എൻ കാതലെ: ഭാഗം 1

enkathale

എഴുത്തുകാരി: അപർണ അരവിന്ദ്‌

" ഇവിടെ നിന്നെ ആനയിച്ച് അകത്ത് കയറ്റാൻ വിളക്കും താലപൊലിയും ഒന്നുമില്ല. വേണെങ്കിൽ അകത്ത് കയറി വാടി ". " ദേ ഭർത്താവാണെന്നാ അവകാശം കാണിച്ചു എൻ്റെ മെക്കിട്ട് കയറാൻ എങ്ങാനും വന്നാ താൻ എൻ്റെ തനി സ്വഭാവം കാണും." " ഇനി നിന്റെ എന്ത് തനി സ്വഭാവം കാണാനാടി പുല്ലേ.അവിടെ തന്നെ നിൽക്കാനാണ് ഉദ്ദേശം എങ്കിൽ നിന്നു വേരിറങ്ങത്തെ ഉള്ളൂ." അയാൾ ദേഷ്യത്തിൽ പറഞ്ഞു അകത്തേക്ക് പോയി. അവൾ ഒരു നിമിഷം എന്ത് ചെയ്യണം എന്നറിയാതെ അവിടെ തന്നെ നിന്നു. അയൽപക്കത്തുള്ളവരുടെ തലകൾ മതിൽ വഴി തനിക്ക് നേരെ ഉയരുന്നതു കണ്ട് അവൾക്ക് എന്തോ വല്ലാത്ത ഒരു അസ്വസ്ഥത തോന്നി. അല്ലെങ്കിലും അവരെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല.

നാട്ടിലെ ആസ്ഥാന തെമ്മാടിയും , കള്ളുകുടിയനും അടിയും തല്ലുമായി നടക്കുന്ന ദേവ ദത്തനെ കല്യാണം കഴിക്കുക എന്ന് പറഞ്ഞാൽ അവർ എല്ലാം തന്നെ അത്ഭുത ജീവിയെ പോലെ നോക്കിയില്ലെങ്കിലെ അത്ഭുതമുള്ളൂ. അവൾ ഒരു മടിയോടെ അകത്തേക്ക് കയറി. വീടു കാണുമ്പോൾ തന്നെ ആൾത്താമസമില്ലാത്തതാണെന്ന് മനസിലായി. മുറ്റത്തു മുഴുവൻ കരിയിലകളും പുല്ലും വീടിന്റെ അകത്താണെങ്കിൽ മറാലയും പൊടിയും ആയി ആകെ ഒരു പ്രേത ഭവനം ലുക്ക്. അവൾ പതിയെ അകത്തേക്ക് കയറി. ഉമ്മറത്ത് ഒരു നീളൻ വരാന്ത . അകത്ത് അത്യവശ്യം വലിപ്പമുള്ള ഒരു ഹാൾ . രണ്ട് മുറികൾ ഒരു അടുക്കള . പെട്ടെന്ന് അയാൾ റൂമിൽ നിന്ന് ഡ്രസ്സ് മാറ്റി പുറത്തേക്ക് വന്നു. തന്റെ ബുള്ളറ്റിന്റെ കീ കൈയ്യിൽ കറക്കി കൊണ്ട് അവളെ മറി കടന്ന് പുറത്തേക്ക് ഇറങ്ങി. "ഡീ നിന്റെ പേരെന്താ ..." അവൻ പിന്തിരിഞ്ഞ് അവളെ നോക്കി ചോദിച്ചു.

"വ.... വ.. വർണ " " വ.. വ .. വർണയോ .അതെന്ത് പേരാ " " വർണ എന്നാ " അവൾ ചെറിയ ഒരു പേടിയോടെ പറഞ്ഞ്. "മുട്ടോളം മുടിയുള്ള, നല്ല ഉണ്ട കണ്ണുകൾ ഉള്ള ..എന്തോന്നാ അവളുടെ പേര്... അനിത അല്ല ആത്മികയുടെ അനിയത്തി അല്ലേ നീ " അയാൾ സംശയത്തോടെ ചോദിച്ചു. "അതെ" അവൾ തല കുനിച്ച് കൊണ്ട് പറഞ്ഞു. " അപ്പോൾ ചേച്ചിയുടെ കല്യാണം നടത്താതെ എന്താ അനിയത്തിയുടെ കല്യാണം നടത്തിയത് " " അത് ..അത് പിന്നെ " അയാളുടെ ചോദ്യത്തിന് എന്ത് ഉത്തരം നൽകണം എന്ന് അവൾക്ക് അറിയില്ലായിരുന്നു. " അല്ലെങ്കിൽ വേണ്ട പുല്ല്. ഞാൻ എന്തിനാ അതൊക്കെ അന്വോഷിക്കാൻ വരുന്നത് " അവൻ സ്വയം പറഞ്ഞ് പുറത്തേക്ക് ഇറങ്ങിയതും അവൾ ആശ്വാസത്തോടെ ഒന്ന് നെടു വീർപ്പിട്ടു.

"ഡീ " വീണ്ടും അയാളുടെ ഘന ഗാംഭീര്യ ശബ്ദം ഉയർന്നതും അവൾ ഞെട്ടി. "നിനക്ക് പ്രായപൂർത്തി ആയിരുന്നോ " "എന്ത് " അവൾ മനസിലാവാതെ ചോദിച്ചു. "നിനക്ക് 18 വയസ് ആയോ എന്ന്. അല്ല കണ്ടാൽ വല്ല്യ പ്രായം ഒന്നും തോന്നിക്കുന്നില്ല. അതുകൊണ്ട് ചോദിച്ചതാ " " എനിക്ക് 20 വയസായി " " അത് എന്തായാലും നന്നായി. അല്ലെങ്കിൽ നിന്നെ ഇങ്ങോട്ട് കെട്ടിയെടുത്തതിന് ഞാൻ ബാല വിവാഹത്തിന് കോടതിയിൽ കയറി ഇറങ്ങേണ്ടി വന്നേനേ " അവൻ പുഛത്തോടെ പറഞ്ഞു കൊണ്ട് തന്റെ ബുള്ളറ്റിൽ കയറി ചീറി പാഞ്ഞ് പുറത്തേക്ക് പോയി. "നീ പോടാ ചൊറി തവളേ. എന്നേ കളിയാക്കാൻ നീയാരാ " അവൻ പോകുന്നത് നോക്കി അവൻ മനസിൽ പറഞ്ഞു.

Share this story