എൻ കാതലെ: ഭാഗം 14

enkathale

എഴുത്തുകാരി: അപർണ അരവിന്ദ്‌

" എന്നാ ഞാൻ ഒരു കാര്യം പറഞ്ഞാ അനുസരിക്കോ " "എന്താ കാര്യം " " ആദ്യം അനുസരിക്കോ എന്ന് പറ " "മ്മ് അനുസരിക്കാം " " പിങ്കി പ്രോമിസ് " അവൾ ചെറുവിരൽ നീട്ടി കൊണ്ട് ചോദിച്ചു. " പിങ്കി പ്രോമിസ് " അവളുടെ ചെറു വിരലിൽ തന്റെ ചെറുവിരൽ പിടിച്ചു കൊണ്ട് ദത്തൻ പറഞ്ഞു. "നീ ഇവിടെ എന്റെ അടുത്ത് കിടക്കോ " അത് കേട്ടതും ദത്തൻ ബെഡിൽ നിന്നും എണീറ്റു. "നീ എനിക്ക് പിങ്കി പ്രോമിസ് ചെയ്തതാ ട്ടോ. അത് തെറ്റിച്ചാ ദൈവം ശിക്ഷിക്കും " ദത്തൻ ഒന്നും മിണ്ടാതെ ചെന്ന് ലൈറ്റ് ഓഫ് ചെയ്തു ശേഷം അവളുടെ അരികിൽ വന്ന് കിടന്നു " ദത്താ" അവൾ അവന് നേരെ തിരിഞ്ഞ് കിടന്ന് കൊണ്ട് വിളിച്ചു. "എന്താടി " " എന്നേ ഒന്ന് നോക്കിക്കെ " വർണ അത് പറഞ്ഞതും ദത്തൻ അവൾക്ക് നേരെ തിരിഞ്ഞു കിടന്നു. വർണ ഒരു കള്ള ചിരിയോടെ അവനെ കെട്ടി പിടിച്ച് അവന്റെ നെഞ്ചിലേക്ക് മുഖം ചേർത്തു. വർണയുടെ ആ പ്രവൃത്തിയിൽ ദത്തൻ ശരിക്കും ഞെട്ടി പോയിരുന്നു. " ഞാൻ വയ്യാത്ത കുട്ടിയല്ലേ ദത്താ . എനിക്ക് വേറെ ആരും ഇല്ലാത്തതു കൊണ്ടല്ലേ നിന്നേ കെട്ടി പിടിക്കുന്നത്.

അതിനെന്തിനാ നീ ഇങ്ങനെ നോക്കി പേടിപ്പിക്കുന്നേ " അവൾ അവനെ നോക്കി പറഞ്ഞെങ്കിലും ദത്തൻ ഒന്നും മിണ്ടാതെ കിടന്നു. "ഇയാൾക്ക് എന്താ എന്നേ തിരിച്ച് കെട്ടിപിടിച്ചുടെ . അനു മോളേ നിന്റെ ഐഡിയ എട്ട് നിലയിൽ പൊട്ടിയെടി " ( വർണ ആത്മ) " ദത്താ നീ ഉറങ്ങിയോ " അവൾ കുറച്ച് കഴിഞ്ഞതും ചോദിച്ചു. പക്ഷേ അവൻ ഉറങ്ങിയിരുന്നു. അല്ല ഉറങ്ങിയ പോലെ കിടന്നു. "ഇയാളെ വളക്കാൻ നിന്ന എന്നേ പറഞ്ഞാ പോരെ " വർണ പിറുപിറുത്തു കൊണ്ട് പറഞ്ഞു. ശേഷം അവന്റെ മേൽ നിന്നും കയ്യെടുത്തു കൊണ്ട് തിരിഞ്ഞ് കിടന്നു. അവൾ തിരിഞ്ഞ് കിടന്നതും ദത്തൻ പുഞ്ചിരിയോടെ കണ്ണു തുറന്നു. ശേഷം അവളുടെ അരികിലേക്ക് നീങ്ങി കിടന്ന് അവളുടെ ഇടുപ്പിലൂടെ കൈ ചേർത്ത് തന്നിലേക്ക് ചേർത്തു പിടിച്ചു. ഒരു നിമിഷം അവളുടെ ശ്വാസം പോലും നിലച്ചുപോയി. ഹൃദയമിടിപ്പ് ക്രമാതീതമായി ഉയർന്നു. "ഇനി ഉറക്കത്തിൽ ആയിരിക്കുമോ . അതോ സ്വപ്നത്തിൽ പാർവതിയാണെന്ന് കരുതിയാണോ എന്നെ കെട്ടി പിടിച്ചത്. " "എന്റെ അടുത്ത് കിടക്കുന്നത് വർണയാണ് എന്ന് എനിക്ക് നല്ല ബോധം ഉണ്ട് .

