എൻ കാതലെ: ഭാഗം 23

enkathale

എഴുത്തുകാരി: അപർണ അരവിന്ദ്‌

"എന്തിനാ ദത്താ ഇങ്ങനെ സങ്കടപ്പെടുന്നേ . ഞാനില്ലേ നിന്റെ കൂടെ " വർണ അവനെ തന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു. ദത്തനും അവളെ ഇരു കൈകൾ കൊണ്ട് ചുറ്റി പിടിച്ചു. "അമ്മ ... അമ്മയെ ഒരുപാട് മിസ്സ് ചെയ്യാ. ഞാൻ എല്ലാമാസവും ഒരു ദിവസം തറവാട്ടിലെ ക്ഷേത്രത്തിൽ അമ്മയെ കാണാൻ പോകാറുണ്ട്. അമ്മയോട് സംസാരിക്കും. ആ മടിയിൽ തല വച്ച് കിടക്കും. പക്ഷേ നീ ഇവിടേക്ക് വന്നപ്പോൾ .. നിന്നെ ഇവിടെ തനിച്ചാക്കി പോകാൻ പറ്റാത്തതു കൊണ്ട് ഞാൻ അമ്മയെ കാണാൻ പോകാറില്ല. ഞാൻ ഹോസ്പ്പിറ്റലിലായ കാര്യം അമ്മ അറിഞ്ഞു. പാവം രാവിലെ വിളിച്ച് കുറേ കരഞ്ഞു. " അത് പറയുമ്പോൾ ദത്തന്റെ സ്വരം ഇടറുന്നുണ്ടായിരുന്നു. "നാളെ എന്നാ പോയി അമ്മയെ ഒന്ന് കണ്ടിട്ട് വാ ദത്താ.." " പോവണം ഒരു ദിവസം .." അവൻ കണ്ണടച്ച് കിടന്നു. വർണ പതിയെ അവന്റെ നെറുകയിൽ തലോടി കൊടുത്തു. " ദത്താ" കുറച്ച് കഴിഞ്ഞതും വർണ വിളിച്ചു " "എന്തേ " " നീ ഉച്ചക്ക് പറഞ്ഞ ആ ഡോക്ടറിന്റെ പേരെന്തായിരുന്നു. ഫോട്ടോ വല്ലതും ഉണ്ടോ ഒന്ന് കാണാൻ " അവന്റെ മനസിലെ സങ്കടം മാറ്റാൻ വർണ കുറുമ്പോടെ ചോദിച്ചു. "എടീ കള്ളി അപ്പോ നീ ഡോക്ടറെ കിട്ടിയപ്പോൾ പോലീസിനെ തേച്ചല്ലേ "

" അത് പിന്നെ ഒന്നാലോചിച്ചപ്പോൾ നല്ല ചുള്ളനാണെങ്കിൽ ഡോക്ടറായാലും പോലീസായലും കുഴപ്പില്ല എന്ന് തോന്നി. " "എടീ കുരുട്ടെ നീ ആള് കൊള്ളാല്ലോ " " ദേ എന്നേ കുരുട്ടെ എന്നെങ്ങാനും വിളിച്ചാലുണ്ടല്ലോ " വർണ ദത്തന്റെ നെഞ്ചിനിട്ട് ഒരു കുത്ത് വച്ച് കൊടുത്തു. " വേദനിപ്പിക്കുന്നോടി മാക്രി " ദത്തൻ അവളുടെ കഴുത്തിൽ മുഖം ചേർത്ത് താടി കൊണ്ട് ഇക്കിളിയാക്കി. ഇക്കിളി കൊണ്ട് വർണ കുലുങ്ങി ചിരിക്കാൻ തുടങ്ങി. ഒപ്പം ദത്തനും. "അയ്യോ മതി ദത്താ എനിക്ക് ശ്വാസം മുട്ടാൻ തുടങ്ങി ചിരിച്ച് ചിരിച്ച് " അത് കേട്ടതും ദത്തൻ മുഖം മാറ്റി. ബെഡിലേക്ക് മലർന്ന് കിടന്നു. വർണ ദത്തന്റെ നെഞ്ചിലേക്ക് തല വച്ച് കിടന്നതും ദത്തൻ അവളെ ചുറ്റി പിടിച്ച് തന്നിലേക്ക് ചേർത്തു. "നീ എന്ത് ചെറുതാടീ.... ഇങ്ങനെ ചുറ്റി പിടിക്കാൻ പോലുമില്ല. നിന്നേയും കൊണ്ട് പുറത്ത് പോയാൽ ബാല വിവാഹത്തിന് എന്നേ പോലീസ് പിടിക്കുമോ എന്ന് വരെ എനിക്ക് സംശയമുണ്ട്. " " എന്നാ നിങ്ങള് വേറെ കെട്ടിക്കോ. നിങ്ങൾക്ക് 32 വയസായില്ലേ. അപ്പോ ഒരു 30 വയസുള്ള പെണ്ണിനെ കെട്ടിക്കോ. അപ്പോ നിനക്ക് പുറത്ത് പോകുമ്പോൾ പോലീസ് പിടിക്കും എന്ന പേടി വേണ്ടാ " "മ്മ്...

