ഈ മഴയിൽ....❤️ പാർട്ട്‌ 77

ee mazhayil

എഴുത്തുകാരി: ✍ ആൻവി

"I miss u മാളു.... നീ വേഗം ഇങ്ങ് പോര്....കാണാതെ ഇരിക്കാൻ വയ്യാടി...." ശങ്കർ ഫോൺ ചെവിയോട് ചേർത്ത് അടുത്ത് ഇരിക്കുന്ന ഇച്ചുവിന്റെ തോളിലേക്ക് ചാരി ഇരുന്നു.... "ഇന്നൊരു ദിവസമല്ലേ ഉണ്ണിയേട്ടാ... നാളെ വൈകീട്ട് ഞാൻ അങ്ങോട്ട് വരുമല്ലോ...." "മ്മ്... വേഗം വന്നാൽ മതി..." അത് കേട്ട് മാളു ചിരിച്ചു... "ഇപ്പോ എവിടെയാ ഉണ്ണിയേട്ടാ....?? വീട്ടിൽ എത്തിയോ....5 മണി ആയല്ലോ...?" അവൾ സംശയത്തോടെ ചോദിച്ചു.. "ഇല്ലടി... ഞാനിപ്പോ പുറത്താ..." "പുറത്തെന്ന് പറഞ്ഞാൽ...? കൂട്ടു കൂടിയുള്ള മദ്യപാനം വല്ലതും ആണോ...??" അവളുടെ ശബ്ദം കൂർത്തത് അവൻ അറിഞ്ഞു... "ഏയ്‌...അതൊന്നും അല്ല പെണ്ണെ.. ചുമ്മാ... വീട്ടിൽ ചെന്നാൽ നിന്നെ വല്ലാതെ മിസ്സ്‌ ചെയ്യും....അപ്പൊ ചുമ്മാ ഇവന്മാരുടെ കൂടെ കൂടാം എന്ന് കരുതി...." ഗ്ലാസ്സിലെ മദ്യം നുണഞ്ഞു കൊണ്ട് സംസാരിക്കുന്ന ശങ്കറിനെ കണ്ട് ഇച്ചു വാ പൊത്തി ചിരിച്ചു... ബദ്രിയും തൊട്ടപ്പുറത്ത് ഇരിക്കുന്നുണ്ടായിരുന്നു... "ദേ ഏട്ടാ ഞാൻ ഒരു കാര്യം പറഞ്ഞേക്കാം... കള്ള്കുടി വേണ്ടാട്ടോ...." "ഇല്ല മോളെ...." അവൻ കൊഞ്ചി.... "മ്മ്... എന്നാ ശെരി...." അവളൊന്നു അമർത്തി മൂളി കൊണ്ട് ഫോൺ കട്ടാക്കി... "അവള്... വിശ്വസിച്ചോടാ..." ബദ്രിയോടെ ചോദിച്ചു...

