ഈ യാത്രയിൽ : PART 2

ഈ യാത്രയിൽ : PART 2

നോവൽ
എഴുത്തുകാരി: സേഷ്മ ധനേഷ്‌

അതുവരെ പിടിച്ചുവച്ച സങ്കടവും ധൈര്യവുമെല്ലാം അവൾ കണ്ണീരിന്റെ അകമ്പടിയോടെ താഴേക്കിറക്കി വച്ചു….. തേങ്ങലിന്റെയും വിതുമ്പലിന്റെയും ശബ്‌ദം പുറത്തേക്കു കേൾക്കാതിരിക്കാൻ ബെഡ്ഷീറ്റിന്റെ തുമ്പുകൾ ചുരുട്ടി വായിലിട്ടു നിശബ്ദമായി അലമുറയിട്ടു കരഞ്ഞു… കരച്ചിലിനോടുവിൽ… മുറിയിലെ ചെറിയ വെളിച്ചത്തിൽ അവളുടെ കണ്ണുനീർ മുത്തുകൾ പോലെ തിളങ്ങി…. തന്റെ ഭൂതകാലത്തിലേക്കു പതുക്കെകണ്ണുകളടച്ചു കിടന്നു…ഈ പുതിയ ജീവിതയാത്രയിലേക്കു വഴിവെച്ച തന്റെ ജീവിതത്തിലേക്ക് അവളൊന്നുകൂടി സഞ്ചരിച്ചു…..

അച്ഛനും അമ്മയും രണ്ടു അനിയത്തിമാരും അടങ്ങുന്ന ഒരു കൊച്ചു കുടുംബം. സന്തോഷകരമായ ജീവിതം. ആണ്കുട്ടികള് ഇല്ലെങ്കിലും പെണ്കുട്ടികളിൽ ജീവൻ കൊടുത്തു സ്നേഹിക്കുന്ന അച്ഛൻ. ആദ്യത്തെ പുത്രിയായതുകൊണ്ടു അച്ഛന് ഇഷ്ടം ഒരു പൊടിക്കു തന്നോടാണെന്നു അനിയത്തിമാരെന്നും വഴക്കുണ്ടാക്കാറുണ്ട്. അതു ഒരുതരത്തിൽ ശരിയാണെന്ന് പല സന്ദർഭങ്ങളിലും തോന്നിയിട്ടുമുണ്ടു. അച്ഛൻ വാസുദേവൻ ബസ് ഡ്രൈവറായിരുന്നു. അമ്മ ശൈലജ അത്യാവശ്യം നല്ല തുന്നൽകാരിയും. തന്നാൽ കഴിയും വിധം മക്കളെ രാജകുമാരികളെ പോലെ വളർത്തിയിരുന്ന അച്ഛൻ, തന്റെ പ്ലസ് 2 പഠനശേഷം അച്ഛന് വന്ന നെഞ്ചു വേദന… അതായിരുന്നു കുടുംബത്തിന്റെ താളം തന്നെ തെറ്റിച്ചത്. ഹൃദയത്തിലുണ്ടായ ബ്ലോക്ക്… പെട്ടന്ന് വേണ്ടി വന്ന സർജറി…. പ്ലസ് 2 കഴിഞ്ഞു എന്ജിനീറിങ് പഠിക്കാനായി സ്വരൂകൂട്ടിയതെല്ലാം അച്ഛനുവേണ്ടി ചിലവാക്കേണ്ടി വന്നു…. സർജറിക്കു ശേഷം റെസ്റ്റ്…. എല്ലാം കൊണ്ടും കുടുംബം മുന്നോട്ടു പോകാൻ കഴിയാത്ത അവസ്ഥ. എന്റെയും അനിയത്തിമാരുടെയും പഠനം ഒരുമിച്ചു മുന്നോട്ടുപോകില്ലെന്നു മനസിലായപ്പോൾ മുന്നോട്ടു പഠിക്കാനുള്ള എല്ലാ ആഗ്രഹങ്ങളും അനിയത്തിമാരിൽ ചൊരിഞ്ഞു അവർക്ക് വേണ്ടി കഷ്ടപ്പെടുന്ന ഒരുപാട് സഹോദരിമാരിൽ ഒരാളായി മാറി താനും. പഠനം പാടെ ഉപേക്ഷിച്ചു, ചെറുപ്പം മുതലേ തുന്നൽ അമ്മ പഠിപ്പിച്ചിരുന്നത് കൊണ്ടു അമ്മയെ അത്യാവശ്യം സഹായിച്ചും കൃഷ്ണന്റെ അമ്പലത്തിലെ കളരിയിൽ തന്റെ നാട്ടിലെ ചെറിയ കുട്ടികളെ നൃത്തവും പാട്ടും പഠിപ്പിചും അമ്പലത്തിൽ മാല കെട്ടി കൊടുത്തുമൊക്കെ ജീവിതം മുന്നോട്ടു പോയി. പടിക്കാനാഗ്രഹമുണ്ടായിരുനെങ്കിലും അച്ഛനെ ഓരോ നിമിഷവും താൻ ഏറെ സന്തോഷവതിയാണെന്നു കാണിച്ചു ചിരിച്ചു കളിച്ചു നടന്നു… തന്റെയും അമ്മയുടെയും വരുമാനം കൊണ്ടു അത്യാവശ്യം പിടിച്ചുനിൽക്കാമെന്ന അവസ്ഥയിലായി.
എങ്കിലും താനും കുടുംബവും എത്ര സന്തോഷത്തിലായിരുന്നു… ഇപ്പൊ ഈ കാണിച്ച മനക്കരുത്ത് തന്റെ ജീവിത സാഹചര്യങ്ങൾകൊണ്ടു താൻ സ്വയം നേടിയെടുത്തതായിരുന്നു…