അത് നല്ല ഒരു ഐഡിയയാണ്. എന്തായാലും ഞാനൊന്ന് ആലോചിക്കട്ടെ " അത് പറഞ്ഞ് ദത്തൻ കണ്ണുകളച്ച് അവളെ ചേർത്ത് പിടിച്ച് കിടന്നു. " ശരിക്കും ഞാൻ അത്രക്കും ചെറുതാണോ ദത്താ. അതോണ്ട് ആണോ നിനക്ക് എന്നേ ഇഷ്ടമല്ലാത്ത " വർണ നിഷ്കളങ്കമായി ചോദിച്ചതും ദത്തൻ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു. "നീ എന്റെ കുഞ്ഞല്ലേടി . ഈ ദത്തന്റെ കുഞ്ഞി പെണ്ണ്. ദേവന്റെ മാത്രം ദേവൂട്ടി " ദത്തൻ മനസിൽ പറഞ്ഞു കൊണ്ടിരുന്നു. "എനിക്കിയാം ദത്താ ഈ ഹൃദയ താളം പോലും എനിക്ക് വേണ്ടി മാത്രമാണെന്ന് . നീ അത്രത്തോളം എന്നെ സ്നേഹിക്കുന്നുണ്ടെന്ന് " ദത്തന്റെ നെഞ്ചിൽ തല വച്ച് കിടന്ന് വർണ മനസിൽ ഉരുവിട്ടു. ** രാവിലെ ദത്തൻ കണ്ണു തുറന്ന് നോക്കുമ്പോൾ ഒരു കുഞ്ഞിനെ പോലെ തന്റെ നെഞ്ചോരം ചേർന്ന് കിടന്നുറങ്ങുന്ന വർണയെ കണ്ട് അവനിൽ വത്സല്യം നിറഞ്ഞു. അവൻ പതിയെ തന്റെ മേൽ നിന്നും അവളെ ബെഡിലേക്ക് കിടത്തി പുതപ്പു കൊണ്ട് പുതച്ചു കൊടുത്തു. ശേഷം തോർത്തും എടുത്ത് മുറ്റത്തേക്ക് ഇറങ്ങി പോയി. ദത്തൻ കുളി കഴിഞ്ഞ് ഇറങ്ങി വന്നിട്ടും വർണ നല്ല ഉറക്കത്തിൽ ആണ് . ദത്തൻ അവളുടെ പുതപ്പ് മാറ്റിയ ശേഷം അവളുടെ അരികിൽ ഇരുന്ന് തലയൊന്ന് കുടഞ്ഞു.

അവന്റെ മുടിയിലുള്ള വെള്ളം വർണയുടെ മുഖത്ത് വീണതും അവൾ കണ്ണ് ചിമ്മി തുറന്നു. മുന്നിൽ ചിരിയോടെ ഇരിക്കുന്ന ദത്തനെ കണ്ടതും വർണയുടെ ചുണ്ടിലും ഒരു പുഞ്ചിരി തെളിഞ്ഞു. "എണീക്ക്... സമയം ഒരുപാടായി. കോളേജിൽ പോവണ്ടേ " " കോളേജിലോ . ഇന്ന് ഇപ്പോ ബുധനാഴ്ച്ച ആയില്ലേ. ഇനി നാളെയും മറ്റന്നാളും കഴിഞ്ഞ് തിങ്കളാഴ്ച്ച മുതൽ പോവാം ദത്താ" "എടീ മടിച്ചീ... എണീക്കടി. എന്താ അവളുടെ ഒരു മടി എന്ന് നോക്കിയേ . കോളേജിലും പോവില്ലാ . പഠിക്കാനും വയ്യാ " " എനിക്ക് മടിയൊന്നും ഇല്ലാ ട്ടോ. പിന്നെ ഞാൻ അത്യവശ്യം കുറച്ച് പഠിക്കുകയും ചെയ്യും" അവൾ മുഖം കൊട്ടി കൊണ്ട് പറഞ്ഞു. " അത്യവശ്യം പഠിക്കുന്ന ആളുടെ ക്ലാസ്സ് ടെസ്റ്റിന്റെ ആൻസർ ഷീറ്റ് രണ്ടാഴ്ച്ച മുൻപ് എനിക്ക് പുഴക്കരയിൽ നിന്നും കിട്ടിയിരുന്നു. " അത് കേട്ടതും വർണ ഒന്ന് ഞെട്ടി. ആരും കാണാതെ പുഴകരയിൽ കൊണ്ടുപോയി കളഞ്ഞ പേപ്പർ ആയിരുന്നു അത്. " ഞാ..ഞാനോ... ഞാനൊന്നും അല്ലാ " " വർണ എന്ന പേരിൽ ഇവിടെ വേറെ ആരും ഇല്ലല്ലോ. അതും കൊട്ടയിലാണല്ലോ മാർക്ക് അൻപതിൽ മൂന്നര മാർക്ക് . നീയൊക്കെ എന്തിനാടീ പഠിക്കാൻ പോകുന്നേ. വെറുതെ മറ്റുള്ളവരെ കൂടി പറയിപ്പിക്കാൻ .

