എൻ കാതലെ: ഭാഗം 35

enkathale

എഴുത്തുകാരി: അപർണ അരവിന്ദ്‌

സാരില്യ പോട്ടെ... കഴിഞ്ഞത് കഴിഞ്ഞു. കുറച്ചുകഴിഞ്ഞ് ദേവേട്ടന്റെ ദേഷ്യമെല്ലാം മാറും. അപ്പോ ഒരു സോറി പറഞ്ഞാൽ മതി . കേട്ടല്ലോ " "ഏടത്തി വിളക്ക് വക്കാറായി .താഴേക്ക് വാ " ഭദ്ര ദർശനയെ വന്നു വിളിച്ചു . "ദാ വരുന്നു മോളെ . നീ താഴേക്ക് നടന്നോ ." അവൾ ഭദ്രേ നോക്കി പറഞ്ഞതും അവൾ താഴേക്ക് പോയി. "നീ ഇങ്ങനെ കരഞ്ഞ് ഇരുന്നാൽ ദേവേട്ടന്റെ ദേഷ്യം ഇനിയും കൂടുകയേ ഉള്ളൂ. മതി കരഞ്ഞത് കണ്ണ് തുടക്ക് " പെട്ടെന്നുതന്നെ ദർശന ഓരോന്ന് പറഞ്ഞു വർണയുടെ മൂഡ് മാറ്റിയിരുന്നു . അവർ രണ്ടുപേരും താഴേക്ക് എത്തിയപ്പോഴേക്കും മുത്തശ്ശി വിളക്ക് വച്ചിരുന്നു . പൂജാമുറിയിൽ ഏറ്റവും മുന്നിലായി മുത്തശ്ശിയും അവർക്ക് പിന്നിൽ പാർവതിയും ശിലുവും .ഏറ്റവും പിന്നിലായി ഭദ്രയും ഇരിക്കുന്നുണ്ട്. വർണയും ദർശനയും ഏറ്റവും പിന്നിൽ ഭദ്രയുടെ അരികിലായി ഇരുന്നു. ദത്തൻ അടിച്ചതിന്റെ പാട് വ്യക്തമായി പാർവ്വതിയുടെ കവിളിൽ പതിഞ്ഞിരുന്നു. മുഖമെല്ലാം വല്ലാതെ കരഞ്ഞ് വീർത്തിട്ടുണ്ട്. ദർശനയും വർണയും കൂടി വന്നതും മുത്തശി നാമം ചെല്ലാൻ തുടങ്ങി. മുത്തശി നിർത്തിയതും പാർവതി നാമം ചൊല്ലാൻ തുടങ്ങി.

കൃഷ്ണ നാമങ്ങളാണ് ചൊല്ലുന്നത്. പൂജമുറിയിൽ ഒരു വലിയ കൃഷ്ണ വിഗ്രഹം ഉണ്ട്. അതിനു മുന്നിൽ നാലു തിരിയിട്ട വിളക്കും രാമായണവും മഹാഭാരതവും ഒക്കെ വച്ചിട്ടുണ്ട്. പാർവതി കണ്ണടച്ച്‌ നല്ല പ്രാർത്ഥനയിൽ ആണ്. " ഇതൊക്കെ എന്താ " വർണ ഒന്നും മനസിലാവാതെ അടുത്തിരിക്കുന്ന ദർശനയോട് ചോദിച്ചു. "വൈകുന്നേരം എല്ലാവരും ഇങ്ങനെ കൃഷ്ണ നാമങ്ങൾ ചൊല്ലും. മുത്തശ്ശി വലിയ കൃഷ്ണ ഭക്തയാ . പാറുവിന്റെ കഴിഞ്ഞാൽ ശിലു അതു കഴിഞ്ഞാ ഭദ്ര അത് കഴിഞ്ഞ് നീ കൃഷ്ണ നാമം ചൊല്ലിക്കോ ." "കൃഷ്ണ നാമമോ . എനിക്ക് അതൊന്നും അറിയില്ല. " " ഒന്നു പോലും അറിയില്ലേ. ഒന്ന് ആലോചിച്ച് നോക്ക് .." " ഒരു മിനിറ്റ് ഞാൻ ഒന്ന് ആലോചിക്കട്ടെ. ഇത് കുറച്ച് മുൻപേ പറഞ്ഞിരുന്നെങ്കിൽ ഞാൻ യുടൂബ് നോക്കി പഠിച്ചിട്ട് വരുമായിരുന്നു. " വർണ തലപുകഞ്ഞ് ആലോചിക്കാൻ തുടങ്ങി. "കണ്ണന്റെ രാധ സീരിയലിലെ രാധാ കൃഷ്ണ കൃഷ്ണ കൃഷ്ണ രാധ കൃഷ്ണ് എന്ന സോങ്ങ് മതിയോ. അതോ ഗുരുവായൂരപ്പൻ എന്ന സീരിയലിലെ കണ്ടു ഞാൻ കണ്ണനെ കായാമ്പു വർണനെ എന്ന പാട്ട് മതിയോ .അല്ലെങ്കിൽ പിന്നെ കാർമുകിൽ വർണന്റെ ചുണ്ടിൽ പാടാം"

" സീരിയലിലെ പാട്ടോ " " ആഹ് എനിക്ക് വരികൾ കറക്ട് ആയി അറിയില്ല. പക്ഷേ അഡ്ജസ്റ്റ് ചെയ്യാം. വേറെ സീരിയലിലെ പാട്ട് ആണെങ്കിൽ ഞാൻ പൊളിച്ചനേ. എട്ടത്തി മൗനം സമ്മതത്തിലെ അശോകിന്റെയും ആശയുടെയും പാട്ട് കണ്ടിട്ടില്ലേ നിൻ മൗനമോ ഈ സ്നേഹമോ നിൻ ശ്വാസമോ എൻ ശ്വാസമോ വിശ്വാസമോ ...." പൂജ മുറിയിൽ ഇരുന്നു സീരിയൽ പാട്ടുപാടുന്ന വർണയെ കണ്ട് ദർശനക്ക് ശരിക്കും ചിരി വന്നിരുന്നു. "എനിക്ക് ഇഷ്ടം മൗനം സമ്മതം 3 യിലെ അരുണിന്റെയും സുവിതയുടേയും ആണ് . പിരിയല്ലേ എൻ ജീവനേ ... പോകല്ലേ ദൂരയായ് :.. "പിന്നീടാണ് ഭദ്രക്ക് താൻ എന്താ പറഞ്ഞത് എന്ന ബോധം വന്നത്. അവൾ പെട്ടെന്ന് അബദ്ധം പറ്റിയ പോലെ വാ പൊത്തി. "എന്താ അവിടെ ... " അവരുടെ അടക്കി പിടിച്ചുള്ള സംസാരം കേട്ട് മുത്തശ്ശി ഗൗരവത്തിൽ ചോദിച്ചു. " ഒന്നുല്ല മുത്തശ്ശി " അത് പറഞ്ഞ് ഭദ്രയും നാമം ചൊല്ലാൻ തുടങ്ങി. അവളുടെ കഴിഞ്ഞതും ദർശനയും കഴിഞ്ഞ് അവസാനം വർണയെ എല്ലാവരും നോക്കാൻ തുടങ്ങി. ശിവം ശിവകരം ശാന്തം ശിവാത്മാനം ശിവോത്തമം ശിവമാർഗ്ഗ പ്രണേതാരം പ്രണതോസ്മി സദാശിവം അവൾ പാടി കഴിഞ്ഞ് കണ്ണ് തുറന്നതും എല്ലാവരും അവളെ അത്ഭുതത്തോടെ നോക്കി.

