എൻ കാതലെ: ഭാഗം 20

enkathale

എഴുത്തുകാരി: അപർണ അരവിന്ദ്‌

" ദത്തൻ ... അവന് വയ്യാ ഉത്തരവാദിത്തമുള്ള ആരെയെങ്കിലും കൊണ്ടുവരാൻ പറഞ്ഞു. പിന്നെ ജിത്തുവേട്ടന് ഓപ്പറേഷൻ വേണം. അതിന് 5 ലക്ഷം രൂപ വേണം.. പ്ലീസ് ഞാൻ ഒന്ന് അമ്മായിയെ കണ്ടോട്ടേ ?. " 5 ലക്ഷം രൂപേയൊക്കെ ആ തള്ള എവിടെന്ന് എടുത്ത് തരാനാ. നിന്നെ ഞാൻ സഹായിക്കാം. നിനക്ക് വേണ്ടി അഞ്ചല്ലാ അൻപത് ലക്ഷം ഞാൻ തരും . പക്ഷേ പകരം മറ്റു ചില ഉപകാരം തിരിച്ചും ചെയ്യണം എന്ന് മാത്രം " വഷളൻ ചിരിയോടെ അഭി പറയുന്നത് കേട്ട് വർണ ദേഷ്യത്തോടെ മുഖം തിരിച്ചു. " ഛി... നിർത്തടാ നിന്റെ അധിക പ്രസംഗം. നീ കുറേ നേരമായല്ലോ തുടങ്ങീട്ട്. നീ ഞങ്ങളെ കുറിച്ച് എന്താ കരുതിയത്. നീ പറയുന്നതെല്ലാം കേട്ട് തല കുനിച്ച് നിൽക്കുന്നവർ ആണെന്നോ. അതൊക്കെ അങ്ങ് ബാഗ്ലൂരിൽ നിന്റെ കൂടെ നടക്കുന്നവൾമരോട് പറഞ്ഞാ മതി. ആ സ്വഭാവം ഇവിടെ കാണിച്ചാൽ അടിച്ച് നിന്റെ മോന്തയുടെ ഷേപ്പ് മാറ്റും ഞാൻ . ഞാൻ ഒരു വാക്ക് പറഞ്ഞാൽ നിന്റെ കയ്യും കാലും തല്ലിയൊടിക്കാൻ ഒരാൾ ഇങ്ങ് വരും.

നിനക്ക് ഓർമയുണ്ടല്ലോ നീ പണ്ട് കോളേജിൽ പഠിക്കുമ്പോൾ നീ കയ്യിൽ കയറി പിടിച്ച ശ്രവണിയെ . അതിന്റെ പേരിൽ നിന്റെ മുഖത്തിന്റെ ഷേപ്പ് മാറ്റിയ ശ്രാവണിനെ നന്നായി ഓർമ കാണുമല്ലോ. ആ ശ്രാവൺ എന്റെ മുറച്ചെറുക്കനാ. പണ്ടത്തെ പോലെയല്ലാ ആൾ ഇപ്പോ ആർമിയിലാ . ഞാൻ ഒരു വാക്ക് ആളോട് പറഞ്ഞാ മതി . ബാക്കി കാര്യം ഞാൻ പറയണ്ടല്ലോ . ഞങ്ങൾക്ക് നിന്റെ ഒരു സഹായവും വേണ്ടാ. വാ വർണ്ണ മോളേ " അത് പറഞ്ഞ് വേണി വർണ യുടെ കൈ പിടിച്ച് പുറത്തേക്ക് നടന്നു. "നമ്മൾ ഇനി എന്താ ചെയ്യുക ...എനിക്ക് ഒരു എത്തും പിടിയും കിട്ടുന്നില്ല" വർണ്ണ ടെൻഷനോടെ പറഞ്ഞു . "നമ്മൾ ഇങ്ങനെ പേടിച്ചിട്ട് കാര്യമില്ല വർണ. നമുക്ക് എന്തായാലും വീട്ടിൽ ഒന്ന് പോയി നോക്കാം. അവിടെ അച്ഛനും അമ്മയും ഉണ്ട്." വേണി വർണയുടെ കയ്യും പിടിച്ച് അവളുടെ വീട്ടിലേക്ക് നടന്നു. വീടിന്റെ മുറ്റത്ത് എത്തിയതും വർണ്ണ അവളെയൊന്ന് പിടിച്ചുനിർത്തി . "വേണ്ട... വേണി ... നമ്മുക്ക് തിരിച്ചു പോകാം" "അതെന്താ" " നിന്റെ അച്ഛന് വയ്യാത്തതല്ലേ .ആ ഹോസ്പിറ്റൽ ചെലവ് തന്നെ നിങ്ങൾ എത്ര കഷ്ടപ്പെട്ടിട്ടാണ് നോക്കുന്നതെന്ന് എനിക്കറിയാം.

അതുകൊണ്ട് അച്ഛനോടും അമ്മയോടും ഇതിനെക്കുറിച്ച് പറയേണ്ട . നീ എന്റെ കൂടെ വാ..ഒരു വഴിയുണ്ട് " അത് പറഞ്ഞ് വർണ്ണ വേണിയേയും കൂട്ടി ദത്തന്റെ വീട്ടിലേക്കാണ് പോയത്.കീ ഉപയോഗിച്ച് ഡോർ തുറന്ന് അവൾ വേഗത്തിൽ റൂമിലേക്ക് ഓടി . വേണി റൂമിലേക്ക് വരുമ്പോൾ അലമാരയിലും മേശയിലും ആയി എന്തൊക്കെയോ തിരയുന്ന വർണ്ണയെ ആണ് കണ്ടത് . "ഇവൻ ഇത് എവിടെയാ കൊണ്ടുപോയി വച്ചിരിക്കുന്നത്... അത്യാവശ്യസമയത്ത് ഒരു സാധനം നോക്കിയാൽ കാണില്ലല്ലോ." വർണ്ണ പിറുപിറുത്തുകൊണ്ട് ഓരോന്ന് തിരിയാൻ തുടങ്ങി. ഒപ്പം അവളുടെ കണ്ണിൽ നിന്നും കണ്ണീര് ധാരയായി ഒഴുകുന്നുണ്ട്. പക്ഷേ വാശിയോടെ കണ്ണീർ തുടച്ചുനീക്കി അവൾ വീണ്ടും തിരയാൻ തുടങ്ങി . "നീ എന്താ വർണ്ണ ഇങ്ങനെ നോക്കുന്നത് "ഒന്നും മനസ്സിലാവാതെ വേണി ചോദിച്ചു. " ദത്തൻ്റെ എടിഎം കാർഡ്.... അത് എവിടെയാ വെച്ചിരിക്കുന്നേ എന്ന് നോക്കുകയാ"വർണ്ണ തിരഞ്ഞു കൊണ്ട് തന്നെ പറഞ്ഞു അത് കേട്ടതും വേണിയും എല്ലായിടത്തും കാർഡ് തിരയാൻ തുടങ്ങി. ഒരു മണിക്കൂറോളം അവർ വീടിനുള്ളിൽ മൊത്തം അത് തിരഞ്ഞു .

