എൻ കാതലെ: ഭാഗം 3

enkathale

എഴുത്തുകാരി: അപർണ അരവിന്ദ്‌

" നാട്ടിലെ പെൺപിള്ളേരുടെ എല്ലാ ഡീറ്റെയിൽസും അറിയാം. പക്ഷേ സ്വന്തം ഭാര്യടെ പേര് പോലും അറിയില്ല. അവന് ദത്തൻ എന്നല്ലാ കൃഷ്ണൻ എന്നാ പേരിടേണ്ടത് കള്ള തെമ്മാടി " വർണ ദത്തനെ ചീത്ത വിളിച്ചു കൊണ്ട് അകത്തേക്ക് പോയി. മനസിന് എന്തോ അസ്വസ്ഥത പോലെ .പിന്നെ അവൾക്ക് ഒരു മനസമാധാനവും ഉണ്ടായിരുന്നില്ല. വൈകുന്നേരം വരെ എങ്ങനെയോ സമയം തള്ളി നീക്കി. വർക്ക് കഴിഞ്ഞ് ദത്തൻ വരുമ്പോൾ ഉമ്മറത്തെ പടി കെട്ടിലിരുന്ന് എന്തോ കാര്യമായി ആലോചിക്കുന്ന വർണയെയാണ് കണ്ടത്. ദത്തൻ വന്നതറിഞ്ഞിട്ടും അവൾ അവനെ നോക്കാനോ ശ്രദ്ധിക്കാനോ പോയില്ല. ദത്തൻ അകത്തേക്ക് കയറി പോയതും വർണ നേരെ പുഴ കടവിലേക്ക് നടന്നു. വെള്ളത്തിലേക്ക് കാലിട്ട് പടിക്കെട്ടിലിരുന്നു. പുഴയിലെ കുഞ്ഞു മീനുകൾ അവളുടെ കാലിൽ ഇക്കിളി കൂടി. "നിങ്ങൾക്കൊക്കെ എന്തൊരു സുഖമാ മീൻ കുഞ്ഞേ . ജോലിക്ക് പോവണ്ട , കോളേജിൽ പോവണ്ട , വീട്ടുപണി ചെയ്യണ്ട. എത് സമയം ഇങ്ങനെ വെള്ളത്തിൽ നീന്തി കളിച്ചാ മതിലോ . വല്ല മീൻ കുഞ്ഞും ആയി ജനിച്ചാ മതിയായിരുന്നു.

അയ്യോ അത് വേണ്ട വല്ല മീൻപിടുത്തക്കാരനും വന്ന് പിടിച്ച് കൊണ്ട് പോയി ഫ്രെയ് ചെയ്യും. അല്ലെങ്കിൽ ഞെണ്ട് ആയാൽ മതി. ആരെങ്കിലും വന്നാൽ ഇറുക്കി കൊല്ലാം .പക്ഷേ വേണ്ട ഞെണ്ടിന്ന് അധികം ആയുസില്ല. തവളയാ നല്ലത് അതാവുമ്പോൾ കരയിലും ജീവിക്കാം വെള്ളത്തിലും ജീവിക്കാം. ചാടി നടക്കാം. ഇനി വല്ല തവള പിടുത്തക്കാരെങ്ങാനും പിടിച്ചാലോ " വർണ്ണ കാര്യമായി ഓരോന്ന് ആലോചിച്ചപ്പോഴാണ് പിന്നിൽ ഒരു ആളനക്കം അറിഞ്ഞത്. തിരിഞ്ഞ് നോക്കിയപ്പോൾ അത് ദത്തനായിരുന്നു. താൻ പറഞ്ഞതെല്ലാം അവൻ കേട്ടിട്ടുണ്ടെന്ന് അവന്റെ മുഖഭാവത്തിൽ നിന്ന് തന്നെ വർണക്ക് മനസിലായി. അവൾ ദത്തനെ ഒന്ന് തറപ്പിച്ച് നോക്കിയ ശേഷം അവിടെ നിന്നും എണീറ്റ് പോയി. ദത്തനാണെങ്കിൽ ഇവൾക്കെന്താ പറ്റിയത് എന്ന ഭാവത്തിൽ നിന്നു. "ഇവൾ എന്തിനാ ഒറ്റക്ക് ഇരുന്ന് സംസാരിക്കുന്നേ. ഇനി വെള്ളത്തിൽ ആരെങ്കിലും ഉണ്ടോ " അവൻ ചുറ്റും ഒന്ന് നോക്കി പക്ഷേ ആരും ഇല്ല. "മാടമ്പിള്ളിയിലെ മനോരോഗിയെ ആണോ ഞാൻ താലി കെട്ടി കൊണ്ടുവന്നത് " അവൻ ഓരോന്ന് ആലോചിച്ച് കുളിക്കാനിറങ്ങി. "*

വർണ്ണ വേഗം കൈയ്യും കാലും കഴുകി അകത്തേക്ക് വന്നു. ഉമ്മറത്ത് വച്ചിട്ടുള്ള ഹനുമാൻ സ്വമിയുടെ മുന്നിലുള്ള ചെറിയ വിളക്ക് കത്തിച്ചു. ശേഷം ഒന്ന് പ്രർത്ഥിച്ച് ദത്തന്റെ മുറിയിൽ വന്നിരുന്നു. ദത്തൻ കുളികഴിഞ്ഞ് വരുമ്പോൾ ബെഡിലിരുന്ന് കാര്യമായി എന്തോ ആലോചനയിലാണ് വർണ . അവൻ അവളെ ശ്രദ്ധിക്കാതെ അലമാറയിൽ നിന്നും ഒരു ഷർട്ടും മുണ്ടും എടുത്തിട്ട് ബുള്ളറ്റുമായി പുറത്തേക്ക് പോയി. "വേണ്ടാ മൈന്റ് ചെയ്യണ്ടാ. ഞാനും ഇനി നിന്നെ ശ്രദ്ധിക്കാൻ വരില്ല. ഒരാൾ ഇങ്ങനെ മിണ്ടാതെ ഇരിക്കുമ്പോൾ എന്താ കാര്യം എന്നന്വേഷിക്കാനുള്ള സാമാന്യ മര്യാദ പോലുമില്ല അവന് .. കള്ള തെമ്മാടി " ദത്തൻ പോകുന്നത് നോക്കി അവൾ സ്വയം പിറുപിറുത്തു. തന്നേ അവൻ ശ്രദ്ധിക്കാത്തതിന് തന്റെ മനസ് എന്തിനാണ് ഇത്രക്കും അസ്വസ്ഥമാകുന്നതെന്ന് അവൾക്കു പോലും അറിഞ്ഞിരുന്നില്ല. ** ദത്തനോടുള്ള ദേഷ്യം കൊണ്ട് അവൾ അവൻ കൊണ്ടുവന്ന ഭക്ഷണം കഴിച്ചില്ല. ഒന്ന് ഉറങ്ങി എണീറ്റപ്പോൾ അവൾക്കാണെങ്കിൽ വിശപ്പ് സഹിക്കാൻ പറ്റുന്നില്ല. " ഞാനെന്തിനാ അവനോടുള്ള ദേഷ്യത്തിൽ ഭക്ഷണം കഴിക്കാതെ ഇരിക്കുന്നേ .

