എൻ കാതലെ: ഭാഗം 41

enkathale

എഴുത്തുകാരി: അപർണ അരവിന്ദ്‌

" എന്നോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും. വർണ എന്നാ സുമ്മാവാ " അവൾ ചിരിച്ച് കൊണ്ട് പുറത്തേക്ക് ഓടി. " നിൽക്കടി അവിടെ "മുണ്ടും മടക്കി കുത്തി അവൾക്ക് പിന്നാലെ ദത്തനും . വർണ വേഗത്തിൽ സ്റ്റയർ ഓടിയിറങ്ങി ഹാളിൽ എത്തി. അപ്പോഴേക്കും ദത്തൻ പിന്നാലെ ഓടി വന്ന് അവിളെ വട്ടം പിടിച്ചു. "എങ്ങോട്ടാടീ കുരുട്ടേ ഓടുന്നേ "അവളെ പിന്നിൽ നിന്നും ചുറ്റി പിടിച്ച് ഒന്ന് ഉയർത്തി വട്ടം കറങ്ങി കൊണ്ട് ദത്തൻ ചോദിച്ചു. " വിട് ദത്താ പ്ലീസ് .. " " കിട്ടിയതെല്ലാം തിരിച്ച് കൊടുത്തേ ഈ ദേവദത്തന് ശീലം ഉള്ളൂ " അത് പറഞ്ഞ് ദത്തൻ അവളുടെ കാതിലായി കടിച്ചു. അവന്റെ താടി കഴുത്തിൽ ഇക്കിളി പെടുത്തിയതും വർണ പെട്ടെന്ന് പൊട്ടി ചിരിച്ചു. ഒപ്പം ദത്തനും. കുറച്ച് നിമിഷങ്ങൾ കഴിഞ്ഞാണ് ദത്തന് സ്ഥലകാല ബോധം വന്നത്. പാർവതിയും പാർത്ഥിയും ഒഴിച്ച് ആ വീട്ടിലെ എല്ലാവരും അവരുടെ ശബ്ദം കേട്ട് ഹാളിലേക്ക് വന്നിരുന്നു. എല്ലാവരേയും ഒരുമിച്ച് കണ്ടതും ദത്തൻ പതിയെ വർണയെ താഴേ ഇറക്കി നിർത്തി. ദർശനയുടേയും രാഗിന്റെയും മുഖത്ത് ഒരു കള്ള ചിരിയാണ്. ഭദ്രയും ശിലുവും എന്താ ഇത് എന്ന രീതിയിൽ നിൽക്കുന്നുണ്ട്. മറ്റാരുടേയും മുഖത്തേക്ക് നോക്കാനുള്ള ധൈര്യം വർണക്ക് ഉണ്ടായിരുന്നില്ല.

ദത്തൻ ഒന്നും മിണ്ടാതെ വേഗത്തിൽ സ്റ്റയർ കയറി മുകളിലേക്ക് പോയി. വർണ തല കുനിച്ച് മുകളിലേക്ക് നടന്നതും പിന്നിൽ നിന്നും മുത്തശ്ശിയുടെ ശബ്ദം ഉയർന്നിരുന്നു. " ഇത് ഒരു കൂട്ടുകുടുംബമാണ്. ഇവിടെ കുട്ടികളും മുതിർന്നവരും ഒക്കെ ഉള്ളതാണ്. ഈ വക കാട്ടി കൂട്ടലുകൾ ഒക്കെ നിങ്ങളുടെ മുറിയിൽ മതി. " മുത്തശി ഗൗരവത്തിൽ പറഞ്ഞു. "മുത്തശ്ശി ഞാൻ .. " " ദേവൂട്ട്യേ ..." അപ്പോഴേക്കും റൂമിൽ നിന്നും ദത്തന്റെ വിളി വന്നിരുന്നു. അവൾ മുത്തശിയെ ഒന്ന് നോക്കിയ ശേഷം മുകളിലേക്ക് ഓടി പോയി. വർണ റൂമിലേക്ക് വരുമ്പോൾ ദത്തൻ റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ് അത് കണ്ട് വർണക്കും ചിരി വന്നിരുന്നു. "എല്ലാവരുടേയും മുന്നിൽ നാണം കെടുത്തിയപ്പോൾ സമാധാനമായില്ലേ " ദത്തൻ വർണയെ നോക്കി ചോദിച്ചു. " ഞാനോ... നീയല്ലേ എന്നേ പൊക്കി എടുത്തതും ചെവിയിൽ കടിച്ചതും ഉമ്മ വച്ചതും ഒക്കെ . ഇപ്പോ എനിക്ക് ആയോ കുറ്റം " വർണയും വിട്ടു കൊടുത്തില്ല. "നിന്നോട് ആരാ താഴേക്ക് ഓടാൻ പറഞ്ഞത്. അതുകൊണ്ടല്ലേ ഇങ്ങനെയൊക്കെ ഉണ്ടായത് " " ഇനി കുറ്റം മൊത്തം എന്റെ തലയിൽ വച്ചോ. അല്ലെങ്കിലും നിനക്ക് റൊമാൻസ് ഇത്തിരി കൂടുന്നുണ്ട്. പരിസര ബോധം ഇല്ലാതെ ഓരോന്ന് കാണിച്ച് മുത്തശിയുടെ വായിലിരിക്കുന്നത് മൊത്തം കേട്ടത് ഞാനാ "

