എൻ കാതലെ: ഭാഗം 28

enkathale

എഴുത്തുകാരി: അപർണ അരവിന്ദ്‌

"അതുണ്ടല്ലോ... അത് പിന്നെ ഉണ്ടല്ലോ.... നീ സാരിയും ദാവണിയും ഒക്കെ ഉടുത്താ വലിയ പെൺപിള്ളേരെ പോലെ തോന്നും. നീ എപ്പോഴും ചെറിയ കുട്ടികളെ പോലെ ക്യൂട്ട് ആയി കാണുന്നതാ എനിക്ക് ഇഷ്ടം" അവളുടെ തോളിൽ താടി കുത്തി വച്ച് കാതിലായി ദത്തൻ പതിയെ പറഞ്ഞു. അവന്റെ മറുപടി കേട്ട് വർണ അത്ഭുതത്തോടെ അവനെ നോക്കി. ദത്തന്റെ ഭാഗത്ത് നിന്നും ആദ്യമായാണ് അങ്ങനെ ഒരു സംസാരം വർണ കേൾക്കുന്നത്. പക്ഷേ ദത്തൻ അതൊന്നും ശ്രദ്ധിക്കാതെ വണ്ടി ഓടിക്കുന്നതിൽ ശ്രദ്ധിച്ചു. വീട്ടിലെത്തിയതും സമയം 7 മണി കഴിഞ്ഞിരുന്നു. വാങ്ങിച്ച സാധനങ്ങളെല്ലാം ടേബിളിൽ വച്ച ശേഷം വർണ ചാടി തുള്ളി ബെഡിൽ കയറി കിടന്നു. "അല്ലാ എങ്ങോട്ടാ കാവടിതുള്ളി...ന്റെ കുട്ടി ഇന്ന് കുളിച്ചിട്ടും നനച്ചിട്ടും ഇല്ലാ എന്ന കാര്യം ഓർമയില്ലേ ആവോ " " ഓഹ് അത് സാരില്യ. സമയം ഇത്രം ആയില്ലേ. ഇനി നാളെ കുളിക്കാം . "അവൾ ബെഡിലേക്ക് കിടന്നു കൊണ്ട് പറഞ്ഞു.

" മര്യാദക്ക് പോയി കുളിക്കടി നാറി " ദത്തൻ അവളെ പിടിച്ച് വലിച്ച് എഴുന്നേപ്പിച്ചു. " ഞാൻ കുളി കഴിഞ്ഞു വരുമ്പോഴേക്കും നീ കുളിക്കാൻ കയറിട്ടില്ലെങ്കിൽ ബാക്കി ഞാൻ അപ്പോ പറയാം " ദത്തൻ താൻ ഇട്ട ഷർട്ട് അഴിച്ച് ബെഡിനു മുകളിൽ ഇട്ട് ഒരു തോർത്തു മുണ്ടുമായി പുഴ കടവിലേക്ക് നടന്നു. ദത്തൻ തോർത്ത് മുണ്ട് സ്റ്റേപ്പിൽ വച്ച് പുഴയിലേക്ക് ഇറങ്ങാൻ നിന്നതും കയ്യിൽ ഒരു തോർത്തുമായി വർണയും പിന്നാലെ വന്നു. "മ്മ്..എന്തേ " അവൻ ഗൗരവത്തിൽ ചോദിച്ചു. " കുളിക്കാൻ ... " " ബാത്ത് റും അവിടെ അല്ലേ. പിന്നെന്തിനാ ഇവിടേക്ക് വന്നിരിക്കുന്നേ " " ഞാൻ ഇന്ന് അവിടെയല്ലാ ഇവിടേയാ കുളിക്കുന്നേ " " ഇവിടേയോ ... കയറി പോടീ അകത്ത് . അവള് കുളിക്കാൻ വന്നിരിക്കുന്നു. " ദത്തന്റെ അലർച്ച കേട്ടതും വർണ ഒന്ന് ഞെട്ടി.

