എൻ കാതലെ: ഭാഗം 42

enkathale

എഴുത്തുകാരി: അപർണ അരവിന്ദ്‌

"ഈ താടിയൊന്ന് വെട്ടി ഒതുക്കികൂടെ ദത്താ. ആകെ കാണാൻ ഇപ്പോ കാട്ടുമാക്കാനെ പോലെയുണ്ട് " അവന്റെ താടി പിടിച്ച് വലിച്ച് കൊണ്ട് പറഞ്ഞു. "വെട്ടണോ " "മ്മ്... " "എന്നാ വെട്ടിയെക്കാം. ഞാൻ ഒന്ന് പുറത്ത് പോവാ ട്ടോ . എന്റെ കുട്ടി കുറുമ്പൊന്നും കാണിക്കാതെ ഇവിടെ ഒതുങ്ങി ഇരിക്കണം ട്ടോ " "മ്മ് " വർണ തലയാട്ടി. ദത്തൻ അവളെ ഒന്ന് കെട്ടിപിടിച്ച് നെറ്റിയിൽ ഒരു ഉമ്മയും കൊടുത്ത് പുറത്തേക്ക് പോയി. ദത്തൻ പോയതും വർണ നേരെ കണ്ണാടിക്ക് മുന്നിൽ വന്നു നിന്നു. കാണാൻ രസം ഒക്കെയുണ്ട്. അവൾ കബോഡിൽ നിന്നും തന്റെ വളയും മാലയും ഒക്കെയുള്ള ബോക്സ് പുറത്തെടുത്തു. കൺമഷി എഴുതി. ഐലീനർ നീട്ടി എഴുതി. ഒരു കുഞ്ഞു പൊട്ട് വച്ചു. ചന്ദനം തൊട്ടു. ഉത്സവത്തിന് വാങ്ങിയ കരിവള രണ്ട് കൈയ്യിലും ഇട്ടു. മുടി കുളി പിന്നൽ കെട്ടി. ജിമ്മിക്കി ഇട്ടു. " ഇത്തിരി ഓവർ ആയോ . എയ് ഇല്ല .ഇത്തിരി ലിപ്സ്റ്റിക്ക് കൂടി ആകാം " അവൾ റോസ് ഷെയ്ഡിലുള്ള ലിപ്സ്റ്റിക്ക് ചെറുതായി ഇട്ടു. "ഇപ്പോ ശരിക്കും കഥയിലെ നായികയെ പോലെ ആയി " അവൾ കണ്ണാടിയിൽ നോക്കി കളിയാക്കി പറഞ്ഞു.

ശേഷം താഴേക്ക് നടന്നു. പാവാട അല്പം പൊന്തിച്ച് അവൾ സ്റ്റയർ ഓടി ഇറങ്ങിയതും അവസാനത്തെ സ്റ്റേപ്പിൽ വച്ച് പാവാടയും തടഞ്ഞ് ഇരിക്ക കുത്തി അതാ കിടക്കുന്നു താഴേ " ഞാൻ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെയാണല്ലോ അവസ്ഥ. ഹാവൂ ആരും കണ്ടില്ല. അല്ലെങ്കിൽ നാണം കെട്ട് ചമ്മി നാറിയേനേ " അവൾ നടുവും ഉഴിഞ്ഞ് ചുറ്റും നോക്കി എണീറ്റതും വാതിലിനരികിലായി അതാ നിൽക്കുന്നു ശ്രീരാഗ് അവൻ ചിരി അടക്കാനായി വാ പൊത്തി നിൽക്കുകയാണ്. " ഇത് തന്നെയാണോ ഏതു സമയവും പണി. രണ്ട് ദിവസം മുൻപ് നടു ഇടിച്ച് ഒരു വീഴ്ച്ച കഴിഞ്ഞതല്ലേ ഉള്ളൂ " മറുപടിയായി വർണ വിളിച്ച ഒരു ചിരി ചിരിച്ച് അടുക്കളയിലേക്ക് ഓടി. ചെറിയമ്മയും അമ്മയും അവളുടെ വേഷം കണ്ട് ഒന്ന് അത്ഭുതത്തോടെ നിന്നു. "നന്നായിട്ടുണ്ട് മോളേ " അവളുടെ നെറുകയിൽ തലോടി ചെറിയമ്മ പറഞ്ഞു. അമ്മ തന്റെ സ്ഥായീഭാവമായ മൗനവ്രതo തന്നെയാണ്. വർണ ഭക്ഷണമെല്ലാം കഴിച്ച് കഴിഞ്ഞ് ഭദ്രയുടെ റൂമിലേക്ക് നടന്നു. വാതിൽ പതിയെ തുറന്ന് നോക്കിയതും രണ്ടു പേരും നല്ല പഠിപ്പിലാണ്.

