എൻ കാതലെ: ഭാഗം 40

enkathale

എഴുത്തുകാരി: അപർണ അരവിന്ദ്‌

"ഇനി രാത്രി കുട്ടി ചാത്തൻ വരുമോ ശിലു" ഭദ്രപേടിയോടെ ചോദിച്ചു. "എയ് ഇല്ല. ഇതൊക്കെ അവളുടെ നമ്പർ അല്ലേ. ഇന്നത്തെ കാലത്തൊക്കെ കുട്ടിച്ചാത്തൻ ഉണ്ടോ " " എനിക്കൊന്നും അറിയില്ല. ആകെ ഉള്ള മനസമാധാനം കൂടി പോയി. " ഭദ്ര തലക്ക് കൈ കൊടുത്ത് സോഫയിലേക്ക് ഇരുന്നു. വർണ മൂളി പാട്ടും പാടി റൂമിലേക്ക് കയറിയതും പെട്ടെന്ന് പിന്നിൽ നിന്നും വാതിൽ അടഞ്ഞു. തിരിഞ്ഞ് നോക്കുന്നതിനു മുൻപേ പിന്നിൽ നിന്നും ദത്തന്റെ ഇരു കൈകളും അവളുടെ അരയിലൂടെ ചുറ്റി പിടിച്ചിരുന്നു. "മനുഷ്യനെ പേടിപ്പിച്ചു കളഞ്ഞല്ലോ ദത്താ..." അവന്റെ കൈയ്യിൽ കിടന്ന് കുതറി കൊണ്ട് വർണ പറഞ്ഞു. എന്നാൽ ദത്തൻ ചിരിച്ചു കൊണ്ട് അവളെ ഇറുക്കെ കെട്ടി പിടിച്ചു കൊണ്ട് പിൻകഴുത്തിൽ ഇക്കിളിയാക്കി. " എന്നേ ഇറുക്കി കൊല്ലുമോ ദത്താ നീ. " അവൾ അവന്റെ പിടി വിടാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു. " കൊല്ലും പക്ഷേ ഇറുക്കി കൊല്ലില്ല. സ്നേഹിച്ച് കൊല്ലും " അവളെ തനിക്ക് നേരെ തിരിച്ച് നിർത്തി മൂക്കിൽ പിടിച്ച് വലിച്ച് കൊണ്ട് ദത്തൻ പറഞ്ഞു. "എവിടെയായിരുന്നു ഇത്ര നേരം "

ദത്തൻ അവളുടെ തോളിലൂടെ കൈ ഇട്ട് ബെഡിൽ വന്നിരുന്നു. " ഞാൻ താഴേ ചെറിയമ്മയെ സഹായിക്കുകയായിരുന്നു. " "മ്മ് " ദത്തൻ ഒന്ന് മൂളി . വർണ അവന്റെ തോളിൽ തല വച്ച് കിടന്നു. കുറച്ച് നേരം അവർക്കിടയിൽ ഒരു മൗനം നില നിന്നു. " ഞാൻ ഒരു ഉമ്മ തരട്ടെ ദേവൂട്ട്യേ " ദത്തൻ ചോദിച്ചത് കേട്ട് വർണ അവനെ നോക്കി തലയാട്ടി. ദത്തൻ ഒരു പുഞ്ചിരിയോടെ അവളുടെ നെറുകയിൽ ഒന്ന് ഉമ്മ വച്ചു. "ഈ ഉമ്മയല്ല ഞാൻ ഉദേശിച്ചത് ട്ടോ. ശരിക്കും ഉള്ള ഉമ്മ തരാൻ പോവുന്നേ ഉള്ളു. " അത് പറഞ്ഞ് ദത്തൻ അവളെ തന്റെ മടിയിലേക്ക് കയറ്റി ഇരുത്തി. " ദത്താ ഞാ.." വർണ എന്തെങ്കിലും പറയുന്നതിനു മുൻപേ ദത്തൻ അവളുടെ അധരങ്ങളെ സ്വന്തമാക്കിയിരുന്നു. വർണ കുതറി മാറാൻ ശ്രമിച്ചു എങ്കിലും ദത്തൻ അവളുടെ പിൻകഴുത്തിൽ വലതു കൈ വച്ച് ലോക്ക് ചെയ്തിരുന്നു. അതോടെ വർണയും പതിയെ അവനെ എതിർക്കാതെയായി.