ദേവിയൊന്നു എഴുന്നേറ്റിരുന്നു. തിരിഞ്ഞു വാമ ഭാഗത്തേക്ക് നോക്കി. അവിടെ ഉറക്കം പിടിച്ചു കഴിഞ്ഞിരുന്നു മഹി. തന്റെ മുട്ടുകാലിൽ മുഖം ചേർത്തു ശാന്തമായി ഉറങ്ങുന്ന മഹിയെ തന്നെ നോക്കിയിരുന്നു…. അറിയാതെ അവളുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു…. താനുമൊരു പെണ്ണാണ്… കല്യാണം… ഭാര്യ… കുടുംബജീവിതം… അവളൊന്നു നെടുവീർപെട്ടു.. ദീർഘശ്വാസം വിട്ടുകൊണ്ട് പതിയെ അവന്റെ മുഖത്തേക്കു നോക്കി സംസാരിച്ചു…”മഹിയേട്ട… എന്നെങ്കിലും എന്നെ സ്നേഹിക്കാൻ കഴിയുമോ… നിങ്ങളുടെ എല്ലാ കാര്യങ്ങളും അറിഞ്ഞിട്ടു തന്നെയാ ഞാൻ ഇവിടേക്ക് വന്നത്…. ഇതുവരെ എങ്ങനെയായിരുന്നു എന്നത് എനിക്കൊരു പ്രശ്നമല്ല…. ഇനി…” പക്ഷെ താൻ ആഗ്രഹിക്കുന്നത് നടക്കാൻ പോകുന്ന കാര്യമല്ലയെന്നവളുടെ മനസു മന്ത്രിച്ചു. പറയാൻ വന്നത് അവളുടെ തൊണ്ടയിൽ തന്നെ കുരുങ്ങി നിന്നു. എത്രനാൾ എന്നറിയില്ല… ജീവിച്ചു തീർക്കണം…

