എൻ കാതലെ: ഭാഗം 25

enkathale

എഴുത്തുകാരി: അപർണ അരവിന്ദ്‌

വർണയുടെ മുഖത്തെ ഭാവമാറ്റങ്ങൾ നോക്കി ചുണ്ടിൽ ഒളിപ്പിച്ച കള്ള ചിരിയുമായി ദത്തൻ ബുള്ളറ്റിൽ ചാരി നിന്നു. "വർണ അല്ലേ. അന്ന് ഹോസ്പ്പിറ്റലിൽ വച്ച് കണ്ടിട്ടുണ്ട്. പക്ഷേ അന്ന് തിരിക്കിൽ ഒന്നും സംസാരിക്കാൻ പറ്റിയില്ല " കാറിൽ നിന്നും ഇറങ്ങിയ സ്ത്രീ വർണയെ നോക്കി പറഞ്ഞു. മറുപടിയായി വർണ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു. മനസിലെ പരിഭ്രമം മുഖത്ത് വരാതെ ഇരിക്കാൻ അവൾ ഒരുപാട് കഷ്ടപ്പെട്ടിരുന്നു. " ഞാൻ മാലതി . ദത്തന്റെ അമ്മായി ആണ് . ദത്തന്റെ അച്ഛൻ എന്റെ ആങ്ങളയാണ് " ആ സ്ത്രി വീണ്ടും ഓരോന്ന് പറയാൻ തുടങ്ങി. വർണ ദത്തന്റെ മുഖത്തേക്ക് ഇടക്കിടക്ക് നോക്കുന്നുണ്ടെങ്കിലും അവൻ വേറെ എങ്ങോട്ടോ നോക്കി നിൽക്കുകയായിരുന്നു. ആ സ്ത്രീക്കൊപ്പം വേറെ ഒന്ന് രണ്ട് ആളുകളും ഉണ്ടായിരുന്നു. അവർ ദത്തന്റെ അകന്ന ചില ബന്ധുക്കളാണ്. "അല്ലാ വീട്ടിൽ വന്ന അതിഥികളെ മുറ്റത്ത് തന്നെ നിർത്തുകയാണോ . അകത്തേക്ക് വിളിക്കുന്നില്ലേ " ആ സ്ത്രീ ചോദിച്ചു.

"സോറി ..ഞാൻ ആ കാര്യം മറന്നു. അകത്തേക്ക് വരു" വർണ അവരെ അകത്തേക്ക് ക്ഷണിച്ചു. ചന്തുവിന്റെ അമ്മ അവരെ നല്ല രീതിയിൽ തന്നെ സൽക്കരിച്ചു. അതേ സമയം അവർ എന്തിനാണ് വന്നത് എന്ന കാര്യം അറിയാത്തതു കൊണ്ടുള്ള ടെൻഷൻ ആയിരുന്നു വർണക്ക്. "ഞങ്ങൾ വർണയെ കണ്ട് ഒരു കാര്യം സംസാരിക്കാനാണ് വന്നത്. ഒരു നാല് കൊല്ലാം മുൻപ് ദേവന്റെ വിവാഹ നിശ്ചയം കഴിഞ്ഞ കാര്യം വർണക്ക് അറിയാമല്ലോ. എന്റെ മോൾ പാർവതിയും ദേവനും തമ്മിലുള്ള വിവാഹം അവരുടെ ചെറുപ്പത്തിൽ തന്നെ പറഞ്ഞു വച്ചതായിരുന്നു. ചെറിയ ചില കാരണങ്ങൾ കൊണ്ട് അത് ഒന്ന് മുടങ്ങി പോയി. അതിനിടയിൽ ദേവന് ചെറിയ ഒരു അബദ്ധം പറ്റി. അതാ കുട്ടിയുമായി കല്യാണം നടന്നത്. പക്ഷേ ഇപ്പോഴും ദേവന്റെ മനസിൽ പാറു മാത്രമേ ഉള്ളൂ

