എൻ കാതലെ: ഭാഗം 11

enkathale

എഴുത്തുകാരി: അപർണ അരവിന്ദ്‌

" ഇവള്മാര് ശരിക്കും എന്നേയാണോ ദത്തനേയാണോ കാണാൻ വന്നത് " വർണ അവർ പോകുന്നത് നോക്കി മനസിൽ പറഞ്ഞു. " തണുപ്പത്ത് ഇരിക്കണ്ട. അകത്ത് പോയി കിടക്ക് രാവിലെക്കുള്ള കഞ്ഞി കോകില കൊണ്ടു വരണോ എന്ന് ചോദിച്ചു. "വേണ്ടാ " അത് കേട്ടതും വർണ ദേഷ്യത്തിൽ പറഞ്ഞു. "നീ ഇന്നലെ പറഞ്ഞത് സത്യമാണോ ദത്താ. നീ ശരിക്കും MSC മാക്സ് ആയിരുന്നോ " " ഞാൻ എന്തിനാ വെറുതെ പറയുന്നത് . "ദത്തൻ ചോദിച്ചു. "പക്ഷേ എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. ഇത്രയും പഠിച്ചിട്ട് നീ എന്തിനാ വർക്ഷോപ്പിൽ ജോലി നോക്കുന്നത്. നല്ല വല്ല ജോലിക്കും പൊയ്ക്കൂടെ" " അതിന് വർക്ക്ഷോപ്പിലെ ജോലി മോശമാണെന്ന് ആരാ നിന്നോട് പറഞ്ഞത്. " " അങ്ങനെ അല്ലാ ദത്താ. വർക്ഷോപ്പിലെ ജോലി കുറച്ചുകൂടി ബുദ്ധിമുട്ടല്ലേ . അതാ പറഞ്ഞത് " " എന്റെ സൗകര്യവും ബുദ്ധിമുട്ടും നീ അന്വേഷിക്കാൻ വരേണ്ട .

നീ ആദ്യം നിന്റെ കാര്യം നോക്ക് "അത് പറഞ്ഞു അവൻ പുറത്തേക്ക് പോയി. കഴിഞ്ഞ ദിവസത്തെ പോലെ ആ ദിവസവും അങ്ങനെ കടന്നുപോയി. രാത്രി വർണയുടെ മുറിയിൽ തന്നെയാണ് ദത്തൻ കിടന്നത് . ** പിറ്റേ ദിവസം ആദ്യം ഉണർന്നത് ദത്തൻ തന്നെയായിരുന്നു .അവൻ നോക്കുമ്പോൾ വർണ്ണ നല്ല ഉറക്കം ആണ് . അവൻ ഒരു തോർത്തുമുണ്ടും എടുത്തു കുളിക്കാനായി പുഴക്കരയിലേക്ക് പോയി. കുളി കഴിഞ്ഞ് വരുമ്പോൾ ബെഡിൽ ചുമരും ചാരി ഇരുന്ന് കാര്യമായ എന്തോ ആലോചനയിൽ ആണ് വർണ്ണ . " നീ ഇന്ന് ക്ലാസ്സിൽ പോകുന്നില്ലേ " ഡ്രസ്സ് മാറ്റുന്നതിന് ഇടയിൽ ദത്തൻ ചോദിച്ചു. " ഡീ ... നിന്നോടാ ഞാൻ ചോദിക്കുന്നത് " വർണ്ണ മറുപടിയൊന്നും പറയാതെ ഇരുന്നപ്പോൾ ദത്തൻ ഉറക്കെ അലറി . " എന്താ ... എന്താ ... ചോദിച്ചേ " " ബെസ്റ്റ് ... നീ ഈ ലോകത്ത് തന്നെ അല്ലേ. ഇന്ന് നീ ക്ലാസ്സിൽ പോകുന്നുണ്ടോ എന്ന് ചോദിച്ചതാ " " പോവണോ വേണ്ടയോ എന്ന ആലോചനയിലാണ് "അവൾ താടിക്ക് കയ്യും കൊടുത്ത് കൊണ്ട് പറഞ്ഞു. " അതെന്താ ഇത്ര ആലോചിക്കാൻ .

