എൻ കാതലെ: ഭാഗം 2

enkathale

എഴുത്തുകാരി: അപർണ അരവിന്ദ്‌

"ദാ... ഇനി ഡ്രസ്സ് ഇല്ലാതെ ഇല്ലാതെ വേണ്ട" അത് പറഞ്ഞു അവൻ കയ്യിലുള്ള കവർ അവളുടെ മുന്നിൽ വെച്ച് ബുള്ളറ്റിൻ്റെ അരികിലേക്ക് നടന്നു. വണ്ടി സ്റ്റാർട്ട് ചെയ്ത വേഗം തന്നെ അവൻ്റെ ബുള്ളറ്റ് റോഡിലേക്ക് ചീറിപ്പാഞ്ഞു പോയി . " തെമ്മാടി..." അവൻ പോകുന്നത് നോക്കി അവൾ മനസിൽ പറഞ്ഞു. * ഭക്ഷണം എല്ലാം കഴിച്ചു കഴിഞ്ഞ് അവൾ തിണ്ണയുടെ മുകളിൽ വച്ചിരിക്കുന്ന കവർ തുറന്നു നോക്കി. 2 ഡ്രസ്സുകൾ അതിൽ ഉണ്ടായിരുന്നു. "എന്തായാലും ഒന്ന് കുളിച്ചേക്കാം " അവൾ അതിൽ നിന്നും ഒരു ഡ്രസ്സ് എടുത്ത് മുറ്റത്തേക്ക് ഇറങ്ങി. മുറ്റത്ത് നല്ല ഇരുട്ടാണ് എങ്കിലും റോഡിലെ സ്ട്രീറ്റ് ലൈറ്റിന്റെ ചെറിയ വെളിച്ചം ഉണ്ടായിരുന്നു. കുളിമുറിയിൽ കയറി തപ്പി പിടിച്ച് ലൈറ്റ് ഇട്ടു. ലൈറ്റാണെങ്കിൽ മിന്നി ചിന്നി നിൽക്കുകയാണ്. " ആ തെമ്മാടിയുടെ വീടല്ലേ .ഇത്രയൊക്കെ സൗകര്യം പ്രതീക്ഷിച്ചാ മതി. കറന്റ് ഉള്ളത് തന്നെ ഭാഗ്യം. തമ്പ്രാൻ രാത്രി കുളിച്ചൊരുങ്ങി ആരെ കാണാൻ പോയതാണോ എന്തോ . കോകിലുടെ വീട്ടിലേക്ക് ആയിരിക്കും.

അത്യവശ്യം പഠിപ്പും വിവരവും ഒക്കെയുള്ള സ്ത്രീയല്ലേ അവർ. എന്നിട്ടും എന്തിനാ ഇങ്ങനെ ജീവിക്കുന്നേ " അവൾ ഓരോന്ന് പിറുപിറുത്തു കൊണ്ട് ഒരു ബക്കറ്റുമായി പുഴ കടവിലേക്ക് ചെന്നു. ബക്കറ്റിൽ വെള്ളം നിറച്ച് കുളിമുറിയിൽ കൊണ്ടുവന്ന് വച്ച് വാതിൽ അടച്ചപ്പോഴാണ് വാതിലിന് കുറ്റിയില്ല എന്ന് മനസിലായത്. " ഇവിടെ നിന്ന് എങ്ങനെ കുളിക്കാനാ . എന്തെങ്കിലും പറ്റിയാൽ ആരും ഓടി വരാൻ കൂടി ഇല്ല. " അവൾ ദത്തനെ ചീത്ത വിളിച്ചു കൊണ്ട് കുളിമുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങി. "പുഴയിൽ കുളിച്ചാലോ. അല്ലെങ്കിൽ വേണ്ട രാത്രി സമയമാണ് വല്ല നീർകോലിയെങ്ങാനും കടിച്ചാലോ. കുളിച്ചില്ലാ എന്ന് വച്ച് ആകാശമൊന്നും ഇടിഞ്ഞ് വീഴില്ലല്ലോ " അവൾ ഡ്രസ്സും എടുത്ത് അകത്തേക്ക് വന്നു. "ഇനി അയാൾ ഇവിടെ വല്ല ക്യാമറയും വച്ചു കാണുമോ. അയാളെ പൂർണമായും വിശ്വാസിക്കാറിയിട്ടില്ല. എയ് അതിനു സാധ്യത കുറവാണ്. ഇന്ന് അയാളുടെ കല്യാണം കഴിയും എന്ന് ദത്തൻ സ്വപ്നത്തിൽ പോലും കരുതി കാണില്ല. എന്തായാലും ഒരു ഭാഗ്യപരീക്ഷണം വേണ്ട.

ലൈറ്റ് ഓഫ് ചെയ്യതിട്ട് ഡ്രസ്സ് മാറാം " അവൾ ലൈറ്റ് ഓഫ് ചെയ്യത് ഉടുത്തിരിക്കുന്ന കല്യാണ സാരി മാറ്റി വേറെ ഡ്രസ്സ് ഇട്ടു. സാരി നല്ല വൃത്തിയിൽ മടക്കി ബെഡിൽ വച്ചു. അവൾ അപ്പോഴാണ് ആ മുറി ശരിക്ക് കാണുന്നത്. ചെറിയ റും ആണ്. അതിനുള്ളിൽ ഒരു കട്ടിലും, ചെറിയ ടേബിളും, ഒരു അലമാറയും മാത്രമാണ് ഉള്ളത്. റും മുഴുവൻ അലങ്കോലമായാണ് കിടക്കുന്നതെങ്കിലും ഈ വീട്ടിൽ പിന്നെയും വൃത്തിയുള്ളത് ഈ മുറിക്ക് മാത്രമാണ്. മറ്റൊരു റൂം കൂടി ഉണ്ടെങ്കിലും അത് ഉപയോഗിക്കാൻ പറ്റാത്ത രീതിയിലാണ്. എന്തൊക്കെയാ കുറേ ഫർണീച്ചറുകൾ കൂട്ടി ഇട്ടിരിക്കുന്നു. അവൾ ജനൽ തുറന്നിട്ടതും പുഴയിൽ നിന്നുള്ള തണുത്ത കാറ്റ് റൂമിനുള്ളിലേക്ക് വീശിയടിച്ചു. അവൾ ബെഡിൽ മുകളിലെ ഓടിലേക്ക് നോക്കി കിടന്നു. "ദത്തൻ അനാഥൻ ആണോ അവന് ആരും ഇല്ലേ. അവൻ ഈ നാട്ടുക്കാരനല്ലാ എന്ന് അറിയാം.