" ദത്തന്റെ ശബ്ദം കേട്ടതും അവൾ അതിശയത്തോടെ തലതിരിച്ച് അവനെ ഒന്ന് നോക്കി. "എന്താടി ഇങ്ങനെ നോക്കുന്നേ. നീ എന്താ എന്നേ ആദ്യമായാണോ കാണുന്നേ " "മ്മ്...മ്മ്.." അവൾ അല്ല എന്ന് തലയാട്ടി കൊണ്ട് തിരിഞ്ഞ് തന്നെ കിടന്നു. "നിനക്ക് എന്നേ ഇഷ്ടമാണോ ദത്താ" അവൾ അവനെ നോക്കാതെ തിരിഞ്ഞ് കിടന്ന് കൊണ്ട് തന്നെ ചോദിച്ചു. " അല്ല " അത് കേട്ടതും അവളുടെ കൺ കോണിൽ നിന്നും ഒരു തുള്ളി കണ്ണീർ ഒഴുകി ഇറങ്ങി. പിടിച്ച് വക്കാൻ എത്ര ശ്രമിച്ചിട്ടും അവളിൽ നിന്നും തേങ്ങലുകൾ ഉയർന്നു. ദത്തൻ അവളെ തന്നിലേക്ക് ചേർത്ത് പിടിച്ച് അവളുടെ പിൻകഴുത്തിൽ മുഖം ചേർത്ത് കിടന്നു. "എനിക്ക് നീ ഇല്ലാതെ പറ്റില്ല ദത്താ. ഞാനല്ലേ നിന്റെ ഭാര്യ. അപ്പോ എങ്ങനെയാ നിങ്ങൾ പാർവതിയുടെ മാത്രം ആവുകാ . നീ എന്റെ മാത്രമാ... എന്റെ മാത്രം.." അവൾ ദത്തന് നേരെ തിരിഞ്ഞ് അവന്റെ നെഞ്ചിലേക്ക് തല ചേർത്ത് കരഞ്ഞു കൊണ്ട് പറഞ്ഞു. ദത്തൻ മറുപടി ഒന്നും പറയാതെ അവളുടെ തലയിൽ തലോടി കൊണ്ട് കിടന്നു. "എന്തെങ്കിലും ഒന്ന് പറ ദത്താ" " വർണ നിനക്ക് എത്ര വയസായി "

" ഇരുപത് " " എനിക്ക് മുപ്പത്തി രണ്ട് .നമ്മൾ തമ്മിലുള്ള എയ്ജ് ഡിഫറൻസ് ഒന്ന് പറ " " പന്ത്രണ്ട് " " ആണല്ലോ. ഈ പന്ത്രണ്ട് വയസ് എന്ന് പറയുന്നത് എത്ര വലിയ ജനറേഷൻ ഗ്യാപ്പാണ്. നമ്മുടെ ചിന്താഗതി ,കാഴ്ച്ചപ്പാട് എല്ലാം വേറെ വേറെ ആയിരിക്കും." "എനിക്ക് അതൊന്നും കുഴപ്പമില്ലാ ദത്താ" "പക്ഷേ എനിക്ക് കുഴപ്പമുണ്ട്. എന്നേ പോലെ ഒരുത്തന്റെ കൂടെ ജീവിച്ച് തീർക്കേണ്ടതല്ലാ നിന്റെ ഈ ജീവിതം. മറ്റൊരു നല്ല ലോകം നിനക്കുണ്ട്. നീ ഇപ്പോ കുട്ടിയല്ലേ. ഇതൊക്കെ നിന്റെ പ്രായത്തിന്റെ കുഴപ്പമാണ്. ഇപ്പോ നീ പഠിക്ക് എന്നിട്ട് നല്ല ഒരു ജോലി വാങ്ങിക്കണം. എന്നിട്ട് ഞാൻ തന്നെ നിനക്ക് നല്ല ഒരാളെ കണ്ടുപിടിച്ച് തരും " " വേണ്ടാ... ദത്താ... എനിക്ക് വേറെ ഒന്നും വേണ്ടാ. നിന്നെ മാത്രം മതി. നീ എന്റെ കൂടെ എന്നും ഇങ്ങനെ ഉണ്ടായാ മതി. ഞാൻ ഇനി നിന്നേ ദേഷ്യം പിടിപ്പിക്കില്ലാ. വഴക്കിനും വരില്ലാ ...പ്ലീസ് " " വർണാ നീ വെറുതെ എന്നേ ദേഷ്യം പിടിപ്പിക്കരുത്.

