എൻ കാതലെ: ഭാഗം 13

enkathale

എഴുത്തുകാരി: അപർണ അരവിന്ദ്‌

" വർണേ ദത്തേട്ടനോട് ഇന്ന് തന്നെ എല്ലാം ചോദിക്ക് ട്ടോ " കോളേജിൽ നിന്നും ഇറങ്ങാൻ നേരം വേണി പറഞ്ഞു. "മ്മ് പറയാം" " എന്നാ ശരി .നാളെ കാണാം " " പോലീസ് പിടിച്ചില്ലെങ്കിൽ നാളെ കാണാം എന്ന് പറ അനു മോളേ" വർണ അത് പറഞ്ഞ് ബസ്റ്റോപ്പിലേക്ക് നടന്നു. അനുവും വേണിയും സൂപ്പർ മാർക്കറ്റിലേക്കും. ** വീട്ടിലെത്തിയതും വർണ വേഗം യൂണിഫോം എല്ലാം മാറ്റി. ചായ വച്ചു കുടിച്ചു. ചെടികൾ നനച്ച് വിളക്കും വച്ച് അവൾ ഉമ്മറ പടിയിൽ ദത്തനേയും കാത്ത് ഇരുന്നു. " അവൻ ഇങ്ങ് വരട്ടെ .... അവന്റെ അകൗണ്ടിൽ എങ്ങനെ ഇത്രയും പൈസ വന്നു എന്ന് അറിഞ്ഞിട്ട് തന്നെ കാര്യം. " അവൾ ഓരോന്ന് മനസിലുറപ്പിച്ചു. നേരം ഇരുട്ടാവാൻ തുടങ്ങി . ആരോ ഒരാൾ പടി കടന്ന് അകത്തേക്ക് വരുന്നത് കണ്ട് വർണ സ്റ്റേപ്പിൽ നിന്നും എണീറ്റ് നിന്നു. വൈറ്റ് കളർ ഷർട്ടും ബ്ലു കളർ ജീൻസും ആണ് വേഷം .കാണാൻ നല്ല ഭംഗിയുള്ള ചെറുപ്പക്കാരൻ. " ഇത് ദേവന്റെ വീടല്ലേ " "എന്താ " " ഓഹ്...സോറി . ഇത് ദേവദത്തന്റെ വീടല്ലേ " "അതെ ആരാ " " ഞാൻ പാർത്ഥിത് . ദേവദത്തൻ ഇവിടെ ഇല്ലേ " " ഇല്ല പുറത്ത് പോയിക്കാ " " വരാൻ വൈകുമോ " " വൈകും എന്നാ പറഞ്ഞത് "

" എന്നാൽ വന്നാൽ പാർത്ഥിത് വന്നിരുന്നു എന്ന് പറഞ്ഞാൽ മതി. സബ് ഇൻസ്പെക്ടർ പാർത്ഥിത് എന്ന് പറഞ്ഞാൽ കൂടുതൽ മനസിലാകും" "പോലീസാണോ " " ഈ നാട്ടിൽ സബ് ഇൻസ്പെക്ടർ എന്ന് പറഞ്ഞാൽ പോലീസ് എന്ന് തന്നെ അല്ലേ " "അതെ എന്ന് തോന്നുന്നു " നിഷ്കളങ്കമായി വർണ പറയുന്നത് കേട്ട് അയാൾ ഒന്ന് ചിരിച്ച് പുറത്തേക്ക് നടന്നു. "ഇയാൾ ദേവ ദത്തന്റെ ആരാന്നാ പറഞ്ഞേ " മുന്നോട്ട് പോയ അയാൾ തിരികെ വന്നു കൊണ്ട് ചോദിച്ചു. " അതിന് ഞാൻ ആരാന്ന് പറഞ്ഞില്ലല്ലോ " " എന്നാ ഇനി പറയാം ലോ . ഇയാൾ ദേവന്റെ ആരാ " " ഇശ്വരാ പെട്ടു. ഞാൻ ആരാന്നാ പറയാ. വൈഫാണ് എന്ന് പറഞ്ഞാൽ ദത്തന് പകരം ഇയാൾ എന്നേ അറസ്റ്റ് ചെയ്യത് കൊണ്ടു പോയാലോ . ഫ്രണ്ടാണ് എന്ന് പറയാം ലേ . അതോ ഇനി സെർവന്റ് ആണെന്ന് പറഞ്ഞാലോ " ( വർണ ആത്മാ) "എടോ ഞാൻ തന്നോടാണ് ചോദിച്ചത്. തന്റെ പേരെന്താ " " വർണാന്നാ... ഞാൻ ദത്തന്റെ ഭാ... " അപ്പോഴേക്കും ദത്തന്റെ ബുള്ളറ്റിന്റെ ശബ്ദം റോഡിൽ നിന്നും കേട്ടു. പടി കടന്ന് അകത്തേക്ക് വന്ന ദത്തൻ മുറ്റത്ത് നിൽക്കുന്ന ആളെ കണ്ടതും ദേഷ്യത്താൽ മുഖം വലിഞ്ഞ് മുറുകി.

