എൻ കാതലെ: ഭാഗം 19

enkathale

എഴുത്തുകാരി: അപർണ അരവിന്ദ്‌

ഉച്ചക്ക് ശേഷം ക്ലാസ്സിൽ ഇരിക്കുമ്പോഴാണ് പ്യൂൺ വന്ന് വർണയെ ഓഫീസ് റൂമിലേക്ക് വിളിച്ചത്. അവൾ സംശയത്തോടെ പ്രിൻസിപ്പാളിന്റെ റൂമിലേക്ക് നടന്നു. ഫ്രീയവറായ കാരണം അനുവും വേണിയും അവളുടെ കൂടെ വന്നിരുന്നു. അനുവും വേണിയും ഓഫീസിന് പുറത്ത് നിന്നു .വർണ നേരെ അകത്തേക്ക് കയറി. പ്രിൻസിയുടെ മുന്നിലായി തനിക്ക് പരിചയമില്ലാത്ത ഒരാൾ ഇരിക്കുന്നുണ്ട്. "ഇതാണ് നിങ്ങൾ പറഞ്ഞ വർണ " പ്രിൻസി അയാളെ നോക്കി പറഞ്ഞതും അയാൾ ചെയറിൽ നിന്നും എണീറ്റ് വർണ യുടെ മുന്നിൽ വന്നു നിന്നു. "ഇയാൾ ആണോ ദത്തന്റെ വൈഫ് വർണ " "അതെ" "എന്റെ പേര് അരുൺ . ഇന്ന് റോഡിൽ വച്ച് ദത്തന് ചെറിയ ഒരു അപകടം. ഞാനാണ് അയാളെ ഹോസ്പിറ്റലിൽ എത്തിച്ചത്. കുറച്ച് സീരിയസ് ആണ് " അത് കേട്ടതും വർണ എന്ത് ചെയ്യണം എന്നറിയാതെ ഒരു നിമിഷം നിന്നു. അകത്ത് പറയുന്നതെല്ലാം കേട്ട് അനുവും വേണിയും കൂടി അകത്തേക്ക് വന്നു. " ഹോസ്പിറ്റലിൽ എത്തിയപ്പോഴാണ് ദത്തന്റെ ബന്ധപ്പെട്ട ആരെങ്കിലും വരണം എന്ന് പറഞ്ഞത്.

കൂടെയുള്ള ഒരാളാണ് ദത്തന്റെ വൈഫ് വർണ ഈ കോളേജിൽ പഠിക്കുന്നുണ്ടെന്ന് പറഞ്ഞത്. അതാ നേരെ ഇങ്ങോട്ട് വന്നത് " " എന്റെ ഫ്രണ്ടാണ് വരുൺ. അതാ ഞാൻ അന്വേഷിക്കുക പോലും ചെയ്യാതെ വർണയെ നേരെ ഇങ്ങോട്ട് വിളിപ്പിച്ചത്. വർണ ഹോസ്പിറ്റലിലേക്ക് പോക്കോള്ളൂ " പ്രിൻസി പറഞ്ഞു. പിന്നെ എന്താ ഉണ്ടായത് എന്ന് വർണ ഒന്നും അറിഞ്ഞിരുന്നില്ല. വേണിയും അനുവും വർണയേയും കൂട്ടി ഹോസ്പിറ്റലിലേക്ക് പുറപ്പിട്ടു. വരുണിന്റെ കാറിൽ തന്നെയാണ് അവർ പോയത്.ഹോസ്പിറ്റലിൽ എത്തിയതും വരുൺ ഐസിയുവിൻ്റെ മുന്നിൽ വർണയെ ആക്കിയ ശേഷം തിരികെപ്പോയി. അനുവും വേണിയും കൂടി വർണയെ ഐസിയുവിന്ന് മുന്നിലുള്ള ചെയറിൽ ഇരുത്തി. അവർക്ക് പരിചയമുള്ള ഒന്ന് രണ്ട് നാട്ടിലെ ആളുകൾ അവിടെ ഉണ്ടായിരുന്നു . "വെട്ടിയതാ എന്നാ കേട്ടത് ... കൂട്ടത്തിൽ ദത്തനും ജിത്തുവിനും ആണ് കൂടുതൽ സീരിയസ് . രാവിലെ കവലയിൽ വെച്ച് ഡേവിഡും ദത്തൻ്റെ ഗ്യാങ്ങുമായി ഒരു അടിപിടി ഉണ്ടായി. അതിന്റെ ദേഷ്യത്തിൽ കലുങ്കിന്റെ അടുത്തുള്ള ഇടവഴിയിൽ വെച്ച് തിരിച്ച് പകരം വീട്ടിയതാണ് എന്നാ കേട്ടത്.