പറ്റില്ലെങ്കിൽ പഠിപ്പ് നിർത്തിക്കോ " " ആണോ .. എന്നാ ഞാൻ ഇന്ന് മുതൽ പോവുന്നില്ല. എനിക്കും ഈ കോളേജിൽ പോവാനും പഠിക്കാനും തീരെ താൽപര്യമില്ലാ. പിന്നെ പോയാൽ കുറച്ച് സീനിയേഴ്സിനെ വായ നോക്കാം എന്ന് കരുതി പോകുന്നു എന്ന് മാത്രം " " ഇവളെ ഇന്ന് ഞാൻ ... എണീറ്റ് കോളേജിൽ പോവാൻ നോക്കടീ " "നീയല്ലേ പഠിപ്പ് നിർത്തി കൊള്ളാൻ പറഞ്ഞത്. ഇനി ഞാൻ പോവുന്നില്ലാ " " ഡീ ... നിന്നേ .." ദത്തൻ വെറുതെ തല്ലാനായി കൈ ഉയർത്തുന്ന പോലെ കാണിച്ചതും വർണ വേഗം എണീറ്റ് പുറത്തേക്ക് ഓടി. * വർണ കുളിയെല്ലാം കഴിഞ്ഞ് തിരിച്ച് വരുമ്പോൾ ദത്തൻ എങ്ങോട്ടോ പോവാൻ റെഡിയാവുകയാണ്. തലയിലെ കെട്ടെല്ലാം അഴിച്ചിട്ടുണ്ട്. ചെറിയ ഒരു മുറി ഉണ്ടെങ്കിലും മുടി കാരണം അത് പുറത്ത് കാണില്ല. "നീ പുറത്തു പോവുകയാണോ ദത്താ. ഇന്നലെ ഹോസ്പിറ്റലിൽ നിന്നും വന്നിട്ടെ ഉള്ളൂ എന്ന് വല്ല വിചാരവും ഉണ്ടോ. നീ എവിടേക്കും പോവണ്ടാ . ഞാനും കോളേജിൽ പോവുന്നില്ല " " ഡീ ..നിന്റെ കോളേജിൽ പോവാതിരിക്കാനുള്ള അടവ് മാറ്റി വച്ചേക്ക്. ഞാൻ വേറെ എവിടേക്കും അല്ലാ ഹോസ്പിറ്റലിലേക്കാ പോവുന്നത്. ജിത്തുവിനെ ഒന്ന് കാണണം. അടുത്ത ആഴ്ച്ചയെ അവനെ ഡിസ്ചാർജ് ചെയ്യു .

അതോണ്ട് ഞാൻ ഒന്ന് പോയി അന്വേഷിച്ചിട്ട് വരാം." " ആണോ ..എങ്കിൽ ഞാനും ഉണ്ട്. എനിക്കും ജിത്തു ചേട്ടനേയും കോകില ചേച്ചിയേയും കാണണം" "നീ ഇപ്പോ അങ്ങനെ അവരെ കാണാൻ വരേണ്ടാ. മര്യാദക്ക് കോളേജിൽ പോവാൻ നോക്ക്" "പോടാ പട്ടി. " അവൾ പതിയെ പറഞ്ഞു. "പട്ടി നിന്റെ തന്ത " " ദേ എന്റെ അച്ഛനെ പറഞ്ഞാലുണ്ടല്ലോ " അവൾ കൈ ചൂണ്ടി പറഞ്ഞതും ദത്തൻ അവളെ തറപ്പിച്ച് ഒന്ന് നോക്കി. അതോടെ വർണ വേഗം നല്ല കുട്ടിയായി കേളേജിൽ പോവാൻ റെഡിയായി തുടങ്ങി. " ഞാൻ ഇറങ്ങാ " ദത്തൻ ഷർട്ടിന്റെ സ്ലീവ്സ് മടക്കി വച്ചു കൊണ്ട് പറഞ്ഞു. "മ്മ്..." വർണ പുഞ്ചിരിയോടെ തലയിട്ടി . ദത്തൻ അവളോട് യാത്ര പറഞ്ഞ് കൊണ്ട് പുറത്തേക്ക് നടന്നു. വർണ വേഗം ബാഗിൽ ബുക്കെല്ലാം എടുത്ത് വക്കാൻ തുടങ്ങി. "വർണ " റൂമിലെ വാതിലിനരികിൽ നിന്ന് ദത്തൻ അവളെ വിളിച്ചതും വർണ സംശയത്തോടെ അവനെ നോക്കി. " ഹഗ്ഗ് മീ " ദത്തൻ അവൾക്ക് നേരെ കൈ നീട്ടി കൊണ്ട് പറഞ്ഞു. വർണക്ക് ഒരു നിമിഷം അത് വിശ്വാസിക്കാൻ പോലും ആയില്ല. അവൾ ഓടി ചെന്ന് ദത്തനെ ഇറുക്കെ കെട്ടി പിടിച്ചു. ദത്തനും തിരികെ അവളെ ചേർത്ത് പിടിച്ചിരുന്നു.