" അത് പറഞ്ഞതും വർണ ദത്തന്റെ മുഖത്തേക്ക് നോക്കി . പക്ഷേ അവൻ അപ്പോഴും വേറെ എങ്ങോട്ടോ നിൽക്കുയായിരുന്നു. "പാറു ഇപ്പോഴും തറവാട്ടിൽ ദേവനു വേണ്ടി കാത്തിരിക്കുകയാണ്. ദേവന്റെ വിവാഹം കഴിഞ്ഞ കാര്യം അവൾ അറിഞ്ഞിട്ടില്ല. അറിഞ്ഞാൽ എന്റെ കുട്ടിക്ക് അത് സഹിക്കാൻ പറ്റില്യ. തറവാട്ടിൽ എനിക്കും എന്റെ ഭർത്താവിനും ദേവന്റെ അച്ഛനും മാത്രമേ നിങ്ങളുടെ കല്യാണത്തെ കുറിച്ച് അറിയുകയുള്ളൂ. മറ്റാരെങ്കിലും അറിയുന്നതിന് മുൻപ് കുട്ടി ദത്തന്റെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോകണം. ദേവനും പാർവതിയും തമ്മിൽ സ്നേഹിക്കുന്നവർ അല്ലേ . അപ്പോ അവർ അല്ലേ ഒന്നിക്കേണ്ടത്. കുട്ടി ഞങ്ങളെ സഹായിക്കണം. ദത്തനെ ഞങ്ങൾക്ക് വിട്ട് തരണം" വർണ ദത്തനെ നോക്കുമ്പോൾ അവനും വർണയെ തന്നെ നോക്കി നിൽക്കുകയാണ്.

അവളുടെ മറുപടി കേൾക്കാനെന്ന പോലെ . "ഞങ്ങൾ ദേവനോട് സംസാരിച്ചിരുന്നു. വർണക്ക് സമ്മതമാണെങ്കിൽ അവൻ വർണയെ ഉപേക്ഷിച്ച് തറവാട്ടിലേക്ക് വരാം എന്നാണ് പറഞ്ഞത്. ഞാൻ കുട്ടിയുടെ കാല് പിടിക്കാം. ദേവനെ ഞങ്ങൾക്ക് തരണം. അവനെ കാത്ത് ഒരു പെണ്ണും ഒരു കുടുബവും ആ തറവാട്ടിൽ കാത്തിരിക്കുന്നുണ്ട്. കുട്ടിക്ക് നഷ്ടപരിഹാരമായി എന്ത് വേണമെങ്കിലും ഞങ്ങൾ തരാം." "എനിക്ക് നഷ്ട പരിഹാരം ഒന്നും വേണ്ടാ. ദത്തന് പാർവതിയെ ഇഷ്ടമാണെങ്കിൽ ... അവന് നിങ്ങളുടെ കൂടെ വന്നോട്ടെ. ഞാൻ ഒരു ശല്യത്തിനായി വരില്ല. " അത് പറഞ്ഞ് വർണ അകത്തേക്ക് പോയി. അവൾ നേരെ ബെഡിൽ വന്ന് കണ്ണടച്ച് കിടന്നു. അപ്പോഴും ചുണ്ടിൽ ഒരു പുഞ്ചിരി നിറഞ്ഞു നിന്നിരുന്നു. കുറച്ച് കഴിഞ്ഞതും കാറും ദത്തന്റെ ബുള്ളറ്റും പടി കടന്ന് പോകുന്ന ശബ്ദം അവൾ കേട്ടു. **