റൂമിലെ രണ്ടു ഭാഗത്തായി രണ്ട് സ്റ്റഡി ടേബിൾ സെറ്റ് ചെയ്തിട്ടുണ്ട്. അതിൽ ഇരുന്നാണ് രണ്ടു പേരുടേയും പഠിപ്പ് വർണ പതിയെ അകത്തേക്ക് കയറി വന്നതും ഇരുവരും തല ഉയർത്തി നോക്കി. " പഠിക്കാണോ രണ്ടു പേരും " വർണ ബെഡിൽ വന്ന് ഇരുന്നു. "മ്മ്. മറ്റന്നാ ഒരു എക്സാം ഉണ്ട് " ഭദ്രയും ശിലുവും അവളുടെ അരികിൽ വന്നിരുന്നു. " അപ്പോ നിങ്ങളുടെ sem exam തുടങ്ങിയോ " " എയ് ഇല്ല. ഇത് ക്ലാസ്സ് ടെസ്റ്റ് ആണ് " " എഹ് ... അതിനൊക്കെ നിങ്ങൾ പഠിക്കുമോ" "അതെന്താ അങ്ങനെ ചോദിച്ചേ . പിന്നെ പഠിക്കണ്ടേ . മാർക്ക് കുറഞ്ഞാ ചീത്ത കേൾക്കും. കഴിഞ്ഞ ടെസ്റ്റിന് എനിക്ക് 46 ആയിരുന്നു 50ൽ . അതിന് ഇനി കേൾക്കാത്ത ചീത്ത ഇല്ല. " ഭദ്ര പറയുന്നത് കേട്ട് വർണ ഞെട്ടി തരിച്ചു. " അൻപതിൽ 46 കിട്ടിയിട്ട് ചീത്തയോ . ഇവിടെ അൻപതിൽ ആറ് കിട്ടിയാൽ പോലും പടക്കം പൊട്ടിച്ച് ആഘോഷിക്കുന്ന എന്നോടാണോ ഇവർ ഈ പറയുന്നേ " വർണ ആത്മ " വർണ എങ്ങനെയാ നന്നായി പഠിക്കുമല്ലോ അല്ലേ " ശിലുവിന്റെ ശബ്ദം കേട്ട് വർണ ഒന്ന് പതറി. മറുപടിയായി അവൾ ഒന്ന് പതിയെ തലയാട്ടുക മാത്രം ചെയ്തു. "അല്ലാ നിങ്ങൾ എന്റെ പുതിയെ ലുക്കിനെ കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ. എങ്ങനെയുണ്ട് " വർണ വിഷയം മാറ്റാനായി പറഞ്ഞു.