അരണ്ട വെളിച്ചമുള്ള മുറിയിൽ ഇരുന്നു ദേവി പിന്നെയും ഓർമയുടെ പടുകുഴിയിലേക്കു വീണു. അമ്പലത്തിൽ വിശേഷാൽ പൂജയുള്ള ദിവസങ്ങളിൽ മാല അധികം കെട്ടാനുണ്ടാകും.
നിത്യകല്യാണിയും ചെത്തി പൂവും തുളസിയുമെല്ലാം നല്ല ഭംഗിയിൽ കെട്ടുമായിരുന്നു. തന്റെ മാല ചാർത്തി ഭഗവാൻ നിൽക്കുന്നത് കാണാൻ തന്നെ നല്ല ചേലാണെന്നു എല്ലാരും പറയാറുണ്ട്. തന്റെ ജീവിതം വഴിതിരിച്ച ദിവസം… കഴിഞ്ഞ മാസം തിരുവാതിര നക്ഷത്രത്തിൽ വൈകീട്ട് വിശേഷാൽ പൂജയുണ്ടായിരുന്നു. അന്നും താൻ തന്നെയാണ് മാല കെട്ടിയത്… നിത്യകല്യാണിയുടെ വെള്ള പൂക്കളിനിടയിൽ ചുവന്ന ചെത്തിയും തുളസിയും ചേർത്തു മനോഹരമായി മാല കെട്ടി… അന്നുവരെ താൻ കെട്ടിയതിൽ വച്ചു ഏറ്റവും മനോഹരമായിരുന്നു ആ മാല. പൂജ നടത്തിയത് ശ്രീമംഗലത്ത് വീട്ടിലെ കാർത്തികേയൻ സാറും ഭാര്യ സുഭദ്രയും അതും മകൻ മഹേഷിന് വേണ്ടി… ഡോക്ടർ മഹേഷ് എന്നുപറഞ്ഞാൽ ആ നാട്ടിൽ എല്ലാവർക്കും അറിയാം. കാരണം നാട്ടിലെ ഒരേയൊരു പ്രൈവറ്റ്ഹോസ്പിറ്റൽ ശ്രീമംഗലം തറവാട്ടുകാരുടെയാണ്. അവിടുത്തെ ഗൈനക്കോളജി ഡോക്ടർ ആണ് മഹേഷ്‌. കൈപുണ്യമുള്ള ഡോക്ടർ ആണെന്ന് ചുരുങ്ങിയ സമയംകൊണ്ട് തന്നെ തെളിയിച്ച ഡോക്ടർ. നല്ല പേരു കേട്ട ഡോക്ടർ. ആദ്യം നല്ല ഡോക്ടർ എന്ന പേരായിരുനെങ്കിൽ കഴിഞ്ഞ ഒരു വർഷമായി കേൾക്കുന്നത് ഡോക്ടറിന്റെ പേരുദോഷമായിരുന്നു. കൂടെയുണ്ടായ പ്രണയം ചതിച്ചു പോയപ്പോൾ ഉണ്ടായ ദുശീലങ്ങൾ… അതു പരിധികൾ വിട്ടു തുടങ്ങിയപ്പോൾ ആ പാവം അച്ഛനുമമ്മയും ദൈവങ്ങളെ കൂട്ടു പിടിക്കാൻ തുടങ്ങിയത്, എങ്ങനെയെങ്കിലും മോൻ നന്നാകണം എന്ന ഒറ്റ ഒരു ആഗ്രഹത്തിന്റെ പുറത്തു… പുതിയ ഒരു ജീവിതവും… കല്യാണം കഴിഞ്ഞു എങ്ങനെയെങ്കിലും ഒരു കുടുംബമായി കഴിയണമെന്ന പ്രാർത്ഥനയിൽ വന്നതാണ്..

മാല കെട്ടി താൻ തന്നെയാണ് ആ അമ്മയുടെ കൈകളിൽ വച്ചു കൊടുത്തത്. ഒരു പുഞ്ചിരിയോടെ കൊടുത്തു “അമ്മയുടെ എല്ലാ പ്രാർത്ഥനകളും നടക്കും അമ്മേ” എന്നു പറഞ്ഞപ്പോൾ സുഭദ്ര അമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. തന്നെ ഒരു നിമിഷം നോക്കി കവിളിൽ തലോടി ഒരു ചിരിയോടെ ആ അമ്മ നടയിലേക്കു പോയപ്പോൾ താനും അറിയാതെ ഒരു നിമിഷം പ്രാർത്ഥിച്ചു പോയി… ആ അമ്മയുടെ ആഗ്രഹം നടത്തി കൊടുക്കണേ കണ്ണയെന്നു… പക്ഷെ അതു കൃത്യമായി തന്റെ തലയിൽ തന്നെ വരുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല.