ഞാൻ പറയുന്നത് മനസിലാക്കാൻ ശ്രമിക്ക്. ഞാൻ ഇപ്പോ നിന്നെ ഇങ്ങനെ ചേർത്തു പിടിക്കുന്നതിന് കാരണം ഒരിക്കലും നിന്നോടുള്ള പ്രണയമല്ല. നിനക്ക് ഒരു നല്ല ഫ്രണ്ടിന്റെ കെയറിങ്ങ് .അങ്ങനെ കണ്ടാൽ മതി. അങ്ങനെ മാത്രം . നാളെ നേരം വെളുക്കുമ്പോൾ ഞാൻ ആ പഴയ ദത്തൻ ആയിരിക്കും." ദത്തന്റെ ആ വാക്കുകൾ വർണയെ ശരിക്കും തളർത്തിയിരുന്നു. അവൾ അവനിൽ നിന്നും അകന്ന് മാറാൻ ശ്രമിച്ചു എങ്കിലും ദത്തൻ അതിന് സമ്മതിക്കാതെ തന്നിലേക്ക് ചേർത്ത് തന്നെ പിടിച്ചു. അവന്റെ പിടി വിടീക്കാൻ വർണ പല തവണ ശ്രമിച്ചു എങ്കിലും അവൻ അതിന് സമ്മതിച്ചില്ല. അവസാനം വർണക്ക് തോൽവി സമ്മതിക്കേണ്ടി വന്നു. കരഞ്ഞ് കരഞ്ഞ് അവൾ എപ്പോഴോ ഉറങ്ങി പോയി. ദത്തന്റെ കരവലയത്തിനുള്ളിൽ ഇതുവരെ കിട്ടാത്ത സുരക്ഷിതത്വ ബോധത്തിൽ അവൾ കിടന്നുറങ്ങി. "തല്ലാനാണെങ്കിലും, തലോടാനാണെങ്കിലും ദത്തന്റെ കൈ ഈ ഭൂമിയിൽ ഒരു പെണ്ണിന്റെ മേൽ മാത്രമേ പതിയൂ. അവൾ മാത്രമായിരിക്കും ജീവിതവസാനം വരെ ഈ ദത്തന്റെ പെണ്ണ് ആ പെണ്ണ് നീ മാത്രമായിരിക്കും വർണ്ണാ.

പക്ഷേ നീ വിചാരിക്കുന്ന പോലെ ഒരാളല്ലാ ഞാൻ . കുറച്ച് കാലത്തിന് ശേഷം മനസറിഞ്ഞ് ഞാൻ ആരെയെങ്കിലും സ്നേഹിച്ചിട്ടുണ്ടെങ്കിൽ അത് നിന്നെ മാത്രമാണ്. ഇന്നീ ഭൂമിയിൽ ഞാൻ മറ്റാരെക്കാളും കൂടുതൽ സ്നേഹിക്കുന്നതും ചേർത്തു പിടിക്കാനാഗ്രഹിക്കുന്നതും നിന്നെ മാത്രമാണ്. അറിയില്ലാ പെണ്ണേ എനിക്ക് എന്താ ചെയ്യേണ്ടത് എന്ന് . " ഉറങ്ങുന്ന വർണയെ നോക്കി അവൻ മനസിൽ ഉരുവിട്ടു കൊണ്ടിരുന്നു. * പിറ്റേ ദിവസം വർണയാണ് ആദ്യം ഉറക്കം ഉണർന്നത്. അവൾ ഉണരുമ്പോഴും ദത്തൻ നല്ല ഉറക്കത്തിലാണ്. അവൾ ദത്തന്റെ കൈ മാറ്റി എണീക്കാൻ ശ്രമിച്ചു എങ്കിലും അവൾക്ക് കഴിഞ്ഞില്ല. വർണ കുറച്ച് നേരം അവന്റെ മുഖത്തേക്ക് തന്നെ നോക്കി കിടന്നു. അവൻ ഇന്നലെ പറഞ്ഞ കാര്യങ്ങൾ മനസിലേക്ക് വരുന്തോറും അവളുടെ കണ്ണുകളും നിറഞ്ഞിരുന്നു. വർണ ഒന്ന് ഉയർന്ന് പൊങ്ങി ദത്തന്റെ നെറുകയിൽ ആയി ഉമ്മ വച്ചതും അവൻ പതിയെ ഉറക്കം ഉണർന്നു. അതു കണ്ട വർണ വേഗം അവന്റെ നെഞ്ചിലേക്ക് തല വച്ച് ഉറങ്ങുന്ന പോലെ കിടന്നു. ദത്തൻ കണ്ണു തുറന്ന് ചുറ്റും നോക്കി. രണ്ട് മിനിറ്റ് കഴിയേണ്ടി വന്നു