ദത്തൻ ഒഴിച്ച് ബാക്കി എല്ലാവർക്കും വെട്ട് കിട്ടിയിട്ടുണ്ട്. ജിത്തുവിനെ ഒരാൾ വെട്ടാൻ വന്നപ്പോൾ ദത്തൻ അത് തടയാൻ വന്നതാ അപ്പോഴേക്കും ഡേവിഡ് ദത്തന്റെ തലയ്ക്കടിച്ച് വീഴ്ത്തി .അവൻ്റെ തലയ്ക്കാണ് പരിക്ക്. ഇത്രയും നേരമായിട്ടും ബോധം തെളിഞ്ഞിട്ടില്ല " കൂട്ടത്തിൽ രണ്ടു പേർ സംസാരിക്കുന്നത് കേട്ടതും അനുവും വേണിയും ഞെട്ടി. പക്ഷേ അതെല്ലാം കേട്ടിട്ടും ഒരു പ്രതികരണവും ഇല്ലാതെ ഇരിക്കുകയാണ് വർണ്ണ . "കുറച്ച് മുൻപ് ഇവിടെ ഒരു പയ്യൻ നിൽക്കുന്നുണ്ടായിരുന്നില്ലേ. അവരാ ഇവൻമാരെ ഹോസ്പ്പിറ്റലിൽ എത്തിച്ചത്. എന്ത് പറയാനാ ഇങ്ങനെ അടി പിടിയുമായി നടക്കുന്നവൻമാർ ഉണ്ട് നമ്മുടെ നാടിന്റെ വില കളയാൻ " അത് പറഞ്ഞ് അവിടെ കൂടി നിന്ന പരിചയക്കാർ പുറത്തേക്ക് പോയി. കോളേജിൽ നിന്നും ഇറങ്ങിയത് മുതൽ മരവിച്ച ഒരു അവസ്ഥയാണ് വർണക്ക് . കുറച്ചുനേരം കഴിഞ്ഞതും വർണ്ണ ചെയറിൽ നിന്നും എഴുന്നേറ്റ് ഐസിയുവിൻ്റെ മുന്നിലേക്ക് നടന്നു.

അകത്ത് തലയിൽ വലിയ കെട്ടുമായി കിടക്കുന്ന ദത്തൻ .മുഖത്തെ അവിടിവിടെയായി ചോരപ്പാടും ചെറിയ മുറികളുമുണ്ട് . ഇതെല്ലാം ഗ്ലാസ് ഡോറിലൂടെ കണ്ട വർണ്ണ പൊട്ടി കരയാൻ തുടങ്ങി .അവൾ ഐസിയുവിൽ ചാരിനിന്ന് ഉറക്കെ ദത്തനെ അലറി വിളിച്ചു. " ദത്താ...എണീക്ക് ....ഞാനാ വിളിക്കണേ ...കണ്ണ് തുറക്ക് ദത്താ" അവൾ ഡോറിൽ ശക്തമായി തട്ടിക്കൊണ്ട് കരഞ്ഞു. അതുകേട്ട് അനുവും വേണിയും അവളെ വന്നു പിടിച്ചുവലിച്ച് ചെയറിൽ കൊണ്ടുവന്ന് ഇരുത്തി . "പറ അനു ... ദത്തനോട് എണീക്കാൻ പറ ... അവൻ എന്തിനാ എന്നേ ഇങ്ങനെ സങ്കടപ്പെടുത്തുന്നേ... പറ വേണി .....നിങ്ങൾ പറഞ്ഞാ അവൻ കേൾക്കും . അവന് എന്നോടുള്ള ദേഷ്യം കൊണ്ടാ ഞാൻ വിളിച്ചിട്ടും എണീക്കാത്തത് .. നിങ്ങൾ വിളിക്ക് അവൻ കേൾക്കും ...." വർണ്ണ ഓരോന്ന് പറഞ്ഞു കൊണ്ട് വിതുമ്പി കരയാൻ തുടങ്ങി. വേണി അവളെ ചേർത്തു പിടിച്ച് ആശ്വസിപ്പിച്ചു. കുറച്ചു കഴിഞ്ഞതും ഡോർ തുറന്ന് ഒരു ഡോക്ടർ പുറത്തേക്ക് വന്നു . "ദേവദത്തന്റെ കൂടെയുള്ളവർ ആരാ "അതു കേട്ടതും അനുവും വേണിയും ചെയറിൽ നിന്നും എഴുന്നേറ്റു .