"നീയല്ലേടീ എനിക്ക് റൊമാൻസ് അറിയില്ലാ എന്ന് പറഞ്ഞ് പരാതി പറഞ്ഞിരുന്നത് . ഇപ്പോ ഞാൻ കുറച്ച് റൊമാന്റിക്ക് ആയതാണോ കുറ്റം " ദത്തൻ വർണയെ പിന്നിൽ നിന്നും പുണർന്ന് അവളുടെ തോളിൽ താടി കുത്തി നിന്നു. "ദാ ഇത് തന്നെയാ കുഴപ്പം . വെറുതെ എന്നേ കെട്ടിപിടിക്കാ ഉമ്മ വക്കാ ... ഒന്നങ്ങ് നീങ്ങി നിൽക്ക് മനുഷ്യാ .." അവന്റെ കൈ തട്ടി മാറ്റി വർണ ടേബിളിന്റെ അരികിലേക്ക് നടന്നു. അവൾക്ക് വാങ്ങിച്ച സാധനങ്ങളുടെ കൂടെ മറ്റൊരു കവർ കൂടി ഇരിക്കുന്നത് അപ്പോഴാണ് വർണ ശ്രദ്ധിച്ചത്. " ഇത് ആർക്കാ ദത്താ" അവൾ ദത്തനെ നോക്കി ചോദിച്ചു. " അത് കുറച്ച് ബുക്ക്സും മറ്റുമാണ്. നീ ഭദ്രയുടേയും ശിലുവിന്റെയും കയ്യിൽ കൊടുത്തേക്ക് " "അതെന്തിനാ ഞാൻ കൊടുക്കുന്നേ. നീ തന്നെ കൊടുത്താ മതി. അല്ലെങ്കിൽ തന്നെ അവർ നല്ല സങ്കടത്തിൽ ആണ്. നീ അവരോട് ഒന്നും മിണ്ടുന്നില്ലാ എന്ന് പറഞ്ഞിട്ട് " "മമ്.." ദത്തൻ അവളുടെ ഇടുപ്പിലൂടെ കൈ ചേർത്ത് അവളുടെ പിൻ കഴുത്തിൽ മുഖം ചേർത്ത് നിന്നു. "നീ ഈ പഠിക്കാനുള്ളത് മാത്രമാണോ ദത്താ വാങ്ങിച്ചേ . വെറേ ഒന്നും വാങ്ങീലെ..."