അവന് സ്വബോധത്തിലേക്ക് വരാൻ . അവൻ പതിയെ തന്റെ നെഞ്ചിൽ നിന്നും അവളെ ബെഡിലേക്ക് കിടത്തി. കഴുത്ത് വരെ പുതച്ച് കൊടുത്ത് ഫാനിന്റെ സ്പീഡ് കുറച്ച് അവൻ പുറത്തേക്ക് പോയി. "എനിക്ക് ഒരിക്കലും ദത്തനെ കിട്ടില്ല. അവന് എന്നേ ഭാര്യയായി അഗീകരിക്കാനും കഴിയില്ല. ഇങ്ങനെ എന്നിൽ നിന്നും പിരിക്കാനാണെങ്കിൽ എന്തിനാ അവനെ എന്റെ ജീവിതത്തിലേക്ക് കൊണ്ട് വന്നത് " വർണ കണ്ണീര് തുടച്ച് ബെഡിൽ എണീറ്റ് ഇരുന്നു. * അന്നത്തെ ദിവസം അവൾ ക്ലാസിൽ പോയില്ലാ. ദത്തൻ രാവിലെ അവൾക്കുള്ള ഫുഡ് കൊടുത്ത ശേഷം പുറത്ത് പോയി. ഉച്ചക്ക് അവൻ തിരികെ വന്നു. വർണയുടെ കാര്യങ്ങൾ എല്ലാം അവൻ തന്നെയാണ് ചെയ്തു കൊടുത്തതെങ്കിലും അവർ പരസ്പരം ഒന്നും മിണ്ടിയിരുന്നില്ല. പിറ്റേ ദിവസം രാവിലെ വർണ കോളേജിൽ പോവാൻ റെഡിയായി. " ദത്താ ഞാൻ പോവാ " കുളിച്ച് റൂമിലേക്ക് വന്ന ദത്തനോടായി അവൾ പറഞ്ഞു. "മ്മ് " അലമാറയിൽ നിന്നും ഒരു ഷർട്ട് എടുത്തിട്ട് കൊണ്ട് മൂളി. വർണ ബാഗും എടുത്ത് മുറിക്ക് പുറത്തേക്ക് പോകുന്നത് നോക്കി ദത്തൻ അവടെ തന്നെ നിന്നു.

അവൻ പ്രതീക്ഷിച്ചതു പോലെ പുറത്തേക്ക് പോയ വർണ തിരികെ വന്നു. അവനെ കെട്ടി പിടിച്ചു. പക്ഷേ ഇന്ന് പതിവിന് വിപരീതമായി അവനും അവളെ ചേർത്തു പിടിച്ചു. ഷർട്ടിലൂടെ എന്താേ നനവ് ഡ്രസ്സിലേക്ക് പടർന്നപ്പോഴാണ് അവൾ കരയുകയാണെന്ന് ദത്തനും മനസിലായത് . അവൻ അവളുടെ മുഖം കൈകളിൽ എടുത്ത് തള്ള വിരൽ കൊണ്ട് കണ്ണു തുടച്ചു. "എന്തേ ..: . വയ്യേ" "മ്മ് മ്മ് " അവൾ അല്ലാ എന്ന് തലയാട്ടി. " വയ്യേങ്കിൽ ഇന്ന് പോവണ്ടാ .." " പോവണം അനുവിനേയും, വേണിയേയും ഒന്ന് കാണണം" "മ്മ് " " സോറി . " "എന്തിന് " " ഇത് ഞാനാ " അവൾ ദത്തന്റെ കൈയ്യിൽ താൻ അന്ന് കടിച്ച പാടിൽ തൊട്ട് കൊണ്ട് പറഞ്ഞു. "എനിക്ക് അറിയാം " " എങ്ങനെ " " ഈ ഭൂമിയിൽ ദത്തന്റെ മേൽ കൈ വക്കാൻ ആർക്കെങ്കിലും ധൈര്യം ഉണ്ടെങ്കിൽ അത് നിനക്ക് മാത്രം ആയിരിക്കും... വേഗം പോവാൻ നോക്ക്. അല്ലെങ്കിൽ ബസ് മിസ്സാവും " തന്റെ മുഖത്ത് നിന്നും കണ്ണെടുക്കാതെ നിൽക്കുന്ന വർണയുടെ കവിളിൽ തട്ടി കൊണ്ട് ദത്തൻ പറഞ്ഞു. വർണ അവനെ ഒന്ന് നോക്കിയ ശേഷം പുറത്തേക്ക് പോയി.