"എവിടെന്ന്...വിശ്വസിച്ചു കാണില്ല...നാളെ വന്നാൽ ഒരു തിരിച്ചറിയൽ പരേഡ് ഉണ്ടാവും...." അവൻ ചിരിയോടെ മദ്യം നുണഞ്ഞു.... "നിങ്ങടെ കൂടെ കൂടിയിട്ട് എത്ര നാളായി.." രാമച്ചൻ അടുത്ത് ഇരുന്ന ബദ്രിയെ ചേർത്ത് പിടിച്ചു... "രാമച്ചന്റെ ശിക്ഷണത്തിൽ ഒരു കുപ്പി ഒറ്റയടിക്ക് കുടിച്ചു തീർക്കുന്നവനാ.. ഇപ്പൊ കണ്ടോ ഒരു ഗ്ലാസിൽ കൊടുത്തിട്ട് ഇപ്പൊഴും നുണഞ്ഞോണ്ട് ഇരിക്കുവാ.... എത്ര നേരമായി ആ ഗ്ലാസും പിടിച്ചോണ്ട് ഇരിക്കാൻ തുടങ്ങിയിട്ട്...." ശങ്കർ ബദ്രിയെ കളിയാക്കി...കൂടെ ഇച്ചുവും രാമച്ചനും.... "പോടാ... പോടാ...." ബദ്രി ഗൗരവത്തോടെ പറഞ്ഞു കൊണ്ട് ഗ്ലാസ് ചുണ്ടോട് ചേർത്തു.... "കണ്ണാ..... എനിക്ക് നിന്നോടൊരു കാര്യം ചോദിക്കാനുണ്ടായിരുന്നു...??" ഗൗരവത്തോടെ രാമച്ചൻ അവന് നേരെ തിരിഞ്ഞു... "എന്താ രാമച്ചാ...??" "എന്തിനാ നീ ഹരിയെ പിക് ചെയ്യാൻ പോയത്.... അത് വേണ്ടായിരുന്നു..." പറയുമ്പോഴും ആ മുഖം ഗൗരവത്തിൽ തന്നെ ആയിരുന്നു.... "ഹരിയോടുള്ള സഹോദരസ്നേഹം കൊണ്ടൊന്നുമല്ല ഞാൻ പോയത്... നയന വിളിച്ചത് കൊണ്ടാ...അവള് ഒറ്റക്ക് അല്ലായിരുന്നോ.. പോരാത്തതിന് പ്രെഗ്നന്റും... വരുമോ എന്ന് ചോദിച്ചാൽ എങ്ങനാ പറ്റില്ലെന്ന് പറയാ... എന്നോടുള്ള വിശ്വാസം കൊണ്ടല്ലേ അവൾ വിളിക്കുന്നത്..."

അവൻ ചെറു ചിരിയോടെ പറഞ്ഞു... "നിന്റെ അലിവോടെയുള്ള ഒരു നോട്ടം പോലും ആ അച്ഛനും മകനും അർഹിക്കുന്നില്ല... അവരെ സഹായിച്ചതൊക്കെ മതി... പാല് കൊടുത്ത കൈക്ക് തന്നെ തിരിഞ്ഞു കൊത്തുന്ന വർഗ്ഗങ്ങളാണ് രണ്ടും.... നിനക്ക് ഭാര്യയുണ്ട് കുഞ്ഞുണ്ട്... ഒരിക്കൽ അച്ഛനെ സഹായിക്കാൻ ചെന്നിട്ട് അനുഭവിച്ചതൊക്കെ മറന്നോ...." അത് കേട്ടതും ബദ്രിയുടെ മുഖത്തെ ചിരി മാഞ്ഞു... "അവരൊന്നും നിന്റെ സഹായം അർഹിക്കുന്നില്ല കണ്ണാ...." അയാൾ അവന്റെ തോളിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു.. "വേണ്ടെന്ന് പറയാൻ എളുപ്പമാണ് രാമച്ചാ.... പക്ഷേ അവർക്ക് വേണ്ടി എന്നോട് അപേക്ഷിക്കുന്നത് എന്റെ പ്രിയപ്പെട്ടവരാണ്... എന്റെ അമ്മയും.. പിന്നെ നയനയും...." ബദ്രി ശബ്ദം താഴ്ത്തി പറഞ്ഞു.... രാമച്ചൻ ഒന്നുമിണ്ടിയില്ല..... അവനെ ചേർത്ത് പിടിച്ചിരുന്നു.... "രാമചന് കല്യാണം കഴിക്കാമായിരുന്നില്ലേ എന്റെ അമ്മയെ... എന്തിനാ വിട്ട് കൊടുത്തത്..." അവൻ ചിരിയോടെ ചോദിച്ചു... രാമച്ചനും ചിരിച്ചു... വിരലിനിടയിലെ സിഗരറ്റ് ചുണ്ടിൽ വെച്ച് ആഞ്ഞു വലിച്ചൂതി വിട്ടു... "വിട്ട് കൊടുത്തതല്ലല്ലോ .. എന്നെ ഉപേക്ഷിച്ചു പോയതല്ലേ....." അയാളുടെ ശബ്ദം നേർത്തു.... ബദ്രി ആ മുഖത്തേക്ക് ഉറ്റു നോക്കി... "പറയാൻ അവൾക്ക് ന്യായങ്ങൾ ഒരുപാട് ആയിരുന്നു..