" ദത്താ ..." പാലും തേനും പഞ്ചസാരവും ശർക്കരയും ആവശ്യത്തിൽ കൂടുതൽ ചേർത്തു കൊണ്ട് വിളിച്ചു. " ഒരു ദത്തനും ഇല്ല. അകത്ത് ബാത്ത്റൂമിൽ പോയി കുളിക്കടി. " " ഇവിടെ വന്നപ്പോ മുതലുള്ള ആഗ്രഹമാ ദത്താ പുഴയിൽ കുളിക്കാൻ . ഇപ്പോ രാത്രിയായില്ലേ . ആരും കാണില്ല " അവൾ അപേക്ഷിച്ചു കൊണ്ട് പറഞ്ഞു. " ഇവള് മനുഷ്യന്റെ കൺട്രോളിഫിക്കേഷൻ കളയാൻ വേണം വച്ച് ഇറങ്ങിയിരിക്കാ. ഒരു വിധം എങ്ങനേയാ പിടിച്ചു നിൽക്കുന്നേ എന്ന് എനിക്കേ അറിയൂ. അതിനിടയിലാ അവളുടെ ഒരു ആഗ്രഹം " ദത്തൻ പിറുപിറുത്തു കൊണ്ട് വെള്ളത്തിലേക്ക് ഇറങ്ങി. വർണ വേഗം കൈയ്യിലെ തോർത്ത് പടവിൽ വച്ച് വെള്ളത്തിൽ ഇറങ്ങി നിന്നു. "നീ അവിടെ നിന്നാ മതി. എന്റെ അരികിലേക്ക് വരരുത് " ദത്തൻ ഗൗരവത്തിൽ പറഞ്ഞ് വർണയിൽ നിന്നും കുറച്ച് അകലം പാലിച്ച് നിന്നു. "ഹായ് എന്ത് രസാ ലേ " അവൾ വെള്ളം തെറുപ്പിച്ചു കളിക്കാൻ തുടങ്ങി.

വർണക്ക് അധികം ഹൈറ്റ് ഇല്ലാത്തതിനാൽ അവളുടെ നെഞ്ചോളം വെള്ളം ഉണ്ട്. ദത്തനാണെങ്കിൽ അരയോളവും. " നിന്ന് കളിക്കാതെ വേഗം കുളിച്ച് കയറാൻ നോക്കടീ " " നീ എന്താടാ ഇങ്ങനെ ഒരു മരയോന്തിന്റെ സ്വഭാവം കാണിക്കുന്നേ. ഞാനിപ്പോ ഇറങ്ങിയതല്ലേ ഉള്ളൂ. കുറച്ച് നേരം കൂടി കളിക്കട്ടെ " വർണ ദത്തന്റെ മേലേക്ക് വെള്ളം തട്ടി കൊണ്ട് പറഞ്ഞു. "അയ്യോ ... അമ്മേ ..." വർണ നിലവിളിച്ചതും ദത്തന്റെ മേലെ ഓടി കയറിയതും ഒരുമിച്ചായിരുന്നു. "എന്താടി എന്താ പറ്റിയേ " " അവിടെ എന്തോ ഉണ്ട് ദത്താ. എന്റെ കാലിൽ എന്തോ തട്ടി. നീർക്കോലിയായിരിക്കും " ഇരു കാലുകളും ദത്തന്റെ പിന്നിലേക്ക് പിണച്ച് വച്ച് ദത്തന്റെ തോളിലൂടെ കൈ ഇട്ട് അവന്റെ മേലേ കയറി ഇരുന്നു. " അത് നീർകോലിയും, മാർക്കോലിയൊന്നും അല്ല. വല്ല മീനും കാലിൽ തട്ടിയതായിരിക്കും. ഇത്രം പേടിയുള്ള ആൾ പുഴയിൽ ഇറങ്ങേണ്ടാ കാര്യമുണ്ടോ. " ദത്തൻ അവളുടെ പുറത്ത് കൊട്ടി കൊണ്ട് പറഞ്ഞു.

