി കൊണ്ട് അവൻ വിളിച്ചു... "കിണ്ണാ....." അവളുടെ കൈകൾ അവന്റെ ഷർട്ടിൽ മുറുകി... അവൾ കരയുകയായിരുന്നു....അച്ഛനെന്ന് ഏങ്ങലടികൾക്കിടയിൽ പറയുന്നുണ്ടായിരുന്നു... ബദ്രി അവളെ നെഞ്ചോടു അടക്കി പിടിച്ചു... ഏങ്ങലടികൾ പതിയെ നേർത്ത് വന്നു...അവനെ ചുറ്റി വരിഞ്ഞിരുന്ന കൈകൾ പതിയെ അയഞ്ഞു.... ബദ്രി അവളുടെ നെറുകയിൽ ചുണ്ട് അമർത്തി.... അടഞ്ഞു തുടങ്ങിയാ അവളുടെ കണ്ണുകൾ മൃദുവായ ചുംബിച്ചു കൊണ്ട് ബെഡിലേക്ക് കിടത്തി.. നന്നായി പനിക്കുന്നുണ്ട്.... പുറത്തെ ചെറു ചാറ്റൽ മഴയിലും അവൾ കിടന്നു വിറച്ചു..... ബദ്രി എഴുനേറ്റ് അവളുടെ കഴുത്തറ്റം പുതച്ചു കൊടുത്തു....

എഴുനേറ്റു പോകാൻ നിന്ന അവന്റെ ഷർട്ടിൽ അവളുടെ പിടി വീണു... "കിണ്ണാ..... " കൂമ്പിയടഞ്ഞ കണ്ണുകൾ തുറക്കാൻ കഴിയാതെ അവൾ വിളിച്ചു.... ബദ്രി ലൈറ്റ് ഓൺ ചെയ്ത് അവൾക്ക് അരികിൽ ഇരുന്നു.... "ഞാനിവിടെ ഉണ്ട് അച്ചൂട്ട്യേ..." വലത് നെറ്റിയിൽ ചുണ്ട് അമർത്തിയപ്പോൾ അവളുടെ പനിച്ചൂട് അധരങ്ങളിൽ അവൻ അറിയുന്നുണ്ടായിരുന്നു.... മെല്ലെ അവളുടെ കൈകൾ വേർപെടുത്തി... ചുമരിനോട്‌ ചേർന്ന് കിടന്ന് സുഗമായി ഉറങ്ങുന്ന പാറുക്കുട്ടിയെ വാരിയെടുത്തു.... ഉറക്കം മുറിഞ്ഞപ്പോൾ അവളൊന്നു ചിണുങ്ങി കൊണ്ട് കണ്ണ് തുറന്നു... "മ്മ്...." ഒന്ന് ചിണുങ്ങി കൊണ്ട് ബദ്രിയെ നോക്കി....കുഞ്ഞിചുണ്ടുകൾ ചുളിച്ചുള്ള ആ നോട്ടം കണ്ടപ്പോഴെ ബദ്രിക്ക് മനസിലായി ഉറക്കത്തിൽ ശല്ല്യപെടുത്തിയതിന്റെ പ്രതിഷേധമായി കരയാനുള്ള തയ്യാറെടുപ്പിലാണ് പുള്ളിക്കാരിയെന്ന്..... ആ കുഞ്ഞി ചുണ്ടുകൾ വിതുമ്പി... കണ്ണുകൾ നിറഞ്ഞു... "ശ്......." കരയാനായി ഒരുങ്ങുന്ന പാറുക്കുട്ടിയെ ദയനീയമായി നോക്കി ബദ്രി അവന്റെ ചുണ്ടിൽ വിരൽ വെച്ച് മിണ്ടരുതെന്ന് കാട്ടി....