പനി മാറിയില്ലേ " അവളുടെ അരികിലേക്ക് വന്ന് നെറ്റിയിൽ തൊടാനായി ദത്തൻ കൈ ഉയർത്തിയെങ്കിലും പെട്ടെന്ന് എന്തോ ഓർത്ത പോലെ കൈ പിൻവലിച്ചു. " വയ്യെങ്കിൽ പോവണ്ട .നാളെ മുതൽ പോയാൽ മതി .റസ്റ്റ് എടുത്തോ. ഞാൻ പുറത്തു പോവാ "അത് പറഞ്ഞു അവൻ ഇറങ്ങി പുറത്തേക്കുപോയി. " ഇവൻ എന്താ ഇങ്ങനെ . കണ്ണിചോരയില്ലാത്ത സാധനം. ഞാൻ എന്തിനാ വെറുതെ ഇവിടെ ഇരിക്കുന്നേ. എന്തായാലും ക്ലാസിൽ പോയേക്കാം. ജോലിക്ക് കയറുമ്പോൾ തന്നെ ലീവ് എടുക്കുന്നത് ശരിയല്ലല്ലോ " മനസ്സിൽ ഓരോന്ന് ആലോചിച്ചു കൊണ്ട് വർണ എഴുന്നേറ്റ് കുളിച്ച് റെഡിയായി . * "ഡി ...അനു . " വർണ്ണ അവളുടെ വീടിനു മുന്നിൽ വന്നു ഉറക്കെ വിളിച്ചതും അനു ബാഗും തൂക്കി മുറ്റത്തേക്ക് ഇറങ്ങി വന്നു. " നീയെന്താ ഇന്ന് ക്ലാസ്സിലേക്ക് ഉണ്ടോ " " ഉണ്ട് ... വേഗം വാ ഇപ്പൊ തന്നെ നേരം വൈകിയല്ലോ"" അപ്പോഴേക്കും അപ്പുറത്തെ വീട്ടിൽ നിന്നും വേണിയും ഇറങ്ങി വന്നിരുന്നു. രണ്ടു ദിവസത്തെ വിശേഷങ്ങൾ എല്ലാം പറഞ്ഞ് അവർ മൂന്നുപേരും ബസ് സ്റ്റോപ്പിലേക്ക് നടന്നു. *

"നീ ഒരു കാര്യം അറിഞ്ഞോ വർണേ .നമ്മുടെ ക്ലാസിലെ മറ്റേ പഠിപ്പി ഇല്ലേ അവന്തിക . അവളുടെ കല്യാണം കഴിഞ്ഞു "ഉച്ചക്ക് ഇരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു അവർ മൂന്നു പേരും "കല്യാണമോ ... ഇത്ര പെട്ടെന്നോ ..." "അതെ... tik tok കല്യാണമാ. എള്ളോളം തരി പൊന്ന്. ഞായറാഴ്ച ആയിരുന്നു കല്യാണം . അവൾ പഠിപ്പി ആയത് കൊണ്ട് ഇന്നലെ ക്ലാസിലേക്ക് വന്നിരുന്നു. താലിമാലയും ഒരു കൊട്ട സിന്ദൂരവും ഒക്കെ തൊട്ട് . അവളുടെ ഹസ്ബന്റിന് KTM ഒക്കെ ഉണ്ട് . അയാളാ രാവിലെ കൊണ്ടുവന്നാക്കിയത്. ഒരു ഫ്രീക്കൻ ആണ് " " അല്ല വർണ്ണ മോളേ നിന്റെയും കല്യാണം കഴിഞ്ഞതല്ലേ .പിന്നെ എന്താ നീ സിന്ദൂരവും താലിയും ഒന്നും ഇടാത്തത് "അനു സംശയത്തോടെ ചോദിച്ചു. " ഞാനും ദത്തനും മനസ് കൊണ്ട് ഒരുപാട് അകലെയാണ്. പിന്നെ വെറുതെ മറ്റുള്ളവരെ കാണിക്കാൻ സിന്ദൂരവും താലി ഇട്ട് നടന്നിട്ട് എന്താ കാര്യം. എനിക്ക് അതിന് താൽപ്പര്യമില്ല. ദത്തന് അത്രയും ഇല്ല . പിന്നെ എന്തിനാ ഇതൊക്കെ " . "അതും ശരിയാ " വേണി പറഞ്ഞു. " അതവിടെ നിൽക്കട്ടെ .

ഇന്നലെ നിങ്ങൾ ആരെ കാണാനാ വീട്ടിൽ വന്നത്. എന്നെയോ അതോ ദത്തനേയോ ." "നിന്നെ കാണാൻ തന്നെയാ വന്നത്. പിന്നെ ദത്തേട്ടനെ കണ്ടപ്പോൾ വെറുതെ സംസാരിച്ചു എന്ന് മാത്രം. " " നിങ്ങൾ എന്തിനാ അവൻ്റെ നമ്പർ ചോദിച്ചത് " " ഞങ്ങൾ അല്ലെടി ചോദിച്ചത്. ദത്തേട്ടൻ ഇങ്ങോട്ട് ചോദിച്ചതാ.എന്നിട്ട് എട്ടന്റെ നമ്പർ തന്നു . എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ വിളിക്കണം എന്നും പറഞ്ഞു. ചിലപ്പോൾ നിന്നെ കാണാതെ അന്ന് ഒരുപാട് ടെൻഷൻ അടിച്ച് കാണും അതാ " "പിന്നെ ....അതൊന്നും ആയിരിക്കില്ല " " ദേ ... വർണ്ണെ നീ വെറുതെ പൊട്ടൻ കളിക്കല്ലെ .ഒന്നുമില്ലാതെ നിന്നെ അന്വേഷിച്ചു ദത്തൻ മഴയും കൊണ്ട് വരുമോ " " ശരിയാണ്. : പക്ഷേ നമ്മൾ വിചാരിക്കുന്ന പോലെ ഒന്നും അല്ല അവൻ .പിടിതരാത്ത ഒരു ടൈപ്പ് ക്യാരക്ടറാണ് .ചിലപ്പോ ചിരിച്ചുകൊണ്ട് നന്നായി സംസാരിക്കും. ചിലപ്പോൾ കടിച്ചുകീറാൻ വരും. ഒരു മനസ്സിലാകുന്നില്ല അവൻ്റെ സ്വഭാവം " " അതൊക്കെ നമുക്ക് മനസ്സിലാക്കാം. ഇനിയും സമയമുണ്ടല്ലോ " ** ഉച്ചയ്ക്ക് ശേഷം ദത്തൻ വീട്ടിലെത്തിയപ്പോൾ ഡോർ ലോക്ക് ചെയ്തിരിക്കുകയാണ് . അതിൽനിന്നും വർണ്ണ ക്ലാസിൽ പോയി എന്ന് അവന് മനസ്സിലായി . ചെടിച്ചട്ടിയിൽ നിന്നും കീ എടുത്ത് അവൻ ഡോർ തുറന്നു .