" മീനോ ... പുഴയിലോ " " പിന്നെ മീൻ പുഴയിലല്ലാതെ നിന്റെ ... ദേ എന്നേ കൊണ്ട് കൂടുതലൊന്നും പറയിപ്പിക്കാതെ ഇറങ്ങടി എന്റെ മേൽ നിന്നും " " ഇല്ല .... എനിക്ക് പേടിയാ. എന്നേ നീർക്കോലി കടിക്കും " " ഇറങ്ങി മര്യാദക്ക് " ദത്തൻ തന്റെ മേലുള്ള വർണയുടെ പിടി അഴിക്കാൻ നോക്കിയെങ്കിലും വർണ പിടി വിടാതെ അവനെ മുറുക്കി പിടിച്ചു. ഒരു നിമിഷം അവന്റെ നോട്ടം അവളുടെ മുഖത്ത് ഉടക്കി. അവളുടെ മുഖമാകെ അവന്റെ കണ്ണുകൾ ഓടി നടന്നു. മുടിയിൽ നിന്നും മുഖത്തേക്ക് ഒലിച്ചിറങ്ങുന്ന വെള്ളവും പേടിച്ച് വിറച്ച അവളുടെ കണ്ണുകളും ഒരു നിമിഷം അവൻ നോക്കി നിന്നു. പതിയെ അവന്റെ കൈകൾ അവളുടെ ഇടുപ്പിൽ മുറുകി. ദത്തൻ അവളെ തന്നിലേക്ക് കൂടുതൽ ചേർത്തു പിടിച്ചു.

അവളുടെ വിറക്കുന്ന അധരങ്ങളെ സ്വന്തമാക്കാൻ അവന്റെ മനസ് കൊതിച്ചു. പക്ഷേ ഇതൊന്നും അറിയാതെ വർണ പേടിച്ച് ചുറ്റും നോക്കുകയായിരുന്നു. ഇനി എങ്ങാനും നിർക്കോലി കടിച്ചാലോ എന്ന ചിന്തയായിരുന്നു അവളുടെ മനസിൽ മുഴുവൻ . ദത്തൻ പെട്ടെന്ന് തന്റെ ഉള്ളിലുണ്ടാകുന്ന മാറ്റം തിരിച്ചറിഞ്ഞ് അവളിൽ നിന്നും മുഖം വെട്ടിച്ചു. ശ്വാസം ഒന്ന് ആഞ്ഞ് വലിച്ചു. "വർണ പ്ലീസ് നീ ഒന്ന് എന്റെ മേൽ നിന്നും ഇറങ്ങ്. ചില സമയത്ത് എനിക്ക് എന്നേ കൺട്രോൾ ചെയ്യാൻ പറ്റുന്നില്ല. എനിക്ക് സ്വയം നഷ്ടപ്പെടുന്ന പോലെ തോന്നാ . എന്റെ അവസ്ഥ ഒന്ന് നീ മനസിലാക്ക് " അവൻ ദയനീയമായി പറഞ്ഞതും വർണ അന്തം വിട്ട് ഇരിക്കുകയായിരുന്നു. " അതെന്താ ദത്താ . ഞാൻ അത്രയും വെയ്റ്റ് ഉണ്ടോ. എന്റെ വെയ്റ്റ് നിനക്ക് താങ്ങാൻ പറ്റുന്നില്ലേ " നിഷ്കളങ്കമായി ചോദിക്കുന്ന വർണയെ കണ്ട് ദത്തൻ തലക്ക് കൈ കൊടുത്തു. "എന്താ ദത്താ നിനക്ക് പറ്റിയത്. നിന്റെ മുഖമൊക്കെ വല്ലാതെ ആയിരിക്കുന്നു.