നട തുറന്നു പൂജ ചെയ്യുമ്പോൾ താൻ കീർത്തനംപാടാറുണ്ട്… അന്ന് താൻ പാടിയ കീർത്തനത്തിൽ ആ അമ്മയുടെ പ്രാർത്ഥന കൂടി നടക്കണേ എന്നൊരു പ്രാർത്ഥനയും താനും നടത്തിയിരുന്നു. എന്തുകൊണ്ടോ ആ അമ്മയും അച്ഛനും തന്നെ പരിചയപ്പെടാൻ വന്നിരുന്നു. വീടും വിശേഷങ്ങളും ചോദിച്ചു. പിരിയാൻ സമയത്തു അമ്മയുടെ പ്രാർത്ഥന നടക്കുമെന്നും താനും പ്രാര്ഥികമെന്നും പറഞ്ഞപ്പോൾ തന്റെ കൈകൾ മുറുകെ പിടിച്ചു തന്നെ നോക്കി ചിരിച്ചു പോയ സുഭദ്ര അമ്മയുടെ മുഖം ഇന്നും തെളിവോടെ ഓർമയുണ്ട്.

പിന്നെ അതെല്ലാം മറന്നു തന്റെ ജീവിതത്തിലേക്ക് മുഴുകി. ഒരാഴ്ച കഴിഞ്ഞു സുഭദ്ര അമ്മയും അച്ഛനും കൂടി അതേ മഹേഷ് ഡോക്ടർക്കു വേണ്ടി തന്നെ കല്യാണം ആലോചിച്ചു വീട്ടിലേക്കു വന്നപ്പോൾ അതിശയം പൂണ്ടുപോയി. വിവാഹപ്രായം ആയ മകൾ… ഒരാളുടെ ജീവിതമെങ്കിലും രക്ഷപെടുന്ന കാര്യമല്ലേ…. അച്ഛൻ ദയനീയമായി തന്നെ നോക്കി… അവർ വന്നതും അനിയത്തിമാരുടെ രണ്ടുപേരുടെ പഠിപ്പും അച്ഛന്റെ ചികിത്സയുമെല്ലാം ഏറ്റെടുത്തു കൊണ്ടായിരുന്നു. എന്നും കുടുംബത്തിന് വേണ്ടി മാറ്റി വച്ച ജീവിതമാണ് തന്റേതു… അപ്പൊപിന്നെ ഈ കല്യാണവും അവർക്ക് വേണ്ടി തന്നെയാകട്ടെ…. തന്റെ സമ്മതം അറിയിക്കുമ്പോൾ അച്ഛന്റെ കണ്ണുകളിൽ ഏറ്റവും പ്രിയപ്പെട്ട മകളേ ബലിയാടാക്കി കൊടുക്കുന്ന വിഷമം മാത്രമേ ഞാൻ കണ്ടുള്ളൂ. എങ്കിലും എല്ലാം ഒരു പുഞ്ചിരിയോടെ നേരിടുന്ന താൻ ഈ പുതിയ ജീവിത യാത്രയും ഒരു പുഞ്ചിരിയോടെ തന്നെ നേരിടാൻ തീരുമാനിച്ചത്…. കല്യാണത്തിന്റെ അന്നായിരുന്നു മഹിയേട്ടൻ തന്നെ ശ്രെദ്ധിച്ചതെന്നു തോന്നുന്നു. താൻ പലപ്പോഴും പലയിടത്തും വച്ചു കണ്ടിട്ടുണ്ട്… കല്യാണത്തിന് ഒരാഴ്ച മുൻപ് സുഭദ്ര അമ്മ വന്നു മഹിയേട്ടന്റെ എല്ലാകാര്യങ്ങളും പറഞ്ഞപ്പോൾ തനിക്കു ആ മനുഷ്യനോട് ഒരു തരം സഹതാപം മാത്രമാണ് തോന്നിയത്. ആ അച്ഛനോടും അമ്മയോടും ഒരുതരത്തിലും ദേഷ്യം തോന്നിയില്ല. സത്യങ്ങൾ തുറന്നു പറയാനുള്ള മനസ്സു കാണിച്ചല്ലോ. തലതിരിഞ്ഞു പോകുന്ന ആണ്മക്കളെ നന്നാക്കാനുള്ള അവസാന വഴി സാധാരണ കുടുംബത്തിൽ നിന്നും കല്യാണം കഴിപ്പിച്ചുള്ള ഒരു സ്ഥിരം പരീക്ഷണം… അതു തന്നെ ഇവിടെയും….