എങ്ങനെ നോക്കാതിരിക്കും കൃഷ്ണന്റെ മുന്നിലാണ് ശിവ നാമം ചൊല്ലുന്നത്. "എല്ലാ ദൈവങ്ങളും ഒന്നാണല്ലോ. എനിക്ക് കൃഷ്ണന്റെ നാമം അറിയില്ലാ അതാ " അവൾ നിഷ്കളങ്കമായി പറഞ്ഞതും വിളക്ക് തൊട്ട് ഒന്ന് പ്രാർത്ഥിച്ച ശേഷം മുത്തശി എണീറ്റ് പോയി. പിന്നാലെ തന്നെ പാർവതിയും . "വിളക്ക് വക്കുമ്പോഴാണ് അവളുടെ ഒരു സീരിയലിലെ പാട്ട് " ശിലു ഭദ്രയെ ചീത്ത പറഞ്ഞു കൊണ്ട് അവളേയും വിളിച്ച് പുറത്തേക്ക് പോയി. ** വിളക്ക് എല്ലാം വെച്ചു കഴിഞ്ഞ് വർണ്ണയും ദർശനയും ഹാളിൽ ഇരുന്ന് ഓരോന്ന് സംസാരിക്കുകയാണ് . ദർശനയുടെ കോളേജിലുള്ള വെച്ചുള്ള ദേവരാഗും ആയുള്ള പ്രണയവും, അവളുടെ ഓരോ മണ്ടത്തരങ്ങളും പറഞ്ഞു ചിരിക്കുകയായിരുന്നു അവർ രണ്ടുപേരും . വീടിനകത്തേക്ക് കയറി വരുന്ന പാർത്ഥിയെ കണ്ടതും ഉറക്കെ ചിരിച്ചു കൊണ്ടിരുന്ന വർണ പെട്ടെന്ന് ചിരി നിർത്തി. യൂണിഫോം ആണ് അവൻറെ വേഷം. ദർശനയെ നോക്കി ചെറുതായി ഒന്ന് പുഞ്ചിരിച്ച ശേഷം പാർത്ഥി അകത്തേക്ക് കയറിപ്പോയി. "ഇതല്ലേ പാർവതിയുടെ ബ്രദർ "അയാൾ പോയി കഴിഞ്ഞു ദർശനയോടായി വർണ ചോദിച്ചു.

"അതെ.. നിനക്ക് എങ്ങനെ അറിയാം " "അന്നൊരു ദിവസം നാട്ടിൽ ദത്തനെ അന്വേഷിച്ച് ഇയാൾ വന്നിരുന്നു ." " മ്മ്..."ദർശന ഒന്ന് മൂളുക മാത്രം ചെയ്തു . "ഇവിടെ ഇങ്ങനെ ഒറ്റയ്ക്ക് ചേച്ചിക്ക് ബോറടിക്കുന്നുണ്ടായിരുന്നില്ലേ " " എയ് ഇല്ല... ഞാൻ പകൽ സമയത്ത് സ്കൂളിൽ പോകും . പിന്നെ വൈകുന്നേരം ആകും എത്താൻ. ഇവിടെ കുറച്ച് പണികൾ ഒക്കെ ഉണ്ടാകും. അതെല്ലാം കഴിഞ്ഞ് ക്ലാസിലേക്കുള്ള നോട്ടോ അല്ലെങ്കിൽ പിള്ളേരുടെ ആൻസർ ഷീറ്റോ എന്തെങ്കിലുമൊക്കെ നോക്കാനുണ്ടാകും. ഞാൻ രണ്ട് ദിവസം ലീവ് ആണ് . ഇനി മറ്റന്നാ മുതൽ വീണ്ടും സ്കൂളിൽ പോയി തുടങ്ങണം. ഇവിടെ അടുത്തുള്ള ഹൈസ്കൂളിലാ ഞാൻ വർക്ക് ചെയ്യുന്നത്. " " ആ പാർവതിക്ക് എന്താ ജോലി എട്ടത്തി. ഇപ്പോഴും പഠിക്കാണോ " " എയ് അല്ല. അവൾ പപ്പയുടെ കമ്പനിയിൽ ആണ് ഇപ്പോ വർക്ക് ചെയ്യുന്നത്. എഞ്ചിനിയറിങ്ങ് കഴിഞ്ഞ് ബിസിനസ് ഫീൽഡിൽ ഇറങ്ങാനാണെങ്കിൽ അവൾക്ക് വല്ല MBA എടുത്താ പോരായിരുന്നോ. എങ്കിൽ ഭദ്രക്കും, ശിലുവിനും അവർക്ക് ഇഷ്ടമുള്ള കോഴ്സ് എങ്കിലും പഠിക്കാമായിരുന്നു. പാവം അതിങ്ങളുടെ ഒരു കഷ്ടകാലം " അവൾ ഒരു നെടു വീർപ്പോടെ പറഞ്ഞു. " അതോക്കെ പോട്ടെ...പിന്നെ നമ്മുക്ക് നാളെ വൈകുന്നേരം പറമ്പിലും പാടത്തും ഒക്കെ പോകാം ട്ടോ. നല്ല രസമായിരിക്കും" ദർശന വിഷയം മാറ്റാനായി പറഞ്ഞു.