തെറ്റ് പറയില്ല ഞാൻ.. അമ്മയില്ലാത്ത മകളെ വളർത്തി വലുതാക്കിയ അച്ഛനായിരുന്നു അവളുടെ ഒരു സങ്കടം... അച്ഛനെ വിഷമിപ്പിക്കാൻ പറ്റില്ല.... ഞാൻ ആണേൽ അന്ന് അച്ഛന്റെ ചിലവിൽ കഴിയുന്നവനും.... സ്വന്തമായി ഒരു ജോലിയില്ല.... അവളായിരുന്നു ശെരി.....പിന്നെ കരുതി പോയി രക്ഷപെടട്ടെ എന്ന്....." ഒരു ദീർഘ നിശ്വാസത്തോടെ അയാൾ ബദ്രിയെ നോക്കി ചിരിച്ചു... ബദ്രിയുടെ മുഖത്തെ ചിരി മങ്ങിയിരുന്നു.... "അത്രക്ക് ഇഷ്ടായിരുന്നോ രാമച്ചാ... എന്റെ അമ്മയെ....??" മറുപടി ഒരു ചിരിയിൽ ഒതുക്കിയിരുന്നു അയാൾ.... തൊടിയിലെ കരിയിലകൾ വീണു കിടന്ന നിലത്തേക്ക് അയാൾ ചാഞ്ഞു കിടന്നു... അസ്തമയ സൂര്യന്റെ കിരണങ്ങളാൽ ചുവന്നു കിടക്കുന്ന ചെമ്മാനത്തിലേക്ക് നോട്ടമിട്ടു... "നിങ്ങടെ മകനായാൽ മതിയായിരുന്നു....ഹരീടെ അച്ഛൻ കാണുമ്പോൾ തന്നെ എനിക് ഫീൽ ചെയ്യാറ് അവർക്കിടയിലേക്ക് ക്ഷണിക്കാതെ കയറി പോലെയാണ്..." ബദ്രി ചിരിച്ചു കൊണ്ട് പറഞ്ഞു... മറ്റെങ്ങോ നോക്കി ഇരുന്നു... ഇച്ചുവും ശങ്കറും അവനെ നോക്കി ഇരിക്കുവായിരുന്നു....

രാമച്ചൻ എഴുനേറ്റ് ഇരുന്നു.... അവന്റെ തോളിൽ തട്ടി... "നീ എന്റെ മോനല്ലേടാ...." ബദ്രി ചിരിയോടെ അയാളെ നോക്കി... "അപ്പൊ ഞങ്ങളോ രാമച്ചാ...?" ഇച്ചുവും ശങ്കറും ഒരുപോലെ ചോദിച്ചു... "നിങ്ങൾ മൂന്ന് പേരും എനിക്കൊരുപോലെയാ...." അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു.....  "അമ്മേടെ പൊന്നല്ലേ.... ഇച്ചിരി കൂടെ കഴിക്ക്..." പാറുകുട്ടിയെ എടുത്തോണ്ട് നടന്നു ചോറ് കൊടുക്കുവാണ് അച്ചു... ബദ്രി അവരെ നോക്കി കൊണ്ട് ഉമ്മറത്ത് ഇരിപ്പാണ്.... പാറുക്കുട്ടി ആണേൽ വാശിയിലാണ് വായിൽ കൊടുക്കുന്നതല്ല തുപ്പി കളയുവാണ്.. "വാവേ..... നല്ല മോളല്ലേ ഇച്ചിരി കഴിക്കന്നെ... അമ്മയല്ലേ തരണേ...." അവൾ ദയനീയമായി പറഞ്ഞു.... "കിണ്ണാ......" കൊഞ്ചി കൊണ്ട് അവൾ ബദ്രിയെ നോക്കി.... "മ്മ്..." പുറകിലെ തൂണിലേക്ക് ചാരി ഇരുന്ന് കൊണ്ട് പുരികം ഉയർത്തി അവളെ നോക്കി... "മോളൊന്നും കഴിക്കണില്ല..." അവൾ ചുണ്ട് കൂർപ്പിച്ചു.... ബദ്രി ചിരിയോടെ എഴുനേറ്റ് അവൾക്ക് അടുത്തേക്ക് ചെന്നു... പാറുക്കുട്ടി അവന്റെ മേലേക്ക് ചാഞ്ഞു.... "എന്തിനാ അച്ചേടെ പാറുക്കുട്ടിക്ക് ഈ വാശി...മ്മ്..." മോളെ കൊഞ്ചിച്ചു കൊണ്ട് അവൻ ചോദിച്ചു... പാറുക്കുട്ടി ചുണ്ടു പിളർത്തി കൊണ്ട് അവനെ നോക്കി.... പിന്നെ അവന്റെ മുഖത്ത് ഉമ്മ വെച്ചു......