നാവുകൾ തമ്മിൽ കെട്ടു പിണഞ്ഞതും വർണയുടെ നഖങ്ങൾ ദത്തന്റെ പുറത്ത് ആഴ്ന്നിറങ്ങി. ശ്വാസം കിട്ടാതെ ആയതും ദത്തൻ അവളെ സ്വതന്ത്രയാക്കി. "നിനക്ക് നല്ല അടിയുടെ കുറവുണ്ട് ദത്താ . ഇപ്പോ കുറച്ച് ദിവസായി നീ എന്നേ വെറുതെ വെറുതെ ഉമ്മ വക്കുന്നുണ്ട് " വർണ ചുണ്ടു കൂർപ്പിച്ചു കൊണ്ട് പറഞ്ഞു. "അയ്യോടാ. എന്റെ കുഞ്ഞാവക്ക് ദേഷ്യം വരുന്നുണ്ടോ . സ്നേഹം കൊണ്ടല്ലേടാ ..സോറി" ദത്തൻ അവന്റെ വലതു കൈ കൊണ്ട് അവളുടെ ചുണ്ടും മുഖവും തുടച്ചു കൊടുത്തു. "എന്റെ കുട്ടി കിടന്നോട്ടോ ... എനിക്ക് ഒന്ന് പുറത്ത് പോവണം" ദത്തൻ അവളെ മടിയിൽ നിന്നും ഇറക്കി ബെഡിൽ ഇരുത്തി. "ഈ രാത്രിയിൽ നീ എങ്ങോട്ടാ ..." " കുറച്ച് കാര്യങ്ങൾ ഉണ്ടെടാ . പിന്നെ ഒന്ന് രണ്ട് ഫ്രണ്ട്സിനെ കാണണം. നീ കിടന്നോ" " ഈ രാത്രില് തന്നെ പോവണോ. എപ്പോഴാ വരുക " " അത്യവശ്യം ആയ കാരണം ആണ്. നീ കിടന്നോ" ബുള്ളറ്റിന്റെ കീ കൈയ്യിൽ കറക്കി കാെണ്ട് ദത്തൻ പുറത്തേക്ക് പോകുന്നത് നോക്കി വർണ ഇരുന്നു.

ഡോറിന് അരികിൽ എത്തിയതും ദത്തൻ തിരികെ വന്ന് വർണയെ ഒന്ന് ഹഗ്ഗ് ചെയ്തു. ശേഷം പുറത്തേക്ക് തന്നെ പോയി. വർണ കുറച്ച് നേരം അങ്ങനെ തന്നെ ഇരുന്നു. മുറ്റത്ത് നിന്നും ദത്തന്റെ ബുള്ളറ്റ് ഗേറ്റ് കടന്ന് പോകുന്ന ശബ്ദം കേട്ടതും വർണ ലൈറ്റ് ഓഫ് ചെയ്ത് കിടന്നു. * കുറേ നേരം തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും വർണക്ക് ഉറക്കം വരുന്നുണ്ടായിരുന്നില്ല. അവൾ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങിയതും പാർവതി താഴേ നിന്നും മുകളിലേക്ക് കയറി വന്നതും ഒരുമിച്ചായിരുന്നു. വർണയെ കണ്ടതും പാർവതി ഒന്ന് പുഞ്ചിരിച്ചു. വർണ തിരിച്ചും. "ഈ രാത്രീല് ദേവേട്ടൻ എവിടേക്കാ പോയത് "പാർവതി ചോദിച്ചതും വർണക്ക് ദേഷ്യം വന്നിരുന്നു. പക്ഷേ അവൾ അത് പുറത്ത് കാണിച്ചില്ല. "ഏതോ ഫ്രണ്ടിനെ കാണണം എന്നാ ദത്തൻ പറഞ്ഞത് " " ഈ രാത്രിയിലോ " പാർവതി മറു ചോദ്യം ചോദിച്ചു. " ഇവൾ എന്തിനാ ഇതൊക്കെ അന്വേഷിക്കാൻ വരുന്നത്. സ്വന്തം കാര്യം നോക്കിയാ പോരെ " മനസിൽ കുറ്റം പറഞ്ഞ് വർണ മുഖത്ത് ഒരു പുഞ്ചിരി വരുത്തി. " അറിയില്ല. അവൻ ചെറിയ കുട്ടി ഒന്നും അല്ലാലോ.

എന്തെങ്കിലും അത്യവശ്യം കാണും അതാ " "മ്മ്.. വർണയുടെ വേദന കുറവുണ്ടോ. തന്റെ കരച്ചിൽ കണ്ടപ്പോ ഞാനും ഒന്നു ടെൻഷനായി. കാലിന് ഫ്ളാക്ച്ചർ എങ്ങാനും ഉണ്ടാവും എന്ന് കരുതി " " എയ് ഇപ്പോ കുഴപ്പം ഒന്നും ഇല്ല " "മ്മ്... എന്നാ ഞാൻ പോക്കോട്ടെ . താഴേന്ന് വെള്ളം എടുക്കാൻ പോയതാ . വർണക്ക് വെള്ളം വേണോ " കയ്യിലെ ബോട്ടിൽ നീട്ടി കൊണ്ട് പാർവതി ചോദിച്ചു. "എയ് വേണ്ടാ " " എന്നാ ശരി ഗുഡ് നെറ്റ് " പാർവതി അവളുടെ റൂമിലേക്ക് പോയി. " ഇത് എന്താ ഇപ്പോ കഥ . ഇവിടെക്ക് വന്ന ദിവസം ഇവളുടെ മട്ടും ഭാവവും കണ്ടപ്പോൾ എന്റെ കഥയിലെ വില്ലത്തി ഇവൾ ആയിരിക്കും എന്നാ കരുതിയത്. പക്ഷേ ഇവൾ എന്നോട് നല്ല രീതിയിലാണല്ലോ പെരുമാറുന്നത് " അവൾ ഓരോന്ന് ആലോചിച്ച് താഴേക്ക് നടന്നു. " അല്ലെങ്കിലും ആരുടെയെങ്കിലും കയ്യിൽ വെള്ളം കണ്ടാലെ നമ്മുക്ക് വെള്ളം കുടിക്കാൻ ദാഹിക്കൂ.