അവർ കുറച്ച് നേരം ഓരോന്ന് സംസാരിച്ചിരുന്നു. അതിനിടയിൽ വർണ റൂമിലേക്ക് ഒന്ന് പോയി. അപ്പോഴും ഡോർ ലോക്ക് ആയിരുന്നു. വർണ കുറേ വിളിച്ചു എങ്കിലും ദത്തൻ വാതിൽ തുറന്നില്ല. "പാവം ദത്തൻ . തെറ്റ് മുഴുവൻ എന്റെ ഭാഗത്താണ്. ഞാൻ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു. എന്നേ സമാധാനിപ്പിക്കാൻ ദച്ചുവേട്ടത്തി ഉണ്ടായിരുന്നു. പക്ഷേ ദത്തനോ ...അവന് ആരും ഇല്ല. അവന്റെ കൂടെ നിൽക്കേണ്ട ഞാൻ തന്നെ അവനെ കൂടുതൽ സങ്കടപ്പെടുത്താ." അവൾ ഓരോന്ന് ആലോചിച്ച് താഴേക്ക് നടന്നു. പിന്നീട് ചെറിയമ്മ ഭക്ഷണം ഭക്ഷണം കഴിക്കാൻ വിളിച്ചപ്പോഴാണ് ദത്തൻ താഴേക്ക് വന്നത് .വർണ പലതവണ അവനെ നോക്കിയെങ്കിലും ദത്തൻ ഒന്ന് ശ്രദ്ധിക്കുക പോലും ചെയ്തില്ല. രാത്രി ഭക്ഷണം കഴിക്കാൻ പാർവതിയും താഴേക്ക് വന്നില്ല. അതുകൊണ്ട് അവൾക്കുള്ള ഭക്ഷണവും ആയി ദത്തൻ്റെ അമ്മ അവളുടെ റൂമിലേക്ക് പോയി. "ദേവാ"... നിശബ്ദമായി ഭക്ഷണം കഴിക്കുന്നതിനിടയിൽ പപ്പാ അവനെ വിളിച്ചു. അവനെന്താ എന്ന രീതിയിൽ തല ഉയർത്തി നോക്കി "ഇനി എന്താ നിൻറെ പ്ലാൻ "പപ്പാ ഗൗരവത്തിൽ തന്നെ ചോദിച്ചു . " എന്ത് പ്ലാൻ ....പപ്പാ എന്താണ് ഉദ്ദേശിക്കുന്നത് " "ഇനി എന്ത് ചെയ്യാനാണ് നിൻറെ പ്ലാൻ എന്ന്. തിരിച്ച് ജോലിക്ക് കയറുന്നുണ്ടോ" "ഇല്ല ..."