"നിന്നോട് ഞാൻ ഹഗ്ഗ് ചെയ്യാനാണ് പറഞ്ഞത് അല്ലാതെ എന്നെ ഇടിച്ച് വീഴ്ത്താൻ അല്ലാ " " ഓഹ്...നന്നായി പോയി " അവൾ പുഛത്തോടെ പറഞ്ഞു. " നീ വരുന്നുണ്ടോ കൂടെ. ഞാൻ ബസ്റ്റോപ്പിൽ ആക്കി തരാം. " " ആഹ്.. " അവൾ സന്തോഷത്തോടെ പറഞ്ഞു. " എന്നാ വേഗം റെഡിയായി വാ . എനിക്ക് പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തേണ്ടതാണ് " "മ്മ്.. നീ ഒന്നും കഴിക്കുന്നില്ലേ ദത്താ" "വേണ്ടാ. നീ വേഗം കഴിച്ചിട്ട് വാ" അത് പറഞ്ഞ് ദത്തൻ പുറത്തേക്ക് നടന്നു. വർണ വേഗം അടുക്കളയിലേക്ക് പോയി. ഒരു പ്ലേറ്റിൽ ചോറ് എടുത്തു. ഇന്നലെ അനുവും വേണിയും കൊണ്ടുവന്ന കറികൾ കൂട്ടി വേഗം ഭക്ഷണം കഴിച്ചു. അവൾ ബാഗ് എടുത്ത് വീടും പൂട്ടി ഇറങ്ങുമ്പോൾ ദത്തൻ ആരോടോ ഫോണിൽ സംസാരിക്കുകയാണ്. രാവിലെ മുതൽ അവന്റെ ഫോണിലേക്ക് കുറേ കോളുകൾ വരുന്നത് വർണയും ശ്രദ്ധിച്ചിരുന്നു. വർണ വന്നതും അവൻ വേഗം കോൾ കട്ട് ചെയ്ത് ഫോൺ പോക്കറ്റിൽ ഇട്ടു. ബുള്ളറ്റിൽ കയറി വണ്ടി സ്റ്റാർട്ട് ചെയ്തതും പിന്നിലായി വർണയും കയറി. അവൾ ഇരു കൈകൾ കൊണ്ടും അവന്റെ ഇടുപ്പിലൂടെ ചുറ്റി പിടിച്ചതും ദത്തന്റെ ചുണ്ടിലും ഒരു പുഞ്ചിരി തെളിഞ്ഞു. വണ്ടി വീടു കടന്ന് റോഡിലേക്ക് ഇറങ്ങിയതും വീണ്ടും ദത്തന്റെ ഫോൺ റിങ്ങ് ചെയ്തു. അവൻ വണ്ടി ഓടിക്കുന്നതിനിടയിൽ തന്നെ കോൾ അറ്റന്റ് ചെയ്ത് സംസാരിക്കാൻ തുടങ്ങി.

"വണ്ടി ഓടിക്കുമ്പോൾ ഫോണിൽ സംസാരിക്കല്ലേ ദത്ത "വർണ പറഞ്ഞതും അവൻ വണ്ടി ഒരു സൈഡിലേക്ക് ഒതുക്കി നിർത്തി. ദേഷ്യത്തിലായിരുന്നു അവൻ ഫോണിൽ സംസാരിച്ചിരുന്നത്. അത് കണ്ട് വർണക്കും ഒരു പേടി തോന്നിയിരുന്നു. "എന്തെങ്കിലും പ്രശ്നമുണ്ടോ ദത്താ" അവൾ പേടിയോടെ ചോദിച്ചു. " എന്ത് പ്രശ്നം " അവൻ വണ്ടി മുന്നോട്ട് എടുത്ത് കൊണ്ട് ചോദിച്ചു. "പിന്നെ എന്തിനാ നീ ഫോണിൽ ദേഷ്യപ്പെട്ട് സംസാരിച്ചത് " " അത് ഒന്നുമില്ലെന്റെ കുഞ്ഞേ . ഒരു റോങ്ങ് നമ്പർ ആണ്. ഇനി അതേ കുറിച്ച് ആലോചിച്ച് ഈ കുഞ്ഞു തല ചൂടാക്കണ്ട" അവൻ മുഖത്തെ ദേഷ്യഭാവം മറച്ച് വച്ച് പുഞ്ചിരിയോടെ പറഞ്ഞു. * വർണ്ണയും ദത്തനും ബസ്റ്റോപ്പിൽ എത്തുമ്പോൾ അവിടെ അനുവും വേണിയും ബസ് കാത്തു നിൽക്കുന്നുണ്ടായിരുന്നു. ദത്തനെ കണ്ടതും അവർ രണ്ടുപേരും റോഡിലേക്ക് ഓടി ഇറങ്ങി . "ദത്തേട്ടാ...ഞങ്ങളും .."അതു പറഞ്ഞ് അനുവും വേണിയും കൂടെ വണ്ടിയിൽ കയറി . "ദത്തേട്ടാ പോകാം റൈറ്റ് ... "അനു ദത്തൻ്റെ തോളിൽ തട്ടി പറഞ്ഞതും ദത്തൻ വണ്ടി മുന്നോട്ട് എടുത്തു. "ദത്താ നീയെന്നെ ബസ്റ്റോപ്പിൽ ആക്കാം എന്നിട്ട് നിനക്ക് വേഗം ഹോസ്പിറ്റലിൽ പോവണം എന്നല്ലേ പറഞ്ഞത് "