" വർണ അവന്റെ മുഖം കൈയ്യിലെടുത്തു കൊണ്ട് ചോദിച്ചു. "ശരിക്കും നിനക്ക് ബോധം ഇല്ലാത്തതാണോ അതോ അഭിനയിക്കുന്നതാണോ " "എന്താ ദത്താ എന്താ കാര്യം " " ഇത് ഒരു നടക്ക് പോവില്ല. നീ ഇറങ്ങിക്കേ. വെറുതെ മനുഷ്യനെ വഴി തെറ്റിക്കാൻ " പക്ഷേ വർണ ഇറങ്ങാൻ സമ്മതിച്ചില്ല. "നമ്മുക്ക് വെള്ളത്തിൽ മുങ്ങാം ദത്താ. ഞാൻ റെഡി വൺ ടൂ ത്രി പറയും അപ്പോ മുങ്ങണം. എന്നിട്ട് നമ്മുക്ക് കയറാം " അത് പറഞ്ഞ് വർണ ഒരു കൈ കൊണ്ട് ദത്തന്റെ കഴുത്തിലൂടെ ചുറ്റി പിടിച്ചു. മറ്റേ കൈ കൊണ്ട് മൂക്കിൽ വെള്ളം കയറാതിരിക്കാൻ മൂക്കുo പിടിച്ചു. ദത്തൻ അവളു ഇടുപ്പിൽ പിടിച്ച് തന്നിലേക്ക് ചേർത്തു പിടിച്ച് നിന്നു. " എന്നേ മുറുക്കി പിടിച്ചോണേ ദത്താ. വിട്ടേക്കല്ലേ ....റെഡി ... വൺ ... ടൂ ... ത്രീ ..." അവർ രണ്ടു പേരും വെള്ളത്തിലേക്ക് മുങ്ങി ഒന്ന് ഉയർന്നു പൊങ്ങി. അപ്പോഴേക്കും വർണ മൂക്കിൽ വെള്ളം കയറി ചുമക്കാൻ തുടങ്ങി. " ഞാൻ അപ്പോഴേ കയറാൻ പറഞ്ഞതല്ലേ . ഇപ്പോ വെള്ളം കയറിയപ്പോ സമാധാനമായില്ലേ."

ദത്തൻ ചീത്ത പറഞ്ഞു കൊണ്ട് കൽപടവിലേക്ക് കയറി. അവളെ സ്റ്റേപ്പിൽ ഇരുത്തി അവൾ ഇരിക്കുന്ന പടവിനു മുകളിലായി ദത്തനും ഇരുന്നു. "വെറുതെ ആവശ്യം ഇല്ലാത്ത പണിക്ക് നിന്നോളും. വെറുതെ മനുഷ്യനെ മെനേക്കെടുത്താൻ " അവൻ പിറുപിറുത്തു കൊണ്ട് അവളുടെ തല തോർത്തി കൊടുക്കാൻ തുടങ്ങി. " ദത്താ" "മ്മ് " " നീ നാളെ എപ്പോഴാ പോവുക " " രാവിലെ പോവണം . നീ വേഗം ചെന്ന് ഡ്രസ്സ് മാറ്റ് വെറുതെ നനഞ്ഞത് ഇട്ടിട്ട് ഇരിക്കണ്ട. " " വേണ്ട ദത്താ കുറച്ച് കഴിയട്ടേ " അത് പറഞ്ഞ് വർണ ദത്തന്റെ മടിയിലേക്ക് തല വച്ച് കിടന്നു. പുഴയിലൂടെ വീശിയടിക്കുന്ന കാറ്റ് അവരെ തട്ടി പോയതും വർണ തണുത്തു കൊണ്ട് ദത്തന്റെ അരികിലേക്ക് ആയി ഇരുന്നു. ദത്തൻ അവളുടെ തോളിലൂടെ കൈ ഇട്ട് അകലേക്ക് നോക്കി ഇരുന്നു.