"പാറുക്കുട്ടിക്ക് അച്ഛ മാമു തരാലോ....." അച്ചുവിന്റെ കയ്യിലെ പ്ലേറ്റിൽ നിന്ന് കുറച്ച് എടുത്ത് അവൻ കുഞ്ഞിന്റെ വായിൽ വെച്ച് കൊടുത്തു.... അനുസരണയോടെ കഴിക്കുന്ന കുഞ്ഞി പാറുവിനെ കണ്ട് അച്ചു കണ്ണ് മിഴിച്ചു... "ആഹാ പെണ്ണ് ആള് കൊള്ളാലോ... അച്ഛൻ വാരി തന്നാൽ കഴിക്കും...ഞാൻ വാരി തന്നാൽ കരയുന്നു..." അച്ചു കുറുമ്പിയുടെ കയ്യിൽ പിടിച്ചു കൊണ്ട് ചോദിച്ചു.... കൈ തണ്ടയിൽ ചുണ്ട് കൊണ്ട് കടിക്കുന്ന പോലെ കാട്ടി... പാറുക്കുട്ടി ചിരിച്ചു.... "അച്ചക്ക് ഒരു ഒരുമ്മ തന്നെ പാറുക്കുട്ട്യേ....." ബദ്രി ചോദിക്കേണ്ട താമസം... അവന്റെ കഴുത്തിലൂടെ കുഞ്ഞി കൈകൾ കൊണ്ട് ചുറ്റി പിടിച്ചു... "മ്മ്മാ......" അവന്റെ കവിളിൽ ഉമ്മ വെച്ച് കൊണ്ട് കുഞ്ഞിപാറു ചിരിച്ചു... ബദ്രി അച്ചുവിനെ നോക്കി.... "ജനിച്ചത് മുതൽ ഞാനല്ലേ നോക്കിയത് അതിന്റെ അടുപ്പകൂടുതലാണ്....നീയും ഇവളും കണക്കായിരുന്നു..." ബദ്രി അച്ചുവിനോട് പറഞ്ഞു... അച്ചു നിറഞ്ഞ ചിരിയോടെ അവന്റെ തോളിലേക്ക് ചാഞ്ഞു നിന്നു... പാറുക്കുട്ടി ചോറ് കൊടുത്ത് അപ്പൂനെ ഏല്പിച്ചു.. ബദ്രി അച്ചുവിന് വാരി കൊടുത്തു ഒപ്പം അവനും കഴിച്ചു..... രാത്രി അവന്റെ നെഞ്ചോടു ചേർന്നു കിടക്കുവായിരുന്നു അച്ചു.... ബദ്രി അവളുടെ നെറുകയിൽ തലോടി കൊണ്ട് മച്ചിലേക്ക് നോക്കി ഓരോന്ന് ആലോചിക്കുകയായിരുന്നു...