പാർവതി ചോദിച്ചപ്പോൾ വെള്ളം വാങ്ങണം എന്ന് ഉണ്ടായിരുന്നു. പക്ഷേ അവൾ അതിൽ എന്തെങ്കിലും കലക്കിയിട്ടുണ്ടെങ്കിലോ. എനിക്ക് എന്തെങ്കിലും പറ്റിയാ എന്റെ ദത്തന് സങ്കടം ആകും " "One, two, three, four..... സ്റ്റേപ്പുകൾ എണ്ണി വർണ താഴേക്ക് എത്തിയതും ഹാളിൽ ആയി പാർത്ഥി ഇരിക്കുന്നുണ്ട്. എതോ ഫയലുകൾ നോക്കുകയാണ്. "ഹയ്യടാ.. ദാ ഇരിക്കുന്നു വില്ലൻ നമ്പർ 2 " വർണ പതിയെ കിച്ചണിലേക്ക് നടന്നു. ഫ്രിജ് തുറന്ന് വെള്ളം കുടിച്ച ശേഷം അവൾ തിരികെ വന്നു. അത് കണ്ട് പാർത്ഥി ഫയലിൽ നിന്നും മുഖം ഉയർത്തി ഒന്ന് നോക്കി. അവന്റെ നോട്ടം കണ്ട് വർണ ഒരു ചിരിച്ച് കൊടുത്തു. തിരികെ പാർത്ഥിയും ഒന്ന് ചിരിച്ചു. "ദേവൻ എങ്ങോട്ടാ ഈ രാത്രി പോയത്..." പാർത്ഥി ഫയലിൽ നിന്നും തല ഉയർത്താതെ ചോദിച്ചു. " അറിയില്ലാ. എതോ ഫ്രണ്ടിനെ കാണാനാ എന്നാ പറഞ്ഞത് " " ഈ രാത്രിയിലോ " " ബെസ്റ്റ് ഇവർ ആങ്ങളയും പെങ്ങളും സെയിം ഡയലോഗ് ആണല്ലോ. ഇത്രയും ഒത്തൊരുമയോ ." വർണ ആത്മ . " അത്യവശ്യമായി ആരെയോ കാണണം എന്നാ പറഞ്ഞത് " "മ്മ്... "

"എന്താ ഈ ചെയ്യുന്നേ " പാർത്ഥിയുടെ കൈയ്യിലെ ഫയലിലേക്ക് എത്തി നോക്കി കൊണ്ട് വർണ ചോദിച്ചു. " ഇത് സ്റ്റേഷനിലെ കുറച്ച് കേസ് ഫയൽ ആണ് " " ആണോ . അപ്പോ murder case ഒക്കെ ഉണ്ടാകുമോ " വർണ ആകാംഷയോടെ ചോദിച്ച് പാർത്ഥി ഇരിക്കുന്നതിന് ഓപ്പോസിറ്റ് ഉള്ള സെറ്റിയിൽ ഇരുന്നു. "എല്ലാം ഉണ്ട്. സിവിൽ കേസ് , ക്രിമിനൽ കേസ് " " ആണല്ലേ. എന്നിട്ട് ചേട്ടൻ കള്ളന്മാരെ പിടിക്കാൻ പോവാറുണ്ടോ " അവളുടെ ചോദ്യം കേട്ട് പാർത്ഥിക്ക് ചിരി വന്നിരുന്നു. " മമ് പോവാറുണ്ട് " " അവരെ ഇടിക്കുമോ " "മ്മ്... " " ചേട്ടൻ എത്ര വർഷം ആയി പോലീസ് ആയിട്ട് " " 6 വർഷം " " ആറ് വർഷം . അപ്പോ ചേട്ടന് എത്ര വയസായി " " 32 " " ദത്തന്റെ ഒപ്പം ആണല്ലേ. നിങ്ങൾ അപ്പോ കോളേജിൽ പോകുന്ന കാലത്ത് ഞാൻ വീട്ടിൽ കാർട്ടൂണ് കണ്ടിരിക്കുന്നുണ്ടാകും " അവൾ കൈയ്യിൽ കണക്ക് കൂട്ടി കൊണ്ട് പറഞ്ഞു. അത് കേട്ട് പാർത്ഥി ചിരിച്ചു. "വർണക്ക് രാത്രി ഉറക്കം ഒന്നുമില്ലേ . സമയം കുറെ ആയിലോ " " എനിക്ക് ഉറക്കം വരുന്നില്ല. എനിക്ക് ഒറ്റക്ക് കിടക്കാൻ ഇഷ്ടമല്ലാ. പേടിയാ . " " എന്നാ പാറുന്റെ റൂമിൽ പോയി കിടന്നോ. അവൾ ഉറങ്ങീട്ടുണ്ടാവില്ല. "