അല്ലെങ്കിലും എനിക്ക് എന്തിനാ അവനോട് ദേഷ്യം. അവൻ ആരെയാ വച്ചാ നോക്കുകയോ സ്നേഹിക്കുകയോ, കെട്ടുകയോ ചെയ്യട്ടെ . എനിക്ക് ഒരു കുന്തവും ഇല്ല. " അവൾ ബെഡിൽ നിന്നും എണീറ്റ് ചെന്ന് അവൻ കൊണ്ടുവന്ന ഭക്ഷണം കഴിച്ചു. കൈയ്യെല്ലാം കഴുകി വീണ്ടും വന്നു കിടന്നതും മുറ്റത്ത് ദത്തന്റെ വണ്ടി വന്ന് നിൽക്കുന്ന ശബ്ദം കേട്ടു. അവൾ എഴുന്നേറ്റ് ജനൽ വഴി പുറത്തേക്ക് നോക്കി. നാലു കാലിലാണ് വരവ്. ആടിയാടി നടക്കാൻ പോലും വയ്യാ. കുറേ നേരത്തെ പരിശ്രമത്തിനൊടുവിൽ സ്റ്റേപ്പുകൾ കയറി ഉമ്മറത്തെ ചെയറിൽ വന്ന് ഇരുന്നു. അതെല്ലാം കണ്ട് സത്യത്തിൽ വർണക്ക് ചിരി വന്നെങ്കിലും അവനോടുള്ള ദേഷ്യം ഒന്നു കൂടി വർദ്ധിച്ചിരുന്നു. അവൾ ചെന്ന് വാതിൽ തുറന്ന് പുറത്തേക്കിറങ്ങി നോക്കിയപ്പോൾ ചെയറിൽ ചാരി ഇരുന്ന് കാൽ രണ്ടും തിണ്ണ മേൽ കയറ്റി വച്ച് കിടക്കുകയാണ് ആള് വാതിൽ തുറക്കുന്ന ശബ്ദം കേട്ട് ദത്തൻ തല ഉയർത്തി നോക്കി. അവന്റെ കണ്ണു പോലും ശരിക്ക് മിഴിയുന്നുണ്ടായിരുന്നില്ല. കുറച്ച് നേരത്തെ സൂക്ഷ്മ നിരീക്ഷണത്തിനൊടുവിൽ മുന്നിൽ നിൽക്കുന്നത് വർണയാണ് എന്ന് മനസിലായതും അവന്റെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകി.

"എന്ത് പൂരം കാണാനാടി പുല്ലേ നട്ട പാതിരാത്രിക്ക് ഇവിടെ വന്ന് നിൽക്കുന്നേ. കയറി പോടി " അത് ഒരു അലർച്ചയായിരുന്നു. വർണ വേഗത്തിൽ അകത്തേക്ക് പേടിച്ചൊടി . " എന്നോടു ദേഷ്യപ്പെടാനും , ആജ്ഞാപിക്കാനും അവൻ എന്റെ ആരാ . അവന് ഈ വർണയെ ശരിക്കും അറിയില്ല. " അവൾ അവനെ ചീത്ത വിളിച്ച് വന്നു കിടന്നു. കുറേ കഴിഞ്ഞ് എപ്പോഴോ അവൾ എപ്പോഴോ ഉറങ്ങി പോയി. ** രാവിലെ കണ്ണു തുറന്ന വർണ്ണ കാണുന്നത് അലമാറയിൽ എന്തോ തിരയുന്ന ദത്തനെയാണ്. "ഇയാൾ എങ്ങനെ അകത്ത് എത്തി. ഇനി വിളിച്ചിട്ട് ഞാൻ എണീക്കാത്തതു കൊണ്ട് ഓട് പൊളിച്ച് അകത്ത് കയറിയോ " വർണ്ണ ഓടിലേക്ക് നോക്കി ചോദിച്ചു. "ഓഹ് തമ്പുരാട്ടി പള്ളിയുറക്കം ഉണർന്നോ. " അവൻ പുഛത്തിൽ ചോദിച്ചു. "നീ എങ്ങനെ വീടിനകത്തു കയറി " " നീ ആരെ കെട്ടിക്കാനാടി രാത്രി വാതിലും തുറന്നിട്ട് ഇവിടെ കിടന്നുറങ്ങിയത്. നിനക്ക് എന്തെങ്കിലും സംഭവിച്ചാൽ ആര് സമാധാനം പറയും " അവൻ ദേഷ്യത്തിൽ ചോദിച്ചു. "ഈശ്വരാ ഞാൻ ഇന്നലെ വാതിലടക്കാതെയാണോ കിടന്നേ " അവൾ സ്വയം ആലോചിച്ചു. "ഡീ നീ എന്താ സ്വപ്നം കാണുകയാണോ " അവൻ വീണ്ടും ചോദിച്ചു. "ദത്തന്റെ വീട്ടിലേക്ക് കയറി വന്ന് എന്നെ ഉപദ്രവിക്കാൻ മാത്രം ധൈര്യം ഉള്ള ആൾ ഈ നാട്ടിൽ ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല.