ഇടക്ക് അവന്റെ അധരങ്ങൾ അവളുടെ നെറുകയിൽ പതിഞ്ഞു കൊണ്ടിരുന്നു... അവൾ അത് കണ്ണടച്ചു സ്വീകരിച്ചു.... അവളുടെ വിരലുകൾ അവന്റെ നെഞ്ചിൽ തഴുകി നടന്നു.... രണ്ട് പേർക്കും ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല... "കിണ്ണാ......" "മ്മ്...." "എന്താ ഉറങ്ങാത്തെ...." മുഖം ഉയർത്തി അവൾ ചോദിച്ചു... അവൻ ഒന്ന് കൂടെ അവളെ ചേർത്ത് പിടിച്ചു.... അവളുടെ നെറ്റിയിൽ കവിൾ അമർത്തി കിടന്നു.... തൊട്ടിലിൽ കിടന്ന പാറുക്കുട്ടി ഒന്ന് ചിണുങ്ങി.. അച്ചു ദൃതിയിൽ എഴുനേറ്റ് മോളുടെ അടുത്തേക്ക് ചെന്നു... മെല്ലെ തൊട്ടിലാട്ടി... പുറകിലൂടെ രണ്ട് കൈകൾ അവളെ ചുറ്റി വരിഞ്ഞു...അവളുടെ ശരീരം ഒന്ന് വിറച്ചു.... കഴുത്തിൽ അവന്റെ ചുടു നിശ്വാസം പതിഞ്ഞു... "അച്ചൂ....." അത്രമേൽ ആർദ്രമായ സ്വരമായിരുന്നു അവന്റേത്... "മ്മ്....." അവളുടെ ശബ്ദം വിറച്ചു... അവളുടെ കുഞ്ഞു ശരീരത്തെ അവൻ അവനിലേക്ക് അമർത്തി വെച്ചു.. "ഇനിയും വയ്യാടി...നമുക്ക് ജീവിച്ചു തുടങ്ങാം...." അവന്റെ ചുണ്ടുകൾ അവളുടെ ഇടം തോളിൽ പതിഞ്ഞു.... അച്ചു ഒന്നും മിണ്ടാതെ നിന്നു....

"പിന്നെ എന്തോ ഓർത്തപോലെ ബദ്രി അവളിൽ നിന്ന് അകന്ന് മാറി.... തലതാഴ്ത്തി ബെഡിൽ ചെന്ന് കിടന്നു.... അച്ചു അവനെ നോക്കി... പിന്നെ അവന്റെ അടുത്ത് ചെന്ന് കിടന്നു.... കണ്ണിന് മുകളിൽ കൈ വെച്ച് കിടക്കുന്നവനെ നോക്കി ചെരിഞ്ഞു കിടന്നു... അവന്റെ കൈ എടുത്ത് ചുണ്ടോട് ചേർത്തപ്പോൾ അവൻ അത്ഭുതത്തോടെ അവളെ നോക്കി... അച്ചു അവന്റെ കവിളിൽ കൈ ചേർത്ത് വെച്ചു.... അവന്റെ നെറ്റിയിൽ ചുംബിച്ചു... "എനിക്കും കൊതി തോന്നാ കിണ്ണന്റെ ഭാര്യയായി ജീവിക്കാൻ....സ്വബോധത്തോടെ എന്റെ കിണ്ണന്റെ ഭാര്യയാവാൻ..." അവന്റെ കണ്ണുകളിലേക്ക് നോക്കി അവൾ പറഞ്ഞു... ബദ്രി അവളുടെ കവിളിൽ കൈ വെച്ചു....നിറഞ്ഞ ചിരിയോടെ അവളിലേക്ക് അമർന്നു...., ചുണ്ടുകളിൽ മൃദുവായ് തുടങ്ങി ഭ്രാന്തമായ ചുംബനം...പാതിഅടഞ്ഞു കിടന്ന ജനവാതിലിൽ കാറ്റിന്റെ കുസൃതിയിൽ ചേർന്നടഞ്ഞു..... ബദ്രിയും അവന്റെ അച്ചുവും അവരുടേതായ ലോകത്തായിരുന്നു.... മനസ്സറിഞ് തന്റെ പാതിക്ക് സ്വയം സമർപ്പിക്കുന്നതിന്റെ ലജ്ജയിൽ അവളുടെ മുഖം ചുവന്ന... നെറുകയിലെ സിന്ദൂരത്തെക്കൾ ചുവപ്പായിരുന്നു നാണം കൊണ്ട് ചുവന്ന അവളുടെ കവിളിനും അവൻ ചുംബിച്ചു ചുവപ്പിച്ച ചുണ്ടിനും....