പക്ഷേ കിട്ടിയില്ല . വർണ്ണ കരച്ചിലോടെ ബെഡിൽ വന്നു ഇരുന്നു. ഇത്രയും നേരം സംഭരിച്ചു വച്ചിരുന്ന ധൈര്യമെല്ലാം ചോർന്നു പോകുന്ന പോലെ. അവൾ മുഖം പൊത്തി കരയാൻതുടങ്ങി. " ഇങ്ങനെ കരയാതെ വർണ മോളെ.. എടിഎം കാർഡ് കിട്ടിയിട്ടും കാര്യമില്ല. ഒരുദിവസം മാക്സിമം 20000 രൂപയെ അതിൽ നിന്നും പിൻവലിക്കാൻ പറ്റുള്ളൂ. നമുക്ക് വേണ്ടത് 5ലക്ഷവും. പിന്നെ എന്ത് ചെയ്യാനാ.... നമുക്ക് വേറെ വല്ല വഴിയും നോക്കാം" വേണി അവളുടെ തോളിൽ കൈവെച്ചു കൊണ്ട് പറഞ്ഞു. " എനിക്കറിയില്ല ഇനി എന്താ ചെയ്യേണ്ടത് എന്ന് .സഹായം ചോദിക്കാൻ പോലും ഒരാളില്ല. എന്ത് നശിച്ച ജന്മം ആണോ എൻ്റെ . ജനിച്ചപ്പോൾ തന്നെ അമ്മ പോയി .ഓർമ വയ്ക്കുന്നതിനു മുൻപ് അച്ഛനും. സ്വന്തമെന്നു പറയാൻ ആകെ ഉണ്ടായിരുന്നത് ദത്തനാ... ഇപ്പൊ അവനും എന്നിൽ നിന്നും അകന്നു പോവുകയല്ലേ .എന്റെ ദോഷം കൊണ്ടാ ഇതെല്ലാം ഉണ്ടായത് " അവൾ കരഞ്ഞു കൊണ്ട് ബെഡ്ഡിൽ കിടന്നു. ഒന്ന് ശ്വാസമെടുക്കാൻ പോലും അവർക്ക് കഴിഞ്ഞില്ല. " വർണ്ണ നീ ഇങ്ങനെ കരയാതെ.

എന്തെങ്കിലും ഒരു വഴി കാണും .ഞാൻ കുറച്ച് വെള്ളം എടുത്തിട്ട് വരാം" അത് പറഞ്ഞു വേണി നേരെ അടുക്കളയിലേക്ക് നടന്നു. ദത്തനെ കുറിച്ച് ആലോചിക്കുന്തോറും വർണയുടെ സങ്കടം കൂടിക്കൂടി വന്നു. കണ്ണടയ്ക്കുമ്പോൾ കണ്മുന്നിൽ ഐസിയുവിൽ കിടക്കുന്ന ദത്തനും കരഞ്ഞുകൊണ്ട് തളർന്നിരിക്കുന്ന കോകിലയുടെ മുഖവും ആണ്. പെട്ടെന്ന് എന്തോ ഓർത്ത് പോലെ അവൾ ബെഡിൽ നിന്നും ചാടി എണീറ്റു .മേശപ്പുറത്ത് അടുക്കിവെച്ചിരിക്കുന്ന ബുക്കുകൾടയിൽ നിന്നും ദത്തൻ അന്ന് തന്ന അഡ്രസ്സ് തിരഞ്ഞുകൊണ്ടിരുന്നു . വേണി വെള്ളവുമായി വരുമ്പോൾ കയ്യിൽ ഒരു പേപ്പറും പിടിച്ച് ആലോചിച്ചു നിൽക്കുന്ന വർണയെയാണ് കണ്ടത് . "ദാ.. ഇത് കുടിക്ക് "ഗ്ലാസ് കൊടുത്തുകൊണ്ട് വേണി പറഞ്ഞു വർണ്ണ വെള്ളം വാങ്ങി ഒറ്റയടിക്ക് മുഴുവനായി കുടിച്ചു . "നമുക്ക് ഭാഗ്യമുണ്ടെങ്കിൽ മുന്നിൽ ഒരു വഴിതെളിഞ്ഞു വരും വേണി" വർണ്ണ തിരികെ ഗ്ലാസ് കൊടുത്തുകൊണ്ട് പറഞ്ഞു.