" അവൾ അത് പറഞ്ഞപ്പോൾ ദത്തൻ അവളെ രൂക്ഷമായി ഒന്ന് നോക്കി ഒരു തോർത്തുമുണ്ടും എടുത്ത് പുറത്തേക്ക് പോയി. അവളും വേഗം എഴുന്നേറ്റ് പല്ലും തേച്ച് ഡ്രസ്സുമായി കുളിമുറിക്ക് മുന്നിലായി നിന്നു.ദത്തൻ കുളി കഴിഞ്ഞ് തോർത്ത് അഴയിൽ വിരിച്ച് വർണയെ ശ്രദ്ധിക്കാതെ അവൻ മുന്നോട്ട് നടന്നു. " ദത്താ " അവൾ ദയനീയമായി വിളിച്ചു. " ഇത് ദത്തന്റെ വീടല്ലേ. ഇവിടെ കയറി വന്ന് നിന്നെ ഉപദ്രവിക്കാൻ മാത്രം ധൈര്യം ഉള്ള ആൾ ഈ നാട്ടിൽ ഉണ്ടെന്ന് തോന്നുന്നില്ല. അതുകൊണ്ട് പൊന്നു മോൾ ധൈര്യമായി കുളിച്ചോ. കുറ്റിയില്ലാത്ത വാതിലൊന്നും കാര്യമാക്കണ്ട" അവൻ കളിയാക്കി കൊണ്ട് പറഞ്ഞു. " പകരം വീട്ടുകയാണല്ലേ നീ. സോറി ...പ്ലീസ് ദത്താ" അവൾ നിഷ്കളങ്കത വാരി വിതറി കൊണ്ട് പറഞ്ഞു. " 10 മിനിറ്റ് . അതിനുള്ളിൽ ഇറങ്ങിയേക്കണം " അവൻ പുഛത്തോടെ പറഞ്ഞു. "കണ്ണു ചോര ഇല്ലാത്ത സാധനം " അവൾ പിറുപിറുത്ത് കൊണ്ട് ബാത്ത് റൂമിൽ കയറി ശക്തമായി വാതിലടച്ചു. " എന്നോടുള്ള ദേഷ്യത്തിന് വാതിൽ തല്ലി പൊളിച്ചാൽ നഷ്ടം നിനക്ക് തന്നെയാണ് " ദത്തൻ വാതിലിൽ ചാരി നിന്നു കൊണ്ട് പറഞ്ഞു.

"എന്താ ദത്താ രാവിലെ തന്നെ കുളിമുറിക്ക് പുറത്ത് നിൽക്കുന്നേ .ഭാര്യക്ക് കാവൽ ആണോ ." അപ്പുറത്തെ കടവിൽ നിന്ന് സനൂപ് ചോദിച്ചു. " അതെടാ വേറെ പ്രത്യേകിച്ച് പണിയൊന്നുമില്ലല്ലോ. അതോണ്ട് ഭാര്യയെ ഒന്ന് കുളിപ്പിച്ച് കൊടുക്കാം എന്ന് കരുതി. വേണെങ്കിൽ വാടാ .നിന്നെയും ഞാൻ കുളിപ്പിച്ച് കിടത്തി തരാം " ദത്തൻ ഉറക്കെ വിളിച്ച് പറഞ്ഞതും സനൂപ് അവിടെ നിന്നും എണീറ്റ് പോയി. " ഒന്ന് വാ അടച്ച് വക്ക് മനുഷ്യ . എന്നെ വെറുതെ നാണം കെടുത്തി കൊല്ലാൻ " വർണ ബാത്ത്റൂമിനുള്ളിൽ നിന്നും വിളിച്ചു പറഞ്ഞു. വർണ കുളി കഴിഞ്ഞിറങ്ങിയതും ദത്തൻ വേഗം പോയി ഡ്രസ്സ് ചെയ്ഞ്ച് ചെയ്ത് പുറത്തേക്ക് പോയി. കുറേ കഴിഞ്ഞപ്പോൾ ചന്തു ഫുഡുമായി വന്നു. " ഇതിൽ ഉച്ചക്കുള്ള ഫുഡ് കൂടി ഉണ്ട് ട്ടോ ചേച്ചി " അവൻ പറഞ്ഞു. "ചന്തു കഴിച്ചോ " " ആഹ് ചേച്ചി . ഇനി നാളെ മുതൽ ഞാൻ ഉണ്ടാവില്ലാ ട്ടോ. ഇന്നത്തോടു കൂടി എന്റെ ഡ്യൂട്ടി കഴിഞ്ഞു. ഇനി അടുത്ത മാസമേ ഉള്ളൂ " " അപ്പോ നാളെ മുതൽ ചന്തു ക്ലാസ്സിൽ പോകാൻ തുടങ്ങും അല്ലേ " " ഈ ചേച്ചിക്ക് ഒന്നും അറിയത്തില്ല. നാളെ ശനിയാഴ്ച്ചയല്ലേ. നാളെ അപ്പോ ക്ലാസ് ഉണ്ടാകുമോ "

" അപ്പോ നാളെ ഹോളിഡേ ആണല്ലേ. ചന്തു എന്നാ ചേച്ചിക്ക് ഒരു ഹെൽപ്പ് ചെയ്യുമോ " "എന്താ ചേച്ചി " " ചന്തുട്ടൻ നാളെ ചേച്ചിടെ കൂടെ ഒരു സ്ഥലം വരെ വരുമോ " " അതിനെന്താ വരാം ലോ . എവിടേക്കാ പോവുന്നേ " " ചേച്ചിടെ വീട്ടിലേക്ക് . എന്റെ ബുക്കും, ബാഗും, ഡ്രസ്സും ഒക്കെ അവിടെയാണ്. അടുത്താഴ്ച്ച മുതൽ ക്ലാസിൽ പോവണം. അപ്പോ അതൊക്കെ എടുത്തിട്ട് വരണം " " ശരി ചേച്ചി . ഞാൻ രാവിലെ തന്നെ വരാം ട്ടോ . എന്നാ ഞാൻ ഇറങ്ങാ " ചന്തു യാത്ര പറഞ്ഞ് പുറത്തേക്ക് പോയി. കുറച്ച് സമയം കൊണ്ട് തന്നെ വർണക്ക് ചന്തുവിനെ ഒരുപാട് ഇഷ്ടമായിരുന്നു. ഒരു അനിയനെ പോലെ . ** വൈകുന്നേരം ദത്തൻ വരുമ്പോൾ വർണ വിളക്ക് വക്കുകയായിരുന്നു. അവളെ ഒന്ന് നോക്കിയ ശേഷം ദത്തൻ കുളിക്കാൻ പോയി. അവൾക്കുള്ള ഫുഡ് അകത്ത് വച്ച് ദത്തൻ വണ്ടിയുമായി പുറത്തേക്ക് പോയി. "ഇയാൾ ഈ രാത്രില് ആരെ കാണാനാവോ ഇങ്ങനെ കുറ്റീം പറച്ചോണ്ട് പോവുന്നേ " വർണ വാതിലടച്ച് അകത്തേക്ക് വന്നു. പ്രത്യേകിച്ച് പണിയൊന്നും ഇല്ലാത്തതിനാൽ ഭക്ഷണം കഴിച്ച് കിടന്നു. ഒന്ന് ഉറങ്ങി എണീറ്റതും അവൾ ഞെട്ടി ഉണർന്നു. പിന്നെ എന്തുകൊണ്ടോ ഉറക്കം വന്നില്ല. ജനൽ വഴി നോക്കിയപ്പോൾ ദത്തൻ വന്നിട്ടുണ്ടായിരുന്നില്ല. സമയം എത്രയായി എന്നറിയില്ല. അവൾ പതിയെ വാതിൽ തുറന്ന് മുറ്റത്തേക്ക് ഇറങ്ങി.