അപ്പോഴാണ് ശിലുവും ഭദ്രയും വർണയുടെ ഡ്രസ്സ് ശ്രദ്ധിക്കുന്നത് പോലും. " നന്നായിട്ടുണ്ടല്ലോ. എന്താ പെട്ടെന്ന് ഇങ്ങനെ ഒരു മാറ്റം. " " അതൊക്കെ ഉണ്ട്. എനിക്ക് ചില പ്ലാനുകൾ ഉണ്ട്. അതിന്റെ ഭാഗമാണ് ഈ ന്യൂ ലുക്ക് .." " എന്നാ നിങ്ങൾ പഠിച്ചോ . ഞാൻ ശല്യപ്പെടുത്തുന്നില്ല." വർണ ബെഡിൽ നിന്നും എണീറ്റു. " നിൽക്ക് വർണ . കുറച്ച് കഴിഞ്ഞ് പോകാം " ശിലു അവളെ ബെഡിലേക്ക് തന്നെ പിടിച്ച് ഇരുത്തി. "വർണക്ക് ഡിഗ്രിക്ക് എത്ര മാർക്ക് ഉണ്ടായിരുന്നു. റാങ്ക് ഉണ്ടായിരുന്നോ " ഭദ്ര ചോദച്ചതും വർണ ഒരു നിമിഷം എന്ത് പറയണം എന്നറിയാതെ ഇരുന്നു. " റാങ്ക് ഒന്നും ഉണ്ടായിരുന്നില്ല. കുഴപ്പമില്ലാത്ത മാർക്ക് ഉണ്ടായിരുന്നു. " " ആണോ. അത് നന്നായി. ഇവിടെ എല്ലാവരും പഠിപ്പിസ്റ്റാണ്. പിന്നേയും ഇത്തിരി മോശം ഞങ്ങൾ രണ്ടു പേരുമാണ്. പഠിപ്പിന്റെ കാര്യത്തിലാണെങ്കിലും അല്ലാത്ത കാര്യങ്ങളിൽ ആണെങ്കിലും തറവാട്ടിലെ കുട്ടികൾ ഒന്നാമത് ആയിരിക്കണം എന്ന് മുത്തശ്ശിക്ക് നിർബന്ധമാണ് " " ഈശ്വാരാ ഞാൻ പെട്ടു.

ഇങ്ങനെയാണെങ്കിൽ എന്റെ സപ്ലി യുടെ എണ്ണം അറിഞ്ഞാൽ ഇവരൊക്കെ ബോധം കെട്ട് വീഴുമല്ലോ " വർണ ആത്മ " ദത്തൻ നന്നായി പഠിക്കുമായിരുന്നോ " "മ്മ്..പിന്നല്ലാതെ . എട്ടൻ നന്നായി പഠിക്കും. സിവിൽ സർവ്വീസ് എക്സാമിൽ എട്ടന് പത്താം റാങ്ക് ഉണ്ടായിരുന്നു. പിന്നെ MSc മാക്സ് ആയിരുന്നു എട്ടൻ. അതും യൂണിവേഴ്സിറ്റി ടോപ്പർ. പാർത്ഥി എട്ടനും അതെ . നന്നായി പഠിക്കും. പാറു ചേച്ചിടെ കാര്യം പിന്നെ പറയണ്ട. കോളേജ് ബ്യൂട്ടി , പഠിപ്പിസ്റ്റ് . പോരാത്തതിന് കലാതിലകം " " ആര് പാർവതിയോ . അവൾക്ക് ഡാൻസ് അറിയുമോ .." വർണ അത്ഭുതത്തോടെ ചോദിച്ചു. "മ്മ്. നന്നായി കളിക്കും. ഞങ്ങൾക്ക് ഡാൻസ് അത്രക്ക് താൽപര്യം ഇല്ല . അതുകൊണ്ട് ഞാനും ഭദ്രയും, നിമി ചേച്ചിയും പാട്ടാണ് പഠിച്ചത് " അതു കൂടെ കേട്ടതും വർണയുടെ മുഖം കാറ്റഴിച്ചു വിട്ട ബലൂൺ പോലെയായി. ഈ വീട്ടിലുള്ളവരുമായി താരതമ്യം ചെയ്യുമ്പോൾ താൻ ഒന്നുമല്ല എന്ന് വരെ അവൾ ചിന്തിച്ചു. " എന്നാ ഞാൻ റൂമിലേക്ക് പോവാ ട്ടോ " ആ സമയം അവർക്കിടയിൽ നിന്നും എങ്ങനെയെങ്കിലും ഓടി പോയാ മതി എന്ന ചിന്ത മാത്രമേ അവൾക്ക് ഉണ്ടായിരുന്നുള്ളു. "നമ്മുക്ക് കുറച്ച് നേരം ഇരുന്ന് സംസാരിക്കാമെന്നേ. വർണയും എട്ടനും തമ്മിൽ എങ്ങനെയാ ആദ്യമായി കണ്ടത്. എത്ര കൊല്ലമായി നിങ്ങളുടെ ലവ് സ്റ്റാർട്ട് ചെയ്തത് " ശിലു ആകാംഷയോടെ ചോദിച്ചു.