പാറു വിതുമ്പി കൊണ്ട് ബദ്രിയെ നോക്കി... വീണ്ടും ഒന്ന് ചിണുങ്ങി... "അച്ചേടെ പാറുക്കുട്ട്യേ..... കരയല്ലേ... അമ്മ ഉറങ്ങുവല്ലേ..." അവളെ നെഞ്ചോട് ചേർത്ത് പിടിച്ച് പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു... പാറുക്കുട്ടി ഒരു കൈ കൊണ്ട് അവന്റെ ഷർട്ടിൽ പിടിച്ചു മറു കൈ വായിൽ വെച്ച് നുണയാൻ തുടങ്ങി.... ബദ്രി അവളുടെ കവിളിൽ ഉമ്മ വെച്ച് കൊണ്ട് വാതിൽ തുറന്നു പുറത്തേക്ക് ഇറങ്ങി... പാറുക്കുട്ടി വീണ്ടും എന്തോ മൂളി കൊണ്ട് അവന്റെ തോളിൽ കിടന്ന് ഉറങ്ങി തുടങ്ങിയിരുന്നു.... ബദ്രി അപ്പൂന്റെ റൂമിലേക്ക് ചെന്നു....ലൈറ്റ് ഇട്ടു... അപ്പു മൂടി പുതച്ചു സുഗമായി ഉറങ്ങുവാണ്... ബദ്രി അവനടുത്തേക്ക് ചെന്നു... "അപ്പു... ഡാ...." അവന്റെ മേൽ നിന്ന് പുതപ്പ് മാറ്റിയിട്ട് തട്ടി വിളിച്ചു....എവിടെ അവനുണ്ടോ ഉണരുന്നു.... ബദ്രി വീണ്ടും വിളിച്ചു... "എന്താ മനുഷ്യ...." ചെവി പൊത്തി കൊണ്ട് ഈർഷ്യയോടെ അപ്പു എഴുനേറ്റു...കണ്ണടച്ചു തന്നെയാണ് ഇരിപ്പ്... "ഡാ ലുട്ടാപ്പി...." ബദ്രി ദേഷ്യത്തോടെ അവന്റെ തലക്ക് ഒരു കൊട്ട് കൊടുത്തു.. അപ്പു ഒന്ന് ഞെട്ടി... തലയുഴിഞ്ഞു കൊണ്ട് മുന്നോട്ട് നോക്കി...

"എന്താ കണ്ണേട്ടാ...." അവൻ തലചൊറിഞ്ഞു കൊണ്ട് ചോദിച്ചു... "അച്ചൂന് നല്ല പനി.... നീ മോളെ നിന്റെ അടുത്ത് കിടത്തിക്കോ...." "ഡോക്ടറുടെ അടുത്ത് പോകുവാണോ കണ്ണേട്ടാ....എന്നാ ഞങ്ങളും വരും..." ബദ്രിയുടെ കയ്യിൽ നിന്ന് പാറുക്കുട്ടിയെ എടുത്തു കൊണ്ട് അവൻ പറഞ്ഞു... "ഇപ്പൊ പോണില്ല... മരുന്നിരിപ്പുണ്ട് അവളുടെ തന്നെ അത് കൊടുക്കാം...കുറഞ്ഞില്ലേൽ നാളെ പോകാം..." "മ്മ്...." അപ്പു ഒന്ന് മൂളി.... "കിടന്നോ... പിന്നെ കുഞ്ഞുണ്ടെന്ന ഓർമ വേണം... കയ്യും കാലും എടുത്ത് അതിൻറെ മേലേക്ക് ഇടരുത്..." "ഇല്ലന്റെ മനുഷ്യ.... ഞാനും എന്റെ പാറുക്കുട്ടിയും ഉറങ്ങാൻ പോകുവാ..." അപ്പു കുഞ്ഞിനെ അരുകിൽ കിടത്തി അവളോട് ചേർന്ന് അവൻ കിടന്നു.... ബദ്രി ചെറുചിരിയോടെ അവർക്ക് പുതച്ചു കൊടുത്തു റൂമിൽ നിന്നിറങ്ങി... ചുക്ക് കാപ്പിയൊക്കെ ഉണ്ടാക്കി അച്ചൂന്റെ അടുത്തേക്ക് ചെന്നു.... "അച്ചൂ....." ബദ്രി അവളെ മെല്ലെ വിളിച്ചു... കണ്ണ് തുറന്നില്ലേലും അവൾ മൂളുന്നുണ്ടായിരുന്നു..... മെല്ലെ അവൻ എഴുനേൽപ്പിച്ച് അവന്റെ നെഞ്ചോട് ചേർത്തിരുത്തി....