" മോളേ" കുറച്ച് കഴിഞ്ഞതും ചന്തുവിന്റെ അമ്മ റൂമിലേക്ക് വന്നു. "എന്താ ചേച്ചി " അവൾ എഴുന്നേറ്റ് ഇരുന്നു കൊണ്ട് ചോദിച്ചു. "മോളെന്തിനാ അവരോട് അങ്ങനെയൊക്കെ പറഞ്ഞത്. മോൾക്ക് ദത്തനെ മറ്റൊരാൾക്ക് കൊടുക്കാൻ കഴിയുമോ. എന്തിനാ പിന്നെ ദത്തനെ പിരിയാൻ സമ്മതമാണെന്ന് പറഞ്ഞത് " അവർ അവളുടെ അരികിലായി ഇരുന്നു. " ഞാൻ ദത്തനെ പിരിയും എന്ന് പറഞ്ഞില്ലല്ലോ ചേച്ചീ... ദത്തന് പാർവതിയെ ഇഷ്ടമാണെങ്കിൽ ... അവന് നിങ്ങളുടെ കൂടെ വന്നോട്ടെ. ഞാൻ ഒരു ശല്യത്തിനായി വരില്ല. എന്നല്ലേ പറഞ്ഞത്. " " അത് ദത്തനെ പിരിയാൻ സമ്മതമാണെന്ന് പറയാതെ പറഞ്ഞതല്ലേ" " ഒരിക്കലും അല്ല ചേച്ചി. തിരുമാനം ഞാൻ ദത്തന് വിട്ടു കൊടുത്തതാണ്. അവന്റെ തിരുമാനം എന്താണെന്ന് എനിക്ക് അറിയാം. ചേച്ചി വെറുതെ ഓരോന്ന് ആലോചിച്ച് സങ്കടപ്പെടണ്ട." " നമ്മൾ തമ്മിൽ അധിക കാലത്തെ പരിചയം ഇല്ലെങ്കിലും എനിക്ക് നീ എന്റെ അനിയത്തി തന്നെയാണ്. എന്തൊക്കെയായാലും ഞാൻ നിന്റെ കൂടെ ഉണ്ടാകും.

മോള് വന്ന് ഭക്ഷണം കഴിക്ക് " വർണ ചേച്ചിയുടെ ഒപ്പം ഭക്ഷണം കഴിക്കാനായി വന്നു. "ഡീ ചേച്ചി വാ. നമ്മുക്ക് ലുഡോ കളിക്കാം " ചന്തു ഫോൺ എടുത്ത് കൈയ്യിൽ പിടിച്ച് പറഞ്ഞു. "ചന്തു നീ പോയി പഠിക്കാൻ നോക്ക്. ചേച്ചിക്ക് വയ്യാ . ചേച്ചി എന്തെങ്കിലും കഴിച്ചിട്ട് കിടന്നോട്ടെ " ചേച്ചി പറഞ്ഞു. " ഫുഡ് ഇപ്പോ വേണ്ടാ ചേച്ചി. വാ ചന്തു നമ്മുക്ക് കളിക്കാം. " വർണ അവന്റെ അടുത്ത് വന്നിരുന്ന് കളിക്കാൻ തുടങ്ങി. കുറേ കഴിഞ്ഞ് ഭക്ഷണം കഴിച്ച് വർണ റൂമിലേക്ക് പോയി. ചന്തുവും അവന്റെ അമ്മയും ഉമ്മറത്ത് ഇരിക്കുകയാണ്. ചന്തുവിന്റെ ഹോം വർക്കുകൾ ചെയ്യുകയാണ് രണ്ടു പേരും . "അമ്മേ ...ദേ...ദത്തേട്ടൻ...."പടികടന്ന് അകത്തേക്ക് നടന്നുവരുന്ന ആളെ കണ്ടു ചന്തു പറഞ്ഞു . " ദത്തേട്ടാ... "അവൻ വിളിച്ചു കൊണ്ട് മുറ്റത്തേക്ക് ഓടിയിറങ്ങി. "വണ്ടി എവിടെ.... എന്താ നടന്നു വരുന്നേ..." "വണ്ടി റോഡിൽ വച്ചിരിക്കാ..."അതു പറഞ്ഞു അവൻ ചെരുപ്പ് അഴിച്ച് ഉമ്മറത്തേക്ക് കയറി.