അഞ്ചാറ് കൊല്ലം മുൻപാണ് ഇവിടെക്ക് വന്നത് " അവൾ ഓരോന്ന് ആലോചിച്ച് കിടക്കുമ്പോഴാണ് ടേബിളിന്റെ ഒരു സൈഡിലായി വച്ചിരിക്കുന്ന അവന്റെ ചെണ്ട കണ്ടത്. അവൾ എഴുന്നേറ്റ് ടേബിളിന്റെ അടുത്തേക്ക് വന്നു. അമ്പലത്തിലെ ഉത്സവത്തിന് കണ്ടിട്ടുണ്ട് ദത്തന്റെ കൊട്ട്. നന്നായി തന്നെ കൊട്ടും. ആ ദിവസം എത്ര പെൺപിള്ളേർ ആണ് അവനെ വായ് നോക്കാറുള്ളത്. അവൾക്ക് പെട്ടെന്ന് കല്യാണം കഴിഞ്ഞ് ഇറങ്ങാൻ നേരം ആമി തന്റെ കാതുകളിൽ പറഞ്ഞത് ഓർമ വന്നു. "ദത്തനാണ് കെട്ടുക എന്നറിഞ്ഞിരുന്നെങ്കിൽ അന്ന് കല്യാണത്തിന് ഞാൻ എന്റെ പേര് തന്നെ കൊടുക്കുമായിരുന്നു. ഈ നാട്ടിലെ പിട കോഴികളുടെ ശാപം നിന്റെ തലയിൽ വീഴാതിരിക്കട്ടേ" ആമി കളിയാക്കി പറഞ്ഞത് ഓർത്ത് വർണക്ക് ചിരി വന്നു. കാര്യം ദത്തൻ തെമ്മാടിയും കള്ളുകുടിയനാണങ്കിലും അവനെ കാണാൻ തരകേടില്ല.

ആരും ഒന്ന് നോക്കി പോവും പക്ഷേ സ്വഭാവം കണ്ടാൽ എടുത്ത് പൊട്ട കിണറ്റിൽ ഇടാനും തോന്നും " അവൾ ദത്തനെ ചീത്ത പറഞ്ഞ് എപ്പോഴോ കിടന്നുറങ്ങി പോയി. ** രാവിലെ സൂര്യന്റെ വെളിച്ചം ജനൽ പാളിയിലൂടെ മുഖത്ത് വന്ന് പതിച്ചപ്പോഴാണ് അവൾ ഉറക്കം ഉണർന്നത്. "സമയം എത്രയായോ എന്തോ . അയാൾ ഇതുവരെ വന്നില്ലേ. ഇനി രാത്രി വിളിച്ചിട്ട് ഞാൻ കേൾക്കാതിരുന്നതാണോ " അവൾ ഓരോന്ന് ചിന്തിച്ച് ഉമ്മറത്തെ വാതിൽ തുറന്നു. " രാവിലെ തന്നെ ബെസ്റ്റ് കണിയാണല്ലോ " ഉമ്മറത്തെ തിണ്ണയിൽ ഇരുന്ന് തൂണിൽ ചാരി ഉറങ്ങുന്ന ദത്തനെ നോക്കി അവൾ പറഞ്ഞു. " " ആഹാ എന്താ ഒരു കോലം . താടിയും മുടിയും ഒക്കെ വളർന്ന് കാട്ടു മാക്കാനെ പോലെയുണ്ട് " വർണ ശബ്ദമുണ്ടാക്കാതെ ദത്തന്റെ അടുത്ത് വന്ന് നിന്നു. "ശരിക്കും ഉറങ്ങുകയാണോ അതോ ഇനി വടിയായി പോയോ അനക്കം ഒന്നു ഇല്ല ലോ " വർണ ഒന്ന് കുനിഞ്ഞ് അവന്റെ മുഖത്തേക്ക് നോക്കി. ദത്തൻ പെട്ടെന്ന് കണ്ണു തുറന്നതും തനിക്ക് മുന്നിൽ കണ്ണു തുറിച്ച് നിൽക്കുന്ന വർണയെ കണ്ട് അവൻ പേടിച്ചു.