"നീ മഹാദേവ ഭക്തനാണോ ദത്താ" "മ്മ് എന്തേ " "നിന്റെ നെഞ്ചിലെ ഈ ടാറ്റു കണ്ടപ്പോഴേ എനിക്ക് തോന്നി. എന്റെയും ഇഷ്ടദേവൻ മഹാദേവനാ. ഇങ്ങനെ ടാറ്റു ചെയ്യുമ്പോ വേദനിക്കില്ലേ ദത്താ" " ഇല്ലടീ നല്ല സുഖമാണ് . " " ശരിക്കും " " നിന്നേ കൊണ്ട് തോറ്റല്ലോ പെണ്ണേ ഞാൻ . ഇത് ഞാൻ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ചെയ്തത്. പാർവതിയും അവളുടെ കൈയ്യിൽ ടാറ്റു ചെയ്തിട്ടുണ്ട്. ദേവദത്തൻ എന്ന് " ദത്തൻ അവളെ ഇടം കണ്ണിട്ട് നോക്കി പറഞ്ഞു. വർണ ഒന്നും മിണ്ടാതെ അവനെ ചുറ്റി പിടിച്ച് അവന്റെ തോളിൽ തലവച്ച് കിടന്നു. "വർണ " " പറ ദത്താ" "നീ വരുന്നോ എന്റെ കൂടെ ....നാളെ തറവാട്ടിലേക്ക് " " നീ എന്നോട് ഇത് ചോദിച്ചാലും ഇല്ലെങ്കിലും ഞാൻ നാളെ നിന്റെ കൂടെ വരുമായിരുന്നു. " "അതെന്താ " "എന്റെ ഡോക്ടർ ചെക്കൻ അവിടെയല്ലേ .

ഡോക്ടർ വരുമ്പോൾ ഞാൻ അവിടെ ഉണ്ടാവണമല്ലോ. നീ തന്നെ എല്ലാം മുന്നിൽ നിന്ന് നടത്തി തരണേ ദത്താ" അത് കേട്ട് ദത്തൻ ഉറക്കെ ചിരിച്ചു. "വാ എനിക്ക് തണുക്കാൻ തുടങ്ങി. നമ്മുക്ക് അകത്തേക്ക് പോകാം " അത് പറഞ്ഞ് വർണ എണീറ്റ് വീട്ടിലേക്ക് നടന്നു. ദത്തൻ കുറച്ച് നേരം ഓരോന്ന് ആലോചിച്ച് അവിടെ തന്നെ ഇരുന്നു. ദത്തൻ റൂമിലേക്ക് വരുമ്പോഴേക്കും വർണ ഡ്രസ്സ് എല്ലാം മാറ്റി നാളെ പോകാൻ വേണ്ടിയുള്ള ഡ്രസ്സ് എല്ലാം പാക്ക് ചെയ്യാൻ തുടങ്ങിയിരുന്നു. പാക്കിങ്ങ് എല്ലാം കഴിഞ്ഞ് രണ്ടു പേരും ഉറങ്ങാനായി കിടന്നു. വർണ ദത്തന്റെ മുഖത്തേക്ക് തന്നെ നോക്കി കിടക്കുന്നത് കണ്ട് അവൻ എന്താ എന്ന രീതിയിൽ അവളെ നോക്കി. "എന്താടി " " ഉമ്മ . ഒരു കുഞ്ഞു ഉമ്മ " " ഉമ്മയല്ലാ നിന്റെ വാപ്പ . അവൾക്ക് ഈ ഒരു വിചാരമേ ഉള്ളൂ " അത് പറഞ്ഞ് ദത്തൻ തിരിഞ്ഞ് കിടന്നു. " ഇവൻ എന്ത് സാധനമാ. റൊമാൻസിനെ കുറിച്ച് വലിയ അറിവൊന്നും ഇല്ലാ തോന്നുന്നു. അതെങ്ങനെയാ എന്നേ പോലെ ഹിന്ദി സീരിയൽ കാണണം.

