എൻ കാതലെ: ഭാഗം 27

enkathale

എഴുത്തുകാരി: അപർണ അരവിന്ദ്‌

"അപ്പോ നീ ശരിക്കും പോലീസ് ആണോ ദത്താ" "ആഹ് ബെസ്റ്റ് ... ഇത്രം പറഞ്ഞിട്ടും നീ ആ ജോലിയിൽ തന്നെ പിടിച്ചിരിക്കുകയാണോ. അതിന് ശേഷം ഞാൻ പറഞ്ഞതൊന്നും നീ കേട്ടില്ലേ " ദത്തൻ അവളുടെ തലയിൽ ഒന്ന് കൊട്ടി കൊണ്ട് ചോദിച്ചു. " ഞാൻ ചോദിച്ചതിന് ഉത്തരം താ" " പോലീസ് ആയിരുന്നു. ഇപ്പോ അല്ലാ " " അപ്പോ ഇനി നിനക്ക് ജോലിയിൽ കയറാൻ പറ്റില്ലേ " " ഞാൻ ജോബ് റിസൈൻ ചെയ്തില്ലേടീ. ഇനി എങ്ങനെ ജോലിക്ക് കയറും " "ശ്ശേ.. നീ എന്ത് പണിയാ കാണിച്ചേ ദത്താ . എന്തിനാ റിസെൻ ചെയ്തേ " " അന്ന് അങ്ങനെ തോന്നി. അതോണ്ട് റിസൈൻ ചെയ്തു " അത് കേട്ടതും വർണ മുകളിലേക്ക് നോക്കി കടന്ന് എന്തൊക്കെ ആലോചിച്ച് പിറുപിറുക്കുന്നുണ്ട്. "പൊട്ടി... ഞാൻ പറഞ്ഞത് വിശ്വാസിച്ചു എന്ന് തോന്നുന്നു. അത്രേം കഷ്ടപ്പെട്ടാണ് ആ ജോലി ഞാൻ വാങ്ങിയത്. അത് അത്ര എളുപ്പം എന്നേ കൊണ്ട് ഉപേക്ഷിക്കാനാവില്ലല്ലോ " അവൻ മനസിൽ ഓരോന്ന് ആലോചിച്ച് കണ്ണടച്ച് കിടന്നു.

" ദത്താ" "മ്മ് " " ദത്താ... " "എന്താന്ന് വച്ചാ പറഞ്ഞ് തൊലക്കടി പുല്ലേ " " ഞാൻ ഉണ്ടല്ലോ. നിന്റെ കൂടെ വന്നപ്പോൾ ഉണ്ടല്ലോ. ആദ്യമൊക്കെ നല്ല സങ്കടമായിരുന്നു. അവിടെ മാമ്മനും, അഭിയേട്ടനും പ്രശ്നക്കാർ ആണെങ്കിലും ഞാനും ആമി ചേച്ചിയും അമ്മായിയും ഉള്ള ലോകം നല്ല സന്തോഷമായിരുന്നു. അവിടെന്ന് നമ്മുടെ വീട്ടിൽ എത്തിയപ്പോൾ ആകെ ഒരു ഒറ്റപ്പെടൽ. നീ രാവിലെ പോയാൽ രാത്രിയെ വരു. ഞാൻ ആ വീട്ടിൽ ഒറ്റക്ക് . ഞാൻ കുറേ കരഞ്ഞിട്ടുണ്ട്. അപ്പോ നിന്റെ അവസ്ഥ എന്തായിരിക്കും. അത്രം ആളുകൾ ഉള്ള തറവാട്ടിൽ നിന്നും ചെറുപ്പം മുതലുള്ള സുഖ സൗകര്യങ്ങൾ എല്ലാം ഉപേക്ഷിച്ച് ഇവിടെ ഈ നാട്ടിൽ ഒറ്റക്ക് വന്ന് നിൽക്കുമ്പോൾ നീ എത്ര സങ്കടപ്പെട്ടിട്ടുണ്ടാകും" വർണ അത് പറഞ്ഞ് ദത്തന്റെ നെഞ്ചിലേക്ക് തല വച്ച് കിടന്നു. ദത്തൻ അവളുടെ മുടിയിഴകളിലൂടെ പതിയെ തലോടി കൊണ്ടിരുന്നു. അവൻ പോലുമറിയാതെ കൺകോണിലൂടെ ഒരു തുള്ളി കണ്ണീർ ഒഴുകിയിറങ്ങി. **

" ദത്താ നീ ഉറങ്ങിയോ .." കുറേ നേരം കഴിഞ്ഞതും വർണ ബെഡിൽ എണീറ്റ് ഇരുന്ന് കൊണ്ട് ചോദിച്ചു. "ഇല്ല . നീ എന്താ ഇത്ര നേരമായിട്ടും ഉറങ്ങീല്ലേ " " എനിക്ക് ഉറക്കം വരുന്നില്ലെടാ . നമ്മുക്ക് നമ്മുടെ വീട്ടിലേക്ക് പോയാലോ. എനിക്ക് അവിടേയാ ഇഷ്ടം. " "നിനക്ക് വട്ടാണോടീ . ഈ നട്ട പാതിരാത്രിക്കാണോ പോവുന്നേ. " " അതിന് ഇപ്പോ എന്താ. നമ്മൾ നമ്മുടെ വീട്ടിലേക്കല്ലേ പോവുന്നേ. വല്ലവരുടെ വീട്ടിലേക്കല്ലാല്ലോ . വാ ദത്താ പോവാം" വർണ ദത്തന്റെ കൈ പിടിച്ച് വലിച്ച് കൊണ്ട് പറഞ്ഞു. "എനിക്കൊന്നും വയ്യാ . " അത് പറഞ്ഞ് ദത്തൻ തിരിഞ്ഞ് കിടന്നു. "ദത്താ.. ദത്താ...." അവൾ അവന് ഒരു സമാധാനം കൊടുക്കാതെ വിളിച്ചു കൊണ്ടിരുന്നു. "ഈ കുരുട്ടിനെ കൊണ്ട് ഞാൻ തോറ്റു. " അവൻ ചെറിയ നീരസത്തോടെ ബെഡിൽ നിന്നും എണീറ്റു. രാത്രിയായതിനാൽ ചന്തുവിന്റെ അമ്മ പല തവണ പോവേണ്ടാ എന്ന് പറഞ്ഞെങ്കിലും വർണയുടെ വാശി കാരണം അവർ പോകാൻ തിരുമാനിച്ചു.