അവൻ പെട്ടെന്ന് തന്നെ ഉത്തരം നൽകി. അതുകേട്ട് പാർത്ഥി അവനെയൊന്ന് നോക്കി "പിന്നെ എന്ത് ചെയ്യാനാ നിൻറെ ഉദ്ദേശം" " അറിയില്ല. ഒന്നും തീരുമാനിച്ചിട്ടില്ല " "എന്നാ ഞാൻ തീരുമാനിച്ചു .അടുത്ത ദിവസം തന്നെ നീ കമ്പനിയിൽ എം ഡി. പോസ്റ്റിൽ ചാർജ് എടുക്കണം .ഇപ്പോ ആ പോസ്റ്റിൽ ഉള്ളത് പാർവ്വതി മോളാണ് .അവൾക്ക് എല്ലാം കൂടി മാനേജ് ചെയ്യാൻ പറ്റുന്നില്ല. അതുകൊണ്ട് നീ അവൾക്ക് ഒരു സഹായത്തിനായി ഉണ്ടാകണം" " പറ്റില്ല ...."അവൻ ഉടനടി പറഞ്ഞു. " എന്തുകൊണ്ട് പറ്റില്ല " "ഞങ്ങൾ അടുത്ത മാസം തിരിച്ചു പോകും" "ഇനി എന്തിനാണ് നീ ആ നാട്ടിലേക്ക് തിരിച്ചു പോകുന്നത്. അവിടെ നിനക്ക് ആരാ ഉള്ളത്. നിൻറെ എല്ലാവരും ഇവിടെ അല്ലേ "മുത്തശ്ശി ആണ് അത് ചോദിച്ചത് . "അടുത്തമാസം വർണയുടെ ക്ലാസ്സ് വീണ്ടും സ്റ്റാർട്ട് ചെയ്യും. അതുകൊണ്ട് ഞങ്ങൾ പോകും " "വർണക്ക് ക്ലാസ്സ് ഉണ്ടെങ്കിൽ അവൾ പോകട്ടെ. അവിടെ ഹോസ്റ്റൽ സൗകര്യം ഉണ്ടാകുമല്ലോ. അല്ലെങ്കിൽ കോളേജിന് അടുത്ത് തന്നെ ഒരു വീട് എടുത്തു കൊടുക്കാം " അമ്മായി അത് കേട്ടതും ഇടയിൽ കയറി പറഞ്ഞു. " എന്റെ ഭാര്യയെ ഹോസ്റ്റലിൽ നിർത്തി പഠിപ്പിക്കാൻ അല്ലാ ഞാൻ കെട്ടിയത് . എൻറെ കൂടെ നിൽക്കാൻ ആണ്.ഞങ്ങളുടെ കാര്യത്തിൽ ആരും ഇടപെടാൻ വരണ്ട .....ആരും..."

അവൻ ഒരു താക്കീത് പോലെ പറഞ്ഞുകൊണ്ട് ഭക്ഷണം കഴിക്കൽ മതിയാക്കി എഴുന്നേറ്റ് പോയി . അതേസമയം എല്ലാവരുടെയും ശ്രദ്ധ വർണയുടെ മേലായിരുന്നു . "മുതിർന്നവർ ഒരു കാര്യം പറഞ്ഞാൽ അക്ഷരംപ്രതി അനുസരിക്കുന്ന കുട്ടിയായിരുന്നു അവൻ. ചിലർ അവൻറെ ജീവിതത്തിലേക്ക് വന്നതോടുകൂടി ഞങ്ങളെല്ലാവരും അവൻറെ ശത്രുക്കളായി " തന്നെ ഉദ്ദേശിച്ചാണ് മുത്തശ്ശി അങ്ങനെ പറഞ്ഞത് എന്ന് വർണയ്ക്ക് മനസ്സിലായിരുന്നു. എന്നാൽ ഇതെല്ലാം പ്രതീക്ഷിച്ചത് കൊണ്ട് തന്നെ വർണ്ണക്കും പ്രത്യേകിച്ച് സങ്കടം ഒന്നും തോന്നിയില്ല . "ഏട്ടത്തി ആ അച്ചാർ ഒന്നിങ്ങ് എടുത്തേ..." ഒരു കൂസലും ഇല്ലാതെ പറയുന്ന വർണ്ണ കണ്ട് എല്ലാവർക്കും അത്ഭുതമായിരുന്നു. ദർശന വേഗം തന്നെ അവൾക്ക് അച്ചാർ എടുത്തു കൊടുത്തു. വർണ മറ്റാരെയും ശ്രദ്ധിക്കാതെ വേഗം തന്നെ ഭക്ഷണം കഴിച്ച് എഴുന്നേറ്റ് പ്ലേറ്റുമായി അടുക്കളയിലേക്ക് നടന്നു. എല്ലാവരുടെയും ഭക്ഷണം കഴിച്ചു കഴിഞ്ഞ് ആ പാത്രങ്ങൾ കഴുകുകയായിരുന്നു വർണ്ണ . ചെറിയമ്മയും ദർശനയും കൂടി അടുക്കള വൃത്തിയാക്കുന്നുണ്ട് . "വർണ്ണ പൊയ്ക്കോ ഇതൊക്കെ ഞങ്ങൾ ചെയ്തുകൊണ്ട് " "താങ്ക്യൂ ഏട്ടത്തി" വർണ അത് പറയലും കഴുകി കൊണ്ടിരുന്ന പാത്രങ്ങൾ സിങ്കിൽ തന്നെ ഇട്ട് കൈകഴുകി റൂമിലേക്ക് ഓടിയതും ഒരുമിച്ച് ആയിരുന്നു.