അവൾക്ക് ക്ലാസിലേക്ക് പോവാൻ തീരെ താൽപര്യം ഉണ്ടായിരുന്നില്ല. അതുകൊണ്ട് വളരെ പതുക്കെയാണ് ബസ്റ്റോപ്പിലേക്ക് നടന്നത്. അവൾ എത്തുമ്പോഴേക്കും ബസ് പോയിരുന്നു. ഇനി അടുത്ത ബസ് കിട്ടി കോളേജിൽ എത്തുമ്പോഴേക്കും നേരം ഒരു പാട് ആവും . അതുകൊണ്ട് അവൾ നേരെ അമ്മായിയുടെ വീട്ടിലേക്കാണ് പോയത് കോളേജ് യൂണിഫോമിൽ അവളെ കണ്ടപ്പോൾ അമ്മായിയും ഒന്ന് ഭയന്നിരുന്നു. "എന്താ മോളേ ഈ സമയത്ത് " " ഒന്നൂല്ല അമ്മായി. ബസ് കിട്ടിയില്ല. അതോണ്ട് ഈ വഴി വന്ന് അമ്മായിയെ ഒന്ന് കണ്ടിട്ട് പോവാം എന്ന് വച്ചു " "എന്താ മോളേ മുഖമെല്ലാം വല്ലാതെ ഇരിക്കുന്നേ " " എയ് ഒന്നുല്ല. ഇത്രം ദൂരം നടന്ന് വന്നത് കൊണ്ടാ " അവൾ അന്ന് വൈകുന്നേരം വരെ അവിടെ തന്നെയായിരുന്നു. വൈകുന്നേരം ആണ് തിരിച്ച് വീട്ടിലേക്ക് പോയത്. പിന്നീടുള്ള ഒരാഴ്ച്ച വർണ കോളേജിൽ പോയില്ല. റൂമിൽ തന്നെ ഒതുങ്ങി കൂടി. ദത്തനോട് അധികം സംസാരിക്കാറില്ല.

ദത്തന് അത് മനസിലായി എങ്കിലും അതാണ് നല്ലത് എന്ന് അവനും തോന്നിയിരുന്നു. ** ഒരാഴ്ച്ച വേഗത്തിൽ കടന്ന് പോയി. നാളെയാണ് ഉത്സവം. ഉത്സവത്തിന് ദത്തന്റെ കൊട്ടും, കോകിലയുടെ ഗാനമേളയും ഉണ്ട് . രാവിലെ വർണയെ അന്വോഷിച്ച് അനുവും വേണിയും വീട്ടിലേക്ക് വന്നു. ഇടക്ക് രണ്ട് മൂന്ന് വട്ടം അവർ ദത്തന്റെ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. "എന്താ വർണമോളേ ഇത്. ഒരു വയറു വേദന വന്നപ്പോഴേക്കും നീ ഇങ്ങനെ ക്ഷീണിച്ചോ " വർണയുടെ കോലം കണ്ട് അനു ചോദിച്ചു. "എനിക്കെന്തോ സുഖം ഇല്ല. അതാ " " സുഖം ഇല്ലാത്തത് ശരീരത്തിനാണോ മനസിനാണോ " വേണി അർത്ഥം വച്ച പോലെ ചോദിച്ചു. "എയ് എനിക്ക് കുഴപ്പമൊന്നും ഇല്ലാ " " ദേ പെണ്ണേ ഞാൻ ഒന്നങ്ങ് വച്ച് തന്നാ ഉണ്ടല്ലോ. ഇപ്പോ കുറച്ച് കാലം ആയിട്ട് നിനക്ക് ഈ ദുഖപുത്രിയായി കണീരൊലിപ്പിച്ച് നടക്കാനേ അറിയുള്ളോ " " ഇതെന്താ രാവിലെ തന്നെ ത്രിമൂർത്തികൾ ഒരുമിച്ച് ഉണ്ടല്ലോ " അകത്തേക്ക് വന്ന ദത്തൻ ചോദിച്ചു. "ഒരാഴ്ച്ച ഇവൾ ക്ലാസിലേക്ക് വന്നില്ലാലോ. അപ്പോ ഒന്ന് കാണാൻ വന്നതാ.