അവശതയോടെ അവൾ പാതി മിഴികൾ തുറന്നു... "മ്മ്... കുടിക്ക്..." ബദ്രി ചെറുചൂടോടെ ചുക്ക് കാപ്പി അവളുടെ വായിലേക്ക് മുട്ടിച്ചു... ആദ്യമൊന്ന് മുഖം ചുളിച്ചെങ്കിലും പിന്നെ അവൾ മുഴുവൻ കുടിച്ചു.... തുണി നനച്ച് അവളുടെ നെറ്റിയിൽ വെച്ച് കൊടുത്തു.... അച്ചു ക്ഷീണത്തോടെ അവന്റെ മടിയിലേക്ക് തലവെച്ചു.. വയറിലേക് മുഖം അമർത്തി വെച്ച് ചുരുണ്ട് കൂടി... ബദ്രി അവളെ തലോടി കൊണ്ട് അങ്ങനെ ഇരുന്നു.... രാവിലെ മൊബൈൽ റിങ് ടോൺ കേട്ടാണ് ബദ്രി കണ്ണ് തുറന്നത്.... ഉറക്കം വിട്ട് മാറാതെ അവൻ നെറ്റി ചുളിച്ചു...അപ്പോഴേക്കും റിങ് നിന്നിരുന്നു...മടിയിൽ കിടന്ന് അച്ചു അപ്പോഴും ഉറക്കമാണ്... അവൻ നെറ്റിയിൽ തൊട്ട് നോക്കി.... ചെറിയ ചൂട് ഉണ്ട്.... മുഖം താഴ്ത്തി അവളുടെ നെറ്റിയിൽ ഉമ്മ വെച്ചു.. വീണ്ടും ഫോൺ റിങ് ചെയ്തു... ടേബിളിൽ ഇരുന്ന ഫോൺ കയ്യെത്തി എടുത്തു നോക്കി... നയനയാണ്... കാൾ അറ്റൻഡ് ചെയ്തു.. "ഹലോ.. നയന..." "ബദ്രി... ഞാൻ... ഞാനൊരു ഹെല്പ് ചോദിക്കാൻ വിളിച്ചതാണ്...." അൽപ്പം മടിയോടെ ആണ് നയന സംസാരിച്ചു തുടങ്ങിയത്...

"എന്താടി... കാര്യം പറ..." "എടാ അത് ഞങ്ങൾ ഇന്ന് വീട്ടിലേക് വരുവാണ്..." "ആഹാ.. നിന്റെ കെട്ട്യോന്റെ അസുഖം ബേധയോ...??" അവൻ തിരക്കി... "ഇല്ല....വീൽചെയറിൽ ഇരിക്കാം അത്ര തന്നെ...." നിരാശയോടെ അവൾ പറഞ്ഞു... ബദ്രി ഒരു നിമിഷം നിശബ്ദനായി... "ബദ്രി.. എന്റെ പപ്പാ ബിസിനെസ്സ് ആവശ്യത്തിന് ബാംഗ്ലൂർ പോയേക്കുവാ.... എന്തോ ഇൻവെസ്റ്റേഴ്സ് ബോർഡ്‌ മീറ്റിംഗ് ഉണ്ടത്രേ.... നീ ഞങ്ങളെ പിക് ചെയ്യാൻ വരുമോ...?? ഹരിയെ കാറിൽ നിന്നിറക്കാനും അകത്തേക്ക് കൊണ്ട് പോകാനും എനിക്ക് ഒറ്റക്ക് പറ്റില്ലാഞ്ഞിട്ടാ..,.." അവളുടെ ശബ്ദം നേർത്തു... ബദ്രി ഒന്ന് ചിരിച്ചു... "കൊള്ളാലോ.. നിന്റെ കെട്ട്യോനെ ഈ അവസ്ഥയിൽ ആക്കിയ എന്നെ കൊണ്ട് തന്നെ അവനെ എടുപ്പിച്ചിട്ട് പ്രതികാരം ചെയ്യുവാണോ നീ...." കളിയാലേ അവൻ ചോദിച്ചു... നയന ഒന്നും പറഞ്ഞില്ല....അവൾക്ക് അത് ഹെർട്ട് ആയെന്ന് അവന് മനസിലായി .. "മ്മ്... ഞാൻ വരാം... റെഡി ആകുമ്പോൾ എന്നെ വിളിക്ക്..." "താങ്ക്സ് ഡാ... ഞങ്ങൾ റെഡി ആയി... " "ഈ രാവിലെയോ..??" "മ്മ്... ഇവിടെ നിന്ന് ഹരിക്ക് മടുത്തു... രാവിലെ അവന് മെഡിസിൻ ഉണ്ട് അത് കൊണ്ട് നേരെ എണീക്കും..." "മ്മ്മ് ശെരി ഞാൻ വന്നേക്കാം..."

