ഈ മഴയിൽ....❤️ പാർട്ട്‌ 80

ee mazhayil

എഴുത്തുകാരി: ✍ ആൻവി

"അച്ചൂ..... മോളെ....." ആ വിളി കേൾക്കേണ്ട താമസം അച്ചു ഓടി അച്ഛന്റെ മാറിലേക്ക് അണഞ്ഞു..... ശേഖരൻ അവളെ പൊതിഞ്ഞു പിടിച്ചു... നിറഞ്ഞ കണ്ണുകളോടെ അവളുടെ നെറ്റിയിൽ ഉമ്മ വെച്ചു... അച്ചു അവന്റെ മുഖത്തും കയ്യിലും ഒക്കെ തൊട്ട് നോക്കി.... "അച്ഛേ....." അവൾ വിതുമ്പി... "എന്താ... കണ്ണാ....അച്ഛൻ തന്നെയാ...." അയാൾ വാത്സല്യത്തോടെ അവളുടെ മുഖം കയ്യിലെടുത്തു..... മകളെ കൺനിറയെ കണ്ടു.....അവളുടെ നിറഞ്ഞ കണ്ണുകൾ തുടച്ചു കൊടുത്തു കൊണ്ട് നെഞ്ചിലേക്ക് അടുപ്പിച്ചു... ബദ്രി ചെന്ന് ഉമ്മറത്ത് ഇരുന്ന പാറുക്കുട്ടി എടുത്തു... അവളുടെ കവിളിൽ ഒരുമ്മ കൊടുത്തു കൊണ്ട് അച്ചുവിനെയും അച്ഛനെയും നോക്കി.... അച്ചു അച്ഛനെ വിടാതെ പിടിച്ചു വെച്ചിരിക്കുവാണ്... ബദ്രി പുഞ്ചിരിയോടെ... നിറഞ്ഞ മനസ്സോടെ ആ അച്ഛനെ നോക്കി.... അച്ഛനും അച്ചുവിനെ കെട്ടിപിടിച്ചു നിൽക്കുവാണ്.... എത്രനാളായി ചേർത്ത് പിടിച്ചിട്ട്...തലോടിയിട്ട്...ആ കണ്ണുകൾ ഇടവിടാതെ നിറഞ്ഞൊഴുകുന്നത് ബദ്രി കാണുന്നുണ്ടായിരുന്നു..... ഒരച്ഛന്റെ സ്നേഹം....

അവൻ തന്റെ കയ്യിലിരിക്കുന്ന പാറൂട്ടിയെ നോക്കി.... പാറൂട്ടി വായിൽ വിരൽ വെച്ച് നുണഞ്ഞു കൊണ്ട് ഉണ്ടകണ്ണുകൾ കൊണ്ട് അവനെ നോക്കുന്നുണ്ട്... ബദ്രി ആ ഉണ്ടകവിളിൽ ഒരുമ്മ കൊടുത്തു.... "എന്താടാ വാവേ..." അവൻ ചിരിയോടെ ചോദിച്ചു... അവള് അവന്റെ തോളിലേക്ക് ചാഞ്ഞു കിടന്നു... "അച്ചുമ്മാന്റെ അച്ഛനാണോ കണ്ണേട്ടാ അത്..." ബദ്രിയുടെ അടുത്തേക്ക് വന്ന് അപ്പു ചോദിച്ചു... "മ്മ്....." ബദ്രി ഒന്ന് മൂളി... " അച്ചൂ... അവിടെ തന്നെ നിർത്താതെ അച്ഛനെ അകത്തേക്ക് കൊണ്ട് വാ... " ബദ്രിയുടെ ശബ്ദം കേട്ടാണ് അച്ചു അച്ഛന്റെ മാറിൽ നിന്ന് മുഖം ഉയർത്തിയത്.... പാറൂനേം എടുത്തു നിൽക്കുന്ന ബദ്രിയെ കണ്ടവൾ അച്ഛനടുത്ത് നിന്ന് അങ്ങോട്ടേക്ക് ഓടി,. ഓടി ചെന്ന് അവനെ കെട്ടിപിടിച്ചു,. "കിണ്ണാ... എന്... എന്റെ അച്ഛ വന്നു..." അവൾ തേങ്ങി കൊണ്ട് പദം പറഞ്ഞു... ബദ്രി ചെറു ചിരിയോടെ ശേഖരനെ നോക്കി.... പിന്നെ ഒരു കൈ കൊണ്ട് അവളുടെ തലമുടിയിൽ തലോടി.... "അകത്തേക്ക് വാ......" അപ്പുവായിരുന്നു അദ്ദേഹത്തെ വിളിച്ചത്.... ശേഖരൻ സംശയത്തോടെ അവനെ നോക്കി... "എന്റെ അനിയനാണ്... അപ്പു.." ബദ്രി ആ നോട്ടത്തിന്റെ അർത്ഥം മാനസിലായ പോലെ പറഞ്ഞു.... അപ്പു ശേഖരനെ നോക്കി പുഞ്ചിരിച്ചു... "വാ അച്ഛേ...."