" എന്തു വഴിയാണ് ..." "അതൊക്കെ പറയാം .നീ നിന്റെ ഫോൺ ഒന്ന് എനിക്ക് താ . എൻ്റെ ഫോണ് ബാഗിലാണ്. അത് ഹോസ്പിറ്റലിലാ " വേണിയുടെ ഫോൺ വാങ്ങിയതും അതിലേക്ക് അനുവിൻറെ കോൾ വന്നതും ഒരുമിച്ചായിരുന്നു . കോൾ എടുത്തതും മറുഭാഗത്ത് നിന്നും എന്തൊക്കെയോ കരച്ചിൽ ഉയർന്നു കേൾക്കുന്നുണ്ട് . "അനു എന്താ പറ്റിയേ.... എന്താ കാര്യം... അത് ചോദിക്കുമ്പോൾ വർണയ്ക്ക് ശബ്ദംപോലും പുറത്തു വന്നിരുന്നില്ല . " കോകില ചേച്ചി .... ചേച്ചി...ഹോസ്പിറ്റൽ ബിൽഡിങ്ങിന് മുകളിൽ നിന്ന് ചാടൻ ശ്രമിച്ചു. ഞാൻ ഒരുപക്ഷേ കണ്ടില്ലായിരുന്നെങ്കിൽ.... എനിക്ക് പേടിയാവുന്നു വർണ്ണ... ഒന്ന് വേഗം വാ....ദത്തേട്ടന് ആണെങ്കിൽ എന്തോ കുഴപ്പം ഉണ്ട് എന്നു തോന്നുന്നു .ഡോക്ടർമാർ അങ്ങോട്ടുമിങ്ങോട്ടും ഇടയ്ക്കിടെ പോകുന്നുണ്ട് .എന്നോട് രണ്ടുമൂന്നു വട്ടം ഉത്തരവാദിത്തപ്പെട്ട ആരും വന്നില്ലേ എന്ന് ചോദിച്ചു. എനിക്ക് കൈയും കാലും വിറച്ചിട്ടു വയ്യ... ഒന്ന് വേഗം വാ " വർണ്ണക്ക് അതിനുള്ള മറുപടി പോലും കൊടുക്കാൻ കഴിഞ്ഞിരുന്നില്ല. " നീ പേടിക്കാതെ അനു .ഞങ്ങൾ ഇപ്പോ വരാം" വേണി അവളെ സമാധാനിപ്പിച്ചു .

"വർണ വേഗം വാ ...നമുക്ക് എത്രയും പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തണം.." വേണി തിടുക്കപ്പെട്ടു കൊണ്ട് പറഞ്ഞു . "പോകാം... അതിനുമുമ്പ് ഒരു അവസാനത്തെ ഒരു വഴി കൂടിയുണ്ട് "അതുപറഞ്ഞ് വേണിയുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി വർണ്ണ പേപ്പറിൽ ഉള്ള നമ്പറിലേക്ക് ഡയൽ ചെയ്തു. ആദ്യത്തെ റിങ്ങിൽ തന്നെ കോൾ അറ്റൻഡ് ആയി . "ഹലോ ..."മറു ഭാഗത്തു നിന്നും ഗാംഭീര്യം നിറഞ്ഞ ഒരു ശബ്ദം അവൾ കേട്ടു. " ഹ...ലോ ഇത് മു...മുകുന്ദൻ സാർ ആ...ആണോ "അവൾ വിറയ്ക്കുന്ന ശബ്ദത്തോടെ ചോദിച്ചു. " അതേ ...ഇതാരാണ് ..." "ദത്തന്.... അവനു വയ്യാ... ഹോസ്പിറ്റലിലാണ്.. സീരിയസാണ് എന്നാ ഡോക്ടർ പറഞ്ഞത്. ഉത്തരവാദിത്തപ്പെട്ട ആരോടെങ്കിലും വേഗം വരാൻ പറഞ്ഞു. ഒന്നു വരുമോ..." അവൾ തേങ്ങലോടെ ചോദിച്ചു. "ഏതു ഹോസ്പിറ്റൽ "മറു ഭാഗത്തുനിന്നും ചോദിച്ചു. " ഇവിടെ ത്യശ്ശൂർ സിറ്റി ഹോസ്പിറ്റലിലാണ് ." "ശരി ...ഞാൻ ഉടനെ എത്താം" അത് പറഞ്ഞതും വർണ ഒരു ആശ്വാസത്തോടെ കോൾ കട്ട് ചെയ്തു. "ആരാ അത് " വേണി "അറിയില്ല.... ദത്തൻ പണ്ട് തന്ന ഒരു നബർ ആണ്.

എനിക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ദത്തൻ കൂടെയില്ലാത്ത സമയത്താണെങ്കിൽ ഈ നമ്പറിലേക്ക് വിളിക്കാൻ പറഞ്ഞു " "ശരി വാ... നമുക്ക് വേഗം ഹോസ്പിറ്റലിലേക്ക് പോകാം. അവിടെ അനു ആകെ പേടിച്ചിരിക്കുകയാണ് " അവർ ഹോസ്പിറ്റലിൽ എത്തിയതും ജിത്തുവിന്റെ മുറിക്കു മുന്നിൽ വല്ലാത്ത ഒരു ബഹളമായിരുന്നു. കരഞ്ഞ് നിലവിളിക്കുന്ന കോകിലയും അവളെ പിടിച്ചു നിർത്താൻ ശ്രമിക്കുന്ന അനുവും... പേടിച്ചിട്ടാണെന്ന് തോന്നുന്നു അനുവും നന്നായി കരയുന്നുണ്ട് . വർണ്ണയും വേണിയും വേഗം അവരുടെ അരികിലേക്ക് ഓടിയെത്തി . "ചേച്ചി ...."വേണി കോകിലയേ ഇരുകൈകൾകൊണ്ടും ചുറ്റിപ്പിടിച്ചു . "ജിത്തു.... ജിത്തുവേട്ടൻ എന്നെ വിട്ടു പോകും ...എനിക്കത് സഹിക്കാൻ പറ്റില്ല.. അതിനു മുൻപ് എനിക്ക് പോകണം ..." അവൾ വേണിയുടെ കയ്യിൽനിന്നും കുതറി കൊണ്ട് പറഞ്ഞു. " ചേച്ചി നിർത്ത്.... ഞങ്ങൾ ആകെ ഭ്രാന്ത് പിടിച്ചിരിക്കുകയാണ് .അതിനിടയിൽ ചേച്ചി കൂടി ഇങ്ങനെ ആയാൽ ഞാൻ എങ്ങനെ പ്രതികരിക്കും എന്ന് എനിക്ക് തന്നെ അറിയില്ല. ജിത്തു ചേട്ടന് ഒന്നും സംഭവിച്ചില്ല .