അടുക്കളയിൽ നിൽക്കുമ്പോഴും അവളുടെ മനസ്സ് മുഴുവൻ മുറിയിലായിരുന്നു .വേഗം തന്നെ ദത്തനെ കാണണം.അവൻറെ പിണക്കം മാറ്റണം എന്ന ചിന്ത മാത്രമായിരുന്നു അവൾക്കുണ്ടായിരുന്നത് . അവൾ മുറിയിൽ എത്തുമ്പോൾ ഡോർ ചാരി ഇട്ടിരിക്കുകയായിരുന്നു. വാതിൽ തുറന്ന് അകത്തേക്ക് കയറിയപ്പോൾ ദത്തനെ മുറിയിലൊന്നും കാണാനില്ല. ബാത്ത് റൂമിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം കേട്ടതും അവൾ ഡോർ ലോക്ക് ചെയ്ത് ബെഡിൽ വന്നിരുന്നു. കുറച്ച് കഴിഞ്ഞതും ദത്തൻ കുളി കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങി വന്നു. " ഇങ്ങേര് ഈ രാത്രി കുളിച്ച് കുട്ടപ്പനായി എങ്ങോട്ടാ പോകുന്നേ ആവോ . ഇവിടെ മനുഷ്യന് ദിവസത്തിൽ ഒരു തവണ തന്നെ കുളിക്കാൻ മടിയാണ് അപ്പോഴാ ഇവന്റെ രണ്ടും മൂന്നും കുളി " വർണ ഓരോന്ന് ആലോചിച്ച് ബെഡ് റെസ്റ്റിൽ ചാരി ഇരുന്നു. ദത്തന്റെ മുഖത്ത് നല്ല ഗൗരവും തന്നെയാണ്. അതിൽ നിന്നും അവന്റെ ദേഷ്യം മാറിയിട്ടില്ലെന്ന് വർണക്കും മനസിലായിരുന്നു. " ദത്താ" ഷർട്ട് ഇടുന്ന ദത്തനെ നോക്കി വർണ ചെറിയ മടിയോടെ വിളിച്ചു. എന്നാൽ അവൻ കേൾക്കാത്ത ഭാവത്തിൽ നിന്നു. വർണ ബെഡിൽ നിന്നും എണീറ്റ് അവന്റെ അടുത്ത് വന്ന് നിന്നു. " ദത്താ" അവന്റെ കൈയ്യിൽ തട്ടി കൊണ്ട് വിളിച്ചു. "സമയം ഒരുപാടായി നീ പോയി കിടക്കാൻ നോക്ക് വർണ " അവൻ ദേഷ്യത്തിൽ പറഞ്ഞു. "സോറി ദത്താ.. എനിക്കറിയാം ഞാൻ ചെയ്തത് തെറ്റാണെന്ന് . ഞാൻ പാർവതിയുടെ കാല് പിടിക്കാൻ പാടില്ലായിരുന്നു. പക്ഷേ അപ്പോ ഞാൻ ..