തന്റെ പ്രിയപ്പെട്ട കണ്ണന്റെ മുൻപിൽ നിന്നും താലി കെട്ടുമ്പോൾ പ്രാർത്ഥനകൾ ഒന്നും തന്നെയുണ്ടായിരുന്നില്ല. അല്ലെങ്കിൽ തന്നെ ഇനി എന്തു പ്രാർത്ഥിക്കണം… ഓരോ മാസവും അച്ഛന്റെ ചികിത്സക്കുള്ള പൈസ കണ്ടെത്താൻ കഴിയണെ എന്നൊരു പ്രാർത്ഥന ഉണ്ടാകാറുണ്ട്… അതിനൊരു പരിഹാരമായി… അനിയത്തിമാരുടെ പഠനം നന്നായി നടക്കണം എന്നൊരു പ്രാർത്ഥനയും ഉണ്ടാകാറുണ്ട്… ഈ രണ്ടു പ്രാർഥനകൾക്കും തനിക്കു ഒരു പരിഹാരമായി… ഇനിയെന്ത് പ്രാർത്ഥിക്കണം താൻ… ഒന്നുമില്ല… കണ്ണനെ നോക്കി ഒന്നു പുഞ്ചിരി തൂകി ഇതുവരെ ചെയ്തു തന്നതിനും ഇനി ചെയ്തു തരാൻ പോകുന്നതിനും ഒരുപാട് നന്ദി പറഞ്ഞു മഹിയേട്ടന്റെ താലിക്കു മുൻപിൽ തല കുനിച്ചു.

*************************

ഏകദന്തം മഹാകായം തപ്തകാഞ്ചന സന്നിഭം
ലംബോദരം വിശാലാക്ഷം വന്ദേഹം ഗണനായകം

ചിത്രരത്ന വിചിത്രാംഗം ചിത്രമാലാ വിഭൂഷിതം
കാമരൂപധരം ദേവം വന്ദേഹം ഗണനായകം

അംബികാ ഹൃദയാനന്ദം മാതൃഭി: പരിവേഷ്ടിതം
ഭക്തപ്രിയം മദോന്‍‌മത്തം വന്ദേഹം ഗണനായകം

സര്‍വ്വവിഘ്നഹരം ദേവം സര്‍വ്വവിഘ്നവിവര്‍ജ്ജിതം
സര്‍വ്വസിദ്ധിപ്രദാതാരം വന്ദേഹം ഗണനായകം

ഗണപതി സ്തുതി കേട്ടുകൊണ്ടാണ് മഹി കണ്ണുകൾ വലിച്ചു തുറന്നത്.”ഇന്നലെ വല്ല അമ്പല നടയിലുമാണോ കിടന്നത്” ഒരു നിമിഷം അവൻ ആത്മഗതം ചിന്തിച്ചു…. “അല്ല ഇന്നലെ തന്റെ ആദ്യ രാത്രിയായിരുന്നല്ലോ… ” പെട്ടന്ന് ചാടിയെഴുനേറ്റു ചമ്രം പടിഞ്ഞിരുന്നു ഇന്നലത്തെ സംഭവങ്ങൾ ഓരോന്നായി ഓർത്തെടുത്തു….ഇല്ല അവളെ എങ്ങനെയെങ്കിലും ഇവിടെ നിന്നും ഓടിക്കണം അതു മാത്രമാണോ… എന്തൊരു അഹങ്കാരമാണ് അവൾക്കു… അവൻ ഓരോന്ന് കണക്കു കൂട്ടി എഴുനേറ്റു…

സുഭദ്ര കുളികഴിഞ്ഞു വിളക്ക്കൊളുത്താൻ ചെല്ലുമ്പോൾ ദേവി കീർത്തനം പാടി വിളക്ക് വയ്ക്കുന്നതാണ് കണ്ടത്… അവരുടെ മുഖം ഏറെ പ്രകാശമായി… ഒരുവേള സന്തോഷം കൊണ്ടു കണ്ണുകൾ നിറഞ്ഞു തൂവിയിരുന്നു…