റോഡിലാണ് വണ്ടി നിർത്തിയിരിക്കുന്നത്. അത് വരെ അവർ നടന്നു. ദത്തൻ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തതും വർണ അവന്റെ പിന്നിലായി കയറി അവന്റെ വയറിലൂടെ ചുറ്റി പിടിച്ച് പുറത്ത് തല ചാരി വച്ച് കിടന്നു. "അല്ലാ ദത്താ നീ അവരുടെ കൂടെ അല്ലേ ഇവിടെ നിന്നും ഇറങ്ങിയത്. പിന്നെ പെട്ടെന്ന് എവിടേക്കാ നീ പോയത്..." " വണ്ടിടെ ബ്രേക്കിന് ഒരു കംപ്ലയിന്റ്. അത് വർ ഷോപ്പിൽ ഒന്ന് കാണിക്കാൻ പോയതാ . അത്രേം ദൂരം പോവേണ്ടതല്ലേ. അതോണ്ട് ബ്രേക്ക് ഇല്ലാത്ത വണ്ടിയായാൽ ശരിയാവില്ല. " " അതിന് നീ എങ്ങോട്ടാ പോകുന്നേ " " എഹ് ... നീ പറഞ്ഞത് നിനക്ക് ഓർമയില്ലേ. നീയല്ലേ അവരോട് പറഞ്ഞത് ദത്തന്റെ ഇഷ്ടം എന്താണോ അത് പോലെ ചെയ്തോളാൻ . പിന്നെ എന്തിനാ ഇങ്ങനെ ഒരു ചോദ്യം. ഞാൻ നാളെ നാട്ടിലേക്ക് പോകും " " അപ്പോ നീ പോകാൻ ഉറപ്പിച്ചോ " " ഞാൻ ഇവിടെ ഇങ്ങനെ എന്തിനാ ഒറ്റക്ക് നിൽക്കുന്നത്. എന്റെ എല്ലാവരും അവിടെ തറവാട്ടിലല്ലേ ."

"അപ്പോ അവർ ചെയ്തതെല്ലാം നീ മറന്നിട്ട് തിരിച്ച് പോവുകയാണോ " " തെറ്റുപറ്റാത്ത മനുഷ്യൻ ഇല്ലാലോ. എല്ലാം മറക്കാനും പൊറുക്കാനും അല്ലേ ദൈവം മനുഷ്യന് മറവി എന്ന ഒന്ന് തന്നിരിക്കുന്നത്. പിന്നെ എന്നേക്കാത്ത് പാർവതി നാലഞ്ച് കൊല്ലം ആയില്ലേ കാത്തിരിക്കുന്നു. എന്തിനാ വെറുതെ അവളേ സങ്കടപ്പെടുത്തുന്നത് " "മ്മ് " വർണ ഒന്ന് മൂളി. "നാളെ പോയാൽ ഇനി ഞാൻ ഇവിടേക്ക് തിരികെ വരാൻ ചാൻസ് കുറവാണ്. അതോണ്ട് എല്ലാവരേയും ഒന്ന് ചെന്ന് കണ്ടു. ജിത്തുനേ ഡിസ്സ്റ്റാർജ് ചെയ്തു. അതോണ്ട് അവനെ വീട്ടിൽ പോയി കണ്ടു. പിന്നെ ഇവിടത്തെ ഫ്രണ്ട്സിനെ ,അനൂനേ , വേണിയേ , ചന്തുന്റെ അമ്മയെ, ചന്തൂനേ , പിന്നെ നിന്നേയും " "മ്മ്.... നാളെ എപ്പോഴാ പോവുന്നേ. " " ഒന്നെങ്കിൽ നാളെ രാത്രി. അല്ലെങ്കിൽ മറ്റന്നാ വെളുപ്പിന് . ഇനി എന്താ നിന്റെ പ്ലാൻ . അത് ചോദിക്കാൻ കൂടിയാ നിന്നെ കാണാൻ വന്നത് " കാറ്റിൽ ദത്തന്റെ മുടി ഇടക്കിടക്ക് മുഖത്തേക്ക് പാറി വീഴുന്നുണ്ട്. വണ്ടി ഓടിക്കുന്നതിനിടയിൽ അത് ഒരു കൈ കൊണ്ട് മാടി ഒതുക്കി ദത്തൻ ചോദിച്ചു. "എന്റെ എന്ത് പ്ലാൻ "