ആ അവസ്ഥയിൽ അങ്ങനെ പറ്റി പോയി. സോറി നീ എന്നോട് ക്ഷമിക്ക് ദത്താ" എന്നാൽ ദത്തൻ അതൊന്നും കേൾക്കാതെ കബോഡിൽ എന്തോ തിരഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് വർണയും ഒരു കാര്യം ശ്രദ്ധിച്ചത്. കബോഡിൽ ഒരു ഭാഗത്ത് തന്റെയും മറുഭാഗത്ത് ദത്തന്റെയും ഡ്രസ്സുകൾ നല്ല വൃത്തിയിൽ ഒതുക്കി വച്ചിട്ടുണ്ട്. " ദത്താ..." ദത്തൻ വിളിക്കേട്ടില്ല. "നീ എന്നോട് മിണ്ടില്ലേ. പിണക്കം ആണോ " വർണ അത് ചോദിച്ചതും ദത്തൻ ദേഷ്യത്തിൽ അവളെയൊന്ന് നോക്കി. ദത്തന്റെ ചുവന്ന കണ്ണുകളും വലിഞ്ഞു മുറുകിയ മുഖവും ഒരു നിമിഷം അവളിൽ ഭയം ഉണ്ടാക്കി. " ദത്താ " അവൾ ദയനീയമായി വിളിച്ചെങ്കിലും അവൻ അത് കേൾക്കാതെ കബോഡ് അടച്ച് ബെഡിനരികിലേക്ക് നടന്നു. " എന്നോട് ഇങ്ങനെ മിണ്ടാതെ നടക്കല്ലേ ദത്താ. ന്നിക്ക് സഹിക്കാൻ പറ്റണില്യ " ദത്തനെ പിന്നിൽ നിന്നും ഇറുക്കെ പുണർന്നു കൊണ്ട് വർണ പറഞ്ഞു. "വർണ കൈയ്യെടുക്ക് എനിക്ക് ദേഷ്യം വരുന്നുണ്ട്. " " ഇല്യ ഞാൻ വിടില്ല. എന്നോട് ക്ഷമിച്ചുന്ന് പറ " " നീ എന്റെ ക്ഷമയെ വെറുതെ പരീക്ഷിക്കണ്ട വർണ . എനിക്ക് ദേഷ്യം വരുന്നുണ്ട്. പെട്ടെന്നുള്ള ദേഷ്യത്തിൽ ഞാൻ ചിലപ്പോ നിന്നെ തല്ലി പോവും. അതോണ്ട് മിണ്ടാതെ പോയി കിടക്കാൻ നോക്ക്" " എന്നാ നീ എന്നേ തല്ലിക്കോ . നിന്റെ ദേഷ്യം അതോടെ മാറും എങ്കിൽ തല്ലിക്കോ . എന്നാലും ഇങ്ങനെ പിണങ്ങി നടക്കല്ലേ " അത് പറയുമ്പോൾ വർണ കരയുകയായിരുന്നു.

അവളുടെ കണ്ണീർ ദത്തന്റെ ഷർട്ടിനെ നനച്ചു. ദത്തൻ ദേഷ്യത്തിൽ ടേബിളിനു മുകളിലുള്ള ഫ്ളവർ വെയ്സ് താഴേ എറിഞ്ഞ് പൊട്ടിച്ചു. ശേഷം തിരിഞ്ഞ് വർണയെ ഇറുക്കെ പുണർന്നു. അവളുടെ മുഖം കൈയ്യിലെടുത്ത് മുത്തങ്ങളാൽ മൂടി. "എന്തിനാ കുഞ്ഞേ നീ അവളുടെ കാലിൽ വീണത് . അത് എന്തിന്റെ പേരിൽ ആണെങ്കിലും എന്നേ കൊണ്ട് സഹിക്കാൻ പറ്റത്തില്ലെടീ. എന്നേക്കാൾ നന്നായി എന്റെ മനസ് അറിയുന്നവളല്ലേ നീ എന്നിട്ടും ആ നീ തന്നെ " അവൻ ഇടറിയ സ്വരത്തിൽ പറഞ്ഞു കൊണ്ട് അവളെ തന്റെ നെഞ്ചിലേക്ക് പൊതിഞ്ഞു പിടിച്ചു. വർണ അവന്റെ നെഞ്ചിൽ മുഖം ചേർത്ത് ഒരുപാട് കരഞ്ഞു. ദത്തന്റെ വിഷമങ്ങൾ അവനെക്കാൾ കൂടുതൽ ബാധിക്കുന്നത് , അവനെക്കാൾ കൂടുതൽ സങ്കടപ്പെടുത്തുന്നത് തനിക്കാണെന്ന് വർണയും മനസിലാക്കിയ നിമിഷമായിരുന്നു