ദത്തനെ ആദ്യമായി കണ്ടതും തങ്ങളുടെ love സ്റ്റോറിയേയും കുറിച്ച് ആലോചിച്ചതും അവൾക്ക് ചിരി വന്നു. പക്ഷേ അതവൾ പുറത്ത് കാണിച്ചില്ല. "എന്റെ സ്റ്റോറി അവിടെ നിൽക്കട്ടെ. എന്റെ കല്യാണം കഴിഞ്ഞതാണല്ലോ. നിങ്ങൾ നിങ്ങളുടെ lover നെ കുറിച്ച് പറ . ഭദ്രേ ഇങ്ങനെ മ്ലാനതയോടെ ഇരിക്കാതെ എന്നോട് പറ .lover ഉണ്ടോ ... പറ പറ " വർണ തിരക്ക് പിടിച്ച് ചോദിച്ചു. "മ്മ് ഉണ്ട്. " " ആണോ എവിടേയാ " "He is from other nation" "വേറെ നേഷനോ ..." "മ്മ് അതെ . പക്ഷേ imagination ആണെന്ന് മാത്രം " ഒരു വളിച്ച ചിരിയോടെ ശിലു ആണ് അത് പറഞ്ഞത്. " അപ്പോ നിങ്ങൾ സിങ്കിൾസ് ആണോ. കോളേജിൽ ആയിട്ടും ആരും ഇല്ലാ എന്നോ. അറ്റ് ലിസ്റ്റ് ഒരു ക്രഷ് പോലും" "Women's collegeൽ പഠിക്കുന്ന ഞങ്ങൾക്ക് എവിടുന്ന് ക്രഷ് . അവിടെ ആകെ ഉള്ളത് കുഴിയിലേക്ക് കാലും നീട്ടി ഇരിക്കുന്ന കുറേ സാറുമാരും ടീച്ചർമാരും ആണ് " "അയ്യോ അത് കഷ്ട്ടം ആയി പോയി. പക്ഷേ കോളേജിന് പുറത്ത് ചുള്ളൻ ചെക്കമാർ ഉണ്ടാകുമല്ലോ " "മ്മ് നല്ല കഥയായി . മുത്തശ്ശി എങ്ങാനും അറിഞ്ഞാ ഞങ്ങളെ ജീവനോടെ കുഴിച്ച് മൂടും " "അപ്പോ എന്നാ പ്രേമിക്കണ്ട. വായിനോക്കാമല്ലോ " വർണയുടെ സംസാരം കേട്ട് ശിലുവും ഭദ്രയും ചിരിക്കണോ കരയണോ എന്ന അവസ്ഥയിൽ ആണ്.