" ഇനി എന്താ എന്റെ കുട്ടിക്ക് വേണ്ടത് " " കഴിക്കാൻ വല്ലതും വാങ്ങിക്കായിരുന്നു. അവിടെ നമ്മുടെ വീട്ടിൽ ആവുമ്പോൾ കോളേജ് കഴിഞ്ഞ് വരുമ്പോൾ വേണി എപ്പോഴും മിട്ടായി വാങ്ങി തരുമായിരുന്നു. പിന്നെ സിപ്പപ്പ്.. ആഹ് ആലോചിക്കുമ്പോൾ തന്നെ വായിൽ വെള്ളം വരാ" " ഞാൻ വേറെ ഒരു കാര്യം വാങ്ങി തരട്ടെ ദേവുട്ട്യേ ..." അവളുടെ കാതിലായി ദത്തൻ പതിയെ ചോദിച്ചു. "എന്താ ദത്താ" അവളും ആകാംഷയിൽ തല അല്പം ചരിച്ച് ദത്തനെ നോക്കി. എന്നാൽ അവൻ മറുപടി പറയാതെ ഒരു കള്ള ചിരിയോടെ അവളുടെ പിൻകഴുത്തിലൂടെ താഴേക്ക് വിരലോടിച്ച് പുറത്തു കൂടെ തഴുകി അവന്റെ വിരലുകൾ വർണയുടെ അരയിൽ വന്ന് നിന്നു. വർണ ഒന്നും മനസിലാവാതെ അവനെ സംശയത്തോടെ നോക്കി. " അരഞ്ഞാണം .... " അവളുടെ കവിളിൽ ഉമ്മ വച്ചു കൊണ്ട് ദത്തൻ പറഞ്ഞതും വർണയുടെ മുഖത്ത് വല്ലാത്ത ഒരു നാണം തെളിഞ്ഞു. " അപ്പോ എന്റെ കുട്ടിടെ മുഖത്ത് നാണമൊക്കെ വരുമല്ലേ " ദത്തൻ പറഞ്ഞപ്പോഴാണ് വർണക്കും അത് മനസിലായത് . എന്നാൽ അത് മറച്ച് വച്ച് അവൾ ഗൗരവത്തോടെ തന്റെ മേലുള്ള ദത്തന്റെ പിടി അഴിച്ചു.

" വാർദ്ധക്യ പെൻഷൻ വാങ്ങിക്കാറായി എന്നിട്ടാണ് കള്ള കെളവന്റെ ഒടുക്കത്തെ ഒരു റൊമാൻസ് ... " " ആരാടി കിളവൻ... ദേ എന്നേ വെറുതെ വാശി കേറ്റാൻ നിൽക്കണ്ടാ. ചിലപ്പോ എന്റെ കുഞ്ഞിന് അത് താങ്ങില്ല. കേട്ടോടി കുരുട്ടെ" അത് പറഞ്ഞ് ടവലും എടുത്ത് ദത്തൻ ബാത്ത്റൂമിലേക്ക് പോയി. വർണ നേരെ താഴേക്കും ചെന്നു. അവിടെ എല്ലാവരും ഭക്ഷണം കഴിക്കുകയാണ്. ചെറിയമ്മയും അമ്മയും അടുക്കളയിൽ എന്തൊക്കെയോ ചെയ്യുന്നുണ്ട്. വർണ പതിയെ ശബ്ദമുണ്ടാക്കാതെ അടുക്കളയിലേക്ക് നടന്നു. ചെറിയമ്മ സിങ്കിലെ പാത്രങ്ങൾ കഴുകുകയാണ്. അമ്മയാണെങ്കിൽ കഴുകിയ പാത്രങ്ങൾ സ്റ്റാന്റിൽ ഒതുക്കി വക്കുകയാണ്. " ട്ടോ ..." വർണ പിന്നിൽ നിന്നും ചെറിയമ്മയെ പേടിപ്പിച്ചതും ചെറിയമ്മ ഞെട്ടി തിരിഞ്ഞു. അതേ സമയം പാത്രങ്ങൾ ഒതുക്കി വക്കുന്ന അമ്മയുടെ കയ്യിൽ നിന്ന് ഒരു പ്ലേറ്റ് താഴെ വീണ് ഉടയുകയും ചെയ്തു. "സോറി ഞാൻ ... അറിയാതെ " വർണ നിഷ്കളങ്കമായി പറഞ്ഞു. അമ്മ അവളെ ഒന്ന് തറപ്പിച്ച് നോക്കിയ ശേഷം ചൂല് കൊണ്ടുവന്നു അവിടെ വൃത്തിയാക്കി. "ചായ തരട്ടെ "