" ഞാൻ പോയാൽ നിനക്ക് ആ വീട്ടിൽ ഒറ്റക്ക് നിൽക്കാൻ പറ്റിലല്ലോ. ഞാൻ ചന്തുവിന്റെ അമ്മയോട് സംസാരിച്ചു. നിന്നെ അവിടെ നിർത്തുന്നതിന് അവർക്ക് സന്തോഷമേ ഉള്ളൂ. കോകില അവളുടെ വീട്ടിൽ കൊണ്ടുവന്നു നിർത്താൻ പറയുന്നുണ്ട്. പിന്നെ നിന്റെ അമ്മായിയുടെ വീട്ടിൽ നിൽക്കണമെങ്കിൽ അവിടെ നിൽക്കാം. ഇനി ഇതൊന്നും വേണ്ടെങ്കിൽ ഹോസ്റ്റലിൽ ആക്കി തരാം. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നേ ഒന്ന് കോൾ ചെയ്താ മതി ." "എയ് ഹോസ്റ്റലിന്റെ ആവശ്യം ഒന്നും ഇല്ല. ഇനി ഒരു മാസത്തെ കാര്യമല്ലേ ഉള്ളൂ. ഞാൻ ചന്തുവിന്റെ വീട്ടിൽ അഡ്ജസ്റ്റ് ചെയ്തോളാം " "അതെന്താ ഒരു മാസത്തെ കണക്ക്. അത് കഴിഞ്ഞാ നീ എവിടേക്കാ പോവുന്നേ " " നീ അന്ന് പറഞ്ഞത് ഒരു മാസം കഴിഞ്ഞാൽ നിന്റെ ആ ഡോക്ടർ ധ്രുവി വരും എന്നല്ലേ . അയാൾ വന്നാ നീ എന്നേ അയാൾക്ക് കല്യാണം കഴിപ്പിച്ചു കൊടുക്കുമല്ലോ. അപ്പോ പിന്നെ വെറുതെ ഹോസ്റ്റലിൽ ഒന്നും നിൽക്കണ്ട ."

"നീ എന്ത് സാധമാടി കുരുട്ടേ. ഒരു ഭർത്താവിന്റെ മുഖത്ത് നോക്കിയാണ് ഈ പറയുന്നത് എന്ന ഓർമയെങ്കിലും ഒന്ന് വേണം " " ഓഹ് പിന്നെ നിനക്ക് പാർവതിയെ കെട്ടാമെങ്കിൽ എനിക്ക് ആ ഡോക്ടറേയും കെട്ടാം " അവൾ അവന്റെ പുറത്ത് തല വച്ച് കണ്ണടച്ച് കിടന്നു. പിന്നീട് കുറച്ച് നേരം അവർക്കിടയിൽ ഒരു മൗനം തളം കെട്ടി നിന്നു. ദത്തന്റെ മേൽ നിന്നും വർണയുടെ കൈ അഴയാൻ തുടങ്ങിയതും ദത്തൻ വണ്ടി ഒരു സൈഡിലേക്ക് ഒതുക്കി. "കുഞ്ഞേ .... ഡീ ... "ദത്തൻ അവളെ തട്ടി വിളിച്ചു. "മ്മ്.. " അവൾ ഉറക്കത്തിൽ ഒന്ന് ഞെരങ്ങി. "ഇത്രം ഉറക്കം വരുന്നുണ്ടെങ്കിൽ നിനക്ക് അവിടെ തന്നെ കിടന്നുറങ്ങേണ്ട കാര്യമല്ലേ ഉള്ളൂ. എന്തിനാ വീട്ടിൽ പോവാൻ നിർബന്ധം പിടിച്ചേ " ദത്തൻ ദേഷ്യത്തിൽ ചോദിച്ചു. "നീ വണ്ടിയെടുക്ക് ദത്താ . എനിക്ക് ഉറക്കം വന്നിട്ട് വയ്യാ . വേഗം പോ" വർണ ഉറക്കത്തിൽ തന്നെ പറഞ്ഞു. "വണ്ടിയിൽ പോകുമ്പോൾ ഇങ്ങനെ കിടന്ന് ഉറങ്ങല്ലേ കുഞ്ഞേ . റോഡിൽ വീഴില്ലേ "

" സാരില്യ. ഞാൻ ഇങ്ങനെ നിന്നെ മുറുക്കെ പിടിച്ച് ഇരിക്കാം " അവൾ അവന്റെ വയറിലൂടെയുള്ള പിടി മുറുക്കി കൊണ്ട് പറഞ്ഞു. " മുറുക്കെ പിടിച്ചേക്കണേടി. താഴെ വീഴത്തില്ലല്ലോ" അവൻ പരിഭ്രമത്തോടെ ചോദിച്ചു. "ഇല്ല ദത്താ " ദത്തൻ വണ്ടി മുന്നോട്ടെടുത്തു. "വിട്ടേക്കത്തല്ലേ കുഞ്ഞേ .. പിടിച്ചിരുന്നോണേടീ " വീടെത്തുന്നതിനു മുൻപ് ഒരു ആയിരം വട്ടം എങ്കിലും ദത്തൻ പറഞ്ഞിട്ടുണ്ടാവും. വണ്ടി മുറ്റത്ത് എത്തിയതും വർണ ഇറങ്ങി സ്റ്റേപ്പിൽ തൂണിൽ ചാരി ഇരുന്ന് ഉറങ്ങാൻ തുടങ്ങി. " ഇങ്ങനെ ഒരു ഉറക്ക പ്രാന്തി " ദത്തൻ വാതിൽ തുറന്നു . വർണയെ താങ്ങി പിടിച്ച് ബെഡിൽ കിടന്ന് കിടത്തി. വാതിൽ അടച്ച് ദത്തനും അവന്റെ അരികിലായി കിടന്നു. " എന്നേ കുറിച്ച് അറിയുമ്പോൾ എന്റെ ജീവിതത്തെ കുറിച്ച് അറിയുമ്പോൾ നിനക്ക് എന്നോടുള്ള സ്നേഹം കുറയും എന്നാണ് ഞാൻ കരുതിയത്. നിന്നേക്കാൾ മുൻപ് ഞാൻ പാർവതിയെ പ്രണയിച്ചിട്ടുണ്ട് എന്നറിയുമ്പോൾ നീ എന്നേ വെറുക്കും എന്ന് കരുതി. പക്ഷേ നീയെനിക്ക് ഒരു അത്ഭുതമാണല്ലോ പെണ്ണേ .... "ദേവൂട്ട്യേ .... നമ്മൾ തമ്മിൽ ഒരു മാസത്തെ പരിചയം പോലും ഇല്ല .