"നിനക്ക് ഒരു കാര്യമറിയുമോ വർണ . ഞങ്ങൾ ഇവിടെ നിന്നും ആകെ പുറത്തു പോകുന്നത് കോളേജിലേക്കോണ് . വേറെ എവിടേക്ക് പോയാലും ഞങ്ങളുടെ കൂടെ പാർവതി ചേച്ചി കാണും. പിന്നത്തെ കാര്യം ഞാൻ പറയണ്ടല്ലോ. ചേച്ചി കൂടെയുള്ളപ്പോൾ ഞങ്ങളെയൊന്നും ആരും മൈന്റ് ചെയ്യില്ല. " ഭദ്ര പറഞ്ഞു. "സോറി ഡിയർ നിങ്ങളുടെ വിഷമം മറ്റാരെക്കാളും എനിക്ക് മനസിലാകും. ഞാനും കുറച്ച് കാലം മുൻപ് വരെ ഈ അവസ്ഥ അനുഭവിച്ചതാണ്. നിങ്ങളുടെ പാറു ചേച്ചിയെ പോലെ ഒരു ശാലീന സുന്ദരി ചേച്ചി എനിക്കും ഉണ്ട്. സാരില്യ. നിങ്ങളുടെ എട്ടത്തിയമ്മ ഇങ്ങ് എത്തിയില്ലേ. ഞാൻ എല്ലാം ശരിയാക്കി തരാം. വേണമെങ്കിൽ എങ്ങനെ വായിനോക്കാം എന്ന് ഒരു ഡീറ്റെയിൽഡ് ക്ലാസ് നിങ്ങൾക്ക് എടുത്തു തരാൻ ഞാൻ വേണിയോട് പറയാം. ഒരു രണ്ട് ദിവസത്തെ ഓൺലൈൻ ക്ലാസ്സ് കൊണ്ട് വേണി എല്ലാം പറഞ്ഞു തരും. അല്ല പഠിപ്പിച്ചു തരും " " നീ ഇത്രയും വലിയ കോഴിയാണെന്ന് ഞാൻ അറിഞ്ഞില്ല വർണ "ശിലു പറഞ്ഞതും വർണ ഒന്ന് ചിരിച്ചു. "ഇനിയും നിങ്ങൾ എന്നേ കുറിച്ച് എന്തെല്ലാം അറിയാൻ കിടക്കുന്നു.

നിങ്ങളുടെ എട്ടത്തിയമ്മ എന്നാ സുമ്മാവാ " വർണ അഭിമാനത്തോടെ പറഞ്ഞതും ശിലുവും ഭദ്രയും പൊട്ടിചിരിച്ചു. "നിങ്ങൾ എന്നേ വല്ലാതെ കളിയാക്കണ്ട. ഈ കോഴിത്തരം എന്ന് പറയുന്നത് ചെറിയ കാര്യമല്ലാ. വായിനോട്ടം അതൊരു കലയാണ്. അതിന് അതിന്റെതായ ചില റൂൾസും എത്തിക്ക്സും ഒക്കെ ഉണ്ട് " " ഓഹ് പിന്നെ എത്തിക്ക്സ് പോലും " ശീലു പുഛിച്ചു. "വേണ്ടാ വേണ്ടാ. അധികം പുഛിക്കണ്ട . ഞാൻ സീരിയസ് ആയിട്ടാണ് പറഞ്ഞത് " വർണ ഗൗരവത്തിൽ പറഞ്ഞു. "എന്ത് എത്തിക്സ് " " ഓൾ ഇന്ത്യ പിട കോഴി അസോസിയേഷൻ നിയമ പ്രകാരം ഞങ്ങൾ ഒരിക്കലും കല്യാണം കഴിഞ്ഞ ചേട്ടന്മാരെ വായ നോക്കില്ല. അത് ഞങ്ങളുടെ നിയമത്തിന് എതിരാണ്. അതുപോലെ പഠിപ്പിക്കുന്ന സാർ എത്ര വലിയ ചുള്ളനാണെങ്കിലും ഞങ്ങൾ മറ്റൊരു രീതിയിൽ നോക്കില്ല. മാതാ പിതാ ഗുരു ദൈവം തിയറി ഫോളോ ചെയ്യുന്നവരാണ് ഞങ്ങൾ . പിന്നെ ഞങ്ങൾ വായി നോക്കിയിരുന്ന ചേട്ടൻ മറ്റൊരു പെൺകുട്ടിയുമായി കമ്മിറ്റഡ് ആയാൽ ഞങ്ങൾക്ക് പിന്നെ ആ ചേട്ടൻ സഹോദരനാണ്. മറ്റൊരാളുടെ പ്രൊപ്പർട്ടിയെ ഞങ്ങൾ വെറുതെ പോലും നോക്കില്ല.