വന്നതും അവൻ നേരെ കിടന്നുറങ്ങി .വൈകുന്നേരമായി എഴുന്നേൽക്കുമ്പോൾ. ഫോണിൽ നോക്കി ഉമ്മത്ത് ഇരിക്കുമ്പോഴാണ് ഒരു കാടിളകി വരുന്ന പോലെ തോന്നിയത്. ഒന്ന് സൂക്ഷിച്ചു നോക്കിയപ്പോഴാണ് വർണ്ണയും അവളുടെ വാലുകളും ആണ് എന്ന് മനസ്സിലായത്. മൂന്നുപേരുടെയും കയ്യിൽ കുറെ ചെടികളും കബുകളും ഉണ്ട് . അത് കണ്ടു ദത്തന് ചിരി വരാൻ തുടങ്ങി. " ഹായ് ദത്തേട്ടാ..." അവനെ കണ്ടതും അനു പറഞ്ഞു . "ഇതെന്താ ഈ കാടും ചെടികളും ഒക്കെയായിട്ട്." അവൻ ചിരിയോടെ ചോദിച്ചു. " ഇതെല്ലാം ഇവളുടെ വീട്ടിൽ നിന്നും കൊണ്ടുവന്നതാ .ക്ലാസ്സ് കഴിഞ്ഞു വരുമ്പോൾ രണ്ടു മൂന്നു ചെടികൾ വീട്ടിൽ നിന്നും എടുക്കണം എന്ന് പറഞ്ഞാ ഇവൾ ഞങ്ങളെ കൊണ്ടുപോയത് . അവിടെ പോയപ്പോൾ ആ ഭാഗത്തെ കംമ്പ്ലീറ്റ് ചെടികളും കാടുകളും എല്ലാം ഞങ്ങളെക്കൊണ്ട് എടുപ്പിച്ചു." കയ്യിലുള്ള ചെടികളും മറ്റും താഴെ വെച്ചു കൊണ്ട് വേണി പറഞ്ഞു. " ഇതൊക്കെ വെറും ചെടികളല്ലാ. ഞാൻ കഷ്ടപ്പെട്ടു വളർത്തിയ എൻ്റെ സ്വന്തം മക്കളാ.. അതൊന്നും നിങ്ങൾക്ക് പറഞ്ഞാൽ മനസ്സിലാവില്ല"

വർണ്ണ തൻറെ കയ്യിലെ ചെടികൾ താഴെ വച്ചു കൊണ്ട് പറഞ്ഞു. " എന്നാ അമ്മയും മക്കളും എന്താ വെച്ചാ ഇവിടെ ചെയ്തോ .ഇപ്പോ കൂട്ടിന് ഒരു അച്ഛനെ കൂടി കിട്ടിയല്ലോ. ഇനി നിങ്ങളായി നിങ്ങളുടെ പാടായി. ഞങ്ങൾ പോവുകയാണ്."വേണി "ഇനി മേലാൽ ഈ വക ഉഡായിപ്പും പറഞ്ഞ് ഞങ്ങളെ വിളിച്ചാ. ബാക്കി ഞങ്ങൾ അപ്പൊ പറയാം' അത് പറഞ്ഞ് അനുവും പിന്നാലെ വേണിയും പുറത്തേക്ക് പോയി . " അങ്ങോട്ട് മാറി നിൽക്ക് മനുഷ്യാ "ദത്തനെ നോക്കി പുഛിച്ചു കൊണ്ട് വർണ അകത്തേക്ക് കയറി പോയി. "നിനക്ക് ക്ലാസിൽ പോയിട്ട് വയ്യാതെ ഒന്നും ആയില്ലല്ലോ. " റൂമിലേക്ക് വന്ന് കൊണ്ട് ദത്തൻ ചോദിച്ചു. " കുഴപ്പമൊന്നും ഇല്ലാ " "മ്മ്.. ഞാൻ പുറത്ത് പോവാ " ടേബിളിനു മീതെ നിന്നും കീ എടുത്ത് കൊണ്ട് ദത്തൻ പറഞ്ഞു. " ദത്താ. ഞാൻ ഒരു കാര്യം ചോദിച്ചാ നീ സത്യം പറയുമോ ." " ഞാൻ അതിന് നിന്നോട് എപ്പോഴാ കള്ളം പറഞ്ഞിട്ടുള്ളത്. " " ഈ കാര്യത്തിൽ നീ ചിലപ്പോ കളളം പറയും അതാ " " നിന്ന് കിണുങ്ങാതെ കാര്യം പറ പെണ്ണേ " "നിനക്ക് ശരിക്കും എന്നേ ഇഷ്ടമല്ലേ .