വർണയുടെ മുഖത്തേക്ക് പാറി വീണ മുടി ഒതുക്കി വച്ചു കൊണ്ട് ചെറിയമ്മ ചോദിച്ചു. "ആഹ് വേണം " വർണ സ്ലാബിനു മുകളിലായി കയറി ഇരുന്നു. " കുളിച്ചിട്ടൊന്നും ഇല്ലേ " ചായ കപ്പ് വർണക്ക് കൊടുത്തു കൊണ്ട് ചെറിയമ്മ ചോദിച്ചു. " കുളിക്കുകയോ ഞാനോ ..പല്ല് പോലും തേച്ചിട്ടില്ലാ പിന്നയാണ് കുളി. " വർണ ചായ കുടിച്ചു കൊണ്ട് പറഞ്ഞു. "അയ്യേ ഈ കുട്ടിയേ കൊണ്ട് ഞാൻ തോറ്റു" അത് പറഞ്ഞ് ചെറിയമ്മ ചെറിയമ്മയുടെ പണികൾ ചെയ്യാൻ തുടങ്ങി. വർണ ചായ കപ്പുമായി അടുക്കള വഴി ഉമ്മറത്തേക്ക് നടന്നു. ഉമ്മറത്തെ മാവിൻ ചുവട്ടിലെ കൽ ബെഞ്ചിൽ ഇരുന്ന് ചായ കുടിക്കുമ്പോഴാണ് ഗേറ്റ് കടന്ന് വരുന്ന പാർവതി അവൾ കണ്ടത്. കറുപ്പ് കരയുള്ള ഒരു സെറ്റ് മുണ്ടാണ് വേഷം. നീളമുള്ള മുടി അഴിച്ചിട്ടിട്ടുണ്ട്. നല്ല ഭംഗിയിൽ മുല്ലപ്പു മുടിയിൽ ചുറ്റിയിരിക്കുന്നു. നീട്ടി എഴുതിയ കണ്ണുകൾ. നെറ്റിയിലെ വട്ട പൊട്ട് അതിനുമുകളിലായി ചന്ദനം . കൈയ്യിൽ പ്രസാദവുമായി വരുന്ന പാർവതിയെ ഒരു നിമിഷം വർണ നോക്കി ഇരുന്നു പോയി. അമ്പലത്തിൽ പോയി വരുകയാണെന്ന് വർണക്ക് മനസിലായി. പാർവതി വർണയെ നോക്കി ഒന്ന് പുഞ്ചിരിച്ച് കൈയ്യിലുള്ള ഇല ചീന്ത് അവൾക്ക് നേരെ നീട്ടി. "താങ്ക്സ് " ഇല ചീന്തിലെ കൽക്കണ്ടം എടുത്ത് വായിൽ ഇട്ടു കൊണ്ട് വർണ പറഞ്ഞു.

"ചന്ദനം വേണ്ടേ " " ഞാൻ കുളിച്ചിട്ടില്ല" അവൾ ഒരു വളിച്ച ചിരിയോടെ പറഞ്ഞതും പാർവതിയും ഒന്ന് ചിരിച്ച് കൊണ്ട് അകത്തേക്ക് പോയി. "ശരിക്കും ശാലീന സുന്ദരി തന്നെ. ഈശ്വരാ ഇവൾ ദത്തന്റെ കൺമുന്നിലൊന്നും പോയി പെടല്ലേ . ഇനി ദത്തൻ കണ്ടാലും കുഴപ്പം ഇല്ല. എന്റെ ദത്തൻ അവളെ ശ്രദ്ധിക്കുക പോലും ഇല്ല " അവൾ സ്വയം പറഞ്ഞ് കൊണ്ട് വീണ്ടും ചായ കുടിക്കാൻ തുടങ്ങി. കൽക്കണ്ടം കഴിച്ച കാരണം ചായക്ക് മധുരമില്ല. കുറച്ച് കഴിഞ്ഞതും ഭദ്രയും ശിലുവും കയ്യിൽ പാത്രങ്ങളുമായി പുറത്തേക്ക് വന്നു. ആരെയോ കുറ്റം പറഞ്ഞാണ് വരുന്നത്. അവർ കുറച്ചു കൂടി അരികിലേക്ക് എത്തിയപ്പോഴാണ് പാർവതിയെ കുറിച്ചാണ് എന്ന് മനസിലായത്. "ഇതെന്താ കുളിയും നനയും ഇല്ലേ " ഭദ്ര ചോദിച്ചു. " കുളിക്കണോ വേണ്ടയോ എന്ന് ആലോചിക്കുകയായിരുന്നു. നിങ്ങൾ ഇത് എങ്ങോട്ടാ .." " പാടത്ത് പണിക്കാർ ഉണ്ട്. അവർക്ക് ചായ കൊടുക്കാൻ പോവാ " ശിലു പറഞ്ഞു. "ഈ പട്ടുപാവടയൊക്കെ ഇട്ട് നിങ്ങൾ എങ്ങനാ പാടവരമ്പിലൂടെ നടക്കുക " വർണ അത്ഭുതത്തോടെ ചോദിച്ചു. " അതെല്ലാം ഞങ്ങൾക്ക് ശീലമായി. " "എന്താലും എന്ത് കഷ്ടമാ 24 മണിക്കൂറും ഈ പട്ടുപാവാടയും ദാവണിയും ചുറ്റി നടക്കാ എന്നോക്കെ വച്ചാ .." " ഇതാണ് ഈ വീട്ടിലെ ശീലങ്ങൾ .