പുറത്ത് നല്ല നിലാ വെളിച്ചം ഉണ്ട്. അവൾ നേരെ പുഴ കടവിലേക്ക് നടന്ന് കൽപടവിലായി ഇരുന്നു. "നിനക്ക് എന്താ വർണ പറ്റിയത്. നിന്റെ ചിന്തകളിൽ മുഴുവൻ നിറയുന്നത് ദത്തൻ മാത്രമാണ്. താൻ ഇത്രയും കാലം കണ്ട ദത്തൻ അല്ല ഈ രണ്ടു ദിവസമായി കാണുന്നത്. അല്ലെങ്കിലും മനുഷ്യനെ അകലെ നിന്നു കണ്ട് മനസിലാക്കരുത്. അവരുടെ ഒപ്പം നിന്നാലെ ആ മനസ് അറിയാൻ കഴിയു . എന്നാലും എന്നെ അറിയില്ലാ എന്ന് പറഞ്ഞത് കഷ്ടം ആയി പോയി. ഇത്രയും കാലം കൺമുന്നിലുണ്ടായിട്ടും ആമി ചേച്ചിടെ കൂടെ ഉള്ള എന്നേ അറിയില്ല പോലും " അവളുടെ ഉള്ളിലെ ദേഷ്യം പതിയെ അസൂയയിലേക്ക് വഴി മാറിയിരുന്നു. അവൾ പോലുമറിയാതെ ദത്തന്റെ ബുള്ളറ്റ് മുറ്റത്ത് വന്ന് നിന്നതും വർണ അവിടേക്ക് നടന്നു. "നീ എന്താ ഈ സമയത്ത് പുറത്ത് .നിനക്ക് ഉറക്കമൊന്നും ഇല്ലേ " അവൻ കുഴഞ്ഞ ശബ്ദത്തിൽ ചോദിച്ചു. "ഇല്ല... ഉറക്കം വന്നില്ല " " അതിന് പുറത്ത് ഇറങ്ങി നിൽക്കണോ. അകത്തിരുന്നാ പോരെ . ഓഹ് സോറി ഞാൻ ആ കാര്യം മറന്നു. ഇത് ദത്തന്റെ വീടല്ലേ . ഇവിടെ കയറി വന്ന് നിന്നെ ഉപദ്രവിക്കാൻ മാത്രം ധൈര്യമുള്ള ആൾ ഈ നാട്ടിൽ ഇല്ലല്ലോ..:

പക്ഷേ നീ അത് വിശ്വാസിച്ച് ഒറ്റക്ക് ഇറങ്ങി നടക്കണ്ട. എനിക്ക് ഇവിടെ ഒരുപാട് ശത്രുക്കൾ ഉണ്ട്. ഒരു അവസരത്തിന് കാത്തിരിക്കുകയായിരിക്കും എന്നേ നേരിട്ട് ഒന്നും ചെയ്യാൻ പറ്റില്ല. അപ്പോ കൂടെ ഉള്ള നിന്നെയായിരിക്കും ലക്ഷ്യം. ഞാൻ എപ്പോ വീട്ടിൽ ഉണ്ടാകും എപ്പോൾ ഉണ്ടാകില്ലാ എന്നൊക്കെ അവർക്ക് അറിയാം. അതുകൊണ്ട് എന്റെ പേരിന്റെ ധൈര്യത്തിൽ ഒറ്റക്ക് ഇറങ്ങി നടക്കാൻ നിൽക്കണ്ട .. " ദത്തൻ അത് പറഞ്ഞ് ചെയറിൽ വന്നിരുന്നു. "നീ ശരിക്ക് ആരാ ദത്താ. എനിക്ക് നിന്നെ മനസിലാവുന്നില്ല." ദത്തനു ഓപ്പോസിറ്റായുള്ള തിണ്ണയിൽ വന്നിരുന്നു കൊണ്ട് വർണ ചോദിച്ചു. " ഞാൻ ആരാണെന്ന് എനിക്ക് പോലും മനസിലാവുന്നില്ല. പിന്നെയാണ് ഇന്നലെ കണ്ട നിനക്ക് " അവൻ ചിരിയോടെ പറഞ്ഞു. ആ ചിരിയിലും എവിടേയോ വേദനയുടെ കുഞ്ഞ് നോവ് അവൾക്ക് അനുഭവപ്പെട്ടു. " പത്തിൽ പഠിക്കുമ്പോൾ മുതൽ എനിക്ക് നിന്നെ അറിയാം. ഏകദേശം 5, 6 വർഷത്തെ പരിചയം. നീ പിന്നെ നമ്മളെയൊന്നും ശ്രദ്ധിക്കില്ലലോ . നിനക്ക് ആമി ചേച്ചിയെ ഒക്കെ അല്ലേ കണ്ണിൽ പിടിക്കു . " " ആരു പറഞ്ഞു നിന്നെ ശ്രദ്ധിച്ചിട്ടില്ലാ എന്ന്. രണ്ട് ഭാഗം മുടി കെട്ടി,