എന്നിട്ടും നീയെങ്ങനെ എന്നേ ഇത്രയും മനസിലാക്കുന്നു. എന്റെ ജീവിതത്തിൽ മറ്റാരും എന്നേ ഇത്രത്തോളം മനസിലാക്കിയിട്ടുണ്ടാവില്ല " ദത്തൻ അവളെ തന്നിലേക്ക് ചേർത്ത് പിടിച്ച് കിടത്തി എപ്പോഴോ ഉറങ്ങി പോയി. * വർണ രാവിലെ എണീക്കുമ്പോൾ അവൾ ദത്തന്റെ വയറിനു മീതെ തല വച്ചാണ് കിടന്നിരുന്നത്. ജനലിലൂടെയുള്ള സൂര്യവെളിച്ചം മുഖത്തേക്ക് അടിക്കാൻ തുടങ്ങിയതും അവൾ എണീറ്റ് ജനൽ അടച്ചു . ശേഷം ദത്തന്റെ അരികിലായി വന്ന് അവന്റെ കഴുത്തിലേക്ക് മുഖം ചേർത്ത് കിടന്നു. വർണയുടെ ചുടു നിശ്വാസം കഴുത്തിൽ തട്ടിയതും ദത്തൻ കണ്ണുകൾ തുറന്നു. അവൻ പതിയെ അവളെ നെഞ്ചിൽ നിന്നും ബെഡിലേക്ക് എടുത്ത് കിടത്താൻ നിന്നതും വർണ ഒന്നുകൂടി അവന്റെ മേലേക്ക് കയറി കിടന്ന് അവനെ ചുറ്റി പിടിച്ചു. "കുറച്ച് നേരം കൂടി ദത്താ" അവൾ ഉറക്കത്തിൽ പറഞ്ഞു.ദത്തൻ തന്റെ മേലെ കിടക്കുന്ന വർണയെ ഇരു കൈകൾ കൊണ്ടും തന്നിലേക്ക് ചുറ്റി പിടിച്ച് അവളുടെ പുറത്ത് തട്ടി കൊടുത്തു.

വർണ ഉറങ്ങി എന്ന് മനസിലായതും ദത്തൻ അവളെയെടുത്ത് ബെഡിലേക്ക് കിടത്തി. നെറുകിൽ ഒന്ന് തലോടിയ ശേഷം ബെഡിൽ നിന്നും എണീറ്റു. സമയം 11 :30 കഴിഞ്ഞിരുന്നു. ദത്തൻ ചെന്ന് കുളിച്ച് ഫ്രഷായി വരുമ്പോഴും വർണ നല്ല ഉറക്കത്തിൽ തന്നെയായിരുന്നു. "ഡീ ... എണീറ്റേ. സമയം ഉച്ചയായി " ദത്തൻ അവളെ തട്ടി വിളിച്ചു. "കുറച്ച് നേരം കൂടി " " ഇല്ല പറ്റില്ല. ഇപ്പോ തന്നെ സമയം ഒരുപാടായി എണീക്ക് " ദത്തൻ അവളുടെ പുതപ്പ് വലിച്ച് മാറ്റി കൊണ്ട് പറഞ്ഞതും വർണ മടിയോടെ ബെഡിൽ നിന്നും എണീറ്റ് ചുമരിൽ ചാരി ഇരുന്നു. " ഇതെന്ത് കോലമാടി " പാറി പറന്ന അവളുടെ മുടിയും ഉറക്കം തൂങ്ങുന്ന ഇരുപ്പും കണ്ട് ദത്തൻ ചോദിച്ചു. വർണ അത് മൈന്റ് ചെയ്യാതെ വീണ്ടും ബെഡിലേക്ക് കിടക്കാൻ നിന്നതും ദത്തൻ അവളുടെ കാല് പിടിച്ചു വലിച്ചു.