" ഞങ്ങളാ ..." "നിങ്ങളാരാ ദേവ ദത്തന്റെ ... " "പെങ്ങളാ.." അനു പറഞ്ഞു . "ശരി.. എൻ്റെ ക്യാബിനിലേക്ക് വരു. " അത് പറഞ്ഞ് ഡോക്ടർ മുന്നോട്ട് നടന്നു. വർണ്ണയെ ഒന്നു നോക്കിയ ശേഷം അനുവും വേണിയും ഡോക്ടറുടെ അടുത്തേക്ക് പോയി . ദത്തനെ ആദ്യമായി കണ്ടതും പിന്നീട് കവലയിൽ വച്ചുള്ള അടിയും ,അവൻ തന്റെ കഴുത്തിൽ താലി ചാർത്തിയതും , തങ്ങൾ തമ്മിലുള്ള വഴക്കും, ദത്തന്റെ പറയാതെ പറഞ്ഞ സ്നേഹവും എല്ലാം ഒരു മിന്നായം പോലെ വർണ്ണയുടെ മനസ്സിലേക്ക് കടന്നുവന്നു . ഓരോന്ന് ഓർത്തു ഇരിക്കുമ്പോഴാണ് കുറച്ചകലെയായി മറ്റൊരു റൂമിന് പുറത്ത് ഇരിക്കുന്ന കോകിലയെ അവൾ കണ്ടത്. ഒന്ന് ആശ്വസിപ്പിക്കാൻ പോലും ആരുമില്ലാതെ കരഞ്ഞു തളർന്ന് ഇരിക്കുകയാണ് കോകില . ഇന്നലെ ഈ സമയം തങ്ങൾ എല്ലാവരും എത്രത്തോളം സന്തോഷിച്ചത് ആയിരുന്നു . വർണ്ണ എഴുന്നേറ്റ് കോകിലയുടെ അടുത്തേക്ക് നടന്നു .