അച്ചു അച്ഛന്റെ കയ്യിൽ തൂങ്ങി.... "കാലനക്കാൻ പറ്റുന്നുണ്ടോ ഹരി....." കാലിൽ മരുന്ന് പുരട്ടി കൊടുക്കേ നയന ചോദിച്ചു... ഹരി ഇല്ലെന്ന് തലയാട്ടി... ഇപ്പൊ പഴയ പോലെ നിരാശയില്ല.... പൊരുത്തപെട്ട് തുടങ്ങിയിരിക്കുന്നു..ഈ ഇരുത്തത്തിനോടും വീൽചെയറിനോടും..... "പുറത്തേക്ക് ഇരിക്കണോ ഹരി...." ജനലിലൂടെ പുറത്തേക്ക് നോക്കിയിരിക്കുന്നാ അവനെ കണ്ട് നയന ചോദിച്ചു.... "വേണ്ട... " അവൻ നിഷേധത്തിൽ തലയാട്ടി... "അച്ഛനെവിടെ...??" അവൻ ചോദിച്ചു... "പുറത്ത് അങ്കിളിന്റെ വക്കീലും മറ്റും വന്നിട്ടുണ്ട് അവരോട് സംസാരിക്കുവാണ്...." "മ്മ്....നീ വല്ലതും കഴിച്ചോ..?' അവന്റെ ശബ്ദം നേർത്തു... "ഓഹ്... ഗോഡ്.. അതൊക്കെ ചോദിക്കാൻ അറിയാമോ.... ഇപ്പഴെങ്കിലും ചോദിച്ചല്ലോ..." അവൾ ചിരിയോടെ പറഞ്ഞെങ്കിലും അതിൽ പരിഭവവും സങ്കടവും ഉണ്ടെന്ന് അവന് തോന്നി.... "ഞാൻ കഴിച്ചു...കൃത്യ സമയത്ത് ഭക്ഷണം കഴിക്കാൻ ഡോക്ടർ പറഞ്ഞതാണ്.." അവൾ തിരിഞ്ഞു ടേബിളിലേ മെഡിസിൻസ് എല്ലാം ഒതുക്കി വെച്ചു.... ഹരി പിന്നെ ഒന്നും മിണ്ടിയില്ല....

"സർ... ഇപ്പൊ തന്നെ ബിസിനെസ്സ് നഷ്ടത്തിലാണ്... സർ ഇരുന്നു പോയതിൽ പിന്നെയാണ് എല്ലാം തകിടം മറിഞ്ഞത്.... എത്രയും പെട്ടെന്ന് ബിസിനെസ്സ് ഏറ്റടുക്കാൻ സാറിന്റെ മക്കളോട് ആരേലും പറയണം....ഇനിയും എന്നെകൊണ്ട് വയ്യാ സർ....." ദത്തൻ തന്റെ മാനേജർ പറയുന്ന ശ്രദ്ധയോടെ കേട്ടു... "അതിപ്പോ ഹരിക്ക് വയ്യാലോ... പിന്നെ ....?" അയാൾ സംശയത്തോടെ അതിലുപരി ടെൻഷനോടെ പറഞ്ഞു നിർത്തി.... "സാറിന് മക്കൾ ഒന്നല്ലല്ലോ രണ്ട് പേരില്ല.... ഇളയ മകനോട് പറയൂ...അവന് കൂടെ അവകാശപെട്ടത് തന്നെയല്ലേ....." അയാൾ പറയുന്നത് കേട്ട് ദത്തൻ തൊട്ടരുകിലിരുന്ന വക്കീലിനെ നോക്കി.... തന്റെ പേരിലുള്ള സ്വത്തുക്കളെല്ലാം ഹരിയുടെ പേരിലേക്കി മാറ്റിയിരുന്നു... തന്റെ മരണശേഷം എല്ലാം ഹരിക്ക് മാത്രം അവകാശപെട്ടതാണ്.... ബദ്രിയെ ഓർത്തിട്ടെ ഇല്ല... മനഃപൂർവം ഓർക്കാതെ ഇരുന്നതാണ്.... അയാൾ നെറ്റി ഉഴിഞ്ഞു കൊണ്ട് മുഖം കുനിച്ചു.... "ഞാൻ.... ഞാൻ പറയാം... നിങ്ങൾ ഇപ്പോ ചെല്ല്...." ഒഴിഞ്ഞു മാറാൻ വേണ്ടി മാത്രം വെറുതെ പറഞ്ഞു.... മെല്ലെ എഴുനേറ്റ് ഹരിക്ക് അടുത്തേക്ക് ചെന്നു.... "നിന്നോടുള്ള ആ മനുഷ്യന്റെ സ്നേഹം ഇല്ലാതെ ആവണ്ട എന്ന് കരുതിയാണ് ഞാനിപ്പോഴും ഒന്നും പറയാത്തത്....."