വർണ്ണ പതിയെ ദത്തൻ്റെ ചെവിയിൽ ആയി ചോദിച്ചു . "അത് സാരില്യ.എന്തായാലും ഇനി നിങ്ങളെ കോളേജിൽ ആക്കി തരാം." "നിങ്ങൾ ഇന്ന് സൂപ്പർമാർക്കറ്റിൽ പോയില്ലേ " വർണ്ണ തല ചെരിച്ച് പിന്നിലിരിക്കുന്ന അനുവിനെയും വേണിയേയും നോക്കി ചോദിച്ചു. "ഇനി എന്തായാലും തിങ്കളാഴ്ച മുതലേ പോകുന്നുള്ളൂ എന്ന് വെച്ചു .ഞങ്ങൾ കരുതി ദത്തെട്ടനു വയ്യാത്ത കാരണം നീ ക്ലാസിലേക്ക് വരില്ല എന്ന് . നീ അങ്ങനെയാണല്ലോ ഇന്നലെ പറഞ്ഞത് " "അതെ പക്ഷേ ഇവിടെ ചിലർക്ക് ഒന്നും എന്റെ സ്നേഹം മനസ്സിലാകുന്നില്ലല്ലോ. അതിന് മടി എന്ന ഒരു പേരും " വർണ്ണ ദത്തനെ നോക്കി പറഞ്ഞതും ദത്തൻ സൈഡ് മിററിലൂടെ അവളെ നോക്കി ഒന്ന് പേടിപ്പിച്ചു . "ദത്തേട്ടാ നിർത്ത് ...നിർത്ത് . " കോളേജിന് മുന്നിലെത്തിയതും വേണി തിരക്കിട്ടു കൊണ്ട് പറഞ്ഞു. അവൻ വണ്ടി നിർത്തിയതും അനുവും വേണിയും ഇറങ്ങി. "വർണ മോളേ ... നീയൊന്ന് ഇങ്ങോട്ട് ഇറങ്ങ് " അനു വർണ്ണ നോക്കി പറഞ്ഞതും അവൾ ചെറിയ ഒരു സംശയത്തോടെ വണ്ടിയിൽ നിന്നും ഇറങ്ങി. അവൾ ഇറങ്ങിയതും അനുവും വേണിയും വീണ്ടും ദത്തന്റെ വണ്ടിയിൽ കയറി .

"ഇവൾക്ക് ഈയിടെയായിട്ട് കുറച്ച് അഹങ്കാരം കൂടുന്നുണ്ട് ദത്തേട്ടാ. ഇവളുടെ വിചാരം ദത്തേട്ടൻ ഇവളുടെ മാത്രമാണ് എന്നാ . അത് ഞങ്ങൾ സമ്മതിച്ച് തരില്ല . " അനു "നീ ഇവിടെ നിൽക്ക് വർണ്ണ മോളെ . ഞങ്ങൾ രണ്ടു റൗണ്ട് അങ്ങോട്ടുമിങ്ങോട്ടും പോയിട്ട് വരാം .ദത്തെട്ടാ വണ്ടിയെടുത്തോ" വേണി അതു പറഞ്ഞതും ദത്തൻ വർണ്ണയെ നോക്കി ഒന്ന് ആക്കി ചിരിച്ചുകൊണ്ട് വണ്ടി മുന്നോട്ടെടുത്തു .രണ്ടുമൂന്നു തവണ റോഡിലൂടെ അങ്ങോട്ടുമിങ്ങോട്ടും അവർ പോയി ശേഷം വർണ്ണയുടെ മുന്നിലായി ബുള്ളറ്റ് നിർത്തി . മുഖം വീർപ്പിച്ച് ദേഷ്യപ്പെട്ട് വർണ്ണ നിൽക്കും എന്നു വിചാരിച്ച ദത്തനും അനുവും വേണിയും പ്ലിങ്ങി പോയി. വർണ്ണയുടെ മുഖത്ത് പ്രത്യേകിച്ച് ഭാവ വ്യത്യാസം ഒന്നും ഉണ്ടായിരുന്നില്ല. "എന്നാ ക്ലാസിക്ക് പോവല്ലേ .ടൈമായി " വർണ്ണ അനുവിനേടും വേണിയോടും പറഞ്ഞതും അവർ പോകാമെന്ന് തലയാട്ടി . " ദത്താ... നോക്കി പോവണേ .. പതുക്കെ പോയാ മതി . വണ്ടി ഓടിച്ചു കൊണ്ട് ഫോണിൽ സംസാരിക്കരുത് "വർണ്ണ കരുതലോടെ അവൻ്റെ കൈപിടിച്ചുകൊണ്ട് പറഞ്ഞതും ദത്തൻ സമ്മത പൂർവ്വം തലയാട്ടി. അവന്റെ ബുള്ളറ്റ് കൺമുന്നിൽ നിന്നും മറിഞ്ഞു പോകുന്നവരെ അവർ മൂന്നുപേരും കോളേജ് ഗേറ്റിന് മുന്നിൽ തന്നെ നിന്നു . * അന്നത്തെ ദിവസം വർണയ്ക്ക് നല്ല സന്തോഷം ഉള്ളത് ആയിരുന്നു . അവർ മൂന്നു പേരും ഓരോ ചളികളും തമാശകളും പറഞ്ഞ് പരസ്പരം തല്ലുകൂടി വൈകുന്നേരം വരെ സമയം കളഞ്ഞു .