വർണയെ കണ്ടതും കോകിലയുടെ ഉള്ളിൽ നിന്നും ഒരു തേങ്ങൽ പുറത്തേക്കുവന്നു. അവളെയൊന്ന് വാക്കുകൾ കൊണ്ട് ആശ്വസിപ്പിക്കാൻ പോലും വർണയ്ക്ക് കഴിഞ്ഞില്ല . വർണ്ണ കോകിലയുടെ അടുത്തുള്ള ചെയറിൽ ഇരുന്നു. വർണ്ണ അവളുടെ തോളിൽ കൈ വച്ചു കണ്ണുകൊണ്ട് ഒന്നും ഉണ്ടാകില്ല എന്നു പറഞ്ഞു. ചെയ്യണമെന്നറിയാതെ അവർ ഇരുവരും ഒരു മരവിപ്പോടെ ഐസിയുവിന്റെ മുന്നിലിരുന്നു. "ദേവജിത്തിന്റെ കൂടെയുള്ളവർ അർജന്റായി ഡോക്ടറെ കാണാൻ പറഞ്ഞു " ഒരു നഴ്സ് പുറത്തേക്ക് വന്നു കൊണ്ട് പറഞ്ഞതും വർണ്ണ കോകിലയെ കൂട്ടി ഡോക്ടറുടെ അരികിലേക്ക് പോയി. " നിങ്ങളാണോ ദേവജിത്തിന്റെ കൂടെയുള്ളവർ " "അതെ" " ദേവജിത്തിന്റെ കണ്ടീഷൻ കുറച്ച് ക്രിറ്റിക്കൽ ആണ് . നാലു വെട്ടും ആഴത്തിലുള്ള രണ്ടു കുത്തും കിട്ടിയിട്ടുണ്ട് .എത്രയും പെട്ടെന്ന് ഒരു സർജറി വേണം. അത് എത്ര നേരത്തെ ആകുന്നോ അത്രയും നല്ലത്.നേരം വൈകുന്തോറും അത് അയാളുടെ ജീവനുതന്നെ ആപത്താണ് " അത് കേട്ടതും കോകിലയിൽ നിന്നും ഒരു തേങ്ങൽ ഉയർന്നു. അവൾ സാരി തലപ്പുകൊണ്ട് വാ പൊത്തി പിടിച്ചിരുന്നു.

" അപ്പോൾ ഞാൻ പറഞ്ഞു വന്നത് സർജറിയുടെ കാര്യമാണ് .എത്രയും പെട്ടെന്ന് അഞ്ച് ലക്ഷം രൂപ അടയ്ക്കണം . എനിക്കറിയാം നിങ്ങളെ കൊണ്ട് അതിനു കഴിയില്ല എന്ന് . എങ്കിലും നാട്ടിലുള്ള ആരോടോ അല്ലെങ്കിൽ ബന്ധുക്കളോടോ ആരോടെങ്കിലും സഹായം ചോദിക്കൂ. എത്രയും പെട്ടെന്ന് സർജറി നടത്തുന്നോ ജിത്തു ജീവിതത്തിലേക്ക് തിരിച്ചുവരാൻ അത്രയും സാധ്യത കൂടും " വർണ്ണ കോകിലയെ കൊണ്ട് ഡോക്ടറുടെ ക്യാബിനിൽ നിന്നു പുറത്തേക്കിറങ്ങിയപ്പോൾ അവരെ അന്വേഷിച്ച് അനുവും വേണിയും അവിടേക്ക് വന്നിരുന്നു. "അനു നീ ചേച്ചിയേയും കൊണ്ട് അവിടെ പോയിരുന്നോ . വേണി നീ എന്റോപ്പം വാ ..." അത് പറഞ്ഞ് വർണ വേണിയേയും കൂട്ടി ഹോസ്പിറ്റലിന് പുറത്തേക്ക് നടന്നു. "ദത്തൻ ....അവനെക്കുറിച്ച് ഡോക്ടർ എന്താ പറഞ്ഞേ " "ഇപ്പോ ഒന്നും പറയാറായിട്ടില്ല .24 മണിക്കൂർ കഴിഞ്ഞാലെ എഞെങ്കിലും പറയാൻ കഴിയൂ.