ദേവി തലയിൽ തോർത്തു ചുറ്റി ഒരു ഭസ്മ കുറിയും തൊട്ടു നിൽക്കുന്നുണ്ടായിരുന്നു. അവളുടെ കുറുനിരകൾ അങ്ങിങ്ങു വീണു കിടന്നിരുന്നു… മൂക്കിൻ തുമ്പിലെ ചുവന്ന കല്ലു മൂക്കുത്തിയിലും നെറ്റിയിലെ ഭസ്മക്കുറിയിലും മാത്രം അവളുടെ മുഖം വിളക്കിലെ പ്രകാശം പോലെ ശോഭിച്ചു. സുഭദ്ര ദേവി നീട്ടിയ വിളക്ക് തൊഴുതു ചന്ദനം തൊട്ടു. അവൾ നിറഞ്ഞ പുഞ്ചിരി തൂകി. വിളക്ക് വച്ചു പോകാൻ തുനിഞ്ഞ അവളെ കൈകൾ പിടിച്ചു നിർത്തി. തൊട്ടടുത്തു ഇരുന്ന സിന്ദൂര ചെപ്പിൽ നിന്നും ഒരു നുള്ളു സിന്ദൂരം അവളുടെ നെറ്റിയിൽ ചാർത്തി. കണ്ണുകളടച്ചു ദേവിയത് ഏറ്റു വാങ്ങി. ഇനിയുള്ള പതിവിൽ ഇതും കൂടിയുണ്ട്… സുഭദ്ര അവളെ ഓർമിപ്പിച്ചു… മറുപടി ഒരു സങ്കടത്തോടെയുള്ള ചിരിയിൽ ചാലിച്ചു അവർക്ക് നൽകി അവൾ അടുക്കളയിലേക്കു നടന്നു…. നടക്കുന്നതിനിടയിലും അവൾ മനസിലോർത്തത് എത്ര നാൾ ആ സിന്ദൂരം ഏറ്റുവാങ്ങുമെന്നായിരുന്നു….

സുഭദ്ര ദേവിയോട് അടുക്കളയിൽ സഹായിച്ചാൽ മതിയെന്ന് പറഞ്ഞിട്ടും അവൾ കേട്ടില്ല… എല്ലാം അവൾ തന്നെ ചെയ്യാൻ തുടങ്ങി… ആദ്യം തന്നെ ചായ വച്ചു സുഭദ്രക്കു നൽകി.. ചായ കുടിച്ചു നോക്കിയപ്പോൾ തന്നെ മരുമകളുടെ കൈപുണ്യം മോശമല്ലെന്നു മനസ്സിലായി… കാർത്തികേയനുള്ള ചായ ഒരു കപ്പിലെടുത്തു അവരുടെ മുറിയിലേക്ക് നടന്നു….

അവൾ തിരിഞ്ഞു നിന്നു ഇനിയെന്ത് എന്നാലോചിച്ചു നിൽക്കുമ്പോളായിരുന്നു “ഡി” എന്നൊരു വിളി കേട്ടത്…. മഹിയല്ല… ഇതൊരു പെണ്ണിന്റെ ശബ്ദമാണല്ലോ… ദേവി സംശയത്തോടെ തിരിഞ്ഞു നോക്കിയപ്പോൾ.. മുടിയൊക്കെ പാറി പറത്തി…. ഒരു ത്രീ ഫോർത്തും ബനിയനും ഇട്ടു ഉറക്ക ചടവോടെ മുഖം പോലും ഒന്നു കഴുകാതെ… ഒരു പെണ് രൂപം… മഹിയുടെ ഒരേയൊരു സഹോദരി…. ആർച്ച… അച്ചു… അവളുടെ നോട്ടം ഉണ്ണിയാർച്ചയുടെ വീര്യത്തോടെയായിരുന്നു…

ദേവിയൊന്നു ചിരിച്ചു… പക്ഷെ തിരികെ കിട്ടിയതു ഒരു പുച്ഛമായിരുന്നു… ദേവിയത് ശ്രെദ്ധിക്കാതെ തിരിഞ്ഞു ജോലിയിലേക്ക് മുഖം തിരിച്ചു.