"നീയെന്താ ഇവിടെ " ദത്തൻ ഗൗരവത്തിൽ വണ്ടിയിൽ നിന്നും ഇറങ്ങി കൊണ്ട് ചോദിച്ചു. " ഞാൻ നിന്നെ ഒന്ന് കാണാൻ വന്നതാ ദേവാ " " എന്നേയോ ...എന്താ കാര്യം " ദത്തൻ പുഛത്തോടെ ചോദിച്ചു. "എന്താ കാര്യം എന്ന് നിനക്ക് അറിയാലോ ദേവാ. പിന്നെ എന്തിനാ ഇങ്ങനെ ഒരു ചോദ്യം " " എനിക്കറിയില്ലാ " " ശരി എങ്കിൽ ഞാൻ തന്നെ പറയാം. നീ പാലക്കൽ തറവാട്ടിലേക്ക് തിരികെ വരണം. നിനക്ക് വേണ്ടിയാ അവിടെ ഇപ്പോഴും പാറു കാത്തിരിക്കുന്നത് " " എനിക്ക് വേണ്ടിയോ ...ഞാൻ ആരോടും എനിക്കായി കാത്തിരിക്കാൻ പറഞ്ഞിട്ടില്ല. ഇതെ കുറിച്ച് പറയാനാണ് വന്നതെങ്കിൽ നിനക്ക് ഇവിടെ നിന്നും ഇറങ്ങാം പാർത്ഥിത്. " " ഇല്ല ... നിനക്ക് വേണ്ടി കാത്തിരിക്കാ അവൾ . നീ അണിയിച്ച മോതിരവും വിരലിൽ ഇട്ടു കൊണ്ട് . എന്റെ കുട്ടിക്ക് നിന്നെ വേണം. നീ എന്റെ ഒപ്പം വരണം ദേവാ " " അപ്പോ അതാണ് കാര്യം. പുന്നാര അനിയത്തിക്ക് ഒരു ചെക്കനെ തേടി ഇറങ്ങിയതാണ് അപ്പോ സബ് ഇൻസ്പെക്ടർ പാർത്ഥിത്. സാറിന്റെ പിടിപാട് വച്ച് നാട്ടിൽ തന്നെ വലിയ ഒരു പയ്യനെ അന്വോഷിക്കാമായിരുന്നില്ലേ .

എന്തിനാ വെറുതെ ഇത്രയും ദൂരം വന്ന് കഷ്ടപ്പെട്ടത് " " ദേവാ നിനക്ക് എന്നോട് ദേഷ്യമാണെന്ന് എനിക്ക് അറിയാം. അതെല്ലാം മനസിൽ വച്ചാണ് നീയിപ്പോ സംസാരിക്കുന്നതും. ഞാൻ നിന്നോട് എത്ര വേണെങ്കിലും ക്ഷമ ചോദിക്കാം. ദയവ് ചെയ്ത് എന്റെ അനിയത്തിയുടെ ജീവിതം വച്ച് കളിക്കരുത് " " അപ്പോ നീയൊക്കെ എന്റെ ജീവിതം വച്ച് കളിച്ചതോ . എന്റെ ജീവിതം, ഭാവി, സ്വപ്നങ്ങൾ എല്ലാം സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടി നീയും നിന്റെ തന്തയും കൂടി തകർത്തില്ലേ. അതിന് നിന്റെ അനിയത്തി ... പാർവതി ..അവളും കൂട്ടു നിന്നില്ലേ . അവസാനം അവളുടെ ഒരു പ്രേമവും മണാങ്കട്ടയും " " അന്ന് അങ്ങനെ ഒരു സംഭവം നടന്നില്ലായിരുന്നു എങ്കിൽ നിന്റെ ഭാര്യയായി അവൾ നിന്റെ കൂടെ ഉണ്ടാവുമായിരുന്നു ദേവാ. അവളുടെ അവസ്ഥ നീ ഒന്ന് മനസിലാക്ക് നീ തിരികെ വാ . തറവാട്ടിൽ താമസിക്കാൻ നിനക്ക് മടിയുണ്ടെങ്കിൽ നിങ്ങൾക്ക് ഞാൻ വേറെ ഒരു വീട് എടുത്ത് തരാം. നീ പറയുന്ന സ്റ്റേഷനിൽ നിനക്ക് ജോലിക്ക് കയറാം " " ഇങ്ങനെയൊക്കെ ചെയ്താൽ എന്റെ ജീവിതം പഴയ പോലെയാവുമോ "