"അയ്യോ വേണ്ടാ. എനിക്ക് പേടിയാ. എന്നോടുള്ള ദേഷ്യത്തിൽ ഞാൻ ഉറങ്ങുമ്പോ ആ കുട്ടി എന്തേലും ചെയ്താലോ " പറഞ്ഞതിനു ശേഷമാണ് താൻ എന്താ പറഞ്ഞത് എന്ന ബോധം വർണക്കും വന്നത്. അവൾ പെട്ടെന്ന് അബദ്ധം പറ്റിയ പോലെ വാ പൊത്തി പിടിച്ചു. "മ്മ്.. എന്നാ ദാ കാണുന്നതാ ഭദ്രയുടേയും ശിലുവിന്റെയും റൂം. അവിടെ പോയി കിടന്നോ" താഴെയുള്ള റൂമിലേക്ക് ചൂണ്ടി കൊണ്ട് പാർത്ഥി പറഞ്ഞു. വർണ തലയാട്ടി കൊണ്ട് എണീറ്റ് മുന്നോട്ട് നടന്നു. ശേഷം ഒന്ന് തിരിഞ്ഞു. "ചേട്ടാ ..സോറി ..ഞാൻ അങ്ങനെ പറയാൻ പാടില്ലായിരുന്നു. " " It's okay..." അത് പറഞ്ഞ് പാർത്ഥി വീണ്ടും ഫയൽ നോക്കാൻ തുടങ്ങി. വർണ നേരെ ഭദ്രയുടേയും ശിലുവിന്റെയും റൂമിനരികിലേക്ക് നടന്നു. ** "എടീ .. വന്നു.. വന്നുടീ ... ഞാൻ അപ്പോഴേ പറഞ്ഞതാ ആ വർണയോട് വെറുതെ മെക്കിട്ട് കേറാൻ നിൽക്കണ്ടാ എന്ന് . എന്റെ പൊന്നു കുട്ടി ചാത്താ ഞങ്ങളെ ഒന്നും ചെയ്യല്ലേ .. ഞങ്ങൾ നാളെ രാവിലെ തന്നെ വർണയോട് സോറി പറഞ്ഞോളാം. ഞങ്ങളെ ഒന്നും ചെയ്യല്ലേ . എടീ ശിലു ഇങ്ങനെ കുന്തം വിഴുങ്ങിയ പോലെ ഇരിക്കാതെ ഒന്ന് പറഞ്ഞ് മനസിലാക്കെടി"

ഭദ്ര പേടിച്ച് നിലവിളിച്ചു കൊണ്ട് പറഞ്ഞു. വർണ പറഞ്ഞ കാര്യങ്ങൾ ഓർത്ത് പേടിച്ച് കിടക്കുകയായിരുന്നു രണ്ടു പേരും. അപ്പോഴാണ് വാതിൽ തുറന്ന് ഒരു രൂപം മുറിയിലേക്ക് കയറി വരുന്നത് കണ്ടത്. " ഭദ്രേ എനിക്ക് പേടിയാവാ. രാമ രാമ രാമ രാമ പാഹിമാം.. കൃഷ്ണ കൃഷ്ണാ മുകുന്ദാ ജനാർത്ഥനാ ... ഓം നമശിവായ ഓം നമശിവായ... സ്വാമിയേ ശരണമയ്യപ്പാ ..." ശിലു അപ്പോഴേക്കും പ്രാർത്ഥിക്കാൻ തുടങ്ങിയിരുന്നു. പെട്ടെന്ന് റൂമിൽ വെളിച്ചം തെളിഞ്ഞതും മുന്നിൽ ഇളിച്ചോണ്ട് നിൽക്കുന്ന വർണയെ കണ്ട് രണ്ട് പേരും ഞെട്ടി. "അയ്യേ .... നിങ്ങൾ ഇത്രയും പേടിതൊണ്ടികൾ ആയിരുന്നോ ... മ്ലേച്ചം ... മ്ലേച്ചം ...." "നീയെന്താ ഇവിടെ..." മുഖത്തെ ചളിപ്പ് മറച്ച് വച്ച് ശിലു ചോദിച്ചു. "അതെന്താ എനിക്ക് ഇവിടെ വന്നുടെ . എന്റെ പാവം രണ്ട് നാത്തൂൻമാർ ഇവിടെ പേടിച്ച് വിറച്ച് കിടക്കുമ്പോൾ ഈ എട്ടത്തിയമ്മ അവിടെ എങ്ങനെ സുഖമായി കിടന്നുറങ്ങും. എന്തു ചെയ്യാനാ ഞാൻ ഒരു ലോല ഹൃദയ ആയി പോയി.." വർണ അത് പറഞ്ഞ് അവർ രണ്ടു പേരുടേയും ഇടയിൽ കയറി കിടന്നു. "ആരാ പറഞ്ഞേ ഞങ്ങൾക്ക് പേടിയാ എന്ന് . ഞങ്ങൾക്ക് പേടിയൊന്നും ഇല്ല