“നീയാണോ കാലത്തും തന്നെ ഇവിടെ ഭജന നടത്തിയത്…. ഒരു മണിയെടുത്തു കൂടി അടിക്കാമായിരുന്നില്ലേ…അതിന്റെ കൂടി കുറവേ ഉണ്ടായിരുന്നുള്ളു” അവൾ പറഞ്ഞു കൊണ്ടു സ്വതവേയുള്ള പുച്ഛത്തോടെ ചിറി കോട്ടി നിന്നു.
അപ്പോഴേക്കും സുഭദ്ര അടുക്കളയിലേക്കു എത്തി… “ഓഹ്.. നീയെത്തിയോ… ഇത്ര നേരത്തെ എഴുനേറ്റു പതിവില്ലലോ” സുഭദ്ര ദേഷ്യത്തോടെ അച്ചുവിനോട് ചോദിച്ചു.”നിനക്കു ആ മുഖമെങ്കിലും കഴുകികൂടെ… കണ്ണിൽ പീള അങ്ങനെതന്നെ ഇരിക്കുന്നു കണ്ണിൽ… വൃത്തിയില്ലാത്തത് കുളിയുമില്ല നനയുമില്ല…. സഹോദരന്റെ കല്യാണമായിട്ടു കൂടി എത്തി നോക്കാത്ത സാധനം” കല്യാണ ദിവസം അവൾ ഫ്രണ്ട്‌സ് കൂടെ പോയ ദേഷ്യം കൂടിയുണ്ടായിരുന്നു സുഭദ്രക്കു… പാചകം ചെയ്യാൻ കുറച്ചു നിർദേശം കൊടുത്തിട്ട് സുഭദ്ര ഇപ്പൊ വരാമെന്നു പറഞ്ഞു പുറത്തേക്കു പോയി.

“പിന്നെ… ഈ ധർമക്കല്യാണം കൂടാത്ത കുറവേയുള്ളൂ…. ശമ്പളം കൊടുക്കാതെ അമ്മക്കൊരു അടുക്കളകാരിയെ കിട്ടി….” സുഭദ്ര പുറത്തേക്കു പോയെന്നു ഉറപ്പു വരുത്തിക്കൊണ്ട് അച്ചു പറഞ്ഞു. കറിക്കരിയുകയായിരുന്ന ദേവി ഒരു നിമിഷം ഒന്നു സ്തംഭിച്ചു നിന്നു.
“ഡി… അതേ എനിക്ക് ചായ വേണ്ട…കോഫി മതി… അതും ബ്ലാക്ക്‌ കോഫി… വേഗം വേണം…” അതും പറഞ്ഞു അച്ചു തിരിഞ്ഞു നടക്കാൻ തുടങ്ങി….
“മോളൊന്നു നിന്നെ” ദേവിയുടെ ഉറച്ച ശബ്‌ദം അച്ചുവിന്റെ നടത്തം സ്വിച്ച് ഇട്ടപ്പോലെ നിന്നു. അവൾ തിരിഞ്ഞു നോക്കിയപ്പോൾ ദേവി കൈകൾ നെഞ്ചിൽ പിണച്ചു കെട്ടി നിൽക്കുന്നു… കണ്ണുകൾ ഒരുതരം ശൗര്യ ഭാവത്തിൽ കുറുകി നിൽക്കുന്നു… അവളുടെ ആ നോട്ടം അച്ചുവിൽ ഒരു പതറിചയുണ്ടാക്കി. അച്ചു നിന്നിടത്തു തന്നെ നിന്നപ്പോൾ ദേവി കൈവിരൽ ചൂണ്ടി അവളുടെ അരികിലേക്ക് നിൽക്കാൻ പറഞ്ഞു. ദേവിയുടെ നോട്ടത്തിൽ അച്ചു അറിയാതെ അനുസരിച്ചു പോയി.
“ഞാൻ ഇവിടുത്തെ ആരാണെന്ന പറഞ്ഞതു”

“പുതിയ അടുക്കളകാരി” പറഞ്ഞു തീരും മുന്നേ അച്ചുവിന്റെ കവിളിൽ ദേവിയുടെ കൈകൾ അഞ്ചു വിരലുകൾടക്കം പതിഞ്ഞു…
“ആ…അമ്മേ” അച്ചു നിലവിളിച്ചു പോയി…

“ഇനി പറഞ്ഞേ… ഞാൻ ആരാ ഇവിടുത്തെ”

“ഏട്ടാ…ഏട്ടന്റെ…ഏട്ടന്റെ ഭാര്യ” വേദനയിൽ അച്ചു വിക്കി വിക്കി പറഞ്ഞു.