" ഇല്ലാ എന്ന് എനിക്ക് അറിയാം. പക്ഷേ എന്റെ പാറുന്റെ സന്തോഷമാണ് എനിക്ക് വലുത് . അവൾ നിന്നെ വേണം വച്ച് ചതിച്ചതല്ലാ ദേവാ. അത് നിനക്കും അറിയാലോ " " വേണ്ടാ ഇനി പാർവതി എന്ന വാക്ക് നീ മിണ്ടി പോകരുത്. അവൾ ചെയ്തതിന് അവളുടെ മുഖം അടിച്ച് ഞാൻ പൊട്ടിക്കേണ്ടത് ആണ് . പക്ഷേ തല്ലാനാണെങ്കിലും, തലോടാനാണെങ്കിലും ദത്തന്റെ കൈ ഈ ഭൂമിയിൽ ഒരു പെണ്ണിന്റെ മേൽ മാത്രമേ പതിയൂ. അവൾ മാത്രമായിരിക്കും ജീവിതവസാനം വരെ ഈ ദത്തന്റെ പെണ്ണ് " " ഇല്ല ദത്താ. എന്റെ പാറുവല്ലാതെ വെറെ ഒരു പെണ്ണ് നിന്റെ ജീവിതത്തിൽ വരാൻ ഞാൻ സമ്മതിക്കില്ല. കഴിഞ്ഞ 4 വർഷം നിനക്ക് വേണ്ടിയാണ് അവൾ കാത്തിരിക്കുന്നത്. നീ അവളുടെ വിരലിൽ അണിയിച്ച ദേവ ദത്തൻ എന്നെഴുതിയ മോതിരം മാത്രം മതി നീ അവളുടെ മാത്രമാണെന്ന തെളിവ് " " അത് നിങ്ങൾ ആങ്ങളയും, പെങ്ങളും കൂടി തീരുമാനിച്ചാ മതിയോ. ഇനി ദത്തന്റെ ജീവിതത്തിൽ പാർവതി എന്നൊരു പെണ്ണില്ല. ഇറങ്ങി പോവണം ഇപ്പോ നീ ഈ മുറ്റത്ത് നിന്ന് " ദത്തൻ അത് പറയുമ്പോൾ ദേഷ്യത്തിൽ വിറക്കുയായിരുന്നു.

അയാൾ ഒന്നും മിണ്ടാതെ ആ മുറ്റത്തു നിന്നും ഇറങ്ങി പോയി. മനസിൽ പല കാര്യങ്ങളും ഉറപ്പിച്ചു കൊണ്ട് . "നിന്നോട് ആരാടി കണ്ണിൽ കണ്ടവൻമാരെയൊക്കെ അകത്ത് വിളിച്ച് കയറ്റാൻ പറഞ്ഞത് " ദത്തൻ ദേഷ്യത്തിൽ ചോദിച്ചു. " ഞാൻ വിളിച്ച് കയറ്റിയത് അല്ല. അയാൾ തന്നെ കയറി വന്നതാ. ആരാ അയാൾ... എന്തിനാ നിന്നെ കാണാൻ വന്നത് " " അവൻ എന്റെ ഒരു റിലേറ്റീവ് ആണ് " " ആരാ പാർവതി . നിങ്ങളുടെ എൻഗേജ്മെന്റ് കഴിഞ്ഞതാണോ " " കൂടുതൽ കാര്യങ്ങൾ അന്വോഷിക്കാൻ നിൽക്കാതെ അകത്ത് കയറി പോടീ " " ഇല്ല .. എനിക്ക് അറിയണം ദത്താ. നീ ശരിക്കും ആരാ . നിനക്ക് വേറെ വീടും കുടുബവും ഉണ്ടോ . പിന്നെ എന്തിനാ നീ ഇവിടെ ഒറ്റക്ക് വന്ന് താമസിക്കുന്നത് " അവന് മുന്നിലായി നിന്നു കൊണ്ട് വർണ ചോദിച്ചു. "എന്റെ കാര്യങ്ങളിൽ ഇടപെടാൻ നീ വരണ്ട. മാറി നിൽക്കടി " അവളെ സൈഡിലേക്ക് തള്ളി കൊണ്ട് ദത്തൻ അകത്തേക്ക് കയറി പോയി. " ഞാൻ ഇടപെടാൻ വരും ദത്താ. നിനക്ക് എന്റെ കാര്യങ്ങളിൽ ഇടപെടാമെങ്കിൽ എനിക്ക് തിരിച്ചും ആവാം " " വർണ നീ വെറുതെ വഴക്കിന് വരാതെ നിന്റെ കാര്യം നോക്ക്..." " ഇല്ല .. ഇല്ല .. ഇല്ല ....നീ ആരാണെന്ന് എനിക്ക് അറിയണം " " ഞാൻ ദേവ ദത്തൻ . ഈ നാട്ടിലെ അടിയും തല്ലുമായി നടക്കുന്നവൻ. ഇനി എന്താ നിനക്ക് അറിയേണ്ടത് "