ഞങ്ങളുടെ നിയമപ്രകാരം അത് പാപമാണ് " വർണ പറയുന്നതെല്ലാം കേട്ട് വാ പൊളിച്ച് ഇരിക്കുകയാണ് ശിലുവും ഭദ്രയും . " എന്നാ ശരി. നിങ്ങൾ ഇനി ഇരുന്ന് പഠിക്ക്. ഞാൻ പോവാ " അത് പറഞ്ഞ് വർണ പുറത്തേക്ക് പോവുകയും ചെയ്തു. * റൂമിൽ എത്തിയിട്ടും വർണയുടെ മനസ് വല്ലാതെ അസ്വസ്ഥമായിരുന്നു. ശിലുവും ഭദ്രയും പറഞ്ഞ കാര്യങ്ങൾ അവളുടെ ഓർമയിൽ തെളിഞ്ഞു നിന്നു. "താൻ ഒരിക്കലും ദത്തന് ചേർന്ന പെണ്ണ് അല്ലേ. ഈ കുടുംബത്തിലെ അംഗമാവാൻ എനിക്ക് ഒരു യോഗ്യതയും ഇല്ലേ ." അവളുടെ മനസിൽ ഒരായിരം ചോദ്യം നിറഞ്ഞു നിന്നു. അവസാനം അതിനുള്ള ഉത്തരം അവൾ തന്നെ സ്വയം കണ്ടു പിടിക്കുകയും ചെയ്തു. ദത്തന്റെ പ്രണയം * അവന് എന്നോടുള്ള സ്നേഹം അതിൽ കൂടുതൽ യോഗ്യതയൊന്നും ഈ വീട്ടിൽ നിൽക്കാൻ തനിക്ക് വേണ്ടാ. "ഈശ്വരാ ഈ വീട്ടിൽ നിന്നും പോകുന്നവരെ എന്റെ എക്സാം റിൾട്ട് വരല്ലേ . മിക്കവാറും സപ്ലി ഉണ്ടാകും. ഇവിടെയുള്ള പഠിപ്പികൾ അതെങ്ങാനും അറിഞ്ഞാ ചമ്മി നാറും " അവൾ ടെൻഷനോടെ റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.

അവസാനം അവൾ ഒരു ആശ്വാസത്തിനായി അനുവിനേയും വേണിയേയും വിളിച്ചു. കോൾ എടുത്തതും വർണയുടെ ശബ്ദത്തിലെ മാറ്റം അനുവും വേണിയും മനസിലാക്കിയിരുന്നു. അതുകൊണ്ട് തന്നെ അവർ കാരണം തിരക്കി. വർണ ഒറ്റ ശ്വാസത്തിൽ തന്നെ അവരോട് എല്ലാം തുറന്ന് പറഞ്ഞു. "നിങ്ങൾ എന്താ ഒന്നും മിണ്ടാത്തത് " അനുവിന്റെയും വേണിയുടേയും ഭാഗത്ത് നിന്നും ഒരു പ്രതികരണവും ഇല്ലാതായപ്പോൾ വർണ ചോദിച്ചു. "നിന്റെ സങ്കടത്തിനുള്ള കാരണം ഇതാണോ വർണ മോളേ" വേണി ചോദിച്ചു. "മ്മ് " വർണ ഒന്ന് മൂളി. " ഇതിൽ സങ്കടപ്പെടാൻ എന്താ ഉള്ളത് " അനു ചോദിച്ചു. " ഇല്ലേ " " ഇല്ല. നമ്മളെ സംബന്ധിച്ചിടത്തോളം സങ്കടപ്പെടാൻ മാത്രമുള്ള ഒരു വിഷയവും ഇതിൽ ഇല്ല. അതും ഇത്രയും സില്ലി കാര്യത്തിന് . നമ്മൾക്ക് ഫീൽ ആവാൻ മാത്രം എന്തെങ്കിലും ഉണ്ടെങ്കിൽ ഒന്നെങ്കിൽ നമ്മുടെ സീനിയറായ ആ ചുള്ളൻ അരുൺ ചേട്ടൻ ഇല്ലേ ആ ചേട്ടന് ലൈൻ സെറ്റാവണം. അല്ലെങ്കിൽ ഉണ്ണി മുകുന്ദന്റെ കല്യാണം കഴിയണം. ഇതെല്ലാം പോട്ടെ അറ്റ് ലിസ്റ്റ് വായിനോട്ടം ഇന്ത്യയിൽ നിയമപരമായ ഒരു കുറ്റമാക്കണം.