കോളേജിൽ യുണിഫോം നിർബന്ധം ആക്കിയത് ഞങ്ങളുടെ ഭാഗ്യം. അല്ലെങ്കിൽ ഈ പട്ടുപാവാട ഇട്ട് കോളേജിലും പോകേണ്ടി വരുമായിരുന്നു. അയ്യോ സംസാരിച്ച് സമയം പോയി. ഞങ്ങൾ പാടത്ത് പോയി വരാം. വർണ വരുന്നുണ്ടോ " " എയ് ഇല്ല. നിങ്ങൾ പോയി വാ " ശിലുവും ഭദ്രയും പോകുന്നത് നോക്കി താടിക്കും കൈ കൊടുത്ത് വർണ ഇരുന്നു. പട്ടുപാവാടയിട്ട് രണ്ടു ഭാഗം മുടി മെടഞ്ഞിട്ട് കൈയ്യിൽ പാത്രവുമായി പോകുന്ന അവരെ വർണ നോക്കി ഇരുന്നു. " അല്ലെങ്കിലും എന്റെ ഈ വേഷം ആർഷ ഭാരത സംസ്കാരത്തിന് ചേർന്നതല്ല. ഒന്ന് മാറ്റി ചിന്തിച്ചാലോ. ആരാ ഒരു ചെയ്ഞ്ച് ആഗ്രഹിക്കാത്തത് " വർണ ഓരോന്ന് ആലോചിച്ച് അകത്തേക്ക് നടന്നു. അവളുടെ മനസിൽ മുഴുവൻ സെറ്റുമുണ്ടിൽ നിൽക്കുന്ന പാർവതിയും പട്ടുപാവടയിൽ സുന്ദരിയായിരുന്ന ഭദ്രയും ശിലുവും ആയിരുന്നു. അത് കണ്ടപ്പോൾ അങ്ങനെ നടക്കാൻ വർണക്കും ഒരു ആഗ്രഹം. ആഗ്രഹം എന്നതിനെക്കാൾ ചെറിയ ഒരു കുശുമ്പ് എന്ന് പറയുന്നതാവും ശരി. ആർക്കു വേണ്ടിയും വർണ തന്റെ ഇഷ്ടങ്ങൾ വേണ്ടാ എന്ന് വക്കില്ല. ഒരാളുടെ ഒഴിച്ച് . അവളുടെ ദത്തന്റെ . ദത്തന് പട്ടുപാവാട നല്ല ഇഷ്ടമാണെന്ന് വർണക്കും അറിയാമായിരുന്നു. "എന്തായാലും ഒന്ന് നോക്കാം.