അതുകൊണ്ട് അല്ലേ നീ എന്റെ കാര്യത്തിൽ ഇങ്ങനെ കെയറിങ്ങ് കാണിക്കുന്നത്. എന്നേ ഫേസ് ചെയ്യാനുള്ള മടി കൊണ്ട് അല്ലേ ഞാൻ വീട്ടിൽ ഉള്ളപ്പോ നീ പുറത്ത് പോവുന്നത് " അവൾ അവന്റെ കണ്ണിലേക്ക് നോക്കി ചോദിച്ചതും ഒരു നിമിഷം അവരുടെ കണ്ണുകൾ തമ്മിൽ കോർത്തു. "പനി പിടിച്ചപ്പോൾ നിനക്ക് ആകെ ഉണ്ടായിരുന്ന ഇത്തിരി ബോധവും പോയോ . വെറുതെ ഓരോന്ന് ചിന്തിച്ച് കൂട്ടികൊള്ളും" അത് പറഞ്ഞ് ദത്തൻ പുറത്തേക്ക് ഇറങ്ങി. " ഞാൻ ചോദിച്ചതിന് ഉത്തരം പറഞ്ഞിട്ട് പോടോ " അവൾ പിന്നിൽ നിന്നും വിളിച്ചു പറഞ്ഞു. "ഉത്തരം വേണം അല്ലേ. എന്നാ നീ കേട്ടോ ... എനിക്ക് നിന്നോട് ഒരു തരി പോലും ഇഷ്ടം ഇല്ല. നീ ഈ വീട്ടിൽ നിൽക്കുന്നത് പോലും എനിക്ക് ഒരു ശല്യമാ .നിന്നെ കൺമുന്നിൽ കാണുന്നത് പോലും ദേഷ്യമാ അതുകൊണ്ടാ നീ ഈ വീട്ടിൽ ഉള്ളപ്പോൾ ഞാൻ പുറത്ത് പോവുന്നത്. "അത് പറഞ്ഞ് വണ്ടിയും എടുത്ത് പുറത്തേക്ക് പോയി. " ഇഷ്ടമല്ലെങ്കിൽ താൻ അതങ്ങ് സഹിച്ചോ. ഞാൻ നിന്നെ വിട്ട് എവിടേയും പോവില്ലാ " അവൾ വാതിലടച്ച് റൂമിലേക്ക് വന്നു.

കുളിക്കാൻ ഒരു മടി. അത് കൊണ്ട് ഡ്രസ്സ് മാറ്റി. അവൾ കണ്ണാടിയുടെ മുന്നിൽ വന്നു നിന്നു. "നിനക്ക് അവനോട് പ്രണയമാണ് അല്ലേ വർണ " അവൾ കണ്ണാടിയിൽ നോക്കി സ്വയം ചോദിച്ചു. "പ്രണയമോ. . . . അതും എനിക്ക് ദത്തനോട് " അവൾ കണ്ണാടിയിൽ നോക്കി ചിരിച്ചു. "നീ കണ്ണടച്ച് ഇരുട്ടാക്കാൻ നോക്കണ്ട വർണ .നിനക്ക് ദത്തനെ ഇഷ്ടമാണ്. അവന്റെ വാക്കുകൾ നിന്റെ മനസിനെ അത്രക്കും മുറിവേൽപ്പിച്ചിട്ടുണ്ട്. പക്ഷേ അത് മനസിലാവാതെ നീ പുറമേ ചിരിക്കുന്നു. " " ഇല്ല എനിക്ക് ദത്തനെ ഇഷ്ടമല്ലാ. അവനെ വട്ട് പിടിപ്പിക്കാൻ ഞാൻ വെറുതെ പിന്നാലെ നടന്ന് ഓരോന്ന് പറയുന്നതാ" അത് പറയുമ്പോൾ അവളുടെ കണ്ണുകളും നിറഞ്ഞിരുന്നു. "നിനക്ക് അവനെ ഇഷ്ടമല്ലെങ്കിൽ പിന്നെ എന്തിനാ അവൻ കെട്ടിയ താലി കഴുത്തിൽ ഇട്ട് നടക്കുന്നത് " ആ ചോദ്യത്തിന് അവളുടെ അടുത്ത് മറുപടി ഉണ്ടായിരുന്നില്ല. നിറഞ്ഞ കണ്ണുകൾ തുടച്ച് അവൾ ബെഡിൽ വന്ന് കിടന്നു. കുറേ കരഞ്ഞ് അങ്ങനെ കിടന്നു. മനസിന് ഒരു ആശ്വാസം തോന്നിയപ്പോൾ അവൾ മുറ്റത്തേക്ക് ഇറങ്ങി. സമയം ഇരുട്ടാവാറായി.