"എന്താ നിനക്ക് ജോലി... വെറും ഒരു വർഷോപ്പിൽ ജോലി ചെയ്യുന്ന നിന്റെ അകൗണ്ടിൽ എങ്ങനെ ലക്ഷ കണക്കിന് പൈസ വന്നു. " " ഇതൊക്കെ അന്വേഷിക്കാൻ നീ എന്റെ ആരാടി" "അത് നിനക്ക് അറിയില്ലേ ദത്താ. ഞാൻ നിന്റെ ഭാര്യ. എന്നേക്കാൾ നിന്റെ മേൽ ഈ ലോകത്ത് വേറെ ആർക്കാ കൂടുതൽ അവകാശം " " അത് നീയങ്ങ് സ്വയം തിരുമാനിച്ചാൽ മതിയോ . ഭാര്യ എന്ന അവകാശം എന്റെ മേൽ കാണിക്കാൻ വന്നാൽ നിന്നെ ഈ വീട്ടിൽ നിന്നും അടിച്ച് പുറത്താക്കും. നിനക്ക് ഈ ദത്തനെ ശരിക്കും അറിയില്ല. " "അതെ എനിക്ക് നിങ്ങളെ അറിയില്ലാ. നിന്നെ പോലെ ഒരു തെമ്മാടിയുടെ കൂടെ വന്നത് എന്റെ തെറ്റ്. " " എന്നാ പോവടി..... എങ്ങോട്ടാ വച്ചാ ഇറങ്ങി പോ. നിന്നെ ഇവിടെയാരും പിടിച്ച് വച്ചിട്ടില്ല. " "അതെ പോവുക തന്നെ ചെയ്യും. തന്നെ പോലെ ഒരു തെമ്മാടിയെ നന്നാക്കാൻ ശ്രമിച്ചാ എന്നെ പറഞ്ഞാൽ മതിയല്ലോ. താൻ ഒന്നും ഒരിക്കലും നന്നാവില്ല. തനിക്കൊന്നും സ്നേഹത്തിന്റെ വില അറിയില്ല. " "അതേടി എനിക്ക് സ്നേഹത്തിന്റെ വില അറിയില്ലാ. നീ ആയിട്ട് പഠിപ്പിച്ച് തരാനും നിൽക്കണ്ട"

" നിൽക്കുന്നില്ല... ഒരു മാസത്തിനുള്ളിൽ ഇവിടെ നിന്നും ഞാൻ പോയിരിക്കും. അല്ലെങ്കിലും നാലഞ്ച് വർഷം കാത്തിരിക്കുന്ന ഒരു പെണ്ണിന്റെ സ്നേഹം മനസിലാകാത്ത നിങ്ങൾക്ക് 4 ആഴ്ച്ചകളുടെ പരിചയം പോലും ഇല്ലാത്ത എന്റെ സ്നേഹം എങ്ങനെ മനസിലാവാനാ " അത് കേട്ട് ദത്തൻ ഒരു നിമിഷം മറുപടി പോലും പറയാനാകാതെ തറഞ്ഞു നിന്നു. "നീ കള്ളു കുടിക്കുകയോ, അടിക്കും വഴക്കിനും പോവുകയോ എന്താ വച്ചാ ചെയ്തോ ഞാൻ ഇനി അതൊന്നും അന്യോഷിക്കാൻ വരില്ല. ഇനി ദേവദത്തന് ദേവദത്തന്റെ വഴി. വർണക്ക് വർണയുടെ വഴി " അത് പറഞ്ഞ് അവൾ ദേഷ്യത്തിൽ റൂമിനുള്ളിൽ കയറി വാതിലടച്ചു. ദത്തനും ദേഷ്യത്തിൽ പുറത്തേക്ക് ഇറങ്ങി പോയി. കരഞ്ഞ് കരഞ്ഞ് വർണ എപ്പോഴോ ഉറങ്ങി പോയി. രാവിലെ നേരത്തെ തന്നെ എഴുന്നേറ്റ് അവൾ കോളേജിൽ പോവാൻ റെഡിയായി. ഇറങ്ങാൻ നേരം ദത്തൻ ഉമ്മറത്തെ ചെയറിൽ ഫോണും നോക്കി ഇരിക്കുന്നുണ്ടായിരുന്നു. അവനെ കണ്ടതും വർണ ബാഗ് തുറന്ന് അവൻ ഇന്നലെ തന്ന A TM കാർഡ് തിണ്ണയിൽ വച്ചു. " പതിനായിരം രൂപ എടുത്തിരുന്നു. അത് ഞാൻ ഉടനെ തിരിച്ചു തരും " അവന്റെ മുഖത്ത് പോലും നോക്കാതെ വർണ പുറത്തേക്ക് ഇറങ്ങി പോയി. *