"മ്മ്.. എന്റെ കാർ ഉണ്ട് വീട്ടിൽ അത് എടുത്തു വന്നാൽ മതി..." "മ്മ്.,.." അവനൊന്നു മൂളി കൊണ്ട് കാൾ കട്ടാക്കി.... അവന് പോകാൻ ഒട്ടും താല്പര്യം തോന്നിയില്ല... പക്ഷേ നയനയോട് എങ്ങനാ പറ്റില്ലെന്ന് പറയാ... ഡിഗ്രിക്ക് ഒരുമിച്ച് പഠിച്ചതാണ്....പിജിക്ക് അവൾ വേറെ കോളേജിൽ ജോയിൻ ചെയ്തു.... പിന്നീട് കാലങ്ങൾക്ക് ശേഷം കണ്ടിട്ടും അടുപ്പക്കുറവ് ഒന്നും തോന്നിയിട്ടില്ല... നല്ല character ആണ്... എന്തും തുറന്ന് പറയുന്ന നല്ലൊരു സുഹൃത്ത്..... ബദ്രി ഒന്ന് നിശ്വസിച്ചു....അച്ചുവിനെ ബെഡിലേക്ക് കിടത്തി പുതച്ചു കൊടുത്തു.... രാത്രിയിൽ ശെരിക്കും ഉറങ്ങാത്തത് കൊണ്ടാണെന്നു തോന്നുന്നു സുഖമായി ഉറങ്ങുവാണ് ഇപ്പോൾ... അവൻ എഴുനേറ്റു ബാത്‌റൂമിൽ പോയി ഫ്രഷ് ആയി വന്നു... സമയം 8 മണി ആയിരിക്കുന്നു... പുറത്ത് നിന്ന് പാറുക്കുട്ടിയുടെ ചിരികേൾക്കുന്നുണ്ട്.. അങ്ങോട്ട്‌ ചെന്ന് നോക്കിയപ്പോൾ ഉമ്മറത്ത് പാറുക്കുട്ടിയേയും കളിപ്പിച്ച് ഇരിക്കുവാണ് അപ്പു.... മുറ്റത്ത്‌ തത്തി നടക്കുന്ന പ്രാവുകളെ കൈ കാട്ടി വിളിക്കുവാണ് കുഞ്ഞിപാറു.. "ചായ......" ബദ്രി പുറകിൽ നിന്ന് വിളിച്ചു പറഞ്ഞു... "ആ ടേബിളിൽ ഇരിപ്പുണ്ട്... ഞാൻ പാറുക്കുട്ടിക്ക് പാല് കൊടുക്കുവാ...." ഫീഡിങ് ബോട്ടിൽ കയ്യിലെടുത്തു കൊണ്ട് അപ്പു വിളിച്ചു പറഞ്ഞു...