ബസിറങ്ങി കലുങ്കിന് അടുത്ത് എത്തിയപ്പോൾ വർണ്ണ അവിടെയെല്ലാം തന്നെ ദത്തനെ തിരിഞ്ഞു എങ്കിലും അവിടെയൊന്നും അവനുണ്ടായിരുന്നില്ല . വർണ്ണ പാട്ടും പാടി വീട്ടിലെത്തുമ്പോൾ ഉമ്മറത്തെ ഡോർ തുറന്നു കിടക്കുകയാണ് . ദത്തൻ്റെ ബുള്ളറ്റ് മുറ്റത്തും നിൽക്കുന്നുണ്ട്. അവൾ സന്തോഷത്തോടെ അകത്തേക്ക് ഓടി . ഹാളിൽ നിന്നുകൊണ്ട് അവൾ തോളിലെ ബാഗ് റൂമിലെ ബെഡിലേക്ക് എറിഞ്ഞു. "ഹാവൂ ഭാഗ്യം .... കറക്റ്റ് ആയിട്ട് ബെഡിൽ തന്നെ ചെന്ന് വീണു .അല്ലെങ്കിൽ ഞാൻ രണ്ടാമത് ചെന്നു അതെടുത്ത് വെക്കേണ്ടി വരുമായിരുന്നു " അവൾ സ്വയം പറഞ്ഞ് നേരെ മുറ്റത്തേക്കിറങ്ങി . എന്നാൽ ദത്തൻ അവിടെ എവിടെയും കാണാനുണ്ടായിരുന്നില്ല .പെട്ടെന്ന് അടുക്കളയിൽ നിന്നും പാത്രങ്ങളുടെ ശബ്ദം കേട്ടതും അവൾ സംശയത്തോടെ അടുക്കള ഭാഗത്തേക്ക് നടന്നു . പാത്രത്തിൽ നിന്നും ചായ ഗ്ലാസ്സിലേക്ക് പകർത്തുന്ന ദത്തനെ കണ്ടതും അവൾ ഓടിച്ചെന്ന് അവനെ പിന്നിൽ നിന്നും കെട്ടിപ്പിടിച്ചു. "ഡി പതിയെ ... ചായ പോകും " ദത്തൻ ശാസനയോടെ പറഞ്ഞു . "ഇതെന്താ പതിവില്ലാതെ അടുക്കളയിൽ " വർണ്ണ അതിശയത്തോടെ ചോദിച്ചു . "എന്റെ കുട്ടി കോളേജിൽ പോയി പഠിച്ച് ക്ഷീണിച്ച് വരുന്നതല്ലേ .

അപ്പോ ഒരു ചായ ഉണ്ടാക്കിത്തരാം എന്ന് കരുതി " ദത്തൻ പിന്നിൽ നിൽക്കുന്ന വർണ്ണയെ പിടിച്ച് ഫ്രണ്ടിലേക്ക് നിർത്തി .അവളുടെ നെറ്റിയിലൂടെ ഒഴുകി ഇറങ്ങുന്ന വിയർപ്പ് കൈകൊണ്ട് തുടച്ചു കൊടുത്തു. "ഇതെന്താ പാൽ ചായ "അവൾ കപ്പിലെ ചായ കണ്ടു ചോദിച്ചു . "നിന്റെ അമ്മായി വന്നിരുന്നു. അതുകൊണ്ട് ചായ വെക്കാൻ പാലു വാങ്ങിച്ചതാ . " ദത്തൻ അവളെ സ്ലാബിലേക്ക് കയറ്റിയിരുത്തി കൊണ്ട് പറഞ്ഞു. " അമ്മായി വന്നിരുന്നോ . എന്തിനാ വന്നേ " "വെറുതെ വന്നതാ എന്നാ പറഞ്ഞത്. ഇതുവഴി വരേണ്ട എന്തോ ആവശ്യമുണ്ടായിരുന്നു എന്ന് " ദത്തൻ ഗ്ലാസിൽ എടുത്തു വച്ചിരുന്ന പാല് അവൾക്ക് എടുത്തു കൊടുത്തു. " പാലോ .." അവൾ അതിശയത്തോടെ ചോദിച്ചു . "നിന്റെ അമ്മായി പറഞ്ഞു നീ ക്ലാസ്സ് കഴിഞ്ഞ് വന്നാൽ പാലാണ് കുടിക്കാറുള്ളതെന്ന് . അതുകൊണ്ടാ പാല് തന്നത് " " അത് ശരിയാ . രാവിലെ ചായ . വൈകുന്നേരം പാല്. അത് എനിക്ക് നിർബന്ധമായിരുന്നു. ഇവിടെ വന്നപ്പോൾ എല്ലാം മാറി " വർണ അവന്റെ കൈയ്യിൽ നിന്നും ഗ്ലാസ് വാങ്ങിക്കാൻ നിന്നതും ചൂടു കൊണ്ട് കൈ പൊള്ളി. "അയ്യോ എന്റെ കൈ " വർണ അലറി വിളിച്ചു. "നിനക്കെന്താടി ബോധമില്ലേ . തിളച്ച പാലാണ് കൈ പൊളളും എന്ന് അറിഞ്ഞു കൂടെ