അല്ലെങ്കിൽ ഇങ്ങനെയിരിക്കും " പിറുപിറുത്തു കൊണ്ട് വർണ യും തിരിഞ്ഞ് കിടന്നു. " എന്റെ റൊമാൻസിനെ കുറിച്ച് നീ മനസിലാക്കാൻ പോവുന്നേ ഉള്ളൂ. ഒന്ന് തറവാട്ടിലെത്തട്ടെ ഡീ .കാണിച്ച് തരാം " ദത്തൻ കള്ള ചിരിയോടെ മനസിൽ പറഞ്ഞു. * രാവിലെ എന്നത്തേയും പോലെ വർണ കണ്ണു തുറന്ന് നോക്കുമ്പോൾ ദത്തന്റെ മേലായിരുന്നു അവൾ കിടന്നിരുന്നത്. അവൾ എണീറ്റ് പുറത്തേക്ക് ഇറങ്ങി. ബ്രഷ് ചെയ്ത് അവൾ ഡ്രസ്സും എടുത്ത് കുളിക്കാനായി കയറി. കുളി കഴിഞ്ഞ് ഡ്രസ്സുമായി അവൾ പുഴ കടവിലേക്ക് വന്നു. പുഴ കടവിലെത്തിയതും ഇന്നലത്തെ കാര്യങ്ങൾ അവളുടെ മനസിലേക്ക് കടന്നു വന്നു. ഒപ്പം ദത്തന്റെ മുഖവും. "വർണ പ്ലീസ് നീ ഒന്ന് എന്റെ മേൽ നിന്നും ഇറങ്ങ്. ചില സമയത്ത് എനിക്ക് എന്നേ കൺട്രോൾ ചെയ്യാൻ പറ്റുന്നില്ല. എനിക്ക് സ്വയം നഷ്ടപ്പെടുന്ന പോലെ തോന്നാ . എന്റെ അവസ്ഥ ഒന്ന് നീ മനസിലാക്ക് "

അവന്റെ വാക്കുകൾ ഓർക്കുന്തോറും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു. ഇന്നലെ അവൻ അങ്ങനെ പറഞ്ഞപ്പോൾ കാര്യം എന്താണെന്ന് മനസിലായി എങ്കിലും അവൾ അറിയാത്ത പോലെയാണ് പെരുമാറിയത്. "ദത്തന് എന്നോടുള്ള ഫീലിങ്ങ്സ് എന്താണെന്ന് എനിക്ക് വ്യക്തമായി അറിയാം. പക്ഷേ എന്നോടുള്ള സ്നേഹം അവൻ സ്വയം സമ്മതിച്ചു തരാത്തിടത്തോളം കാലം ഞാനും ഒന്നുമറിയാത്ത പോലെ അഭിനയിക്കും " അവൾ വേഗം ഡ്രസ്സ് അലക്കി അഴയിൽ വിരിച്ച് റൂമിലേക്ക് നടന്നു. ദത്തൻ ഇപ്പോഴും നല്ല ഉറക്കത്തിലാണ്. വർണ പതിയെ ചെന്ന് സൈഡിലെ ജനൽ തുറന്നിട്ടു. സൂര്യവെളിച്ചം മുഖത്ത് വന്ന് തട്ടിയതും ദത്തൻ മുഖം ചുളിച്ചു കൊണ്ട് കമിഴ്ന്ന് കിടന്നു. വർണ ഒരു കുസ്യതി ചിരിയോടെ അവന്റെ അരികിൽ വന്നിരുന്ന് . വെള്ളം ഒറ്റി വീഴുന്ന മുടി വെറുതെ അവന്റെ മുഖത്തിലൂടെ ഉരസി. മുഖത്ത് തണുപ്പ് തട്ടിയതും ദത്തൻ പതിയെ കണ്ണു ചിമ്മി തുറന്നു. മുന്നിൽ ഇരിക്കുന്ന വർണയെ കണ്ടതും ദത്തന്റെ കണ്ണുകൾ ഒന്ന് വിടർന്നു. പുഞ്ചിരിയോടെ തന്നെ നോക്കി ഇരിക്കുന്ന വർണ .