അത് ഞാൻ തരുന്ന ഉറപ്പാണ് " വർണ്ണ കോകിലയെ നോക്കി ഉറക്കെ അലറിക്കൊണ്ട് പറഞ്ഞു .ശേഷം നിറഞ്ഞൊഴുകിയ കണ്ണുകൾ തുടച്ചുകൊണ്ട് അവൾ ദത്തൻ കിടക്കുന്ന ഐസിയുവിനു മുന്നിലെ ചെയറിലായി ഇരുന്നു . ആകെ വല്ലാത്ത ഒരു അവസ്ഥയിലായിരുന്നു വർണ്ണ .കുറച്ചു മുൻപ് വിളിച്ച ആൾ സഹായിക്കാനായിഎത്തും എന്നുള്ള ഒരു പ്രതീക്ഷ മാത്രമാണ് അവളുടെ മനസ്സിൽ ആകെയുണ്ടായിരുന്നത്. കണ്ണടച്ച് അവൾ ചുമരിൽ ചാരി ഇരുന്നു. കുറച്ചു കഴിഞ്ഞതും തൊട്ടടുത്തായി ആരോ വന്നിരുന്നു . "സോറി ഞാൻ പെട്ടെന്ന് സങ്കടം സഹിക്കാതായപ്പോൾ ചെയ്തതാ ... എൻ്റെ ജിത്തുവേട്ടന് ഒന്നുമില്ല... എനിക്കറിയാം എന്നെ ഒറ്റയ്ക്കാക്കി ഏട്ടന് എവിടെയും പോകാൻ കഴിയില്ല " കോകില വർണയുടെ തോളിൽ കൈവെച്ചു കൊണ്ട് പറഞ്ഞു .വർണ്ണ കോകിലയെ കെട്ടിപ്പിടിച്ച് അലറിക്കരഞ്ഞു. മനസ്സിലുള്ള സങ്കടങ്ങളെല്ലാം കണ്ണീരാൽ അവർ ഒഴുക്കിവിട്ടു .

അവർക്ക് ഒരു ആശ്രയം എന്നോണം താങ്ങും തണലുമായി അനു വേണിയും കൂടെ തന്നെ ഉണ്ടായിരുന്നു . അരമണിക്കൂർ കഴിഞ്ഞതുംഒരു ബ്ലൂ കളർ ഷർട്ടും വെള്ളമുണ്ടും ഉടുത്ത ഒരാൾ ഐസിയുവിൽ മുന്നിലേക്ക് വന്നു. കാണുമ്പോൾ തന്നെ പ്രതാപം തോന്നിക്കുന്ന ഒരു മദ്യവയസ്കൻ .ഐസിയു മുന്നിലായി ഇരിക്കുന്ന നാലു പെൺ കുട്ടികളേയും ഒന്നു നോക്കിയ അയാൾ ഡോക്ടറിന്റെ ക്യാമ്പിലേക്ക് നടന്നു . പിന്നീട് എല്ലാം പെട്ടെന്നായിരുന്നു ജിത്തുവിൻ്റെ ഓപ്പറേഷൻ കഴിഞ്ഞു . ദത്തന് കൂടുതൽ ചികിത്സകൾ നൽകാൻ തുടങ്ങി. ഒപ്പം മറ്റു കൂട്ടുകാർക്കും . സീരിയസ് അല്ലെങ്കിലും മറ്റുള്ളവർക്കും അത്യാവശ്യം നല്ല രീതിയിൽ തന്നെ മുറിവേറ്റിട്ടുണ്ട്. രണ്ടുദിവസം മാറ്റങ്ങളൊന്നുമില്ലാതെ അങ്ങനെ കടന്നുപോയി. അനുവും വേണിയും അവരുടെ കൂടെത്തന്നെ ഉണ്ടായിരുന്നു . ഭക്ഷണം പോലും കഴിക്കാതെ അവർ നാലുപേരും രണ്ടുദിവസം ഐസിയുവിൻ്റെ മുന്നിൽ തന്നെ കഴിച്ചുകൂട്ടി . രണ്ടാമത്തെ ദിവസം ഉച്ചതിരിഞ്ഞ് വർണക്ക് പരിചയമില്ലാത്ത ആരൊക്കെയോ ദത്തനെ കാണാനായി ഐസിയുവിൻ്റെ മുന്നിൽ വന്നിരുന്നു .

അവരെ കണ്ടപ്പോൾ തന്നെ ദത്തന്റെ ബന്ധുക്കൾ ആണെന്ന് വർണക്ക് മനസ്സിലായി. കാണുമ്പോൾ തന്നെ അറിയാം നല്ല പണവും പ്രതാപവും ഉള്ള കുടുംബക്കാർ ആണെന്ന് . " ഈ കാര്യം ഞാൻ എൻ്റെ പാറു മോളെ അറിയിച്ചിട്ടില്ല. അവൾ എങ്ങാനും അറിഞ്ഞാൽ ചങ്കുപൊട്ടി ഇവിടെ ഓടി വരും. ദത്തൻ എന്നു പറഞ്ഞാൽ അവൾക്ക് ജീവനാ ..." ഐസിയുവിൻ്റെ മുന്നിൽ നിൽക്കുന്ന 45,50 വയസ്സ് തോന്നിക്കുന്ന ഒരു സ്ത്രീ മറ്റൊരു സ്ത്രീയോട് ആയി പറയുന്നത് കേട്ട് വേണിയുടെ തോളിൽ തല ചായ്ച്ചു വച്ചിരുന്ന വർണ്ണ ഒന്ന് തല ഉയർത്തി നോക്കി . "പാറു.... ദത്തൻ എന്ന് വെച്ചാൽ അവൾക്ക് ജീവനാ...." ഒരു നിമിഷം വർണയുടെ മനസ്സിൽ വല്ലാത്ത ഒരു അസ്വസ്ഥത നിറഞ്ഞു വന്നു . ഒരു ആശ്രയത്തിനായി ആ നമ്പറിലേക്ക് വിളിച്ചപ്പോൾ ഒരിക്കലും ആലോചിച്ചില്ല അവൻ്റെ കുടുംബക്കാർ അവനെ അന്വേഷിച്ച് വരുമെന്ന്. പാർവതി... അവൾക്ക് ദത്തനെ കൊടുക്കേണ്ടിവരും . അതിനായിരിക്കും വിധി ഇങ്ങനെ ഒരു അവസരം കൺമുന്നിൽ ഉണ്ടാക്കിയത്. ദത്തൻ ജീവിതത്തിലേക്ക് മടങ്ങി വന്നാൽ മതി അതിൽ കൂടുതൽ ഒന്നും എനിക്ക് വേണ്ട .