ചിലപ്പോൾ ഇതോടെ മുത്തശ്ശിയേയും കുപ്പിയിലാക്കാം " വർണ റൂമിലേക്ക് വരുമ്പോൾ ദത്തൻ ഫോണിൽ എന്തോ നോക്കി ഇരിക്കുകയാണ്. വർണ കബോഡ് തുറന്ന് അന്ന് ദത്തൻ വാങ്ങി തന്ന പട്ടുപാവാടകളിൽ നിന്നും ഒരെണ്ണം പുറത്തെടുത്തു. വെള്ളയും പച്ചയും കൂടി യുളള പട്ടുപാവടയായിരുന്നു അത്. വർണ ഡ്രസ്സുമായി ബാത്ത്റൂമിനുള്ളിലേക്ക് കയറി. പല്ലു തേച്ച് കുളി കഴിഞ്ഞ് ഡ്രസ്സ് മാറ്റി അവൾ ബാത്ത് റൂമിലെ മിററിൽ സ്വയം ഒന്ന് നോക്കി. രസം ഒക്കെ ഉണ്ട്. പക്ഷേ തനിക്ക് ഭംഗി ആ ടി ഷർട്ടും സ്കേർട്ടും ആണ് എന്ന് അവൾക്ക് തോന്നി. അവൾ ചെറിയ ഒരു മടിയോടെ ഡോർ തുറന്ന് പുറത്തേക്ക് നോക്കി. ഡോർ തുറക്കുന്ന ശബ്ദം കേട്ട് ദത്തൻ ഫോണിൽ നിന്നും ഒന്ന് തല ഉയർത്തി നോക്കി. വർണയെ നോക്കിയ ശേഷം അവൻ വീണ്ടും ഫോണിലേക്ക് തല താഴ്ത്തി. അടുത്ത നിമിഷം അവൻ വിശ്വാസം വരാതെ ഫോണിൽ നിന്നും തല ഉയർത്തി വർണയെ നോക്കി. അവൻ പോലുമറിയാതെ ദത്തൻ ബെഡിൽ നിന്നും ഇറങ്ങി അവളുടെ അരികിലേക്ക് എത്തി. "എന്താ കുഞ്ഞേ ഞാൻ ഈ കാണുന്നത് " ദത്തൻ വിശ്വാസം വരാതെ ചോദിച്ചു. " ഭംഗി ഉണ്ടോ ദത്താ . ബോറാണോ " "എന്റെ കുഞ്ഞി പെണ്ണ് എത് ഡ്രസ്സ് ഇട്ടാലും സുന്ദരിയല്ലേ " വർണയുടെ മൂക്കിൽ പിടിച്ച് വലിച്ച് കൊണ്ട് ദത്തൻ പറഞ്ഞു.

" ആണോ ശരിക്കും " "അതെടാ .." ദത്തൻ അവളുടെ ചുണ്ടിലായി ഒന്ന് ഉമ്മ വച്ചു കൊണ്ട് പറഞ്ഞു. "Thanks..." ദത്തൻ ഒന്ന് കുനിഞ്ഞ് അവളുടെ കഴുത്തിലായി ഉമ്മ വച്ചതും അവന്റെ താടി കഴുത്തിൽ തട്ടി ഇക്കിളി കൊണ്ട് വർണ ചിരിച്ചു. ദത്തൻ അത് കണ്ട് വീണ്ടും വീണ്ടും അവളുടെ കഴുത്തിൽ ഇക്കിളിയാക്കി. "ഈ താടിയൊന്ന് വെട്ടി ഒതുക്കികൂടെ ദത്താ. ആകെ കാണാൻ ഇപ്പോ കാട്ടുമാക്കാനെ പോലെയുണ്ട് " അവന്റെ താടി പിടിച്ച് വലിച്ച് കൊണ്ട് പറഞ്ഞു. "വെട്ടണോ " "മ്മ്... " "എന്നാ വെട്ടിയെക്കാം. ഞാൻ ഒന്ന് പുറത്ത് പോവാ ട്ടോ . എന്റെ കുട്ടി കുറുമ്പൊന്നും കാണിക്കാതെ ഇവിടെ ഒതുങ്ങി ഇരിക്കണം ട്ടോ " "മ്മ് " വർണ തലയാട്ടി. ദത്തൻ അവളെ ഒന്ന് കെട്ടിപിടിച്ച് നെറ്റിയിൽ ഒരു ഉമ്മയും കൊടുത്ത് പുറത്തേക്ക് പോയി......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story