"അയ്യോ ദത്താ വേണ്ടാ ഞാൻ താഴെ വീഴും " അവൾ അലറാൻ തുടങ്ങിയതും ദത്തൻ അവളെ എടുത്ത് ബെഡിൽ ഇരുത്തി. പാറി പറന്ന അവളുടെ മുടിയെല്ലാം ഒന്നായി നെറുകിൽ വച്ച് കെട്ടി കൊടുത്തു. "നീ എവിടേക്കാ പോവുന്നേ " ദത്തന്റെ വേഷം കണ്ട് അവൾ ചോദിച്ചു. " ഒരു ചെറിയ ഷോപ്പിങ്ങ് .നാട്ടിൽ പോവുകയല്ലേ അപ്പോ കുറച്ച് സാധനങ്ങൾ വാങ്ങിക്കണം " "എന്ത് ഷോപ്പിങ്ങാ " " എനിക്ക് വേണ്ട കുറച്ച് ഡ്രസ്സും മറ്റു സാധനങ്ങളും. നീ വരുന്നുണ്ടോ കൂടെ " " കൂടെയൊക്കെ വരാം പക്ഷേ എനിക്കും ഡ്രസ്സ് എടുത്ത് തരണം" "മ്മ് തരാം " " ആഹ്.. ഒന്നോ രണ്ടോ ഡ്രസ്സ് അല്ലാ. ഒരു ആറേഴേണ്ണം എങ്കിലും വേണം " "മ്മ് ശരി വാങ്ങി തരാം " കണ്ണാടിയിൽ നോക്കി മുടി ചീകി ദത്തൻ പറഞ്ഞു. "പിന്നെ ഈ സീരിയൽ നായികയെ പോലെ അയ്യോ ഈ ഡ്രസ്സിനോക്കെ ഒരുപാട് വിലയാണല്ലോ. എന്റെ എട്ടനെ ബുദ്ധിമുട്ടിക്കാൻ വയ്യാ വില കുറവുള്ള ഡ്രസ്സ് മാത്രമേ ഞാൻ എടുക്കൂ. എന്നോന്നും ഈ വർണ പറയില്ല.

എനിക്ക് ഡ്രസ്സ് ഇഷ്ടായാൽ ഞാൻ എടുക്കും വിലയൊന്നും നോക്കില്ല " " ഇവളെ ഇന്ന് ഞാൻ .... നിന്ന് വാചകമടിക്കാതെ പോയി കുളിച്ച് വല്ലതും കഴിച്ച് വരുന്നുണ്ടെങ്കിൽ വാടീ " ദത്തൻ അലറിയതും വർണ ബെഡിൽ നിന്നും ചാടി ഇറങ്ങി പുറത്തേക്ക് നടന്നു. " ദത്താ" വാതിക്കൽ എത്തിയതും വർണ വിളിച്ചു. "എന്താടി " " ഭക്ഷണം കഴിക്കുന്നതും കൂടെ വരുന്നതും OKay. പക്ഷേ കുളി. അത് വേണോ " " ഡീ " അവൻ കൈയ്യിലുള്ള ചീർപ്പ് അവൾക്ക് നേരെ എറിഞ്ഞതും വർണ അത് ക്യാച്ച് ചെയ്യ്തു. "വെറുതെ അല്ലടാ നിന്നേ ആ പാർവതി തേച്ച് ഒട്ടിച്ചത്. നിനക്ക് അങ്ങനെ തന്നെ വേണം. നിന്റെ ഈ കാട്ട് മാക്കാൻ സ്വാഭാവം കാണിക്കുമ്പോൾ അവൾ നിന്നേ ചതിച്ചില്ലേങ്കിലേ അത്ഭുതമുള്ളൂ "വർണ ക്യാച്ച് ചെയ്ത ചീർപ്പ് അവന് തന്നെ എറിഞ്ഞ് കൊടുത്തു കൊണ്ട് അടുക്കളയിലേക്ക് ഓടി . ദത്തൻ ചിരിയോടെ ഫോണും എടുത്ത് ബെഡിൽ വന്നിരുന്നു. ** സമയം കുറേ ആയിട്ടും വർണ കുളിച്ച് വരാത്തതിനാൽ ദത്തൻ മുറ്റത്തേക്ക് ഇറങ്ങി.

പക്ഷേ അവളെ എവിടേയും കാണാനില്ല. അവൻ നേരെ അടുക്കള ഭാഗത്തേക്ക് ചെന്നു. വർണ അടുക്കള പുറത്തെ സ്റ്റേപ്പിൽ ഇരുന്ന് വിരിച്ചിറങ്ങിയ കോഴി കുഞ്ഞുങ്ങൾക്ക് അരി ഇട്ടു കൊടുക്കുകയായിരുന്നു. " ഇതെന്താ ഒരു കോഴി മറ്റൊരു കോഴിക്ക് അരി ഇട്ട് കൊടുക്കുന്നോ " ദത്തൻ കള്ള ചിരിയോടെ അവളുടെ അടുത്ത് ഇരുന്നു. " കോഴി നിന്റെ മറ്റവൾ പാർവതി. " അവൾ അവനെ തുറിച്ച് നോക്കി പറഞ്ഞതും ദത്തൻ അവളുടെ ചെവി പിടിച്ച് തിരിച്ചു. "അയ്യോ വിട് ദത്താ . ഞാൻ വെറുതെ പറഞ്ഞതാ . ഇനി പറയില്ല. " അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു. "അങ്ങനെ ന്റെ കുട്ടി വഴിക്ക് വാ. അല്ലാ ഇതാരുടെ കോഴിയാ " " സ്മിത ചേച്ചീടെയാ . ഇതുവഴി വന്നപ്പോൾ ഞാൻ കുറച്ച് അരി ഇട്ടു കൊടുത്തതാ " വർണ ദത്തന്റെ മേൽ ചാരി ഇരുന്നു കൊണ്ട് പറഞ്ഞു. "എടീ നാറി നീ ഇത്ര നേരായിട്ടും കുളിച്ചില്ലേ " " ഇല്ല. ഞാൻ എണിക്കുമ്പോൾ തന്നെ ഉച്ചയായില്ല. അതോണ്ട് പല്ല് തേച്ചിട്ട് ഞാൻ ചോറുണ്ടു. വിശന്നാ ഞാൻ ഞാനല്ലാതെ ആവും അതാ. എന്നിട്ട് ഞാൻ കുളിക്കാന്ന് കരുതീതാ. അപ്പോ എനിക്ക് അമ്മായി പണ്ട് പറഞ്ഞ കാര്യം ഓർമ വന്നത് .ഭക്ഷണം കഴിച്ചിട്ട് അപ്പോ തന്നെ കുളിക്കാൻ പാടില്ല.