അവൾ കണ്ണടച്ച് ചുമരിൽ ചാരി ഇരുന്നു. പെട്ടെന്ന് ഐസിയുവിനുള്ളിൽ നിന്നും ഒരു നേഴ്സു പുറത്തേക്ക് ഓടിവന്നു . അവർ നേരെ പോയത് ഡോക്ടറുടെ കാബിനിലേക്ക് ആണ് . കുറച്ചു കഴിഞ്ഞതും ഡോക്ടറും ഐസിയുലേക്ക് ഓടി . നേഴ്സും മറ്റും പുറത്തോട്ടും അകത്തോട്ടും പോകുന്നത് കണ്ടു എല്ലാവരുടെയും മനസ്സിൽ ഒരു പേടി ഉയർന്നു . വർണ്ണ തൻറെ കഴുത്തിലുള്ള ദത്തൻ കിട്ടിയ താലിയിൽ മുറുകെ പിടിച്ചു . "ദത്തന് ഒന്നും വരുത്തല്ലേ എന്റെ മഹാദേവ ... "അവൾ മനമുരുകി പ്രാർത്ഥിച്ചു . "ആരാ ഈ വർണ്ണ ... "ഡോക്ടർ പുറത്തേക്ക് വന്നു ഗൗരവത്തിൽ ചോദിച്ചു. " ഞാനാ "വർണ ഡോക്ടറുടെ അരികിലേക്ക് ഓടിയെത്തി. " വരു "ഡോക്ടർ അവളെയും വിളിച്ച് ഐസിയുവിൻറെ ഉള്ളിലേക്ക് കയറി. ഡോർ തുറന്ന് അകത്തേക്ക് കയറിയ വർണ്ണ കാണുന്നത് ബെഡിൽ എഴുന്നേറ്റിരിക്കുന്ന ദത്തൻ . " വിട് എനിക്ക് പോവണം. എനിക്ക് എന്റെ വർണയെ കാണണം"രണ്ടു മൂന്നു നഴ്സ് അവനെ പിടിച്ചു നിർത്താൻ ശ്രമിക്കുന്നുണ്ട്. എന്നാൽ അതൊന്നും ശ്രദ്ധിക്കാതെ അവരെ തട്ടിമാറ്റി ബെഡിൽ നിന്നും ഇറങ്ങാൻ ശ്രമിക്കുകയാണ് ദത്തൻ .

"ദത്താ.." അവൾ ഒരു വിതുമ്പലോടെ ഡോറിന് അരികിൽ നിന്ന് വിളിച്ചതും അത്രനേരം ബഹളം വെച്ചിരുന്ന ദത്തൻ ശാന്തനായി . "ദത്താ..." അവൾ കരഞ്ഞുകൊണ്ട് അവനരികിലേക്ക് ഓടിച്ചെന്നു. അവനെ ഇരു കൈകൾകൊണ്ടും ഇറുകെ പുണർന്നു. ദത്തന്റെ അവസ്ഥയും മറിച്ചായിരുന്നില്ല . വർണയുടെ ഇടുപ്പിലൂടെ കൈ ചേർത്ത് ദത്തൻ അവളെ തന്റെ നെഞ്ചിലേക്ക് ചേർത്തു പിടിച്ചു. "എന്താ ദത്താ ഞാൻ വിളിച്ചിട്ടും നീ എണീക്കാഞ്ഞത്. ഞാൻ എത്ര പേടിച്ചു എന്നറിയുമോ .... നീ ഇല്ലാതെ എനിക്ക് പറ്റില്ലാ എന്ന് നിനക്ക് അറിയാലോ . എന്നേ വിട്ട് എവിടേയും പോവല്ലേടാ . ഞാൻ ഇനി നിന്നോട് വഴക്ക് കൂടില്ല. പിണങ്ങില്ല. എന്നേ വിട്ട് പോവല്ലേ ദത്താ....എന്റെ നെഞ്ച് പൊട്ടി പോവും" അവൾ അവന്റെ നെഞ്ചിൽ തല വച്ച് പൊട്ടി കരഞ്ഞു. നഴ്സ് അവളെ പിടിച്ച് മാറ്റാൻ നിന്നു എങ്കിലും ദത്തൻ അവളെ വിടില്ലാ എന്ന മട്ടിൽ അവളെ ചുറ്റി വരിഞ്ഞു പിടിച്ചിരുന്നു. "

തല വേദനയുണ്ടോ ദത്താ " അവൾ എണീറ്റ് അവന്റെ മുഖം കൈയ്യിലെടുത്തു കൊണ്ട് ചോദിച്ചു. അവൻ ഇല്ലാ എന്ന രീതിയിൽ തലയാട്ടി. " വേദന വേഗം മാറും ട്ടോ " അത് പറഞ്ഞ് അവൾ അവന്റെ നെറുകയിൽ മുത്തമിട്ടു. ദത്തൻ ഇരു കണ്ണുകളും അടച്ച് അത് സ്വീകരിച്ചു. "ദത്തന് ബോധം തെളിഞ്ഞു. കണേണ്ടവർ കയറി കണ്ടോള്ളൂ . അധികം സംസാരിക്കരുത് " ഡോക്ടർ ഡോർ തുറന്ന് പുറത്തുള്ളവരോടായി പറഞ്ഞതും വർണ വേഗം ദത്തനിൽ അകന്ന് മാറി നിന്നു. ഡോക്ടർ പുറത്തേക്ക് പോയതും പുറത്ത് നിന്നും അഞ്ചാറു പേർ അകത്തേക്ക് വന്നു. എന്നാൽ ദത്തന്റെ കണ്ണുകൾ ഉടക്കിയത് അകത്തേക്ക് കയറണോ വേണ്ടയോ എന്ന രീതിയിൽ നിൽക്കുന്ന അനുവിലും വേണിയിലും ആയിരുന്നു. പേടിച്ചിട്ടാണ് രണ്ടിന്റെയും നിൽപ് എന്ന് മനസിലായതും ദത്തന്റെ ചുണ്ടിലും ഒരു പുഞ്ചിരി തെളിഞ്ഞു. " അനു ... വേണി മോളേ" ..