" അയ്യോ.... ഭൂതം " അവൻ ഞെട്ടി എണീറ്റത്തും അതാ കിടക്കുന്നു മുറ്റത്ത് . "അയ്യോ എന്താ പറ്റിയേ " വർണ്ണ മുറ്റത്തേക്ക് ഓടിയിറങ്ങി ദത്തനെ പിടിച്ചെഴുന്നേൽപ്പിച്ചു. " രാവിലെ തന്നെ മനുഷ്യനെ പേടിപ്പിക്കാനിറങ്ങിയതാണോ മരഭൂതമേ " അവൻ ശരീരത്തിലെ മണ്ണും പൊടിയും തട്ടി കളഞ്ഞു കൊണ്ട് ചോദിച്ചു. " അത് ഞാൻ പിന്നെ ഉറങ്ങുകയാണോ എന്നറിയാൻ നോക്കിയതാ ..: . " " അല്ല ഉറങ്ങുയല്ല ഞാൻ മുറ്റത്തെ പുല്ല് പറക്കുകയായിരുന്നു. ഒരാൾ കണ്ണടച്ച് കിടക്കുന്നത് കണ്ടാൽ അറിയില്ലെടി ഉറങ്ങുയാണെന്ന് . രാവിലെ തന്നെ മനുഷ്യനെ ദേഷ്യം പിടിപ്പിക്കാൻ ഓരോന്ന് ഇറങ്ങി കൊള്ളും" അത് പറഞ്ഞ് ദത്തൻ തിണ്ണക്കു മുകളിൽ വച്ചിരിക്കുന്ന ബ്രഷ് എടുത്ത് കഴുകി അതിൽ പേസ്റ്റാക്കി മുറ്റത്തേക്ക് ഇറങ്ങി. ദത്തൻ പല്പു തേക്കുന്നത് കണ്ട് വർണയും വിരലിൽ കുറച്ച് പേസ്റ്റേടുത്ത് പല്ലു തേക്കാൻ തുടങ്ങി. ദത്തൻ വേഗം പല്ല് തേച്ച് അകത്തേക്ക് കയറി പോയി.

ശേഷം ഒരു തോർത്തും എടുത്ത് പുഴയിലേക്ക് കുളിക്കാൻ പോയി. അവൻ കുളി കഴിഞ്ഞ് തിരികെ വരുമ്പോൾ കയ്യിൽ ഡ്രസ്സും പിടിച്ച് വർണ്ണ കുളിമുറിയുടെ അടുത്ത് അവനെ നോക്കി നിൽക്കുന്നുണ്ട്. അവൻ അവളെ മൈന്റ് ചെയ്യാതെ കയ്യിലെ തോർത്ത് മുണ്ട് അഴയിൽ വിരിച്ച് അകത്തേക്ക് നടന്നു. " ദത്താ " തന്നെ അവൻ ശ്രദ്ധിക്കുന്നില്ല എന്ന് മനസിലായതും വർണ പിന്നിൽ നിന്നും വിളിച്ചു. അവൻ എന്താ എന്ന അർത്ഥത്തിൽ തിരിഞ്ഞ് നോക്കി. " ദത്താ എനിക്കൊന്ന് കുളിക്കണം " " അതിനെന്താ കുളിച്ചോടെ ഇഷ്ടം പോലെ വെള്ളം ഉണ്ടല്ലോ. അതോ ഇനി ഞാൻ നിന്നെ കുളിപ്പിച്ചു കൂടി തരണോ " അവൻ ദേഷ്യത്തിൽ ചോദിച്ചു. "വേണ്ട. പക്ഷേ ഈ ബാത്ത്റൂമിന് ലോക്കില്ല ഞാൻ എങ്ങനെയാ കുളിക്കുക. ഒന്ന് ഇവിടെ നിൽക്കുമോ " " എനിക്കൊന്നും പറ്റില്ല. എനിക്ക് വേറെ പണിയുണ്ട് " "പ്ലീസ് ദത്താ. എനിക്ക് പേടിയായതു കൊണ്ടാ " അവൾ വിനയകുലീനയായി അഭിനയിച്ച് പറഞ്ഞു. "ശരി. പത്ത് മിനിറ്റ് അതിനുള്ളിൽ കുളിച്ചിറങ്ങിയില്ലെങ്കിൽ ഞാൻ ഇട്ടിട്ട് പോവും "

അത് കേട്ടതും വർണ വേഗം ബാത്ത് റൂമിലേക്ക് കയറി വാതിൽ അടച്ചു. ദത്തൻ വാതിലിൽ ചാരി നിന്നു. അവൻ പോയോ എന്നറിയാൻ അവൾ ഇടക്കിടക്ക് ദത്താ ദത്താ എന്ന് വിളിക്കും അത് കേട്ട് ദത്തനും ചിരി വന്നിരുന്നു. അവൻ ഡോറിൽ ചാരി നിന്ന് ഫോണിൽ ഓരോന്ന് നോക്കുമ്പോഴാണ് വേലിക്കപ്പുറത്ത് നിന്ന് ഒരാൾ വിളിച്ചത്. " ദത്താ ഇന്നെന്താ പോകുന്നില്ലേ സമയം ആയലോ " അയാൾ ചോദിച്ചു. " പോവണം കേശവേട്ടാ . ശ്വാസം മുട്ടൽ കുറവുണ്ടോ " " ആഹ് ഉണ്ട്. രാവിലെ നല്ല മഞ്ഞാണല്ലോ അതിന്റെയാ ഈ ശ്വാസം മുട്ടൽ " അയാൾ ചിരിയോടെ പറഞ്ഞു. അപ്പുറത്തെ വീട്ടിലെ തള്ളയുടെ ഭർത്താവാണ് കേശവേട്ടൻ . തന്നോട് സ്നേഹത്തിൽ ഇടപഴകാറുള്ള അപൂർവ്വം ചിലരിൽ ഒരാൾ . കേശവേട്ടന് ഒരു ഭാര്യയും രണ്ട് മക്കളും ഉണ്ട് മൂത്തത് മകൾ ആണ് . പേര് സ്മിത. കല്യാണം കഴിഞ്ഞ് ഒരു കൊല്ലം കഴിഞ്ഞതും ഡിവേഴ്സ് ആയി ഇപ്പോ വീട്ടിൽ വന്നു നിൽക്കുന്നു. അവളുടെ ഡ്രസ്സാണ് ഇന്നലെ വർണക്ക് കൊടുത്തത്. രണ്ടാമത്തേത് സനൂപ് .തന്നെ പോലെ കള്ളുകുടിയുമായി നടക്കുന്നു.