പൂത്തുലഞ്ഞു നിന്ന മുല്ല ചെടിയെ പുൽകുന്ന കാറ്റയിരുന്നു അവൻ.... അവനിൽ അവളുടെ ഗന്ധം നിറഞ്ഞു നിന്നു... അവളിൽ അവന്റെയും... ശ്വാസനിശ്വാസങ്ങൾ നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങി..... പരസ്പരം കെട്ടി പുണർന്നവർ പ്രണയം പങ്കു വെച്ചു..... പൂർണ സംതൃപ്തിയോടെ ബദ്രി അവളിലെ പെണ്ണിനെ സ്വന്തമാക്കി... കിതപ്പോടെ അവളിലേക്ക് ചാഞ്ഞു... അച്ചു കിതച്ചുകൊണ്ട് അവനെ ചേർത്ത് പിടിച്ചു... ബദ്രിയുടെ കൈകൾ അവളുടെ അണിവയറിനെ തലോടി...വയറിൽ പതിഞ്ഞു കിടന്ന സ്റ്റിച്ഛ് മാർക്കിലൂടെ അവന്റെ വിരലുകൾ ഓടി.... പ്രണയത്തോടെ ആരാധനയോടെ അവളുടെ നെറുകയിൽ ചുംബിച്ചു.... ബദ്രി അവളുടെ മുഖം നെഞ്ചോട് അമർത്തി വെച്ചു... "ഉറങ്ങിക്കൊ....." മെല്ലെ അവൻ അവളെ തട്ടിയുറക്കി....  "എന്തിനാടാ ഇങ്ങോട്ട് വന്നത്.....??" ബൈക്ക് ഷോറൂമിന് മുന്നിൽ ബുള്ളറ്റ് നിർത്തിയപ്പോൾ ഇച്ചു ചോദിച്ചു... "അതൊക്കെ പറയാം ഇറങ്‌..." ബദ്രി ചിരിയോടെ പറഞ്ഞു... ഇച്ചുവിന്റെ തോളിൽ പാറുക്കുട്ടി ചാഞ്ഞു കിടപ്പുണ്ട്....