"അവൾ എവിടെ ചേച്ചി" "റൂമിലുണ്ട് ...ഇത്രയും നേരം ദേ..ഇവനോടൊപ്പം ഇരുന്ന് കളിക്കുകയായിരുന്നു. കുറച്ചുമുമ്പ് ഭക്ഷണം കഴിച്ചു റൂമിലേക്ക് പോയതേയുള്ളൂ ." " മ്മ് " ദത്തൻ ഒന്ന് മൂളി. "നീ വല്ലതും കഴിച്ചോ" "ഞാൻ പുറത്തു നിന്നും കഴിച്ചു .ഞാനൊന്ന് അവളെ കണ്ടിട്ട് വരാം." അത് പറഞ്ഞ് ദത്തൻ അകത്തേക്ക് കയറിപ്പോയി . ചാരിയിട്ടിരുന്ന വാതിൽ അവൻ പതിയെ ശബ്ദം ഉണ്ടാക്കാതെ തുറന്നു. റൂമിനുള്ളിൽ മുഴുവൻ ഇരുട്ടാണ്. വർണ്ണ ചുമരിൻ്റെ സൈഡിലേക്ക് ആണ് തിരിഞ്ഞു കിടക്കുന്നത്. ദത്തൻ പതുക്കെ മുന്നിലോട്ട് നടന്നതും ഫോണിന്റെ വെളിച്ചത്തിൽ അവളുടെ മുഖം വ്യക്തമായി അവൻ കണ്ടു. ഫോണിൽ എന്തോ കണ്ട് നല്ല ചിരിയിൽ ആണ് വർണ്ണ .അവൻ വീണ്ടും ശബ്ദമുണ്ടാക്കാതെ രണ്ടടി മുന്നിലേക്ക് വച്ചതും വർണ്ണ ബെഡിൽ നിന്നും ചാടിയെണീറ്റു. "ദത്താ..."അവളുടെ വിളികേട്ട് ദത്തനും ഒന്ന് അമ്പരന്നു.

"ഞാൻ ശബ്ദമുണ്ടാക്കാതെ അല്ലേ വന്നത് . നീ അറിയാതിരിക്കാൻ ബുള്ളറ്റ് പോലും റോഡിൽ വച്ചിട്ടാണ് വന്നത് .എന്നിട്ടും ഞാൻ വന്നത് നീയെങ്ങനെ അറിഞ്ഞൂ..." അവളുടെ അരികിൽ ഇരുന്നുകൊണ്ട് ദത്തൻ ചോദിച്ചു . "നീ ഹിന്ദി സീരിയൽ...." "നിന്റെ സീരിയൽ കഥയും കാറ്റിൻ്റെയും കാര്യമാണ് പറയാൻ വരുന്നതെങ്കിൽ എന്റെ കയ്യിൽ നിന്നും നീ വാങ്ങും ..സത്യം പറയടി... ഞാൻ വന്നത് നിനക്ക് എങ്ങനെ മനസ്സിലായി " "നിന്റെ ഈ പെർഫ്യൂം... നീ അടുത്തെവിടെയെങ്കിലും നിൽക്കുന്നുണ്ടെങ്കിൽ അവിടെയെല്ലാം ഈ സ്മെൽ നിറഞ്ഞുനിൽക്കും ."അവൾ അതു പറഞ്ഞതും ദത്തൻ പുഞ്ചിരിച്ചു . "ഞാൻ കരുതി ഞാൻ പോയതുകൊണ്ട് നീ ഇവിടെ കണ്ണീരും ഒലിപ്പിച്ച് കിടക്കുകയായിരിക്കും എന്ന്. ഇതിപ്പോ നിന്റെ മുഖം കണ്ടിട്ട് വലിയ സങ്കടം ഉള്ള പോലെ ഒന്നും തോന്നുന്നില്ലല്ലോ" ദത്തൻ ബെഡിലേക്ക് കിടന്നു കൊണ്ട് ചോദിച്ചു. " ഞാൻ എന്തിനാ സങ്കടപ്പെടുന്നത് ... എന്തായാലും കുറച്ചുകാലം കഴിഞ്ഞ് നമ്മൾ പിരിയും .അതു കുറച്ച് നേരത്തെ ആണെന്ന് കരുതി. അത്രേയുള്ളൂ "അവളും ദത്തന്റെ എതിരെ കിടന്നുകൊണ്ട് പറഞ്ഞു .