നമ്മൾ ചെറിയ കുട്ടികൾ അല്ലേ. ഉത്തരവാദിത്വപ്പെട്ട ആരെയെങ്കിലും കൂട്ടി വരാൻ പറഞ്ഞു.നീ സങ്കടപ്പെടണ്ട . ചേട്ടന് ഒന്നും വരില്ല .ജിത്തുവേട്ടന് എങ്ങനെയുണ്ട് .ഡോക്ടർ എന്താ പറഞ്ഞത് " വർണ ഡോക്ടർ പറഞ്ഞ കാര്യങ്ങൾ എല്ലാം വേണിയോട് പറഞ്ഞു . "ഇനി നമ്മൾ എന്താ ചെയ്യാ വർണ മോളേ . നമ്മൾ ആരോടാ ഒരു സഹായം ചോദിക്കാ " " നീ വാ നമ്മുക്ക് എന്തെങ്കിലും വഴി നോക്കാം " വർണ വേണിയുടേയും കൈ പിടിച്ച് റോഡിലേക്ക് ഇറങ്ങി. ഒരു ഓട്ടോക്ക് കൈ കാണിച്ച് അതിൽ കയറി. ഓട്ടോ നേരെ ചെന്ന് നിന്നത് വർണയുടെ അമ്മായിയുടെ വീട്ടിലേക്കാണ്. വർണ നേരെ വീട്ടുമുറ്റത്തേക്ക് നടന്നു. കോണിങ്ങ് ബെൽ അടിച്ചതും പുറത്തേക്ക് വന്ന ആളെ കണ്ട് വർണയുടെ ഉള്ളിലെ പ്രതീക്ഷകൾ എല്ലാം അവസാനിച്ചിരുന്നു. "അല്ലാ ഇതാര് വർണ തമ്പുരാട്ടിയോ. ഞങ്ങൾ പാവങ്ങളുടെ വീട്ടിലേക്കുള്ള വഴിയൊക്കെ അപ്പോ ഓർമയുണ്ടല്ലേ " അഭിജിത്ത് ഒരു പുഛത്തോടെ പറഞ്ഞു. "അമ്മായി എവിടെ ... ഞാൻ അമ്മായിയെ കാണാനാണ് വന്നത് " " സഹായം ചോദിക്കാനായിരിക്കും വന്നത്. അല്ലേ. നിന്റെ അമ്മായി വിചാരിച്ചാൽ എന്ത് നടക്കാനാ .

പക്ഷേ ഞാൻ വിചാരിച്ചാൽ പലതും നടക്കും " അവൻ ഒരു വഷളൻ ചിരിയോടെ പറഞ്ഞു. "എനിക്ക് നിങ്ങളുടെ സഹായം വേണ്ടാ. ഞാൻ അമ്മായിയെ കാണാനാണ് വന്നത്. അമ്മായി... അമ്മായി..." അവൾ അകത്തേക്ക് നോക്കി വിളിച്ചു. "നീ വെറുതെ വിളിച്ച് കൂവി തൊണ്ട പൊളിക്കണ്ടാ. ആ തള്ള അകത്ത് ഉണ്ട് . പക്ഷേ ഞാൻ പറയാതെ അവർ പുറത്തേക്ക് വരില്ലാ . എന്റെ അനുവാദമില്ലാതെ നിന്നെ കാണാനോ സംസാരിക്കാനോ ശ്രമിച്ചാൽ ആ നിമിഷം തള്ളയും മകളും ഈ വീട്ടിൽ നിന്നും ഇറങ്ങേണ്ടി വരും. അതുകൊണ്ട് പൊന്നു മോള് വന്ന കാര്യം ചേട്ടനോട് പറഞ്ഞേ " " ദത്തൻ ... അവന് വയ്യാ ഉത്തരവാദിത്തമുള്ള ആരെയെങ്കിലും കൊണ്ടുവരാൻ പറഞ്ഞു. പിന്നെ ജിത്തുവേട്ടന് ഓപ്പറേഷൻ വേണം. അതിന് 5 ലക്ഷം രൂപ വേണം.. പ്ലീസ് ഞാൻ ഒന്ന് അമ്മായിയെ കണ്ടോട്ടേ ?. " 5 ലക്ഷം രൂപേയൊക്കെ ആ തള്ള എവിടെന്ന് എടുത്ത് തരാനാ. നിന്നെ ഞാൻ സഹായിക്കാം. നിനക്ക് വേണ്ടി അഞ്ചല്ലാ അൻപത് ലക്ഷം ഞാൻ തരും . പക്ഷേ പകരം മറ്റു ചില ഉപകാരം തിരിച്ചും ചെയ്യണം എന്ന് മാത്രം " വഷളൻ ചിരിയോടെ അഭി പറയുന്നത് കേട്ട് വർണ ദേഷ്യത്തോടെ മുഖം തിരിച്ചു.....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story