പ്രെഫഷൻ സെയിം ആണെങ്കിലും ദത്തനും സനൂപും എപ്പോഴും തമ്മിൽ കണ്ടാൽ വഴക്കാണ്. " ദത്താ ഒന്നിങ്ങ് വന്നേ" കേശവേട്ടൻ കൈ വീശി കാണിച്ച് ദത്തനെ വിളിച്ചതും അവൻ രണ്ടടി മുന്നോട്ട് നടന്നു. "അയ്യോ ദത്താ പോവല്ലേ. ഒരു രണ്ടു മിനിറ്റ് ഇപ്പോ കഴിയും "വർണ അകത്ത് നിന്നും ഉറക്കെ പറഞ്ഞതും ദത്തൻ വീണ്ടും വാതിലിൽ ചാരി നിന്നു. കേശവേട്ടനോട് ഒരു രണ്ടു മിനിറ്റ് എന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ചു. "ഡീ പുല്ലേ നീ ഇറങ്ങുന്നുണ്ടോ എനിക്ക് വേറെ പണികൾ ഉള്ളതാ " ദത്തൻ ദേഷ്യത്തിൽ അലറിയതും വർണ കുളിച്ചിറങ്ങി. ദത്തൻ പ്രതീക്ഷിച്ചതു പോലെ കല്യാണത്തെ കുറിച്ച് ചോദിക്കാനായിരുന്നു കേശവേട്ടൻ വിളിച്ചത്. കൂട്ടത്തിൽ ഒരു വട്ട പാത്രം അവന് കൊടുക്കുകയും ചെയ്തു. "ഇലയടയാണ് " ദത്തൻ പുഞ്ചിരിയോടെ അത് വാങ്ങി. വർണ അപ്പോഴേക്കും തന്റെ ഡ്രസ്സെല്ലാം അലക്കി അഴയിൽ വിരിച്ച് ഉമ്മറത്തേക്ക് നടന്നു. " ഇവിടെ മൊത്തം പുല്ലും, കരിയിലയും ആണല്ലോ.വല്ല പാബും കടിക്കാതിരുന്നാൽ ഭാഗ്യം."

അപ്പോഴാണ് ഇന്നലെ ഡ്രസ്സ് തന്ന ആ ചേച്ചി അവിടെ മുറ്റം അടിക്കുന്നത് കണ്ടത്. വർണ ഒരു മടിയോടെ വേലിയുടേ അരികിലേക്ക് നടന്നു. " ശ്ശൂ....ശ്ശൂ...." ശബ്ദം കേട്ട ചേച്ചി മുറ്റമടി നിർത്തി തലയുയർത്തി ചുറ്റം നോക്കി. " ചേച്ചി ദേ.. ഇവിടെ .... ഞാനാ ചേച്ചിയെ ശ്ശൂ...ശ്ശൂ... വിളിച്ചത്." അത് പറഞ്ഞതും ആ ചേച്ചി വേലിയുടെ അരികിലേക്ക് വന്നു. " എന്താ ..." അവർ ഗൗരവത്തോടെ ചോദിച്ചു. "മുറ്റമടിക്കാൻ ഒരു ചൂലു തരുമോ ചേച്ചി. " " ഇല്ല . ചൂല് വേണമെങ്കിൽ കടയിൽ പോയാണ് ചോദിക്കേണ്ടത്. അല്ലാതെ ഇവിടെയല്ലാ." അവർ ദേഷ്യത്തിൽ പറഞ്ഞതും വർണക്ക് ചോദിക്കേണ്ടിയിരുന്നില്ല എന്ന് തോന്നി. "എന്താ അവിടെ " ദത്തൻ അടുക്കള ഭാഗത്തു നിന്നും മുൻവശത്തേക്ക് വന്നു. " അ..അത് ഒന്നുല്ല ദ... ദത്താ മോള് മുറ്റം തൂക്കാൻ ഒരു ചൂലു തരുമോ ചോദിച്ചതാ. മോള് ഇവിടെ നിൽക്ക് ചേച്ചി ഇപ്പോ ചൂലും എടുത്തിട്ട് വരാം " ആ സ്ത്രീ വേഗം പോയി ഒരു ചൂല്ല് എടുത്തു കൊണ്ട് വന്ന് വർണക്ക് കൊടുത്തു. അത് കണ്ട് വർണ്ണക്ക് ചിരി വന്നിരുന്നു. ദത്തൻ അത് ശ്രദ്ധിക്കാതെ കൈയ്യിലുള്ള പാത്രവുമായി അകത്തേക്ക് പോയി. "മുറ്റമേ നിനക്കിനി ക്ഷാപമോക്ഷം. വർഷങ്ങളായി ചൂലു പതിയാത്ത ഈ മണ്ണിൽ ഇന്നിതാ നിങ്ങളുടെ രക്ഷക്കായ് വർണ എത്തിയിരിക്കുന്നു. "