ബദ്രി ചിരിയോടെ ടേബിളിൽ ഇരുന്ന ചായ എടുത്തു കുടിച്ചു.... "ഡാ... ഞാനിപ്പോ വരാം.. അച്ചു എഴുന്നേറ്റൽ പറയണം.... മരുന്ന് കഴിക്കാൻ അവളോട് പറയണം..." ഷർട്ട്‌ മാറി വന്ന് കൊണ്ട് അവൻ അപ്പുനോട്‌ പറഞ്ഞു.... "എങ്ങോട്ടാ കണ്ണേട്ടാ...." അപ്പു പാറൂട്ടിയേയും കൊണ്ട് എഴുനേറ്റു... "അത്ത......" പാറുക്കുട്ടി ബദ്രിയുടെ മേലേക്ക് ചാഞ്ഞു... "ആഹാ.. എന്താ അച്ചേടെ പാറുക്കുട്ടി വിളിച്ചേ... അച്ഛാന്നോ...." ബദ്രി സന്തോഷത്തോടെ അവൾ എടുത്ത് ഉയർത്തി... "അച്ഛാ എന്നല്ല അത്ത എന്നാണ്..." അപ്പു ചുണ്ട് കോട്ടി... "പോടാ... നിനക്ക് എന്തറിയാം.... " ബദ്രി അവനെ നോക്കി കണ്ണുരുട്ടി കൊണ്ട് കുഞ്ഞിപാറൂന്റെ കവിളിൽ ഉമ്മ വെച്ചു... "അച്ചേടെ പാറുക്കുട്ടി അപ്പൂട്ടന്റെ കൂടെ ഇരിക്ക് ട്ടോ..." ബദ്രി മോളെ അപ്പൂന് കൊടുത്തു... "എങ്ങോട്ടാ കണ്ണേട്ടാ...??" "ഞാൻ നയനയെ പിക് ചെയ്യാനാ.. അവൾ വിളിച്ചിരുന്നു...."

ബദ്രി അതും പറഞ്ഞു ബുള്ളറ്റിനടുത്തേക്ക് നടന്നു.... "ആ ഹരി കൂടെ ഉണ്ടാവില്ലേ..." അപ്പു ഗൗരവത്തോടെ ചോദിച്ചു.. "മ്മ്മ്..." ഒന്ന് മൂളി കൊണ്ട് അവൻ ബുള്ളറ്റിൽ കയറി... "കണ്ണേട്ടൻ എന്തിനാ പോണേ... അവന് ഒരു നന്ദിയും ഉണ്ടാവില്ല... ചെറ്റയാണ്..." അപ്പു ദേഷ്യത്തോടെ പറഞ്ഞു... "എന്റെ അപ്പുട്ടാ...അവന് വേണ്ടത് ഞാൻ കൊടുത്തു....അതിപ്പോ കുറഞ്ഞാലും കൂടിയാലും... അവന് രണ്ട് പൊട്ടിച്ചപ്പോൾ ഞാൻ സംതൃപ്തനായി... ഇനിയിപ്പോ അവനെ ഞാൻ സഹായിച്ചെന്ന് കരുതി എനിക്ക് ഒരു കുഴപ്പവില്ല .. കുഴപ്പം തോന്നേണ്ടത് അവനല്ലേ....എന്നെ സംബന്ധിച്ച് ഹരി ഒന്നുമല്ല....ഇത് ഒരു സഹായം.... കോളേജിൽ പഠിക്കുന്ന കാലത്ത് എത്ര അഗതിമന്ദിരങ്ങളിൽ പോയിരിക്കുന്നു അവിടുത്തെ എത്ര പേരെ സഹായിരിച്ചിരിക്കുന്നു...എന്റെ കയ്യിൽ എടുത്തു കൊണ്ട് പോയിട്ടുണ്ട് ഞാൻ പലരെയും... അപ്പൊ നമ്മൾ നോക്കുമോ അവർ ആരോയോക്കെ ദ്രോഹിച്ചു... കൊല്ലാൻ നോക്കി എന്നൊക്കെ.....അങ്ങനെ ഒള്ളൂ... ഒരു ജീവകാരുണ്യ പ്രവൃത്തനം...." അപ്പൂന്റെ കവിളിൽ ഒന്ന് തട്ടി...