ഉത്സവം ഒക്കെ അല്ലേ അപ്പോ ഇവളേയും കൂട്ടി അമ്പലത്തിൽ പോകാം എന്ന് കരുതി. പക്ഷേ ഇവൾ വരുന്നില്ലാ എന്ന് പറയാ ദത്തേട്ടാ. ഉത്സവത്തിനും വരുന്നില്ലാ എന്ന് " വേണി അവനെ നോക്കി പറഞ്ഞതും ഞാൻ എപ്പോ പറഞ്ഞു എന്ന മട്ടിൽ വർണ അവളെ നോക്കി. "അതെന്താ വരാത്തെ " ദത്തൻ വർണയെ നോക്കി ചോദിച്ചു. " അവൾക്ക് വയ്യാ എന്ന് " " വയ്യെന്നോ. എന്താ പറ്റിയത് ഹോസ്പിറ്റലിൽ പോവണോ " ദത്തൻ ടെൻഷനോടെ വന്ന് അവളുടെ നെറ്റിയിലും കഴുത്തിലും കൈവച്ചു നോക്കി. "പനി ഒന്നും ഇല്ലാലോ. പിന്നെ എന്താ വയ്യാതെ " ദത്തന്റെ ഭാവം കണ്ട് അനുവിനും വേണി ക്കും ചിരി വന്നിരുന്നു. " ഇത് ആ വയ്യായ്ക അല്ലാ ദത്തേട്ടാ. അവൾക്ക് വരാൻ താൽപര്യം ഇല്ലാ എന്ന് " "അതെന്താ അ.." അപ്പോഴേക്കും ദത്തന്റെ ഫോൺ റിങ്ങ് ചെയ്തു. "നിങ്ങൾ സംസാരിക്ക് ഞാൻ ഇപ്പോ വരാം " അവൻ ഫോണും കൊണ്ട് പുറത്തേക്ക് പോയി. " ഇതിൽ നിന്നും നിനക്ക് എന്ത് മനസിലായി വർണ മോളേ " വേണി ചോദിച്ചു. "എന്ത് മനസിലാവാൻ " " ഈ പൊട്ടിയോട് ചോദിച്ച എന്നേ പറഞ്ഞാ മതിയല്ലോ .

നീ പറ അനു മോളേ നിനക്ക് എന്താ മനസിലായത് " " ദത്തേട്ടന് വർണയെ ഒരുപാട് ഇഷ്ടാ എന്ന് " " ട്യൂബ് ലൈറ്റ് ആയ ഇവൾക്ക് വരെ അത് മനസിലായി. എന്നിട്ട് നിനക്ക് മനസിലായില്ലേ വർണേ . എടീ നിന്നോട് പ്രേമമാടി ദത്തേട്ടന് " " അല്ല വേണി എല്ലാം തോന്നലാണ്. ഞാനും അങ്ങനെയാണ് കരുതിയിരുന്നത് " അവൾ അന്ന് ദത്തൻ പറഞ്ഞ കാര്യങ്ങൾ എല്ലാം അവരോട് പറഞ്ഞു. "ഇത്രയൊക്കെ സൂചന തന്നിട്ടും നിനക്ക് മനസിലായില്ലേ പൊട്ടി. എടീ ദത്തേട്ടന് നിന്നേ ഇഷ്ടമാണ്. പക്ഷേ എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് അത് പുറത്ത് കാണിക്കാത്തതാണ്. നീ ശ്രദ്ധിച്ച് നോക്ക്. നിന്നോടുള്ള നോട്ടത്തിലും ഭാവത്തിലും ഒക്കെ ആ സ്നേഹം നിറഞ്ഞ് നിൽക്കുന്നുണ്ട്. ദത്തേട്ടൻ മനസിൽ ഒളിപ്പിച്ച് വച്ചിരിക്കുന്ന ആ സ്നേഹം നമ്മൾ പുറത്ത് കൊണ്ടു വന്നിരിക്കും. ഇല്ലെങ്കിൽ നീ എന്റെ പേര് പട്ടിക്ക് ഇട്ടോ " '' വേണി എന്ന പേര് പട്ടിക്ക് ഇടാൻ പറ്റുമോ. വേണി പട്ടി ... പട്ടി വേണി . ഇത് ഒട്ടും ചേർച്ച ഇല്ലാലോ " അനു കാര്യമായി ആലോചിച്ച് കൊണ്ട് പറഞ്ഞു. "ഡീ ഒരു സീരിയസ് കാര്യം പറയുമ്പോ നിന്റെ ഊള ചളി പറയാൻ വരല്ലേ "