അവൾ വീട്ടിൽ നിന്നും കൊണ്ടു വന്ന ചെടികൾ മുറ്റത്ത് കുഴിച്ചിടാൻ തുടങ്ങി. ** ദത്തൻ വരുമ്പോൾ വർണ ഇരുട്ടത്ത് നിന്ന് എന്തോ ചെയ്യുകയാണ്. "ഡീ നീ എന്താ അവിടെ ചെയ്യുന്നേ ഇങ്ങ് കയറി വാ." " ദാ കഴിഞ്ഞു ദത്താ. രണ്ടു മൂന്ന് ചെടികൾ കൂടിയേ ഉള്ളൂ. " " കയറി വാടി പുല്ലേ .അവളും അവളുടെ ഒരു ചെടികളും. നീയായിട്ട് അകത്ത് കയറി വരുന്നോ. അതോ ഞാൻ നിന്റെ ചെടികൾ വലിച്ച് കളയണോ " " അകത്തേക്ക് പോവാം . അല്ലെങ്കിൽ ആ കാലൻ പറഞ്ഞ പോലെ ചെയ്യും" വർണ പിറുപിറുത്തു കൊണ്ട് കൈയ്യും കാലും കഴുകി അകത്തേക്ക് കയറി പോയി. " ഫീസ് അടക്കേണ്ട ദിവസം അടുത്ത് വരാറായി. നാളെ മോതിരം പണയം വക്കണം. പിന്നെ ഓണറോട് ഈ മാസത്തെ സാലറി മുൻകൂട്ടി ചോദിക്കണം. മറ്റന്നാൾ അയാൾ ഷോപ്പിൽ വരുമല്ലോ അപ്പോ ചോദിക്കാം " അവൾ രാത്രി കിടക്കുമ്പോൾ മനസിൽ ഓരോന്ന് ചിന്തിച്ചു. " ദത്താ നീ ഉറങ്ങിയോ " "മ്മ് എന്തേ ..." "എനിക്ക് ഉറക്കം വരുന്നില്ല. " " അതിന്.. ഞാനെന്താ നിന്നെ താരാട്ട് പാടി കൊട്ടി ഉറക്കി തരണോ "

" തരുമോ.. എന്നാ ഞാൻ നിന്റെ അടുത്ത് വന്ന് കിടക്കട്ടെ " " വായടച്ച് മിണ്ടാതെ കിടന്നോ അല്ലെങ്കിൽ ചുരുട്ടി കൂട്ടി പുറത്ത് കൊണ്ടു പോയി ഇടും " " ദത്താ... എനിക്ക് ഉറക്കം വരാത്തത് കൊണ്ടല്ലേ " " ഒന്ന് കിടന്ന് ഉറങ്ങാൻ നോക്ക് പെണ്ണേ " " ദത്താ..." "നിനക്ക് ഉറക്കം വരുന്നില്ലാ എങ്കിൽ ബുക്ക് എടുത്ത് പഠിച്ചോ .അതെങ്കിലും നടക്കട്ടെ " ... "വേണ്ടാ എനിക്ക് ഉറക്കം വന്നു " അവൾ തല വഴി പുതപ്പിട്ടു കൊണ്ട് തിരിഞ്ഞ് കിടന്നു. * രാവിലെ ക്ലാസ്സിൽ പോകാനായി അവൾ കുളിച്ച് റെഡിയായി. അലമാറയിൽ നിന്നും മോതിരം എടുത്തു. എന്തോ ഒരു സങ്കടം അവളുടെ മനസിൽ വന്ന് നിറഞ്ഞു. അതിനോടൊപ്പം തന്നെ അന്ന് അമ്മായി തന്ന ചെയിൻ കൂടി ഉണ്ടായിരുന്നു. ഒരു നിമിഷം ആലോചിച്ച ശേഷം അവൾ കഴുത്തിൽ ആരും കാണാതെ ഒളിപ്പിച്ചു വച്ചിരുന്ന മഞ്ഞ ചരടിൽ കോർത്ത താലി പുറത്തേടുത്തു. ചരടിൽ നിന്നും ലോക്കറ്റ് അഴിച്ച് അവൾ ചെയിനിൽ ഇട്ടു . ശേഷം കഴുത്തിൽ ഇട്ട് ആരും കാണാതെ ഇരിക്കാൻ ടോപ്പിനുള്ളിലായി മറച്ച് വച്ചു. വേഗം ബാഗും എടുത്ത് പുറത്തേക്ക് ഇറങ്ങി.