അവൾ വേഗം അവിടെയെല്ലാം വൃത്തിയാക്കാൻ തുടങ്ങി. "രാവിലെ തന്നെ ഉടുത്തൊരുങ്ങി എങ്ങോട്ടാണാവോ. കവലയിൽ വല്ല അടി പിടിക്കുമായിരിക്കും "ഷർട്ടിൻ്റെ സ്ലീവ്സ് മടക്കിവെച്ച് ഉമ്മറത്തേക്ക് വന്ന ദത്തനെ നോക്കി വർണ്ണ മനസിൽ പറഞ്ഞു. അവൻ മുണ്ട് മടക്കി കുത്തി ഉമ്മറത്തെ ചുമരിലായി വച്ചിരിക്കുന്ന ഹനുമാൻ സ്വാമിയുടെ ഫോട്ടോയ്ക്ക് മുൻപിൽ നിന്ന് ഒന്ന് പ്രാർത്ഥിച്ചു. "ആഞ്ജനേയ ഭക്തൻ ആണെന്ന് തോന്നുന്നു" അതുകണ്ട് വർണ്ണ പറഞ്ഞു. "ഡീ..." ദത്തൻ അവളെ കണ്ടതും ഉറക്കെ അലറി. " എന്താടാ"... അവളും ഒരു ഫ്ലോയിൽ അങ്ങ് പറഞ്ഞു. പിന്നെയാണ് താൻ എന്താണ് വിളിച്ചത് എന്ന ബോധം അവൾക്ക് വന്നത് . "രാവിലെ തന്നെ ചൂലും കൊണ്ട് ശകുനമായി നിന്നോളും നാശം" അവൻ അവളെയും ചൂലിനേയും മാറി മാറി നോക്കിക്കൊണ്ട് പറഞ്ഞു. " പിന്നെ... ശകുനം നോക്കി സർക്കാർ ഉദ്യോഗത്തിന് പോവല്ലേ ." "ഡി നിന്നോട് ഞാൻ ഇന്നലെ പറഞ്ഞു വെറുതെ എൻ്റെ മെക്കിട്ട് കയറാൻ വരേണ്ട എന്ന്.

അധികം കളിച്ചാൽ ഞാൻ എൻ്റെ വീട്ടിൽ നിന്നും ചവിട്ടി പുറത്താക്കും .നിനക്ക് കയറിച്ചെല്ലാൻ വേറെ ഇടമില്ല എന്ന് ഓർത്താൽ നന്ന്" അവൻ ദേഷ്യത്തിൽ പറഞ്ഞതും പിന്നെ വർണ്ണ ഒന്നും മിണ്ടാൻ പോയില്ല . അവൻ ബുള്ളറ്റിൻ്റെ കീ എടുത്തു അവളെ ഒന്ന് തറപ്പിച്ചു നോക്കിയ ശേഷം വണ്ടിയിൽ വന്നുകയറി . രണ്ടുമൂന്നു തവണ വണ്ടി സ്റ്റാർട്ട് ആക്കാൻ ശ്രമിച്ചിട്ടും സ്റ്റാർട്ട് ആവുന്നില്ല .അതുകണ്ട് വർണ്ണ ചിരിക്കാൻ തുടങ്ങി . "എന്താ ഇത്ര ചിരിക്കാൻ ഉള്ളത് "അവൻ അലറിക്കൊണ്ട് ചോദിച്ചു . "ഏയ് ഒന്നുമില്ല .മാസ്സ് ഡയലോഗ് ഒക്കെ പറഞ്ഞു വണ്ടിയിൽ കയറിയിട്ട് വണ്ടി സ്റ്റാർട്ട് ആവാത്ത ഒരു അവസ്ഥ ഉണ്ടല്ലോ... എന്താലെ..." താടിക്ക് കയ്യും കൊടുത്തുകൊണ്ട് വർണ പറഞ്ഞു. "ഒന്ന് ഇങ്ങോട്ട് വാ നീ "ദത്തൻ അവളെ അരികിലേക്ക് വിളിച്ചു . "അതുവേണ്ട ഞാൻ ഈ പറഞ്ഞതിന് തല്ലാൻ അല്ലേ .ആ വിചാരം മോൻ്റെ മനസ്സിലിരിക്കത്തേ ഉള്ളൂ." "തല്ലാൻ ആണെങ്കിൽ നീ ഇങ്ങോട്ട് വരേണ്ട ആവശ്യമില്ല ഞാൻ അവിടെ വന്ന് തരും . അതാണ് ഈ ദത്തൻ്റെ ശീലം.ഇത് അതൊന്നുമല്ല ഇങ്ങു വന്നേ "

അവൻ വീണ്ടും വിളിച്ചപ്പോൾ അവൾ ഒരു ചെറിയ മടിയോടെ അവൻ്റെ അടുത്തെത്തി . "എന്താ ദത്താ..." അവൾ ബഹുമാനത്തോടെ ചോദിച്ചു . "ഒന്ന് തള്ളിക്കേ" അത് കേട്ടതും അവൾ അവൻ്റെ മുന്നിലായി വന്നു നിന്നു. "നിങ്ങളെ കാണാൻ എന്തു ഭംഗിയാ എന്നറിയോ. മുഖത്തേക്ക് നോക്കിയ പിന്നെ കണ്ണെടുക്കാൻ തോന്നില്ല .നിങ്ങളെ ഭർത്താവായി കിട്ടിയത് എൻ്റെ പുണ്യമാണ് ..." "ഡി നിനക്കെന്താ വട്ടുണ്ടോ " "നിങ്ങൾ തന്നെയല്ലേ തള്ളാൻ പറഞ്ഞത്. ഇനിയും വേണോ"... "അധികം തമാശിക്കല്ലേ. നിന്നോട് വണ്ടി തള്ളാൻ ആണ് പറഞ്ഞത്" " ഓ...അതായിരുന്നോ. അതങ്ങോട്ട് വ്യക്തവും സ്പഷ്ടവുമായി പറയണ്ടേ സേട്ടാ ..." അതു പറഞ്ഞ് അവൾ പിന്നിൽ നിന്നും ബുള്ളറ്റ് തള്ളാൻ തുടങ്ങി. " തള്ളി തള്ളി വണ്ടി റോഡിന്റെ അവിടെ വരെ എത്തിയിട്ടും വണ്ടി മാത്രം സ്റ്റാർട്ട് ആയില്ല ." "ക്ഷീണിച്ചോ നീ "കിതക്കുന്ന വർണ്ണയെ നോക്കി ദത്തൻ ചോദിച്ചു. "ക്ഷീണിച്ചു"... അവൾ കിതച്ചു കൊണ്ട് തന്നെ പറഞ്ഞു. " നല്ലോണം ക്ഷീണിച്ചോ .." " മ്മ്..."അവൾ തലയാട്ടി കൊണ്ട് പറഞ്ഞു.