റൂമിൽ നിന്ന് നയനയുടെ ശബ്ദം കേട്ടപ്പോൾ ദത്തൻ വാതിൽക്കൽ തന്നെ നിന്നു.... "ഞാൻ പറഞ്ഞല്ലോ നയന തെറ്റ് പറ്റി പോയി..." ഹരിയുടെ ശബ്ദം താഴ്ന്നു... കാര്യങ്ങളോരോന്നും പറഞ്ഞു സംസാരം അവിടെ എത്തിയതാണ്.. "പിന്നെ.... അച്ഛനെ കൊല്ലാൻ ഭക്ഷണത്തിൽ വിഷം ചേർക്കുന്നതല്ലേ തെറ്റ്.... എങ്ങനെ പറയാൻ തോന്നുന്നു ഹരി....." അത് കേട്ടതും ദത്തൻ ഒരു നിമിഷം തറഞ്ഞു നിന്നുപോയി...നെഞ്ചിനുള്ളിൽ ഒരു കരിങ്കൽ കയറ്റി വെച്ചപോലെ.... ചങ്ക് പൊട്ടി പോകും പോലെ തോന്നി... "അത് ഞാൻ... ബദ്രി....." "വേണ്ട ഹരി.... ബദ്രിയോട് എത്ര ദേഷ്യമുണ്ടെന്ന് വാദിച്ചാലും.. ബദ്രിയെ പിടിച്ചു വെക്കാൻ സ്വന്തം അച്ഛന്റെ ജീവിതം അപകടപെടുത്താൻ നോക്കിയത് ന്യായീകരിക്കാൻ പറ്റില്ല....ഞാനൊന്നും പറയുന്നില്ല... ഇക്കാര്യം ഇനിയും പറഞ്ഞാൽ നമ്മൾ തമ്മിൽ വഴക്കാവും..." നയന അവനെ ഒന്ന് കടുപ്പിച്ചു നോക്കി കൊണ്ട് റൂമിൽ നിന്നിറങ്ങി....ചെന്ന് നിന്നത് ദത്തന്റെ മുന്നിലും... അവളൊന്നു ഞെട്ടി... "അ.... അങ്കിൾ എപ്പോ വന്നു....." ആ ചോദ്യം കേട്ടിട്ടും മറുപടി നൽകാതെ ദത്തൻ തിരിഞ്ഞു നടന്നു.... നെഞ്ച് തകർന്നു പോയിരുന്നു... ഹൃദയത്തിന്റെ വേദന താങ്ങാൻ കഴിയുന്നില്ല.....