" ഭദ്ര. "എന്നിട്ടാണോ ഇരുട്ടത്ത് എന്നേ കണ്ട് നിങ്ങൾ പേടിച്ച് കരഞ്ഞത്... " "പിന്നെ ... ഞങ്ങൾ കരഞ്ഞിട്ടൊന്നും ഇല്ല. ഞങ്ങൾക്ക് ഒരു പേടിയും ഇല്ല. " " ആണോ എന്നാ ഞാൻ പോയേക്കാം " വർണ ബെഡിൽ നിന്നും എണീക്കാൻ നിന്നതും ശിലുവും ഭദ്രയും അവളെ തടഞ്ഞു. "അയ്യോ പോവല്ലേ. ഞങ്ങൾക്ക് ശരിക്കും പേടിയാ " വർണ യുടെ കൈ പിടിച്ച് രണ്ടു പേരും ഒരേ സ്വരത്തിൽ പറഞ്ഞു. "അങ്ങനെ എന്റെ നാത്തൂൻമാർ വഴിക്ക് വാ" അത് പറഞ്ഞ് വർണ ബെഡിലേക്ക് കിടന്നു. അവളുടെ അപ്പുറത്തും ഇപ്പുറത്തും ആയി ശിലുവും ഭദ്രയും "ശരിക്കും നീ ഇവിടെ കിടക്കാൻ വേണ്ടി വന്നതാണോ വർണാ . അപ്പോ ദേവേട്ടൻ ഒന്നും പറഞ്ഞില്ലേ " ഭദ്ര ആകാംഷയോടെ ചോദിച്ചു. " എന്നാ ഞാൻ ഒരു സത്യം പറയട്ടെ . എനിക്ക് ഒറ്റക്ക് കിടക്കാൻ പേടിയാ.ദത്തൻ ആണെങ്കിൽ ഒരു അത്യവശ്യത്തിന് പുറത്ത് പോയിരിക്കാ." " ഈ രാത്രിലോ " " ദേ വീണ്ടും അതേ ചോദ്യം. നിങ്ങൾ കുടുംബപരമായി ഒരേ ഡയലോഗ് ആണോ പറയുന്നേ. രാത്രി പുറത്ത് പോയ ഇപ്പോ എന്താ " " അപ്പോ വർണ ഇന്ന് ഞങ്ങളുടെ ഒപ്പം ആണോ കിടക്കുന്നത് "

"മ്മ് അതെ . പാർത്ഥിയേട്ടനാണ് എന്നോട് ഇവിടെ വന്ന് കിടന്നോളാൻ പറഞ്ഞത് " "പാർത്ഥിയേട്ടനോ . എട്ടൻ നിന്നോട് സംസാരിച്ചോ.." "അതേന്നേ. എനിക്കും അതാ മനസിലാവാത്തത്. ഞാൻ നല്ല ഒരു ഫയിറ്റ് ഒക്കെ പ്രതീക്ഷിച്ചിട്ടാ ഇവിടേക്ക് വന്നത്. പക്ഷേ എന്റെ ശത്രുക്കൾ എല്ലാം എന്നോട് നല്ല രീതിയിലാണ് സംസാരിക്കുന്നേ. എസ്പെഷലി പാർവതി " "അങ്ങനെ ആരെയും കണ്ണടച്ച് വിശ്വാസിക്കണ്ട" ഭദ്ര പറഞ്ഞു. "ദത്തനും എന്നോട് ഇത് തന്നെയാണ് പറഞ്ഞത്. " " നീ ദേവേട്ടനെ ദത്തൻ എന്നാലെ വിളിക്കാ. എട്ടന് നിന്നേ ഒരുപാട് ഇഷ്ടമാണ് അല്ലേ " അത് ചോദിക്കുമ്പോൾ ശിലുവിന്റെ സ്വരം ഇടറിയിരുന്നു. "മ്മ്. ദത്തന്റെ ജീവനല്ലേ ഞാൻ . അല്ല ഞങ്ങൾ ഇവിടെ വന്നിട്ട് രണ്ട് മൂന്ന് ദിവസം ആയില്ലേ. എന്നിട്ട് ഇതുവരെ നിങ്ങൾ ദത്തനോടോ . ദത്തൻ നിങ്ങളോടോ സഠസാരിക്കുന്നത് ഞാൻ കണ്ടില്ലല്ലോ " " എട്ടൻ ഇതു വരെ ഞങ്ങളുടെ മുഖത്തേക്ക് ഒന്ന് നോക്കിയിട്ട് പോലും ഇല്ല. അങ്ങോട്ട് ചെന്ന് സംസാരിക്കാൻ ഞങ്ങൾക്ക് പേടിയാ " "അതെന്തിനാ നിങ്ങൾ പേടിക്കുന്നേ. നിങ്ങളുടെ എട്ടനല്ലേ അവൻ " "അതെ പക്ഷേ എട്ടന് ഞങ്ങളോട് ദേഷ്യമാണെങ്കിലോ.

എട്ടൻ എല്ലാവരോടും എപ്പോഴും ദേഷ്യത്തിലെ സംസാരിക്കുന്നുള്ളൂ. എട്ടൻ നിന്നോട് മാത്രമേ സ്നേഹത്തിൽ സംസാരിക്കൂ " "എയ് അതൊക്കെ നിങ്ങളുടെ തോന്നലാണ്. വേണിയേയും അനുവിനേയും ദത്തന് നല്ല ഇഷ്ടമാണ്. അവരെ കാണുമ്പോൾ നിങ്ങളെ ഓർമ വരാറുണ്ട് എന്ന് ദത്തൻ പറയാറുണ്ടല്ലോ " "വേണിയും അനുവും ആരാ " "എന്റെ ഫ്രണ്ട്സാ. നാട്ടിലെ എന്റെ കോളേജിലെ " "നീ എത്രയിലാ പഠിക്കുന്നേ..." " പിജി ഫസ്റ്റ് ഇയർ . നിങ്ങൾ ഡിഗ്രി ആണല്ലേ " "മ്മ്. അതെ " അവർ ഓരോന്ന് സംസാരിച്ച് ഉറങ്ങി പോയി. ഉറക്കത്തിൽ എപ്പോഴോ ഭദ്രയും ശിലുവും വർണയെ കെട്ടിപിടിച്ചിരുന്നു. * രാവിലെ ഒരുപാട് നേരം ആയിട്ടും ഭദ്രയേയും ശിലുവിനേയും റൂമിനു പുറത്തേക്ക് കാണാത്തതു കൊണ്ട് ദത്തന്റെ അമ്മ അവരെ വിളിക്കാനായി റൂമിലേക്ക് വന്നു. ഇന്ന് ക്ലാസ് ഇല്ല. എങ്കിലും നേരത്തെ എണീക്കണം , കുളിക്കണം എന്നതൊക്കെ മുത്തശ്ശിക്ക് നിർബന്ധമാണ്. റൂം തുറന്ന് അകത്തേക്ക് വന്ന അമ്മ അകത്തേ കാഴ്ച്ച കണ്ട് ഞെട്ടി. അധികം വൈകാതെ ആ ഞെട്ടൽ ദേഷ്യത്തിലേക്ക് വഴിമാറിയിരുന്നു.