അനുവും വേണിയും ക്ലാസിൽ വരുമ്പോൾ വർണ ബെഞ്ചിൽ തല വച്ച് കിടക്കുന്നുണ്ടായിരുന്നു. "വർണ മോളേ നീ നേരത്തെ എത്തിയോ" അവർ രണ്ടു പേരും വർണയുടെ ഇരു സൈഡിലായി ഇരുന്നു. "മ്മ് " അവൾ ഒന്ന് മൂളി. "നിനക്ക് എന്ത് പറ്റി. മുഖമൊക്കെ വല്ലാതെ ഇരിക്കുന്നു. നീ കരഞ്ഞോ വർണ്ണേ " വേണി ചോദിച്ചു. "ഇല്ല " " സത്യം പറയടി എന്താ പറ്റിയത് " അനു ശബ്ദം ഉയർത്തി ചോദിച്ചതും വർണ അവർ ഇരുവരേയും കെട്ടിപിടിച്ച് കരയാൻ തുടങ്ങി. "എന്താ വർണ മോളേ എന്താ പറ്റിയത് " വർണ ഇന്നലെ നടന്ന കാര്യങ്ങൾ എല്ലാം അവരോട് പറഞ്ഞു. "ഇതായിരുന്നോ കാര്യം. നീ കരയാതെ . ഞങ്ങൾ ദത്തേട്ടനോട് സംസാരിക്കാം " " വേണ്ടാ. അവനോട് ഇനി എനിക്ക് ഒന്നും പറയാനില്ല. ആ വീട്ടിൽ എനിക്കിനി നിൽക്കണ്ട" "ശരി. നമ്മുക്ക് വല്ല ഹോസ്റ്റലിലും ഒഴിവുണ്ടോ എന്ന് നോക്കാം. നിനക്ക് ആ വീട്ടിൽ നിൽക്കേണ്ടങ്കിൽ വേണ്ടാ .നീ ആദ്യം കരച്ചിൽ നിർത്ത് " പക്ഷേ എന്നിട്ടും വർണ കരച്ചിൽ നിർത്തുന്നില്ല. "വർണേ സത്യം പറ നിന്റെ പ്രശ്നം എന്താണ്. ആ വീട്ടിൽ നിൽക്കുന്നത് ആണോ . അതോ ദത്തേട്ടൻ അങ്ങനെ പറഞ്ഞതോ " വേണി " അവൻ എന്ത് പറഞ്ഞാലും എനിക്കെന്താ . അതിന് അവൻ എന്റെ ആരാ " "നിനക്ക് ദത്തേട്ടനേ ഇഷ്ടമാണല്ലേ " " അല്ല " " മുഖത്ത് നോക്കി ഉത്തരം പറയടി "

അവളുടെ മുഖം ഉയർത്തി കൊണ്ട് വേണി ചോദിച്ചതും വർണ അവളെ കെട്ടി പിടിച്ചു. "എനിക്ക് ഇഷ്ടമാ വേണി ദത്തനെ . എപ്പോഴാണ് എന്നൊന്നും അറിയില്ലാ. അവന് ജീവിത ക്കാലം മുഴുവൻ എന്റെ കൂടെ വേണം. പക്ഷേ അവന് എന്നോട് ഒരു തരി പോലും സ്നേഹമില്ലാ " അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു. "നീയിങ്ങനെ കരയാതെ പെണ്ണേ . ദത്തേട്ടന് നിന്നോട് സ്നേഹമില്ലാ എന്ന് ഉറപ്പിക്കാൻ വരട്ടെ . ഇനി ചിലപ്പോ ഇഷ്ടം ഉണ്ടെങ്കിലോ " " ഇല്ല . അവന് എന്നേ ഇഷ്ടമല്ലാ. അതല്ലേ എന്നോട് ഇറങ്ങി പോവാൻ പറഞ്ഞത് " " അത് അപ്പോഴത്തെ ദേഷ്യത്തിൽ പറഞ്ഞതാണെങ്കിലോ " "അതേ വർണേ. നീ ഒരു മാസം സമയം പറഞ്ഞത് നന്നായി. ഈ ഒരു മാസം മതി നമ്മുക്ക് ദത്തേട്ടന്റെ സ്നേഹം പുറത്ത് കൊണ്ടുവരാൻ " " ഇനി അങ്ങനെ ഒരു സ്നേഹം ഇല്ലെങ്കിലോ " " ഡീ പരട്ട തെണ്ടി. നീ ഇങ്ങനെ നെഗറ്റീവടിച്ചാൽ എന്റെ തനി സ്വഭാവം നീ അറിയും " അനു ദേഷ്യത്തിൽ പറഞ്ഞു. കുറച്ച് നേരം കൊണ്ട് തന്നെ അവർ വർണയുടെ സങ്കടങ്ങൾ മാറ്റിയിരുന്നു. ** "ഡീ പെണ്ണേ നിന്റെ സങ്കടം ഇതുവരെ മാറിയില്ലേ " ഉച്ചക്ക് ഭക്ഷണം കഴിക്കുന്നതിനിടയിൽ വേണി ചോദിച്ചു. "എനിക്കെന്തോ വയറു വേദനിക്കുന്ന പോലെ " "അതെന്താ വയറു വേദന .രാവിലെ ഒന്നും കഴിച്ചില്ലേ " " ഡേറ്റ് ആവാറായി അതായിരിക്കും "