ഇത്രയേറെ വേദന നൽകിയ നിമിഷം ഇതുവരെ ഉണ്ടായിട്ടില്ലെന്ന് തോന്നി.... ഹൃദയം പൊട്ടി പോകും പോലെ തോന്നി... നെഞ്ചിനുള്ളിൽ ഭാരം കൂടി കൂടി വന്നു.... അത് താങ്ങാനാവാതെ തളർന്നു പോയി....  തോളിൽ കിടക്കുന്ന പാറൂട്ടിയെ മെല്ലെ തട്ടിയുറക്കി കൊണ്ട് ബദ്രി ഹാളിലെ പാതി ചാരിയിട്ട വാതിൽ തുറന്നു നോക്കി.... അച്ഛന്റെ മടിയിൽ തല വെച്ച് കിടക്കുവാണ് അച്ചു.....അയാൾ അവളെ തലോടി കൊടുന്നുണ്ട്.... രണ്ട് പേരും എന്തോ സംസാരിക്കുന്നുണ്ട്.... കരയുന്നുണ്ട്.... നേരം മൂന്ന് മണിയാകുന്നു.. പാറൂട്ടി ഉച്ചമയക്കത്തിലാണ്.... അവരെ ഒന്ന് കൂടെ നോക്കിയ ശേഷം അവൻ റൂമിലേക്ക് പോയി... മോളെ ബേബി ബെഡിൽ കിടത്തി.... പാറൂട്ടി ഒന്നനങ്ങി... ബദ്രി മെല്ലെ അവളെ തഴുകി....പിന്നെ ഇരു സൈഡിലും തലയിണ വെച്ച് കൊടുത്ത് ഫാൻ ഇട്ട് കൊടുത്തു.... ഫാനിടാതെ ഉറങ്ങാറില്ല കുറുമ്പി.... വാതിൽ ചാരിയിട്ട് അവൻ അച്ചുവിനടുത്തേക്ക് ചെന്നു... ഇതുവരെ ഉച്ചഭക്ഷണം കഴിച്ചിട്ടില്ല.... പാറൂട്ടിക്ക് കൊടുക്കുമ്പോൾ അപ്പു ചോറ് കഴിച്ചിരുന്നു... "എനിക്ക് അങ്ങോട്ട് വരാമോ...??" വാതിൽക്കൽ നിന്ന് അവൻ ചോദിച്ചു ... "വാ മോനെ....." ശേഖരൻ അവനെ സ്നേഹത്തോടെ വിളിച്ചു... ബദ്രി അച്ചുവിനെ നോക്കി... അച്ഛന്റെ മടിയിൽ കിടന്ന് ഉറക്കമാണ് അവൾ...

"അച്ഛൻ വരുന്ന വഴിയും ഒന്നും കഴിച്ചില്ലല്ലോ....വിശക്കുന്നില്ലേ...??" "ഇവളെ കണ്ടപ്പോൾ വിശപ്പ് പോയി... മനസ്സും വയറും നിറഞ്ഞു.... കരഞ്ഞു കരഞ്ഞു തളർന്നുറങ്ങി ന്റെ കുട്ടീ...." അയാൾ അച്ചുവിന്റെ നെറുകയിൽ തലോടി... ബദ്രി ഒന്ന് പുഞ്ചിരിച്ചതെ ഒള്ളൂ.... "അപ്പൂ......." അവൻ പുറത്തേക്ക് നോക്കി വിളിച്ചു... അപ്പു അവനടുത്തേക്ക് വന്നു... "ഇദ്ദേഹത്തിന് കഴിക്കാൻ എടുത്ത് വെക്ക്....അച്ഛൻ കഴിക്കാൻ ചെല്ലൂ...നേരം ഒരുപാട് ആയി...." "അല്ല മോള്....?" അയാൾ അച്ചുവിനെ നോക്കി... "അവളെ ഞാൻ വിളിച്ചോളാം... " അവൻ പറഞ്ഞതും അയാൾ പുഞ്ചിരിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി... ബദ്രി ഉറങ്ങി കിടക്കുന്ന അച്ചുവിനടുത്ത് ഇരുന്നു.. അവളുടെ തലയിൽ തലോടി... "അച്ചൂട്ടാ....." വാത്സല്യത്തോടെ വിളിച്ചു... "മ്മ്.... " അവളൊന്നു കുറുകി കൊണ്ട് തിരിഞ്ഞു കിടന്നു... "എഴുനേല്ക്ക് അച്ചു.... നേരം എത്രയായി...." "മ്മ്,...." വീണ്ടും മൂളി... ഉറക്കത്തിലാണ്.... ബദ്രി മുഖം താഴ്ത്തി അവളുടെ കവിളിൽ കടിച്ചു... "സ്സ്... ആഹ്.,.." വേദന കൊണ്ട് അവൾ പിടഞ്ഞു...കണ്ണ് തുറന്ന് അവനെ നോക്കി പിന്നെ...