“ഏട്ടന്റെ ഭാര്യ… അതായത് ഏടത്തി… ഏടത്തി എന്നു തന്നെ വിളിച്ചിരിക്കണം.. എഡി വാടി പോടി വിളികളൊന്നും വേണ്ട.. കേട്ടോ.” ദേഷ്യത്തിൽ തന്നെ ദേവി പറഞ്ഞു കൊണ്ടേയിരുന്നു…

അടികിട്ടിയ നാണകേടിലും വേദനയിലും അച്ചുവിന്റെ കണ്ണുകൾ നിറഞ്ഞു….

“ഈ സാധാനത്തിനെയൊക്കെ ആരാണാവോ കണ്ടുപിടിച്ചു ഇവിടെ കൊണ്ടു വന്നത് ” അച്ചു നിന്നു പിറു പിറുത്തു…

“അതു നിന്റെ അച്ഛൻ” ദേവി അപ്പോൾ തന്നെ മറുപടി പറഞ്ഞു…

“ആരു…” അച്ചു ഒരുനിമിഷം ശങ്കിച്ചു…

“നിന്റെയചൻ… അച്ഛനും അമ്മയും കൂടിയ ഈ സാധാനത്തിനെ എവിടെനിന്നോ തപ്പി കൊണ്ടുവന്നത്…” അച്ചു ചവിട്ടി തുള്ളി അകത്തേക്ക് പോയി… അവളുടെ പോക്ക് നോക്കി നിന്ന ദേവി മനസിൽ മഹിയെ നേരിടുന്നതിനൊപ്പം ഒരു പേരു കൂടി ചേർത്തു അച്ചു.

ദേവി ഡൈനിങ്ങ് ടേബിളിൽ ഭക്ഷണം എടുത്തു വയ്ക്കുമ്പോൾ മഹി ഫ്രഷായി താഴേക്കു വന്നു. അമ്മയും അച്ഛനും ഇരിക്കുന്നുണ്ടായിരുന്നു. അമ്മയെ ദേഷ്യത്തിൽ നോക്കി അവൻ ഒരു കപ്പിൽ ചായ ഒഴിച്ചു തനിയെ കുടിച്ചു… സുഭദ്രക്കു അപ്പോഴാണ് ദേഷ്യത്തിന്റെ കാരണം മനസിലായത്. സ്ഥിരം പതിവ് ചായ കാലത്തും തന്നെ കൊടുത്തില്ല.. മറന്നു.. മഹിയും അവരുടെ ഒപ്പം ഇരുന്നു ചായ കുടിക്കാൻതുടങ്ങി..

“മോളെ ദേവി… അവനു രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ ചായ നിർബന്ധം ആണ്… പതിവ് ആണ് അതും” അതും പറഞ്ഞു ദേവിയെ നോക്കി ചിരിച്ചുകൊണ്ട് തലയാട്ടി…

“അയ്യോ… എനിക്കറിയില്ലായിരുന്നു അമ്മേ” അവൾ സുഭദ്രയോട് പറഞ്ഞു മഹിക്കു നേരെ തിരിഞ്ഞു “സോറി മഹിയേട്ട… നാളെ മുതൽ പതിവ് തെറ്റിക്കില്ല” ദേവിയുടെ മഹിയേട്ട എന്ന ഒരൊറ്റ വിളിയിൽ കുടിച്ചു കൊണ്ടിരുന്ന ചായ തെരുപ്പിൽ കേറി ചുമച്ചു… കുറച്ചു സമയമെടുത്തു ഒന്നു നേരെയാക്കാൻ… അച്ഛനും അമ്മക്കും ഒന്നും മനസിലായില്ല… മഹി വിരണ്ട മുഖഭാവത്തോടെ ദേവിയെ നോക്കി. അവന്റെ മനസ്സിൽ അപ്പോഴും കൈവിരൽ ഞൊട്ടി ഡോ എന്നു വിളിച്ച ഭദ്രകാളി ദേവിയുടെ മുഖമായിരുന്നു.

(തുടരും)

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.

ഈ യാത്രയിൽ : PART 2

നിങ്ങളുടെ സുഹൃത്തിന് നിങ്ങളോട് എത്ര ശതമാനം സ്‌നേഹമുണ്ട്. ക്ലിക്ക് ചെയ്ത് നോക്കൂ… വാട്‌സാപ്പിൽ ഷെയർ ചെയ്യൂ…

ഈ യാത്രയിൽ : PART 1

Share this story