"ശരിക്കും "അവൻ നെറ്റിചുളിച്ചു കൊണ്ട് ചോദിച്ചു . "എനിക്കറിയാം ദത്താ നിൻ്റെ മനസ്സ് . നമ്മുടെ അടുത്തിരിക്കുന്ന ഒരാൾ നമ്മളോട് ഇല്ലാത്ത സ്നേഹം അഭിനയിക്കുന്നതാണെന്ന് നമുക്ക് മനസ്സിലാക്കാൻ കഴിഞ്ഞു എന്ന് വരില്ല. പക്ഷേ മനസിൽ ഉള്ള സ്നേഹം മറച് വച്ച് പുറത്ത് ദേഷ്യം അഭിനയിക്കുകയാണെങ്കിൽ അത് നമുക്ക് പെട്ടെന്ന് മനസ്സിലാകും . എനിക്കറിയാം നിന്റെ മനസ്സിൽ എൻ്റെ സ്ഥാനം എത്രത്തോളമുണ്ടെന്ന് .അത് നീ എത്രയൊക്കെ മറച്ചു വെക്കാൻ ശ്രമിച്ചാലും നിന്റെ കണ്ണുകളിൽ എനിക്കത് കാണാൻ കഴിയുന്നുണ്ട്." "ഒലക്കയാണ് ...നിന്നോട് ഇതൊക്കെ ആരാ പറഞ്ഞത് " "ഒലക്കയല്ല ...ആട്ടുകല്ല്... ഞാനും കുറച്ച് ബുദ്ധിയുള്ള മനുഷ്യൻ തന്നെയാണ് .എനിക്ക് അതൊക്കെ അറിയാം "അവൾ പുച്ഛത്തോടെ പറഞ്ഞു. " എങ്ങനെ "... " കോകില ചേച്ചിയെ കാണുമ്പോൾ ജിത്തു ചേട്ടന്റെ കണ്ണിലുള്ള അതേ തിളക്കം എന്നെ കാണുമ്പോൾ നിന്റെ ഈ കണ്ണിൽ ഉണ്ട് . ഇപ്പോഴും എനിക്കത് കാണാൻ കഴിയുന്നുണ്ട് ." വർണ്ണ അത് പറഞ്ഞതും ദത്തൻ പെട്ടെന്ന് തന്നെ ഒരു പതർച്ചയോടെ അവളുടെ മുഖത്തു നിന്നും അവൻ്റെ ദൃഷ്ടി മാറ്റി .

"എന്തിനാ ദത്താ വെറുതെ ഇങ്ങനെ അഭിനയിക്കുന്നേ... " "നിനക്ക് എന്താ വട്ടായോ. വെറുതെ ഓരോന്ന് പറയുന്നു .എനിക്ക് അങ്ങനെ ഒന്നുമില്ല " അതു പറഞ്ഞ് ദത്തൻ മലർന്നു കിടന്നു . ഇരുകൈകളും നെഞ്ചിൽ പിണച്ച് വെച്ച് മുകളിലേക്ക് നോക്കി അവൻ കിടന്നു . കുറച്ചു കഴിഞ്ഞതും വർണ്ണ നീങ്ങി നീങ്ങി അവൻ്റെ അടുത്ത് എത്തി . നെഞ്ചിൽ വച്ചിരിക്കുന്ന അവൻ്റെ കൈകൾ എടുത്തുമാറ്റി വർണ അവൻ്റെ നെഞ്ചിലേയ്ക്ക് തല വച്ച് വർണ്ണ കിടന്നു. "ദത്താ.."അവൻ്റെ ഷർട്ടൻ്റെ ബട്ടൻസ് പിടിച്ച് കളിച്ചുകൊണ്ട് അവൾ വിളിച്ചു . "ദത്താ..." " മ്മ്..." " ദത്താ...." "എന്താടി ..." "നാട്ടിൽ പോയിട്ട് തറവാട്ടിൽ പോയോ... അമ്മയെ കണ്ടോ ..."അവൾ ചോദിച്ചു . "അമ്മയെ കണ്ടു. പക്ഷേ തറവാട്ടിലേക്ക് പോയില്ല" "അതെന്താ" അവൾ തല ഉയർത്തി നോക്കിക്കൊണ്ട് ചോദിച്ചു . " പോവാൻ തോന്നിയില്ല .പിന്നെ ആവശ്യം അവരുടേതാണല്ലോ. അപ്പോ അവർ ഞാനെവിടെ ആണെങ്കിലും അവിടെ വന്നു കണ്ടോളും "അപ്പൊ നീ ഇത്രയും ദിവസം എവിടെയാ നിന്നത് "