ഉറക്കചുവയോടെ തലയിണയിലേക്ക് മുഖം പൂഴ്ത്തി.. എന്തോ ഓർത്തപോലെ ഞെട്ടി എണീറ്റു... ചുറ്റും നോക്കി... "എന്താ അച്ചൂ...." ബദ്രി സംശയത്തോടെ നോക്കി... "കിണ്ണാ.....അച്ഛ.... ഞാൻ.. സ്വപ്നം..." വാക്കുകൾ മുറിഞ്ഞു....വലിയ കണ്ണുകളിൽ വെള്ളം നിറഞ്ഞു... ബദ്രി അവളെ അലിവോടെ നോക്കി.. "സ്വപ്നമൊന്നുമല്ല അച്ചു.. അച്ഛൻ അവിടെ ഭക്ഷണം കഴിക്കുന്നുണ്ട്... നീയും ഒന്നും കഴിച്ചില്ലാലോ.. വാ... എനിക്കും നല്ല വിശപ്പുണ്ട്..." അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു കൊണ്ട് അവൻ പറഞ്ഞു... അച്ചു അവനെ ഇറുക്കി കെട്ടിപിടിച്ചു... "അച്ഛന് ജാമ്യം കിട്ടാൻ കാരണം കിണ്ണനാണല്ലേ.... എന്തെ എന്നോട് പറഞ്ഞില്ല..." "ഞാനല്ല അച്ചു.... രാമചനാണ്....." "കിണ്ണൻ പറഞോണ്ടല്ലേ രാമച്ചൻ അങ്ങനെ ചെയ്തത്.... " അവൾ മുഖം ഉയർത്തി അവനെ നോക്കി... ബദ്രി ചിരിച്ചു... "വാ... നമുക്ക് എന്തേലും കഴിക്കാം..." കൂടുതൽ ഒന്നും പറയാതെ അവളെ ചേർത്ത് പിടിച്ച് റൂമിൽ നിന്നിറങ്ങി... അപ്പു ശേഖരന് ചോറ് വിളമ്പി കൊടുത്ത് അടുത്ത് ഇരിക്കുവാണ്... ബദ്രി വന്നപ്പോൾ അവൻ പോയി... അച്ചു ചെന്ന് അച്ചനടുത്ത് ഇരുന്നു...അയാളുടെ തോളിലേക്ക് ചാരി.. "അച്ഛൻ കഴിച്ചോ... എനിക്ക് കിണ്ണൻ വാരി തരും.... "

അവളെ നോക്കി കഴിക്കാതെ ഇരിക്കുന്ന അച്ഛനെ നോക്കി അവൾ പറഞ്ഞു.. പിന്നെ ചിരിയോടെ ബദ്രിയെ നോക്കി... ബദ്രി ചോറ് എടുത്ത് അവൾക്ക് അടുത്ത് വന്നിരുന്നു.... ചോറ് വാരി അവൾക്ക് കൊടുത്തു... ശേഖരൻ നിറഞ്ഞ മനസ്സോടെ അവരെ നോക്കി.... ഈ സന്തോഷം എന്നും ഉണ്ടാവാണേ എന്ന് മനസ്സറിഞ്ഞു പ്രാർത്ഥിച്ചു.... ഇടക്ക് ഫോൺ റിങ് ചെയ്യുന്നത് കേട്ടു... "അപ്പു എന്റെ ഫോൺ ഇങ്ങ് കൊണ്ട് വന്നേ..." ബദ്രി വിളിച്ചു പറഞ്ഞു... "ആരാടാ.....?" ഫോണുമായി അടുത്തേക്ക് വന്ന അപ്പുവിനോട് ചോദിച്ചു.... "നയന ചേച്ചിയാ..." ബദ്രി ഫോൺ വാങ്ങി..അറ്റൻഡ് ചെയ്തു.... മറുവശവശത്ത് നിന്ന് നയന പറയുന്നത് കേട്ടതും അവന്റെ മുഖം മാറി... "എന്താ കിണ്ണാ.....??" അച്ചു അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് ചോദിച്ചു... "ഞാൻ വരാം.... അമ്മയോട് ടെൻഷൻ ആകണ്ടാന്ന് പറ...." ബദ്രി അതും പറഞ്ഞു കാൾ കട്ടാക്കി.... ബദ്രി ഒന്ന് സംശയിച്ചു നിന്നു... അന്നും ഇതുപോലെ വിളിച്ചതാണ്....ഒരിക്കൽ ചൂട് വെള്ളത്തിൽ ചാടിയ പൂച്ച... പിന്നെ പച്ചവെള്ളം കണ്ടാലും ഭയക്കും... "എന്ത് പറ്റി കിണ്ണാ...." "അത് പിന്നെ... ഹരീടെ... അച്ഛൻ ഹോസ്പിറ്റലിൽ ആണ് അച്ചു..... ഞാൻ... ഞാനൊന്ന് പോയിട്ട് വരാം..." അവൻ ദൃതിയിൽ എഴുനേറ്റു... "കിണ്ണാ ഒന്നും കഴിച്ചില്ലല്ലോ...?"