എന്നെ കാണുമ്പോൾ മുഖം വീർപ്പിച്ചു പോകുന്ന സ്കൂൾ കുട്ടിയെ ഞാൻ ശ്രദ്ധിച്ചിട്ടുണ്ടല്ലോ. ഞാൻ നിന്നോട് എന്ത് അപരാധം ചെയ്യ്തിട്ടാ എന്നേ കണ്ടാൽ ഇങ്ങനെ നോക്കി പേടിപ്പിക്കുന്നേ .അത് കണ്ടാൽ തന്നെ മുഖമടച്ച് ഒന്ന് തരാൻ തോന്നും .പിന്നെ ചെറിയ കുട്ടിയല്ലേ എന്ന് കരുതി ക്ഷമിക്കുന്നതാ" " അപ്പോ നിനക്ക് എന്നെ അറിയുമോ ദത്താ" അവൾ ആകാംഷയോടെ ചോദിച്ചു. "പിന്നല്ലാതെ . നിന്റെ കോളേജിലെ ഇള്ള നീർ കുഴമ്പ് വീഡിയോ ഈ നാട് മുഴുവൻ വൈറൽ അല്ലേ " " അത് നീയും കണ്ടായിരുന്നോ. എന്റെ ഒരു കാര്യം. എന്നെ കൊണ്ട് ഞാൻ തോറ്റു" അവൾ ചിരിച്ച് കൊണ്ട് ദത്തന്റെ കൈയ്യിൽ തല്ലി. പിന്നെയാണ് താൻ എന്താ ചെയ്തത് എന്ന ബോധം അവൾക്ക് വന്നത്. "സോറി..." ഒന്ന് ഇളിച്ചു കാണിച്ച് അവൾ പറഞ്ഞതും ദത്തൻ ഒന്ന് മൂളി. " കോളേജിൽ ഞങ്ങൾ 10 പേരാണ് കൂട്ട്. ക്രൈം പാർട്ട്നേഴ്സ് എന്നാ ഞങ്ങളുടെ ഗ്യാങ്ങിന്റെ പേര്, അതിൽ ഞാൻ ഒഴിച്ച് ബാക്കി ഒരു വിധം എല്ലാവരും റിച്ച് ആണ്. കാര്യം വീട്ടിൽ ഞാൻ ഒരു കണ്ണീർ നായികയാണെങ്കിലും കോളേജിൽ ഒരു തല തെറിച്ച സാധനമാ. കണ്ണി ചോര ഇല്ലാത്ത ഒരു ഗ്യാങ്ങാണ് ഞങ്ങൾ .അതിന്റെ ഭാഗമായാണ് ക്ലാസിലെ പിള്ളേരുടെ കണ്ണിൽ ഇളനീർ കുഴമ്പ് ഒഴിച്ചത്. അതിന് നേത്വത്വം നൽകിയത് ഞാനും ആ വീഡിയോ ആരോ ഷൂട്ട് ചെയ്യത് വൈറലാക്കി.

നാട്ടിലും വീട്ടിലും കോളേജിലും ഞാൻ അങ്ങനെ ഫെയ്മസ് ആയി. അമ്മായിടെ കയ്യിൽ നിന്നും കുറേ വഴക്ക് കേട്ടു. കോളേജിൽ പ്രിൻസിപ്പാൾ വിളിച്ച് ഞങ്ങളെ വാൺ ചെയ്തു. പിന്നീട് എന്റെ ഇരട്ട പേര് ഇളനീർ കുഴമ്പ് എന്നും ആയി. ആഹ് അതൊക്കെ ഒരു കാലം. " അവൾ ഒന്ന് നിശ്വാസിച്ചു കൊണ്ട് പറഞ്ഞു. ദത്തൻ ഒന്നും മിണ്ടാതെ അവൾ പറയുന്നത് കേട്ട് ചെയറിൽ ചാരി ഇരുന്നു. "എന്താ മോളേ രാത്രി ഉറക്കമൊന്നും ഇല്ലേ " റോഡിലൂടെ നടന്നു പോകുന്ന ഒരാൾ വർണ ഉമ്മറത്ത് ഇരിക്കുന്നത് കണ്ട് ചോദിച്ചു. " ഇല്ലടാ നീ വന്ന് ഉറക്കി കൊടുക്ക്" ദത്തൻ ചെയറിൽ നിന്നും ചാടി എണീറ്റു കൊണ്ട് അലറി പറഞ്ഞു. ദത്തനെ കണ്ടതും അയാൾ ഏതു വഴി ഓടിയെന്ന് അയാൾക്ക് പോലും അറിയില്ല. "മതി വീര സാഹസിക കഥകൾ പറഞ്ഞത്. അകത്ത് കയറി പോവാൻ നോക്ക് : ദത്തൻ ഗൗരവത്തോടെ പറഞ് ചെയറിലേക്ക് തന്നെ ഇരുന്നു. അവൾ തലയാട്ടി കൊണ്ട് അകത്തേക്ക് നടന്നു. വാതിലിനരികിൽ എത്തിയ വർണ്ണ വീണ്ടും അവന്റെ അരികിലേക്ക് തിരികെ വന്നു. "ദത്താ " അവളുടെ വിളി കേട്ട് അടഞ്ഞു പോയ ദത്തന്റെ കണ്ണുകൾ വലിച്ച് തുറന്നു.