ദത്തൻ അവരെ നോക്കി വിളിച്ചതും മുന്നിലുള്ളവരെയെല്ലാം തട്ടി മാറ്റി അവർ അവന്റെ അരികിലേക്ക് ഓടി വന്നു. "ദത്തേട്ടാ " ... കരഞ്ഞു കൊണ്ട് രണ്ടു പേരും ദത്തനെ വന്ന് കെട്ടി പിടിച്ചു. "അയ്യേ എട്ടന്റെ കുട്ടികൾ കരയാണോ ... നാണകേട് " .. ദത്തൻ ഇരുവരുടേയും തലയിൽ തലോടി. "ദത്തേട്ടാ ഇപ്പോ എങ്ങനെയുണ്ട്. വേദനിക്കുന്നുണ്ടോ " വേണി വിതുമ്പി കൊണ്ട് ചോദിച്ചു. " ന്റെ കുട്ടി ഇങ്ങനെ കരയല്ലേടാ . കൂട്ടത്തിൽ മൂത്ത ആളാണ് , ബോൾഡ് ആണ് എന്നൊക്കെ പറഞ്ഞ് നടന്ന ആള് ഇങ്ങനെ കരയേ." ദത്തൻ കളിയാക്കി കൊണ്ട് പറഞ്ഞതും വേണി പെട്ടെന്ന് കണ്ണ് തുടച്ചു. "ഇല്ല. ഞാൻ കരഞ്ഞിട്ടില്ലാ. ഞാൻ ബോൾഡാ " അവൾ പറഞ്ഞു. "വെറുതേയാ ദത്തേട്ടാ. ഇന്നലെ ഇവളാണ് ഇവിടെ കിടന്ന് കരഞ്ഞ് പൊളിച്ചത്. എന്നിട്ട് കരഞ്ഞില്ല പോലും . " അനു പറഞ്ഞു. " ജിത്തു ...അവന് എങ്ങനെയുണ്ട് " ദത്തൻ എന്തോ ഓർത്ത പോലെ പറഞ്ഞു. " ജിത്തുവേട്ടന് കുറച്ച് സീരിയസ് ആയിരുന്നു. പക്ഷേ ഇപ്പോ കുഴപ്പം ഇല്ല. മുറിയിലേക്ക് മാറ്റി. ദത്തേട്ടന്റെ ഗാങ്ങ് മുഴുവൻ ആ വാർഡിൽ ഓരോ ബെഡിലായി നിരന്നു കിടക്കുന്നുണ്ട് " വേണി ചിരിയോടെ പറഞ്ഞു.

" ദത്താ ഞങ്ങൾ പുറത്തുണ്ടാകും. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിച്ചാ മതി. അനുമോളേ, വേണി വാ " ദത്തന്റെ ബന്ധുക്കളുടെ നോട്ടം തങ്ങൾക്കു മേൽ ആണെന്ന് മനസിലായതും വർണ അവരേയും കൂട്ടി പുറത്തേക്ക് പോയി. അപ്പോഴാണ് ദത്തനും അകത്ത് കൂടി നിൽക്കുന്നവരെ കണ്ടത്. "എന്താ എന്റെ ദേവാ ഈ കാണുന്നേ. പാലക്കൽ തറവാട്ടിലെ സന്തതി അടിയും തല്ലും ഉണ്ടാക്കി ഹോസ്പിറ്റലിൽ കിടക്കേ .... അവിടെ ഒരാൾ നിനക്ക് വേണ്ടി കാത്തിരിക്കുന്ന കാര്യം വല്ലതും ഓർമയുണ്ടോ ...എന്റെ കുട്ടി പാവം ഇതൊന്നും അറിഞ്ഞിട്ടില്ല. അറിഞ്ഞേങ്കിൽ ഓടി വന്നേനേ " ഒരു സ്ത്രീ അവന്റെ അടുത്തിരുന്നു കൊണ്ട് പറഞ്ഞു. ദത്തൻ അത് കേൾക്കാത്ത ഭാവത്തിൽ തല തിരിച്ച് കിടന്നു. "നിനക്ക് ഇപ്പോ എങ്ങനെയുണ്ട് " കൂടെയുള്ള അയാൾ ഗൗരവത്തോടെ ചോദിച്ചു. "Fine pappa. I am okay..." "മ്മ്... " അയാൾ ഒന്ന് മൂളി . " ദേവാ നീ ആകെ മാറി പോയി. പണ്ടോക്കെ നീ അമ്മായിന്ന് തികച്ച് വിളിക്കില്ല. അത്രയും സ്നേഹമായിരുന്നു. ഇപ്പോ ഒന്ന് നോക്കുന്നത് പോലും ഇല്ലാലോ നീ " ആ സ്ത്രീ ചെറിയ നീരസത്തോടെ പറഞ്ഞു.