ദത്തൻ കുളി കഴിഞ്ഞ് ആരോടോ ഫോണിൽ സംസാരിച്ച് വരുകയായിരുന്നു. " ദത്താ ഞാൻ പോവാ " അവൾ ഓടി വന്ന് അവനെ കെട്ടി പിടിച്ചു. ഒന്ന് ഉയർന്ന് പൊങ്ങി അവന്റെ കഴുത്തിലായി ഉമ്മ വച്ചതും സംസാരിച്ചു കൊണ്ടിരുന്ന ദത്തന്റെ കൈയ്യിലെ ഫോണും താഴെ വീണു. വർണ അതൊന്നും ശ്രദ്ധിക്കാതെ പുറത്തേക്ക് ഓടി. ഈ ഉമ്മ രണ്ട് പേർക്ക് വേണ്ടിയാണ്. ഒന്ന് ദത്തന് .എന്നേ ഇന്നലെ ഓരോന്ന് പറഞ്ഞ് കരയിപ്പിച്ചതിന്. പിന്നെ സ്മിതക്ക് വേലിക്ക് അപ്പുറം നിന്ന് എന്റെ പ്രോപ്പർട്ടിയെ വായ നോക്കുന്നതിന് . അവൾ സ്മിതയെ ഒന്ന് നോക്കി റോഡിലേക്ക് ഇറങ്ങി. കവിളിൽ ഉമ്മ കൊടുക്കണം എന്നായിരുന്നു. പക്ഷേ എത്തുന്നില്ലാ. അതുകൊണ്ടാ കഴുത്തിൽ കൊടുത്തത്. മനസിന് എന്തോ വല്ലാത്ത സന്തോഷം. കോളേജിലേക്ക് പോകുന്ന വഴി അവർ അനുവിന് പരിചയം ഉള്ള ഒരു പണയ കടയിൽ കയറി മോതിരം പണയം വച്ചു. * " അമ്പോ സൂപ്പർ ചേട്ടൻ . ബില്ലടിക്കാൻ ഇരുന്നാൽ ഇങ്ങനെ ചില ഗുണങ്ങൾ കൂടി ഉണ്ട് " വർണ പുറത്തേക്ക് പോകുന്ന ഒരു കസ്റ്റമറേ നോക്കി ആത്മഗതിച്ചു.

" വർണാ .. മെൻസ് സെക്ഷനിലെ കമ്പ്യൂട്ടറിന് എന്തോ പ്രോബ്ലം ബില്ലടിക്കാൻ പറ്റുന്നില്ല. ഇത് ഒന്ന് ബില്ലടിക്ക്. "രണ്ട് മൂന്ന് സാധനങ്ങൾ കൊണ്ടുവന്നു വച്ച് ഒരു സെയിൽസ് ഗേൾ പറഞ്ഞു. "ശരി ചേച്ചി " അവൾ ഓരോന്ന് എടുത്ത് ബില്ലടിക്കാൻ തുടങ്ങി " " ഷർട്ട് പാൻസ് പെർഫ്യൂം ഹെയർ ജെൽ total- 9860" ബില്ലിലെ ammount കണ്ട് വർണ ഒന്ന് ന്തെട്ടി. "എന്റെ ശിവനെ... ഈ നാല് സാധനത്തിന് ഇത്രയും രൂപയോ . ഒന്ന് റൗണ്ടാക്കിയാൽ പതിനായിരം രൂപ. ഈ പൈസ കൊണ്ട് സാധാരണക്കാരനാണെങ്കിൽ ഒരു മാസം അടിച്ച് പൊളിച്ച് ജീവിക്കാം...ഹും .. ഓരോരുത്തരുടെ ഭാഗ്യം " അവൾ മനസിൽ പറഞ്ഞ് കസ്റ്റമർക്ക് ബില്ല് നീട്ടിയതും മുന്നിൽ നിൽക്കുന്ന ആളെ കണ്ട് അവൾ ശരിക്കും ഞെട്ടി. "ദത്തൻ ... "ദത്തന്റെ മുഖത്തും അവളെ അവിടെ വച്ച് കണ്ട അതിശയം തന്നെയായിരുന്നു. അവൻ പെട്ടെന്ന് തന്ന് ബില്ല് വാങ്ങി കാഷ് പേ ചെയ്ത് സാധനങ്ങളുമായി പുറത്തേക്ക് പോയി. ** " അനു മോളേ ഇന്ന് ഞാൻ നിന്റെ വീട്ടിലേക്ക് വന്നോട്ടെടി " വീട്ടിലേക്ക് പോകുന്ന വഴി അനുവിന്റെ വീടിനു മുന്നിൽ എത്തിയതും വർണ ചോദിച്ചു.