അത്. അവർ കുറേ നേരം അങ്ങനെ തന്നെ നിന്നു. അവസാനം ദത്തൻ തന്നെ അവളെ തന്നിൽ നിന്നും അടർത്തി മാറ്റി. "സോറി"വർണ ഒന്ന് ഉയർന്ന് അവന്റെ കഴുത്തിലായി ഉമ്മ വച്ചു. "മതി കരഞ്ഞത്. ഇനി ഒരിക്കലും ഇങ്ങനെ ഉണ്ടാവരുത്. പാർവതിയോട് എന്നല്ലാ ആരോടും ഒന്നിന്റെ പേരിലും കാലു പിടിക്കാനോ അപേക്ഷിക്കാനോ നിൽക്കരുത്. നീ അങ്ങനെ ചെയ്യുമ്പോൾ തോൽക്കുന്നത് ഞാനാണ് " വർണ തലയാട്ടി കൊണ്ട് വീണ്ടും അവനെ കെട്ടി പിടിച്ചു. "ഡീ മതി. വന്ന് കിടക്കാൻ നോക്ക്"

ദത്തൻ ഗൗരവത്തിൽ പറഞ്ഞതും വർണ ഇല്ലാ എന്ന് തലയനക്കി കൊണ്ട് അവന്റെ മേലുള്ള പിടി ഒന്നുകൂടി മുറുക്കി. "ദേവൂട്ട്യേ ... എന്നേ വീണ്ടും ദേഷ്യം പിടിപ്പിക്കണ്ട. വന്ന് കിടന്നേ " ദത്തൻ അവളെയും വിളിച്ച് കൊണ്ട് ബെഡിൽ വന്ന് കിടന്നു. വർണ അവന്റെ നെഞ്ചിലേക്ക് തല വച്ച് കിടന്നതും ദത്തൻ അവളെ തിരിച്ച് ബെഡിലേക്ക് തന്നെ കിടത്തി. " ഒരു മിനിറ്റ് ഞാൻ ഇപ്പോ വരാം " അത് പറഞ്ഞ് ദത്തൻ ലാപ് ടോപ് എടുത്ത് വാതിൽ തുറന്ന് പുറത്തേക്ക് പോയി. കുറച്ച് കഴിഞ്ഞതും അവൻ തിരികെ വന്നു. ഡോർ വെറുതെ ചാരി ഇട്ടു കൊണ്ട് ബെഡിൽ വന്നു കിടന്നു. "എവിടേക്കാ ദത്താ പോയത് " " എട്ടൻ രാത്രി വീഡിയോ കോളിൽ വരാം എന്ന് പറഞ്ഞിരുന്നു. ദർശനയുടെ ലാപ് ടോപ്പ് കേടാണ് . അതുകൊണ്ട് നമ്മുടെ ലാപ് കൊടുക്കാൻ പോയതാ " ദത്തൻ ബെഡിലേക്ക് കിടന്നതും വർണ വീണ്ടും അവന്റെ നെഞ്ചിലേക്ക് തല വച്ച് കൊണ്ട് കിടന്നു. എന്നാൽ ദത്തൻ അവളെ വീണ്ടും ബെഡിലേക്ക് തന്നെ കിടത്തി. ശേഷം അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി കൊണ്ട് കിടന്നു. "എനിക്ക് ഇങ്ങനെ കിടക്കാനാണ് ഇഷ്ടം" ദത്തൻ ഒരു കള്ള ചിരിയോടെ പറഞ്ഞ് അവളുടെ ചെവിയിൽ പതിയെ ഒന്ന് കടിച്ചു. "നീ എന്റെ കൂടെ എന്നും ഇങ്ങനെ ഉണ്ടാവുമോ ദത്താ" അവൾ അവനെ തന്നിലേക്ക് ചേർത്തു പിടിച്ച് കൊണ്ട് ചോദിച്ചു. "നീ ഇല്ലാതെ ഞാൻ എങ്ങനെ ജീവിക്കാനാ പെണ്ണേ . എന്നേ കൊണ്ട് അതിന് പറ്റുമോ . ഈ ദേവദത്തന്റെ അവസാന ശ്വാസം വരെ എന്റെ ദേവൂട്ടി എന്റെ കൂടെ എന്നും ഇങ്ങനെ ഉണ്ടാകും" "സത്യം...'' "മ്മ് ... എന്റെ പൊന്നു ദേവുട്ട്യാണെ സത്യം " അത് കേട്ട് വർണയുടെ ചുണ്ടിലും ഒരു പുഞ്ചിരി തെളിഞ്ഞു.....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story