" വീട്ടിൽ പോവണോ വർണ മോളേ" "എയ് വേണ്ടാ. ഇപ്പോ ഉച്ചയായില്ലേ." ഭക്ഷണം കഴിച്ച് കഴിഞ്ഞ് അവർ മൂന്ന് പേരും ക്ലാസിലേക്ക് നടന്നു. ** ദത്തൻ വണ്ടിയിൽ കവല വഴി പോകുമ്പോഴാണ് ബസ്റ്റോപ്പിൽ വർണ ഇരിക്കുന്നത് കണ്ടത്. അവളെ മൈന്റ് ചെയ്യാതെ ദത്തൻ മുന്നോട്ട് പോയി. "ഇന്നലത്തെ വഴക്കിന്റെ ദേഷ്യത്തിൽ വീട്ടിൽ വരാതെ ഇരിക്കുന്നതായിരിക്കും. എത്ര നേരം അവിടെ ഇരിക്കും എന്ന് എനിക്കുമൊന്ന് അറിയണമല്ലോ. " അവൻ മനസിൽ പറഞ്ഞ് ജിത്തുവിന്റെ വീട്ടിലേക്ക് വന്നു. ജിത്തുവും ദത്തനെ പോലെ ഒറ്റക്കാണ് താമസിക്കുന്നത്. പുഴക്കരികിൽ ഉള്ള പാറ പുറത്താണ് അവന്റെ വീട്. മിക്ക ഞായറാഴ്ച്ചകളിലും കൂട്ടുക്കാർ എല്ലാവരും ഒരുമിച്ച് കൂടുന്നത് ഇവിടെയാണ്. വർണ വീട്ടിലേക്ക് വരുന്നതിനു മുൻപ് ദത്തന്റെ വീട്ടിലും എല്ലാവരും കൂടി കൂടാറുണ്ട്. അവൾ വന്നതോടു കൂടി അത് ജിത്തുവിന്റെ വീട്ടിലേക്ക് മാറി. "നീ എന്താ ദത്താ ഒന്നും മിണ്ടാതെ ഇരിക്കുന്നേ " " ഒന്നുല്ല. ഞാൻ ഇപ്പോ വരാം. ഒരു അത്യവശ്യ കാര്യമുണ്ട്. " അത് പറഞ്ഞ് ദത്തൻ വണ്ടിയേടുത്ത് പോയി. "ഇവനിത് എന്ത് പറ്റി " അവൻ പോകുന്നത് നോക്കി ജിത്തു പറഞ്ഞു. * ദത്തൻ തിരികെ വരുമ്പോഴും വർണ അതേ ഇരുപ്പ് തന്നെയാണ്. ബസ്റ്റോപ്പിലെ തൂണിൽ ചാരി കണ്ണടച്ച് ആണ് ഇരിക്കുന്നത്.

അവളെ നോക്കി കുറച്ച് അപ്പുറത്തായി രണ്ട് മൂന്ന് ചെക്കമ്മാർ നിൽക്കുന്നുണ്ട്. ദത്തനെ കണ്ടതും അവർ അവിടെ നിന്നും പോയി. "ഡീ ... വീട്ടിൽ കിടന്നുറങ്ങാൻ സ്ഥലം ഇല്ലാഞ്ഞിട്ടാണോ ഇവിടെ കിടന്നുറങ്ങുന്നേ " അവൻ ദേഷ്യത്തിൽ ചോദിച്ചതും വർണ കണ്ണു തുറന്നു. " ദത്താ" അവൾ നിറമിഴികളോടെ ദത്തന്റെ അരയിലൂടെ ചുറ്റി പിടിച്ച് അവന്റെ വയറിലേക്ക് മുഖം ചേർത്തു വച്ചു. "എന്താ വർണാ എന്താ പറ്റിയത് " " എ..നിക്ക് വയ്യാ ദത്താ..." അവൾ കരഞ്ഞു കൊണ്ട് പറഞ്ഞതും ദത്തൻ അവളെ തന്നിൽ നിന്നും അടർത്തിമാറ്റി. "എന്താ കുഞ്ഞേ .... എന്തിനാ ഇങ്ങനെ കരയുന്നേ " അവൻ അവളുടെ മുഖം കൈയ്യിലെടുത്തു കൊണ്ട് ചോദിച്ചു. " വയറു വേദനിക്കാ, നടുവും വേദനയുണ്ട്. എനിക്ക് നടക്കാൻ കൂടി വയ്യാ " നിഷ്ങ്കമായി പറയുന്ന അവളെ കണ്ടതും ദത്തൻ അവളെ ചേർത്തു പിടിച്ചു. "പിരീഡ്സ് ആണോ " "മ്മ് " " വാ ... ഇവിടെ ഇരിക്കണ്ടാ. വീട്ടിൽ പോവാം" അവൻ വർണയെ ചേർത്ത് പിടിച്ച് മുന്നോട്ട് നടന്നു. അവൻ ബുള്ളറ്റിൽ കയറി വണ്ടി സ്റ്റാർട്ട് ചെയ്തു. പിന്നിലായി വർണയും കയറി. വീട് എത്തുന്നവരെ അവൾ ദത്തന്റെ പുറത്ത് തല വച്ച് ചാരി ഇരുന്നു.