"എന്റെ സുഖ വിവരം അന്വേഷിക്കാൻ ഇവിടെ ആരും നിൽക്കണം എന്നില്ല. നിങ്ങൾക്ക് പോകാം " എടുത്തടിച്ച പോലെയുള്ള ദത്തന്റെ മറുപടി എല്ലാവരുടെ മുഖത്തും ഒരു അത്ഭുതം ഉണ്ടാക്കിയിരുന്നു. കാരണം അവർക്കാർക്കും അറിയുന്ന ദത്തൻ ആരോടും മറുത്തൊരു വാക്കു പോലും പറയാത്ത സ്നേഹ നിധിയായ അവരുടെ ദേവൻ ആയിരുന്നു. പക്ഷേ അത് നാല് വർഷം മുൻപായിരുന്നു എന്ന് മാത്രം. " മാലതി വാ ഇറങ്ങാം. ഇവിടെ അധിക നേരം ഇങ്ങനെ നിൽക്കാൻ ഡോക്ടർ സമ്മതിക്കില്ല. " അയാൾ ഗൗരവത്തിൽ പറഞ്ഞ് പുറത്തേക്ക് പോയി. അയാൾ പുറത്തിറങ്ങിയപ്പോഴാണ് ചെയറിൽ ഇരിക്കുന്ന മൂന്ന് പെൺകുട്ടികളെ അയാൾ ശ്രദ്ധിച്ചത്. രണ്ട് മൂന്ന് ദിവസം ദത്തന്റെ കാര്യങ്ങൾക്ക് ഓടി നടന്നിരുന്നതിനാൽ ഇവരെ ശ്രദ്ധിക്കാൻ അയാൾക്ക് കഴിഞ്ഞിരുന്നില്ല. "നിങ്ങൾ വല്ലതും കഴിച്ചോ " അയാൾ അവരെ നോക്കി ചോദിച്ചതും മൂന്നും അന്തം വിട്ട പോലെ ഇരുന്നു. " ഞാൻ മുകുന്ദൻ . ദേവന്റെ പപ്പയാണ് " മറുപടിയായി മൂന്നുപേരും ഒന്ന് പുഞ്ചിരിച്ചു. "നിങ്ങൾ ദേവന്റെ ആരാ . നിങ്ങളുടെ പേരെന്താ " അയാൾ ചോദിച്ചു. " ഞാൻ അനുരാധ. അനുന്ന് വിളിക്കും. ഞാൻ ദത്തേട്ടന്റെ പെങ്ങളാ "ദത്തന്റെ അച്ഛനാണ് എന്നറിഞ്ഞിട്ടും അനു അഭിമാനത്തോടെ പറഞ്ഞു.

" ഞാൻ വേണി . വേണീന്ന് തന്നെ വിളിക്കും. ഞാനും ദത്തേട്ടന്റെ പെങ്ങളാ . ഈ കൂട്ടത്തിൽ എറ്റവും വലുത് ഞാനാ " അവൾ എന്തോ വലിയ കാര്യം പോലെ പറഞ്ഞു. "വെറുതെയാ ... ഒരു മാസത്തിന് എന്നേക്കാൾ വലുത്. അതിനാണ് ഇത്രയും ജാഡ. കാണുന്ന ലുക്ക് മാത്രമേ ഉള്ളൂ. തലക്കകത്ത് പ്രത്യേകിച്ച് ഒന്നും ഇല്ല " അനു പറഞ്ഞതും അയാൾ ഒന്ന് ചിരിച്ച് കൊണ്ട് വർണയെ നോക്കി. " ഞാൻ വർണ . ഞാൻ ദത്തന്റെ ...." "മുകുന്ദേട്ടാ ഒന്ന് വേഗം വാ. ഇപ്പോ ഇറങ്ങിയാലെ രാത്രി ആവുമ്പോഴേക്കും തറവാട്ടിൽ എത്തു " മാലതി അയാളെ നോക്കി പറഞ്ഞതും വർണ പറഞ്ഞു വന്ന കാര്യം പാതിയായി നിർത്തി. " എന്നാ ഞങ്ങൾ ഇറങ്ങാ . എന്തെങ്കിലും അത്യവശ്യം ഉണ്ടെങ്കിൽ വിളിക്കണം. ഞാൻ ഇവരെ വീട്ടിൽ ആക്കി നാളെ രാവിലെ വരാം" അത് പറഞ് അയാൾ പുറത്തേക്ക് പോയി. "എടീ അത് നിന്റെ അമ്മായിയച്ഛൻ ആണെടീ" അയാൾ പോകുന്നത് നോക്കി വേണി കളിയായി പറഞ്ഞു. * ദത്തന് ബോധം വന്നതു കൊണ്ട് അനുവിനേയും വേണിയേയും വർണ നിർബന്ധിച്ച് വീട്ടിലേക്ക് അയച്ചു. ജിത്തുവിന്റെ ഗുരുതരാവസ്ഥ മാറിയതു കൊണ്ട് അവനെ വാർഡിലേക്ക് മാറ്റി.

ദത്തൻ ഒഴിച്ച് ബാക്കി എല്ലാവരും ഇപ്പോൾ വാർഡിൽ ആണ്. രാത്രി നേഴ്സ് ദത്തനുള്ള ഭക്ഷണം കൊടുത്ത് പുറത്തേക്ക് ഇറങ്ങി. "ഇനി ഞാൻ നാളെ രാവിലെയേ വരൂ. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിച്ചാ മതി" അവർ അത് പറഞ്ഞ് പോയതും വർണ ചുറ്റും ഒന്ന് നോക്കി. തന്നെ ആരും ശ്രദ്ധിക്കുന്നില്ലാ എന്ന് ഉറപ്പു വരുത്തി അവൾ പമ്മി പമ്മി ഐ സി യുവിന് ഉള്ളിൽ കയറി. ദത്തൻ മുഖത്തിന് കുറുകെ കൈ വച്ച് കിടക്കുകയാണ്. വർണ പതിയെ ശബ്ദമുണ്ടാക്കാതെ ഡോർ ലോക്ക് ചെയ്ത് അവന്റെ അടുത്തേക്ക് വന്നു. അവൾ മുഖത്തായി വച്ചിരിക്കുന്ന അവന്റെ കൈകൾ എടുത്ത് മാറ്റി നെറ്റിയിൽ ഉമ്മ വച്ചു. ഒപ്പം കവിളിലും . ശേഷം കൈ തിരിച്ച് അത് പോലെ വച്ച് തിരിച്ച് നടന്നതും ദത്തന്റെ വിളി വന്നിരുന്നു. "പോവാണോ " അവൻ കണ്ണടച്ചു കിടന്ന് കൊണ്ട് തന്നെ ചോദിച്ചു. "അല്ലാ " അവൾ ദത്തൻ കിടക്കുന്ന ബെഡിന്റെ സൈഡിലായി വന്നിരുന്നു.