"എനിക്ക് കുഴപ്പമൊന്നുമില്ല. പക്ഷേ എത്ര ദിവസം നീ ഇങ്ങനെ ദത്തേട്ടന്റെ മുന്നിൽ നിന്നും മറഞ്ഞു നടക്കും " " നീ എന്തിനാ വർണാ പേടിക്കുന്നേ. നീ നിന്റെ ഫീസ് അടക്കാൻ വേണ്ടിയാണ് ജോലിക്ക് പോകുന്നത്. അതും മാന്യമായ ജോലിക്ക് അല്ലേ .പിന്നെ എന്താ കുഴപ്പം . നീ ധൈര്യമായിട്ട് വീട്ടിലേക്ക് പോ" വേണി അവളെ ആശ്വാസിപ്പിച്ചു. വേണിയും അനുവും തന്ന ആത്മവിശ്വാസത്തിന്റെ പുറത്ത് വർണ വീട്ടിലേക്ക് നടന്നു. പടി കടന്ന് അകത്തേക്ക് കയറിയതും കൺമുന്നിൽ കണ്ട കാഴ്ച്ച അവളെ ഞെട്ടിച്ചു. "ആ കാലമാടൻ പറഞ്ഞ പോലെ എന്റെ ചെടികൾ എല്ലാം പറിച്ചിട്ടു. ഇതെനിക്ക് ക്ഷമിക്കാൻ പറ്റില്ല. അയാൾ ഇങ്ങോട്ട് വരട്ടെ. അയാളുടെ വീടാണെന്ന് കരുതി ഇങ്ങനെയൊക്കെ ചെയ്യാമോ . വെറെ എന്തും ഈ വർണ സഹിക്കും. പക്ഷേ എന്റെ ചെടികൾ തൊട്ട് കളിച്ചാൽ എനിക്ക് സഹിക്കാൻ പറ്റില്ല. " വർണ കരഞ്ഞു കൊണ്ട് അകത്തേക്ക് കയറി. റൂമിൽ വന്ന് ദേഷ്യത്തിൽ തോളിലെ ബാഗ് താഴേക്ക് എറിഞ്ഞ് ബെഡിൽ വന്നു കിടന്നു. വൈകുന്നേരം ദത്തൻ വരുമ്പോൾ നേരം ഇരുട്ടായിരുന്നു.

സന്ധ്യയായിട്ടും പുറത്തെ ലൈറ്റ് ഇട്ടിട്ടില്ല. വീട്ടിൽ ഒരു ഒച്ചയും അനക്കവും ഇല്ല. അവൻ വണ്ടിയിൽ നിന്നും ഇറങ്ങി അകത്തേക്ക് ഓടി. റൂമിൽ വന്ന് ലൈറ്റ് ഇട്ടപ്പോൾ ബെഡിൽ യൂണിഫോം പോലും മാറാതെ വർണ കിടക്കുന്നുണ്ട്. " വർണാ എന്താ പറ്റിയത്. വയ്യേ.." അവൻ ടെൻഷനോടെ അവളെ തട്ടി വിളിച്ചു. "നിങ്ങൾ എന്നോട് മിണ്ടാൻ വരണ്ടാ. ഞാൻ എന്ത് തെറ്റാ നിങ്ങളോട് ചെയ്തത്. നീ ഇന്നലെ പറഞ്ഞപ്പോൾ തന്നെ മുറ്റത്തു നിന്നും കയറി വന്നതല്ലേ" വർണ എഴുന്നേറ്റിരുന്ന് കരഞ്ഞ് കൊണ്ട് ചോദിച്ചു. "നീ എന്തോക്കെയാ പറയുന്നേ ... എനിക്കൊന്നും മനസിലാവുന്നില്ല. " " എല്ലാം അറിഞ്ഞിട്ടും എന്തിനാ ദത്താ നീ ഇങ്ങനെ അഭിനയിക്കുന്നേ " " നിർത്തടി പുല്ലേ . കുറേ നേരമായി അവൾ പട്ടി മോങ്ങുന്ന പോലെ മോങ്ങുന്നു. കരച്ചിൽ നിർത്തി കാര്യമെന്താന്ന് പറയടി " " നീ .. നീയെന്തിനാ ...എന്റെ ചെടികൾ നശിപ്പിച്ചത് " " ചെടികളോ ..ഞാനോ.." "അതെ നീ തന്നെ." "എനിക്കൊന്നും അറിയില്ലാ. ഞാൻ എന്തിനാ നിന്റെ ചെടി നശിപ്പിക്കുന്നേ " ദത്തൻ അത് പറഞ്ഞതും വർണ അവന്റെ കൈയ്യും പിടിച്ച് വലിച്ച് മുറ്റത്തേക്ക് നടന്നു.

"നീ അല്ലാതെ പിന്നെ ഇത് ആരാ ചെയ്തത്. നീ ഇന്നലെ പറഞ്ഞത് കൂടി അല്ലേ. ഇതെല്ലാം വലിച്ച് കളയും എന്ന് " "അങ്ങനെ കളയാനാണെങ്കിൽ നിന്റെ കൺമുന്നിൽ വച്ച് തന്നെ ഞാനത് ചെയ്യുമായിരുന്നു. അല്ലാതെ ഒളിച്ച് ചെയ്യുന്ന ശീലം ഈ ദത്തന് ഇല്ല." അവൻ നേരെ വേലിക്ക് അരികിലേക്ക് നടന്നു. " സനൂപേ.. ഡാ ..സനൂപേ " അവന്റെ വിളി കേട്ടതും സ്മിത പുറത്തേക്ക് ഇറങ്ങി ....അല്ലാ ഓടി വന്നു. " അവൻ എവിടെ സനൂപ്. അവനെ ഇങ്ങ് വിളിക്ക് " " അവൻ ഇവിടെ ഇല്ലാ ദത്തേട്ടാ .പുറത്ത് പോയിരിക്കാ " " അവൻ വന്നാ ഞാൻ അന്വോഷിച്ചു എന്ന് പറഞ്ഞേക്ക് " " ഞാൻ പറയാം ദത്തേട്ടാ " വർണ അപ്പോഴും കരയുക തന്നെയായിരുന്നു. "നീ ഒന്ന് കരച്ചിൽ നിർത്ത് വർണാ .ഇങ്ങനെ കരയാൻ മാത്രം ഒന്നും ഉണ്ടായില്ലലോ ഇവിടെ " " ആരാ ദത്താ. ആരാ എന്റെ ചെടി നശിപ്പിച്ചത് " " അത് മിക്കവാറും ആ സനൂപ് തന്നെ ആയിരിക്കും. നീ കരയാതെ നാളെ ഞാൻ അവനോട് ചോദിക്കാം " " ചോദിച്ചാ പോരാ. രണ്ട് കൊടുക്കുകയും വേണം " "പിന്നെ നിന്റെ രണ്ട് ചെടിയുടെ പേരിൽ അടിയുണ്ടാക്കാനൊന്നും എന്നേ കിട്ടില്ല. "