പിന്നെ ഉച്ച കുളി പിച്ച കുളി എന്നാ ശാസ്ത്രം . അതാ ഞാൻ ഇവിടെ വന്ന് ഇരുന്നത് " വർണ ആവശ്യത്തിലധികം നിഷ്കളങ്കത വാരി വിതറി കൊണ്ട് പറഞ്ഞു. "മ്മ്..." ദത്തൻ ഒന്ന് അമർത്തി മൂളി കൊണ്ട് കോഴിക്കുഞ്ഞുങ്ങളെ നോക്കി ഇരുന്നു. " ദത്താ നമ്മൾ എപ്പോഴാ പുറത്ത് പോവുന്നേ " " കുറച്ച് കഴിഞ്ഞ് പോവണം " തന്റെ തോളിൽ വച്ചിരിക്കുന്ന വർണയുടെ തലയിലൂടെ തലോടി കൊണ്ട് ദത്തൻ പറഞ്ഞു. " എന്നാ ഞാൻ ഓടി പോയി റെഡിയായിട്ട് വരാം " അത് പറയലും വർണ അകത്തേക്ക് ഓടലും കഴിഞ്ഞിരുന്നു. വർണ റെഡിയായി വന്നതും ദത്തൻ വണ്ടി സ്റ്റാർട്ട് ചെയ്തു. പക്ഷേ വർണ വണ്ടിയിൽ കയറാതെ നിൽക്കുകയാണ്. "എന്താടി ... കയറ് വേഗം " " കയറാം. പക്ഷേ എനിക്ക് ചില കണ്ടീഷൻ ഉണ്ട് " "എന്ത് കണ്ടീഷൻ ... " " എനിക്ക് ഐസ് ക്രീം വാങ്ങി തരണം , പുറത്ത് നിന്നും ഫുഡ് വാങ്ങി തരണം , സിനിമക്ക് കൊണ്ടു പോകണം " " എന്നാ ശരി. എന്റെ കുട്ടി ഇവിടെ നിന്നോ. ചേട്ടൻ പോയി സാധനങ്ങൾ വാങ്ങിച്ചിട്ട് വരാം. "

ദത്തൻ വണ്ടി മുന്നോട്ട് എടുക്കാൻ നിന്നതും വർണ വേഗം വണ്ടിയിൽ കയറി. അവർ ആദ്യം പോയത് ഡ്രസ്സ് എടുക്കാനാണ്. കടയിൽ എത്തി 10 മിനിറ്റ് കൊണ്ട് ദത്തൻ തനിക്ക് വേണ്ടി 8, 9 ഷർട്ടുകൾ എടുത്തു. "ഇത്ര പെട്ടെന്ന് കഴിഞ്ഞോ " " പിന്നല്ലാതെ . നിങ്ങൾ പെണ്ണുങ്ങളെ പോലെ ഒരു ഡ്രസ്സ് എടുക്കാൻ അരമണിക്കൂർ ഒന്നും എനിക്ക് വേണ്ടാ. ആ പാറുവും ശിലുവും ഭദ്രയും കൂടെ ഡ്രസ്സ് എടുക്കാൻ വിളിച്ചാ പിന്നെ പറയണ്ട. ഒരു ഡ്രസ്സ് എടുക്കാൻ ഒരു ദിവസം മുഴുവൻ ആ ഷോപ്പിന്റെ ഉള്ളിൽ കാത്തു കെട്ടി കടക്കണം " ദത്തൻ പഴയ ഓർമകളിൽ പറഞ്ഞു. " ഇങ്ങു തന്നെ... " വർണ ദത്തൻ സെലക്ട് ചെയ്ത് വച്ച ഷർട്ടുകൾ വാങ്ങി ഓരോന്നും നോക്കാൻ തുടങ്ങി. അതിൽ നിന്നും രണ്ട് ഷർട്ടുകൾ എടുത്തു മാറ്റി. പകരും അവൾ തന്നെ വേറെ രണ്ട് ഷർട്ടുകൾ സെലക്ട് ചെയ്തു. "നിനക്ക് ബ്ലാക്കും വൈറ്റും കളർ നന്നായി ചേരും ടാ " അവൾ ഒരു കൈയ്യിൽ ബ്ലാക്കും മറ്റേ കയ്യിൽ വൈറ്റ് ഷർട്ടും പിടിച്ചു കൊണ്ട് പറഞ്ഞു. "ഇനി നിനക്ക് വേണ്ട ഡ്രസ്സ് എടുക്ക്" ദത്തൻ അത് പറഞ്ഞ് വർണക്കൊപ്പം ലേഡീസ് സെക്ഷനിലേക്ക് നടന്നു. അടുത്തുള്ള ഒരു ചെയറിൽ തന്നെ ഫോണും നോക്കി അവൻ ഇരുന്നു.