"നിനക്ക് ആമി ചേച്ചിയെ ഇഷ്ടായിരുന്നു ലെ " "ആമിയോ ... എത് ആമി " " ആത്മിക " " ഇഷ്ടമോ .....എനിക്കോ ഇതൊക്കെ നിന്നോട് ആരാ പറഞ്ഞത് " " ചന്തു പറഞ്ഞല്ലേ ... ആമി ചേച്ചി റോഡിലൂടെ നടന്നു പോകുമ്പോൾ നിങ്ങൾ ഇങ്ങനെ നോക്കി ഇരിക്കും എന്ന് " " അവളെ കണ്ടാൽ ഈ നാട്ടിലെ ആരാ നോക്കിയിരിക്കാത്തത്. എന്ന് വച്ച് അതിന് അർത്ഥം ഇഷ്ടമാണ് എന്നാണോ. ഒരു ദർശന സുഖം അത്ര തന്നെ " " അപ്പോ നിനക്ക് ചേച്ചിയോട് ഇഷ്ടമെന്നും ഇല്ലാ അല്ലേ " " പാതിരാത്രിക്ക് നിന്ന് കാര്യം അന്വേഷിക്കാതെ പോയി കിടന്ന് ഉറങ്ങാൻ നോക്ക് പെണ്ണേ " അവൻ ദയനീയമായി പറഞ്ഞു. എന്നാൽ വർണ അത് ശ്രദ്ധിക്കാതെ തിണ്ണയിൽ വന്നിരുന്ന് അവനോട് ഓരോന്ന് പറയാൻ തുടങ്ങി. അവളുടെ കോളേജിലേയും, കുട്ടിക്കാലത്തേയും കഥകളായിരുന്നു കൂടുതൽ. ** " വർണേച്ചി ... വർണേച്ചി .... ദത്തേട്ടാ... ദത്തേട്ടാ " ചന്തുവിന്റെ ശബ്ദം കേട്ടാണ് വർണയും ദത്തനും കണ്ണു തുറന്നത്. " ഇത് എന്തൊരു ഉറക്കമാ ... ചേച്ചി ഇന്നലെ ഇവിടെ ഇരുന്നാണോ ഉറങ്ങിയത് " ചന്തു വർണയോടായി ചോദിച്ചു. " അത് അകത്ത് നല്ല ചൂടായിരുന്നു.അതാ.... നീ എന്താ ഇത്ര നേരത്തെ വന്നേ..."

വിഷയം മാറ്റാനായി അവൾ ചോദിച്ചു. " നേരത്തെയോ.... സമയം പത്ത് മണിയാവാറായി.ചേച്ചി എന്തായാലും റെഡിയായി നിൽക്ക്. ഞാൻ ഈ നോട്ട് ബുക്ക് എൻ്റെ ക്ലാസിലെ ആദിക്ക് കൊടുത്തിട്ട് വരാം.ക്ലാസ്സിൽ പോകാത്ത ദിവസത്തെ എഴുതിയെടുക്കാൻ ഞാൻ വാങ്ങിച്ചതാ. അര മണിക്കൂറിൽ ഞാൻ തിരിച്ചു വരും".... ചന്തു അത് പറഞ്ഞു പോയി. ദത്തൻ വർണയേ തന്നെ നോക്കി ഇരിക്കുകയായിരുന്നു.ഇന്നലത്തെ കാര്യങ്ങൾ ഒന്നും ഓർമയില്ല എന്ന് അവൻ്റെ മുഖത്ത് നിന്നും വർണക്ക് മനസിലായി. അവൻ വേഗം എണീറ്റ് അകത്തേക്ക് പോയി. വർണ അപ്പോഴും തിണ്ണയിലെ തൂണിൽ ചാരി പുഴയിലേക്ക് നോക്കി ഇരുന്നു. കാറ്റിനാൽ അവളുടെ മുടിയിഴകൾ പാറി പറക്കുന്നുണ്ട്. ദത്തൻ അകത്തു നിന്നും എന്തൊക്കെയോ സാധനങ്ങൾ എടുത്ത് മുറ്റത്തേക്ക് ഇറങ്ങി. " രാവിലെ തന്നെ ചുറ്റികയും ആണിയും ആയി ഇയാൾ ഇതെങ്ങോട്ടാ " ബാത്ത്റൂമിനരികിലേക്ക് പോകുന്ന ദത്തനെ നോക്കി വർണ മനസിൽ പറഞ്ഞു. " ഓഹ്... ഇതിനായിരുന്നോ . ഇവന്റെ നടപ്പും ഭാവവും കണ്ടപ്പോ ഞാൻ വിചാരിച്ചു ആരെയോ കൊല്ലാൻ പോവുകയാണെന്ന് "

അവൾ വാതിലിന്റെ കൊളുത്ത് ശരിയാക്കുന്ന ദത്തനെ നോക്കി പതിയെ പറഞ്ഞു. അവൻ രണ്ട് മൂന്ന് തവണ വാതിൽ അടച്ചും തുറന്നും കൊടുത്തിന് ഉറപ്പുണ്ടോ എന്ന് നോക്കി. ശേഷം അഴയിൽ കിടക്കുന്ന തോർത്ത് എടുത്ത് കുളിക്കാൻ പോയി. "ഇയാള് ശരിക്കും ഒരു ശുദ്ധനാണ്. ഈ കലിപ്പും ദേഷ്യവും എല്ലാം അഭിനയമാ . അല്ലെങ്കിൽ ആരും ഇല്ലാത്ത എനിക്ക് വേണ്ടി ഇതെല്ലാം ചെയ്യുമോ " ദത്തൻ കുളി കഴിഞ്ഞ് വരുമ്പോഴും വർണ അതേ ഇരുപ്പാണ്. തന്റെ മുഖത്ത് നോക്കി ചിരിയോടെയാണ് അവൾ ഇരിക്കുന്നത്. "ഇവൾ എന്തിനാ എന്റെ മുഖത്ത് നോക്കി വെറുതെ ഇളിക്കുന്നേ. ഇനി വല്ല കുഴപ്പവുമുണ്ടോ " അവൻ സ്വയം ഒന്ന് നോക്കി. "നീ എന്തിനാടി എന്നേ ഇങ്ങനെ നോക്കുന്നേ. നിനക്കെന്താ വട്ടായോ " ദത്തൻ ചോദിച്ചെങ്കിലും വർണ അവനെ നോക്കി വീണ്ടും ചിരിക്കുകയാണ്. "ഡീ . നീയെന്താ സ്വപ്നം കാണുകയാണോ..." ദത്തൻ അലറിയതും വർണ പെട്ടെന്ന് ഞെട്ടി. "നീ എപ്പോ വന്നു ദത്താ" അവൾ ദത്തനെ നോക്കി ചോദിച്ചു. " ഞാൻ വന്നിട്ട് കുറേ കാലമായി. രാവിലെ തന്നെ എത് മറ്റവനെ ആലോചിച്ചിരിക്കാ നീ . ചന്തു ഇപ്പോ വരും" അത് പറഞ്ഞ് അവൻ അകത്തേക്ക് പോയി. വർണയും വേഗം ഡ്രസ്സെടുത്ത് കുളിക്കാൻ കയറി. അവൾ കുളി കഴിഞ്ഞിറങ്ങുമ്പോൾ ദത്തൻ ഫോൺ നോക്കി ഉമ്മറത്ത് തന്നെ ഇരിക്കുന്നുണ്ട്.