പുറത്തേക്ക് ഇറങ്ങിയപ്പോൾ പെണ്ണിന് വാശി . കരഞ്ഞു ചീറി പൊളിച്ചു... ഒടുവിൽ അവളെയും കൂട്ടി.... ബൈക്കിൽ കറങ്ങാൻ ഒത്തിരി ഇഷ്ടമാണ് കുഞ്ഞിപാറൂന്.... ബൈക്കിൽ നിന്നിറങ്ങില്ല... ബദ്രി മുണ്ടിന്റെ അറ്റം എടുത്തു പിടിച്ചു കൊണ്ട് മുന്നിൽ നടന്നു... പാറുക്കുട്ടിയെ കൊഞ്ചിച്ചു കൊണ്ട് ഇച്ചുവും കൂടെ ചെന്നു.... "നീ പുതിയ ബൈക്ക് എടുക്കുന്നുണ്ടോ..??'.. ഇച്ചു ചോദിച്ചു... "ഇനി രണ്ട് മൂന്ന് ദിവസം കൂടെ കഴിഞ്ഞാൽ പാറുക്കുട്ടീടെ പിറന്നാൾ ആണ്...." "അതിന്...??" "അപ്പൂന് ബൈക്ക് വാങ്ങി കൊടുക്കണം... അവന്റെ ബര്ത്ഡേ ഒന്നും നമ്മൾ ആഘോഷിക്കാറില്ലല്ലോ.., അപ്പൊ പാറൂന്റെ പിറന്നാളിന്റെ അന്ന് അവന് ബൈക്ക് കൊടുക്കാം എന്ന് തോന്നി..." "ആഹാ അത് കൊള്ളാം....അവന് ഒരുപാട് സന്തോഷമാകും...." ഇച്ചു സന്തോഷത്തോടെ പറഞ്ഞു... "ബൈക്ക് ഞാൻ സെലക്ട്‌ ചെയ്തിട്ടുണ്ട് വാ..." ബദ്രി ചിരിയോടെ പറഞ്ഞു... KTM 390 ബദ്രി സെലക്ട്‌ ചെയ്തിരുന്നു... "എടാ മൂന്ന് മൂന്നര ലക്ഷം രൂപയാകും അത്രയും ഉണ്ടോ നിന്റെ കയ്യിൽ..." ഇച്ചു കണ്ണ് മിഴിച്ചു കൊണ്ട് ചോദിച്ചു..

"അതൊക്കെയുണ്ട് ബാങ്കിൽ ഉള്ളത് ഞാനിങ് എടുത്തു...." ബദ്രി കണ്ണിറുക്കി കൊണ്ട് ബൈക്ക് ഓഡർ ചെയ്തു.... "ഇനി പാറുക്കുട്ടീടെ പിറന്നാളിന്റെ അന്ന് അപ്പൂന്റെ പിറന്നാളും നമുക്ക് ആഘോഷിക്കണം....അവന്റെ ഡേറ്റ് ഓഫ് ബർത്ത് മുത്തശ്ശി സ്കൂളിൽ കൊടുത്തത് അമ്പലത്തിൽ നിന്ന് അവന് കിട്ടിയ ഡേറ്റ് ആണ്... കുറച്ചു ദിവസം മുന്നെയാ ഞാൻ അത് കണ്ടത്... പാറുക്കുട്ടീടെ പിറന്നാളിന് ഒരു ദിവസം മുന്നേ ആണ്... നമുക്ക് അത് ഒരുമിച്ച് ആഘോക്ഷിക്കാം ഇനി അങ്ങോട്ട്‌....." ഷോറൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ ബദ്രി പറഞ്ഞു... ഇച്ചുവും അതിനോട് യോജിച്ചു... "ബദ്രി......" പുറകിൽ നിന്ന് വിളി കേട്ട് തിരിഞ്ഞു നോക്കി.. നയനയാണ്.. "നീ എന്താ ഇവിടെ..?" അവൻ ചോദിച്ചു.. "ഞാൻ എടിഎമ്മിലേക്ക് വന്നതാ.... " അവൾ പറഞ്ഞു... "പാറുക്കുട്ടി.... പെണ്ണെ....' അവൾ ഇച്ചുവിന്റെ കയ്യിലെ മോളുടെ കവിളിൽ പിടിച്ചു... "ഡാ... വീട്ടിലേക്ക് വാ അമ്മക്ക് മോളെ കാണാൻ ആഗ്രഹം ഉണ്ട്.... നിങ്ങളെ കണ്ടാൽ സന്തോഷമാവും...." അവൾ ആവേശത്തോടെ പറഞ്ഞു...