ഇതൊന്നും നടക്കാത്ത പക്ഷം നമ്മൾ സ്വതന്ത്രരായ പക്ഷികളാണ് വർണ മോളേ" വേണി പറഞ്ഞു. " അതെ . ഒരു കോഴിയേ പോലെ " അനു " അപ്പോ ഞാൻ സങ്കടപ്പെടേണ്ട കാര്യം ഇല്ലാ അല്ലേ " " ഇല്ലടി . നമ്മൾ നമ്മളെ മറ്റുള്ളവരുമായി compare ചെയ്യുമ്പോഴാണ് ഇങ്ങനെ ഓരോ സങ്കടങ്ങൾ ഉണ്ടാവുന്നത്. നമ്മൾ നമ്മളായിട്ട് ഇരുന്നാ മതി . വേറെ ഒന്നും വേണ്ട. നമ്മുടെ സന്തോഷത്തിന്റെയും സങ്കടത്തിന്റെയും കീ നമ്മുടെ കയ്യിൽ തന്നെയാണ് " അനു പറഞ്ഞ് നിർത്തിയതും വർണയും വേണിയും കൈയ്യടിച്ചു. "നീ ഒരു സംഭവമാണ് അനുമോളേ. ഇജാതി മോട്ടിവേഷൻ ...." "അനുരാധ എന്നാ സുമ്മാവാ. നീ ഹാപ്പിയായി ഇരിക്ക് വർണ . പിന്നെ assignment കാര്യം മറക്കണ്ട" അനുവിനോടും വേണിയോടും കുറച്ച് നേരം സംസാരിച്ചപ്പോഴേക്കും വർണ യുടെ എല്ലാ സങ്കടങ്ങളും മാറിയിരുന്നു. * ഉച്ചക്ക് ദത്തൻ വീട്ടിലേക്ക് വന്നില്ല. ഫോൺ ചെയ്തപ്പോൾ വൈകുന്നേരമേ എത്തു എന്ന് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം നാമം ചൊല്ലാൻ അറിയില്ല എന്ന് കാരണം മുത്തശിയുടെ മുന്നിൽ തല കുനിച്ച് ഇരിക്കേണ്ടി വന്നതിനാൽ വർണ യുട്യൂബ് നോക്കി ഒരു ശ്ലോകം കെയ്യിൽ എഴുതിവക്കാൻ തിരുമാനിച്ചു.