ഒരു കാവി മുണ്ടും ഷർട്ടുമാണ് വേഷം അവൾ റൂമിൽ പോയി വേഗം റെഡിയായി പുറത്തേക്ക് വന്നു . അപ്പോഴേക്കും ചന്തു വന്നിരുന്നു .അവൻ ദത്തനോട് എന്തോ സംസാരിച്ച് നിൽക്കുകയാണ്. "ചന്തു പോവാം" വർണ ചോദിച്ചു. " പോവാം ചേച്ചി. ചേച്ചിനെ കാണാൻ സൂപ്പറായിട്ടുണ്ട് " ചന്തു അത് പറഞ്ഞതും ദത്തൻ ഒന്ന് ആക്കി ചുമച്ചു. ചന്തു തിണ്ണയിൽ നിന്നും മുറ്റത്തേക്ക് ചാടി ചെരുപ്പിട്ടു. വർണ ദൈവത്തെ ഒന്ന് പ്രർത്ഥിച്ച് ഫോട്ടോക്കു മുന്നിലെ ഭസ്മം എടുത്തു തൊട്ടു. " ചേച്ചി ദാ ഇത് കയ്യിൽ പിടിക്ക് " ചന്തു രണ്ട് മൂന്ന് കല്ലുകൾ മുറ്റത്തു നിന്നും പെറുക്കി വർണയുടെ കൈയ്യിൽ കൊടുത്തു. " ഇതെന്തിനാടാ " "ഇതിപ്പോ കാറ്റു കാലമൊക്കെയല്ലേ നമ്മളാണെങ്കിൽ പുറത്തോട്ടു പോകുകയാണ്. ഇനി വല്ല കാറ്റും അടിച്ചാ ചേച്ചി പറന്നു പോയാലോ. അതോണ്ട് ഒരു സേഫ്റ്റിക്ക് കയ്യിലിരിക്കട്ടെ " "എടാ നീ എന്നെ കളിയാക്കുന്നോ " വർണ അവനു പിന്നാലെ ഓടിയതും ചന്തു റോഡിൽ എത്തിയിരുന്നു. " ചേച്ചി വേഗം റെഡിയായി വാ ഞാൻ റോഡിന്റെ മുകളിൽ വെയ്റ്റ് ചെയ്യാം " വർണ തിരികെ വരുമ്പോൾ തന്നെ നോക്കി ചിരിക്കുന്ന ദത്തനെയാണ് കണ്ടത്.

അവന്റെ മനസ് തുറന്നുള്ള ചിരി അവൾ ആദ്യമായാണ് കാണുന്നത്. " ദത്താ നിനക്ക് ഇങ്ങനെ ചിരിക്കാനൊക്കെ അറിയുമോ. നിന്റെ ചിരി കാണാൻ എന്ത് രസമാ " വർണ അത്ഭുതത്തോടെ ചോദിച്ചു. "നീ നിന്റെ കാര്യം നോക്കിയാ മതി. എന്റെ കാര്യം അന്വേഷിക്കണ്ട " " ഓമ്പ്രാ " അവൾ ഒന്ന് കുനിഞ്ഞ് കൊണ്ട് പറഞ്ഞു. അവൾ ചെരുപ്പിട്ട് ഇറങ്ങിയതും ദത്തൻ പിന്നിൽ നിന്നും വിളിച്ചു. " ഡീ....ദാ... ഇത് കയ്യിൽ വച്ചോ. ആവശ്യം വരും" പോക്കറ്റിൽ നിന്നും കുറച്ച് പൈസ എടുത്ത് കൊണ്ട് ദത്തൻ പറഞ്ഞു. "വേണ്ട ദത്താ. ഞാൻ കാരണം ഇപ്പോ തന്നെ നിനക്ക് ഒരു പാട് ബുദ്ധിമുട്ടാണ് .ഇനിയും നിന്നെ ശല്യപ്പെടുത്താൻ വയ്യാ " അവൾ അത് പറഞ്ഞു മുന്നോട്ട് നടന്നതും ദത്തൻ വീണ്ടും പിന്നിൽ നിന്നു വിളിച്ചു. "ഈ വാതിൽ അടക്കാൻ ഇനി നിന്റെ മറ്റവൻ വരുമോ " " നീ ഇവിടെയുണ്ടല്ലോ. പിന്നെ എന്തിനാ വാതിൽ അടക്കുന്നേ " " ഞാൻ പുറത്ത് പോവാ " അത് പറയലും അവൻ ബുള്ളറ്റിൽ കയറി പോയതും ഒരുമിച്ചാണ് . "ഈ വേട്ടാവളിയനെ കൊണ്ട് ഞാൻ തോറ്റു. നിന്ന നിൽപ്പിന് സ്വഭാവം മാറും " അത് പറഞ്ഞ് അവൾ ചെരുപ്പഴിച്ച് അകത്തേക്ക് നടന്നു.

വാതിലും ജനലും എല്ലാം അടച്ച് പൂട്ടി താക്കോൽ ചെടി ചട്ടിയിൽ വച്ച് റോഡിലേക്കിറങ്ങി. റോഡിൽ ചന്തുവിന്റെ കൂടെ ദത്തനും നിൽക്കുന്നുണ്ട്. അവൻ പറയുന്നത് കേട്ട് ചന്തു കുലുങ്ങി ചിരിക്കുന്നു. വർണ അടുത്തെത്തിയതും ദത്തൻ ചിരി നിർത്തി വണ്ടിയുമായി പോയി. " പോവാം ചേച്ചി " " ആഹ്" . ഓരോന്ന് പറഞ്ഞ് സംസാരിച്ച് അവർ കവലയിലേക്ക് നടന്നു. കവലയിലെ കലുങ്കിൽ ദത്തനും കൂട്ടുക്കാരും ഇരിക്കുന്നുണ്ട്. വർണ അവനെ നോക്കിയെങ്കിലും ദത്തൻ അവളെ ശ്രദ്ധിക്കാതെ തന്റെ ഫോണിൽ നോക്കി ഇരുന്നു. "എടാ ദത്താ നിന്റെ ഭാര്യ നിന്നെ നോക്കി പോവുന്നത് കണ്ടില്ലേ. ആ കുന്തത്തിൽ നിന്നും തലയുയർത്തി അവളെ ഒന്ന് നോക്കടാ " കൂട്ടത്തിൽ ഒരുത്തൻ പറഞ്ഞു. " അതിന്റെ ആവശ്യമൊന്നും ഇല്ല . " അവൻ ഫോണിൽ തന്നെ നോക്കി താൽപര്യമില്ലാതെ പറഞ്ഞു. "നിന്റെ പ്രിയപത്നി എങ്ങനെയുണ്ട്. നല്ല കുട്ടിയാണോ " " ആവോ എനിക്കറിയില്ല. " " ടാ ഒന്ന് നോക്കിയേ എന്റെ ചിരി കാണാൻ നല്ല രസമാണോ. " കൂടെയുള്ളവന്റെ മുഖത്ത് നോക്കി ചിരിച്ചു കൊണ്ട് ദത്തൻ ചോദിച്ചു. "എന്താ ഇപ്പോ അങ്ങനെ തോന്നാൻ "