അച്ചു അവണ്ടുത്തേക്ക് ചെന്നു.. "വേണ്ട അച്ചു.... ഞാൻ പോയി നോക്കട്ടെ... ഇച്ചു വരും ഇങ്ങോട്ട്... ഞാൻ അവനെ വിളിച്ചു പറയാം.കേട്ടോ..??" "മ്മ്..." അവളൊന്നു മൂളി... ബദ്രി അവളുടെ നെറുകയിൽ ഒന്ന് മുത്തി... അവിടെന്ന് ഇറങ്ങി...  "അമ്മേ അവളെന്ത്യേ....??" ടീവി കണ്ട് കൊണ്ടിരിക്കുന്ന അമ്മക്ക് അടുത്തേക്ക് ചെന്ന് ശങ്കർ ചോദിച്ചു... "അവിടെ എങ്ങാനും കാണും...." ടീവിയിലേക്ക് നോക്കി കൊണ്ട് അവർ മറുപടി കൊടുത്തു.... ശങ്കർ കയ്യിലുള്ള ബാഗ് താഴെയിട്ട് അകത്തേക്ക് നടന്നു... "മാളൂ......" അടുക്കളയിലേക്ക് എത്തി നോക്കി അവൻ വിളിച്ചു.. അവിടെ കണ്ടില്ല... അടുക്കളപുറത്ത് ചെന്ന് നോക്കി.. അവിടേം ഇല്ല...റൂമിൽ കാണും... അവൻ വേഗത്തിൽ അങ്ങോട്ട്‌ നടന്നു.... "മാളൂ...." ഉറക്കെ വിളിച്ചു കൊണ്ട് വാതിൽ തുറന്ന് അകത്തു കയറിയതും ... കാറ്റ് പോലെ എന്തോ വന്നു നെഞ്ചിലേക്ക് ചാഞ്ഞു.. "മാളൂ....." അവൻ അമ്പരപ്പോടെ വിളിച്ചു... ഇതൊന്നും പതിവില്ലാത്തതാണ്.... ശങ്കർ അവളെ അടർത്തി മാറ്റി..അവളുടെ മുഖം ചുവന്നിരുന്നു... "എന്ത് പറ്റി... എന്റെ ഭാര്യ റൊമാന്റിക് മൂടിലാണല്ലോ...."കുസൃതിയോടെ അവൻ ചോദിച്ചതും.. അവൾ ചെറു ചിരിയോടെ അവന്റെ നെഞ്ചിലേക് ചാഞ്ഞു... "ഇന്ന് എന്ത് പറ്റി.... ഉമ്മറത്ത് കണ്ടില്ല...

സാധാരണ എന്നേം കാത്ത് അവിടെ ഉണ്ടാവാറുള്ളതല്ലേ...." അവളെ അടക്കി പിടിച്ചു കൊണ്ട് അവൻ ചോദിച്ചു... അവളൊന്നും മിണ്ടാതെ അവനോട് ചേർന്നു നിന്നു... "എന്താടി ഒന്നും മിണ്ടാത്തത്.... നിന്റെ വായിൽ എന്തേലും ഉണ്ടോ..... " അവൻ കുറച്ചു ദേഷ്യത്തിൽ ചോദിച്ചു... "വായിൽ അല്ല വയറ്റിലാണ് ഉള്ളത്.. നിങ്ങടെ കൊച്ച്....." അവന്റെ നെഞ്ചിൽ ഇടിച്ചു കൊണ്ട് അവൾ പറഞ്ഞു... "ഹേ....!!!!!" അവൻ അവളെ അടർത്തി മാറ്റി...കണ്ണ് മിഴിച്ചവളെ നോക്കി... "എന്താ പറഞ്ഞെ.... ഡീ...." അവന് ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥയായി.... മാളു ചിരിച്ചു കൊണ്ട് തലയാട്ടി....!  "എന്താ ഉണ്ടായത്...." തന്റെ അടുത്ത് ഇരിക്കുന്ന നയനയോട് ബദ്രി ചോദിച്ചു.. "പെട്ടെന്ന് തളർന്നു വീഴുവായിരുന്നു..." നയന പറഞ്ഞു... ബദ്രി ഒന്ന് നിശ്വസിച്ചു... നയനയുടെ തോളിലേക്ക് ചാരി ഇരിക്കുന്ന അമ്മയെ അവൻ നോക്കി.... "ഡീ... നീ വീട്ടിലേക്ക് പൊക്കോ.... കുറെ നേരായില്ലേ ഇരിക്കുന്നു.... ചെന്ന് റസ്റ്റ്‌ എടുക്ക്..." അവൻ നയനയോട് പറഞ്ഞു... "വേണ്ടടാ... സാരമില്ല..."