" ചേച്ചി കുറച്ച് ടോപ്പുകൾ കാണിച്ച് താ" വർണ പറഞ്ഞതനുസരിച്ച് അവർ കുറേ ടോപ്പുകൾ എടുത്ത് മുന്നിൽ വച്ചു. അതിൽ നിന്നും അവൾ രണ്ടു മൂന്നേണ്ണം സെലക്ട് ചെയ്ത് കുറച്ച് അകലെ ഇരിക്കുന്ന ദത്തനെ നോക്കി. " ദത്താ ഇതിൽ എതാ നല്ലത് " "എല്ലാം നല്ലതാ " അവൻ ഫോണിൽ നിന്നും തല ഉയത്തി ഒന്ന് നോക്കി കൊണ്ട് പറഞ്ഞു. "ഇയാളോട് ചോദിച്ച എന്ന പറഞ്ഞാ മതീ ലോ " അവൾ അതിൽ നിന്നും രണ്ട് ടോപ്പ് എടുത്തു. "ഇനി സ്കെർട്ട് " സെയിൽസ് ഗേൾ കുറച്ച് സ്കെർട്ട് എടുത്തു വച്ചു. അതിൽ നിന്നും അവൾ രണ്ടു മൂന്നേണ്ണം സെലക്ട് ചെയ്ത് ദത്തനെ നോക്കി. " ദത്താ ഇതിൽ എതാ നല്ലത് " "എല്ലാം നല്ലതാ " അവൻ ഫോണിൽ നിന്നും തല ഉയത്തി ഒന്ന് നോക്കി കൊണ്ട് വീണ്ടും പറഞ്ഞു അവൾ അതിൽ നിന്നും വീണ്ടും രണ്ട് സ്കെർട്ട് സെലക്റ്റ് ചെയ്തു വച്ചു. "ഇനി പട്ടുപാവാട " സെയിൽസ് ഗേൾ കുറച്ച് പട്ടുപാവാട എടുത്തു വച്ചു. അതിൽ നിന്നും അവൾ രണ്ടു മൂന്നേണ്ണം സെലക്ട് ചെയ്ത് വീണ്ടും ദത്തനെ നോക്കി. " ദത്താ ഇതിൽ എതാ നല്ലത് " അത് കേട്ട് ദത്തൻ ഫോൺ ഓഫ് ചെയ്ത് എഴുന്നേറ്റ് അവളുടെ അടുത്തേക്ക് വന്നു.

" ഇതൊന്നും വേണ്ട. വേറെ മോഡൽ നോക്കട്ടെ " വർണ സെലക്റ്റ് ചെയ്ത് വച്ച പട്ടുപാവാട മാറ്റി വച്ചു കൊണ്ട് ദത്തൻ പറഞ്ഞു. അവൻ ഒരു കരിം പച്ച, ഓറഞ്ച്, റെഡ് ആന്റ് റോസ് മിക്സഡ്, പീകൊക്ക് കളറിലുള്ള പല മോഡലിലുള്ള പട്ടുപാവാടകൾ സെലക്റ്റ് ചെയ്തു. " ഇത് പുതിയ മോഡൽ ആണ് സാർ . ഒന്നു നോക്കി നോക്കു " ഒരു കഥകളി പ്രിന്റിങ്ങ് പട്ടുപാവാട കാണിച്ച് സെയിൽസ് ഗേൾ പറഞ്ഞു. "ഈ സൈസ് ഇവൾക്ക് കറക്റ്റ് ആവില്ല. ഇതിന്റെ ചെറിയ സൈസ് മതി" അവൻ പറഞ്ഞതനുസരിച്ച് അതേ മോഡൽ ചെറിയ ഡ്രസ്സ് എടുത്തു വച്ചു. "നിനക്ക് എനിക്ക് ഇഷ്ടമുള്ള ഡ്രസ്സ് സെലക്റ്റ് ചെയ്യാൻ വിളിച്ചപ്പോ വരാൻ വയ്യാ. എനിക്ക് ഇഷ്ടം അല്ലാത്ത ഡ്രസ്സ് എടുത്ത് വച്ചപ്പോൾ അത് സെലക്റ്റ് ചെയ്യാൻ വന്നിരിക്കുന്നു. " അവൾ മുഖം വീർപ്പിച്ചു കൊണ്ട് പറഞ്ഞു. "എനിക്ക് അങ്ങനെയുള്ള ഡ്രസിന്റെ സെലക്ഷൻ ഒന്നും അറിയത്തില്ലടി . തറവാട്ടിൽ എല്ലാവരും സാരിയും, പട്ടുപാവാടയും , ദാവണിയും ഒക്കെയാണ്. "

ഇനി വേറെ എന്തെങ്കിലും വേണോ മാഡം. ദാവണി സാരി അങ്ങനെ എന്തെങ്കിലും " " വേണ്ടാ " അത് കേട്ടതും ദത്തൻ പറഞ്ഞു. "എനിക്ക് ദാവണി വേണം ദത്താ " " വേണ്ടാ. ദാവണിയും, സാരിയും ഒഴികെ നിനക്ക് വേറെ എന്തെങ്കിലും വേണങ്കിൽ വാങ്ങിയിട്ട് വാ" അത് പറഞ്ഞ് ദത്തൻ വീണ്ടും ചെയറിൽ ചെന്ന് ഇരുന്നു. " ദത്താ എനിക്ക് നൈറ്റ് വെയർ വേണം " അവന്റെ അടുത്ത് വന്ന് തോളിൽ തൊണ്ടി കൊണ്ട് വർണ പറഞ്ഞു. " വാങ്ങിച്ചോ " " ഇപ്പോ തന്നെ ഒരുപാട് ബില്ലായിട്ടുണ്ടാകും" "സാരില്യ എടുത്തോ" " അവസാനം ബില്ല് പേ ചെയ്യുമ്പോൾ പൈസ തികഞ്ഞില്ലെങ്കിൽ ഇവർ സെയിൽസ് ഗേൾ ആയി എന്ന ഇവിടെ പിടിച്ച് നിർത്തും. ടോപ്പുകൾ ഓക്കെ പക്ഷേ സാരി ഒന്നും എനിക്ക് മടക്കി വക്കാൻ അറിയില്ലാ ട്ടോ " " അത് സാരില്യാ. ഇവിടെ ഷോപ്പ് അടിച്ചു വാരി തുടക്കാനും, സ്റ്റാഫിന് ചായ വാങ്ങി കൊടുക്കാനും നിന്നാ മതി" "പിന്നെ ... എനിക്കൊന്നും പറ്റില്ല. "