"ഞാനന്നു പറഞ്ഞില്ലേ .ധ്രുവി.. അവൻ്റെ വീട്ടിലാ നിന്നത്. മുത്തശ്ശിയുടെ അനിയത്തി ...അതായത് ചെറിയ മുത്തശ്ശിയുടെ പേരക്കുട്ടിയാണ് ധ്രുവി. എന്റെ ബന്ധുക്കളിൽ അവനുമായി മാത്രമേ ഞാനിപ്പോൾ കോൺടാക്ട് ഉള്ളൂ. അവരിപ്പോൾ ബാംഗ്ലൂരിലാണ് അടുത്തമാസം തിരിച്ചുവരും. അവരുടെ വീട് ഒഴിഞ്ഞുകിടക്കുകയാണ് .അവിടെയാണ് ഇത്രയും ദിവസം ഞാൻ നിന്നത്." "ധ്രുവി എന്നുപറയുമ്പോൾ ആ ഡോക്ടർ ആണോ..." അവൾ ഒരു വളിച്ച ചിരിയോടെ ചോദിച്ചു . "ആണെങ്കിൽ .." "ആണെങ്കിൽ.. ഒന്നുമില്ല" അവൾ മുഖത്ത് ചെറിയ നാണം അഭിനയിച്ചു കൊണ്ട് പറഞ്ഞു. "എന്നിട്ട് അമ്മ എന്താ പറഞ്ഞത് " "അമ്മ എന്തു പറയാൻ ..കെട്ടിപിടിച്ച് കുറെ കരഞ്ഞു. എൻറെ കല്യാണം കഴിഞ്ഞത് തറവാട്ടിൽ ആരും അറിഞ്ഞിട്ടില്ല. അറിഞ്ഞിരുന്നെങ്കിൽ അമ്മ എന്നോട് ചോദിക്കുമായിരുന്നു " "ആ പെണ്ണുമ്പിള്ള.. സോറി നിന്റെ അമ്മായി ആൾ അത്ര ശരിയല്ല അല്ലേ "

" മ്മ്''അവൻ ഒന്ന് മൂളുക മാത്രം ചെയ്തു . കുറച്ചുനേരം അവർക്കിടയിൽ ഒരു മൗനം നിറഞ്ഞു തറവാട്ടിലെ കാര്യങ്ങൾ ദത്തനോട് ചോദിക്കണം എന്നുണ്ടായിരുന്നെങ്കിലും ഓരോന്ന് പറഞ്ഞ് അവൻറെ മനസ്സ് വിഷമിപ്പിക്കേണ്ട എന്ന് കരുതി വർണ്ണ അതിന് നിന്നില്ല . കണ്ണുകളടച്ച് അവൻറെ നെഞ്ചിൽ തല വെച്ച് അവൾ കിടന്നു. ദത്തൻ തന്റെ കൈകൾ കൊണ്ട് അവളെ തന്നിലേക്ക് ചേർത്തു പിടിച്ചിരുന്നു . " വർണാ " "മ്മ് പറ ദത്താ" "നീ എന്താ എന്നേ കുറിച്ച് ഒന്നും ചോദിക്കാത്തത്. ഞാൻ ആരാണെന്നോ എന്താണെന്നോ നിനക്ക് അറിയണ്ടേ " " എനിക്ക് അറിയണം എന്നുണ്ട്. പക്ഷേ ഞാൻ ചോദിച്ച് സങ്കടപ്പെടുത്തില്ല. നിനക്ക് തോന്നുമ്പോൾ പറഞ്ഞാൽ മതി. ഇനി നീ എങ്ങനെയാണെങ്കിലും, എന്തായിരുന്നു എങ്കിലും എനിക്ക് നിന്നോടുള്ള സ്നേഹം ഒരു തരി പോലും കുറയില്ല.