" ഇത് വെറും രണ്ട് ചെടിയല്ലാ ദത്താ. നമ്മുടെ മക്കളാ " " മക്കളോ " " ആഹ് അതെ .ഞാൻ ഇന്നലെ പറഞ്ഞില്ലേ ഈ ചെടികളെല്ലാം എന്റെ മക്കളെ പോലെയാണെന്ന് .ഇത് എന്റെ മക്കളാണെങ്കിൽ നിന്റെയും മക്കളായിരിക്കും ലോ . ഇവരുടെ അച്ഛൻ നീയാ ദത്താ" വർണ പറയുന്നത് കേട്ട് ദത്തൻ അവളെ ഒന്ന് തറപ്പിച്ച് നോക്കി അകത്തേക്ക് കയറി പോയി. " അവൾക്ക് വേറൊന്നിന്റെയും അച്ഛനാക്കാൻ കിട്ടിയില്ല. എന്റെ മക്കളാണെന്ന് പോലും ഇവൾ ശരിക്കും പൊട്ടിയാണോ അതോ പൊട്ടിയെ പോലെ അഭിനയിക്കുകയാണോ " ദത്തൻ പിറുപിറുത്തു കൊണ്ട് റൂമിലേക്ക് വന്നു. കയ്യിലെ കവർ അലമാറയിൽ വച്ചു. ശേഷം പോക്കറ്റിൽ നിന്നും വർണയുടെ മോതിരം കൈയ്യിലെടുത്തു. വെള്ള കല്ല് വച്ച ഒരു കുഞ്ഞു മോതിരമാണ് അത്. " ഇവളുടെ വിരല് ഇത്രയും ചെറുതാണോ . ഇത്രയും ചെറിയ മോതിരം മതി അവളുടെ വിരലിലേക്ക് . ആള് ചെറുതാണേങ്കിലും നാവിന് നല്ല നീട്ടമാണ്.." അവൻ ചിരിയോടെ മോതിരം അലമാറയിലെ തന്റെ ലോക്കറിലേക്ക് വച്ചു.

പിന്നീട് രാത്രി ഉറങ്ങുന്ന വരെ വർണ ഇടക്കിടക്ക് വേലിയുടെ അരികിൽ വന്ന് സനൂപ് വീട്ടിൽ വന്നോ എന്ന് എത്തി നോക്കും. അതെല്ലാം കണ്ട് ദത്തനും ചിരി വന്നിരുന്നു. " ദത്താ" രാത്രി ഉറങ്ങാൻ കിടക്കുയായിരുന്നു വർണാ . "എന്താടി " " ഇത് നിന്റെ വീടല്ലേ . അപ്പോ നീയെന്തിനാ എന്നും താഴേ കിടക്കുന്നേ " " എന്നാ നീ താഴേ കിടക്ക് .ഞാൻ ബെഡിൽ കിടക്കാം " " അത് വേണ്ടാ. എനിക്ക് താഴെ കിടക്കാൻ പേടിയാ. നീ വേണെങ്കിൽ എന്റെ അടുത്ത് കിടന്നോ . എനിക്ക് കുഴപ്പമൊന്നും ഇല്ല " " പക്ഷേ എനിക്ക് കുഴപ്പമുണ്ട് " "അതെന്താ " " എനിക്ക് നിന്നെ തീരെ വിശ്വാസം ഇല്ല . അത്ര തന്നെ " " ഓഹ് : . . വേണ്ടെങ്കിൽ വേണ്ടാ." അവൾ കുറച്ചു നേരം മിണ്ടാതെ കിടന്നു. " ദത്താ..." "നീ എനിക്ക് ഉറങ്ങാൻ കൂടി ഒരു സമാധാനം തരില്ലേ വർണേ" " ഒരു മിനിറ്റ് . ഞാൻ ഒരു സംശയം ചോദിച്ചോട്ടെ. " "എന്താ കാര്യം " " അതുണ്ടല്ലോ.. പിന്നെ ഉണ്ടല്ലോ. ഈ നാട്ടിലുള്ളവരോക്കെ പറയുന്നു ...." " പറയുന്നു..." "നിന്റെ സെറ്റപ്പാണ് കോകിലാ എന്ന് "...തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story