വീട്ടിൽ എത്തിയതും ദത്തൻ തന്നെ അവളെ ചേർത്തു പിടിച്ച് ബെഡിൽ കൊണ്ട് വന്നിരുത്തി. "കുളിച്ചിട്ട് വാ" അലമാറയിൽ നിന്നും അവളുടെ ഡ്രസ്സെടുത്തു കൊണ്ട് ദത്തൻ തന്നെ അവളെ ബാത്ത് റൂമിലേക്ക് ആക്കി കൊടുത്തു. അവൾ കുളിക്കാൻ കയറിയതും ദത്തൻ കുറച്ച് മാറി നിന്ന് ജിത്തുവിനെ വിളിച്ചു. "എടാ ഈ വയറു വേദന പെട്ടെന്ന് മാറാൻ എന്താ ചെയ്യാ " " വയറു വേദന മാറാൻ ഒരു അഡാറ് ഐറ്റം ഉണ്ടെടാ . നല്ല വേഡ്കയിൽ നാലഞ്ച് പച്ചമുളകും, ഇത്തിരി ഇഞ്ചിയും ഇട്ട് കുലുക്കി എടുക്കുക. അതിലേക്ക് ഇത്തിരി ഐസ് ക്യൂബ് ഇടുകാ . ഒറ്റ വലിക്ക് കുടിച്ചാ പത്ത് മിനിറ്റ് കൊണ്ട് വയറു വേദന ഇന്ത്യ കടക്കും " "എടാ പൊട്ടാ എനിക്കല്ലാ. അവൾക്കാ " " ഓഹ് വർണക്ക് ആണോ . അത് വല്ല ഗ്യാസിന്റെ ആയിരിക്കും. മെഡിക്കൽ സ്റ്റോറിൽ പോയി ചോദിച്ചാ അവര് ഗ്യാസിന്റെ ഗുളിക തരും. അത് കഴിച്ചാ മതി" "എടാ ഇത് ഗ്യാസിന്റെ വയറു വേദനയല്ലാ. വേറെ വയറു വേദനയാ " "പിന്നെ എന്ത് വയറു വേദനയാ " "എടാ മറ്റത് " "എടാ ദത്താ നീ പണി പറ്റിച്ചുലേ. ഇതിനായിരുന്നോ നീ ഇവിടെ നിന്ന് കുറ്റീം പറച്ച് ഓടിയത്. നിന്നെ താങ്ങാനുള്ള ശേഷിയൊന്നും ആ പെങ്കോച്ചിനില്ലാ " " വച്ചിട്ട് പോടാ #*@?!; മോനേ" ദത്തൻ ദേഷ്യത്തിൽ കോൾ കട്ട് ചെയ്തു. ഒന്ന് ആലോചിച്ചതിനു ശേഷം കോകിലയെ വിളിച്ചു.

"ഡീ .. ഈ വയറു വേദന മാറാൻ എന്താ ചെയ്യാ " " ആർക്കാ നിന്റെ കെട്ട്യോൾക്ക് ആണോ " "മ്മ് " " പിരീഡ്‌സ് ആണോ " "അതെ" "നീ വീട്ടിലേക്ക് വാ. ഞാൻ ഒരു കഷായം ഉണ്ടാക്കി തരാം. അത് കുടിച്ചാൽ വേദന കുറവുണ്ടാകും" "മ്മ് ശരി ഞാൻ വരാം " അത് പറഞ്ഞ് അവൻ കോൾ കട്ട് ചെയ്തു. "ആദ്യമേ ഇവളെ വിളിച്ചാ മതിയായിരുന്നു. ഇനി ആ ജിത്തു തെണ്ടിക്ക് കളിയാക്കാൻ ഇത് മതി കോപ്പ് " ദത്തൻ പിറുപിറുത്തു. കുറച്ച് കഴിഞ്ഞതും വർണ കുളി കഴിഞ്ഞ് ഇറങ്ങി. "നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ കുളി കഴിഞ്ഞാൽ നന്നായി തല തോർത്തണം എന്ന് " അത് പറഞ്ഞ് അവളുടെ കൈയ്യിലെ തോർത്ത് വാങ്ങി ദത്തൻ തല തുടച്ച് കൊടുത്തു. വർണ ഒരു നിമിഷം അവനെ തന്നെ കണ്ണെടുക്കാതെ നോക്കി നിന്നു. "നീയിങ്ങനെ കരയാതെ പെണ്ണേ . കരഞ്ഞ് കരഞ്ഞ് ഇനി തലവേദന കൂടി വരുത്തണ്ട " ദത്തൻ അവളുടെ കണ്ണ് തുടച്ച് കൊണ്ട് പറഞ്ഞു. താൻ കരയുകയായിരുന്നു എന്ന് വർണക്കും അപ്പോഴാണ് മനസിലായത് .ദത്തൻ തന്നെ പിടിച്ച് അവളെ ബെഡിൽ കൊണ്ടു കിടത്തി. "നീ റസ്റ്റ് എടുക്ക്... ഞാൻ ഇപ്പോ വരാം "