"ദത്തൻ ദേഷ്യത്തോടെ പറഞ്ഞ് അവളുടെ കൈയ്യിൽ തണുത്ത വെള്ളം ഒഴിച്ചു കൊടുത്തു. " വേദനിക്കുന്നുണ്ടോ " " ഇല്ല . ചെറുതായി ഒന്ന് തട്ടി എന്നേ ഉള്ളൂ. കുഴപ്പമില്ല. " അത് കേട്ട് ദത്തൻ ഒന്ന് അമർത്തി മൂളി. അവൻ പാല് എടുത്ത് ഒന്ന് ഊതി. അതിലെ ചൂട് കളഞ്ഞു. ശേഷം അവളുടെ നേർക്ക് നീട്ടി. വർണ അത് വാങ്ങിക്കാതെ ഗ്ലാസ് ചുണ്ടോട് ചേർത്തു. അവൾ ഒന്ന് സിപ്പ് ചെയ്തതും ദത്തൻ വീണ്ടും ഗ്ലാസിൽ ഒന്ന് ഊതി അവൾക്ക് നേരെ നീട്ടി. അവൾ വീണ്ടും അത് കുടിച്ചു. ഒരു കൈ കൊണ്ട് ദത്തൻ അവൾക്ക് ഗ്ലാസ് നീട്ടുന്നതിന് ഒപ്പം തന്നെ മറ്റേ കയ്യിൽ ദത്തൻ തന്റെ ചായ ഗ്ലാസ് പിടിച്ച് ചായ കുടിക്കുന്നുണ്ട്. " ദത്താ എനിക്കും " വർണ ദത്തന്റെ ഗ്ലാസിലേക്ക് ചൂണ്ടി പറഞ്ഞതും ദത്തൻ ഒരു പുഞ്ചിരിയോടെ അവൾക്ക് നേരെ കപ്പ് നീട്ടി. "മ്മ്... കുഴപ്പമില്ല. പക്ഷേ ഞാൻ ഉണ്ടാക്കുന്ന ചായയുടെ അത്ര പോരാ " വർണ ചായ കുടിച്ചു നോക്കി കൊണ്ട് പറഞ്ഞു. " ഇതൊക്കെ നിനക്ക് എങ്ങനെയാ അറിയുന്നത്. നിനക്ക് കുക്കിങ്ങ് അറിയുമോ ദത്താ" "മ്മ്.. കുറച്ചൊക്കെ അറിയാം. ഞങ്ങൾ ട്രൈനിങ്ങ് ക്യാമ്പിൽ Sunday ചെറിയ രീതിയിൽ കുക്കിങ്ങ് ചെയ്യും" " ട്രൈയിനിങ്ങോ " വർണ ചോദിച്ചതും ദത്തൻ അബദ്ധം പറ്റിയ പോലെ നാവ് കടിച്ചു.

" ട്രൈ ... ട്രൈയ്നിങ്ങല്ലാ . ഹോ ..ഹോസ്റ്റലിൽ പഠിക്കുമ്പോൾ കുക്ക് ചെയ്യുമായിരുന്നു എന്ന്. പറഞ്ഞപ്പോൾ പെട്ടെന്ന് മാറി പോയതാ " "മ്മ്..എന്തായാലും ചായ സൂപ്പർ " " വർണാ " ദത്തൻ അവളെ സ്ലബിൽ നിന്നും താഴേക്ക് ഇറക്കി നിർത്തി. "എന്താ ദത്താ" "എനിക്ക് നിന്നിട്ട് സീരിയസ് ആയ ഒരു കാര്യം പറയാനുണ്ട് " ദത്തൻ അവളുടെ തോളിലൂടെ കൈ ഇട്ട് റൂമിലേക്ക് നടന്നു. റൂമിൽ ടേബിളിനു മുകളിലായി ഒരു ബാഗ് ഇരിക്കുന്നുണ്ട്. അതിൽ നിന്നും ദത്തൻ എവിടേക്കോ പോവാൻ നിൽക്കുകയാണെന്ന് വർണക്ക് മനസിലായി. " ഞാൻ പറയുന്നത് നീ ശ്രദ്ധിച്ച് കേൾക്കണം.... എനിക്ക് അത്യവശ്യമായി ഒന്ന് നാട്ടിൽ പോവണം. അവിടെ ചെറിയ ചില പ്രശ്നങ്ങൾ ഉണ്ട്. ഒരാഴ്ച്ച അതിനുള്ളിൽ ഞാൻ തിരിച്ച് വരും" വർണയെ ബെഡിലേക്ക് ഇരുത്തി ദത്തൻ പറഞ്ഞതും അവൾ ഒന്നും മിണ്ടാതെ അവന്റെ മുഖത്തേക്ക് നോക്കി ഇരുന്നു. "നീ വാ തുറന്ന് എന്തെങ്കിലും പറയ് കുഞ്ഞേ . ഇങ്ങനെ മിണ്ടാതെ ഇരിക്കല്ലേ " ദത്തൻ ദയനീയമായി പറഞ്ഞു. " ഞാനും വരട്ടെ നിന്റെ കൂടെ " " എനിക്ക് നിന്നെ കൂടെ കൂട്ടണം എന്ന് ഉണ്ട് . പക്ഷേ അവിടെ ഇപ്പോ അതിനുള്ള സാഹജര്യം ഇല്ലാത്തതു കൊണ്ടാ. ചില പ്രശ്നങ്ങൾ പരിഹരിക്കാനാണ് ഞാൻ അവിടേക്ക് പോകുന്നത്. ജിത്തുവും കോകിലയും ഹോസ്പിറ്റലിലാണ് അതുകൊണ്ട് നിന്നെ ഞാൻ ചന്തുവിന്റെ വീട്ടിൽ ആക്കാം. ഇവിടെ ഒറ്റക്ക് നിൽക്കണ്ട. അവിടെ ആകുമ്പോൾ ചന്തുവും അവന്റെ അമ്മയും ഉണ്ടല്ലോ " "മ്മ് "