" കുറച്ച് നേരത്തെ മൗനത്തിന് ശേഷം ദത്തൻ പറയാൻ തുടങ്ങി. "പാലക്കൽ തറവാട്. ആലത്തൂരിലെ തന്നെ ഏറ്റവും തലയെടുപ്പോടെ ഉയർന്ന് നിൽക്കുന്ന തറവാടായിരുന്നു. അവിടത്തെ തറവാട്ടമ്മയായ രേണുകാമ്മ. നമ്മുടെ മുത്തശ്ശി. അവർക്ക് മൂന്നു മക്കൾ മൂത്തവൻ മുകുന്ദൻ വർമ്മ . രണ്ടാമത്തേത് മാലതി . ഇവിടെ ഇന്ന് വന്നില്ലേ ആ സ്ത്രീ . ഇളയവൻ മഹാദേവൻ. മുകുന്ദൻ വർമ്മ . അതായത് നമ്മുടെ പപ്പ . പപ്പക്ക് മൂന്നു മക്കൾ. മൂത്തവൻ ദേവരാഗ് എന്ന രാഗ്. കമ്പ്യൂട്ടർ എൻജിനിയർ ആണ്. ഭാര്യ ദർശന. രണ്ടാമത്തേത് ദേവദത്തൻ എന്ന ദേവ. ഭാര്യ വർണ .ഇളയവൾ ദേവശില്പ എന്ന ശിലു. ഡിഗ്രി തേർഡ് ഇയറിന് പഠിക്കുന്നു. മാലതി ... ഭർത്താവ് രാജശേഖരൻ . മക്കൾ എല്ലാവരും കൂടെ വേണം എന്ന മുത്തശ്ശിയുടെ ആഗ്രഹം കാരണം അമ്മായിയും അമ്മാവനും കല്യാണം കഴിഞ്ഞ കാലം മുതൽ തറവാട്ടിൽ തന്നെയാണ്. അവർക്ക് മക്കൾ മൂന്നു പേർ. മൂത്തവൻ പാർത്ഥിത്.

സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് . രണ്ടാമത്തേത് പാർവതി എന്ന പാറു. എൻജിനിയർ ആണ്. ഇളയവൾ പൂർണിമ . ബാഗ്ലൂരിൽ ഒരു ഐ ടി കമ്പനിയിൽ ജോലി ചെയ്യുന്നു. മഹാദേവൻ.. ഭാര്യ സുധ. അവർക്ക് രണ്ട് മക്കൾ ശ്രീരരാഗ് . ശ്രീ ഭദ്രാ . ശ്രീരാഗ് എന്ന ശ്രീ MBA കഴിഞ്ഞു. ശ്രീദദ്ര എന്ന ഭദ്ര ഡിഗ്രി ചെയ്യുന്നു. അവളും ശിലുവും ഒരേ പ്രായമാണ്. തറവാട്ടിലെ കുറേ കാലത്തെ കാത്തിരിപ്പിപ്പിനു ശേഷം ജനിച്ച പെൺകുട്ടിയാണ് പാർവതി . അതുകൊണ്ട് തന്നെ പാർവതിയോട് പണ്ടു മുതലേ ഒരിത്തിരി സ്നേഹം കൂടുതലാണ്. ചെറുപ്പം മുതലേ ഞങ്ങളുടെ കല്യാണം ഉറപ്പിച്ചു വച്ചതാണ്. എന്റെ 27 മത്തെ വയസിലാണ് എന്റെയും പാർവതിയുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്.

അന്നവൾക്ക് 24 വയസ്. ചെറുപ്പം മുതൽ ദേവൻ പാറുവിന്റെ മാത്രമാണ് എന്ന് പറഞ്ഞ് വളർത്തിയതു കൊണ്ടായിരിക്കാം ദേവദത്തൻ എന്ന് പറഞ്ഞാൽ അവൾക്ക് ഭ്രാന്തമായിരുന്നു. ആദ്യമൊക്കെ അനിയത്തിയെ പോലെ ആയതു കൊണ്ടാകാം എനിക്ക് അവളെ ഒരു ഭാര്യയുടെ സ്ഥാനത്ത് കാണാൻ കഴിഞ്ഞിരുന്നില്ല. പക്ഷേ എല്ലാവർക്കും വേണ്ടി ഞാൻ സ്വയം മാറി. പാർവതിയെ സ്നേഹിക്കാൻ തുടങ്ങി. ഒരു പരിധി കടന്നാൽ സ്നേഹവും ഒരു വീർപ്പുമുട്ടലാണ്. പാർവതിയുടെ പ്രണയം അത് എനിക്ക് ഉൾകൊള്ളാൻ കഴിയുന്നതിനെക്കാൾ ഒരുപാട് മുകളിൽ ആയിരുന്നു. ശരിക്കും ഭ്രാന്തമായ പ്രണയം ...തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story