ബദ്രി തലയാട്ടി.. പിറന്നാളിന്റെ കാര്യം അമ്മയോട് പറയാൻ കരുതി ഇരുന്നതായിരുന്നു... നയന അവളുടെ കാറിൽ പോയി.. ബദ്രി ബുള്ളറ്റിൽ അവളുടെ പിന്നാലെയും... "ഡാ നീ വാ...." ഗേറ്റിന് പുറത്ത് നിന്ന ഇച്ചുവിന്റെ കയ്യിൽ നിന്ന് മോളെ വാങ്ങി കൊണ്ട് ബദ്രി പറഞ്ഞു.. "ഞാനില്ല നീ പൊയ്ക്കോ..." ഇച്ചു ഇഷ്ടക്കേടോടെ പറഞ്ഞു... അവൻ വരില്ലെന്ന് അറിയാവുന്നത് കൊണ്ട് ബദ്രി അകത്തേക്ക് കയറി... ദത്തൻ ഉമ്മറത്ത് ഇരിപ്പുണ്ടായിരുന്നു.. ബദ്രി നോക്കാൻ നിന്നില്ല... പത്മ ഓടി വന്ന് പാറുകുട്ടിയെ എടുത്തു.. "അച്ഛമ്മേടെ വാവേ...." അവളുടെ കുഞ്ഞി കവിളിൽ ഉമ്മ വെച്ചു.... ദത്തൻ പാറൂനെ നോക്കി... പാറുക്കുട്ടി എല്ലാവരെയും നോക്കുന്നുണ്ട്... നയന ഹരിയെയും കൊണ്ട് വന്നു.... "പാറുക്കുട്ടി...ഇങ്ങ് വന്നെ..." നയന മോൾക്ക് നേരെ കൈ നീട്ടി.., "അത്ത....(അച്ഛാ )" എന്നും വിളിച്ച് കൊണ്ട് അവൾ ബദ്രിക്ക് നേരെ കൈ നീട്ടി... ബദ്രി അവളെ എടുത്തു...പാറുക്കുട്ടി ചുണ്ട് പിളർത്തി കൊണ്ട് ഹരിയെ നോക്കി... "കണ്ണാ നീ വന്നേ...." പത്മ അവനെയും വലിച്ച് അകത്തേക്ക് പോയി.. പിന്നാലെ നയനയും...

"എന്താ അമ്മേ...." ബദ്രി ചോദിച്ചു കൊണ്ട് പാറൂനെ നിലത്ത് ഇരുത്തി... പാറു ആ വലിയ ഹാളിൽ മുട്ട് കുത്തി നടന്നു...... ചുറ്റും നോക്കി.... ഉമ്മറത്തേക്കുള്ള കട്ടല പടി കയറി ഇറങ്ങാൻ പാടു പെടുന്ന പാറൂട്ടിയെ കണ്ട് ദത്തൻ അങ്ങോട്ട്‌ നോക്കി.... എങ്ങനെ ഒക്കെയോ അവൾ ഉമ്മറത്തേക്ക് ഇറങ്ങി... കൈ തെന്നി ഒന്ന് വീഴാൻ പോയി.... "ഏയ്‌....." ദത്തൻ അവളെ പിടിക്കാൻ കൈ ഉയർത്തി... പാറുക്കുട്ടി തൊണ്ണകാട്ടി ഹരിയെയും ദത്തനേയും നോക്കി ചിരിച്ചു... മെല്ലെ മുന്നോട്ട് മുട്ട് കുത്തി വന്നവൾ ഹരിയുടെ വീൽചെയറിൽ പിടിച്ചു... പതിയെ എഴുനേറ്റ് നിൽക്കാൻ നോക്കി... കുഞ്ഞു മുഖത്ത് കൗതുകവും ആകാംഷയുമായിരുന്നു... എഴുനേറ്റു നിന്ന സന്തോഷത്തിൽ കുറുമ്പി ഹരിയേയും ദത്തനേയും നോക്കി... "ഹൈ....." വീൽചെയറിൽ മുറുകെ പിടിച്ചവൾ കുഞ്ഞി കാൽ നിലത്ത് അമർത്തി വെച്ചു... ഹരിയുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു... മെല്ലെ ആ ഉണ്ടകവിളിൽ കൈ ചേർക്കാൻ തുടങ്ങിയതും... "പാറുകുട്ട്യേ....." അകത്തു നിന്ന് ബദ്രിയുടെ വിളി കേട്ടു........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story