" വെരിഗുഡ് അതുതന്നെയാണ് എനിക്ക് വേണ്ടത് .ഇനി എനിക്കിട്ടു താങ്ങാൻ വരുമ്പോ തിരിച്ചും കിട്ടുമെന്ന് നീ ഓർത്തോ ."അത് പറഞ്ഞു അവൻ താക്കോൽ തിരിച്ച് വണ്ടി സ്റ്റാർട്ട് ചെയ്തു അവളെ കടന്ന് മുന്നോട്ടു പോയി . "എടാ കാലമാടാ നീ എനിക്കിട്ട് വച്ചതാണല്ലേ . ഇതിന് ഞാൻ തിരിച്ചു തന്നില്ലെങ്കിൽ എൻ്റെ പേര് വർണ്ണ എന്നല്ല.' അവൻ പോകുന്നത് നോക്കി അവൾ പറഞ്ഞു . ** മുറ്റത്തെ ചപ്പ് എല്ലാം അടിച്ചു കൂട്ടി കത്തിച്ചു കഴിഞ്ഞപ്പോഴേക്കും അവൾ ക്ഷീണിച്ചിരുന്നു. അവൾ കൈയ്യും കാലും മുഖവും കഴുകി വന്ന് അകത്തിരുന്നു. അപ്പോഴാണ് രാവിലെ ദത്തന്റെ കൈയ്യിലുണ്ടായ പാത്രത്തേ കുറിച്ച് അവൾക്ക് ഓർമ വന്നത്. വർണ വേഗം ചെന്ന് ആ പാത്രം തുറന്ന് നോക്കി. 3 അട ഉണ്ടായിരുന്നു. അതിലെ 2 എണ്ണം അവൾ എടുത്തു കഴിച്ചു. "ദത്തൻ കഴിച്ചു കാണുമോ എന്തോ " അവൾ പാത്രം അടച്ച് വച്ച് അടുക്കളയിലേക്ക് നടന്നു. ആകെ പൊടിയും മാറാലയും ആണ്. എലികളുടെ വിഹാര കേന്ദ്രവും ആണ്. പാത്രങ്ങളും അടുപ്പും ഒക്കെ ഉണ്ട്.

പക്ഷേ മൊത്തം അഴുക്കാണ് അവൾ പാത്രങ്ങൾ എല്ലാം എടുത്ത് മുറ്റത്തു കൊണ്ടുവന്നു വച്ചു. ശേഷം അടുക്ക അടിച്ച് വൃത്തിയാക്കി. പുഴയിൽ നിന്നും വെള്ളം കൊണ്ട് വന്ന് ഒഴിച്ച് മൊത്തത്തിൽ അടിച്ചു തളിച്ചു. "ഇത്രയും നല്ല ഒരു അടുക്കളയല്ലേ ആ തെമ്മാടി നാശാക്കി ഇട്ടത്. ഇത് അവന്റെ സ്വന്തം വീടാണോ . അതോ ഇനി വാടക വീടാണോ. ആണെങ്കിൽ ജോലിയും കൂലിയും ഇല്ലാത്ത അവൻ എങ്ങനെ വാടക കൊടുക്കും. ഈ ദേവദത്തൻ മൊത്തത്തിൽ ഒരു mystery man ആണല്ലോ. അങ്ങോട്ട് ഒന്നും പിടുത്തം കിട്ടുന്നില്ല. " അവൾ മുറ്റത്തുള്ള പാത്രങ്ങൾ എടുത്ത് പുഴ കടവിലേക്ക് നടന്നു. പാത്രങ്ങൾ ഒന്ന് വെള്ളത്തിൽ മുക്കിയെടുത്തു. "പാത്രം കഴുകാൻ സോപ്പൊന്നും ഇല്ല അപ്പുറത്തെ വീട്ടിലെ ചേച്ചിയോട് ചോദിച്ചാലോ. ദത്തന്റെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തിയാൽ തരും. പക്ഷേ വേണ്ടാ. എന്തിനാ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നത്. " അവൾ പുഴയിലെ മണൽ കൊണ്ട് തന്നെ പാത്രങ്ങൾ കഴുകി വ്യത്തിയാക്കി. അടുക്കളയിൽ പാത്രങ്ങൾ ഒതുക്കുമ്പോഴാണ് മുറ്റത്തു നിന്നും ഒരു വിളി കേട്ടത്.