" ഊള ചളി നിന്റെ മറ്റവന്റെ " " ഡീ നിയെന്റെ മറ്റവനെ പറയുന്നോ" അധികം വൈകാതെ അനുവും വേണിയും പൊരിഞ്ഞ അടിയായി. " ഒന്ന് നിർത്തുമോ രണ്ടും . ഇവിടെ അമ്മക്ക് പ്രസവവേദന മകൾക്ക് വീണ വായനാ . നിങ്ങൾ ആദ്യം എന്റെ കാര്യം ഒന്ന് തീരുമാനമാക്കി താ" " ഓഹ് സോറി വർണ മോളേ . ഞങ്ങൾ ആ കാര്യം അങ്ങ് മറന്നു പോയി. അപ്പോ എന്താ നമ്മൾ പറഞ്ഞ് വന്ന കാര്യം... ആഹ് ദത്തേട്ടനെ വളച്ചെടുക്കുന്ന കാര്യം. അതിന് എന്റെ അടുത്ത് നല്ല ഒരു ഐഡിയയും പ്ലാനും ഉണ്ട്. പക്ഷേ അതിന് മുൻപ് നിന്റെ ഈ കണ്ണീർ നായികാ സ്വഭാവം നിർത്തണം. "വേണി " അത് ശരിയാ വർണ മോളേ .നീയിങ്ങനെ പാടാത്ത പൈങ്കിളിയിലെ കൺമണിയെ പോലെ ഏതു സമയവും കരഞ്ഞു കൊണ്ടിരുന്നാൽ ഒന്നും നടക്കില്ല. നീ അമ്മയറിയാതെ സീരിയലിലെ അലീന ടീച്ചറേ പോലെ ബോൾഡ് ആവണം. എന്നിട്ട് കുടുംബവിളക്കിലെ വേദിക സിദ്ധുവിനെ വളച്ചെടുത്ത പോലെ നീ ദത്തേട്ടനെ വളക്കണം.എന്നിട്ട് സ്വന്ത്വനത്തിലെ ശിവയേയും അഞ്ജലിയേയും പോലെ ജീവിക്കണം "

" ഒന്ന് നിർത്തിക്കെ അനു . ഇവൾക്ക് സീരിയൽ കണ്ട് കണ്ട് തലക്ക് ഭ്രാന്താ " " ഭ്രാന്ത് നിന്റെ ... " " അനു ...." വർണ നീട്ടി വിളിച്ചതും അവൾ നിർത്തി എന്ന രീതിയിൽ വാ കൈ കൊണ്ട് പൊത്തി പിടിച്ചു. " അപ്പോ ഞാൻ പറഞ്ഞു വരുന്നത് ദത്തേട്ടനെ എങ്ങനെ വളച്ച് കുപ്പിയിലാക്കാം എന്നാണ് " " നീ മെഗാ സീരിയൽ പോലെ വലിച്ച് നീട്ടാതെ കാര്യം പറ വേണി " അനു " നമ്മൾ ഇവിടെ ദത്തേട്ടന്റെ തപസിളക്കാൻ വൈശാലി ചേച്ചി തിയറിയാണ് ഉപയോഗിക്കുന്നത് " " വൈശാലി ചേച്ചിയോ " "അതെ.. നിങ്ങൾ വൈശാലി സിനിമ കണ്ടിട്ടില്ലേ. അതിൽ ഗ്രിശ്യശ്രിഗനെ വൈശാലി വളച്ചെടുത്ത പോലെ നമ്മൾ ദത്തേട്ടനേ കറക്കി എടുക്കും " "മ്മ്... അവസാനം ഇവളെ കറക്കി എറിയാതിരുന്നാ മതി" അനു . "ദേ അനു നീ വെറുതെ എന്നേ ദേഷ്യം പിടിപ്പിക്കല്ലേ." "എടീ ഇത് വല്ലതും നടക്കുമോ " വർണ " നടക്കും അല്ലെങ്കിൽ ഈ വേണി നടത്തിക്കും. അപ്പോ നമ്മുടെ മിഷൻ എൻ കാതലെ....♡ start" വേണി കൈ നീട്ടി കൊണ്ട് പറഞ്ഞു. "അയ്യേ ഇതെന്ത് പേരാ " "എന്താടി ഇതിനൊരു കുഴപ്പം . നമ്മുടെ ഐഡിയകൾ പൊട്ടത്തരം ആണെങ്കിലും മിഷന്റെ പേര് സൂപ്പർ ആയിരിക്കണം.