വർണയേ കെട്ടി പിടിച്ച് കിടക്കുന്ന ശിലുവും ഭദ്രയും. വർണയുടെ കൈയ്യും കാലും അവർ രണ്ടുപേരുടേയും മേലാണ്. "ശിലു... " അമ്മയുടെ ദേഷ്യത്തിലുള്ള വിളി ആ മുറിക്കുള്ളിൽ പ്രതിധ്വനിച്ചു. ആ ശബ്ദം കേട്ട് അവർ മൂന്നുപേരും ബെഡിൽ നിന്ന് ചാടി എണീറ്റു. ദേഷ്യത്തിൽ വിറച്ച് നിൽക്കുന്ന അമ്മയെ കണ്ട് മൂന്നു പേരും പരസ്പരം പേടിയോടെ നോക്കി. "സമയം എത്രയായി എന്നാ വിചാരം. 10 മണി കഴിഞ്ഞു. ഇത്ര നേരമായിട്ടും എണീക്കാറായിലെ. നേരത്തെ എണീറ്റിരുന്ന കുട്ടികൾ അല്ലേ നിങ്ങൾ . അല്ലെങ്കിലും ചിലർ ഈ വീട്ടിൽ കാലെടുത്തു വച്ചതും പതിവ് ഒക്കെ മാറിയല്ലോ " അമ്മ ശിലുവിനെ നോക്കിയാണ് പറഞ്ഞത് എങ്കിലും അവസാനിച്ചത് വർണയിൽ ആയിരുന്നു. " നോക്കി ഇരിക്കാതെ പോയി കുളിക്കാൻ നോക്ക്" അമ്മ അലറിയതും ശിലുവും ഭദ്രയും ബെഡിൽ നിന്നും ചാടി ഇറങ്ങി. അമ്മയുടെ നോട്ടം തനിക്ക് നേരെയാണ് എന്ന് മനസിലായതും വർണയും പതിയെ ബെഡിൽ നിന്നും താഴേക്ക് ഇറങ്ങി. "അമ്മയെ ദേഷ്യപ്പെടുമ്പോൾ കാണാൻ ഒരു ചന്തവും ഇല്ല. അമ്മ ഞങ്ങളെ രാവിലെ തന്നെ ഉറക്കെ ചീത്ത പറഞ്ഞില്ലേ . അമ്മ ചീത്ത കുട്ടിയാ"

അത് പറഞ് വർണ റൂമിന് പുറത്തേക്ക് പോയി. അവൾ പറയുന്നത് കേട്ട് അമ്മ അന്തം വിട്ട് നിന്നു. ശിലുവും ഭദ്രയും അത് കണ്ട് ഒന്ന് ചിരിച്ചു. * വർണ റൂമിന് പുറത്തേക്ക് വന്നതും മുത്തശ്ശി ഹാളിൽ ഇരിക്കുന്നുണ്ട്. മുത്തശി അവളേയും ക്ലോക്കിലേക്കും ഒന്ന് മാറി മാറി നോക്കി. വർണ ഒന്നും മിണ്ടാതെ സ്റ്റയർ കയറുമ്പോഴാണ് പാർത്ഥി പോലീസ് യൂണിഫോമിൽ താഴേക്ക് വരുന്നത്. അവളെ കണ്ടതും അവൻ ഒന്ന് പുഞ്ചിരിച്ചു. "ഈ തോക്കിൽ ഉണ്ടയുണ്ടോ ചേട്ടാ ...." അവൾ അരയിലെ തോക്കിലേക്ക് ചൂണ്ടി കൊണ്ട് ചോദിച്ചു. "മ്മ് ഉണ്ട് " " കേട്ടില്ലേ മുത്തശ്ശി എന്റെ എട്ടന്റെ തോക്കിൽ ഉണ്ടയുണ്ടെന്ന് . അതോണ്ട് വെറുതെ എന്നേ നോക്കി പേടിപ്പിക്കണ്ടാ ട്ടോ . പാർത്ഥിയേട്ടൻ മുത്തശ്ശിയെ സുട്ടിടുവേ " അത് പറഞ്ഞ് വർണ റൂമിലേക്ക് ഓടി. താൻ വെറുതെ മിണ്ടാതെ ഇരുന്നാൽ തറവാട്ടിലെ ആരും തന്നെ മൈന്റ് ചെയ്യില്ലാ എന്ന് വർണക്കും അറിയാമായിരുന്നു. അതിന് എറ്റവും നല്ല വഴി മുത്തശിയാണ്. മുത്തശിയെ കൈയ്യിലെടുത്താൽ പകുതി പ്രശ്നം ഒഴിഞ്ഞു. അവൾ ഓരോന്ന് ചിന്തിച്ച് റൂമിലേക്ക് വന്നു.