" ചേച്ചീ... ചേച്ചീ" "ദാ വരുന്നു " അവൾ വേഗം കൈ തുടച്ചു കൊണ്ട് ഉമ്മറത്തേക്ക് നടന്നു. ഒരു പത്തു പന്ത്രണ്ട് വയസ് തോന്നിക്കുന്ന ഒരു ആൺകുട്ടിയായിരുന്നു അത്. "ദത്തേട്ടന്റെ ചേച്ചിയല്ലേ " അവൻ ചോദിച്ചു. "ദത്തേട്ടന്റെ ചേച്ചിയോ. എന്നെ കണ്ടാൽ അയാളുടെ ചേച്ചിയാവാനുള്ള പ്രായം ഒക്കെ ഉണ്ടാ" അവൾ സ്വയം ആലോചിച്ചു. " ചേച്ചീ ...ഇനി ഈ ചേച്ചിക്ക് ചെവി കേൾക്കില്ലേ " അവൻ സ്വയം ചോദിച്ചു. "എനിക്ക് ചെവി കേൾക്കും മോൻ എതാ " " ഞാൻ ചന്തു. ദത്തേട്ടന്റെ അസിസ്റ്റന്റ് ആണ് . ചേച്ചി ദത്തേട്ടന്റെ ചേച്ചി അല്ല ഭാര്യ അല്ലേ " " മ്മ് " വർണ പതിയെ ഒന്ന് മൂളി. " ഇത് ദത്തേട്ടൻ കൊടുത്തയച്ചതാ . " അത് പറഞ്ഞ് ആ പയ്യൻ കയ്യിലെ പൊതി അവളുടെ കൈയ്യിൽ കൊടുത്തിട്ട് തിരികെ പോയി. " ദത്തന് അസിസ്റ്റന്റോ . അമ്പോ ഹൈടെക് ഹൈടെക് " അവൾ പൊതിയുമായി അകത്തേക്ക് നടന്നു. ദോശയായിരുന്നു അത്. അവൾ വേഗം അത് കഴിച്ചു. മനസിനും വയറിനും വല്ലാത്ത സമാധാനം അവൾ വാതിൽ അടച്ച് റൂമിൽ വന്ന് കിടന്നു.

അവന്റെ റൂമിലെ ടേബിളിൽ നല്ല വൃത്തിയിൽ കുറച്ച് ബുക്കുകൾ അടുക്കി വച്ചിട്ടുണ്ട്. അവൾ അതെല്ലാം ഒന്നെടുത്ത് നോക്കി. മൊത്തം ഇഗ്ലീഷ് ബുക്കാണ്. " അയാൾക്ക് ഇഗ്ലീഷോക്കെ അറിയുമോ . ഇതൊക്കെ ബുജികൾ വായിക്കുന്ന ബുക്കുകളാണല്ലാ. ഞാനും കുറച്ചൊക്കെ വായിക്കും. ബാലരമാ, ബാലഭൂമി പിന്നെ കളികുടുക്ക " പണികൾ ചെയ്തതു കൊണ്ട് അവൾ ബെഡിൽ കിടന്നതും ഉറങ്ങി പോയി. ** " ചേച്ചി ... ചേച്ചി " ഉച്ചക്ക് ആ പയ്യന്റെ വിളി കേട്ടാണ് അവൾ ഉണർന്നത്. മുടിയെല്ലാം നെറുകയിൽ വാരി കെട്ടി അവൾ ചെന്ന് വാതിൽ തുറന്നു. ആ പയ്യൻ പുഞ്ചിരിയോടെ മുറ്റത്തു നിൽക്കുന്നുണ്ട്. "എന്തിനാ ഇങ്ങനെ ആ വെയിലത്ത് നിൽക്കുന്നേ അകത്തേക്ക് വാന്നേ " അവൾ പറഞ്ഞതും ആ പയ്യൻ ചെരുപ്പൂരി അകത്തേക്ക് വന്നു. "ദത്തേട്ടൻ തരാൻ പറഞ്ഞു. " അവൻ കയ്യിലെ കവർ വർണക്ക് കൊടുത്ത് തിരികെ നടന്നു. "അങ്ങനെ അങ്ങ് പോയാലോ മാഷേ. ഞാനൊന്ന് ചോദിക്കട്ടെ " അവനെ പിടിച്ചു നിർത്തി കൊണ്ട് വർണ പറഞ്ഞു. " പേര് എന്താ എന്നാ പറഞ്ഞേ "

അവനെ തിണ്ണയിൽ പിടിച്ചിരുത്തി കൊണ്ട് വർണ ചോദിച്ചു. "ചന്ദ്രിത്. ദത്തേട്ടൻ ചന്തു എന്ന് വിളിക്കും. ചേച്ചിടെ പേരെന്താ " "എന്റെ പേര് വർണ്ണ എന്നാ . ചന്തു എത്രയിലാ പഠിക്കുന്നേ " " എഴിലാ ചേച്ചി " " അപ്പോ ക്ലാസ്സ് ഇല്ലേ ഇന്ന് " " ഉണ്ട് . പക്ഷേ ഒരു മാസത്തിൽ പത്ത് ദിവസം ഞാൻ ലീവായിരിക്കും. " "അതെന്താ 10 ദിവസത്തെ കണക്ക്. ഈ പത്ത് ദിവസം നീ എന്താ ചെയ്യുക " " ദത്തേട്ടന്റെ ഒപ്പം വർഷോപ്പിൽ അസിസ്റ്റന്റായി നിൽക്കും " " വർഷോപ്പിലോ " ദത്തൻ വർ ഷോപ്പിൽ പണിക്കു പോകുന്നത് അവൾക്ക് പുതിയ ഒരു അറിവായിരുന്നു. "അതെ.. ദത്തേട്ടൻ ഒരു മാസത്തിൽ 10 ദിവസം പണിക്ക് പോകും എന്നിട്ട് പൈസ ഉണ്ടാകും. ബാക്കി 20 ദിവസം ആ പൈസ കൊണ്ട് അടിച്ച് പൊളിക്കും. അതാ ദത്തേട്ടന്റെ പോളിസി. എനിക്കും വലുതായിട്ട് ദത്തേട്ടനെ പോലെയാവാനാ ആഗ്രഹം " ചന്തു പറയുന്നത് കേട്ട് അന്തം വിട്ടിരിക്കുകയായിരിന്നു വർണ . "നീ ആകെ ഒരു തീപ്പെട്ടി കൊള്ളിടെ അത്ര അല്ലേ ഉള്ളൂ. അപ്പോ വർഷോപ്പിൽ എന്ത് പണി ചെയ്യാനാ "