പാറുക്കുട്ടിയുടെ നെറ്റിയിൽ ഒരുമ്മ കൂടി കൊടുത്തിട്ട് അവൻ ബുള്ളറ്റ് മുന്നോട്ട് എടുത്തു.....  "ഉണ്ണിയേട്ടാ... എഴുനേറ്റെ...." അമ്മാളു വിളിച്ചതും ശങ്കർ ഒന്ന് മൂളി കൊണ്ട് പുതച്ചു മൂടി കിടന്നു... "ഒന്ന് എണീക്ക് ഏട്ടാ.... ദേ ഇച്ചൂക്ക വിളിക്കുന്നു...." അവൾ അവന്റെ മേൽ നിന്ന് പുതപ്പ് വലിച്ചു നീക്കി കയ്യിലെ ഫോൺ നീട്ടി.. "മ്മ്... അവനോട് പോയി പണി നോക്കാൻ പറ...." "എണീക്കുന്നുണ്ടോ നിങ്ങള്... എനിക്ക് ദേഷ്യം വരുന്നുണ്ട്.... ഉറക്കപ്രാന്തൻ.." അമ്മാളു കെറുവിച്ചു കൊണ്ട് അവന്റെ പുറത്തേക്ക് ഒരു അടി കൊടുത്തു... "ആഹ്... എന്തോന്നാടി... ഉറങ്ങാനും സമ്മതിക്കില്ലേ..." ശങ്കർ ചാടി എണീറ്റ് അവൾക്ക് നേരെ അലറി... "ഇല്ല സമ്മതിക്കില്ല.... മര്യാദക്ക് എണീറ്റ് ജോലിക്ക് പോകാൻ നോക്ക് മനുഷ്യ...." അരക്ക് കൈ കൊടുത്തു നിന്നവൾ അവനോട് പറഞ്ഞു.... ശങ്കർ തല കുടഞ്ഞു കൊണ്ട് അവളെ ഒന്ന് നോക്കി... പിന്നെ എഴുനേറ്റ് ബാത്‌റൂമിലേക്ക് ചെന്നു.... പോകാൻ നേരം അവളുടെ കവിളിൽ ഒന്ന് മുത്താനും അവൻ മറന്നില്ല... കുളിച്ചു ഫ്രഷ് ആയി വന്നപ്പോഴേക്കും അവൾ ബ്രേക്ക്‌ ഫാസ്റ്റ് റെഡിയാക്കിയിരുന്നു....

"ഇന്ന് നേരത്തെ വരുവോ..." ഭക്ഷണം വിളമ്പി കൊടുക്കും നേരം അവൾ ചോദിച്ചു... "മ്മ്... എന്തിനാ..??" "വീട്ടീ പോകാൻ...." "മ്മ്..." "പിന്നെ ഞാൻ രണ്ടീസം നിന്നിട്ടെ വരൂട്ടോ....ചേച്ചിയും ഉണ്ട് വീട്ടിൽ..." അവൾ പറഞ്ഞു ശങ്കർ അവളെ നോക്കി... "രണ്ട് ദിവസോ..." അവൻ അവളെ നോക്കി കണ്ണുരുട്ടി.. "പ്ലീസ് ഉണ്ണിയേട്ടാ.... രണ്ട് ദിവസമല്ലേ... പ്ലീസ്..." അവൾ അവന്റെ താടിയിൽ പിടിച്ചു.. "മ്മ്... ശെരി... രണ്ട് ദിവസം കഴിഞ്ഞാൽ വന്നേക്കണം..." "ഉറപ്പായും...." പുഞ്ചിരിക്കുന്ന അവന്റെ കവിളിൽ അവളൊരുമ്മ കൊടുത്തു... " ശങ്കർ ചിരിച്ചു അവളെ നോക്കി.. പെട്ടെന്ന് ഫോൺ റിങ് ചെയ്തു... ഇച്ചുവാണ്.. അവൻ ദൃതിയിൽ കഴിച്ചെണീറ്റു... "ഞാൻ ഇറങ്ങുവാ...." ദൃതി പിടിച്ച് ഇറങ്ങിപോയി... അമ്മാളു ഒന്ന് നിശ്വസിച്ചു കൊണ്ട് അവൻ പോകുന്നത് നോക്കി നിന്നു... "മ്മ്... നീ പോയാൽ പിന്നെ കൂട്ടുകാരുടെ കൂടെ കൂടാൻ കാത്ത് നിൽക്കുന്നവനാ..." വാതിൽക്കൽ നിന്ന് അമ്മ പറഞ്ഞത് കേട്ട് അവൾ മുഖം ചുളിച്ചു.. "വേണേൽ നോക്കിക്കോ നീ വീട്ടീ പോയാൽ പിന്നെ ഇറങ്ങും അവൻ..... പിന്നെ വീടും വേണ്ട ആരും വേണ്ട പാതിരാത്രി കേറി വരും....." അമ്മ അതും പറഞ്ഞു അകത്തേക്ക് പോയി.... അമ്മാളു എന്തേലും ആകട്ടെ എന്ന് കരുതി അമ്മക്ക് പിന്നാലെ അകത്തേക്ക് കയറി... 