അവൾ ടേബിളിനു മുകളിൽ ഫോൺ വച്ച് യുട്യൂബ് നോക്കി കൈയ്യിൽ എഴുതുമ്പോഴാണ് ദത്തൻ റൂമിലേക്ക് കയറി വന്നത്. അവനെ കണ്ടതും വർണ കൈ പിന്നിലേക്ക് മറച്ച് പിടിച്ചു. "എന്താ കുഞ്ഞാ ഒരു കള്ളത്തരം " അവൻ ഡോർ ചാരി വച്ചു കൊണ്ട് ചോദിച്ചു. " ഒന്നുല്യ ദത്താ. ഞാൻ വെറുതെ ഓരോ വീഡിയോസ് കാണായിരുന്നു. " " ആണോ " അവളുടെ അരികിലേക്ക് വന്ന് കൊണ്ടവൻ ചോദിച്ചു. "അതെ ദത്താ" അത് കേട്ടതും ദത്തൻ അവളെ വട്ടം പിടിച്ച് പിന്നിലേക്ക് മറച്ച് വച്ചിരുന്ന കൈയ്യിലേക്ക് നോക്കി. "ഓം പ്രാതരഗ്നിം പ്രാതരിന്ദ്രം ഹവാമഹേ പ്രാതര്‍മ്മിത്രാ വരുണാ പ്രാതരശ്വിനാ... ഇത് എന്തോന്നാടി " ദത്തൻ മനസിലാവാതെ ചോദിച്ചു. " ഇതൊരു മന്ത്രമാ ദത്താ. വൈകുന്നേരം വിളക്കു വക്കുമ്പോൾ ചൊല്ലാൻ ആണ് " " അതിനെന്തിനാ കൈയ്യിൽ എഴുതി വക്കുന്നേ.." "എനിക്ക് ഇതൊന്നും അറിയില്ലാ. അപ്പോ നോക്കി വായിക്കാനാ " അവൾ ഒരു വളിച്ച ചിരിയോടെ പറഞ്ഞു. " ഇത് ആകെ അഞ്ചാറ് വരിയല്ലേ ഉള്ളൂ. അപ്പോ അതങ്ങ് കാണാതെ പഠിച്ചാ പോരെ .." "എനിക്ക് അതിനൊന്നും വയ്യാ ദത്താ.

ഇതാവുമ്പോൾ നോക്കി അങ്ങ് വായിച്ചാ മതിലോ .അയ്യോ സമയം പോവുന്നു. കുറച്ച് കഴിഞ്ഞാ വിളക്ക് വക്കാൻ സമയം ആവും " അത് പറഞ്ഞ് വർണ കെയിൽ തിരക്ക് പിടിച്ച് എഴുതാൻ തുടങ്ങി. " ഇങ്ങ് താ . ഞാൻ എഴുതി തരാം " അത് പറഞ്ഞ് വർണയെ ചെയറിൽ നിന്നും എണീപ്പിച്ചു ദത്തൻ ഇരുന്നു. ശേഷം വർണയെ തന്റെ മടിയിലേക്ക് ഇരുത്തി തന്റെ ഒരു കൈയ്യിന്റെ മേലെയായി അവളുടെ കൈ വച്ച് അവൻ എഴുതാൻ തുടങ്ങി. "നിനക്ക് ഇതൊക്കെ കാണാതെ അറിയുമോ ദത്താ" തന്റെ തോളിൽ താടി കുത്തി വച്ച് ഫോണിൽ പോലും നോക്കാതെ എഴുതുന്നത് കണ്ട് വർണ ചോദിച്ചു. "മ്മ്.. ചെറുപ്പത്തിൽ മുത്തശ്ശി പഠിപ്പിച്ചു തന്നതാ" എഴുതുന്നതിനിടയിൽ ദത്തൻ പറഞ്ഞു. ദത്തൻ എഴുതുന്നത് നോക്കി അവൾ ഇരുന്നു. ചെറിയ അക്ഷരങ്ങളായാണ് എഴുതുന്നത്. അതും നല്ല ഭംഗിയിൽ. അത് നോക്കിയാണ് വർണ ഇരുന്നത് എങ്കിലും പതിയെ അവളുടെ ശ്രദ്ധ മാറാൻ തുടങ്ങിയിരുന്നു. ദത്തന്റെ സ്പർശം, അവന്റെ സാമിപ്യം, കഴുത്തിൽ പതിക്കുന്ന അവന്റെ നിശ്വാസം, വിയപ്പ് കലർന്ന അവന്റെ ഗന്ധം . പതിയെ അവളിൽ മാറ്റങ്ങൾ വരാൻ തുടങ്ങി......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story