" ഞാൻ ദത്തേട്ടന് സ്പാനർ എടുത്തു കൊടുക്കും, ഭക്ഷണം ഉച്ചക്ക് വാങ്ങിച്ച് കൊണ്ടുവന്നു കൊടുക്കും. എനിക്ക് അപ്പോ ഒരു ദിവസം 500 രൂപ തരും " "എന്നിട്ട് ആ പൈസ എന്താ ചെയ്യുക " " അമ്മക്ക് മരുന്ന് വാങ്ങിക്കും. അമ്മക്ക് വയ്യാ കിടപ്പിലാണ് " അവൻ സങ്കടത്തോടെ പറഞ്ഞു. അത് കണ്ട് വർണക്കും പാവം തോന്നി. "ചന്തുന്ന് ചേച്ചി ഒരു സാധനം തരാവേ .ഇപ്പോ വരാം " അത് പറഞ്ഞ് അവൾ അകത്തു നിന്നും പാത്രത്തിലുള്ള അട എടുത്ത് കൊണ്ടുവന്ന് അവന് കൊടുത്തു. " ഇത് എനിക്കാണോ ചേച്ചി " സന്തോഷത്താൽ അവന്റെ മുഖം വിടർന്നിരുന്നു. "ചന്തു അല്ലാതെ ഇവിടെ വേറെ ആരും ഇല്ലാലോ " " താങ്ക്യു ചേച്ചി " സന്തോഷത്തോടെ അവൻ വാങ്ങി കഴിക്കാൻ തുടങ്ങി. " ചേച്ചി ഞാൻ ഒരു കാര്യം പറയട്ടെ. ദത്തേട്ടന്റെ കല്യാണം കഴിഞ്ഞു എന്ന് പറഞ്ഞപ്പോ ഞാൻ വിചാരിച്ചത് മറ്റേ ആ ചേച്ചി ഇല്ലേ ആ ചേച്ചിയാ ദത്തേട്ടന്റെ ഭാര്യ എന്നാ .പിന്നെ രാവിലെ ചേച്ചിയെ നേരിൽ കണ്ടപ്പോഴാ എനിക്ക് ആള് മാറി എന്ന് മനസിലായത് " അട കഴിച്ചു കൊണ്ട് അവൻ പറഞ്ഞു. "എത് ചേച്ചി "

" പേരൊന്നും എനിക്കറിയില്ല. കാണാൻ നല്ല ഭംഗിയുള്ള , നല്ല മുടിയൊക്കെയുള്ള ഒരു ചേച്ചിയാ " അത് കേട്ടപ്പോൾ തന്നെ ആമി ചേച്ചിയെ ആണ് ഉദേശിച്ചത് എന്ന് അവൾക്ക് മനസിലായി. "അപ്പേ എന്നേ കാണാൻ ഭംഗിയില്ലാ എന്നാണോ " "അങ്ങനെയല്ല ചേച്ചി. വർണ ചേച്ചിയെ കാണാനും ഭംഗിയുണ്ട്. അല്ലെങ്കിലും എനിക്ക് ആ ചേച്ചിയെക്കാളും ഈ ചേച്ചിയെയാ ഇഷ്ടായേ " അവൻ പറയുന്നത് കേട്ട് വർണക്ക് ചിരി വന്നു. "ദത്തന് ആ ചേച്ചിയെ ഇഷ്ടമാണോ ?" "അതെനിക്ക് അറിയില്ലാ ചേച്ചി. പക്ഷേ ആ ചേച്ചി റോഡിലൂടെ നടന്നു പോകുമ്പോൾ ദത്തേട്ടൻ ഇങ്ങനെ നോക്കി ഇരിക്കാറുണ്ട് " താടിക്ക് കൈ കൊടുത്ത് ചന്തു പറഞ്ഞു. " അപ്പോ നാട്ടിലെ പിട കോഴികളുടെ ദർശന സുഖമായ ദേവ ദത്തനും പൂവൻ കോഴികളുടെ സ്വപ്ന സുന്ദരി ആത്മികയും പരസ്പരം അറിയാതെ അണ്ടർ ഗ്രവുണ്ട് വഴി ലൈൻ വലിച്ചിരുന്നു ലേ.

പക്ഷേ ദത്തൻ എന്ന നറുക്ക് വീണത് എന്റെ തലയിലാണ് " അവൾ ചിരിയോടെ പറഞ്ഞു എങ്കിലും മനസിൽ എവിടേയോ ഒരു നോവ് അവൾ പോലും അറിയാതെ ഉടലെടുത്തു. " എന്നാ ഞാൻ ഇറങ്ങട്ടേ ചേച്ചി. ഇനിയും എന്നേ കാണാതായാൽ ദത്തേട്ടൻ വഴക്ക് പറയും. " " ശരി ചന്തു. ഇടക്ക് ഇതുവഴിയോക്കെ വാ . " " വരാം ചേച്ചി " അവൻ മുറ്റത്തേക്ക് ഇറങ്ങി. " ചേച്ചി എത്രയിലാ പഠിക്കുന്നേ " " പിജി ഫസ്റ്റ് ഇയർ .എന്തേ ...." " ചേച്ചി ആകെ ഒരു തീപ്പെട്ടി കൊള്ളിടെ അത്ര അല്ലേ ഉള്ളൂ. അപ്പോ കോളേജിൽ പോയിട്ട് എന്ത് ചെയ്യാനാ . ഒറ്റക്ക് പുറത്തൊന്നു പോകണ്ട കാറ്റടിച്ചാൽ പറന്നു പോകും" അവൻ കളിയാക്കി കൊണ്ട് പുറത്തേക്ക് ഓടി. "ഡാ നിന്നെ ഞാൻ " ചന്തു പോകുന്നത് നോക്കി വർണ ഉമ്മറത്ത് തന്നെ നിന്നു....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story