"ഹലോ..... എത്തിയോ..?? ഓക്കേ.. ഞങ്ങൾ പുറത്തേക്ക് വരാം..." നയന ഫോൺ കട്ടാക്കി കൊണ്ട് ഹരിയെ നോക്കി... "പോകാം ഹരി..." "മ്മ്..." അവനൊന്നു മൂളി....നയന വീൽചെയർ ഉന്തി പുറത്തേക്ക് ഇറങ്ങി... പുറത്ത് കാറിൽ ചാരി നിൽക്കുന്ന ബദ്രിയെ കണ്ട് ഹരിയുടെ മുഖം വല്ലാതെ ആയി .. "ഇവനെന്താ ഇവിടെ..." ഹരി മുഷിച്ചലോടെ ചോദിച്ചു... "ബദ്രിയല്ലാതെ ആരെയാ വിളിക്ക്യാ ഹരി... നിന്റെഫ്രണ്ട്സ് ആരേലും വിളിച്ചാൽ വരുമോ..??" നയന ചോദിച്ചു... ഹരി മറുപടി പറഞ്ഞില്ല... നയന മുന്നോട്ട് വന്ന് ബദ്രിയുടെ കയ്യിൽ പിടിച്ചു... "നീ വീണ്ടും തടിച്ചല്ലോ ബദ്രി.... അന്ന് കണ്ടതിനേക്കാളും നിറവും വെച്ചു..." ബദ്രി ചിരിച്ചു കൊണ്ട് നോക്കിയത് ഹരിയെ ആയിരുന്നു..... അവൻ ഹരിയുടെ അടുത്തേക്ക് ചെന്നു... "എങ്ങനെ ഉണ്ട് ഹരി... സുഗാണോ...?" ബദ്രി ചോദിക്കുന്നത് കേട്ട് ഹരിയുടെ മുഖം വിളറിയിരുന്നു... വല്ലാതെ ദേഷ്യവും വന്നു.. ബദ്രി ചിരിച്ചു കൊണ്ട്... അവന്റെ കയ്യിൽ പിടിച്ചു... "അപ്പൊ എങ്ങന ഹരി പോകാം...." ആ ചോദ്യത്തിന് മുന്നിൽ ഹരി മുഖം കുനിച്ചു... ബദ്രി തന്നെ അവനെ താങ്ങി പിടിച്ചു... ഹരിക്ക് വല്ലാത്ത അസ്വസ്ഥത തോന്നി... "ഞാൻ ഹെല്പ് ചെയ്യണോ ബദ്രി...?" "ഏയ്‌ വേണ്ടടി... ഇതെനിക്ക് പറ്റാവുന്നതേ ഒള്ളൂ...." ബദ്രി പറഞ്ഞു... "ഞാൻ ആണ് പിടിച്ചെഴുനേൽപ്പിച്ചതെന്ന് വല്ലപ്പോഴും ഓർക്കണേ ദത്തൻ സാറിന്റെ മോനെ....." ബദ്രി ഹരി മാത്രം കേൾക്കാൻ പാകത്തിന് പറഞ്ഞു... ഹരി മുഖം ഉയർത്തി അവനെ നോക്കി.......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story