അത് ഈ വേണിക്ക് നിർബന്ധാ " "മ്മ്... എൻ കാതലെ എങ്കിൽ എൻ കാതൽ. " അത് പറഞ്ഞ് വേണിയുടെ കൈയ്യിൽ വർണയും അനുവും കൈ വച്ചു. " എന്നാ ഞങ്ങൾ ഇറങ്ങാ വർണ മോളേ . അപ്പോ നാളെ ഉത്സവത്തിന് കാണാം " അത് പറഞ്ഞ് അവർ യാത്ര പറഞ്ഞ് ഇറങ്ങി. അവരെ യാത്രയാക്കാൻ വർണ യും മുറ്റത്തേക്ക് വന്നു. അവർ ഇറങ്ങാൻ നേരം ആണ് ദത്തൻ അകത്തേക്ക് വന്നതും "നിങ്ങൾ ഇറങ്ങായോ " " ആഹ് ദത്തേട്ടാ. അപ്പോ എന്നാ നാളെ കാണാം. നാളത്തെ കൊട്ട് എപ്പോഴത്തെയും പോലെ തകർക്കണം. " "മ്മ് " അവൻ പുഞ്ചിരിയോടെ തലയാട്ടി. അനുവും വേണിയും അവിടെ നിന്നും ഇറങ്ങി. "എന്തേ " തന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുന്ന വർണയെ നോക്കി ദത്തൻ ചോദിച്ചു. "എയ് ഒന്നൂല്ല. " "നീയെന്താ നാളെ ഉത്സവത്തിന് വരില്ലാന്ന് പറഞ്ഞേ " അകത്തേക്ക് നടന്ന് കൊണ്ട് ദത്തൻ ചോദിച്ചു.

" ഓഹ് ഞാനൊന്നും ഇല്ലാ " "അതെന്താ ഇല്ലാത്തെ എന്നാ ചോദിച്ചത് " " അത് ... അത് പിന്നെ ... എ..എനിക്ക് ഉത്സവത്തിന് ഇടാൻ നല്ല ഡ്രസ്സ് ഒന്നും ഇല്ലാ " വായിൽ വന്നത് വർണ പറഞ്ഞു. "അതാണോ കാര്യം. ഇന്ന് നിന്റെ വാലുകളേയും കൂട്ടി പോയി ഡ്രസ്സ് എടുത്തിട്ട് വാ" "എയ് അതൊന്നും വേണ്ടാ " "പിന്നെന്താ വേണ്ടത് " " എനിക്ക് നീ ഒരു ഡ്രസ്സ് എടുത്ത് തരുമോ " " ഞാനോ.. എനിക്ക് ഈ സെലക്ഷൻ ഒന്നും അറിയില്ല പെണ്ണേ " " ആരാ പറഞ്ഞേ നിനക്ക് സെലക്ഷൻ അറിയില്ലാ എന്ന് . നിയെടുക്കുന്ന ഷർട്ടുകൾ എല്ലാം സൂപ്പർ ആണല്ലോ " " അത് എനിക്ക് അല്ലേ. ഞാനല്ലേ ആ ഡ്രസ്സ് ഇടുന്നത് " " നിനക്ക് പറ്റില്ലെങ്കിൽ അത് പറഞ്ഞാ പോരെ ദത്താ. വെറുതെ ഓരോ മുട്ടുന്യായങ്ങൾ പറഞ്ഞോളും " അത് പറഞ്ഞ് അവൾ അകത്തേക്ക് പോയി. "വേണി മോളേ നിന്റെ പ്ലാൻ ഏൽക്കുന്നുണ്ട്. "മുറ്റത്ത് എന്തോ ആലോചിച്ച് നിൽക്കുന്ന ദത്തനെ ജനലിലൂടെ എത്തി നോക്കി വർണ പറഞ്ഞു. " ഞാൻ നിന്നേയും കൊണ്ടേ പോവൂ മോനോ ദേവ ദത്താ. ഇനി നീ എന്തൊക്കെ പറഞ്ഞാലും ഞാൻ തളരില്ല. വർണ എന്നാ സുമ്മാവാ " അവൾ ചിരിച്ച് കൊണ്ട് പറഞ്ഞു.....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story