അവൾ ഒന്ന് മൂളി. "വേഗം യൂണിഫോം ഒക്കെ മാറ്റി വാ. എനിക്ക് കുറച്ച് കഴിഞ്ഞാ ഇറങ്ങണം. ഉച്ചക്ക് പോവേണ്ടത് ആയിരുന്നു. പിന്നെ നിനക്ക് വേണ്ടി കാത്തിരുന്നതാ. ഒരാഴ്ച്ചക്കുള്ള ഡ്രസ്സും ബാഗും ഒക്കെ എടുത്തോ. " "മ്മ് " അവൾ വീണ്ടും മൂളി. "ഈ ആഴ്ച്ച കൂടി അല്ലേ നിനക്ക് ക്ലാസ് ഉള്ളൂ. അത് കഴിഞ്ഞാൽ സ്റ്റഡി ലീവ് അല്ലേ. അതോണ്ട് ഞാൻ ഇവിടെ ഇല്ലെങ്കിലും കറക്റ്റ് ആയി ക്ലാസിൽ പോവണം" "മ്മ് " " എന്നാ വേഗം റെഡിയായിക്കോ " ദത്തൻ പുറത്തേക്ക് പോയി. ഒരു കാര്യവും ഇല്ലാതെ ദത്തൻ നാട്ടിലേക്ക് പോവില്ല എന്ന് വർണക്ക് അറിയാമായിരുന്നു. അതു കൊണ്ട് അവളും അവനെ എതിർക്കാൻ നിന്നില്ല . വേഗം ഡ്രസ്സും ബുക്കും എല്ലാം എടുത്ത് വച്ച് പോകാൻ റെഡിയായി. കുറച്ച് കഴിഞ്ഞതും ദത്തൻ റൂമിലേക്ക് വന്നു. " പോവല്ലേ " ദത്തൻ ബാഗ് എടുത്ത് കൊണ്ട് ചോദിച്ചു "മ്മ് " "I miss you varna" ദത്തൻ അവളെ ഇറുക്കെ പുണർന്നു കൊണ്ട് പറഞ്ഞു. "I miss you too ....." അവളും ഒരു തേങ്ങലോടെ അവന്റെ നെഞ്ചിലേക്ക് ചേർന്ന് നിന്നു. "Don't say too.it sounds like you're just agreeing with me "

അത് കേട്ടും വർണ ഒരു പുഞ്ചരിയോടെ ഒന്ന് ഉയർന്ന് അവന്റെ കഴുത്തിലായി ഉമ്മ വച്ചു. " നെറ്റിയിലേക്ക് എത്തില്ലാ. അതാ കഴുത്തിൽ തന്നത് " അവൾ ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു. " പോവാം" അവർ വീട് പൂട്ടി ഇറങ്ങി. ചന്തുവിന്റെ വീട്ടുമുറ്റത്ത് തന്നെ ചന്തുവും അമ്മയും അവരെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. " എന്നാ ശരി" ദത്തൻ വർണയോട് യാത്ര പറഞ്ഞു. അവൾ നിറ മിഴിയാലെ തലയാട്ടി. " ഞാൻ ഇനി ഒരാഴ്ച്ച കഴിഞ്ഞേ വരൂ. ചേച്ചിയെ നോക്കിക്കോണേടാ ചന്തു " " അത് ഞാനെറ്റു ദത്തേട്ടാ. ധൈര്യമായി പോയി വാ " ദത്തൻ വർണയെ നോക്കി കണ്ണു കൊണ്ട് യാത്ര പറഞ്ഞ് മുന്നോട്ട് വണ്ടിയുമായി പോയി...തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story