" വേഗം പോയി വേണ്ടത് എടുത്തിട്ട് വാടി നിന്ന് കിണുങ്ങാതെ " അത് കേട്ടതും വർണ ഡ്രസ്സ് എടുക്കാൻ പോയി. ഹുഡിയാണ് അവൾ സെലക്റ്റ് ചെയ്തത്. തല വഴി തൊപ്പി പോലെ വരുന്നിടത്ത് അനിമെൽസിന്റെ ഷേപ്പ് വരുന്നതാണ്. മുയലിന്റെ ചെവി പോലെ വരുന്നതും , പാണ്ടയുടേയും, പഗ്ഗിന്റെയും ഡ്രസ്സ് ആണ് അവൾ സെലക്റ്റ് ചെയ്തത്. ഡ്രസ്സുകൾ ബില്ലിങ്ങിനായി കൊടുത്ത് അവൾ ദത്തന്റെ അരികിലേക്ക് പോയി. ബില്ല് പേ ചെയ്ത് . അവൾ നേരെ മൂവിക്ക് പോയി. അത് കഴിഞ്ഞ് പുറത്ത് നിന്നും ഭക്ഷണം കഴിച്ച് തിരികെ പോകുമ്പോഴേക്കും നേരം ഇരുട്ടിയിരുന്നു. " ദത്താ " വർണ അവന്റെ പുറത്ത് തല വച്ച് കിടന്നു കൊണ്ട് വിളിച്ചു. "എന്താടാ " " ഞാൻ ഒരു ആഗ്രഹം പറഞ്ഞാ സാധിച്ചു തരുമോ " "എന്താ നിന്റെ ആഗ്രഹം. അത് പറ " " എനിക്കുണ്ടല്ലോ " "നിനക്ക് " " എനിക്ക് നിന്റെ വണ്ടി ഓടിക്കണം " " അതിന് നിനക്ക് ബുള്ളറ്റ് ഓടിക്കാൻ അറിയുമോ " " ഇല്ലാ. നീ ഓടിച്ചോ ഞാൻ ഫ്രണ്ടിൽ വെറുതെ ഇരിക്കാം "

"നിനക്കെന്താ ഭ്രാന്തുണ്ടോ പെണ്ണേ " "പ്ലീസ് ദത്താ . പ്യത്ഥിരാജിന്റെ ഊഴം സിനിമയില്ലേ. അതിൽ അവൻ അവന്റെ അനിയത്തിയേ ബുള്ളറ്റിന്റെ ഫ്രണ്ടിൽ ഇരുത്തി കൊണ്ടു പോകുന്ന ഒരു പാട്ടുണ്ടല്ലോ. എതാ ആ പാട്ട് ആഹ് കിട്ടി പോയി. "തിരികെ വരുമോ കളിയും ചിരിയും " ആ പാട്ട് ഇല്ലേ അത് കണ്ടപ്പോ മുതലുള്ള ആഗ്രഹമാ. പ്ലീസ് ദത്താ" " ഇല്ല " "പ്ലീസ് പ്ലീസ് പ്ലീസ് " "ഒന്ന് വാ അടച്ച് വച്ചിരിക്കടി. ആളുകൾ ഇല്ലാത്ത സ്ഥലത്ത് എത്തട്ടെ " കുറച്ച് കഴിഞ്ഞതും ദത്തൻ ബുള്ളറ്റ് ഒരു സൈഡിലേക്ക് ഒരുക്കി. വർണ വണ്ടിയിൽ നിന്നും ചാടി ഇറങ്ങി ഫ്രണ്ടിൽ കയറി. "സ്പീഡിൽ പോ ദത്താ" " അടങ്ങിയിരിയടി" അവൻ ശാസനയോടെ പറഞ്ഞു. "അല്ലാ ദത്താ നീ എന്തിനാ ദാവണിയും, സാരിയും എന്നോട് എടുക്കണ്ടാ എന്ന് പറഞ്ഞത് "

" ഒന്നൂല്ല" " പറ ദത്താ" "അതുണ്ടല്ലോ... അത് പിന്നെ ഉണ്ടല്ലോ.... നീ സാരിയും ദാവണിയും ഒക്കെ ഉടുത്താ വലിയ പെൺപിള്ളേരെ പോലെ തോന്നും. നീ എപ്പോഴും ചെറിയ കുട്ടികളെ പോലെ ക്യൂട്ട് ആയി കാണുന്നതാ എനിക്ക് ഇഷ്ടം" അവളുടെ തോളിൽ താടി കുത്തി വച്ച് കാതിലായി ദത്തൻ പതിയെ പറഞ്ഞു. അവന്റെ മറുപടി കേട്ട് വർണ അത്ഭുതത്തോടെ അവനെ നോക്കി. ദത്തന്റെ ഭാഗത്ത് നിന്നും ആദ്യമായാണ് അങ്ങനെ ഒരു സംസാരം വർണ കേൾക്കുന്നത്. പക്ഷേ ദത്തൻ അതൊന്നും ശ്രദ്ധിക്കാതെ വണ്ടി ഓടിക്കുന്നതിൽ ശ്രദ്ധിച്ചു.....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story