കുളി കഴിഞ്ഞതു കൊണ്ട് മുടിയിൽ നിന്നും ഒറ്റി വീഴുന്ന വെള്ള തുള്ളികളാൽ അവളുടെ ഡ്രസ്സിന്റെ കഴുത്തു ഭാഗം മുഴുവൻ നനഞ്ഞിരുന്നു. " ദത്താ....'' വർണ അവനെ നീട്ടി വിളിച്ചപ്പോഴാണ് ദത്തൻ സ്വബോധത്തിലേക്ക് വന്നത്. " രാവിലെ തന്നെ മനുഷ്യന്റെ ഉറക്കം കളയാതെ എണീറ്റ് പോടീ നാശമേ " അവൻ തന്റെ മനസിലെ വികാരങ്ങളെ നിയന്ത്രിക്കാനായി ദേഷ്യത്തിന്റെ മുഖഭാവം എടുത്തു. "നാശം നിന്റെ മറ്റവൾ പാർവതി. അവളെ പോയി വിളിച്ചോ " " ഡീ ... " ദത്തൻ ദേഷ്യത്തിൽ ഉറക്കെ അലറിയതും വർണ പേടിച്ച് പുറത്തേക്ക് ഓടാൻ നിന്നു. പക്ഷേ അപ്പോഴേക്കും ദത്തൻ അവളെ പിടിച്ച് ചുമരിലേക്ക് ചേർത്തിരുന്നു. "എന്താടീ നീ പറഞ്ഞേ " അത് പറയുന്നതിനനുസരിച്ച് ദത്തന്റെ കൈകൾ അവളുടെ ഇടുപ്പിൽ മുറുകിയിരുന്നു.

" അത് ..അത് പിന്നെ ... ഞാൻ " " നിന്ന് വിക്കാതെ പറയടി. നീ എന്താ പറഞ്ഞേ എന്ന് " "നാശം നിന്റെ മറ്റവൾ പാർവതി. അവളെ പോയി വിളിച്ചോ എന്നാ പറഞ്ഞത്." "എന്റെ മറ്റവൾ ആരാടീ " അവൻ ചോദിക്കുന്നത് കേട്ട് വർണ പേടിച്ച് ഇരു കണ്ണുകളും അടച്ച് നിന്നു. അത് കണ്ടതും ദത്തന്റെ ചുണ്ടിൽ ഒരു കള്ള ചിരി വിരിഞ്ഞു. പക്ഷേ അവൻ അത് മറച്ച് വച്ചു. "പറയടി ആരാ എന്റെ മറ്റവളേന്ന് " " ഞാ..ഞാനാ " " ആണല്ലോ. പിന്നെ എന്തിനാ നീ പാർവതിയുടെ പേര് പറഞ്ഞത് " " അ. അത് നിന്നെ ദേഷ്യം പി... പിടിപ്പിക്കാൻ ഞാ..ഞാൻ വെറുതെ " " ഇതിനു മുൻപ് നീ പാർവതിയുടെ പേര് പറഞ്ഞപ്പോൾ ഞാൻ വാൺ ചെയ്തതല്ലേ.എന്നിട്ടും നീ അത് തന്നെ പറഞ്ഞു. അനുസരണകേടിന് ഞാൻ ശിക്ഷ തരട്ടേ " ദത്തൻ അത് ചോദിച്ചതും അവൾ വേണ്ടാ എന്ന രീതിയിൽ തലയാട്ടി. "ഇല്ല ഞാൻ തരും " ദത്തൻ അവളുടെ മേലേക്ക് ഒന്നു കൂടി ചേർന്ന് നിന്നതും വർണയുടെ ഹൃദയമിടിപ്പ് വർദ്ധിച്ചു.