" പോവല്ലേ ദത്താ" അവൾ അവന്റെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു. " ഇല്ലാടാ ഞാൻ ഇപ്പോ വരാം. വയറു വേദന മാറണ്ടേ. ഞാൻ മരുന്ന് വാങ്ങിയിട്ട് വേഗം വരാം " വാതിൽ പുറത്ത് നിന്നും ലോക്ക് ചെയ്ത് ദത്തൻ കോകിലയുടെ വീട്ടിലേക്ക് പോയി. പതിനഞ്ച് മിനിറ്റ് കഴിഞ്ഞതും അവൻ മരുന്നുമായി തിരികെ വന്നു. "വർണേ ഇത് കുടിക്ക് ... വേഗം വയറു വേദന മാറും " കോകില കൊടുത്തയച്ച കഷായം അവൻ ഒരു ഗ്ലാസിൽ ആക്കി വർണക്ക് നൽകി. വർണ അത് വാങ്ങി കുറച്ച് കുടിച്ചതും അവളുടെ മുഖം ചുളിഞ്ഞു. " ഇത് എന്തൊരു കയപ്പാ" " താ നോക്കട്ടെ " അത് പറഞ്ഞ് ദത്തൻ അത് വാങ്ങി കുറച്ച് കുടിച്ച് നോക്കി. പറഞ്ഞ പോലെ നല്ല കയപ്പ് ഉണ്ടായിരുന്നു. "സാരില്യാ വേദന മാറാൻ അല്ലേ. ഒറ്റ വലിക്ക് കുടിച്ചേക്ക് " വർണ അത് ഒറ്റ വലിക്ക് തന്നെ കുടിച്ചു. " ഇത് കുടിച്ചിട്ടും കുറവില്ലെങ്കിൽ ടാബ്ലറ്റ് എടുക്കാം. കിടന്നോ" ദത്തൻ അവളെ ബെഡിലേക്ക് കിടത്തി. രാത്രി ഫുഡ് കഴിക്കാൻ വിളിച്ചപ്പോഴാണ് വർണ പിന്നെ എണീറ്റത്. "എനിക്ക് ഒന്നും വേണ്ടാ ദത്താ. വിശക്കുന്നില്ല. " " അത് പറ്റില്ല. നല്ല ചൂട് കഞ്ഞിയാണ്. വേഗം കുടിച്ചിട്ട് കിടന്നോ"

അവൾ ദത്തൻ പറഞ്ഞത് അനുസരിച്ച് കഞ്ഞി കുടിച്ചു. "രാത്രി വയ്യെങ്കിൽ വിളിച്ചോട്ടോ " താഴെ ബെഡ് ഷീറ്റ് വിരിച്ച് കൊണ്ട് ദത്തൻ പറഞ്ഞു. " ദത്താ ഒന്ന് ഇങ്ങ് വാ" ദത്തൻ ബെഡിൽ അവളുടെ അടുത്തായി വന്നിരുന്നു. "എന്താ വർണാ " "നിനക്ക് എന്നോട് ഒരു ദേഷ്യവും ഇല്ലേ " "എന്തിന് " " ഇന്നലെ ഞാൻ നിന്നെ എന്തോക്കെയോ പറഞ്ഞു. ദേഷ്യപ്പെട്ടു " " എയ് ഞാൻ അതൊക്കെ ഇന്നലെ തന്നെ മറന്നു. " " സത്യായിട്ടും " അവൾ വിശ്വാസം വരാതെ ചോദിച്ചു. "മ്മ്.... സത്യമായിട്ടും " " എന്നാ ഞാൻ ഒരു കാര്യം പറഞ്ഞാ അനുസരിക്കോ " "എന്താ കാര്യം " " ആദ്യം അനുസരിക്കോ എന്ന് പറ " "മ്മ് അനുസരിക്കാം " " പിങ്കി പ്രോമിസ് " അവൾ ചെറുവിരൽ നീട്ടി കൊണ്ട് ചോദിച്ചു. " പിങ്കി പ്രോമിസ് " അവളുടെ ചെറു വിരലിൽ തന്റെ ചെറുവിരൽ പിടിച്ചു കൊണ്ട് ദത്തൻ പറഞ്ഞു. "നീ ഇവിടെ എന്റെ അടുത്ത് കിടക്കോ " അത് കേട്ടതും ദത്തൻ ബെഡിൽ നിന്നും എണീറ്റു. "നീ എനിക്ക് പിങ്കി പ്രോമിസ് ചെയ്തതാ ട്ടോ. അത് തെറ്റിച്ചാ ദൈവം ശിക്ഷിക്കും " ദത്തൻ ഒന്നും മിണ്ടാതെ ചെന്ന് ലൈറ്റ് ഓഫ് ചെയ്തു ശേഷം അവളുടെ അരികിൽ വന്ന് കിടന്നു....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story