" അവൾ പറഞ്ഞു എന്റെ ചിരി കാണാൻ നല്ല രസമാ എന്ന് " " എവൾ " കൂടെയുള്ളവൻ മനസിലാവാതെ ചോദിച്ചു. "വർണ " " അവൾ പറഞ്ഞോ നിന്റെ ചിരി കാണാൻ രസമുണ്ടെന്ന്. അപ്പോ കാര്യങ്ങൾ അതുവരെയൊക്കെ എത്തി. നീ എന്താ ഞങ്ങളോട് പറഞ്ഞത് നിങ്ങൾ കണ്ടാൽ മിണ്ടുക കൂടിയില്ലാ എന്ന്. " കൂട്ടുക്കാർ എല്ലാം കൂടി അവനെ ഇട്ട് വാരാൻ തുടങ്ങി. *** " ചേച്ചി നമ്മുക്ക് ഓട്ടോയിൽ പോകാം " ചന്തു പറഞ്ഞു. " ചേച്ചിന്റേൽ പൈസ ഇല്യാ. തിരിച്ച് വരുമ്പോൾ നമ്മുക്ക് ഓട്ടോയിൽ വരാം " " പൈസടെ കാര്യം ആലോചിച്ച് ചേച്ചി പേടിക്കണ്ട . ഓട്ടോയിൽ പോയി കൊള്ളാൻ പറഞ്ഞ് ദത്തേട്ടൻ പൈസ തന്നിട്ടുണ്ട് " അവർ വീട്ടിലേക്ക് ഓട്ടോയിലാണ് പോയത്. മാമനും അഭിയേട്ടനും അവിടെ ഉണ്ടാവില്ല എന്ന വിശ്വാസത്തിലാണ് അവൾ അവിടേക്ക് പോയത്. അമ്മായിയോടും , ആമി ചേച്ചിയോടും വിശേഷങ്ങൾ പറഞ്ഞ് ബുക്കും ബാഗും ഡ്രസ്സും എല്ലാം എടുത്ത് അവർ ഇറങ്ങി. ഇറങ്ങാൻ നേരം അമ്മായി രണ്ടായിരം രൂപ അവളുടെ കൈയ്യിലേക്ക് വച്ചു കൊടുത്തു. " അമ്മായിടെ കയ്യിൽ ഇപ്പോ തരാൻ ഇതേ ഉള്ളൂ കുട്ട്യേ " അവർ നിറമിഴിയോടെ പറഞ്ഞു.

" ഇതൊന്നും വേണ്ടാ അമ്മായി " " അത് പറ്റില്ല. ഇത് കൈയ്യിൽ വച്ചോ. നീ തന്ന സ്വർണ്ണം കൊണ്ടാണ് കഴിഞ്ഞ മാസത്തെ ലോൺ അടച്ചത്. കുറി പൈസ കിട്ടിയാൽ അത് ഞാൻ മോൾക്ക് തിരികെ തരാം. " " അതൊന്നും വേണ്ട. ഇത്രയും കാലം ആമി ചേച്ചിയെ പോലെ അമ്മായി എന്നേയും നോക്കി ലോ അത് മതി എനിക്ക് . ആ സ്വർണ്ണം ആമി ചേച്ചിടെ കല്യാണ സമയത്ത് ഉപകാരപ്പെടും. വിവാഹത്തിന്റെ അന്ന് സംഘാടകരുടെ വക വധുവിന് 5 പവന്റെ ഒരു മാല ഉണ്ടായിരുന്നു. കല്യാണം കഴിഞ്ഞിറങ്ങാൻ നേരം അതഴിച്ച് അമ്മായിക്ക് കൊടുത്തു. ഇത്രയും കാലം നോക്കി വളർത്തിയതിനു മുന്നിൽ അതൊന്നുമല്ലാ എന്നറിയാം. എന്നാലും തന്നേ കൊണ്ട് കഴിയുന്ന ഒരു ചെറിയ സഹായം ആവട്ടെ എന്ന് കരുതി. അമ്മായി ആദ്യം വാങ്ങിയില്ലാ എങ്കിലും ഞാൻ വാശി പിടിച്ചപ്പോൾ വാങ്ങിക്കേണ്ടി വന്നു. തന്റെ കൈയ്യിൽ സ്വർണമെന്ന് പറയാൻ ആകെ ഉള്ളത് ഒരു മോതിരം മാത്രമാണ്. അതും അമ്മയുടേത്. എന്ത് വന്നാലും ഇത് നഷ്ടപ്പെടുത്തരുത് എന്ന് പറഞ്ഞാണ് അമ്മായി ഇത് കൈയ്യിൽ ഇട്ട് തന്നത്. പക്ഷേ താൽക്കാലത്തേക്ക് ഒന്ന് പിടിച്ച് നിൽക്കാൻ ഇത് വിറ്റേ തീരു . കുറഞ്ഞത് ഒരു അയ്യായിരം രൂപയെങ്കിലും കിട്ടുമായിരിക്കും. അവൾ മനസിൽ ഓരോന്ന് തിരുമാനിച്ച് മുന്നോട്ട് നടന്നു. തിരിച്ചും ഓട്ടോയിലാണ് പോയത്. പണയം വക്കാനുള്ള കടയിലേക്ക് നടക്കുമ്പോഴാണ് കവലയിൽ ഒരാൾക്കൂട്ടം ....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story