ദത്തന്റെ മുഖം താഴ്ന്ന് വന്നതും അവൾ പേടിച്ചു കൊണ്ട് കണ്ണുകൾ അടച്ചു. "അയ്യോ .. വിടടാ കാലാമാടാ " ദത്തൻ അവളുടെ ചെവി പിടിച്ച് തിരിച്ചതും വർണ ഉറക്കെ അലറി. "ഇനി ഇങ്ങനെ കുരുത്തകേട് പറയുമ്പോൾ ഇത് ഓർക്കണം " അത് പറഞ്ഞ് ദത്തൻ അവളിൽ നിന്നും അകന്ന് മാറി. വേഗം ഡ്രസും എടുത്ത് പുഴ കടവിലേക്ക് നടന്നു. കടവിലെ പടവിൽ തലക്ക് കൈ കൊടുത്ത് ദത്തൻ ഇരുന്നു. " ദത്താ നിന്റെ മനസ് ഇപ്പോ വല്ലാതെ കൈ വിട്ട് പോകുന്നുണ്ട്. ഒരു നിമിഷം ഒന്ന് മനസ് പതറി പോയിരുന്നെങ്കിൽ " കണ്ണടക്കുന്തോറും അവന്റെ മനസിൽ കണ്ണടച്ച് തനിക്ക് മുന്നിൽ പേടിച്ച് നിൽക്കുന്ന വർണയുടെ മുഖം തെളിഞ്ഞു വന്നു. ഉയർന്ന് വന്ന നെഞ്ചിടിപ്പ് അവൻ ഒരു വിധം വരുതിയിലാക്കി. വേഗം തന്നെ കുളിച്ച് പോകാൻ റെഡിയായി. പത്ത് മണിയോട് കൂടി അവർ ഇറങ്ങി. " ദത്താ അവടെ ഉള്ളവർ ഞാൻ നിന്റെ ആരാ എന്ന് ചോദിച്ചാ നീ എന്താ പറയുക. "

"എന്ത് പറയാനാ . അതിപ്പോ ചോദിക്കാനുണ്ടോ. നീ എന്റെ ഫ്രണ്ടാണ് തറവാടും ബന്ധുക്കളേയും വെറുതെ കാണാനാണെന്ന് പറയും. " " ഓഹ് നീ എന്ത് വേണമെങ്കിലും പറഞ്ഞോ. എനിക്ക് കറക്റ്റ് ടൈമിൽ ഫുഡ് കിട്ടണം. അത്ര ഉള്ളൂ. അതിൽ കൂടുതൽ ഒന്നും വേണ്ടാ " അവൾ വണ്ടിയിൽ ദത്തനു പിന്നിലായി കയറി. ഡ്രസ്സ് എല്ലാം ഒരു ബാഗിലാക്കി വർണ തോളിൽ തൂക്കിയിട്ടുണ്ട്. " എന്നാ പോവുകയല്ലേ " "Okay ... Let's go...." ദത്തൻ പുഞ്ചിരിയോടെ വണ്ടി മുന്നോട് എടുത്തു. ഉച്ച കഴിഞ്ഞ് രണ്ട് മണിയോടു കൂടി അവർ പാലക്കാട് എത്തി. പോകുന്ന വഴി അവർ ഫുഡ് കഴിക്കുകയും ചെയ്തിരുന്നു. "പാലക്കൽ തറവാട് " എന്ന് സ്വർണ ലിപികളിൽ എഴുതി വച്ചിരിക്കുന്ന ഒരു ഗേറ്റിന്റെ മുന്നിൽ അവരുടെ ബുള്ളറ്റ് വന്ന് നിന്നു.....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story