പാതി ചാരിയിട്ട ഡോർ തുറന്ന് അവൾ അകത്ത് കയറി. ദത്തൻ ബെഡ് റെസ്റ്റിൽ ചാരി ഇരുന്ന് ഉറങ്ങുകയാണ്. അപ്പോഴാണ് അവൾ ടേബിളിനു മുകളിലുള്ള സാധനങ്ങൾ കണ്ടത്. A4 ഷീറ്റ്, പെൻ , പെൻസിൽ , സ്കെയിൽ എല്ലാം ഉണ്ട്. അവൾ സ്കെയിൽ ടേബിളിനു മുകളിൽ നിന്നും എടുത്തു. 30 CM ന്റെ ഇരുമ്പ് സ്കെയിൽ ആണ് അത്. അവൾ അത് തിരികെ ടേബിളിൽ തന്നെ വച്ച് ദത്തന്റെ അരികിൽ വന്നിരുന്നു. അവൾ ഒന്ന് ഉയർന്ന് അവന്റെ നെറ്റിയിലായി ഒന്ന് ഉമ്മ വച്ചു. വർണയുടെ സാമിപ്യം അറിഞ്ഞതും ദത്തൻ കണ്ണ് തുറന്നു. ശേഷം അവളെ മൈന്റ് ചെയ്യാതെ ബെഡിൽ നിന്നും ഇറങ്ങി. "നീ എപ്പോഴാ എത്തിയത് ദത്താ" " ഞാൻ എപ്പോ എത്തിയാലും നിനക്ക് എന്താ . നിനക്കിപ്പോ ഇവിടെ പുതിയ ബന്ധുക്കളേയും സ്വന്തക്കാരെയും ഒക്കെ കിട്ടിയല്ലോ " "അതെന്താ ദത്താ അങ്ങനെ പറയുന്നേ " "പിന്നെ എങ്ങനെ പറയണം. നീ ഇന്നലെ എവിടെയായിരുന്നു. ഞാൻ നിന്നോട് ഇവിടെ കിടക്കാൻ പറഞ്ഞിട്ടല്ലേ പോയത് " " അത് എനിക്ക് ഒറ്റക്ക് കിടക്കാൻ പേടിയായതു കൊണ്ടാ ഞാൻ ഭദ്രയുടേം ശിലുവിന്റെയും റൂമിലേക്ക് പോയത് " " ഞാൻ വേഗം വരും എന്ന് നിനക്ക് അറിയാലോ . പിന്നെന്തിനാ അവരുടെ റൂമിൽ പോയത്. ഇനി എന്നും അവിടെ കിടന്നാ മതി. ഇറങ്ങി പോ എന്റെ റൂമിൽ നിന്നു.

" ദത്തൻ മുഖത്ത് നിറഞ്ഞ ചിരി മറച്ചു വച്ചു കൊണ്ട് പറഞ്ഞു. വർണയാണെങ്കിൽ ഇപ്പോ കരയും എന്ന രീതിയിലാണ് നിൽപ്പ്. "നീ ഇത്ര നേരമായിട്ടും പോയില്ലേ. ഇറങ്ങി പോടീ " ദത്തന്റെ ശബ്ദം ഉയർന്നതും അവൾ തലകുനിച്ച് റൂമിന് പുറത്തേക്ക് നടന്നു. ഡോറിന് അരികിൽ എത്തുന്നതിന് മുൻപ് തന്നെ ദത്തൻ അവളെ പിന്നിൽ നിന്നും വന്ന് ഇറുക്കെ പുണർന്നിരുന്നു. "സോറിടാ. ഞാൻ വെറുതെ പറഞ്ഞതാ . എന്റെ കുട്ടിക്ക് സങ്കടമായോ :." ദത്തൻ അവളുടെ കാതിൽ ആർദ്രമായി പറഞ്ഞതും വർണ തിരിഞ്ഞ് അവനെ കെട്ടിപിടിച്ചു. ഷർട്ടിൽ നനവ് അനുഭവപ്പെട്ടപ്പോഴാണ് അവൾ കരയുകയാണെന്ന് ദത്തനും മനസിലായത്. "അയ്യേ ..ന്റെ കുട്ടി കരയാണോ. ഞാൻ വെറുതെ പറഞ്ഞതല്ലേ . ഇന്നലെ നിന്നെ കെട്ടിപിടിച്ച് കിടന്നുറങ്ങാൻ വേണ്ടി ഞാൻ ഓടി വന്നതായിരുന്നു. അപ്പോ നീ ഇവിടെ ഇല്ല. നിനക്ക് അറിയില്ലേ കുഞ്ഞാ നീ കൂടെയില്ലാതെ എനിക്ക് പറ്റത്തില്ലാ എന്ന് . നിന്നെ കാണാതായപ്പോൾ എനിക്ക് ആകെ ദേഷ്യവും സങ്കടവും ഒക്കെ വന്നു. ശിലുവിന്റെ റൂമിൽ വന്നു നോക്കിയപ്പോൾ അവരെ കെട്ടിപിടിച്ച് നീ നല്ല ഉറക്കം. നീ ഇല്ലാതെ എങ്ങനെയാ നേരം വെളുപ്പിച്ചേ എന്ന് എനിക്ക് മാത്രമേ അറിയു കുഞ്ഞാ. ആ ദേഷ്യത്തിൽ അറിയാതെ പറഞ്ഞ് പോയതാ . നീ ക്ഷമിച്ചേക്ക്. : "