"പറ്റില്ല... സ്വന്തം ആരോഗ്യം കൂടെ നോക്കണം...നീ ചെല്ല്....." ബദ്രി അവളെ നിർബന്ധിച്ചു പറഞ്ഞു വിട്ടു... വീണ്ടും കാത്തിരിപ്പ്....അമ്മ അവന്റെ തോളിലേക്ക് ചാരി ഇരുന്ന് കണ്ണ് നീർ വാർത്തു... ബദ്രി അവരെ നോക്കി.. അല്ലേൽ ഇപ്പോ താനൊരു കുടയാണല്ലോ... മഴ പെയ്യുമ്പോൾ ഓടി കയറി അഭയം തേടുന്ന കുട.... ഈ മഴയൊന്നു തിരികെ പോയി നോക്കണം... പിന്നെ തന്നെ ആവശ്യമില്ലല്ലോ....!! ബദ്രി ചുമരിലേക്ക് ചാരി ഇരുന്ന് ഓർത്തു.. "ആരാ ബദ്രി....!!!!" പുറത്തേക്ക് വന്ന നേഴ്സ് ചോദിച്ചു.... ബദ്രി അവർക്ക് അടുത്തേക്ക് ചെന്നു.. "ഞാനാണ്...." "പേഷ്യന്റിന് ഒന്ന് കാണണം എന്ന്...." അത് കേട്ട് ബദ്രി അമ്മയെ ഒന്ന് നോക്കി... പിന്നെ നഴ്സിന്റെ കൂടെ അകത്തേക്ക് നടന്നു... കണ്ണടച്ച് കിടക്കുവായിരുന്നു ദത്തൻ... ബദ്രി അയാൾക്ക് അരുകിലേക്ക് ചെന്നു.... ഒന്നും മിണ്ടാതെ നിന്നതേ ഒള്ളൂ.. അവൻ അടുത്ത് വന്നതറിഞ് ദത്തൻ കണ്ണ് മെല്ലെ തുറന്നു... മെല്ലെ വിറക്കുന്ന കൈകൾ ഉയർത്തി അവന്റെ കയ്യിൽ പിടിച്ചു.... ബദ്രി മുഖം ചുളിച് അയാളെ നോക്കി... ദത്തന്റെ കണ്ണുകൾ മെല്ലെ അടഞ്ഞു...

അവന്റെ കയ്യിൽ അപ്പോഴും മുറുകെ പിടിച്ചിരുന്നു.... ബദ്രി കുറച്ച് നേരം അങ്ങനെ നിന്നു.... പിന്നെ നഴ്സു വന്നു അവനോട് പുറത്ത് പോകാൻ പറഞ്ഞെങ്കിലും ദത്തന്റെ കൈകൾ അവനെ വിടാതെ പിടിച്ചിരുന്നു... ബദ്രി അവിടെ തന്നെ നിന്നു.... ദത്തൻ മുറുകെ പിടിച്ചിരുന്ന കയ്യിലേക്ക് അവൻ പുച്ഛത്തോടെ നോക്കി.... അത്ര അടുത്ത് നിന്നിട്ടും ഒരുപാട് അകലം തോന്നി... അവനിലെ മകനും അയാളിലേ അച്ഛനും തമ്മിൽ പ്രകാശവർഷങ്ങളുടെ ദൂരമുണ്ടെന്ന് തോന്നി.....ആകാശത്തെ നക്ഷത്രങ്ങളേ പോലെ........!!!!.....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story