ദത്തൻ ബെഡിന്റെ ഒരു സൈഡിലേക്ക് നീങ്ങി കിടന്ന് കൈ കൾ വിടർത്തി വർണയെ വിളിച്ചു. അവൾ ഒരു തേങ്ങലോടെ ദത്തന്റെ നെഞ്ചിലേക്ക് തല വച്ച് കിടന്നു. " ഇവിടെ കടന്ന് പട്ടി മോങ്ങുന്ന പോലെ മോങ്ങിയാൽ എടുത്ത് വെളിയിലേക്ക് ഇടും" ദത്തൻ ഗൗരവത്തിൽ പറഞ്ഞതും വർണ ഉയർന്നു വന്ന തേങ്ങൽ അടക്കി പിടിക്കാൻ ശ്രമിച്ചു. പക്ഷേ കഴിയുന്നില്ല. "എനിക്ക് ഒരു കുഴപ്പവും ഇല്ല കുഞ്ഞേ ...നീ ഇങ്ങനെ കരയാതെ പെണ്ണേ . കരഞ്ഞ് കരഞ്ഞ് വല്ല അസുഖവും വരുത്തി വക്കും " ദത്തൻ അവളുടെ കണ്ണുകൾ തുടച്ചു കൊടുത്തു. " ദത്താ...." "മ്മ്...." " ദത്താ.." "എന്താടി " " ആരാ ദേവൂട്ടി " അവൾ ചോദിച്ചത് കേട്ട് ദത്തൻ ഒന്ന് ഞെട്ടി. "ദേവൂട്ടിയോ അതാരാ " " അതല്ലേ ഞാനും ചോദിച്ചത് " " ആ ...ആവോ എനിക്ക് അ..അറിയില്ല. " " ഇന്നലെ നീ അബോധ അവസ്ഥയിൽ ദേവൂട്ടി എന്ന പേര് പറഞ്ഞിരുന്നു. അത് ആരാ എന്ന് ഡോക്ടർ ചോദിച്ചിരുന്നു. " " ആണോ " ദത്തൻ വിശ്വാസം വരാതെ ചോദിച്ചു. "മ്മ് അതെ ... " " എനിക്ക് ഓർമയില്ലാ. അവരെയൊക്കെ നീയാണോ വിളിച്ച് വരുത്തിയത് " ദത്തൻ വിഷയം മാറ്റാനായി ചോദിച്ചു. "ആരെ "

"എന്റെ വീട്ടുക്കാരെ " "മ്മ്. ഞാനാ നീ അന്ന് തന്ന നമ്പറിലേക്ക് വിളിച്ചത്. എന്താ ചെയ്യേണ്ടത് എന്ന് എനിക്ക് അറിയില്ലായിരുന്നു. അതാ ഞാൻ വിളിച്ചേ " " മ്മ്... നീ വല്ലതും കഴിച്ചോ " "മ്മ് കഴിച്ചു. " പിനീട് കുറച്ച് നേരം അവർക്കിടയിൽ ഒരു മൗനം നില നിന്നു. ദത്തൻ തന്റെ നെഞ്ചിൽ തല വച്ച് കിടക്കുന്ന വർണയെ ഒന്നു കൂടി തന്റെ നെഞ്ചിലേക്ക് ചേർത്തുപിടിച്ചു. " ദത്താ" "എന്താടി " "നിനക്ക് ഇപ്പോ എന്നേ ഇഷ്ടാണോ " അവൾ പ്രതീക്ഷയോടെ ചോദിച്ചു. " അല്ലാ " അത് കേട്ടതും വർണ മുഖം വീർപ്പിച്ചു കൊണ്ട് കണ്ണടച്ച് കിടന്നു. "നീ ഒരുപാട് പേടിച്ചു പോയോ" ദത്തൻ അവളുടെ നെറുകയിൽ തലോടി കൊണ്ട് ചോദിച്ചു. "പിന്നെ പേടിക്കാതെ . നീയെങ്ങാനും തട്ടി പോയാ പിന്നെ ആരാ എന്നേ നോക്കുകാ . ആരാ എനിക്ക് ഫുഡ് വാങ്ങി തരാ.

ഇതൊക്കെ പോട്ടെ ഇനി കുറച്ച് കാലം കഴിഞ്ഞ് എന്റെ കല്യാണത്തിന് സ്ത്രീധനമായി തരാമെന്ന് പറഞ്ഞ കാറ് വാങ്ങി തരാതെ നീ മരിച്ചാ ഞാൻ എന്ത് ചെയ്യും" വർണ അവനെ നോക്കി മുഖം വീർപ്പിച്ച് പറഞ്ഞതും ദത്തൻ ചിരിച്ചു. അത് കണ്ട് വർണക്കും ചിരി വന്നു. "അല്ലാ അനുവും വേണിയും എവിടെ " ദത്തൻ പെട്ടെന്ന് ഓർത്തു കൊണ്ട് ചോദിച്ചു. അതിൽ ഒരു എട്ടന്റെ സ്നേഹവും കരുതലും നിറഞ്ഞു നിന്നിരുന്നു. " അവരെ ഞാൻ വീട്ടിലേക്ക് പറഞ്ഞയച്ചു. രണ്ട് മൂന്ന് ദിവസമായില്ലേ ഇവിടെ ഇങ്ങനെ " "നിനക്കും പോകാമായിരുന്നില്ലേ " " നിന്നെ വിട്ട് എനിക്ക് എവിടേയും പോവണ്ടാ . നിനക്ക് എന്നേ വേണ്ടെങ്കിലും എനിക്ക് നിന്നെ വേണമല്ലോ" അവൾ അവനെ നോക്കി പറഞ്ഞതും ദത്തൻ കേൾക്കാത്ത ഭാവത്തിൽ കിടന്നു. എന്നാലും അവൻ ചുണ്ടിൽ ഒളിപ്പിച്ച ചിരി അവൾ മനസിലാക്കിയിരുന്നു. " ദത്താ ഞാൻ ഒരു ഉമ്മ തരട്ടെ " അത് പറഞ്ഞതും വർണ ഉമ്മ കൊടുക്കലും കഴിഞ്ഞിരുന്നു......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story