ദത്തൻ അവളെ തന്നിൽ നിന്നും അടർത്തിമാറ്റി. ശേഷം അവളുടെ മുഖം കൈയ്യിലെടുത്ത് അവളുടെ നെറുകയിൽ ആയി ഉമ്മ വച്ചു. വർണ ഒന്ന് മുഖം ചുളിച്ചു. ശേഷം അവന്റെ ഷർട്ടിൽ പിടിച്ച് വലിച്ച് തന്നിലേക്ക് അടുപ്പിച്ച് ശ്വാസം ഒന്ന് ആഞ്ഞ് വലിച്ചു. "നീ ഇന്നലെ കുടിച്ചു അല്ലേ " വർണ അത് ചോദിച്ചതും ദത്തൻ ഒന്ന് ഞെട്ടി കൊണ്ട് രണ്ടടി പിന്നിലേക്ക് വച്ചു. " പറ ദത്താ കുടിച്ചോ നീ " "മ്മ്.. ഇത്തിരി. കുറച്ച് " " നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേടാ കുടിക്കരുത് എന്ന് " അത് പറഞ്ഞ് വർണ ടേബിളിനു മുകളിലുള്ള ഇരുമ്പ് സ്കെയിൽ എടുത്ത് അവന്റെ കയ്യിലേക്ക് ഒരു അടി വച്ചു കൊടുത്തു. "അയ്യോ .... ടീ വേദനിക്കുന്നടീ " അവൻ കൈ തടവി കൊണ്ട് പറഞ്ഞു. " വേദനിക്കണം. എന്നാലെ ഇനി കുടിക്കാൻ തോന്നുമ്പോൾ ഇതിനെ കുറിച്ച് ഓർക്കൂ " വർണ വീണ്ടും അവന്റെ കൈയ്യിനു കാലിനും ഇട്ട് രണ്ടടി കൊടുത്തു. ദത്തൻ വേറെ ഇല്ലാതെ അവളെ വട്ടം പിടിച്ച് ബലമായി അവളുടെ കൈയ്യിൽ നിന്നും സ്കെയിൽ വാങ്ങി. " എന്നേ തല്ലുന്നോടീ കുരുട്ടേ" "ആഹ് തല്ലും . ഇനിയും തല്ലും " " തല്ലുമോടീ " അവളുടെ മേലുള്ള പിടി മുറുക്കി കൊണ്ട് ദത്തൻ ചോദിച്ചു.

വർണ അവന്റെ കൈയ്യിൽ കിടന്ന് കുതറി. അവന്റെ പിടി അഴയുന്നില്ലാ എന്ന് മനസിലായതും വർണ അവന്റെ വലതു കൈയ്യിൽ അമർത്തി കടിച്ചു. വേദനയിൽ പെട്ടെന്ന് ദത്തൻ അവളുടെ മേലുള്ള പിടി വിട്ടു. " എന്നോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും. വർണ എന്നാ സുമ്മാവാ " അവൾ ചിരിച്ച് കൊണ്ട് പുറത്തേക്ക് ഓടി. " നിൽക്കടി അവിടെ "മുണ്ടും മടക്കി കുത്തി അവൾക്ക് പിന്നാലെ ദത്തനും . വർണ വേഗത്തിൽ സ്റ്റയർ ഓടിയിറങ്ങി ഹാളിൽ എത്തി. അപ്പോഴേക്കും ദത്തൻ പിന്നാലെ ഓടി വന്ന് അവിളെ വട്ടം പിടിച്ചു. "എങ്ങോട്ടാടീ കുരുട്ടേ ഓടുന്നേ "അവളെ പിന്നിൽ നിന്നും ചുറ്റി പിടിച്ച് ഒന്ന് ഉയർത്തി വട്ടം കറങ്ങി കൊണ്ട് ദത്തൻ ചോദിച്ചു. " വിട് ദത്താ പ്ലീസ് .. " " കിട്ടിയതെല്ലാം തിരിച്ച് കൊടുത്തേ ഈ ദേവദത്തന് ശീലം ഉള്ളൂ " അത് പറഞ്ഞ് ദത്തൻ അവളുടെ കാതിലായി കടിച്ചു. അവന്റെ താടി കഴുത്തിൽ ഇക്കിളി പെടുത്തിയതും വർണ പെട്ടെന്ന് പൊട്ടി ചിരിച്ചു. ഒപ്പം ദത്തനും. കുറച്ച് നിമിഷങ്ങൾ കഴിഞ്ഞാണ് ദത്തന് സ്ഥലകാല ബോധം വന്നത്. പാർവതിയും പാർത്ഥിയും ഒഴിച്ച് ആ വീട്ടിലെ എല്ലാവരും അവരുടെ ശബ്ദം കേട്ട് ഹാളിലേക്ക് വന്നിരുന്നു. എല്ലാവരേയും ഒരുമിച്ച് കണ്ടതും ദത്തൻ പതിയെ വർണയെ താഴേ ഇറക്കി നിർത്തി......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story